Tuesday, April 14, 2020

ദഅ് വത്തിന്‍റെയും തബ് ലീഗിന്‍റെയും ഉദാത്ത മാതൃകകള്‍.! -അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


ദഅ് വത്തിന്‍റെയും 
തബ് ലീഗിന്‍റെയും 
ഉദാത്ത മാതൃകകള്‍.! 
-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
https://swahabainfo.blogspot.com/2020/04/blog-post_76.html?spref=tw 

അദ്ധ്യായം 05 
ഒരു സത്യവിശ്വാസിയുടെ ദഅ് വത്ത്.! 
പരിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്മാരുടെ ദഅ് വത്തില്‍ മാത്രം പരിമിതപ്പെടുത്താതെ സത്യവിശ്വാസികളായ അടിമകള്‍ ചെയ്ത പ്രബോധനങ്ങളെയും മാതൃകയെന്നോണം വിവരിച്ചിട്ടുണ്ട്. കാരണം, പ്രവാചകന്മാരുടെ മാത്രം പ്രബോധനം പരാമര്‍ശിച്ചിരുന്നുവെങ്കില്‍ നാം ഇപ്രകാരം പ്രതികരിക്കാന്‍ സാധ്യതയുണ്ട്: നബിമാര്‍ അല്ലാഹു വഹ്യിനും ദഅ് വത്തിനും തെരഞ്ഞെടുത്തവരാണ്. അവരുടെ മനസ്സും മസ്തിഷ്കവും മാത്രമല്ല, നാവിനും അല്ലാഹു ശിക്ഷണം നല്‍കുന്നതാണ്. നബിമാര്‍ എവിടെ.? നാം എവിടെ.? യാതൊരു കഴിവുമില്ലാത്ത നമുക്ക് ഇന്നത്തെ സാഹചര്യത്തില്‍ നബിമാരെ പോലെ ദഅ് വത്ത് നടത്തുക സാധ്യമല്ല.! ഇതിന് മറുപടിയെന്നോണം അല്ലാഹു നബിമാരല്ലാത്ത ചിലരുടെയും ദഅ് വത്ത് പ്രവര്‍ത്തനങ്ങള്‍ വിവരിച്ചിട്ടുണ്ട്. 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
അതില്‍ ഒരു വ്യക്തിയുടെ ദഅ് വത്ത് ഇവിടെ ഉദ്ധരിക്കുകയാണ്. അദ്ദേഹം നബിയല്ലായിരുന്നു. പക്ഷെ, അല്ലാഹു അദ്ദേഹത്തിന്‍റെ മനസ്സിനെ ദീനീ ഗ്രാഹ്യത്തിന് വേണ്ടി തുറക്കുകയും ഇസ്ലാമിന്‍റെ അനുഗ്രഹം കനിഞ്ഞരുളുകയും ചെയ്തു. അദ്ദേഹം ഫിര്‍ഔനിന്‍റെ വംശത്തില്‍ പെട്ടയാളായിരുന്നെങ്കിലും മൂസാ നബി (അ) യുടെ ദഅ് വത്തിനെ ശ്രദ്ധിക്കുകയും അതിനെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുകയും ചെയ്തു. മൂസാ നബി (അ) യെ വധിക്കാന്‍ ഫിര്‍ഔന്‍ ഉദ്ദേശിച്ചപ്പോള്‍ അദ്ദേഹം ഫിര്‍ഔനിന്‍റെ സദസ്സില്‍ എഴുന്നേറ്റ് നിന്ന് ഒരു ഉജ്ജ്വല പ്രഭാഷണം തന്നെ നടത്തി. അല്ലാഹു ഖുര്‍ആനില്‍ വളരെ പ്രാധാന്യപൂര്‍വ്വം അത് ഉദ്ധരിച്ചിട്ടുണ്ട്. ആദ്യം അതുമായി ബന്ധപ്പെട്ട ആയത്തുകള്‍ പാരായണം ചെയ്യുക: 
ഫിർഔൻ പറഞ്ഞു: നിങ്ങൾ എന്നെ വിടുക. ഞാൻ മൂസായെ വധിക്കാം. അയാളുടെ രക്ഷിതാവിനെ അയാൾ വിളിക്കട്ടെ. അയാൾ നിങ്ങളുടെ മതം മാറ്റുമെന്നോ നാട്ടിൽ നാശം പരത്തുമെന്നോ ഞാൻ ഭയക്കുന്നു. മൂസാ നബി പറഞ്ഞു: വിചാരണ ദിവസത്തിൽ വിശ്വാസമില്ലാത്ത എല്ലാ അഹങ്കാരികളിൽ നിന്നും എന്റെയും നിങ്ങളുടെയും രക്ഷിതാവിനോട് ഞാൻ അഭയം തേടുന്നു. ഫിർഔൻ കൂട്ടരിൽപ്പെട്ട ഒരു വ്യക്തി അദ്ദേഹത്തിന്റെ വിശ്വാസം മറച്ചുവെച്ചുകൊണ്ട് പറഞ്ഞു: എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറഞ്ഞതിന്റെ പേരിൽ നിങ്ങൾ ഒരു വ്യക്തിയെ വധിക്കുകയാണോ? നിങ്ങളുടെ രക്ഷിതാവിൽ നിന്നും വ്യക്തമായ രേഖകളുമായാണ് അദ്ദേഹം നിങ്ങളുടെ അരികിൽ വന്നിരിക്കുന്നത്.  അദ്ദേഹം കള്ളനാണെങ്കിൽ അദ്ദേഹത്തിന്റെ കളവ് അദ്ദേഹത്തിന് മീതെ പതിക്കുന്നതാണ്. ഇനി അദ്ദേഹം സത്യസന്ധനാണെങ്കിൽ അദ്ദേഹം നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന കാര്യങ്ങളിൽ ചിലത് നിങ്ങൾക്ക് എത്തുന്നതാണ്. തീർച്ചയായും, പരിധി ലംഘകനും നിഷേധിയുമായ ഒരുവനെയും അല്ലാഹു നേർമാർഗ്ഗത്തിലാക്കുന്നതല്ല. എന്റെ സമുദായമേ, ഇന്ന് നിങ്ങൾക്ക് അധികാരമുണ്ട്. ഈ നാട്ടിൽ നിങ്ങൾ അജയ്യരാണ്. എന്നാൽ അല്ലാഹുവിന്റെ ശിക്ഷ നമ്മിലേക്ക് വന്നാൽ അതിൽ നിന്നും നമ്മെ സഹായിക്കുന്നത് ആരാണ്? ഫിർഔൻ പറഞ്ഞു: ഞാൻ നന്നായി മനസ്സിലാക്കിയ കാര്യമാണ് നിങ്ങളോട് പറയുന്നത്. ഞാൻ നിങ്ങളെ നയിക്കുന്നത് സന്മാർഗത്തിലേക്ക് മാത്രമാണ്.  വിശ്വാസിയായ വ്യക്തിപറഞ്ഞു: എന്റെ സമുദായമേ, വിവിധ സംഘങ്ങളുടെ അവസ്ഥപോലുള്ളത് നിങ്ങളുടെ മേൽ ഞാൻ ഭയക്കുന്നു. നൂഹ് സമുദായം, ആദ്, സമൂദ്, അവർക്ക് ശേഷമുള്ളവർ എന്നീ സമുദായങ്ങൾ പോലെയുള്ളവരുടെ അവസ്ഥ. അല്ലാഹു ദാസന്മാരോട് അക്രമം ഉദ്ദേശിക്കുന്നതല്ല. എന്റെ സമുദായമേ, പരസ്പരം സഹായത്തിന് വിളിക്കുന്ന ദിവസത്തെ നിങ്ങളുടെമേൽ ഞാൻ ഭയപ്പെടുന്നു. നിങ്ങൾ പിന്തിരിഞ്ഞ് ഓടിയകലുന്ന ദിവസം. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷിക്കാൻ അന്ന് നിങ്ങൾക്ക് ആരുംകാണുകയില്ല. അല്ലാഹു വഴികെടുത്തിയവനെ സന്മാർഗത്തിലാക്കാൻ ആരുമില്ല. യൂസുഫ് നബി ഇതിന് മുമ്പ് നിങ്ങളുടെ അടുക്കൽ വ്യക്തമായ സന്ദേശങ്ങളുമായി വന്നു. എന്നാൽ അദ്ദേഹം നിങ്ങൾക്ക് കൊണ്ടുവന്ന സന്ദേശത്തിൽ എന്നും നിങ്ങൾ സംശയത്തിലായിരുന്നു. അങ്ങനെ അദ്ദേഹം മരണപ്പെട്ടതിന് ശേഷം (അതുപോലുള്ള) ഒരു ദൂതനെ അല്ലാഹു അയയ്ക്കില്ല എന്ന് നിങ്ങൾ പറയുന്നു. സംശയാലുവും പരിധിലംഘകനുമായ എല്ലാവരെയും അല്ലാഹു ഈ നിലയിൽ വഴികെടുത്തുന്നതാണ്. അവരുടെ അരികിൽ വന്നിട്ടുള്ള രേഖകൾ ഒന്നുമില്ലാതെ അല്ലാഹുവിന്റെ വചനങ്ങളിൽ തർക്കിക്കുന്നവർ, അവരുടെ പ്രവർത്തനം അല്ലാഹുവിന്റെയും സത്യവിശ്വാസികളുടെയും അടുക്കൽ കടുത്ത കോപമുണ്ടാക്കുന്നതാകുന്നു. അഹങ്കാരിയും സേച്ഛാധിപതിയുമായ എല്ലാവരുടെയും മനസ്സിൽ അല്ലാഹു ഇപ്രകാരം മുദ്രയടിക്കുന്നതാണ്. (അല്‍ മുഅ്മിന്‍ 26-35) 
തന്ത്രജ്ഞത, സാഹിത്യം, അവസരോചിതം.! 
സത്യവിശ്വാസം മറച്ച് വെച്ച് കൊണ്ട് അദ്ദേഹം നടത്തിയ ഈ പ്രഭാഷണം തന്ത്രജ്ഞത നിറഞ്ഞതും സാഹിത്യ സമ്പുഷ്ടവും സാഹചര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുള്ളതുമായിരുന്നു. കാലഘട്ടത്തിലെ ഒരു സ്വേച്ഛാധിപതിയുടെയും അനുയായികളുടെയും മുന്നില്‍ നടത്തപ്പെട്ട ഈ പ്രഭാഷണം പലതരം കയറ്റിറക്കങ്ങള്‍ ഉള്ളതും ഓരോ വീടുകളിലേക്കും അവരുടെ കവാടങ്ങളിലൂടെ പ്രവേശിക്കുക എന്ന തത്വം പൂര്‍ണ്ണമായും പരിഗണിച്ചതുമാണ്. അദ്ദേഹം വലിയ പണ്ഡിതനായിരുന്നുവെന്നോ ഈ അറിവുകള്‍ എങ്ങനെ ലഭിച്ചുവെന്നോ നമുക്ക് അറിയില്ല. പക്ഷെ, അദ്ദേഹത്തിന് ഈമാന്‍ ലഭിച്ചിരുന്നു. അത്ഭുതങ്ങള്‍ പ്രകടമാക്കുകയും ഊമയെ സംസാരിപ്പിക്കുകയും ബധിരനെ കേള്‍പ്പിക്കുകയും തളര്‍ന്ന് കിടക്കുന്നവനെ ഓടിക്കുകയും ഒന്നുമില്ലാത്തവനെ ആയുധപാണിയാക്കുകയും ചെയ്യുന്ന ചാലകശക്തിയാണ് ഈമാന്‍.! 
ഫിര്‍ഔന്‍ തന്ത്രപൂര്‍വ്വം നീങ്ങുന്നു.! 
മൂസാ നബി (അ) ഫിര്‍ഔനിന്‍റെ മുമ്പില്‍ വന്ന് സത്യത്തിന്‍റെ സന്ദേശം സമര്‍പ്പിച്ചപ്പോള്‍ അത് വളരെ ലളിതവും ശക്തവുമായിരുന്നതിനാല്‍ ഫിര്‍ഔനിന് അതിനെ നേരിടാന്‍ സാധിച്ചില്ല. ഇവിടെ ഫിര്‍ഔന്‍ രാഷ്ട്രീയ ശൈലി സ്വീകരിക്കുകയും മൂസാ നബി (അ) ക്കെതിരില്‍ ജനങ്ങളെ ഇളക്കി വിടുകയും ജനങ്ങളുടെ മനസ്സില്‍ മറഞ്ഞ് കിടക്കുന്ന അഹന്തയും വര്‍ഗ്ഗീയതയും പുറത്ത് ചാടിക്കുന്നതിന് ശ്രമിക്കുകയും ചെയ്തു. ഇതിന് ഫിര്‍ഔന്‍ രണ്ട് മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചത്. ഒന്ന്, മൂസാ നബി (അ) അവരെ പഴയ മതത്തില്‍ നിന്നും പുറത്താക്കുമെന്ന് ആരോപിച്ചു. ഓരോരുത്തരും ബന്ധപ്പെട്ട് കഴിയുന്ന മതം അതെത്ര പാഴായതും അസത്യമായതുമാണെങ്കിലും എല്ലാവര്‍ക്കും അത് പ്രിയങ്കരവും ജീവനെയും സ്വത്തിനെയും കാള്‍ വിലപിടിച്ചതുമായിരിക്കും. അതിന് വേണ്ടി എല്ലാം അര്‍പ്പണം ചെയ്യാന്‍ അവര്‍ തയ്യാറാകും. രണ്ട്, മൂസാ നബി (അ) രാജ്യത്തിന് നാശവും നഷ്ടവുമാണെന്ന് ആരോപിച്ചു. രാജ്യസ്നേഹികളായ ആളുകളെ ഇളക്കിവിടാന്‍ പറ്റിയ ആയുധമാണ്. ചിലര്‍ക്ക് മതകാര്യങ്ങളില്‍ താല്പര്യം കാണുകയില്ല. എന്നാല്‍ രാജ്യവിഷയങ്ങളില്‍ വലിയ ഉണര്‍വ്വും ബോധവുമുള്ളവരായിരിക്കും. ചുരുക്കത്തില്‍ രണ്ട് കൂട്ടരെയും ഇളക്കുന്നതിന് വേണ്ടി ഫിര്‍ഔന്‍ സദസ്യരോട് പറഞ്ഞു: നിങ്ങളെന്നെ വിടുക, ഞാന്‍ മൂസയെ കൊല്ലാന്‍ പോകുകയാണ്. അവന്‍റെ രക്ഷിതാവിനെ അവന്‍ വിളിച്ചുകൊള്ളട്ടെ.! അവന്‍ നിങ്ങളുടെ മതത്തെ മാറ്റി മറിക്കുകയോ നാട്ടില്‍ നാശമുണ്ടാക്കുകയോ ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നു. (മുഅ്മിന്‍ 24) 
എന്നാല്‍ മൂസാ നബി (അ) ഫിര്‍ഔനിന്‍റെ ഈ കൗശലങ്ങള്‍ക്ക് ഒറ്റ വാക്കില്‍ മറുപടി പറഞ്ഞു: വിചാരണ ദിനത്തെ കുറിച്ച് വിശ്വാസമില്ലാത്ത എല്ലാ അഹങ്കാരികളില്‍ നിന്നും എന്‍റെയും നിങ്ങളുടെയും രക്ഷിതാവിനോട് ഞാന്‍ അഭയം തേടുന്നു. (മുഅ്മിന്‍ 27). ഇവിടെയാണ് സദസ്സില്‍ നിന്നും മാന്യനായ ഒരു വ്യക്തി എഴുന്നേറ്റത്. അദ്ദേഹം ഫിര്‍ഔനിന്‍റെ വിഭാഗത്തില്‍ പെട്ടയാളായിരുന്നു. പക്ഷെ, മനസ്സില്‍ സത്യവിശ്വാസം ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു. മാനവികതയുടെ ബോധം ശക്തമായിരുന്നു. അദ്ദേഹം അവിടെ എഴുന്നേറ്റ് നിന്ന് ഒരു പ്രഭാഷണം നടത്തി. 
മനസ്സില്‍ പ്രതിഫലനം സൃഷ്ടിക്കുന്ന വാക്കുകള്‍.! 
ആദ്യമായി അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുന്നതിന്‍റെ പേരില്‍ ഒരു വ്യക്തിയെ നിങ്ങള്‍ വിധിക്കുകയാണോ.? ഈ ചോദ്യം കാരുണ്യത്തിന് വേണ്ടിയുള്ള അപേക്ഷയാണെങ്കിലും ഒരു കാര്യം ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള ഉണര്‍ത്തല്‍ കൂടിയുണ്ട്: ഇദ്ദേഹത്തിന്‍റെ തെറ്റ് എന്താണ്.? എന്‍റെ പരിപാലകന്‍ അല്ലാഹുവാണ് എന്നതിന്‍റെ പേരിലാണോ നിങ്ങള്‍ ഒരാളെ കൊല്ലുന്നത്.? ഇത് ഒരു തെറ്റാണ്. ഞാന്‍ ഏറ്റവും വലിയ രക്ഷിതാവാണെന്ന് ഫിര്‍ഔന്‍ വാദിച്ചത് കൊണ്ട് ഫിര്‍ഔന്‍ എന്‍റെ രക്ഷിതാവാണ് എന്ന് ഒരാള്‍ പറഞ്ഞാല്‍ അദ്ദേഹം വധത്തില്‍ നിന്നും രക്ഷപ്പെടുമോ.? നിങ്ങളുടെ മനസ്സില്‍ അല്പമെങ്കിലും നീതിയും ന്യായവുമുണ്ടോ.? നിങ്ങളൊന്ന് ചിന്തിക്കുക: ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിക്കുകയും പരിപാലിക്കുകയും അന്നം നല്‍കുകയും ചെയ്തവനെ രക്ഷിതാവെന്ന് വിളിക്കുന്ന വ്യക്തിയെ നിങ്ങള്‍ കൊല്ലുന്നു. സൃഷ്ടിക്കപ്പെട്ടതിന് ഒരു ശ്വാസത്തിന്‍റെ പേരില്‍ പോലും പടച്ചവനിലേക്ക് ആവശ്യക്കാരനും ജനിക്കുന്നതിന് മുമ്പ് മുതല്‍ എല്ലാ കാലത്തും പടച്ചവന്‍റെ അടിമയുമായ ഒരാളെ ദൈവമെന്ന് വിളിച്ചവരെ നിങ്ങള്‍ കൊല്ലുന്നില്ല. ഇത് എന്തൊരു അക്രമവും അന്ധതയുമാണ്.? വിശ്വാസിയായ ആ വ്യക്തി ഇത് പറഞ്ഞ് കൊണ്ട് ഫിര്‍ഔനിന്‍റെയും സദസ്യരുടെയും മനസ്സില്‍ നീതിയുടെ ആവേശം ഇളക്കാന്‍ പരിശ്രമിച്ചു. അവരില്‍ മാന്യതയുടെ വല്ല അംശവും അവശേഷിക്കുന്നുണ്ടോ എന്ന് നോക്കി. നന്മ-തിന്മകള്‍ക്കിടയിലും യഥാര്‍ത്ഥ ഉടമസ്ഥന്‍റെയും രാജന്‍റെയും ഇടയിലും തിരിച്ചറിയാന്‍ വല്ല ശേഷിയുമുണ്ടോ എന്നും ശ്രദ്ധിച്ചു. നിങ്ങള്‍ക്ക് അല്പമെങ്കിലും ബുദ്ധിയും നീതിബോധവുമുണ്ടെങ്കില്‍ അതിനെ പരസ്യപ്പെടുത്തുക എന്ന് വെല്ല് വിളിക്കുകയും ചെയ്തു. 
വ്യക്തമായ രേഖകളിലേക്ക് നോക്കുക.! 
വിശ്വാസിയായ ആ ദാസന്‍ താന്‍ പറഞ്ഞതിന്‍റെ തെളിവെന്നോണം തുടര്‍ന്ന് പറഞ്ഞു: ഇദ്ദേഹം നിങ്ങളുടെ രക്ഷിതാവിന്‍റെ ഭാഗത്ത് നിന്നും വ്യക്തമായ രേഖകളുമായിട്ടാണ് വന്നിട്ടുള്ളത്.! ഇത് കൊണ്ടുള്ള ഉദ്ദേശം മൂസാ നബി (അ) യുടെ അമാനുഷികതകളായ വടിയും കരവുമായിരുന്നു. വടി അടിയിലിട്ടപ്പോള്‍ അത് പാമ്പായി മാറിയതും കൈ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പ്രകാശിച്ചതും അവരെല്ലാവരും കണ്ടിരുന്നു. മനുഷ്യന്‍ ചിന്താപരവും ബൗദ്ധികവുമായ കാര്യങ്ങളില്‍ മാത്രമേ തര്‍ക്കിക്കുകയുള്ളൂ. നേരില്‍ കണ്ട കാര്യത്തെ കുറിച്ച് തര്‍ക്കിക്കാന്‍ സാധ്യതയില്ല. അദ്ദേഹം മനുഷ്യന്‍റെ പ്രകൃതിയ്ക്കനുസരിച്ചാണ് ഇക്കാര്യം പറഞ്ഞത്. 
ശേഷം അവരെല്ലാവരും സമ്മതിക്കുന്ന അടിസ്ഥാനപരമായ ഒരു കാര്യം ഉണര്‍ത്തി. അദ്ദേഹം കള്ളനാണെങ്കില്‍ കളവിന്‍റെ നാശം അദ്ദേഹത്തിന് മേല്‍ പതിക്കുന്നതാണ്. അദ്ദേഹം സത്യസന്ധനാണെങ്കില്‍ അദ്ദേഹം നിങ്ങളോട് വാഗ്ദാനം ചെയ്യുന്ന ചില ശിക്ഷകള്‍ നിങ്ങള്‍ക്ക് ബാധിക്കുന്നതാണ്. പരിധി വിട്ടവനും പെരുംകള്ളനുമായ ആരെയും അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുന്നതല്ല.! അതായത് നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ പറ്റാത്ത അപകടത്തിലേക്ക് നിങ്ങള്‍ ചാടരുത്. ഇദ്ദേഹം നിസ്സാരമായ കാര്യമല്ല വാദിക്കുന്നത്. പടച്ചവന്‍റെ നബിയാണെന്നും പടച്ചവന്‍റെ ബോധനം ലഭിക്കുന്നുണ്ടെന്നുമാണ് ഇദ്ദേഹം പറയുന്നത്. ഇതിന് അദ്ദേഹം രേഖകളും കാണിച്ച് തന്നിരിക്കുന്നു. ഇത്തരുണത്തില്‍ അദ്ദേഹം സത്യസന്ധനാണെങ്കില്‍ നിങ്ങളുടെ മേല്‍ പടച്ചവന്‍റെ ശിക്ഷ ഇറങ്ങും. അദ്ദേഹം വ്യാജനാണെങ്കില്‍ അദ്ദേഹം തനിയെ നശിക്കുന്നതാണ്. നിങ്ങള്‍ക്ക് ഒരു കുഴപ്പവുമുണ്ടാകുന്നതല്ല. 
പടച്ചവന്‍റെ നടപടി ക്രമങ്ങള്‍ ഓര്‍ക്കുക.! 
അടുത്തതായി ഇന്ന് വരെയും മാറ്റമുണ്ടായിട്ടില്ലാത്ത പടച്ചവന്‍റെ നടപടി ക്രമങ്ങളിലേക്ക് ആ വിശ്വാസി അവരുടെ ശ്രദ്ധ തിരിച്ചു: പ്രിയപ്പെട്ട സമുദായമേ, ഏതാനും ദിവസത്തേക്ക് നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ഈ അന്തസ്സിലും വിശാലമായ അധികാരത്തിലും നിങ്ങള്‍ വഞ്ചിതരാകാതിരിക്കുക. തീര്‍ച്ചയായും ഇന്ന് നിങ്ങള്‍ വലിയൊരു സാമ്രാജ്യത്തിന്‍റെ അധികാരികളാണ്. വിദൂരങ്ങളിലേക്ക് പരന്ന് കിടക്കുന്ന വലിയൊരു രാഷ്ട്രവും അമൂല്യ നിധിയും സര്‍വ്വ വിധ സുഖ-സൗകര്യങ്ങളും തീര്‍ച്ചയായും ഇന്ന് നിങ്ങള്‍ക്കുണ്ട്. മറ്റുള്ളവരെ അക്രമിക്കാനും സ്വയം പ്രതിരോധിക്കാനും വലിയ ശക്തിയുമുണ്ട്. പക്ഷെ, പടച്ചവന്‍റെ ശിക്ഷ വന്നണഞ്ഞാല്‍ ആരും രക്ഷിക്കാനുണ്ടാവുകയില്ല എന്നോര്‍ക്കുക.! നിങ്ങളെക്കാള്‍ ഉയര്‍ന്ന ഒരു ശക്തിയും അധികാരിയും ഇല്ലെന്നാണ് നിങ്ങളുടെ വിചാരം. നിങ്ങളെ ആരും ഭരിക്കുകയില്ലെന്നും നിങ്ങളുടെ ശക്തി തടയുകയില്ലെന്നും നിങ്ങള്‍ ധരിച്ചിരിക്കുന്നു. പക്ഷെ, പടച്ചവനാകുന്ന ഒരു മഹാ ശക്തിയെ നിങ്ങള്‍ മറന്ന് പോയിരിക്കുന്നു.! 
ശക്തവും വ്യക്തവുമായ വിശ്വാസിയുടെ തുളച്ച് കയറുന്ന ഈ വാചകങ്ങളെ തട്ടിമാറ്റാന്‍ ഫിര്‍ഔന്‍ ഇടയ്ക്ക് കയറി പറഞ്ഞു: ഞാന്‍ നന്നായി മനസ്സിലാക്കിയ കാര്യമാണ് നിങ്ങള്‍ക്കും മനസ്സിലാക്കി തരുന്നത്. ഞാന്‍ നിങ്ങളെ സന്മാര്‍ഗ്ഗത്തിലൂടെ മാത്രമാണ് നയിക്കുന്നത്.! വാസ്തവവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ഫിര്‍ഔനീ വാചകം പരാജയത്തിന്‍റെ സമ്മതം കൂടിയാണ്. ദൈവിക ഗ്രന്ഥങ്ങളിലെ ഏതെങ്കിലും വചനമോ ബുദ്ധിപരമായ ഏതെങ്കിലും തെളിവോ ആയിരുന്നു അയാള്‍ പറയേണ്ടിയിരുന്നത്. അതിന് പകരം പരാജയം സമ്മതിച്ച് കൊണ്ട് പറഞ്ഞു: ഞാന്‍ മനസ്സിലാക്കിയത് നിങ്ങള്‍ക്ക് മനസ്സിലാക്കി തരികയാണ്.! ഇത് ഒരു രേഖയല്ല. ഏത് മന്ദബുദ്ധിക്കും വഴി കെട്ടവനും വിവരമില്ലാത്തവനും ഇത് പോലെ പറയാന്‍ സാധിക്കും. നേര്‍മാര്‍ഗ്ഗത്തിലൂടെയാണ് നയിക്കുന്നത് എന്ന വാചകവും തെളിവൊന്നുമില്ലാത്ത വെറും നാവ് കൊണ്ടുള്ള വാദം മാത്രമായിരുന്നു. 
ഗതകാല ചരിത്രം വലിയൊരു ഉപദേശമാണ്.! 
