Wednesday, January 31, 2018

ഗ്രഹണ നമസ്കാരം.! -മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ഗ്രഹണ നമസ്കാരം.! 
-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/01/blog-post_71.html?spref=tw

അല്ലാഹുവിന്‍റെ അജയ്യമായ കഴിവിന്‍റെയും മഹത്വത്തിന്‍റെയും അടയാളമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പ്രതിഭാസങ്ങളാണ് സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്‍റെ മുന്നില്‍ വിനയം കാണിച്ചും അവനെ സ്മരിച്ചും അവന്‍റെ കാരുണ്യം ചോദിച്ചും കഴിയേണ്ടത് അടിമയുടെ ബാധ്യതയാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ജീവിത കാലത്ത് ഒന്നര വയസ്സുള്ള മകന്‍ ഇബ്റാഹീം മരണപ്പെട്ട ദിവസം സൂര്യഗ്രഹണം സംഭവിച്ചു. ഉന്നത വ്യക്തിത്വങ്ങള്‍ മരണപ്പെടുമ്പോള്‍ സൂര്യന് ഗ്രഹണം ബാധിക്കുമെന്നും ദുഃഖ സൂചകമായി അത് കറുത്ത ആവരണം ധരിച്ചുനില്‍ക്കുകയാണെന്നും ജാഹിലിയ്യ കാലത്തെ അറബികള്‍ ധരിച്ചിരുന്നു. നബി കുടുംബത്തോടുള്ള സ്നേഹത്തിന്‍റെ പേരില്‍ ഇത്തരം തെറ്റായ വിശ്വാസങ്ങള്‍ ശക്തമായി രംഗത്തെത്താന്‍ സാധ്യത ഉണ്ടായിരുന്നു. ചില രിവായത്തുകളില്‍ അങ്ങനെ ചിലര്‍ പറഞ്ഞതായും വരുന്നുണ്ട്. എന്നാല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വളരെ ഭയ-ഭക്തിയോടെ രണ്ടു റക്അത്ത് നമസ്കാരം ജമാഅത്തായി നമസ്കരിച്ചു. നമസ്കാരത്തിന്‍റെ രൂപം സാധാരണ ഗതിയില്‍ നിന്നും വ്യത്യസ്ഥമായിരുന്നു. ദീര്‍ഘ നേരം ഖുര്‍ആന്‍ പാരായണം ചെയ്തു. ഇടയ്ക്ക് റുകൂഅ് നിര്‍വ്വഹിച്ച് വീണ്ടും എഴുന്നേറ്റ് ഖുര്‍ആന്‍ പാരായണം ചെയ്തു. റുകൂഉം സുജൂദും വളരെ നീണ്ടതായിരുന്നു. നമസ്കാരത്തിനിടയില്‍ പ്രാധാന്യത്തോടെ ദുആയും ചെയ്തു. നമസ്കാര ശേഷം നടത്തിയ ഖുത്വുബയില്‍ തെറ്റായ വിശ്വാസങ്ങളെ തിരുത്തിക്കൊണ്ട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഒരാളുടെയും മരണത്തിന്‍റെ പേരില്‍ സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുകയില്ല. അടിസ്ഥാനമില്ലാത്ത ജാഹിലിയ്യ വിശ്വാസമാണത്. അല്ലാഹുവിന്‍റെ കഴിവിന്‍റെയും മഹത്വത്തിന്‍റെയും ദൃഷ്ടാന്തമായിട്ടാണ് സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ വിനയത്തോടെ അല്ലാഹുവിനെ ഇബാദത്ത് ചെയ്യുകയും ദുആ ഇരക്കുകയും ചെയ്യുക.
ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാലത്ത് സൂര്യഗ്രഹണമുണ്ടായി. തിരുദൂതര്‍ ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചു. പ്രസ്തുത നമസ്കാരത്തിലെ നിറുത്തത്തെ തങ്ങള്‍ വളരെ ദീര്‍ഘിപ്പിച്ചു. ശേഷം റുകൂഅ് ചെയ്തു. റുകൂഅ് ദീര്‍ഘിപ്പിച്ചു. വീണ്ടും എഴുന്നേറ്റു. അപ്പോഴും നിറുത്തത്തെ ദീര്‍ഘിപ്പിച്ചു. എന്നാല്‍ ഈ നിറുത്തം ആദ്യത്തെതിനെ അപേക്ഷിച്ച് അല്‍പ്പം ചുരുങ്ങിയതായിരുന്നു. ശേഷം റുകൂഅ് ചെയ്തു. റുകൂഉം ദീര്‍ഘിപ്പിച്ചു. ആദ്യത്തെ റുകൂഇനെ അപേക്ഷിച്ച് ഇത് അല്‍പം ചുരുങ്ങിയതായിരുന്നു. ശേഷം സുജൂദ് ചെയ്തു. സുജൂദും ദീര്‍ഘിപ്പിച്ചു. തുടര്‍ന്ന് ആദ്യത്തെ റക്അത്തിനെ പോലെ തന്നെ രണ്ടാമത്തെ റക്അത്തും നിര്‍വ്വഹിച്ചു. അപ്രകാരം നമസ്കാരം പൂര്‍ത്തീകരിച്ചു. അപ്പോള്‍ ഗ്രഹണം അവസാനിച്ച്, സൂര്യന്‍ സാധാരണ രീതിയില്‍ ആയിത്തീര്‍ന്നിരുന്നു. ശേഷം ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ഖുത്വുബ നടത്തി. അല്ലാഹുവിനെ പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്ത ശേഷം അരുളി: നിശ്ചയം സൂര്യ-ചന്ദ്രാദികള്‍ അല്ലാഹുവിന്‍റെ രണ്ട് ദൃഷ്ടാന്തങ്ങളാണ്. ആരുടെയും ജനന-മരണങ്ങളുടെ പേരില്‍ അവകള്‍ക്ക് ഗ്രഹണം ബാധിക്കുന്നതല്ല. ഇപ്രകാരം നിങ്ങള്‍ കണ്ടാല്‍ അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും നമസ്കാരം, ദുആ, ദാനധര്‍മ്മം എന്നിവ നിര്‍വ്വഹിക്കുകയും ചെയ്യുക. ശേഷം അരുളി: ഓ മുഹമ്മദീ സമുദായമേ, ഒരു ആണോ പെണ്ണോ പാപം പ്രവര്‍ത്തിക്കുമ്പോള്‍ അല്ലാഹുവിനേക്കാള്‍ രോഷാകുലനാകുന്നതായിട്ട് മറ്റാരുമില്ല. ഓ മുഹമ്മദീ സമുദായമേ, അല്ലാഹുവില്‍ സത്യം.! ഞാനറിയുന്ന കാര്യം നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ കുറച്ച് മാത്രം ചിരിക്കുകയും അധികമായി കരയുകയും ചെയ്യുമായിരുന്നു. ശേഷം അരുളി: അറിയുക.! ഞാന്‍ നിങ്ങള്‍ക്ക് (എത്തിച്ച് തരേണ്ട മുഴുവന്‍ കാര്യങ്ങളും) എത്തിച്ച് തന്നില്ലേ.? (ഞാന്‍ എന്‍റെ നിര്‍ബന്ധ ബാധ്യത പൂര്‍ത്തീകരിച്ചു.) (ബുഖാരി-മുസ്ലിം)
ഇരുപതിലധികം സ്വഹാബാക്കളില്‍ നിന്നും ഗ്രഹണ നമസ്കാരവുമായി ബന്ധപ്പെട്ട ഹദീസുകള്‍ വ്യത്യസ്ത രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിചാരിതമായ സംഭവമായതിനാലാണ് രിവായത്തുകള്‍ വ്യത്യസ്തമായത്. പ്രസ്തുത സംഭവത്തിന് മുമ്പ് സ്വഹാബത്ത് ഗ്രഹണ നമസ്കാരം നിര്‍വ്വഹിച്ചിരുന്നില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഗ്രഹണ നമസ്കാരം നിര്‍വ്വഹിച്ചത്. അതായത് തിരുദൂതരുടെ വഫാത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രിയമകന്‍ ഇബ്റാഹീം മരണപ്പെട്ട ദിവസം.! 
ചന്ദ്രന് ഗ്രഹണം ബാധിച്ചാലും നമസ്കരിക്കണമെന്ന് മേല്‍ വിവരിച്ച ഹദീസില്‍ നിന്നും മനസ്സിലാകുന്നുണ്ട്. സംഘടിത നമസ്കാരം ചുരുക്കി നമസ്കരിക്കേണ്ടതാണെങ്കില്‍ പോലും ഗ്രഹണ നമസ്കാരം ദീര്‍ഘിപ്പിക്കേണ്ടതാണ് എന്നുള്ളതാണ് ഗ്രഹണ നമസ്കാരത്തിന്‍റെ ഒരു പ്രത്യേകത.!
ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ആദ്യ റക്അത്തില്‍ സൂറത്തുല്‍ ബഖറയും രണ്ടാമത്തെ റക്അത്തില്‍ സൂറത്ത് ആലു ഇംറാനും (ഏകദേശം നാല് ജുസ്അ്) ഓതിയതായാണ് എന്‍റെ അനുമാനം. അല്ലാഹുവിനെ അധികമായി വാഴ്ത്തുകയും പുകഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്ത് കൈ ഉയര്‍ത്തി ദുആ ഇരന്നു എന്നുള്ളതും ഒരു റക്അത്തില്‍ തന്നെ രണ്ടു പ്രാവശ്യം വീതം നിറുത്തവും റുകൂഉം നിര്‍വ്വഹിച്ചു എന്നുള്ളതുമാണ് ഗ്രഹണ നമസ്കാരത്തിന്‍റെ മറ്റൊരു പ്രത്യേകത.!
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നമസ്കാരത്തിനിടയ്ക്ക് ആഗ്രഹ-ആവേശത്തോടെ കൈ നീട്ടി മുന്നോട്ട് ഗമിക്കുകയും ചില വേള ഭയപ്പെട്ട് കൊണ്ട് പിന്നോട്ട് നീങ്ങുകയും ചെയ്തു. അതിനെ സംബന്ധിച്ച് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: സ്വര്‍ഗ്ഗ-നരകങ്ങള്‍ എനിക്ക് കാണിക്കപ്പെട്ടു. സ്വര്‍ഗ്ഗീയ അവസ്ഥകള്‍ കണ്ട് അതിലേക്ക് ആകൃഷ്ടനായി മുന്നോട്ട് നീങ്ങിയതാണ്. നരകത്തെ കാണിക്കപ്പെട്ടപ്പോള്‍ അതിലെ ഭീകരാവസ്ഥകള്‍ കണ്ട് ഭയന്ന് പിന്നോട്ട് മാറിയതാണ്.
ഖബീസ്വത്തുല്‍ ഹിലാലി (റ) പറയുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാലഘട്ടത്തില്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുദൂതര്‍ വളരെ പരിഭ്രാന്തരായി പുറത്തേക്ക് വന്നു. (പരിഭ്രാന്തത നിമിത്തം മേല്‍വസ്ത്രം ശരിക്ക് പുതയ്ക്കാന്‍ കഴിയാതെ) വസ്ത്രം നിലത്ത് ഇഴയുന്നുണ്ടായിരുന്നു. ഞാന്‍ അന്നേ ദിവസം മദീനയില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടൊപ്പം ഉണ്ടായിരുന്നു. തിരുദൂതര്‍ ദീര്‍ഘ നേരം ഖിയാമില്‍ കഴിഞ്ഞുകൂടിക്കൊണ്ട് രണ്ട് റക്അത്ത് നമസ്കരിച്ചു. അത് അവസാനിക്കുമ്പോള്‍ സൂര്യന്‍ (ഗ്രഹണം മാറി) തെളിഞ്ഞിട്ടുണ്ടായിരുന്നു. അപ്പോള്‍ (ജനങ്ങളെ സംബോധന ചെയ്തുകൊണ്ട്) റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിശ്ചയമായും ഇവ ചില ദൃഷ്ടാന്തങ്ങള്‍ മാത്രമാണ്. ജനങ്ങളുടെ മനസ്സില്‍ അല്ലാഹുവിനെ സംബന്ധിച്ചുള്ള ഭയം ഉണ്ടാക്കിയെടുക്കുക (അങ്ങനെ ജനങ്ങള്‍ പാപങ്ങള്‍ ഉപേക്ഷിക്കുക) എന്നതാണതിന്‍റെ ലക്ഷ്യം. അതിനെ നിങ്ങള്‍ കണ്ടാല്‍ തൊട്ട് മുമ്പ് നിര്‍വ്വഹിച്ച ഫര്‍ള് നമസ്കാരത്തെ പോലെ നിങ്ങള്‍ നമസ്കരിക്കുക. (അതായത്, സുബ്ഹ് നമസ്കാരം പോലെ രണ്ട് റക്അത്ത് ഗ്രഹണ സമയത്തും നിര്‍വ്വഹിക്കുക. (അബൂദാവൂദ്, നസാഈ)
🔚🔚🔚🔚🔚🔚🔚🔚
ചന്ദ്രഗ്രഹണം, 2018 ജനുവരി 31 ബുധനാഴ്ച വൈകിട്ട് 06-11 ന് ആരംഭിക്കുന്നതാണ്. 7-37 വരെ അത് നീണ്ടുനില്‍ക്കും. 
 ഗ്രഹണ സമയങ്ങളില്‍ നമസ്കാരം, ദുആ, ഇസ്തിഗ്ഫാര്‍, ദാന-ധര്‍മ്മങ്ങളിലായി കഴിയുക. പ്രത്യേകിച്ച് സര്‍വ്വ വിധ പാപങ്ങളില്‍ നിന്നും അകന്ന് കഴിയുക. സ്ത്രീകളും വീടുകളില്‍ ഇപ്രകാരം കഴിഞ്ഞുകൂടുക. 

