Friday, April 10, 2020

കൊറോണ വൈറസ്: ചില ആത്മ വിമര്‍ശനങ്ങള്‍.! -അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി















കൊറോണ വൈറസ്: 
ചില ആത്മ വിമര്‍ശനങ്ങള്‍.! 

ഓരോരുത്തരും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട സുപ്രധാന ലേഖനം.! 
ഭാഗം 02 
https://swahabainfo.blogspot.com/2020/04/blog-post_10.html?spref=tw
അക്രമങ്ങള്‍ ഉപേക്ഷിക്കുക.! 
-അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി 
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 
നമ്മുടെ സമൂഹത്തില്‍ വ്യാപകമായിരിക്കുന്ന രണ്ടാമത്തെ സാമൂഹ്യ തിന്മ അക്രമങ്ങളാണ്. നിഷേധം കഴിഞ്ഞാല്‍ അല്ലാഹു ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിരിക്കുന്ന പാപം അക്രമമാണ്. സത്യവിശ്വാസത്തിന് ശേഷം അതീവ ഗൗരവത്തില്‍ കല്‍പ്പിച്ചിരിക്കുന്ന നന്മ നീതിയുമാണ്. ഖുദ്സിയ്യായ ഒരു ഹദീസില്‍ വന്നിരിക്കുന്നു, അല്ലാഹു അറിയിക്കുന്നു: ഞാന്‍ എന്‍റെ മേല്‍ അക്രമത്തെ നിഷിദ്ധമാക്കി. നിങ്ങള്‍ക്കിടയിലും നിഷിദ്ധമാക്കി. ആകയാല്‍ എന്‍റെ ദാസന്മാരെ നിങ്ങള്‍ പരസ്പരം അക്രമം കാട്ടരുത്. (മുസ്ലിം 2577). അബൂമൂസല്‍ അഷ്അരി (റ) നിവേദനം. റസൂലുല്ലാഹി  അരുളി: അല്ലാഹു അക്രമിക്ക് അല്‍പം ഇളവ് നല്‍കുന്നതാണ്. എന്നാല്‍ പരിധി ലംഘിക്കുമ്പോള്‍ അല്ലാഹു പിടിക്കുന്നതാണ്. പിന്നീട് വിടുന്നതല്ല. (മുസ്ലിം 2582). 
പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ ഒരു കാര്യം വ്യക്തമാകും: ഗതകാല സമുദായങ്ങളില്‍ അല്ലാഹു ശിക്ഷയിറക്കിയത് നിഷേധത്തിന്‍റെ പേരില്‍ മാത്രമല്ല, നിഷേധത്തോടൊപ്പം അക്രമത്തിലും പരിധി ലംഘിച്ചപ്പോഴാണ് അവര്‍ ശിക്ഷിക്കപ്പെട്ടത്. ചരിത്രത്തില്‍ സംസ്കാര സമ്പന്നരായ ധാരാളം സമൂഹങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. എന്നാല്‍ അവര്‍ അക്രമത്തില്‍ മുന്നേറിയപ്പോള്‍ അല്ലാഹു ശിക്ഷയുടെ ചാട്ടവാര്‍ കൊണ്ട് പ്രഹരിച്ചു. ഫിര്‍ഔനിനെയും കൂട്ടരെയും അല്ലാഹു ശിക്ഷിച്ചത് സത്യവിശ്വാസം ഉപേക്ഷിച്ചതിന്‍റെ പേരില്‍ മാത്രമല്ല, അക്രമങ്ങളുടെ പേരിലാണ്. ബനൂ ഇസ്റാഈലില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ അവര്‍ കൊന്നിരുന്നു. മൂസാ നബി (അ) അതില്‍ നിന്നും അവരെ തടയുകയും കുറഞ്ഞപക്ഷം, പലായനം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് പറഞ്ഞപ്പോള്‍ അതിനും സന്നദ്ധരാകാതെ അക്രമങ്ങള്‍ തുടര്‍ന്നു. തദവസരം അല്ലാഹു മൂസാ നബി (അ) യെയും കൂട്ടരെയും രക്ഷപ്പെടുത്തുകയും ഫിര്‍ഔനിനെയും സൈന്യത്തെയും മുക്കിക്കൊല്ലുകയും ചെയ്തു. 
നൂഹ് നബി (അ) യുടെ സമുദായം സത്യവിശ്വാസം സ്വീകരിച്ചില്ലെന്ന് മാത്രമല്ല, നൂഹ് നബി (അ) യെയും കൂട്ടരെയും പരിഹസിക്കുകയും ദ്രോഹിക്കുകയും ചെയ്തപ്പോള്‍ പടച്ചവന്‍ മഹാ പ്രളയത്തെ അയയ്ക്കുകയും അവരെ തുടച്ച് നീക്കുകയും ചെയ്തു. അവസാനം അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി  വന്നപ്പോള്‍ മക്കാ നിഷേധികള്‍ നിഷേധിക്കുക മാത്രമല്ല, കഠിനമായ അക്രമങ്ങള്‍ അവര്‍ കാട്ടിക്കൂട്ടി. നിങ്ങള്‍ സത്യസന്ദേശം സ്വീകരിച്ചില്ലെങ്കിലും സ്വീകരിച്ചവരെ ദ്രോഹിക്കരുത് എന്ന് റസൂലുല്ലാഹി  അവരോട് അഭിപ്രായപ്പെട്ടെങ്കിലും അവര്‍ സ്വീകരിക്കാതെ അക്രമങ്ങള്‍ തുടര്‍ന്നു. അവസാനം റസൂലുല്ലാഹി  മദീനയിലേക്ക് പലായനം ചെയ്യുകയും ബദ്റില്‍ വെച്ച് ശത്രുക്കള്‍ പരാജയപ്പെടുകയും അക്രമികളായ നേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്തു. ചുരുക്കത്തില്‍, പടച്ചവന്‍ ആരെയും സത്യവിശ്വാസം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല. പക്ഷെ, അക്രമത്തെ സഹിക്കുന്നതല്ല. എന്നാല്‍ നാം നമ്മുടെ ചുറ്റുവട്ടത്തേക്ക് കണ്ണോടിച്ചാല്‍ പലതരം അക്രമങ്ങള്‍ നടക്കുന്നതായി കാണാന്‍ കഴിയും. സ്ഥല-കാല വ്യത്യാസമില്ലാതെ എവിടെയും രാവും പകലും അക്രമങ്ങളാണ്. 
ഏറ്റവും വലിയ അക്രമമാണ് അന്യായമായ കൊല. ഇതിന്‍റെ വാര്‍ത്ത ഇല്ലാത്ത ഒരു ദിവസം പോലും ഉദയം ചെയ്യുന്നില്ല എന്ന അവസ്ഥ സംജാതമായിരിക്കുന്നു. മുസ്ലിംകളെ കൊല്ലുന്ന പ്രവണതയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പല കൊലകളും അങ്ങേയറ്റം നിന്ദ്യമായ നിലയിലാണ് അരങ്ങേറുന്നത്. നിസ്സാരമായ പ്രശ്നങ്ങളുടെ പേരില്‍ പോലും കൊലകള്‍ നടക്കുന്നു. 
അക്രമത്തിന്‍റെ മറ്റൊരു രൂപമാണ് മറ്റുള്ളവരുടെ സ്വത്ത് വകകളില്‍ കൈ കടത്തല്‍. ഇതും സമുദായത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും മാതാപിതാക്കള്‍ മരണപ്പെട്ടാല്‍ സഹോദരങ്ങളുടെ ഓഹരിയില്‍ പലതും മറ്റൊരു സഹോദരന്‍ കൈയ്യടക്കുന്നു. സഹോദരിക്ക് അനന്തര സ്വത്ത് നല്‍കാറേയില്ല. യഥാര്‍ത്ഥത്തില്‍ മാതാപിതാക്കളുടെ സമ്പത്ത് എല്ലാ മക്കള്‍ക്കും അവകാശപ്പെട്ടതാണ്. 
നമുക്കിടയില്‍ വളരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അക്രമത്തിന്‍റെ മറ്റൊരു രൂപമാണ് കടവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍. പലരും കടം വാങ്ങി തിരിച്ച് കൊടുക്കുകയേയില്ല. ഇത് വലിയ അക്രമമാണ്. റസൂലുല്ലാഹി  അരുളി: ആരെങ്കിലും മറ്റൊരാളില്‍ നിന്നും ഒരു ചാണ്‍ ഭൂമിയോ, അതിനേക്കാള്‍ കുറഞ്ഞതോ അക്രമപരമായി കൈയ്യടക്കിയാല്‍ ഏഴാം ഭൂമി വരെയുള്ള ഭാഗം വളയമാക്കി ഖിയാമത്ത് നാളില്‍ അവന്‍റെ കഴുത്തില്‍ അണിയിക്കപ്പെടുന്നതാണ്. (ബുഖാരി 2452). 
അക്രമത്തിന്‍റെ ഗുരുതരമായ മറ്റൊരു രൂപമാണ് പലിശ. പലിശ വാങ്ങുന്നത് സാമ്പത്തികമായ അക്രമമാണെങ്കിലും അത് ശരീരത്തിലേക്കും സ്വഭാവത്തിലേക്കും കടക്കുന്നതാണ്. പലിശ ഉപയോഗിക്കുന്നവന്‍റെ പ്രകൃതി തന്നെ കഠിനമാകുന്നതാണ്. കടക്കാരന്‍റെ ദയനീയമായ അവസ്ഥ കണ്ടാല്‍ പോലും മനസ്സിന് അലിവുണ്ടാകുകയില്ല. ചിലവേള കടക്കാരന്‍റെ വീടും പറമ്പും മാത്രമല്ല, അന്തസ്സും അഭിമാനവും പോലും വില്‍ക്കപ്പെടുന്നു. പ്രൈവറ്റ് ഫൈനാന്‍സുകളില്‍ മുസ്ലിംകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നുള്ളത് വളരെയധികം വേദനാജനകമാണ്. ഞങ്ങളുടെ പട്ടണമായ ഹൈദരാബാദില്‍ അടുത്ത് ബ്ലൈഡ് കമ്പനിക്കാരെ പിടികൂടാന്‍ ഉദ്വോഗസ്ഥര്‍ ഇറങ്ങിയപ്പോള്‍ നമസ്കാരം, നോമ്പ്, ഉംറ പോലുള്ള നന്മകള്‍ ചെയ്യുന്നവരെയും പിടികൂടുകയുണ്ടായി. ബ്ലൈഡ് കമ്പനിക്കാര്‍ പലിശ വാങ്ങുന്നത് കൂടാതെ പലതരം അക്രമങ്ങളും കാട്ടിക്കൂട്ടുന്നു. പലിശ വാങ്ങുന്നവര്‍, കൊടുക്കുന്നവര്‍, എഴുതുന്നവര്‍, കണക്കുകാരന്‍, സാക്ഷി എന്നിങ്ങനെ പലിശയുമായി ബന്ധപ്പെട്ട എല്ലാവരെയും റസൂലുല്ലാഹി  ശപിച്ചിരിക്കുന്നു. സമുദായത്തിലെ വലിയൊരു വിഭാഗം ഇതില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെടുകയും കാരുണ്യനബി  യുടെ ശാപം ഏറ്റ് വാങ്ങുകയും ചെയ്യുന്നു എന്നുള്ളത് എത്ര ദുഃഖകരമാണ്. റസൂലുല്ലാഹി  അരുളി: ഒരു നാട്ടില്‍ പലിശയും വ്യഭിചാരവും പരസ്യമായാല്‍ അതിനെ നശിപ്പിക്കാന്‍ അല്ലാഹു അനുവാദം നല്‍കുന്നതാണ്. (ഇബ്നുമാജ 34). അതെ, പലിശ സാമൂഹ്യ ശിക്ഷയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇതില്‍ പലിശയ്ക്ക് പണം എടുക്കുന്നവരും കുറ്റക്കാരാണ്. പലരും യാതൊരു ആവശ്യവുമില്ലാതെ, വെറും മോഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും പണക്കാരനാണെന്ന് കാണിക്കുന്നതിനും കല്ല്യാണങ്ങള്‍ക്ക് ചിലവഴിക്കുന്നതിനും വലിയ വീടുകള്‍ കെട്ടുന്നതിനും പരിപാടികള്‍ നടത്തുന്നതിനുമാണ് പലിശയ്ക്ക് പണം വാങ്ങുന്നത്. 
വധുവിന്‍റെ വീട്ടുകാരോട് പോക്കറ്റ് മണി, ആഹാരം, സ്ത്രീധനം, വാഹനം മുതലായവ ചോദിക്കുന്നതും അക്രമത്തിന്‍റെ നിന്ദ്യമായ രൂപങ്ങളാണ്. ഭാര്യ-ഭര്‍തൃ ബന്ധം അങ്ങേയറ്റം സ്നേഹത്തിന്‍റെ ബന്ധമാണ്. ഭാര്യ ജീവിത കാലം മുഴുവനും സുഖ-ദുഃഖങ്ങളില്‍ കൂട്ടത്തിലുണ്ടാകേണ്ട സഹധര്‍മ്മിണിയാണ്. എന്നാല്‍ വിവാഹത്തിന്‍റെ തുടക്കത്തില്‍ തന്നെ അവരുടെ മാതാപിതാക്കളെ ദ്രോഹിക്കുന്നതും പലരും വധുവിനെ പോലും ഉപദ്രവിക്കുന്നതും വലിയ അക്രമങ്ങളാണ്. ചുരുക്കത്തില്‍ ഇത് അക്രമങ്ങളുടെ ഏതാനും രൂപങ്ങളാണ്. ഇത് പോലുള്ള ധാരാളം അക്രമങ്ങള്‍ സമുദായത്തില്‍ വ്യാപകമായിരിക്കുന്നു. ഇതെല്ലാം അല്ലാഹുവിന്‍റെ ശിക്ഷയെ വിളിച്ച് വരുത്തുന്ന പാപങ്ങളാണ്. 
ഇവിടെ നാമെല്ലാവരും ഉണരേണ്ട ഗൗരവകരമായ ഒരു കാര്യമുണ്ട്: ചിലവേള നാം അക്രമങ്ങളൊന്നും ചെയ്യുന്നതല്ല, പക്ഷെ അക്രമങ്ങള്‍ തടയാന്‍ പരിശ്രമിക്കാറുമില്ല. നമുക്കിടയില്‍ വഴക്കുകള്‍ നടക്കുമ്പോള്‍, നമ്മുടെ കുടുംബത്തില്‍ പെണ്‍കുട്ടികള്‍ക്ക് അനന്തര സ്വത്ത് നല്‍കപ്പെടാതിരിക്കുമ്പോള്‍, ഒരു സഹോദരന്‍ മറ്റൊരാളുടെ സ്വത്ത് കൈയ്യടക്കുമ്പോള്‍, ഒരു അയല്‍വാസി മറ്റൊരു അയല്‍വാസിയെ അക്രമിക്കുമ്പോള്‍ നാം തമാശ കാണുന്നവരെ പോലെ നോക്കി നില്‍ക്കാറുണ്ട്. ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്തുമ്പോള്‍ നോക്കി നില്‍ക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യുന്ന നിന്ദ്യമായ അവസ്ഥകളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. കൊലയാളികളുടെ കൈയ്യില്‍ പിടിക്കാനോ, അക്രമത്തില്‍ നിന്നും തടയാനോ ആരും പരിശ്രമിക്കാറില്ല. ഇതും അക്രമത്തിന്‍റെ ഒരു രൂപമാണ്. റസൂലുല്ലാഹി  അരുളി: ഒരു അക്രമി അക്രമം കാട്ടുന്നതായി കാട്ടുമ്പോള്‍ അതിനെ തടയാന്‍ പരിശ്രമിക്കാതിരുന്നാല്‍ അല്ലാഹു അടുത്ത് തന്നെ അവരെല്ലാവരെയും ശിക്ഷിക്കുന്നതാണ്. (തിര്‍മിദി 2168). 

ആകയാല്‍ സമൂഹത്തിനിടയില്‍ ധീരതയുടെയും മനക്കരുത്തിന്‍റെയും നീതിബോധത്തിന്‍റെയും അംശങ്ങളുണ്ടാക്കിയെടുക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ സമൂഹത്തില്‍ ആരെങ്കിലും മറ്റൊരാളോട് അക്രമം കാണിക്കുകയാണെങ്കില്‍ അതിനെ തടയാന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കുന്ന ഒരു അവസ്ഥ ഉണ്ടായിത്തീരണം. അല്ലാത്ത പക്ഷം, നാമെല്ലാവരും പടച്ചവന്‍റെ ശിക്ഷയ്ക്ക് ഇരയാകുന്നതാണ്. അല്ലാഹു ഇതിന് ഉതവി നല്‍കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 

സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
1️⃣ https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
2️⃣ https://chat.whatsapp.com/359zl3SYCWcEKgdCwqWUO0 
3️⃣ https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK 
4️⃣ https://chat.whatsapp.com/F11F6oe1A44AFwGbAONL1B 
5️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
6️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 
പകര്‍ച്ചാ വ്യാധിയുടെ ഏതാനും ഗുണങ്ങള്‍. 
1. മോഹങ്ങള്‍ കുറയുന്നു. 
2. കര്‍മ്മങ്ങള്‍ നന്നാകുന്നു. 
3. അശ്രദ്ധ മാറുന്നു. 
4. യാത്രയ്ക്ക് ഒരുങ്ങാന്‍ സാധിക്കുന്നു. 
