Wednesday, April 15, 2020

അല്‍ ഹാജ് അബ്ദുര്‍റസ്സാഖ് സാഹിബ് മര്‍ഹൂം.! ഇന്നാലില്ലാഹ്...



📣 *ഇന്നാലില്ലാഹ്...* 
അല്‍ ഹാജ് അബ്ദുര്‍റസ്സാഖ് സാഹിബ് മര്‍ഹൂം.! 
കരുണാവാരിധിയായ അല്ലാഹു ദീനിന്‍റെ വഴിയില്‍ ഞങ്ങള്‍ക്ക് നല്‍കിയ വലിയൊരു സ്നേഹിതനും സഹായിയുമായിരുന്നു. പ്രിയപ്പെട്ട അബ്ദുര്‍റസ്സാഖ് ഹാജി മര്‍ഹൂം അവര്‍കള്‍ തൃശ്ശൂര്‍ സ്വദേശിയായിരുന്നു. അദ്ദേഹം അവസാന കാലത്ത് തിരുവനന്തപുരത്താണ് താമസമാക്കിയത്. ഗള്‍ഫില്‍ പ്രത്യേകിച്ച് കുവൈറ്റില്‍ വെച്ച് ദീനിന്‍റെ പരിശ്രമവുമായി ബന്ധപ്പെട്ടു. മുമ്പ് തന്നെ ദീനീ ബോധമുണ്ടായിരുന്ന അദ്ദേഹത്തിന് ദീനിന്‍റെ പരിശ്രമത്തിലൂടെ ദീനിയായ അറിവും ചിന്തയും വര്‍ദ്ധിക്കുകയുണ്ടായി. തിരുവനന്തപുരത്ത് ചാല ജുമുഅ മസ്ജിദില്‍ വെച്ചാണ് ഹാജിയാരെ പരിചയപ്പെടുന്നത്. മിക്ക ജുമുഅകളിലും നേരത്തെ വന്ന് ഒന്നാമത്തെ സ്വഫ്ഫിലിരുന്ന് ഖുര്‍ആന്‍ പാരായണത്തിലും ദിക്ര്‍-ദുആയിലും മുഴുകുമായിരുന്നു. നസ്വീഹത്തിനിടയില്‍ പലപ്പോഴും കരയുകയും ജുമുഅ കഴിഞ്ഞ് വിഷയത്തെ കുറിച്ച് കൂടുതല്‍ ഗൗരവവും കാര്യങ്ങളും പറഞ്ഞ് തരികയും ചെയ്തിരുന്നു. എളിയ സ്ഥാപനം ദാറുല്‍ ഉലൂമിന്‍റെ തുടക്കം മുതല്‍ തന്നെ വലിയ ബന്ധമായിരുന്നു. അദ്ദേഹം സ്വയം വലിയ സഹായങ്ങള്‍ ചെയ്യുകയും മറ്റുള്ളവരെ അതിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഹാജിയാരുടെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനം മസ്ജിദ് ആവശ്യമുള്ള സാധുക്കളുടെ പ്രദേശങ്ങളില്‍ മസ്ജിദ് നിര്‍മ്മിക്കലും സാധുക്കളായ ആളുകളെ കണ്ടെത്തി അവര്‍ക്ക് സേവന-സഹായങ്ങള്‍ എത്തിച്ചുകൊടുക്കലുമായിരുന്നു. പാലക്കാടിന്‍റെയും മറ്റും വിവിധ ഭാഗങ്ങളില്‍ ധാരാളം ചെറിയ മസ്ജിദുകള്‍ സ്ഥാപിക്കുകയും അവിടെയുള്ള വിശ്വസ്തരായ സഹോദരങ്ങള്‍ വഴി നിരവധി സാധുക്കള്‍ക്ക് ജാതി-മത ഭേദമന്യേ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ഒരിക്കല്‍ ഒരു മസ്ജിദിന്‍റെ ഉദ്ഘാടനത്തിന് ഹാജിയാര്‍ എന്നെ കൂട്ടിക്കൊണ്ട് പോകുകയും നടത്തിക്കൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കാട്ടിത്തരികയും ചെയ്തു. സാധുക്കളായ നാട്ടുകാര്‍ ജാതി-മത വ്യത്യാസമില്ലാതെ ഹാജിയാരോട് വളരെ നന്ദിയും കടപ്പാടും അറിയിക്കുന്നത് വിനീതന്‍ നേരില്‍ കാണുകയുണ്ടായി. എന്നാല്‍ അവരോടെല്ലാം കൂടുതല്‍ വിനയത്തിന്‍റെ വാക്കുകളും പ്രവര്‍ത്തനങ്ങളും പ്രകടിപ്പിക്കുകയും പടച്ചവനെ പറ്റി ഉണര്‍ത്തുകയും ഇതെല്ലാം അല്ലാഹുവിന്‍റെ സഹായമാണെന്നും പടച്ചവനെ പറ്റി എല്ലാവരും മനസ്സിലാക്കുകയും അല്ലാഹുവിന് നല്ല നിലയില്‍ ഇബാദത്ത് ചെയ്യുകയും പാപങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുകയും ചെയ്യണമെന്ന് എല്ലാവരോടും വളരെ സ്നേഹത്തില്‍ ഉണര്‍ത്തുകയും ചെയ്തിരുന്നു. കുറെ നാളുകള്‍ക്ക് മുമ്പ് ഹാജിയാര്‍ രോഗിയായി. വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാലും ഇടയ്ക്കിടയ്ക്ക് അടുത്തുള്ള അന്‍സ്വാറുല്‍ ഇസ്ലാം മസ്ജിദിലേക്ക് കഷ്ടപ്പെട്ട് വരുമായിരുന്നു. ഹാജിയാരുടെ വീടിന്‍റെ അടുത്തുള്ള മെജിസ്റ്റിക് ഹാളില്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ മജ്ലിസ് മാസത്തിലൊരിക്കല്‍ നടക്കാറുണ്ട്. മറ്റ് ചില പരിപാടികളിലും പങ്കെടുക്കുകയുണ്ടായി. അവിടുത്തെ നസ്വീഹത്തുകള്‍ വീട്ടിലിരുന്ന് ശ്രദ്ധിക്കുകയും അവയെകുറിച്ച് അഭിപ്രായം പറയുകയും ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ വെറും വാഴ്ത്തല്‍ മാത്രമല്ല വളരെ വിനയത്തിലും സ്നേഹത്തിലുമായതിനോടൊപ്പം പലതും തിരുത്തുകയും ചെയ്യുമായിരുന്നു. ഹാജിയാരുടെ അവസാനത്തെ രോഗത്തിന്‍റെ വേദനകളെയെല്ലാം മറപ്പിച്ചത് പരിശുദ്ധ ഖുര്‍ആനുമായിട്ടുള്ള അഗാധമായ ബന്ധമാണ്. മൂന്ന് ദിവസത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ നിരന്തരം ഖത്മ് ചെയ്തിരുന്നു. രാവും പകലും വിവിധ സമയങ്ങളില്‍ ഹാജിയാരെ സന്ദര്‍ശിക്കാന്‍ പോയിട്ടുണ്ട്. അപ്പോഴെല്ലാം പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകി കഴിയുകയായിരുന്നു. വെറും പാരായണം മാത്രമായിരുന്നില്ല, അതിന്‍റെ അര്‍ത്ഥവും ആശയവും മനസ്സിലാക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ പറഞ്ഞു: എനിക്കുള്ള മുഴുവന്‍ സമാധാനവും ഖുര്‍ആന്‍ ശരീഫ് തന്നെ പറഞ്ഞ് തരുന്നുണ്ട്. അവസാനം അല്ലാഹുവിന്‍റെ ഈ ദാസന്‍ പൂര്‍ണ്ണമായി കിടപ്പിലായി. അപ്പോഴും തയമ്മും ചെയ്ത് നമസ്കരിക്കുകയും നാവ് കൊണ്ടും മനസ്സ് കൊണ്ടും ദിക്ര്‍-ദുആകളിലും ഖുര്‍ആന്‍ പാരായണങ്ങളിലും മുഴുകുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രോഗം വളരെ കഠിനമായി. ഏപ്രില്‍ 15 കുറച്ച് അസ്വസ്ഥത വര്‍ദ്ധിക്കുകയുണ്ടായി. മഗ്രിബിന് ശേഷം ഹാജിയാരുടെ അരികിലെത്തിയ സഹോദരന്‍ വിവരിക്കുന്നു. മൂന്ന് പ്രാവശ്യം സ്ഫുടമായി സലാം പറഞ്ഞു. ശേഷം പരിശുദ്ധമായ ദിക്റുകള്‍ ഉറക്കെ ചൊല്ലി. പരിശുദ്ധമായ കലിമ ലാഇലാഹഇല്ലല്ലാഹ് ഉറക്കെ ഉച്ചരിച്ച് കൊണ്ട് അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. റഹ്മാനായ റബ്ബ് ഹാജിയാര്‍ക്ക് മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ നല്‍കട്ടെ.! അദ്ദേഹം ചെയ്ത സേവനങ്ങളെ നിലനില്‍ക്കുന്ന സ്വദഖകളായി സ്വീകരിക്കുകയും അതിന്‍റെ നിരന്തരമായ പ്രതിഫലം അദ്ദേഹത്തിന് എത്തിച്ച് കൊടുക്കുകയും ചെയ്യട്ടെ.! അല്ലാഹു കുടുംബത്തിന് ആശ്വാസവും സമാധാനവും നല്‍കട്ടെ.! അദ്ദേഹത്തിന്‍റെ നല്ല ഗുണങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ അല്ലാഹു നമുക്ക് ഉതവി നല്‍കട്ടെ.! 
ഹാജിയാരുടെ വളരെ പ്രധാനപ്പെട്ടതും സ്മരണീയമായതുമായ ഒരു സേവനമാണ് പ്രിയപ്പെട്ട പണ്ഡിത സഹോദരങ്ങളില്‍ പ്രയാസപ്പെടുന്നവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുക എന്നുള്ളത്. ഈ വഴിയില്‍ ധാരാളം സാധന സാമഗ്രികള്‍ നല്‍കിയും വീടുകള്‍ വാങ്ങിക്കൊടുത്തും നിര്‍മ്മിച്ചും ഹാജിയാര്‍ അതീവ രഹസ്യമായി സഹായിച്ചിട്ടുണ്ട്. ഈ വഴിയില്‍ ചില സഹോദരങ്ങളെ സഹായിച്ച ശേഷം ഹാജിയാര്‍ ഞങ്ങളോട് പറഞ്ഞ വാക്ക് സമുദായത്തിന് മുഴുവന്‍ വലിയ ഒരു പാഠമാണ്. ഇല്ലാത്ത ബുദ്ധിമുട്ടുകള്‍ പോലും പ്രകടിപ്പിച്ച് കാണിച്ചാല്‍ മാത്രമേ പലരും സഹായിക്കുകയുള്ളൂ. അതുപോലെ പൊതുവില്‍ അറിയപ്പെടുന്ന സഹായങ്ങള്‍ ചെയ്യാനാണ് പലര്‍ക്കും താല്പര്യം. എന്നാല്‍ ബഹുമാനപ്പെട്ട ഉസ്താദുമാര്‍ മാന്യമായ വസ്ത്രം ധരിക്കുന്നത് കൊണ്ട് വലിയ പണക്കാരാണെന്നോ അല്ലെങ്കില്‍ അവരെ സഹായിക്കല്‍ കൊണ്ട് പൊതുവില്‍ അറിയപ്പെടുകയില്ലെന്നോ പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാല്‍ എന്‍റെ അനുഭവത്തില്‍ ഇത്തരം ആളുകളെ സഹായിക്കുന്നതിലൂടെ ലഭിച്ച ദുആയും നന്ദിയും വേറെ എവിടെയും എനിക്ക് ഉണ്ടായിട്ടില്ല. 
അല്ലാഹു പറയുന്നു:
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒതുക്കപ്പെട്ട പട്ടിണിപ്പാവങ്ങൾ സാമ്പത്തിക സഹായങ്ങൾക്ക് പ്രത്യേക അർഹരാണ്. (സമ്പാദ്യത്തിന്) ഭൂമിയിൽ കറങ്ങി നടക്കാൻ അവർക്ക് സാധിക്കുന്നില്ല. എന്നാൽ യാചന നടത്താതെ പരിശുദ്ധി സ്വീകരിച്ചതിനാൽ വിവരമില്ലാത്തവർ അവരെ സമ്പന്നരായി ധരിക്കുന്നു. അവരുടെ അടയാളങ്ങളിലൂടെ അവരെ തിരിച്ചറിയാൻ സാധിക്കും. അവർ ജനങ്ങളോട് നിർബന്ധിച്ച് ഒന്നും ചോദിക്കാറില്ല. നിങ്ങൾ എന്ത് ചെലവഴിച്ചാലും അല്ലാഹു അതിനെ നന്നായി അറിയുന്നുണ്ട്. 
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുന്നവർ, നാടും വീടും വിട്ട് വിജ്ഞാന സമ്പാദ്യത്തിൽ മുഴുകിയ സുഫ്ഫാ സഹാബികൾ ഇവരെപ്പോലുള്ളവരെ ദാനധർമ്മത്തിൽ പ്രത്യേകം പരിഗണിക്കേണ്ടതാണ്. ഇബ്‌നുഅബ്ബാസ് ﷠ പ്രസ്താവിക്കുന്നു: ഈ ആയത്ത് സുഫ്ഫാ സഹാബികളെക്കുറിച്ച് അവതരിച്ചതാണ്. അവരുടെ ജീവിതം വിജ്ഞാനത്തിനുവേണ്ടി പരിപൂർണ്ണമായി മാറ്റിവെച്ച ആ മഹത്തുക്കൾ മസ്ജിദുന്നബവിയിലെ ഒരു തിണ്ണയിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നു. അബൂഹുറയ്‌റ ﷜ നിവേദനം റസൂലുല്ലാഹി ﷺ അരുളി: ഒന്നോ രണ്ടോ കാരയ്ക്കകളും ഉരുളകളും ലഭിക്കാൻ വേണ്ടി കറങ്ങിനടക്കുന്ന ആളല്ല ദരിദ്രൻ. ആവശ്യമായ സമ്പത്ത് ലഭിക്കാതിരിക്കുകയും മറ്റുള്ളവർ ദാനധർമ്മം ചെയ്യത്തക്ക നിലയിൽ ദാരിദ്ര്യം പ്രകടമാക്കാതിരിക്കുകയും ജനങ്ങളോട് ഒന്നും ചോദിക്കാതിരിക്കുകയും ചെയ്യുന്നവനാണ് ദരിദ്രൻ. (അഹ്മദ്). അടുത്ത ആയത്തിൽ രാവും പകലും രഹസ്യമായും പരസ്യമായും എല്ലാവർക്കും ദാനധർമ്മങ്ങൾ ചെയ്യുന്ന ആളുകളെ അല്ലാഹു വാഴ്ത്തുന്നു. കുടുംബത്തിന് ന്യായമായി ചിലവ് നൽകുന്നത് ഇതിൽ പെടുന്നതാണ്. റസൂലുല്ലാഹി ﷺ അരുളി: പടച്ചവന്റെ പൊരുത്തത്തെ കരുതി നീ ചിലവഴിക്കുന്ന സർവ്വ കാര്യങ്ങൾക്കും സമുന്നത പ്രതിഫലവും സ്ഥാനവും ലഭിക്കുന്നതാണ്. നിന്റെ ഇണയുടെ വായിൽ വെച്ച് കൊടുക്കുന്ന ഉരുളയ്ക്കും പ്രതിഫലം നൽകപ്പെടുന്നതാണ്. (ബുഖാരി).
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഒരാള്‍ മരിച്ചാല്‍ അവന്‍റെ കര്‍മ്മങ്ങളെല്ലാം അവസാനിച്ച് കഴിഞ്ഞു. എന്നാല്‍ മൂന്ന് കര്‍മ്മങ്ങളുടെ പ്രതിഫലം വീണ്ടും ലഭിച്ചുകൊണ്ടിരിക്കും. ഒന്ന്, നിലനില്‍ക്കുന്ന ദാനധര്‍മ്മങ്ങള്‍. രണ്ട്, പ്രയോജനകരമായ വിജ്ഞാനം. മൂന്ന്, അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനങ്ങള്‍. (ബുഖാരി മുസ്ലിം.) 
🔖  മാന്യ സഹോദരങ്ങളും അല്ലാഹുവിന്‍റെ ഈ നിഷ്കളങ്കനായ ദാസന്‍റെ മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ക്ക് വേണ്ടി ദുആ ഇരക്കണമെന്നും സാധിക്കുന്ന നന്മകള്‍ ചെയ്ത് പ്രതിഫലങ്ങള്‍ എത്തിച്ചുകൊടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു ഉന്നത പ്രതിഫലം നല്‍കട്ടെ.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
ദാറുല്‍ ഉലൂം, ഓച്ചിറ, കൊല്ലം. 
https://swahabainfo.blogspot.com/2020/04/blog-post_15.html?spref=tw
🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 *മയ്യിത്ത് സംസ്കരണം.!*  
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 *ഈസ്വാല്‍ സ്വവാബ്:* 
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹 *മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!* 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹 *ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!* 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...