Saturday, January 6, 2018

ഉണരുക, ഉണര്‍ത്തുക.! -ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്


ഉണരുക, ഉണര്‍ത്തുക.! 
-ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് 
http://swahabainfo.blogspot.com/2018/01/blog-post_6.html?spref=tw

അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹത്താല്‍, അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥവും അന്ത്യപ്രവാചകന്‍
മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ചര്യയും വഹിക്കുന്ന ഉത്തമ സമുദായമാണ്
നാം മുസ് ലിംകള്‍.! പരിപൂര്‍ണമായ നിലയില്‍ മനുഷ്യപ്രകൃതിക്ക് ഇണങ്ങിയതും മനുഷ്യാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതും ബുദ്ധിയുടെ പ്രേരണയ്ക്ക് അനുസൃതവുമായ ഒരു ശരീഅത്ത് (ജീവിത വ്യവസ്ഥിതി) അല്ലാഹു നമുക്ക് കനിഞ്ഞരുളിയിരിക്കുന്നു. ഈ സമുദായത്തെ ഇതര ജനങ്ങളില്‍ നിന്നു വേര്‍തിരിക്കുന്ന ഒരു ഉന്നത അനുഗ്രഹമാണിത്. എന്നാല്‍ ഇതേ അടിസ്ഥാനത്തില്‍ തന്നെ നമ്മുടെ മേല്‍ ചില കടമകള്‍കൂടി ഉണ്ടെന്നുള്ള കാര്യം നാം ഉണരേണ്ടിയിരിക്കുന്നു.
നമ്മുടെ മുഴുവന്‍ ജീവിതത്തെയും ഇസ് ലാമിക ശരീഅത്തിന് അനുസൃതമാക്കണം. വിശ്വാസവും ആരാധനയും മുതല്‍ സാമ്പത്തിക ഇടപാടുകളും ജനങ്ങളോടുള്ള ബന്ധങ്ങളും മാത്രമല്ല, ജീവിതത്തിന്‍റെ സര്‍വ്വമേഖലകളിലും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധി-വിലക്കുകള്‍ നാം പാലിക്കേണ്ടതാണ്. വിശിഷ്യാ, മുസ് ലിം പേഴ്സണല്‍ ലാ (വ്യക്തിനിയമം) എന്ന പേരില്‍ അറിയപ്പെടുന്ന കുടുംബജീവിതത്തിന്‍റെ വിഷയത്തില്‍ പരിപൂര്‍ണ സംതൃപ്തിയോടെയും താല്പര്യത്തോടെയും ശരീഅത്ത് നിയമങ്ങള്‍ പാലിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ വിവാഹ പരിപാടികള്‍ ലളിതമായിരിക്കണം. അനാവശ്യ ത്വലാഖുകള്‍ ഒഴിവാക്കണം. അല്ലാഹുവിന്‍റെ നിയമപ്രകാരം അനന്തരസ്വത്ത് വീതിക്കണം. മാതാപിതാക്കള്‍, ഇണകള്‍, സന്താനങ്ങള്‍ ഇവരോടുള്ള കടമകള്‍ ഇസ് ലാമിക അധ്യാപനങ്ങള്‍ അനുസരിച്ച് നിര്‍വ്വഹിക്കണം, വിശിഷ്യാ, ഇസ് ലാം അന്തസ്സിന്‍റെയും ആദരവിന്‍റെയും സ്ഥാനം നല്‍കിയിരിക്കുന്ന സ്ത്രീകളോട് സല്‍സ്വഭാവത്തോടെ വര്‍ത്തിക്കുക. അങ്ങനെ ഖുര്‍ആന്‍-ഹദീസുകളുടെ അടിത്തറയില്‍ നീതിയും ന്യായവും പരസ്പര സ്നേഹവും നിറഞ്ഞ ഒരു ഉത്തമ സമൂഹത്തിന്‍റെ സൃഷ്ടിപ്പിന് നാം ഒത്തൊരുമിച്ച് പരിശ്രമിക്കുക.
