Sunday, April 19, 2020

ഇസ് ലാമിക ചരിത്രം: ഉത്ഥാന-പതനങ്ങള്‍.!

ഇസ് ലാമിക ചരിത്രം: ഉത്ഥാന-പതനങ്ങള്‍.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/04/blog-post_29.html?spref=tw

വിവര്‍ത്തകക്കുറിപ്പ്
അല്ലാഹുവിന്‍റെ തിരുനാമത്തില്‍ ആരംഭിക്കുന്നു. 
സര്‍വ്വ സ്തുതിയും അല്ലാഹുവിന് തന്നെ. അവന്‍റെ അനുഗ്രഹ-കാരുണ്യങ്ങള്‍ തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലും, ഇതര പ്രവാചക മഹത്തുക്കളിലും, തിരുകുടുംബത്തിലും ഉത്തമ അനുയായികളിലും സദാ വര്‍ഷിക്കുമാറാകട്ടെ.! 
സവ്വലോക സ്രഷ്ടാവായ അല്ലാഹു അവതരിപ്പിച്ച സത്യസന്ദേശമായ ഇസ്ലാമിനെ മനസ്സാ-വാചാ-കര്‍മ്മണാ അംഗീകരിക്കലും അതിനെ പ്രചരിപ്പിക്കലും ഒരു മുസ്ലിമിന്‍റെ കടമയാണ്. ഇഹ-പര വിജയങ്ങളുടെ നിദാനവും അതു തന്നെ.! മുന്‍ഗാമികളായ മഹാന്മാര്‍ ഈ യാഥാത്ഥ്യം ഗ്രഹിച്ചു, പാലിച്ചു. അതിലൂടെ അവര്‍ ഈ ലോകത്തിന് അനുഗ്രഹമായി. അവരും വിജയിച്ചു. അവരിലൂടെ, ലക്ഷങ്ങള്‍ വിജയ മോക്ഷങ്ങള്‍ക്കര്‍ഹരായി. എന്നാല്‍ ഈ യാഥാത്ഥ്യത്തെ അവഗണിച്ച അഭിനവ മുസല്‍മാന്‍ സ്വയം നശിച്ചുകൊണ്ടിരിക്കുന്നു. അതിലൂടെ മാലോകരഖിലം നാശ-നഷ്ടങ്ങളുടെ പാതയിലൂടെ പാഞ്ഞുകൊണ്ടിരിക്കുന്നു. സര്‍വ്വശക്തനായ അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കുന്നതിന് പകരം ഉപകാരത്തിന്‍റെയും ഉപദ്രവത്തിന്‍റെയും ഉടമകളല്ലാത്ത ഭൗതിക വസ്തുക്കളെയും കേവലം വയറിനെയും പൂജിക്കുന്ന ഒരവസ്ഥയിലേക്ക് നാമടക്കം മനുഷ്യരെല്ലാം നീങ്ങിക്കൊണ്ടിരിക്കുന്നു. അല്ലാഹു നല്‍കിയതുകൊണ്ട് തൃപ്തിപ്പെട്ട് മനുഷ്യരഖിലത്തെയും സഹോദരങ്ങളായി പരസ്പരം സ്നേഹ-സഹാനുഭൂതികളോടെ ജീവിക്കേണ്ട മനുഷ്യര്‍, പരസ്പരം പോരടിച്ചും അന്യന് അര്‍ഹതപ്പെട്ടത് അപഹരിച്ചും ശാരീരിക സുഖരസങ്ങളില്‍ മുഴുകിയും കഴിഞ്ഞുകൊണ്ടിരിക്കുന്നു. മനുഷ്യരുടെ ഇഹ-പര വിജയങ്ങളുടെ നിദാനമായ ഇസ്ലാമിനെ പഠിച്ച് പകര്‍ത്തി പ്രചരിപ്പിക്കുകയും അതിനായി പരസ്പരം പ്രേരിപ്പിക്കുകയും ചെയ്യേണ്ടതിന് പകരം രാഷ്ട്രീയ-സാമൂഹ്യ തിന്മകളുടെയും അക്രമ-അനീതികളുടെയും പ്രവര്‍ ത്തകരും പ്രചാരകരുമായി നാം മാറിയിരിക്കുന്നു.! 
ഇത്തരുണത്തില്‍, പരിശുദ്ധമായ ഈമാനിന്‍റെ ശക്തി സംഭരിക്കലും അതിന്‍റെ പ്രധാന പാതയായ ദഅ്വത്തില്‍ മുഴുകലുമാണ് നമ്മുടെയും മുഴുവന്‍ ലോകത്തിന്‍റെയും വിജയമാര്‍ഗ്ഗം.! 
ഈ യാഥാത്ഥ്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ് 'അല്‍ മദു വല്‍ ജസ്റു ഫീ താരീഘില്‍ ഇസ്ലാം" എന്ന വിശിഷ്ട രചനയിലൂടെ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി. മുഹമ്മദീ നിയോഗത്തിന് മുന്‍പ് അറബികളില്‍ നിലനിന്നിരുന്ന ജാഹിലീ അവസ്ഥകളെ ആദ്യമായി മൗലാനാ വരച്ചു കാട്ടുന്നു. തുടര്‍ന്ന് ഇസ്ലാമിലൂടെ അവരിലുണ്ടായ പരിവര്‍ത്തനത്തെയും അവരുടെ മുന്നേറ്റത്തെയും സലക്ഷ്യം വിവരിക്കുന്നു. ശേഷം, അവരുടെ വിജയ മുന്നേറ്റങ്ങളുടെ യഥാര്‍ത്ഥ കാരണം, അടിയുറച്ച വിശ്വാസവും അത് പ്രചരിപ്പിക്കാനുള്ള അദമ്യമായ അഭിലാഷവുമായിരുന്നു എന്ന് സമര്‍ത്ഥിക്കുന്നു. മുഹമ്മദീ പൂവനത്തില്‍ പൊട്ടിവിടര്‍ന്ന് ലോകമഖിലം പരിമളം പരത്തിയ പുണ്യ സ്വഹാബത്തിന്‍റെ സുന്ദര സുമോഹനമായ ചിത്രങ്ങള്‍ നമുക്കതിലൂടെ ഗ്രഹിക്കാന്‍ കഴിയും. ഒരു പക്ഷെ, നാം ഇന്നേറ്റവും കൂടുതല്‍ അവഗണിച്ച നമ്മുടെ അല്ല, ലോകത്തിന്‍റെ ഉപകാരികള്‍.! അല്ലാഹുവിന്‍റെ ആയിരമായിരം അനുഗ്രഹാശ്ശിസ്സുകള്‍ ആ മഹാന്മാരില്‍ വര്‍ഷിക്കട്ടെ.! അവരെക്കുറിച്ച് കൂടുതല്‍ പഠിക്കാനും പകര്‍ത്താനും അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.! ആമീന്‍.! 
മുന്‍ഗാമികളുടെ പരിശുദ്ധ പാതയെ അവഗണിച്ചതിനാല്‍ മുസ്ലിംകള്‍ നേരിട്ട പരാജയത്തിന്‍റെ കഥനമാണ് അടുത്ത വിഷയം. വിശിഷ്യ, ഹിജ്രി ആറാം ശതകത്തില്‍ ഈ സമൂഹത്തിന് വന്ന് പതിച്ച താര്‍ത്താരികളുടെ മഹാനാശം മൗലാനാ വിവരിക്കുന്നു. പരീക്ഷണങ്ങളില്‍ നിന്നും പാഠം പഠിക്കാത്തതിന്‍റെ പേരില്‍ അന്തിമ ശതകങ്ങളില്‍ വിശിഷ്യാ, ആധുനിക യുഗത്തില്‍ ഈ സമൂഹം നേരിടുന്ന ഭയാനകവും ദാരുണവുമായ അവസ്ഥകളെ വരച്ചു കാട്ടുന്നു. അവസാനമായി, ഇതില്‍ നിന്നുള്ള മോചന മാര്‍ഗ്ഗം ഈമാനും അതിലേക്കുള്ള ദഅ്വത്തും തന്നെയാണെന്ന് പറഞ്ഞ് വാക്കുകള്‍ അവസാനിപ്പിക്കുന്നു. 
മൗലാനാ അവര്‍കളുടെ എല്ലാ രചനകളും ഉത്തമ നിലവാരം പുലര്‍ത്തുന്നതും ആശയ സമ്പുഷ്ടവുമാണെന്നതില്‍ സംശയമില്ല. എന്നാല്‍, വിനീതന്‍റെ അന്തരംഗത്തില്‍ വളരെയധികം ചലനങ്ങള്‍ സൃഷ്ടിച്ച ഒരു രചനയാണിത്. അതുകൊണ്ടു തന്നെയാണ്, അറബിയിലെന്നല്ല മലയാളത്തില്‍ പോലും യാതൊരു കഴിവുമില്ലാത്ത ഈ സാധു ഇതിനെ വിവര്‍ത്തനം ചെയ്യുക എന്ന സാഹസത്തിന് ഒരുമ്പെട്ടത്. അല്ലാഹു തആലാ, ദീനീ അഭിരുചികള്‍ ധാരാളമായി കനിഞ്ഞരുളിയിട്ടുള്ളവരാണ് മലയാളികള്‍. അവരുടെ ആ അവസ്ഥയിലും വര്‍ദ്ധനവ് വല്ലതുമുണ്ടാകാന്‍ അല്ലാഹു ഇതിനെ കാരണമാക്കുമെന്ന് വിനീതന്‍ പ്രത്യാശിക്കുന്നു. അല്ലാഹു തആലാ ബഹുമാന്യ ഗ്രന്ഥകാരന് ഉയര്‍ന്ന കൂലി കൊടുക്കുമാറാകട്ടെ.! ഈ രചനയെ സ്വീകരിക്കുകയും നമ്മില്‍ ഈമാനിന്‍റെയും ദഅ് വത്തിന്‍റെയും ഉന്നത ഗുണങ്ങള്‍ വളര്‍ത്തുകയും ചെയ്യുമാറാകട്ടെ.! അല്ലാഹു മഹാ കാരുണികന്‍ തന്നെ.! 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ അല്ലാമാ നദ് വിയുടെ ചെറുതെങ്കിലും പഠനാര്‍ഹവും ചിന്തനീയവും കര്‍മ്മാവേശം പകരുന്നതുമായ ഒരു ഉത്തമ രചനയാണിത്. സത്യവിശ്വാസം മുറുകെ പിടിക്കുകയും സത്യം പരത്താനും അസത്യം വിപാടനം ചെയ്യാനും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തതിലൂടെയാണ് മുസ്ലിം സമൂഹം എന്നും ഉയര്‍ന്നിട്ടുള്ളതെന്നും ഇനി ഉയരുന്നതെന്നും ഗ്രന്ഥകര്‍ത്താവ് സലക്ഷ്യം സമര്‍ത്ഥിക്കുന്നു. 
ആമുഖം 
മുസ്ലിംകള്‍ക്കിടയില്‍ ദീനീബോധം ഉണര്‍ത്തി വിടല്‍, അവരുടെ കേന്ദ്രത്തെയും ലക്ഷ്യത്തെയും കുറിച്ചുള്ള ഉറപ്പ് മടക്കിക്കൊണ്ട് വരല്‍, അവരുടെ ജീവിതലക്ഷ്യമായ സത്യസന്ദേശത്തെ വഹിക്കാന്‍ അവരെ സജ്ജരാക്കല്‍, പ്രശ്ന സങ്കീര്‍ണ്ണമായ ലോകത്തിന്‍റെ നേതൃത്വവും അലസന്മാരായ കപ്പിത്താന്‍മാര്‍ക്കും നിദ്രയിലാണ്ട യാത്രികര്‍ക്കുമിടയില്‍ പാഴായിപ്പോയ ജീവിത നൗകയെ കരയ്ക്കടുപ്പിക്കാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ അവരെ പ്രേരിപ്പിക്കല്‍ എന്നിവയാണ് ഈ വരികള്‍ കൊണ്ടുള്ള ലക്ഷ്യം. അല്ലാഹു, ഇതിലൂടെ അനുവാചകര്‍ക്ക് പ്രയോജനം പകരുകയും ചലനമടങ്ങിയ മനസ്സുകള്‍ ചലിപ്പിക്കുകയും ചേതനയറ്റ ശരീരങ്ങള്‍ സജീവമാക്കുകയും ചെയ്യുമാറാകട്ടെ.! അവന്‍ സകലതിനും കഴിവുറ്റവനാണ്.
-അബുല്‍ ഹസന്‍ അലി
കെയ്റോ
ഹി: 1370-ക്രി: 1951 

ഇസ്ലാമിക ചരിത്രം: ഉത്ഥാന-പതനങ്ങള്‍.! 
അറബികള്‍ ഇസ്ലാമിന് മുന്‍പ്. 
ലോകസമൂഹങ്ങളില്‍ നിന്നും ഒററപ്പെട്ട സമൂഹമായിരുന്നു അറബികള്‍ ഇസ്ലാമിന് മുമ്പ്. ഒരു ഭാഗത്ത് മണലാരണ്യവും മൂന്ന് ഭാഗത്ത് സമുദ്രങ്ങളും അവരെ സംസ്കാര സമ്പന്നരായ ജനതയെ തൊട്ടും അകറ്റിനിറുത്തി. സാംസ്കാരിക തകര്‍ച്ചയുടെയും ധര്‍മ്മച്യുതിയുടെയും ഗിരിശൃംഗങ്ങളില്‍ വിരാചിച്ച അവര്‍ പരിസര പ്രദേശങ്ങളെ ജയിച്ചടക്കുമെന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല. 
കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് വന്‍ശക്തികളായ പേര്‍ഷ്യന്‍-റോമന്‍ സാമ്രാജ്യങ്ങളായിരുന്നു അന്നത്തെ ലോകനായകര്‍. അവരിരുവരുടെയും ആധിപത്യം അറേബ്യന്‍ ഉപഭൂഖണ്ഡത്തെ ചുറ്റി നിന്നിരുന്നെങ്കിലും തങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത പ്രദേശമായിരുന്നതിനാല്‍ അവര്‍ അതിനെ പിടിച്ചടക്കാന്‍ തുനിഞ്ഞിരുന്നില്ല. വറ്റിവരണ്ട ഈ മരുഭൂമിയും പട്ടിണിയില്‍ നട്ടം തിരിയുന്ന ഈ സമൂഹവും അവര്‍ക്കാവശ്യമില്ലാതിരുന്നതിനാല്‍ അവരുടെ മേല്‍ രാഷ്ട്രീയ മേല്‍ക്കോയ്മ നിലനിറുത്തുന്നതില്‍ മാത്രം അവര്‍ ശ്രദ്ധപതിപ്പിച്ചു. 
അറബികളെപ്പോലെ അന്ധതയില്‍ ആണ്ടുപൂണ്ടിരുന്ന ഒരു സമൂഹത്തെ അടുത്തൊന്നും ലോകം കണ്ടിട്ടില്ല. അവര്‍ പ്രകൃതിദത്തമായ അനവധി അനവധി ഗുണവിശേഷണങ്ങള്‍ കൊണ്ട് അനുഗ്രഹീതരായിരുന്നെങ്കിലും തങ്ങളുടെ ഗുണങ്ങളെ പാഴാക്കിക്കളഞ്ഞിരുന്നു. അവരിലാരെങ്കിലും കച്ചവടത്തിനും മറ്റും ഇറാഖിലും സിറിയയിലും ഈജിപ്റ്റിലും വന്നാല്‍, വേഷവിധാനങ്ങളിലും സംസാര രീതികളിലും അന്യത പുലര്‍ത്തുന്ന ഗ്രാമീണരെ ആരും ശ്രദ്ധിക്കാത്തതുപോലെ അവരെയും ആരും ശ്രദ്ധിച്ചിരുന്നില്ല. ചില പ്രത്യേക ഘട്ടങ്ങളിലൊഴികെ സംസാരങ്ങളില്‍ അവരെ ആരും അനുസ്മരിച്ചതുമില്ല. 
അറബികളെ സംബന്ധിച്ച് അന്നുളളവരുടെ അഭിപ്രായങ്ങള്‍: 
ഇസ്ലാമിന് മുമ്പ് മാലോകര്‍ക്കിടയില്‍ അറബികള്‍ക്കുണ്ടായിരുന്ന സ്ഥാനവും, കിഴക്കും വടക്കുമുള്ള പരിസരപ്രദേശക്കാര്‍ (പേര്‍ഷ്യക്കാരും റോമക്കാരും) അവരെക്കുറിച്ച് പുലര്‍ത്തിയിരുന്ന അഭിപ്രായവും മനസ്സിലാ ക്കാന്‍ താഴെ കൊടുക്കുന്ന ചില ഉദ്ധരണികള്‍ ശ്രദ്ധിക്കുക: 
'അല്ലാമാ ഇബ്നു കസീര്‍ (റ) തന്‍റെ വിശ്വോത്തര ഗ്രന്ഥം 'അല്‍ ബിദായ വന്നിഹായ' യില്‍ ഉദ്ധരിക്കുന്നു;
'മുസ്ലിം പ്രതിനിധികള്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി 'യസ്ദജ്റദി'നരുകില്‍ ചെന്ന് ഇസ്ലാമിന്‍റെ സന്ദേശമെത്തിച്ചപ്പോള്‍ 'യസ്ദജ്റദ് പറഞ്ഞു: നിങ്ങളെക്കാള്‍ ഭാഗ്യഹീനരും പരസ്പരബന്ധം തകര്‍ന്ന് തരിപ്പണമായവരും കഴിവുകെട്ടവരുമായി മറ്റാരെങ്കിലും ഭൂമുഖത്തുണ്ടോ എന്ന് എനിക്കറിയില്ല. നിങ്ങള്‍ പേര്‍ഷ്യക്കാരുമായി സംഘട്ടനത്തിന് മുതിരരുത്. നിങ്ങളുടെ എണ്ണം കൂടുതലുണ്ടായാല്‍ പോലും നിങ്ങള്‍ ഞങ്ങളെ ജയിച്ചടക്കാമെന്ന് ധരിക്കുന്നത് മൗഢ്യമാണ്.! 
