Saturday, December 30, 2017

ഖാജാ ഖുതുബുദ്ദീന്‍ ബഖ്തിയാര്‍ കഅ്കി (റഹ്) -മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ഖാജാ ഖുതുബുദ്ദീന്‍ ബഖ്തിയാര്‍ കഅ്കി (റഹ്) 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2017/12/blog-post_10.html?spref=tw

ഏതാണ്ട് അര നൂറ്റാണ്ട് കാലം നീണ്ടുനിന്ന ഇസ്ലാമിക പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ശിക്ഷണങ്ങള്‍ക്കും ശേഷം 90-ാം വയസ്സില്‍ ഹി: 627-ല്‍ മഹാനായ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റഹ്) ഇഹലോക വാസം വെടിഞ്ഞു. ഇതിനിടയില്‍ അദ്ദേഹം നട്ടുപിടിപ്പിക്കുകയും വെള്ളവും വളവും നല്‍കുകയും ചെയ്ത ഇന്ത്യയിലെ ഇസ് ലാമിക വടവൃക്ഷം വേരുകള്‍ ഉറച്ച് വളര്‍ന്നു കഴിഞ്ഞിരുന്നു. ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ഡല്‍ഹിയില്‍, അദ്ദേഹത്തിന്‍റെ ഉത്തരാധികാരിയായ ഖാജാ ഖുതുബുദ്ദീന്‍ ബഖ്തിയാര്‍ കഅ്കി പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. മറുഭാഗത്ത്, ഇദ്ദേഹത്തിന്‍റെ വിശിഷ്ട ശിഷ്യനായ സുല്‍ത്താന്‍ ശംസുദ്ദീന്‍ ഇല്‍തമിശ് ഇസ് ലാമിക ഭരണം നല്ലനിലയില്‍ നടത്തിക്കൊണ്ടിരുന്നു.
ഖാജാ ഖുതുബുദ്ദീന്‍ ബഖ്തിയാര്‍ റഷ്യന്‍ പ്രദേശത്തുള്ള ഔശ് എന്ന നാട്ടിലാണ് ജനിച്ചത്. ചെറുപ്പത്തിലെ തന്നെ അനാഥനായി. മാതാവിന്‍റെ ശിക്ഷണത്തില്‍ വളര്‍ന്നു. അഞ്ചാം വയസ്സില്‍ ബാലപാഠം ആരംഭിച്ചു. തുടര്‍ന്ന്, ബാഗ്ദാദിലേക്കു യാത്ര തിരിച്ചു. ഇവിടെ വെച്ച്, ജീവിതത്തിലെ വഴികാട്ടിയായ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റഹ്) യെ കണ്ടുമുട്ടി ശിഷ്യത്വം സ്വീകരിച്ച് ത്യാഗങ്ങളില്‍ മുഴുകി. അവസാനം, ഒരു ദിവസം ഫഖീഹ് അബുല്ലൈസ് സമര്‍ഖന്ദിയുടെ ഐതിഹാസികവും ഐശ്വര്യ പൂര്‍ണ്ണവുമായ മസ്ജിദില്‍ പണ്ഡിത മഹത്തുക്കളുടെ സമക്ഷത്തില്‍ വെച്ച് ഖിലാഫത്ത് നല്‍കപ്പെട്ടു. തുടര്‍ന്ന്, ഇന്ത്യയിലേക്കു വന്നു. ശൈഖിന്‍റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ ഡല്‍ഹി, പ്രവിശാലമായ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ തലസ്ഥാന നഗരിയായിരുന്നു. കരുത്തരും ഉദാരശീലരുമായ ഇവിടത്തെ ഭരണാധികാരികള്‍ ഒരുഭാഗത്ത്, ജനങ്ങളെ ഡല്‍ഹിയിലേക്കു സ്വാഗതം ചെയ്തു സ്വീകരിച്ചു. മറുഭാഗത്ത്, താര്‍ത്താരീ അക്രമങ്ങള്‍ കാരണം പണ്ഡിതരും മഹത്തുക്കളും നാടുവിട്ട് ഡല്‍ഹിയിലേക്കു വന്നു കൊണ്ടിരുന്നു. അങ്ങനെ, മുസ്ലിം ലോകത്തിന്‍റെ അമൂല്യ നിധികള്‍ ഡല്‍ഹിയില്‍ സംഗമിച്ചു.
അന്നത്തെ ഭരണാധികാരി സുല്‍ത്താന്‍ ശംസുദ്ദീന്‍, ഹസ്റത്ത് ഖാജായെ സ്വീകരിച്ച് ആദരിച്ചു. പക്ഷെ, ഖാജാ രാജസാമീപ്യവും സമ്മാനങ്ങളും ഇഷ്ടപ്പെട്ടില്ല. സുല്‍ത്താന്‍ നല്‍കിയ ഭൂമി സ്വീകരിക്കാതെ ഒരു മസ്ജിദിനരികില്‍ ദാരിദ്ര്യപൂര്‍ണ്ണമായ ജീവിതം നയിച്ചു. സുല്‍ത്താന്‍ ഇടയ്ക്കിടെ മഹാനവര്‍കളെ ആദരപൂര്‍വ്വം സന്ദര്‍ശിച്ചു കൊണ്ടിരുന്നു. ജനങ്ങളും കൂട്ടം കൂട്ടമായി ഒഴുകി. ഇതുകണ്ട അന്നത്തെ മറ്റൊരു മഹാനായ ശൈഖ് നജ്മുദ്ദീന് പ്രയാസമുണ്ടാകുകയും അദ്ദേഹം ശൈഖ് ചിശ്തിയോടു പരാതിപ്പെടുകയും ചെയ്തു. ശൈഖ് ചിശ്തി ഉടനെ ശിഷ്യനോടു പറഞ്ഞു: "സഹോദരാ ബഖ്തിയാര്‍, നിങ്ങള്‍ വളരെ വേഗത്തില്‍ പ്രശസ്തനായിരിക്കുന്നു. നിങ്ങളെ കുറിച്ച് ചില മഹാന്‍മാര്‍ക്കു ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ആകയാല്‍, എന്നോടൊപ്പം അജ്മീരില്‍ വന്നു താമസിക്കുക. നിങ്ങള്‍ക്കു വേണ്ട സേവനങ്ങള്‍ ഞാന്‍ ചെയ്തു തരാം".
ഉന്നതനായ ഒരു ശൈഖ് പറയേണ്ട കാര്യം തന്നെയാണ് ഇത്. അവര്‍ മഹത്തുക്കളുടെ ചെറിയ അതൃപ്തി പോലും ശ്രദ്ധിക്കും. കൂടാതെ, മുസ്ലിം കേന്ദ്രത്തില്‍ യാതൊരു വിധ അസ്വസ്ഥതയും അവര്‍ ഇഷ്ടപ്പെടുകയുമില്ല. കൂട്ടത്തില്‍, ഇതില്‍ വളരെ സുന്ദരമായ ഒരു സൂചനയുണ്ട്. അതെ, താങ്കളുടെ മഹത്വം മറ്റുള്ളവര്‍ക്കു മനസ്സിലായെങ്കിലും ഇല്ലെങ്കിലും എനിക്കു മനസ്സിലായിട്ടുണ്ട്. നമ്മുടെ അരികില്‍ ഗുരുവും ശിഷ്യനുമൊന്നുമില്ല. പ്രത്യുത താങ്കളുടെ സേവകനാകാന്‍ പോലും ഞാന്‍ സന്നദ്ധനാണ്.!
ഖാജാ ബഖ്തിയാര്‍ (റഹ്) ഒരു വിനീത ശിഷ്യനെ പോലെ തന്നെ പ്രതികരിച്ചു: "ഞാന്‍ അങ്ങയുടെ മുന്നില്‍ നില്‍ക്കാന്‍ പോലും അര്‍ഹതയില്ലാത്തവനാണ്!"
അങ്ങനെ, ശൈഖിനോടൊപ്പം അജ്മീരിലേക്കു പോകാന്‍ ഖാജ തയ്യാറായി പുറപ്പെട്ടു. എന്നാല്‍, ഈ വാര്‍ത്ത കാട്ടുതീ പോലെ ഡല്‍ഹിയില്‍ പരക്കുകയും രാജാവും ജനങ്ങളും അദ്ദേഹത്തിന്‍റെ പിന്നാലെ നടക്കുകയും ഡല്‍ഹിയില്‍ തന്നെ താമസിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതു കണ്ടപ്പോള്‍ ശിഷ്യന്‍റെ സ്വീകാര്യത അല്ലാഹുവിന്‍റെ ഭാഗത്തു നിന്നുമുള്ളതാണെന്ന് ശൈഖിനു മനസ്സിലായി. ഒരു വ്യക്തിയെ സന്തോഷിപ്പിക്കുന്നതിനും ഒരു വ്യക്തിയുടെ നന്മകള്‍ ശ്രദ്ധിക്കുന്നതിനും വേണ്ടി ആയിരക്കണക്കിനു ജനങ്ങളുടെ ന്യായമായ ആഗ്രഹങ്ങള്‍ അവഗണിക്കുന്നതും, മനസ്സുകള്‍ക്കു മുറിവേല്‍പ്പിക്കുന്നതും ശരിയല്ലെന്നു വ്യക്തമായി. ശൈഖ് അജ്മീറിലേക്കു ശിഷ്യനെ കൊണ്ടു പോകാനുള്ള തീരുമാനം പിന്‍വലിച്ചു കൊണ്ട് പ്രസ്താവിച്ചു: "ബാബാ ബഖ്തിയാര്‍, നിങ്ങള്‍ ഇവിടെത്തന്നെ നില്‍ക്കുക. ഇവിടെ നിന്നും നിങ്ങള്‍ പോയാല്‍ അല്ലാഹുവിന്‍റെ ഇത്രയധികം ദാസന്‍മാരുടെ അവസ്ഥ താറുമാറാകും. ഇത് അനുവദനീയമായി ഞാന്‍ കാണുന്നില്ല. ഡല്‍ഹിയെ താങ്കളെ നാം ഏല്‍പ്പിക്കുന്നു".
സുല്‍ത്താന്‍ ശംസുദ്ദീന്‍ ശൈഖിനു നന്ദി പറഞ്ഞു. ഖാജാ ഡല്‍ഹിയിലേക്കും ശൈഖ് ചിശ്തി, അജ്മീറിലേക്കും മടങ്ങി.
ഖാജാ ഖുതുബുദ്ദീന്‍ (റഹ്) ഡല്‍ഹിയിലെ ദാരിദ്ര്യത്തിന്‍റെ കീറിയ പായയിലിരുന്ന് ഇര്‍ഷാദ്-തര്‍ബിയത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഭരണകൂടത്തില്‍ നിന്നും ഒരു സഹായവും സ്വീകരിച്ചില്ല. ദര്‍ബാറില്‍ നിന്നുമുള്ള അകല്‍ച്ചയും ദാരിദ്ര്യത്തിലുള്ള സഹനതയും ജീവിത ശൈലിയായി സ്വീകരിച്ചു. പൊതുജനങ്ങളും വിശിഷ്ട വ്യക്തികളും അദ്ദേഹത്തിനു ചുറ്റും തടിച്ചുകൂടി. രാജാവ്  തന്നെ ആഴ്ചയില്‍ രണ്ടുപ്രാവശ്യം സദസ്സില്‍ വരികയും ആദരവോടെ പങ്കെടുക്കുകയും ചെയ്തിരുന്നു. അന്നത്തെ ഡല്‍ഹി ഇന്ത്യയുടെ മാത്രമല്ല, മുസ്ലിം ലോകത്തെ പുതുശക്തിയും ഇസ്ലാമിക നവോത്ഥാനത്തിന്‍റെ പ്രധാന കേന്ദ്രവുമായി മാറിയിരുന്നു. മുസ്ലിം ലോകത്തെ വിശിഷ്ട പണ്ഡിത മഹത്തുക്കളും ആത്മീയ നായകരും ധിഷണാ ശാലികളും ഇവിടെ സംഗമിച്ചിരുന്നു. ഇത്തരുണത്തില്‍, ജനങ്ങളുടെ ആത്മ സംസ്കരണവും പുതുശക്തി നിറഞ്ഞ ഭരണകൂടത്തിന്‍റെ മാര്‍ഗ്ഗദര്‍ശനവും മഹാനവര്‍കളുടെ ദാരിദ്ര്യ-സമ്പന്നതയുടെ നയത്തില്‍ അല്‍പം പോലും പ്രതിഫലനം സൃഷ്ടിക്കാതിരിക്കുക വളരെ ദുഷ്കരമായിരുന്നു. ഇതിനു പര്‍വ്വതത്തിന്‍റെ ദൃഢചിത്തതയും കാറ്റിന്‍റെ വേഗതയും നിര്‍മ്മലതയും ആവശ്യമായിരുന്നു. ഖാജാ ബഖ്തിയാര്‍ (റഹ്) വളരെ വിജയകരമായും ഉജ്ജ്വല ശൈലിയിലും ഈ സങ്കീര്‍ണ്ണ ജോലി നിര്‍വ്വഹിച്ചു. ഖാജാ (റഹ്) ക്ക് സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നീണ്ട കാലഘട്ടം ലഭിച്ചതുമില്ല. ശൈഖിനു ശേഷം അഞ്ചു വര്‍ഷം മാത്രമേ ഖാജാ ജീവിച്ചിരുന്നുള്ളൂ. പക്ഷെ, ഇന്ത്യയില്‍ ശൈഖ് മുഈനുദ്ദീന്‍ (റഹ്) നടത്തിവെച്ച മഹത്തായ സേവനങ്ങള്‍ ഖാജയിലൂടെ നീണ്ട നൂറ്റാണ്ടുകള്‍ക്കു സുരക്ഷയായി.
ഖാജാ ബഖ്തിയാര്‍ (റഹ്) ക്ക് നാല്‍പ്പതു വയസ്സായതേയുള്ളൂ, അദ്ദേഹം ജനങ്ങളുടെ ശിക്ഷണ-സംസ്കരണങ്ങള്‍ക്കുവേണ്ടി സ്വയം നിയന്ത്രിച്ചു നിര്‍ത്തിയിരുന്ന ഇലാഹീ സ്നേഹാനുരാഗത്തിന്‍റെ തീജ്വാലകള്‍ ആളിക്കത്താന്‍ തുടങ്ങി. അവസ്ഥക്ക് മാറ്റം വരികയും ഇലാഹീ അനുരാഗവുമായി ബന്ധപ്പെട്ട കവിതകള്‍ ആലപിക്കാന്‍ പറയുകയും, ആലപിച്ചാലുടന്‍ ബോധരഹിതനായി വീഴാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍, നമസ്കാരത്തിനു സമയമാകുമ്പോള്‍ ബോധം വരികയും നമസ്കരിക്കുകയും നമസ്കാരാനന്തരം കവിതകള്‍ ആലപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ആലപിച്ചാലുടന്‍ ബോധരഹിതനാകുകയും ചെയ്യുമായിരുന്നു. ഏതാനും ദിവസം ഇപ്രകാരം കഴിഞ്ഞു.
ഹിജ്രി 623-ല്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്കു യാത്രയായി. വിയോഗത്തിനു മുമ്പുള്ള പെരുന്നാളിനു ഈദ്ഗാഹില്‍ നിന്നും മടങ്ങുമ്പോള്‍ ഖബ്റുകള്‍ ഒന്നും കാണപ്പെടാത്ത വിജനമായ ഒരു സ്ഥലത്ത് ദീര്‍ഘനേരം നില്‍ക്കുകയുണ്ടായി. പെരുന്നാളാണ്, ജനങ്ങള്‍ കാത്തു നില്‍ക്കുന്നുവെന്ന് സേവകന്‍ ഉണര്‍ത്തിയപ്പോള്‍ ഇപ്രകാരം പ്രതികരിച്ചു: എനിക്ക് ഇവിടെ നിന്നും മനസ്സുകളുടെ സുഗന്ധം അനുഭവപ്പെടുന്നു. ശേഷം പ്രസ്തുത സ്ഥലത്തിന്‍റെ ഉടമയുമായി ബന്ധപ്പെട്ട് ആ സ്ഥലം പണം കൊടുത്തു വാങ്ങുകയും അവിടെ ഖബ്റടക്കണമെന്നു നിര്‍ദ്ദേശിക്കുകയും അവിടെത്തന്നെ ഖബ്റടക്കപ്പെടുകയും ചെയ്തു.
പത്തിലേറെ പ്രധാന ശിഷ്യരുണ്ടായിരുന്നെങ്കിലും അതില്‍ ഏറ്റവും കൂടുതല്‍ ഉയരുകയും ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് ആത്മ സംസ്കരണത്തിന്‍റെ രാജപാത ഒരുക്കുകയും ചെയ്ത മഹാനാണ് ഖാജാ ഫരീദുദ്ദീന്‍ ഗഞ്ച്ശകര്‍ (റഹ്). അതെ, ശൈഖ് മുഈനുദ്ദീന്‍ (റഹ്) ഇന്ത്യയിലെ ചിശ്തി ത്വരീഖത്തിന്‍റെ സ്ഥാപകനാണെങ്കില്‍ ഖാജാ ഫരീദുദ്ദീന്‍ (റഹ്) അതിന്‍റെ പ്രധാന പരിഷ്കര്‍ത്താവും പ്രധാന പ്രചാരകനുമാണ്.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

Friday, December 29, 2017

അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ട്, മലേഷ്യയില്‍ ശഹീദായ മര്‍ഹൂം അഫ്സല്‍ സാഹിബ് (തൊടുപുഴ) മരണപ്പെടുന്നതിന് മുമ്പ് എഴുതിയ കത്ത്.!


അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ട്, മലേഷ്യയില്‍ ശഹീദായ 
മര്‍ഹൂം അഫ്സല്‍ സാഹിബ് (തൊടുപുഴ) 
മരണപ്പെടുന്നതിന് മുമ്പ് 
എഴുതിയ കത്ത്.! 
http://swahabainfo.blogspot.com/2017/12/blog-post_62.html?spref=tw

അസ്സലാമു അലൈകും വറഹ്മതുല്ലാഹ്...
ബിസ്മില്ലാഹ്... 
അല്‍ഹംദുലില്ലാഹ്, അല്ലാഹുവിന്‍റെ തൗഫീഖ് കൊണ്ട് ജമാഅത്ത് സന്തോഷത്തിലാണ്. നിങ്ങളെല്ലാവരും സന്തോഷത്തിലാണെന്ന് വിചാരിക്കുന്നു. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ടവന്‍റെ മുഴുവന്‍ കാര്യങ്ങളും സംരക്ഷിക്കല്‍ അല്ലാഹുവിന്‍റെ ഉത്തരവാദിത്വമാണ്. മലേക്ക എന്ന സ്ഥലത്താണ് ജമാഅത്തിന് റൂട്ട് കിട്ടിയിരിക്കുന്നത്. മുപ്പത് ദിവസത്തിന് മുമ്പ് ഈ രാജ്യത്ത് നിന്നും അടുത്ത രാജ്യത്തേക്ക് പോയിവരണമെന്നാണ് ഇവിടുത്തെ നിയമം. ഞങ്ങള്‍ 28 ദിവസം ഇവിടെ പ്രവര്‍ത്തിച്ച് അടുത്ത രാജ്യമായ ഇന്തോനേഷ്യയിലേക്ക് പോയി. ഇവിടെ നിന്ന് ഏകദേശം രണ്ടര മണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്താണ് അവിടെ എത്തിയത്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ കടല്‍ യാത്ര ചെയ്യാനും തൗഫീഖ് ലഭിച്ചു. ഉള്‍ക്കടലില്‍ എത്തിക്കഴിഞ്ഞാല്‍ ഒരു സ്ഥലത്ത് നോക്കിയാലും കര കാണാന്‍ സാധിക്കുകയില്ല. യാത്രയ്ക്കിടയില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഒരു ഹദീസ് ഓര്‍മ്മ വന്നു: ദുന്‍യാവിലെ ജീവിതം കടലില്‍ വിരല്‍ മുക്കിയാല്‍ വിരലില്‍ പറ്റിയ വെള്ളം എത്രത്തോളമുണ്ടാകുമോ അത്രത്തോളം പോലുമില്ല. ഡുമൈ എന്ന സ്ഥലത്താണ് ഞങ്ങള്‍ എത്തിയത്. 14 ദിവസം ഇവിടെ പരിശ്രമിച്ചു. നല്ല ആളുകളാണ്. അധികവും പാവപ്പെട്ട ആളുകള്‍.! ജമാഅത്തിന്‍റെ കൂടെ തന്നെ രാവും പകലും ആളുകളുണ്ട്. മടങ്ങി വരുന്ന ദിവസം ഞങ്ങള്‍ക്ക് റവാങ്കി പറഞ്ഞ കൂട്ടത്തില്‍ ധാരാളം സന്തോഷമുണ്ടായി. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പരിശ്രമിക്കുന്നവര്‍ക്ക് സ്പെഷ്യല്‍ സ്വര്‍ഗ്ഗമാണ്. അവിടെ അവരും അവരുടെ കുടുംബങ്ങളുമുണ്ടാകും. നിങ്ങള്‍ക്ക് സലാം എന്ന് മലക്കുകള്‍ എല്ലാ ഭാഗത്ത് നിന്നും  വിളിച്ച് പറയും. കുടുംബത്തില്‍ പെട്ട ആരെങ്കിലും താഴ്ന്ന ദറജയിലാണെങ്കിലും അവരെയും അവിടേക്ക് വിളിക്കാന്‍ അല്ലാഹു അനുമതി നല്‍കും. അല്ലാഹു നമ്മളെ ആ കൂട്ടത്തില്‍ പെടുത്തുമാറാകട്ടെ.! ആമീന്‍.
വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഉണര്‍ത്തട്ടെ.! ദഅ്വത്തിന്‍റെ ഈ പരിശ്രമം നഫ്സിനെ ഒതുക്കാനാണ്. ആര് നഫ്സിനെ ഇഛകളില്‍ നിന്ന് തടഞ്ഞോ നിശ്ചയം സ്വര്‍ഗ്ഗമാണ് അവന്‍റെ സങ്കേതം. യുദ്ധത്തില്‍ നിന്ന് മടങ്ങി വന്ന സ്വഹാബാക്കളോട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞു: നിങ്ങള്‍ ചെറിയ ജിഹാദില്‍ നിന്നാണ് മടങ്ങിയത്. ഇനി വലിയ ജിഹാദിലേക്കാണ് മടങ്ങി വന്നിരിക്കുന്നത്. അത് സ്വന്തം നഫ്സിനോടുള്ള ജിഹാദാണ്. നമ്മുടെ നഫ്സ് എപ്പോഴും തിന്മയിലേക്ക് പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. അതിനെ പരിപൂര്‍ണ്ണമായി ഒതുക്കണം. അതു പോലെ തന്നെ ഹൃദയത്തെ അല്ലാഹുവിന്‍റെ ഇരിപ്പിടമാക്കി മാറ്റണം. അല്ലാഹു പരിശുദ്ധനാണ്. പരിശുദ്ധമായ സ്ഥലത്ത് മാത്രമാണ് അല്ലാഹു പ്രവേശിക്കുന്നത്. ഹൃദയത്തില്‍ ദുന്‍യാവിനോടുള്ള സ്നേഹമാണുള്ളതെങ്കില്‍ അവിടെ  അല്ലാഹു പ്രവേശിക്കുകയില്ല. കാരണം ദുന്‍യാവിന് ഒരു കൊതുകിന്‍റെ ചിറകിന്‍റെ വില പോലും അല്ലാഹു കല്പിച്ചിട്ടില്ല. വിലയുണ്ടായിരുന്നെങ്കില്‍ നിഷേധികള്‍ക്ക് ഒരിറക്ക് വെള്ളം പോലും അല്ലാഹു കൊടുക്കുകയില്ലായിരുന്നു. സൃഷ്ടികളെക്കാള്‍ സ്രഷ്ടാവിനോട്, ദുന്‍യാവിനേക്കാള്‍ ആഖിറത്തിനോട്, വസ്തുക്കളെക്കാള്‍ അമലിനോട്.. ഈ നിലയില്‍ ഹൃദയത്തിന്‍റെ അവസ്ഥ ആയി മാറണം.
നമ്മള്‍ ആരെയെങ്കിലും മനസ്സില്‍ ഓര്‍ത്തു. പക്ഷെ അവര്‍ അത് ഒരിക്കലും അറിയുകയില്ല. പക്ഷെ, അല്ലാഹുവിനെ ഓര്‍ത്താല്‍ അല്ലാഹു അവന്‍റെ മനസ്സില്‍ നമ്മളെ പറ്റി ഓര്‍ക്കും. എത്ര നല്ല അല്ലാഹ്.! നാം അവനെ കുറിച്ച് പറഞ്ഞാല്‍ മനുഷ്യരെക്കാള്‍ ശ്രേഷ്ഠരായ മലക്കുകളുടെ അടുക്കല്‍ അവന്‍ നമ്മെ കുറിച്ച് പറയും. അത് കൊണ്ട് ഏറ്റവും കൂടുതല്‍ സ്നേഹിക്കാന്‍ അര്‍ഹതപ്പെട്ടത് അല്ലാഹുവിനെയാണ്. അവനാണ് നമുക്ക് എല്ലാം നല്‍കിയത്.
അല്ലാഹു തആലാ ഈ ദുന്‍യാവില്‍ നമ്മളെ ശരിക്കും പരീക്ഷിക്കും. വസ്തുക്കള്‍ നല്‍കിയിരിക്കുന്നത് പരീക്ഷണത്തിനാണ്. ദീന്‍ നല്‍കിയത് വിജയിക്കാന്‍ വേണ്ടിയാണ്. ആര് വസ്തുക്കളുടെ പിന്നാലെ പോകുന്നോ അവന് പരാജയമാണ്. ആര് ദീന്‍ ചേര്‍ത്ത് വെച്ചോ അവന്‍ വിജയിക്കും. എത്രത്തോളം വസ്തുക്കളുടെ കഴിവിനെ നിഷേധിക്കുമോ അത്രത്തോളം അല്ലാഹുവിന്‍റെ സഹായമുണ്ടാകും. വസ്തുക്കളില്‍ യഖീന്‍ വെക്കുന്നവന് സഹായം വാങ്ങിയെടുക്കാന്‍ സാധിക്കുകയില്ല. സൃഷ്ടികളെ മുഴുവനും നിഷേധിക്കണം. എങ്കിലേ അല്ലാഹുവില്‍ എത്തുകയുള്ളൂ. ഇബ്റാഹീം നബി (അ) മലക്കിനെയും നിഷേധിച്ചു. അപ്പോള്‍ അല്ലാഹുവിന്‍റെ ഖുദ്റത്തില്‍ നിന്നുള്ള സഹായമുണ്ടായി. അല്ലാഹുവിന്‍റെ മുമ്പില്‍ വസ്തുക്കള്‍ വെച്ച് ദുആ ചെയ്യരുത്. മരുന്ന് കഴിച്ചിട്ട്, ഈ മരുന്ന് കൊണ്ട് എന്‍റെ രോഗം മാറ്റിത്തരേണമേ അല്ലാഹ് എന്ന് പറയുന്നത് പോലെ. മറിച്ച് അമലുകളാണ് അല്ലാഹുവിന്‍റെ മുമ്പില്‍ വെക്കേണ്ടത്. നമസ്കാരം, സ്വദഖ, നോമ്പ് മുതലായവയെ പോലെ അമലുകളാണ് അല്ലാഹുവിന്‍റെ മുമ്പില്‍ സമര്‍പ്പിക്കേണ്ടത്. അമ്പിയാക്കള്‍ അല്ലാഹുവുമായി ഏറ്റവും അടുത്തവരാണ്. അവരോടും ആവശ്യങ്ങള്‍ പറയാന്‍ പാടില്ല. അമ്പിയാക്കള്‍ ഉദ്ദേശിച്ചത് കൊണ്ട് നടന്നു എന്ന് പറയാന്‍ പാടില്ല. അങ്ങനെയെങ്കില്‍പിന്നെ മന്ത്രിമാരെ കൊണ്ട് ആവശ്യങ്ങള്‍ എങ്ങനെ നടക്കും.?
മറ്റൊരു പ്രധാനപ്പെട്ട കാര്യം, നടക്കാനുള്ള കാര്യത്തെ പറ്റി പറയുമ്പോള്‍ ഇന്‍ഷാഅല്ലാഹ് പറയണം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് അസ്ഹാബുല്‍ കഹ്ഫിലെ ചെറുപ്പക്കാരെ കുറിച്ച് ചോദിച്ചു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നാളെ പറയാമെന്ന് പറഞ്ഞു. ശേഷം 15 ദിവസത്തേക്ക് വഹ്യ് വന്നില്ല. അല്ലാഹു ചോദിച്ചു: എന്ത് കൊണ്ട് താങ്കള്‍ ഇന്‍ഷാഅല്ലാഹ് പറഞ്ഞില്ല.? അതിനാല്‍ എത്ര ചെറിയ കാര്യമാണെങ്കിലും ഇന്‍ഷാഅല്ലാഹ് പറയണം. നടന്ന-നടക്കുന്ന മുഴുവന്‍ കാര്യങ്ങളും അല്ലാഹുവിന്‍റെ തീരുമാനം കൊണ്ടാണ്. ഇതിലൂടെ മനസ്സിന് വലിയ സമാധാനം ലഭിക്കും.
ലോകത്ത് എന്തെല്ലാം കാര്യങ്ങളുണ്ടോ, അവ മനുഷ്യന്‍റെ ആവശ്യം പൂര്‍ത്തിയാക്കാന്‍ വേണ്ടിയല്ല. മറിച്ച് പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. കാര്യങ്ങള്‍ നടക്കുന്നത് അസ്ബാബ് കൊണ്ടാണോ അതോ അല്ലാഹുവിനെ കൊണ്ടാണോ എന്ന് പരീക്ഷിക്കുന്നതിന് വേണ്ടി.
അതുപോലെ തന്നെ ഓരോ കാര്യവും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സുന്നത്ത് അനുസരിച്ച് തന്നെ ചെയ്യണം. അതില്‍ അല്ലാഹു വലിയ ഹിദായത്ത് വെച്ചിട്ടുണ്ട്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഏറ്റവും വലിയ ചിന്ത ഉമ്മത്തിനെ കുറിച്ചായിരുന്നു. സ്വഹാബാക്കള്‍ക്ക് ഈ ഫിക്ര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പകര്‍ന്ന് കൊടുത്തു. സ്വഹാബാക്കള്‍ ഈ ചിന്തയുമായി ലോകത്തിന്‍റെ നാനാ ഭാഗത്തേക്ക് യാത്ര ചെയ്തു. നബിയുടെയും സ്വഹാബത്തിന്‍റെയും കാലഘട്ടം കഴിഞ്ഞു. ഇനി നമ്മുടെ ഉത്തരവാദിത്വമാണ്. ഈ കലിമയുമായി ലോകം മുഴുവനും യാത്ര ചെയ്യണം. ഉമ്മത്തിന്‍റെ ഇടയിലേക്ക് ഇറങ്ങുമ്പോഴാണ് ദീനില്ലായ്മയെ കുറിച്ച് അറിയാന്‍ കഴിയുന്നത്. അത് കൊണ്ട് ഇതിനെ കുറിച്ച് ഫിക്ര്‍ ചെയ്യണം. ദുആ ചെയ്യണം. ഇതില്‍ നിന്നും ആരും ഒഴിവില്ല. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ ഉമ്മത്തിന്‍റെ ജോലിയാണ് ഈ പരിശ്രമം. ഇന്‍ഷാ അല്ലാഹ്... തയ്യാറല്ലേ.!
ഖുര്‍ആനിന്‍റെ തിലാവത്ത്, സുന്നത്ത് നമസ്കാരം പോലുള്ള ഇന്‍ഫിറാദി അമലുകളില്‍ നിഷ്ഠ വേണം.  കിടന്നുറങ്ങുന്നതിന് മുമ്പുതന്നെ തസ്ബീഹാത്ത് പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കണം. തഅ്ലീം മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്‍ വരുന്നവരോട് ദഅ്വത്ത് ചെയ്യണം. എത്ര ദഅ്വത്ത് ചെയ്യുമോ അത്ര യഖീന്‍ വര്‍ദ്ധിക്കും. അവസാനമായി അല്ലാഹുവിനെ തഖ്വ ചെയ്യണമെന്ന് ആദ്യമായി എന്നോടും ശേഷം നിങ്ങളോടെല്ലാവരോടും വസ്വിയ്യത്ത് ചെയ്ത് നിര്‍ത്തുന്നു. അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദിനിന്നബിയ്യില്‍ ഉമ്മിയ്യി വഅലാ ആലിഹീ വസ്വഹ്ബിഹീ വസല്ലിം. മത്സരിക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ മത്സരിച്ചു കൊളളട്ടെ.! 
അല്ലാഹു അഫ്സലിന് മഗ്ഫിറത്ത്, മര്‍ഹമത്തുകള്‍ നല്‍കട്ടെ.! ആഗ്രഹങ്ങള്‍ സഫലമാക്കട്ടെ.! ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സമാധാനവും സന്തോഷവും അഭിമാനവും നല്‍കട്ടെ.! 
🔚🔚🔚🔚🔚🔚🔚🔚
ദുആ ഇരന്നുകൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

Thursday, December 28, 2017

അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം.


അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം. 
http://swahabainfo.blogspot.com/2017/12/blog-post_93.html?spref=tw

അസ്സലാമു അലൈകും വറഹ്മതുല്ലാഹ്...
   അല്ലാഹു നമുക്കെല്ലാവര്‍ക്കും എല്ലാ നിലയിലുമുള്ള വിജയവും സന്തോഷവും രക്ഷയും പ്രദാനം ചെയ്യുമാറാകട്ടെ.! നമ്മുടെ മാതൃ സ്ഥാപനം അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, അതിന്‍റെ മഹത്തായ സേവനങ്ങളുടെ 70 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇതിനെല്ലാം കാരണക്കാരായ ബാനി അല്‍ ഹാജ് ഹസന്‍ യഅ്ഖൂബ് സേഠ് മര്‍ഹൂം, കുടുംബക്കാര്‍, ഉസ്താദുമാര്‍, മറ്റിതര സേവകര്‍, നാളിതുവരെ ഇവിടെ നിന്നും ഇല്‍മ് നേടിയവര്‍  തുടങ്ങിയ എല്ലാവരെയും അല്ലാഹു സ്വീകരിക്കട്ടെ.!
    ബഹുമാന്യരെ,
   മുസ് ലിം ഉമ്മത്ത് എല്ലാ നിലയിലും പ്രശ്നകലുഷിതമായ അവസ്ഥയില്‍ കഴിയുന്ന ഈ നാളുകളില്‍ ഇല്‍മിന്‍റെയും ദഅ്വത്തിന്‍റെയും മാര്‍ഗ്ഗത്തിലൂടെ അവര്‍ക്ക് ദിശാബോധം നല്‍കേണ്ടത്, ദീനീ വിജ്ഞാനം നേടാന്‍ അല്ലാഹു  പ്രത്യേക തൗഫീഖ് നല്‍കിയ നാം ഓരോരുത്തരുമാണ്. ഈ ലക്ഷ്യ പൂര്‍ത്തീകരണത്തിന്‍റെ ഭാഗമായി ഹസനിയ്യയില്‍ നിന്നും വിജ്ഞാനം പകര്‍ന്ന-നുകര്‍ന്ന എല്ലാവരെയും ഒരുമിച്ച് കൂട്ടിക്കൊണ്ട്, അഥവാ ഹസനിയ്യ സ്ഥാപിക്കപ്പെട്ടത് മുതല്‍ ഇന്ന് വരെ ഇവിടെ പഠിച്ച വിദ്യാര്‍ത്ഥികള്‍, സേവനമനുഷ്ഠിച്ച ഉസ്താദുമാര്‍ എല്ലാവരെയും ഒരുമിച്ച് കൂട്ടിക്കൊണ്ടുള്ള വിപുലമായ ഒരു പരിപാടി സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
   അതിനെക്കുറിച്ച് ആലോചിക്കുന്നതിന് മദ്റസയില്‍ ദീര്‍ഘ കാലം നേതൃത്വം വഹിച്ച, ബഹുമാന്യ ശൈഖുനാ മുഹമ്മദ് ഈസാ ഉസ്താദ്, ഇ. എം. സുലൈമാന്‍ ഉസ്താദ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ 2018 ജനുവരി 02 ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ ഒരു കൂടിയാലോചനാ യോഗം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഹസനിയ്യയും സേവനവും എന്ന വിഷയത്തില്‍ ഈ മഹത്തുക്കളുടെ പ്രഭാഷണവും അതിനെ തുടര്‍ന്ന് മഷൂറയും നടക്കുന്നതാണ്. 
  ഈ യോഗത്തില്‍ താങ്കള്‍ സ്വന്തമായി എത്തിച്ചേരുന്നതിനോടൊപ്പം കൂട്ടുകാരെയും പങ്കെടുപ്പിക്കാന്‍ പരിശ്രമിക്കുകയും ഇസ്തിഖാറ നമസ്കരിച്ചും മറ്റും നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു നമ്മുടെ മുഴുവന്‍ പരിശ്രമങ്ങളെയും സ്വീകരിക്കട്ടെ.!
                                         - എളിയ സേവകന്‍
                                             മുഹമ്മദ് സുഫ് യാന്‍ (+91 9847133129)
                                             അല്‍ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം.

ഇഷാഅത്തുല്‍ ഹസനാത്തും അല്‍ ജാമിഅത്തുല്‍ ഹസനിയ്യയും സംയുക്തമായി സംഘടിപ്പിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം.!


ഇഷാഅത്തുല്‍ ഹസനാത്തും 
അല്‍ ജാമിഅത്തുല്‍ ഹസനിയ്യയും 
സംയുക്തമായി സംഘടിപ്പിക്കുന്ന 
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം.! 
2018 ജനുവരി 2 ചൊവ്വാഴ്ച 
(രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ)
മുഖ്യാതിഥികള്‍: 
ശൈഘുനാ മുഹമ്മദ് ഈസാ മന്‍ബഈ 
മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി 
സയ്യിദ് മുസ്ത്വഫാ ഹസ്റത്ത് 

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലേക്ക്
അല്‍ ജാമിഅത്തുല്‍ ഹസനിയ്യയില്‍ പഠനം പൂര്‍ത്തീകരിച്ചവരെയും
ഹിഫ്സ് പൂര്‍ത്തീകരിക്കുകയോ,
കിതാബില്‍ നാല് വര്‍ഷമെങ്കിലും പഠനം നടത്തുകയോ ചെയ്ത
ഇഷാഅത്തുല്‍ ഹസനാത്തിന്‍റെ മുഴുവന്‍ അംഗങ്ങളെയും
സ്വാഗതം ചെയ്യുന്നു.
മുഴുവന്‍ അംഗങ്ങളെയും പങ്കെടുപ്പിക്കാന്‍ പരിശ്രമിക്കുക.

http://swahabainfo.blogspot.com/2017/12/blog-post_27.html?spref=tw

Tuesday, December 26, 2017

ആത്മ സംസ്കരണം -ശൈഖ് സയ്യിദ് മുസ്ത്വഫാ രിഫാഈ വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ആത്മ സംസ്കരണം 
-ശൈഖ് സയ്യിദ് മുസ്ത്വഫാ രിഫാഈ 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2017/12/blog-post_26.html?spref=tw

ബാഹ്യമായ മാല്യന്യങ്ങള്‍ ദൂരീകരിക്കുകയും ഹൃദയത്തില്‍ പരലോക ചിന്ത നിറയ്ക്കുകയും സൃഷ്ടികളുമായുള്ള ബന്ധം കുറയ്ക്കുകയും സൃഷ്ടാവുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുകയും സ്വര്‍ണ്ണത്തിനെയും മണ്ണിനെയും ഒരു  പോലെ കാണുകയും ചെയ്യുന്നവനാണ് സൂഫി. (സഹ്ല്‍  തസ്തരി (റഹ്).
തസ്വവ്വുഫിന്‍റെ അടിസ്ഥാനം നാല് കാര്യങ്ങളിലാണ്:  1. അല്ലാഹുവിനെ സ്നേഹിക്കുക. 2. ഖുര്‍ആനിക വിധി  വിലക്കുകള്‍ പാലിക്കുക. 3. പരലോക ഭയം വര്‍ധിപ്പിക്കുക. 4. ഭൗതിക ചിന്ത കുറയ്ക്കുക. (ദുന്നൂനുല്‍ മിസ്രി(റഹ്)).
  ഒരാള്‍ അന്തരീക്ഷത്തില്‍ പറക്കുന്നത് കണ്ടാലും അദ്ദേഹത്തില്‍ ഈ ഗുണങ്ങളില്ലെങ്കില്‍ അയാള്‍ ദജ്ജാല്‍  (ആശയക്കുഴപ്പം ഉണ്ടാക്കുന്ന നാശകാരി) ആണ്. 1.  ശരീഅത്ത് വിജ്ഞാനം ആവശ്യത്തിന് കരസ്ഥമാക്കുക.  2. ജനങ്ങളോട് സല്‍സ്വഭാവത്തോടെ വര്‍ത്തിക്കുക. 3.  ശിഷ്യരെ സംസ്കരിക്കുക. 4. സ്വയം ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കുക. 5. ഹലാല്‍ ഹറാമുകളില്‍ ശ്രദ്ധിക്കുക (ബായസീദ്  ബിസ്താമി (റഹ്)).
അല്ലാഹു അല്ലാത്തവരില്‍ നിന്നും മനസ്സ് തിരിക്കലും  അല്ലാഹുവിനോടുള്ള ഭയഭക്തി മനസ്സില്‍ നിറയ്ക്കലും പരലോക കാര്യങ്ങളില്‍ അല്ലാഹുവിനെ ഭരമേല്‍പ്പിക്കലും  സര്‍വ്വ അവസ്ഥകളിലും അല്ലാഹുവിനെ ഭയക്കലും അല്ലാഹുവിനോടുള്ള പ്രതീക്ഷ നിലനിര്‍ത്തലുമാണ് തസ്വവ്വുഫ്. (സയ്യിദ് അഹ്മദുല്‍ കബീര്‍ രിഫാഈ (റഹ്).
ഫിഖ്ഹ് പഠിച്ചെങ്കിലും തസ്വവ്വുഫ് പഠിക്കാത്തവന്‍ തെമ്മാടിയും, തസ്വവ്വുഫ് പഠിച്ചെങ്കിലും ഫിഖ്ഹ് പഠിക്കാത്തവന്‍ വഴികെട്ടവനും ആയിത്തീരുന്നതാണ്. (ഇമാം മാലിക് (റഹ്).
എനിക്ക് മൂന്ന് കാര്യങ്ങള്‍ പ്രിയങ്കരമാണ്. പ്രകടന രാഹിത്യം, ജനസേവനം, സൂഫികളുടെ മാര്‍ഗം (ഇമാം ശാഫിഈ (റഹ്).
മകനേ, സൂഫികളോട് സഹവസിക്കുക. വിജ്ഞാനം ഇലാഹീ ദാനമാണ്. ഭയഭക്തി, ഭൗതിക വിരക്തി എന്നീ വിഷയങ്ങളില്‍ അവര്‍ വളരെ ഉന്നതരാണ്. (ഇമാം അഹ്മദ് (റഹ്).
സൂഫിവര്യന്മാര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പരിശ്രമിക്കുന്നവരാണ്. അവരുടെ സ്വഭാവം സമുന്നതമാണ്.  അവരുടെ പാത നേര്‍വഴിയാണ്. (ഇമാം ഗസ്സാലി(റഹ്).
പരലോക ചിന്തയില്‍ മുഴുകുകയും ശരീര ഇഛകളില്‍ നിന്ന് അകലുകയും അല്ലാഹുവിന്‍റെ ധ്യാനത്തില്‍ ലയിക്കുകയും നന്മകള്‍ ചെയ്യുമ്പോള്‍ സുന്നത്തുകളും മര്യാദകളും പാലിക്കുകയും ചെയ്യുന്നവരാണ് സൂഫികള്‍ (ഇമാം  റാസി (റഹ്).
തസ്വവ്വുഫിന്‍റെ അടിസ്ഥാന തത്വങ്ങള്‍ അഞ്ചാണ്. 1. രഹസ്യമായും പരസ്യമായും സൂക്ഷ്മത പുലര്‍ത്തുക. 2. വാചക കര്‍മ്മങ്ങളില്‍ സുന്നത്തിനെ പിന്‍പറ്റുക. 3. സൃഷ്ടികളില്‍ നിന്നുമുള്ള പ്രതീക്ഷ  മുറിയ്ക്കുക. 4. അല്ലാഹു നല്‍കുന്നതില്‍ തൃപ്തിപ്പെടുക. 5. സന്തോഷ-സന്താപങ്ങ ളില്‍ അല്ലാഹുവിലേക്ക് തിരിയുക. (ഇമാം നവവി (റഹ്)).
  സൂഫികള്‍ അല്ലാഹുവിന്‍റെ ആളുകളാണ്. അല്ലാഹു അവരില്‍ സംതൃപ്തനായിരിക്കുന്നു. അവരെക്കുറിച്ച് പറയുന്നതിലൂടെ അല്ലാഹുവിന്‍റെ കാരുണ്യം വര്‍ഷിക്കുന്നതാണ്. (ഇമാം സുയൂഥി (റഹ്).
സുന്നത്തിനെ അധികരിപ്പിക്കുക, ബിദ്അത്തിനെ വര്‍ജ്ജിക്കുക, മനസ്സിന്‍റെ പ്രേരണയില്‍ നിന്നും ഒഴിവാകുക, അല്ലാഹുവിന്‍റെ വിധിയില്‍ സംതൃപ്തരാവുക, അല്ലാഹുവിന്‍റെ സ്നേഹം നേടുക എന്നിവയാണ് തസ്വവ്വുഫിന്‍റെ അടിസ്ഥാനം. (ഇമാം  സുയൂഥി (റഹ്).
സൂഫികളില്‍ പലരും സിദ്ദീഖീ സ്ഥാനം കരസ്ഥമാക്കിയവരാണ്. (ഇബ്നു തൈമിയ്യ (റഹ്).
സൂഫികള്‍ മൂന്ന് വിഭാഗമാണ്. 1. പണത്തിന് വേണ്ടി സൂഫി വേഷം ധരിച്ചവര്‍ 2. അനാചാരങ്ങളുമായി ബന്ധപ്പെട്ടവര്‍. 3 യഥാര്‍ത്ഥ സൂഫിവര്യന്മാര്‍. ഇതില്‍  മൂന്നാമത്തേതാണ് സത്യസന്ധരായ സൂഫികള്‍. ഇവര്‍  ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹുകള്‍ പഠിക്കുകയും പാലിക്കുകയും ചെയ്യുന്നവരാണ്. ഇവര്‍ ഏറ്റവും വലിയ ജ്ഞാനികളാണ്. (ഇബ്നുല്‍ ഖയ്യിം (റഹ്)
ആത്മ സംസ്കരണത്തിന് എന്ത് ചെയ്യണം.?
1) ഈ മാര്‍ഗത്തില്‍ പ്രവേശിക്കാന്‍ ആദ്യമായി സത്യസന്ധരായ മഹാത്മാക്കളുമായി സഹവസിക്കുക. അവരില്‍ മനസ്സിന് ഇണക്കമുള്ള ഒരു വ്യക്തിത്വത്തിന്‍റെ ശിഷ്യത്വം സ്വീകരിക്കുക. ഇതിന് ബൈഅത്ത് എന്ന് പറയുന്നു.  മുന്‍ഗാമികളായ മഹാത്മാക്കള്‍ ചെയ്ത കാര്യമാണിത്. എന്നാല്‍ മറ്റു മഹത്തുക്കളെ നിന്ദിക്കാനും പാടില്ല.  ബൈഅത്ത് ചെയ്യുന്ന സമയത്ത് നടത്തപ്പെടുന്ന ഉപദേശങ്ങള്‍ പരിപൂര്‍ണ്ണമായി പാലിക്കുക. ചെയ്യണമെന്ന്  പറഞ്ഞ കാര്യങ്ങള്‍ ജീവിതകാലം മുഴുവനും അനുഷ്ഠിക്കുകയും ഉപേക്ഷിക്കണമെന്ന് ഉണര്‍ത്തപ്പെട്ട കാര്യങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുക. 2) വിശ്വാസ-ആദര്‍ശങ്ങള്‍ അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്‍റെ മഹാന്‍മാര്‍ വിവരിച്ചതിന് അനുസൃതമാക്കുക. അതിന് അതുമായി ബന്ധപ്പെട്ട രചനകള്‍ പാരായണം ചെയ്യുകയും സംശയങ്ങള്‍ സൂക്ഷ്മതയുള്ള പണ്ഡിതരോട് ചോദിച്ച് മനസ്സിലാക്കുകയും ചെയ്യുക. സുന്നത്ത് അനുസരിച്ച് ആഹാരം,  പാനീയം, ഉറക്കം ഇവ ക്രമീകരിക്കുക. ആവശ്യത്തിനു  അനുസരിച്ച് മാത്രം സംസാരിക്കുക. അനാവശ്യമായ  സംസാരങ്ങളും പ്രവര്‍ത്തനങ്ങളും  ഉപേക്ഷിക്കുക. 3)  കാര്‍മ്മിക ശരീഅത്തില്‍ നമസ്കാരം, കഴിവിന്‍റെ പരമാവധി നല്ലനിലയില്‍ അനുഷ്ഠിക്കുക.
ശുചീകരണം മുതലുള്ള എല്ലാ കര്‍മ്മങ്ങളും തക്ബീര്‍,  ഫാത്തിഹ മുതലുള്ള എല്ലാ പാരായണങ്ങളും പണ്ഡിതന്മാരില്‍ നിന്നും പഠിച്ച് പരിശീലിക്കുക. സുജൂദിന്‍റെ സ്ഥാനത്ത് ദൃഷ്ടി പതിപ്പിക്കുകയും ഓതുന്ന കാര്യങ്ങ ള്‍ ഇന്നതാണെന്ന് ഓര്‍മ്മ നിലനിര്‍ത്തുകയും ചെയ്തുകൊണ്ട് മാനസിക അവസ്ഥയും നന്നാക്കുക. വിത്ര്‍-തഹജ്ജുദ് നമസ്കാരങ്ങള്‍ പതിവാക്കുകയും  സാധിക്കുന്ന സുന്നത്ത് നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുക. സകാത്ത് ശ്രദ്ധാപൂര്‍വ്വം നിയമങ്ങ ള്‍ പാലിച്ച് കൊടുത്ത് വീടുക. സമ്പത്ത്, ശരീരം, വാചകം, മനസ്സ് ഇവ കൊണ്ടുള്ള ദാനധര്‍മ്മങ്ങളും വര്‍ദ്ധിപ്പിക്കുക. റമദാനുല്‍ മുബാറക് നന്മകളുടെ വസന്തകാലമാണ്.  നിയമ മര്യാദകള്‍ പാലിച്ചുകൊണ്ട് നോമ്പ് അനുഷ്ഠിക്കുകയും താല്‍പ്പര്യത്തോടെ ഖുര്‍ആന്‍ ധാരാളമായി ഓതിയും കേട്ടും തറാവീഹ് നമസ്കരിക്കുകയും ചെയ്യുക. റമദാനിന്‍റെ ദിനങ്ങള്‍ നീങ്ങുന്നതിനനുസരിച്ച് വര്‍ദ്ധിപ്പിക്കുക. വിശിഷ്യാ, അവസാനത്തെ പത്തില്‍  ഇഅ്തികാഫ് അനുഷ്ഠിക്കുക. അല്ലാഹു സമ്പത്ത് നല്‍കിയെങ്കില്‍ എത്രയും പെട്ടെന്ന് പുറപ്പെടുകയും കഴിവിന്‍റെ  പരമാവധി നല്ല നിലയില്‍ നിര്‍വ്വഹിക്കുകയും മക്ക-മദീന  പാഠങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും ചെയ്യുക. സൗകര്യപ്പെട്ടാല്‍ ഇതര കടമകള്‍ക്ക്  വീഴ്ച വരുത്താതെ ഇടയ്ക്ക് ഉംറകള്‍ നിര്‍വ്വഹിച്ച് ഹറമൈന്‍ ബന്ധം ശക്തമാക്കുക. ആത്മ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങ ള്‍ കൂടുതലായി പകര്‍ത്താനുള്ള സുവര്‍ണ്ണാവസരമാണ് നോമ്പിന്‍റെയും ഹജ്ജിന്‍റെയും അനുഗ്രഹീത ദിനരാത്രങ്ങള്‍. 4) ദുആകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മുഴുവന്‍  സമുദായത്തിനും നിലവിലുള്ള അവസ്ഥകളുടെ വെളിച്ചത്തില്‍ ദുആ ഇരക്കുക. മരണപ്പെട്ടവര്‍ക്കും പ്രത്യേകം ദുആ ചെയ്യുക. ദുആ ശബ്ദം കുറച്ചും, സ്വന്തം ഭാഷയിലും നിര്‍വ്വഹിക്കുക. 5) ശിര്‍ക്ക്-ബിദ്അത്തുകള്‍, അനാചാരങ്ങള്‍, അനിസ്ലാമിക സംസ്കാര രീതികള്‍ ഇവയില്‍ നിന്നും അകന്ന് നില്‍ക്കുക. 6) ഐഛികമായ കര്‍മങ്ങ ള്‍ ചെയ്യുമ്പോള്‍ ഇപ്രകാരം നിയ്യത്ത് ചെയ്യുക: പ്രായപൂര്‍ത്തിയായ മുതല്‍ ഇന്നുവരെയും ശാരീരികവും  സാമ്പത്തികവും നാവുകൊണ്ടും ഞാന്‍ ചെയ്തിട്ടുള്ളതും ഇപ്പോള്‍ ചെയ്യുന്നതും ഇനി ചെയ്യുന്നതുമായ എല്ലാ കര്‍മ്മങ്ങളുടെയും പ്രതിഫലം  ആദം (അ) മുതല്‍ ഖിയാമത്തു നാളുവരെയുള്ള മനുഷ്യരിലും ജിന്നുകളിലും പെട്ട സത്യവിശ്വാസികള്‍ക്കും ഞാന്‍ എത്തിച്ചു കൊടുക്കുന്നു.
ദിക്റുകള്‍ 
സൂര്യസ്തമനം മുതല്‍ അടുത്ത സൂര്യാസ്തമനം വരെയുള്ള ഏതെങ്കിലും സമയങ്ങളില്‍ ഈ ദിക്റുകള്‍ അനുഷ്ടിക്കുക. മൂന്നാം കലിമ 100 പ്രാവശ്യം, പുണ്യസ്വലാത്ത് 100 പ്രാവശ്യം, ഇസ്തിഗ്ഫാര്‍ 100 പ്രാവശ്യം.
ഖുര്‍ആന്‍ പാരായണം 
സൂറത്തുല്‍ ഫാതിഹ മുതല്‍ സൂറത്ത് നാസ് വരെയും ക്രമപ്രകാരം കഴിയുന്നത്ര പാരായണം ചെയ്തുകൊണ്ടിരിക്കുക. ആരംഭിക്കുന്ന പാരായണം എത്രയും പെട്ടെന്ന് തീര്‍ക്കാനും, അടുത്തത് ആരംഭിക്കാനും പരിശ്രമിക്കുക.
പുണ്യകലിമ 
ലാഇലാഹ ഇല്ലല്ലാഹ് ഇരുന്നൂറ് പ്രാവശ്യം.
ഇല്ലല്ലാഹ് നാന്നൂറു പ്രാവശ്യം.
അല്ലാഹ് അല്ലാഹ് അറുന്നൂറു പ്രാവശ്യം.
ഈ ദിക്റുകള്‍ ചെറിയ ശബ്ദത്തില്‍ ചൊല്ലുക. ആദ്യവും അവസാനവും 11 പ്രാവശ്യം വീതം പുണ്യസ്വലാത്ത് ചൊല്ലുക. ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലുമ്പോള്‍ ഓരോ പത്ത് പ്രാവശ്യവും ചൊല്ലിയതിനു ശേഷം മുഹമ്മദുര്‍  റസൂലുല്ലാഹ് സ്വല്ലല്ലാഹു അലൈഹി വ ആലിഹീ വസല്ലം എന്ന് ചൊല്ലുക.
നിരന്തര ദിക്ര്‍ 
അല്ലാഹു മഈ (അല്ലാഹു എന്നോടൊപ്പം എല്ലാസമയങ്ങളിലുമുണ്ട്) എന്ന ഈ ദിക്ര്‍ നില്‍ക്കുമ്പോഴും, ഇരിക്കുമ്പോഴും, കിടക്കുമ്പോഴും മാത്രമല്ല, എല്ലാ അവസ്ഥകളിലും മനസ്സുകൊണ്ട് സാങ്കല്‍പ്പികമായി ചൊല്ലിക്കൊണ്ടിരിക്കുക.
ദുആ
പരിശുദ്ധഖുര്‍ആനിലെയും പുണ്യഹദീസുകളിലെയും  ദുആകളുടെ സമാഹാരമായ അല്‍ ഹിസ്ബുല്‍  അഅ്ളം, മുനാജാത്തെ മഖ്ബൂല്‍ ഇവയിലൊന്നിലെ ഓരോ ദിവസത്തേക്കും നിശ്ചയിക്കപ്പെട്ട ഭാഗങ്ങള്‍ ഓതുക. അവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അമ്പത് ദുആകള്‍ ഈ ഫഖീര്‍ ക്രോഡീകരിച്ചിട്ടുണ്ട്. അത് പാരായണം ചെയ്താലും മതിയാകുന്നതാണ്. അറബി അറിയുന്നവര്‍  അറബിമാത്രം പാരായണം ചെയ്യുക. അറബി അറിയാത്തവര്‍ തര്‍ജിമ ശ്രദ്ധിക്കുകയോ കുറഞ്ഞപക്ഷം തര്‍ജിമ പാരായണം ചെയ്യുകയും ചെയ്യുക.
പുണ്യആയത്തുകള്‍ 
ആയത്തുല്‍ കുര്‍സിയ്യ് (സൂറത്തുല്‍ ബഖറ 152), സൂറത്തുല്‍ ഹശ്റിന്‍റെ അവസാനത്തെ മൂന്നു ആയത്തുകള്‍ രാവും പകലും ആശയമോര്‍ത്തുകൊണ്ട് ചെറിയ ശബ്ദത്തില്‍ രാവും പകലും എത്ര പ്രാവശ്യം ഓതാന്‍ കഴിയുമോ അത്രയും പ്രാവശ്യം ഓതുക.
മുറാഖബ:
ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹ് എന്ന കലിമ ആദ്യവും അവസാനവും പതിനൊന്ന് പ്രാവശ്യവും ഇബ്റാഹീമീ സ്വലാത്ത് ചൊല്ലിക്കൊണ്ട് ചൊല്ലാന്‍ പറ്റുന്ന അത്രയും പ്രാവശ്യം ചൊല്ലുക. ചൊല്ലുമ്പോള്‍ അല്ലാഹുവിന്‍റെ ഏകത്വവും  റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ  പ്രവാചകത്വ പരിസമാപ്തിയും  സങ്കല്‍പ്പിക്കുക. തലയെ ഹൃദയത്തിന്‍റെ ഭാഗത്തേക്ക് ചരിച്ചുവെക്കുക.
മരണസ്മരണ 
ആദ്യവും അവസാനവും പതിനൊന്ന് പ്രാവശ്യം  ഇബ്റാഹീമി സ്വലാത്ത് ചൊല്ലുകയും തലയെ ഹൃദയത്തിന്‍റെ ഭാഗത്തേക്ക് അല്‍പ്പം ചെരിച്ച് വെക്കുകയും ഈ രണ്ട് ആയത്തുകള്‍ ആശയം ധ്യാനിച്ചുകൊണ്ട് കഴിയുന്നത്രനേരം മനസ്സുകൊണ്ട് ചൊല്ലുക. 1.എല്ലാ  ശരീ രവും മരണത്തെ രുചിക്കേണ്ടി വരും (ആലു ഇംറാന്‍ 185) 2. നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. (നിസാഅ് 78)
പുണ്യസ്വലാത്ത് 
ആത്മ സംസ്കരണത്തിന് ഏറ്റവും ലളിതവും പ്രധാനവുമായ മാര്‍ഗ്ഗമാണ് പുണ്യസ്വലാത്ത്. ദിവസവും കുറഞ്ഞ ത് നൂറ് പ്രാവശ്യവും, ജുമുഅ ദിനം മുന്നൂറ് പ്രാവശ്യവും പതിവാക്കുക. മറ്റുസമയങ്ങളിലും സ്വലാത്ത് അധികമായി ആദരവോടെ ചൊല്ലുക. പ്രത്യേകിച്ചും റമദാനുല്‍ മുബാറക്ക്-ഹജ്ജ്-ഉംറ യാത്ര മുതലായ വിശിഷ്ഠ സമയങ്ങളിലും സ്ഥലങ്ങളിലും സ്വലാത്ത് വളരെ മഹത്തരമാണ്.
അല്ലാമാ അഷ്റഫ് അലി ത്ഥാനവി (റഹ്) പുണ്യസ്വലാത്ത് സൗഭാഗ്യവാന്‍റെ പാഥേയം എന്ന പേരില്‍ ചെറിയ  ഒരു രചന തയ്യാറാക്കിയിട്ടുണ്ട്. അതിന്‍റെ അവസാനത്തില്‍ ഹദീസില്‍ വന്നിട്ടുള്ള നാല്‍പ്പത് ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. മദീന സിയാറത്ത് പോലുള്ള സന്ദര്‍ഭങ്ങളിലും ഇഅ്തികാഫ് പോലുള്ള സമയങ്ങളിലും അതിന്‍റെ പാരായണം വളരെ ഉത്തമമാണ്.
കുറിപ്പ് 
ഇതും ഇതര ദിക്റുകളും ധ്യാനങ്ങളും നടത്തുന്നതിന്
അര്‍ഹരായ  ശൈഖുമാരുടെ അനുവാദം ആവശ്യമാണ്. കൂടാതെ നമ്മുടെ അവസ്ഥകള്‍ അവരെ അറിയിച്ചുകൊണ്ടിരിക്കുകയും വേണം. ഇതു കൂടാതെ ധാരാളം ദിക്റുകളും മുറാഖബയും ഉണ്ട്. അവ ചെയ്യുന്നതിന് അര്‍ഹരായ ശൈഖുമാരുടെ അനുമതി ആവശ്യമാണ്. അല്ലാഹു നാമെല്ലാവരെയും സ്വീകരിക്കട്ടെ.! അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹം നമ്മുടെ മനസ്സുകളില്‍  നിറച്ച് തരട്ടെ.! എല്ലാ വിധ ദുര്‍ഗുണങ്ങളും ദൂരീകരിക്കുകയും സത്ഗുണങ്ങള്‍ കനിഞ്ഞരുളുകയും ചെയ്യട്ടെ.!
മഹാന്മാരുടെ സംഭവങ്ങള്‍-വചനങ്ങള്‍ 
ആത്മ സംസ്കരണ മാര്‍ഗ്ഗത്തിലേക്ക് ആഗ്രഹം ജനിപ്പിക്കുകയും മുന്നേറ്റത്തിന് വഴി തെളിയിക്കുകയും ചെയ്യുന്ന ഒന്നാണ് ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം), നബിമാര്‍, സ്വഹാബത്ത്, ഔലിയാക്ക ളുടെ ആധികാരിക ചരിത്രങ്ങളുടെയും വചനങ്ങളുടെയും  പാരായണം.
ആത്മ സംസ്കരണ മാര്‍ഗ്ഗത്തില്‍ ഉന്നത സേവനങ്ങ ള്‍ അനുഷ്ടിച്ച വ്യക്തിത്വവും വിനീതന്‍റെ പരമ്പരയിലെ  മഹാത്മാവുമായ സയ്യിദുല്‍ ആരിഫീന്‍ അഹ്മദുല്‍  കബീര്‍ രിഫാഈ (റ) യുടെ ചരിത്രങ്ങളും വചനങ്ങളും വിവിധ  രചനകളിലായി ക്രോഡീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
അതില്‍ ചില വചനങ്ങള്‍ ഉപസംഹാരമായി ഇവിടെ ഉദ്ധരിക്കുന്നു.
രിഫാഈ ഉദ്ബോധനങ്ങള്‍ 
മഹാന്മാരാമായ സൂഫീവര്യന്മാര്‍ക്ക് അല്ലാഹു കനിഞ്ഞ രുളിയ വിശിഷ്ട അനുഗ്രഹങ്ങള്‍ അവര്‍ വിവരിക്കും. എന്നാല്‍ ശരീഅത്തിന്‍റെ പരിധിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. കാരണം ഓരോ വാചകത്തിനും കര്‍മ്മത്തിനും അല്ലാഹുവിങ്കല്‍  ചില നിയമാതിര്‍ത്തികളുണ്ടെന്ന് അവര്‍ക്ക് നന്നായി അറിയാം. വിലായത്ത് ലഭിച്ചാലുടന്‍ ഞാന്‍ ഏറ്റവും വലിയ  രക്ഷിതാവാണെന്ന് വാദിക്കാന്‍ വിലായത്ത് എന്നത് ഫിര്‍ഔന്‍-നംറൂദുകളുടെ ഗുണമല്ല. ഞാന്‍ രാജാവല്ല, അടിമയിരിക്കുന്നതുപോലെ ഇരിക്കുന്നു എന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മഹത്ഗുണമാണ് വിലായത്ത്.
ബാഹ്യപ്രകടനങ്ങള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കും ഔലിയാക്കളുമായി ഒരു ബന്ധവുമില്ല. ഇഹലോകത്ത് പൊങ്ങ ച്ചങ്ങളുമായി നടന്നവര്‍ പരലോകത്ത് നല്ലവരില്‍ നിന്നും മാറിനില്‍ക്കാന്‍ അല്ലാഹു  കല്പിക്കുന്നതാണ്. "ജന ങ്ങ ളെ, നിങ്ങള്‍ എല്ലാവരും അല്ലാഹുവിലേക്ക് യാചകരാണ്" എന്ന ആയത്ത് അനുസരിച്ച് ജീവിക്കുന്നവരാണ് അല്ലാഹുവിന്‍റെ ഉത്തമ ദാസന്മാര്‍.
എല്ലാ വിഷയങ്ങളിലും അല്ലാഹുവിനോട് സഹായമിരക്കുക. ബുദ്ധിയുള്ളവന്‍ ആവശ്യങ്ങളുമായി അധികാരികളുടെ അരികില്‍ പോകാറില്ല. അവന്‍റെ കാര്യങ്ങളെല്ലാം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. എല്ലാ ആവശ്യങ്ങളും അവന്‍ അല്ലാഹുവിനോട് മാത്രം ഇരക്കുന്നതും സഹായം തേടുന്നതുമാണ്. ഞാന്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങ ള്‍ മാത്രമേ നിങ്ങളോട് പറയാറുള്ളൂ. അത്കൊണ്ട് പറയാന്‍ എളുപ്പമാണ്, പ്രവര്‍ത്തിക്കാന്‍ പ്രയാസവുമാണ്  എന്ന് നിങ്ങള്‍ക്ക് പറയാന്‍ അവസരമില്ല. പ്രഭാഷണങ്ങളും അധ്യാപനങ്ങളും നടത്തുന്നവരില്‍ നിന്നും അല്ലാഹുവിന്‍റെ വചനങ്ങളും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഉപദേശങ്ങളും നീതിമാന്മാരായ പണ്ഡിതരുടെ വാക്യങ്ങളും സ്വീകരിക്കുക. ഇതല്ലാത്തതെല്ലാം വലിച്ചെറിയുക. വിശിഷ്യാ പുത്തന്‍കാര്യങ്ങളെ  അവരുടെ മുഖത്തേക്കെറിയുക. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മാര്‍ഗ്ഗത്തിനെതിരായ കാര്യങ്ങ ള്‍ സൂക്ഷിക്കുക.
മര്യാദകള്‍ മുറുകെ പിടിക്കുക. വിശിഷ്യാ, അല്ലാഹുവിനോടുള്ള പ്രധാന മര്യാദയായ അവനെകുറിച്ചുള്ള ധ്യാനം  നിലനിര്‍ത്തുക. ഒരു നേരവും അവനില്‍ നിന്നും വിസ്മൃതനാകരുത്. ലക്ഷ്യം കരസ്ഥമാക്കാനുള്ള കവാടം മര്യാദയാണെന്ന് മനസ്സിലാക്കുക. സഈദിബ്നു മുസ്വയ്യബ് (റ) പ്രസ്താവിക്കുന്നു: അല്ലാഹുവിനോടുള്ള കടമകള്‍ അറിയാതിരിക്കുകയും വിധിവിലക്കുകള്‍ പാലിക്കാതിരിക്കുകയും ചെയ്യാത്തവന്‍ അല്ലാഹുവിനോടുള്ള മര്യാദയില്‍  നിന്നും കാതങ്ങള്‍ അകന്നവനാണ്.
അല്ലാഹു അറിയിക്കുന്നു: അറിവുള്ളവന്‍ മാത്രമാണ് 
അല്ലാഹുവിനെ ഭയക്കുന്നത്. (ഫാത്വിര്‍ 28). അതെ, അല്ലാഹുവിനോടുള്ള കടമകള്‍ ഉണരുകയും, അവനില്‍ എല്ലാം  ഭരമേല്‍പ്പിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ ജ്ഞാനികള്‍.
ഹസന്‍ ബസ്വരി (റ) പറയുന്നു: ദീനീവിജ്ഞാനം കരസ്ഥമാക്കലും ഭൗതികതാല്പര്യങ്ങള്‍ കുറയ്ക്കലും അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പാലിക്കലുമാണ് പ്രധാനമര്യാദകള്‍.!
സഹ്ല്‍ (റ) ഉണര്‍ത്തുന്നു: മര്യാദകളിലൂടെ മനസ്സിനെ  ശരിയാക്കുന്നവന്‍ ഉദ്ദേശശുദ്ധിയോടെ അല്ലാഹുവിനെ  ആരാധിക്കുന്നതാണ്.  അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാര്‍  ഗുരുനാഥന്മാരെ ആദരിക്കും. അവരുടെ മനസ്സില്‍ വെറുപ്പുണ്ടാക്കുന്നവരെ അല്ലാഹു പ്രയാസ-പ്രശ്നങ്ങളില്‍  കുടുക്കുന്നതാണ്.
മുതിര്‍ന്നവരെ സേവിക്കുക, സമപ്രായക്കാരോട് സഹാനുഭൂതി പുലര്‍ത്തുക, താഴ്ന്നവരോട് കരുണ കാട്ടുക. ഇറാഖ് പ്രദേശം മഹാന്മാരുടെ കേന്ദ്രമായിരുന്നു. അവരെല്ലാവരും അല്ലാഹുവിലേക്ക് യാത്രയായിക്കഴിഞ്ഞു. അല്ലാഹുവിനെ ഓര്‍ത്ത് ആ മഹാത്മാക്കളെ പഠിക്കുകയും അവരെ പിന്‍പറ്റുകയും അവരുടെ മഹല്‍ഗുണങ്ങള്‍ ഉണ്ടാക്കിയെടുത്ത് ഉത്തമപിന്‍ഗാമികളാവുകയും അവരുടെ മാര്‍ഗം പ്രചരിപ്പിക്കുകയും ചെയ്യുക.
"അവര്‍ക്ക് ശേഷം നമസ്കാരം പാഴാക്കുകയും വികാരേച്ഛകള്‍ പിന്‍പറ്റുകയും ചെയ്യുന്ന പിന്‍ഗാമികളുണ്ടായി.' എന്ന വചനത്തിന്‍റെ പുലര്‍ച്ചയായി നാം ആകാതിരിക്കുക. നന്മകളില്‍ പിന്നിലായിക്കൊണ്ട് നാളെ നാണംകെടേണ്ടിവരുന്ന അവസ്ഥയില്‍ നിന്നും രക്ഷപ്പെടുക. നമ്മുടെ  ഓരോ നിമിഷവും വളരെ അമൂല്യമാണ്. സമയത്തെ നശിപ്പിക്കാതെ സൂക്ഷിക്കുക. സമയം പാഴാക്കരുത്. അത് ശരിയാംവിധം ചിലവാക്കാതെ പാഴാക്കിയാല്‍ നമ്മെ അത് പിഴപ്പിക്കുന്നതാണ്. അത്തരം മനുഷ്യരുടെമേല്‍ പിശാച് അധികാരിയാകുന്നതാണ്.
ഉപസംഹാരം 
-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്റഫ് അലി ത്ഥാനവി (റഹ്) 
ഉപസംഹാരമായി മൂന്ന് മഹാന്മാരുടെ സാരസമ്പൂര്‍ണ്ണമായ വസ്വിയ്യത്തുകള്‍ ഉദ്ധരിക്കുകയാണ്:
ഇമാം ഖുശൈരി (റഹ്) യുടെ വിലയേറിയ വസ്വിയ്യത്തുകള്‍: 
ആദ്യമായി അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ വിശ്വാസ-ആദര്‍ശങ്ങള്‍ക്ക് അനുസരിച്ച് വിശ്വാസം നന്നാക്കുക.  ശേഷം മദ്റസയില്‍ താമസിച്ചുകൊണ്ടോ പണ്ഡിതന്മാരുമായി സഹവസിച്ചുകൊണ്ടോ ആവശ്യാനുസൃതം വിജ്ഞാനം കരസ്ഥമാക്കുക.
അഭിപ്രായ വ്യത്യാസങ്ങളുള്ള വിഷയങ്ങളില്‍ സൂക്ഷ്മത കൈക്കൊള്ളുക. പാപങ്ങളില്‍ നിന്നും നിഷ്കളങ്കമായി തൗബ ചെയ്യുക. സത്യത്തിന്‍റെ വക്താക്കളെ തൃപ്തിപ്പെടുത്തുക. സമ്പത്ത്-സ്ഥാനങ്ങളുമായുള്ള ബന്ധം ഒഴിവാക്കുക.
ശൈഖ് പറയുന്നതിന് എതിര്  പ്രവര്‍ത്തിക്കരുത്. അദ്ദേഹത്തെ വിമര്‍ശിക്കുകയും അരുത്. ആന്തരിക അവസ്ഥകള്‍ ശൈഖിനോട് മറച്ചുവെക്കരുത്. മറ്റുള്ളവരോട് പ്രകടിപ്പിക്കുകയും അരുത്. ശൈഖിന്‍റെ വിഷയത്തില്‍ വല്ല  വീഴ്ച്ചയും ഉണ്ടായാല്‍ ഉടനടി മാപ്പിരക്കുക. തെറ്റുകള്‍ സമ്മതിക്കുക. ദുര്‍വ്യാഖ്യാനം പാടില്ല.
അത്യാവശ്യമില്ലാതെ യാത്ര ചെയ്യരുത്. അധികം ചിരിക്കരുത്. ആരുമായും വഴക്കുണ്ടാക്കരുത്. കൂട്ടുകാരോട് അസൂയ പുലര്‍ത്തരുത്. സ്ത്രീകളുടെയും കുട്ടികളുടെയും സഹവാസം ഒഴിവാക്കുക. അവരോട് തുറന്ന് ഇടപഴകാനും പാടില്ല.
പടച്ചവനുമായി ഉറച്ചബന്ധം ഉണ്ടാകുന്നതുവരെ ആരെയും ശിഷ്യനാക്കരുത്.  ശരീഅത്തിന്‍റെ മര്യാദകള്‍ വളരെ ശ്രദ്ധിക്കുക. ഇബാദത്തുകളിലും ത്യാഗങ്ങളിലും അലസത കാട്ടരുത്. ഏകാന്തതയില്‍ കഴിയുക. ആളുകള്‍ക്കിടയിലാണെങ്കില്‍ സേവകനാവുക. എല്ലാവരേക്കാളും താഴ്ന്നവനായി കാണുക. ഭൗതിക സ്നേഹികളില്‍ നിന്നും അകന്നുകഴിയുക.
മൗലാനാ ഷാഹ് വലിയുല്ലാഹി ദഹ്ലവി (റഹ്) യുടെ സാരസമ്പൂര്‍ണ്ണമായ വസ്വിയ്യത്തുകള്‍: 
അത്യാവശ്യവും ദീനീ നന്മയും ഇല്ലാതെ സമ്പന്നരോട് സഹവസിക്കരുത്. വിവരം കെട്ട സൂഫികള്‍, വിവരമില്ലാത്ത ഇബാദത്തുകാര്‍, കടുത്ത സ്വഭാവക്കാരായ പണ്ഡിതര്‍, പണ്ഡിതരോട് ശത്രുത പുലര്‍ത്തുന്നവര്‍, തര്‍ക്ക വിഷയങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ എന്നിവരില്‍ നിന്നും അകന്നുകഴിയുക.
അറിവും തസ്വവ്വുഫുമായി ബന്ധമുള്ളവരും ഭൗതിക താല്‍പ്പര്യം ഇല്ലാത്തവരും അല്ലാഹുവിന്‍റെ ദിക്റിനെയും സുന്നത്തിനെയും സ്നേഹിക്കുന്നവരുമായ മഹത്തുക്കളുടെ സഹവാസത്തില്‍ കഴിയുക.
മറ്റ് മദ്ഹബുകളെയും ത്വരീഖത്തുകളെയും താഴ്ത്താതെ സ്വന്തം മദ്ഹബ് അനുസരിച്ച് കഴിയുക. ചിലര്‍ ഹനഫി മദ്ഹബാണ് അല്ലെങ്കില്‍ ശാഫിഈ മദ്ഹബാണ് ഏറ്റവും ഉത്തമമെന്നും, ചിശ്തിയ്യാ ത്വരീഖത്താണ് അല്ലെങ്കില്‍ നഖ്ശബന്ദി ത്വരീഖത്താണ് മെച്ചമെന്നും വാദിക്കാറുണ്ട്. ഇതെല്ലാം വിവരക്കേടാണ്.
അവസ്ഥക്ക് മാറ്റം വന്നതിനാലോ വ്യാഖ്യാനത്തിന്‍റെ പേരിലോ നമുക്ക് എതിരായ കാര്യം ആരെങ്കിലും ചെയ്യുന്നത് കണ്ടാല്‍ അവരെ വിമര്‍ശിക്കരുത്. എന്നാല്‍ അവരെ അനുകരിക്കുകയും അരുത്.!
ശൈഖ് അല്‍ ഹാജ് മുഹമ്മദ് ഇംദാദുല്ലാഹ് മുഹാജിര്‍ മക്കി (റഹ്) യുടെ സാരസമ്പൂര്‍ണ്ണമായ വസ്വിയ്യത്തുകള്‍: 
അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്‍റെ വിശ്വാസ-ആദര്‍ശങ്ങള്‍ പഠിച്ച് പകര്‍ത്തുക. ആര്‍ത്തി, ദുര്‍മോഹം, കോപം, കളവ്, പരദൂഷണം, പിശുക്ക്, അസൂയ, ലോകമാന്യത, അഹന്ത, പക, എന്നീ  ദു:സ്വഭാവങ്ങള്‍ ദൂരീകരിക്കുക.
സഹനത, നന്ദി, ആത്മ സംതൃപ്തി, അറിവ്, ഉറച്ച വിശ്വാസം, അല്ലാഹുവില്‍ അവലംബം, പടച്ചവനെ ഭരമേല്‍പ്പിക്കുക, വിധിയില്‍ തൃപ്തി എന്നീ സല്‍ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കുക.
ശരീഅത്തിനെ പാലിക്കുന്നതില്‍ വളരെ ശ്രദ്ധ പുലര്‍ത്തുക. പാപങ്ങള്‍ വല്ലതും ഉണ്ടായാല്‍ തൗബ  ചെയ്യുകയും നന്മകളിലൂടെ പരിഹരിക്കുകയും ചെയ്യുക. നമസ്കാരം ജമാഅത്തായി കൃത്യസമയത്ത് നിര്‍വ്വഹിക്കുക. അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്നും ഒരു സമയവും അശ്രദ്ധനാകരുത്. ദിക്റിലൂടെ രസാനുഭൂതിയുണ്ടായാല്‍ നന്ദി രേഖപ്പെടുത്തുക. കശ്ഫ്-കറാമത്തുകള്‍ തേടിക്കൊണ്ട് നടക്കരുത്.
തസ്വവ്വുഫുമായി ബന്ധപ്പെട്ട നമ്മുടെ അവസ്ഥകള്‍ മറ്റുള്ളവരോട് പറയരുത്. ദുന്‍യാവിനെയും വസ്തുക്കളെയും മനസ്സില്‍ നിന്നും ഒഴിവാക്കുക. ശരീഅത്തിന് വിരുദ്ധമായ സൂഫിനാമധാരികളില്‍ നിന്നും അകന്നുകഴിയുക. ജനങ്ങളോട് ആവശ്യത്തിന് മാത്രം ബന്ധപ്പെടുക. സല്‍സ്വഭാവത്തോടെ വര്‍ത്തിക്കുക. എല്ലാവരേക്കാളും താഴ്ന്നവനായി കാണുക. വിമര്‍ശന സ്വഭാവം ഒഴിവാക്കുക. മയത്തോടെ സംസാരിക്കുക. നിശബ്ദതയും ഏകാന്തതയും പതിവാക്കുക. സമയനിഷ്ട പാലിക്കുക. പൈശാചിക ദുര്‍ബോധനങ്ങള്‍ക്ക് മനസ്സില്‍ ഇടം നല്‍കരുത്. സംഭവിച്ചതെല്ലാം അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുമാണെന്ന് മനസ്സിലാക്കുക. അല്ലാഹു അല്ലാത്തവരെക്കുറിച്ചുള്ള ചിന്ത വെടിയുക. ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക്  സഹായം ചെയ്യുക. നിയ്യത്ത് നിഷ്കളങ്കമാക്കുക. ആഹാര-പാനീയങ്ങളില്‍ മിതത്വം പുലര്‍ത്തുക. അലസത ഉണ്ടാകുന്ന നിലയില്‍ വര്‍ദ്ധനവോ ബലഹീനത സംഭവിക്കുന്ന നിലയില്‍ കുറവോ വരുത്തരുത്.
അനുവദനീയമായ സമ്പാദ്യം ഉത്തമമാണ്. അല്ലാഹുവില്‍ പരിപൂര്‍ണ്ണ അവലംബമുണ്ടെങ്കില്‍ സമ്പാദ്യം ഒഴിവാക്കാവുന്നതാണ്. പക്ഷേ ആരോടും പ്രതീക്ഷയും ഭയവും പുലര്‍ത്തരുത്. അല്ലാഹുവിന്‍റെ  പൊരുത്തത്തെ സര്‍വ്വതാ തേടിക്കൊണ്ടിരിക്കുക. അനുഗ്രഹങ്ങളില്‍ നന്ദി രേഖപ്പെടുത്തുക. ദാരിദ്ര-ദു:ഖങ്ങളില്‍ മനസ്സ് ഇടുങ്ങരുത്. ബന്ധുമിത്രങ്ങളോട് മയത്തോടെ വര്‍ത്തിക്കുക. അവരുടെ തെറ്റുകുറ്റങ്ങള്‍ മാപ്പാക്കുക. അവരുടെ ന്യായങ്ങള്‍ അംഗീകരിക്കുക. പരദൂഷണവും ദൂശ്യം തേടലും ഒഴിവാക്കുക. സ്വന്തം തെറ്റുകുറ്റങ്ങള്‍ നിരീക്ഷിക്കുക. ആരുമായും തര്‍ക്കം പാടില്ല. അതിഥികളെയും യാത്രികരെയും സഹായിക്കുക. സാധുക്കള്‍, പണ്ഡിതര്‍, സല്‍ക്കര്‍മ്മികള്‍  എന്നിവരുടെ സഹായം തെരഞ്ഞെടുക്കുക. ആത്മ സംതൃപ്തിയും മറ്റുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കലും പതിവാക്കുക. വിശപ്പും ദാഹവും പതിവാക്കുക. ചിരി കുറക്കുക. കരച്ചില്‍ അധികരിപ്പിക്കുക. അല്ലാഹുവിന്‍റെ ശിക്ഷയും ധന്യതയും ഓര്‍ത്ത് ഭയന്നുകഴിയുക.
മരണത്തെ സദാ സമയവും ഓര്‍ക്കുക. ദിവസവും കര്‍മ്മങ്ങള്‍ വിചാരണ ചെയ്യുക. നന്മയില്‍ നന്ദി രേഖപ്പെടുത്തുക. തിന്മയില്‍ നിന്നും തൗബ ചെയ്യുക. സത്യം പറയലും ഹലാല്‍ കഴിക്കലും അടയാളമാക്കുക. ശരീഅത്തിന് വിരുദ്ധമായ സദസ്സുകളില്‍ പോകരുത്. വിവരക്കേ ടിന്‍റെ ആചാരങ്ങളില്‍ നിന്നും മാറി നില്‍ക്കുക.
ലജ്ജ, മിതഭാഷ്യം,  രഞ്ചിപ്പ്, സല്‍ക്കര്‍മ്മം, നല്ല പെരുമാറ്റം, വിനയം എന്നിവ മുറുകെ പിടിക്കുക. ഇവയില്‍ അഹങ്കരിക്കരുത്. ഔലിയാഇന്‍റെ മസാറുകള്‍ സന്ദര്‍ശിച്ച് പ്രയോജനം നേടുക. ഇടയ്ക്കിടെ പൊതുജനങ്ങളുടെ ഖബ്ര്‍സ്ഥാനുകളില്‍ പോയി സവാബ് എത്തിച്ചുകൊടുക്കുക. ശൈഖിനോടുള്ള മര്യാദയും അനുസരണയും നിലനിര്‍ത്തുക. എപ്പോഴും അടിയുറപ്പിന് ദുആ ഇരന്നുകൊണ്ടിരിക്കുക.!
മുനാജാത്ത്
അല്ലാഹുവേ, സര്‍വ്വലോക പരിപാലകനായ നിനക്ക് സര്‍വ്വ സ്തുതികളും സമര്‍പ്പിക്കുന്നു. അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത് - സലാമുകള്‍  വര്‍ഷിപ്പിക്കേണമേ.! മുഴുവന്‍ സ്വഹാബത്തിനെയും തിരു കുടുംബത്തെയും മുന്‍ഗാമികളായ സര്‍വ്വ മഹത്തുക്കളെയും അനുഗ്രഹിക്കേണമേ.! അല്ലാഹുവേ, ഞാന്‍ നിന്നോട് താണുകേണ് അപേക്ഷിക്കുന്നു, ഒന്നുമില്ലാത്ത എന്‍റെ ആശ്രയം നീ മാത്രമാണ്. അല്ലാഹുവേ, നിന്‍റെ വലിയ അനുഗ്രഹത്താല്‍ മഹാന്മാരായ സൂഫിവര്യന്മാരുടെ പരമ്പരയുമായി എനിക്ക് ബന്ധം നല്‍കി. ഈ ബന്ധം നന്നാക്കുകയും നിലനിര്‍ത്തുകയും ഇരുലോകത്തും പ്രയോജന പ്രദമാക്കുകയും ചെയ്യേണമേ.!
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി 
മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരി ഹിജ്രി 1382
മൗലാനാ അബ്ദുര്‍റഹീം റായ്പൂരി 1337
അല്ലാമാ റഷീദ് അഹ്മദ് ഗംഗോഹി 1323
അല്‍ ഹാജ് ഇംദാദുല്ലാഹ് മുഹാജിര്‍ മക്കി 1317
ഹസ്റത്ത് മിയാന്‍ജി നൂര്‍ മുഹമ്മദ് 1274
ശൈഖ് അബ്ദുല്‍ ബാരി 1226
ശാഹ് അബ്ദുല്‍ ഹാദി 1190
ശൈഖ് അസീസുദ്ദീന്‍ 1170
ശൈഖ് മുഹമ്മദ് മക്കി 
ശൈഖ് സയ്യിദ് മുഹമ്മദ് 1021
ശൈഖ് മുഹിബ്ബുല്ലാഹ് 1054
ശൈഖ് അബൂസഈദ് 1040
ഹസ്റത്ത് നിസാമുദ്ദീന്‍ ഉമരി 1024
ശൈഖ് ജലാലുദ്ദീന്‍ 990
ശൈഖ് അബ്ദുല്‍ ഖുദ്ദൂസ് 944
ശൈഖ്  മുഹമ്മദ് 898
ശൈഖ് ആരിഫ് 888
ശൈഖ് അബ്ദുല്‍ ഹഖ് 836
ശൈഖ് ജലാലുദ്ദീന്‍ 765
ശൈഖ് ശംസുദ്ദീന്‍ 715
ശൈഖ് അലാഉദ്ദീന്‍ 690 
ശൈഖ് ഫരീരുദ്ദീന്‍ ശകര്‍ഗഞ്ച് (ഫരീദ് ഔലിയ) 624
ഖാജാ ഖുതുബുദ്ദീന്‍ 634
ഖാജാ മുഈനുദ്ദീന്‍ 632
ഖാജാ ഉസ്മാന്‍ ഹാറൂനി 617
ശൈഖ് ശരീഫ് 580
ശൈഖ് മൗദൂദ് 527
ശൈഖ് അബൂയൂസുഫ് 459
ശൈഖ് മുഹമ്മദ് 411 
ശൈഖ് അബൂ അഹ്മദ് 355
ശൈഖ് അബൂഇസ്ഹാഖ് 329
ശൈഖ് മുംഷാദ് 297
ശൈഖ് ഖുബൈറ 287
ശൈഖ് ഹുദൈഫ 202
ശൈഖ് ഇബ്റാഹീം അദ്ഹം
ഇമാം ഫുസൈലിബ്നു ഇയാസ് 187 
ഖാജാ അബ്ദുല്‍ വാഹിദ് 170
ഇമാം ഹസന്‍ ബസ്വരി 110
ഈ മഹാന്മാര്‍  വഴി സയ്യിദുനാ അലിയ്യുല്‍ മുര്‍തളാ (റ) യിലേക്കും  സര്‍വ്വ സ്വഹാബി വര്യന്മാരിലേക്കും അവരിലൂടെ ഇരുലോക നായകന്‍ മുഹമ്മദ് മുസ്തഫാ (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലേക്കും എത്തിച്ചേരാന്‍ കഴിഞ്ഞു.
അല്ലാഹുവേ, ഈ മഹാന്മാരുടെ ഉന്നത ഗുണങ്ങള്‍ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും അവരോടുള്ള സ്നേഹം കൊണ്ട് നീ ഉതവി നല്‍കേണമേ.! എന്‍റെ  മനസ്സിനെ പാപത്തിന്‍റെ ഇരുളുകളില്‍ നിന്നും രക്ഷിച്ച്  മഅ്രിഫത്തുകൊണ്ട് പ്രകാശിപ്പിക്കേണമേ.! നിന്നോടുള്ള സ്നേഹം  നല്‍കേണമേ.! നിന്നെക്കുറിച്ചുള്ള ധ്യാനം നല്‍കേണമേ.! പാപങ്ങളില്‍  നിന്നും രക്ഷിച്ച് നേര്‍വഴിയില്‍ ഉറപ്പിക്കേണമേ.! ഇരുലോകത്തും അന്തസ്സ് നല്‍കേണമേ.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടുള്ള സ്നേഹം നല്‍കേണമേ.! നിന്നിലേക്ക് അടുപ്പിക്കുന്ന സര്‍വ്വകാര്യങ്ങളോടും സ്നേഹം നല്‍കേണമേ.! എന്നെ സൗഭാഗ്യവാന്‍ ആക്കേണമേ.! ഇരുലോകത്തും  സന്തോഷം  നല്‍കേണമേ.!  നിന്നോടുള്ള സ്നേഹത്തിലൂടെ  അന്തസ്സുള്ളവനാക്കേണമേ.! ജീവിത വിശുദ്ധി നല്‍കേണമേ.! പ്രവാചക ഗുണങ്ങള്‍ കൊണ്ട് എന്‍റെ ആത്മാവിനെ വിശുദ്ധമാക്കേണമേ.! ശരീഅത്തില്‍ ഉറപ്പിച്ച് നിറുത്തുകയും മഅ്രിഫത്ത് നല്‍കുകയും ചെയ്യേണമേ.! സത്യസരണിയിലൂടെ സഞ്ച രിപ്പിക്കേണമേ.! ഇരുലോകത്തും മഹത്വങ്ങള്‍ നല്‍കേണമേ.! ദീനിന്‍റെ  പ്രകാശം കനിയേണമേ.! സഹനത നല്‍കേണമേ.! നിന്നോടുള്ള  സ്നേഹത്തില്‍  യാത്രകള്‍  ചെയ്യാന്‍ തുണക്കേണമേ.! നിന്നോടുള്ള സ്നേഹപാതയില്‍ മരിക്കാന്‍ ഭാഗ്യം തരേണമേ.! മനസ്സിനും പിശാചിനും എതിരില്‍ സഹായിക്കേണമേ.! ലജ്ജാശീലം നല്‍കേണമേ.! ദിക്റിലൂടെ ജീവന്‍ കനിയേണമേ.! നീയുമായി ഇണക്കം നല്‍കേണമേ.! നിന്നോടുള്ള അനുരാഗവും വിജ്ഞാനവും നല്‍കേണമേ.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടുള്ള സ്നേഹാദരവുകള്‍ നല്‍കേണമേ.! എന്‍റെ തിന്മകളെ നന്മകളാക്കി മറിക്കേണമേ.! ദീനിനെപ്പറ്റിയുള്ള ചിന്തയും ദു:ഖവും കനിയേണമേ.! നിന്‍റെ ധ്യാനം കൊണ്ട് എന്‍റെ മനസ്സിനെ അലങ്കരിക്കേണമേ.! എനിക്ക് ഉള്‍ക്കാഴ്ച്ച കനിഞ്ഞരുളേണമേ.! കരയുന്ന  കണ്ണുകള്‍ നല്‍കേണമേ.! സുഖാഢംബരങ്ങളോട് അകല്‍ച്ച നല്‍കേണമേ.! നന്മയില്‍ നിന്നും അകറ്റുന്ന കാര്യങ്ങളില്‍ നിന്നും  രക്ഷിക്കേണമേ.! തൗഹീദില്‍ ഉറപ്പിച്ച് നിര്‍ത്തേണമേ.! എന്‍റെ എല്ലാ  കാര്യങ്ങളും നന്നാക്കിത്തരേണമേ.! വിജ്ഞാനം നല്‍കി അനുഗ്രഹിക്കേണമേ.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ  സാമീപ്യം നല്‍കേണമേ.! നിന്‍റെ തിരുദര്‍ശനം കനിഞ്ഞരുളേണമേ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...