നാം തന്നെ നമ്മുടെ മേല്‍ ശരീഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുകയും കര്‍മ്മ ജീവിതത്തിലൂടെ ശരീഅത്തിനെ സംരക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ ഭരണകൂടങ്ങളും കോടതികളും ഈ നിയമങ്ങളെ സംരക്ഷിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയും.? അല്ലാഹു കല്‍പ്പിക്കുന്നു: "എന്തെങ്കിലും പ്രശ്നത്തില്‍ ഭിന്നതയും തര്‍ക്കവും ഉണ്ടായാല്‍ അല്ലാഹുവിലേക്കും റസൂലിലേക്കും മടങ്ങുക. അവിടെ നിന്ന് ഉണ്ടാകുന്ന തീരുമാനത്തെ സര്‍വ്വാത്മനാ സ്വീകരിക്കുക." റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യ്ക്ക് ശേഷം ഇതേ സ്ഥാനത്തുള്ളവരാണ് അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ഇഷ്ടത്തിനനുസരിച്ച് വിധിപറയുന്ന ഖാദിമാര്‍. ആകയാല്‍ നമ്മുടെ കുടുംബ സംബന്ധമായ പ്രശ്നങ്ങള്‍ ഖാദിമാരുടെ മുമ്പില്‍ സമര്‍പ്പിക്കുകയും ഖുര്‍ആന്‍-ഹദീസുകളുടെ അടിസ്ഥാനത്തില്‍ അവരെടുക്കുന്ന തീരുമാനത്തെ ഹൃദയംഗമായി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഈ തീരുമാനം ബാഹ്യമായി നമ്മുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കിലും ഈ തീരുമാനത്തെ നാം സ്വീകരിക്കേണ്ടതാണ്.
ഇത്തരം സന്ദര്‍ഭങ്ങള്‍ ഒരു പരീക്ഷണ ഘട്ടമാണ്. നമ്മുടെ ആഗ്രഹങ്ങള്‍ക്ക് എതിരായിട്ടാണെങ്കിലും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും തീരുമാനത്തിന് മുന്നില്‍ തല കുനിക്കലാണ് സമ്പൂര്‍ണ ഈമാനിന്‍റെ അടയാളം. ശരീഅത്ത് നമ്മോട് നടത്തുന്ന കല്പനയാണിത്. രാജ്യത്തെ നിയമം നമ്മെ ഇതില്‍ നിന്നും തടയുന്നതുമില്ല.
ഇസ് ലാമിക ശരീഅത്തിനോടൊപ്പം ഇസ് ലാമിക ചിഹ്നങ്ങളെ സംരക്ഷിക്കാന്‍ പരിശ്രമിക്കലും നമ്മുടെ മതപരമായ ബാധ്യതയാണ്. മസ്ജിദുകളും മദ്റസകളും നമ്മുടെ മതപരമായ നിലനില്‍പ്പിന്‍റെ പ്രകാശിക്കുന്ന അടയാളങ്ങളാണ്. മദ്റസകളുടെ സംവിധാനത്തില്‍ ബാഹ്യമായ ഒരു ഇടപെടലും നാം അനുവദിക്കുന്നതല്ല. മുസ് ലിം ഉമ്മത്തിന്‍റെ കര്‍ണ്ണ ഞരമ്പിന്‍റെ സ്ഥാനമാണ് മദ്റസകള്‍ക്കുള്ളത്. മതസാമൂഹ്യ മേഖലകളിലെ സര്‍വ്വ സേവനങ്ങള്‍ക്കും രക്തം നല്‍കപ്പെടുന്നത് മദ്റസകളില്‍ നിന്നുമാണ്. ആകയാല്‍ മദ്റസകളെ ശക്തിപ്പെടുത്താന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. സമുദായത്തിലെ മുഴുവന്‍ കുട്ടികളും വിദ്യാഭ്യാസം കരസ്ഥമാക്കാന്‍ നാം പരിശ്രമിക്കണം. അതോടൊപ്പം മുഴുവന്‍ കുട്ടികളും അടിസ്ഥാനപരമായ ദീനീവിജ്ഞാനം കരസ്ഥമാക്കിയിരിക്കാനും നാം ശ്രദ്ധിക്കണം.
വഖ്ഫ് സ്വത്തുക്കള്‍ ഉമ്മത്തിന്‍റെ ഒരു ഉന്നത സാമ്പത്തിക സ്രോതസ്സ് മാത്രമല്ല, തീര്‍ത്തും മതപരമായ ഒരു വിഷയവുമാണ്. അതുകൊണ്ട് വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നാം പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ആവശ്യാനുസൃതം നിയമനടപടികളുടെ അവകാശവും വിനിയോഗിക്കേണ്ടതാണ്. മുസ് ലിംകളും വഖ്ഫ് സ്വത്തുക്കളെ ആദരിക്കുന്നവരാകാന്‍ നാം ഉദ്ബോധിപ്പിക്കണം. കൂട്ടത്തില്‍ പൂര്‍വ്വിക മഹത്തുക്കളെപ്പോലെ പുതിയ വഖ്ഫുകള്‍ക്ക് മുന്നിട്ടിറങ്ങുവാനും പ്രേരിപ്പിക്കണം.
വ്യത്യസ്ത മതവിഭാഗങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്താണ് അല്ലാഹു നമ്മെ ജനിപ്പിച്ചത്. സഹോദര സമുദായാംഗങ്ങളില്‍ ബഹുഭൂരിഭാഗവും നീതി സ്നേഹികളും സത്യാന്വേഷകരുമാണെന്നതാണ് അനുഭവം. ന്യായമായ നിലയില്‍ വല്ലതും സമര്‍പ്പിക്കപ്പെട്ടാല്‍ അത് സ്വീകരിക്കാന്‍ സന്മനസ്സുള്ളവരുമാണ്. ആകയാല്‍ ഇസ് ലാമിന്‍റെ സുവ്യക്തമായ സന്ദേശങ്ങള്‍ അവര്‍ക്ക് എത്തിച്ചുകൊടുക്കലും തൗഹീദ് വിശ്വാസത്തെ വ്യക്തമാക്കലും മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മനുഷ്യ സ്നേഹം ഉണര്‍ത്തലും ഒരു പ്രബോധക സമുദായമെന്ന നിലയില്‍ നമ്മുടെ ബാധ്യതയാണ്. നാം ഈ ബാധ്യത നിര്‍വ്വഹിച്ചാല്‍ വാങ്ങാന്‍ മാത്രമുള്ള കൈകളല്ല, ദാനം കൊടുക്കാനുള്ള കൈകളും ഉള്ളവരും, സ്നേഹത്തിന്‍റെ വാഹകരും, മാനവരാശിക്ക് കാരുണ്യത്തിന്‍റെ തണലുകളുമായ ഒരു വിഭാഗമെന്ന നിലയില്‍ നാം അറിയപ്പെടുന്നതാണ്. ഇന്ത്യയില്‍ ഇന്ന് മുസ് ലിംകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഈ ബാധ്യതയില്‍ വരുത്തിയ വീഴ്ചകളുടെ പരിണിത ഫലമാണ്. ഇനിയും സമയമുണ്ട്. ആകയാല്‍ നാം നമ്മുടെ കടമകളെ സംബന്ധിച്ചു ഉണരുക. അല്ലാഹുവിന്‍റെ ദാസന്മാര്‍ക്ക് അവരുടെ സ്രഷ്ടാവിന്‍റെ യഥാര്‍ത്ഥ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ ശക്തിയുക്തം പരിശ്രമിക്കുക.
നമ്മുടെ ഏറ്റവും വലിയ ശക്തി നമ്മുടെ ഐക്യമാണ്. മുസ് ലിംകള്‍ക്കിടയില്‍ മതത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒരു ഭിന്നതയുമില്ല. സമുദായത്തിനിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുള്ള വിഷയങ്ങള്‍ തുലോം കുറവാണ്. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ ഐക്യത്തിന്‍റെയും സഹകരണത്തിന്‍റെയും നൂറുകണക്കിന് അടിസ്ഥാനങ്ങളെ നാം മുതുകിന് പിന്നിലാക്കി. അംഗുലീ പരിമിതമായ അഭിപ്രായ വ്യത്യാസമുള്ള പ്രശ്നങ്ങളെ ത്യാഗപരിശ്രമങ്ങളുടെ കേന്ദ്രബിന്ദുവാക്കിയിരിക്കുകയാണ്. തത്ഫലമായി, അഭിപ്രായ വ്യത്യാസങ്ങള്‍ നമ്മുടെ അണികളെ ശിഥിലമാക്കിയിരിക്കുന്നു. ഈ രാജ്യത്തും ലോകം മുഴുവനും വിലയില്ലാത്തവരാക്കിയിരിക്കുന്നു. ആകയാല്‍ നമ്മുടെ അണികള്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്തുക. ഭിന്നതകളില്‍ നിന്നും നാം അകന്നുമാറുക. സംയുക്തമായ വിഷയങ്ങളില്‍ പരിശ്രമിക്കുക. ഇതിലാണ് നമ്മുടെ ഇഹലോകത്തെ പുരോഗതിയും പരലോകത്തെ വിജയവും.
ഇന്ന് ലോകജനത മുഴുവനും ശാന്തിക്കും സമാധാനത്തിനും വേണ്ടി ദാഹിക്കുകയാണ്. സമ്പത്തിന്‍റെ ആധിക്യതയും ജീവിത സൗകര്യങ്ങളുടെ വര്‍ദ്ധനവുണ്ടായിട്ടും മാനവരാശി സമാധാനം കാണുന്നില്ല. ഒരു ഭാഗത്ത് തീവ്രവാദത്തിന്‍റെ വ്യാജ സംഭവങ്ങള്‍ പടച്ചുവിടുന്നു. മറുഭാഗത്ത് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അക്രമത്തിന്‍റെ കമ്പോളം ചൂടുപിടിച്ചിരിക്കുന്നു. ഇത് മുഴുവന്‍ മനുഷ്യവംശവും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഈ അസമാധാനത്തില്‍ നിന്നും രക്ഷപെട്ട് ശാന്തിയും സമാധാനവും നേടിയെടുക്കുന്നതിന് നീതിയുടെ ഇരട്ടമുഖം വര്‍ജിക്കേണ്ടതാണ്. ഇരട്ടമുഖത്തിന്‍റെ ഇന്നത്തെ ശൈലി മര്‍ദ്ദനത്തിന്‍റെയും നീതിനിഷേധത്തിന്‍റെയും ചിന്ത ഉണ്ടാക്കിത്തീര്‍ക്കുന്നു. ഈ ചിന്തയുടെ കനല്‍ കട്ടകളില്‍നിന്നുമാണ് വിദ്വേഷത്തിന്‍റെ ജ്വാലകള്‍ കത്തിപ്പടര്‍ന്ന് മുഴുവന്‍ സമൂഹത്തിന്‍റെയും സമാധാനം കത്തിച്ചാമ്പലാക്കുന്നത്.
ഇപ്രകാരം അക്രമത്തിന്‍റെ വല്ല സംഭവങ്ങളും നടന്നാല്‍ അതിന്‍റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുകയും അത് ദൂരീകരിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. ഇത് കൂടാതെ ഒരു സമൂഹവും പൂര്‍ണമായി ശാന്തിയുടെയും സമാധാനത്തിന്‍റെയും കേന്ദ്രമായി തീരുന്നതല്ല. ഇക്കാര്യം ആഗോളതലത്തില്‍ ആലോചിക്കപ്പെടേണ്ടതാണ്. നമ്മുടെ രാജ്യത്തും ശ്രദ്ധിക്കപ്പെടേണ്ടതുമാണ്.
🔚🔚🔚🔚🔚🔚🔚🔚
ദുആ ഇരന്നുകൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...