ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ
ജീവ ചരിത്രം.!
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/04/blog-post_26.html?spref=tw
ആധുനിക യുഗത്തിലെ സമുന്നത പണ്ഡിതനും മുഹദ്ദിസും മുറബ്ബിയും ആത്മീയ നായകനുമായ ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി മുഹാജിര്‍ മദനിയുടെ മഹത്തായ ജീവചരിത്രം. വൈജ്ഞാനിക-കാര്‍മ്മിക മഹത്വങ്ങള്‍, ദീനീ-ഇസ്ലാഹീ-തര്‍ബിയത്തീ സേവനങ്ങള്‍ ഇവയെ കുറിച്ചുള്ള വിശദമായ പരിചയപ്പെടുത്തലും സമ്പൂര്‍ണ്ണ അനുസ്മരണവും. ഇത് ഒരു മഹാപുരുഷന്‍റെ മാത്രം ചരിത്രമല്ല, അല്‍ മദ്റസതുസ്സൗലതിയ മക്കത്തുല്‍ മുകര്‍റമ, അല്‍ മദ്റസത്തുശ്ശറഇയ്യ മദീനാ ത്വയ്യിബ, ദാറുല്‍ ഉലൂം ദേവ്ബന്ദ്, മളാഹിര്‍ ഉലൂം സഹാറന്‍പൂര്‍, മദ്റസ കാഷിഫുല്‍ ഉലൂം ബസ്തി നിസാമുദ്ദീന്‍, ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമാ ലക്നൗ, ദാറുല്‍ ഉലൂം ബ്രിട്ടണ്‍ തുടങ്ങി മഹത്തായ വിജ്ഞാന കേന്ദ്രങ്ങളുടെയും മൗലാനാ മുഹമ്മദ് യഹ് യ, മൗലാനാ മുഹമ്മദ് യൂസുഫ്, മൗലാനാ ഇന്‍ആമുല്‍ ഹസന്‍ മുതലായ മഹാത്മാക്കളുടെയും ദഅ് വത്ത്-തബ് ലീഗ്-തസ്കിയത്ത്-തദ് രീസ്-തഅ്ലീഫ് പോലുള്ള ദീനിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള മഹത്തായ സ്മരണയും ഉത്തമ മാര്‍ഗ്ഗ ദര്‍ശനവും കൂടിയാണ്.
പഠിക്കുക, പകര്‍ത്തുക, പ്രചരിപ്പിക്കുക.!
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
ആമുഖം :
ٱلْحَمْدُ لِلَّهِ وَسَلَٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصْطَفَىٰٓ أما بعد
മഹാനായ ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ മഹത്തായ ജീവ ചരിത്രവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഈ എളിയ പരിശ്രമം അനുവാചക സമക്ഷം സമര്‍പ്പിക്കുമ്പോള്‍ മനസ്സിലും മസ്തിഷ്കത്തിലും പരസ്പര വിരുദ്ധമായ രണ്ട് വികാര-വിചാരങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നു.
ഒന്നാമത്തെ വിചാരം, അതിയായ സന്തോഷവും അവാച്യമായ നന്ദിയുമാണ്. അല്ലാഹുവിന്‍റെ നിഷ്കളങ്കനും സ്വീകാര്യനുമായ ഒരു ദാസന്‍റെ ജീവിതാവസ്ഥകളെയും മത വൈജ്ഞാനിക സേവനങ്ങളെയും ബാഹ്യ-ആന്തരിക സമ്പൂര്‍ണ്ണതകളെയും കുറിച്ച് ചില കാര്യങ്ങള്‍ എഴുതാന്‍ അല്ലാഹു ഉതവി നല്‍കി. ഒരു പക്ഷെ, ഇത് എന്‍റെ ഇരുലോകത്തെയും വിജയത്തിന് കാരണമായേക്കാം.! രണ്ടാമത്തെ വിചാരം ഇത്ര വലിയൊരു മഹാപുരുഷനെ കുറിച്ചുള്ള അനുസ്മരണം വേണ്ടത് പോലെ കുറിക്കാന്‍ കഴിഞ്ഞോ എന്ന ചിന്തയും ഭയവുമാണ്.
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മാത്രമല്ല, മുഴുവന്‍ ഇസ്ലാമിക ലോകത്തും നൂറ്റാണ്ടുകളായി ദീനീ വിദ്യാഭ്യാസത്തിന്‍റെയും സംസ്കരണത്തിന്‍റെയും ഒരു മഹത്തായ പദ്ധതി സജീവമായി നിലനിന്നിരുന്നു. വീടുകളുടെ നാല് ഭിത്തികള്‍ മുതല്‍ മദ്റസ-ജാമിഉകളിലും, ദര്‍സീ ഹല്‍ഖകളിലും, രചനാ കേന്ദ്രങ്ങളിലും, ഖാന്‍ഖാഹുകളുടെ (ആത്മീയ ശിക്ഷണ ശാലകള്‍) ശാന്തമായ അന്തരീക്ഷങ്ങളിലും ത്യാഗപരിശ്രമങ്ങളുടെ സജീവമായ മൈതാനങ്ങളിലും വരെ അതിന്‍റെ അതിര്‍ത്തികള്‍ പ്രവിശാലമായിരുന്നു. ഇഖ്ലാസ്, ലില്ലാഹിയത്ത്, ഈമാന്‍, ഇഹ്തിസാബ്, അസാതിദ-ശുയൂഖുമാരോടുള്ള സമ്പൂര്‍ണ്ണ ആദരവ്-അനുസരണ, ഉപകാരികളോടുള്ള നന്ദി, ജീവിത വിഷയങ്ങളില്‍ ശക്തമായ തവക്കുല്‍, ആത്മ സംതൃപ്തി, അല്ലാഹുവിലുള്ള പരിപൂര്‍ണ്ണമായ അവലംബം, മറ്റുള്ളവര്‍ക്ക് മുന്‍ഗണന, ത്യാഗമനസ്ഥിതി, പഠനത്തിലും പാരായണത്തിലുമുള്ള അത്ഭുതകരമായ പരിശ്രമം, ലക്ഷ്യം നേടിയെടുക്കുന്നതില്‍ സ്വന്തത്തെ മറന്നുകൊണ്ടുള്ള ഏകാഗ്രത, സമകാലികരോട് വിനയം, അവരോടുള്ള ആദരവ്, വ്യത്യസ്ത വ്യക്തികളെയും വിഭാഗങ്ങളെയും കുറിച്ചുള്ള സദ്ഭാവന, മറ്റുള്ളവരുടെ തെറ്റുകളില്‍ ന്യായീകരണം, പരസ്പര വിരുദ്ധമായ കാര്യങ്ങളെ സംയോജിപ്പിക്കല്‍, വൈജ്ഞാനിക ശേഷിയും ആന്തരിക സമുന്നതിയും കരസ്ഥമാക്കാനുള്ള അതി ഭയങ്കര മനക്കരുത്ത്, കൂട്ടുകാരോടും ജീവിത പങ്കാളികളോടുമുള്ള കര്‍ത്തവ്യ നിര്‍വ്വഹണം, സ്വന്തം അവകാശങ്ങള്‍ ആവശ്യപ്പെടുന്നതിലുള്ള നിശബ്ദത എന്നിവയായിരുന്നു സമുന്നതമായ പ്രസ്തുത പദ്ധതിയുടെ അടിസ്ഥാന തത്വങ്ങള്‍. വിനീതന്‍റെ പരിമിതമായ അറിവും തെറ്റുണ്ടായേക്കാവുന്ന കാഴ്ചപ്പാടുകളും വെച്ച് നോക്കുമ്പോള്‍ ഈ മേഖലയിലെ സമ്പൂര്‍ണ്ണത നിറഞ്ഞ അവസാനത്തെ വ്യക്തിത്വമായിരുന്നു ശൈഖുല്‍ ഹദീസ് മൗലാനാ സകരിയ്യ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ ജീവിതത്തെ കുറിച്ച് ചെറിയൊരു ചിത്രമെങ്കിലും സമര്‍പ്പിക്കുന്നത് മഹത്തായ ഗതകാലത്തെയും അന്നത്തെ തഅ്ലീമീ-തര്‍ബിയത്തീ ഘടകങ്ങളെയും അതിന്‍റെ ഉള്‍കൃഷ്ട പരിണിത ഫലങ്ങളെയും കുറിച്ചുള്ള ചിത്രീകരണം കൂടിയാണ്. അതെ, ശൈഖുല്‍ ഹദീസിന്‍റെ ജീവചരിത്രം ഒരു സമ്പൂര്‍ണ്ണ വ്യക്തിയുടെ മാത്രം ജീവചരിത്രമല്ല, ജീവസ്സുറ്റ കാലഘട്ടത്തിന്‍റെയും സമൂഹത്തിന്‍റെയും വിദ്യാഭ്യാസ സംസ്കരണ പദ്ധതിയുടെയും വസന്തം വിരിഞ്ഞ് നില്‍ക്കുന്ന പൂന്തോട്ടത്തിന്‍റെയും ഒരു ചരിത്രം കൂടിയാണ്. അത് കൊണ്ട് തന്നെ ഇതെഴുതുന്ന വ്യക്തി മഹാപുരുഷനെ കുറിച്ച് മാത്രം പഠിച്ചാല്‍ മതിയാകുന്നതല്ല. ഇതിന് വലിയ ആഴവും പരപ്പുമുള്ള പഠനങ്ങള്‍ തന്നെ ആവശ്യമാണ്. അത് കൊണ്ട് ഇത് സമര്‍പ്പിക്കുന്ന സമയത്ത് ബലഹീനനായ ഗ്രന്ഥകര്‍ത്താവ് തന്‍റെ കടമ നിര്‍വ്വഹിച്ചോ ഇല്ലയോ എന്ന ചിന്തയില്‍ വലിയ അസ്വസ്ഥനാണ്.
കൂടാതെ ഈ രചനയ്ക്ക് അര്‍ഹതയും സാധ്യതയുമുള്ള വലിയൊരു വ്യക്തിത്വം എന്‍റെ പ്രിയപ്പെട്ട സഹോദരീ പുത്രന്‍ മൗലവി സയ്യിദ് മുഹമ്മദ് ഥാനി ഹസനി നദ്വി മര്‍ഹൂമായിരുന്നു. ശൈഖുല്‍ ഹദീസിന്‍റെ പ്രധാന ശിഷ്യനായിരുന്ന അദ്ദേഹം ശൈഖിന്‍റെ തന്നെ കല്‍പ്പന പ്രകാരം മഹാനായ ദാഈ മൗലാനാ മുഹമ്മദ് യൂസുഫ് കാന്ദലവിയെ കുറിച്ച് എണ്ണൂറില്‍ പരം താളുകളുള്ള ഉജ്ജ്വല ഗ്രന്ഥം രചിച്ചിരുന്നു. പിന്നീട് ശൈഖിന്‍റെ തന്നെ നിര്‍ദ്ദേശപ്രകാരം ആദരണീയ ഗുരുനാഥനും ശൈഖുമായ അല്ലാമാ ഖലീല്‍ അഹ്മദ് സഹാറന്‍പൂരിയെ കുറിച്ച് ഹയാത്തെ ഖലീല്‍ എന്ന പേരില്‍ ഒരു ഗ്രന്ഥവും, മൗലാനാ യൂസുഫ് സാഹിബിന്‍റെ പ്രിയപ്പെട്ട മകനും ശൈഖുല്‍ ഹദീസിന്‍റെ ചെറുമകനുമായ മൗലവി മുഹമ്മദ് ഹാറൂനിനെ കുറിച്ച് ഒരു രചനയും തയ്യാറാക്കി. ശൈഖ് അവര്‍കളുടെ നിര്‍ദ്ദേശപ്രകാരവും മേല്‍നോട്ടത്തിലും ഈ സേവനങ്ങളെ കൂടാതെ ശൈഖിന്‍റെ ശിഷ്യത്വവും ധാരാളം യാത്രകളിലും മറ്റുമുള്ള സഹവാസവും വെച്ച് നോക്കുമ്പോള്‍ മൗലവി സയ്യിദ് മുഹമ്മദ് ഥാനി തന്നെയായിരുന്നു ഇതിന് അര്‍ഹനായ വ്യക്തിത്വം. മാത്രമല്ല പ്രിയപ്പെട്ടവനേ, എന്‍റെ ചരിത്രവും നീ തന്നെ എഴുതണമെന്ന് ഒരിക്കല്‍ ശൈഖ് അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. പക്ഷെ, അല്ലാഹുവിന്‍റെ തീരുമാനം മറ്റൊന്നായിരുന്നു. ശൈഖിന്‍റെ വിയോഗത്തിന് മൂന്ന് മാസം മുന്‍പ് പ്രിയപ്പെട്ട ശിഷ്യന്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ, ഇപ്പോള്‍ തയ്യാറായിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ മൗലവി മുഹമ്മദ് ഥാനി ഹസനി മര്‍ഹൂമിന് വലിയൊരു പങ്കുണ്ട്. അതിന്‍റെ വിശദീകരണം രസകരവും ചിന്തനീയവുമായതിനാല്‍ ഇവിടെ ഉദ്ധരിക്കുകയാണ്.
റഈസുല്‍ മുബല്ലിഗീന്‍ മൗലാനാ മുഹമ്മദ് യൂസുഫ് കാന്ദലവിയുടെ മഹത്തായ ജീവചരിത്രം മൗലവി ഹസനി മര്‍ഹൂം ക്രോഡീകരിച്ചപ്പോള്‍ മൗലാനായുടെ പ്രധാന ഗുരുവര്യനും, ശൈഖും, ഭാര്യാപിതാവും, പിതാവിന്‍റെ സഹോദരപുത്രനുമായ ശൈഖുല്‍ ഹദീസിനെ കുറിച്ചും വിവരിക്കേണ്ടതായി വന്നു. എന്നാല്‍ ശൈഖ് ജീവിച്ചിരിക്കുന്ന കാലമായത് കൊണ്ട് അത് എഴുതാന്‍ വിനയം കാരണം മര്‍ഹൂം ലജ്ജിക്കുകയും ആ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഈ ബുദ്ധിമുട്ട് കണ്ട് ആ ജോലി വിനീതന്‍ ഏറ്റെടുത്തു. ഇത് പ്രസ്തുത ഗ്രന്ഥത്തിലെ ഒരു അദ്ധ്യായമായി കൊടുക്കുകയും ചെയ്തു. ഈ സമയത്ത് പ്രസ്തുത ഗ്രന്ഥത്തിന്‍റെ അവതാരികയില്‍ ഇതിനെക്കുറിച്ച്, കുറിച്ച ഏതാനും വരികള്‍ ഇവിടെയും ഉദ്ധരിക്കുകയാണ്:
എന്‍റെ ആദരണീയ വ്യക്തിത്വങ്ങളോട് എന്ത് സംശയങ്ങളും ചോദ്യങ്ങളും തുറന്ന് ചോദിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് എന്‍റെയൊരു ഭാഗ്യമായി കാണുന്നു. അവയ്ക്ക് സ്നേഹത്തോടെ മറുപടി നല്‍കാനും അവര്‍ കരുണ കാട്ടിയിട്ടുണ്ട്. ഇത് പല രചനകള്‍ക്കും വളരെയധികം പ്രയോജനപ്പെടുകയുണ്ടായി. മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) ന്‍റെ ജീവിതം അടിമുടി കര്‍മ്മവും ദഅ്വത്തും മാത്രമായിരുന്നു. എന്നാലും മൗലാനായുമായിട്ടുള്ള ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ അദ്ദേഹത്തിന്‍റെ ധാരാളം ജീവിത കാര്യങ്ങള്‍ ചോദിക്കാനും കുറിച്ചെടുക്കാനും എനിക്ക് സാധിച്ചു. യാഥാര്‍ത്ഥത്തില്‍ മൗലാനയെ കുറിച്ചുള്ള ജീവചരിത്രത്തിന്‍റെ അടിസ്ഥാന അവലംബം അത് തന്നെയാണ്. ഈ ഗ്രന്ഥത്തിലും മഹാനായ ശൈഖുല്‍ ഹദീസിനെ കുറിച്ചുള്ള അദ്ധ്യായം എഴുതാന്‍ സഹോദരീ പുത്രന്‍ എന്നെ ഏല്‍പ്പിച്ചപ്പോള്‍ വിനീതന്‍ ശൈഖുമായി നിരന്തരം ബന്ധപ്പെടുകയും വിവിധ വിഷയങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. ഇതില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുക എന്നത് അദ്ദേഹത്തിന്‍റെ പ്രകൃതിയ്ക്ക് വലിയ ത്യാഗമായിരുന്നെങ്കിലും -എന്‍റെ ഭാഗ്യമെന്നോ മിടുക്കെന്നോ ശൈഖിന്‍റെ ഔദാര്യമെന്നോ എന്തും പറയാം- എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കി. അത് മുന്നില്‍ വെച്ചുകൊണ്ടാണ് ഈ അദ്ധ്യായം വിനീതന്‍ തയ്യാറാക്കിയത്. (അവതാരിക -സവാനിഹ് മൗലാനാ മുഹമ്മദ് യൂസുഫ്)
സത്യം പറയട്ടെ, അല്ലാഹുവിന്‍റെ തീരുമാന പ്രകാരം അന്ന് ഈ ജോലി നടന്നില്ലായിരുന്നുവെങ്കില്‍ ഇന്ന് എനിക്ക് ഈയൊരു ഗ്രന്ഥം തയ്യാറാക്കാന്‍ വളരെ പ്രയാസപ്പെടേണ്ടി വരുമായിരുന്നു. അതുകൊണ്ട് തന്നെ ഈ ഗ്രന്ഥത്തിന്‍റെ അടിസ്ഥാന ഭാഗം സുദീര്‍ഘമായ പ്രസ്തുത ലേഖനമാണ്. ഈ ലേഖനം പ്രസിദ്ധീകരിച്ച ശേഷം ഇതിലടങ്ങിയിരിക്കുന്ന യാഥാര്‍ത്ഥ്യം തന്നെയായ പ്രശംസാ വാചകങ്ങളില്‍ അസ്വസ്ഥനായി ശൈഖ് അവര്‍കള്‍ ഏഴ് ഭാഗങ്ങളുള്ള സ്വന്തം ആത്മകഥ തയ്യാറാക്കുകയും അതില്‍ മഹാന്മാരെ വാഴ്ത്തി പറയുകയും ചെയ്യുകയുണ്ടായി. അതില്‍ ഇടയ്ക്കിടെ വിനീതന്‍റെ ലേഖനത്തെ സ്നേഹത്തോടെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ, പ്രസ്തുത വിമര്‍ശനങ്ങള്‍ ശൈഖ് അവര്‍കളുടെ വല്ലാത്ത വിനയവും സ്വന്തം കാര്യങ്ങള്‍ പാടിപ്പറയുന്നതിന് പകരം ആലിമുകള്‍ക്കും മുതഅല്ലിമുകള്‍ക്കും പ്രധാനികള്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണമുള്ള കാര്യങ്ങള്‍ പറയണമെന്ന് വീക്ഷണവുമാണ്. വിനീതന്‍ ഈ രചന തയ്യാറാക്കിയപ്പോള്‍ ശൈഖിന്‍റെ ആത്മകഥയും പൂര്‍ണ്ണമായി മുന്നില്‍ വെച്ചിട്ടുണ്ട്. ശൈഖിന്‍റെ വിവിധ യാത്രകളെ കുറിച്ചുള്ള അവലംബം സഹയാത്രികരുടെ യാത്രാ വിവരണങ്ങളും കുറിപ്പുകളുമാണ്. രോഗത്തെയും വിയോഗത്തെയും കുറിച്ചുള്ള അദ്ധ്യായത്തിന്‍റെ അടിസ്ഥാനം സേവകന്മാരുടെ വിവരണങ്ങളാണ്. കുടുംബ കാര്യങ്ങള്‍ വിവരിക്കുന്നതിന് മൗലാനാ മുഹമ്മദ് ഇല്‍യാസ് കാന്ദലവി (റഹ്) യുടെ ജീവചരിത്രവും ഇതര ചരിത്ര രചനകളും പ്രയോജനപ്പെടുത്തി.
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ വിനീതന് ശൈഖുല്‍ ഹദീസുമായി നാല്‍പ്പത് വര്‍ഷത്തിലേറെ സുദീര്‍ഘ ബന്ധമുണ്ട്. ഇതിനിടയില്‍ പലപ്രാവശ്യം ശൈഖുമായി സഹവസിക്കുകയും നിരവധി കത്തുകള്‍ എഴുതുകയും ചെയ്തു. മുന്നൂറ്റി അമ്പതിലേറെ വരുന്ന പ്രസ്തുത കത്തുകള്‍ വിനീതന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ശൈഖിന്‍റെ മാനസികാവസ്ഥകള്‍ നന്നായി പ്രകടമാകുന്ന പ്രസ്തുത കത്തുകളും സ്വന്തം അനുഭവങ്ങളുമാണ് പടച്ചവന്‍ കനിഞ്ഞരുളിയ മഹത്ഗുണങ്ങള്‍ എന്ന ഒമ്പതാം അദ്ധ്യായത്തിന്‍റെ അടിസ്ഥാനം.
ഇവിടെ ഒരു കാര്യം പ്രത്യേകം സൂചിപ്പിക്കുന്നു. അല്ലാഹുവിങ്കല്‍ വലിയ സ്വീകാര്യത നേടുകയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുമായി വളരെയധികം അടുക്കുകയും ആത്മീയ സമുന്നതി നേടുകയും ചെയ്ത മഹത്തുക്കളെ കുറിച്ച് സ്മരിക്കപ്പെടുമ്പോള്‍ അവരുടെ കറാമാത്ത്-മുബശ്ശറാത്ത്-മനാമാത്ത് (അത്ഭുത സംഭവങ്ങളും, സുന്ദര സ്വപ്നദര്‍ശനങ്ങളും) വളരെ വിശദമായി വിവരിക്കുന്ന ഒരു പതിവ് മുന്‍ഗാമികളായ ചരിത്രകാരന്മാര്‍ സ്വീകരിച്ചിട്ടുണ്ട്. അതിന് അവരെ കുറ്റപ്പെടുത്തുന്നില്ലെങ്കിലും പലപ്പോഴും അതിന് കീഴില്‍ അവരുടെ മാനവിക മഹല്‍ഗുണങ്ങളും വൈജ്ഞാനിക മഹത്വങ്ങളും അദ്ധ്യാപന-രചനാ സേവനങ്ങളും സമകാലികരുമായിട്ടുള്ള ബന്ധങ്ങളും അനുഗ്രഹീത ദിനചര്യകളും വിശാല വീക്ഷണവും യാഥാര്‍ത്ഥ്യ ബോധവും നന്മയുടെ വിഷയത്തിലുള്ള ചിന്താ-വേദനകളും മറഞ്ഞ് പോകുകയോ അമര്‍ന്ന് അവഗണിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പില്‍ക്കാല ഘട്ടത്തില്‍ വൈജ്ഞാനിക കാര്‍മ്മിക അഭിരുചിയുള്ളവര്‍ അവരുടെ കാര്‍മ്മിക-വൈജ്ഞാനിക മാതൃകകളെ തേടുമ്പോള്‍ നിരാശപ്പെട്ട് പോകാറുണ്ട്. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളെ ആഗ്രഹിച്ചുകൊണ്ട് ഇത് പാരായണം ചെയ്യുന്നവര്‍ക്ക് അവരുടെ ആഗ്രഹം ഇതിലൂടെ പൂര്‍ത്തീകരിക്കപ്പെടുകയില്ല എന്ന് ആശങ്കയുണ്ട്. ചിലരെങ്കിലും ഇത്തരം കാര്യങ്ങള്‍ ഇതില്‍ ഇല്ലാത്തതിനെ ഈ രചനയുടെ കുറവായി കാണാനും സാധ്യതയുണ്ട്. ഇത്തരം ആഗ്രഹമുള്ളവരുടെ നിഷ്കളങ്കമായ താല്പര്യത്തെയും ബന്ധത്തെയും വിനീതന്‍ നിസ്സാരമായി കാണുന്നില്ല. പക്ഷെ, അവരോട് ഈ വിഷയത്തില്‍ പ്രത്യേകം രചിക്കപ്പെട്ട രചനകള്‍ വായിക്കണമെന്ന് അഭിപ്രായപ്പെടുന്നു. വിശിഷ്യാ, സൂഫി ഇഖ്ബാല്‍ തയ്യാറാക്കിയ മഹ്ബൂബുല്‍ അരിഫീന്‍ പോലുള്ള രചനകള്‍ അതിന് ഉപയുക്തമാണ്. ശൈഖുല്‍ ഹദീസിന്‍റെ സമ്പൂര്‍ണ്ണ ഗുണങ്ങള്‍, വൈജ്ഞാനിക-രചനാ മഹത്വങ്ങള്‍, സ്വഭാവ സമുന്നതി, ഇല്‍മിന് വേണ്ടിയുള്ള സമര്‍പ്പണം, ദീനീ പരിശ്രമങ്ങളോടും വിജ്ഞാന കേന്ദ്രങ്ങളോടുമുള്ള ആഴമേറിയ ബന്ധം, ദീനിനെ കുറിച്ചുള്ള ദുഃഖ-വേദനകള്‍, ശരിയായ വിശ്വസ-കര്‍മ്മങ്ങളും വിജ്ഞാന ശിക്ഷണങ്ങളും പ്രചരിപ്പിക്കാനുള്ള മാനസിക ആവേശം, സമുദായത്തിന്‍റെ വര്‍ത്തമാന ഭാവി കാലങ്ങളെ കുറിച്ചുള്ള ചിന്ത, അല്ലാഹുവിലേക്കുള്ള മടക്കം, ശരീഅത്തും സുന്നത്തും പിന്‍പറ്റാനുളള പ്രബോധനം മുതലായ കാര്യങ്ങള്‍ മനസ്സിലാക്കാനും കഴിയുന്നത്ര പകര്‍ത്താനും ആഗ്രഹിക്കുന്ന വൈജ്ഞാനിക ചിന്താ മേഖലകളുമായി ബന്ധപ്പെട്ട സഹോദരങ്ങളെയാണ് ഈ ഗ്രന്ഥം കൊണ്ട് ലക്ഷ്യം വെച്ചിട്ടുള്ളത്. ഇത് വായിക്കുമ്പോള്‍ നമ്മുടെ കര്‍മ്മ വീര്യം ഉണര്‍ന്ന് എഴുന്നേല്‍ക്കുമെന്നും നാം നമ്മുടെ തെറ്റുകള്‍ അംഗീകരിക്കുമെന്നും നമ്മുടെ മനക്കരുത്ത് ഉയരുമെന്നും മനസ്സിലും കാഴ്ച്ചപ്പാടിലും വിശാലത ഉണ്ടായിത്തീരുമെന്നും സമയത്തിന്‍റെ വില മനസ്സിലാക്കുമെന്നും, ജീവിതത്തിലെ പാളിച്ചകള്‍ തിരുത്തുമെന്നും എന്നുമെന്നും അവശേഷിക്കുന്ന സുകൃതങ്ങള്‍ സമ്പാദിക്കാനുള്ള ആഗ്രഹാവേശങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു. അല്ലാഹു ഉതവി നല്‍കട്ടെ.!
ഈ ഗ്രന്ഥം പാരായണം ചെയ്ത് കഴിയുമ്പോള്‍ ചരിത്ര പുരുഷനും ചരിത്ര രചയിതാവിനുമിടയിലുള്ള ഭയങ്കരമായ അന്തരം അനുവാചകര്‍ക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതിലൂടെ ഒരു സമ്പത്തുമില്ലാത്ത ഗ്രന്ഥകര്‍ത്താവിനെ ഇതിന് വേണ്ടി തെരഞ്ഞെടുക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത ശൈഖിന്‍റെ പ്രിയപ്പെട്ട മകന്‍, മൗലാനാ മുഹമ്മദ് ത്വല്‍ഹ സാഹിബിനെയും അതുപോലുള്ളവരെയും തെറ്റിദ്ധരിക്കുകയും ചെയ്തേക്കാം. അവര്‍ക്ക് മറുപടിയായി പ്രസിദ്ധ കവി ഉര്‍ഫിയുടെ ഒരു വരി കവിത മാത്രമേ പറയാനുള്ളൂ: നമ്മള്‍ തമ്മിലുള്ള സ്നേഹ-സൗഹൃദത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ ഉര്‍ഫിയുടെ അറിവില്ലായ്മയെ അറിവായി ഗണിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.!
അബുല്‍ ഹസന്‍ അലി
ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമാ ലക്നൗ.
1403 മുഹര്‍റമുല്‍ ഹറാം 26
1982 നവംബര്‍ 13
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
അബൂ ഇബ്റാഹീം ഖാസിമി
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment