Thursday, August 31, 2017

masjid-maryam-ramadan-2017 Bukhari Hasani Qasimi Muneer Hasani Qasimi Manappally Swahaba Islamic Foundation


masjid-maryam-ramadan-2017 Bukhari Hasani Qasimi Muneer Hasani Qasimi Manappally Swahaba Islamic Foundation


Eid Mubarak Hanafi Fiqh 1438-2017 Thaqabbalallahu Minna WaMinkum Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Eid Mubarak Shafi Fiqh 1438-2017 Thaqabbalallahu Minna WaMinkum Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Eid Mubarak 1438-2017 Thaqabbalallahu Minna WaMinkum Swahaba Islamic Foundation Bukhari Hasani Qasimi Kanjar



Aslam Kasshafi Qadiyanisam Oru Padanam Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Udhiya Hanafi Fiqh Al-Jamiathul Kousariya Edathala Aluva Moulana Sayyid Abul Hasan Ali Nadwi Indian Muslimkal DulHajj 10 Fazael Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Udhiya Shafi Fiqh Al-Jamiathul Kousariya Edathala Aluva Moulana Sayyid Abul Hasan Ali Nadwi Indian Muslimkal DulHajj 10 Fazael Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Moulana Sayyid Abul Hasan Ali Nadwi Indian Muslimkal DulHajj 10 Fazael Swahaba Islamic Foundation Bukhari Hasani Qasimi Kanjar



Moulana Sayyid Abul Hasan Ali Nadwi Indian Muslimkalude Sathya Sakshyam Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Arafa Fasting Dul Haj-9 Parishudda Haj& Umra Mahathwavum Maryadakalum-33 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Hajimarodu...4 Eid Mubarak 1438-2017 Thaqabbalallahu Minna WaMinkum Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Hajimarodu...3 Eid Mubarak 1438-2017 Thaqabbalallahu Minna WaMinkum Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Hajimarodu...2 Eid Mubarak 1438-2017 Thaqabbalallahu Minna WaMinkum Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Hajimarodu...1 Eid Mubarak 1438-2017 Thaqabbalallahu Minna WaMinkum Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Tuesday, August 15, 2017

Independence Day 15-augest-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Independence Day Moulana sajjad numani jamiyyath-15-augest-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Independence Day Moulana Ubaidullah Sindhi jamiyyath-15-augest-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Independence Day Moulana Rasheed Ahmad Gangohi jamiyyath-15-augest-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Independence Day Moulana MuhammadAli Jouhar jamiyyath-15-augest-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Independence Day Moulana Husain Ahmad Madani jamiyyath-15-augest-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Independence Day Moulana Abul Kalam Aazaad jamiyyath-15-augest-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Independence Day Allama Marhoom Muhammad Iqbal jamiyyath-15-augest-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Independence Day allama nadwi-15-augest-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Independence Day jamiyyath-4-15-augest-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Independence Day jamiyyath-3-15-augest-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Independence Day jamiyyath-2-15-augest-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Independence Day jamiyyath-1-15-augest-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


ഇലാഹീ ഭവനത്തിലേക്ക്...


ഇലാഹീ ഭവനത്തിലേക്ക്
ഹജ്ജ് ! ഓരോ മുസ്ലിമിന്‍റേയും ഏറ്റവും വലിയൊരു മോഹമാണ.് ഹജ്ജ് കാലങ്ങള്‍ അടുക്കുമ്പോള്‍ ഞങ്ങളുടെ പ്രദേശങ്ങളില്‍ നിന്നും ഹാജിമാരെ വഹിച്ച വണ്ടികള്‍ റെയില്‍വേ സ്റ്റേഷനുകളിലേക്ക് യാത്രയാകുന്ന നിമിഷങ്ങളില്‍ ഹൃദയം പിടച്ചിരുന്നു. അല്ലാഹുവേ, ഇങ്ങനെ ഞങ്ങള്‍ക്കും പുറപ്പെടാന്‍ ഭാഗ്യം നല്‍കേണമേ എന്ന ദുആ ഉയര്‍ന്നിരുന്നു. അങ്ങനെ അല്ലാഹുവിന്‍റെ അളവറ്റ കൃപയാല്‍ ഹജ്ജ്യാത്രയുടെ സുദിനം ഞങ്ങള്‍ക്കും വന്നെത്തി. ഈ ദിവസത്തിന് വേണ്ടിയാണ് ദിനങ്ങള്‍ എണ്ണിക്കൊണ്ടിരുന്നത്. അതെ, ഈയൊരു ദിനത്തെക്കുറിച്ചുള്ള അടങ്ങാത്ത ആഗ്രഹം നെഞ്ചിലേറ്റി അല്ലാഹുവിന്‍റെ ലക്ഷക്കണക്കിന്  സ്വീകാര്യ ദാസന്മാര്‍ ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് ഔലിയാഅ് ആയുസ്സ് മുഴുവന്‍ ദുഃഖത്തിന്‍റെ നിറകണ്ണുകളുമായി ഇരുന്നിട്ടുണ്ട്. ആ ദിവസം അക്രമിയും വിവരം കെട്ടവനുമായ ഒരു ദാസന് ലഭിച്ചിരിക്കുകയാണ്!
ഇഖ്ലാസ്
അടുത്ത ഏതാനും സുഹൃത്തുക്കളൊഴികെ മറ്റാരും ഈ യാത്രയെക്കുറിച്ച് അറിയരുതെന്നായിരുന്നു ആഗ്രഹം. കാരണം, ഇത്തരം ഘട്ടങ്ങളില്‍ ലോകമാന്യതയില്‍ നിന്നും ആത്മപ്രശംസകളില്‍ നിന്നും രക്ഷപ്പെടലും സമ്പൂര്‍ണ്ണ  ഇഖ്ലാസ് (ഉദ്ദേശശുദ്ധി) ലഭിക്കലും ഉയര്‍ന്ന മഹാന്മാരുടെ മാത്രം പ്രത്യേകതയാണ്. യാത്രയുടെ തുടക്കത്തില്‍ തന്നെ ഇഖ്ലാസിന് ഭംഗം വന്നാല്‍ വലിയ അപകടമാണ്.  അടിത്തറ വളഞ്ഞിരുന്നാല്‍ ആകാശം വരെ കെട്ടിടം ഉയര്‍ന്നാലും ഭിത്തി വളഞ്ഞുതന്നെ കിടക്കും. പക്ഷെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്കും അയാളില്‍ നിന്നും വേറൊരാളിലേക്കും എന്ന നിലയില്‍ വാര്‍ത്ത പ്രചരിച്ചു. "അല്ലാഹുവേ നീ തന്നെയാണ് മനസ്സിന്‍റെ സൂക്ഷിപ്പുകാരന്‍. ദുഷിച്ച ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്നും കാത്തുരക്ഷിക്കേണമേ!" സ്വന്തം കഴിവുകേടിനെയും പാപങ്ങളുടെ ആധിക്യത്തെയും കുറിച്ച് സദാ ഓര്‍ത്തുകൊണ്ടിരിക്കുക. നാം ഇതിന് അര്‍ഹരും സ്വീകാര്യരുമാണെന്ന ദുര്‍ബോധനം ഒരു നിമിഷത്തേക്ക് പോലും മനസ്സില്‍ കയറ്റരുത്. "അല്ലാഹുവേ, ഞങ്ങളുടെ മനസ്സും  അവയവങ്ങളും രോമങ്ങളുമെല്ലാം നിന്‍റെ നിയന്ത്രണത്തിലാണ്. അതിലൊന്നും ഞങ്ങളുടെ ഇഷ്ടത്തിന് നീ വിട്ട് തന്നിട്ടില്ല. ആകയാല്‍ നീ ഞങ്ങളുടെ രക്ഷാധികാരിയാകുകയും ഞങ്ങളെ നേരായമാര്‍ഗ്ഗത്തിലാക്കുകയും ചെയ്യേണമേ!"
യാത്രയുടെ തുടക്കം
യാത്രയില്‍ വളരെ കുറഞ്ഞ സാധനങ്ങള്‍ മാത്രമേ എടുക്കാവൂ എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അധികം സാധനങ്ങള്‍ കെട്ടി വലിച്ചാല്‍ ധാരാളം നന്മകള്‍ നഷ്ടപ്പെടുന്നതാണ്. സ്വാതന്ത്ര്യം കാണുകയില്ല. ചിലവേള ജീവിതം മുഴുവന്‍ ദുഃഖിക്കേണ്ടിവരുന്ന ചില തിന്മകള്‍ ഉണ്ടാകുന്നതുമാണ്. അതുകൊണ്ട് കുറഞ്ഞ സാധനങ്ങള്‍ മാത്രം എടുത്ത് തയ്യാറാകുക.
യാത്ര പുറപ്പെടാന്‍ സമയമായി. എല്ലായാത്രയുടെ തുടക്കത്തിലും യാത്രയുടെ രണ്ട് റക്അത്ത് നമസ്കരിക്കലും ദുആ ഇരക്കലും സുന്നത്താണ്. വിശിഷ്യാ സുദീര്‍ഘവും അനുഗ്രഹ പൂര്‍ണ്ണവും ഉദ്ദേശശുദ്ധിക്ക് വിഘാതമുണ്ടാകാന്‍ സാധ്യതയേറെയുള്ളതുമായ ഈ യാത്രയില്‍ ജീവിതത്തിലെ മുഴുവന്‍ ഭയഭക്തിയോടെ താണ്കേണപേക്ഷിക്കല്‍ അത്യന്താപേക്ഷിതമാണ്. ശരീരം, ജീവന്‍, മനസ്സ്, വിശ്വാസം, കര, കടല്‍ എല്ലാത്തിന്‍റേയും അപകടങ്ങളും ഈ യാത്രക്കിടയില്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. വിജയപരാജയങ്ങളുടെ യാത്രയാണിത്.  അതെ, പരാജയമാണെങ്കില്‍ തുല്ല്യതയില്ലാത്ത പരാജയം. അല്ലാഹുവിന്‍റെ വീട്ടിലെത്തിയിട്ടും സ്വന്തം തിന്മകള്‍ കാരണം വെറും കൈയ്യോടെയെന്നല്ല പാപത്തിന്‍റെ കെട്ടുംപേറി മടങ്ങി വരിക എന്നത് എത്ര നിന്ദ്യമാണ്? "നിന്നെക്കുറിച്ചുള്ള ചിന്ത സദാ നീ നിലനിറുത്തുക. എന്തിന് വന്നു? എന്തുമായി പോകണം? എന്ന് നിരന്തരം ഓര്‍ക്കുക". വിജയമാകട്ടെ, അതുല്ല്യവും അത്യുജ്ജ്വലവുമായ വിജയം. പാപങ്ങളില്‍ നിന്നെല്ലാം കഴുകി ശുദ്ധിയാക്കപ്പെടും!  ഉമ്മയുടെ വയറ്റില്‍ നിന്നും പ്രസവിക്കപ്പെട്ടത് പോലെ പരിശുദ്ധനായിമാറും! (ബുഖാരി, മുസ്ലിം) ഈ യാത്രയുടെ പ്രതിഫലം സ്വര്‍ഗ്ഗം തന്നെയാണ്. (ബുഖാരി, മുസ്ലിം). പക്ഷെ അല്ലാഹുവിനു വേണ്ടിയുള്ള ഹജ്ജായിരിക്കണം! നന്മനിറഞ്ഞ ഹജ്ജായിരിക്കണം!!
അതുകൊണ്ട് ഈ യാത്രക്ക് വേണ്ടി അല്ലാഹുവിനോട് എന്തെല്ലാം ചോദിച്ചാലും എങ്ങനെ താണുകേണിരന്നാലും അത് കുറവാണ്. പക്ഷെ, അനുഭവമില്ലായ്മ, വെപ്രാളപ്പെടുന്ന മനസ്സ്, തളര്‍ന്ന ശരീരം, സമയക്കുറവ്, പറയാന്‍ ധാരാളം! എന്ത് ചെയ്യാനാണ്? ലോകാനുഗ്രഹി (സ)യുടെ മേല്‍ അല്ലാഹുവിന്‍റെ സ്വലാത്ത് സലാമുകള്‍ വര്‍ഷിക്കട്ടെ. അവിടേക്ക് എല്ലാം അര്‍പ്പണം! മുഴുവന്‍ ദീനീദുന്‍യാവീ  ആവശ്യങ്ങള്‍ക്കും അളന്ന് മുറിച്ച ദുആകള്‍ പഠിപ്പിച്ച തിരുമേനി (സ) യാത്രക്ക് വേണ്ടിയും സാരസമ്പൂര്‍ണ്ണമായ ഒരു ദുആ പഠിപ്പിച്ചിരിക്കുന്നു. അതില്‍ അല്‍പവും കൂട്ടേണ്ടതുമില്ല; കുറക്കേണ്ടതുമില്ല, തങ്ങളുടെ ആയിരം ഉപകാരങ്ങളോടൊപ്പം ഈ ഉപകാരവും ഓര്‍ത്തുകൊണ്ട് സ്നേഹാദരവുകളോടെ സ്വലാത്തു ചൊല്ലി ഈ നബവീദുആ ഓതുക, "അല്ലാഹുവേ ഞങ്ങള്‍ ഈ യാത്രയില്‍ നന്മയും സുക്ഷ്മതയും, നിനക്ക് പൊരുത്തമായ കര്‍മ്മങ്ങളും നിന്നോട്  ഇരക്കുന്നു. അല്ലാഹുവേ, ഞങ്ങളുടെ യാത്ര എളുപ്പമാക്കിത്തരേണമേ! അല്ലാഹുവേ, ഈ യാത്രയില്‍ ഞങ്ങളുടെ കൂട്ടാളിയും കുടുംബത്തിലെ ഉത്തരവാദിയും നീ ആകേണമേ! അല്ലാഹുവേ, യാത്രയുടെ ദുരിതങ്ങള്‍ പ്രയാസകരമായ കാഴ്ചകള്‍, സമ്പത്തിലും കുടുംബത്തിലും സന്താനങ്ങളിലുമുള്ള മോശമായ മടക്കം എന്നിവയില്‍ നിന്നും നിന്നോട് ഞങ്ങള്‍ അഭയം തേടുന്നു. (മുസ്ലിം).
വീട്ടില്‍ നിന്നിറങ്ങി. എല്ലാവരെയും അല്ലാഹുവിങ്കല്‍ ഏല്‍പ്പിച്ചു. അവരും ഞങ്ങളെ അല്ലാഹുവിന്‍റെ സംരക്ഷണയിലാക്കി. പരസ്പരം മുസാഫഹാ  ചെയ്തുകൊണ്ട് പറഞ്ഞു. "നിങ്ങളുടെ ദീനും അമാനത്തും കര്‍മ്മങ്ങളുടെ അന്ത്യവും ഞാന്‍ അല്ലാഹുവിനെ ഏല്പിക്കുന്നു".
വാഹനത്തില്‍ കയറി റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രയായി. തദവസരം തികച്ചും അനുയോജ്യമായ ഒരു നബവീ ദുആ ഓര്‍മ്മവന്നു;"അല്ലാഹുവേ, നിന്‍റെ സഹായത്താല്‍ ഞാന്‍ യാത്ര തുടങ്ങുന്നു. നിന്നിലേക്ക് ലക്ഷ്യമിടുന്നു. നിന്നെ മാത്രം അവലംബിക്കുന്നു. നീയാണ് എന്‍റെ ആശ്രയം. എന്‍റെ പ്രതീക്ഷയും നീ തന്നെ. അല്ലാഹുവേ, എന്‍റെ ചിന്തയിലുള്ളതും ചിന്തയിലില്ലാത്തതും നിനക്ക് നന്നായി അറിയാവുന്നതുമായ കാര്യങ്ങള്‍ നീതന്നെ ഏറ്റെടുത്ത് ചെയ്തു തരേണമേ!  നീ നല്‍കുന്നവന്‍ വിജയിയാണ്. നിന്‍റെ സ്തുതികീര്‍ത്തനങ്ങള്‍ സമുന്നതമാണ്. നീയല്ലാതെ ആരാധനക്കര്‍ഹന്‍ ആരുമില്ല. തഖ്വയെ എന്‍റെ പാഥേയമാക്കേണമേ! എന്‍റെ പാപങ്ങള്‍ പൊറുത്തുതരേണമേ! എന്‍റെ ലക്ഷ്യ ങ്ങള്‍ നന്മയിലേക്ക് മാത്രമാക്കേണമേ!"
റെയില്‍വേ സ്റ്റേഷനിലെത്തി അല്‍പം കഴിഞ്ഞപ്പോള്‍ വണ്ടി വന്നു. ആരെയും ഉപദ്രവിക്കാതെ ട്രെയിനില്‍ കയറി. സാധനങ്ങള്‍ ഒതുക്കിവെച്ചു. ഞങ്ങള്‍ക്ക് ആവശ്യത്തിനുള്ള സ്ഥലം മാത്രം പിടിച്ചു. സ്റ്റേഷനിലെ ഒച്ചപ്പാടുകള്‍ക്കും ബഹളങ്ങള്‍ക്കുമിടയിലും  അല്ലാഹുവിങ്കലേക്കുള്ള ശ്രദ്ധയും സ്വന്തം കഴിവില്ലായ്മയും മനസ്സില്‍ ഓര്‍ത്തിരുന്നു.
വണ്ടി പുറപ്പെടാനടുത്തു. യാത്രയാക്കാന്‍ വന്നവരെ സ്നേഹത്തോടെയാത്രയാക്കി. യാത്രയുടെ സ്വീകാര്യതയ്ക്കും വിജയത്തിനും ദുആ ഇരക്കണമെന്ന് അവരോട് അപേക്ഷിച്ചു. ആ സാധുക്കളില്‍ എത്രയോ ആളുകള്‍ ഇലാഹീ സന്നിധിയില്‍ സ്വീകാര്യരായിരിക്കും! എത്രയോ പേരുടെ ശരീരം ഇവിടെയാണെങ്കിലും മനസ്സ് അവിടെയായിരിക്കും! എത്രയോ വ്യക്തിത്വങ്ങള്‍ നിരവധി ഹാജിമാരെക്കാളും ഉത്തമരായിരിക്കും!
അമീര്‍
ട്രെയിന്‍ യാത്ര തുടങ്ങി. ഞങ്ങള്‍ സഹയാത്രികര്‍ പരസ്പരം പരിചയപ്പെട്ടു. യാത്രാസംഘത്തില്‍ ഒരാളെ അമീറാക്കുന്നത് യാത്രയുടെ സുന്നത്തും കല്‍പ്പനയുമാണെന്ന് അവരെ ഉണര്‍ത്തി. എല്ലാവരും അതിനോട് യോജിച്ചു. അറിവും അനുഭവവും ചിട്ടയുമുള്ള ഒരാള്‍ അമീറാക്കപ്പെട്ടു. അദ്ദേഹം എല്ലാവര്‍ക്കും സേവനം ചെയ്യുവാന്‍ നിയ്യത്ത് ചെയ്തു. ഹജ്ജിനുള്ള സഹയാത്രികരെ സംബോധന ചെയ്തുകൊണ്ട് യാത്രയുടെ മഹത്വവും മര്യാദകളും ചുരുങ്ങിയ നിലയില്‍ വിവരിച്ചു.
നന്മ നിറഞ്ഞ യാത്ര
യാത്രയ്ക്കിടയില്‍ നമസ്കാരത്തിന്‍റെ സമയം സമാഗതമായി. കൂട്ടുകാരെ നമസ്കാരത്തിലേക്ക് തിരിച്ചു. നമസ്കാരം ജമാഅത്തായി നടക്കുന്നതാണെന്നും അറിയിച്ചു. മിക്കവരും വുളൂ എടുത്ത് തയ്യാറായി. വണ്ടി ഒരു ജംഗ്ഷനിലെത്തി. സീറ്റ് നോക്കാന്‍ ആളെ ഏര്‍പ്പാടാക്കി. എല്ലാവരും ഇറങ്ങി, വുളൂവില്ലാത്തവര്‍ പ്ലാറ്റ്ഫോമില്‍ നിന്നും വുളൂ ചെയ്തു. ബാങ്കും ഇഖാമത്തും കൊടുക്കപ്പെട്ടു. സമയത്തെ പരിഗണിച്ചുകൊണ്ട് ഇമാം ചുരുങ്ങിയ നിലയില്‍ നമസ്കരിച്ചു. ശേഷം ഞങ്ങള്‍ യഥാസ്ഥാനങ്ങളില്‍ വന്നിരുന്നു. സൗകര്യമനുസരിച്ച് സുന്നത്തുകള്‍ നിന്നും ഇരുന്നും നമസ്കരിച്ചു. അടുത്ത നമസ്കാരത്തിന് ഇറങ്ങി നമസ്കരിക്കാന്‍ അവസരമില്ലായിരുന്നു. വണ്ടിയുടെ ഉള്ളില്‍ തന്നെ മൂന്നുപേര്‍ വീതം ജമാഅത്തായി നമസ്കരിച്ചു. മറ്റ് യാത്രക്കാര്‍ സഹകരിച്ചു. ഫര്‍ള് നിന്നുകൊണ്ടുതന്നെയാണ് നമസ്കരിച്ചത്.
രാത്രി ഉറക്കം, ഇറക്കം, കയറ്റം ഇത്തരം ഒരു കാര്യത്തിലും വഴക്കും പ്രശ്നങ്ങളുമുണ്ടാകാതെ സൂക്ഷിച്ചു. "ഹജ്ജില്‍ തര്‍ക്കം പാടില്ല" എന്നതിന്‍റെ പരിശീലനം ഇവിടെ നിന്നുതന്നെ ആരംഭിച്ചു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ യാത്രക്കാരെല്ലാം ഇണങ്ങിച്ചേര്‍ന്നു. അത് ഞങ്ങള്‍ക്കും അവര്‍ക്കും ഗുണകരമായി. കൂടുതല്‍ ധനം ചിലവഴിച്ചാലും ലഭിക്കാത്ത സുഖവും സൗകര്യവും പരസ്പരം സ്നേഹ സഹകരണങ്ങളിലൂടെ ലഭ്യമായി. "കുറഞ്ഞ ചെലവ് ഉന്നത സ്ഥാനം" എന്ന് ഇതിന് തന്നെയാണ് പറയുന്നത്. യാത്രയിലുടനീളം ദീനീ സംസാരങ്ങളിലും വായനയിലും മാത്രം മുഴുകി. ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യയുടെ "ഹജ്ജിന്‍റെ മഹത്വങ്ങള്‍", മളാഹിര്‍ഉലൂം മുഫ്തി സാഹിബിന്‍റെ "മുഅല്ലിമുല്‍ ഹജ്ജാജ്, മൗലാനാ അബ്ദുല്‍ മാജിദ് ദര്‍യാബാദിയുടെ "ഹജ്ജ് യാത്രാ വിവരണം", ശൈഖ് അബ്ദുല്‍ഹഖ് ദഹ്ലവിയുടെ "ജദ്ബുല്‍ ഖുലൂബ് ഇലാദിയാരില്‍ മഹ്ബൂബ്" എന്നീ കിതാബുകള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നു. മൗലാനാ ഇഹ്തിശാമുല്‍ ഹസന്‍റെ "റഫീഖെ ഹജ്ജി"ന്‍റെ ഏതാനും കോപ്പികള്‍ കരുതിയിരുന്നു. ഇവ പരസ്പരം കൈമാറി. ചിലര്‍ വായിച്ചു. ചിലര്‍ കേട്ടു. സമയം കൊല്ലുകയോ പാഴ്വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്തില്ല.
ഹജ്ജ് ക്യാമ്പ്, ഹാജിമാരുടെ സംഗമം
ട്രെയിന്‍ അവസാന സ്റ്റേഷനിലെത്തി. യാത്രക്കാര്‍ ഇറങ്ങി. സാധനങ്ങള്‍ ഇറക്കി. എല്ലാം ശ്രദ്ധിച്ച് അന്വേഷിച്ച് അമീര്‍ അവസാനം ഇറങ്ങി. സംഘാംഗങ്ങള്‍ മുസാഫിര്‍ഖാന (ഹജ്ജ് ക്യാമ്പ്)യില്‍ എത്തി. സ്ത്രീകള്‍ ഒരു ഭാഗത്തും പുരുഷന്മാര്‍ മറുഭാഗത്തും താമസിച്ചു. കപ്പല്‍ പുറപ്പെടാന്‍ ഒരാഴ്ച അവശേഷിച്ചിരുന്നു. യാത്രാ സാമഗ്രികളെല്ലാം കൂട്ടത്തിലുണ്ട്. പാസ്പോര്‍ട്ടും ശരിയായിക്കഴിഞ്ഞു. ടിക്കറ്റിന്‍റെ ജോലിക്ക് വലിയ പ്രയാസവുമില്ല. അതുകൊണ്ട് ഈ ഒരാഴ്ച സ്വന്തം ഹജ്ജിന്‍റെ ഒരുക്കത്തിലും ഹാജിമാരുടെ സേവനത്തിലുമായി കഴിച്ചുകൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരു സഹോദരനെ സേവിച്ചാല്‍ അതേ നിലയിലുള്ള സഹായം അല്ലാഹുവിന്‍റെ ഭാഗത്തുനിന്നും നമുക്ക് ലഭിക്കും. മറ്റുള്ളവര്‍ക്ക് ആഹാരം കൊടുത്താല്‍ അല്ലാഹു നമുക്കും ആഹാരം നല്‍കും. മറ്റുള്ളവരുടെ നമസ്കാര കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ അല്ലാഹു നമ്മുടെ നമസ്കാരം സംരക്ഷിക്കുകയും നന്നാക്കുകയും ചെയ്യും. ഇതര ഹാജിമാരുടെ ഹജ്ജ് ബാഹ്യമായും ആന്തരികമായും നന്നാക്കാന്‍ പരിശ്രമിച്ചാല്‍ അല്ലാഹു നമ്മുടെ ഹജ്ജിന്‍റെ അകവും പുറവും മഹത്തരമാക്കും.
ഹാജിമാരുടെ മേഖല വളരെ വിശാലമാണ്. ഒരാളുടെ കഴിവില്‍ മാത്രം ഒതുങ്ങുന്ന കാര്യമല്ല അവര്‍ക്കിടയിലുള്ള പ്രവര്‍ത്തനം. അതിനായി സംഘങ്ങളെ തയ്യാറാക്കി സംഘടിതമായ പ്രവര്‍ത്തനം ആവശ്യമാണ്. ഭാഗ്യവശാല്‍ തബ്ലീഗ് പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു. ഹാജിമാര്‍ക്കിടയില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നു. അവരെ അന്വേഷിച്ച് അവരോടൊപ്പം കൂടി. ഗ്രന്ഥങ്ങള്‍ ശ്രദ്ധിച്ച് വായിച്ചാല്‍ മാത്രം മനസ്സിലാകുന്ന കാര്യങ്ങള്‍, അവരുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഹജ്ജ് ക്യാമ്പിലെ ഹാജിമാരുടെ അവസ്ഥ കണ്ട് കടുത്ത മനോവേദനയുണ്ടായി. ഒരുഭാഗത്ത്, അടിമുടി സ്നേഹാനുരാഗങ്ങളുടെ പൂര്‍ത്തീകരണവും ഈമാന്‍ തഖ്വകളുടെ പരിശുദ്ധ ചിത്രവുമായ സമുന്നത ഹജ്ജ് യാത്ര. മറുഭാഗത്ത് ഹജ്ജ് യാത്രക്കാര്‍ക്ക് നമസ്കാരത്തില്‍ പോലും ശ്രദ്ധയില്ല. മുസാഫിര്‍ഖാനയില്‍ മസ്ജിദ് നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അഞ്ചുനേരവും അവിടെ ബാങ്കിന്‍റെ ശബ്ദം മുഴങ്ങാറുണ്ട്. കുളിക്കാനും വുളൂ ചെയ്യാനുമുള്ള സൗകര്യം സുലഭവുമാണ്. പക്ഷെ, ന്യായവും അന്യായവുമായ ചെറിയ ചെറിയ കാര്യങ്ങളുടെ പേരില്‍ യാതൊരു മടിയുമില്ലാതെ ജമാഅത്ത് നമസ്കാരം ഉപേക്ഷിക്കപ്പെടുന്നു. സമയം നിശ്ചയിച്ച് ഞങ്ങള്‍ വിവിധ ജമാഅത്തുകളായി ഹാജിമാരെ സമീപിച്ചു. പക്ഷെ, എല്ലാവരും സാധനസാമഗ്രികള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. നിരവധി ആളുകള്‍ ജമാഅത്ത് എന്നല്ല നമസ്കാരം പോലും ഉപേക്ഷിച്ചു കഴിയുന്നു. യഥാര്‍ത്ഥ തയ്യാറെടുപ്പിനെപ്പറ്റി പരിപൂര്‍ണ്ണ അവഗണന. പക്ഷെ, ഹജ്ജ് യാത്രയിലുടനീളം ഒരിക്കല്‍ പോലും ആവശ്യം വരാത്ത സാധനങ്ങള്‍ പോലും വാങ്ങി കൂട്ടുന്നതില്‍  വലിയ ആവേശം. ഏറ്റവും വലിയ വിഷയമായ ഹജ്ജിന്‍റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുപോലും അറിയാത്ത സഹോദരങ്ങള്‍, അല്ലാഹു അവര്‍ക്ക് മാപ്പ് കൊടുക്കട്ടെ! സംസാരം കേള്‍ക്കാന്‍പോലും അവര്‍ക്ക് സമയമില്ല. താഴ്മയും സ്നേഹവും കാണിച്ച് പലരേയും അടുത്തിരുത്തി ഞങ്ങള്‍ സംസാരിച്ചു. ഹജ്ജിന്‍റെ കാര്യം ഇരിക്കട്ടെ, പരിശുദ്ധ കലിമയുടെ ഉച്ചാരണവും ആശയംപോലും പലര്‍ക്കും അറിയില്ല എന്ന കാഴ്ചകണ്ട് അന്തംവിട്ടുപോയി. മുസാഫിര്‍ഖാനയിലെ മസ്ജിദില്‍ ദിവസവും ഹജ്ജിന്‍റെ കാര്യങ്ങളെക്കുറിച്ചുള്ള സംസാരം ഉണ്ടായിരുന്നു. അതില്‍ പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിച്ചു. ഞങ്ങളുടെ അമീറും ചില ഉലമാക്കളും വിവിധ നമസ്കാരങ്ങള്‍ക്കു ശേഷം ചെറിയനിലയില്‍ സംസാരിച്ചു തുടങ്ങി. അതിലൂടെ ഹാജിമാരില്‍ പുതിയൊരു ബോധവും ചിന്തയും ഉണ്ടായിത്തീര്‍ന്നു. നിരവധി ആളുകള്‍ക്ക് ഉറക്കത്തില്‍ നിന്നുണര്‍ന്ന പ്രതീതി. ആ ഇടയ്ക്ക് ഇറങ്ങിയ അല്‍ഫുര്‍ഖാന്‍ മാസികയില്‍ ഹാജിമാര്‍ക്കിടയില്‍ പരിശ്രമിക്കേണ്ടതിന്‍റെ പ്രാധാന്യവും രീതിയും വിവരിച്ചിരുന്നു. അതനുസരിച്ച് ഞങ്ങള്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ നല്ലമാറ്റം കാണപ്പെട്ടു.
കപ്പല്‍ യാത്ര
കപ്പല്‍ പുറപ്പെടുന്ന ദിവസം സമാഗതമായി. ഇന്ന് വലിയ ബഹളത്തിന്‍റെ ദിവസമാണ്. മഹ്ശറ ദിവസത്തെപ്പോലെ ഓരോരുത്തരും അവരവരുടെ കാര്യങ്ങള്‍ മാത്രം നോക്കുന്ന ദിവസം. കപ്പലില്‍ നല്ല ഇരിപ്പിടം ലഭിക്കണം, സാധനങ്ങള്‍ സുരക്ഷിതമായി വെക്കണം എന്ന ചിന്ത മാത്രമാണ് എല്ലാവര്‍ക്കും. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് ഞങ്ങളും തയ്യാറായി. ഈ ദിവസത്തില്‍ ഞങ്ങളെക്കൊണ്ടെത്തിച്ചതിന് അല്ലാഹുവിനെ ആയിരമായിരം പ്രാവശ്യം സ്തുതിച്ചുകൊണ്ട് ഞങ്ങള്‍ കപ്പലിലേക്ക് കയറി. വിശുദ്ധഭൂമിയില്‍ ചെന്നിറങ്ങുന്ന അനുഗ്രഹീത ദിവസവും എത്തിച്ചേരണമേ എന്ന് താണുകേണ് ദുആ ഇരന്നു. അനുരാഗയാത്രയില്‍ സുഖസൗകര്യങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കാന്‍! പക്ഷെ, അല്ലാഹുവിന്‍റെ ഔദാര്യത്താല്‍ ബലഹീനരായ ഞങ്ങള്‍ക്ക് പരീക്ഷണത്തില്‍ അകപ്പെടാതെ റാഹത്തായ സ്ഥലം ലഭിച്ചു.
ചൂളം വിളി ഉയര്‍ന്നു. നങ്കൂരം നീക്കപ്പെട്ടു. കപ്പല്‍ യാത്ര തുടങ്ങി. കൈ ഉയര്‍ത്തി പരസ്പരം സലാം പറഞ്ഞു. എല്ലാവരും പരസ്പരം വിടപറഞ്ഞു. ഒഴുകുന്ന നയനങ്ങള്‍ ആരും കണ്ടില്ല. ഇടറിയ ശബ്ദങ്ങള്‍ ആരും കേട്ടില്ല. പക്ഷെ ആ സാധുക്കളുടെ വചനങ്ങള്‍ ഇപ്രകാരമാണെന്ന കാര്യം ഉറപ്പാണ്: ഹജ്ജ്-സിയാറത്തുകള്‍ക്ക് പോകുന്ന ഭാഗ്യവാന്മാരെ, നിങ്ങള്‍ക്കാശംസകള്‍! മുഅ്മിനിന്‍റെ മിഅ്റാജിനു പോകുന്നവരെ, നിങ്ങള്‍ക്ക് സലാമുകള്‍! ഞങ്ങള്‍ സാധുക്കളെ നിങ്ങള്‍ മറക്കരുതെ! രാജദര്‍ബാറില്‍ എത്തുമ്പോള്‍ ഞങ്ങളെയും ഓര്‍ക്കേണമേ!
സാധനങ്ങള്‍ ഒതുക്കിവെച്ചു. പുതിയ സ്ഥലത്തെ പരിചയപ്പെട്ടു. നമസ്കാരത്തെക്കുറിച്ചായിരുന്നു പ്രധാന ചിന്ത. പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഈ യാത്രയിലെ ഒഴിവ് സമയങ്ങള്‍ കഴിഞ്ഞുപോയ നഷ്ടങ്ങള്‍ നികത്തുവാനുള്ള ഒരു സുവര്‍ണ്ണാവസരമാണ്. ഇതു പാഴാക്കുന്നത് വലിയ ഭാഗ്യക്കേടാണ്. അതുകൊണ്ട് ആദ്യം മുശാവറ ചെയ്തു. തുടര്‍ന്ന് നമസ്കാരത്തിനുള്ള സ്ഥലം കണ്ടുപിടിക്കാനുള്ള പരിശ്രമമായി. കപ്പലിന്‍റെ മുകള്‍ത്തട്ടില്‍ നമസ്കരിക്കാന്‍ വിശാലമായൊരു സ്ഥലം കണ്ടെത്തി. ഖിബ്ല കണ്ടുപിടിക്കാന്‍ കപ്പലിന്‍റെ ഭാഗത്തുനിന്നും സൗകര്യം ചെയ്തിരുന്നു. യഥാസമയങ്ങളില്‍ ബാങ്ക് വിളിക്കപ്പെടുന്നതാണെന്നും മുകള്‍ത്തട്ടില്‍ ജമാഅത്തായി നമസ്കാരം നടത്തപ്പെടുന്നതാണെന്നും മൈക്കിലൂടെ ഹാജിമാരെ അറിയിക്കപ്പെട്ടു. അല്‍ഹംദുലില്ലാഹ്.. ജമാഅത്ത് നമസ്കാരം ആരംഭിച്ചു. ഇമാമും മുഅദ്ദിനും നിയമിക്കപ്പെട്ടു. ഹജ്ജിന്‍റെ മഹത്വവും അതിന്‍റെ തയ്യാറെടുപ്പുകളും വിവരിക്കുന്ന പ്രഭാഷണങ്ങള്‍ നടത്താന്‍ തീരുമാനിക്കപ്പെട്ടു. അതിനു മൈക്കനുവദിക്കപ്പെട്ടതിനാല്‍ ഹാജിമാരുടെ ആഹാരത്തിന്‍റെയും വിശ്രമത്തിന്‍റെയും സമയം ഒഴിച്ചുള്ള സമയങ്ങളില്‍ഈ പ്രഭാഷണങ്ങള്‍ നടത്തപ്പെട്ടു. യാത്രക്കാരെല്ലാവരും ഇരുന്നും കിടന്നും ശ്രവിച്ച് അതിനെ പ്രയോജനപ്പെടുത്തി.
കപ്പലിലെ ഒരു ദിവസമെന്നത് പരിപൂര്‍ണ ഒഴിവുദിനമാണ്. ജീവിതത്തിലെ ഏറ്റവും വലിയ തിരക്കായ നടത്തം ഇതിലില്ല. വീട്, കട, ഫാക്ടറി, ഓഫീസ്, റോഡ്, തോട്ടം, പട്ടണം, പ്രദേശം ഒന്നും ഇവിടെയില്ല. താഴെ സമുദ്രം, മുകളില്‍ നീലാകാശം, ഇവ രണ്ടിനുമിടയില്‍ ഒരു മരക്കഷണത്തില്‍ മനുഷ്യരുടെ ചെറിയൊരു നാട്. എത്ര നടന്നാലും ഒരു സ്ഥലത്തുതന്നെ. നടന്നവരില്‍ പലര്‍ക്കും തലവേദനയും തലകറക്കവും ബാധിക്കുകയും ചെയ്തു. അതെ, പാഠം പഠിച്ചവരെയും പഠിക്കാത്തവരെയും പരീക്ഷയ്ക്ക് മുമ്പ് ഒരു പഠനമുറിയില്‍ അടച്ചിട്ടിരിക്കുന്നു. ഇപ്പോഴും പഠിക്കുന്നില്ലെങ്കില്‍ അത് വലിയ ഭാഗ്യക്കേടാണ്. രാവിലെ കുറച്ച് നേരം നമസ്കാര സ്ഥലത്ത് തഅ്ലീം നടത്താനും അസര്‍ കഴിഞ്ഞ് ഗഷ്ത് ചെയ്യാനും തീരുമാനിച്ചു. മുമ്പുണ്ടായ അതേ അനുഭവം ഇപ്പോഴും ഉണ്ടായി. ദീനിന്‍റെ അടിസ്ഥാന കാര്യങ്ങളും ഹജ്ജിന്‍റെ അത്യാവശ്യ വിഷയങ്ങളും പലഹാജിമാര്‍ക്കും അറിയില്ല.
ഹജ്ജ് ഒരു പ്രധാന ജിഹാദാണ്. ഉമര്‍ (റ) പ്രസ്താവിക്കുന്നു: "ഹജ്ജിനുവേണ്ടി വാഹനത്തെ മെരുക്കി കെട്ടുക. അതൊരു ജിഹാദാണ്." യാത്ര കപ്പലിലാണെങ്കില്‍ ഈ ജിഹാദിന്‍റെ കടുപ്പം അല്‍പ്പം കൂടി കൂടുന്നതാണ്. തലവേദന, തലകറക്കം, ഛര്‍ദ്ദി, കൃത്യസമയങ്ങളിലുള്ള നമസ്കാരം എന്നിവ വലിയൊരു ജിഹാദ് തന്നെയാണ്. നാട്ടില്‍ വെച്ച് നമസ്കാരത്തില്‍ ശ്രദ്ധയില്ലാത്തവര്‍ക്ക് ഇത്തരം സന്ദര്‍ഭത്തില്‍ നമസ്കരിക്കല്‍ ബുദ്ധിമുട്ട് തന്നെയാണ്. എന്നാല്‍ ദീനീവിഷയങ്ങളിലുള്ള പരസ്പര പ്രേരണയും ഉപദേശവും കാരണമായി എല്ലാവരും നമസ്കാരത്തിന് വന്നുതുടങ്ങി. ഛര്‍ദ്ദിയും മറ്റും കാരണം വരാന്‍ കഴിയാത്തവര്‍ അവരവരുടെ സ്ഥലത്തിരുന്നുതന്നെ നമസ്കാരത്തിലും ദിക്റിലും മുഴുകി.
ഹജ്ജില്‍ പ്രത്യേകമായ രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്ന,് ഓരോ മുസ്ലിമിന്‍റെയും അനുസരണ പരീക്ഷിക്കപ്പെടുന്ന ചില കര്‍മ്മങ്ങള്‍, രണ്ട്, അവന്‍റെ യഥാര്‍ത്ഥ സ്നേഹാനുരാഗങ്ങള്‍ പ്രകടിപ്പിക്കേണ്ട ചില ഘട്ടങ്ങള്‍. ഇതുതന്നെയാണ് പ്രധാനപ്പെട്ട കാര്യവും. ഹജ്ജിന്‍റെ ആത്മാവും ഇബ്റാഹീം നബി (അ)യുടെ അനന്തര സ്വത്തുമായ മുഹബ്ബത്തിന്‍റെ തീക്കനലുകള്‍ ഊതിക്കത്തിക്കലും വളര്‍ത്തലുമാണ് ഹജ്ജിന്‍റെ പ്രധാനപ്പെട്ട ലക്ഷ്യം. ചില ഹാജിമാരുടെ പ്രകൃതിയില്‍ ഈ ഗുണം മുന്‍പേ അടിഞ്ഞുകൂടിയിട്ടുണ്ടാവും. അവരെ സംബന്ധിച്ചിടത്തോളം ഹജ്ജ് യാത്രയിലെ പ്രയാസങ്ങള്‍ വളരെ സന്തോഷകരവും ആത്മാവിന്‍റെ ഭക്ഷണവും വേദനയുടെ ശമനവുമായിരിക്കും. സ്നേഹാനുരാഗത്തിന്‍റെ ഈ അവസ്ഥ ഇല്ലാത്തവര്‍ അതുണ്ടാക്കിയെടുക്കാന്‍ പ്രത്യേകം പരിശ്രമിക്കേണ്ടതാണ്. അതില്ലായെങ്കില്‍ ഹജ്ജ് ജീവനില്ലാത്ത വെറും ശരീരം മാത്രമായി പോവുന്നതാണ്. ഇതുണ്ടാക്കിയെടുക്കുവാന്‍ അനുഭവത്തിലൂടെ സ്ഥിരപ്പെട്ട രണ്ടു വഴികളുണ്ട്. ഒന്ന്, അല്ലാഹുവിന്‍റെയും ദൂതരുടെയും സൗന്ദര്യവും സമ്പൂര്‍ണതകളും ഗുണങ്ങളും ഉപകാരങ്ങളും പഠിക്കുകയും ഓര്‍ക്കുകയും ചെയ്യുക. രണ്ട് ഈ ഗുണങ്ങളുള്ള ആളുകളുമായി സഹവസിക്കുക. അതിനുകഴിഞ്ഞില്ലായെങ്കില്‍ അവരുടെ സ്നേഹസമ്പന്നമായ സംഭവങ്ങള്‍ വായിക്കുക. പരിശുദ്ധ ഖുര്‍ആന്‍ പാരായണവും ദിക്റും സ്വലാത്തുകളും അതിലേക്കുള്ള ഒന്നാമത്തെ വഴിയാണ്. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും സ്നേഹത്തിന്‍റെ ചൂട് നിറഞ്ഞ് നില്‍ക്കുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത മഹാന്മാരുടെ സംഭവങ്ങള്‍ രണ്ടാമത്തെ മാര്‍ഗ്ഗമാണ്. ശൈഖ് അബ്ദുല്‍ ഹഖ് ദഹ്ലവിയുടെ "ജദ്ബുല്‍ ഖുലൂബ്, ശൈഖുല്‍ ഹദീസിന്‍റെ "ഹജ്ജി ന്‍റെ മഹത്വങ്ങള്‍", ജാമീ, ഖുസ്റു മുതലായവരുടെ അനുരാഗ ഗീതങ്ങള്‍ എന്നിവ ഈ വിഷയത്തില്‍ വലിയ ഗുണങ്ങള്‍ അടങ്ങിയതാണ്.
സ്നേഹാനുരാഗത്തിന്‍റെ ഈ ചൂടും വേദനയും ഉണ്ടായിത്തീര്‍ന്നവരെ സംബന്ധിച്ചിടത്തോളം ദിവസങ്ങള്‍ കഴിയുംതോറും ആവേശം കൂടിക്കൊണ്ടിരിക്കുന്നു. വിശുദ്ധഭൂമിയുടെ മൊട്ടക്കുന്നുകളും, മണല്‍ക്കാടുകളും കാണുന്ന മാത്രയില്‍ അത് ആളിക്കത്തും. അതില്‍ ബാഹ്യമായ സൗന്ദര്യമൊന്നുമില്ലെങ്കിലും അതിലെ ഓരോ അംശങ്ങളിലും പ്രിയംകരതയും ഹൃദ്യതയും അനുഭവപ്പെടും.
മീഖാത്തില്‍
ദിവസങ്ങള്‍ ഈ നിലയില്‍ മുന്നോട്ട് നീങ്ങി. ഇതിനിടയില്‍  മീഖാത്ത് ആയ യലംലമില്‍ ഉടന്‍തന്നെ കപ്പല്‍ എത്തിച്ചേരുമെന്ന് അറിയിപ്പുണ്ടായി. ഇഹ്റാമിനു വേണ്ടി കൊതിച്ചുകഴിഞ്ഞിരുന്ന യാത്രികരില്‍ ഇത് ആവേശം സൃഷ്ടിച്ചു. എല്ലാവരും കുളിച്ച് തയ്യാറായി. ഇഹ്റാമിന്‍റെ വസ്ത്രം ധരിച്ചു. ഇഹ്റാമിന്‍റെ രണ്ട് റകഅത്ത് നമസ്കരിച്ചു. കുറച്ചുകഴിഞ്ഞ് വിസില്‍ മുഴങ്ങി. എല്ലാവരും തല്‍ബിയത്ത് മുഴക്കിത്തുടങ്ങി.
ചിലര്‍, ആദ്യം മദീനാ ത്വയ്യിബയിലേക്ക് പോകാന്‍ തിരുമാനിച്ചവരായിരുന്നു. അവര്‍ ഇഹ്റാം നിര്‍വ്വഹിച്ചില്ല. അവര്‍ മദീനാത്വയ്യിബയില്‍ നിന്നും മടങ്ങുമ്പോള്‍ ദുല്‍ഹുലയ്ഫ എന്ന സ്ഥലത്തുവച്ച് ഇഹ്റാം നിര്‍വ്വഹിക്കുന്നതാണ്. അവിടെ വെച്ചാണ് റസൂലുല്ലാഹി (സ) ഇഹ്റാം നിര്‍വ്വഹിച്ചത്.
കുറച്ചുകഴിഞ്ഞപ്പോള്‍ ജിദ്ദ അടുത്തു എന്ന അറിയിപ്പുണ്ടായി. അതിവേഗത്തില്‍ ഒരു ബോട്ട് ഞങ്ങളുടെ അരികിലെത്തി. അതില്‍ നിന്നും ഏതാനും അറബികള്‍ ഞങ്ങളുടെ കപ്പലില്‍ കയറി. കപ്പിത്താന് വഴികാണിച്ചുകൊടുത്തു. അല്പംകഴിഞ്ഞ് നങ്കൂരം തറച്ചു. ഞങ്ങള്‍ ചെറിയ ബോട്ടുകളില്‍ കയറി ജിദ്ദയുടെ പ്ലാറ്റ്ഫോമില്‍ അതായത് അറേബ്യന്‍ ഭൂമിയില്‍ എത്തിച്ചേര്‍ന്നു. കണ്ണിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങളിപ്പോള്‍ അറേബ്യന്‍ ഭൂമിയിലാണ്.! പ്രിയങ്കരന്‍റെ നാട്ടിലാണ്. മക്ക മുകര്‍റമയില്‍ നിന്നും ഏതാനും കിലോമീറ്റര്‍മാത്രം ദൂരത്താണ്!!!
സാധനങ്ങള്‍ ഒതുക്കിവെച്ചു. പാസ്പോര്‍ട്ട് കാണിച്ചു. മുഅല്ലിമിന്‍റെ പേര് പറഞ്ഞ് പ്ലാറ്റ്ഫോമിന് പുറത്തിറങ്ങി. അല്ലാഹുവേ, മക്കാമുകര്‍റമയില്‍ എത്തിയിട്ടില്ല. മദീനാത്വയ്യിബ കൂടുതല്‍ ദൂരത്താണ്. പക്ഷെ, ജിദ്ദ എന്ന ഈ പട്ടണത്തോട് പ്രിയം തോന്നുന്നു. സ്നേഹത്തിന്‍റെ ഭാഷ്യംതന്നെ മറ്റൊന്നാണ്. ഇവിടുത്തെ കൂലിക്കാര്‍, കറുത്തവര്‍ഗ്ഗക്കാരായ തൊഴിലാളികള്‍, വൃദ്ധരായ ഗ്രാമീണര്‍, കച്ചവടക്കാര്‍, ഹാജിമാരോട് യാചിക്കുന്ന സാധുകുട്ടികള്‍ എല്ലാവരോടും ഞങ്ങള്‍ക്ക് പ്രിയംതോന്നി.
     മദീനാ ത്വയ്യിബയിലേക്ക്
ഞങ്ങളുടെ സംഘത്തിന് ആദ്യം പോകേണ്ടിയിരുന്നത് മദീനാ ത്വയ്യിബയിലേക്കാണ്. രണ്ട് മൂന്ന് ദിവസം യാത്രാ രേഖകളും വാഹനവും ശരിയാക്കാന്‍ ജിദ്ദയില്‍ തങ്ങേണ്ടി വന്നു. അവസാനം പ്രതീക്ഷയുടെ മണിക്കൂറുകള്‍ അവസാനിച്ചു. വാഹനം വന്നു. സാധനങ്ങള്‍ കയറ്റി. ഞങ്ങളും കയറി. അറബി അറിയാവുന്ന ഒരാള്‍ ഡ്രൈവറിനടുത്ത് ഇരിക്കുന്നത് നന്നാണ്. നമസ്കാരത്തിനും ഇതര ആവശ്യങ്ങള്‍ക്കും വണ്ടി നിറുത്താന്‍ സൗകര്യമാകും. ഡ്രൈവറോട് നല്ല നിലയില്‍ പെരുമാ റിയാല്‍ യാത്രയിലാകെ സുഖം ലഭിക്കും.
വാഹനം മദീനാ ത്വയ്യിബ ലക്ഷ്യമിട്ട് യാത്രയായി. നമസ്കാര സമയങ്ങളില്‍ വണ്ടി നിറുത്തപ്പെട്ടു. ജമാഅത്തായി നമസ്കാരങ്ങള്‍ നടന്നു. വിവിധ നാടുകളിലൂടെ വാഹനം മുന്നോട്ട് നീങ്ങി. ദാരിദ്ര്യത്തിന്‍റെ പിടിയിലമര്‍ന്ന അര്‍ദ്ധ നഗ്നരായ അറബി ബാലികാ-ബാലന്മാര്‍ വാഹനം കാണുമ്പോള്‍ അതിന്‍റെ പിന്നാലെ ഓടിവരുന്നു. അവരുടെ ദരിദ്രാവസ്ഥ കണ്ട് മനസ്സില്‍ വല്ലാത്ത വേദന അനുഭവപ്പെട്ടു. (ഈ കുറിപ്പ് എഴുതപ്പെട്ട 1947 ലെ അവസ്ഥയാണിത്. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇന്ന് അറേബ്യ മുഴുവന്‍ ഉയര്‍ന്ന സാമ്പത്തികാവസ്ഥയിലാണ്.) ഇവരില്‍  എത്രപേര്‍ സഹാബാക്കളുടെ സന്താന പരമ്പരയില്‍ പെട്ടവരായിരിക്കും? ഇസ്ലാമിക ലോകത്തെ മാത്രമല്ല, മുഴുവന്‍ മാനവരാശിയുടെയും ഉപകാരികളായ ആ മഹാത്മാക്കളുടെ സന്താന പരമ്പരയില്‍പ്പെട്ടവരായിരിക്കാം. നാം ധാരാളമായി ധൂര്‍ത്തടിക്കുന്ന സമ്പത്തില്‍ നിന്ന് കുറച്ചെന്തെങ്കിലും ഇവര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഏതാനും കണ്ണീര്‍ത്തുള്ളികളെങ്കിലും ഒലിപ്പിച്ചാല്‍ അത് പാപങ്ങള്‍ക്ക് കുറച്ച് പരിഹാരമായേക്കാം.
കണ്ണുയര്‍ത്തി ഇരുഭാഗങ്ങളിലേക്കും നോക്കുക. ശൂന്യമായ മണല്‍ക്കാടുകളും പര്‍വ്വതങ്ങളുടെ പരമ്പരകളും കാണാന്‍ കഴിയും. നബവീ ഒട്ടകം ഒരുപക്ഷെ ഇതിലൂടെയായിരിക്കും കടന്നുപോയത്. അന്തരീക്ഷത്തിന്‍റെ ഹൃദ്യത ഇത് വിളിച്ചറിയിക്കുന്നുണ്ട്.
ഇതാ, മുസൈജിദ് എന്ന സ്ഥലമെത്തി, അടുത്തത് ദുല്‍ഹുലൈഫയാണ്. പുണ്യ സ്വലാത്ത് നാക്കിലൂടെ ഒഴുക്കി. മനസ്സില്‍ ആഗ്രഹാവേശങ്ങളുടെ തിരകളുയര്‍ന്നു. അനറബിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് അറ ബിയായ ഡ്രൈവര്‍ അത്ഭുതപ്പെട്ടു. ചിലപ്പോള്‍ പാടുന്നു, മറ്റു ചിലപ്പോള്‍ കരയുന്നു. ചിലപ്പോള്‍ അറബിയില്‍, ചിലപ്പോള്‍ മറ്റ് ഭാഷകളില്‍.  ചാന്ദ്രിക രാവില്‍ ഇളം കാറ്റിന്‍റെ തലോടല്‍ വലിയ അനുഭൂതി ഉളവാക്കി. ത്വയ്യിബ അടുക്കുംതോറും കാറ്റിന്‍റെ തണുപ്പും മനസ്സിന്‍റെ ചൂടും കഠിനമായിക്കൊണ്ടിരുന്നു.
ഇതാ ദുല്‍ഹുലൈഫയിലെത്തി. പ്രഭാതം വരെയും ഇവിടെയാണ് കഴിച്ചുകൂട്ടേണ്ടത്. കുളിച്ചു സുഗന്ധം പൂശി അല്പനേരം വിശ്രമിച്ചു. സുബ്ഹ് നമസ്കാരാനന്തരം വാഹനം യാത്രയായി. തലകുനിച്ച് കടന്നുപോകേണ്ട സ്ഥലത്ത് നാം വാഹനത്തില്‍ യാത്ര ചെയ്യുകയാണ്! അഖീഖ് മലഞ്ചെരുവിന്‍റെ അരികില്‍ ബിഅ്റ് ഉര്‍വ എന്ന സ്ഥലത്ത് ഇറങ്ങി. ഞങ്ങള്‍ നടന്ന് മുന്നോട്ട് നീങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഉഹദ് മല ദൃഷ്ടിയില്‍പ്പെട്ടു. ഇതിനെക്കുറിച്ചാണ് റസൂലുല്ലാഹി (സ) അരുളിയത്: ഈ മല നമ്മെയും, നാം ഇതിനെയും സ്നേഹിക്കുന്നു. തുടര്‍ന്ന് മദീനയിലെ വൃക്ഷങ്ങള്‍ കാണാന്‍ തുടങ്ങി.
നബവീ സമക്ഷത്തില്‍
അല്പം കഴിഞ്ഞപ്പോള്‍ മസ്ജിദുന്നബവി കാണാന്‍ കഴിഞ്ഞു. പച്ചഖുബ്ബ തലയുയര്‍ത്തി നില്‍ക്കുന്നു. മനസ്സിനെ നിയന്ത്രിച്ച് പതുക്കെ മസ്ജിദുന്നബവിയിലേക്ക് നീങ്ങി. നന്ദിയെന്നോണം അല്പം ദാനം നല്‍കി. പുണ്യ മസ്ജിദില്‍ പ്രവേശിച്ചു. നബവീ മിഹ്റാബിന്‍റെ അരികില്‍ പോയി രണ്ട് റകഅത്ത് നമസ്കരിച്ചു. പാപം നിറഞ്ഞകണ്ണുകളെ കരളിന്‍റെ ജലംകൊണ്ട് കുളിപ്പിച്ചു. തുടര്‍ന്ന്  നബവീ സന്നിധിയില്‍ ഹാജരായി സ്വലാത്ത്, സ്വലാമുകളോതി.

അല്ലാഹുവിന്‍റെ ദുതരേ, അങ്ങയുടെ മേല്‍ സ്വലാത്തു സലാമുകള്‍. അല്ലാഹുവിന്‍റെ ഹബീബേ, അങ്ങയുടെ മേല്‍ സ്വലാത്ത് സ്വലാമുകള്‍. സമുന്നത സ്വഭാവത്തിന്‍റെ വക്താവേ, അങ്ങയുടെ മേല്‍ സ്വലാത്ത്, സലാമുകള്‍ ഖിയാമത്ത് നാളില്‍ സ്തുതിയുടെ പതാകയേന്തുന്നവരെ അങ്ങയുടെ മേല്‍ സ്വലാത്ത് സലാമുകള്‍. മഖാമും മഹ്മൂദിന്‍റെ സ്ഥാനീയരെ അങ്ങയുടെ മേല്‍ സ്വലാത്ത് സലാമുകള്‍. അല്ലാഹുവിന്‍റെ അനുമതി പ്രകാരം ജനങ്ങളെ ഇരുളുകളില്‍ നിന്നും പ്രകാശത്തിലേക്ക് അടിമകളെ ആരാധിക്കുന്നതില്‍ നിന്നും ഏകനായ അല്ലാഹുവിനെ ആരാധിക്കുന്നതിലേക്കും മതങ്ങളുടെ അക്രമങ്ങളില്‍ നിന്നും ഇസ്ലാമിന്‍റെ നീതിയിലേക്കും ദുന്‍യാവിന്‍റെ ഞെരുക്കത്തില്‍ നിന്നും ദുന്‍യാവിന്‍റെയും ആഖിറത്തിന്‍റെയും വിശാലതയിലേക്കും നയിച്ചവരേ അങ്ങയുടെമേല്‍ സ്വലാത്ത് സലാമുകള്‍. സമുന്നത അനുഗ്രഹത്തിന്‍റെ വക്താവേ, അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ഏറ്റവും വലിയ ഉപകാരിയായവരെ അങ്ങയുടെ മേല്‍ സ്വലാത്ത് സാലാമുകള്‍. അങ്ങ് ദൗത്യമെത്തിച്ചു, ഉത്തരവാദിത്വം നിര്‍വ്വഹിച്ചു, സമുദായത്തോട് ഗുണകാംക്ഷ പുലര്‍ത്തി, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പോരാടേണ്ടതുപോലെ പോരാടി. മരണം വരെയും അല്ലാഹുവിനെ ഇബാദത്ത് ചെയ്തു. അല്ലാഹു താങ്കള്‍ക്ക് സമുന്നത പ്രതിഫലം നല്‍കട്ടെ.....
തുടര്‍ന്ന് ഇരു സുഹൃത്തുക്കള്‍ക്കും സ്നേഹാദരവുകളുടെ പൂച്ചെണ്ടുകള്‍ സലാം ദുആകളുടെ രൂപത്തില്‍ സമര്‍പ്പിച്ചു. ശേഷം ഞങ്ങള്‍ താമസസ്ഥലത്തേക്ക് മടങ്ങി.
ത്വൈബയുടെ മണല്‍ തരികള്‍
ഇനി, നിങ്ങളും മസ്ജിദുന്നബവിയുമായുള്ള ബന്ധമാണ്. മനസ്സിലെ ഒരാഗ്രഹവും അവശേഷിപ്പിക്കരുത്. പുണ്യ സ്വലാത്ത് ചൊല്ലാന്‍ ഇതിനേക്കാള്‍ നല്ല സ്ഥലവും സമയവും വേറെ വല്ലതുമുണ്ടോ? ഈ അവസ്ഥയിലും റസൂലുല്ലാഹി (സ)യുമായി അടുപ്പമുണ്ടാക്കിയില്ലെങ്കില്‍ പിന്നെ എപ്പോള്‍ ഉണ്ടാക്കാനാണ്? ഇടയ്ക്കിടയ്ക്ക് സ്വര്‍ഗ്ഗീയ പൂവനത്തില്‍ നമസ്കരിക്കുക. പക്ഷെ, ആരെയും ഉപദ്രവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. തിരക്കുണ്ടാക്കലും, താന്‍ മാത്രം ഈ സ്ഥലത്ത് നമസ്കരിക്കണമെന്ന് വാശി പിടിക്കലും, മസ്ജിദില്‍ ഓടി നടക്കലും മോശമാണ്.  എന്നാല്‍ ഈ നിയമങ്ങള്‍ ഉണ്ടാവുകയും ലോകത്ത് പ്രചരിപ്പിക്കുകയും ചെയ്ത സ്ഥലത്ത് തന്നെ നിയമത്തിനെതിര് പ്രവര്‍ത്തിക്കുന്നത് വളരെ മോശമാണ്. ഇവിടെ ശബ്ദം ഉയര്‍ത്തരുത്. ഭൗതിക കാര്യങ്ങള്‍ സംസാരിക്കരുത്. മസ്ജിദിനെ വഴിയാക്കരുത്. വുളുവില്ലാതെ പ്രവേശിക്കാതിരിക്കാന്‍ കഴിയുന്നത്ര സൂക്ഷിക്കുക. കച്ചവടങ്ങള്‍ നടത്തരുത്.
ദിവസത്തില്‍ എത്ര പ്രാവശ്യം വേണമെങ്കിലും തിരുസന്നിധിയില്‍ ഹാജരായി സലാം പറയുക. ഇത് താങ്കളുടെ ഭാഗ്യാവസരമാണ്. എന്തിന് കുറയ്ക്കണം? പക്ഷെ, ബഹുമാനമര്യാദകളും സ്നേഹാവേശങ്ങളും സദാസമയവും മനസ്സില്‍ ഒരു പോലെ നിലനില്‍ക്കുകയില്ല. മനസ്സ് ഉറങ്ങുകയും ഉണരുകയും ചെയ്യാറുണ്ട്. ഉണര്‍ന്നാല്‍, ഭാഗ്യമായിക്കണ്ട് തിരുസന്നിധിയില്‍ ഹാജരാകൂ.
ചിലപ്പോള്‍ അടിമകളുടെ സംഘങ്ങളോടൊപ്പം കൂടിക്കലര്‍ന്ന് ഹാജരാകാന്‍ മനസ്സ് ആഗ്രഹിക്കും. വിരഹദുഃഖം നിറഞ്ഞ രാപ്പകലുകള്‍ കഴിച്ചുകൂട്ടിയ പ്രേമികളുടെ നയനങ്ങളില്‍ നിന്നും കണ്ണീര്‍ കണങ്ങളുടെ തേന്‍മഴ പെയ്തിറങ്ങുമ്പോള്‍, അതിന്‍റെ ഒരു സ്പര്‍ശം നമ്മെയും നന ച്ചേക്കാം. കാരുണ്യത്തിന്‍റെ മന്ദമാരുതന്‍ അടിച്ച് വീശുമ്പോള്‍ അതിന്‍റെ ഒരു തലോടല്‍ നമുക്കും ഏറ്റേക്കാം. ചിലപ്പോള്‍ നിശബ്ദമായി ആരെയു മറിയിക്കാതെ ഏകനായി ഹാജരാകണമെന്ന് മനസ്സ് കൊതിക്കും. അപ്പോള്‍ അങ്ങനെയാകട്ടെ! മറ്റ് ചിലപ്പോള്‍, കണ്ണുനീരിന്‍റെ നാവുകൊണ്ട് സംസാരിക്കാം. വേറെ ചിലപ്പോള്‍ ആഗ്രഹാവേശങ്ങളുടെ വാക്കുകൊണ്ട് കാര്യം വിവരിക്കാം. സ്വലാത്തുകള്‍ ചെറുതും വലുതുമായി ധാരാളമുണ്ട്. സന്ദര്‍ഭത്തിന് അനുസൃതമായി ഏത് വേണമെങ്കിലും തിരഞ്ഞെടുത്തുകൊള്ളുക. പക്ഷെ, തൗഹീദിന്‍റെ  അതിര്‍ത്തി വിട്ട് കടക്കരുതെന്ന നിബന്ധന മാത്രം ശ്രദ്ധിക്കണം. "അല്ലാഹുവും താങ്കളും വിചാരിച്ചാല്‍" എന്ന വാക്കുപോലും കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന തൗഹീദിന്‍റെ നായകന് മുന്നിലാണ് നിങ്ങള്‍ നില്‍ക്കുന്നത്. സുജൂദ് ചെയ്യുന്നതിനെപ്പറ്റി പറയുകയേ വേണ്ട. അല്ലാഹുവിന്‍റെ വിശേഷണങ്ങളിലും കഴിവിലും  നിയന്ത്രണത്തിലും തീരുമാനത്തിലും പങ്കുചേര്‍ക്കലുണ്ടാകാതെ സൂക്ഷിക്കണം. ജാമിയുടെയോ, ഹാലിയുടേയോ ആരുടെ പദ്യങ്ങള്‍ വേണമെങ്കിലും പാടിക്കൊള്ളുക. ശിര്‍ക്കിന്‍റെ ലാഞ്ചന പോലും സഹിക്കാത്ത, തൗഹീദിന്‍റെ അന്തിമ പ്രവാചകന്‍റെ മുന്നിലാണ് നിങ്ങള്‍ നില്‍ക്കുന്നതെന്ന കാര്യം മാത്രം ഓര്‍ക്കുക.
നാമിപ്പോള്‍ മദീനാ ത്വയ്യിബയിലാണ്. അതെ, ഇവിടുത്തെ മണല്‍ തരികളെപ്പോലും, പൂര്‍വ്വകാല ഔലിയാക്കളും രാജാക്കന്മാരും ആദരിച്ചിരുന്നു. ഓരോ ദിവസവുമെന്നല്ല, ഓരോ മണിക്കൂറുകളും സൗഭാഗ്യമായി കാണുക. അഞ്ച് നേരത്തെ നമസ്കാരങ്ങളും മസ്ജിദുന്നബവിയില്‍ ചെന്ന് ജമാഅത്തായി നമസ്കരിക്കുക. പുറത്തേക്കെവിടെയെങ്കിലും പോയാല്‍ ജമാഅത്ത്  നഷ്ടപ്പെടാത്ത നിലയില്‍ പോയിവരിക. തഹജ്ജുദ് നമസ്കാര സമയത്തും മസ്ജിദുന്നബവിയിലേക്കും വരിക. അപ്പോള്‍ സമാധാന പൂര്‍വ്വം സലാം പറയാന്‍ സാധിക്കും. സുബ്ഹ് നമസ്കരിച്ചാല്‍ കുറച്ച് നേരം അവിടെ ദിക്ര്‍-തിലാവത്തുകളില്‍ കഴിച്ചുകൂട്ടുക. ഇശാഅ് നമസ്കരിച്ചതിന് ശേഷം പുറത്തേക്ക് വരിക.
     ചരിത്ര സ്ഥാനങ്ങളും പാഠങ്ങളും
ബഖീഉല്‍ ഗര്‍ഖദ്: ഇന്ന് ബഖീഇലേക്ക്പോകാം. ബഹുമാന്യ നബിമാരുടെ അന്ത്യവിശ്രമ സ്ഥലങ്ങള്‍ക്ക് ശേഷം സത്യസന്ധതയുടെയും നിഷ്കളങ്കതയുടെയും ഏറ്റവും വലിയ ഖബര്‍സ്ഥാന്‍. "ഇത്തരം ഖജനാവുകള്‍ എവിടെയും അടക്കപ്പെട്ടിട്ടില്ല തന്നെ."
നബവീ ചരിത്രവും സഹാബത്തിന്‍റെ അവസ്ഥകളും പഠിച്ചവര്‍ക്ക് മാത്രമേ, ഈ മണ്ണിന്‍റെ മഹത്വം മനസ്സിലാവുകയുള്ളൂ. ഓരോ ചുവടുകളിലും നാം നിന്നുപോകും. ഓരോ മണ്‍കൂനയിലും കണ്ണുനീര്‍ അടര്‍ന്ന് വീഴും. ഈമാന്‍, ജിഹാദ്, മുഹബ്ബത്ത് മുതലായ മഹല്‍ഗുണങ്ങളുടെ ആയിരക്കണക്കിന് ചരിത്രങ്ങളാണ് ഇവിടെ അടങ്ങിയിരിക്കുന്നത്.
ഞങ്ങള്‍ ബഖീഇല്‍ പ്രവേശിച്ചു. ആദ്യം പുണ്യ അഹ്ലുബൈത്തിന്‍റെ  മഖ്ബറയുടെ അടുത്തെത്തി. തിരുനബി (സ)യുടെ പിതൃവ്യന്‍ അബ്ബാസുബ്നു അബ്ദില്‍ മുത്വലിബ്(റ), സ്വര്‍ഗ്ഗവനിതകളുടെ നായിക ഫാത്വിമത്തുസ്സുഹ്റാഅ് (റ), ഉമ്മത്തിന്‍റെ ഉപകാരി സയ്യിദുനാ ഹസനുബ്നു അലി (റ), മഹാന്മാരായ സൈനുല്‍ ആബിദീന്‍ അലിയ്യുബ്നു ഹുസൈന്‍(റ), ജഅ്ഫറുസ്സാദിഖ് (റ) എന്നിവരാണിവിടെ വിശ്രമിക്കുന്ന ത്. മുന്‍പോട്ട് നീങ്ങി ഇവിടെയാണ് ഖദീജ (റ), മൈമൂന (റ) എന്നീ മഹതികള്‍ ഒഴിച്ചുള്ള എല്ലാ പവിത്ര പത്നിമാരും അടങ്ങിയിട്ടുള്ളത്. തുടര്‍ന്ന്, അനുഗ്രഹീത നബവീ സന്താനങ്ങളുടെ മഖ്ബറകളാണ്. ശേഷം അഖീലുബ്നു അബീത്വാലിബ് (റ), അബൂസുഫ്യാനുബ്നുല്‍ ഹാരിസ് (റ), അബ്ദുല്ലാഹിബ്നു ജഅ്ഫര്‍ (റ) എന്നീ മഹാന്മാരാണ്. തൊട്ടടുത്ത് ഒരു ചുറ്റിക്കെട്ടുണ്ട്. ഇവിടെയാണ് ഇമാമുദാരില്‍ ഹിജ്റ മാലിക് ബ്നു അനസ് (റ), അദ്ദേഹത്തിന്‍റെ ഉസ്താദ് നാഫിഅ്(റ) എന്നിവര്‍ വിശ്രമിക്കുന്നത്. റസൂലുല്ലാഹി (സ) നെറ്റിയില്‍ ചുംബിച്ച ഉസ്മാനുബ്നു മള്ഊന്‍(റ), പ്രവാചക പുത്രന്‍ ഇബ്റാഹീം (റ), സഹാബത്തിലെ സമുന്നത ഫിഖ്ഹ് പണ്ഡിതന്‍ ഇബ്നു മസ്ഊദ് (റ), ഇറാഖിന്‍റെ പടനായകന്‍ സഅ്ദുബ്നു അബീ വഖാസ് (റ), വിയോഗനേരം ഇലാഹീ അര്‍ശ് പ്രകമ്പനം കൊണ്ട സഅ്ദുബ്നു മുആദ് (റ), ധര്‍മ്മത്തിന്‍റെ നായകന്‍ അബ്ദുറഹ്മാനുബ്നുഔഫ് (റ) മുതലായ സഹാബിവര്യന്മാര്‍ ഈ ഭാഗത്താണ്. തുടര്‍ന്നുള്ള ചുറ്റിക്കെട്ടില്‍ ഹിജ്റ 63 ലെ ഹര്‍റത്ത് സംഭവത്തില്‍ ശഹീദാക്കപ്പെട്ട സഹാബികളുടെയും മറ്റും മഖ്ബറകളാണ്. ശേഷം കിഴക്ക് ഭാഗത്തായി മര്‍ദ്ദിതനായ ശഹീദ് അമീറുല്‍ മുഅ്മിനീന്‍ ഉസ്മാനുബ്നു അഫ്ഫാന്‍ (റ) വിശ്രമിക്കുന്നു. ഇവിടെ അല്‍പ്പനേരം നില്‍ക്കാം. സിദ്ദീഖ് (റ), ഫാറൂഖ് (റ) എന്നിവരുടെ അരികില്‍ വെച്ച് കരഞ്ഞതിന്‍റെ മിച്ചം വന്ന സ്നേഹാദരവുകളുടെ കണ്ണീര്‍ ഈ മൂന്നാം സുഹൃത്തിനരികില്‍ വെച്ച് വാര്‍ക്കുക. ശേഷം അബൂസഈദുല്‍ ഖുദ്രി (റ), അലിയ്യുല്‍ മുര്‍തളാ(റ) യുടെ മാതാവ് ഫാത്വിമ ബിന്‍തുല്‍ അസദ് (റ) എന്നിവരുടെ മഖ്ബറകളാണ്. എല്ലാവര്‍ക്കും സലാം പറയുക. ഈ മഖ്ബറകളില്‍ ആകാശത്തുനിന്നും കാരുണ്യത്തിന്‍റെ തേന്‍മഴ വര്‍ഷിക്കട്ടെ.
അവിടെ നിന്നുകൊണ്ട് ബഖീഅ് മൊത്തത്തില്‍ ചിന്താ ഗുണപാഠങ്ങളുടെ ദൃഷ്ടിയിലൂടെ ഒന്നു നോക്കുക. അല്ലാഹു അക്ബര്‍, എത്ര സത്യസന്ധന്മാരായ ദാസന്മാരാണിവര്‍! പറഞ്ഞതെല്ലാം പാലിച്ചവര്‍. മക്കയില്‍ വെച്ച് തിരുനബിയുടെ കരം ഗ്രഹിച്ചവര്‍, മദീനയില്‍ തൃപ്പാദങ്ങള്‍ക്കരികില്‍ വീണ് കിടക്കുന്നു.
ഖുബ്ബതുല്‍ ഖള്റാഅ് എന്ന പച്ച ഖുബ്ബയിലേക്ക് നോക്കൂ. തുടര്‍ന്ന്, മദീനാ നഗരിയിലേക്ക് കണ്ണോടിക്കൂ. സത്യസന്ധത, നിഷ്കളങ്കത, ദൃഢചിത്തത എന്നിവയുടെ സുവര്‍ണ്ണ ചിത്രങ്ങള്‍ അന്തരീക്ഷത്തില്‍ പ്രഭപരത്തി നില്‍ക്കുന്നു. വരൂ, ഈ ബഖീഇല്‍ വെച്ച് തന്നെ ഇസ്ലാമിക സേവനത്തിന് നമുക്ക് നിയ്യത്ത് ചെയ്യാം. "അല്ലാഹുവേ, ഇസ്ലാമിന്‍റെ പാതയില്‍ ഞങ്ങളെ നീ ജീവിപ്പിക്കേണമേ. അതിനോട് സത്യസന്ധമായ ബന്ധമുള്ള നിലയില്‍ മരിക്കാന്‍ നീ ഭാഗ്യം നല്‍കേണമേ." ഇതാണ് ബഖീഇന്‍റെ മഹത്തായ സന്ദേശം.
ഖുബാ: ഒരു ദിവസം ഖുബാ സന്ദര്‍ശിക്കുക. പ്രകാശപൂരിതമായ ഒരു പ്രദേശമാണിത്. തിരുനബി (സ)യുടെ മദീനാ ത്വയ്യിബയിലേക്കു ള്ള പ്രവേശന കവാടം ഖുബായാണ്. ഇവിടെ റസൂലുല്ലാഹി (സ) ഒരു മസ്ജിദിന് ശിലാസ്ഥാപനം നടത്തി. "ആദ്യ ദിവസം തന്നെ തഖ്വയുടെ മേല്‍ അടിസ്ഥാനമിടപ്പെട്ട മസ്ജിദ് എന്ന പേരില്‍ ഈ മസ്ജിദിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. അവിടെ ചെന്ന് നമസ്കരിക്കുക. റസൂലുല്ലാഹി (സ) ഇവിടെ നമസ്കരിച്ചിട്ടുണ്ട്. "ശുദ്ധിയെ സ്നേഹിക്കുന്ന ആളുകള്‍" എന്ന് ഖുര്‍ആന്‍ അനുസ്മരിക്കുന്ന മഹത്തുക്കളുടെ മസ്ജിദാണിത്. അവരുടെ അനുഗ്രഹീത ജീവിതത്തിന്‍റെ പരിമളം നിറഞ്ഞ അന്തരീക്ഷം ഇന്ന് അവിടെ സജീവമാണ്.
ഉഹ്ദ്: ഉഹ്ദിലേക്ക് പോകേണ്ട ദിവസമാണിന്ന് രാവിലെ തന്നെ യാത്രയായി. വളരെ എളുപ്പത്തില്‍ ഉഹ്ദ് മലയുടെ അടിവാരത്തിലെത്തി. ഏറ്റവും വിലപിടിച്ച ചോരത്തുള്ളികള്‍, ഏറ്റവും ആദ്യമായി പതിഞ്ഞ ഭൂമിയാണിത്. ലോകചരിത്രത്തില്‍ മറ്റെവിടെയും കാണാന്‍ കഴിയാത്ത ഏറ്റവുമധികം സത്യസന്ധവും ഉന്നതവുമായ സ്നേഹാനുരാഗങ്ങളുടെ സംഭവങ്ങള്‍ അരങ്ങേറിയത് ഇവിടെയാണ്. സയ്യിദുശ്ശുഹദാഅ് ഹംസ (റ)യുടെ അവയവങ്ങള്‍, റസൂലുല്ലാഹി (സ)യോടുള്ള സ്നേഹത്തിന്‍റെ പേരില്‍ മുറിക്കപ്പെട്ടത്. ഉമാറതുബ്നു സിയാദ് (റ) തൃപ്പാദങ്ങളില്‍ കണ്ണുകള്‍ അമര്‍ത്തി മരണം പുല്‍കിയത്. ഉഹ്ദില്‍ നിന്നും സ്വര്‍ഗ്ഗത്തിന്‍റെ സുഗന്ധം ശ്വസിച്ച് എണ്‍പതിലേറെ മുറിവുകളേറ്റ് അനസ് (റ) ശഹാദത്ത് വരിച്ചത്, തിരുനബി (സ)യുടെ പുഷ്പദന്തങ്ങള്‍ പൊട്ടിയത്, സ്നേഹസമ്പന്നര്‍ കൈയ്യും മുതുകും കൊണ്ട് മഹ്ബൂബിന് മറയിട്ടത്. മക്കയിലെ കുബേര പുത്രന്‍ മുസ്അബ് (റ) ഒറ്റ വസ്ത്രത്തില്‍ ശഹീദായി, ഒറ്റ വസ്ത്രത്തില്‍ ഖബറടക്കപ്പെട്ട് കിടന്നുറങ്ങുന്നത്, എല്ലാം ഈ മണ്ണിലാണ്, അതെ നുബുവ്വത്തിന്‍റെ വിശുദ്ധ വിളക്കിന് ചുറ്റുമുള്ള പ്രേമത്തില്‍ പ്രാണികള്‍ മരിച്ചുവീണത് ഈ മണ്ണിലാണ്. അതെ, പ്രവാചക പ്രേമികളുടെയും ഇസ്ലാമിക പോരാളികളുടെയും കഥ പറയും നാട്. "ബുല്‍ബുലുകള്‍ ഗീതമാലപിക്കുന്ന വിശുദ്ധ സ്ഥാനമാണിത്, കാലുകള്‍ സൂക്ഷിച്ചുവെയ്ക്കുക, ഇത് നിന്‍റെ തോട്ടമല്ല."
"റസൂലുല്ലാഹി (സ) മരിച്ചെങ്കില്‍ അതേ വഴിയില്‍ നിങ്ങളും മരിക്കുക" എന്ന അനസ് (റ)ന്‍റെ ശബ്ദം ഇന്നും ഇവിടുത്തെ അന്തരീക്ഷത്തില്‍ ഈ മലയില്‍ നിന്നുയരുന്നുണ്ട്. വരൂ, ഇസ്ലാമികമായി ജീവി ക്കാനും അതിന്‍റെ വഴിയില്‍ പരിശ്രമിക്കാനും നമുക്ക് കരാര്‍ ചെയ്യാം.
മദീനാ ത്വയ്യിബ, ഇസ്ലാമിക ദഅ്വത്തിന്‍റെ ഉറവിടമാണ്. ഈ ദഅ്വത്തിനെ ഈ ഉറവിടത്തില്‍ നിന്നു തന്നെ പകര്‍ത്തുക. ഇവിടെ നിന്നും നാട്ടിലേക്കുള്ള പ്രധാനപ്പെട്ട ചരക്ക് ഇതുതന്നെയാണ്. ഈത്തപ്പഴം, സുഗന്ധം മുതലായവയെല്ലാം സ്നേഹത്തിന്‍റെ നയനത്തില്‍ വിലപിടിച്ചതാണ്. പക്ഷെ, ഈ ഭൂമിയിലെ ഏറ്റവുംപ്രധാനപ്പെട്ട ഉപഹാരം ദഅ്വത്തും ആ വഴിയില്‍ ത്യാഗപരിശ്രമങ്ങള്‍ നടത്താനുള്ള തീരുമാനവുമാണ്. മദീന ത്വയ്യിബയുടെ വിവിധ ഭാഗങ്ങള്‍, മസ്ജിദുന്നബവിയുടെ അംശങ്ങള്‍, ബഖീഇലെ മണല്‍ തരികള്‍, ഉഹ്ദിലെ ചരല്‍ക്കല്ലുകള്‍ ഇവയുടെയെല്ലാം സന്ദേശം ഇതുതന്നെ. ഈ പട്ടണത്തിന്‍റെ അടിസ്ഥാനം തന്നെ ദഅ്വത്തും ജിഹാദുമാണെന്ന കാര്യം ഇവിടെ വരുന്നവരെല്ലാവരും ഓര്‍ക്കുക. മക്കയില്‍ എല്ലാമുണ്ടെങ്കിലും ദഅ്വത്തിനുള്ളസാധ്യത ഇല്ലാത്തതിനാല്‍ മാത്രമാണ് മക്കയില്‍ നിന്നും ആളുകള്‍ വന്ന് ഈ നാട്ടില്‍ താമസമാക്കിയത്. ഈ നഗരത്തിലെ താമസക്കാരെല്ലാം രണ്ടേ രണ്ട് വിഭാഗമായിരുന്നു. ഒന്ന്: വാഗ്ദത്തം പൂര്‍ത്തീകരിച്ചവര്‍. ഇസ്ലാമിന്‍റെ വഴിയില്‍ അവര്‍ ജീവാര്‍പ്പണം നടത്തി. ഒരു ഭയവും താല്‍പ്പര്യവും അവരെ ലക്ഷ്യത്തില്‍ നിന്നും തടഞ്ഞില്ല. രണ്ട്: പരിപൂര്‍ണ്ണമായി പരിശ്രമിച്ചവര്‍. പക്ഷെ, അല്ലാഹുവിന് അവരെ ഇനിയും ജോലി ചെയ്യിക്കാനുണ്ടായിരുന്നു. ശഹാദത്തിന്‍റെ കൊതിയിലായി അ വര്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. അല്ലാഹു വിവരിക്കുന്നു: "മുഅ്മിനുകളില്‍ കുറെ ആളുകളുണ്ട്. അല്ലാഹുവിനോട് ചെയ്ത കരാറിനെ സത്യ സന്ധമായി അവര്‍ പാലിച്ചു. അവരില്‍ ചിലര്‍ അവരുടെ ഊഴം നിര്‍വ്വഹിച്ചു കഴിഞ്ഞു. മറ്റ് ചിലര്‍ അത് പ്രതീക്ഷിച്ചു കഴിയുകയാണ്. അവര്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല" (അഹ്സാബ്). മുഴുവന്‍ മുസ്ലിം ലോകത്തിന്‍റെയും അവസ്ഥ ഇങ്ങനെ തന്നെയാണാകേണ്ടത്. ഇന്നും ഈ രണ്ട് കൂട്ടരില്‍ മാത്രമേ നാം പെടാന്‍ പാടുള്ളൂ. ഭൗതിക ജീവിതത്തില്‍ ആര്‍ത്തിയും ദുന്‍യാവില്‍ സംതൃപ്തിയും മരണത്തെ ഭയവും ദീനീ സേവനങ്ങളില്‍ നിന്നും അകല്‍ച്ചയും സമ്പാദ്യത്തിലും താത്ക്കാലിക കാര്യങ്ങളിലും മാത്രം ചിന്തയുമുള്ള മൂന്നാമത്തെ വിഭാഗം മദീനയില്‍ പ്രത്യേകിച്ചും മുസ്ലിം ലോകത്ത് പൊതുവിലും ഒരു നിലയ്ക്കും ഉണ്ടാകാന്‍ പാടില്ല.
മദീനാ ത്വയ്യിബയിലെ താമസം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. പുണ്യ സ്വലാത്തും ഖുര്‍ആന്‍ പാരായണവും വര്‍ദ്ധിപ്പിക്കാം. മിച്ചം വരുന്ന സമയങ്ങള്‍ ഹദീസിലും, നബി ചരിത്രങ്ങളുടെ പാരായണത്തിലും കഴിച്ചുകൂട്ടുക. അതിലെ സംഭവങ്ങള്‍ അരങ്ങേറിയ അനുഗ്രഹീത നാടാണിത്. ഇവിടെ വെച്ച് ഇത് പാരായണം ചെയ്യുന്നതില്‍ വലിയ ഐശ്വര്യം അനുഭവപ്പെടുന്നതാണ്.
ഇതാ! മദീനാ വാസത്തിന്‍റെ സമയം അവസാനിക്കുകയാണ്. നാളെ യാത്ര തിരിക്കണമെന്ന അറിയിപ്പുണ്ടായി. താമസത്തിനിടയിലെ വീഴ്ചകളും ഇവിടുത്തെ കടമകള്‍ പാലിക്കുന്നതില്‍ വന്ന പാളിച്ചകളുമോര്‍ത്ത് മനസ്സില്‍ ദുഃഖം ഉയര്‍ന്നു. പശ്ചാത്താപമല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല.  ഇന്ന് ത്വയ്യിബയിലെ അവസാന രാവാണ്. അല്‍പ്പം നേരത്തെ ഉണര്‍ന്ന് മസ്ജിദിലെത്തി. ഇവിടുത്തെ സുഗന്ധം അല്പംകൂടി അനുഭവിക്കാം. നാളെ കഴിഞ്ഞാല്‍ ഈ സുഗന്ധം ലഭിക്കുകയില്ലല്ലോ?
പക്ഷെ, മനസ്സില്‍ ഒരുതരം സമാധാനവും ഉണ്ടായിരുന്നു. ഇവിടെ നിന്നും എവിടേക്കാണ് പോകേണ്ടത്? അല്ലാഹുവിന്‍റെ ദൂതരുടെ പട്ടണത്തില്‍ നിന്നും അല്ലാഹുവിന്‍റെ പട്ടണത്തിലേക്ക്! മുഹമ്മദുര്‍റസൂലുല്ലാഹി (സ)യും സഹാബത്തും പണിതുയര്‍ത്തിയ ഇലാഹീ ഭവനത്തില്‍ നിന്നും തങ്ങളുടെ പിതാമഹന്മാരായ ഇബ്റാഹീം (അ) ഇസ്മാഈല്‍ (അ) ഇരുവരും പണിതുയര്‍ത്തിയ ഇലാഹീ ഭവനത്തിലേക്ക് പോകുന്നതെന്തിനാണ്? പരിശുദ്ധ ഹജ്ജിന്.
അവസാന സലാം പറഞ്ഞു. മസ്ജിദുന്നബവിയെ ദുഃഖത്തോടെ നോക്കിക്കൊണ്ട് പുറത്തേക്ക് വന്നു. വാഹനത്തില്‍ കയറി. മഹ്ബൂബിന്‍റെ പട്ടണത്തെ മുഹബ്ബത്തോടെ നോക്കിക്കൊണ്ട് യാത്രയായി. ഉഹ്ദിനെ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞൊഴുകി. അവസാനം മദീനയുടെ അതിര്‍ത്തി കടന്നു. ഓരോ നിമിഷം കഴിയുംതോറും  മദീനയില്‍ നിന്ന് ദൂരവും മക്കയിലേക്ക് അടുപ്പവും കൂടിക്കൊണ്ടിരുന്നു. അല്‍ഹംദുലില്ലാഹ്.. നാം ഇപ്പോള്‍ ഇരു ഹറമുകളുടെ ഇടയില്‍ തന്നെയാണ്. നൂറായിരം നന്ദി. "ആദരണീയരായ രണ്ട് സുഹൃത്തുക്കള്‍ക്കിടയില്‍ കഴിയാന്‍ സാധിച്ചുവല്ലോ".
     മക്കാമുകര്‍റമയിലേക്ക്
അല്പം കഴിഞ്ഞ് ദുല്‍ഹുലൈഫയിലെത്തി. അവിടെയിറങ്ങി മസ് ജിദില്‍പോയി ഇഹ്റാമിന്‍റെ രണ്ട് റകഅത്ത് നമസ്കരിച്ചു. സലാം വീട്ടിയ ഉടനെ ഞങ്ങള്‍ ഹജ്ജും ഉംറയും ഒരുമിച്ച് നിര്‍വ്വഹിക്കാന്‍ (ഖിറാന്‍) നിയ്യത്ത് ചെയ്തു. സ്ത്രീകള്‍ ഉംറ നിര്‍വ്വഹിച്ച ശേഷം ഹജ്ജിന്‍റെ നാളുകളില്‍ ഹജ്ജ് ചെയ്യാന്‍ (തമത്തുഅ്) നിയ്യത്ത് ചെയ്തു. കാരണം സ്ത്രീകള്‍ക്ക് ഇഹ്റാമിന്‍റെ നിയമങ്ങള്‍ കുറച്ച് കടുപ്പമാണ്. പുരുഷന്മാര്‍ക്ക് നിയമങ്ങള്‍ പാലിക്കുക എളുപ്പവുമാണ്. തല്‍ബിയ്യത്ത് ചൊല്ലിക്കൊണ്ട് ഞങ്ങള്‍ വാഹനത്തിന് അടുത്തെത്തി. തദവസരം ഹജ്ജിന്‍റെ ഗൗരവത്തെയും നിയമമര്യാദകളെയും കുറിച്ച് അമീര്‍ ഹൃസ്വമായ ഒരു പ്രഭാഷണം നടത്തി. തല്‍ബിയ്യത്ത് അധികരിപ്പിക്കുക, ഹജ്ജിന്‍റെ മഹത്വം ഉണരുക, സേവന-സഹായങ്ങള്‍ ചെയ്യുക, മുതലായ കാര്യങ്ങള്‍ക്ക് പ്രേരിപ്പിച്ചു. തല്‍ബിയ്യത്തിന്‍റെ നാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു. നമസ്കാരങ്ങള്‍ ജമാഅത്തായി നിര്‍വ്വഹിച്ചു. വഴക്കുകള്‍ക്ക് അവസരമില്ലാത്ത നിലയില്‍ ദിക്ര്‍-ദുആകള്‍ ചെയ്തും വിശ്രമിച്ചും ആഹാരപാനീയങ്ങള്‍ കഴിച്ചും തികഞ്ഞ സന്തോഷത്തോടെ ഞങ്ങള്‍ പുണ്യഭൂമിയിലേക്ക് നീങ്ങി. ഗാംഭീര്യമുള്ള രാജാധിരാജന്‍റെ നാടും വീടും അടുത്തുകൊണ്ടിരിക്കുന്നു. മര്യാദ-ജാഗ്രതകള്‍! മദീന സൗന്ദര്യത്തിന്‍റെ പൂവനമെങ്കില്‍ മക്ക ഗൗരവ-ഗാംഭീര്യങ്ങളുടെ കേന്ദ്രമാണ്. മദീനയുടെ മണ്ണും വിണ്ണും പ്രിയം പൊഴിക്കുന്നുവെങ്കില്‍ മക്കയുടെ മണല്‍ത്തരികളില്‍ പ്രേമം നിറഞ്ഞുനില്‍ക്കുന്നു. തലതുറന്നിട്ട് കഫന്‍ പുടവ ധരിച്ച് മുടികള്‍ പാറിപ്പറന്ന് ഇലാഹീ പ്രേമത്തോടെയാണ് ഇവിടേക്ക് വരേണ്ടത്.
ഇതാ, മക്കാമുകര്‍റമയുടെ കവാടം ഞങ്ങള്‍ കടക്കുകയാണ്; അല്‍ഹംദുലില്ലാഹ്... ഞങ്ങള്‍ അല്ലാഹുവിന്‍റെ ആദരണീയ നാടായ ബലദുല്‍ അമീനില്‍ കടന്നിരിക്കുന്നു. ചെറുപ്പം മുതല്‍ക്കേ ഈ നാടിന്‍റെ നാമം ദിക്ര്‍പോലെ നാവില്‍ ചലിച്ചിരുന്നു. സ്വര്‍ഗ്ഗത്തെപ്പോലെ ഇതിനെ കാണാനും അണയാനും കൊതിച്ചിരുന്നു. ഓരോ സത്യവിശ്വാസികളുടെയും ഈമാനിക സ്വദേശമാണിത്. എല്ലാ കാലത്തും ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള ഗിരിശൃംഖങ്ങളില്‍ നിന്നും മലഞ്ചെരുവിന്‍റെ ആഴികളില്‍ നിന്നും ഇലാഹീപ്രേമികളെ ഈ നാട് ഇവിടേക്ക് വലിച്ചടുപ്പിച്ചിരുന്നു.
അല്‍-മസ്ജിദുല്‍ ഹറാം
താമസ സ്ഥലത്തെത്തി സാധനങ്ങള്‍ ഒരുക്കിവെച്ച് തയ്യാറായി മസ്ജിദുല്‍ ഹറാമിലേക്ക് നടന്നു. ബാബുസ്സലാമിലൂടെ മസ്ജിദില്‍ കടന്ന് മുന്നോട്ട് നീങ്ങി. അതാ, ഹറമിന്‍റെ ഒത്ത മദ്ധ്യത്തില്‍ കറുത്ത തുണിപുതച്ച് ബൈതുല്ലാഹി തിളങ്ങിനില്‍ക്കുന്നു. ബൈത്തുല്ലാശരീഫ് ആദ്യമായി കാണുമ്പോള്‍ ദുആ സ്വീകരിക്കപ്പെടുന്നതാണ്. അതിനാല്‍ ആദ്യമായി താഴെ കൊടുത്തിരിക്കുന്ന ദുആ ഓതുകയും എന്നിട്ട് തന്‍റെ മുഴുവന്‍ ആവശ്യങ്ങളും ചോദിക്കുകയും വേണം.

അല്ലാഹുവേ, നിന്‍റെ ഈ ഭവനത്തിന് അനുഗ്രഹവും ആദരവും ഉന്നതിയും നന്മയും പ്രൗഢിയും ഏറ്റിയേറ്റി നല്‍കേണമേ! ഹജ്ജും ഉംറയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഈ ഭവനത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്ക് മഹത്വവും ഉന്നതിയും നന്മയും പ്രൗഢിയും അധികമായി നല്‍കേണമേ!
കാതങ്ങള്‍ അകലെനിന്ന് ജീവിതം മുഴുവന്‍ നമസ്കാരത്തില്‍ അഭിമുഖീകരിച്ച തിരുഭവനം തൊട്ട് മുന്നില്‍! ജീവിതത്തില്‍ സുന്ദരസുമോഹന സൗധങ്ങളും നിര്‍മ്മാണ വൈഭവത്തിന്‍റെ മാതൃകകളും ധാരാളം കണ്ടിട്ടുണ്ട്. പക്ഷെ, ലളിതമായ ഈ ചതുഷ്കോണ ഭവനത്തിന്‍റെ സൗന്ദര്യവും സൗരഭ്യവും ഹൃദ്യമനോഹാരിതയും ഒന്ന് വേറെതന്നെ.  കണ്ണും കരളും ഒരുപോലെ ആകര്‍ഷിക്കുന്നു. എത്ര നോക്കിയിട്ടും കണ്ണിന് മതിയാകുന്നില്ല. മനസ്സിന് മതിവരുന്നില്ല. അവിടേക്കുതന്നെ നോക്കിക്കൊണ്ടിരിക്കാന്‍ തോന്നിപ്പോകുന്നു. കേന്ദ്രീയത, സന്തുലിതത്വം, സൗന്ദര്യം, സൗരഭ്യം, ഗാംഭീര്യം എല്ലാം സമ്മിശ്രമായ ഈ ഭവനം വര്‍ണിക്കാന്‍ വാക്കുകളില്ല. ഇതിന്‍റെ യഥാര്‍ത്ഥ പ്രകാശ ഐശ്വര്യങ്ങള്‍ മഹാന്മാര്‍ക്ക് മാത്രമേ അറിയൂ. പക്ഷെ, നമ്മെപ്പോലെ കാഴ്ചയും കഴിവും കുറഞ്ഞവര്‍ക്കും ഒറ്റനോട്ടത്തില്‍ത്തന്നെ ഇതിന്‍റെ മഹത്വം വ്യക്തമാകും. അതെ, ബൈതുല്ലാഹിയെ കാണുന്നത് ഹൃദയത്തിന് ആനന്ദം, നയനങ്ങള്‍ക്ക് പ്രകാശം, ആത്മാവിന് ആഹാരം, കാണുന്ന പാടെ മനസ്സിലെ പ്രയാസങ്ങളെല്ലാം ഒലിച്ച് പോകുന്നു. മസ്തിഷ്കത്തിന്‍റെ തളര്‍ച്ച ഓടിയകലുന്നു. അല്ലാഹുവിന്‍റെ അത്ഭുതകരമായ ഒരനുഗ്രഹം തന്നെ. മുഴുവന്‍ ലോകത്തിന്‍റെയും ഹൃദ്യതയും ആകര്‍ഷണീയതയും ഈയൊരു ഭവനത്തില്‍ സമ്മേളിച്ചിരിക്കുന്നു.
ത്വവാഫ,് സഅ്യ്
ദുല്‍ഹജ്ജ് മാസം ആരംഭിച്ചിരുന്നതിനാല്‍ നല്ല തിരക്കുണ്ടായിരുന്നു. ബൈതുല്ലാഹിക്ക് ചുറ്റും ഹാജിമാരുടെ ത്വവാഫ് നടക്കുകയാണ്. കറുത്ത പുതപ്പിന്‍റെ നാല് ഭാഗത്തും വെളുത്ത വസ്ത്രം ധരിച്ച മനുഷ്യരുടെ പ്രദക്ഷിണം നടക്കുന്നു. കറുത്ത കഅ്ബയ്ക്ക് ചുറ്റും പാലരുവി ഒഴുകുന്നതുപോലെ തോന്നി. ഞങ്ങളും ആ പുഴയില്‍ ലയിച്ചു.
ഹജറുല്‍ അസ്വദിന്‍റെ മൂലയില്‍ നിന്നും ത്വവാഫ് ആരംഭിച്ചു. കൂട്ടത്തിലുണ്ടായിരുന്ന മുഅല്ലിം ദുആകള്‍ പറഞ്ഞുതരുന്നുണ്ടായിരുന്നു. അത് ആവര്‍ത്തിക്കുന്നതില്‍ ത്വവാഫിന്‍റെയോ ദുആകളുടെയോ മാധുര്യം അനുഭവപ്പെട്ടില്ല. അതുകൊണ്ട് അറിയാവുന്ന സുന്നത്തായ ദുആകള്‍ ഞങ്ങള്‍ ഓതി.

അല്ലാഹുവേ, ഞാന്‍ നിന്നോട് പാപമോചനവും ദുന്‍യാവിലെയും ആഖിറത്തിലെയും സുഖവും ചോദിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ നീ ഞങ്ങള്‍ക്ക് ദുന്‍യാവിലും ആഖിറത്തിലും നന്മ നല്‍കുകയും, നരകശിക്ഷയില്‍ നിന്നും രക്ഷിക്കുകയും ചെയ്യേണമേ.

അല്ലാഹു പരിശുദ്ധനാകുന്നു. സര്‍വ്വസ്തുതിയും അല്ലാഹുവിനാകുന്നു. അവനല്ലാതൊരു ആരാധ്യനുമില്ല. അല്ലാഹു ഏറ്റവും മഹോന്നതനാകുന്നു.  ഉയര്‍ന്നവനും ഉന്നതനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ (നന്മചെയ്യുന്നതിനുള്ള) ശക്തിയോ (തിന്മയില്‍ നിന്നും ഒഴിവാകുന്നതിനുള്ള) കഴിവോ ഇല്ല.

അല്ലാഹുവിനെക്കൂടാതെ ഒരാരാധ്യനുമില്ല. അവന്‍ ഏകനാകുന്നു. അവന് തുല്യനായി ആരുമില്ല. മുഴുവന്‍ അധികാരങ്ങളും അവനാണ്. സ്തുതികീര്‍ത്തനങ്ങളഖിലത്തിനും അര്‍ഹനും എല്ലാ കാര്യത്തിനും കഴിവുള്ളവനും അവന്‍ മാത്രമാണ്.
 ശേഷം സഅ്യ് ഉണ്ടായിരുന്നതിനാല്‍ ഇള്തിബാഉം റംലും നടത്തി. തിരക്ക് കാരണം ഹജറുല്‍അസ്വദിനെ തൊട്ടുമുത്താന്‍ സാധിച്ചില്ല. ഹജറുല്‍അസ്വദിന്‍റെ നേരെയെത്തുമ്പോഴെല്ലാം കൈകൊണ്ട് ആംഗ്യം കാണിക്കുക മാത്രം ചെയ്തു. ത്വവാഫ് കഴിഞ്ഞ് മഖാമുഇബ്റാഹീമിന്‍റെ പിന്നിലെത്തി. രണ്ട് റകഅത്ത് നമസ്കരിച്ചു. ശേഷം ഹജറുല്‍ അസ്വദിന്‍റെ മൂലയുടെയും കഅ്ബാ കവാടത്തിന്‍റെയും ഇടയിലുള്ള മുല്‍തസമിന് അടുത്തെത്തി. ആദരവായ റസൂലുല്ലാഹി (സ)യും സഹാബത്തും നെഞ്ചും മുഖവും കൈയ്യും ചേര്‍ത്തുവെച്ച് ദുആ ചെയ്ത സ്ഥലമാണിത്. ഇപ്പോഴും ധാരാളം ആളുകള്‍ അവിടെ കെട്ടിപ്പിടിച്ച് താണുകേണ് ദുആ ഇരന്നുകൊണ്ടിരിക്കുന്നു. അവിടെയെത്തിയപ്പോള്‍ തന്നെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ദുആ സ്വീകരിക്കപ്പെടുമെന്ന് സമാധാനമുണ്ടായി. അല്ലാഹുവുമായിട്ടുള്ള അഗാധമായ അടുപ്പത്തിന്‍റെ അതുല്യമായ ഒരു അവസരമായിരുന്നു. ഈ ഉമ്മത്തിന് ഇന്നും നാഥനുമായി ഉറച്ച ബന്ധമുണ്ടെന്ന് അവിടുത്തെ ദൃശ്യങ്ങള്‍ സാക്ഷ്യം വഹിച്ചു. പാപമോചനം, പടച്ചവന്‍റെ പൊരുത്തം, സുന്ദര അന്ത്യം, സ്വര്‍ഗത്തിന്‍റെ സൗഭാഗ്യം എന്നീ കാര്യങ്ങളും ദുന്‍യാവിന്‍റെ കാര്യങ്ങളും ദുആ ഇരക്കാം. അല്ലാഹുവിനോട് ഭൗതിക കാര്യങ്ങള്‍ മാത്രം ചോദിക്കുന്നതും ഭൗതികതയല്ല. സാക്ഷാല്‍ ആത്മീയതയാണ്. പരലോകത്തെ അവഗണിക്കരുതെന്ന് മാത്രം.
മുല്‍തസമില്‍ നിന്നും സംസം കിണറിനടുത്തെത്തി. ജീവിതത്തിലാദ്യമായി സംസമിന്‍റെ യഥാസ്ഥാനത്ത് നിന്ന് വയര്‍ നിറയെ പാനം ചെയ്ത് ദുആ ഇരന്നു.

അല്ലാഹുവേ, പ്രയോജനകരമായ അറിവും വിശാലമായ ഉപജീവനവും മുഴുവന്‍ രോഗങ്ങളില്‍ നിന്നുള്ള ശമനവും ഞാന്‍ നിന്നോട് ഇരക്കുന്നു.
തുടര്‍ന്ന് സഫാ കവാടത്തിലൂടെ സഅ്യ് ചെയ്യുന്നതിന് സഫയിലേക്ക് നീങ്ങി. സഫായും മര്‍വയും രണ്ടും മലകളായിരിക്കുമെന്നായിരുന്നു സങ്കല്‍പ്പം. പക്ഷെ, ഇവിടെ മറ്റൊന്നാണ് കണ്ടത്. വിശാലമായ നിലയില്‍ ഒരു വഴി. അവയുടെ രണ്ടറ്റത്തായി രണ്ട് മലകളും തുരന്ന് ചെറിയ കയറ്റമുണ്ടാക്കിയിരിക്കുന്നു. സഫായുടെ മുകളില്‍ കയറി ബൈതുല്ലാഹിയിലേക്ക് തിരിഞ്ഞ് ദിക്ര്‍-ദുആകള്‍ ചെയ്തു.

"നിശ്ചയം സഫായും മര്‍വായും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു. അല്ലാഹു ആരംഭിച്ചതുകൊണ്ട് ഞാനും ആരംഭിക്കുന്നു." ശേഷം കഅ്ബ കാണാന്‍ കഴിയുന്ന ഉയരത്തില്‍ കയറുക. എന്നിട്ട് ദുആ ചെയ്യുന്നത് പോലെ കൈയുയര്‍ത്തി ഇപ്രകാരം പറയുക:

"അല്ലാഹു അല്ലാതെ ആരാധനയ്ക്കര്‍ഹന്‍ മറ്റാരുമില്ല. അവനേകനാകുന്നു. അവന് തുല്യനായി ആരുമില്ല. എല്ലാ അധികാരങ്ങളും അവനുള്ളതാകുന്നു. മുഴുവന്‍ സ്തോത്രങ്ങളും അവനു മാത്രമാകുന്നു. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാകുന്നു. അല്ലാഹുവിന് പുറമെ  ഒരു ആരാധ്യനുമില്ല. അവന്‍ ഏകനാകുന്നു. അവന്‍ വാഗ്ദാനത്തെ പൂര്‍ത്തീകരിച്ചു. തന്‍റെ സമ്പൂര്‍ണ്ണ അടിമയെ (മുഹമ്മദ്‌ നബി(സ)യെ സഹായിച്ചു. അവന്‍ ഒറ്റയ്ക്ക് തന്നെ നിഷേധികളുടെ സൈന്യത്തെ പരാജയപ്പെടുത്തി. അതിനുശേഷം ആഗ്രഹിക്കുന്നതെല്ലാം ചോദിക്കുക.
ശേഷം മര്‍വയിലേക്ക് നടന്നു. പച്ച ലൈറ്റുള്ള സ്ഥലത്ത് (ഇവിടെയാണ് ഹാജര്‍ (റ) ഓടിയത്) വേഗത്തില്‍ നടന്നു. ഒരു ഭാഗത്ത് മര്‍വയിലേക്ക് പോകുന്നവരും മറുഭാഗത്ത് മര്‍വയില്‍ നിന്ന് സഫയിലേക്ക് പോകുന്നവരും സംഘംസംഘമായി നീങ്ങുന്നു. ഇന്തോനേഷ്യ, ഈജിപ്ത്, മൊറോക്കോ, തുര്‍ക്കി, സുഡാന്‍ ഇങ്ങനെ ദേശ-ഭാഷാ-നിറങ്ങള്‍, വ്യത്യസ്തമായ പല സംഘങ്ങള്‍! എന്നാല്‍, എല്ലാവരും ഇഹ്റാമില്‍ തലതുറന്നിട്ട് അനുരാഗപൂര്‍ണരായി ലഹരിപിടിച്ച് നടക്കുന്നു. ലോകവുമായി ആര്‍ക്കും ഒരു ബന്ധവുമില്ല. ദിക്ര്‍-ദുആകളുടെ ശബ്ദം മുഴങ്ങുന്നു. ഈ ദൃശ്യം കണ്ടപ്പോള്‍ ഇസ്ലാമിക സ്നേഹം അലയടിച്ചുയര്‍ന്നു. ദേശ-ഭാഷകളുടെ അതിര്‍ത്തികള്‍ പൊട്ടിച്ചിതറി. ദീനീ ഏകത്വം നുരഞ്ഞുപൊന്തി. ഇലാഹീ പ്രേമികളുടെ ഈ സംഘങ്ങളെക്കണ്ട് മനസ്സില്‍ വല്ലാത്ത അവസ്ഥകള്‍ സംജാതമായി. അവരുടെ പാദങ്ങള്‍ ചുംബിക്കാന്‍ തോന്നിപ്പോയി. പക്ഷെ, ആരും ഒന്നിലേക്കും തിരിഞ്ഞുനോക്കാതെ സഅ്യുടെ സഞ്ചാരത്തില്‍ മുഴുകിയിരിക്കുകയാണ്. സഅ്യ് എന്താണ്? നിറഞ്ഞുതുളുമ്പിയ ഭൗതിക കമ്പോളത്തിനിടയില്‍ ഈമാനിക തോപ്പില്‍ കഴിയുക! ലക്ഷ്യം മുന്നില്‍ വെച്ച് നീങ്ങുക, തുടക്കവും ഒടുക്കവും മറക്കാതിരിക്കുക. സഫയിലേക്ക് പോകുമ്പോള്‍ മര്‍വയെയും മര്‍വയില്‍ വെച്ച് സഫയെയും മറക്കരുത്. എവിടെയും നില്‍ക്കാതെ തിരിയാതെ നിരന്തരം മുന്നോട്ട് നീങ്ങുക! ഇത് ഏഴ് പ്രാവശ്യം പൂര്‍ത്തിയായപ്പോള്‍ മര്‍വയില്‍ വെച്ച് സഅ്യ് അവസാനിപ്പിച്ച് ദുആ ഇരക്കുക. തമത്തുഇന്‍റെ ഹജ്ജാണെങ്കില്‍ മുടിവെട്ടുന്ന സ്ഥലത്ത് പോയി മുടിയെടുത്ത് ഇഹ്റാമില്‍ നിന്നും ഒഴിവാകുക. ഖാരിനോ മുഫ്രിദോ ആണെങ്കില്‍ മുടിയെടുക്കാതെ ഇഹ്റാമില്‍ തന്നെ കഴിയുക.
മക്കയിലെ സുവര്‍ണ്ണനിമിഷങ്ങള്‍
ഇപ്പോള്‍ പുതിയ ജീവിതം ആരംഭിച്ചു. എന്നും രാവിലെ സുബ്ഹിക്ക് മുമ്പ് മസ്ജിദുല്‍ ഹറാമിലെത്തും. റുക്ന് യമാനി, ഹതീം, മഖാമുഇബ്റാഹീം മുതലായ സ്ഥലങ്ങളില്‍ മാറി മാറി നമസ്കരിക്കും. ഇടയ്ക്കിടെ ത്വവാഫുകള്‍ ചെയ്യും. സുബ്ഹി ബാങ്കിന് ശേഷം സുന്നത്ത് നമസ്കരിച്ച് നമസ്കാരത്തിലേക്ക് തിരിയും. നമസ്കാരാനന്തരം നല്ല തിരക്കോടുകൂടി തന്നെ ത്വവാഫില്‍ കഴിയും. തദവസരം, പൊതു വിശ്വാസികളോടൊപ്പം അല്ലാഹുവിന്‍റെ പ്രിയങ്കരരായ നിരവധി ദാസന്മാരും കൂട്ടത്തിലുണ്ടാകും. ത്വവാഫ് കഴിഞ്ഞ് ഇശ്റാഖ് നമസ്കരിച്ച് താമസ സ്ഥലത്തേക്ക് മടങ്ങും.
മക്കാമുകര്‍റമയിലെ ഏറ്റം ഉത്തമ നന്മ ത്വവാഫാണ്. ചില മഹാന്മാര്‍ രാവും പകലുമായി 140 ത്വവാഫ് ചെയ്തിരുന്നതായി 'ഹജ്ജിന്‍റെ മഹത്വങ്ങളി'ല്‍  ഉദ്ധരിച്ചിരിക്കുന്നു. ഉച്ച സമയത്ത് തിരക്ക് കുറവായിരിക്കും. ആ സമയത്തും തിരക്കുള്ളപ്പോഴും ത്വവാഫ് ചെയ്യുന്നവരുണ്ട്. എന്തായാലും ത്വവാഫ് നിലയ്ക്കുന്ന ഒരു സമയവുമില്ല. അതുകൊണ്ട് ആരുമില്ലാത്തപ്പോള്‍ ത്വവാഫ് ചെയ്യാമെന്ന് ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ ഈ ആഗ്രഹം ഒരിക്കലും നടക്കുന്നതല്ല. അല്ലാഹു ജനങ്ങളുടെ മടക്കസ്ഥാനമാക്കിയ പ്രിയങ്കര സ്ഥാനത്ത് പ്രേമികള്‍ എപ്പോഴാണ് ഇല്ലാതാകുക! അപ്പുറത്ത് മുല്‍ത്തസമിലും താണുകേണ് അപേക്ഷിക്കുന്നവരുടെ തിരക്കിന് ഒരു കുറവുമില്ല. അറബി, പാഴ്സി, തുര്‍ക്കി, സുഡാനി, ഉര്‍ദു, ബംഗാളി എല്ലാ ഭാഷകളും അവിടെ മുഴങ്ങുന്നുണ്ട്. ഗദ്യവും പദ്യവും എല്ലാമുണ്ട്.
ഹറമിലെ നമസ്കാരം ഒരു ലക്ഷം നമസ്കാരത്തിന് തുല്യമാണ്. നാം ഇപ്പോള്‍ ഹറമിലാണ്. ഇവിടെയായിരുന്നിട്ടും ജമാഅത്ത് നമസ്കാരം നഷ്ടപ്പെടുന്നതിനേക്കാള്‍ വലിയ നഷ്ടം വല്ലതുമുണ്ടോ? സുന്നത്തുകളും, ദിക്ര്‍ ദുആകളും, ദീനീ കാര്യങ്ങള്‍ പറയലും കേള്‍ക്കലും വായിക്കലുമെല്ലാം അധികരിപ്പിക്കുക.
മിനായുടെ മലഞ്ചെരുവില്‍
ദിവസങ്ങള്‍ കൊഴിഞ്ഞ് നീങ്ങി. ദുല്‍ഹജ്ജ് ഏഴായി. ഹജ്ജ് തുടങ്ങാറായി. ഇഹ്റാമിലില്ലാത്തവര്‍ ഇഹ്റാമില്‍ പ്രവേശിച്ചു. വാഹനത്തിലും നടന്നും മിനായിലേക്ക് നീങ്ങി. ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചു. തല്‍ബിയത്തില്‍ മുഴുകി മിനായിലെത്തിയത് അറിഞ്ഞില്ല. മിന എന്നാല്‍ കൂടാരങ്ങളുടെ ഒരു മഹാനഗരം. മുസ്ലിം ലോകം മുഴുവന്‍ ഇവിടെ എത്തിയിട്ടുണ്ട്. ദുല്‍ഹജ്ജ് എട്ടിന് മിനായില്‍ കഴിച്ചുകൂട്ടി. ദിക്ര്‍-ദുആ-നമസ്കാരം മാത്രമാണ് ഇന്നത്തെ ജോലി. ളുഹര്‍ നമസ്കാരത്തിന് മിനായിലെ മസ്ജിദ് ഖൈഫില്‍ എത്തി. നിരവധി നബിമാര്‍ നമസ്കരിച്ച ഇവിടെയാണ് റസൂലുല്ലാഹി (സ)യുടെ കൂടാരം സ്ഥാപിക്കപ്പെട്ടത്. കഴിയുന്നത്ര നേരം ഇവിടെ കഴിയാം. പക്ഷെ, സഹപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കരുത്. വൈകുന്നേരം തബ്ലീഗ് പ്രവര്‍ത്തകരായ ഉലമാക്കള്‍ തികഞ്ഞ വികാരാവേശങ്ങളോടെ ഹജ്ജിനെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തി. നാളത്തെ അറഫയെയും മുസ്ദലിഫയെയും ഇതര ഹജ്ജ് കര്‍മ്മങ്ങളെയും പരിചയപ്പെടുത്തി. മര്യാദ രീതികള്‍ വിവരിച്ചു.
അറഫാത്ത് മൈതാനത്ത്
നാളെ ദുല്‍ഹജ്ജ് ഒന്‍പത് അറഫാ ദിനമാണ്. അഥവാ ഹജ്ജിന്‍റെ രത്നച്ചുരുക്കം. നേരത്തെ തന്നെ കിടന്നുറങ്ങി. പാതിരാത്രിയില്‍ ഉണര്‍ന്നു. അത്ഭുത ദൃശ്യമായിരുന്നു. മിനയിലെ താല്‍ക്കാലിക നഗരി മുഴുവന്‍ പ്രകാശപൂരിതമായി നില്‍ക്കുന്നു. മസ്ജിദുല്‍ ഖൈഫിനരികിലേക്ക് നടന്നു. ഇബ്റാഹീം (അ) ന്‍റെ ബലിയും  ഇസ്മാഈല്‍ (അ) ന്‍റെ സഹനതയും വളരെ ശക്തമായി മനസ്സില്‍ ഉയര്‍ന്നു. പടച്ചവനെ, നിന്നോടുള്ള ഇബ്റാഹീമീ സ്നേഹത്തിന്‍റെ ഒരംശമെങ്കിലും നല്‍കി അനുഗ്രഹിക്കേണമേ! ഇലാഹീ, ഞങ്ങളുടെ മരിച്ച മനസ്സുകളെ നിന്നോടുള്ള സ്നേഹം കൊണ്ട് സജീവമാക്കേണമേ! ഇബ്റാഹീമീ ക്ഷണം കേട്ട് മുസ്ലിം ലോകമാകെ ഇവിടെ സംഗമിച്ചിരിക്കുകയാണ്. ഇവരില്‍ ഇബ്റാഹീമീ സ്നേഹത്തിന്‍റെ ചൂട് പകരേണമേ! നിനക്ക് വേണ്ടി ജീവനും സമ്പത്തും അര്‍പ്പണം ചെയ്യാന്‍ ഞങ്ങള്‍ക്ക് സൗഭാഗ്യം നല്‍കേണമേ! മസ്ജിദുല്‍ ഖൈഫില്‍ കയറി നമസ്കരിച്ചു. വലിയ അനുഭൂതിയുണ്ടായി. സുബ്ഹി നമസ്കാരാനന്തരം അറഫയിലേക്ക്  പുറപ്പെട്ടു. എല്ലാവരും യാത്രയ്ക്കുള്ള തിരക്കിലാണ്. ഇതാണ് ഹജ്ജിന്‍റെ ഒരു പരീക്ഷണ ഘട്ടം. ഞങ്ങള്‍ തല്‍ബിയത്ത് ചൊല്ലി നടന്നു നീങ്ങി. മൂന്ന് മൈലുകള്‍ പിന്നിട്ടപ്പോള്‍ മുസ്ദലിഫയിലെത്തി. ഇവിടെയാണ് ഇന്ന് രാത്രി കഴിയേണ്ടത്. ഇപ്പോള്‍ നില്‍ക്കേണ്ടതില്ല. മൂന്ന് മൈലുകള്‍ കൂടി പിന്നിട്ടപ്പോള്‍ അറഫയിലെത്തി. അല്ലാഹു മഹോന്നതന്‍! അറഫ ഒരു മനുഷ്യമഹാ സമുദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.
മനുഷ്യമഹാ സമുദ്രം! മറ്റ് ദിവസങ്ങളില്‍ ശൂന്യമായിക്കിടക്കുന്ന ഈ പ്രദേശത്ത് ലക്ഷങ്ങള്‍ ഒത്തുകൂടിയിരിക്കുന്നു. രാജാവിന്‍റെയും പ്രജയുടെയും വേഷം ഒന്നുതന്നെ. ശുഭ്രവസ്ത്രം! പ്രകാശപൂരിതമായ വദനങ്ങളില്‍ ദിക്ര്‍ കൊണ്ട് നനഞ്ഞ നാവുകള്‍. അല്ലാഹു ഭൂമിയില്‍ മലക്കുകളെ അധിവസിപ്പിച്ച പോലുണ്ട്. ലബ്ബൈക്കിന്‍റെ ശബ്ദങ്ങള്‍ തിരമാല പോലെ ഉയര്‍ന്ന് പര്‍വ്വതങ്ങളില്‍ തട്ടി പ്രതിധ്വനിക്കുന്നു. ഇത്ര വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ തിക്കും തിരക്കുമില്ല. ആത്മീയതയുടെ മഹത്തായ ഒരു അന്തരീക്ഷം പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ കൂടാരത്തില്‍ നിന്നുമിറങ്ങി മസ്ജിദ് നമിറയില്‍ എത്തി. ഇമാമിനോടൊപ്പം ളുഹ്റും അസറും നമസ്കരിച്ച് ഖുതുബ കേട്ട് ദിക്ര്‍ ദുആകളില്‍ മുഴുകി.
ഇവിടെ ചെയ്യേണ്ട ഏറ്റവും ശ്രേഷ്ഠമായ ദുആ ഇപ്രകാരമാണ്.

"അല്ലാഹുവിനെ കൂടാതെ ഒരാരാധ്യനുമില്ല. അവന്‍ ഏകനാകുന്നു. അവനുതുല്യനായി ആരുമില്ല. മുഴുവന്‍ അധികാരങ്ങളും, സ്തുതി കീര്‍ത്തനങ്ങളും അവന് മാത്രമാകുന്നു. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാകുന്നു."
അറഫാ മൈതാനത്തിലെ വളരെ പ്രയോജനകരമായ മറ്റൊരു ദുആ ഹജ്ജത്തുല്‍ വദാഇല്‍ നബി (സ)യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

"അല്ലാഹുവേ, നീ എന്‍റെ വാക്കുകള്‍ കേള്‍ക്കുകയും സ്ഥാനം കാണുകയും എന്‍റെ രഹസ്യവും പരസ്യവും അറിയുകയും ചെയ്യുന്നു. എന്‍റെ ഒരു കാര്യവും നിനക്ക് അവ്യക്തമല്ല. ഞാന്‍ പ്രയാസപ്പെടുന്നവനും നിന്‍റെ മുന്നില്‍ ആവശ്യക്കാരനും സഹായം തേടുന്നവനും അഭയം പ്രാപിക്കുന്നവനും ഭയക്കുന്നവനുമാണ്. എന്‍റെ പാപങ്ങള്‍ ഞാന്‍ തുറന്നു സമ്മതിക്കുന്നു. പാവപ്പെട്ടവന്‍ യാചിക്കുന്നതുപോലെ ഞാന്‍ നിന്നോടിരക്കുന്നു. പാപി വിറക്കുന്നതുപോലെ  നിന്‍റെ മുന്നില്‍ വിറയ്ക്കുന്നു. അപകടം ബാധിച്ച് ഭയന്നവന്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ ഞാന്‍ നിന്നോട് പ്രാര്‍ത്ഥിക്കുന്നു. നിന്‍റെ മുന്നില്‍ പിരടി കുനിക്കുകയും ശരീരം കൊണ്ട് വിനയം കാണിക്കുകയും നിനക്കുവേണ്ടി നിന്ദ്യത ഏറ്റുവാങ്ങുകയും ചെയ്തവന്‍റെ പ്രാര്‍ത്ഥന. അല്ലാഹുവേ, നിന്നോട് ദുആ ഇരക്കുന്നതില്‍ നിന്ന് എന്നെ നീ ഭാഗ്യഹീനനാക്കരുതേ! എന്നോട് നീ ഔദാര്യവും കരുണയും കാട്ടേണമേ. അല്ലാഹുവേ നീ ചോദിക്കപ്പെടുന്നവരില്‍ ഉന്നതനും നല്‍കുന്നവരില്‍ ഉത്തമനുമാണ്."
അറഫയില്‍ കഴിച്ചുകൂട്ടുന്ന മുഴുവന്‍ സമയവും ദുആ ചെയ്തുകൊണ്ടിരിക്കേണ്ടതാണ്. എന്തെല്ലാം ആഗ്രഹങ്ങളുണ്ടോ അതെല്ലാം ചോദിക്കുക.  എത്രസമയം വേണമെങ്കിലും ചോദിക്കാം. അല്ലാഹുവിനെ സ്തുതിക്കുന്നതിലും വാഴ്ത്തുന്നതിലും സ്വലാത്ത്-സലാം ചൊല്ലുന്നതിലും പൂര്‍ണമായ വിനയവും താഴ്മയും മുറുകെ പിടിക്കണം. ഈ ലേഖനത്തിന്‍റെ അവസാനം കൊടുക്കുന്ന ദുആയോ മറ്റ് കിതാബുകളിലുള്ള ദുആക്കളോ ചൊല്ലിക്കൊണ്ടിരിക്കാവുന്നതാണ്.
റസൂലുല്ലാഹി (സ) അരുളി: ഹജ്ജ് എന്നാല്‍ അറഫയാണ്. അതെ, ഹജ്ജിന്‍റെ സ്വീകാര്യത തീരുമാനിക്കപ്പെടുന്നത് ഇന്നാണ്. ദുആ സ്വീകരിക്കുന്ന സമയം ഇതാണ്. മനസ്സ് തുറന്ന് ദുആ ഇരക്കേണ്ട സ്ഥലം ഇവിടെയാണ്. ചിലര്‍ ദിക്ര്‍ ദുആകളില്‍ മുഴുകി. മറ്റ് ചിലര്‍ ഖുര്‍ആന്‍ ശരീഫ് തുറന്നു. വേറെ ചിലര്‍ ഹിസ്ബുല്‍ അഅ്ളം പാരായണം ആരംഭിച്ചു. ചിലരാകട്ടെ, സ്വന്തം ഓര്‍മയില്‍ നിന്നും ദുആ ഇരന്നു. ദിക്ര്‍-ദുആകള്‍ പരിശീലിച്ചവര്‍ക്ക് ഇവിടെ അത് സഹായകമായി. അതെ, മഹാന്മാരുമായിട്ടുള്ള ബന്ധവും സഹവാസവും ദീനീകാര്യങ്ങളിലും ഇലാഹീബന്ധത്തിലും വര്‍ദ്ധനവുണ്ടാക്കാന്‍ മാത്രമാണ്. സൂര്യന്‍ ചാഞ്ഞു. മനക്കരുത്ത് കുറഞ്ഞ വിനീതനും ജബലുല്‍ റഹ്മത്തിന്‍റെ അരികിലേക്ക് നീങ്ങി. വഴിനീളെ വ്യത്യസ്ഥ രാജ്യക്കാരായ ഹാജിമാരെ കാണാന്‍ കഴിഞ്ഞു. കഫന്‍ പുടവ ധരിച്ച റഹ്മാന്‍റെ അതിഥികളെ കണ്ടപ്പോള്‍ വികാരം നിറഞ്ഞ് തുളുമ്പി. കരഞ്ഞുകൊണ്ട് ദുആ ഇരന്നു. രക്ഷിതാവേ, എല്ലാവരുടെയും ഹജ്ജ് നീ സ്വീകരിക്കേണമേ. ആരെയും നിന്‍റെ കാരുണ്യത്തില്‍ നിന്നും അകറ്റിക്കളയരുതേ! ഈജിപ്തുകാരുടെയും മൊറോക്കോകാരുടെയും യമനികളുടെയും തുര്‍ക്കികളുടെയും അഫ്ഗാനികളുടെയും എത്യോപ്യാകാരുടെയും തൊലികറുത്ത എന്നാല്‍ മനസ്സ് വെളുത്ത സഹോദരങ്ങളുടെയും ഹജ്ജുകള്‍ ഖബൂലാക്കേണമേ! ഇവരുടെ ബറകത്ത് കൊണ്ട് സാധുക്കളായ ഞങ്ങള്‍ ഇന്ത്യക്കാരെയും സ്വീകരിക്കേണമേ.
ജബല്‍റഹ്മത്തില്‍ ഇലാഹീ പ്രേമികളുടെ വന്‍ തിരക്ക്. മുല്‍തസമിന്‍റെ വലിയ ഒരു ചിത്രം പോലുണ്ട്. ദിക്ര്‍ ദുആകളുടെ ഇരമ്പലുകള്‍, ഇടറിയ ശബ്ദങ്ങള്‍, കഠിന മനസ്സുള്ളവരുടെ ഹൃദയങ്ങളും മയപ്പെടുത്താന്‍ പര്യാപ്തമാണ്. ഓരോരുത്തരും അവരവരുടെ ദുആകളില്‍ വ്യാപൃതരായിരുന്നു. 1947 ല്‍ അരങ്ങേറിയ ദുരന്തങ്ങളാല്‍ മനസ്സാകെ മുറിവേറ്റിരുന്ന ഞങ്ങള്‍ ഇന്ത്യക്കാരുടെ ദുആ ഒരു പ്രത്യേക അവസ്ഥയില്‍ തന്നെയായിരുന്നു. ആയിരക്കണക്കിന് മഹാത്മാക്കളും മുഹദ്ദിസുകളും ഫുഖഹാക്കളും മുജാഹിദ്-ശുഹദാക്കളും ഉദിച്ചുയരുകയും അവരില്‍ ചിലര്‍ ലോകത്തുതന്നെ അസാധാരണമായ ദീനീസേവനങ്ങള്‍ക്ക് കാരണക്കാരാകുകയും ചെയ്ത ഇന്ത്യാ രാജ്യത്തിനും ജനതയ്ക്കും വേണ്ടി ദുആഇരന്നപ്പോള്‍ ഞങ്ങളുടെ നിയന്ത്രണം വിട്ടുപോയി. ജനങ്ങളെല്ലാവരും ഇന്ത്യന്‍ സംഘത്തിലേക്ക് തിരിയുകയും ഞങ്ങളോടൊപ്പം കൂടുകയും ചെയ്തു.
മുസ്ദലിഫാ രാവ്
സൂര്യന്‍ അസ്തമിച്ചു. ഹജ്ജിന്‍റെ സ്വീകാര്യതയും ഇനിയും വരാനുള്ള സൗഭാഗ്യവും ചോദിച്ചുകൊണ്ട് ഞങ്ങള്‍ മുസ്ദലിഫയിലേക്ക് തിരിക്കാന്‍ തയ്യാറെടുത്തു. മഗ്രിബിന്‍റെ ബാങ്ക് കൊടുത്താലുടന്‍ നമസ്കാരം നിര്‍ബന്ധമാണ്. എന്നാല്‍ ഇന്നത്തെ മഗ്രിബ് ഇശാഇനോടൊപ്പം മുസ്ദലിഫയിലാണ് നമസ്കരിക്കുന്നത്. ലക്ഷക്കണക്കായ മനുഷ്യരുടെ ഈ പട്ടണം അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങുകയായി. പക്ഷെ, യാതൊരു തിക്കും തിരക്കുമില്ല. ഉടമയുടെ കല്പന വരുന്നു. അടിമകള്‍ പാലിക്കുന്നു. ചെറുപ്പക്കാര്‍ കാല്‍നടയായി യാത്ര തിരിച്ചു. ബലഹീനരും സ്ത്രീകളും ഉള്ളതിനാല്‍ ഞങ്ങള്‍ വാഹനം കാത്തു. രാത്രി 10 മണിയായി. വാഹനമൊന്നും ലഭിച്ചില്ല. മുതവ്വിഫിനോട് ദേഷ്യപ്പെട്ടു.  അദ്ദേഹം നിസ്സഹായന്‍. പാതിരാത്രിയായപ്പോള്‍ മുതവ്വിഫിന്‍റെ ലോറി വന്നു. ഡ്രൈവറോട് ഞങ്ങള്‍ കോപിച്ചു. ഗതാഗത തടസ്സം കാരണമാണ് പിന്തിയതെന്ന് അദ്ദേഹം ശാന്തമായി പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് കുറ്റബോധമുണ്ടായി. ഒന്നും പറഞ്ഞിരുന്നില്ലെങ്കില്‍ കൊള്ളാമായിരുന്നുവെന്ന് തോന്നി. വാഹനം നീങ്ങി. വഴിയിലുടനീളം പടച്ചവന്‍റെ ദീനിന്‍റെ മഹത്വം കണ്ടു. ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത വാഹനപ്രളയം, പക്ഷെ, ഒരു അപകടവുമില്ല. ഞങ്ങള്‍ മുസ്ദലിഫയില്‍ പ്രവേശിച്ചു. ലക്ഷങ്ങള്‍ ഒത്തുകൂടിയ ഈ മൈതാനത്ത് വിശാലമായ സ്ഥലം എവിടെ കിട്ടാന്‍? ഒരിടത്ത് സാധനം കൂട്ടിവെച്ച് ചുറ്റുംകിടന്നു. അല്പം കഴിഞ്ഞ് കണ്ണ് തുറന്നപ്പോള്‍ മൈതാനമാകെ തിളങ്ങുന്നതായി അനുഭവപ്പെട്ടു. മുസ്ദലിഫ പുഞ്ചിരിതൂകുകയാണ്. എത്ര ഐശ്വര്യനന്മകള്‍ നിറഞ്ഞ രാവ്!
സുബ്ഹിക്ക് മുമ്പ് തന്നെ ധാരാളമാളുകള്‍ തിരക്കുകൂട്ടി പുറപ്പെടുന്നത് കണ്ടു. അറിവില്ലായ്മയോടൊപ്പം വെപ്രാളവും കൂടിയായാല്‍  ആകെ നാശമാണ്! ഞങ്ങള്‍ സ്വസ്ഥമായി സുബ്ഹി നമസ്കരിച്ചു. വെട്ടം വീണപ്പോള്‍ മശ്അര്‍ മസ്ജിദിനടുത്ത് ചെന്ന് ദീര്‍ഘനേരം ദുആ ഇരന്നു. കല്ലുകള്‍ പെറുക്കിയെടുത്ത് മിനായിലേക്ക് തിരിച്ചു.
മിനായില്‍ വീണ്ടും
ഒരു ദിവസത്തേക്ക് ശൂന്യമായ മിന വീണ്ടും സജീവമായി. ഇന്ന് ദുല്‍ഹജ്ജ് 10-ാം തീയതി അഥവാ ഈദുല്‍ അള്ഹാ ദിനം. അതെ, ലോകത്താകമാനമുള്ള മുസ്ലിംകള്‍ ഇവിടുത്തെ സ്മരണാര്‍ത്ഥം ഇന്ന് പെരുന്നാള്‍ നമസ്കരിക്കുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ തീരുമാനം നോക്കൂ, ഇവിടെയുള്ളവര്‍ക്ക് പെരുന്നാള്‍ നമസ്കാരമില്ല. ഇന്ന് കുളിച്ച് സുഗന്ധം പുരട്ടി നമസ്കരിക്കേണ്ടുന്ന ദിനമാണെന്ന ചിന്തപോലും ഇവിടെയാര്‍ക്കുമില്ല. കല്ലേറും മൃഗത്തെ അറുക്കലും മുടിയെടുക്കലുമാണ് ഇവിടുത്തെ പെരുന്നാള്‍.
ആദ്യമായി ജംറത്തുല്‍ അഖബയില്‍ എറിയാന്‍ പോകാം. ഖലീലുല്ലാഹി ഇബ്റാഹീ(അ)മിനോടുള്ള സ്നേഹം, അല്ലാഹു തആലയുടെ കല്പന പാലിക്കാനുള്ള ആവേശം, യഥാര്‍ത്ഥ ശത്രുവായ പിശാചിനോടുള്ള വെറുപ്പ്, ഇവ മൂന്നും ചേര്‍ന്നാല്‍ കല്ലേറ് അത്ഭുതവും ആനന്ദകരവുമായ ഒരു ഇബാദത്താകും. എറിയുന്ന സ്ഥലത്ത് നല്ല തിരക്കായിരുന്നു.
എന്ന്ڔചൊല്ലിക്കൊണ്ട് കല്ലുകള്‍ എറിഞ്ഞു. ചിലര്‍ ദേഷ്യം കാരണം ചെരുപ്പുകള്‍ എറിയുന്നുണ്ടായിരുന്നു. സാക്ഷാല്‍ ശത്രുവിനോടുള്ള മനോഭാവമായിരുന്നു ചില സാധുക്കള്‍ക്ക്. ഇനി മേലില്‍ വഴികെടുത്താന്‍ വന്നുപോകരുതെന്ന് പറഞ്ഞ് ചീത്തവിളിച്ചുകൊണ്ട് ചിലര്‍ എറിയുന്നത് കണ്ടു!
ഈ കല്ലേറ് ഇബ്റാഹീം (അ)മുമായി ബന്ധപ്പെട്ട സംഭവമാണ്. ഇസ്മാഈല്‍ (അ)നെ അറുക്കാന്‍ ഇബ്റാഹീം (അ) പുറപ്പെട്ടപ്പോള്‍ പിശാച് ഇവിടെ വെച്ച് കണ്ടുമുട്ടി; തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇബ്റാഹീം (അ) ഏഴ് കല്ലുകള്‍ എറിഞ്ഞു. അപ്പോള്‍ അവന്‍ ഭൂമിയില്‍ ആണ്ടുപോയി. ശേഷം നാളെ ഒന്നാമതായി എറിയുന്ന സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. അവിടെയും എറിഞ്ഞു. അവനെ ഭൂമിയിലാഴ്ത്തി. ഓരോ കര്‍മ്മവും ശരിയായ ഉദ്ദേശ ശുദ്ധിയോടും അനുരാഗം നിറഞ്ഞ ശൈലിയിലുമാണ് പ്രവര്‍ത്തിച്ചത്. അവസാനം അദ്ദേഹം ദുആ ഇരന്നു. "അല്ലാഹുവേ, എന്‍റെ സുന്ദര സ്മരണ പിന്‍ഗാമികളില്‍ നിലനിര്‍ത്തേണമേ!" (ശുഅറാഅ്). അല്ലാഹു ഈ ദുആ സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ ഓരോ കര്‍മ്മവും സജീവമാക്കി നിലനിര്‍ത്തി. ഇന്ന് അവയുടെ അനുകരണത്തിലും സ്നേഹത്തിന്‍റെ ജീവനും തുടിപ്പും അവശേഷിക്കുന്നു. നമ്മുടെ മനസ്സ്, ഇലാഹീ സ്നേഹ ബഹുമാനങ്ങളില്‍ നിന്ന് തീര്‍ത്തും ശൂന്യമാകരുതെന്ന് മാത്രം. ഹജ്ജിന്‍റെ എല്ലാ കര്‍മ്മങ്ങളും അനുരാഗപൂര്‍ണമാണ്. ത്വവാഫും സഅ്യും പ്രേമാവേശങ്ങളുടെ അടയാളങ്ങളാണ്. പക്ഷെ, അതിലെല്ലാം അത്ഭുതം നിറഞ്ഞ കര്‍മ്മം ഈ ഏറാണ്. അതെ, സത്യസന്ധമായ ഇലാഹീ സ്നേഹത്തോടെ ചെയ്യുന്ന ഓരോ കര്‍മ്മവും അത്യന്തം പ്രിയങ്കരമാണ്. മദ്ധ്യാഹ്നത്തിന് മുമ്പ് തന്നെ ഞങ്ങളുടെ ഏറ് കഴിഞ്ഞു. ഇതോടെ തല്‍ബിയത്ത് അവസാനിച്ചു. ഇനി അറവാണ്. പടച്ചവന്‍റെ കൃപയാല്‍ ത്യാഗമേറിയ ഈ കര്‍മ്മവും എളുപ്പത്തില്‍ നടന്നു. തുടര്‍ന്ന് മുടിയെടുത്തു. ഇഹ്റാമില്‍ നിന്ന് ഒഴിവായി.
അടുത്ത കര്‍മ്മം ത്വവാഫാണ്. അന്ന് തന്നെ അസര്‍ സമയത്ത് മക്കയിലെത്തി. ഹാജിമാര്‍ അധികവും മിനായിലായതുകൊണ്ട് മക്കയില്‍ വലിയ തിരക്കില്ലായിരുന്നു. പക്ഷെ, മതാഫ് നിറഞ്ഞിരുന്നു. ഞങ്ങള്‍ ത്വവാഫ് ചെയ്തു. ആദ്യത്തെ ത്വവാഫി (ത്വവാഫുല്‍ ഖുദൂം) നോടൊപ്പം സഅ്യ് ചെയ്തിരുന്നതിനാല്‍ ഇപ്പോള്‍ സഅ്യ് ചെയ്യേണ്ടി വന്നില്ല. ത്വവാഫ് കഴിഞ്ഞ് ഞങ്ങള്‍ ഉടനെ മിനായിലേക്ക് മടങ്ങി. ഇനി, ഇവിടുത്തെ ഓരോ നിമിഷങ്ങളും  ജീവിതത്തിലെ മൂലധനമാണ്. ഇതിനെ അമൂല്യമായി കണ്ട് ഇലാഹീ സ്മരണയില്‍ മുഴുകിയവര്‍ മഹാഭാഗ്യവാന്മാരാണ്. അല്ലാഹു കല്പിക്കുന്നു: "എണ്ണപ്പെട്ട ദിനങ്ങളില്‍ നിങ്ങള്‍  അല്ലാഹുവിനെ സ്മരിക്കുക (ബഖറ).
ആകയാല്‍ ഇലാഹീ സ്മരണയിലും ഇബാദത്തുകളിലും എത്ര മുഴുകിയാലും കുറവാണ്. സങ്കടത്തോടെ പറയട്ടെ: ഞങ്ങള്‍ക്ക് കടമ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞില്ല. സുഹൃദ് സംഗമവും ആഹാര സമൃദ്ധിയും അശ്രദ്ധയുടെ പതിവും ഞങ്ങളെ കുഴച്ചു. 'ഞങ്ങള്‍ക്ക് കഴിഞ്ഞില്ല, നിങ്ങളെങ്കിലും ചെയ്യൂ' എന്ന് അനുവാചകരെ ഉപദേശിക്കട്ടെ! എന്നാല്‍ ഇതിനേക്കാളും അത്ഭുതം, വിലയേറിയ ഈ സമയത്ത് മടക്കയാത്രയ്ക്കുള്ള അന്വേഷണ പരിശ്രമങ്ങളില്‍ പല ഹാജിമാരും മുഴുകുന്നുവെന്നതാണ്. കിട്ടിയതത്രയും മഹാഭാഗ്യമെന്ന് കരുതേണ്ട സമയം, മടക്കയാത്രയുടെ ചിന്തകളില്‍ കഴിച്ചുകൂട്ടുന്നത് എത്ര ഭാഗ്യക്കേടാണ്.
ദഅ്വത്ത് ശീലമാക്കുക
ഈ ദിവസങ്ങളില്‍ ആഹാരപാനീയങ്ങളില്‍ കുറവ് വരുത്തേണ്ടതില്ല. "ആഹാരപാനീയങ്ങളുടെയും അല്ലാഹുവിന്‍റെ ദിക്റിന്‍റെയും ദിവസങ്ങളാണിവ." എന്ന തിരുവചനം ഓര്‍മ്മവെയ്ക്കുക. 11, 12, 13-മൂന്ന് ദിവസവും ഏറ് പൂര്‍ണമായി നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഓരോ ദിവസവും ളുഹ്ര്‍ കഴിഞ്ഞ് ഏറ് നടത്തി. ഇതിനിടയില്‍ ദീനീ ദഅ്വത്ത് നടത്താനും സമയം കണ്ടെത്തി. മുസ്ലിം ലോകം ഇത്ര വിശാലമായ നിലയില്‍ ഒരുമിച്ച് കൂടുന്ന സന്ദര്‍ഭം വേറെയില്ല. കൂടാതെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നാടും വീടും വിട്ടുവരികയും ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ഹജ്ജിന്‍റെ പ്രതിഫലനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തതിനാല്‍ നന്മ ഉള്‍ക്കൊള്ളാന്‍ അവരുടെ മനസ്സ് പാകമായിട്ടുണ്ടായിരിക്കും. ഇത്തരുണത്തില്‍ അവരെ ദീനുമായി അടുപ്പിക്കാന്‍ പരിശ്രമിച്ചാല്‍ വര്‍ഷങ്ങളുടെ ജോലി ദിവസങ്ങള്‍ക്കൊണ്ട് നടക്കുന്നതാണ്. പക്ഷെ, ശരിയായ നിലയില്‍ ദഅ്വത്ത്-തഅ്ലീമുകള്‍ മിനായില്‍ കാണപ്പെട്ടില്ല. മുസ്ലിംലോകത്താകമാനം ദീനീയാവേശം പടര്‍ത്താനുള്ള വളരെ ലളിതമായ മാര്‍ഗമാണ് മിനായിലെ പരിശ്രമം. അതുകൊണ്ട് തന്നെ മുന്‍കാലങ്ങളില്‍ മിനാ ദിനങ്ങളെ ഇതിനായി നന്നായി പ്രയോജനപ്പെടുത്തിയിരുന്നു. "ഇവിടെയുള്ളവര്‍ ഇല്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ! എത്തിച്ചുകൊടുക്കപ്പെടുന്നവരില്‍ നേരിട്ട് കേള്‍ക്കുന്നവരേക്കാള്‍ കാര്യങ്ങള്‍ ഓര്‍മ്മവെയ്ക്കുന്നവര്‍ ധാരാളമുണ്ട്." എന്ന നബവീ ആഹ്വാനം നടന്നത് അറഫയിലും മിനയിലുമാണ്. ഹജ്ജിന്‍റെ വേളകളിലാണ് ബറാഅത് സൂറത്തിന്‍റെ ആദ്യ ആയത്തുകള്‍ അവതരിച്ചത്.  ദഅ്വത്ത്, തഅ്ലീം, തര്‍ബിയത്ത് ഇവ നിറഞ്ഞതായിരുന്നു റസൂലുല്ലാഹി (സ)യുടെ ഹജ്ജ്. സഹാബത്ത്-താബിഉകളുടെ അവസ്ഥയും ഇതുതന്നെയായിരുന്നു. ദീനീവിജ്ഞാനങ്ങള്‍ പഠിക്കാനും ഹദീസുകള്‍ ശ്രവിക്കാനും വിവിധ രാഷ്ട്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഹജ്ജില്‍ ഒത്തുകൂടിയിരുന്നു. ഇന്നും ഹജ്ജ് മുസ്ലിംലോകത്ത് നന്മ വളര്‍ത്താനുള്ള ഉത്തമ മാര്‍ഗമാണ്. ലക്ഷ്യം മറന്ന ഉമ്മത്തിന് ഹജ്ജിലൂടെ ലക്ഷ്യവും മാര്‍ഗവും കണ്ടെത്താന്‍ സാധിക്കും. ഹറം സജീവമാക്കിയവര്‍ ലോകം സജീവമാക്കേണ്ടവരാണെന്ന പാഠം പഠിക്കാന്‍ കഴിയും. ചിന്തയിലും ജീവിതത്തിലും വമ്പിച്ച പരിവര്‍ത്തനമുണ്ടാക്കാന്‍ അതിശക്തമായ മാധ്യമമാണ് ഹജ്ജ്. പക്ഷെ, അലസത കാരണം ഈ ശക്തി നാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അല്ലാഹുവിന്‍റെ ഭാഗത്ത് നിന്ന് അനുഗ്രഹങ്ങള്‍ക്ക് കുറവില്ല. നമ്മുടെ ഭാഗത്ത് നിന്ന് നന്ദികേടിനും!  ജീവനും ബോധവുമുള്ള മറ്റ് വല്ല സമുദായത്തിനും ഹജ്ജ് പോലൊരു ആഗോള സംഗമത്തിന് അവസരം ലഭിച്ചിരുന്നുവെങ്കില്‍ അവര്‍ ലോകത്ത് വിപ്ലവമുണ്ടാക്കുകയും ലോകം മുഴുവന്‍ അവരുടെ സന്ദേശം എത്തിക്കുകയും ചെയ്യുമായിരുന്നു. ഇലാഹീബോധനവുമായി ബന്ധമില്ലാത്ത നിരവധി സമുദായങ്ങള്‍ ചെലവും അദ്ധ്വാനവുമില്ലാത്ത മുസ്ലിംകളുടെ ഈ ആഗോളസമ്മേളനത്തെ അസൂയയുടെയും ആശയുടെയും കണ്ണുകൊണ്ട് നോക്കാറുണ്ട്. അവരുടെ ചെറിയ ഒരു സമ്മേളനത്തിന് ധാരാളം സമ്പത്തും അദ്ധ്വാനവും പ്രചാരണവും വേണ്ടിവരുന്നു. എന്നിട്ടും വിചാരിച്ച വിജയം ലഭിക്കുന്നതുമില്ല. എന്നാല്‍, മുസ്ലിംകള്‍ക്ക്, സൗജന്യമായി ലഭിച്ച ഈ സമ്പത്തിനെക്കുറിച്ച് മതിപ്പില്ല. ഹജ്ജിന്‍റെ പ്രഥമലക്ഷ്യം കറകളഞ്ഞ ഇബാദത്താണെന്നും ദഅ്വത്ത്, തര്‍ബിയത്ത് രണ്ടാംസ്ഥാനത്താണെന്നുമുള്ള യാഥാര്‍ത്ഥ്യം മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. പൊതുവില്‍ വിസ്മരിക്കപ്പെട്ട ഒരു കാര്യം ഉണര്‍ത്തുന്നുവെന്ന് മാത്രം. ആകയാല്‍, അല്ലാഹു ചിന്തയും ശേഷിയും കൊടുത്തവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. മുസ്ലിം ലോകത്തിന് ഹജ്ജ് നല്‍കുന്ന സന്ദേശം, മുസ്ലിം പ്രശ്നങ്ങളുടെ പ്രധാന പരിഹാരമായ ദീനിലേക്കുള്ള മടക്കം, റസൂലുല്ലാഹി (സ)യുടെ നിയോഗലക്ഷ്യം, മുസ്ലിംകളും മാനവരാശിയുമായുള്ള ബന്ധം, ആഖിറത്തിന്‍റെ ഗൗരവം, സഹാബാ മഹത്തുക്കളുടെയും മുന്‍ഗാമികളുടെയും മഹല്‍ഗുണങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്താനും നടത്തിക്കാനും ബന്ധപ്പെട്ടവര്‍ മുന്നിട്ടിറങ്ങുക. ഈ വിഷയത്തില്‍ ഹ്രസ്വമായ രചനകള്‍ തയ്യാറാക്കുകയും വിതരണം നടത്തുകയും ചെയ്യുക. എല്ലാ കേന്ദ്രങ്ങളിലും ഇത്തരം കാര്യങ്ങളിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കാനുള്ള പരിശ്രമങ്ങളും വേണം. ഈ പ്രവര്‍ത്തനത്തെ ഹജ്ജ് യാത്രയില്‍ ഉള്‍പ്പെടുത്താനും ജീവിതത്തിലെ പ്രധാന ജോലിയായി മാറ്റാനും നമുക്ക് അല്ലാഹു തൗഫീഖ് നല്‍കട്ടെ!
മിനാ കഥڔപറയുന്നു
ഇതിന്‍റെ മഹത്വവും ഗൗരവവും അറിയാന്‍ മിനായിലെ ജംറത്തുല്‍ അഖബയുടെ അരികിലുള്ള സ്ഥലത്തേക്ക് പോകുക. ഇവിടെ വച്ചാണ് റസൂലുല്ലാഹി (സ)യുടെ തിരുകരങ്ങളില്‍ പിടിച്ച് അന്‍സാരീ സഹാബികള്‍ ദീനിനെ സഹായിക്കാന്‍ പ്രതിജ്ഞ ചെയ്തത്. നബവീ ഹിജ്റയുടെയും മദനീ ജീവിതത്തിന്‍റെയും വിത്ത് പാകിയ ഈ മണ്ണ് പ്രവിശാലമായ ഇസ്ലാമിക ചരിത്രത്തില്‍ വളരെ പുണ്യം നിറഞ്ഞതാണ്. അതെ, ബദ്ര്‍ വിജയത്തിന്‍റെ ശിലാസ്ഥാപനവും ഇസ്ലാമിക ചരിത്രത്തിന്‍റെ ഉദ്ഘാടനവും മുസ്ലിംലോകത്തിന്‍റെ അടിത്തറ പാകലും ഇവിടെയാണ് നടന്നത്! മുഴുവന്‍ നാട്ടുകാരില്‍ നിന്നും നിരാശപ്പെട്ട റസൂലുല്ലാഹി (സ)യെ ഇതേ സ്ഥലത്ത് വെച്ചാണ് യസ്രിബുകാരായ 12 പേര്‍ രഹസ്യമായി ബൈഅത്ത് ചെയ്തത്. അടുത്ത വര്‍ഷം 73 സ്ത്രീ-പുരുഷന്മാര്‍ ഇതേ സ്ഥലത്തെത്തി ബൈഅത്ത് ചെയ്ത് തിരുനബി (സ)യെ മദീനയിലേക്ക് ക്ഷണിച്ചു. തങ്ങള്‍ (സ) ചോദിച്ചു: ദീനിന്‍റെ പ്രചാരണത്തില്‍ നിങ്ങള്‍ എന്നോട് പരിപൂര്‍ണമായി സഹകരിക്കുമോ? നിങ്ങളുടെ കുടുംബാദികളെ സംരക്ഷിക്കുന്നതുപോലെ എന്നെയും കൂട്ടരെയും സഹായിക്കുമോ? അവര്‍ ചോദിച്ചു: അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ക്ക് എന്ത് കിട്ടും? റസൂലുല്ലാഹി (സ) അരുളി: സ്വര്‍ഗം. അവര്‍ പറഞ്ഞു: മതി, പക്ഷെ, ഞങ്ങളെവിട്ട് അങ്ങ് പോകുകയില്ലെന്ന് കൂടി ആശ്വസിപ്പിച്ചാലും! റസൂലുല്ലാഹി (സ) അരുളി: എന്‍റെ ജീവിതവും മരണവും നിങ്ങളോടൊപ്പമായിരിക്കും. തുടര്‍ന്ന് ആ മഹത്തുക്കള്‍ വളരെ സന്തോഷാവേശങ്ങളോടെ ബൈഅത്ത് ചെയ്തു. ഇന്ന് ചെറിയ ഒരു മസ്ജിദ് പണിയപ്പെട്ടിരിക്കുന്ന ഈ സ്ഥലത്ത് വെച്ച് പില്‍ക്കാലത്ത് അല്ലാഹുവിന്‍റെ പല ദാസന്മാരും ദീനീ സേവനം ചെയ്യാന്‍ കരാര്‍ ചെയ്തിട്ടുണ്ട്. സയ്യിദ് അഹ്മദ് ശഹീദും കൂട്ടരും ഐതിഹാസിക ചരിത്ര യാത്രയില്‍ ഇവിടെ വെച്ചാണ് ജിഹാദിന്‍റെ ബൈഅത്ത് ചെയ്തത്. ആകയാല്‍ ഇസ്ലാമിക സേവനം ചെയ്യുമെന്നും അല്ലാഹുവിന്‍റെ വാക്യം ഉയര്‍ത്താന്‍ പരിശ്രമിക്കുമെന്നും നബവീ സുന്നത്തുകള്‍ പുനര്‍ജ്ജീവിപ്പിക്കുവാന്‍ ത്യാഗം ചെയ്യുമെന്നും നിയ്യത്ത് ചെയ്യുക. അല്ലാഹു സ്വീകരിക്കട്ടെ! അല്ലാഹു ആ മഹാത്മാക്കളുടെ സത്യസന്ധതയുടെ ഒരംശമെങ്കിലും നമുക്ക് നല്‍കട്ടെ!
ഹജ്ജ് സമാപനം, മടക്കം
പതിമൂന്നിന്‍റെ കല്ലേറോടെ അവസാനദിനമായി. താല്‍ക്കാലിക നഗരി ശൂന്യമായി തുടങ്ങി. "അല്ലാഹുവിന്‍റെ തിരുവദനമൊഴികെ എല്ലാം ഇല്ലാതാകാനുള്ളതാണ്. അവനാണ് തീരുമാനാധികാരം. അവനിലേക്കാകുന്നു നിങ്ങളുടെ മടക്കം." (അന്‍കബൂത്). ഞങ്ങള്‍ മക്കാ മുകര്‍റമയില്‍ മടങ്ങിയെത്തി. കുറഞ്ഞ നാളുകളേ ഇനി പുണ്യഭൂമിയിലുള്ളൂ. ഹറമിനെ പ്രയോജനപ്പെടുത്തുക. ത്വവാഫും നമസ്കാര വും നിര്‍വ്വഹിക്കുക. കഅ്ബാ ശരീഫിനെ കണ്ടുകൊണ്ടിരിക്കുന്നതുതന്നെ എത്ര ആനന്ദകരമാണ്. ദിവസങ്ങളായി കാണുന്നു. എന്നിട്ടും മതിവരുന്നില്ല. ഇത്തരുണത്തില്‍ ഓര്‍ക്കുക: ഈ ഭവനത്തിന്‍റെ രക്ഷിതാവിന്‍റെ സൗന്ദര്യം എന്തായിരിക്കും? അവന്‍റെ തിരുദര്‍ശനത്തിന്‍റെ സന്തോഷാനന്ദങ്ങള്‍ എത്ര മഹത്തരമായിരിക്കും?
നിങ്ങളുടെ ഹജ്ജ് കഴിഞ്ഞു. അല്ലാഹു അത് ഖബൂലാക്കട്ടെ! താങ്കള്‍ക്കും കുടുംബമിത്രങ്ങള്‍ക്കും അതിനെ അനുഗ്രഹമാക്കട്ടെ! പടച്ചവന്‍ പല പ്രാവശ്യം ഇവിടേക്ക് വിളിച്ചുവരുത്തട്ടെ! താങ്കള്‍ക്ക് ഇനി നാട്ടിലേക്ക് മടങ്ങുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. പക്ഷെ അതിന് വേണ്ടി വല്ലാത്ത വെപ്രാളം പിടിക്കുന്നത് എന്തിനാണ്? ഇവിടുത്തെ താമസം ഭാരമായി കാണുന്നത്  എന്തുകൊണ്ടാണ്? ബന്ധുമിത്രങ്ങളുമായി പുനഃസമാഗമനത്തിനുള്ള ആഗ്രഹം കുഴപ്പമില്ല. പക്ഷെ, ഇവിടെയുള്ള ഓരോ നിമിഷവും സൗഭാഗ്യമാണെന്ന കാര്യം മറക്കരുത്. നാട്ടിലേക്ക് പറക്കാനുള്ള തിരക്കും തിടുക്കവും ഒഴിവാക്കുക. മറ്റെവിടെയും ലഭിക്കാത്ത ത്വവാഫുകള്‍ ചെയ്യുക. മരിച്ച് പോയ സുഹൃത്തുക്കള്‍ക്കും ഉസ്താദ്-ഉപകാരികള്‍ക്കും വേണ്ടി ദുആ ചെയ്യുക. തന്‍ഈമില്‍ പോയി ഉംറയ്ക്ക് ഇഹ്റാം ചെയ്ത് ഉംറ നിര്‍വ്വഹിക്കുക. സംസം നന്നായി പാനം ചെയ്യുക. ഹറം ശരീഫില്‍ നമസ്കരിക്കുക. ഖുര്‍ആന്‍ മജീദ് ഓതുക, മക്കാമുകര്‍റമയുടെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വല്ലഗുണങ്ങളും കരസ്ഥമാക്കുക. വിശിഷ്യാ ഉലമാ മഹത്തുക്കളെ സന്ദര്‍ശിക്കുക. സാധുക്കളുടെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ അവസ്ഥകള്‍ നോക്കിക്കാണുക.
ഇതാ, മടക്ക യാത്രയ്ക്കുള്ള അറിയിപ്പായി. കഅ്ബാ ശരീഫയോട് വിടപറയുകയായി. ഹജര്‍ അസ്വദ്, റുക്ന് യമാനീ, ഹതീം, മഖാം ഇബ്റാഹീം എല്ലാറ്റിനോടും വിടപറയുകയാണ്. പൂര്‍ണ വിനയത്തോടെ വിടവാങ്ങല്‍ ത്വവാഫ് നിര്‍വ്വഹിക്കുക. പുണ്യഭൂമിയില്‍ നിന്ന് അല്ലാഹുവിന്‍റെ നാമത്തില്‍ യാത്രതിരിക്കുക. ഹജ്ജിന്‍റെ ഉത്തരവാദിത്വങ്ങളുമായി മട ങ്ങുക. നമസ്കാരത്തിലുള്ള ശ്രദ്ധ, ദിക്റുകളില്‍ താല്‍പ്പര്യം, സഹയാ ത്രികരെ സഹായിക്കല്‍, സഹകരണ മനഃസ്ഥിതി, തെറ്റ്കുറ്റങ്ങളില്‍ പശ്ചാത്താപം- ഇവ പഴയതിനേക്കാള്‍ കൂടുതലുണ്ടായിരിക്കണം.
ശരി, ഇപ്പോള്‍ വിനീത ലേഖകന്‍ താങ്കളോട് വിട പറയുകയാണ്. ഈ കുറിപ്പ് താങ്കളുടെ ഹജ്ജ് യാത്രയില്‍ കൂട്ടത്തിലുണ്ടായിരുന്നാല്‍ താങ്കള്‍ക്ക് പ്രയോജനപ്രദമാകുമെന്ന് അല്ലാഹുവിന്‍റെ കാരുണ്യംകൊണ്ട് പ്രതീക്ഷിക്കുന്നു. അങ്ങനെയുണ്ടായാല്‍ അതിന്‍റെ, അല്ലെങ്കില്‍ ഇസ്ലാമിക സാഹോദര്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു അപേക്ഷയുണ്ട്. വിനീതനും മാതാപിതാക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും ഉപകാരികള്‍ക്കും സ്വീകാര്യതയുടെ സ്ഥാനങ്ങളില്‍ ദുആ ചെയ്ത് സഹായിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ!


Independence Day Allama Marhoom Muhammad Iqbal jamiyyath-15-august-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Independence Day Allama Marhoom Muhammad Iqbal jamiyyath-15-august-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Independence Day Allama Marhoom Muhammad Iqbal jamiyyath-15-august-2017 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Saturday, August 5, 2017

UDHIYA; Oru Ormmappeduthal-9 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


UDHIYA; Oru Ormmappeduthal-8 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


UDHIYA; Oru Ormmappeduthal-7 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


UDHIYA; Oru Ormmappeduthal-6 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


UDHIYA; Oru Ormmappeduthal-5 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


UDHIYA; Oru Ormmappeduthal-4 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Parishudda Haj& Umra Mahathwavum Maryadakalum-36 Swahaba Islamic Foundation Bukhari Hasani Qasimi Kanjar


ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...