മഹത്വത്തിലേക്കുള്ള നടപ്പുവഴി വിനയമാണ്.!
-മൗലാനാ ജസ്റ്റിസ് തഖിയ്യ് ഉസ്മാനി
വിവ: ഹാഫിസ് ഉബൈദുല്ലാഹ് സ്വാലിഹി ഖാസിമി ,തളിപ്പറമ്പ.
http://swahabainfo.blogspot.com/2018/01/blog-post_69.html?spref=tw
വിശ്വപ്രസിദ്ധ ദീനീ കലാലയമായ ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ സ്ഥാപകന്‍, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ തെളിനീരിനുവേണ്ടി സമരം ചെയ്ത പടനായകന്‍, ഹുജ്ജത്തുല്‍ ഇസ്ലാം എന്ന അപരാഭിനാമത്തില്‍ അറിയപ്പെട്ട വൈജ്ഞാനിക ലോകത്തെ ഒരു അത്ഭുത പ്രതിഭാസം... ഇതൊക്കെയായിരുന്നു മൗലാനാ ഖാസിം നാനൂത്തവി (റഹ്) എങ്കിലും ഒരു സാധാരണക്കാരനായി ജീവിച്ചു. എവിടെയും ഒരു സാധാ മുണ്ടും ജുബ്ബയും ധരിച്ച് പ്രത്യക്ഷപ്പെടുന്ന അദ്ദേഹം ലാളിത്യത്തിന്‍റെയും വിനയത്തിന്‍റെയും പര്യായമായിരുന്നു. പക്ഷെ, പ്രഭാഷണ-വാഗ്വാദ സദസ്സുകളില്‍ പ്രമുഖരായ എതിരാളികളെ പോലും സ്തബ്ധരാക്കുന്ന അദ്ദേഹത്തിന്‍റെ സാമര്‍ത്ഥ്യം തുല്ല്യതയില്ലാത്തതായിരുന്നു.
മൗലാനായുടെ ബ്രിട്ടീഷ് വിരുദ്ധ സമരം ഭരണകൂടത്തിന് വലിയ തലവേദന സൃഷ്ടിച്ച് വരികയായിരുന്നു. ആയിടയ്ക്കാണ് അദ്ദേഹത്തിനെതിരെ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്യുവാനായി ഒരാള്‍ ദാറുല്‍ ഉലൂമിലെത്തി. മൗലാനായെ അന്വേഷിച്ചു. ദാറുല്‍ ഉലൂമിലെ ഛത്താമസ്ജിദിലാണ് താമസമെന്നറിഞ്ഞ് അയാള്‍ അങ്ങോട്ട് ചെന്നു. അയാള്‍ അവിടെ എത്തിയപ്പോള്‍ ഒരു ലുങ്കിയും ബനിയനും ധരിച്ച ഒരാള്‍ മസ്ജിദ് തൂത്ത് വൃത്തിയാക്കുന്നത് കണ്ടു. യഥാര്‍ത്ഥത്തില്‍ അത് ഖാസിം നാനൂത്തവി (റഹ്) ആയിരുന്നു. അദ്ദേഹത്തിന്‍റെ പതിവായിരുന്നു അത്.
പക്ഷെ, ഇത് മസ്ജിദിലെ ജോലിക്കാരനാണെന്നും മൗലാനാ അവര്‍കള്‍ അകത്ത് ഏതെങ്കിലും വിശാലവും സൗകര്യവുമുള്ള മുറിയിലായിരിക്കുമെന്നും കരുതിയ അദ്ദേഹം മൗലാനാ ഖാസിം എവിടെ എന്ന് ചോദിച്ചു. ഇയാള്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ വന്നതാണെന്ന് ഖാസിം നാനൂത്തവി (റഹ്) ക്ക് മനസ്സിലായി. പിടികൊടുക്കാതെ രക്ഷപ്പെടണമെന്നും എന്നാല്‍ കളവ് പറയാന്‍ പാടില്ലെന്നും ചിന്തിച്ച മഹാനവര്‍കള്‍ തന്ത്രപൂര്‍വ്വം നിന്ന സ്ഥലത്ത് നിന്നും ഒരടി പിന്നോട്ട് നീങ്ങി നിന്നു. എന്നിട്ട് പറഞ്ഞു: ഖാസിം നാനൂത്തവി അല്പം മുമ്പ് ഇവിടെ ഉണ്ടായിരുന്നു. ഇതുകേട്ടപ്പോള്‍ അദ്ദേഹം മനസ്സിലാക്കിയത് മൗലാനാ ഇത് വരെ ഇവിടെ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ വെളിയില്‍ പോയിരിക്കുകയാണെന്നുമായിരുന്നു. അതുപ്രകാരം അദ്ദേഹം അന്വേഷണാര്‍ത്ഥം വെളിയിലേക്കിറങ്ങി.
മൗലാനാ മുസഫ്ഫര്‍ ഹുസൈന്‍ സാഹിബ് (റഹ്) വടക്കേ ഇന്ത്യയിലെ പണ്ഡിത പ്രമുഖരില്‍ ഒരു മഹോന്നത വ്യക്തിയായിരുന്നു. ഒരു ദിവസം യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന അദ്ദേഹം താമസിക്കുന്ന യു.പി. യിലെ കാന്ദല എന്ന പ്രദേശത്തെ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍, ഒരു വൃദ്ധനായ മനുഷ്യന്‍ ഭാരിച്ച ചുമടും വഹിച്ച് പ്രയാസപ്പെട്ട് നടക്കുന്നതായി കണ്ടു. മഹാനവര്‍കള്‍ അദ്ദേഹത്തിനരുകില്‍ ചെന്ന് ഇപ്രകാരം അഭ്യര്‍ത്ഥിച്ചു: താങ്കള്‍ അനുവദിക്കുകയാണെങ്കില്‍ ഞാനിത് ചുമക്കാം. ഇത് കേട്ട ആ വൃദ്ധന്‍ ഏറെ സന്തോഷത്തോടെ വളരെ ഉപകാരം എന്ന് പറഞ്ഞുകൊണ്ട് ചുമട് മഹാനവര്‍കളുടെ തലയില്‍ വെച്ച് കൊടുത്തു. രണ്ടുപേരും ഒരുമിച്ച് നടക്കുന്നതിനിടയില്‍ സംസാരമാരംഭിച്ചു. മൗലാനാ ചോദിച്ചു: നിങ്ങള്‍ എങ്ങോട്ടാണ്.?വൃദ്ധന്‍ പറഞ്ഞു: ഞാന്‍ കാന്ദല പട്ടണത്തിലേക്കാണ്. മൗലാനാ: അവിടെ എന്തിന് പോകുന്നു.? വൃദ്ധന്‍: അവിടെ വലിയ ഒരു മഹാന്‍ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞു. അദ്ദേഹത്തെ സന്ദര്‍ശിക്കാനാണ്. മൗലാനാ: അതേതാണ് ആ മഹാന്‍.? വൃദ്ധന്‍: അത് മൗലാനാ മുസഫ്ഫര്‍ ഹുസൈന്‍ സാഹിബാണ്. അദ്ദേഹം വലിയ ശ്രേഷ്ഠനും പണ്ഡിതനുമാണ്... സംസാരം തുടര്‍ന്നു.
അങ്ങനെയവര്‍ പട്ടണത്തിനടുത്തെത്തി. പട്ടണവാസികളില്‍ മൗലാനാ സുപരിചിതനാണെന്ന് പറയേണ്ടതില്ലല്ലോ.? തങ്ങള്‍ ബഹുമാനിക്കുന്ന മഹാവ്യക്തിത്വത്തിന്‍റെ ഉടമയായ മൗലാനാ അവര്‍കള്‍ ഭാരിച്ച ചുമട് തലയില്‍ ചുമന്ന് വരുന്നത് കണ്ട ജനങ്ങള്‍ അത്ഭുത സ്തംബ്ധരായി. അവര്‍ അദ്ദേഹത്തിലേക്ക് ഓടിയടുത്തു. അത് വാങ്ങി അദ്ദേഹത്തെ ഹസ്തദാനം ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുന്നത് കണ്ട് വൃദ്ധന് കാര്യം മനസ്സിലായി. ഇത്ര വലിയ മഹാന്‍റെ തലയിലായിരുന്നോ ഞാന്‍ ഭാരം എടുത്ത് വെച്ച് നടത്തിച്ചത് എന്നോര്‍ത്ത് ലജ്ജിച്ചു. തനിക്ക് സംഭവിച്ച അബന്ധമോര്‍ത്ത് അദ്ദേഹം പരിഭ്രമിച്ചു. എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന അദ്ദേഹത്തോട് മൗലാനാ സൗമ്യമായി പറഞ്ഞു: വിഷമിക്കാനെന്തിരിക്കുന്നു.? പ്രയാസപ്പെട്ടിരുന്ന താങ്കള്‍ക്ക് ഒരു സേവനം ചെയ്യാന്‍ അല്ലാഹു എനിക്ക് തൗഫീഖ് നല്‍കിയതല്ലേ.? ഞാന്‍ അതിന് അല്ലാഹുവിനോട് നന്ദി രേഖപ്പെടുത്തുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര മുന്നേറ്റത്തില്‍ ഇതിഹാസം രചിച്ച മഹോന്നത വ്യക്തിയായിരുന്നു ശൈഖുല്‍ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍ ദേവ്ബന്ദി (റഹ്)
ഇന്ത്യക്ക് അകത്തും പുറത്തും കീര്‍ത്തിമുദ്ര പതിപ്പിച്ച മഹാനവര്‍കളെ സന്ദര്‍ശിക്കാനായി അജ്മീറില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ശൈഖ് മുഈനുദ്ദീന്‍ അജ്മീരി (റഹ്) പുറപ്പെട്ട് ദേവ്ബന്ദ് റെയില്‍വേ സ്റ്റേഷനില്‍ എത്തി. അവിടെ നിന്ന് കുതിരവണ്ടിയില്‍ ശൈഖുല്‍ ഹിന്ദിന്‍റെ വീട്ട് വാതില്‍ക്കലിറങ്ങി.
വാതിലില്‍ മുട്ടിയപ്പോള്‍ ഇറങ്ങി വന്നത് ലുങ്കിയും ബനിയനും ധരിച്ച ഒരാളാണ്. ആഗതന്‍ പറഞ്ഞു: ഞാന്‍ അജ്മീറില്‍ നിന്നും മൗലാനാ മഹ്മൂദുല്‍ ഹസന്‍ അവര്‍കളെ നേരില്‍ കാണാന്‍ വന്നതാണ്. അപ്പോള്‍ അദ്ദേഹം ആഗതനെ ബഹുമാനപൂര്‍വ്വം സ്വീകരിച്ചിരുത്തി. ആഗതന്‍ അദ്ദേഹത്തോട് പറഞ്ഞു: മുഈനുദ്ദീന്‍ അജ്മീരി സന്ദര്‍ശിക്കാന്‍ വന്നിട്ടുണ്ട് എന്ന് മൗലാനായെ അറിയിക്കുക. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഈ ഉഷ്ണത്തില്‍ യാത്ര ചെയ്ത് വന്നതല്ലേ.? സമാധാനമായി ഇരിക്കൂ. പിന്നെ അകത്ത് നിന്നും വിശറി കൊണ്ടുവന്ന് ആഗതന് വീശിക്കൊടുക്കാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ആഗതന്‍ വീണ്ടും പറഞ്ഞു: നിങ്ങള്‍ ഞാന്‍ വന്ന വിവരം മൗലാനായെ ഇതുവരെ അറിയിച്ചില്ലേ.? മൗലാനായെ ഉടനെ കാണാം എന്ന് പറഞ്ഞുകൊണ്ട് അകത്ത് പോയി അതിഥിക്ക് കഴിക്കാനുള്ള ആഹാരം കൊണ്ടുവന്ന് മുന്നില്‍ വെച്ചിട്ട് കഴിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ആഗതന്‍ കഴിക്കാനാരംഭിച്ചു. ഇടയില്‍ അല്പ ദേഷ്യഭാവത്തില്‍ പറഞ്ഞു: ഞാന്‍ ഇത്രയും പറഞ്ഞിട്ടും നിങ്ങള്‍ ശൈഖുല്‍ ഹിന്ദിനെ അറിയിച്ചില്ലല്ലോ.? അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: ഇവിടെ ശൈഖുല്‍ ഹിന്ദ് എന്നൊരാളില്ല. മഹ്മൂദുല്‍ ഹസന്‍ എന്നയാള്‍ ഞാനാണ്. ഇതുകേട്ട മൗലാനാ മുഈനുദ്ദീന്‍ അജ്മീരിയുടെ കാര്യം പറയേണ്ടതില്ലല്ലോ.? ഇത്രയും എനിക്ക് സേവനം ചെയ്തയാളും ഞാന്‍ ദേഷ്യ ഭാവത്തില്‍ സംസാരിച്ചയാളും യഥാര്‍ത്ഥത്തില്‍ ശൈഖുല്‍ ഹിന്ദ് ആയിരുന്നല്ലോ എന്നോര്‍ത്ത് അദ്ദേഹം ലജ്ജിച്ചു.
നോക്കൂ.. ആത്മീയതയുടെ അത്യുന്നത ശ്രേണികളിലേറിയ ഈ മഹത്തുക്കളുടെ വ്യക്തി പ്രഭാവത്തിന്‍റെ പിന്നിലെ രഹസ്യം ഇത്തരം അത്യുന്നത ഗുണങ്ങളായിരുന്നു. സ്വന്തത്തെ അവര്‍ ചെറുതാക്കി കണ്ടപ്പോള്‍ അല്ലാഹു അവരെ മഹത്വത്തിന്‍റെ ഉത്തുംഗതിയിലെത്തിച്ചു. ആര് അല്ലാഹുവിന് വേണ്ടി താഴുന്നുവോ, അല്ലാഹു അവരെ ഉയര്‍ത്തും. സംശയമില്ല.!
🔚🔚🔚🔚🔚🔚🔚🔚
ദുആ ഇരന്നുകൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment