Wednesday, December 19, 2018

അത്തിപ്പറ്റ ഉസ്താദ് (മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.




ഇന്നാലില്ലാഹ്...  

അത്തിപ്പറ്റ ഉസ്താദ് (മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍) പടച്ചവന്‍റെ റഹ് മത്തിലേക്ക്  യാത്രയായി.
ഖബ്റടക്കം : നാളെ (20-12-2018 വ്യാഴം) രാവിലെ 08 മണിക്ക് വളാഞ്ചേരി അത്തിപ്പറ്റയില്‍.
https://swahabainfo.blogspot.com/2018/12/blog-post_19.html?spref=tw
പ്രമുഖ പണ്ഡിതനും സൂഫിയുമായിരുന്ന അത്തിപ്പറ്റ ഉസ്താദ് വളാഞ്ചേരി, അത്തിപ്പറ്റയില്‍ സ്വവതിയില്‍ വെച്ചാണ് യാത്രയായത്. 1936 സെപ്റ്റംബര്‍ 18 വെള്ളിയാഴ്ച മലപ്പുറം കോട്ടക്കല്‍ അച്ചിപ്രയിലാണ് ജനനം. പിതാവ് കോമു മുസ്ലിയാര്‍ പണ്ഡിതനും സ്കൂള്‍ അദ്ധ്യാപകനുമായിരുന്നു. പ്രാഥമിക പഠനത്തിന് ശേഷം പിതൃസഹോദരന്‍ കുഞ്ഞാലന്‍ കുട്ടി മുസ്ലിയാരുടെ അടുത്തും പന്താരങ്ങാടിയില്‍ വഹ്ശി മുഹമ്മദ് മുസ്ലിയാരുടെ ദര്‍സിലുമായിരുന്നു മതപഠനം. 
ആത്മീയ ഗുരുനാഥന്‍, ഖാദിരി ത്വരീഖത്തിന്‍റെ ഗുരുവും മാര്‍ഗ്ഗ ദര്‍ശിയും കൂടിയായിരുന്ന മൗലാനാ അബ്ദുല്‍ ബാരിയായിരുന്നു. മൂന്ന് പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച ഉസ്താദ് മര്‍ഹൂം 27 വര്‍ഷം യു.എ.ഇ ഔഖാഫിന് കീഴില്‍ ഇമാമായി സേവനം അനുഷ്ഠിച്ചിരുന്നു. 
ഖബ്റടക്കം : നാളെ (20-12-2018 വ്യാഴം) രാവിലെ 08 മണിക്ക് വളാഞ്ചേരി അത്തിപ്പറ്റയില്‍.
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും നല്കേണമേ.!

*ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് വിനയത്തിന്റെ നിറകുടം*

പ്രവൃത്തിപഥത്തിലാണ് വിശുദ്ധി നിലനില്‍ക്കേണ്ടതെന്ന് ജീവിതംകൊണ്ടു തെളിയിച്ച ശ്രേഷ്ഠനാണ് *ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍.* അനേകായിരങ്ങള്‍ക്ക് ആന്തരികവെളിച്ചം പകരുന്ന *ഖാദിരീ-ശാദുലീ ആദ്ധ്യാത്മിക വഴികളുടെ ഗുരുനാഥന്‍*, കമ്പോളതാല്‍പര്യങ്ങളോടും ഭൗതികാഭിനിവേശത്തോടും പുറംതിരിഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം, വിനയവും ലാളിത്യവും വിളംബരം ചെയ്യുന്ന ശരീരവും ശരീരഭാഷയും, ഇരുപത്തിയേഴു വര്‍ഷം യു.എ.ഇ മതകാര്യവകുപ്പില്‍ സേവനം ചെയ്തിട്ടും ദിര്‍ഹമിന്റെയും ദീനാറിന്റെയും പളപളപ്പുയരാത്ത തനിനാടന്‍ ജീവിതം...

*അന്വേഷണത്തിന്‍റെ ആദ്യനാളുകള്‍*

*1936 സപ്തംബര്‍18 വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത അച്ചിപ്രയിലാണ് ജനനം*. പിതാമഹന്‍പാലകത്ത് മെയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ബഹുഭാഷപണ്ഡിതനും വൈദ്യനും മാപ്പിള കവിയുമായിരുന്നു. ബദര്‍പടപ്പാട്ട് രചിച്ചിട്ടുണ്ട്. പിതാവ് *കോമുമുസ്‌ലിയാര്‍ പണ്ഡിതനും സ്‌കൂള്‍അദ്ധ്യാപകനുമായിരുന്നു*. ഖയ്യൂം എന്ന അറബിപദം ലോപിച്ചാണ് കോമു എന്ന പേരുണ്ടായതെന്ന അഭിപ്രായക്കാരനാണ് അത്തിപറ്റ ഉസ്താദ്.
പ്രാഥമിക പഠനത്തിനു ശേഷം പിതൃസഹോദരന്‍*കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാരുടെ അടുത്തും പന്താരങ്ങാടിയില്‍ വഹ്ശി മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലുമായിരുന്നു മതപഠനം*. ആള്‍ക്കൂട്ടത്തില്‍നിന്നൊഴിഞ്ഞ് ഏകന്തനായി ജീവിച്ചതുകൊണ്ട് ജനം അദ്ദേഹത്തെ വഹ്ശിമുസ്‌ലിയാര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. സമസ്ത കേരളജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ടായിരുന്ന *വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാരുടെ* നാട്ടുകാരനും ശിഷ്യനുമായിരുന്നു ഇദ്ദേഹം. ഖാദിരീ ത്വരീഖയുടെ ഗുരുവും മാര്‍ഗദര്‍ശിയും കൂടിയായിരുന്ന മൗലാനാ അബ്ദുല്‍ ബാരിയുമായുള്ള ആത്മബന്ധമാണ് അത്തിപറ്റ ഉസ്താദിനെ ആദ്ധ്യാത്മിക വഴികളിലേക്കു നയിച്ചത്. മൗലാനയില്‍ നിന്നാണ് ഖദിരീ ത്വരീഖത്ത് സ്വീകരിക്കുന്നത്. 
ശ്രേഷ്ഠരുടെ തണലില്‍
പ്രമുഖ സൂഫിവര്യന്‍ *ആലുവായ് അബൂബക്കര്‍*‍മുസ്‌ലിയാരുമായി കൂടുതല്‍ അടുക്കാന്‍ ആലുവയ്ക്കടുത്ത *വല്ലത്തെ സേവനം അവസരമൊരുക്കി.* തൊട്ടടുത്ത മഹല്ലിലായിരുന്നതുകൊണ്ടുതന്നെ ഓരോ ദിവസവും ഒരു തവണയെങ്കിലും ആ ആത്മീയ തണലില്‍ ചെന്നിരിക്കാന്‍ഭാഗ്യമുണ്ടായി. ഹജ്ജിനുപോകാന്‍ അനുമതി തേടിയപ്പോള്‍തന്റെ മരണശേഷം മതിയെന്നായിരുന്നു ഗുരുവര്യരുടെ ഉപദേശം. ആലുവായ് ശൈഖിനെ നിഴലുപോലെ പിന്തുടര്‍ന്ന അത്തിപറ്റ ഉസ്താദ്, അദ്ദേഹത്തിന്റെ മരണവേളയിലും അടുത്തുണ്ടായിരുന്നു.
സൂഫീമാര്‍ഗദര്‍ശി *കണിയാപുരം മുടിക്കല്‍ അബ്ദുറസാഖ് മസ്താനുമായി* ബന്ധപ്പെടാന്‍ സാധിച്ചത് ഏറ്റവും വലിയ സുകൃതമാണ്. പ്രമുഖ പണ്ഡിതനും ഖാദിരീ ത്വരീഖയുടെ ആചാര്യശ്രേഷ്ഠനുമായിരുന്ന *ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുമായുള്ള അടുപ്പമാണ് ഉസ്താദിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്*. സ്വലാത്തുന്നാരിയയുടെ ഇജാസത്ത് ചാപ്പനങ്ങാടിഉസ്താദില്‍ നിന്നാണ് സ്വന്തമാക്കിയത്.

*പ്രകാശം പരത്തിയ പ്രവാസം*

ആലുവായ് അബൂബക്ര്‍ മുസ്‌ലിയാരുടെ മരണാനന്തരം അത്തിപ്പറ്റ ഉസ്താദ് ഹജ്ജിനുപുറപ്പെട്ടതോടെയാണ് മൂന്നുപതിറ്റാണ്ടോളം നീണ്ടുനിന്ന പ്രവാസജീവിതത്തിന്റെ തുടക്കം. മക്കയിലെത്തിയപ്പോള്‍ *ഹറമില്‍ വച്ച് അവിടെ മുദരിസായിരുന്ന ആലപ്പുഴക്കാരന്‍ മുഹമ്മദ് മുസ്‌ലിയാരെ* കാണുകയും നാട്ടില്‍ വച്ച് പഠിക്കാന്‍ സാധിക്കാതെ പോയ പല ഗ്രന്ഥങ്ങളും അദ്ദേഹത്തില്‍ നിന്ന് പഠിക്കുകയും ചെയ്തു. 
പിന്നീട് മദീനയില്‍, ലോക പ്രശസ്ത സൂഫീമാര്‍ഗദര്‍ശിയും ശാദുലീ ത്വരീഖയുടെ ആചാര്യശ്രേഷ്ഠനുമായിരുന്ന *ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസ അല്‍ഹലബിയുമായി ബന്ധപ്പെട്ടു*. മസ്ജിദുല്‍ ഖുബഇല്‍ വച്ചാണ് ആദ്യസംഗമം. മദീനാമുനവ്വറയില്‍വച്ചാണ് ശാദുലീ ത്വരീഖയുടെ ചര്യകളടങ്ങിയ ഏട് സ്വീകരിക്കുന്നത്. ജന്മംകൊണ്ട് സിറിയക്കാരനായ അബ്ദുല്‍ഖാദിര്‍ ഈസയുടെ ജ്ഞാനമളക്കാന്‍ അദ്ദേഹത്തിന്‍റെ *ഹഖാഇഖുന്‍ അനി ത്തസ്വവ്വുഫ്* മാത്രം വായിച്ചാല്‍ മതി. ഇംഗ്ലീഷ്, ടര്‍ക്കിഷ് ഭാഷകളിലെല്ലാം അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി 'തസ്വവ്വുഫ് ഒരു സമഗ്ര പഠനം' എന്നപേരില്‍ അതിന്റെ മലയാള വിവര്‍ത്തനം നിര്‍വഹിച്ചിട്ടുണ്ട്.
ശൈഖിന്റെ കാലശേഷം അദ്ദേഹത്തിന്റെ പ്രതിനിധി *സഅ്ദുദ്ദീന്‍ മുറാദ് ആണ് ജിദ്ദയില്‍വച്ച് ശാദുലീ ത്വരീഖയുടെ ഖലീഫ സ്ഥാനവും നേതൃത്വവും ഉസ്താദിനെ ഏല്‍പ്പിക്കുന്നത്*. അതിനുശേഷം അറബ് നാടുകളിലും കേരളം, അന്‍ഡമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും ആദ്ധ്യാത്മിക മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുകയാണ് അത്തിപറ്റ ഉസ്താദ്.

