മലയാളക്കരയുടെ സൗരഭ്യം :
ശൈഖ് ഹസൻ ഹസ്റത്ത് (റഹ്)
- മമ്മൂട്ടി അഞ്ചുകുന്ന്
https://swahabainfo.blogspot.com/2018/12/blog-post_29.html?spref=tw
കേരളം കണ്ട പണ്ഡിത പ്രതിഭകളിൽ പ്രഥമഗണനീയനാണ് മർഹൂം ശൈഖ് ഹസൻ ഹസ്റത്ത് എന്ന പണ്ഡിത സൂര്യൻ, മലയാളി എന്ത് കൊണ്ടോ ഓർക്കാൻ തുനിയാത്ത ആ മഹാ പണ്ഡിതനെക്കുറിച്ച് അല്പമെഴുതിയില്ലെങ്കിൽ വലിയൊരു അപരാധം തന്നെയാകും, പുതിയ തലമുറ ഹസ്രത്തിനെ അറിയരുത് എന്ന് ആരാഗ്രഹിച്ചാലും ഹസ്രത്തിനെ അവരറിയേണ്ടതും വലിയൊരു ചരിത്ര ദൗത്യമായി അവർ ആ ജീവിതത്തെ അനാവരണം ചെയ്യേണ്ടതുമുണ്ട്,
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി അഞ്ചാം പീടികയിൽ മുഹ്‌യുദ്ദീൻ ആയിശ ദമ്പതികളുടെ പുത്രനായാണ് ഹസന്റെ ജനനം, പണ്ഡിതയായ മാതാവിൽ നിന്ന് തന്നെയായിരുന്നു ആദ്യ വിദ്യാപാഠങ്ങൾ. ഖുർആൻ, പത്ത് കിതാബ്, ഉംദ തുടങ്ങിയ പ്രാഥമിക മതവിജ്ഞാനീയങ്ങൾ കരാഗതമാക്കിയത് മാതാവ് ആയിശുമ്മയിൽ നിന്നാണ്, പിന്നീട് പൊന്നാനി വലിയ പള്ളിയിലേക്ക് ഓതാനയച്ചു, ഓതാൻ പോയ തന്റെ രണ്ട് സഹോദരന്മാർ അക്കാലത്ത് തിരികെ വന്നിരുന്നില്ല, അവരെ കുറിച്ച് പിന്നീട് ഒരാറിവും ലഭിച്ചിരുന്നില്ലത്രേ, പൊന്നാനിയിലെ പഠനത്തെ തുടർന്ന് വെളിയങ്കോട്, നാദാപുരം, തെക്കുമ്പാട് , കാപ്പാട്, പാങ്ങ് , ചേമഞ്ചേരി തുടങ്ങി വിവിധ പള്ളി ദർസുകളിൽ പ്രഗത്ഭരായ ഗുരുക്കന്മാരിൽ നിന്ന് ഹസൻ ജ്ഞാനം അഭ്യസിച്ചു, പ്രത്യേക വിഷയങ്ങൾ അതിൽ നിപുണരായ പണ്ഡിതരെ തേടിപ്പിടിച്ച് അഭ്യസ്തമാക്കി, കല്ലൂർ കുഞ്ഞിമുഹമ്മദ് മുസ്ലിയാരിൽ നിന്നാണ് ആദ്യമായി ശൈഖ് ഹസൻ സ്വഹീഹുൽ ബുഖാരി ഓതിയത്. മൗലാന ആയഞ്ചേരി അബ്ദുർറഹ്മാൻ മുസ്ലിയാരിൽ നിന്നും അദ്ദേഹം ഹദീസ് പഠനം നടത്തിയിട്ടുണ്ട്, കേരളത്തിൽ ഹദീസ് വിജ്ഞാനത്തിന് ഉന്നത സ്ഥാനം നൽകിയ ഒരു പണ്ഡിതവാര്യനായി ആയഞ്ചേരി ഉസ്താദിനെ ശൈഖ് ഹസൻ ഹസ്രത്ത് അനുസ്മരിക്കുന്നുണ്ട്. കീഴന കുഞ്ഞഹമ്മദ് മുസ്‌ലിയാർ അക്കാലത്ത് ശൈഖ് ഹസൻ ഹസ്രത്തിന്റെ സഹപാഠിയായിരുന്നു, പിന്നീട് മൗലാന വിഖ്യാത പണ്ഡിതൻ അബ്ദുൽ ഖാദർ ഫള്ഫരിയുടെ ശിഷ്യത്വം സ്വീകരിച്ചു, കേരളത്തിൽ നിന്ന് ലഭ്യമായ എല്ലാ ഫന്നുകളിലും അവഗാഹം നേടി,
ഹദീസ് വിജ്ഞാനത്തിനുള്ള തീരാത്ത ദാഹം മഹാനരെ പിന്നീട് കൊണ്ടെത്തിച്ചത് തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്ത അതിരാമ്പട്ടണത്താണ്, അവിടുത്തെ സുപ്രസിദ്ധ കലാലയമായ മദ്രസ റഹ്‌മാനിയയിൽ ചേർന്ന് പഠനം തുടർന്നു, മക്കാ മുകറമയിലെ വിഖ്യാത പണ്ഡിതനായ ശൈഖ് സൈനീ ദഹ്ലാൻ (റ) യുടെ ശിഷ്യനായ ശൈഖ് അഹമ്മദ് മുത്തുപ്പേട്ട യിൽ നിന്നാണ് അവിടെ ബുഖാരിയുടെ ഇജാസത്ത് ലഭിക്കുന്നത്. പഠന ശേഷം അൽപ്പ കാലം അവിടെ തന്നെ മുദരിസായി സേവനം ചെയ്തു, പക്ഷെ ഹദീസ് വിജ്ഞാനത്തിനായുള്ള ദാഹം ആ മഹാമനീഷിയെ വീണ്ടും വിജ്ഞാന യാത്രക്ക് പ്രേരിപ്പിച്ചു, തുടർന്ന് വിഖ്യാതമായ വെല്ലൂർ ബാഖിയാത്തിലേക്ക് , അക്കാലത്ത്
അബ്ദുൽ റഹീം ഹസ്രത്തായിരുന്നു വെല്ലൂരിലെ പ്രിൻസിപ്പാൾ, തുടർന്ന് ദാറുൽ ഉലൂം ദയൂബന്ദിലേക്ക് പോവാൻ ആഗ്രഹമുദിച്ചു, ഗുരുവായ ആയഞ്ചേരി ഉസ്താദിൽ നിന്ന് ലഭിച്ചതാണ് ദയൂബന്ദിലേക്ക് പോകാനുള്ള പ്രേരണ, അബ്ദുൽ റഹീം ഹസ്രത്തുമായി ആലോചിച്ച ശേഷം ദേവ്ബന്ദിലേക്ക് തിരിച്ചു, ശൈഖ് ഹസൻ ഹസ്രത്ത് എന്ന പണ്ഡിത പ്രതിഭ രൂപപ്പെടുന്നത് ദാറുൽ ഉലൂമിൽ വെച്ചാണ്,
ഇന്ത്യാ ചരിത്രത്തിലെ വിസ്മയങ്ങളായ നിരവധി പണ്ഡിതപടുക്കളുടെ കർമ്മഭൂമിയായിരുന്നു ദാറുൽ ഉലൂം, ശൈഖുൽ ഇസ്ലാം മൗലാന സയ്യിദ് ഹുസൈൻ അഹമ്മദ് മദനി (റ) തങ്ങളായിരുന്നു ദേവ്ബന്ദിലെ ശൈഖ് ഹസന്റെ പ്രധാന ഗുരുവര്യർ, പ്രവേശന പരീക്ഷയിൽ വിദ്യാർത്ഥിയുടെ അറബിയിലെ അവഗാഹം ശ്രദ്ധിച്ച മൗലാനാ സയ്യിദ് മദനി ടി. ഹസൻ എന്നതിന് പകരം ശൈഖ് ഹസൻ എന്ന് ചേർക്കാൻ നിർദേശിച്ചു, അതോടെയാണ് ശൈഖ് ഹസൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങുന്നത് ദയൂബന്ദിലെ കഠിനമായ കാലാവസ്ഥ ആരെയും തളർത്തും, കടുത്ത ചൂടും മരം കോച്ചുന്ന തണുപ്പും മാറി മാറു വന്ന വർഷങ്ങൾ, ശൈഖ് ഹസൻ എന്ന വിദ്യാർത്ഥി തളരാതെ പഠിച്ചു കൊണ്ടേയിരുന്നു, ആദ്യ വർഷം ദൗറത്തുൽ ഹദീസ്, പിന്നീട് ദൗറത്തു തഫ്സീർ, ആ പഠനം പൂർത്തിയാക്കിയ ശേഷം വിവിധ കിതാബുകൾ മുതആല ചെയ്തു, ഒപ്പം യൂനാനി, ഗോളശാസ്ത്രം, തുടങ്ങിയ ശാഖകളിൽ അവഗാഹം നേടി, തുടർന്ന് ദയൂബന്ദിലെ ചീഫ് മുഫ്തി മൗലാന ഇഅജാസ് അലി (ന. മ) യുടെ കീഴിൽ ഒരു വർഷം ഫത്‌വ പരിശീലനം നേടി, ഇക്കാലത്ത് തന്നെ ഫാർസി കിതാബുകളിലും അവഗാഹം നേടി, മൗലാനാ ഹുസ്സൈൻ അഹമ്മദ് മദനി യെ ബൈഅത്ത് ചെയ്തു , അദ്ദേഹത്തിൽ നിന്ന് ഒട്ടനേകം ഇജാസത്തുകൾ കരസ്തമാക്കി, വിഖ്യാത ഹനഫീ കർമ്മ ശാസ്ത്ര പടുവും സൂഫി വര്യനുമായിരുന്ന അല്ലാമാ ശൈഖ് റഷീദ് അഹമ്മദ് ഗംഗോഹി (റ) യുടെ ഖലീഫയായിരുന്നു ഇന്ത്യാ ചരിത്രത്തിലെ ബഹുമുഖ പ്രതിഭയായിരുന്ന മൗലാന സയ്യിദ് ഹുസ്സൈൻ അഹമ്മദ് മദനി(റ),
ഇതിനിടെ വെല്ലൂർ ബാഖിയാത്തിലേക്ക് ഒരു മുദരിസ്സിനെ വേണമെന്ന ആവശ്യമുന്നയിച്ച കത്ത് ദാറുൽ ഉലൂമിലെത്തി, ദേവ്ബന്ദിലെ ഉസ്താദുമാർ ശൈഖ് ഹസൻ ഹസ്രത്തിനോട് ചുമതല ഏറ്റെടുക്കാൻ നിർദേശിച്ചു, യാത്രാ ചെലവിന് തുക ലഭ്യമാകാത്തത് കൊണ്ട് തീരുമാനമെടുക്കാൻ വൈകി, ശൈഖ് ഹസൻ ഹസ്രത്ത് തന്നെ എഴുതട്ടെ " ഈ കാര്യം ഉസ്താദ് മദനി യെ ഞാൻ അറിയിച്ചു, ആ അനുഗ്രഹീത ഹസ്തം എന്റെ നേരെ നീട്ടിക്കൊണ്ട് 55.ക തന്നു, എന്നോട് ബാഖിയാത്തിലേക്ക് പോകാൻ നിർദേശിച്ചു, വൈകിയത് കാരണം അവിടെ മറ്റാരെങ്കിലും ചുമതലയേറ്റിട്ടുണ്ടെങ്കിൽ കേരളത്തിലേക്ക് മടങ്ങാൻ 1 കൂടി തന്നു, മൗലാനാ ശൈഖുൽ ഇസ്ലാം ഹുസ്സൈൻ അഹമ്മദ് മദനി (റ) യുടെ അനുഗ്രഹാശിസുകളോടെ ഞാൻ വെല്ലൂരിലേക്ക് പുറപ്പെട്ടു"
മൗലാന ആദം ഹസ്രത്ത് ആയിരുന്നു വെല്ലൂരിലെ പ്രിൻസിപ്പൽ , ആദ്യ വർഷങ്ങളിൽ തന്നെ ഹസ്രത്തിന്റെ ശിഷ്യ ഗണങ്ങളിൽ പ്രമുഖർ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ, കെ.സി ജമാലുദ്ദീൻ മൗലവി, അബ്ദുൽ ജബ്ബാർ ഹസ്രത്ത് എന്നിവരെല്ലാമായിരുന്നു.
വെല്ലൂർ ബാഖിയാത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ശൈഖ് ഹസന്റെ ആഗമനം, ഹദീസ് വിജ്ഞാനീയത്തിന് വേണ്ടത്ര സ്ഥാനം അന്ന് ബാഖിയാത്തിന്റെ സിലബസിൽ ഉണ്ടായിരുന്നില്ല, ഹദീസ് നിദാന ശാസ്ത്രത്തിനോ സനദിനോ വലിയ പ്രാധാന്യം കല്പിക്കാതെയുള്ള അധ്യാപനമായിരുന്നു ശൈഖ് ഹസൻ അധ്യാപനം ആരംഭിച്ച കാലത്ത് ബാഖിയാത്തിൽ നടന്നു പോന്നത്, ഹദീസ് വിജ്ഞാന ശാഖയിലെ യുഗപ്രഭാവന്മാരായ ദയൂബന്ദി ഉലമാക്കളുടെ സ്വാധീനം ശൈഖ് ഹസനിൽ പ്രകടമായതിനാൽ അദ്ദേഹം വ്യത്യസ്തമായ അധ്യാപന ശൈലി സ്വീകരിച്ചു. അവിടെ ദാറുൽ ഹദീസ് സ്ഥാപിക്കാനായി അദ്ദേഹം പരിശ്രമം നടത്തി, അതിന് വേണ്ടി അക്കാലത്ത് ശൈഖ് ഹസൻ ഹസ്രത്ത് ശ്രീലങ്ക, സിങ്കപ്പൂർ, വിയറ്റ്‌നാം എന്നിവിടങ്ങളിലെല്ലാം പോയി പണം സ്വരൂപിച്ചു, വിയറ്റ്‌നാം യുദ്ധം കൊടുമ്പിരി കൊണ്ട ആ കാലത്ത് അദ്ദേഹത്തെ യാത്രയിൽ നിന്ന് പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും അദ്ദേഹം ചെവി കൊണ്ടില്ല, ആ മഹാത്മാവിന്റെ ശ്രമ ഫലമായി 1973 ൽ ബാഖിയാത്തിൽ ദാറുൽ ഹദീസ് സ്ഥാപിക്കപ്പെട്ടു. ബാഖിയാത്തിൽ സുദീർഘമായ സേവനം ചെയ്ത ആ മഹദ് ഗുരു അവിടെ ശൈഖുൽ ഹദീസ് ആയും, പിന്നീട് പ്രിൻസിപ്പൽ ആയും നിയമിക്കപ്പെട്ടു,
പിൽക്കാലത്ത് കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ പ്രവർത്തിച്ച നിരവധി പണ്ഡിത പ്രതിഭകളുടെ ഗുരുവര്യനാണ് ശൈഖ് ഹസൻ ഹസ്രത്ത്. കഴിഞ്ഞ തലമുറയിലെയും ഈ തലമുറയുടെ നേതൃനിരയിലുള്ള മുതിർന്ന ഒട്ടുമിക്ക പണ്ഡിതരും ഹസ്രത്തിന്റെ ശിഷ്യരാണ്. സമസ്ത പ്രസിഡണ്ട്മാരായ കെ.കെ അബൂബക്കർ ഹസ്രത്ത്, അസ്ഹരി തങ്ങൾ, കാളമ്പാടി മുഹമ്മദ് മുസ്‌കിയാർ, കുമരംപുത്തൂർ ഉസ്താദ്, എന്നിവരും സയ്യിദ് ഇസ്മയിൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ എന്ന പാനൂർ തങ്ങൾ, ഉസ്താദ് വടുതല മൂസാ മൗലവി , ചാലിയം അബ്ദുർഹമാൻ മുസ്‌ലിയാർ, പാറന്നൂർ ഇബ്രാഹിം മുസ്‌ലിയാർ, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ, സി.എം മടവൂർ, ഉള്ളാൾ തങ്ങൾ,
എ. പി അബൂബക്കർ മുസ്‌ലിയാർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, എൻ.കെ ഉസ്താദ്, ചേലക്കുളം അബുൽ ബുശ്രാ മൗലവി, കെ.എം ഫരീദുദ്ദീൻ മൗലവി, മൂസക്കുട്ടി ഹസ്രത്ത്, കോയാ മൗലവി അൽ ഖാസിമി, നൂഹ് മൗലവി അൽ ഖാസിമി, യു.കെ ആറ്റക്കോയ തങ്ങൾ, എൻ.എം അബ്‍ദുറഹ്മാൻ മുസ്‌ലിയാർ , എന്നിവർ പ്രമുഖ ശിഷ്യന്മാരാണ്, പാനൂർ തങ്ങൾ അദ്ദേഹത്തെ ബൈഅത്ത് ചെയ്ത പ്രമുഖനാണ്,
കേരളത്തിലെ പണ്ഡിതരോടും സദാത്തുക്കളോടും ഹസ്രത്ത് നല്ല ബന്ധം പുലർത്തിയിരുന്നു, ഉസ്താദ് കെ.കെ. സദഖത്തുള്ള മൗലവി, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ തുടങ്ങിയവർ അദ്ദേഹവുമായി ഉറ്റബന്ധം പുലർത്തി, കേരളത്തിൽ ഒരു ഉന്നത ദീനീ കലാലയം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു, ഇന്നത്തെ പട്ടിക്കാട് ജാമിഅ നൂരിയ്യ സംസ്ഥാപനത്തിന് പിന്നിൽ ഈ മഹാന്റെ പരിശ്രമമുണ്ടായിരുന്നു, സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി തങ്ങൾ ഈ ശ്രമങ്ങൾക്ക് വലിയ പിന്തുണ നൽകി, പിന്നീട് ജാമിഅ സ്ഥാപിക്കപ്പെട്ടപ്പോൾ നിർഭാഗ്യവശാൽ അരങ്ങേറിയ ചില താൽപര്യങ്ങളും അജണ്ടകളും ഹസ്രത്തിനെ മാറ്റി നിർത്തി എന്നത് മറ്റൊരു കഥ,
ബാഖിയത്തിലേക്ക് സാമ്പത്തിക പരാധീനത മൂലം മലയാളി വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് പ്രയാസം നേരിട്ടപ്പോൾ ഹസ്രത്ത് സയ്യിദ് അബ്ദുർഹമാൻ ബാഫഖി തങ്ങൾക്ക് കമ്പിയടിച്ചു, തങ്ങളെയും വയനാട്ടിലെ കക്കോടൻ മമ്മു ഹാജിയെയും കൂട്ടി ബാഖിയാത്തിലേക്ക് നല്ലൊരു സംഖ്യ കേരളത്തിൽ നിന്ന് പരിച്ചെടുത്തു കൊണ്ട് പോയി, സി.കെ പി ചെറിയ മമ്മുക്കേയി എഴുതുന്നു " ബാഖിയാത്തിന് വേണ്ടി സംഭാവനകൾ സ്വീകരിക്കാനായി കേരളത്തിൽ പലയിടത്തും എത്തിപ്പെടുമ്പോൾ ഹസ്രത്തിന്റെ മനസ്സിൽ മറ്റൊരു ആശയം മുളപൊട്ടുന്നുണ്ടായിരുന്നു, കേരളത്തിൽ ഒരു ഉന്നത ദീനീ സ്ഥാപനം ഉണ്ടാക്കി എടുക്കണം, പലരുമായി ഇക്കാര്യം ആലോചിച്ചു, അഭിപ്രായങ്ങൾ ശേഖരിച്ചു, ആയിടക്ക് ജ: ബാപ്പു ഹാജി വെല്ലൂരിൽ ചെന്നു, ഹസ്രത്തിന്റെ ഭാവനയിൽ ഉള്ള അറബിക് കോളേജിന്റെ കാര്യം അദ്ദേഹത്തോട് പറഞ്ഞു, വിവരമറിഞ്ഞപ്പോൾ സ്ഥാപനം തന്റെ നാട്ടിലായിരിക്കണം എന്ന് ബാപ്പു ഹാജിക്ക് നിർബന്ധം, അദ്ദേഹം എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാമെന്നേറ്റു, അപ്പോൾ ബാഫഖി തങ്ങൾ സിലോൺ പര്യടനത്തിലായിരുന്നു, തങ്ങൾ വന്നപ്പോൾ ഹസ്രത്ത് കേരളത്തിലേക്ക് വന്നു, തങ്ങളോട് കാര്യങ്ങൾ പറഞ്ഞു, സമസ്തയെ കൂടി ബന്ധപ്പെടുത്തി പണിയാമെന്ന ബാഫഖി തങ്ങളുടെ അഭിപ്രായത്തോട് ഹസ്രത്ത് യോജിച്ചു , ജാമിഅ നൂരിയയുടെ ഉദ്ഭവ ചരിത്രം അങ്ങനെയായിരുന്നു" (സി.കെ.പി ചെറിയ മമ്മുക്കേയി യിയുടെ ലേഖനത്തിൽ നിന്ന്)
മുഖ്യധാരാ സുന്നീ സംഘടന ദയൂബന്ദ് ഉലമാക്കാൾക്കെതിരെ വിധി പറഞ്ഞപ്പോൾ ശൈഖ് ഹസൻ ഹസ്രത്ത് വിയോജിച്ചു, എങ്കിലും ഒരു തുറന്ന പോരാട്ടം സമുദായത്തിന് നേട്ടമുണ്ടാക്കില്ല എന്ന തിരിച്ചറിവിൽ അദ്ദേഹം ഒതുങ്ങി നിന്നു, സംവാദങ്ങൾക്കോ ഖണ്ഡങ്ങൾക്കോ അദ്ദേഹം തയ്യാറായില്ല, പലപ്പോഴും അദ്ദേഹം തന്റെ മഹാഗുരുക്കളുടെ സ്മണക്ക് മുന്നിൽ കണ്ണീർ വാർക്കുന്നത് ശിഷ്യർ രേഖപ്പെടുത്തിയിട്ടുണ്ട്, അഖില കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ ഒരു സംഘം രൂപീകരിക്കപ്പെട്ടെങ്കിലും അൽപ്പ കാലത്തിന് ശേഷം അതിന്റെ പ്രവർത്തനവും അവസാനിപ്പിച്ചു. പിന്നീട് ദയൂബന്ധി ഉലമാക്കളുടെ പണ്ഡിത സംഘമായ ജംഇയ്യത്തുൽ ഉലമാ എ ഹിന്ദിന്റെ കേരള ഘടകം രൂപീകരിക്കാൻ ശൈഖ് ഹസൻ ഹസ്രത്ത് മുൻകയ്യെടുക്കുയകയും തന്റെ വിയോഗം വരെ അതിന്റെ അധ്യക്ഷനായി സേവനം ചെയ്യുകയും ചെയ്തു.
അറബി, ഉറുദു, ഫാർസി, മലയാളം , ഹിന്ദി എന്നീ ഭാഷകളിലെല്ലാം അവഗാഹമുണ്ടായിരുന്ന മഹാനർ ഈ ഭാഷകളിലെല്ലാം ദീനീ വിജ്ഞാനീയങ്ങൾ വായിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു, അതാതിടങ്ങളിൽ അവരുടെ ഭാഷയിൽ തന്നെ ഉജ്ജ്വലമായി പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു, ഇന്ത്യയുടെ ഒട്ടേറെ ഭാഗങ്ങളിൽ അദ്ദേഹത്തിന് ശിഷ്യസമ്പത്തുണ്ട്,
പ്രവാചക ചര്യ അനുധാവനം ചെയ്യുന്നതിൽ കണിശത പുലർത്തിയ മഹാനവറുകൾ സദാ ദിഖ്‌റിലായിരുന്നു, മാണിയൂർ അഹമ്മദ് മുസ്‌ലിയാർ എഴുതട്ടെ " ജീവിതത്തിൽ ഒരു സുന്നത്ത് പോലും വിട്ടു കളഞ്ഞതായി ആർക്കും കാണാൻ കഴിഞ്ഞിട്ടില്ല, രോഗശയ്യയിൽ പോലും തഹജ്ജുദ് നമസ്കരിച്ചിരുന്നു ഇശ്റാഖ് നമസ്കാരത്തിന് മുമ്പ് സുബഹി നമസ്കാരം നിർവഹിച്ചു ഇരുന്ന സ്ഥലംമാറ്റുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല, ജീവിതത്തിലെ നിസ്സാരമെന്നു തോന്നുന്ന മേഖലകളിൽ പോലും നബിയുടെ തിരു സുന്നത്ത് മുറുകെ പിടിച്ചിരുന്നു, ഹസ്രത്തിന്റെ നടത്തവും ഇരുത്തവും ഭക്ഷ്യ ഭോജനവും മലമൂത്രവിസർജനവും
എല്ലാം തിരുമേനിയുടെ സുന്നത്ത് അനുസരിച്ചു മാത്രം ആയിരുന്നു, ഹസ്രത്തിനെ പോലൊരു മുത്തബിഉസ്സുന്നയെ അടുത്തകാലത്തൊന്നും തന്നെ കേരളം കണ്ടിട്ടില്ല"
ബാഖിയാത്തിൽ നിന്ന് തന്റെ പ്രവർത്തന മേഖല ജീവിത സായാഹ്‌നത്തിൽ കേരളത്തിലേക്ക് വിശിഷ്യാ ദക്ഷിണ കേരളത്തിലേക്കും വ്യാപിപ്പിച്ചു, മുപ്പത് വർഷത്തെ ബാഖിയാത്ത് ജീവിതത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങി, ദക്ഷിണ കേരളത്തിലെ പണ്ഡിതന്മാരോട് നല്ല ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി ആലുവ വാഴക്കുളം ജാമിഅ ഹസനിയ്യ എന്ന സ്ഥാപനം രൂപീകരിക്കപ്പെട്ടു, തന്റെ നാടായ പാപ്പിനിശ്ശേരിയിൽ തന്റെ വന്ദ്യ ഗുരു മൗലാന സയ്യിദ് ഹുസ്സൈൻ അഹമ്മദ് മദനിയുടെ നാമധേയത്തിൽ ഹുസൈനിയ്യഃ എന്ന
പേരിൽ മറ്റൊരു സ്ഥാപനം ഉയർന്നു. സിംഗപ്പൂരിലും അദ്ദേഹം ഒരു ദർസിന് ആരംഭം കുറിച്ചു,
തഖ്‌വയും വിജ്ഞാനവും സ്വഭാവമഹിമയും ആ മഹദ് വ്യക്തിത്വത്തിന്റെ സവിശേഷതയായിരുന്നു. തികഞ്ഞ സൂക്തമതയോടെ ജീവിച്ചു തീർത്ത ആ മഹദ് ജീവിതം കേരളത്തിൽ ഏറെയൊന്നും കൊണ്ടാടപ്പെട്ടിട്ടില്ല, നമ്മെ ഗ്രസിച്ച സംഘടനാ ഭ്രമത്തിൽ നിന്നും ആ മഹാൻ തീർത്തും മുക്തനായതാവാം കാരണം. പകൽ ഹദീസ് അധ്യാപനവും പാതിരാത്രിക്ക് ശേഷം പുലരുവോളം ഇബാദത്തുകളിലും മുഴുകിയിരുന്ന ധന്യമായ ജീവിതത്തെ ഒരിക്കലെങ്കിലും സമ്പർക്കം പുലർത്തിയവർ വിസ്മരിക്കില്ല. ഒരിക്കൽ പോലും തഹജജുദ് നിസ്കാരം മുടക്കിയിട്ടില്ല എന്ന് അവിടുത്തെ ശിഷ്യഗണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു, മർഹൂം സൈദ് മുഹമ്മദ് നിസാമി എഴുതുന്നു " ആരെയും വേദനിപ്പിക്കാനോ തേജോവധം നടത്താനോ ഹസ്രത്തിനെ ലഭിക്കില്ല, ഖണ്ഡങ്ങൾക്കോ സംവാദ ബഹളങ്ങൾക്കോ അദ്ദേഹം പങ്കെടുത്തിരുന്നില്ല, തന്റെ സകകാലികരായ പണ്ഡിതരിൽ കാണുന്ന ഭൗതിക ഭ്രമങ്ങളൊന്നും ആ മഹാ പണ്ഡിതനിൽ ഉണ്ടായിരുന്നില്ല. ആ ഹൃദയം എത്ര നിഷ്കളങ്കമാണ് ! , മുസ്‌ലിം കേരളത്തിലെ ചില കേന്ദ്രങ്ങൾ അദ്ദേഹത്തെ തഴയാനും തരംതാഴ്ത്താനും ശ്രമിച്ചു നോക്കി, ശൈഖുന ആ ഭാഗം ശ്രദ്ധിച്ചതേയില്ല, തനിക്കെതിരിൽ അസൂയാലുക്കൾ പടച്ചു വിട്ട കുപ്രചരണങ്ങൾക്കൊന്നും അദ്ദേഹം മറുപടി കൊടുത്തില്ല"
ഫത്‌വ കൾ നൽകുമ്പോൾ അദ്ദേഹം പണം വാങ്ങിയിരുന്നില്ല, സ്ഥാപനത്തിന്റെ ഒന്നും തന്നെ തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നില്ല, ജീവിതത്തിൽ എല്ലാ രംഗത്തും തികഞ്ഞ സൂക്ഷ്മത പുലർത്തിയിരുന്നു ആ മഹാ ജ്ഞാനി, പൊതുസ്ഥാപനങ്ങൾക്ക് വേണ്ടി വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ തുക സ്വരൂപിക്കാൻ യാത്ര ചെയ്‌തെങ്കിലും ഒരു രൂപ പോലും അതിന്റെ കമ്മീഷൻ വ്യവസ്ഥയിൽ അദ്ദേഹം കൈപ്പറ്റിയിരുന്നില്ല, ഒരിക്കൽ ബാഖിയാത്തിനായി ഒരു നല്ല തുക കൊടുത്ത സമ്പന്നൻ കൂട്ടത്തിൽ ഹസ്രത്തിന് വ്യക്തിപരമായും നല്ലൊരു സംഖ്യ കൊടുത്തു, ഹസ്രത്ത് വെല്ലൂരിൽ തിരിച്ചെത്തി അതും കൂട്ടിച്ചർത്ത രസീത് മുറിച്ച് ആ തുകയും സ്ഥാപനത്തിന് വേണ്ടി നൽകുകയായിരുന്നു,
വാതവും മറ്റു രോഗങ്ങളും അലട്ടിയപ്പോഴും ഗ്രന്ഥപാരായാണവും ആരാധനാ കർമ്മങ്ങളും വിജ്ഞാന തപസ്യയും മുടങ്ങാതെ നടന്നു വന്നു, ഒരിക്കൽ വീണ് കാലിന് സാരമായ പരിക്ക് പറ്റി, ഓപ്പറേഷൻ നടത്തേണ്ടി വന്നു, സുഖം പ്രാപിച്ചു വരുന്നതിനിടയിൽ അവിചാരിതമായാണ് ആ മഹാനുഭാവൻ വിടവാങ്ങുന്നത്. 1982 ഒക്ടോബർ 17 നായിരുന്നു അത്, പാപ്പിനിശ്ശേരി ബിലാൽ മസ്ജിദിന് സമീപം മലയാളത്തിന്റെ വിശ്വ പണ്ഡിതൻ ശൈഖുൽ ഹദീസ് ശൈഖുനാ ഹസൻ ഹസ്റത്ത് (റ) അന്ത്യ വിശ്രമം കൊള്ളുന്നു.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*