Showing posts with label ഉദ്ഹിയ: പുണ്യം നിറഞ്ഞ ഇബാദത്ത്.! സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍. Show all posts
Showing posts with label ഉദ്ഹിയ: പുണ്യം നിറഞ്ഞ ഇബാദത്ത്.! സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍. Show all posts

Saturday, August 4, 2018

ഉദ്ഹിയ: പുണ്യം നിറഞ്ഞ ഇബാദത്ത്.! -അബ്ദുല്ലാഹ് മൗലവി ബാഖവി


ഉദ്ഹിയ: 
പുണ്യം നിറഞ്ഞ ഇബാദത്ത്.! 
-അബ്ദുല്ലാഹ് മൗലവി ബാഖവി
http://swahabainfo.blogspot.com/2018/08/blog-post_4.html?spref=tw 

അല്ലാഹു മനുഷ്യന് നല്‍കിയ പ്രധാന രണ്ട് അനുഗ്രഹങ്ങളാണ് സമ്പത്തും സന്താനങ്ങളും. മനുഷ്യനെ പരീക്ഷിക്കുന്നതിന് വേണ്ടിയുളള രണ്ട് പ്രധാന ഘടകങ്ങളായിട്ടാണ് ഇവയെ പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. യഥാസ്ഥാനത്ത് വിനിയോഗിച്ചാല്‍ അവ അനുഗ്രഹമായി ഭവിക്കുന്നതും അല്ലാത്തപക്ഷം വിനയായി മാറുന്നതുമാണ്. ബലികര്‍മ്മം നിര്‍വ്വഹിക്കുന്നതിലൂടെ മനുഷ്യന്‍ തനിക്ക് നല്‍കപ്പെട്ട സമ്പത്തെന്ന അനുഗ്രഹത്തെ ഉടമസ്ഥനായ അല്ലാഹുവിന്‍റെ പ്രീതി ലഭിക്കുന്ന പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചവനായി. തന്‍റെ കണ്ണിലുണ്ണിയായ പ്രിയമകന്‍ ഇസ്മാഈല്‍ (അ) നെ കണ്ടു കൊതി തീരുംമുന്‍പ് ഇലാഹീ കല്‍പ്പനപ്രകാരം ഉടമസ്ഥന്‍റെ പ്രീതിക്കുവേണ്ടി ബലി അര്‍പ്പിക്കുവാന്‍ തയ്യാറായ ഇബ്റാഹീം (അ) ന്‍റെയും, പിതാവിന്‍റെ അഭിപ്രായത്തെ സസന്തോഷം സ്വീകരിച്ച് റബ്ബിനുവേണ്ടി സ്വജീവന്‍ ബലി അര്‍പ്പിക്കുവാന്‍ തയ്യാറായ മഹാനായ ഇസ്മാഈല്‍ (അ) ന്‍റെയും അര്‍പ്പണ ബോധം, ത്യാഗസന്നദ്ധത എന്നിവ വിളിച്ചറിയിക്കുന്നതാണ് പരിശുദ്ധമായ ഉദ്ഹിയ. 
ഉദ്ഹിയയുടെ ലക്ഷ്യം 
ബലികര്‍മ്മം നിയമമാക്കപ്പെട്ടതിന്‍റെ പരമമായ ലക്ഷ്യം കേവലം ഒരു മൃഗത്തെ അറുക്കലോ, രക്തം ഒലിപ്പിക്കലോ, മാംസം വിതരണം ചെയ്യലോ അല്ല. മറിച്ച് മനുഷ്യനില്‍ അന്തര്‍ലീനമായി കിടക്കുന്ന മൃഗീയ സ്വഭാവങ്ങളെ പ്രതീകാത്മകമായി ബലികഴിക്കുകയും തുടര്‍ന്നുള്ള ജീവിതത്തെ ക്രിയാത്മകമായി പരിവര്‍ത്തന വിധേയമാക്കുകയും ഇലാഹീ സ്നേഹം കരസ്ഥമാക്കുകയും ചെയ്യലാണ് അതിന്‍റെ ലക്ഷ്യം. അല്ലാഹു പറയുന്നു: (നിങ്ങള്‍ ബലി അറുക്കുന്ന) മൃഗത്തിന്‍റെ മാംസമോ രക്തമോ അല്ലാഹുവിന്‍റെ അടുക്കല്‍ എത്തിച്ചേരുന്നില്ല. മറിച്ച് നിങ്ങളുടെ തഖ്വയാണ് അവങ്കല്‍ എത്തിച്ചേരുന്നത് (ഖുര്‍ആന്‍). അതിനാല്‍ ബലി അറുക്കുന്ന ഓരോ സത്യവിശ്വാസിയും തന്‍റെ ബലികര്‍മ്മത്തിലൂടെ ഇബ്റാഹീം (അ), ഇസ്മാഈല്‍ (അ) എന്നീ പ്രവാചക മഹത്തുക്കളുടെ വിശുദ്ധ ജീവിത സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജീവിതത്തെ അനുഗ്രഹപൂര്‍ണ്ണമാക്കിത്തീര്‍ക്കാന്‍ പരിശ്രമിക്കേണ്ടതാണ്.
മഹത്വം 
അല്ലാഹു അറിയിക്കുന്നു: "വിശിഷ്ട മൃഗങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ നാമം സ്മരിക്കുന്നതിന് അല്ലാഹു ബലികര്‍മ്മത്തെ ഓരോ സമുദായത്തിനും നിശ്ചയിച്ചിരിക്കുന്നു" (ഹജ്ജ്-34) 
"ബലിമൃഗങ്ങളെ അല്ലാഹുവിന്‍റെ (ദീനിന്‍റെ) സ്മാരകങ്ങളാക്കിയിരിക്കുന്നു. അതില്‍ നിങ്ങള്‍ക്ക് വലിയ നന്മയുണ്ട്." (ഹജ്ജ്-36) 
"നാം താങ്കള്‍ക്ക് ധാരാളം നന്മ നല്‍കിയിരിക്കുന്നു. ആകയാല്‍ താങ്കള്‍ താങ്കളുടെ റബ്ബിന്‍റെ തൃപ്തിക്കുവേണ്ടി നമസ്കരിക്കുകയും, ബലി അറുക്കുകയും ചെയ്യുക" (കൗസര്‍-1, 2) 
ദുല്‍ഹജ്ജ് 10 മുതല്‍ 13 വരെയുളള ദിവസങ്ങളിലെ അത്യാവശ്യ ചിലവുകള്‍ കഴിഞ്ഞ് അറുത്തുകൊടുക്കുന്നതിനാവശ്യമായ തുക ബാക്കിയുളളവര്‍ ഒഴിവാക്കാന്‍ പാടില്ലാത്ത സുന്നത്താണ് ഉദ്ഹിയ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "ആര്‍ക്കെങ്കിലും സാമ്പത്തിക സ്ഥിതി അനുകൂലമായിട്ടും ഉദ്ഹിയ അറുക്കുന്നില്ലെങ്കില്‍ അവന്‍ നമ്മുടെ നമസ്കാരസ്ഥലത്തിന്‍റെ പരിസരത്ത് പോലും വരരുത്." (മുസ്നദ്  അഹ്മദ്) 
കഴിവുണ്ടായിട്ടും ബലി അറുക്കാത്തവനെക്കുറിച്ച് ഈ ഹദീസില്‍ എത്ര കടുത്ത അതൃപ്തിയാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പ്രകടിപ്പിച്ചിട്ടുള്ളത് എന്ന് ആലോചിച്ച് നോക്കുക. 
ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "ബലി പെരുന്നാള്‍ ദിവസം ബലി  അറുക്കുന്നതിനേക്കാള്‍ അല്ലാഹുവിങ്കല്‍  പ്രിയങ്കരമായ മറ്റൊരു കര്‍മ്മവും ഇല്ല. ബലിമൃഗം ഖിയാമത്ത് നാളില്‍ അവയുടെ കൊമ്പുകളും രോമങ്ങളും, സര്‍വ്വ വസ്തുക്കളുമായി ഹാജരാകും. (അവയ്ക്ക് പകരം ഉന്നതപ്രതിഫലം ലഭിക്കുന്നതാണ്) ബലി മൃഗത്തിന്‍റെ രക്തം ഭൂമിയില്‍ വീഴുന്നതിന് മുന്‍പ് തന്നെ അല്ലാഹുവിങ്കല്‍ വിശിഷ്ട സ്ഥാനത്ത് എത്തിച്ചേരുന്നതാണ്. ആകയാല്‍ (കൂടുതല്‍ വിലയാകുന്നതില്‍ ബുദ്ധിമുട്ട് വക വെയ്ക്കാതെ) സന്തോഷത്തോടെ ബലി അറുക്കുക". (ഇബ്നുമാജ, തിര്‍മിദി, ഹാകിം) 
സൈദുബ്നു അര്‍ഖം (റ) വിവരിക്കുന്നു: "സ്വഹാബത്ത് ചോദിച്ചു: ബലിയുടെ പ്രത്യേകത എന്താണ്.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങളുടെ പിതാവായ ഇബ്റാഹീം (അ) ന്‍റെ മാര്‍ഗ്ഗമാണ്. അവര്‍  ചോദിച്ചു: ഞങ്ങള്‍ക്ക്  അത്കൊണ്ട് എന്ത് കിട്ടും? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഓരോ രോമത്തിനും പകരം ഓരോ നന്മ. അവര്‍ ചോദിച്ചു: ചെമ്മരിയാട്  പോലെ രോമം അധികരിച്ചതാണെങ്കിലോ? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അതിന്‍റേയും ഓരോ രോമത്തിനും പകരം ഓരോ പ്രതിഫലം ലഭിക്കും."(ഹാകിം) 
അലിയ്യ് (റ) വിവരിക്കുന്നു. "റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പ്രിയമകള്‍ ഫാത്വിമ (റ) യോട് അരുളി: ഫാത്വിമാ, ഖുര്‍ബാനി അറുക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ അതിന്‍റെ അരികില്‍ നീ ഉണ്ടായിരിക്കണം. ബലിമൃഗത്തിന്‍റെ ശരീരത്തില്‍ നിന്നും ആദ്യമായി ഭൂമിയില്‍ വീഴുന്ന രക്തത്തുള്ളിയോടൊപ്പം നിന്‍റെ എല്ലാ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്. ഖിയാമത്ത് ദിനം ബലിമൃഗത്തിന്‍റെ രക്തവും ഇറച്ചിയും കൊണ്ടുവരപ്പെടുന്നതും എഴുപത് ഇരട്ടിയാക്കപ്പെട്ട നിലയില്‍ നിന്‍റെ നന്മയുടെ തട്ടില്‍ വെയ്ക്കപ്പെടുന്നതുമാണ്. ഇത് കേട്ടപ്പോള്‍ അബൂസഈദ് (റ) ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ, ഉപര്യുക്ത പ്രതിഫലം തങ്ങളുടെ കുടുംബത്തിന് മാത്രമുള്ളതാണോ.? അതോ എല്ലാ മുസ് ലിംകള്‍ക്കും ബാധകമാണോ.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: എന്‍റെ കുടുംബത്തിന് പ്രത്യേകവും എല്ലാ മുസ്ലിംകള്‍ക്കും പൊതുവിലും ഈ പ്രതിഫലം ലഭിക്കുന്നതാണ്". (ഇസ്ബഹാനി) 
ഹസനുബ്നു അലിയ്യ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി. "ആരെങ്കിലും സന്തോഷത്തോടെയും പ്രതിഫലം കാംക്ഷിച്ച് കൊണ്ടും ബലി അറുത്താല്‍  അത് അവന് നരകത്തില്‍ നിന്നും മറയായിത്തീരുന്നതാണ്." (ത്വബ്റാനി) 
ജാബിര്‍ (റ) വിവരിക്കുന്നു. "റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഹജ്ജിന്‍റെ സന്ദര്‍ഭത്തില്‍ ഭാര്യമാരുടെ ഭാഗത്ത് നിന്നും ബലി അറുക്കുകയുണ്ടായി. വലിയ പെരുന്നാള്‍ ദിവസവും ഇപ്രകാരം അറുത്തതായി മറ്റൊരു രിവായത്തില്‍ വന്നിരിക്കുന്നു."(മുസ്ലിം) 
ഖന്‍ഷ് (റ) വിവരിക്കുന്നു. "അലിയ്യ് (റ) രണ്ട് ആടുകളെ ബലി അറുക്കുകയും അതില്‍ ഒന്ന് തന്‍റെ ഭാഗത്ത് നിന്നും, മറ്റൊന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഭാഗത്ത് നിന്നുള്ളതാണെന്നും പ്രസ്താവിക്കുകയുണ്ടായി" (അബൂദാവൂദ്) 
അബൂത്വല്‍ഹ: (റ) വിവരിക്കുന്നു. "റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു മൃഗത്തെ അറുത്തിട്ട് ഇത് തന്‍റെ ഭാഗത്ത് നിന്നുള്ളതാണെന്ന് പ്രസ്താവിച്ചു. മറ്റൊരു മൃഗത്തെ അറുത്തിട്ട് ഇത് എന്‍റെ സമുദായത്തില്‍ നിന്നും എന്നില്‍ വിശ്വസിക്കുകയും എന്നെ വാസ്തവമാക്കുകയും ചെയ്തവരുടെ ഭാഗത്ത് നിന്നുള്ളതാണെന്നും പ്രസ്താവിച്ചു." 
ഇബ്നുഉമര്‍ (റ) വിവരിക്കുന്നു. "റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഹിജ്റയ്ക്ക് ശേഷം മദീനയില്‍ പത്ത് വര്‍ഷം താമസിച്ചു. ഈ പത്ത് വര്‍ഷവും തുടര്‍ച്ചയായി തങ്ങള്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഉദ്ഹിയ നിര്‍വ്വഹിക്കുകയുണ്ടായി" (തിര്‍മിദി). 
മര്യാദകള്‍ 
ബലിമൃഗത്തെ സ്വന്തമായി അറുക്കുക, അതല്ലെങ്കില്‍ അറുക്കുന്നിടത്ത് ഹാജരാകുക, പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് അറുത്തു കൊടുക്കുക, പകലില്‍ അറുക്കുക, അറുക്കുന്ന സമയത്ത് ഖിബ്ലക്ക് നേരെ തിരിഞ്ഞ് നില്‍ക്കുക, 
അറുക്കുമ്പോള്‍ باسم الله، الله أكبر എന്ന് പറയുക, 
ബിസ്മിയും തക്ബീറും പറഞ്ഞതിനു ശേഷം
 اللهُمَّ مِنْكَ وَإِلَيْكَ فَتَقَبَّلْ مِنِّي
 (അല്ലാഹുവേ, ഇത് നീ നല്‍കിയ അനുഗ്രഹമാണ്. ഇത് നിന്‍റെ മുന്‍പില്‍ തന്നെ സമര്‍പ്പിക്കുകയാണ്. നീ ഇതിനെ സ്വീകരിക്കേണമേ!) എന്ന് പറയുക, ബലിമൃഗത്തെ കാണുമ്പോഴും അതിന്‍റെ ശബ്ദം കേള്‍ക്കുമ്പോഴും തക്ബീര്‍ പറയുക,... ഇവകളെല്ലാം സുന്നത്താണ്. കാരണമില്ലാതെ രാത്രി അറുക്കല്‍ കറാഹത്താണ്. 
ഉദ്ഹിയ അറുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹജ്ജ് ഒന്ന് മുതല്‍ ബലി അറുക്കുന്നതുവരെ മുടി, നഖം എന്നിവ നീക്കം ചെയ്യരുത്. ഉമ്മുസലമ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "ദുല്‍ഹജ്ജിന്‍റെ ആദ്യ പത്ത് ആരംഭിച്ചാല്‍ നിങ്ങളില്‍ ബലി ഉദ്ദേശിക്കുന്നവര്‍ ബലി അറുക്കുന്നതുവരെ മുടിയും നഖവും മുറിക്കാതിരുന്നു കൊളളട്ടെ". (മുസ്ലിം, ഇബ്നുമാജ:) 
ബലി അറുക്കുന്നതിന് വേണ്ടി തെരഞ്ഞെടുത്ത മൃഗത്തിന് നന്നായി ഭക്ഷണം കൊടുത്ത് പുഷ്ടിപ്പെടുത്തല്‍ അതിനെ ആദരിക്കുന്നതിന്‍റെ ഭാഗമാണ്. ബലിമൃഗം അല്ലാഹുവിന്‍റെ ചിഹ്നങ്ങളിലൊന്നാണ്. "അല്ലാഹുവിന്‍റെ ചിഹ്നങ്ങളെ  ആദരിക്കുന്നത് ഹൃദയത്തില്‍ തഖ്വയുള്ളതിന്‍റെ അടയാളമാണ്" (ഖുര്‍ആന്‍). 
ബലിമൃഗങ്ങള്‍ 
ആണാട്, പെണ്ണാട് എന്നിവയെ കൂടാതെ പശു, കാള, പോത്ത്, എരുമ, ഒട്ടകം, ചെമ്മരിയാട് ഇവകളെല്ലാം ബലി നല്‍കപ്പെടാവുന്നതാണ്. മാടിലും ഒട്ടകത്തിലും ഏഴ് പേര്‍ക്ക് വരെ പങ്കാകാവുന്നതാണ്. ജാബിര്‍ (റ)  വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി; മാടിന്‍റെയും ഒട്ടകത്തിന്‍റെയും ബലി ഏഴ് പേരുടെ ഭാഗത്തുനിന്നും സാധുവാകുന്നതാണ്‌ (ബൈഹഖി). 
ബലി നല്‍കപ്പെടുന്ന നെയ്യാടിന് ഒരു വയസ്സും കോലാട്, മാട് എന്നിവയ്ക്ക് രണ്ട് വയസ്സും ഒട്ടകത്തിന് അഞ്ച് വയസ്സും പൂര്‍ണ്ണമാകല്‍ അനിവാര്യമാണ്. ന്യൂനതകളില്ലാത്ത മൃഗങ്ങളെയാണ് ബലി അറുക്കുന്നതിനുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. കാരണം, അത് അല്ലാഹുവിന്‍റെ തൃപ്തി നേടുന്നതിനുവേണ്ടി നാം സമര്‍പ്പിക്കുന്ന ഒരു തിരുമുല്‍ക്കാഴ്ചയാണ്. അതിനാല്‍ കഴിവിന്‍റെ പരമാവധി നല്ല മൃഗത്തെ തെരഞ്ഞെടുക്കണം. ന്യൂനതകളുളള മൃഗങ്ങളെ പടച്ചവന്‍റെ മുന്നില്‍ സമര്‍പ്പിക്കുന്നത് എത്ര മോശമായ പ്രവര്‍ത്തിയാണെന്ന് ചിന്തിച്ചാല്‍ നമുക്ക് ബോധ്യപ്പെടും. 
ബറാഉബ്നു ആസിബ് (റ) വിവരിക്കുന്നു. ബലി നല്‍കപ്പെടാന്‍ യോഗ്യമല്ലാത്ത  മൃഗങ്ങളേതെന്ന് ചോദിക്കപ്പെട്ടപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി; (നടക്കാന്‍ ബുദ്ധിമുട്ടുളള വിധം) വ്യക്തമായ മുടന്തുളളത്, കാഴ്ച നഷ്ടപ്പെട്ടത്,  കടുത്ത രോഗമുളളത്, മെലിഞ്ഞൊട്ടിയത്. ഈ നാല്  ന്യൂനതകളിലൊന്നെങ്കിലും ഉളള മൃഗത്തെ ബലിനല്‍കാന്‍ വേണ്ടി തിരഞ്ഞെടുക്കരുത്. അലിയ്യ് (റ) പ്രസ്താവിക്കുന്നു. കൊമ്പ് ഒടിഞ്ഞതും കാല്‍ മുറിഞ്ഞതുമായ മൃഗത്തെ ബലി നല്‍കുന്നത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തടഞ്ഞു (ഇബ്നുമാജ:) 
അനസ് (റ) വിവരിക്കുന്നു. "കറുപ്പും വെളുപ്പും കലര്‍ന്നതും കൊമ്പുളളതുമായ രണ്ടാടുകളെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ബലി നല്‍കി. തങ്ങള്‍ സ്വന്തം കൈകള്‍കൊണ്ടാണ് അവയെ അറുത്തത്" (ബുഖാരി) 
നിയ്യത്ത് 
എല്ലാ ആരാധനകളും സാധുവാകുന്നതിനും സ്വീകാര്യമാകുന്നതിനും നിയ്യത്ത് ആവശ്യമാണ്. നിയ്യത്തിന്‍റെ യഥാര്‍ത്ഥ സ്ഥാനം ഹൃദയമാണെങ്കിലും നാവ് കൊണ്ട് മൊഴിയല്‍ സുന്നത്താണ്. സുന്നത്തായ ഉദ്ഹിയ (ബലികര്‍മ്മം) ഞാന്‍ നിര്‍വ്വഹിക്കുന്നു എന്ന് അറുക്കപ്പെടുന്ന സമയത്ത് നിയ്യത്ത് ചെയ്യണം. നിരുപാധികം ഉദ്ഹിയ അറുക്കുന്നു എന്ന് മാത്രം പറഞ്ഞാല്‍ അത് നിര്‍ബന്ധമായിത്തീരുന്നതാണ്. ഇത് ഉദ്ഹിയയാണ്, ഇതിനെ ഞാന്‍ ഉദ്ഹിയയാക്കി എന്നീ വാക്കുകളും അതിനെ നിര്‍ബന്ധമാക്കുമെന്നതാണ് പ്രബലാഭിപ്രായം. തദടിസ്ഥാനത്തില്‍ ബലിമൃഗത്തെ പരിചയപ്പെടുത്തുമ്പോള്‍ ഇത് ഉദ്ഹിയയാണ് എന്ന സാധാരണ പ്രയോഗം മൂലം അത്  നിര്‍ബന്ധമായിത്തീരും. ഞാന്‍ ഉദ്ദേശിച്ചിരുന്നത്  സുന്നത്തായ ഉദ്ഹിയയായിരുന്നു എന്ന വാദം അംഗീകരിക്കപ്പെടുകയില്ല. അതിനാല്‍ മൃഗത്തെ പരിചയപ്പെടുത്തുമ്പോള്‍ ശ്രദ്ധിച്ച് മാത്രമേ വാക്കുകള്‍ പ്രയോഗിക്കാവൂ. ഈ മൃഗം എന്താവശ്യത്തിനാണെന്ന ചോദ്യത്തിന് പെരുന്നാള്‍ ദിവസം അറുക്കാന്‍ ഉളളതാണെന്നോ അന്ന് ഭക്ഷിക്കാനുളളതാണെന്നോ സുന്നത്തായ ഉദ്ഹിയയ്ക്കുളളതാണെന്നോ മറുപടി  നല്‍കലാണുത്തമം. 
🌐🌐🌐💠🌐🌐🌐
⛔ *ഹജ്ജ്-ഉംറ:*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...