*അല്‍ ഐന്‍ സുന്നി സെന്‍റര്‍*

മൂന്നുപതിറ്റാണ്ടോളം ഉസ്താദിന്റെ പ്രവര്‍ത്തന കേന്ദ്രം അല്‍ഐന്‍ സുന്നി സെന്റര്‍ ആയിരുന്നു. അവിടെ നടക്കുന്ന ആത്മീയസദസ്സുകളില്‍ നിന്ന് ആത്മനിര്‍വൃതിയും ആഗ്രഹപൂര്‍ത്തീകരണവും നേടിയവര്‍ നിരവധി. ആന്തരിക വെളിച്ചവുമായി മടങ്ങിയവര്‍ ധാരാളം. എഴുപതാം വയസ്സില്‍റിട്ടയര്‍മെന്റ് വിളംബരം വരുന്നതുവരെ അവിടെ സജീവമായി. ഇപ്പോള്‍ ഔഖാഫിലെ റിട്ടയര്‍മെന്റ് പ്രായം അറുപതാണ്. ശെഖ് സാഇദിന്റെ കാലത്ത് അത് എഴുപതായിരുന്നു. ഗള്‍ഫില്‍ മലയാളികള്‍ നടത്തുന്ന ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായ *അല്‍ ഐന്‍ ദാറുല്‍ഹുദാ സ്‌കൂളിന്റെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു ഉസ്താദ്.*
27 വര്‍ഷം യു.എ.ഇ ഔഖാഫിനു കീഴില്‍ ഇമാം. മെച്ചപ്പെട്ട ശമ്പളം. സുലഭമായ സൗകര്യങ്ങള്‍. *ഔദ്യോഗിക തലത്തിലെ ഉന്നതരുമായി സൗഹൃദം. യു.എ.ഇ പ്രസിഡണ്ടിന്റെ മതകാര്യോപദേശ്ടാവ് അലിയ്യില്‍ ഹാശിമി, ഔഖാഫില്‍മന്ത്രിയുടെ തുല്യസ്ഥാനം വഹിക്കുന്ന മുഹമ്മദ് ഉബൈദി, കുവൈത്തിലെ ഹാശിം രിഫാഈ തുടങ്ങിയവരുമായി വ്യക്തി ബന്ധം*. ഉദാരമനസ് ഉസ്താദിന്റെ സവിശേഷതയാണ്. തന്റെ ശമ്പളത്തില്‍ നിന്നും കുടുംബത്തിനു വേണ്ട അത്യാവശ്യമുള്ളതു മാത്രം എടുത്ത് ബാക്കി മുഴുവന്‍അര്‍ഹരായ ആവശ്യക്കാര്‍ക്ക് ദാനം നല്‍കും. സഹായം തേടി വരുന്ന ഒരാളെയും ഉസ്താദ് നിരാശനാക്കില്ല.
ആദ്ധ്യാത്മികതയെ കച്ചവടവല്‍കരിക്കുകയും വേഷങ്ങളും രൂപഭാവങ്ങളും കമ്പോളത്തിന്റെ താല്‍പര്യത്തിനനുസരിച്ച് മാറ്റിയെടുക്കുകയും ചെയ്യുന്നവര്‍ക്കിടയിലാണ് ഇങ്ങനെയൊരു മഹാത്മാവ് ജീവിക്കുന്നത്. ലഭിക്കുന്ന വരുമാനത്തിലധികവും മറ്റുള്ളവര്‍ക്ക് ദാനമായി നല്‍കാന്‍ മാത്രം ശീലിച്ച ജീവിതം. രോഗാവസ്ഥയും ജീവിതപ്രയാസം പറഞ്ഞുവരുന്നവരോട് *ഇവിടെ ചികിത്സയില്ലെന്നും എനിക്കത് അറിയില്ലെന്നും നമുക്ക് ദുആചെയ്യാമെന്നും* പറയുന്ന നിഷ്‌കളങ്ക പ്രകൃതം.
ഭൗതികതയോടുള്ള പ്രണയബന്ധം ഉപേക്ഷിക്കുകയും വാക്കിലും പ്രവൃത്തിയിലും സൂക്ഷമത പാലിക്കുകയും ചെയ്യുന്നതിന്റെ ചുരുക്കപേരാണ് ആത്മസംസ്‌കരണം എന്ന് പറയാതെ പറയുകയാണ് അത്തിപറ്റ ഉസ്താദ്.
സമുദ്ധാരണം
ആധുനികതയും സമ്പദ്‌സമൃതിയും വിരുന്നെത്തിയപ്പോള്‍, നിരവധി തിരുനബിചര്യകള്‍ സമുദായം പിന്‍വാതിലൂടെ ഇറക്കിവിട്ടിട്ടുണ്ട്. അതിനെ തിരിച്ചുവിളിച്ചു സ്വീകരിക്കുകയാണ് അത്തിപറ്റ ഉസ്താദ്. അദ്ദേഹത്തോടൊപ്പം കുറച്ചു സമയമെങ്കിലും ചെലവഴിക്കുന്നവര്‍ക്ക് അക്കാര്യം ബോധ്യപ്പെടും. എല്ലാവരും ഒന്നിച്ചിരുന്ന് പരമാവധി ഒരു പാത്രത്തില്‍ നിന്നുതന്നെ ഭക്ഷണം കഴിക്കണമെന്നാണ് മുഹമ്മദ് നബിയുടെ കല്‍പന. പരസ്പര സ്‌നേഹം വര്‍ദ്ധിക്കാന്‍കാരണമാകുമെന്ന് പ്രമാണങ്ങള്‍. മുസ്‌ലിംകള്‍ മുമ്പ് ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. വീട്ടിലും സദസ്സിലുമെല്ലാം ഭക്ഷണം വിളമ്പിയിരുന്നത് വലിയൊരു പാത്രത്തില്‍. അതില്‍ നിന്ന് എല്ലാവരും ഒന്നിച്ച് കഴിച്ചു. പഴയ തളികപ്പാത്രങ്ങളും വാഴയിലയും അതിന്റെ സാക്ഷ്യങ്ങള്‍. എന്നാല്‍സമുദായത്തിലേക്ക് പടികയറിവന്ന *യൂറോസെന്‍ട്രിക് ലൈഫ്* ആ ചിട്ടവട്ടങ്ങളെ പുറംതള്ളി. അത്തിപറ്റ ഉസ്താദ് ആ തിരുനബിചര്യയെ തിരിച്ചുവിളിച്ചു. അങ്ങനെ വീടുകളില്‍, സദസുകളില്‍, ആയിരങ്ങള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍അഞ്ചും ആറും പേര്‍ ഒന്നിച്ച് ഒരു പാത്രത്തില്‍ നിന്ന് ഭക്ഷിക്കുന്ന ശീലം വീണ്ടും വളര്‍ന്നു വന്നു. ഉസ്താദ് തന്റെ വീട്ടിലും സദസ്സിലും സ്ഥാപനങ്ങളിലും അതിനെ വളര്‍ത്തുന്നു.
നിസ്‌കാര സമയം നിര്‍ണിതമാണെന്ന ഖുര്‍ആന്‍ വചനം ഉള്‍കൊണ്ട്, ബാങ്ക് വിളിച്ചാല്‍ ഉടനെ മറ്റെല്ലാ വ്യവഹാരങ്ങളും നിര്‍ത്തിവച്ച് നിസ്‌കരിക്കുകയും അതിനായി കൂടെയുള്ളവരെ ഉസ്താദ് ഉപദേശിക്കുകയും ചെയ്യും. 
അത്തിപ്പറ്റയുടെ 
അഭിമാനം
ജനിച്ചത് അച്ചിപ്രയിലാണെങ്കിലും വളാഞ്ചേരിക്കടുത്ത അത്തിപറ്റയാണ് ഉസ്താദിന്റെ താമസം. പ്രഭാഷകനും തന്റെ സഹോദരീ ഭര്‍ത്താവുമായിരുന്ന അദൃശ്ശേരി മുഹമ്മദ് മുസ്‌ലിയാരാണ് തന്റെ താമസസ്ഥലമായ അത്തിപറ്റയിലേക്ക് ഉസ്താദിനെ കൊണ്ടുവന്നത്, 1980-കളില്‍. ഇപ്പോള്‍ ഉസ്താദാണ് അത്തിപറ്റ മഹല്ലിന്റെ പ്രസിഡണ്ട്. സ്‌കുള്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, വാഫീകോളജ് എന്നിവ ഉള്‍പ്പെടെ നിരവധി സ്ഥാപങ്ങളും ആത്മീയ സദസുകളും ഉസ്താദിന്റെ നേതൃത്വത്തില്‍ മരവട്ടം ഗ്രൈസ് വാലിയിലും മറ്റും നടക്കുന്നുണ്ടെങ്കിലും അത്തിപറ്റയിലും അങ്ങനയൊന്ന് വേണമെന്നത് നാട്ടുകാരുടെ ദീര്‍ഘകാല ആഗ്രഹമാണ്. അവര്‍തന്നെ മുന്‍കയ്യെടുത്ത് ഇപ്പോള്‍ അവിടെ ഒരു ആത്മീയ സദസും *സെന്‍റര്‍ ഫോര്‍ സ്പിരിച്വല്‍ ആന്‍റ് കള്‍ച്ചറല്‍ സ്റ്റഡീസ്* എന്ന പേരില്‍ സ്ഥാപനവും ആരംഭിച്ചിരിക്കുകയാണ്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രസിഡണ്ട്.
തുര്‍ക്കി, ജോര്‍ഡാന്‍, ഇറാഖ്, സൗദിഅറേബ്യ, മലേഷ്യ, സിങ്കപ്പൂര്‍, ഫലസ്തീന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച് മഹാന്‍മാരായ പ്രവാചകന്‍മാരുടെയും വിശുദ്ധരായ സൂഫികളുടെയും മഖ്ബറകളും ഖുര്‍ആന്‍ പരാമര്‍ശിച്ച ചരിത്രദേശങ്ങളും സന്ദര്‍ശിച്ച് അറിവും അനുഭവവും ഉസ്താദ് നേടിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തികളുമായി ആശയവിനിമയം നടത്തി ആധികാരികമായി നേടിയ അനുഭവ സമ്പത്തും ഉസ്താദിന്റെ സവിശേഷതയാണ്. അറിവും ആത്മീയതയും ഇഴപിരിയാത്ത കൂട്ടുകാരാണെന്ന തത്ത്വമാണ് ഉസ്താദില്‍നിന്ന് അനുഭവിച്ചറിയുന്നത്. അതോടൊപ്പം, ജീവിതം പാഴാക്കാനുള്ളതല്ലെന്നും വൈവിധ്യമാര്‍ന്ന രീതിയില്‍ഉപയോഗപ്പെടുത്തി ഇരുലോക വിജയം കൈവരിക്കണമെന്ന പാഠവും  

ഇന്ന് മഹാനവർകൾ നമ്മോട് വിട പറഞ്ഞു അവിടത്തെ ദ റജ അള്ളാഹു ഉയർത്തി കൊടുക്കട്ടെ അവരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
🔹🔹🔹🔷🔹🔹
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 സ്വഹാബ

ഇസ് ലാമിക് ഫൗണ്ടേഷൻ

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...