മസ്ജിദുകളെ അനാദരിക്കുന്നത് മുസ് ലിംകള്‍ ഒരിക്കലും സഹിക്കുന്നതല്ല. വര്‍ഗീയ വാദികള്‍ നിയമരാഹിത്യം പ്രചരിപ്പിക്കുന്നു. നീതി പീഠങ്ങളും മര്‍ദ്ദിതരെ നിരാശപ്പെടുത്തുന്നു.
- ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്
ന്യൂഡല്‍ഹി: 2022 മെയ് 18 ഇന്നലെ രാത്രി ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ഒരു അടിയന്തര മീറ്റിംഗ് ഓണ്‍ലൈനില്‍ കൂടുകയുണ്ടായി. ഗ്യാന്‍വാപി മസ്ജിദിനോടും രാജ്യത്തെ ഇതര മസ്ജിദുകളോടും വിജ്ഞാന കേന്ദ്രങ്ങളോടും വര്‍ഗീയ വാദികള്‍ പുലര്‍ത്തുന്ന സമീപനത്തെ കുറിച്ച് ഇതില്‍ വിശദമായ ചര്‍ച്ച നടന്നു. ഒരുഭാഗത്ത് വെറുപ്പിന്‍റെ പ്രചാരകരായ ശക്തികള്‍ അതിശക്തമായ നിലയില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും മുസ്ലിംകളുടെ വിശുദ്ധ സ്ഥലങ്ങളെ അനാദരിക്കുകയും ചെയ്യുന്നു. മറുഭാഗത്ത് ഭരണഘടനയും നിയമവാഴ്ച്ചയും നടപ്പിലാക്കേണ്ട കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ഭരണഘടനാപരമായ ബാധ്യതകള്‍ നിര്‍വ്വഹിക്കാതെ നിശബ്ദരായി കാഴ്ച്ചക്കാരായി നില്‍ക്കുകയാണ്. കൂടാതെ സെക്കുലറുകളും നീതിയുടെ സ്നേഹിതരുമായ രാഷ്ട്രീയ പാര്‍ട്ടികളും നിശബ്ദത പുലര്‍ത്തുകയാണ്. രാജ്യത്തിന്‍റെ അപകടകരമായ അവസ്ഥക്കെതിരില്‍ അവര്‍ രംഗത്തിറങ്ങുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്യുന്നില്ല. ഇത്തരുണത്തില്‍ അവര്‍ എത്രയും വേഗം അവരുടെ നിലപാട് വ്യക്തമാക്കുകയും രാജ്യത്തിന്‍റെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കുന്നതിന് ശക്തവും വ്യക്തവുമായ ശബ്ദം ഉയര്‍ത്തുകയും ചെയ്യേണ്ടതാണെന്ന് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടു.
നീതി പീഠങ്ങളും ന്യൂനപക്ഷത്തെയും മര്‍ദ്ദിതരെയും നിരാശപ്പെടുത്തുകയാണ്. അവരുടെ ഈ സമീപനം കാരണം നിയമവാഴ്ച്ച തകര്‍ക്കാന്‍ വര്‍ഗീയ ശക്തികള്‍ക്ക് മനക്കരുത്ത് ലഭിക്കുകയാണ്. ഗ്യാന്‍വാപി മസ്ജിദിന്‍റെ പ്രശ്നം 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതിയില്‍ വന്നതാണ്. ഈ കേസിന്‍റെ വിഷയത്തില്‍ ഇടയ്ക്കിടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഇറക്കുന്നത് അങ്ങേയറ്റം നിരാശാജനകവും അപകടകരവുമാണ്. ആരാധനാലയങ്ങളെ കുറിച്ച് 1991 പാസാക്കപ്പെട്ട നിയമം വളരെയധികം സമാധാനം നല്‍കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി നടപടികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് ഷാഹ് മുഹമ്മദ് ഖാദിരി, അഡ്വ. യൂസുഫ് ഹാതിം മുച്ചാല, അഡ്വ. ഷംഷാദ്, അഡ്വ. ഫുസൈല്‍ അയ്യൂബി, നിയാസ് ഫാറൂഖി, ഡോ. എസ്.ക്യൂ.ആര്‍ ഇല്‍യാസ്, കമാല്‍ ഫാറൂഖി മുതലായവരടങ്ങുന്ന ഒരു നിയമ സമിതിക്ക് രൂപം നല്‍കി. ആവശ്യമാകുന്ന പക്ഷം സമാധാന പൂര്‍ണ്ണമായ പൊതുജന പ്രക്ഷോഭവും ആരംഭിക്കുന്നതാണെന്ന് സദസ്സ് തീരുമാനിച്ചു. കൂടാതെ നീതിയെ സ്നേഹിക്കുന്ന ഹൈന്ദവ സഹോദരങ്ങളെയും ഇതര ന്യൂനപക്ഷ വിഭാഗങ്ങളെയും കൂട്ടത്തില്‍ കൂട്ടി ആരാധനാലയങ്ങളെ ആദരിക്കണമെന്ന സന്ദേശം രാജ്യം മുഴുവന്‍ പ്രചരിപ്പിക്കാനും തീരുമാനിച്ചു. ആരാധനാലയങ്ങളെ കുറിച്ച് 1991-ല്‍ പാസാക്കപ്പെട്ട നിയമത്തെ കുറിച്ച് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകള്‍ നയം വ്യക്തമാക്കണമെന്ന് വര്‍ക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളുടെ മേല്‍ ഭരണകൂടം നിശബ്ദത പുലര്‍ത്തുന്നത് വളരെയധികം കുറ്റകരവും അസ്വീകാര്യവുമാണെന്നും സദസ്സ് ഉണര്‍ത്തി. അടുത്ത മൂന്ന് ജുമുഅ പ്രഭാഷണങ്ങളില്‍ മസ്ജിദിന്‍റെ പ്രധാന്യം, ശരീഅത്തില്‍ മസ്ജിദിനുള്ള സ്ഥാനം, മസ്ജിദ് സംരക്ഷണത്തിന്‍റെ ആവശ്യകത മുതലായ വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടത്താന്‍ പണ്ഡിതരോടും പ്രഭാഷകരോടും അഭ്യര്‍ത്ഥിച്ചു. അക്രമികളായ ആളുകള്‍ നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ വൈജ്ഞാനികമായും നിയപരമായും നേരിടണമെന്ന് ഉണര്‍ത്തി. കൂട്ടത്തില്‍ സഹനത മുറുകെ പിടിച്ചു കൊണ്ട് സത്യത്തില്‍ അടിയുറച്ച് നില്‍ക്കാനും നിയന്ത്രണങ്ങള്‍ കൈവിടാതെ ജനങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ നിലപാട് വ്യക്തമാക്കാനും സമുദായത്തെ ഉണര്‍ത്തി. മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് നദ് വി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി യോഗം നിയന്ത്രിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രധാന വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.