ശേഷം അല്ലാഹുവിന്‍റെ ആ ദാസന്‍ കഴിഞ്ഞ കാലങ്ങളില്‍ നബിമാരെ നിഷേധിക്കുകയും ധിക്കരിക്കുകയും അവസാനം തകര്‍ന്ന് തരിപ്പണമാകുകയും ചെയ്ത ആദ്-സമൂദ് മുതലായ സമുദായങ്ങളുടെ അവസ്ഥകള്‍ അവരെ ഉണര്‍ത്തി. ഈ അവസ്ഥകള്‍ ഫിര്‍ഔനിനും കൂട്ടര്‍ക്കും അറിയാമായിരുന്നു. യഥാര്‍ത്ഥത്തില്‍ മുന്‍ഗാമികളുടെ ഉത്ഥാന-പതനങ്ങള്‍ മനുഷ്യര്‍ക്കുള്ള പ്രധാന ഉപദേശമാണ്. അദ്ദേഹം ഉണര്‍ത്തി: രാജ്യവും ഭരണവും കാലാകാലം നിലനില്‍ക്കുന്ന കാര്യമായിരുന്നുവെങ്കില്‍ ആദ്-സമൂദുകളുടെ അധികാരങ്ങള്‍ ഇന്നും നിലനില്‍ക്കുമായിരുന്നു. അവ ഒരിക്കലും തകരുകയില്ലായിരുന്നു. എന്നാല്‍ അവയെല്ലാം തകര്‍ന്ന് തരിപ്പണമായെങ്കിലും നിങ്ങളുടെ അധികാരം കാലാകാലം നിലനില്‍ക്കുമെന്ന് എന്ത് ഉറപ്പാണുള്ളത്.? കാലാകാലം നിലനില്‍ക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ.? സ്വഭാവ മൂല്യങ്ങളുടെ വിഷയത്തില്‍ അവരുടെയും നിങ്ങളുടെയും ഇടയില്‍ യാതൊരു വ്യത്യാസവുമില്ലല്ലോ.? നിങ്ങള്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവരായിരുന്നെങ്കില്‍ പടച്ചവന്‍റെ കാരുണ്യം നിങ്ങളുടെ മേല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമായിരുന്നു. പക്ഷെ, നിങ്ങളുടെ സഞ്ചാരം അപകട ദിശയിലേക്കാണ്. നശിച്ച് പോയ മുന്‍ഗാമികളെ പോലെയാണ് നിങ്ങളും ജീവിക്കുന്നത്. ആകയാല്‍ അവരെ പോലെ നിങ്ങളും നാശത്തില്‍ അകപ്പെടുമെന്ന് ഉണര്‍ന്ന് കൊള്ളുക. 
പരലോക ശിക്ഷ ഭയക്കുക.! 
തുടര്‍ന്ന് അദ്ദേഹം ലോകാവസാനത്തെയും മഹ്ശര്‍ വന്‍സഭയെയും ചിത്രീകരിച്ചുകൊണ്ട് പറഞ്ഞു: നിങ്ങള്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി പരസ്പരം വിളിച്ചുകൊണ്ട് ഓടി നടക്കുന്ന മഹാദിനത്തെ ഓര്‍ക്കുക. അത് ഖിയാമത്ത് ദിനമാണ്. അന്ന് പരസ്പരം സഹായത്തിന് വിളിക്കും. വലിയ ബഹളവും ഒച്ചപ്പാടും അന്ന് അരങ്ങേറുന്നതാണ്.! വിളിയും ബഹളവും ഫിര്‍ഔനിനും കൂട്ടര്‍ക്കും പുതുമയുള്ള കാര്യമല്ലായിരുന്നു. ഉല്‍സവങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വിളിയും ബഹളവും അവര്‍ സാധാരണ നടത്താറുള്ളതായിരുന്നു. എന്നാല്‍ ഇവിടുത്തെ വിളിയും ബഹളവും ആളുകളെ കൂട്ടാന്‍ വേണ്ടിയാണെങ്കില്‍ അവിടെ പരസ്പരം പിന്തിരിഞ്ഞ് ഓടിക്കൊണ്ട് ആയിരിക്കും വിളിയും ബഹളവും നടത്തുക എന്നൊരു വലിയ വ്യത്യാസമുണ്ട്.! ഈ വാചകം ഫിര്‍ഔനിനെയും കൂട്ടരെയും ശക്തമായി പിടിച്ചുകുലുക്കുന്നതായിരുന്നു. കാരണം എണ്ണത്തിലും വണ്ണത്തിലും വളരെ ഉയര്‍ന്നിരുന്ന അവര്‍ക്ക് ഇങ്ങനെയൊരു വിളിയും ബഹളവും സങ്കല്‍പ്പിക്കാന്‍ പോലും സാധിച്ചിരുന്നില്ല. അദ്ദേഹം വീണ്ടും ആ ദിവസത്തെ വര്‍ണ്ണിച്ചു: അന്നേ ദിവസം പടച്ചവന്‍റെ ഭാഗത്ത് നിന്നും നിങ്ങളെ രക്ഷിക്കുന്ന ആരും തന്നെ ഉണ്ടാകുന്നതല്ല. അല്ലാഹു വഴി കെടുത്തിയവരെ നേര്‍മാര്‍ഗ്ഗത്തിലാക്കാന്‍ ആരും തന്നെയില്ല.! 
ഒരു അമൂല്യ തത്വം.! 
അല്ലാഹുവിന്‍റെ ആ ദാസന്‍ അല്ലാഹു അദ്ദേഹത്തിന് കനിഞ്ഞരുളിയ തത്വജ്ഞാനത്തിന്‍റെയും സല്‍ബുദ്ധിയുടെയും വെളിച്ചത്തില്‍ വളരെ അമൂല്യമായ ഒരു തത്വം അവര്‍ക്ക് മനസ്സിലാക്കിക്കൊടുത്തു: മുമ്പിലുള്ള അനുഗ്രഹത്തെ വിലമതിക്കാതിരിക്കുക എന്നുള്ളത് പണ്ട് മുതല്‍ക്കേ മനുഷ്യര്‍ക്കുള്ള ഒരു മാരക രോഗമാണ്. അനുഗ്രഹം നീങ്ങിക്കഴിഞ്ഞാണ് അനുഗ്രഹത്തെ വിലമതിക്കുക എന്നൊരു പഴമൊഴിയുണ്ട്. മാത്രമല്ല, പലരും മുമ്പിലുള്ള അനുഗ്രഹത്തെ നിന്ദിക്കുകയും ചെയ്യുന്നു. അത് കയ്യെത്തും ദൂരത്ത് ഉള്ളപ്പോള്‍ അതിനെ അല്‍പം പോലും ആദരിക്കുകയില്ല. നന്ദി രേഖപ്പെടുത്തേണ്ട ഒരു അനുഗ്രഹമാണ് ഇത് എന്ന് ചിന്തിക്കാറ് പോലുമില്ല. പിന്നീട് ആ അനുഗ്രഹം നീങ്ങിക്കഴിഞ്ഞാല്‍ അതില്‍ സങ്കടപ്പെടുകയും അതിന്‍റെ മഹത്വം ഓര്‍ത്ത് വിലാപകാവ്യങ്ങള്‍ രചിക്കുകയും ചെയ്യും. മരിച്ചവരെ കുറിച്ച് ഇദ്ദേഹത്തെ പോലെ ആരും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല എന്നിങ്ങനെ ഗുണവിശേഷണങ്ങള്‍ ഓരോന്നായി എണ്ണിപ്പറയാറുണ്ട്. എന്നാല്‍ അവര്‍ ജീവിച്ചിരുന്നപ്പോള്‍ അയാള്‍ ഒരു മനുഷ്യനാണ്, ഞാനും ഒരു മനുഷ്യന്‍ തന്നെ എന്നാണ് പറഞ്ഞിരുന്നത്. എന്നല്ല, പലപ്പോഴും കുറ്റങ്ങളും കുറവുകളും പറഞ്ഞിരുന്നു. മരിച്ച് കഴിഞ്ഞപ്പോള്‍ ഇതാ പരിധി വിട്ട് പ്രശംസിക്കുകയും അപദാന കീര്‍ത്തനങ്ങള്‍ പാടുകയും ചെയ്യുന്നു. അതെ, സമകാലിക വ്യക്തിത്വങ്ങളെ പ്രയോജനപ്പെടുത്താതിരിക്കുക എന്നുള്ളത് മനുഷ്യരുടെ പണ്ട് മുതല്‍ക്കേയുള്ള ഒരു ബലഹീനതയാണ്. തദ്ഫലമായി മുമ്പിലുള്ള ഉന്നത വ്യക്തിത്വങ്ങള്‍ പോലും അവഗണിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്നു. ഈ നന്ദികേടിലേക്ക് അല്ലാഹുവിന്‍റെ ദാസന്‍ അവരെ ഉണര്‍ത്തിക്കൊണ്ട് പറഞ്ഞു: 
മഹാനായ യൂസുഫ് നബി (അ) ഒരു അതുല്യ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്‍റെ കാലത്ത് അദ്ദേഹത്തിന് തുല്യരായി ആരുമില്ലായിരുന്നു. അദ്ദേഹവും പിതാവും അദ്ദേഹത്തിന്‍റെ പിതാവും പിതാമഹനും എല്ലാവരും മഹത്വം നിറഞ്ഞവരായിരുന്നു. വിശിഷ്യാ, യൂസുഫ് നബി (അ) വലിയ കാരുണ്യവാനും നീതിമാനുമായ ഭരണാധികാരിയായിരുന്നു. എന്നാല്‍ അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും വിവിധ ന്യൂനതകള്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്ത് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം ഈ ലോകത്ത് നിന്നും യാത്രയായപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തുകയും പുകഴ്ത്തുകയും അത് പോലൊരു വ്യക്തിത്വം ഇനിയൊരിക്കലും ഉണ്ടാകുകയില്ലെന്ന് അഭിപ്രായം പറയുകയും ചെയ്യുന്നു. ഇത് പോലെ നിങ്ങളുടെ മുമ്പിലുള്ള ഈ മഹാപുരുഷന്‍ മൂസാ നബി (അ) യോടും നിങ്ങള്‍ വര്‍ത്തിക്കാതിരിക്കുക. ഇദ്ദേഹം മുമ്പിലുള്ളപ്പോള്‍ നിങ്ങള്‍ നിന്ദിക്കുകയും നിസ്സാരപ്പെടുത്തുകയും നിഷേധിക്കുകയും ഇദ്ദേഹം യാത്രയായ ശേഷം ഇദ്ദേഹത്തെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തത് കൊണ്ട് യാതൊരു ഗുണവുമില്ല.! 
അദ്ദേഹം ഇപ്രകാരം പറഞ്ഞു: എല്ലാ പാപികളുടെയും പരാജിതരുടെയും സത്യനിഷേധത്തിന്‍റെ അടിസ്ഥാന കാരണം, അഹന്തയാണ്. മൂസാ നബി (അ) യുടെ സത്യസന്ധതയ്ക്ക് അദ്ദേഹത്തിന്‍റെ ജീവിതവും സന്ദേശവും ദൃഷ്ടാന്തങ്ങളും വ്യക്തമായ തെളിവാണ്. അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ഫിര്‍ഔന്‍ വിളിച്ചുകൊണ്ടു വന്ന മാരണക്കാര്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ഫിര്‍ഔനിന്‍റെ സകല പ്രീണനങ്ങളെയും പീഢനങ്ങളെയും അവഗണിച്ചുകൊണ്ട് മൂസാ നബിയില്‍ വിശ്വസിക്കുകയും അവസാനം രക്തസാക്ഷികളാകുകയും ചെയ്തു. അവര്‍ക്ക് മൂസാ നബി (അ) യെ കുറിച്ച് മുന്‍പരിചയമോ അറിവോ ഒന്നുമില്ലായിരുന്നു. പക്ഷെ, മൂസാ നബി (അ) യുടെ വാക്കും പ്രവര്‍ത്തിയും അവരുടെ മനസ്സുകളെ മയപ്പെടുത്തുകയും ഈമാനിന്‍റെ വിത്തുകള്‍ അവരില്‍ മുളപ്പിക്കുകയും ശക്തമായി വളര്‍ത്തുകയും ചെയ്തു. അവരെ കൊല്ലുമെന്ന് വിരട്ടിയ ഫിര്‍ഔനിനോട് പുതുവിശ്വാസികളായ അവര്‍ പറഞ്ഞ വാക്ക് അത്ഭുതകരമാണ്. അവര്‍ പറഞ്ഞു: അവർ പറഞ്ഞു: ഞങ്ങളുടെ പക്കൽ വന്ന തെളിവുകളേക്കാളും ഞങ്ങളെ പടച്ചവനേക്കാളും നിനക്ക് ഞങ്ങൾ മുൻഗണന നൽകുന്നതല്ല. നീ വിധിക്കുന്നത് വിധിച്ചുകൊള്ളുക. നീ ഈ ഭൗതിക ലോകത്ത് മാത്രമാണ് വിധിക്കുന്നത്. ഞങ്ങൾ ചെയ്ത പാപവും നീ നിർബന്ധിച്ച് ചെയ്യിപ്പിച്ച മാരണവും നാഥൻ പൊറുത്തു തരുന്നതിന് ഞങ്ങൾ രക്ഷിതാവിൽ വിശ്വസിച്ചിരിക്കുന്നു. അല്ലാഹു ഉത്തമനും അവശേഷിക്കുന്നവനുമാണ്. തീർച്ചയായും രക്ഷിതാവിന്റെ അരികിൽ ആരെങ്കിലും പാപിയായി ഹാജരായാൽ അവന് നരകമാണുള്ളത്. അവൻ അതിൽ മരിക്കുന്നതുമല്ല, ജീവിക്കുന്നതുമല്ല. ആരെങ്കിലും അവന്റെ അരികിൽ സൽകർമ്മങ്ങൾ അനുഷ്ഠിച്ച സത്യവിശ്വാസിയായി വന്നാൽ അവർക്ക് സമുന്നത സ്ഥാനങ്ങളുണ്ട്. (ത്വാഹ 72-75) എന്നാല്‍ ഫിര്‍ഔനും കൂട്ടരും മൂസാ നബി (അ) യെ നന്നായി മനസ്സിലാക്കിയിട്ടും സത്യം തിരിച്ചറിഞ്ഞിട്ടും നിഷേധിക്കാന്‍ കാരണം, അവരുടെ അഹന്തയാണ്. ഈ അഹന്ത മൂസാ നബി (അ) യെ പ്രയോജനപ്പെടുത്തുന്നതില്‍ നിന്നും അവരെ തടഞ്ഞ് നിര്‍ത്തി. അത് പോലെ അല്ലാഹുവിന്‍റെ ഈ ദാസന്‍റെ ഉപദേശങ്ങളില്‍ ചിന്തിക്കാനും അംഗീകരിക്കാനും ഇതേ അഹന്ത അവര്‍ക്ക് തടസ്സമായി. ഫിര്‍ഔന്‍ ഇതൊന്നും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, അല്ലാഹുവിനെയും ദൂതനെയും കളവാക്കുകയും നിന്ദിക്കുകയും ഒരു വലിയ കോട്ട കെട്ടി അല്ലാഹുവിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ച് ഇളിഭ്യരാകുകയും ചെയ്തു. 
പിടയ്ക്കുന്ന ഞരമ്പില്‍ പിടിക്കുന്നു.! 
എന്നാല്‍ ഫിര്‍ഔനിന്‍റെ പരിഹാസങ്ങളും അഹങ്കാര വാക്കുകളും അല്ലാഹുവിന്‍റെ അടിമ അവഗണിക്കുകയും അതീവ പ്രാധാന്യത്തോടെ ഇഹലോകത്തിന്‍റെ നിസ്സാരതയും നശ്വരതയും പരലോകത്തിന്‍റെ ശാശ്വതത്വവും പ്രതിഫലനം നിറഞ്ഞ നിലയില്‍ അദ്ദേഹം വിവരിച്ചു. വിശ്വസിച്ചവൻ പറഞ്ഞു: എന്റെ സമുദായമേ, നിങ്ങൾ എന്നെ പിൻപറ്റുക, ഞാൻ നിങ്ങളെ നേർവഴിയിലൂടെ നയിക്കാം. എന്റെ സമുദായമേ, ഈ ഭൗതികജീവിതം നശ്വരമാണ്. പരലോകമാണ് യഥാർത്ഥ താമസഭവനം. (മുഅ്മിന്‍ 38-39). സത്യത്തില്‍ നിന്നും ഫിര്‍ഔനിനെ ഏറ്റവും കൂടുതല്‍ തടഞ്ഞ് നിര്‍ത്തിയത് അവന്‍റെ വിശാലമായ രാജാധികാരമായിരുന്നു. അതില്‍ അവന്‍ വല്ലാതെ അഹങ്കരിച്ചിരുന്നു. അത് കൊണ്ട് അവന്‍റെ ഈ ദിവാസ്വപ്നത്തിലും ഒരു പ്രഹരം നല്‍കല്‍ അത്യാവശ്യമായിരുന്നു. അത് കൊണ്ട് അദ്ദേഹം പറഞ്ഞു: ഇഹലോക ജീവിതം നശ്വരമാണ്. നിര്‍ണ്ണിത കാലാവധി വരെ ഇവിടെ കുറച്ച് സുഖിക്കുമായിരിക്കും. പക്ഷെ, കാലാകാല ജീവിതം പരലോകമാണെന്നോര്‍ക്കുക.! അതെ, അദ്ദേഹം പിടച്ചുകൊണ്ടിരുന്ന ഞരമ്പില്‍ തന്നെയാണ് പിടിച്ചത്. തുടര്‍ന്ന് അദ്ദേഹം അല്ലാഹുവിന്‍റെ നീതി നിറഞ്ഞതും എല്ലാവര്‍ക്കും ബാധകവുമായ പ്രതിഫല നിയമത്തെ ഉണര്‍ത്തി. ആരെങ്കിലും തിന്മപ്രവർത്തിച്ചാൽ അതിന് തുല്യമായ ശിക്ഷ മാത്രം അവന് നൽകപ്പെടുന്നതാണ്. സത്യവിശ്വാസത്തോടെ സൽക്കർമ്മങ്ങൾ അനുഷ്ഠിച്ച ഓരോ സ്ത്രീ പുരുഷന്മാരും, അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. അവർക്ക് അവിടെ കണക്കില്ലാതെ നൽകപ്പെടുന്നതാണ്. (മുഅ്മിന്‍ 40). 
ഗുണം നിറഞ്ഞതോ വഞ്ചനയുടെ ചരക്കോ.? 
അല്ലാഹുവിന്‍റെ ഈ ദാസന്‍റെ പ്രഭാഷണം അവസാനിച്ചു. എന്നാല്‍ അവര്‍ ഇവ അംഗീകരിക്കാന്‍ തയ്യാറായില്ല. മറിച്ച് അവര്‍ വീണ്ടും അഹങ്കാര-നിഷേധങ്ങളിലേക്കും പാപങ്ങളിലേക്കും അദ്ദേഹത്തെ ക്ഷണിച്ചു. ഇവിടെയും അദ്ദേഹം പതറാതെ നിന്നുകൊണ്ട് തിരിച്ചടിച്ചു. പ്രയോജന-ഗുണങ്ങളും ആത്മാര്‍ത്ഥതയും നിറഞ്ഞ കാര്യത്തെയും വഞ്ചനാപരമായ കാര്യത്തെയും നിങ്ങള്‍ വേര്‍ തിരിച്ച് മനസ്സിലാക്കാത്തത് അത്ഭുതം തന്നെ.! അദ്ദേഹം ചോദിച്ചു: എന്റെ സമുദായമേ, ഇത് എന്ത് അത്ഭുതമാണ്? ഞാൻ നിങ്ങളെ രക്ഷയിലേക്ക് ക്ഷണിക്കുന്നു. നിങ്ങൾ എന്നെ നരകാഗ്നിയിലേക്ക് വിളിക്കുന്നു. അല്ലാഹുവിനോട് നിഷേധ-നന്ദികേടുകൾ കാട്ടാനും എനിക്ക് ഒരു അറിവുമില്ലാത്തവയെ അല്ലാഹുവിനോട് പങ്കുചേർക്കാനും എന്നെ നിങ്ങൾ വിളിക്കുന്നു. ഞാൻ നിങ്ങളെ പ്രതാപശാലിയും വളരെ പൊറുക്കുന്നവനുമായവനിലേക്ക് ക്ഷണിക്കുന്നു. (മുഅ്മിന്‍ 41-42) അതെ, ഞാന്‍ എഴുന്നേറ്റ് നിന്ന് നിങ്ങളെ ഉണര്‍ത്തിയ കാര്യങ്ങളുടെയും ഫിര്‍ഔന്‍ നിങ്ങളോട് പറയുന്ന കാര്യങ്ങളുടെയും ഇടയില്‍ നിങ്ങള്‍ ഒന്ന് തുലനം ചെയ്യുക. ഞാന്‍ നിങ്ങളെ രക്ഷാസരണിയിലേക്ക് ക്ഷണിക്കുന്നു. കാരുണ്യവാനും തുറക്കുന്നവനുമായ അല്ലാഹുവിലേക്ക് വിളിക്കുന്നു. നിങ്ങള്‍ സ്വന്തം വ്യക്തിത്വത്തിലേക്കും നാശത്തിന്‍റെ മാര്‍ഗ്ഗത്തിലേക്കും വിളിക്കുന്നു. അദ്ദേഹം വീണ്ടും പറഞ്ഞു: 
നിസ്സംശയം, നിങ്ങൾ എന്നെ വിളിക്കുന്ന കാര്യത്തിന് ഇഹത്തിലും പരത്തിലും യാതൊരു ക്ഷണവുമില്ല. നിശ്ചയം നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ്. പരിധിലംഘിച്ചവർ നരകാവകാശികളാണ്. (മുഅ്മിന്‍ 43). ഈ വചനത്തിലൂടെ അല്ലാഹുവിന്‍റെ ഈ അടിമ അറിയിക്കുന്നു: ഫിര്‍ഔനീ പ്രബോധനം അനാവശ്യവും തിന്മയിലേക്കുള്ള നിര്‍ബന്ധവുമാണ്. അതെ, അജ്ഞതയുമായി ബന്ധപ്പെട്ട മുഴുവന്‍ ക്ഷണങ്ങളും അനാവശ്യവും ലക്ഷ്യമില്ലാത്തതുമാണ്. പടച്ചവന്‍റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെളിവോ സത്ബുദ്ധിയുടെ പിന്‍ബലമോ വിജ്ഞാനത്തിന്‍റെ അടിസ്ഥാനമോ പ്രവാചകന്മാരുടെ പ്രബോധനവുമായി ഏതെങ്കിലും ബന്ധമോ അതിനില്ല. യാതൊരു ഗുണവുമില്ലാത്തതും ഉപദ്രവകരവുമായ ചെടികള്‍ വെറുതെ കിടക്കുന്ന ഭൂമിയില്‍ മുളച്ച് പൊന്തുന്നത് പോലെ ഉയര്‍ന്ന് വരുന്ന കുറെ കാര്യങ്ങള്‍ മാത്രമാണിത്. അടുത്ത് തന്നെ അത് പിഴുതെറിയപ്പെടുന്നത് പോലെ ഈ വാദങ്ങളും അപ്രത്യക്ഷമാകുന്നതാണ്. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഇഹലോകത്തോ പരലോകത്തോ യാതൊരു പ്രയോജനവുമില്ല. അതിന്‍റെ പിന്നില്‍ ഒരു തെളിവുമില്ല. നിങ്ങളുടെ താല്പര്യങ്ങളും തോന്നലുകളും മാത്രമാണ് നിങ്ങളുടെ വാദങ്ങള്‍. 
നിഷ്കളങ്കനായ ഓരോ ദാഇയുടെയും അവസാന വാക്ക്.! 
ഏറ്റവും അവസാനമായി അല്ലാഹുവിന്‍റെ ഈ അടിമ ഒരു വാചകം പറഞ്ഞു. അതില്‍ അദ്ദേഹത്തിന്‍റെ പടച്ചവനുമായിട്ടുള്ള ബന്ധവും ഹൃദയ വേദനയും ത്യാഗപരിശ്രമങ്ങളുടെ പാരമ്യവും അടങ്ങിയിരിക്കുന്നു. നിഷ്കളങ്കനായ ഓരോ ദാഇയുടെയും അവസാന വാക്കാണിത്. ഇതിന് ശേഷം അവര്‍ മറ്റൊന്നും പറയുന്നതല്ല. അദ്ദേഹം പറഞ്ഞു: ഞാൻ നിങ്ങളോട് പറഞ്ഞകാര്യങ്ങൾ നിങ്ങൾ പിന്നീട് ഓർക്കുന്നതാണ്. എന്റെ കാര്യങ്ങൾ ഞാൻ അല്ലാഹുവിനെ ഏൽപ്പിക്കുന്നു. തീർച്ചയായും അല്ലാഹു ദാസന്മാരെ നന്നായി കാണുന്നവനാണ്. (മുഅ്മിന്‍ 44). ഇത് അദ്ദേഹത്തിന്‍റെ സദുപദേശങ്ങള്‍ക്കുള്ള സുന്ദര സമാപനമാണ്. നിഷേധികള്‍ക്ക് മുന്നില്‍ ഓരോ പ്രബോധകനും അവസാനമായി പറയുന്ന വാക്കാണിത്. 
സത്യവിശ്വാസിയായ ഈ സഹോദരന്‍ നടത്തിയ പ്രഭാഷണം തീര്‍ച്ചയായും അതിസുന്ദരവും അതുല്യവുമാണ്. അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ ആഴമേറിയ ശൈലിയില്‍ ഇത് ഉദ്ധരിച്ചതിലൂടെ ആ പ്രഭാഷണം സര്‍വ്വ കാലത്തേക്കും ഉപയുക്തമായി. ഇതിന്‍റെ തുടക്കവും ഒടുക്കവും ക്രമീകരിച്ചുള്ള ഓരോ വിഷയങ്ങളും വളരെയധികം പഠനാര്‍ഹമാണ്. ദഅ്വത്ത് - തബ്ലീഗുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം ഇത് വഴി വിളക്കാണ്. വിശിഷ്യാ, അഹങ്കാരികള്‍ക്കും ധിക്കാരികള്‍ക്കും മുന്നില്‍ എന്തെല്ലാം കാര്യങ്ങള്‍, എങ്ങനെയാണ് പറയേണ്ടത് എന്ന് ഇത് പഠിപ്പിച്ച് തരുന്നു. ഇദ്ദേഹം നബിയല്ലായിരുന്നു എന്നതും മൂസാ നബി (അ) യുടെ അടുത്ത ശിഷ്യനുമല്ലായിരുന്നു എന്നുള്ളതും ഇവിടെ പ്രത്യേകം സ്മരണീയമാണ്. ഫിര്‍ഔന്‍ കൂട്ടരില്‍ പെട്ട വിശ്വാസിയായ വ്യക്തി എന്ന പ്രയോഗം ഇക്കാര്യം അറിയിക്കുന്നു. എന്നിട്ടും പഠനാര്‍ഹമായ നിലയില്‍ പ്രഭാഷണം നടത്തിയ അദ്ദേഹത്തിന്‍റെ വാചകങ്ങളിലും ശൈലികളിലും നമുക്ക് വലിയ പാഠങ്ങള്‍ നിറഞ്ഞ് കിടക്കുന്നു. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...