സൂര്യ-ചന്ദ്ര ഗ്രഹണ നമസ്കാരങ്ങള്‍ : മദ്ഹബുകളുടെ വീക്ഷണങ്ങള്‍.! 

ശാഫിഈ മദ്ഹബിന്‍റെ വീക്ഷണം: 
സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിച്ചാല്‍ രണ്ട് റക്അത്ത് നമസ്കരിക്കല്‍ മുഅക്കദായ സുന്നത്താണ്. ഗ്രഹണ നമസ്കാരത്തിന്‍റെ ഓരോ റക്അത്തിലും രണ്ട് നിര്‍ത്തവും രണ്ട് റുകൂഉം ഉണ്ട്. ചന്ദ്ര ഗ്രഹണ നമസ്കാരത്തില്‍ ഉറക്കെയും സൂര്യ ഗ്രഹണ നമസ്കാരത്തില്‍ പതുക്കെയുമാണ് ഖുര്‍ആന്‍ ഓതേണ്ടത്. ഈ രണ്ട് നമസ്കാരങ്ങളിലും ദീര്‍ഘനേരം നിന്ന് കൊണ്ട് ഖുര്‍ആന്‍ ഓതലും റുകൂഅ് സുജൂദുകളില്‍ ദീര്‍ഘനേരം തസ്ബീഹുകള്‍ പറയലും സുന്നത്താണ്. പെരുന്നാള്‍ നമസ്കാരങ്ങളിലുള്ളത് പോലെ തന്നെ ഇമാം ഗ്രഹണ നമസ്കാരത്തിന് ശേഷം ഖുത്വുബ നിര്‍വ്വഹിക്കേണ്ടതാണ്.

ഹനഫി മദ്ഹബിന്‍റെ വീക്ഷണം: 
ചന്ദ്രഗ്രഹണ നമസ്കാരത്തില്‍ ജമാഅത്തായുള്ള നമസ്കാരം സുന്നത്തില്ല. ചന്ദ്രഗ്രഹണമുണ്ടാകുമ്പോള്‍ ജമാഅത്തില്ലാതെ ജനങ്ങള്‍ ഒറ്റയ്ക്കാണ് നമസ്കരിക്കേണ്ടത്.
സൂര്യ ഗ്രഹണം സംഭവിച്ചാല്‍ ജമാഅത്തായി രണ്ടോ നാലോ റക്അത്ത് നമസ്കരിക്കല്‍ മുഅക്കദായ സുന്നത്താണ്.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

3 comments:

 1. ഖുതുബ എങ്ങനെ ആണ് വിശദീകരിക്കാമോ

  ReplyDelete
 2. അൽഹംദുലില്ലാഹ്

  ReplyDelete
 3. جزاك الله خيرا
  مشكور

  ReplyDelete

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...