ശൈഖ് ജീലാനി (റഹ്) :
ജീവിതവും സന്ദേശവും.!
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2018/12/blog-post_15.html?spref=tw
മുസ് ലിംലോകം ദര്‍ശിച്ച സമുന്നത പരിഷ്കര്‍ത്താവ്
ശൈഖ് മുഹ് യുദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി
ഹിജ്റ 470 ല്‍ ഇറാനിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ജീലാന്‍ എന്ന സ്ഥലത്ത് ജനിച്ചു. കുടുംബപരമ്പര 10 തലമുറകളിലായി സയ്യിദുനാ ഹസന്‍(റ)ല്‍ എത്തിച്ചേരുന്നു. ശൈഖിന്‍റെ 18-ാമത്തെ വയസ്സില്‍ ബഗ്ദാദില്‍ എത്തി. ബഗ്ദാദിലെത്തിയ ശൈഖ് തികഞ്ഞ മനക്കരുത്തും ഉന്നതലക്ഷ്യവും മുറുകെ പിടിച്ച് വിജ്ഞാനം കരസ്ഥമാക്കുന്നതില്‍ വ്യാപൃതനായി. വൈജ്ഞാനിക-ആരാധനാ വിഷയങ്ങളിലുള്ള പ്രകൃതിദത്തമായ അഭിരുചിയില്‍ ശൈഖ് സംതൃപ്തനായില്ല. അറിവിന്‍റെ പ്രവിശാലമായ മേഖലകളില്‍ എത്തിച്ചേരാനുള്ള സാഹസിക ശ്രമം തന്നെ ശൈഖ് നടത്തി. ഓരോ വിഷയങ്ങളും അതാതിന്‍റെ നിപുണന്മാരായ ഗുരുനാഥന്മാരില്‍ നിന്നും കരസ്ഥമാക്കി. അക്കാലഘട്ടത്തിലെ പ്രഗത്ഭ പണ്ഡിതരായ ശൈഖ് അബുല്‍ വഫാ, ഇബ്നു ഉഖൈല്‍, മുഹമ്മദ് ബാഖില്ലാനി, അബുസകരിയ തിബിരീസി തുടങ്ങിയവര്‍ ഗുരുനാഥന്മാരായി. ശൈഖ് അബുല്‍ഖൈര്‍ ഹമ്മാദ് ഇബ്നു മുസ്ലിമുദബ്ബാസില്‍ നിന്നും ത്വരീഖത്തിന്‍റെ വിജ്ഞാനങ്ങള്‍ പഠിക്കുകയും ഖാദി അബൂസഈദില്‍ മഖ്റമിയില്‍ നിന്നും പൂര്‍ത്തീകരിക്കുകയും ചെയ്തു. ബാഹ്യവും ആന്തരികവുമായ പൂര്‍ത്തീകരണത്തിന് ശേഷം പരിഷ്കരണ സംസ്കരണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാനപ്രചാരണവും പൊതുജനങ്ങള്‍ ആത്മീയസംസ്കരണവും ഒരേ സമയത്ത് ഭംഗിയായി നടത്തി. ഉസ്താദും ശൈഖുമായ മഖ്റമിയുടെ മദ്റസയില്‍ അദ്ധ്യാപന പ്രഭാഷണങ്ങളുടെ പരമ്പര ആരംഭിച്ചു. വളരെ പെട്ടെന്ന് തന്നെ സ്ഥാപനം വലുതാക്കേണ്ടി വന്നു. നിഷ്കളങ്ക സഹകാരികള്‍ കെട്ടിടം വലുതാക്കി സദസ്സിന് സൗകര്യം ചെയ്തുകൊടുത്തു. എന്നിട്ടും ജനത്തിരക്ക് വളരെക്കൂടുതലായി. ബഗ്ദാദ് മുഴുവനും പ്രഭാഷണ സദസ്സുകളില്‍ തടിച്ചുകൂടി. വലിയ രാജാക്കന്മാര്‍ക്ക് നല്‍കാത്ത മഹത്വവും സ്വീകാര്യതയും അല്ലാഹു മഹാന് കനിഞ്ഞരുളി. ശൈഖ് ഇബ്നു ഖുദാമ പ്രസ്താവിക്കുന്നു: ശൈഖ് ജീലാനി (റ) യെക്കാളും ദീനിന്‍റെ പേരില്‍ ആദരിക്കപ്പെടുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല. രാജാവും മന്ത്രിമാരും വിനിയാന്വിതരായി സദസ്സുകളില്‍ ഹാജരാകുകയും ബഹുമാനത്തോടെയിരുന്ന് കേള്‍ക്കുകയും ചെയ്യുമായിരുന്നു. എണ്ണമറ്റ പണ്ഡിത മഹത്തുക്കളും പങ്കെടുത്തിരുന്നു. ഓരോ സദസ്സിന് ശേഷവും അവര്‍ ഉപയോഗിക്കപ്പെട്ട മഷിക്കുപ്പികള്‍ എണ്ണപ്പെട്ടപ്പോള്‍ നാനൂറോളം എത്തിയതായി കണക്കാക്കപ്പെടുന്നു.
ഇത്ര സമുന്നത സ്ഥാനം സിദ്ധിച്ചിട്ടും ശൈഖ് ജീലാനി (റ) വളരെ വിനയാന്വിതനായിരുന്നു. കുട്ടികള്‍ സംസാരിക്കുമ്പോഴും എഴുന്നേറ്റ് നിന്ന് കേള്‍ക്കുകയും അവരുടെ ആവശ്യം നിറവേറ്റിക്കൊടുക്കുകയും ചെയ്യുമായിരുന്നു. പട്ടിണിപാവങ്ങളുടെ അരികിലിരിക്കുകയും അവരുടെ വസ്ത്രം വൃത്തിയാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധികാരികളേയും പ്രധാനികളേയും ആദരിക്കാന്‍ എഴുന്നേറ്റ് നില്‍ക്കുകയില്ലായിരുന്നു. ഒരിക്കലും അധികാരികളുടെ വാതില്‍പ്പടികളില്‍ പോയിട്ടില്ല. ശൈഖ് ജീലാനി (റ) യെ കണ്ടിട്ടുള്ള സമകാലികരെല്ലാവരും മഹാന്‍റെ സത്സ്വഭാവവും മനഃക്കരുത്തും വിനയവും ധര്‍മ്മിഷ്ഠതയും വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ദീര്‍ഘകാലം ജീവിച്ചിരിക്കുകയും ധാരാളം മാഹാത്മാക്കളുമായി സഹവസിക്കുകയും ചെയ്തിട്ടുള്ള ഹറാദ പറയുന്നു: ശൈഖ് അബ്ദുല്‍ഖാദിറിനേക്കാള്‍ സത്സ്വഭാവിയും വിശാലമനസ്കനും സ്നേഹനിര്‍ഭരനും ബന്ധങ്ങളെ വിലമതിക്കുന്നവരും മനസ്സ് മയപ്പെട്ടവരുമായ ആരെയും ഞാന്‍ കണ്ടിട്ടില്ല. ഇത്രയും സ്ഥാനമഹത്വങ്ങളോടൊപ്പം താഴ്ന്നവരെ പരിഗണിക്കുകയും മുതിര്‍ന്നവരെ ആദരിക്കുകയും സാധുക്കളുടെ അരികിലിരിക്കുകയും സലാം മടക്കുന്നതില്‍ മുന്‍കടക്കുകയും ചെയ്യുമായിരുന്നു. ഇമാം അബൂഅബ്ദില്ലാഹ് മുഹമ്മദ് ബര്‍സാലി ഇശ്ബീലി ഇപ്രകാരം വാഴ്ത്തിപ്പറയുന്നു: ദുആയ്ക്ക് സ്വീകാര്യതയുള്ള വ്യക്തിയായിരുന്നു. ഗുണപാഠമുള്ള വല്ലതും പറയപ്പെട്ടാല്‍ ഉടനടി കണ്ണ് നിറയുമായിരുന്നു. ദിക്ര്‍ ഫിക്റുകളില്‍ സദാ മുഴുകിയിരുന്നു. കരുണ, മുഖപ്രസന്നത, മാന്യത, വിശാലമായ അറിവ്, ഉന്നത സ്വഭാവങ്ങള്‍, ഉത്തമകുടുംബം ഇവയെല്ലാം പ്രത്യേകതയായിരുന്നു. ഇബാദത്തുകളിലും ത്യാഗപരിശ്രമങ്ങളിലും അടിയുറച്ചിരുന്നു. ഇറാഖിലെ മുഫ്തി അബൂഅബ്ദില്ലാഹ് ബഗ്ദാദി കുറിക്കുന്നു: സംസ്കാരരഹിതമായ കാര്യങ്ങളില്‍ നിന്നും അങ്ങേയറ്റം അകല്‍ച്ചയും സത്യവും ന്യായവുമായ കാര്യങ്ങളോട് വളരെ അടുപ്പവും പുലര്‍ത്തിയിരുന്നു. അല്ലാഹുവിന്‍റെ നിയമങ്ങളില്‍ ആരെങ്കിലും കൈകടത്തിയാല്‍ കടുത്ത കോപം വരുമായിരുന്നു. എന്നാല്‍ സ്വന്തം വിഷയങ്ങളില്‍ ആരോടും കോപിച്ചിട്ടില്ല. ആരെയും വെറും കൈയ്യോടെ മടക്കിയിരുന്നില്ല. ഒന്നുമില്ലെങ്കില്‍ സ്വന്തം വസ്ത്രമെങ്കിലും എടുത്തുകൊടുക്കുമായിരുന്നു. വിശന്നവര്‍ക്ക് ആഹാരം കൊടുക്കുന്നതും, ആവശ്യക്കാര്‍ക്ക് കണക്കില്ലാതെ ചിലവഴിക്കുന്നതും ഹരമായിരുന്നു. ഇബ്നു നജ്ജാര്‍ ഉദ്ധരിക്കുന്നു: ഒരിക്കല്‍ ശൈഖ് ജീലാനി (റ)പറഞ്ഞു: ദുന്‍യാവിലെ സമ്പത്ത് മുഴുവന്‍ എനിക്ക് ലഭിച്ചാല്‍ അതെല്ലാം വിശന്നവര്‍ക്ക് ആഹാരം നല്‍കുന്നതിനായി ഞാന്‍ ചിലവഴിക്കുന്നതാണ്. എന്‍റെ കൈയ്യിന് ഒരു ദ്വാരമുണ്ട്. അതിലൊന്നും നിലനില്‍ക്കുന്നതല്ല. ആയിരം ദീനാര്‍ എനിക്ക് കിട്ടിയാല്‍ ഒരു രാത്രിക്കകം അത് മുഴുവന്‍ ഞാന്‍ ചിലവഴിക്കുന്നതാണ്. രാത്രിയില്‍ വിശാലമായ ആഹാരവിരി വിരിക്കുമായിരുന്നു. അതിഥികളോടൊപ്പം ആഹാരം കഴിക്കുമായിരുന്നു. സാധുക്കളുടെ കൂട്ടത്തിലിരിക്കുകയും വിദ്യാര്‍ത്ഥികളുടെ കാര്യങ്ങള്‍ സഹിക്കുകയും ചെയ്യുമായിരുന്നു. താനാണ് ശൈഖിലേക്ക് അടുത്തവരെന്ന് ഓരോരുത്തര്‍ക്കും തോന്നുമായിരുന്നു. കൂട്ടുകാരുടെ കാര്യങ്ങള്‍ സദാ തിരക്കുമായിരുന്നു. തെറ്റുകുറ്റങ്ങള്‍ മാപ്പാക്കുമായിരുന്നു. ആരെങ്കിലും സത്യം ചെയ്ത് വല്ലതും പറഞ്ഞാല്‍ അത് അംഗീകരിക്കുമായിരുന്നു.
ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ കറാമത്ത് (അത്ഭുത സിദ്ദികള്‍)കളുടെ ആധിക്യത്തിന്‍റെ വിഷയത്തില്‍ ചരിത്രകാരന്മാര്‍ ഏകോപിച്ചിരിക്കുന്നു. ശൈഖുല്‍ ഇസ്ലാം ഇസ്സുദ്ദീന്‍ ഇബ്നു അബ്ദുസ്സലാം, ശൈഖുല്‍ ഇസ്ലാം ഇബ്നു തെയ്മിയ്യ ഇരുവരും പ്രസ്താവിക്കുന്നു: ശൈഖിന്‍റെ കറാമത്തുകള്‍ മുതവാതിര്‍ (പരമ്പരാഗതമായി പ്രാമാണികം) ആണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ കറാമത്ത് മരിച്ച മനസ്സുകളെ സജീവമാക്കലായിരുന്നു. അല്ലാഹുതആല അദ്ദേഹത്തിന്‍റെ മാനസിക-വചന ശക്തിയിലൂടെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പുതിയ ഈമാനിക ജീവിതം കനിഞ്ഞരുളി. അദ്ദേഹത്തിന്‍റെ ജീവിതം ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഒരു വസന്തമായിരുന്നു. മനസ്സുകളുടെ ശ്മശാനങ്ങളില്‍ അതിലൂടെ നവജീവന്‍ നല്‍കപ്പെട്ടു. ഇസ്ലാമിക ലോകത്ത് സത്യവിശ്വാസത്തിന്‍റെയും ആത്മീയതയുടെയും തിരമാലകള്‍ അലയടിച്ചുയര്‍ന്നു. ശൈഖ് ഉമര്‍ കയ്സാനി പ്രസ്താവിക്കുന്നു: എല്ലാ സദസ്സുകളിലും ഏതെങ്കിലും യഹൂദനോ ക്രൈസ്തവനോ ഇസ്ലാം സ്വീകരിക്കുമായിരുന്നു. കള്ളന്മാരും കൊള്ളക്കാരും പശ്ചാതപിക്കുമായിരുന്നു. ദുഷിച്ച വിശ്വാസമുള്ളവന്‍ സത്യവിശ്വാസത്തിലേക്ക് മടങ്ങുമായിരുന്നു. ജുബ്ബായി പറയുന്നു: വിജനമായ സ്ഥലങ്ങളിലും വനാന്തരങ്ങളിലും കഴിഞ്ഞുകൂടണമെന്നും ആരും എന്നെയും ഞാന്‍ അവരെയും കാണരുതെന്നുമാണ് എന്‍റെ ആഗ്രഹം. പക്ഷെ, അല്ലാഹു, അവന്‍റെ അടിമകള്‍ക്ക് എന്നെക്കൊണ്ട് പ്രയോജനം ചെയ്യാന്‍ തീരുമാനിച്ചു. എന്നിലൂടെ അയ്യായിരത്തിലേറെ യഹൂദ-ക്രൈസ്തവര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പാപികള്‍ പശ്ചാതപിച്ചിട്ടുണ്ട്. ഇത് അല്ലാഹുവിന്‍റെ വലിയ അനുഗ്രഹമാണ്.ചരിത്രകാരന്മാര്‍ വിവരിക്കുന്നു: ബഗ്ദാദിലെ ബഹുഭൂരിഭാഗം ജനങ്ങളും മഹാനവര്‍കളിലൂടെ പശ്ചാതപിച്ചു മടങ്ങി. നിരവധി ആളുകള്‍ ഇസ്ലാം സ്വീകരിച്ചു.
ആത്മീയതയുടെ സമുന്നത സ്ഥാനത്ത് വിരാജിക്കുകയും മനുഷ്യ സംസ്കരണത്തില്‍ നിരന്തരം മുഴുകുകയും ചെയ്തതിനോടൊപ്പം അദ്ധ്യാപന കാര്യങ്ങളിലും പരിപൂര്‍ണ്ണ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ദര്‍സ് നടത്തുകയും ഫത്വകള്‍ നല്‍കുകയും, അഹ്ലുസുന്നത്ത് വല്‍ജമാഅത്തിന്‍റെ വിശ്വാസങ്ങള്‍ സമര്‍ത്ഥിക്കുകയും ചെയ്തിരുന്നു. വിശ്വാസ-അനുഷ്ഠാനങ്ങളില്‍ ഇമാം അഹ്മദ് ഇബ്നു ഹംബലിനെയും ഇതര മുഹദ്ദിസുകളെയും അനുകരിച്ചിരുന്നു.
തഫ്സീര്‍, ഹദീസ്, ഫിഖ്ഹ്, പണ്ഡിതരുടെ ഭിന്നതയും തെളിവുകളും എന്നീ വിഷയങ്ങളില്‍ പാഠങ്ങള്‍ നടത്തിയിരുന്നു. ളുഹ്ര്‍ കഴിഞ്ഞ് തജ്വീദ് (ഖുര്‍ആന്‍ പാരായണ ശാസ്ത്രം) പഠിപ്പിച്ചിരുന്നു. ഇതുകൂടാതെ, ഫത്വയും നല്‍കിയിരുന്നു. ശാഫിഇ-ഹംബലി മദ്ഹബുകള്‍ക്ക് അനുസരിച്ചാണ് ഫത്വകള്‍ നല്കിയിരുന്നത്. ഇറാഖിലെ പണ്ഡിതര്‍ മഹാന്‍റെ ഫത്വകകള്‍ കണ്ട് അത്ഭുതപ്പെടുകയും വളരെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. ശൈഖ് ജീലാനി (റ) അടിയുറപ്പിന്‍റെ പര്‍വതമായിരുന്നു. പ്രവാചക ചര്യയെ പരിപൂര്‍ണ്ണമായി അനുധാവനം ചെയ്യുക, അടിയുറച്ച പാണ്ഡിത്യം കരസ്ഥമാക്കുക, അദൃശ്യസഹായം നേടിയെടുക്കുക എന്നീ അനുഗ്രഹങ്ങള്‍ കാരണമായി അദ്ദേഹം ഉന്നതസ്ഥാനം പ്രാപിച്ചു. സത്യാസത്യങ്ങളെയും ഇരുള്‍ പ്രകാശങ്ങളെയും തിരിച്ചറിയാനുള്ള പരിപൂര്‍ണ്ണ ശേഷി കൈവന്നു. മുഹമ്മദീ ശരീഅത്തിന്‍റെ വിധിവിലക്കുകളില്‍ ഖിയാമത്തുവരെ യാതൊരുവിധ ഭേദഗതികളും സാധ്യമല്ലെന്നും അങ്ങനെ വാദിക്കുന്നവന്‍ പിശാചാണെന്നും പരിപൂര്‍ണ ബോധത്തോടെ വിശ്വസിച്ചിരുന്നു. ശൈഖ് ജീലാനി (റ) വിവരിക്കുന്നു: ഒരിക്കല്‍ അതിഭയങ്കര പ്രകാശം പ്രകടമായി. ആകാശത്തിന്‍റെ ഭാഗങ്ങള്‍ അതുകൊണ്ട് നിറഞ്ഞു. അതിനിടയിലൂടെ ഒരു രൂപം പ്രകടമായി. അത് എന്നോട് പറഞ്ഞു: അബ്ദുല്‍ഖാദിറേ, ഞാന്‍ നിങ്ങളുടെ രക്ഷിതാവാണ്. ഞാന്‍ എല്ലാ നിഷിദ്ധകാര്യങ്ങളും നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു. ഉടനെ ഞാന്‍ പ്രതികരിച്ചു: ശപിക്കപ്പെട്ട പിശാചേ, നീ മാറിപ്പോകുക. ഇത് പറഞ്ഞപാടെ ആ പ്രകാശം ഇരുളായി മാറി. രൂപം പുകയായി. അതില്‍ നിന്നും ഒരു ശബ്ദം വന്നു. നിങ്ങളുടെ വിജ്ഞാനവും ഗ്രാഹ്യവും കാരണം പടച്ചവന്‍ നിങ്ങളെ രക്ഷിച്ചു. ഈ ശൈലിയിലൂടെ 70 സൂഫികളെ വഴികെടുത്തിയിട്ടുണ്ട്. ഞാന്‍ പറഞ്ഞു: എന്‍റെ കഴിവല്ല, അല്ലാഹുവിന്‍റെ ഔദാര്യമാണ്. ഇതുകേട്ട് ഒരാള്‍ ചോദിച്ചു: അത് പിശാചാണെന്ന് തങ്കള്‍ക്ക് എങ്ങനെ മനസ്സിലാക്കി? ശൈഖ് ജീലാനി (റ) പറഞ്ഞു: നിഷിദ്ധമായത് ഹലാലാക്കിയിരിക്കുന്നുവെന്ന് കേട്ടപ്പോള്‍.
ശൈഖ് ജീലാനി (റ) പ്രസ്താവിക്കുന്നു: അല്ലാഹുവിന്‍റെ നിയമങ്ങളില്‍ വല്ലതും ഇല്ലാതായാല്‍ നിങ്ങള്‍ ഫിത്നയില്‍ കുടുങ്ങിയെന്നും പിശാച് നിങ്ങളെ കളിപ്പാവയാക്കിയിരിക്കുകയാണെന്നും മനസ്സിലാക്കുക. ഉടനടി ശരീഅത്തിലേക്ക് മടങ്ങുകയും അതിനെ മുറുകെ പിടിക്കുകയും മനോച്ഛകളെ വര്‍ജ്ജിക്കുകയും ചെയ്യുക. കാരണം, ശരീഅത്തില്‍ ഇല്ലാത്തതെല്ലാം അസത്യമാകുന്നു. അല്ലാഹുവിന്‍റെ ഏകത്വത്തിലുള്ള സമ്പൂര്‍ണ്ണ വിശ്വാസം, അവനിലുള്ള പരിപൂര്‍ണ്ണ സമര്‍പ്പണം, എല്ലാ കാര്യങ്ങളും അവനെ ഭരമേല്പിക്കല്‍, എന്നിവ ശൈഖിന്‍റെ പ്രത്യേക ഗുണങ്ങളായിരുന്നു.
ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി (റ) ബഗ്ദാദില്‍ 73 വര്‍ഷം കഴിച്ചുകൂട്ടി. അബ്ബാസീ ഖലീഫമാരില്‍ അഞ്ചുപേര്‍ ഈ കാലയളവില്‍ ഭരണകര്‍ത്താക്കളായി മാറിമാറി വന്നു. ഖലീഫ അബുല്‍ അബ്ബാസ്, മുസ്തര്‍ശിദ്, റാശിദ്, മുഖ്തളി, മുതനജ്ജിദ് എന്നിവരായാരുന്നു അവര്‍. ശൈഖിന്‍റെ ഈ കാലഘട്ടം പ്രധാന ചരിത്രസംഭവങ്ങള്‍ നിറഞ്ഞതാണ്. അബ്ബാസി ഖലീഫമാരിരും സല്‍ജൂഖി രാജാക്കന്മാരും തമ്മിലുള്ള പിടിവലി ഈ കാലഘട്ടത്തില്‍ രൂക്ഷത പ്രാപിച്ചിരുന്നു. അബ്ബാസികള്‍ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി കിണഞ്ഞു പരിശ്രമിച്ചു. മുസ്ലിംകള്‍ പരസ്പരം രക്തപ്പുഴകള്‍ ഒഴുക്കി. ഖലീഫമാരില്‍ പ്രഗത്ഭനായ മുസ്തര്‍ശിദിന്‍റെ കാലയളവിലാണ് ഏറ്റുമുട്ടലുകള്‍ കൂടുതല്‍ നടന്നത്. സാധാരണഗതിയില്‍ വിജയംവരിച്ചിരുന്നത് അദ്ദേഹത്തിന്‍റെ സൈന്യം തന്നെയായിരുന്നു. എന്നാല്‍ ഹിജ്രി 519 റമളാന്‍ 10 ന് സുല്‍ത്താന്‍ മസ്ഊദിന്‍റെ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഖലീഫയുടെ സൈന്യം പരാജയപ്പെടുകയും അദ്ദേഹം തടവിലാക്കപ്പെടുകയും ചെയ്തു. ഇബ്നു കസീര്‍ എഴുതുന്നു: രാജാവിന്‍റെ സൈന്യം വിജയം വരിച്ചു. ഖലീഫയെ തടവില്‍ അടയ്ക്കപ്പെട്ടു. ബഗ്ദാദിലെ മുതലുകള്‍ കൊള്ളയടിക്കപ്പെട്ടു. ബഗ്ദാദ് നിവാസികള്‍ ഒന്നടങ്കം ഈ വാര്‍ത്തകേട്ട് വിറങ്ങലിച്ചു. പ്രതിഷേധ പ്രകടനം നടത്തിയ ജനങ്ങള്‍ മസ്ജിദിലെ മിമ്പറുകള്‍ വരെ തകര്‍ത്തു. ജമാഅത്ത് നിസ്കാരം നിലച്ചു. സ്ത്രീകളും തെരുവിലിറങ്ങി വിലപിച്ചു. ബഹുജനങ്ങളുടെ ശക്തമായ പ്രതിഷേധം രാജാവിനെ നിലപാടില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതനാക്കി. രാജാവ് ഖലീഫയെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചു. പക്ഷെ, ബഗ്ദാദിലേക്ക് വന്നുകൊണ്ടിരുന്ന ഖലീഫയെ വഴിമദ്ധ്യേ ബാത്വിനിയ വിഭാഗക്കാര്‍ വധിച്ചു. കരളലിയിപ്പിക്കുന്ന ഈ സംഭവ പരമ്പരകള്‍ക്ക് ശൈഖ് ജീലാനി (റ) ദൃക്സാക്ഷിയായി. സമുദായത്തിന്‍റെ തമ്മിലടി മഹാനുഭാവന്‍ നേരില്‍ കണ്ടു. പണമോഹവും പദവിമോഹവുമാണ് തമ്മിലടിയുടെ പ്രധാനകാരണമെന്ന് ബോധ്യപ്പെട്ടു. ഭൗതിക താല്പര്യങ്ങളുടെ ഹരിതഭംഗിയില്‍ ആകൃഷ്ടരായി തമ്മിലടിക്കുന്ന സമുദായത്തെ സമുദ്ധരിക്കുന്നതിന് ആത്മസംസ്കരണത്തിന്‍റെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ മഹാനുഭാവന്‍ മുമ്പോട്ട് നീങ്ങി. അല്ലാഹുവിലുള്ള യഥാര്‍ത്ഥമായ വിശ്വാസം, ദുന്‍യാവ് നശ്വരമാണെന്നും പരലോകം ശാശ്വതമാണെന്നുമുള്ള യാഥാര്‍ത്ഥ്യം, പാരത്രിക വിജയത്തിന്‍റെ ആവശ്യകത, സ്വഭാവ സംസ്കരണത്തിന്‍റെ പ്രാധാന്യം, പടച്ചവന്‍റെ പൊരുത്തം മാത്രം ലക്ഷ്യമാക്കല്‍ എന്നീ അതിപ്രധാനമായ വിഷയങ്ങളിലേക്ക് ശൈഖ് ജീലാനി (റ) സമുദായ ശ്രദ്ധയെ തിരിച്ചുവിട്ടു.
ശൈഖ് ജീലാനി (റ) അവര്‍കള്‍ ഒരിക്കലും സന്യാസം പഠിപ്പിച്ചിട്ടില്ല. ഇഹലോകത്തെ ആവശ്യാനുസരണം പ്രയോജനപ്പെടുത്തുന്നതിനെ തടഞ്ഞിട്ടുമില്ല. അതിനെ ആരാധിക്കുന്നതിനെയും ഹൃദയംഗമായി അനുരാഗം പുലര്‍ത്തുന്നതിനെയുമാണ് എതിര്‍ത്തിട്ടുള്ളത്. ദുന്‍യാവ് നിങ്ങള്‍ക്ക് വേണ്ടി പടക്കപ്പെട്ടു. നിങ്ങള്‍ ആഖിറത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ് എന്ന നബിവചനത്തെ വിവരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഒരിക്കല്‍ പ്രസ്താവിച്ചു: ഭൗതികലോകം ഇരിക്കുകയും നിങ്ങള്‍ നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയില്‍ നിങ്ങള്‍ അതുമായി ബന്ധപ്പെടരുത്. നിങ്ങള്‍ ഇരിക്കുകയും അത് പാത്രവുമേന്തി നില്‍ക്കുകയും ചെയ്യുന്ന നിലയിലാണ് നിങ്ങള്‍ അതിനെ ഉപയോഗിക്കേണ്ടത്. അല്ലാഹുവിന്‍റെ പടിവാതുക്കല്‍ നില്‍ക്കുന്നവനെ ദുന്‍യാവ് സേവിക്കുന്നതാണ്. ദുന്‍യാവിന്‍റെ കവാടത്തില്‍ നില്‍ക്കുന്നവനെ അല്ലാഹു നിന്ദിക്കുന്നതാണ്. മറ്റൊരിക്കല്‍ ഉണര്‍ത്തി: ദുന്‍യാവിനെ കൈയ്യില്‍ വെയ്ക്കുന്നതും കീശയിലിടുന്നതും നല്ല ഉദ്ദേശത്തില്‍ സമ്പാദിക്കുന്നതും അനുവദനീയമാണ്. മനസ്സില്‍ വെയ്ക്കന്നതും മനസ്സുകൊണ്ട് സ്നേഹിക്കുന്നതും അനുവദനീയമല്ല. ദുന്‍യാവിന്‍റെ കവാടത്തില്‍ നില്‍ക്കുന്നത് അനുവദനീയം. അതിനുള്ളിലേക്ക് പ്രവേശിക്കുന്നത് അനുവദനീയമല്ല, നിനക്ക് അന്തസ്സുകേടുമാണ്. ശൈഖ് ജീലാനി (റ) ഉപദേശ-ഉത്ബോധനങ്ങള്‍ മാത്രം നടത്തി പ്രവര്‍ത്തനം മതിയാക്കിയില്ല. ആവശ്യമുള്ള സ്ഥലങ്ങളില്‍ വളരെ വ്യക്തമായും ശക്തമായും നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ചെയ്തു. അധികാരികളുടെ തിന്മകള്‍ ചൂണ്ടിക്കാട്ടാനും വിമര്‍ശിക്കാനും മടികാട്ടിയില്ല. ഹാഫിള് ഇബ്നു കസീര്‍ കുറിക്കുന്നു: അധികാരികളോടും നേതാക്കളോടും വളരെ വ്യക്തമായി തികഞ്ഞ ധൈര്യത്തോടെ നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ചെയ്യുമായിരുന്നു. അക്രമിയായ അധികാരികളാക്കുന്നവരെ കുറിച്ച് നിറഞ്ഞ സദസ്സില്‍ മിംമ്പറില്‍ നിന്നുകൊണ്ട് വിമര്‍ശിച്ചിരുന്നു. അല്ലാഹുവിന്‍റെ വിഷയത്തില്‍ ഒരു ആക്ഷേപകന്‍റെയും ആക്ഷേപം അദ്ദേഹത്തെ ബാധിച്ചിട്ടില്ല. ഖലാദിഇദുല്‍ ജവാഹിറിന്‍റെ കര്‍ത്താവ് എഴുതുന്നു: അക്രമി എന്ന പേരില്‍ പ്രസിദ്ധനായ ഖാളി അബുല്‍വഫാഇനെ ഖലീഫ ജഡ്ജിയാക്കിയപ്പോള്‍ മിംമ്പറില്‍ നിന്ന് ഖലീഫയെ സംബോധന ചെയ്തുകൊണ്ട് ശൈഖ് ഗര്‍ജ്ജിച്ചു: മഹാ അക്രമിയായ ഒരുത്തനെയാണ് നിങ്ങള്‍ ജഡ്ജിയാക്കിയിരിക്കുന്നത്. നാളെ ഖിയാമത്ത് നാളില്‍ സര്‍വ്വലോക പരിപാലകനും മഹാകാരുണ്യകനുമായ അല്ലാഹുവിന്‍റെ മുമ്പാകെ നിങ്ങള്‍ക്ക് എന്ത് മറുപടി പറയാന്‍ സാധിക്കും? ഇതുകേട്ട ഖലീഫ പേടിച്ച് വിറയ്ക്കുകയും കണ്ണീര്‍ വാര്‍ക്കുകയും ഉടനടി ജഡ്ജിയെ മാറ്റുകയും ചെയ്തു. പടച്ചവനെ പേടിയില്ലാത്ത അധികാരികളുടെ കൂട്ടത്തില്‍ കഴിയുകയും അവരുടെ എല്ലാ അക്രമങ്ങള്‍ക്കും പച്ചക്കൊടി കാട്ടുകയും ചെയ്യുന്ന ഭരണകൂട പണ്ഡിതന്മാരെ ശൈഖ് ജീലാനി (റ) രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഒരിക്കല്‍ അവരെ സംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചു: വിജ്ഞാനത്തിലും കര്‍മ്മത്തിലും വഞ്ചന കാട്ടുന്നവരെ, നിങ്ങള്‍ക്ക് അവയുമായി ഒരു ബന്ധവുമില്ല. അല്ലാഹുവിന്‍റെയും ദൂതരുടെയും ശത്രുക്കളെ അല്ലാഹുവിന്‍റെ അടിമകളെ കൊള്ളയടിക്കുന്നവരെ, അക്രമത്തിലും കാപട്യത്തിലും കഴിയുന്ന നിങ്ങള്‍ എന്നുവരെ കാപട്യം കാട്ടാനാണ്? പാണ്ഡിത്യവും ഭക്തിയും പ്രകടിപ്പിച്ചുകൊണ്ട് സമ്പത്തും സുഖരസങ്ങളും അനുഭവിക്കുന്നവരെ, നിങ്ങളുടെ ഈ കളി എന്നുവരെയുമാണ്? പടച്ചവനോ, കപടന്മാരുടെ സ്ഥാനം തകര്‍ക്കുകയും അവരെ നിന്ദിക്കുകയും അല്ലെങ്കില്‍ അവര്‍ക്ക് പശ്ചാതാപത്തിനുള്ള ഭാഗ്യം നല്‍കുകയും ചെയ്യേണമേ. അക്രമികളെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുകയോ അവരെ നന്നാക്കുകയോ ചെയ്യേണമേ. മതപരമായ അധഃപതനത്തിന്‍റെ കേന്ദ്രംകൂടിയായ ബഗ്ദാദിലെ ദീനില്ലാത്ത അന്തരീക്ഷം കണ്ട് ശൈഖ് ജീലാനി (റ) യുടെ മനസ്സില്‍ ഇസ്ലാമിക രോഷവും ദീനീ ഈര്‍ഷ്യതയും അലയടിച്ചുയരുമായിരുന്നു. തന്‍റെ ചിന്താഭാരവും ഹൃദയവേദനയും പലപ്പോഴും മറച്ചുവെക്കാന്‍ കഴിയാതെ പ്രഭാഷണങ്ങളില്‍ അണകെട്ട് പൊട്ടിച്ച് പുറത്തേക്ക് പ്രവഹിക്കുമായിരുന്നു. ഒരിക്കല്‍ ദുഃഖത്തോടെ പ്രസ്താവിച്ചു: ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ദീനിന്‍റെ ഭിത്തികള്‍ ഒന്നിന് പിറകെ ഒന്നായി വീണുകൊണ്ടിരിക്കുന്നു. അതിന്‍റെ അടിത്തറ ഇളകാന്‍ തുടങ്ങി. ഭൂനിവാസികളെ, നിങ്ങള്‍ വരിക. തകര്‍ന്നത് നേരെയാക്കുക. ഇത് ഒരാളെക്കൊണ്ട് നടക്കുന്ന കാര്യമല്ല. ഹേ സൂര്യാ, ചന്ദ്രാ, രാപകലുകളേ നിങ്ങള്‍ എല്ലാവരും വരിക നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. മറ്റൊരിക്കല്‍ അരുളി: ഇസ്ലാം കരയുകയാണ്. തെമ്മാടികളുടെയും ബിദ്അത്തുകാരുടെയും വഴികെട്ടവരുടെയും കുതന്ത്രത്തിന്‍റെ കുപ്പായം ധരിച്ചവരുടെയും ഇല്ലാത്ത കാര്യങ്ങള്‍ വാദിക്കുന്നവരുടെയും അക്രമം കാരണം വാവിട്ട് നിലവിളിക്കുകയാണ്. മരിച്ചുപോയവരെ കുറിച്ച് ചിന്തിക്കുക, ദുന്‍യാവില്‍ സുഖ-സന്തോഷത്തോടെ കഴിഞ്ഞ അവര്‍ ഇവിടെയുണ്ടായിരുന്നുവെന്ന് പോലും ഇന്ന് തോന്നുന്നില്ല. നിന്‍റെ മനസ്സ് എത്ര കഠിനമാണ്? പട്ടി പോലും ഉടമസ്ഥനോട് നന്ദി കാട്ടാറുണ്ട്. അയാളുടെ നിസ്സാരമായ എച്ചില്‍കഷണങ്ങള്‍ക്ക് പിന്നാലെ വാലാട്ടി നടക്കാറുണ്ട്. എന്നാല്‍ നിനക്ക് സദാസമയവും അല്ലാഹുവിന്‍റെ തരാതരം അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നീ ആ അനുഗ്രഹത്തിന്‍റെ ലക്ഷ്യങ്ങളോ കടമകളോ പൂര്‍ത്തിയാക്കുന്നില്ലല്ലോ? പ്രതിഫലനവും ശക്തിയും നിറഞ്ഞ ഉപദേശങ്ങളിലൂടെ ബഗ്ദാദിലാകെ വമ്പിച്ച ആത്മീയ-സ്വഭാവ ഗുണങ്ങളുണ്ടായി തീര്‍ന്നു. ആയിരങ്ങളുടെ ജീവിതത്തില്‍ മഹത്തായ മാറ്റങ്ങളുണ്ടായി. പക്ഷെ, സര്‍വ്വസമ്പൂര്‍ണ്ണമായ പരിവര്‍ത്തനത്തിനും നിരന്തര ശിക്ഷണത്തിനും പ്രബോധകരുമായി ശക്തവും നിരന്തരവുമായ ബന്ധവും തുടര്‍ച്ചയായ ശിക്ഷണവും ആവശ്യമായിരുന്നു. പ്രഭാഷണ സദസ്സുകള്‍, മദ്റസകളെ പോലെ നിരന്തരമായ ശിക്ഷണ കേന്ദ്രമല്ല. മദ്റസകളിലുള്ളവര്‍ തുടര്‍ച്ചയായും നിയമനിഷ്ഠകളോടുകൂടിയും പഠിക്കുന്നവരാണ്. എന്നാല്‍ സദസ്സിലെ ശ്രോതാക്കള്‍ പ്രഭാഷണം കേട്ട് മടങ്ങിപ്പോകും. ചിലപ്പോള്‍ അവര്‍ വീണ്ടും വരില്ല. മറ്റ് ചിലപ്പോള്‍ അവര്‍ വരുമെങ്കിലും പഴയ അവസ്ഥകള്‍ അതേപടി നിലനില്‍ക്കുന്നതാണ്. മറുഭാഗത്ത് ഇസ്ലാമിക പ്രദേശങ്ങള്‍ വിശാലമായി. ജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങളും ചിന്തകളും വര്‍ദ്ധിച്ചു. മദ്റസകളുമായി എല്ലാവര്‍ക്കും ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. മതപരവും ആത്മീയവുമായ ഒരു വിപ്ലവം പ്രതീക്ഷിക്കപ്പെട്ടതുമില്ല. ഇത്തരുണത്തില്‍ മുസ്ലിം ബഹുഭൂരിപക്ഷത്തിന്‍റെ വിശ്വാസം പുതുക്കുകയും ദീനീ ഉത്തരവാദിത്വങ്ങളും കടമകളും ഉണര്‍ത്തുകയും നിര്‍ജ്ജീവമായ മനസ്സുകളില്‍ ഇലാഹീ സ്നേഹത്തിന്‍റെ ചൂടുണ്ടാവുകയും തണുത്തുറഞ്ഞ ശേഷികള്‍ വീണ്ടും ഉന്മേഷം പ്രാപിക്കുകയും ചെയ്യാനുള്ള വഴിയെന്ത്? പ്രപാചകന്മാരുടെ ഉന്നത പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കേണ്ടിയിരുന്ന ഖലീഫമാര്‍ അവരുടെ ഉത്തരവാദിത്വം അവഗണിക്കുക മാത്രമല്ല, സ്വഭാവകര്‍മ്മങ്ങളിലൂടെ അവര്‍ സന്മാര്‍ഗ്ഗത്തിന് തടസ്സം നില്‍ക്കുകയും ചെയ്തു. കൂടാതെ നേതൃത്വത്തിന്‍റെ ചെറിയ അംശമെങ്കിലും ഉള്ളതായി അവര്‍ക്ക് സംശയം തോന്നുന്ന ഒരു പ്രസ്ഥാനത്തെയും പ്രവര്‍ത്തനത്തെയും അവര്‍ സമ്മതിച്ചിരുന്നതുമില്ല.
ഇത്തരമൊരു ഘട്ടത്തില്‍ മുസ്ലിംകളില്‍ പുതുപുത്തന്‍ ദീനീ ജീവിതവും കര്‍മ്മാവേശവും ഉണ്ടാക്കിയെടുക്കാന്‍ ഒരറ്റ വഴിമാത്രമാണ് ഉണ്ടായിരുന്നത്. അതായത് അല്ലാഹുവിന്‍റെ ഏതെങ്കിലുമൊരു നിഷ്കളങ്കനായ ദാസന്‍ തിരുനബി (സ)യുടെ സന്ദേശത്തില്‍ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യാമെന്ന് ജനങ്ങളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിക്കുക. കഴിഞ്ഞുപോയ അശ്രദ്ധനിറഞ്ഞതും വിവരംകെട്ടതുമായ ജീവിതത്തില്‍ നിന്നും പിന്‍തിരിപ്പിക്കുകയും വിശ്വാസം പുതുക്കിക്കൊടുക്കുകയും ചെയ്യുക. പിന്നീട് ആ പ്രവാചക പ്രതിനിധി അവരുടെ ദീനീ മേല്‍നോട്ടവും ശിക്ഷണങ്ങളും നേരിട്ട് നടത്തുക. അവരുടെ പ്രതിഫലനം നിറഞ്ഞ സഹവാസം ശക്തമായ ഇലാഹീ സ്നേഹം, ദീനിലുള്ള അടിയുറപ്പ്, ചൂടേറിയ മനസ്സ് എന്നിവയിലൂടെ ശിഷ്യരിലും ഇലാഹീ സ്നേഹവും സുന്നത്തിനോടുള്ള താല്പര്യവും ആഖിറത്തിലേക്കുള്ള കൊതിയും ഉണ്ടാക്കിയെടുക്കുക. അല്ലാഹുവിന്‍റെ ഒരു ദാസന്‍റെ കൈയ്യില്‍ പിടിച്ച് ബൈഅത്ത് ചെയ്തതിലൂടെ തനിക്ക് ഒരു പുതുജീവന്‍ ലഭിച്ചുവെന്നും ഒരു ന്യൂതന ജീവിതത്തിലേക്ക് കടന്നിരിക്കുകയാണെന്നും ശിഷ്യര്‍ക്ക് അനുഭവപ്പെടണം. മറുഭാഗത്ത് തന്‍റെ ശിക്ഷ്യരുടെ ശിക്ഷണങ്ങളും ദീനീസേവനങ്ങളും അല്ലാഹു എന്നെ ഏല്പിച്ചിരിക്കുകയാണെന്നും അവരുടെ സ്നേഹവിശ്വാസത്തിലൂടെ അവരോട് എനിക്ക് കടമ സ്ഥിരപ്പെട്ടിരിക്കുകയാണെന്നും ബൈഅത്ത് ചെയ്യുന്ന വ്യക്തിയും മനസ്സിലാക്കണം. തുടര്‍ന്ന് കിതാബ്-സുന്നത്തിന്‍റെ വെളിച്ചത്തിലും സ്വന്തം അനുഭവ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലും ശിഷ്യരില്‍ ഈമാന്‍, ഇഖ്ലാസ്, തഖ്വ, ഇബാദത്ത് എന്നിവ ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കുകയും വേണം. ഇതാണ് ബൈഅത്തിന്‍റെയും തര്‍ബിയ്യത്തിന്‍റെയും യാഥാര്‍ത്ഥ്യം. ദീനിന്‍റെ നിഷ്കളങ്കരായ പ്രബോധകര്‍ ഓരോ കാലഘട്ടത്തിലും ഇസ്ലാമിക നവോത്ഥാനത്തിനും മുസ്ലിം സംസ്കരണത്തിനും ഉപയോഗിച്ച ഒരു പ്രധാന പാതയാണിത്. ഇതിലൂടെ ലക്ഷക്കണക്കിന് ഇലാഹീ ദാസര്‍ക്ക് ഈമാനിന്‍റെ യാഥാര്‍ത്ഥ്യവും ഇഹ്സാനിന്‍റെ സ്ഥാനവും കരസ്ഥമാക്കുവാന്‍ കഴിഞ്ഞു. ഈ സുവര്‍ണ പരമ്പരയിലെ തിളങ്ങുന്ന സുന്ദര കണ്ണിയാണ് സയ്യിദുനാ മുഹ്യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി (റ). ഉപരിസൂചിത നബവീ ചികിത്സയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രകടമായി കാണുന്നത് മഹാന്‍റെ പേരും പ്രവര്‍ത്തനവുമാണ്. വാചകങ്ങളുടെ സാങ്കേതികത്വങ്ങളും വൈജ്ഞാനിക ചര്‍ച്ചകളും മാറ്റിവെച്ച് വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് നോക്കിയാല്‍ ഇന്നുവരെയും നിലനില്‍ക്കുന്ന ചിതറിത്തെറിച്ച ഈ അന്തരീക്ഷത്തില്‍ ദീനീ ശിക്ഷണത്തിനുള്ള ഏറ്റവും ലളിതവും വ്യാപകവും ശക്തവുമായ മാര്‍ഗ്ഗം ഇതുമാത്രമാണെന്ന് സമ്മതിക്കേണ്ടിവരും.
ശൈഖിന് മുമ്പുള്ള ദീനീപ്രബോധകരും നിഷ്കളങ്ക സേവകരും ഈ വഴി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അവരുടെ ചരിത്രം സുരക്ഷിതവുമാണ്. പക്ഷെ, ശൈഖിന്‍റെ ഹൃദ്യമായ വ്യക്തിത്വവും ഇലാഹീ ദാനമായ ആത്മീയ സമ്പൂര്‍ണതകളും പ്രകൃതിപരമായ ഉന്നതശേഷികളും ഗവേഷണപാടവവും ഈ മാര്‍ഗത്തിന് പുതുജീവന്‍ നല്‍കി. ശൈഖ് ഈ വഴിയിലെ പ്രസിദ്ധ പരമ്പരയായ ഖാദ്രിയ്യ ത്വരീഖത്തിന്‍റെ സ്ഥാപകന്‍ മാത്രമല്ല, പ്രത്യുത ഈ മാര്‍ഗ്ഗത്തെ പുതുതായി ക്രോഡീകരിക്കാനും ക്രമീകരിക്കാനുമുള്ള സൗഭാഗ്യവും ശൈഖിനാണ് ലഭിച്ചത്. ശൈഖിന്‍റെ ജീവിതത്തിലൂടെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ മാര്‍ഗ്ഗത്തെ പ്രയോജനപ്പെടുത്തി ഈമാനിന്‍റെ അഭിരുചി ആസ്വദിക്കുകയും ഇസ്ലാമിക ജീവിത സ്വഭാവങ്ങള്‍കൊണ്ട് അലങ്കാരം നേടുകയും ചെയ്തു. ശൈഖിന് ശേഷം നിഷ്കളങ്കരായ ശിഷ്യരും പിന്‍ഗാമികളും മുഴുവന്‍ മുസ്ലിം രാജ്യങ്ങളിലും ഈമാനിന്‍റെ ഈ പരമ്പര മുന്നോട്ട് നീക്കി. അതിനെ പ്രയോജനപ്പെടുത്തിയവരുടെ എണ്ണം അല്ലാഹുവിനല്ലാതെ ആര്‍ക്കുമറിയില്ല. ഒരു ഭാഗത്ത് ഹള്റമൗത്ത്, ഇന്ത്യ, ജാവ, സമാട്ര എന്നിവിടങ്ങളിലും മറുഭാഗത്ത് ആഫ്രിക്കന്‍ വന്‍കരകളിലും അവരിലൂടെ ലക്ഷങ്ങള്‍ ഈമാനിലും ഇസ്ലാമിലും പ്രവേശിക്കുകയുണ്ടായി. അല്ലാഹുവിന്‍റെ പ്രീതി മഹാന്‍റെമേല്‍ വര്‍ഷിക്കട്ടെ!. നീണ്ട ഒരു കാലഘട്ടം ലോകത്തിന് ബാഹ്യവും ആന്തരികവുമായി പ്രയോജനം നല്കിയ മഹാനുഭാവന്‍ ഇസ്ലാമിക ലോകത്ത് ആത്മീയത ആഗോള അഭിരുചിയുണ്ടാക്കി ഹിജ്രി 561 ല്‍ 90-ാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞു. മകന്‍ ശറഫുദ്ദീന്‍ ഈസ പിതാവിന്‍റെ വിയോഗാവസ്ഥ വിവരിക്കുന്നു: മരണരോഗത്തിന്‍റെ സന്ദര്‍ഭത്തില്‍ മകന്‍ ശൈഖ് അബ്ദുല്‍ വഹാബ് എന്തെങ്കിലും ഉപദേശിക്കണമെന്ന് അപേക്ഷിച്ചു. ശൈഖ് പറഞ്ഞു: അല്ലാഹുവിനെ സദാ ഭയന്നുകൊണ്ടിരിക്കുക, അല്ലാഹു അല്ലാത്ത ആരെയും ഭയപ്പെടരുത്, അവനല്ലാത്ത ആരോടും പ്രതീക്ഷ പുലര്‍ത്തരുത്. എല്ലാ ആവശ്യങ്ങളും അല്ലാഹുവിനെ ഏല്പിക്കുക. അവന്‍റെ മേല്‍ മാത്രം ഭരമേല്പിക്കുക. എല്ലാം അവനോട് ഇരക്കുക. അല്ലാഹുഅല്ലാത്ത ആരെയും അവലംബിക്കരുത്. തൗഹീദ് മുറുകെ പിടിക്കുക. അതിലെല്ലാവരും ഏകോപിച്ചിരിക്കുന്നു. ഹൃദയത്തിന് പടച്ചവനുമായിട്ടുള്ള ബന്ധം ശരിയായാല്‍ ജീവിതം നന്നാകുന്നതാണ്. തുടര്‍ന്ന് സന്താനങ്ങളോട് പറഞ്ഞു: അല്പം അകന്ന് നില്‍ക്കുക, ഞാന്‍ ബാഹ്യമായി നിങ്ങളോടൊപ്പവും ആന്തരികമായി മറ്റ് ചിലരോടൊപ്പവുമാണ്. നിങ്ങളല്ലാത്ത മറ്റ് ചിലര്‍ (മലക്കുകള്‍) ഇവിടെ ഹാജരുണ്ട്. അവര്‍ക്ക് സ്ഥലം ഒഴിവാക്കിക്കൊടുക്കുക, അവരെ ആദരിക്കുക. ഇവിടെ കാരുണ്യം ഇറങ്ങുകയാണ്. അവര്‍ക്ക് ഞെരുക്കമുണ്ടാക്കരുത്. തുടര്‍ന്ന് ആവര്‍ത്തിച്ച് പറഞ്ഞു: അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹി വബറകാത്തുഹു. അല്ലാഹു എനിക്കും നിങ്ങള്‍ക്കും പൊറുത്തു തരട്ടെ. എന്‍റെയും നിങ്ങളുടെയും തൗബ സ്വീകരിക്കട്ടെ. അല്ലാഹുവിന്‍റെ നാമത്തില്‍ വരിക. മടങ്ങിപ്പോകരുത്. ഒരു ദിവസം ഇതുപറഞ്ഞ് കഴിഞ്ഞുകൂടി. ശേഷം പറഞ്ഞു: നിങ്ങളുടെ കാര്യം കഷ്ടം തന്നെ. എനിക്ക് ആരെയും മലക്കുകളെയും മലക്കുല്‍മൗതിനെയും ഭയമില്ല. മലക്കുല്‍ മൗതേ, നമ്മുടെ രക്ഷിതാവ് നമുക്ക് ധാരാളം അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. വിയോഗം നടന്ന രാവില്‍ മഹാന്‍ ശക്തമായി ശബ്ദിച്ചു. രണ്ടു കൈകളും നീട്ടിവിരിച്ച് പറഞ്ഞു: അസ്സലാമുഅലൈകും... സത്യത്തിലേക്ക് മടങ്ങുക, നല്ലവരുടെ അണിയില്‍ പ്രവേശിക്കുക. ശേഷം അരുളി: മയം കാണിക്കുക. തുടര്‍ന്ന് മരണത്തിന്‍റെ സമയം സമാഗതമായി. അപ്പോള്‍ അരുളി: എന്‍റെയും നിങ്ങളുടെയും ഇടയില്‍ ആകാശഭൂമികളുടെ വ്യത്യാസമുണ്ട്. മകന്‍ ബുദ്ധിമുട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു: എന്നോട് ഒന്നും ചോദിക്കരുത്. ഞാന്‍ അല്ലാഹുവിന്‍റെ വിജ്ഞാനത്തില്‍ കഴിയുകയാണ്. എന്‍റെ രോഗം ആര്‍ക്കും അറിയില്ല. മകന്‍ ചോദിച്ചു: ശരീരത്തില്‍ വേദന എവിടെയാണ്. പ്രസ്താവിച്ചു: മുഴുവന്‍ അവയവങ്ങളിലും വേദനയുണ്ട്, പക്ഷെ മനസ്സിന് യാതൊരു കുഴപ്പവുമില്ല. ശേഷം അന്ത്യനിമിഷമായി. അപ്പോള്‍ പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് സഹായമിരക്കുന്നു. അവനില്ലാതെ ആരരാധനയ്ക്ക് അര്‍ഹന്‍ മറ്റാരുമില്ല. അവന്‍ പരിശുദ്ധനും ഉന്നതനും സദാജീവിച്ചിരിക്കുന്നവനുമാണ്. അവന്‍റെ കഴിവ് കൊണ്ട് അന്തസ്സ് പ്രകടമാക്കി. മരണത്തിലൂടെ അടിമകളുടെ മേല്‍ കഴിവ് കാണിച്ചു. അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അര്‍ഹന്‍ ആരുമില്ല. മുഹമ്മദ് (സ) അല്ലാഹുവിന്‍റെ ദൂതനാണ്. മകന്‍ ശൈഖ് മൂസ പറയുന്നു: അല്ലാഹു അന്തസ്സുള്ളവനാണ് എന്ന വാക്ക് ശരിയായി പറയാന്‍ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ശരിയായി പറഞ്ഞു. ശേഷം മൂന്ന് പ്രാവശ്യം അല്ലാഹ് അല്ലാഹ് അല്ലാഹ് എന്ന് പറഞ്ഞു. തുടര്‍ന്ന് ശബ്ദം നിലച്ചു. അനുഗ്രഹീത ആത്മാവ് വിടപറഞ്ഞു.
ശൈഖ് ജീലാനി (റ) യാത്രയായി. പക്ഷെ, തന്‍റെ പിന്നില്‍ ദീനീപ്രബോധകരുടെയും ആത്മീയ നായകരുടെയും ഒരു സംഘത്തെ തയ്യാറാക്കിയിരുന്നു. അവര്‍ മുന്നോട്ട് നീങ്ങുകയും ഭൗതികതയുടെയും അശ്രദ്ധയുടെയും അവസ്ഥകളെ നേരിടുകയും ചെയ്തു. ഇക്കൂട്ടത്തില്‍ ഏറ്റവും സ്മരണീയനാണ് ശൈഖ് ശിഹാബുദ്ദീന്‍ സുഹ്റവര്‍ദി. ഇബ്നു ഖല്ലിഖാന്‍ കുറിക്കുന്നു: അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ അദ്ദേഹത്തിന് തുല്യനായി ആരും ഉണ്ടായിരുന്നില്ല. ഇബ്നു നജ്ജാര്‍ പറയുന്നു: ശിക്ഷണത്തിലും പ്രബോധനത്തിലും സര്‍വ്വസമ്മതനായിരുന്നു. ആ കാലഘട്ടത്തിലെ ശൈഖുമാര്‍ പോലും അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. പ്രഭാഷണങ്ങളില്‍ വമ്പിച്ച സ്വീകാര്യതയായിരുന്നു. തസ്വവ്വുഫിനെ ബിദ്അത്തില്‍ നിന്ന് ശുദ്ധീകരിക്കുന്നതിനും കിതാബ്-സുന്നത്തുമായി ബന്ധിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധചെലുത്തി.








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!



No comments:
Post a Comment