ബദ്ലുല്‍ മാഊന്‍ ഫീ ഫള്ലിത്വാഗൂന്‍. 
-ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി
https://swahabainfo.blogspot.com/2020/04/blog-post_97.html?spref=tw 
ഭാഗം 01
കൊറോണ വൈറസ്: 
ചില ആത്മ വിമര്‍ശനങ്ങള്‍.! 
-അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി 
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 
പ്രസിദ്ധമായ ഒരു സാങ്കല്‍പ്പിക സംഭവമുണ്ട്. കാട്ടിലെ ഒരു മൃഗം വനരാജനായ സിംഹത്തിന് വലിയ സേവനങ്ങള്‍ ചെയ്യുമായിരുന്നു. ഒരിക്കല്‍ സേവകന് എന്തോ ആവശ്യത്തിന് ഒരു സ്ഥലത്തേക്ക് പോകേണ്ടി വന്നു. തദവസരം അതിന്‍റെ ചെറിയ കുഞ്ഞിനെ സിംഹത്തെ ഏല്‍പ്പിച്ചുകൊണ്ട് പറഞ്ഞു: ഞാന്‍ അത്യാവശ്യത്തിന് ഒരു സ്ഥലം വരെയും പോകുന്നു. അങ്ങ് ഇതിനെ സംരക്ഷിക്കുക. ഞാന്‍ വന്നാല്‍ തിരിച്ച് എടുത്തുകൊള്ളാം. വനരാജന്‍ സമ്മതിച്ചു. അതിന്‍റെ സംരക്ഷണത്തില്‍ വലിയ ശ്രദ്ധ പതിപ്പിച്ചു. വേറെയൊരു മൃഗവും ബുദ്ധിമുട്ടിക്കാതിരിക്കുന്നതിന് എപ്പോഴും അതിനെ പുറത്ത് വഹിച്ച് നടക്കുമായിരുന്നു. ഒരു ദിവസം മുകളില്‍ നിന്നും ഒരു പരുന്ത് പറന്ന് വന്ന് അതിനെ റാഞ്ചിയെടുത്തു. അതിനെ പിടികൂടാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കിയ വനരാജന്‍ നിരാശപ്പെട്ട് മിണ്ടാതിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് മാതാവ് വന്നപ്പോള്‍ സിംഹം പറഞ്ഞു: ഞാന്‍ കുഞ്ഞിനെ സംരക്ഷിക്കാന്‍ വളരെ ശ്രദ്ധിച്ചു. പക്ഷെ, പരുന്ത് വന്ന് എടുത്ത് കൊണ്ട് പോയി. മാതാവ് പറഞ്ഞു: നിങ്ങള്‍ വനരാജനായിട്ടും ഒരു കുഞ്ഞിനെ സംരക്ഷിക്കാന്‍ സാധിച്ചില്ലെന്നോ.? സിംഹം പറഞ്ഞുവത്രേ: ഭൂമിയില്‍ നിന്നും വല്ല നാശവും വന്നാല്‍ ഞാന്‍ സംരക്ഷിക്കുമായിരുന്നു. പക്ഷെ, മുകളില്‍ നിന്നും വന്ന നാശത്തില്‍ നിന്നും രക്ഷിക്കാന്‍ എനിക്ക് കഴിവില്ല.! 
ഇത് ഒരു സാങ്കല്പിക കഥയാണ്. സൃഷ്ടികളില്‍ നിന്നും ഉണ്ടാകുന്ന നാശ-നഷ്ടങ്ങളെ നേരിടാന്‍ മനുഷ്യന് കഴിവുണ്ടെന്നും സ്രഷ്ടാവിന്‍റെ ഭാഗത്ത് നിന്നും വരുന്ന പരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ ആര്‍ക്കും കഴിവില്ലെന്നും ഈ സംഭവം പഠിപ്പിക്കുന്നു. ലോകം മുഴുവന്‍ ഇപ്പോള്‍ കൊറോണ വൈറസ് കാരണം വലിയ പരിഭ്രാന്തി ഉടലെടുത്തിരിക്കുകയാണ്. അറുപത് വയസ്സ് കഴിഞ്ഞ വിനീതന്‍റെ ജീവിതത്തില്‍ ഇതുപോലെ ഒരു രംഗം കണ്ടിട്ടില്ല. യോഗ്യതകളിലും സാങ്കേതിക വിദ്യകളിലും ലോകം മുഴുവന്‍ ആധിപത്യം ഉറപ്പിച്ച ഒരു രാജ്യമാണ് ചൈന. ലോകത്ത് എവിടെ പോയാലും ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ കാണാന്‍ കഴിയും. പക്ഷെ, അവിടെ നിന്നുമാണ് ഈ പരീക്ഷണം ആരംഭിച്ചത്. ഇതിന്‍റെ പേരില്‍ ആ രാജ്യം അനുഭവിച്ച പ്രയാസ-പ്രശ്നങ്ങള്‍ വളരെ വലുതാണ്. അവിടുന്ന് അത് ഇറ്റലിയിലേക്ക് കടന്നു. വൈദ്യ ശാസ്ത്രത്തില്‍ ലോകത്ത് വളരെ മുന്നേറിയ ഒരു രാജ്യമാണിത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും ചികിത്സക്ക് വേണ്ടി ആളുകള്‍ ഇറ്റലിയിലേക്ക് യാത്ര ചെയ്യുന്നു. പക്ഷെ, അവിടെ ഈ പരീക്ഷണം അതി വേഗതയില്‍ പടരുകയും ധാരാളം ജനങ്ങള്‍ മരിക്കുകയും ചെയ്തു. അവിടത്തെ പ്രധാനമന്ത്രിയുടെ കണ്ണീര്‍ കണങ്ങള്‍ കണ്ടവരും കരഞ്ഞുപോയി. തുടര്‍ന്ന് അധികാരം മാത്രമല്ല, സ്വയം ദൈവമായി വാഴുകയും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും വാഴുകയും ചെയ്യുന്ന സൂപ്പര്‍ പവറായ അമേരിക്കയിലേക്ക് ഇത് കടന്നിരിക്കുകയാണ്. ഈ രോഗത്തിന് മുന്നില്‍ അമേരിക്കക്കാര്‍ നിസ്സഹായരാകുകയും ധാരാളം മരണങ്ങള്‍ അവിടെ നടക്കുകയും ചെയ്യുന്നു. ശാസ്ത്ര സാങ്കേതിക വിദ്യ, സൈനിക ശക്തി, വിജ്ഞാനം, ബുദ്ധി മുതലായ ശേഷികള്‍ ഉപയോഗിച്ച് ഈ അപകടത്തെ നേരിടാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ രാജ്യങ്ങള്‍ നേരത്തെ രക്ഷപ്പെടുകയും ഇതിനെ പിടിച്ച് കെട്ടുകയും ചെയ്യുമായിരുന്നു. പക്ഷെ, ഇത് ഭൂമിയില്‍ നിന്നല്ല ആകാശത്ത് നിന്നും ഇറങ്ങിയതാണ് എന്നതാണ് വാസ്തവം. അതെ, ഇതിനെ നേരിടാന്‍ മനുഷ്യന് കഴിവില്ല. 
ഈ പരീക്ഷണത്തില്‍ നിന്നും കര കയറുന്നതിന് നമ്മുടെ രാജ്യം മുഴുവനും ലോക്ഡൗണിലാണ്. ഇത് നമ്മുടെ രാജ്യത്തിന്‍റെ മാത്രം കാര്യമല്ല, ലോകത്ത് നിരവധി രാജ്യങ്ങളിലെ ജീവിത ബഹളങ്ങള്‍ പൂര്‍ണ്ണമായി കെട്ടടങ്ങിയിരിക്കുന്നു. ഭയം വല്ലാതെ അധികരിച്ച ജനങ്ങള്‍, സ്വന്തം ബന്ധുക്കളെ കാണാനും അതിഥികളെ സ്വീകരിക്കാനും വല്ലാതെ മടിക്കുന്നു. എന്നാല്‍ ഈ രോഗം ഒരു സാധ്യത മാത്രമാണ്. പക്ഷെ, മനസ്സുകളില്‍ നിറഞ്ഞ ഭയം കാരണം ഓരോരുത്തരും മറ്റുള്ളവരെ രോഗിയായി കണ്ട് പെരുമാറുന്നു. ഇത് പടച്ചവന്‍റെ ഭാഗത്ത് നിന്നുള്ള വലിയൊരു പരീക്ഷണം തന്നെയാണ്. മനുഷ്യന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത നിസ്സാരമായ വസ്തുക്കളിലൂടെ പടച്ചവന്‍റെ കഴിവ് പടച്ചവന്‍ പ്രകടിപ്പിക്കാറുണ്ട്. പരിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഫീല്‍ പാരായണം ചെയ്യുക: ഒരു വന്‍ശക്തിയായ അബ്റഹത്തും പട്ടാളവും മക്കാ മുകര്‍റമയെ അക്രമിക്കാനും കഅ്ബത്തുല്ലാഹിയെ തകര്‍ക്കാനും ഉദ്ദേശിച്ചു. തദവസരം പടച്ചവന്‍റെ ഭവനത്തിന്‍റെ സംരക്ഷണത്തിന് മക്കക്കാര്‍ക്ക് കഴിവ് കൊടുത്ത് അവരെ കൊണ്ട് നേരിടീക്കാനും അറേബ്യയുടെ ഇതര ഭാഗങ്ങളില്‍ നിന്നും കഅ്ബാ സ്നേഹികളെ സംഘടിപ്പിച്ച് അബ്റഹത്തിനെ പരാജയപ്പെടുത്താനും പടച്ചവന് കഴിയുമായിരുന്നു. പക്ഷെ, അങ്ങനെയുണ്ടായില്ല. ആന, ഒട്ടകം, കുതിര പോലുള്ള മൃഗത്തെയും അയച്ചില്ല. ചെറിയ ഏതാനും പറവകളെ കൊണ്ട് ചെറു കല്ലുകള്‍ എറിയിച്ചു. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു അവരെ തിന്ന് തള്ളിയ വൈക്കോലുകളെ പോലെയാക്കി.! (അല്‍ഫീല്‍).  ഇതില്‍ പടച്ചവന്‍റെ വലിയൊരു തന്ത്രം അടങ്ങിയിരിക്കുന്നു. അല്ലാഹു ബാഹ്യമായി വളരെ ചെറുതും നിസ്സാരവുമായ ഒരു വസ്തുവിലൂടെ അന്നത്തെ ശക്തനും ധിക്കാരിയും ആനകളുടെ സൈന്യത്തിന്‍റെ ഉടമയുമായ അധികാരിയെ തരിപ്പണമാക്കി. ഇപ്രകാരം മനുഷ്യന്‍റെ കണ്ണുകള്‍ കൊണ്ട് കാണാന്‍ പോലും കഴിയാത്ത ചെറിയൊരു വൈറസിലൂടെ പടച്ചവന്‍ നമ്മെ ഉണര്‍ത്തുകയാണ്. ജനങ്ങളെല്ലാവരും ഇന്ന് ഇതിനെ ഭൗതിക കാഴ്ചപ്പാടിലൂടെയാണ് നോക്കുന്നത്. എന്നാല്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തെ മതപരമായ വീക്ഷണ കോണിലൂടെ നോക്കുകയും സ്വന്തം ജീവിതത്തെ കുറിച്ച് ആത്മ വിമര്‍ശനത്തിനും തിരുത്തലുകള്‍ക്കും തയ്യാറാകുകയും ചെയ്യേണ്ടതാണ്. 
പരിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു: ഭൂമി ലോകത്തുണ്ടാകുന്ന നാശ-നഷ്ടങ്ങളും പരീക്ഷണങ്ങളും യാദൃശ്ചിക സംഭവങ്ങളല്ല. ഇതെല്ലാം അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതാണ്. ദാസന്മാരെ ഒരു കാരണവുമില്ലാതെ നാശ-നഷ്ടങ്ങളില്‍ കുടുക്കാന്‍ അല്ലാഹു അക്രമിയോ കരുണയില്ലാത്തവനോ അല്ല. മറിച്ച് ഇതെല്ലാം മനുഷ്യന്‍റെ ദുഷ്കര്‍മ്മങ്ങള്‍ കാരണം അതില്‍ നിന്നും പിന്മാറുന്നതിന് പടച്ചവന്‍ ഉണ്ടാക്കുന്ന കാര്യങ്ങളാണ്. ഖുര്‍ആന്‍ പറയുന്നു: ജനങ്ങളുടെ ദുഷിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി കരയിലും കടലിലും നാശങ്ങള്‍ പ്രകടമാകുന്നു. (റൂം-41). അതെ, മനുഷ്യന്‍റെ തിന്മകളുടെ യഥാര്‍ത്ഥ ഫലം നല്‍കപ്പെടുന്നത് പരലോകത്താണ്. പിന്നെ പടച്ചവന്‍ ഈ പ്രയാസങ്ങള്‍ നല്‍കുന്നത് തിന്മയില്‍ നിന്നും മടങ്ങുന്നതിനാണ്. ചുരുക്കത്തില്‍ ഇത് തിന്മകള്‍ക്കെതിരിലുള്ള പടച്ചവന്‍റെ ഒരു മുന്നറിയിപ്പാണ്. ഖുര്‍ആനില്‍ മറ്റൊരു സ്ഥലത്ത് അറിയിക്കുന്നു: നിങ്ങള്‍ക്കുണ്ടാകുന്ന സകല നാശങ്ങളും നിങ്ങളുടെ ദുഷ്കര്‍മ്മങ്ങളുടെ ഫലമാണ്. (ശൂറ - 30). ഇത് ഒരു പൊതു നിയമമാണ്. പാപങ്ങള്‍ കാരണമായിരിക്കും എല്ലാ നാശ-നഷ്ടങ്ങളും എന്ന് നിര്‍ബന്ധമില്ല. ചിലപ്പോള്‍ പരീക്ഷണങ്ങളുടെ പേരിലും പ്രയാസങ്ങളുണ്ടായേക്കാം. പക്ഷെ, മനുഷ്യന്‍റെ തിന്മകള്‍ കാരണമായിട്ടാണ് പൊതുവില്‍ നാശ-നഷ്ടങ്ങള്‍ സംഭവിക്കുന്നത്. മനുഷ്യന്‍ പടച്ചവന്‍റെ വിധി വിലക്കുകളെ നിസ്സാരമാക്കുകയും പ്രവാചക ചര്യയെ അവഗണിക്കുകയും വിശുദ്ധ ഗ്രന്ഥങ്ങളിലെ ഉപദേശങ്ങള്‍ വിസ്മരിക്കുകയും ചെയ്യുമ്പോള്‍ പടച്ചവന്‍റെ ഭാഗത്ത് നിന്നും പിടുത്തമുണ്ടാകുമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. 
ആകയാല്‍ ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രയാസങ്ങള്‍ക്കിടയില്‍ സ്വയം ആത്മവിമര്‍ശനം നടത്താന്‍ നാം തയ്യാറാകുക. പരിശുദ്ധ ഖുര്‍ആനിന്‍റെയും പുണ്യ ഹദീസുകളുടെയും വെളിച്ചത്തില്‍ നമ്മുടെ ഗുരുതരമായ പാപങ്ങള്‍ പ്രത്യേകിച്ചും ഈ നാശത്തിന്‍റെ കാരണമായ കുറ്റങ്ങള്‍ കണ്ടെത്തുകയും അവയില്‍ നിന്നും ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുകയും ചെയ്യുക. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പടച്ചവന്‍റെ ഭാഗത്ത് നിന്നും പൊതുവായ പരീക്ഷണമുണ്ടാകുമ്പോള്‍ അത് പാപികളില്‍ മാത്രം പരിമിതമാകുന്നതല്ല, മുഴുവന്‍ സമൂഹത്തെയും അത് ബാധിക്കുന്നതാണ്. റസൂലുല്ലാഹി (സ്വ) അരുളി: ഭൂമിയില്‍ തിന്മകള്‍ അധികരിക്കുന്നതിന്‍റെ പേരില്‍ പടച്ചവന്‍ മനുഷ്യരെ പിടിക്കുകയാണെങ്കില്‍ അവരിലുള്ള സത്കര്‍മ്മികളെയും അത് ബാധിക്കുന്നതാണ്. (ത്വബ്റാനി -2079). അതുകൊണ്ട് പാപികള്‍ പാപത്തില്‍ നിന്നും പിന്മാറാനും നല്ലവര്‍ അവരെ പിന്മാറുന്നതിലേക്ക് പ്രേരിപ്പിക്കാനും ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 
സര്‍വ്വ ലോക പരിപാലകനായ അല്ലാഹു എഴുപത് മാതാക്കളെക്കാളും കരുണയുള്ളവനാണ്. പടച്ചവന്‍റെ കാരുണ്യത്തെക്കാളും വലിയ കാരുണ്യവാന്‍ ആരുമില്ല. അല്ലാഹു റഹ്മാനും റഹീമുമാണ്, എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമാണ്. ഇത്ര വലിയ ദയാനിധിയായ പടച്ചവന്‍ മുഴുവന്‍ മാനവ രാശിയെയും അതി ഭയങ്കരമായ ഈ നാശത്തില്‍ കുടുക്കാന്‍ കാരണമായ എന്തെല്ലാം പാപങ്ങളാണ് നമുക്കിടയിലുള്ളതെന്ന് നാം ശാന്തമായി ആലോചിക്കുകയും കണ്ടെത്തുകയും തിരുത്തുകയും ചെയ്യുക. 
പാപങ്ങള്‍ ധാരാളമുണ്ട്. എല്ലാ പാപങ്ങളും നാം വര്‍ജ്ജിക്കേണ്ടതാണ്. പടച്ചവന്‍റെ ചെറിയ കല്പന ലംഘിക്കുന്നത് പോലും നിസ്സാര കാര്യമല്ല. പക്ഷെ, സാമൂഹ്യ നാശങ്ങളുണ്ടാകാന്‍ ചില പാപങ്ങള്‍ പ്രത്യേകം കാരണമാണെന്ന് കാരുണ്യത്തിന്‍റെ തിരുദൂതരായ റസൂലുല്ലാഹി (സ്വ) ഉണര്‍ത്തിയിട്ടുണ്ട്. അതിലൊന്നാണ് ലജ്ജയില്ലായ്മ. റസൂലുല്ലാഹി (സ്വ) അരുളി: സമൂഹത്തില്‍ ലജ്ജയില്ലായ്മ വ്യാപിക്കുകയും പരസ്യമായി ലജ്ജാവഹമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ പൂര്‍വ്വികന്മാര്‍ കേട്ടിട്ടുപോലുമില്ലാത്ത രോഗങ്ങളും പ്ലേഗ് പോലുള്ള പകര്‍ച്ചാ വ്യാധികളും പ്രത്യക്ഷപ്പെടുന്നതാണ്. (ഇബ്നു മാജ-4019). ചുരുക്കത്തില്‍ ലജ്ജയില്ലായ്മയും മ്ലേഛ സ്വഭാവങ്ങളും പടച്ചവന്‍റെ കോപം ആളിക്കത്തിക്കുന്നതും ശിക്ഷ ഇറക്കുന്നതുമാണ്. റസൂലുല്ലാഹി (സ്വ) അരുളി: ലജ്ജയില്ലായ്മ കലരുന്ന സകല കാര്യങ്ങളെയും അത് നശിപ്പിക്കുന്നതാണ്. (തിര്‍മിദി - 1974). ലജ്ജയില്ലായ്മ പ്രവര്‍ത്തനത്തിലും വാചകത്തിലും എഴുത്തിലും അപകടകരമാണ്. റസൂലുല്ലാഹി (സ്വ) അരുളി: സത്യവിശ്വാസി ലജ്ജയില്ലാത്തവനാകില്ല. ലജ്ജാവഹമായ പ്രവര്‍ത്തനങ്ങളും വാചകങ്ങളും അവന്‍റെ പ്രകൃതിക്ക് വിരുദ്ധമാണ്. (തിര്‍മിദി - 1977). 
ഈ തിരു വചനങ്ങള്‍ മുന്നില്‍ വെച്ച് കൊണ്ട് നമ്മിലും ചുറ്റു വട്ടത്തും നോക്കുക: അധികരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ തിന്മകളില്‍ ഒന്ന് ലജ്ജയില്ലായ്മയാണ്. പ്രതിദിനം ഇത് വളരുകയും പ്രചരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പണ്ട് ലജ്ജയില്ലായ്മയുടെ സ്ഥാനം സിനിമകളായിരുന്നു. അതില്‍ അന്യ സ്ത്രീ-പുരുഷന്മാരുടെ പ്രേമ രംഗങ്ങളും സംസാരങ്ങളും സൂചനകളും വന്നിരുന്നതിനാല്‍ സമൂഹത്തിലെ ദീനുള്ളവരും വിശ്വസ്ഥതയുള്ളവരും അതിനെ മ്ലേഛമായി കണ്ടിരുന്നു. തദ്ഫലമായി അമുസ്ലിം സഹോദരങ്ങള്‍ പോലും കൊച്ചുകുട്ടികളുടെയും മുതിര്‍ന്നവരുടെയും കൂട്ടത്തില്‍ സിനിമ കാണുന്നതില്‍ നിന്നും അകന്ന് മാറിയിരുന്നു. എന്നാല്‍ ഇന്നത്തെ സിനിമകള്‍ മ്ലേഛതകളില്‍ വളരെ പരിധി വിട്ടിരിക്കുന്നു. നഗ്നത പ്രകടിപ്പിക്കുന്നത് സിനിമയിലെ ഒരു നിസ്സാര കാര്യമായിരിക്കുന്നു. ഇപ്രകാരം നമുക്കിടയില്‍ ഡാന്‍സുകളും അരങ്ങേറുന്നു. ഹവ്വാ ബീവിയുടെ പിന്‍ഗാമികളായ പെണ്‍ മക്കള്‍ ശരീരത്തില്‍ വസ്ത്രത്തിന്‍റെ അംശം പോലുമില്ലാതെ ആടുകയും പാടുകയും ചെയ്യുന്നു. സൗന്ദര്യ മത്സരങ്ങള്‍ ഇന്നത്തെ ഒരു പ്രധാന പരിപാടിയാണ്. ജീവിതത്തിന്‍റെ സകല മേഖലകളിലും ലജ്ജയില്ലായ്മ പ്രവേശിച്ചിരിക്കുന്നു. സൈന്യം, പൈലറ്റ് പോലുള്ള ജോലികള്‍ക്ക് പെണ്‍കുട്ടികള്‍ മുന്നോട്ട് വന്നാല്‍ മെഡിക്കല്‍ ടെസ്റ്റ് എന്ന പേരില്‍ പെണ്‍കുട്ടിയെ തീര്‍ത്തും നഗ്നയാക്കുകയും ഓരോ അവയവങ്ങളെയും വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്നു. 
കവിത വളരെ സൂക്ഷ്മമായ ഒരു മേഖലയാണ്. കവിതകളില്‍ പലപ്പോഴും ലജ്ജാവഹമായ കാര്യങ്ങള്‍ കടന്നുവരുമെങ്കിലും പഴയ കാലത്ത് അത് സൂചനകളില്‍ ഒതുക്കിയിരുന്നു. ഇസ്ലാമിന്‍റെ കാഴ്ചപ്പാടില്‍ അതും തെറ്റാണ്. പക്ഷെ, ഇക്കാലഘട്ടത്തിലെ കവിതകളിലും ഗാനങ്ങളിലും മ്ലേഛതകളുടെ കുത്തൊഴുക്കാണ്. ഉന്മേഷം വരുത്തുന്ന പരിപാടികളില്‍ ബഹുഭൂരിഭാഗവും വളരെയധികം മ്ലേഛമായ കാര്യങ്ങളാണ്. കലയെന്ന പേരിലാണ് ഇതിനെ ലഘൂകരിക്കപ്പെടുന്നത്. എന്‍റെ ശരീരം, എന്‍റെ ഇഷ്ടം എന്ന് അയല്‍ രാജ്യത്ത് നിന്നും വനിതാ പ്രസ്ഥാനങ്ങള്‍ മുദ്രാവാക്യമുയര്‍ത്തിയത് എത്രയോ വേദനാ ജനകമാണ്.! 
ഏത് ഓഫീസുകളില്‍ പോയാലും സ്വീകരിക്കുന്നത് പെണ്‍കുട്ടികളായിരിക്കും. വേഷം അങ്ങേയറ്റം മോശവുമായിരിക്കും. ഹോട്ടലിലെയും മറ്റും സേവകന്മാര്‍ പുരുഷന്മാരാണെങ്കില്‍ ശരീരം മുഴുവനും മറയ്ക്കുകയും സ്ത്രീകളാണെങ്കില്‍ അര്‍ത്ഥ നഗ്നരായിരിക്കുകയും ചെയ്യും. ഇന്നത്തെ ഒരു പൊതു ആവശ്യമായി കഴിഞ്ഞ വിമാന യാത്രകളില്‍ എയര്‍ഹോസ്റ്റസുകളുടെ വേഷം വളരെ ദയനീയമാണ്. കണ്ണുകള്‍ക്കും നാവുകള്‍ക്കും ലജ്ജയില്ലാതായി. മുന്‍കാലത്ത് മോശമായി കാണുകയും ചെയ്യുന്നവര്‍ പോലും രഹസ്യമാക്കി വെയ്ക്കുകയും ചെയ്തിരുന്ന കാര്യങ്ങള്‍ ഇന്ന് പരസ്യമായി കാണാനും പറയാനും ഒരു മടിയുമില്ലാതായി. ഇതെല്ലാം കാരണം ആദരണീയ ബന്ധങ്ങളുടെ പവിത്രത നഷ്ടപ്പെട്ടു. സമുദായത്തിനിടയില്‍ വേദനാ ജനകമായ സംഭവങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. പടച്ചവന്‍ ആദരവിന്‍റെ ഭിത്തി ഉയര്‍ത്തിക്കെട്ടുകയും സംശുദ്ധ പ്രകൃതിയുള്ള ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത മഹാ പാപങ്ങള്‍ മാതാ-പിതാക്കള്‍ക്കും മക്കള്‍ക്കുമിടയിലും മറ്റും നടന്നുകൊണ്ടിരിക്കുന്നു. ഇതിനെ കുറിച്ചല്ലേ റസൂലുല്ലാഹി (സ്വ) പടച്ചവന്‍റെ ശിക്ഷ വിളിച്ചുവരുത്തുന്ന മ്ലേഛതകള്‍ എന്ന് പറഞ്ഞത്.? 
ഇത് ഇന്ത്യയുടെ മുസ്ലിം സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ കുറിച്ച ചില കാര്യങ്ങളാണ്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ പടിഞ്ഞാറന്‍ രാജ്യങ്ങളിലും അത് പോലുള്ള പൗരസ്ത്യ നാടുകളിലേക്കും പോയാല്‍ ലജ്ജാവഹമായ കാര്യങ്ങള്‍ ഇവിടുത്തെക്കാള്‍ പല മടങ്ങ് കൂടുതലാണ്. കടപ്പുറങ്ങളിലും മറ്റും പരസ്യമായി നടക്കുന്ന കാര്യങ്ങള്‍ അമ്പത് വര്‍ഷം മുമ്പ് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതായിരുന്നു. 
ഇത് വെറും കുറ്റം പറയലല്ല. നാമെല്ലാവരെയും കുറിച്ചുള്ള ആത്മ വിമര്‍ശനമാണ്. ഇതിന്‍റെ ഉദ്ദേശം, മ്ലേഛവും ലജ്ജാവഹവുമായ സകല കാര്യങ്ങളും നമ്മില്‍ നിന്നും ദൂരീകരിക്കുവാന്‍ നാം പരിശ്രമിക്കുക എന്നതാണ്. ഇതിന്‍റെ തുടക്കം നമ്മുടെ വീടുകളില്‍ നിന്നുമാകട്ടെ.! ശരീഅത്തിന് അനുസൃതമായ മറ പതിവാക്കുക. അന്യരുമായിട്ടുള്ള കൂടിക്കലരല്‍ ഒഴിവാക്കുക. ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നുള്ള വിദ്യാഭ്യാസത്തില്‍ നിന്നും കഴിയുന്നത്ര ഒഴിവാകുക. അതിന് ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അവയെ സേവിക്കുകയും ചെയ്യുക. ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ മലവെള്ളപ്പാച്ചില്‍ പോലെ ഒഴുകി വരുന്ന ലജ്ജയില്ലായ്മയെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കും. തദ്ഫലമായി പടച്ചവന്‍റെ ശിക്ഷയില്‍ നിന്നും നാം രക്ഷപ്പെടുകയും വിശാലമായ കാരുണ്യം നമ്മിലേക്ക് തിരിയുകയും ചെയ്തേക്കാം.! അല്ലാഹു പാപങ്ങള്‍ വളരെയധികം പൊറുക്കുന്നവനും അങ്ങേയറ്റം കരുണ കാട്ടുന്നവനുമാണ്. 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...