വിജ്ഞാനം: യഥാര്‍ത്ഥ ഉറവിടം വഹ് യ് ആണ്.!
-ഹാഫിസ് മുസ്സമ്മില്‍ കൗസരി ഖാസിമി
http://swahabainfo.blogspot.com/2018/01/blog-post_76.html?spref=tw
ആധുനികയുഗത്തിലെ ഏറ്റവും വലിയ ശക്തി ഇസ് ലാമാണ്. പ്രത്യയശാസ്ത്രങ്ങളുടെ വരട്ടുവാദങ്ങള്‍ കാലചരമം പ്രാപിച്ചു തുടങ്ങിയിട്ട് നാളേറെയായി. ബൗദ്ധിക രംഗത്ത് ഏറ്റവും വലിയ ചര്‍ച്ച ഇന്ന് അല്ലാഹുവിന്‍റെ ദീനാണ്. ഖുര്‍ആന്‍ മുറുകെപിടിക്കുവോളം നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കുമെന്ന അല്ലാഹുവിന്‍റെ വാഗ്ദാനം പുലരുന്നത് വിശ്വാസികള്‍ അതിന് സന്നദ്ധമാകുമ്പോഴാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ഏറ്റവും വലിയ ജിഹാദ് ഇലാഹിയായ സ്രോതസ്സുകളിലൂടെ ലഭിച്ച വിജ്ഞാനം ആഴത്തില്‍ ഗ്രഹിക്കുക എന്നതാണ്. അതിന്‍റെ ശരിയായ ഉറവിടം
വഹ് യ് ആണ്. ഉമ്മിയായ നബി എന്ന വിശേഷണത്തിലൂടെ അല്ലാഹുവിന്‍റെ റസൂലിന്‍റെ ഔന്നത്യം അറിയിക്കുന്നത് യഥാര്‍ത്ഥവിജ്ഞാനം വഹ് യിലൂടെ ലഭിക്കുന്നത് കൊണ്ടാണ്. വായിക്കുക എന്ന് പറഞ്ഞു തുടങ്ങിയ ഖുര്‍ആന്‍ വിജ്ഞാനം നേടാനാണ് കല്‍പ്പിച്ചത്. ഭൂമിയില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സമ്പാദ്യം വിജ്ഞാനമാണ്. നബിമാര്‍ക്കു ലഭിച്ച വലിയ സമ്പത്തും അതുതന്നെ. അങ്ങനെ അദ്ദേഹം (യൂസുഫ്) പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചപ്പോള്‍ അദ്ദേഹത്തിന് നാം യുക്തിബോധവും അറിവും നല്‍കി. (യൂസുഫ് - 22)
ദാവൂദിനും സുലൈമാനും നാം വിജ്ഞാനം നല്‍കി (നംല് - 15)
ഖസസ്:14, അല്‍കഹ്ഫ്: 65, അമ്പിയാ:74, 79 തുടങ്ങിയ വചനങ്ങളില്‍ വ്യത്യസ്ത പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയ സമ്പത്ത് ജ്ഞാനമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ഇസ് ലാമിന്‍െറ അടിസ്ഥാനം തന്നെ ഇല്‍മാണ്. അല്ലാഹു പറയുന്നു; ചോദിക്കുക, അറിവുളളവരും അറിവില്ലാത്തവരും സമമാകുമോ.?
ഈ ഉപമകള്‍ നാം മനുഷ്യര്‍ക്ക് വര്‍ണ്ണിച്ചുകൊടുക്കുന്നു. എന്നാല്‍, വിജ്ഞാനികളല്ലാതെ അതു മനസ്സിലാക്കുന്നില്ല.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഒരു ഗോത്രം മുഴുവന്‍ മരിക്കുന്നതാണ് ഒരു ആലിമിന്‍റെ മരണത്തെക്കാള്‍ ലാഘവം. (ത്വബ്റാനി)
ഒരു ഹദീസില്‍ വരുന്നു: വിജ്ഞാനി ഭൂമിയില്‍ അല്ലാഹുവിന്‍റെ വിശ്വസ്തനാണ്. (ഇബ്നു അബ്ദില്‍ ബര്‍റ്)
ഒരിക്കല്‍ അവിടുന്നു പറഞ്ഞു: ഒരു പണ്ഡിതന്‍ ആയിരം ആബിദിനെക്കാള്‍ പിശാചിന് പ്രയാസമുണ്ടാക്കുന്നവനാണ്. (തിര്‍മിദി)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: വിജ്ഞാനികള്‍ ധാരാളവും പ്രാസംഗികര്‍ കുറവും യാചകര്‍ കുറവും ദാനം നല്‍കുന്നവര്‍ കൂടുതലും ആയ ഒരു കാലക്രമത്തിലാണ് നിങ്ങള്‍ ഉളളത്. ഈ ഘട്ടത്തില്‍ കര്‍മ്മമാണ് അറിവിനെക്കാള്‍ ഉത്തമം. ഇനി ഇല്‍മുളളവര്‍ കുറവും പ്രാസംഗികന്മാര്‍ ധാരാളവും ദാനം നല്‍കുന്നവര്‍ കുറവും യാചകര്‍ ധാരാളവുമായ ഒരു കാലം വരും. അന്ന് അറിവാണ് കര്‍മ്മത്തെക്കാള്‍ ഉത്തമം. (ത്വബ്റാനി)
അലി (റ) പറയുന്നു: നോമ്പുകാരനും നമസ്കാരക്കാരനും യോദ്ധാവുമായ ആളെക്കാള്‍ ശ്രേഷ്ഠനാണ് ആലിം. ആലിം മരണമടഞ്ഞാല്‍ ഇസ്ലാമില്‍ ഒരു വിളളല്‍ സംഭവിക്കുന്നു. അവന്‍റെ പിന്‍ഗാമിയല്ലാതെ ആ വിളളല്‍ അടയ്ക്കുകയില്ല.
ഇമാം ഗസ്സാലി എഴുതുന്നു: മനുഷ്യന്‍ മനുഷ്യനായത് ശക്തികൊണ്ടല്ല. എന്തെന്നാല്‍, ഒട്ടകം അവനെക്കാള്‍ ശക്തിയുളള ജീവിയാണ്. വലിപ്പം കൊണ്ടുമല്ല. ആനയ്ക്ക് അവനെക്കാള്‍ വലിപ്പമുണ്ടല്ലോ.? ധീരതകൊണ്ടുമല്ല. സിംഹം അവനെക്കാള്‍ ധീരതയുളള ജന്തുവാണ്. തീറ്റ കൊണ്ടുമല്ല, കാളയ്ക്ക് അവനെക്കാള്‍ വലിയ വയറുണ്ട്. സംഭോഗം ചെയ്യാനുളള കഴിവുകൊണ്ടുമല്ല. കാരണം, ഏറ്റവും ചെറിയ കുരുവിയാണ് ഇണ ചേരുന്നതില്‍ മനുഷ്യനെക്കാള്‍ ശക്തന്‍. എന്നാല്‍ വിജ്ഞാനം അതൊന്നുകൊണ്ടു മാത്രമാണ്
മനുഷ്യന് പ്രത്യേകതയുണ്ടായത്. (ഇഹ് യാ ഉലൂമിദ്ദീന്‍)
ഇബ്നു മസ്ഊദ് (റ) പറയുന്നു: ഇല്‍മ് ലോകത്തു നിന്നും ഉയര്‍ത്തുന്നതിന് മുമ്പു തന്നെ നിങ്ങള്‍ അത് പഠിച്ചുകൊളളുക. അത് ഉയര്‍ത്തപ്പെടുന്നത് അതിന്‍റെ ആളുകള്‍ നാടു നീങ്ങുന്നതിലൂടെയാണ്. എന്‍റെ ആത്മാവ് ആരുടെ കൈവശമാണോ അവനെ തന്നെ സത്യം, രക്തസാക്ഷികളായി വധിക്കപ്പെട്ടവര്‍ വിജ്ഞാനിയുടെ മാന്യസ്ഥാനം കാണുമ്പോള്‍ തങ്ങളെ വിജ്ഞാനികളായി അല്ലാഹു പുനര്‍ജീവിപ്പിക്കാന്‍ അവര്‍ കൊതിക്കും. ആരും തന്നെ വിജ്ഞാനിയായിട്ട് പിറക്കുന്നില്ല; വിജ്ഞാനം ലഭിക്കുന്നത് അദ്ധ്യയനം കൊണ്ടത്രെ.! (ഇഹ് യ:)
ഈ വിജ്ഞാനം അമ്പിയാഇന്‍റെ അനന്തര സ്വത്താണ്. അതുകൊണ്ടുതന്നെ നബവീ വിജ്ഞാനം നേടിയവരുടെ പ്രവര്‍ത്തന മേഖല നബിമാരുടെ പ്രവര്‍ത്തന മേഖലയാണ്. പ്രവാചകന്മാരും മുത്തുനബിയും ദീനിന്‍റെ ഒരു ഭാഗത്തു മാത്രം പ്രവര്‍ത്തനത്തെ പരിമിതപ്പെടുത്തിയില്ല. അല്ലാഹുവിനെയല്ലാതെ ആരെയും ഭയപ്പെട്ടില്ല. ആരുടെ മുന്നിലും തങ്ങളെ പണയപ്പെടുത്തിയുമില്ല.
തിരുനബിയിലേക്ക് നോക്കുക. അവിടുന്ന് ദാറുല്‍ അര്‍ഖമിലെയും, മസ്ജിദുന്നബവിയിലെയും മറ്റും മുഅല്ലിമും മുദര്‍രിസുമാണ്. മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും ഇമാമാണ്. മസ്ജിദു ഖുബാഇലെയും, മസ്ജിദുന്നബവിയിലെയും ഖത്വീബാണ്. ബദ്റിലും ഖന്‍ദഖിലും സൈന്യാധിപനാണ്. ഉഹ്ദിലും ഹുനൈനിലും പടനായകനാണ്. ഇസ്ലാമിക രാഷ്ട്രത്തിന്‍റെ അധിപനും, ഖാദിയുമാണ്. അറഫയിലെയും മിനായിലെയും പൊതു പ്രഭാഷകനാണ്. മക്കയിലെയും മദീനയിലും മറ്റ് ദേശങ്ങളിലും ദാഇയാണ്. തന്‍റെ അനുയായികളുടെ മുസക്കിയാണ്.
ഇസ്ലാമിന്‍റെ ശത്രുക്കളുടെയും വേദഗ്രന്ഥത്തെ വികൃതമാക്കിയവരുടെയും പേടിസ്വപ്നമാണ്. അവിടുന്നു നന്മ കല്‍പിച്ചു. തിന്മ വിരോധിച്ചു. രാജാക്കന്മാരെയും നേതാക്കന്മാരെയും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ദേശമെത്തിച്ചു. ഇതര മതവിഭാഗങ്ങളുമായി സംവദിച്ചു. സമുദായ നന്‍മക്ക് വേണ്ടി സന്ധിയിലും കരാറിലും ഒപ്പിട്ടു. അഗതികള്‍ക്കും അനാഥകള്‍ക്കും ആലംബഹീനര്‍ക്കും അത്താണിയായി. കളളപ്രവാചകവാദിയെയും കപട വിശ്വാസികളെയും കൈകാര്യം ചെയ്തു. ജാഹിലിയത്തിനും പൈശാചികത്വത്തിനുമെതിരില്‍ പോരാടി. അന്നത്തെ ഏറ്റവും വലിയ മീഡിയയായ സാഹിത്യകാരുടെയും കവികളുടെയും ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ സമൂഹത്തെ സജ്ജമാക്കി. പരിധിലംഘിക്കാത്ത കലയും, സാഹിത്യവും പ്രോത്സാഹിപ്പിച്ചു. ഇങ്ങനെ ദീനിന്‍റെ ഇഖാമത്തിന് വേണ്ടിയുളള എല്ലാ മാര്‍ഗ്ഗങ്ങളിലും മുന്നണിപ്പോരാളിയായി.
ഇത് തന്നെയാണ് ഈ ഉമ്മത്തിലെ പൂര്‍വകാല പണ്ഡിതന്‍മാരുടെ മാതൃകയും അവരുടെ മാര്‍ഗ്ഗവും. കാരണം ഖുര്‍ആന്‍ പ്രവാചക (സ്വല്ലല്ലാഹു അലൈഹിവസല്ലം) ന്‍റെ മുഅ്ജിസത്തായതു പോലെ ഉലമാഉം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മുഅ്ജിസത്താണ്. ഇസ്ലാമിന്‍റെ നിലനില്‍പ്പിനുളള രണ്ട് അടിസ്ഥാന ഘടകങ്ങളാണ് വഹ് യിന്‍റെ ഇല്‍മും അതിന്‍റെ വാഹകരും. പതിനാല് നൂറ്റാണ്ടുകളുടെ ഇസ് ലാമിക ചരിത്രത്താളുകള്‍ മറിച്ചാല്‍ ഓരോ പ്രദേശത്തും ഓരോ നൂറ്റാണ്ടിലും വളരെ വ്യക്തമായി ഇത് ദര്‍ശിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇന്നും ഉലമാഇന്‍റെ മാര്‍ഗ്ഗം ഇത് തന്നെയാകണം. പകരം, പണ്ഡിതന്മാരെ മൗനികളാക്കുന്നതും ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതും ഉലമാഇനെ ശണ്ഡീകരിക്കലാണ്. അതാണ് ഇസ് ലാമിന്‍റെ ശത്രുക്കള്‍ ആഗ്രഹിക്കുന്നതും. അതു തിരിച്ചറിയാന്‍ സമുദായത്തിനും ഉലമാഇനും കഴിയേണ്ടതുണ്ട്. ഈ തിരിച്ചറിവാണ് ഇസ് ലാമിന്‍റെ നിലനില്‍പ്പിനാധാരം.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment