Friday, January 12, 2018

അഹ് ലുസ്സുന്നയുടെയും ശീആ ഇമാമിയ്യയുടെയും പരസ്പര വിരുദ്ധമായ വീക്ഷണങ്ങള്‍.! അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


അഹ് ലുസ്സുന്നയുടെയും
ശീആ ഇമാമിയ്യയുടെയും
പരസ്പര വിരുദ്ധമായ വീക്ഷണങ്ങള്‍.!
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/01/blog-post_95.html?spref=tw

ഇസ് ലാമിന്‍റെ പ്രഥമവും മാതൃകാപരവുമായ കാലഘട്ടം എങ്ങനെയായിരുന്നു.? അല്ലാഹുവിന്‍റെ ഏറ്റവും ഉന്നതനും അവസാന ദൂതനുമായ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ശിക്ഷണ ശീലനങ്ങളുടെ കാര്‍മ്മികഫലങ്ങള്‍ എന്തെല്ലാമായിരുന്നു.? മുഹമ്മദീ നുബുവ്വത്തിന്‍റെ മടിത്തട്ടിലും രിസാലത്തിന്‍റെ തുണിത്തുമ്പിലുമായി സംസ്കരണത്തിന് സൗഭാഗ്യം സിദ്ധിച്ച ജനങ്ങളുടെ ജീവിത രീതികളും സ്വഭാവങ്ങളും എന്തെല്ലാമായിരുന്നു.? സാമുദായിക-വംശീയ-ഗോത്ര-ഭരണകൂടങ്ങളുടെ സ്ഥാപകരുടെയും അധികാര മോഹികളുടെയും അവസ്ഥകളില്‍ നിന്നും അവര്‍ക്ക് വല്ല വ്യത്യാസവും ഉണ്ടായിരുന്നോ.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കുടുംബത്തിന്‍റെ വിഷയത്തില്‍ സ്വയം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യും, പരിശുദ്ധവും അനുഗ്രഹീതവുമായ പ്രവാചക വ്യക്തിത്വത്തെ പ്രയോജനപ്പെടുത്തുന്ന വിഷയത്തില്‍ കുടുംബത്തിന്‍റെയും കാഴ്ചപ്പാട് എന്തായിരുന്നു.? ദീനീ പ്രബോധനം നടത്തുന്നതിന് സത്യസന്ധമായ കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നതിലും കാര്യങ്ങള്‍ ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്നതിനും പ്രവാചക കുടുംബത്തിന്‍റെ -അഹ്ലു ബൈത്തിന്‍റെ- മാതൃക എപ്രകാരമായിരുന്നു.? നബവീ സംസ്കരണങ്ങള്‍ക്ക് സൗഭാഗ്യം സിദ്ധിച്ച പ്രഥമ മുസ്ലിംകളില്‍ പ്രവാചകത്വത്തിന്‍റെ നേരിട്ടുള്ള സഹവാസം ലഭിക്കുകയും, സഹവാസം ലഭിച്ച സ്വഹാബികളും, കുടുംബ ബന്ധമുള്ള അഹ് ലുബൈത്തും ഉണ്ടായിരുന്നു. ഈ രണ്ട് വിഭാഗങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധം എങ്ങനെയായിരുന്നു.? പ്രസ്തുത മാതൃകാ യുഗത്തില്‍ അധികാര-നേതൃത്വങ്ങള്‍ കൈയ്യില്‍ വന്ന ഖുലഫാഉര്‍റാഷിദൂനിന്‍റെയും സച്ചരിതരായ പ്രവാചക ഉത്തരാധികാരികളുടെയും ജീവിതം എങ്ങനെയായിരുന്നു.? സുഖ-സൗകര്യങ്ങളുടെയും വിജയ-മുന്നേറ്റങ്ങളുടെയും വിശാലമായ സാധ്യതകളും പരിധിയില്ലാത്ത അധികാരങ്ങളും ഉള്ളതിനോട് കൂടി വ്യക്തിപരവും കുടുംബപരവുമായ ജീവിത മേഖലകളില്‍ അവരുടെ ജീവിത രീതികള്‍ എന്തെല്ലാമായിരുന്നു? പ്രവിശാലമായ ഭരണകൂടത്തില്‍ പടച്ചവന്‍റെ പടപ്പുകളോട് അവര്‍ എങ്ങനെ അനുവര്‍ത്തിച്ചുവെന്നാണ് ആധികാരിക ചരിത്ര രേഖകള്‍ വിവരിച്ചുതരുന്നത്.? ഈ ദീനിന്‍റെ അടിസ്ഥാനമായ വിശുദ്ധ വേദഗ്രന്ഥത്തിന്‍റെ സത്യതയുടെയും സുരക്ഷിതത്വത്തിന്‍റെയും യാഥാര്‍ത്ഥ്യം എന്താണ്.?
ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരവും അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്നതുമായ ചില സുപ്രധാന ചോദ്യങ്ങളാണ് ഇവ. എന്നാല്‍ അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്തും ശീആ ഇസ്നാഅശരിയ്യ ഇമാമിയ്യയും ഇതിന് പരസ്പര വിരുദ്ധമായ രണ്ട് തരം മറുപടികളാണ് നല്‍കപ്പെട്ടിട്ടുള്ളത്. ഈ രണ്ട് വിഭാഗങ്ങളുടെയും മറുപടികളിലൂടെ ഒരുത്തിരിഞ്ഞുവരുന്ന  ചിത്രങ്ങള്‍ക്കിടയില്‍ യാതൊരു യോജിപ്പും ഇല്ല തന്നെ.!
പരിശുദ്ധ ഖുര്‍ആനിന്‍റെയും തിരുസുന്നത്തിന്‍റെയും വ്യക്തമായ വചനങ്ങളുടെ വെളിച്ചത്തിലും ആധികാരികമായ ചരിത്ര സാക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലും അഹ്ലുസ്സുന്നത്ത് പറയുന്നു: ഇസ്ലാമിന്‍റെ സുദീര്‍ഘമായ കാലഘട്ടത്തിലെ ഏറ്റവും മാതൃകാപരവും സമുന്നതവുമായ കാലഘട്ടം പ്രഥമ യുഗങ്ങളാണ്. അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നുമുള്ള ദൂതന്മാരില്‍ അത്യുന്നതനും അവസാന വ്യക്തിത്വവുമായ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രബോധന - സംസ്കരണ - വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ അത്യുജ്ജ്വലമായ വിജയം വരിക്കുകയുണ്ടായി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അനുഗ്രഹീതവും സര്‍വ്വ സമ്പൂര്‍ണ്ണവുമായ സംസ്കരണത്തിന് സൗഭാഗ്യം സിദ്ധിച്ച സ്വഹാബാ മഹത്തുക്കള്‍ നന്മ നിറഞ്ഞ മനസ്സും ആഴമേറിയ അറിവും പ്രകടനം കുറഞ്ഞ പ്രവര്‍ത്തനങ്ങളും ഉള്ളവരായി മാറി. ഒരു ഭാഗത്ത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വളരെ ലളിത ജീവിതം നയിക്കുകയും കുടുംബത്തെ അതില്‍ പരിശീലിപ്പിക്കുകയും ചെയ്തു. മറുഭാഗത്ത് പ്രവാചക കുടുംബം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അനുഗ്രഹീത വ്യക്തിത്വത്തെ മുതലെടുക്കുന്ന വിഷയത്തില്‍ വലിയ സൂക്ഷ്മത പുലര്‍ത്തുകയും എല്ലാ കാലത്തും നന്മകളുടെ നായകത്വം നിര്‍വ്വഹിച്ചതിനോടൊപ്പം അധികാര സ്ഥാനങ്ങളില്‍ നിന്നും അകന്നുകഴിയുകയും ചെയ്തിരുന്നു. ദീനീ പ്രബോധനത്തില്‍ മുഴുകുകയും സത്യവാക്യം ഉയര്‍ത്തിപ്പിടിക്കുകയും ഉന്നത മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുകയും ചെയ്തിരുന്നു. മഹാന്മാരായ സ്വഹാബാ കിറാമിന്‍റെയും അനുഗ്രഹീത അഹ്ലുബൈത്തിന്‍റെയും ഇടയിലുള്ള ബന്ധം അത്യന്തം സുന്ദരവും സൂക്ഷ്മവുമായിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സര്‍വ്വസമ്പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൂടെ നിലവില്‍ വന്ന സമുദായം ലോക ചരിത്രത്തില്‍ തന്നെ തുല്യത ഇല്ലാത്തവരാണ്. വിശിഷ്യാ പ്രഥമ യുഗത്തില്‍ അധികാരവും നേതൃത്വവും കൈയ്യാളിയ സച്ചരിത ഖലീഫമാരുടെ ജീവിതം അത്യന്തം ലളിതവും ഭയഭക്തി നിറഞ്ഞതുമായിരുന്നു. അല്ലാഹുവിന്‍റെ അന്തിമ ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആന്‍, ജിബ്രീല്‍ അമീനിലൂടെ അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുമനസ്സിലേക്ക് അവതീര്‍ണ്ണമായി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അത് സ്വഹാബികള്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയും അന്നുമുതല്‍ ഇന്നുവരെ തലമുറകള്‍ കൈമാറി പരിപൂര്‍ണ്ണ സൂക്ഷ്മതയോടെ നിലകൊള്ളുകയും ചെയ്യുന്നു. ഇസ്ലാമിക പ്രമാണങ്ങള്‍ മാത്രമല്ല ധാരാളം അമുസ്ലിം പണ്ഡിതരുടെയും ഗവേഷകരുടെയും പ്രസ്താവനകള്‍ ശരിവെക്കുകയും അവക്രവും സംശുദ്ധവുമായ ബുദ്ധി സമ്മതിച്ചുപറയുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഈ കാര്യങ്ങള്‍. (വിവരണത്തിന്:   ലേഖകന്‍റെ സൂറത്താനി മുതളാദ്ദത്താനി നോക്കുക).
മറുഭാഗത്ത് ശീആ ഇമാമിയ്യ ഇസ്നാഅശരിയ്യാ വിഭാഗത്തിന്‍റെ വിശ്വാസ-വീക്ഷണങ്ങളും പ്രസ്താവന-പ്രചാരണങ്ങളും ഇതിന് നേരെ വിരുദ്ധമാണ്. അവര്‍ പറയുന്നു: ഇസ്ലാമിന്‍റെ പ്രഥമ യുഗത്തില്‍ ഉള്ളവര്‍ മഹാമോശമായിരുന്നു. മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രവര്‍ത്തന ഫലമായി ഇസ്ലാം സ്വീകരിച്ചവരില്‍ അംഗുലീ പരിമിതമായ ചിലര്‍ ഒഴികെ മറ്റെല്ലാവരും മതഭ്രഷ്ടരായി. അവര്‍ വംശീയ-കുടുംബ-സ്ഥാനമോഹികളും പരസ്പരം പോരടിച്ചവരും ശത്രുക്കളുമായിരുന്നു. വിശിഷ്യാ അവരില്‍ പ്രഥമമായി അധികാരികളായവര്‍ കടുത്ത കപടന്മാരും നിഷേധികളുമായിരുന്നു. അവരിലൂടെ ലഭിച്ച ഖുര്‍ആനിനിന് സുരക്ഷിതത്വവും സത്യസന്ധതയും ഇല്ല തന്നെ. ശീആകളുടെ പ്രസിദ്ധീകരിക്കപ്പെട്ട രചനകളും പ്രസ്താവനകളും പ്രചാരണങ്ങളും വിളിച്ചുപറയുന്ന കാര്യങ്ങളാണ് ഇവകള്‍.!
ഇത്തരുണത്തില്‍, ഈ രണ്ട് വീക്ഷണങ്ങളില്‍ ഏതാണ് മുഴുവന്‍ ലോകത്തെയും കാരുണ്യവും സന്മാര്‍ഗ്ഗവുമായി അയക്കപ്പെട്ട മതത്തിന് യോജിച്ചതെന്ന് അല്ലാഹു സംശുദ്ധ ബുദ്ധിയും നീതിയുടെ അംശവും മാനവ ചരിത്രത്തെക്കുറിച്ചുള്ള അറിവും നല്‍കിയ ഓരോരുത്തര്‍ക്കും വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. അതെ, ഇസ്ലാമിക സന്ദേശങ്ങള്‍ ഏതെങ്കിലും ഒരു കാലത്തേക്കോ സ്ഥലത്തേക്കോ മാത്രമുള്ളതല്ലെന്നും എങ്ങും എന്നും നിലനില്‍ക്കുന്നതും സമുന്നത ഫലങ്ങള്‍ ഉളവാക്കുന്നതും ആണെന്നും ന്യായമായും നാം വാദിക്കുന്നു. ഇസ്ലാമിന്‍റെ പ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെയും സ്വഹാബത്തിന്‍റെയും പരിശ്രമം ഏറ്റവും വലിയ വിജയം വരിച്ചതും അവരുടെ കാലഘട്ടം ഭൂമുഖത്ത് കഴിഞ്ഞുകടന്ന കാലഘട്ടങ്ങളില്‍ ഐശ്വര്യപൂര്‍ണ്ണമായിരുന്നുവെന്നും രേഖകളും ബുദ്ധിയും വിളിച്ചുപറയുന്നു. അതെ, ആഹാര-പാനീയങ്ങള്‍, സുഖാഢംബരങ്ങള്‍, സാമുദായിക-കുടുംബ-വ്യക്തി താല്‍പ്പര്യങ്ങള്‍, ഇവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെയും അധികാരം ലഭിച്ച ശേഷം തനിക്കും   സ്വന്തക്കാര്‍ക്കും എല്ലാം വെട്ടിപ്പിടിക്കുന്ന ഭരണങ്ങളുടെയും ചരിത്രങ്ങള്‍ക്കിടയില്‍ ഈ കാലഘട്ടം വേറിട്ട് നില്‍ക്കുന്നു. ഇസ്ലാമിന്‍റെ പ്രഥമ യുഗത്തില്‍ ഏതാനും വ്യക്തികളല്ല, മറിച്ച് സുന്ദരവും സമ്പൂര്‍ണ്ണവുമായ സാമൂഹിക വ്യവസ്ഥിതിയും നാഗരികതയും ഭരണവും ജീവിത രീതികളും നിലവില്‍ വന്നു. അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്നു അബ്ദില്‍ അസീസ് (റ) ന്‍റെ വാക്കുകളില്‍ അതിന്‍റെ ചിത്രം  ഇപ്രകാരമാണ്: അല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ മാര്‍ഗ്ഗദര്‍ശകനായിട്ടാണ്, പണം പിരിക്കുന്ന ആളായിട്ടല്ല അയച്ചത്. (കിത്താബുല്‍ ഖറാജ് ഇമാം അബൂയൂസുഫ്).
എന്നാല്‍ ഇതിന് നേരെ വിരുദ്ധമായ ഒരു ചിത്രമാണ് ശീആ ഇമാമിയ്യയുടെ വിശ്വാസ വിവരണങ്ങളിലൂടെ ഒരുത്തിരിഞ്ഞു വരുന്നത്. അവയുടെ വെളിച്ചത്തില്‍ ബുദ്ധിയും വിദ്യാഭ്യാസവും ഉള്ള ഒരു വ്യക്തി ഇപ്രകാരം ചോദിക്കുന്നത് തീര്‍ത്തും ന്യായമാണ്: ഇസ്ലാമിക പ്രബോധനത്തിന്‍റെ ഏറ്റവും വലിയ വ്യക്തിത്വത്തിന് അതിന്‍റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ പോലും മാതൃകാപരമായ ഒരു പരിവര്‍ത്തനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍, പ്രവാചകന്‍റെ കണ്ണുകള്‍ അടഞ്ഞ പാടെ കൂട്ടുകാര്‍ എല്ലാവരും തിരിഞ്ഞു പോയെങ്കില്‍, ഈ മതത്തിനും പ്രബോധനത്തിനും മനുഷ്യമനസ്സുകളെ സംസ്കരിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്.? മനുഷ്യനെ മൃഗീയതയുടെ അടിത്തട്ടില്‍ നിന്നും ഉയര്‍ത്തി മാനവികതയുടെ ഔന്നിത്യത്തില്‍ എത്തിക്കാന്‍ ഇതിന് എന്ത് കഴിവാണുള്ളത്.? നാമൊന്ന് സങ്കല്‍പ്പിക്കുക: ഒരു മുസ്ലിം പ്രതിനിധി പാശ്ചാത്യ ലോകത്തെ ഏതെങ്കിലും കേന്ദ്ര സ്ഥാനത്ത് ഇസ്ലാമിന്‍റെ മഹത്വത്തെക്കുറിച്ച് മാസ്മരിക പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ശീആ ഇസ്നാഅശരികളുടെ പുസ്തകങ്ങള്‍  വായിച്ചിട്ടുള്ള ഒരു വ്യക്തി എഴുന്നേറ്റ് നിന്ന് പ്രസംഗത്തെ തടഞ്ഞുകൊണ്ട് ചോദിക്കുന്നു: നിങ്ങള്‍ ആദ്യം സ്വന്തം വീടിന്‍റെ കാര്യം നോക്കുക. സ്വന്തക്കാരെ നന്നാക്കിയതിന് ശേഷം വന്ന് പ്രസംഗിക്കുക. നിങ്ങളുടെ പ്രവാചകന്‍ 23 വര്‍ഷം കഠിനമായി ത്യാഗം ചെയ്തിട്ടും നാല് - അഞ്ച് പേര്‍ മാത്രമാണ് അദ്ദേഹത്തിന് ശേഷം നേര്‍മാര്‍ഗ്ഗത്തില്‍ ഉറച്ച് നിന്നത്. നിങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് ഇസ്ലാമിക പ്രബോധനം നടത്തുന്നത്? മുസ്ലിംകളുടെ സ്ഥിരചിത്തതക്ക് എന്ത് ഉറപ്പാണ് ഉള്ളത്? ഇങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ നമുക്ക് വല്ലമറുപടിയും പറയാന്‍ സാധിക്കുമോ?
സുന്നീ-ശീആ ഭിന്നതക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും പില്‍ക്കാലത്ത് ഓരോ വിഭാഗവും അവരവരുടെ മേഖലയില്‍ ഒതുങ്ങിക്കഴിയുന്ന ഒരു അവസ്ഥ സംജാതമായിരുന്നു. എന്നാല്‍ 1970-കളില്‍ ആയത്തുല്ലാ റൂഹുല്ലാ ഖുമൈനി ഇറാനില്‍ ഇസ്ലാമിക വിപ്ലവത്തിന് ആഹ്വാനം നടത്തി. പഹ്ലവി രാജ വംശത്തെ മറിച്ചിട്ട്  സ്വന്തവാദം അനുസരിച്ച് ഇസ്ലാമിക ഭരണം സ്ഥാപിച്ചപ്പോള്‍ അദ്ദേഹം ശീആ-സുന്നി തര്‍ക്കങ്ങളുടെ പഴയെ അദ്ധ്യായങ്ങള്‍ തുറക്കുകയില്ലെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ ഇമാമിയ്യ വിശ്വാസം ഉപേക്ഷിക്കാന്‍ കഴിയില്ലെങ്കിലും കുറഞ്ഞപക്ഷം അതിനെ പ്രകടിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്യുമെന്ന് പ്രത്യാശിച്ചിരുന്നു. വിശാലവും ശക്തവുമായ ഭരണ കൂടത്തെ തീപ്പൊരി പ്രസംഗങ്ങളിലൂടെയും ധീരമായ സമീപനങ്ങളിലൂടെയും മറിച്ചിട്ട ഖുമൈനി സാഹിബ് മുസ്ലിം ഐക്യത്തിനുവേണ്ടി അദ്ദേഹത്തിന്‍റെ ആഴമേറിയ ചിന്താ പഠനങ്ങളുടെ വെളിച്ചത്തില്‍ ഇപ്രകാരം ഒരു പ്രസ്താവന നടത്തുമെന്ന് ഞങ്ങള്‍ ആശിച്ചു: ശീആ വിശ്വാസങ്ങള്‍ ഇസ്ലാമിന്‍റെ അടിവേരുകള്‍ക്ക് കത്തിവെക്കുന്നതും ലോകത്തിന് മുന്നില്‍ നാണം കെടുത്തുന്നതും പ്രബോധനത്തിന്‍റെ പാതയില്‍ കടുത്ത തടസ്സം സൃഷ്ടിക്കുന്നതുമാണ്. നൂറ്റാണ്ടുകള്‍    നിലനിന്ന ഇറാനിയന്‍ സാമ്രാജ്യത്വത്തിന്‍റെ തകര്‍ച്ചയുടെ പ്രതികാരമെന്നോണം സ്വഹാബത്തിന്‍റെ കാലഘട്ടത്തില്‍ തന്നെ ഒരു മുസ്ലിം ശത്രു നടത്തിയ ഗൂഢോലോചനയുടെയും കുതന്ത്രങ്ങളുടെയും ഫലമായിട്ടാണ് ഈ വിശ്വാസങ്ങള്‍ ഉണ്ടായിത്തീര്‍ന്നത്. ഇപ്പോള്‍ ഈ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കേണ്ട യതൊരു ആവശ്യവും അവസരവും ഇല്ല. ആകയാല്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനും മുസ്ലിം രാഷ്ട്രങ്ങളുടെ അവസ്ഥ നന്നാക്കുന്നതിനും മുസ്ലിം സമൂഹത്തിലെ തിന്മകള്‍ ഇല്ലാതാക്കുന്നതിനും ഗതകാല ഭിന്നതകളും വീക്ഷണങ്ങളും മാറ്റിവെച്ച് സുന്ദരമായ പുതിയൊരു പ്രയാണം ആരംഭിക്കുക! ന്യായമായും ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ഇത്തരം ഒരു പ്രസ്താവനയും നീക്കവും ആഗ്രഹിച്ചിരുന്നു.
പക്ഷേ എല്ലാവിധ പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും തെറ്റിച്ചുകൊണ്ടാണ് പിന്നീട് അദ്ദേഹവും കൂട്ടരും നീങ്ങിയത്. അദ്ദേഹം തന്നെ വിവിധ രചനകളിലൂടെ വളരെ വ്യക്തമായി ശീആ വിശ്വാസങ്ങള്‍ പ്രകടിപ്പിച്ചു. അദ്ദേഹത്തിന്‍റെ അനുയായികള്‍ അവകളെ ശക്തിയുക്തം പ്രചണ്ഡമായി പ്രചരിപ്പിക്കുകയും ചെയ്തു. അല്‍ ഹുകൂമത്തുല്‍ ഇസ്ലാമിയ്യ (ഇസ്ലാമിക ഗവണ്‍മെന്‍റ്) എന്ന പുസ്തകത്തില്‍ ഖുമൈനി അവരുടെ അടിസ്ഥാന വിശ്വാസമായ ഇമാമത്തിനെയും ഇമാമുകളെയും കുറിച്ചുള്ള ശീആ വിശ്വാസങ്ങള്‍ വ്യക്തമായി പ്രഖ്യാപിച്ചു. ശീആക്കളുടെ വിശ്വാസത്തില്‍ ഇമാമുകള്‍ക്ക് പ്രവാചത്വത്തേക്കാളും ഉയര്‍ന്ന ദൈവികതയുടെ സ്ഥാനമാണുള്ളത്. ഇമാമുകള്‍, നബിമാര്‍-മുര്‍സലുകള്‍-മലക്കുകളേക്കാള്‍ ഉന്നതരാണ്. പ്രപഞ്ചം മുഴുവനും അവരുടെ അധികാര മണ്ഡലമാണ്. അവര്‍ ആകൂ എന്ന് പറഞ്ഞാല്‍ കാര്യം ഉണ്ടായിത്തീരും. (അല്‍ഹുകൂമ 56). അദ്ദേഹത്തിന്‍റെ മറ്റൊരു രചനയായ കഷ്ഫുല്‍ അസ്റാരില്‍ മഹാന്മാരായ സ്വഹാബത്തിനെ വിശിഷ്യാ, പ്രഥമ മൂന്ന് ഖലീഫമാരെ വിമര്‍ശിക്കുക മാത്രമല്ല കടുത്ത ഭാഷയില്‍ അസഭ്യം പറയുകയും ഭര്‍സിക്കുകയും ചെയ്തിട്ടുണ്ട്. വഴികെട്ടവരും വഴികെടുത്തുന്നവരും മഹാ തെമ്മാടികളും ഗൂഢാലോചന-കുതന്ത്രങ്ങളുടെ വക്താക്കള്‍ക്കും ഉപയോഗിക്കുന്ന വാക്കുകളാണ് അവരെക്കുറിച്ച് അതില്‍ പറഞ്ഞിരിക്കുന്നത്. (കഷ്ഫുല്‍ അസ്റാര്‍ 113-114). ഇതൊന്നും രഹസ്യസന്ദേശങ്ങളോ സ്വകാര്യ കത്തുകളോ അല്ല,   പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളാണ്. അദ്ദേഹത്തിന്‍റെ അനുയായികള്‍ ലോകം മുഴുവന്‍ ഇവ പ്രചരിപ്പിക്കുകയും ചെയ്തു.
ഖുമൈനി സാഹിബിന്‍റെ ഈ രണ്ട് കാര്യങ്ങള്‍ (ഇമാമത്ത്  വിശ്വാസവും സ്വഹാബത്തിന്‍റെ മേലുള്ള ശകാരവും) മറഞ്ഞുകിടക്കുന്ന കാര്യങ്ങളല്ല. ഇതുമായി ബന്ധപ്പെട്ട രചനകള്‍ ലക്ഷക്കണക്കിന് കോപ്പികളിലാലയി വിവിധ ഭാഷകളില്‍ പ്രചരിപ്പിക്കപ്പെട്ടു. ലോകം     മുഴുവന്‍ ഇതിന്‍റെ പ്രബോധകന്മാര്‍ പ്രവര്‍ത്തിക്കുകയും അഹ്ലുസ്സുന്നയില്‍തന്നെ പെട്ട ധാരാളം ആളുകളെ വഴി തെറ്റിക്കുകയും ചെയ്തു. തുടക്കത്തില്‍ ശീആകളുടെ ഈ പ്രവര്‍ത്തനങ്ങള്‍          കുറഞ്ഞപക്ഷം മുസ്ലിംകളില്‍ ഭൂരിപക്ഷമുള്ള അഹ്ലുസ്സുന്നയില്‍ വലിയ കുഴപ്പമൊന്നും ഉണ്ടാക്കില്ലെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ സുന്നികളായ ധാരാളം ആളുകള്‍ ശീആകളുടെ വിശ്വാസ-വീക്ഷണങ്ങള്‍ സ്വീകരിക്കുക മാത്രമല്ല പലരും വളരെയധികം സ്നേഹിക്കുകയും വിമര്‍ശനത്തിന്‍റെ ഒരു വാചകം പോലും സഹിക്കാന്‍ കഴിയാത്ത നിലയില്‍ പക്ഷപാതികളായി മാറുകയും ചെയ്യുന്ന ദു:ഖകരമായ കാഴ്ച വിവിധ സ്ഥലങ്ങളില്‍ കാണപ്പെട്ടു. അത്യന്തം ദു:ഖകരമായ ഈ കാഴ്ച രണ്ട് കാര്യങ്ങള്‍ വ്യക്തമായി വിളിച്ചു പറഞ്ഞു. 1) ധാരാളം സംഘടനകളില്‍ പ്രശംസയുടെയും നൃശംസയുടെയും സ്വീകാര്യതയുടെയും അസ്വീകാര്യതയുടെയും അടിസ്ഥാനം, ഖുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ   വീക്ഷണങ്ങളും വിശ്വാസ വിശുദ്ധിയുമല്ല. ഇസ്ലാമിന്‍റെ പേരില്‍ ശക്തി പ്രകടനം നടത്തലും ഭരണകൂടം സ്ഥാപിക്കലും പാശ്ചാത്യ ശക്തികളെ വെല്ലുവിളിക്കലും പ്രശ്നങ്ങള്‍ ഉണ്ടാക്കലുമാണ് ഒരു വ്യക്തിയുടെ നേതൃത്വത്തിന്‍റെയും മാതൃകാ വ്യക്തിത്വത്തിന്‍റെയും അടിസ്ഥാനം. 2) വിശ്വാസ-ആദര്‍ശങ്ങളുടെ പ്രാധാന്യം വിദ്യാസമ്പന്നരായ പൊതുതലമുറയില്‍ അപകടകരമായ നിലയില്‍ കുറഞ്ഞിരിക്കുന്നു. ഇത് അത്യന്തം ചിന്തനീയമായ കാര്യമാണ്. നബിമാരുടെയും നബിമാര്‍ അല്ലാത്തവരുടെയും പ്രബോധന-ത്യാഗ-പരിശ്രമങ്ങളുടെ ഇടയിലുള്ള വിവേചന രേഖ, വിശ്വാസ ആദര്‍ശമാണ്. ഈ വിഷയത്തില്‍ നബിമാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിട്ടില്ല. അവരുടെ അരികില്‍ ഇഷ്ടത്തിന്‍റെയും അനിഷ്ടത്തിന്‍റെയും മാനദണ്ഡം വിശ്വാസം മാത്രമായിരുന്നു. (വിവരണത്തിന് ലേഖകന്‍റെ രചന ദസ്തൂറെ ഹയാത്ത് -മുഫക്കിറുല്‍ ഇസ്ലാം ഫൗണ്ടേഷന്‍ കോഴിക്കോട്- വായിക്കുക.) മുസ്ലിംകളില്‍ നിരവധി ബലഹീനതകളും കുഴപ്പങ്ങളും ഉണ്ടായിരുന്നിട്ടും ഈ ദീന്‍ ഇന്നുവരെയും തനതായ രൂപത്തില്‍ നിലകൊള്ളുന്നത് മുന്‍ഗാമികളുടെ വിശ്വാസ വിഷയത്തിലുള്ള അടിയുറപ്പും രോഷവും കാരണമായി മാത്രമാണ്. ഈ വിഷയത്തില്‍ അവര്‍ അതിശക്തരായ ഭരണകൂടങ്ങളെയും വിശാലമായ ശക്തികളെയും അല്‍പ്പവും വകവെച്ചില്ല. ഇമാം അഹ്മദുബ്നു ഹമ്പല്‍ (റ) (ഹി: 241) മുജദ്ദിദ് അല്‍ഫ്ഥാനി (റ) (ഹി: 1034), മുതലായവരുടെ ചരിത്രങ്ങള്‍ ഇതിന് മാതൃകയാണ്. (വായിക്കുക: രിജാലുല്‍ ഫിക്രി വദ്ദഅ്വ). ഇവരുടെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളിലൂടെ അല്ലാഹു നന്മയിലേക്ക് തിരിച്ചുവിടുകയുണ്ടായി.
🔚🔚🔚🔚🔚🔚🔚🔚
ദുആ ഇരന്നുകൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...