ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ
ജീവ ചരിത്രം.!
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/04/09_24.html?spref=tw
പുണ്യ ഹദീസിന്‍റെ തുടക്കം:
അവസാനം ഹദീസ് പഠനത്തിന്‍റെ ശുഭസമയം വന്നണഞ്ഞു. വിശുദ്ധ ഹദീസിന്‍റെ സേവകരുടെയും പ്രചാരക-വ്യാഖ്യാതക്കള്‍ക്കുമൊപ്പം മഹത്തായൊരു വ്യക്തി കൂടി അന്ന് അണിചേരുകയായിരുന്നു. അന്ന് ഈ നവാഗതന്‍റെ ആഗമനത്തില്‍ ഈ മണ്ഡലത്തിലെ നിഷ്കളങ്ക സേവകരുടെ ആത്മാക്കള്‍ സ്വാഗതാശംസ നടത്തിയിരിക്കുമെന്നതില്‍ ആശ്ചര്യമില്ല. വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു അതിന്‍റെ തുടക്കം. ആദ്യം മൗലാനാ മുഹമ്മദ് യഹ് യ (റ) കുളിച്ച് വൃത്തിയായ ശേഷം മിശ്കാതുല്‍ മസ്വാബീഹിന്‍റെ ബിസ്മിയും ആമുഖവും ഓതിച്ചു. തുടര്‍ന്ന് ഖിബ് ലയ്ക്കഭിമുഖമായിരുന്ന് ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചു. ശൈഖ് പറയുന്നു: പിതാവ് എന്തെല്ലാമാണ് ദുആ ചെയ്തതെന്ന് എനിക്കറിയാന്‍ കഴിഞ്ഞില്ല. പക്ഷേ, എനിക്കൊരൊറ്റ ദുആയെ ഉണ്ടായിരുന്നുള്ളൂ. അല്ലാഹുവേ, വിശുദ്ധ ഹദീസ് വളരെ താമസിച്ചാണാരംഭിച്ചിരിക്കുന്നത്. ഇതിനെ ഒരിക്കലും കൈയ്യൊഴിയാന്‍ ഇടയാക്കരുതേ.! ഈ ദുആയുടെ ഖബൂലിയത്തിന്‍റെ ലക്ഷണങ്ങള്‍ എല്ലാവരുടെയും മുന്നിലുണ്ട്. മുന്നിലുള്ളത് എന്തിന് വിവരിക്കണം.?
ഹസ്രത്ത് ഗന്‍ഗോഹി (റ) യുടെ ഏറ്റവും അടുത്ത ശിഷ്യനായിരുന്നു മൗലാനാ മുഹമ്മദ് യഹ് യ (റ). തന്‍റെ ശിഷ്യനെക്കുറിച്ച് ഉസ്താദും അഭിമാനം കൊണ്ടിരുന്നു. ഹസ്രത്ത് ഗന്‍ഗോഹിയുടെ, ദിവസം മുഴുവനും നീണ്ട് നില്‍ക്കുന്ന പാഠങ്ങള്‍ കുറിച്ചെടുത്ത് രാത്രിയില്‍ അതിനെ അറബി ഭാഷയില്‍ അദ്ദേഹം ക്രോഡീകരിച്ചിരുന്നു. ഇങ്ങനെയുള്ള പിതാവില്‍ നിന്നാണ് ശൈഖ് ഹദീസിന്‍റെ ദര്‍സ് ആരംഭിച്ചത്.
ദൗറത്തുല്‍ ഹദീസ്:
ഹി. 1333-ല്‍ മളാഹിര്‍ ഉലൂമില്‍ ദൗറത്തുല്‍ ഹദീസ് ആരംഭിച്ചു. ഹസ്രത്ത് മൗലാനാ ഖലീല്‍ അഹ്മദ് സഹാന്‍പൂരിയും മറ്റും ദീര്‍ഘമായ താമസത്തിനായി ഹിജാസിലേക്ക് യാത്രതിരിച്ച വര്‍ഷമായിരുന്നു ഇത്. തനിക്ക് ഉദ്യോഗമൊന്നും ചെയ്യേണ്ടതില്ലാത്തതിനാല്‍ ഒരു വര്‍ഷത്തില്‍ തന്നെ ദൗറതുല്‍ ഹദീസ് പൂര്‍ത്തീകരിക്കേണ്ട ആവശ്യമില്ല എന്നാണ് ശൈഖ് കരുതിയിരുന്നത്. അങ്ങനെ പിതാവ് മൗലാനാ മുഹമ്മദ് യഹ് യയുടെ ദര്‍സില്‍ അബൂദാവൂദ് ആരംഭിച്ചു. തിര്‍മിദി ശരീഫ് ഹസ്രത്ത് സഹാന്‍പൂരി (റ) യുടെ മടക്കംവരെ നീട്ടിവെച്ചു. പക്ഷേ, മറ്റുചില കാരണങ്ങളാല്‍ തിര്‍മിദി, ഇബ്നുമാജ, ബുഖാരി എന്നിവയൊഴിച്ചു മറ്റ് കിതാബുകളെല്ലാം പിതാവിന്‍റെയടുക്കല്‍ തന്നെ ഓതേണ്ടിവന്നു. വലിയ അദ്ധ്യായന പരിശ്രമങ്ങള്‍ നിറഞ്ഞതായിരുന്നു ഈ വര്‍ഷം. ഒരു വരി പോലും വുളൂഅ് ഇല്ലാതെ ഓതാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തുടര്‍ച്ചയായി അഞ്ചാറ് മണിക്കൂറുകള്‍ പാഠം നടക്കുമായിരുന്നു.
അല്ലാമാ സഹാറന്‍പൂരിയുമായി ബൈഅത്ത്:
ഹി. 1333-ല്‍ ഹസ്രത്ത് സഹാന്‍പൂരി (റ) ദീര്‍ഘമായി താമസത്തിനായി പുണ്യ മദീനയിലേക്ക് യാത്രയാകാനൊരുങ്ങി. ജനങ്ങള്‍ കൂട്ടം കൂട്ടമായി ബൈഅത്ത് ചെയ്തുകൊണ്ടിരുന്നു. ശൈഖ് പറയുന്നു: കുട്ടികളെ പോലെ എന്‍റെ ഉള്ളിലും ആഗ്രഹമുദിച്ചു. ഞാന്‍ ഹസ്രത്തിനോട് വിവരം പറഞ്ഞു. മഗ്രിബിന്‍റെ സുന്നത്ത് നമസ്കാരങ്ങള്‍ കഴിഞ്ഞ് വരാന്‍ ഹസ്രത്ത് നിര്‍ദേശിച്ചു. ഖിലാഫത്ത് സ്ഥാനം നേടിക്കഴിഞ്ഞിരുന്ന മൗലാനാ അബ്ദുല്ലയും ബൈഅത്ത് പുതുക്കാന്‍ അപേക്ഷിച്ചിരുന്നു. ഹസ്രത്ത് സുന്നത്തുകള്‍ക്ക് ശേഷം ഇരുവരെയും അടുത്തുവിളിച്ചു. തന്‍റെ രണ്ട് കൈയ്യും കൊണ്ട് ഇരുവരുടെയും കരങ്ങള്‍ കൂട്ടിപിടിച്ചു. ബൈഅത്തിന്‍റെ വാക്കുകള്‍ ചൊല്ലിക്കാനാരംഭിച്ചു. മൗലാനാ അബ്ദുല്ലാഹ് സാഹിബ് ഏങ്ങലടിച്ചുകൊണ്ട് പൊട്ടിക്കരയാന്‍ തുടങ്ങി. ഹസ്രത്തിലും ഇതു പ്രതിഫലനമുണ്ടാക്കി. അദ്ദേഹത്തിന്‍റെ ശബ്ദവും ഇടറിപ്പോയി. മൗലാനാ മുഹമ്മദ് യഹ് യയും ശാഹ് അബ്ദുര്‍റഹീം റായ്പൂരിയും മുകളിലിരിക്കുകയായിരുന്നു. ശബ്ദം കേട്ട് അവര്‍ വന്നുനോക്കിയപ്പോഴാണ് ശൈഖും ബൈഅത്ത് ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ച്ച കണ്ടത്. ഇരുവരും അത്ഭുതപ്പെട്ടെങ്കിലും ശാഹ് അബ്ദുര്‍ റഹീം റായ്പൂരി ഇത് വളരെ നന്നായി എന്ന് പറയുകയും ധാരാളം ദുആ ഇരക്കുകയും ചെയ്തു.
പിതാവിന്‍റെ വിയോഗവും ശൈഖിന്‍റെ മനക്കരുത്തും:
ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ പ്രിയപ്പെട്ട പിതാവ് മൗലാനാ മുഹമ്മദ് യഹ് യ അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. ശൈഖവര്‍കള്‍ തനിക്ക് ചെറു പ്രായമായിരുന്നിട്ടും ഉന്നത യഖീനിന്‍റെയും ആത്മീയ ബന്ധത്തിന്‍റെയും വക്താക്കളുടെ മാത്രം ഗുണമായ ക്ഷമയും സഹനതയും ഈമാനിക ശക്തിയും മുഖാന്തിരം ഈ ആഘാതം സഹിക്കുക മാത്രമല്ല മുഴുവന്‍ കുടുംബത്തിനും ദു:ഖത്തിലമര്‍ന്ന വീടിനും സമാധാനവും മന:ശക്തി പകരുകയും ചെയ്തു. വിയോഗ നേരത്ത് മൗലാനാ മുഹമ്മദ് യഹ് യ എണ്ണായിരം രൂപ കടക്കാരനായിരുന്നു. ഈ ഘട്ടത്തില്‍ വലിയ ആത്മധൈര്യം പുലര്‍ത്തിയ ശൈഖവര്‍കള്‍ എല്ലാ കടക്കാരുമായി ബന്ധപ്പെട്ട്, കടം തന്ന് വീട്ടുന്നതാണെന്ന് എഴുതി അറിയിച്ചു. 19 വയസ്സ് മാത്രമായിരുന്നു ഇത്തരുണത്തില്‍ ശൈഖിന് പ്രായം. പൊതുവില്‍ കടക്കാര്‍ക്കെല്ലാം തുക പാഴാകുമെന്ന ചിന്ത സ്വാഭാവികമായി പിടികൂടിയതിനാല്‍ വളരെ ശക്തമായി ആവശ്യപ്പെടാന്‍ തുടങ്ങി. ശൈഖ് ഒരാളില്‍ നിന്നും കടം വാങ്ങി മറ്റൊരാള്‍ക്ക് കൊടുത്തുകൊണ്ടേയിരുന്നു. വളരെ കടുപ്പമേറിയതായിരുന്നു ഈ വര്‍ഷം. മൗലാനയുടെ കടം രണ്ടു മൂന്ന് മാസത്തിനകം തീരുകയും കടത്തില്‍ നിന്ന് അദ്ദേഹം തീര്‍ത്തും വിമുക്തനാവുകയും ചെയ്തു. പക്ഷെ ശൈഖ് വലിയ കടക്കാരനായി മാറിയിരുന്നു. ഹി. 1344 വരെ ഈ കടം നിലനിന്നു. ശേഷിച്ച ആയിരം രൂപ കൊടുത്തു വീടുവാന്‍ അന്ന് കുതുബ്ഖാനയുടെ മേലാധികാരിയായിരുന്ന മൗലവി നസ്വീറുദ്ദീനെ ഏല്‍പ്പിച്ചാണ് ഹി: 1344 ല്‍ അദ്ദേഹം ഹജ്ജിന് പോയത്.
ഹി: 1334 ല്‍ മൗലാനാ മുഹമ്മദ് യഹ്യ ദിവംഗതരായപ്പോള്‍ ആഘാതത്തിന്‍റെ കടുപ്പവും സ്നേഹത്തിന്‍റെ ആധിക്യവും കാരണമായി ഇനി രണ്ടാമത് ബുഖാരിയും തിര്‍മിദിയും ഓതേണ്ടതില്ലെന്ന ചിന്ത പ്രിയമകന്‍റെ മനോമുകുരത്തില്‍ വളര്‍ന്നുവന്നു. പക്ഷേ, മൗലാനാ ഖലീല്‍ അഹ്മദ് (റ) മടങ്ങി വന്നപ്പോള്‍ തിര്‍മിദിയും ബുഖാരിയും രണ്ടാമതും ഓതാന്‍ നിര്‍ദേശിച്ചു. ശൈഖ് പറയുന്നു: മനസ്സില്‍ ഒട്ടും ആഗ്രഹമുണ്ടായില്ല. എന്നാല്‍ നിരാകരിക്കാന്‍ യാതൊരു മാര്‍ഗവുമില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ബുഖാരി എന്നില്‍ നിന്നും ഓതുക എന്ന് ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍ ദേവ്ബന്ദി നിര്‍ദ്ദേശിക്കുന്നതായി സ്വപ്നം കാണുന്നത്. ഹസ്രത്ത് മാള്‍ട്ടയില്‍ കല്‍തുറുങ്കലിലാണ്, അദ്ദേഹത്തില്‍ നിന്ന് എങ്ങനെ ഓതാനാണ് എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു. ഹസ്രത്ത് സഹാന്‍പൂരിയോട് സ്വപ്നവിവരമറിയിച്ചപ്പോള്‍ എന്നില്‍ നിന്നും രണ്ടാമത് ഓതണമെന്നാണ് ഇതിന്‍റെ വ്യഖ്യാനമെന്ന് പ്രഖ്യാപിച്ചു. ശൈഖുല്‍ ഹിന്ദിന്‍റെ പ്രധാന ശിഷ്യന്‍ കൂടിയായിരുന്നു ഹസ്രത്ത് സഹാറന്‍പൂരി.!
അവസാനം ഹസ്രത്തിനടുത്തുനിന്ന് പഠനമാരംഭിച്ചു. അത്യധികം ശ്രമകരമായിരുന്നു ഈ വര്‍ഷം. ശൈഖ് പറയുന്നു. എനിക്ക് ഓര്‍മ്മയുള്ളിടത്തോളം ദിന-രാത്രങ്ങളിലായി രണ്ട്- രണ്ടര മണിക്കൂറിലേറെ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. രാവ് മുഴുവന്‍ ഹദീസിന്‍റെ ശറഹുകള്‍ മുത്വാലഅ: ചെയ്ത് പാഠത്തിന് പൂര്‍ണമായി തയ്യാറാകും. ഈ കഠിനാധ്വാനം ഉസ്താദിന്‍റെ പ്രത്യേക ശ്രദ്ധയും പ്രീതിയും കരസ്ഥമാക്കുന്നതിന് സഹായിച്ചു. ഇതിലൂടെ ശൈഖിന്‍റെ ജീവിതസരണിയില്‍ ഒരു നൂതനയുഗത്തിന് തുടക്കമായി. അദ്ദേഹത്തിന്‍റെ ഭാവിയിലെ വിജയ-വളര്‍ച്ചയുടെയും സമകാലികരില്‍ പ്രത്യേകതയുടെയും രഹസ്യം ഇതു തന്നെയായിരുന്നു.
ബദ്ലുല്‍ മജ്ഹൂദ് രചനയിലെ പങ്കാളിത്തം:
ദര്‍സ് പുനരാരംഭിച്ചിട്ട് രണ്ട് മാസമേ ആയിരുന്നുള്ളൂ.ഹസ്രത്ത് ഒരു ദിവസം പാഠം കഴിഞ്ഞ് ദാറുത്വലബയില്‍ നിന്നും മദ്റസതുല്‍ ഖദീമിലേക്ക് വരികയായിരുന്നു. ശൈഖ് പതിവനുസരിച്ച് കൂട്ടത്തിലുണ്ടായിരുന്നു. വഴിയില്‍ ഒരിടത്ത് നിന്നിട്ട് പറഞ്ഞു: അബൂദാവൂദിന്‍റെ വിഷയത്തില്‍ എന്തെങ്കിലും എഴുതണമെന്ന് പണ്ടു മുതല്‍ക്കെ ആഗ്രഹമുണ്ടായിരുന്നു. മൂന്നു പ്രാവശ്യം ആരംഭിച്ചെങ്കിലും തിരക്കു കാരണം സാധിച്ചില്ല. ഹസ്രത്ത് ഗന്‍ഗോഹിയുടെ കാലത്ത് സംശയങ്ങളെല്ലാം ഹസ്രത്തിനോട് ചോദിക്കാമെന്ന് വിചാരിച്ചു. പലവട്ടം തുടങ്ങിയതാണ് ഹസ്രത്തിന്‍റെ വിയോഗാനന്തരം ഈ ആവേശം തണുത്തുപോയി. മൗലാനാ മുഹമ്മദ് യഹ്യ ജീവിച്ചിരിപ്പുണ്ടല്ലോ, അദ്ദേഹത്തോടു ചര്‍ച്ച നടത്തി എഴുതാമെന്ന് വിചാരിച്ചു. പക്ഷേ അദ്ദേഹത്തിന്‍റെ വിയോഗം ഈ ആഗ്രഹം തീര്‍ത്തും മുറിച്ചുകളഞ്ഞു. എന്നാല്‍ നിങ്ങള്‍ രണ്ടു പേരും എന്നെ സഹായിച്ചാല്‍ (അതായത് ശൈഖുല്‍ ഹദീസും സഹപാഠിയായ മൗലവി ഹസന്‍ അഹ്മദ് മര്‍ഹൂമും. സഹാറന്‍പൂര്‍കാരനായിരുന്ന അദ്ദേഹം, വിനയാന്വിതനും ബുദ്ധിമാനുമായിരുന്നു. യുവത്വത്തില്‍ തന്നെ മരണമടഞ്ഞു. റഹിമഹുല്ലാഹ്) എഴുതാമെന്ന് എനിക്കിപ്പോള്‍ തോന്നുന്നുണ്ട്. ശൈഖവര്‍കള്‍ പെട്ടെന്ന് മറുപടി പറഞ്ഞു. ഉറപ്പായും ആരംഭിക്കാം.! ഇത് എന്‍റെ ദുആയുടെ ഫലമാണ്. ഹസ്രത്ത് ചോദിച്ചു. ഏത് ദുആ.? ശൈഖ് പറഞ്ഞു. അല്ലാഹുവേ, പരിശുദ്ധ ഹദീസ് വളരെ പിന്തിയാണ് തുടങ്ങിയിരിക്കുന്നത്. ഇനിയൊരിക്കലും ഇതിനെ കൈവിടാന്‍ ഇടയാക്കരുതേ, എന്നു ഞാന്‍ മിശ്കാത്ത് ശരീഫ് തുടങ്ങിയപ്പോള്‍ ദുആ ഇരന്നിരുന്നു. പക്ഷേ, ഞാനത് അസംഭവ്യമായും ഹദീസ് പഠിപ്പിക്കാനുള്ള ഊഴം വളരെ വര്‍ഷം കഴിഞ്ഞേ കിട്ടുകയുള്ളൂ എന്നുമാണ് മനസ്സിലാക്കിയിരുന്നത്. പഴയ മുദര്‍രിസുമാരില്‍ പലര്‍ക്കും ഇതുവരെ ഹദീസ് ഓതിക്കാനുള്ള ഊഴം എത്തിയിട്ടുമില്ല. പക്ഷേ, ഇപ്പോള്‍ രൂപം പിടികിട്ടി. ഹസ്രത്തിന്‍റെ ശറഹില്‍ ഈ സാധു മുഴുകിക്കഴിയും. അതു പൂര്‍ത്തിയാകുമ്പോഴേക്കും അല്ലാഹു അനുഗ്രഹിച്ചാല്‍ ഹദീസ് ഓതിക്കാന്‍ നിയമിക്കപ്പെട്ടു കൂടെന്നില്ല.!
ഹി: 1335 റബീഉല്‍ അവ്വലിലാണ് ഈ സംഭവം. ഇതു തന്നെയാണ് അബുദാവൂദിന്‍റെ ലോകപ്രശ്സത വ്യാഖ്യാനമായ ബദ്ലുല്‍ മജ്ഹൂദിന്‍റെ തുടക്കം. ഹസ്രത്ത് അപ്പോള്‍ തന്നെ ഹദീസ് ശറഹുകളുടെ സുദീര്‍ഘമായ ഒരു പട്ടിക നല്‍കുകയും കുതുബ്ഖാനയില്‍ നിന്ന് അത് എടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment