നമസ്കാരത്തിന്‍റെ പ്രാധാന്യം.!
-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
വിവ: ഹാഫിസ് ഉസാമ ഹസനി നദ് വി
https://swahabainfo.blogspot.com/2018/12/blog-post_16.html?spref=tw
അല്ലാഹുവിന്‍റെ ഏകത്വത്തിലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ രിസാലത്തിലുമുള്ള വിശ്വാസത്തിന് ശേഷം അല്ലാഹു നിര്‍ബന്ധമാക്കിയ പ്രധാന ആരാധനയാണ് നമസ്കാരം. ഖുര്‍ആനില്‍ പല സ്ഥലങ്ങളില്‍ വിശ്വാസത്തിനും തൗഹീദിനും ശേഷം പ്രാവര്‍ത്തികമാക്കേണ്ട നിര്‍ബന്ധ കാര്യങ്ങളില്‍ ഒന്നാമതായി നമസ്കാരത്തെ കുറിച്ച് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. സൂറത്തുല്‍ ബഖറയുടെ പ്രാരംഭത്തില്‍ ഖുര്‍ആനില്‍ നിന്ന് സന്മാര്‍ഗ്ഗം കരസ്ഥമാക്കുന്നവരെ കുറിച്ച് വിശദീകരിച്ചപ്പോള്‍ പറയപ്പെട്ടു: 'അവര്‍ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും നമസ്കാരം നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു കൂട്ടരാകുന്നു'.
ഇപ്രകാരം സൂറത്തുല്‍ ഖിയാമയില്‍, അവരുടെ പരമ പ്രധാനമായ തെറ്റ് അല്ലാഹുവില്‍ വിശ്വസിക്കാതിരുന്നതാണെന്നും, രണ്ടാമതായി അവര്‍ നമസ്കരിക്കാതിരുന്നതാണെന്നും പറഞ്ഞിരിക്കുന്നു. അല്ലാഹു പറയുന്നു: 'അവര്‍ വിശ്വസിക്കുകയും നമസ്കരിക്കുകയും ചെയ്തിരുന്നില്ല'. സൂറത്തുല്‍ ബയ്യിനയില്‍ തൗഹീദിനു ശേഷം നബിമാരുടെ ഉത്തരവാദിത്വം നമസ്കാരമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. 'ദീനിനെ (കീഴ്വണക്കത്തെ) അല്ലാഹുവിന് നിഷ്കളങ്കരാക്കി കൊണ്ട് നേരായ നിലയില്‍ അവനെ ആരാധിക്കുവാനും നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് കൊടുക്കുവാനുമല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ ചൊവ്വായ മാര്‍ഗ്ഗം'. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സത്യദൂതനായി വിശ്വസിക്കുകയും തങ്ങളുടെ പ്രബോധനം സ്വീകരിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ മുമ്പില്‍ ഇസ്ലാം നിര്‍ദേശിക്കുന്ന ഏറ്റവും പ്രധാന കാര്യം നമസ്കാരമാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ രീതിയും ഇതു തന്നെയായിരുന്നു
ഇസ്ലാമിലേക്ക് കടന്നു വരുന്ന ഒരു പുതു വിശ്വാസിയോട് ഏക ദൈവ വിശ്വാസത്തിന്‍റെ പ്രതിജ്ഞ എടുപ്പിച്ചതിന് ശേഷം നമസ്കരത്തിന്‍റെ ഉടമ്പടി അദ്ദേഹത്തില്‍ നിന്ന് തങ്ങള്‍ സ്വീകരിക്കുമായിരുന്നു. ദീനില്‍ നമസ്കാരത്തിന് ഈ സ്ഥാനവും പ്രാധാന്യവും ലഭിക്കുവാനുള്ള കാരണം, നമുക്ക് ചിന്തിച്ച് മനസ്സിലാക്കാന്‍ കഴിയാത്ത അല്ലാഹുവിന് മാത്രം അറിയാവുന്ന ഒരു രഹസ്യമല്ല. മറിച്ച് നമസ്കാരത്തിന്‍റെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍തന്നെ ഒരളവോളം എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. നമസ്കാരം വിശ്വാസത്തിന്‍റെയും കര്‍മ്മ ജീവിതത്തിന്‍റെയും ഇടയിലുള്ള ബന്ധമാണ്. അല്ലാഹുവിലും പ്രവാചകരിലും വിശ്വാസം ഉള്‍കൊണ്ടതിന് ശേഷം, രക്ഷിതാവിന്‍റെ നിയമങ്ങള്‍ക്ക് വിധേയമായി കൊണ്ടും മുഹമ്മദീ നിയമ സംഹിതയെ പരിപൂര്‍ണ്ണമായി അനുധാവനം ചെയ്തു കൊണ്ടുമുള്ള ഒരു ഇസ്ലാമിക ജീവിതം നയിക്കല്‍ ഒരു വിശ്വാസിക്ക് അത്യന്താപേക്ഷിതമാണ്. നമസ്കാരം ഇതിന് വലിയ ഒരു മാധ്യമമാണ്. അങ്ങനെ നമസ്കാരം വിശ്വാസത്തെയും ഇസ്ലാമിക ജീവിതത്തെയും ബന്ധിപ്പിക്കുന്ന വളയമായതിനാലാണ് മറ്റെല്ലാ അമലുകളെക്കാളും നമസ്കാരത്തിന് പ്രാധാന്യം ലഭിച്ചത്.
ഒരു ഉദാഹരണത്തിലൂടെ ഇത് മനസ്സിലാക്കാം. വിശ്വാസത്തെ അടിവേരായും വിത്തായും, ദീനിന്‍റെ ശേഷിക്കുന്ന പ്രവര്‍ത്തനങ്ങളെ വൃക്ഷമായും സങ്കല്‍പ്പിക്കുക. അപ്പോള്‍ നമസ്കാരത്തിന്‍റെ സ്ഥാനം ആ വൃക്ഷത്തിന്‍റെ തടി പോലെയാണ്. ഈ തടി വിത്തില്‍ നിന്ന് വളര്‍ന്നതാണെങ്കിലും അതിന് മുകളിലുള്ള വലുതും ചെറുതും തടിച്ചതും ശോഷിച്ചതുമായ മുഴുവന്‍ ശിഖരങ്ങളും ഫലങ്ങളും ഈ തടിയില്‍ നിന്ന് വരുന്നതും അതില്‍ നിലകൊള്ളുന്നതുമാണ്. ഈ യാഥാര്‍ത്ഥ്യത്തെ കുറച്ചു കൂടി വ്യക്തമായി മനസ്സലാക്കാന്‍ താഴെ കാണുന്ന വരികള്‍ സഹായകരമാകുന്നതാണ്
പരിശുദ്ധ ശഹാദത്ത് കലിമ ഉഛരിച്ചു കൊണ്ട് അല്ലാഹുവിലും റസൂലിലും വിശ്വസിച്ചതിലൂടെ നാം എടുത്തിരിക്കുന്ന കരാര്‍, അല്ലാഹു മാത്രമാണ് നമ്മുടെ ഇലാഹും യജമാനനെന്നും അതിനാല്‍ അവന് മാത്രമാണ് ആരാധനയും ഉടമസ്ഥാവകാശവും നല്‍കേണ്ടതെന്നുമാണ്. മുഹമ്മദ് നബി (സ) അവന്‍റെ ദൂതനാണെന്നംഗീകരിച്ചതിനാല്‍ തങ്ങള്‍ മുഖേന ലഭിച്ച നിയമ സംഹിത അനുസരിച്ച് ജീവിക്കുമെന്നുള്ള ഒരു കരാറില്‍ നാം കൈ കോര്‍ത്തിരിക്കുകയാണ്. അഥവാ വിശ്വാസം സ്വീകരിച്ചതിലൂടെ നമ്മുടെ മുഴുവന്‍ ജീവതവും അല്ലാഹുവിന്‍റെ നിയമത്തിന് വിധേയമാക്കി കൊണ്ട് ജീവിക്കുമെന്നുള്ള ഒരു കരാര്‍ നാം സ്വീകരിച്ചിരിക്കുന്നു.
ഇപ്രകാരമുള്ള ഒരു ജീവിതം പ്രാവര്‍ത്തിക തലത്തില്‍ കൊണ്ടു വരുന്നതിന് നമ്മുടെ ഭാഗത്തു നിന്നുള്ള ഓരോ ചുവടുവെപ്പും ശ്രദ്ധാ പൂര്‍വ്വമാകേണ്ടതാണ.് അതിന് സഹായമാകുന്ന ചില ഘടകങ്ങള്‍ :
1. ഈ ഈമാനിക കരാറിനെ പുതുക്കുന്ന ഒരു സ്മരണ നമ്മുടെ മുമ്പില്‍ ഉണ്ടാകുകയും അതില്‍ അല്ലാഹുവിന്‍റെ മഹത്വവും വലിപ്പവും അവന്‍റെ സുന്ദരവും ഉന്നതവുമായ വിശേഷണങ്ങളെ കുറിച്ചുള്ള ഓര്‍മ്മ പുതുക്കി കൊണ്ടിരിക്കുകയും ചെയ്യുക. അതു മുഖാന്തിരം അല്ലാഹുവിനെ കുറിച്ചുള്ള ഭയവും പ്രതീക്ഷയും അതിന്‍റെ ഉയര്‍ന്ന തോതില്‍ വികാസം പ്രാപിച്ച് അല്ലാഹുവിനെ പൂര്‍ണ്ണമായി വഴിപ്പെടുന്ന അവസ്ഥയില്‍ കൊണ്ടെത്തിക്കുന്നതാണ്.
2. ഈ വികാരങ്ങള്‍ക്ക് അനുയോജ്യമായ ഒരു പ്രവര്‍ത്തന പരിശീലനം ലഭിക്കുക. ഈ പ്രവര്‍ത്തന രൂപത്തിലായ വികാരത്തിന്‍റെ ശക്തി അവന്‍റെ ജീവിതത്തിലുടനീളം സ്വാധീനം ചെലുത്തുന്നതാണ്.
3. പ്രതിഫല-ശിക്ഷകളെക്കുറിച്ചുള്ള ദൃഢവിശ്വാസം ഉണ്ടാക്കിയെടുക്കുക.
4. ഇസ്ലാമിക ജീവിതം നയിക്കുന്നതിനുള്ള സൗഭാഗ്യത്തിന് ദുആ ചെയ്തു കൊണ്ടിരിക്കുക. കാരണം അല്ലാഹുവിന്‍റെ ഉതവി കൊണ്ടല്ലാതെ ഒന്നും സാധിക്കുന്നതല്ല.
5. അനുകൂല സാഹചര്യം. മനുഷ്യന്‍റെ ജീവിത സഞ്ചാരത്തിന്‍റെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ സാഹചര്യത്തിന് മറ്റ് കാര്യങ്ങളെക്കാളും വലിയ പങ്കുണ്ട്. മനുഷ്യര്‍ ഭൂരിഭാഗവും സാഹചര്യത്താല്‍ സ്വാധീനിക്കപ്പെടുന്നതാണ്.
ഈ കാര്യങ്ങള്‍ നമുക്ക് ലഭിക്കുന്നില്ലെങ്കില്‍ മോഹിയായ ശരീരത്തെ അല്ലാഹുവിനു പൊരുത്തമായ പാതയില്‍ നടത്തുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു സംഗതിയാകും. ഇനി നാം നമസ്കാരത്തിന്‍റെ യാഥാര്‍ത്ഥ്യത്തെ കുറിച്ചും അതിന്‍റെ ഘടകങ്ങള്‍, രീതികള്‍, ഭാഗങ്ങള്‍ ഇവയെ കുറിച്ചും അല്‍പമൊന്ന് ചിന്തിക്കുക. വിശ്വാസത്തിന് ശേഷം ജീവിതത്തെ ഇസ്ലാമികവല്‍കരിക്കുന്നതിന് വേണ്ടി എന്തെല്ലാം ആവശ്യമാണോ ഇവ മുഴുവനും അല്ലാഹു നമസ്കാരത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു. നമസ്കാരം ഈ കാര്യങ്ങളുടെയെല്ലാം അത്ഭുതകരമായ സമ്മേളനമാകുന്നു. വിശ്വാസത്തിന് ശേഷം പാപത്തിന് കാരണമാകുന്ന അശ്രദ്ധയെ നമസ്കാരം ദുരീകരിക്കുന്നു. അല്ലാഹുവിനെ അറിയുകയും അംഗീകരിക്കുകയും അവനെ ആരാധിക്കാമെന്ന് കരാര്‍ നല്‍കുകയും ചെയ്ത ശേഷം മനുഷ്യനില്‍ നിന്ന് നന്ദികേടും മറ്റും ഉണ്ടായിത്തീരുന്നത് പ്രധാനമായി അശ്രദ്ധയില്‍ നിന്നാണ്. പിശാച് മനുഷ്യന്‍റെ ബുദ്ധിയിലും ഉള്‍കാഴ്ചയിലും അശ്രദ്ധയുടെ മറ ഇട്ടതിന് ശേഷം അവനെ കൊണ്ട് പാപം ചെയ്യിക്കുന്നു. പക്ഷെ അല്ലാഹുവിനെക്കുറിച്ചുള്ള ശരിയായ സ്മരണ, ഈ മറ നീക്കം ചെയ്യുന്നതും അവന്‍ ജാഗ്രതയോടു കൂടി നിലകൊള്ളുന്നതിനും, പാപത്തില്‍ നിന്ന് മടങ്ങുന്നതിനും കാരണമാകുന്നതുമാണ്.
ഖുര്‍ആനില്‍ മനുഷ്യന്‍റെ ഈ പ്രകൃതിദത്തമായ സ്വഭാവത്തെ വിവരിച്ചു കൊണ്ട് പറയുന്നു: തീര്‍ച്ചയായും അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്ക് എപ്പോഴെങ്കിലും പൈശാചിക ദുര്‍ബോധനം ബാധിക്കുകയും ശേഷം ഓര്‍ക്കുകയും ചെയ്യുമ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കുന്നതാണ്. (അതായത് അശ്രദ്ധയുടെ മറ നീങ്ങുന്നതാണ്) വിശ്വാസത്തിന് ശേഷം പാപമുണ്ടായിത്തീരുന്നത് അധികവും അശ്രദ്ധയുടെ കാരണത്താലാണ് എന്നുള്ളത് വ്യക്തമായ യാഥാര്‍ത്ഥ്യമാണ്. ഈ അശ്രദ്ധക്കുള്ള ഏറ്റവും നല്ല ചികിത്സ നമസ്കാരമാകുന്നു. എന്തെന്നാല്‍ നമസ്കാരം മുഴുവന്‍, അല്ലാഹുവിന്‍റെ സ്മരണയാകുന്നു. നമസ്കാരത്തിന്‍റെ ലക്ഷ്യവും ഈ സ്മരണ നില നിര്‍ത്തലാകുന്നു. അല്ലാഹു പറയുന്നു: എന്‍റെ ഓര്‍മ്മക്കു വേണ്ടി നമസ്കാരം നില നിര്‍ത്തുവീന്‍ (സൂറ ത്വാഹ : 14)
നമസ്കാരം മുഴുവന്‍ അവയവങ്ങളുടെയും ദിക്ര്‍
നമസ്കാരം കേവലം നാവ് കൊണ്ടുള്ള സ്മരണ മാത്രമല്ല. മറിച്ച് അശ്രദ്ധ ദുരീകരിച്ച് സ്നേഹത്തിന്‍റെയും നന്ദിയുടെയും വികാരങ്ങളെ ഉത്തേജിപ്പിച്ച് അല്ലാഹുവിനെ വഴിപ്പെടുന്നതിന് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഉന്നത ആരാധനയാണ്. കാരണം നമസ്കാരത്തില്‍ ഹൃദയം, നാവ്, മറ്റ് അവയവങ്ങള്‍ തുടങ്ങിയവ ഒരു പ്രത്യേക ക്രമത്തിലും യോജിപ്പിലും ഭാഗഭാക്കാകുന്നുണ്ട്. എല്ലാം അതിന്‍റേതായ പരിധിയില്‍ നിന്നു കൊണ്ട് അവകളുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നുണ്ട്. ഹൃദയം അല്ലാഹുവിന്‍റെ മഹത്വത്തിലും വലിപ്പത്തിലും ശ്രദ്ധ ചെലുത്തുന്നു. അതിനോട് അനുയോജ്യമായി നാവ് അല്ലാഹുവിനെ പരിശുദ്ധിപ്പെടുത്തുന്നതിലും സ്തുതിക്കുന്നതിലും മഹത്വപ്പെടുത്തുന്നതിലുമായി ജോലിയാകുന്നു. തല മുതല്‍ കാല് വരെ ദിക്റിന്‍റെയും ഇബാദത്തിന്‍റെയും വിനയത്തന്‍റേതുമായ ഒരു രൂപമായി മാറുന്നു. ചിലപ്പോള്‍ കൈ കെട്ടി നില്‍ക്കുന്നു. മറ്റ് ചിലപ്പോള്‍ കുനിഞ്ഞ് നില്‍ക്കുന്നു. ചില വേള സുജൂദില്‍ വീണു കൊണ്ട് തന്‍റെ അടിമത്വത്തിന്‍റെ അവസാന രൂപവും കാണിക്കുന്നു. ഹള്റത്ത് ശാഹ് വലിയുല്ലാഹിദ്ദഹ്ലവി (റ) ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ പറയുന്നു; നമസ്കാരത്തിന്‍റെ അടിസ്ഥാന പരമായ ഘടകങ്ങള്‍ മൂന്നാകുന്നു: ഒന്ന്: ഹൃദയം അല്ലാഹുവിന്‍റെ മഹത്വത്തിന്‍റെയും വലിപ്പത്തിന്‍റെയും സ്മരണയില്‍ കീഴ്പെടുക. രണ്ട്: ഹൃദയത്തിന്‍റെ ഈ വിനയത്തെയും കീഴ്പെടലിനെയും ഉയര്‍ന്ന പദങ്ങളിലൂടെ പ്രകടിപ്പിക്കുക, മൂന്ന് : അവശേഷിക്കുന്ന മുഴുവന്‍ അവയവങ്ങളേയും അല്ലാഹുവിന്‍റെ വലിപ്പത്തിന്‍റെയും അധികാരത്തിന്‍റെയും തന്‍റെ കഴിവുകേടിന്‍റെയുംി അടിമത്വത്തിന്‍റെയും സാക്ഷിയായി ഉപയോഗിക്കുക.
നമസ്കാരം പാപത്തെ തടയുന്നതെങ്ങനെ.?
നമസ്കാരത്തില്‍ അല്ലാഹുവിന്‍റെ സ്മരണയിലും വിനയവണക്കങ്ങളിലും മനുഷ്യന്‍റെ ബാഹ്യവും ആന്തരികവുമായ മുഴുവന്‍ അവയവങ്ങളും ഒന്നാകുന്നു. ദിനരാത്രങ്ങളില്‍ പലവുരു അത് ആവര്‍ത്തിക്കപ്പെടുമ്പോള്‍ അശ്രദ്ധയും അതിന്‍റെ പരിണിത ഫലങ്ങളായ പാപവും മറ്റും അവനില്‍ നിന്ന് ഒരിക്കലും സംഭവിക്കുന്നതല്ല. നമസ്കാരത്തിന്‍റെ ഈ പ്രയോജനത്തെ കുറിച്ച് അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും നമസ്കാരം നിരോധിക്കപ്പെട്ടതും മോശവുമായ കാര്യങ്ങളെതൊട്ട് തടുക്കുന്നതാണ്. അല്ലാഹുവിന്‍റെ സ്മരണ ഏറ്റവും വലിയ കാര്യം തന്നെയാകുന്നു'. ഈ ആയത്തില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. പാപ കാര്യങ്ങളെ തൊട്ട് നമസ്കാരം തടയുന്നതിന്‍റെ രഹസ്യം, പരിപൂര്‍ണ്ണമായി അല്ലാഹുവിന്‍റെ സ്മരണയാകുന്നു. അല്ലാഹുവിന്‍റെ സ്മരണ ഏതൊരു നമസ്കാരത്തിലാണോ സമ്പൂര്‍ണമായി ഉണ്ടാകുന്നത് അതിലായിരിക്കും ഈ ശക്തിയും ഉണ്ടാകുന്നത്. ഇന്ന് പൊതുവായി നമസ്കാരത്തിലുള്ള അശ്രദ്ധ കാരണം എന്താണ് അല്ലാഹുവിനോട് ചോദിക്കുന്നതെന്നും പറയുന്നതെന്നും നമസ്കരിക്കുന്നവര്‍ക്ക് തന്നെ അറിയാന്‍ കഴിയുന്നില്ല. ഇത്തരത്തിലുള്ള നമസ്കാരം കൊണ്ട് സൂക്ഷ്മതയുള്ള ജീവിതം കെട്ടിപ്പടുക്കാനോ മോശമായ കാര്യങ്ങളെ ഒഴിവാക്കാനോ സാധിക്കുന്നതല്ല. ഇതിന്‍റെ കുറ്റം ഒരിക്കലും നമസ്കാരത്തിനല്ല, മറിച്ച് നമസ്കരിക്കുന്നവരിലാണ്. ഏതൊരു ധാന്യത്തില്‍ സത്തയും കഴമ്പും ഇല്ലയോ അതില്‍ നിന്നും ഏങ്ങനെ വൃക്ഷം മുളക്കാനാണ്.? ഇംറാനുബ്നു ഹുസൈന്‍ (റ) നിവേദനം ചെയ്യുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളുകയുണ്ടായി 'ഏതൊരു വ്യക്തിയുടെ നമസ്കാരം അവനെ മോശമായതും വെറുക്കപ്പെട്ടതുമായ പ്രവര്‍ത്തനങ്ങളെ തൊട്ടും തടുക്കുന്നില്ലയോ അവന് നമസ്കാരമേ ഇല്ല'. പരിപൂര്‍ണ്ണ സ്മരണ നിറഞ്ഞ നമസ്കാരം, അല്ലാഹുവിനും അവന്‍റെ ദൂതനും പൊരുത്തമായ ജീവിതം ഉണ്ടാക്കിയെടുക്കുന്നതിന് ശക്തമായ സ്വാധീനം ചെലുത്തുന്നതാണ്.
നമസ്കാരം പരലോകത്തിന്‍റെയും വിചാരണയുടെയും ഒരു സ്മരണ
പരലോകം, വിചാരണ തുടങ്ങിയവയുടെ സ്മരണ കൂടിയുണ്ടാകുന്നു എന്നതാണ് നമസ്കാരത്തിന്‍റെ മറ്റൊരു ഫലം. കാരണം എല്ലാ റക്അത്തിലും ആവര്‍ത്തിച്ച് പ്രതിഫലദിനത്തിന്‍റെ ഉടമസ്ഥന്‍ അല്ലാഹു ആകുന്നു എന്ന് ദിനേന പാരായണം ചെയ്ത് പ്രതിഫല ശിക്ഷയുടെയും വിചാരണയുടെയും സ്മരണ പുതുക്കികൊണ്ടിരിക്കുന്നു. അശ്രദ്ധയില്‍ നിന്ന് മനുഷ്യനെ ഉണര്‍ത്തുന്ന ഒരു വലിയ വസ്തുത തന്നെയാണിത്.
അല്ലാഹുവിനെ സ്നേഹിക്കുന്നതിനും വഴിപ്പെടുന്നതിനും നമസ്കാരത്തിനുള്ള പങ്ക്
നമസ്കാരത്തില്‍ അല്ലാഹുവിന്‍റെ വലിപ്പം പലവുരു ഓര്‍മ്മിക്കുക, അവനെ പരിശുദ്ധിപ്പെടുത്തുക, സ്തുതിക്കുക, മഹത്വപ്പെടുത്തുക, തുടങ്ങിയവകള്‍ക്ക് വെച്ചിരിക്കുന്ന ക്രമവും ഇവകള്‍ക്ക് അനുയോജ്യമായ രൂപത്തിലുള്ള നിറുത്തം, കുനിയല്‍, സാഷ്ടാംഗ പ്രണാമം, ഇരിക്കല്‍ തുടങ്ങിയ ക്രമത്തോടു കൂടിയ പ്രവര്‍ത്തനങ്ങളും ഇവകള്‍ക്ക് അനുയോജ്യമായ പ്രത്യേക ദിക്റുകളും വെച്ചിരിക്കുന്നത് അല്ലാഹുവിനോടുള്ള പ്രേമം, നന്ദിരേഖപ്പെടുത്തല്‍ ഇത്യാദി കാര്യങ്ങളുടെ വികാരമുണ്ടാക്കി എടുക്കാനും ഹൃദയത്തിന്‍റെയും മനസ്സിന്‍റെയും നിലപാടിനെ ശരിപ്പെടുത്തി ജീവിതത്തിന്‍റെ ദിശയും സഞ്ചാരവും നന്നാക്കുന്നതിന് വേണ്ടി തിരിച്ചുവിടുന്നതിനുമുള്ളതാണെന്നും അല്ലാഹുവിന്‍റെ ഭാഗത്ത് നിന്ന് അല്‍പമെങ്കിലും അറിവ് ലഭിച്ചവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!



No comments:
Post a Comment