നിങ്ങളെ പിടികൂടിയിട്ടുള്ള പട്ടിണിയും പ്രയാസവുമാണ് ഇവിടെ വരാന്‍ നിങ്ങളെ പ്രേരിപ്പിച്ചതെങ്കില്‍ നാം നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ മാറും വരെ ഭക്ഷണവും വസ്ത്രവും നല്‍കാം. നിങ്ങളോടു അലിവുകാണിക്കുന്ന ഒരു രാജാവിനെ അധികാരിയുമാക്കാം" ഇതുകേട്ടപ്പോള്‍ പ്രതിനിധിയായ മുഗീറതുബ്നു ശുഅ്ബ (റ) പറഞ്ഞു: 
"അല്ലയോ രാജാവേ! ഞങ്ങളുടെ അവസ്ഥയെക്കുറിച്ച് താങ്കള്‍ പറഞ്ഞത് ശരിയാണ്. ഞങ്ങളുടെ അവസ്ഥയെക്കാള്‍ മോശമായ അവസ്ഥ വേറെയില്ലായിരുന്നു. ഞങ്ങളുടെ വിശപ്പിനെക്കാള്‍ കടുത്ത വിശപ്പ് മറ്റാര്‍ക്കുമില്ലായിരുന്നു. വണ്ടുകള്‍, പാമ്പുകള്‍, തേളുകള്‍ മുതലായവയെപ്പോലും ഞങ്ങള്‍ ഭക്ഷിച്ചിരുന്നു. തുറന്ന ഭൂമിയായിരുന്നു ഞങ്ങളുടെ വാസസ്ഥലം. ഒട്ടകങ്ങളുടെയും, ആടുകളുടെയും രോമങ്ങളാല്‍ തുന്നിയുണ്ടാക്കപ്പെട്ടതായിരുന്നു ഞങ്ങളുടെ വസ്ത്രം. പരസ്പരം കൊള്ളയും കൊലയുമായിരുന്നു ഞങ്ങളുടെ മതം. ഞങ്ങള്‍ പെണ്‍മക്കളെ ജീവനോടെ കുഴിച്ചു മൂടിയിരുന്നു. ഇതെല്ലാമായിരുന്നു ഞങ്ങളുടെ മുമ്പത്തെ അവസ്ഥ. അങ്ങനെ അല്ലാഹു ഞങ്ങളിലേക്ക് ഒരു ദൂതരെ അയച്ചു...  
(അല്‍ ബിദായ വന്നിഹായ: 7: 41, 42) 
അതേ ഗ്രന്ഥത്തില്‍ മറ്റൊരിടത്ത് ഉദ്ധരിക്കുന്നു. "മുസ്ലിംകള്‍ പേര്‍ഷ്യയില്‍ വന്ന വിവരമറിഞ്ഞപ്പോള്‍ സംസാരിക്കാനായി ഒരാളെ അയയ്ക്കണമെന്ന് രാജാവ് അറിയിച്ചു: ഇതനുസരിച്ച് മുഗീറതുബ്നു ശുഅ്ബ (റ) പോയി. അറബികളെ വളരെയധികം മോശമായി  വിവരിച്ചുകൊണ്ട് രാജാവ് പറഞ്ഞു: നിങ്ങളുടെ ശവശരീരങ്ങളോടുള്ള വെറുപ്പ് ഒന്നുമാത്രമാണ്, അശ്വാരൂഢന്മാരായ എന്‍റെ വില്ലാളി വീരന്മാരെ നിങ്ങളെ തൊട്ട് തടഞ്ഞുനിറുത്തുന്നത്. അതുകൊണ്ട് നിങ്ങള്‍ പോകുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളെ വെറുതെവിടാം. അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ യമപുരിയിലേക്ക് അയക്കും, മുഗീറ (റ) പറയുന്നു: ഹംദും ശഹാദത്തും ചൊല്ലിക്കൊണ്ട് ഞാന്‍ പറഞ്ഞു: "അല്ലാഹു ഞങ്ങളിലേക്ക് അവന്‍റെ റസൂലിനെ അയയ്ക്കുന്നത് വരെ ഞങ്ങള്‍, താങ്കള്‍ പറഞ്ഞതിനെക്കാള്‍ മോശമായ അവസ്ഥയിലായിരുന്നു" (7-109) 
അതേ ഗ്രന്ഥത്തില്‍ വേറൊരിടത്ത് വരുന്നു: "വലീദുബ്നു മുസ്ലിം പറയുന്നു: റോമന്‍ സൈന്യാധിപനായ "മാഹാന്‍" ദ്വന്തയുദ്ധത്തിന് ഘാലിദുബ്നു വലീദിനെ ക്ഷണിച്ചു. ഇടയ്ക്കു രജ്ഞിപ്പിലെത്തിയപ്പോള്‍ മാഹാന്‍ പറഞ്ഞു. ഞങ്ങളുമായി യുദ്ധത്തിന് നിങ്ങളെ നാടുവിടാന്‍ പ്രേരിപ്പിച്ചത്, നിങ്ങളുടെ പട്ടിണിയും ദുരിതവുമാ ണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ആകയാല്‍ നിങ്ങള്‍ മടങ്ങിപ്പോവുക. നിങ്ങള്‍ ഓരോരുത്തര്‍ക്കും വര്‍ഷാ വര്‍ഷം പത്ത് ദീനാറും ആഹാരവും വസ്ത്രവും ഞങ്ങള്‍ നല്‍കുന്നതാണ്.' (7-10) 
ഈ ഉദ്ധരണികളോരോന്നും അറബികളെക്കുറിച്ച് പേര്‍ഷ്യക്കാരും, റോമക്കാരും പുലര്‍ത്തിയിരുന്ന വികാര-വിചാരങ്ങളെ വരച്ചു കാട്ടുവാന്‍ പര്യാപ്തമാണ്. 
ഇസ്ലാമിലൂടെ അറബികളിലുണ്ടായ അവസ്ഥാന്തരം.! 
പക്ഷെ പൊടുന്നനെ ഈ അവസ്ഥാന്തരീക്ഷങ്ങള്‍ മാറിമറിഞ്ഞു. ഗതകാല അനുഭവങ്ങള്‍ നിരര്‍ത്ഥകമായി. ബുദ്ധികളാകെ ചുറ്റിക്കറങ്ങി. അങ്ങിനെ പ്രാകൃതരായ ഈ സമൂഹം വിജയഭേരി മുഴക്കിക്കൊണ്ട് മണല്‍ക്കാടുകള്‍ വിട്ടിറങ്ങി. ഹിജ്രി പതിനൊന്നാം (ക്രിസ്താബ്ദം 632) വര്‍ഷത്തിലാണ് തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഈ ജലധാര മദീനയില്‍ നിന്നും അണപൊട്ടിയൊഴുകിയത്. വഴിയില്‍ തടസ്സം നിന്നതിനെയെല്ലാം അത് തട്ടിമാറ്റി. ഗിരിശൃംഗങ്ങളെയും സമതല പ്രദേശങ്ങളെയും അത് തഴുകി ഒഴുകി. എണ്ണത്തിലും വണ്ണത്തിലും സായുധ സന്നാഹങ്ങളിലും മികയ്ക്കുകയും ഭൂമിയെ പിടിച്ച് കുലുക്കുവാന്‍ ഉപയുക്തമായ ശക്തി സംഭരിക്കുകയും ചെയ്തിരുന്ന റോമന്‍ പേര്‍ഷ്യന്‍-ഈജിപ്ഷ്യന്‍ സേനകള്‍ അനിയന്ത്രിതമായ ഈ ജലപ്രവാഹത്തില്‍ കേവലം ചണ്ടികളായി മാറി. ഈ ഒഴുക്ക് തടഞ്ഞുനിറുത്തുവാനോ ദിശ തിരിച്ചു വിടുവാനോ അവര്‍ക്ക് കഴിഞ്ഞില്ല. അങ്ങനെ സിറിയയുടെയും ഫലസ്തീനിന്‍റെയും മേച്ചില്‍ പുറങ്ങളിലും ഇറാഖിന്‍റെയും ഇറാനിന്‍റെയും സമതലങ്ങളിലും ഈജിപ്റ്റിന്‍റെയും മൊറോക്കോയുടെയും വീഥികളിലും ഹിമാലയന്‍ മലകളുടെ അടിവാരങ്ങളിലും ഇത് കവിഞ്ഞൊഴുകി. പ്രാചീന പട്ടണങ്ങളെയും സുശക്തവും സുദൃഢവുമായ ഭരണകൂടങ്ങളെയും അന്തസ്സിലും ആഭിജാത്യത്തിലും മുങ്ങിക്കുളിച്ചു നിന്നിരുന്ന സമൂഹങ്ങളെയും ഈ പ്രവാഹം ഒഴുക്കിക്കൊണ്ടു പോയി. അവകളെല്ലാം ചരിത്രത്തിന്‍റെ ഭാഗങ്ങളായി മാറി. അല്ലാഹു പറഞ്ഞത് പോലെ : 'അങ്ങനെ നാം അവരെ പഴയ കഥനങ്ങളാക്കി. നാം അവയെയെല്ലാം താറുമാറാക്കി" (അസ്സബഅ്: 19) 
അറബികള്‍ അവരുടെ ഉപഭൂഖണ്ഡത്തില്‍ നിന്നും പുറപ്പെട്ട് പേര്‍ഷ്യയിലേക്കും റോമിലേക്കും കടന്ന് ചെന്നു. അധികാരവും ശക്തിയും നിറഞ്ഞുനിന്നിരുന്ന പേര്‍ഷ്യന്‍-റോമന്‍ സാമ്രാജ്യങ്ങളെ അറബികള്‍ക്കു മുന്‍പ് ഭയമായിരുന്നു. പക്ഷെ കാര്യങ്ങളെല്ലാം എളുപ്പമായി. മുസ്ലിംകള്‍ അവരുടെ വീട്ടുമുറ്റത്തേക്ക് നീങ്ങി. അവരെ തരിപ്പണമാക്കാന്‍ അധികസമയം വേണ്ടിവന്നില്ല. അവരുടെ സിംഹാസനങ്ങള്‍ തകര്‍ത്തു. കിരീടങ്ങള്‍ മറിച്ചിട്ടു. ഖജനാവുകള്‍ കുത്തിത്തുറന്നു. സമ്പത്ത് വീതിച്ചു. സന്താനങ്ങളെ ബന്ധനസ്ഥരാക്കി. ഗര്‍വ്വിന്‍റെയും, ഗാംഭീര്യത്തിന്‍റെയും മൂടുപടം പിച്ചിച്ചീന്തി. അത് പിന്നീടൊരിക്കലും തുന്നപ്പെട്ടിട്ടില്ല. കിസ്റയും ഖൈസറും നശിച്ചു നാമാവശേഷമായി. പിന്നീടൊരു കിസ്റയും ഖൈസറും ഉണ്ടായിട്ടില്ല. "നാം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ ഭൂമിയുടെ കിഴക്കും പടിഞ്ഞാറും മര്‍ദ്ദിക്കപ്പെട്ട സമൂഹത്തെ നാം അവകാശികളാക്കി... (അഅ്റാഫ്: 137) 
കഷ്ണം വെക്കപ്പെട്ട വസ്ത്രങ്ങളും കീറിയ ചെരിപ്പുകളും ധരിച്ചു, പൊട്ടിയ വാളുകള്‍ തൂക്കി, വിലകുറഞ്ഞ വാഹനങ്ങളിലാണ് അറബികള്‍ അവരുടെ നാട്ടില്‍ നിന്നും പുറപ്പെട്ടത്. നാഗരികതകളില്‍നിന്നും വിദൂരസ്ഥരായ അവരില്‍ പലരും കര്‍പ്പൂരത്തെ ഉപ്പായിക്കരുതി ആഹാരത്തില്‍ ഉപയോഗിച്ചിരുന്നു. (അല്‍ ബിദായ: 7; 67) 

പക്ഷെ, അവര്‍ക്ക് ലോകത്തെ ജയിച്ചടക്കാന്‍ അധിക നേരം വേണ്ടിവന്നില്ല. ആട്-ഒട്ടകങ്ങളെ മേച്ച് നടന്നവര്‍ വൈജ്ഞാനിക-നാഗരികതയുടെ ഉത്തുംഗതയില്‍ വിരാജിച്ചിരുന്ന സമൂഹങ്ങളുടെ നായകരായി. വിജ്ഞാനത്തിലും മര്യാദ-രീതികളിലും സ്വഭാവ സംസ്കാരങ്ങളിലും അവരുടെ ഗുരുനാഥന്മാരായി. അങ്ങനെ അല്ലാഹുവിന്‍റെ വാക്യം പുലര്‍ന്നു. "ഭൂമിയില്‍ മര്‍ദ്ദിതരായ സമൂഹത്തിന്‍റെ മേല്‍ കരുണാ കടാക്ഷങ്ങള്‍ ചൊരിയാനും അവരെ നായകരാക്കാനും നാം ഉദ്ദേശിക്കുന്നു..." (സൂറ: ഖസസ്: 5) 
ചരിത്രകാരന്‍മാരെ പരിഭ്രമിപ്പിച്ച സമസ്യ: 
വിനാശകരമായ ബലഹീനതയ്ക്കു ശേഷമുണ്ടായ അജയ്യമായ ഈ ശക്തിയും ആശ്ചര്യജനകമായ ആലസ്യത്തിനു ശേഷമുണ്ടായ അസാധാരണമായ ഈ ഊര്‍ജ്ജസ്വലതയും അഗാധനിദ്രയ്ക്കു ശേഷമുണ്ടായ വേഗത നിറഞ്ഞ ഈ ഉണര്‍വ്വും ചരിത്രത്തിലെ ഏറ്റവും കുഴഞ്ഞ ഒരു സമസ്യയാണ്. മനുഷ്യ ചരിത്രത്തില്‍ അരങ്ങേറിയ അത്ഭുത സംഭവങ്ങളില്‍ അത്യത്ഭുതമാണീ സംഭവമെന്ന കാര്യത്തില്‍ ചരിത്രപണ്ഡിതര്‍ ഏകോപിച്ചിരിക്കുന്നു, അവയില്‍ ചിലത് ശ്രദ്ധിക്കുക: 

ചരിത്ര രചയിതാവായ ഗിബ്ബന്‍ പറയുന്നു: 'റോമിലെ അഗസ്തിന്‍റെയും, പേര്‍ഷ്യയിലെ ഇസ്തഘ്റിന്‍റെയും പിന്‍ഗാമികള്‍ക്കെതിരില്‍ അറബികള്‍ ആഞ്ഞടിച്ചു. പരസ്പരം മത്സരിച്ചുകൊണ്ടിരുന്ന രണ്ട് വന്‍ ശക്തികളും പൊതു ശത്രുവിനെതിരില്‍ ഒന്നായി നേരിട്ടെങ്കിലും ഉമറിന്‍റെ ഭരണകാലത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ അറബികള്‍ മുപ്പത്തിആറായിരം പട്ടണങ്ങള്‍ പിടിച്ചടക്കി. അമുസ്ലിംകളുടെ നാലായിരം പള്ളികള്‍ തകര്‍ത്തു. പതിനാലായിരം മുസ്ലിം പള്ളികള്‍ സ്ഥാപിച്ചു. ഹിജ്റ ഒന്നാം നൂറ്റാണ്ടിനകം തന്നെ. മുഹമ്മദിന്‍റെ അനുഗാമികളുടെ അധികാര മേഖല ഇന്ത്യ മുതല്‍ അത്ലാന്‍റിക് സമുദ്രം വരെ വ്യാപിച്ചു. പേര്‍ഷ്യ, സിറിയ, ഈജിപ്റ്റ്, ആഫ്രിക്ക, സ്പെയിന്‍ തുടങ്ങിയ വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ ഇസ്ലാമിന്‍റെ വെന്നിക്കൊടി പാറിപ്പറന്നു. (റോമന്‍ അധഃപതനം: 5-474, 475) 
അമേരിക്കക്കാരനായ സ്റ്റുഡര്‍ട്ട് എഴുതുന്നു: 
മാനവ ചരിത്രങ്ങളില്‍ ഏറ്റവും അത്ഭുതം നിറഞ്ഞ ഒറ്റപ്പെട്ട ചരിത്രമാണ് ഇസ്ലാമിക ചരിത്രം. പ്രാദേശികമായി അധഃപതിച്ച ഒരു നാട്ടിലും സാമൂഹ്യമായി തകര്‍ന്ന ഒരു സമൂഹത്തിലുമാണ് ഇസ്ലാം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് പത്ത് ദശാബ്ദങ്ങള്‍ക്കുള്ളില്‍, ലോകത്തിന്‍റെ പകുതി ഭാഗങ്ങളില്‍ പരന്ന് കിടക്കുന്ന പ്രവിശാലവും സുശക്തവുമായ ഭരണകൂടങ്ങളെ അവര്‍ തകിടം മറിച്ചു. സര്‍വ്വ വ്യാപകമായ മതങ്ങളെ തറ പറ്റിച്ചു. സമൂഹങ്ങളുടെ അവസ്ഥകള്‍ മാററിത്തിരുത്തി. വളവുതിരിവുകളില്ലാത്ത ഒരു നവലോകം പടുത്തുയര്‍ത്തി. അതെ, ഇസ്ലാമിക ലോകം". 
ഇസ്ലാമിന്‍റെ മുന്നേറ്റത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള പഠന-നിരൂപണങ്ങള്‍ അധികരിക്കുമ്പോഴെല്ലാം നമ്മുടെ ആശ്ചര്യം അധികരിച്ചുകൊണ്ടിരിക്കും. പതുക്കെ സഞ്ചരിച്ചുകൊണ്ടിരുന്ന ലോക മതങ്ങള്‍ക്ക് വേഗതയും മുന്നേറ്റവും ലഭിച്ചത് ചില പ്രത്യേക ഭരണാധികാരികളിലൂടെയാണ്. ക്രിസ്ത്യാനിയായ കോണ്‍സ്റ്റാന്‍റിനോപ്പാളും, ബുദ്ധമതക്കാരനായ അശോകനും അതിന് ഉത്തമോദാഹരണങ്ങളാണ്. എന്നാല്‍ ഇസ്ലാമിന്‍റെ കാര്യം അങ്ങനെയല്ല. ഒരു മണലാരണ്യത്തിലായിരുന്നു അതിന്‍റെ തുടക്കം. കുറെ ഗോത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആ നാടിന് ചരിത്രത്തില്‍ പ്രത്യേക സ്ഥാനമൊന്നുമില്ലായിരുന്നു. 'എന്നാല്‍ അവിടെ വെച്ച് തുടക്കം കുറിക്കപ്പെട്ട ഇസ്ലാം കടുകടുത്ത കടമ്പകളെ അത്ഭുതാവഹമായ നിലയില്‍ മുറിച്ച് കടന്ന് മുന്നേറി. അങ്ങനെ രണ്ട് നൂററാണ്ടുകള്‍ക്കകം ഏഷ്യാ ഭൂഖണ്ഠത്തിന്‍റെ മദ്ധ്യം മുതല്‍ ആഫിക്കന്‍ ഭൂഖണ്ഡത്തിന്‍റെ മദ്ധ്യം വരെ ഇസ്ലാമിന്‍റെ പതാക ഉയര്‍ന്നു.
(ഹാളിറുല്‍ ആലമില്‍ ഇസ്ലാമി-1) 
സമകാലിക ചരിത്രകാരനായ എച്ച്. എല്‍. ഫിഷര്‍ എഴുതുന്നു: 
അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിന് മുമ്പ് ഏതെങ്കിലും അറേബ്യന്‍ ഭരണകൂടത്തിന്‍റെ ആധിപത്യമോ സുസജ്ജമായ സൈന്യമോ രാഷ്ട്രീയ ശക്തിയോ ഉണ്ടായിരുന്നില്ല. കല്‍പിതകവികളും പരസ്പരം പോരടിക്കുന്നവരും കച്ചവടക്കാരുമായിരുന്നു അറബികള്‍. അവര്‍ രാഷ്ട്രീയക്കാരല്ലായിരുന്നു. അവരുടെ ഐക്യത്തിനും കെട്ടുറപ്പിനും നിമിത്തമാകുന്ന പ്രേരക വസ്തുക്കളൊന്നും ലഭിക്കാതിരുന്ന അവര്‍ ബഹുദൈവാരാധനയില്‍ മുങ്ങിക്കിടന്നിരുന്നു. 
അപ്രശസ്തരും സംസ്കാര ശൂന്യരുമായിരുന്ന ഈ അറബികളാണ് ഒരു നൂറ്റാണ്ടിനുള്ളില്‍ ലോകത്തെ വന്‍ ശക്തിയായി മാറിയത്. അവര്‍ സിറിയയും, ഈജിപ്റ്റും കീഴടക്കി. പേര്‍ഷ്യയെ തറപറ്റിച്ചു. പടിഞ്ഞാറന്‍ തുര്‍ക്കിയിലും പഞ്ചാബിലൊരു ഭാഗത്തും ആധിപത്യം സ്ഥാപിച്ചു. ബെസന്‍റീനിയന്‍-ബര്‍ബര്‍ വംശജരില്‍ നിന്നും ആഫ്രിക്ക പിടിച്ചടക്കി. 
പടിഞ്ഞാറും ഫ്രാന്‍സിനും, കിഴക്ക് കോസ്റ്റിന്‍റനോപ്പോളിനും മുന്നറിയിപ്പു നല്‍കി. അലക്സാന്‍ട്രിയയിലും സിറിയയിലും അവരുടെ കപ്പലുകള്‍ സഞ്ചരിച്ചു. ഗ്രീക്ക് ദ്വീപുകള്‍ അവര്‍ തൂത്തുവാരി. ബൈസന്‍റീനിയന്‍ രാജവംശത്തിന്‍റെ കപ്പല്‍പ്പടയെ അവര്‍ വെല്ലുവിളിച്ചു. പേര്‍ഷ്യക്കാരും അത്ലസ് മലയിടുക്കുകളിലെ ബര്‍ബര്‍ വംശജരും മാത്രമാണ് അവരെ നേരിടാന്‍ സന്നദ്ധരായത്. വഴികള്‍ വളരെ സരളമായി മുറിച്ചുകടന്ന അവര്‍ ക്രിസ്താബ്ദം 8-ാം ശതകത്തിന്‍റെ തുടക്കത്തില്‍ ലോകത്തെ ഏറ്റം വലിയ ശക്തിയായി മാറി. അവരുടെ വിജയമുന്നേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. (H. L. FISHER: A History of Europe: 137-138)
കമ്യൂണിസ്റ്റ് ചിന്തകനായ എം. എന്‍. റോയ് എഴുതുന്നു:
"മതാവേശം ബാധിച്ച് അറേബ്യന്‍ ഉപഭൂഗണ്ഡത്തില്‍ നിന്നും ഇറങ്ങിത്തിരിച്ച ചെറിയ ചെറിയ ഒട്ടക സംഘക്കാര്‍, പണ്ടുമുതല്‍ക്കേ നിലനില്‍ക്കുന്ന രണ്ട് വന്‍ ശക്തികളെ ജയിച്ചടക്കിയ ആശ്ചര്യജനകമായ വേഗതയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മനുഷ്യന്‍ അന്തം വിട്ടന്ധാളിച്ച് പോകും. മുഹമ്മദിന്‍റെ നിയോഗം കഴിഞ്ഞ് അര നൂറ്റാണ്ട് പിന്നിടുന്നതിന് മുമ്പ് തന്നെ, അദ്ദേഹത്തിന്‍റെ അനുഗാമികള്‍ ഒരുഭാഗത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലും മറുഭാഗത്ത് അത്ലാന്‍റിക് സമുദ്ര തീരത്തും ജയപതാക നാട്ടി. വേഗതയുള്ള ഒട്ടകം അഞ്ച് മാസം സഞ്ചരിച്ചാലും മുറിച്ച് കടക്കാന്‍ സാധിക്കാത്ത ഒരു സാമ്രാജ്യമാണ് ദമാസ്കസിലെ പ്രഥമ ഘലീഫമാര്‍ ഭരിച്ചിരുന്നത്. അങ്ങനെ ഹിജ്റ ഒന്നാം ശതകം കഴിയുന്നതിന് മുമ്പ് തന്നെ മുസ്ലിം ഘലീഫമാര്‍ ലോകത്തെ വന്‍ ശക്തിയായി മാറി. 
ഓരോ പ്രവാചകരും തങ്ങളുടെ സത്യത സമര്‍ത്ഥിക്കാന്‍ എന്തെങ്കിലും അമാനുഷിക കാര്യങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ നബിമാരില്‍ സര്‍വ്വ സമുന്നതന്‍ മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) തന്നെയാണ്. കാരണം അത്ഭുതം നിറഞ്ഞതും അസംഭവ്യവുമായ ഇസ്ലാമിക പ്രചാരണം പ്രവാചകരഖിലത്തിന്‍റെയും അമാനുഷിക കാര്യങ്ങളില്‍ അതി മഹത്തരമാണ്. ഏഴ് നൂറ്റാണ്ട് കാലത്തെ മുന്നേറ്റത്തിന്‍റെ ഫലമാണ് റോമയിലെ അഗസ്തിന്‍ രാജവംശം. എന്നാല്‍ ഒരു നൂറ്റാണ്ട് കൊണ്ട് ഉണ്ടായ അറേബ്യന്‍ രാഷ്ട്രത്തോട് അത് തുല്യത പ്രാപിച്ചിട്ടില്ല. റോമന്‍ രാജവംശത്തോട് ഏതാണ്ട് ആയിരം വര്‍ഷം എതിര്‍ത്തു നിന്ന പേര്‍ഷ്യന്‍ രാജവംശം, പത്തു വര്‍ഷത്തിനുള്ളില്‍ 'സൈഫുല്ലാഹി"യുടെ മുമ്പില്‍ മുട്ടുകുത്തി" (M. N. Roy: HISTORICAL ROLE OF ISLAM- 4-5-6-7) 

സമസ്യ പൂരണം 
ഇസ്ലാമിക മുന്നേറ്റമെന്ന ആശ്ചര്യജനകമായ ഈ സമസ്യ വൈജ്ഞാനികമായി പൂരിപ്പിക്കാനും ഇതിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കാനും ഇനി നമുക്ക് ശ്രമിക്കാം. ഒരു രാഷ്ട്രവും അവിടുത്തെ സൈന്യവും മറ്റൊരു രാഷ്ട്രത്തെ അതിജയിക്കാന്‍ കാരണം സര്‍വ്വ സാധാരണമായി എണ്ണത്തിലും വണ്ണത്തിലും ആയുധ സൈന്യസജ്ജീകരണത്തിലും യുദ്ധപരിജ്ഞാനത്തിലും മികയ്ക്കുക എന്നതാണല്ലോ. ആകയാല്‍ ഇവ ഓരോന്നിനെയും വെവ്വേറെ ഇവിടെ വിവരിക്കുകയാണ്. 
ആള്‍ ബലം: അതിപ്രധാനവും വിധിനിര്‍ണ്ണായകവുമായ പോരാട്ടങ്ങളില്‍ മുസ്ലിംകളുടെയും ശത്രുപക്ഷത്തിന്‍റെയും പടയാളികള്‍ക്കിടയിലുള്ള അന്തരം സുപ്രസിദ്ധമാണ്. റോമന്‍-പേര്‍ഷ്യന്‍ സൈന്യങ്ങള്‍ പല യുദ്ധങ്ങളിലും മുസ്ലിം സൈന്യത്തെക്കാള്‍ പല മടങ്ങ് അധികരിച്ചവരായിരുന്നു. 'യര്‍മൂഖ് യുദ്ധത്തില്‍ അണിനിരന്ന റോമന്‍ സൈന്യത്തിന്‍റെ എണ്ണം വിവരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഏറ്റം കുറഞ്ഞ എണ്ണം കുറിക്കുന്ന റിപ്പോര്‍ട്ടിലുള്ളത് ഒരു ലക്ഷത്തി ഇരുപതിനായിരം എന്നാണ്. മുസ്ലിംകളെക്കുറിച്ച് ഏറ്റം കൂടിയ എണ്ണം വിവരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത് ഇരുപത്തിനാലായിരം മാത്രമാണ്. 
യര്‍മൂഖ് യുദ്ധം പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഇറാഖിലെ ഖാദിസിയ്യാ യുദ്ധത്തിന്‍റെ കാര്യവും ഇത് തന്നെ. മുസ്ലിം സേനാംഗങ്ങളുടെ കുറവും റോമന്‍ പേര്‍ഷ്യന്‍ സേനാംഗങ്ങളുടെ പെരുപ്പവും ചരിത്രകാരന്മാര്‍ സമ്മതിച്ച വസ്തുതയാണ്. അത്ഭുതം നിറഞ്ഞ ഇസ്ലാമിക വിജയത്തിന്‍റെ വിജയകാരണം സേനാംഗങ്ങളുടെ പെരുപ്പമാണെന്ന് ആരും പറഞ്ഞിട്ടില്ല. പാശ്ചാത്യ ചരിത്രകാരന്മാരായ ക്രിസ്റ്റഫര്‍, ബിലാതോനോഫ് എന്നിവര്‍ പറയുന്നു: "അറേബ്യന്‍ ഭൂഖണ്ഡത്തില്‍ നിന്ന് ഇറങ്ങിത്തിരിച്ച് വന്‍നഗരങ്ങള്‍ പിടിച്ചടക്കി മുന്നേറിയ അറബികള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത ജന മഹാസമുദ്രമല്ല. യര്‍മൂഖില്‍ പങ്കെടുത്ത ആദ്യ സേനാംഗങ്ങളുടെ എണ്ണം മൂവായിരമായിരുന്നു. പിന്നീട് ഏഴായിരത്തി അഞ്ഞൂറ് പേരെ കൂടി ഘലീഫ അയച്ചുകൊടുത്തു. അവസാനം വന്നവരെയും കൂടി കൂട്ടിയാല്‍ മുപ്പതിനാലായിരം പേരായിരുന്നു. എന്നാല്‍ റോമന്‍ സൈന്യത്തിന്‍റെ എണ്ണത്തെക്കുറിച്ച് ഒരു ലക്ഷമെന്നും ഒരു ലക്ഷത്തിമുപ്പതിനായിരമെന്നും രണ്ട് ലക്ഷമെന്നും അഭിപ്രായമുണ്ട്. എന്തായാലും അറബികളുടെ ശത്രുപക്ഷത്തിനായിരുന്നു കൂടുതല്‍ പടയാളികള്‍ എന്നതില്‍ ആര്‍ക്കും പക്ഷാന്തരമില്ല. പേര്‍ഷ്യയുമായുള്ള പോരാട്ടങ്ങളിലും സ്ഥിതി ഇത് തന്നെയായിരുന്നു. (ഉദ്ധരണി; ഹാളിറുല്‍ ആലമില്‍ ഇസ്ലാമി: 1-39) 
പ്രവിശാലമായ അറേബ്യന്‍ ഉപഭൂഖണ്ഡം ഭൂരിഭാഗവും ജനവാസ ശൂന്യവും മണല്‍ കാടുകളും വറ്റിവരണ്ട നിലങ്ങളുമാണ്. എന്നാല്‍ മുസ്ലിംകള്‍ പടയോട്ടം നടത്തിയ നാടുകള്‍ ഫലഭൂയിഷ്ടവും സമ്പല്‍സമൃദ്ധവും ജനവാസ കേന്ദ്രങ്ങളുമായിരുന്നു. ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നും തേനരുവികളും പാലാറുകളും ഒഴുകി എത്തിക്കൊണ്ടിരുന്ന ആ നാടുകള്‍ സൈന്യബലത്തില്‍ വളരെ മികച്ചിരുന്നു. സമുദ്രത്തില്‍ മുളച്ചുപൊന്തിയ ഒരു കുമിള പോലെയായിരുന്നു അറബികളുടെ അവസ്ഥ. സഹായികളും സഹകാരികളുമില്ലാത്ത പട്ടിണി പാവങ്ങള്‍.! ചുരുക്കത്തില്‍, പകുതി ലോകം വ്യാപിച്ചു കിടക്കുന്ന റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ നേരിടാന്‍ അറബികള്‍ ആകമാനം ഇറങ്ങിത്തിരിച്ചാല്‍പ്പോലും വിജയം അസാദ്ധ്യമായിരുന്നു. 
ആയുധ ബലം : ഇനി ആയുധ-സാധന സാമഗ്രികളിലോ.? അറബികള്‍ അതിലും പരമ ദരിദ്രരായിരുന്നു. ഭരണകൂടത്തിന്‍റെ കീഴില്‍ സര്‍വ്വായുധ സജ്ജരായ ഒരു സൈന്യവ്യൂഹം അവര്‍ക്കില്ലായിരുന്നു. അല്ലാഹുവിന്‍റെ പാതയില്‍ പരിശ്രമിക്കാനുള്ള ആവേശവും പ്രതിഫലേച്ഛയും നിമിത്തം ഇറങ്ങിത്തിരിച്ചവരായിരുന്നു അവര്‍. വാഹനം കിട്ടാതെ മടങ്ങിപ്പോവുകയും സങ്കടപ്പെടുകയും ചെയ്തവര്‍ അവരിലുണ്ട്. അവരെക്കുറിച്ചാണ് ഈ സൂക്തം ഇറങ്ങിയത്: 'യുദ്ധത്തിന് പുറപ്പെടാത്തതില്‍ ഒരു കൂട്ടര്‍ക്കും കുറ്റമില്ല. അവരെ താങ്കള്‍ വാഹനത്തില്‍ കയറ്റി വിടുന്നതിനായി അവര്‍ താങ്കളുടെ അടുത്ത് വന്നപ്പോള്‍ താങ്കള്‍ പറഞ്ഞു: നിങ്ങളെ കയറ്റി വിടുന്നതിന് വാഹനമൊന്നും ഞാന്‍ കാണുന്നില്ല. അപ്പോള്‍ അവര്‍ക്ക് ചിലവ് ചെയ്യാന്‍ ഒന്നുമില്ലല്ലോ എന്ന ദുഖഃത്താല്‍ കണ്ണീര്‍ നിറഞ്ഞൊഴുകുന്ന നയനങ്ങളോടെ അവര്‍ തിരിച്ചുപോകുന്നു". (സൂറ: തൗബ: 92) 
മുസ്ലിംകളുടെ അവസ്ഥകണ്ട് റോമന്‍-പേര്‍ഷ്യന്‍ പട്ടാളക്കാര്‍ പലപ്പോഴും പൊട്ടിച്ചിരിച്ചിട്ടുണ്ട്. ഖാദിസിയ്യ യുദ്ധത്തില്‍ പങ്കെടുത്ത അബൂവാഇല്‍ പറയുന്നു: മുസ്ലിംകളെ കണ്ടപ്പോള്‍ പേര്‍ഷ്യന്‍ പട്ടാളക്കാര്‍ വിളി ച്ചുപറഞ്ഞു: "യാതൊരു ശക്തിയും ശേഷിയും ആയുധ സാമഗ്രികളുമില്ലാത്ത നിങ്ങള്‍ എന്തിനാണ് വന്നത്. മടങ്ങിപ്പോവുക. ഞങ്ങള്‍ (മുസ്ലിംകള്‍) പറഞ്ഞു: ഞങ്ങള്‍ മടങ്ങാന്‍ വന്നവരല്ല", ഞങ്ങളുടെ വസ്ത്രങ്ങളെ നോക്കി അവര്‍ ചിരിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. (അല്‍ബിദായ; 7-40) 
ഇബ്നു കസീര്‍ പറയുന്നു: കിസ്റയെ അല്ലാഹുവിലേക്ക് ക്ഷണിക്കാന്‍ സഅദ് (റ) കുറച്ച് പേരെ അയച്ചു. അവര്‍ കൊട്ടാരത്തില്‍ ചെന്ന് അനുവാദം ചോദിച്ചു. അവര്‍ക്ക് അനുവാദം നല്‍കപ്പെട്ടു. അവരുടെ കോലം കാണുവാന്‍ നാട്ടുകാരഖിലം തടിച്ചു കൂടി. തോളുകളിലിട്ട മേല്‍മുണ്ടുകളും കയ്യിലുള്ള ചാട്ടകളും കാലിലണിഞ്ഞ ചെരുപ്പുകളും ബലഹീനമായ കുതിരകളും കണ്ട് അങ്ങേയറ്റം അത്ഭുതത്തോടെ അവര്‍ ചോദിച്ചു. "എണ്ണത്തിലും വണ്ണത്തിലും ഉയര്‍ന്ന ഒരു കൂട്ടരെ ഇത്തരം ആളുകള്‍ എങ്ങിനെ നേരിടാനാണ്.? (അല്‍ബിദായ: 7-41) 
മാക്സ് മായുര്‍ഹോഫ് എഴുതുന്നു: ആവശ്യമായ ആള്‍ബലമോ സാധന സാമഗ്രികളോ ഇല്ലാത്ത ഈ അറബികള്‍ എണ്ണത്തിലും വണ്ണത്തിലും തങ്ങളെക്കാള്‍ പല മടങ്ങ് ഉയര്‍ന്ന സര്‍വ്വായുധ സജ്ജരായ റോമന്‍-പേര്‍ഷ്യന്‍ സൈന്യങ്ങളെ വളരെ കുറഞ്ഞ സമയത്തില്‍ എങ്ങിനെ ജയിച്ചടക്കി എന്നത് മനസ്സിലാക്കാന്‍ വലിയ പ്രയാസമുണ്ട്." (ഉദ്ധരണി; ഹാളിറുല്‍ ആലമില്‍ ഇസ്ലാമി: 1-39) 
യുദ്ധ നൈപുണ്യം. മുസ്ലിം വിജയകാരണമായി ചില യൂറോപ്പ്യര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യമുണ്ട്; അക്കാലഘട്ടത്തില്‍ റോമന്‍-പേര്‍ഷ്യന്‍ പടയാളികളെക്കാള്‍ യുദ്ധ നൈപുണ്യത്തില്‍ ഉന്നതരായിരുന്നു അറബികള്‍. ചിട്ട, പരിശീലനം, സൈനിക സജ്ജീകരണം, നേതൃത്വത്തെ അനുസരിക്കല്‍ എന്നീ വിഷയങ്ങളില്‍ അവര്‍ ശത്രുപക്ഷത്തെക്കാള്‍ വളരെ മികച്ചിരുന്നു. അറബികളുടെ യുദ്ധ വീര്യവും കൊലയും കൊള്ളയും നടത്താനുള്ള ഭ്രമവും ജാഹിലിയ്യാ യുഗത്തിലെ സൈനിക ജീവിതവുമാണ് അവരുടെ വിജയ രഹസ്യം.! മുന്‍കഴിഞ്ഞ കാര്യങ്ങളെക്കാള്‍ സത്യത അനുഭവപ്പെടുന്ന ഒരു ന്യായീകരണമാണിത്. 
എന്നാല്‍ ചരിത്രത്തിന്‍റെ വെളിച്ചത്തില്‍ ഇതേ കുറിച്ച് പഠനം നടത്തിയാല്‍ പ്രസ്തുത യൂറോപ്പ്യന്‍ ചരിത്ര കാരന്‍മാര്‍ക്ക് പറ്റിയ ഒരു മഹാ അബന്ധമാണിതെന്ന് വ്യക്തമാകും. ചിലപ്പോള്‍ കാര്യം ഗ്രഹിക്കുന്നവരും മറ്റു ചിലപ്പോള്‍ കാര്യം ഗ്രഹിക്കാത്തവരുമാണല്ലോ അവര്‍.! 
റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ യുദ്ധനൈപുണ്യം മദ്ധ്യകാല ചരിത്രകാരന്മാരെല്ലാം അംഗീകരിച്ച കാര്യമാണ്. കൃസ്താബ്ദം ഏഴാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ബെസന്‍റീനിയന്‍ രാജവംശം വിജയത്തിന്‍റെ ഗിരിശൃംഖത്തിലെത്തിയിരുന്നു. റോമക്കാര്‍ പേര്‍ഷ്യക്കാര്‍ക്കെതിരില്‍ ആഞ്ഞടിച്ചത് അന്നാണ്. അങ്ങനെ കുര്‍ദ് മലകളും യൂഫ്രട്ടീസ് നദിയും മുറിച്ച് കടന്ന് ഹിര്‍ഖല്‍ ജൈത്രയാത്ര തുടര്‍ന്നു. സാബാത്ത്, നൈനവാ എന്നീ അതിഭയാനക യുദ്ധങ്ങള്‍ക്ക് ശേഷം മദാഇനിലേക്ക് മുന്നേറി, റോമന്‍ വിജയപതാക പേര്‍ഷ്യയുടെ നെഞ്ചത്ത് നാട്ടി. കൃസ്താബ്ദം 625-ലാണ് ഈ സംഭവങ്ങള്‍ നടന്നത്. അതായത് മുസ്ലിംകള്‍ സിറിയയിലേക്ക് പടയോട്ടം നടത്തുന്നതിന് കേവലം പന്ത്രണ്ട് വര്‍ഷം മുമ്പ്. 
കൃസ്താബ്ദം 603-ന് ആരംഭിച്ച ഘോരമായ ഈ യുദ്ധങ്ങള്‍ ഇരുകൂട്ടര്‍ക്കും (റോം-പേര്‍ഷ്യ) നിരവധി യുദ്ധ പാഠങ്ങള്‍ നല്‍കി. അനവധി നൂതന രീതികള്‍ ഇവയില്‍ നിന്നും ഇരു കൂട്ടരും സമ്പാദിച്ചു. മദ്ധ്യനൂറ്റാണ്ടിലെ കുരിശ് യുദ്ധങ്ങളില്‍ നടന്നതുപോലെ ഓരോരുത്തരും അപരനില്‍ നിന്നും അഭ്യാസങ്ങള്‍ പഠിച്ചു. 
യുദ്ധ നൈപുണ്യത്തില്‍ അറബികളെക്കാള്‍ റോമക്കാര്‍ വളരെ മുന്നിലായിരുന്നുവെന്ന കാര്യം പ്രസിദ്ധ റോമന്‍ ചരിത്രകാരന്‍ ഗിബ്ബന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. (റോമന്‍ ചരിത്രം : 5-478) 
അറബികള്‍ക്കിടയില്‍ നിരന്തരമായി നിലനിന്നിരുന്ന ആഭ്യന്തര-വംശീയ സംഘട്ടനങ്ങളില്‍ കൂടി അവര്‍ക്ക് ലഭിച്ചിരുന്ന പരിശീലനത്തെ നാം നിഷേധിക്കുന്നില്ല. പക്ഷെ രണ്ട് വന്‍ സാമ്രാജ്യങ്ങളെ ജയിച്ചടക്കാന്‍ പറ്റിയ പാഠങ്ങളൊന്നും നല്‍കാന്‍ പര്യാപ്തമായിരുന്നില്ല പ്രസ്തുത ആഭ്യന്തര കലഹങ്ങള്‍. കാര്യമിങ്ങനെയല്ലെങ്കില്‍ പിന്നെന്തുകൊണ്ടാണ് ഇസ്ലാമിന് മുമ്പ് ദക്ഷിണ അറേബ്യയിലെ ജനങ്ങള്‍ എതോപ്യയ്ക്കും പേര്‍ഷ്യയ്ക്കും അടിയറവ് പറഞ്ഞത്.? അബ്റഹത്തിന്‍റെ പട്ടാളത്തിന് മുന്നില്‍ നിശ്ചലരായി നിന്നത്.? തങ്ങളുടെ നാട്ടില്‍ നിന്ന് ഇറങ്ങിത്തിരിച്ച് ഇതര ദേശങ്ങളെ കീഴടക്കാതിരുന്നത്.? മുഹമ്മദീ നിയോഗാനന്തരം ഒട്ടും വൈകാതെ അവര്‍ നടത്തിയതുപോലെ മുന്‍പ് അവര്‍ റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യത്തിനെതിരെ പടയോട്ടം നടത്താതിരുന്നത് എന്തുകൊണ്ടാണ്.? സുപ്രസിദ്ധ താബിഇയായ ഖതാദയുടെ വാക്കുകളില്‍ "പേര്‍ഷ്യന്‍--റോം എന്നീ രണ്ട് സിംഹങ്ങള്‍ക്കിടയില്‍ ബന്ധനസ്ഥരായ നിലയില്‍" നൂററാണ്ടുകളോളം അവര്‍ കഴിഞ്ഞ് കൂടിയതെന്തിനാണ്.? 
എന്നാല്‍ അറബികളുടെ അച്ചടക്കത്തെയും അനുസരണയേയും കുറിച്ചുള്ള അഭിപ്രായം ശരിയാണ്. പക്ഷെ ഇവ രണ്ടും കേവലം സൈനിക ശിക്ഷണം കൊണ്ട് ലഭിക്കുന്ന യാന്ത്രിക കാര്യമല്ല. റോമന്‍-പേര്‍ഷ്യന്‍ സേനാംഗങ്ങള്‍ നിര്‍ണ്ണായക ഘട്ടങ്ങളില്‍ പോലും പിന്തിരിഞ്ഞോടിയിരുന്നതായി ആധികാരിക ചരിത്ര ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്. അവര്‍ യുദ്ധരംഗങ്ങളില്‍ നിന്ന് പിന്തിരിഞ്ഞോടാതിരിക്കാന്‍ വലിയ കിടങ്ങുകള്‍ കുഴിക്കപ്പെട്ടിരുന്നിട്ടും അവയ്ക്ക് അവരെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലത്രേ.! 
ചുരുക്കത്തില്‍, അടിയുറപ്പിന്‍റെയും അച്ചടക്കത്തിന്‍റെയും ആത്മ സമര്‍പ്പണത്തിന്‍റെയും ആത്മാവ്, യുദ്ധത്തിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളിലാണ് നില കൊള്ളുന്നത്. ഇതുതന്നെയാണ് ചരിത്ര രചയിതാക്കള്‍ അന്തംവിട്ട് അന്ധാളിക്കാന്‍ നിമിത്തമായ ശക്തിയുടെ ഉറവിടം.! 
മുസ് ലിം ശക്തിയുടെ യഥാര്‍ത്ഥ ഉറവിടം.! 
ലോകം ജയിച്ചടക്കാന്‍ ഇറങ്ങിത്തിരിക്കുകയും അര നൂണ്ടാണ്ടിനകം പകുതി ലോകം ജയിച്ചു മുന്നേറുകയും ചെയ്ത അറബികളുടെ ശക്തിയുടെ യഥാര്‍ത്ഥ ഉറവിടം ഹൃസ്വമായ വാക്കുകളില്‍ ഇതുമാത്രമാണ്: മുഹമ്മദ് നബി  യുടെ അദ്ധ്യാപനങ്ങള്‍ നിമിത്തം അറബികള്‍ ഒരു നൂതന സന്ദേശത്തിന്‍റെ വക്താക്കളായി മാറി. അവ അവരുടെ അകത്തളങ്ങളില്‍ വമ്പിച്ച പരിവര്‍ത്തനമുണ്ടാക്കി. അവര്‍ക്ക് ലോകവും ലോകത്തിന് അവരും പുതുതായി അനുഭവപ്പെട്ടു. മുന്‍പ് അവര്‍ അത്ഭുതത്തോടെ നോക്കിയിരുന്ന ലോകത്തേയ്ക്ക് കണ്ണോടിച്ചപ്പോള്‍ എല്ലായിടങ്ങളിലും നാശങ്ങള്‍ പടരുകയും അക്രമം വ്യാപിക്കുകയും ഇരുള്‍ പരക്കുകയും സര്‍വ്വ വസ്തുക്കളും സ്ഥാനം തെററിക്കിടക്കുകയും ചെയ്യുന്നതായി അവര്‍ കണ്ടു. ഒരിക്കല്‍ തങ്ങള്‍ ഭയത്തോടെയും ആശയോടെയും കണ്ടിരുന്ന സമൂഹങ്ങള്‍ മനുഷ്യകോലം പ്രാപിച്ച ജന്തുക്കളും മനുഷ്യ വേഷമണിഞ്ഞ വന്യജീവികളുമാണെന്ന് അവര്‍ അറിഞ്ഞു. മനുഷ്യര്‍ ആറാടി ആഘോഷിക്കുന്ന സുഖഭോഗ വസ്തുക്കളെ അവര്‍ നിസ്സാരമായി കണ്ടു. കാരണം താഴെ കാണുന്ന ആയത്തുകള്‍ അവര്‍ ഓതിയിരുന്നു. (ഭൗതിക മോഹികളെ) നാം പരീക്ഷിക്കുവാന്‍ വേണ്ടി ലോക ജീവിതത്തിന്‍റെ മോടിയായി നല്‍കപ്പെട്ട വസ്തുക്കള്‍ മാത്രമാണത്. (സൂറ: ത്വാഹ - 131)  
അത് കൊണ്ട് അവരുടെ മുതലുകളും സന്താനങ്ങളും നിങ്ങളെ വിസ്മയിപ്പിക്കാതിരിക്കട്ടെ.! അവമൂലം ഇഹലോക ജീവിതത്തില്‍ അവരെ ശിക്ഷിക്കാനും അവര്‍ അവിശ്വാസികളായിരിക്കവെ തന്നെ അവരുടെ ജീവന്‍ വിട്ടുപിരിയാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്." (സൂറ: തൗബ - 55) 
അല്ലാഹു അവരെ ഒരു ഉന്നത ദൗത്യവുമായാണ് അയച്ചിരിക്കുന്നതെന്ന് അവര്‍ ഗ്രഹിച്ചു. അതെ, ഇരുളുകളില്‍ നിന്നും പ്രകാശത്തിലേക്കും, അടിമകളെ ആരാധിക്കുന്നതില്‍ നിന്നും യഥാര്‍ത്ഥ ഉടമയെ ആരാധിക്കുന്നതിലേക്കും, ദുന്‍യാവിന്‍റെ ഞെരുക്കത്തില്‍ നിന്നും ആഖിറത്തിന്‍റെ വിശാലതയിലേക്കും, മതങ്ങളുടെ അധര്‍മ്മത്തില്‍ നിന്നും ഇസ്ലാമിന്‍റെ നീതിയിലേക്കും മാനവരാശിയെ നയിക്കാന്‍.! ഈ ദൗത്യം നിറവേറ്റിയാല്‍ അല്ലാഹു തങ്ങളെ ഉന്നതിയിലേക്കുയര്‍ത്തുമെന്ന് അവര്‍ മനസ്സിലാക്കി. താഴെ കൊടുക്കുന്ന ആയത്തുകള്‍ അവര്‍ കേട്ടിരുന്നു. 'എന്‍റെ സുകൃതരായ ദാസന്മാര്‍ ഭൂമിയെ അനന്തരാവകാശമെടുക്കും എന്ന ഉപദേശത്തിന് ശേഷം സബൂറില്‍ നാം എഴുതിയിട്ടുണ്ട്" ( അന്‍ബിയാഅ്: 105) 'നിങ്ങളില്‍ നിന്നും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്യുന്നു: അവര്‍ക്കു മുമ്പുള്ളവരെ അധികാരികളാക്കിയതുപോലെ തീര്‍ച്ചയായും അവരെയും അവന്‍ ഭൂമിയില്‍ അധികാരികളാക്കും. അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടു നല്‍കിയ മതത്തെ അവന്‍ അവര്‍ക്ക് ഉറപ്പിച്ചു കൊടുക്കും. അവരുടെ ഭയത്തിന് പകരം ഭദ്രതയെ അവന്‍ മാറ്റിക്കൊടുക്കും". (നൂര്‍: 55) 
ഇപ്പറയുന്ന നബി വചനങ്ങളും അവര്‍ ശ്രദ്ധിച്ചി രുന്നു. "അല്ലാഹു ഭൂമിയെ എനിക്ക് ചുരുട്ടി കാണിച്ചുതന്നു. അങ്ങിനെ ഞാന്‍ ഭൂമിയുടെ ഉദയാസ്തമനങ്ങള്‍ ദര്‍ശിച്ചു. നിശ്ചയം ഇവിടെയെല്ലാം എന്‍റെ ഉമ്മത്തിന്‍റെ അധികാരം ചെന്നെത്തും. ചുവന്നതും വെളുത്തതുമായ രണ്ട് നിധികളെ അല്ലാഹു എനിക്ക് നല്‍കിയിരിക്കുന്നു." (തിര്‍മിദി) 
"കിസ്റയും ഖൈസറും നശിച്ചാല്‍ പിന്നെ വേറെ കിസ്റയോ ഖൈസറോ ഉണ്ടാവുകയില്ല. അല്ലാഹുവില്‍ സത്യമായി നിങ്ങള്‍ അവരിരു കൂട്ടരുടെയും നിധികള്‍ അല്ലാഹുവിന്‍റെ വഴിയില്‍ ചിലവഴിക്കുന്നതാണ്", (തിര്‍മിദി) 
അല്ലാഹു അവര്‍ക്ക് സഹായവും വിജയവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അവര്‍ മനസ്സിലാക്കി. അല്ലാഹുവിന്‍റെ വാഗ്ദാനത്തില്‍ അവര്‍ ഉറച്ച് വിശ്വസിച്ചു. ആള്‍ക്കൂട്ടത്തെയും കുറവിനെയും അവര്‍ കേവലമായി കണ്ടു. പ്രശ്നങ്ങളും പ്രയാസങ്ങളും അവര്‍ അവഗണിച്ചു. താഴെ പറയുന്ന ആയത്തുകള്‍ അവര്‍ ഓര്‍ത്തു: 'അല്ലാഹു നിങ്ങളെ സഹായിച്ചാല്‍ ആരും നിങ്ങളെ ജയിച്ചടക്കുകയേയില്ല. അവന്‍ നിങ്ങളെ കൈവെടിഞ്ഞാല്‍ അതിന് ശേഷം നിങ്ങളെ സഹിയിക്കുന്നവന്‍ ആരുണ്ട്.? അതുകൊണ്ട് വിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കട്ടെ.! (സൂറ: ആലു ഇംറാന്‍ : 160) 
"അല്ലാഹുവിന്‍റെ അനുമതിയോടു കൂടി എത്രയെത്ര ചെറുസംഘം വലിയ സമൂഹത്തെ കീഴടക്കിയിട്ടുണ്ട്. അല്ലാഹു സഹനശീലരോടൊപ്പമാണ്. (സൂറ: ബഖറ: 249) 
മുസ്ലിം ശക്തിയുടെ രഹസ്യത്തെക്കുറിച്ച് ബുദ്ധി ജീവികള്‍.! 
ഹിര്‍ഖല്‍: ഈ വസ്തുതയെ അന്നത്തെ ചില മുസ്ലിം വിരോധികള്‍ പോലും മനസ്സിലാക്കിയിരുന്നു. ഇബ്നു കസീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: മുസ്ലിം പടപ്പുറപ്പാടിനെ കുറിച്ചറിഞ്ഞപ്പോള്‍ സിറിയക്കാരോടായി ഹിര്‍ഖല്‍ പറഞ്ഞു: 'ഒരു നൂതന ദീനിന്‍റെ വക്താക്കളാണവര്‍. അവരെ പ്രതിരോധിക്കാന്‍ ആര്‍ക്കും കഴിയില്ല. ആകയാല്‍ സിറിയയുടെ പകുതി വിഭവങ്ങള്‍ കപ്പം കൊടുക്കാമെന്നുള്ള എന്‍റെ അഭിപ്രായത്തെ നിങ്ങള്‍ അംഗീകരിക്കുക. എന്നാല്‍ റോം നിങ്ങളില്‍ തന്നെ നിലനില്‍ക്കും. ഇനി നിങ്ങള്‍ നിരാകരിച്ചാല്‍ അവര്‍ നിങ്ങളില്‍ നിന്നും സിറിയ പിടിച്ചെടുക്കും. റോമന്‍ മലകള്‍ നിങ്ങള്‍ക്ക് ഞെരുക്കമാകും. (അല്‍ ബിദായ വന്നിഹായ: 7-5) 
എന്നാല്‍ മുസ്ലിംകളുടെ വിശ്വാസമിതായിരുന്നു; "മാനവരാശിയെ ഏകനായ അല്ലാഹുവിലേക്ക് അടുപ്പി ക്കാന്‍ ചുമതലപ്പെട്ടവരാണ് നാം. അല്ലാഹുവാണ് നമ്മുടെ സഹായി. നമ്മുടെ വിജയം അവന്‍ ഏറ്റതാണ്. മുസ്ലിംകളുടെ പ്രവര്‍ത്തനങ്ങളും വാക്കുകളും എങ്ങും എപ്പോഴും ഈ വിശ്വാസം വിളിച്ചറിയിച്ചിരുന്നു. 
ഈ കൂട്ടത്തില്‍ നിന്നും ചില സംഭവങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു: 
അബൂബക്ര്‍ (റ) - ഉമര്‍ (റ) 
മുസ്ലിം സേനാനായകര്‍ യര്‍മൂഖില്‍ നിന്നും അബൂബക്ര്‍-ഉമര്‍ (റ) എന്നീ മഹാന്മാര്‍ക്ക് കത്തെഴുതി:  ശത്രു സമൂഹത്തിന്‍റെ വലുപ്പവും കനത്ത പരാജയത്തിന്‍റെ സാധ്യതകളും അതില്‍ വിവരിച്ചിരുന്നു. ഇതിന് മറുപടിയായി അവര്‍ എഴുതി: 
"നിങ്ങള്‍ സംഘടിച്ച് നില്‍ക്കുക. ഒറ്റക്കെട്ടായി ബഹുദൈവാരാധകരെ നേരിടുക. നിങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാണ്. അല്ലാഹുവിനെ സഹായിക്കുന്നവനെ അവന്‍ സഹായിക്കും. നിഷേധിക്കുന്നവരെ അവന്‍ നിന്ദ്യരാക്കും. നിങ്ങളുടെ എണ്ണത്തിന്‍റെ കുറവ് നിമിത്തം നിങ്ങള്‍ക്ക് പരാജയം ഉണ്ടാവില്ല. പക്ഷെ, പാപങ്ങള്‍ കാരണം പരാജയം ഉണ്ടാവുക തന്നെ ചെയ്യും . അതുകൊണ്ട് അതിനെ സൂക്ഷിക്കുക". (അല്‍ ബിദായ വന്നിഹായ: 7-5) 
അലിയ്യ് (റ) 
ഇറാഖിലേക്കുള്ള യാത്രാമദ്ധ്യേ നഹാവന്ദ് യുദ്ധത്തെക്കുറിച്ച് ഉമര്‍ (റ) സ്വഹാബാക്കളോട് അഭിപ്രായമാരാഞ്ഞപ്പോള്‍ അലിയ്യ് (റ) പറഞ്ഞു: 
"അമീറുല്‍ മുഅമിനീന്‍, മുസ്ലിംകളുടെ വിജയ-പരാജയങ്ങള്‍ എണ്ണത്തിന്‍റെ കൂടുതലിലും കുറവിലുമല്ല നില നില്‍ക്കുന്നത്. ഇസ്ലാ അല്ലാഹുവിന്‍റെ മതമാണ്. അവനാണതിനെ പ്രചരിപ്പിക്കുന്നത്. മുസ്ലിംകള്‍ അല്ലാഹുവിന്‍റെ സൈന്യമാണ്. അവനാണ് അവരെ മലക്കുകളിറക്കി ആദരിക്കുകയും സഹായിക്കുകയും ചെയ്തത്. അങ്ങനെ, അത് ഇന്ന് എത്തിയ ഇടങ്ങളിലൊക്കെ എത്തി: അല്ലാഹു നമുക്ക് സഹായ-വിജയങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവന്‍ അവന്‍റെ വാഗ്ദാനം പാലിക്കും. സൈന്യത്തെ സഹായിക്കും. (അല്‍ ബിദായ വന്നിഹായ: 7-107) 
സഅദ് (റ) -സല്‍മാന്‍ (റ) 
ഈ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ വിപല്‍ഘട്ടങ്ങളെ തൃണവല്‍ഗണിച്ച്കൊണ്ട് അത്ഭുതങ്ങള്‍ കാണിച്ചിരുന്നു. അതെ, പരസ്പരം സംസാരിച്ച് സമാധാനപൂര്‍വ്വം കരയില്‍ നടക്കുന്നത് പോലെയാണ്, അവര്‍ കുതിരകളിലിരുന്ന് ദിജ്ല (ടൈഗ്രീസ്) മുറിച്ച് കടന്നത്. അത്ഭുതകരമായ ഒരു രംഗം തന്നെയായിരുന്നു അത്. പേര്‍ഷ്യക്കാര്‍ ഇത് കണ്ട് വിളിച്ച് പറഞ്ഞു: "ദീവാന്‍-ദീവാന അമദന്‍ദ്" (ജിന്നുകള്‍-ഭ്രാന്തന്മാര്‍ ഇതാ വരുന്നു!) തദവസരം ആ സംഘത്തിലുണ്ടായിരുന്ന രണ്ട് സ്വഹാബികളാണ് സഅദ്ബ്നു അബീ വഖാസ് (റ), സല്‍മാനുല്‍ ഫാരിസി (റ) എന്നിവര്‍. സഅദ് (റ) പറഞ്ഞു: "അല്ലാഹു നമുക്ക് മതി. കാര്യസ്ഥരില്‍ അത്യുത്തമനാണവന്‍. നിശ്ചയം അല്ലാഹുവിന്‍റെ ഇഷ്ടദാസരെ അവന്‍ സഹായിക്കും. അവന്‍റെ ദീനിനെ വിജയിപ്പിക്കും. അവന്‍റെ ശത്രുക്കളെ പരാജയപ്പെടുത്തും. അതെ മുസ്ലിം സൈന്യത്തില്‍ അക്രമമോ നന്‍മകളെ മറികടക്കുന്ന പാപങ്ങളോ ഉണ്ടായില്ലെങ്കില്‍.!" ഇതുകേട്ട് സല്‍മാന്‍ (റ) പറഞ്ഞു: 'ഇസ്ലാം നവ നൂതനമാണ്. അല്ലാഹുവില്‍ സത്യം.! മുസ്ലിംകള്‍ക്ക് കര കീഴടങ്ങിയത് പോലെ കടലും കീഴടങ്ങിയിരിക്കുന്നു. സല്‍മാന്‍ പറഞ്ഞതുതന്നെ സംഭവിച്ചു. അവരാരും അതില്‍ മുങ്ങിയില്ല. അവരുടെ ഒരു സാധനവും നഷ്ടപ്പെട്ടതുമില്ല". (അല്‍ബിദായ വന്നിഹായ: 1ബ65) 
അബ്ദുല്ലാഹിബ്നു റവാഹ (റ) 
ഹൃദയാടിവാരത്തില്‍ അടിയുറച്ച ഈ വിശ്വാസം അവരില്‍ സ്വസ്ഥതയും സമാധാനവും പതിവുകളെ മാറ്റി മറിക്കുന്ന ധൈര്യവും പ്രദാനം ചെയ്തു. അവര്‍ എണ്ണത്തെയും വണ്ണത്തെയും നിസ്സാരമായി കണ്ടു. ഭൗതികതയെ അവര്‍ ആരാധിച്ചില്ല. സൃഷ്ടികളെ അവര്‍ സ്രഷ്ടാവായി കണ്ടില്ല. ദീനീ ശക്തി കൊണ്ടാണ് അവര്‍ പോരാടിയത്. ഇസ്ലാമായിരുന്നു അവരുടെ വിജയ നിദാനം. അബ്ദുല്ലാഹിബ്നു റവാഹ (റ) യുടെ വാചകം ഇതിന് തെളിവാണ്. 
ഇബ്നു ഇസ്ഹാഖില്‍ നിന്നും യൂനുസ് നിവേദനം ചെയ്യുന്നു. ഒരു ലക്ഷം റോമക്കാരും ഒരു ലക്ഷം ക്രൈസ്തവരുമായി ഹിര്‍ഖല്‍ വരുന്ന വിവരം മൂവായിരം പേര്‍ മാത്രമുള്ള മുസ്ലിം സൈന്യം അറിഞ്ഞു. അപ്പോള്‍ ഇത്രയും വലിയ സൈന്യത്തോട് എതിരിടണമോ അതല്ല, നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ വിവരം ധരിപ്പിക്കണമോ എന്ന ആശങ്ക നേരിട്ടു. ഇതുകണ്ട അബ്ദുല്ലാഹിബ്നു റവാഹ (റ) സ്വഹാബത്തിനെ നോക്കി ഇപ്രകാരം പറഞ്ഞു: "അല്ലയോ സ്നേഹിതരെ, നിങ്ങള്‍ എന്തുകാര്യത്തെ കുറിച്ചാണ് ഭയപ്പെടുന്നത്.? എന്ത് ഉദ്ദേശത്തിന്‍റെ പേരിലാണ് നിങ്ങള്‍ പുറപ്പെട്ടു വന്നിരിക്കുന്നത്.? നമ്മുടെ ലക്ഷ്യം ശഹാദത്താണല്ലോ. മുസ്ലിംകളായ നാം ഒരിക്കലും കായിക ബലത്തെയും സൈനിക പെരുപ്പത്തെയും കണ്ടു കൊണ്ട് യുദ്ധം ചെയ്തിട്ടില്ല. അല്ലാഹു നമ്മെ ബഹുമാനിച്ച സത്യദീനിന്‍റെ പേരില്‍ മാത്രമാണ് നാം സമരം ചെയ്ത് കൊണ്ടിരിക്കുന്നത്. മുന്നോട്ടു ഗമിക്കുക. ഒന്നുകില്‍ ശഹാദത്ത്. അല്ലെങ്കില്‍ വിജയം. രണ്ടിലൊരു ഭാഗ്യം നമുക്ക് ലഭിക്കുക തന്നെ ചെയ്യും". ഇതുകേട്ട് മുസ്ലിംകളെല്ലാം ധീരതയോടെ മുന്നേറുകയും മൂത്തത് എന്ന സ്ഥലത്ത് എത്തി യുദ്ധം ആരംഭിക്കുകയും ചെയ്തു. (അല്‍ബിദായ: 4-248) 
അബൂ ഉബൈദ (റ) 
അവരുടെ നായകനായ തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരോട് പ്രവചനം നടത്തിയ വിജയ-മുന്നേറ്റങ്ങളെ കുറിച്ച് അവര്‍ക്ക് പൂര്‍ണ്ണ ഉറപ്പുണ്ടായിരുന്നു. ഇവയില്‍ നിന്നും വല്ലതും അവര്‍ കണ്ടാല്‍ അവര്‍ ഇങ്ങനെ പറഞ്ഞിരുന്നു: 'അല്ലാഹുവും അവന്‍റെ റസൂലും ഞങ്ങളോട് വാഗ്ദാനം ചെയ്ത കാര്യമാണിത്. അല്ലാഹുവും അവന്‍റെ റസൂലും സത്യം പറഞ്ഞു". അത് അവര്‍ക്ക് വിശ്വാസവും ആത്മാര്‍പ്പണവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്തു". (അഹ്സാബ്: 22)
യര്‍മൂക് യുദ്ധദിവസം ഒരു വ്യക്തി അബൂ ഉബൈദ (റ) യുടെ അരികില്‍ വന്ന് പറഞ്ഞു: ഞാന്‍ മദീനയിലേക്ക് പോവുകയാണ്. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് പറയാന്‍ വല്ല സന്ദേശവുമുണ്ടോ.? അദ്ദേഹം പറഞ്ഞു: ഉണ്ട്. തങ്ങള്‍ക്ക് എന്‍റെ സലാം പറഞ്ഞശേഷം പറയുക. തിരുമേനീ, ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് ചെയ്ത വാഗ്ദാനം ശരിയായ നിലയില്‍ ഞങ്ങള്‍ എത്തിച്ചിരിക്കുന്നു". (അല്‍ ബിദായ: 7-12) 
ഘാലിദ് (റ) 
തങ്ങളുടെ എണ്ണക്കുറവും ബലഹീനതയും ശത്രുക്കളുടെ പണപ്പെരുപ്പവും ശക്തിയും അവരെ കുലുക്കിയിരുന്നില്ല. ഉടയ്ക്കാന്‍ കഴിയുന്ന കളിമണ്‍ കട്ടകളും കൊയ്യാന്‍ പാകമായ കൃഷിയിടങ്ങളുമായാണ് അവര്‍ ശത്രുക്കളെ കണ്ടിരുന്നത്. 
ഘാലിദ് (റ) ഇറാഖില്‍ നിന്നും റോമിനെ ലക്ഷ്യമിട്ടപ്പോള്‍ അറേബ്യന്‍ ക്രൈസ്തവരിലൊരാള്‍ പറഞ്ഞു. റോമക്കാരുടെ എണ്ണം വളരെ കൂടുതലാണ്. മുസ്ലിംകളുടെ എണ്ണം വളരെ കുറവുമാണ്. ഘാലിദ് (റ) പറഞ്ഞു: 'നിനക്ക് നാശം.! റോമക്കാരെക്കൊണ്ട് നീ എന്നെ ഭയപ്പെടുത്തുകയാണോ.? സഹായമാണ് സൈന്യത്തിന്‍റെ ആധിക്യം. പരാജയമാണ് അതിന്‍റെ എണ്ണക്കുറവ്. അല്ലാതെ ആളുകളുടെ എണ്ണമല്ല. അല്ലാഹുവില്‍ സത്യം.! എന്‍റെ കുതിര അശ്ഖറിന്‍റെ കുളമ്പ് രോഗം ഭേദപ്പെട്ടിരുന്നെങ്കില്‍ എന്ന് ഞാനാശിക്കുന്നു. (ഇറാഖില്‍നിന്നും വരുന്നതിനിടയില്‍ ആ കുതിരയുടെ കുളമ്പില്‍ ഒരു രോഗം ബാധിച്ചിരുന്നു.) 
രിബ്ഇയ്യുബ്നു ആമിര്‍ (റ) 
ദീനും, ദീനുമായി ബന്ധപ്പെട്ടവയുമായിരുന്നു അവര്‍ക്കേറ്റം പ്രിയങ്കരവും വലുതും. ദുന്‍യാവും അതിന്‍റെ അലങ്കാര-ആര്‍ഭാടങ്ങളും അവരുടെ മുമ്പില്‍ കേവലമായിരുന്നു. അതിന്‍റെ അടിമകളെ അവര്‍ക്ക് നിസ്സാരമാ യിരുന്നു. രാജാക്കന്മാരുടെ ജാഡകളേയും നേതാക്കന്മാരുടെ പൊങ്ങച്ചങ്ങളേയും സമ്പന്നരുടെ സുഖാഢംബരങ്ങളേയും അവര്‍ നോക്കിയത് കുട്ടികളുടെ കളി-വിനോദങ്ങളെയും ചപ്പുചവറുകള്‍ കുത്തിനിറച്ച പാവകളെയും പോലെയാണ്. 
ഖാദിസിയ്യ യുദ്ധത്തിന്‍റെ നായകന്‍ സഅദ് (റ) പേര്‍ഷ്യന്‍ പടയുടെ തേരാളിയായ റുസ്തമിന്‍റെ അരികിലേക്ക് രിബ്ഇയ്യുബ്നു ആമിറിനെ ദൂതനായി അയച്ചു. സ്വര്‍ണ്ണം പൂശിയ പരവതാനികള്‍ വിരിച്ച, ഉയര്‍ന്ന തരം തലയിണകള്‍ നിരത്തിയ, വില പിടിച്ച മുത്തുകള്‍ മിന്നിത്തിളങ്ങുന്ന കൊട്ടാരത്തിലേക്ക്, താഴ്ന്നതരം വസ്ത്രമണിഞ്ഞ്, വില കുറഞ്ഞ വാളും പരിചയും കുതിരയുമായി അദ്ദേഹം കടന്നു ചെന്നു. സുവര്‍ണ്ണ വിരിയുടെ അരികില്‍ കുതിര ചവുട്ടിയശേഷം അദ്ദേഹം കുതിരപ്പുറത്തു നിന്നും ഇറങ്ങി. ഒരു തൂണില്‍ അതിനെ ബന്ധിച്ചു. വാളും പരിചയും പിടിച്ച് പടത്തൊപ്പി അണിഞ്ഞ നിലയില്‍ മുന്നോട്ടു നീങ്ങി. പരിചാരകന്‍ വിളിച്ചു പറഞ്ഞു. "ആയുധങ്ങള്‍ താഴെ വെക്കുക." അദ്ദേഹം പറഞ്ഞു. "ഞാന്‍ സ്വയം വന്നതല്ല. നിങ്ങള്‍ വിളിച്ചിട്ട് വന്നതാണ്. ഒന്നുകില്‍ എന്നെ ഈ നിലയില്‍ വിടുക. അല്ലെങ്കില്‍ ഞാന്‍ മടങ്ങുകയാണ്." സ്വര്‍ണ്ണക്കട്ടിലില്‍ ഇരുന്ന റുസ്തം പറഞ്ഞു. അദ്ദേഹത്തെ വിടുക. പരവതാനിയില്‍ വാള്‍ കുത്തിക്കീറിക്കൊണ്ട് അദ്ദേഹം മുന്നോട്ട് ചെന്നു. അവര്‍ ചോദിച്ചു: "നിങ്ങള്‍ എന്തിനാണ് വന്നത്.?" അദ്ദേഹം പറഞ്ഞു: 
അല്ലാഹുവിന്‍റെ അടിമകളെ ആരാധിക്കുന്നതില്‍ നിന്നും അല്ലാഹുവിന്‍റെ അടിമത്വത്തിലേക്ക്, ദുന്‍യാ വിന്‍റെ ഞെരുക്കത്തില്‍ നിന്നും അതിന്‍റെ വിശാലതയിലേക്ക്, മതങ്ങളുടെ അക്രമത്തില്‍നിന്നും ഇസ്ലാമിന്‍റെ നീതിയിലേക്ക്, അല്ലാഹു ഉദ്ദേശിച്ചവരെ നയിക്കാന്‍ അല്ലാഹു ഞങ്ങളെ നിയോഗിച്ചിരിക്കുന്നു. അവന്‍റെ ദീനിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതിന് അതുമായി ഞങ്ങളെ അയച്ചിരിക്കുന്നു. ആരെങ്കിലും അതിനെ സ്വീകരിച്ചാല്‍ നാം അത് അംഗീകരിച്ച് അവരില്‍നിന്നും പിന്‍വാങ്ങും. ആരെങ്കിലും അതിനെ നിരാകരിച്ചാല്‍ അല്ലാഹുവിന്‍റെ വാഗ്ദാനം കണ്ടെത്തുന്നതുവരെ ഞങ്ങള്‍ അവരോട് അടരാടും." അവര്‍ ആരാഞ്ഞു: അല്ലാഹുവിന്‍റെ വാഗ്ദാനം എന്താണ്.? അദ്ദേഹം പറഞ്ഞു. ' 'നിഷേധികളോട് പോരാടി മരണം വരിച്ചവര്‍ക്ക് സ്വര്‍ഗ്ഗാരാമം. മരിക്കാത്തവര്‍ക്ക് വിജയ വൈജയന്തി." 
റുസ്തം പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് ഞാന്‍ കേട്ടു. നിങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് ഞങ്ങള്‍ക്കല്‍പ്പം സാവകാശം നല്‍കാമോ.? രിബ്ഇയ്യ്: എത്രദിവസം വേണം.? ഒന്നോ രണ്ടോ.? റുസ്തം: അല്ല, ഞങ്ങളുടെ നേതാക്കള്‍ക്ക് കത്തെഴുതി മറുപടി കിട്ടുന്നത് വരെ. രിബ്ഇയ്യ്: ശത്രുക്കളുമായി കണ്ടുമുട്ടിയാല്‍ മൂന്ന് ദിവസത്തിലധികം പിന്തിക്കാന്‍ ഞങ്ങളുടെ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ മൂന്നാലൊരു കാര്യം തിരഞ്ഞെടുത്തു കൊള്ളുക. റുസ്തം: താങ്കള്‍ അവരുടെ നായകനാണോ.? രിബ്ഇയ്യ്: 'അല്ല പക്ഷെ, മുസ്ലിംകള്‍ ഒറ്റ ശരീരം പോലെയാണ്. അവര്‍ പരസ്പരം സഹായികളാണ്". റുസ്തം തന്‍റെ സമൂഹ നായകരെ വിളിച്ചുകൂട്ടി ചോദിച്ചു. ഇദ്ദേഹത്തിന്‍റെ സംസാരത്തെക്കാള്‍ അന്തസ്സും അഭിമാനവും നിറഞ്ഞ മറ്റൊരു വാക്ക് നിങ്ങള്‍ കേട്ടിട്ടുണ്ടോ.? അവര്‍: അല്ലാഹു കാക്കട്ടെ, നിങ്ങള്‍ അങ്ങോട്ട് ചായുകയാണോ.? നിങ്ങളുടെ പൂര്‍വ്വമതത്തെ വിട്ട് ഈ പട്ടിയുടെ മതത്തിലേക്ക് പോവുകയാണോ.? അയാളുടെ വേഷം കണ്ടില്ലേ.? റുസ്തം: നിങ്ങള്‍ക്ക് നാശം.! വസ്ത്രത്തിലേക്കല്ല നോക്കേണ്ടത്. സംസാരത്തിലേക്കും ജീവിതത്തിലേക്കുമാണ് നോക്കേണ്ടത്. അറബികള്‍ വസ്ത്രങ്ങളിലും അന്നപാനീയങ്ങളിലും ലാളിത്യം കാട്ടുന്നവരാണ്. (അല്‍ ബിദായ വന്നിഹായ: 7: 39-40) 
മുഗീറതുബ്നു ശുഅ്ബ (റ) 
മറ്റൊരിക്കല്‍ മുഗീറതുബ്നു ശുഅ്ബ (റ) റുസ്തമിനെ കാണാന്‍ പോയപ്പോള്‍ റുസ്തമിന്‍റെ കട്ടിലില്‍ കയറി ഇരുന്നു. ഇതുകണ്ട് ദൂതര്‍ ഒച്ചപ്പാടുണ്ടാക്കിയപ്പോള്‍ മുഗീറ (റ) പറഞ്ഞു: "ഇവിടെ ഇരുന്നത് കൊണ്ട് എനിക്ക് ഒരു മഹത്വവും കൂടിയിട്ടില്ല. നിങ്ങളുടെ നേതാവിന്‍റെ മഹത്വമൊന്നും കുറഞ്ഞിട്ടുമില്ല". റുസ്തം പറഞ്ഞു: 'ഇദ്ദേഹം പറഞ്ഞത് ശരിയാണ്" (അല്‍ ബിദായ വന്നിഹായ : 7: 40) 
സ്വഹാബത്തിന്‍റെ സ്വഭാവ ശുദ്ധി 
സ്വഹാബികളുടെ സ്വഭാവ സമുന്നതിയും സമുല്‍കൃഷ്ട രീതികളും അവരുടെ വിജയ-മുന്നേറ്റത്തിന്‍റെ ഒരു പ്രധാന ഘടകമായിരുന്നു. അവര്‍ എങ്ങും എന്നും സ്വഭാവ രീതികളില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു. ഇതിലൂടെ ഇതരര്‍ അവരുമായി ഇണങ്ങിച്ചേര്‍ന്നു. വാളും വടിയും അമ്പും കുന്തവും പ്രയോഗിക്കുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് കീഴ്പ്പെട്ടിരുന്നു. അവര്‍ ലോകമഖിലം ജയിച്ച് മുന്നേറുമെന്നും മലക്കുകള്‍ക്കും മൃഗങ്ങള്‍ക്കുമിടയിലുള്ളത് പോലെ ഇവര്‍ക്കും അപരര്‍ക്കും ഇടയില്‍ വ്യത്യാസമുണ്ടെന്നും അവരെ അടുത്തറിഞ്ഞവരെല്ലാം സാക്ഷ്യം വഹിച്ചിരുന്നു. അബൂ ഇസ്ഹാഖ് പറയുന്നു: 
ഒരൊട്ടകത്തെ കറക്കുന്ന സമയത്തിനുള്ളില്‍ സ്വഹാബികള്‍ ശത്രുക്കളെ പരാജയപ്പെടുത്തിയിരുന്നു. പരാജിതരായി മടങ്ങി വന്ന റോമന്‍ സൈന്യത്തോട് ഹിര്‍ഖല്‍ ചോദിച്ചു: നിങ്ങള്‍ക്കെന്തു പറ്റി.? നിങ്ങള്‍ നേരിട്ടവര്‍ നിങ്ങളെ പോലുള്ള മനുഷ്യരല്ലേ.? അവര്‍: അതെ. ഹിര്‍ഖല്‍: എണ്ണത്തില്‍ നിങ്ങളാണോ അവരാണോ കൂടുതല്‍.? അവര്‍: 'എല്ലാ സ്ഥാനങ്ങളിലും ഞങ്ങളായിരുന്നു എണ്ണത്തില്‍ മുന്നില്‍". ഹിര്‍ഖല്‍: എങ്കില്‍ നിങ്ങളെന്തിനാണ് പിന്തിരിഞ്ഞോടിയത്.? പ്രധാനികളില്‍പ്പെട്ട ഒരു വയോധികന്‍ പറഞ്ഞു: 'അവര്‍ (സ്വഹാബികള്‍) ഇരവുകളില്‍ വിനയ-വണക്കങ്ങള്‍ നടത്തുന്നു. പകലുകളില്‍ നോമ്പനുഷ്ടിക്കുന്നു. കരാറുകള്‍ പാലിക്കുന്നു. നന്മ കല്പിക്കുന്നു. തിന്മ നിരോധിക്കുന്നു. അവര്‍ക്കിടയില്‍ നീതിയും ന്യായവും പുലര്‍ത്തുന്നു. നാമാകട്ടെ, മദ്യപാനം നടത്തുന്നു. വ്യഭിചരിക്കുന്നു. നിഷിദ്ധ കാര്യങ്ങള്‍ കാട്ടിക്കൂട്ടുന്നു. കരാര്‍ ലംഘിക്കുന്നു. കോപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നു. തിന്മ കല്‍പിക്കുന്നു. നന്മ തടയുന്നു. ഭൂമിയില്‍ നാശമുണ്ടാക്കുന്നു. ഇതാണ് അവരുടെ വിജയത്തിന്‍റെയും നമ്മുടെ പരാജയത്തിന്‍റെയും കാരണം". ഹിര്‍ഖല്‍ പറഞ്ഞു: 'താങ്കള്‍ പറഞ്ഞത് സത്യം തന്നെ". (അല്‍ബിദായ: 7: 15) 
മുസ്ലിംകളുടെ കൂട്ടത്തില്‍ തടവു പുള്ളിയായി കഴിഞ്ഞ ഒരാളോട്, മുസ്ലിംകളെ കുറിച്ച് ഹിര്‍ഖല്‍ ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: "അവര്‍ പകലില്‍ പടക്കുതിരകളും ഇരവില്‍ വിനയ-വണക്കങ്ങള്‍ നടത്തുന്നവരും, ആഹാരം പൈസ മുടക്കി കഴിക്കുന്നവരുമാണ്. സലാം പറയാതെ അവര്‍ എവിടെയും പ്രവേശിക്കാറില്ല. എതിരാളികള്‍ യുദ്ധം തുടങ്ങാതെ അവര്‍ യുദ്ധം തുടങ്ങാറില്ല". ഹിര്‍ഖല്‍ പറഞ്ഞു: 'നീ പറയുന്നത് സത്യമാണെങ്കില്‍ അവര്‍ ഞാനീ നില്‍ക്കുന്ന സ്ഥലം പിടിച്ചടക്കുക തന്നെ ചെയ്യും". 
റോമന്‍ സൈന്യത്തില്‍ പെട്ട ഒരാള്‍ ഒരു റോമന്‍ നേതാവിന് മുമ്പാകെ മുസ്ലിംകളെ വര്‍ണ്ണിച്ചതിങ്ങനെയാണ്. '...... അവരുടെ ഖുര്‍ആന്‍ പാരായണത്തിന്‍റെയും ദിക്റന്‍റെയും ശബ്ദം നിമിത്തം നിങ്ങള്‍ അടുത്തുള്ളയാളോട് എന്തെങ്കിലും പറഞ്ഞാല്‍ അയാള്‍ ഒന്നും മനസ്സിലാക്കുകയില്ല". റോമന്‍ നേതാവ് കൂട്ടുകാരോടായി പറഞ്ഞു: 'നിങ്ങള്‍ക്ക് നേരിടാന്‍ കഴിയാത്ത ഒരു ശക്തിയാണവര്‍". (അല്‍ ബിദായ: 7: 16) 
സ്വഹാബികളുടെ സ്വഭാവ രീതികള്‍ ശത്രുക്കളെ അവരുടെ മിത്രങ്ങളാക്കി. എന്തിനേറെ, തങ്ങളുടെ കൂട്ടത്തിലുള്ളവരെക്കാള്‍ അവര്‍ മുസ്ലിംകള്‍ക്ക് സ്ഥാനം നല്‍കുകയും അവരുടെ വിജയം ആഗ്രഹിക്കുകയും ശത്രുക്കളെ നേരിടുകയും ചെയ്തിരുന്നു. ഫുതൂഹുല്‍ ബുല്‍ദാനില്‍ ബലാദുരി ഉദ്ധരിക്കുന്നു: 
'മുസ്ലിംകളെ നേരിടാന്‍ ഹിര്‍ഖല്‍ വന്‍ സൈന്യവുമായി യര്‍മൂഖിലേക്ക് വരുന്നുണ്ടെന്ന വിവരം മുസ്ലിംകള്‍ അറിഞ്ഞപ്പോള്‍ അവര്‍ ഹിമ്മസ്വ് കാരില്‍ നിന്നും വാങ്ങിയിരുന്ന കപ്പം തിരികെ നല്‍കിക്കൊണ്ട് പറഞ്ഞു: 'നിങ്ങളില്‍ നിന്നും ഞങ്ങള്‍ വാങ്ങിയിരുന്ന കപ്പം ഞങ്ങളിതാ തിരികെ നല്‍കുന്നു. ഇനി നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ നോക്കുക". ഹിമ്മസ്വ് നിവാസികള്‍ പറഞ്ഞു: "നിങ്ങളുടെ ഭരണവും നീതി നിഷ്ഠയുമാണ് ഞങ്ങള്‍ക്കേറ്റം പ്രിയങ്കരം. ഹിര്‍ഖലിന്‍റെ സൈന്യത്തെ നിങ്ങളോടൊപ്പം ഞങ്ങളും നേരിടാം. യഹൂദ-ക്രൈസ്തവരായ അന്നാട്ടുകാര്‍ അങ്ങനെ തന്നെ ചെയ്തു. അവര്‍ നഗര കവാടങ്ങള്‍ അടച്ച് അതിന് കാവല്‍ നിന്നു. അവര്‍ പറഞ്ഞു: "മുസ്ലിംകള്‍ക്ക് മുമ്പ് ഞങ്ങള്‍ വലിയ മര്‍ദ്ദന-പീഢനങ്ങളിലായിരുന്നു. റോമക്കാര്‍ ഇപ്പോള്‍ മുസ്ലിംകളെ പരാജയപ്പെടുത്തിയാല്‍ നമ്മുടെ പഴയ അവസ്ഥ മടങ്ങി വരും" അങ്ങനെ, അല്ലാഹു അവിശ്വാസികളെ പരാജയപ്പെടുത്തുകയും മുസ്ലിംകളെ വിജയിപ്പിക്കുകയും ചെയ്തപ്പോള്‍ അവര്‍ നഗര കവാടങ്ങള്‍ തുറന്ന് ആഹ്ളാദപൂര്‍വ്വം മുസ്ലിംകളെ എതിരേല്‍ക്കുകയും മുസ്ലിംകള്‍ക്ക് കപ്പം കൊടുത്തു കഴിഞ്ഞ് കൂടുകയും ചെയ്തു". 
മുസ്ലിംകള്‍, ഇസ്ലാമിനെ അവഗണിച്ചപ്പോള്‍... 
കാലഘട്ടം മുന്നോട്ട് കുതിച്ചു. മുസ്ലിംകളുടെ മനസ്സുകള്‍ മരവിച്ചു. "നന്മ ഉപദേശിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യുന്നതിലൂടെ മാനവരാശിക്ക് നന്മ പകരാന്‍ നിയോഗിക്കപ്പെട്ട സമുന്നത സമുദായമാണ് നിങ്ങള്‍.!' എന്ന വിശുദ്ധ വാക്യം അവര്‍ മറന്നു. സൃഷ്ടികളെ ആരാധിക്കുന്നതില്‍ നിന്നും സ്രഷ്ടാവിനെ ആരാധിക്കുന്നതിലേക്ക് മാനവരാശിയെ നയിക്കാന്‍ വേണ്ടിയാണ് മുന്‍ഗാമികള്‍ തങ്ങളുടെ നാടും വീടും വിട്ടിറങ്ങിയതെന്ന് അവര്‍ ഓര്‍ത്തില്ല. അവര്‍ മനുഷ്യര്‍ പടച്ചുണ്ടാക്കിയ രീതിയില്‍ ജനങ്ങളെ ഭരിക്കാന്‍ തുടങ്ങി. നബിയെ അംഗീകരിക്കാത്ത, ഇലാഹീ സന്ദേശത്തില്‍ വിശ്വാസമില്ലാത്ത, പരലോകത്തെക്കുറിച്ച് ഭയവും വിചാരണ യെക്കുറിച്ച് വിചാരവും ഇല്ലാത്ത, സര്‍വ്വ തന്ത്ര സ്വതന്ത്രമായ ജീവിതം അവര്‍ തെരഞ്ഞെടുത്തു. ഇന്നലെ അവര്‍ നേരിട്ട ജാഹിലിയ്യാ സന്തതികളുടെ നാഗരിക-സാമൂഹ്യ-രാഷ്ട്രീയ-സ്വഭാവ-ജീവിത രീതികള്‍ അവര്‍ അനുകരിച്ചു. തീറ്റിയും, കുടിയും സുഖഭോഗവുമല്ലാതെ മറ്റൊരു ചിന്തയും അവര്‍ക്കില്ലാതായി. അവരുടെ രാജാക്കന്മാരും നേതാക്കന്മാരും ഫിര്‍ഔന്മാരോടും, സമ്പന്നര്‍ സുഖലോലുപന്മാരോടും സദൃശ്യരായി. അധികാരങ്ങള്‍ക്ക് വേണ്ടിയുള്ള അസൂയ, വൈരാഗ്യം, മാത്സര്യം, ഭൗതിക വിഭാഗങ്ങളിലുള്ള ആശ-ആര്‍ത്തി, സുഖഭോഗങ്ങളില്‍ ആണ്ടിറങ്ങല്‍, ആഘിറത്തെ അവഗണിക്കല്‍, പരസ്പരം രക്തം ചിന്തല്‍, അഭിമാനത്തിന് ക്ഷതമുണ്ടാക്കല്‍, അവകാശ ധ്വംസനം, വാഗ്ദാന ലംഘനം, അല്ലാഹുവിന്‍റെ നിയമങ്ങള്‍ തിരസ്കരിക്കല്‍, അക്രമത്തെ അനുകൂലിക്കല്‍, അല്ലാഹു നല്‍കിയ ധനം ധൂര്‍ത്തടിക്കല്‍, നികൃഷ്ടതകള്‍ പരത്തല്‍, പുത്തന്‍ കുറ്റങ്ങള്‍ ഉണ്ടാക്കല്‍... ഇങ്ങിനെ മഹാ പാപങ്ങളും തിന്മകളും അവര്‍ക്കിടയില്‍ തഴച്ച് വളര്‍ന്നു. 
ഇത്തരുണത്തില്‍ പ്രവിശാലമായ ഭരണകൂടവും സര്‍വ്വസജ്ജരായ സൈന്യവും നിറഞ്ഞ് കവിഞ്ഞ ഖജനാവും ഉണ്ടായിരുന്നിട്ടും ജനങ്ങള്‍ക്ക് മുസ്ലിംകളോടുള്ള ആദരവും ഭയവും കുറഞ്ഞു. യസീദുബ്നു അബ്ദുല്‍ മലികിന്‍റെ ദൂതന്മാര്‍ കപ്പം പിരിക്കാനായി സിജിസ്ഥാനില്‍ വന്നപ്പോള്‍ അവിടുത്തെ രാജാവ് റത്ബീല്‍ ചോദിച്ചു:നമസ്കാരത്തിന്‍റെ കാരണത്താല്‍ മുഖം കറുത്ത, വയറൊട്ടിയ, താഴ്ന്ന ചെരുപ്പുകള്‍ ധരിച്ച കുറെ ആളുകളാണ് മുമ്പ് വന്നിരുന്നത്. അവര്‍ക്കെന്ത് പറ്റി.? ദൂതന്മാര്‍ പറഞ്ഞു: "അവര്‍ മരിച്ചു പോയി." രാജാവ് പറഞ്ഞു: 'മുഖസൗന്ദര്യത്തില്‍ നിങ്ങള്‍ അവരെക്കാളും സുമുഖരാണെങ്കിലും അവര്‍ നിങ്ങളെക്കാള്‍ വാഗ്ദത്ത പാലകരും അചഞ്ചല മാനസരുമായിരുന്നു". (ഫുതുഹുല്‍ ബുല്‍ദാന്‍: 401) 
ഹിജ്റ രണ്ടാം ശതകത്തിലെ അവസ്ഥ ഇതാണെങ്കില്‍ തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലെ അവസ്ഥയെന്തായി രിക്കും.? അതെ, മേല്‍പറഞ്ഞ അപകട കാര്യങ്ങള്‍ അധികരിച്ച് കൊണ്ടിരുന്നു. ഭൂമിയില്‍ നന്മ വളര്‍ത്തിയ ശേഷം മുസ്ലിംകള്‍ അതിനെ നശിപ്പിച്ചു. അല്ലാഹുവിന്‍റെ താപ-കോപങ്ങള്‍ അവര്‍ വിളിച്ചു വരുത്തി. 
അങ്ങനെ അല്ലാഹു കോപിച്ചു. മുസ്ലിംകള്‍ ഇസ്ലാമിക നാമം വഹിക്കുകയും അങ്ങിങ്ങായി സജ്ജനങ്ങള്‍ സുകൃതങ്ങളില്‍ മുഴുകുകയും ചില ദീനീ ചിഹ്നങ്ങളും ആരാധനാ കാര്യങ്ങളും നില നില്‍ക്കുകയും ചെയ്തിരുന്നെങ്കിലും അല്ലാഹു കടുത്ത മാനസരായ ഒരു കൂട്ടം മനുഷ്യരെ മുസ്ലിംകള്‍ക്കെതിരില്‍ അഴിച്ചു വിട്ടു. മംഗോളിയര്‍, താര്‍ത്താരികള്‍. വിവരവും വിവേകവും തൊട്ടു തീണ്ടിയിട്ടില്ലാത്ത അവര്‍ മുസ്ലിംകളിലേക്ക് വാളോങ്ങി. അവരുടെ രക്തപ്പുഴകള്‍ ഒഴുക്കി. തലയോട്ടികള്‍ കൂട്ടിയിട്ടുരസി. ഒരു ക്രൂരതയും അവര്‍ ബാക്കി വെച്ചില്ല. മുസ്ലിംകളുടെ മനസ്സുകളില്‍ ഭയവും ഭീരുത്വവും ഇരച്ചുകയറി. താര്‍ത്താരികള്‍ പരാജയപ്പെട്ടു എന്ന വാക്ക് തന്നെ അവര്‍ക്ക് അവിശ്വസനീയമായി. 
അല്ലാമാ ഇബ്നുല്‍ അസീര്‍ പറയുന്നു. "താര്‍ത്താരികള്‍ തോറ്റു എന്നാരെങ്കിലും പറഞ്ഞാല്‍ നീ വിശ്വസിക്കരുത്' എന്ന് ചില പ്രധാനികള്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ജനങ്ങളുടെ മനസ്സില്‍ ഭീരുത്വം പടര്‍ന്നു പിടിച്ചു. താര്‍ത്താരികളിലെ ഒരാള്‍ ഒരു സംഘം മുസ്ലിംകളെ ഒറ്റക്ക് കൊല ചെയ്തിരുന്നു. ഒരു താര്‍ത്താരി സ്ത്രീ ഒരു വീട്ടില്‍ കയറി അതിലെ മുഴുവന്‍ അംഗങ്ങളേയും വക വരുത്തി. ഒരു താര്‍ത്താരി നൂറുകണക്കിന് മുസ്ലിംകളുള്ള ഒരു പ്രദേശത്ത് കയറി. അതിലൊരാളെ പോലും അയാള്‍ ബാക്കി വെച്ചില്ല. ഒരു താര്‍ത്താരി ഒരു മുസ്ലിമിനെ പിടികൂടി. കൊല്ലാന്‍ സാധനമൊന്നും കയ്യില്‍ ഇല്ലാത്തതിനാല്‍ അയാള്‍ പറഞ്ഞു. "നീ നിന്‍റെ തല ഈ പാറയില്‍ താഴ്ത്തി വെക്കുക. അനങ്ങിപ്പോകരുത്." താര്‍ത്താരി ദൂരെപ്പോയി വാള്‍ എടുത്ത് കൊണ്ട് വന്ന് കൊലപ്പെടുത്തുന്നത് വരെ ആ മുസ്ലിം തല ഉയര്‍ത്തിയില്ല"... ഇബ്നു അസീര്‍ പറയുന്നു: "ഇത്തരം ഉദാഹരണങ്ങള്‍ അനവധിയാണ്" 
ഈ മഹാ ദുരന്തത്തിന്‍റെ വിവരണം നടത്തുന്നതിന് മുമ്പ് അല്ലാമാ ഇബ്നു അസീര്‍ (റ) കുറിച്ച വാചകങ്ങള്‍ ശ്രദ്ധിക്കുക: "കുറെ വര്‍ഷങ്ങളോളം ഈ സംഭവങ്ങള്‍ വിവരിക്കുന്നതില്‍ നിന്നും ഞാന്‍ മടിച്ചു നിന്നു. അവയുടെ വ്യാപകത്വവും അവയോട് എനിക്കുള്ള വെറുപ്പമായിരുന്നു കാരണം. ഇപ്പോഴും അതിന് മുതിരാന്‍ എനിക്ക് മടിയുണ്ട്. ഇസ്ലാമിന്‍റെയും മുസ്ലിമിന്‍റെയും ചരമഗാനമാലപിക്കാന്‍ ആര്‍ക്കാണ് കഴിയുക.? ആ കഥ പറയല്‍ എളുപ്പമായി തോന്നുന്നത് ആര്‍ക്കാണ്".? ഹാ കഷ്ടം, എന്‍റെ മാതാവ് എനിക്ക് ജന്മം തന്നില്ലായിരുന്നുവെങ്കില്‍.! ഞാന്‍ വിസ്മൃതനായിരുന്നുവെങ്കില്‍.! പല സുഹൃത്തുക്കളും ഇതിനുമുമ്പ് എന്നെ ഇതിന് നിര്‍ബന്ധിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അതിന് തയ്യാറാകാതെ ഞാന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍, അതുകൊണ്ട് യാതൊരു ഗുണവുമില്ലെന്ന് എനിക്ക് തോന്നുന്നു. ഗതകാലത്ത് ഒരിക്കലും സംഭവിക്കാത്ത അതിഭീകരവും അത്യത്ഭുതകരവുമായ സംഭവങ്ങള്‍ ഞാന്‍ വിവരിക്കേണ്ടിയിരിക്കുന്നു. മുഴുവന്‍ മനുഷ്യരുടെ മേലും വിശിഷ്യാ, മുസ്ലിംകളുടെ മേല്‍ വന്നു പതിച്ച ഒരു അത്യാഹിതമാണ്. ആദം (അ)യുടെ സൃഷ്ടിപ്പിന് ശേഷം അത്തരമൊരു അത്യാഹിതം സംഭവിച്ചിട്ടില്ല. ബുഘ്തുനസ്ര്‍, ബനൂ ഇസ്റാഈലികളെ വധിച്ചതും ജൂത ദേവാലയം നശിപ്പിച്ചതുമാണ് ഏറ്റം വലിയ അത്യാഹിതങ്ങളിലൊന്ന്. പക്ഷെ, ഈ ശപിക്കപ്പെട്ടവര്‍ നശിപ്പിച്ച രാജ്യങ്ങളെവിടെ.? ജറൂസലം എവിടെ.? ഇവര്‍ നശിപ്പിച്ച ഓരോ രാജ്യങ്ങളും ജറൂസലമിനെക്കാള്‍ വലുതാണ്. താര്‍ത്താരികള്‍ നശിപ്പിച്ച ഒരൊറ്റ നഗരത്തില്‍ തന്നെ ബനൂ ഇസ്റാഈലികളെക്കാള്‍ അധികം ജനങ്ങള്‍ വസിച്ചിരുന്നു. ഇനിയൊരിക്കലും ലോകം ഇത്തരമൊരു അത്യാഹിതം കാണുകയില്ലെന്നു നാം പ്രത്യാശിക്കുക." (അല്‍ കാമില്‍ : 12-147,148) 
എന്നാല്‍ ഇത്തരം മഹാദുരന്തങ്ങളും മുസ്ലിംകളെ ഉണര്‍ത്താന്‍ പര്യാപ്തമായില്ല. അവര്‍ ലഹരിയില്‍നിന്നും തല ഉയര്‍ത്തിയില്ല. തെറ്റുകള്‍ തിരുത്തിയില്ല. അല്ലാഹുവിന്‍റെ വാചകങ്ങള്‍ അവരില്‍ പുലര്‍ന്നു; നബിയേ, താങ്കളുടെ ജീവനാണേ സത്യം.! അവരുടെ ലഹരിയില്‍ അവര്‍ അന്ധമായി ഉഴലുകയാണ്. (ഹിജ്ര്‍ 72) 
'നമ്മുടെ ശിക്ഷ അവരില്‍ എത്തിച്ചേര്‍ന്നപ്പോള്‍ എന്തുകൊണ്ട് അവര്‍ എളിമയുള്ളവരായില്ല.?' പക്ഷെ, അവരുടെ ഹൃദയങ്ങള്‍ കടുത്തു. അവരുടെ ദുഷ്കര്‍മ്മങ്ങള്‍ പിശാച് അവര്‍ക്ക് ആകര്‍ഷകമാക്കിക്കാട്ടി. (അന്‍ആം: 43)" ശിക്ഷകൊണ്ട് അവരെ നാം പിടികൂടിയിട്ടുണ്ട്. എന്നാല്‍ അവരുടെ നാഥനോട് അവര്‍ എളിമ കാട്ടുന്നില്ല. വിളിച്ചു കേഴുന്നുമില്ല." (മുഅ്മിനൂന്‍: 76) മുസ്ലിംകള്‍ അശ്രദ്ധയിലും അവഗണനയിലും കളി-തമാശകളിലും മുഴുകിക്കൊണ്ടിരുന്നു. ഇബ്നു അസീര്‍ തന്നെ പറയട്ടെ: 
"മുസ്ലിം രാജാക്കന്മാരിലാരിലും ദീനീ ജിഹാദിലും സേവന-സഹായങ്ങളിലും ആഗ്രഹാവേശം ഉള്ളതാ യി കാണാന്‍ കഴിയില്ല. എല്ലാവരും കളി-തമാശകളിലും ഭരണീയരെ പീഢിപ്പിക്കുന്നതിലും വ്യാപൃതരാണ്. എന്‍റെയടുക്കല്‍ ശത്രുഭീഷണിയെക്കാള്‍ അപകടം നിറഞ്ഞതാണ് ഈ അവസ്ഥാവിശേഷം. അല്ലാഹു അറിയിക്കുന്നു: "നിങ്ങള്‍ പരീക്ഷണത്തെ സൂക്ഷിക്കുക. അത് നിങ്ങളിലുള്ള അക്രമിയെ മാത്രം പിടികൂടുകയില്ല." (അന്‍ഫാല്‍: 25) 
ഇവിടെ ഒരു വസ്തുത അനുവാചകര്‍ ഗ്രഹിക്കുകയും ഗുണപാഠം ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. ഈ ഭയാനകമായ അവസ്ഥാന്തരീക്ഷത്തിനിടയില്‍ മുസ്ലിംകള്‍ ലഹരിയുടെ മയക്കത്തില്‍നിന്നും ഉണര്‍ന്നെഴുന്നേല്‍ക്കുകയും, കാര്യങ്ങള്‍ നേരെയാക്കുകയും, രോഗം ചികില്‍സിക്കുകയും, ശത്രുവിനെതിരില്‍ അണി നിരക്കുകയും ഇലാഹീ സഹായങ്ങള്‍ വഹിക്കാനുപയുക്തമായ വഴികളിലൂടെ നീങ്ങുകയും ചെയ്തപ്പോഴെല്ലാം താര്‍ത്താരികള്‍ തോറ്റ് മുട്ട് മടക്കുകയുണ്ടായി. ജലാലുദ്ദീന്‍ ഘവാറസം രാജാവ് മൂന്നു പ്രാവശ്യവും, ളാഹിര്‍ രാജാവ് പല പ്രാവശ്യവും, ഈജിപ്തിലെ നാസിര്‍ രാജാവ് ഒരു പ്രാവശ്യവും അവരെ പരാജയപ്പെടുത്തി. ഐന്‍ ജാലൂത്ത് എന്ന സ്ഥലത്ത് നടന്ന പോരാട്ടത്തെക്കുറിച്ച് അല്ലാമാ സുയൂഥി രേഖപ്പെടുത്തുന്നു. "ഇവിടെ താര്‍ത്താരികള്‍ നാശകരമായ പരാജയം ഏറ്റുവാങ്ങി. മുസ്ലിംകള്‍ ജയിച്ചുയര്‍ന്നു. അല്‍ഹംദുലില്ലാഹ്... താര്‍ത്താരികളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ പിന്തിരിഞ്ഞോടി. മുസ്ലിംകള്‍ അവരെ പിന്തുടര്‍ന്ന് പ്രഥനങ്ങള്‍ കരസ്ഥമാക്കി." (താരീഘുല്‍ ഘുലഫാഅ്) 
മുസ്ലിം അവസ്ഥ അന്തിമ ശതകങ്ങളില്‍.! 
മുസ്ലിംകളുടെ ബലഹീനത അധികരിച്ചുകൊണ്ടിരുന്നു. നാളുകള്‍ കഴിയുന്തോറും അധഃപതനത്തിന് ആഴം കൂടി. പ്രശ്നങ്ങളും പ്രയാസങ്ങളും പരന്നു. അങ്ങനെ ഹിജ്രി പതിനാലാം ശതകത്തിന്‍റെ തുടക്കത്തോടെ രക്തവും ആത്മാവുമില്ലാത്ത ഉള്ള് പൊള്ളയായ ഒരു സമൂഹമായി മുസ്ലിംകള്‍ മാറി. ദ്വാരങ്ങള്‍ നിറഞ്ഞ മരക്കഷണങ്ങള്‍കൊണ്ട് നിര്‍മ്മിച്ച ഒരു പടുകൂറ്റന്‍ കോട്ട പോലെ. ദൂരത്തുനിന്നു നോക്കിയാല്‍ ഭയങ്കരമായി തോ ന്നും. പക്ഷെ അതുകൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവുമില്ല. അവരുടെ സമ്പല്‍ സമൃദ്ധമായ നാടുകള്‍ ക ള്ളന്മാര്‍ക്കെല്ലാം കൊള്ളയടിക്കാനും അക്രമികള്‍ക്കെല്ലാം അക്രമിക്കാനും തീറ്റക്കൊതിയന്മാര്‍ക്കെല്ലാം തിന്ന് സുഖിക്കാനും വകയായി. തിരു നബി (സ്വല്ലല്ലല്ലാഹു അലൈഹിവസല്ലം) യുടെ വചനങ്ങള്‍ പുലര്‍ന്നു; ഭക്ഷിക്കുന്നവന്‍ പാത്രത്തിലേക്ക് പരസ്പരം ക്ഷണിക്കുന്നതുപോലെ ലോക സമൂഹങ്ങള്‍ നിങ്ങള്‍ക്കെരില്‍ പരസ്പരം ക്ഷണിക്കുന്നതാണ്. ഒരാള്‍ ചോദിച്ചു. റസൂലുല്ലാഹ്, ഞങ്ങള്‍ അന്ന് എണ്ണത്തില്‍ കുറവായിരിക്കുമോ.? തങ്ങള്‍ (സ്വല്ലല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ല, നിങ്ങള്‍ എണ്ണത്തില്‍ കൂടുതലായിരിക്കും . പക്ഷെ, നിങ്ങള്‍ അന്ന് മലവെള്ളപ്പാച്ചിലിലെ ചണ്ടികളെ പോലെയായിരിക്കും. നിങ്ങളുടെ ശത്രുക്കളുടെ മനസ്സുകളില്‍ നിന്നും നിങ്ങളെ കുറിച്ചുള്ള ഭയം അല്ലാഹു നീക്കം ചെയ്യുകയും നിങ്ങളുടെ മനസ്സില്‍ "വഹ്ന്‍' ഇടുകയും ചെയ്യും. ഒരാള്‍ ചോദിച്ചു. ''വഹ്ന്‍" എന്നു പറഞ്ഞാല്‍ എന്താണ് റസൂലേ,! തിരുമേനി (സ്വല്ലല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "ദുന്‍യാവിനോടുള്ള സ്നേഹവും മരണത്തെക്കുറിച്ചുള്ള വെറുപ്പും" (അബൂദാവൂദ്) 
മുസ്ലിംകള്‍ ഈ നിലയില്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കവേ കൃസ്താബ്ദം പതിനെട്ടാം നൂറ്റാണ്ടില്‍ അവരെ ഒരു സമൂഹം കീഴടക്കി. വിവരം കെട്ടവരും സംസ്കാര സമ്പന്നരും കിരാതരും വസ്ത്രമണിഞ്ഞവരും നഗ്നരുമായ ക്രൈസ്തവ യൂറോപ്പ്.! (അവരുടെ ചരിത്രവും പ്രകൃതി രീതിയും മനസ്സിലാക്കിയവരെല്ലാം വൈരുദ്ധ്യാത്മകമായ ഈ വിശേഷണങ്ങള്‍ അവരിലുണ്ടെന്ന് സമ്മതിക്കാതിരിക്കില്ല). മുസ്ലിംകള്‍ അവര്‍ക്ക് തങ്ങളുടെ രാഷ്ട്രത്തിന്‍റെ താക്കോലുകള്‍ നല്‍കി. അവര്‍ക്ക് വേണ്ടി ലോക നായകത്വത്തില്‍ നിന്നും പിന്‍വാങ്ങി. മുസ്ലിംകളിലെ സ്വഭാവ മേഖല പാടെ തകര്‍ന്നു. എന്തിനേറെ സമൂഹത്തെ വഞ്ചിക്കുകയും കുറഞ്ഞ വിലയ്ക്ക് തങ്ങളുടെ നാട് വില്‍ക്കുന്നവരും ആജന്മ ശത്രുക്കള്‍ക്ക് തങ്ങളുടെ നാട് തുറന്ന് കൊടുക്കുന്നവരും മുസ്ലിംകളിലുണ്ടായി. 
പാശ്ചാത്യരുടെ ഈ ആക്രമണം പൗരസ്ത്യരായ താര്‍ത്താരികളുടെ ആക്രമണത്തെക്കാള്‍ കനത്ത ആഘാതങ്ങള്‍ സൃഷ്ടിച്ചു. ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ ഉളവാക്കി. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കൊടുങ്കാറ്റുകള്‍ ആഞ്ഞു വീശിയിട്ടും അണയാതെ കിടന്ന കനല്‍ക്കട്ടകള്‍ കൂടി അണഞ്ഞമരാന്‍ തുടങ്ങി. 
മുസ്ലിംകളില്‍ പാശ്ചാത്യര്‍ പരത്തിയ മാരക രോഗങ്ങള്‍.! 
മുസ്ലിം മനസ്സുകളില്‍ മറഞ്ഞു കിടക്കുന്ന ശക്തിയുടെ ഉറവിടത്തെക്കുറിച്ച് പാശ്ചാത്യ ബുദ്ധിജീവികള്‍ കൂലങ്കഷമായി ചിന്തിച്ചു. മുസ്ലിം ശക്തിയുടെ യഥാര്‍ത്ഥ ഉറവിടം അവരില്‍ അലിഞ്ഞു ചേര്‍ന്ന 'ഈമാന്‍' മാത്രമാണെന്ന് അവര്‍ കണ്ടെത്തി. ഗതകാലങ്ങളില്‍ മുസ്ലിംകളിലൂടെ പ്രകടമായ അത്ഭുതവും അസാധാരണവുമായ വിജയ-മുന്നേറ്റങ്ങളുടെ പ്രധാന കാരണം ഈമാനാണെന്നവര്‍ മനസ്സിലാക്കി. അങ്ങനെ ഈ ഈമാനിനെ തുടച്ചു നീക്കാന്‍ അവര്‍ രണ്ടു ശത്രുക്കളെ മുസ്ലിംകള്‍ക്കിടയില്‍ അഴിച്ചു വിട്ടു. മംഗോളിയരേയും താര്‍ത്താരികളേയുംകാള്‍ അപകടവും ഉപദ്രവവും നിറഞ്ഞതായിരുന്നു ആ രണ്ട് ശത്രുക്കള്‍. ഒന്ന്: ദീനീ കാര്യങ്ങളില്‍ സംശയം. ബലഹീനതയും ഭീരുത്വവും പടര്‍ത്താന്‍ ഏറ്റവും ശക്തമായ ആയുധമാണിത്. രണ്ട്: അപകര്‍ഷതാബോധം. അഥവാ മുസ്ലിംകള്‍ നിന്ദ്യരും കേവലരുമാണെന്ന വിചാരം. ദീനുമായി ബന്ധമുള്ള സര്‍വ്വ കാര്യങ്ങളോടും നീരസവും വെറുപ്പും. സര്‍വ്വ കാര്യങ്ങളിലും യൂറോപ്പ്യന്മാര്‍ മികച്ചവരും നന്മ നിറഞ്ഞവരും. ജീവിതത്തിന്‍റെ സര്‍വ്വ മേഖലകളിലും അവര്‍ അന്യൂനരും സമ്പൂര്‍ണ്ണരുമാണെന്ന ധാരണ. അവര്‍ ഒരിക്കലും പരാജയപ്പെടുകയും തകരുകയുമില്ലെന്ന വിശ്വാസം. ഈ അപകര്‍ഷതാബോധം ഒരു സമൂഹത്തിന്‍റെ അകതാരില്‍ ആഴ്ന്നിറങ്ങിയാല്‍ അവര്‍ ചത്ത ശവങ്ങളാണ്. അവര്‍ ചാടുകയും ഓടുകയും തിന്നുകയും കുടിക്കുകയും രസിക്കുകയും ചെയ്യുന്നതായി കാണപ്പെട്ടാലും ശരി.! 
ഭൗതിക പ്രേമവും പൂജയും.! 
പാശ്ചാത്യര്‍ പരത്തിയ ഈ മാരക രോഗങ്ങള്‍ മുസ്ലിംകളില്‍ കനത്ത നാശ-നഷ്ടങ്ങളുണ്ടാക്കി. അവര്‍ ഭൗതികതയെ പ്രേമിക്കാനും പൂജിക്കാനും തുടങ്ങി. ക്ഷണികവും നശ്വരവുമായ പ്രയോജനങ്ങളുടെ പിന്നാലെ അവര്‍ പാഞ്ഞു. വ്യക്തി താല്പര്യങ്ങള്‍ക്കും ഭൗതിക ലാഭങ്ങള്‍ക്കും സദാചാര-സല്‍സ്വഭാവങ്ങളെക്കാള്‍ സ്ഥാനം നല്‍കി. അങ്ങിനെ, അല്ലാഹുവിന്‍റെ പാതയില്‍ ത്യാഗ പരിശ്രമങ്ങള്‍ നടത്തുക, പ്രയാസ-പ്രശ്നങ്ങള്‍ വഹിക്കുക, കയ്പേറിയ അനുഭവങ്ങള്‍ കടിച്ചിറക്കുക, ശരിയായ ലക്ഷ്യത്തിനും സമുന്നതമായ ആദര്‍ശത്തിനും വേണ്ടി അപകട-പ്രതിസന്ധികളെ തൃണവല്‍ഗണിക്കുക എന്നീ ഗുണങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെട്ടു. 
ഇസ്ലാമിക ചരിത്രം കണ്ട ഏററം ദുഷിച്ച സമൂഹം.! 
ഇവയുടെയെല്ലാം ഫലമായി മുസ്ലിംകള്‍ക്കിടയില്‍ ഒരു വിഭാഗം പ്രത്യക്ഷപ്പെട്ടു. ബുദ്ധി പ്രകാശിക്കുന്നവര്‍. പക്ഷെ ആത്മാവ് ഇരുണ്ടവര്‍. മനസ്സ് പൊള്ളയായവര്‍ വിശ്വാസം. ദുര്‍ബലപ്പെട്ടവര്‍, ദീനില്ലാത്തവര്‍, ക്ഷമയും സ്ഥിരചിത്തതയും കുറഞ്ഞവര്‍, ഉദ്ദേശ-ലക്ഷ്യങ്ങളില്‍ തരം താണവര്‍, ദുന്‍യാവിനു വേണ്ടി ദീനിനെയും നശ്വരതയ്ക്ക് വേണ്ടി അനശ്വരതയെയും വ്യക്തി താല്പര്യങ്ങള്‍ക്കും അന്തസ്സിനും സ്ഥാനമാനങ്ങള്‍ വേണ്ടി സ്വന്തം സമുദായത്തെയും വില്‍ക്കുന്നവര്‍, സ്വന്തം സമൂഹത്തെ വിശ്വാസമില്ലാത്തവര്‍, അന്യരെ അധികമായി ആശ്രയിക്കുന്നവര്‍. 
പാശ്ചാത്യര്‍ക്ക് പക്ഷം പിടിച്ചുകൊണ്ട് ഇക്കൂട്ടര്‍ മുസ്ലിംകള്‍ക്കിടയില്‍ ഭീരുത്വവും കഴിവുകേടും പരത്തി. ആദ്യം അല്ലാഹുവിങ്കലും, ശേഷം സ്വന്തം വ്യക്തിത്വത്തിലും ആശ്രയിക്കുന്നതില്‍ നിന്നും മറ്റുള്ളവരെ ആശ്രയിക്കുന്നതിലേക്കും, വിപല്‍ ഘട്ടങ്ങളില്‍ അവരോട് താണുകേണ് ഇരക്കുന്നതിലേക്കും മുസ്ലിംകളെ അവര്‍ തിരിച്ചു വിട്ടു. മുസ്ലിം മനസ്സുകളില്‍ കിടന്നിരുന്ന ജിഹാദിന്‍റെയും ദീനീ രോഷത്തിന്‍റെയും തീനാളങ്ങള്‍ തല്ലിക്കെടുത്തി. തല്‍സ്ഥാനത്ത് രോഗങ്ങള്‍ നിറഞ്ഞ ദേശീയതയെയും ബലഹീനമായ സാമുദായികതയെയും എണ്ണയൊഴിച്ച് ആളിക്കത്തിച്ചു. മുന്‍ഗാമികളെ അവരുടെ കിടക്കകളില്‍ നിന്നും തട്ടിയുണര്‍ത്തി ലോകത്തിന്‍റെ നാനാഭാഗത്തേക്കും കുതിപ്പിക്കുകയും ബുദ്ധിക്കും വിജ്ഞാനത്തിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് ചെയ്ത് തീര്‍ക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ അവരെ കൊണ്ട് നാളുകള്‍ക്കകം ചെയ്യിപ്പിക്കുകയും ചെയ്ത, തത്വജ്ഞാനം നിറഞ്ഞ ഭ്രാന്തിന്' പകരം രോഗങ്ങള്‍ നിറഞ്ഞ "വിവേക" ത്തിന് അവര്‍ സ്ഥാനം നല്‍കി. 
വിശ്വാസ-വീക്ഷണങ്ങളില്‍ വന്ന ഈ ഭയങ്കരമായ വ്യതിയാനവും ഈമാനിലും ആത്മാവിലും വന്ന പാപ്പരത്വവും ഫലസ്തീന്‍ പരാജയത്തില്‍ നഗ്നമായി പ്രകടമായി. താര്‍ത്താരികളുടെ മുമ്പാകെ സര്‍വ്വ സജ്ജരായ മുസ്ലിംകളുടെ കനത്ത പരാജയവും നാശനഷ്ടങ്ങളും, എട്ടാം ശതകത്തിലെ മുസ്ലിം ലോകത്തില്‍ നാണക്കേടുണ്ടാക്കിയതുപോലെ ഹിജ്രി പതിനാലാം ശതകത്തിലെ അറബ് ലോകത്തിന് സംഭവിച്ച മഹാ നാണക്കേടാണ് ഫലസ്തീന്‍ പരാജയം. പുണ്യമായ അറബി ഇസ്ലാമി പ്രദേശത്തെയും മുസ്ലിംകളുടെ ഒന്നാം ഖിബ്ലയേയും തീര്‍ത്ഥാടനം നടത്തപ്പെടുന്ന മൂന്നാമത്തെ മസ്ജിദിനേയും യഹൂദ ഭീഷണി നില നില്‍ക്കുന്ന അറബ് രാഷ്ട്രങ്ങളേയും തൊട്ട് യഹൂദ ശക്തിയെ തടഞ്ഞു നിര്‍ത്താന്‍, ഏഴ് അറബി രാഷ്ട്രങ്ങളാണ് സംഘടിച്ചത്. മുസ്ലിം ലോകത്തിന്‍റെ അന്തസ്സിന്‍റെയും അഭിമാനത്തിന്‍റെയും ഒരു പ്രശ്നമായിരുന്നതിനാല്‍ മുസ്ലിം ശ്രദ്ധയാകമാനം അവിടേക്ക് തിരിഞ്ഞു. യര്‍മൂഖ് യുദ്ധം അല്ലെങ്കില്‍ ഹിത്വീന്‍ പോരാട്ടം പോലൊരു പോരാട്ടം എല്ലാവരും പ്രതീക്ഷിച്ചു. എങ്ങിനെ പ്രതീക്ഷിക്കാതിരിക്കും.? അന്നത്തെയും ഇന്നത്തെയും സമൂഹവും വിശ്വാസവുമെല്ലാം ഒന്ന് തന്നെയാണല്ലോ.? കൂടാതെ, എണ്ണത്തിലും വണ്ണത്തിലും വലിയ മികവും കൂടുതലായുണ്ട്. സര്‍വ്വ സജ്ജരായ അറബികള്‍ എങ്ങനെ പരാജയപ്പെടാനാണ്.? ഒരു പിടി മാത്രമുള്ള ശത്രുക്കള്‍ എങ്ങിനെ വിജയിക്കാനാണ്.? ... നിഗമനങ്ങള്‍ നീണ്ടു. 
എന്നാല്‍, കഴിഞ്ഞ നാളുകളിലെ കറുത്ത അദ്ധ്യായങ്ങള്‍ അവര്‍ മറന്നുപോയി. പാശ്ചാത്യ-പരിഷ്കാരങ്ങളും രാഷ്ട്രീയ നേതാക്കളും അവരെകൊണ്ട് ഇന്നലെകളില്‍ കളിച്ച കളികള്‍ അവര്‍ ഓര്‍ത്തില്ല. ഭൗതികത അറബ് സമൂഹത്തെ എവിടെ കൊണ്ടെത്തിച്ചുവെന്ന് അവര്‍ ചിന്തിച്ചില്ല. ഉറപ്പായും, മുന്‍ഗാമികള്‍ മഹത്തായ വിജയം വരിച്ച യര്‍മൂഖില്‍ വെച്ചാണ് അറബികള്‍ അടരാടിയത്. പക്ഷെ, ആ മഹത്തുക്കളെ ഈ പടക്കളത്തിലേക്ക് നയിച്ച ഈമാന്‍ അവരില്‍ ഇല്ലായിരുന്നു. സ്വലാഹുദ്ദീന്‍ അയ്യൂബി വിജയത്തിന്‍റെ വെന്നിക്കൊടി പാറിച്ച ഹിത്വീന്‍ പോലുള്ള ഒരു പോരാട്ടത്തിലേക്കാണ് അറബികള്‍ ഇറങ്ങിയത്. എന്നാല്‍ ഈമാനിക വീര്യവും ജിഹാദീ ആവേശവും നിറഞ്ഞു നിന്നിരുന്ന അയൂബിയുടെയും സൈന്യത്തിന്‍റെയും ആത്മാവ് അവരിലില്ലായിരുന്നു. അതെ, മരണത്തെ ഭയക്കുകയും നശ്വര ജീവിതത്തെ പ്രിയപ്പെടുകയും ചെയ്യുന്ന പൊള്ള മനസ്സുകളും ചിതറിത്തെറിച്ച മോഹങ്ങളും വാക്കുകളും പേറിക്കൊണ്ടാണ് അവര്‍ യുദ്ധത്തിനിറങ്ങിയത്. ഒന്നും നഷ്ടപ്പെടാതെ വിജയം ലഭിക്കണമെന്നും ഒരു അപകടവും കൂടാതെ മാന്യത നിലനിര്‍ത്തണമെന്നും അവര്‍ ആഗ്രഹിച്ചു. യുദ്ധത്തിന്‍റെയും വിജയ-പരാജയങ്ങളുടെയും ഉത്തരവാദിത്വം ഓരോരുത്തരും അപരന്‍റെ മേല്‍ ചുമത്തി. സര്‍വ്വോപരി കടിഞ്ഞാണ്‍ വല്ലവന്‍റെയും കൈയ്യില്‍ ഏല്പിച്ചിട്ടാണ് അവര്‍ യുദ്ധം ചെയ്യാനിറങ്ങിയത്. അവന്‍ അല്‍പം അഴിച്ചു വിട്ടാല്‍ അവര്‍ മുന്നോട്ടു നീങ്ങും. അവന്‍ പിടിച്ച് വലിച്ചാല്‍ അവര്‍ പിന്‍വാങ്ങും. യുദ്ധവും രജ്ഞിപ്പും എല്ലാം കടിഞ്ഞാണ്‍ പിടിച്ചിരിക്കുന്നവന്‍റെ നിര്‍ദ്ദേശ പ്രകാരം മാത്രം.! ഇങ്ങനെയായാല്‍ വിജയം ലഭിക്കുന്നതെങ്ങനെ.? ശത്രു പരാജയപ്പെടുന്നതെങ്ങനെ.? 
അലയടിക്കുന്ന ഈമാനികാവേശം, ക്ഷമയുടെയും ധീരതയുടെയും അത്ഭുത പരിണിതികള്‍, ജീവിതത്തെ നിസ്സാരമായി കാണല്‍, മരണത്തെ സ്വാഗതം ചെയ്യല്‍, രക്ത സാക്ഷിത്വത്തിനു വേണ്ടിയുള്ള അദമ്യമായ അഭിലാ ഷം, ഉന്നത സജജീകരണങ്ങള്‍, അനുസരണയുടെയും ആത്മ പരിത്യാഗങ്ങളുടെയും ആത്മാവ് മുതലായവ ഇസ്ലാമിലെ ജിഹാദീ മഹച്ചരിതത്തില്‍ മുസ്ലിംകള്‍ ധാരാളം വായിച്ചിട്ടുള്ള കാര്യങ്ങളാണ്. അതിന്‍റെ പ്രകടനങ്ങള്‍ ഇവിടെയും അരങ്ങേറുമെന്ന് മുസ്ലിം ലോകം പ്രതീക്ഷിച്ചു. എന്നാല്‍ ഈമാനിക പ്രേരണയും ഇസ്ലാമിക രോഷവും കാരണമായി യുദ്ധക്കളത്തിലിറങ്ങിയ പ്രകടമായ ഈമാനിന്‍റെ മിന്നലോട്ടമല്ലാതെ മറ്റൊന്നും കാണപ്പെട്ടില്ല. അവര്‍ ഇസ്ലാമിന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു. പഴയ ചരിത്രം ആവര്‍ത്തിച്ചു. ഈമാനിന്‍റെ ഉറവിടം ഇന്നും വറ്റിയിട്ടില്ലായെന്നും വന്‍ സാമ്രാജ്യങ്ങളില്‍പ്പോലും കാണപ്പെടാത്ത ശക്തിയും ഗാംഭീര്യവും ക്രമീകരണവും വീര്യവും ഇന്നും അതിലടങ്ങിയിട്ടുണ്ടെന്നും അവര്‍ സ്ഥാപിച്ചു. 
ഉപസംഹാരം

ഈ പ്രബന്ധത്തില്‍ വിവരിച്ച കാര്യങ്ങളിലൂടെ സ്ഥിരപ്പെട്ട പ്രമേയമിതാണ്: ഇസ്ലാമിക ചരിത്രത്തിന്‍റെ ഉത്ഥാന-പതനങ്ങള്‍ ഈമാനിലെ കയറ്റിറക്കങ്ങള്‍ക്കനുസൃതമായിരിക്കും. മുസ്ലിം സമൂഹത്തിന്‍റെ ശക്തിയുടെ ഉറവിടം അവരുടെ ആത്മാവാണ്. അതെ, അല്ലാഹുവിനെയും റസൂലിനെയും പരലോകത്തെയും കൊണ്ടുള്ള വിശ്വാസം നമ്മുടെ മനസ്സില്‍ നാം കുത്തി നിറയ്ക്കുക. ഇസ്ലാമിക അദ്ധ്യാപനങ്ങളും സ്വഭാവങ്ങളും കൊണ്ട് നമ്മുടെ ആത്മാവുകളെ നാം സംസ്കരിക്കുക. ദീനീവീര്യം ഹൃദയാടിവാരത്തില്‍ നട്ടുപിടിപ്പിക്കുക. കൂട്ടത്തില്‍, കഴിവിന്‍റെ പരമാവധി ഭൗതിക-ബാഹ്യ ഒരുക്കങ്ങളും നടത്തുക. ലോകത്ത് കത്തിക്കയറിക്കൊണ്ടിരിക്കുന്ന അക്രമ-അനീതികളെയും അജ്ഞത-അന്ധതകളെയും വഴികേടുകളെയും കുറിച്ച് ഉണരുക. മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) രംഗപ്രവേശനം ചെയ്തപ്പോഴുള്ള ജാഹിലീ അവസ്ഥയിലേക്ക് ലോകം ഇന്ന് മടങ്ങിയിരിക്കുന്നുവെന്ന വസ്തുത ഉണരുക. "ജനങ്ങളുടെ കരങ്ങള്‍ സമ്പാദിച്ച തിന്മകള്‍ മൂലം കരയിലും കടലിലും നാശങ്ങള്‍ പ്രത്യക്ഷപ്പെട്ടു" (റൂം: 41) ലോകമഖിലം നാശ-നഷ്ടങ്ങളുടെ കാട്ടുതീ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞെന്നും ഇതണയ്ക്കാനുള്ള വെള്ളം നമ്മുടെ പക്കല്‍ മാത്രമാണുള്ളതെന്നുമുള്ള യാഥാത്ഥ്യം ഗ്രഹിച്ച് തീ കെടുത്താനുള്ള പരിശ്രമത്തില്‍ മുഴുകുക. ഈ വഴിയില്‍ നാം നമ്മെ തന്നെ മറക്കുക. നമ്മുടെ സുഖ-രസങ്ങളും വിശ്രമങ്ങളും ഈ വഴിയില്‍ അര്‍പ്പണം ചെയ്യുക. എന്നാല്‍, പതിവുകളെ തിരുത്തിക്കുറിക്കുന്ന ശക്തികളായി നാം മാറുമെന്ന കാര്യം ഉറപ്പാണ്. ലോക രാഷ്ട്രങ്ങളും സമൂഹങ്ങളും സൈന്യങ്ങളും ഒന്നടങ്കം നമ്മെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമിച്ചാലും നാമിവിടെ ജയിച്ചുയരുമെന്നതില്‍ സംശയമില്ല.
"ദൂതന്മാരായി അയയ്ക്കപ്പെട്ട നമ്മുടെ ദാസന്മാര്‍ക്ക് നമ്മുടെ വചനം മുന്‍ചെന്ന് കഴിഞ്ഞു. അതായത്, സഹായം സിദ്ധിക്കുന്നവര്‍ അവര്‍ തന്നെ. നമ്മുടെ സേന തന്നെയാണ് ജേതാക്കള്‍.!" (സൂറ: സ്വാഫാത്ത്: 171, 172, 173) "നിങ്ങള്‍ മനഃശക്തി കെടരുത്. നിങ്ങള്‍ ദുഃഖിക്കുകയുമരുത്. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ മികച്ചുനില്‍ക്കുന്നവര്‍ നിങ്ങള്‍ തന്നെ.!" (ആലു ഇംറാന്‍: 189) 

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ 
ഗ്രാനഡയിലെ പള്ളിയ്ക്കുമിസ്ഥിതി വന്നുവോ.? 
മുഹമ്മദീയര്‍; ലോകരുടെ ആഢംബരാനുഭൂതിയി 
ലിവ്വിധി വന്നതെന്തെന്ന് ചോദിക്കേണ്ടതില്ല. 
കണ്ടീലേ ഹാ കഷ്ടം.! അവര്‍ തന്നുടെ അനിസ്ലാമികത്വം 
കണ്ടീലേ അവര്‍ തന്നുടെ അധഃപതനവും. 
എന്തുകൊണ്ടെന്ന് ചോദിക്കേണ്ടതിലീ 
ക്കാഴ്ച കണ്ടുകൊണ്ടേ ജനം 
നോക്കേണ്ടതുള്ളൂ അവര്‍ തന്നുടെ- 
അനിസ്ലാമിക ചര്യാ വിഭൂതിയിലേക്കോ- 
പിന്നെയീ വിരക്തിയാം മുഹമ്മദീ ചര്യയോടോ. 
ഇത്തരത്തിലേറെപ്പൊട്ട ദുരാചാരം പൂണ്ടു ജനവുമൊ 
ട്ടുല്ലസിച്ചേറ്റം പുതുമ പൂണ്ട്...... 
-ഹകീമുല്‍ ഇസ്ലാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി (റ) 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...