Monday, April 20, 2020

05. ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.!


ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ 
ജീവ ചരിത്രം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/04/05.html?spref=tw 
മൗലാനാ മുഹമ്മദ് യഹ് യ (റഹ്).! 
മൗലാനാ മുഹമ്മദ് യഹ് യ (റഹ്) യാണ് ശൈഖുല്‍ ഹദീസിന്‍റെ ബഹുമാന്യ പിതാവ്. മൗലാനാ മുഹമ്മദ് ഇസ്മാഈല്‍ (റഹ്) യുടെ രണ്ടാമത്തെ മകനായ മൗലാനാ മുഹമ്മദ് യഹ് യ ഹിജ്റ 1328 മുഹര്‍റം ആരംഭത്തില്‍ (1871 മാര്‍ച്ച് 23) വ്യാഴാഴ്ച ദിവസമാണ് ജനിച്ചത്. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മുഴുവന്‍ മനഃപ്പാഠമാക്കിയിരുന്നു. ഒരു ദിവസം ഖുര്‍ആന്‍ മുഴുവന്‍ ഓതിത്തീര്‍ത്ത ശേഷം, ദിവസം മുഴുവന്‍ അവധി എന്നതായിരുന്നു പിതാവിന്‍റെ നിര്‍ദേശം. മൗലാനാ മുഹമ്മദ് യഹ് യാ (റഹ്) പറയുന്നു: ഞാന്‍ സുബ്ഹ് നമസ്കരിച്ച് കൊണ്ട് ഉമ്മൂമ്മയുടെ വീട്ടിന്‍റെ മേല്‍തട്ടില്‍ പോയിരുന്ന് ഓതാനാരംഭിക്കും. അവസാനിക്കുന്നതുവരെ ഭക്ഷണം കഴിച്ചിരുന്നില്ല. ഖുര്‍ആന്‍ ശരീഫ് ഓതിക്കഴിഞ്ഞാല്‍ വിശ്രമിക്കുന്നതിന് പകരം കിത്താബ് പാരായണത്തില്‍ വ്യാപൃതനാകും. സാധാരണ ളുഹ്റിന് മുമ്പ് ഖുര്‍ആന്‍ ഓതിത്തീര്‍ക്കുമായിരുന്നു. ശേഷം ആഹാരം കഴിക്കും. അവധി സമയങ്ങളില്‍ ഫാരിസി പഠിക്കുമായിരുന്നു.
   പിതാവ് മൗലാനാ മുഹമ്മദ് ഇസ്മാഈല്‍ (റ) രാത്രിയില്‍ അധികവും ഉറക്കമൊഴിഞ്ഞിരുന്ന് ഇബാദത്ത് ചെയ്യുകയും തഹജ്ജുദ് മുടങ്ങാതെ നിര്‍വ്വഹിക്കുകയും ചെയ്തിരുന്നതിനാല്‍ മൗലാനയെയും മുതിര്‍ന്ന സഹോദരന്‍ മുഹമ്മദ് (റ) യെയും രാത്രിയുടെ അന്ത്യത്തില്‍ ചെറുപ്പം മുതലേ ഉണര്‍ത്തിയിരുന്നു. മൗലാനാ മുഹമ്മദ് (റ) എഴുന്നേറ്റ് ദീര്‍ഘമായി നമസ്കരിക്കുമ്പോള്‍ പ്രകൃത്യാ വിജ്ഞാന ദാഹിയായിരുന്ന മൗലാനാ ഹൃസ്വമായി നമസ്കരിച്ചു കിത്താബ് പാരായണത്തില്‍ മുഴുകിയിരുന്നു. 
മൗലാനാ തന്നെ പറയുന്നു: പിതാവിന് വുളൂഅ് നിലനിര്‍ത്തുന്നതില്‍ വലിയ ശ്രദ്ധയായിരുന്നു. ഇതുപാലിക്കാന്‍ ഞങ്ങളെയും നിര്‍ബന്ധിച്ചിരുന്നു. പക്ഷെ പഠിക്കുന്നതിലുള്ള ആവേശം മൂലം ഞാന്‍ ഫാരിസി-അറബി പദങ്ങള്‍ മനഃപാഠമാക്കിക്കൊണ്ട് വുളൂഅ് ചെയ്യുന്നത് കണ്ടിരുന്ന പിതാവ്, ദേശ്യത്തില്‍ വിളിച്ച് പറയുമായിരുന്നു: വുളൂഇന്‍റെ ദുആയെക്കാള്‍ വളരെ നന്നായി ചൊല്ലുന്നുണ്ടല്ലോ.? ലജ്ജാവഹം തന്നെ. (തദ്കിറത്തുല്‍ ഖലീല്‍). 
മൗലാനാ മുഹമ്മദ് യഹ് യയുടെ അറിവിനോടുള്ള ആഭിനിവേശം മദ്റസാ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല പണ്ഡിതര്‍ക്ക് വരെ ആവേശം പകരുന്നതാണ്. അതിനാല്‍ പണ്ഡിതരും വിദ്യാര്‍ത്ഥികളുമെല്ലാം മൗലാനായുടെ കിതാബ് പാരായണ രീതിയും സമയനിഷ്ഠയും എങ്ങിനെയായിരുന്നുവെന്ന് അറിഞ്ഞിരിക്കേണ്ടതും അദ്ദേഹത്തെ മാതൃകയാക്കേണ്ടതുമാണ്. അദബിനെ (അറബി സാഹിത്യം) കുറിച്ച് മൗലാനാ പറയുന്നു: ഉസ്താദില്‍ നിന്ന് മഖാമാതെ ഹരീരിയുടെ ഒമ്പത് പ്രബന്ധങ്ങള്‍ മാത്രമേ ഞാന്‍ പഠിച്ചിട്ടുള്ളൂ. ഉസ്താദ് വീട്ടില്‍ പോവുകയും തിരിച്ചുവരികയും ചെയ്യുന്ന അവസരത്തില്‍ വഴിക്കുവെച്ചായിരുന്നു പഠിച്ചിരുന്നത്. പല സ്ഥലങ്ങളിലും അര്‍ത്ഥം സ്വയം നോക്കി മനസ്സിലാക്കാന്‍ ഉസ്താദ് നിര്‍ദേശിക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ അഗാധമായ മതപാണ്ഡിത്യം ചെറുപ്രായത്തില്‍ തന്നെ അംഗീകൃതവും  പ്രശസ്തവുമായിരുന്നതിനാല്‍ അക്കാലത്തെ പണ്ഡിതര്‍ക്കിടയില്‍ ആദരണീയനായിത്തീര്‍ന്നു. പദ്യവും ഗദ്യവും നിമിഷത്തിനുള്ളില്‍ അനായാസം എഴുതത്തക്ക നിലയില്‍ അറബി സാഹിത്യത്തില്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. ഹി.1311-ല്‍ മൗലാനാ റഷീദ് അഹ്മദ് ഗന്‍ഗോഹിയുടെ അടുക്കല്‍ മുഹമ്മദ് യഹ്യ ഹദീസ് പഠനാര്‍ത്ഥം പോയി. മൂത്ത സഹോദരന്‍ മൗലാനാ മുഹമ്മദ് ഹദീസ് പഠിച്ചതും ഹസ്രത്ത് ഗന്‍ഗോഹിയില്‍ നിന്നായിരുന്നു.  കൂടാതെ മൗലാനാ മുഹമ്മദ് യഹ് യക്ക് ഹസ്രത്തിനോട് വലിയ ആദരവായിരുന്നു. പക്ഷേ, രോഗബാധിതനായിരുന്ന ഹസ്രത്ത് അന്ന് ഹദീസിന്‍റെ ദര്‍സ് നടത്തിയിരുന്നില്ല. എന്നാല്‍ മൗലാനാ മുഹമ്മദ് അദ്ദേഹത്തിനടുത്തുതന്നെ താമസമാക്കി. അങ്ങിനെയിരിക്കെ, മൗലാനാ ഖലീല്‍ അഹ് മദ് സഹാറന്‍പൂരിയുടെ അപേക്ഷയെ തുടര്‍ന്ന് ഹസ്രത്ത് ഹദീസ് ക്ലാസുകള്‍ പുനരാരംഭിച്ചു. ഹസ്രത്ത് ഗന്‍ഗോഹിയുടെ പ്രഭാഷണങ്ങളില്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ മറ്റ് സമയങ്ങളില്‍ ക്രോഡീകരിച്ച് പകര്‍ത്തി വെയ്ക്കാന്‍ മൗലാനാ ദര്‍സിനിടയില്‍ ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഓരോ ഗ്രന്ഥങ്ങള്‍ക്കും ഓരോ  അനുബന്ധവും അനര്‍ഘമായ വ്യാഖ്യാനവുമായി അവ മാറി. പന്ത്രണ്ട് വര്‍ഷം ഹസ്രത്തുമൊത്ത് കഴിച്ചുകൂട്ടുകയും ഈ കാലയളവ് മുഴുവനും  ഗന്‍ഗോഹിയുടെ സ്നേഹത്തിന്‍റെ മടിത്തട്ടില്‍ വളരുകയും ചെയ്ത മൗലാനാ മുഹമ്മദ് യഹ് യയുടെ ബുദ്ധി സാമര്‍ത്ഥ്യം ദല്‍ഹിയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ മൗലാനാ ഖലീല്‍ അഹ് മദ് സഹാറന്‍പൂരി മനസ്സിലാക്കിയിരുന്നു. അതിനാല്‍ മൗലാനാ മുഹമ്മദ് യഹ്യയെ എങ്ങനെയെങ്കിലും മളാഹിര്‍ ഉലൂം മദ്റസയില്‍ ദര്‍സുല്‍ ഹദീസിനായി കൊണ്ടുവരാന്‍ സഹാറന്‍പൂരി വളരെ അഗ്രഹിച്ചിരുന്നു. അങ്ങിനെയാണ് ഹി. 1328 ജമാദുല്‍ ഊലയില്‍ മൗലാനാ മുഹമ്മദ്  യഹ് യ അവിടെ അഞ്ചു വര്‍ഷം  ഹദീസ് ദര്‍സ് നടത്തുന്നത്. ഇതിന് ഒരിക്കലും പ്രതിഫലം വാങ്ങിയിരുന്നില്ല. ജീവിതാവശ്യത്തിനായി ഒരു കുതുബ്ഘാന സ്ഥാപിച്ചിരുന്നു. സ്വന്തമായി തന്നെയാണ് അതിന്‍റെ ജോലികളും നിര്‍വ്വഹിച്ചിരുന്നത്. രാത്രികളില്‍ നന്നായി കരയുകയും പകലില്‍ മറ്റുള്ളവര്‍ക്ക് പുഞ്ചിരി  സമ്മാനിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. ഹൃദയത്തില്‍ ഇളകിമറിയുന്ന നീറ്റലും തുടിപ്പും രാത്രിയുടെ യാമങ്ങളിലുള്ള വിനയവും വണക്കവും ചിലര്‍ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. സാധാരണക്കാരനെപ്പോലെയായിരുന്നു ജീവിതം. ഖുര്‍ആനുമായി അഗാധമായ ബന്ധമായിരുന്നു. മൗലാനാ ആശിഖ് ഇലാഹീ മീറത്തി എഴുതുന്നു: ഒരിക്കല്‍ എന്‍റെ അപേക്ഷപ്രകാരം അദ്ദേഹം റമദാനില്‍ ഖുര്‍ആന്‍ ശരീഫ് ഓതിക്കേള്‍പ്പിക്കാന്‍ മീറത്തില്‍ വന്നു. പകല്‍ മുഴുവന്‍ ചുറ്റിനടന്ന് ഖുര്‍ആന്‍ മുഴുവനും ഓതിത്തീര്‍ക്കുകയായിരുന്നു അദ്ദേഹം. നോമ്പ് തുറക്കാന്‍ സമയമായപ്പോള്‍ ഖുല്‍ അഊദുബിറബ്ബിനാസ് ആയിരുന്നു നാവിന്‍റെ തുമ്പില്‍. ഇശാഅ് ജമാഅത്തിന് നിന്നപ്പോള്‍ ഖുര്‍ആന്‍ ശരീഫ് മുന്നില്‍ തുറന്നുവെച്ചതുപോലെ സാവധാനം സ്ഫുടമായി പത്ത് ജുസൂഅ് ഓതി. മൂന്നാം ദിവസം ഖുര്‍ആന്‍ പൂര്‍ത്തിയാക്കി മടങ്ങി. 
മൗലാനാ ഇഹ്തിശാമുല്‍ ഹസന്‍ കുറിക്കുന്നു. റമദാനില്‍ ഉമ്മയ്ക്കും ഉമ്മൂമ്മയ്ക്കും ഖുര്‍ആന്‍ ശരീഫ് ഓതിക്കേള്‍പ്പിക്കാന്‍ കാന്ദലയില്‍ വരുന്നതും മൂന്നു ദിവസത്തില്‍ ഖുര്‍ആന്‍ ശരീഫ് പൂര്‍ത്തിയാക്കി മടങ്ങുന്നതും മൗലാനാ മുഹമ്മദ് യഹ്യയുടെ പതിവായിരുന്നു. വിധവകളോടും യതീമുകളോടും പാവങ്ങളായ മുതഅല്ലിംകളോടും ഉദാരപൂര്‍വ്വം പെരുമാറിയിരുന്ന അദ്ദേഹം മറ്റുള്ളവര്‍ അറിയാതെയാണ് ഇതെല്ലാം ചെയ്തിരുന്നത്. ഭൗതിക വിരക്തനായിരുന്ന മൗലാനാ തനിക്കായി അഞ്ച് രൂപയുടെ ധാന്യം പോലും ഒരിക്കലും വാങ്ങിയിട്ടില്ല. എന്നാല്‍ നല്ല കാര്യത്തിന് ചിലവഴിച്ചതുമൂലം മരണനേരത്ത് 8000 രൂപയുടെ കടക്കാരനായിരുന്നു.(ഹാലാത്തെ മശാഇഖെ കാന്ദല). 
ഹിജ്രി 1334 - ദുല്‍ഖഅദ് 8-ന് ഇഹലോകവാസം വെടിഞ്ഞു. മളാഹിര്‍ ഉലൂം മദ്റസയുടെ സ്ഥാപകന്‍ മൗലാനാ മുഹമ്മദ് മള്ഹര്‍ (റ) യും  മറ്റ് മഹാന്‍മാരും ഖബറടക്കപ്പെട്ട ഹാജിഷാഹിലാണ് മുഹമ്മദ് യഹ് യ (റ) യെയും മറമാടപ്പെട്ടത്. 
മൗലാനാ മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്‍റെ ഇളയ മകനാണ് മൗലാനാ മുഹമ്മദ് ഇല്‍യാസ് (റ). മഹാനവര്‍കളുടെ അവസ്ഥകളും കമാലാത്തും അദ്ദേഹത്തിന്‍റെ ദഅ് വത്തും അതിന്‍റെ പ്രതിഫലനങ്ങളും ഈ ഗ്രന്ഥത്തില്‍ കുറിച്ചിടുക എന്നത് അസാധ്യമാണ്. 
ഈ വിഷയത്തില്‍ വിനീത ലേഖകന്‍ പ്രത്യേകം എഴുതിയ ഹസ്രത്ത് മൗലാനാ മുഹമ്മദ് ഇല്‍യാസ് ഔര്‍ ഉന്‍കി ദീനീ ദഅ്വത്ത് എന്ന കൃതി പാരായണം ചെയ്യുന്നത് ഉചിതമായിരിക്കും. (വളരെ പ്രധാനപ്പെട്ട ഈ രചന മൗലാനാ മുഹമ്മദ് ഇല്‍യാസ് : ജീവിതവും ദൗത്യവും എന്ന പേരില്‍ മുഫക്കിറുല്‍ ഇസ്ലാം ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.) 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി +91 9961955826 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...