Tuesday, December 5, 2017

ഇസ് ലാമും മാനവികതയും -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി (എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)


ഇസ് ലാമും
മാനവികതയും
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(എക്സിക്യുട്ടീവ് മെമ്പര്‍,
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
http://swahabainfo.blogspot.com/2017/12/blog-post_5.html?spref=tw

ലോകം മുഴുവനും പാശ്ചാത്യ മാധ്യമങ്ങള്‍ വളരെ ആസൂത്രിതമായ നിലയില്‍ ഇസ് ലാമിനെ മനുഷ്യത്വ രഹിതമായ ഒരു മതമായി ചിത്രീകരിക്കുന്നതിന് വളരെയധികം സമ്പത്തും ഊര്‍ജ്ജവും ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. ഏതാനും ആളുകളെയും പ്രാദേശിക സംഭവങ്ങളെയും ഉയര്‍ത്തിക്കാട്ടി ഒരു ഉന്നത ദൗത്യമെന്നോണം അവര്‍ അദ്ധ്വാനിക്കുന്നു. ഇത്തരുണത്തില്‍ ഇസ് ലാമിക അദ്ധ്യാപനങ്ങള്‍ വളരെയധികം പ്രോല്‍സാഹിപ്പിക്കുകയും ഗതകാലങ്ങളില്‍ മുന്‍ഗാമികള്‍ മുറുകെ പിടിക്കുകയും ചെയ്തിട്ടുള്ള മനുഷ്യ സ്നേഹം, സമാധാന ശ്രമം, മര്‍ദ്ദിത സേവനം, സാധു സഹായം, നീതി-ന്യായങ്ങള്‍ എന്നിവയെ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ       വലിയൊരാവശ്യമാണ്.
ഇസ്ലാമില്‍ മനുഷ്യന്‍റെ സ്ഥാനം 
പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ഈ ലോകത്തുള്ള സര്‍വ്വ സൃഷ്ടികളിലും ഏറ്റവും മഹത്വവും ആദരവുമുള്ളത് മനുഷ്യര്‍ക്കാണ്.
ശരീരം, രൂപം, ശേഷികള്‍, വിജ്ഞാന ഗുണങ്ങള്‍ എന്നിവയിലെല്ലാം മനുഷ്യന്‍ ഇതര സൃഷ്ടികളെക്കാള്‍ ഉന്നതനാണ്.
അത്തിപ്പഴം, ഒലിവ് വൃക്ഷം, സീനാ പര്‍വ്വതം, സമാധാന പൂര്‍ണ്ണമായ നാട് എന്നീ നാല് കാര്യങ്ങളെ സത്യത്തിനുപയോഗിച്ചുകൊണ്ട് അല്ലാഹു പറയുന്നു: തീര്‍ച്ചയായും നാം മനുഷ്യനെ വളരെ നല്ല ഘടനയില്‍ സൃഷ്ടിക്കുകയുണ്ടായി. (സൂറത്തു തീന്‍)
മറ്റൊരിടത്ത് പ്രസ്താവിക്കുന്നു: ആദം സന്തതികളെ നാം ആദരണീയരാക്കിയിരിക്കുന്നു. കരയിലും കടലിലും സഞ്ചരിക്കാന്‍ നാം അവര്‍ക്ക്   വാഹനങ്ങള്‍ നല്‍കി. ഉന്നത വിഭവങ്ങള്‍ നാം അവര്‍ക്ക് കനിഞ്ഞരുളി. നാം പടച്ച മറ്റു ധാരാളം സൃഷ്ടികളെക്കാള്‍ നാം അവരെ ശ്രേഷ്ഠരാക്കി. (സൂറത്ത് ഇസ്റാഅ്)
അനുഗ്രഹങ്ങളുടെ തേന്‍മഴ 
മനുഷ്യനെ ഉത്തമ സൃഷ്ടിയാക്കിയ അല്ലാഹു, ലോകത്തുള്ള സകല വസ്തുക്കളെയും മനുഷ്യന്‍റെ സേവകരാക്കി.
അല്ലാഹു പ്രഖ്യാപിക്കുന്നു: അല്ലാഹു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ള സകല വസ്തുക്കളെയും സൃഷ്ടിച്ചു. (ബഖറ-29)
മറ്റൊരിടത്ത് വിവരിക്കുന്നു: അവന്‍ നിങ്ങള്‍ക്ക് വേണ്ടി കാലികളെ സൃഷ്ടിച്ചു. നിങ്ങള്‍ക്ക് അവയില്‍ ചൂടും മറ്റു പല പ്രയോജനങ്ങളുമുണ്ട്. 
അവയില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. അവയെ വൈകുന്നേരം കൊണ്ടുവരുമ്പോഴും രാവിലെ മേയാന്‍ കൊണ്ട് പോകുമ്പോഴും നിങ്ങള്‍ക്ക് അവയില്‍ ഒരുമയുണ്ട്. ശാരീരിക ക്ലേശം കൂടാതെ നിങ്ങള്‍ക്കെത്തിച്ചേരാന്‍ കഴിയാത്ത നാടുകളിലേക്ക് നിങ്ങളുടെ ഭാരങ്ങള്‍ അവ വഹിച്ച് കൊണ്ട്   പോവുകയും വരികയും ചെയ്യുന്നു. നിങ്ങളുടെ നാഥന്‍ ദയാലുവും പരമ കാരുണികനുമാകുന്നു. നിങ്ങള്‍ക്ക് സവാരി ചെയ്യേണ്ടതിനും അലങ്കാരത്തിനും വേണ്ടി കുതിരകളെയും കോവര്‍ കഴുതകളെയും നിങ്ങള്‍ക്കറിയാത്ത പലതും അവന്‍ സൃഷ്ടിക്കുകയും ചെയ്യും. (സൂറത്തു നഹ്ല്‍ 5-8)
ഉപകാരിയായ ഈ സ്രഷ്ടാവിന്‍റെ അനുഗ്രഹങ്ങളെ തിരിച്ചറിയുവാനും അങ്ങനെ അല്ലാഹുവിനെ കണ്ടെത്തുവാനും ഈ വസ്തുക്കളെ ഉപയോഗിച്ചുകൊണ്ട് അവന് പൊരുത്തമായ ജീവിതം നയിക്കുവാനും അങ്ങനെ പരലോകത്ത് ഇതിനെക്കാള്‍ ഉന്നത അനുഗ്രഹങ്ങള്‍ നേടിയെടുക്കുവാനുമാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്. അല്ലാഹു പറയുന്നു: നമ്മെ ആരാധിക്കുന്നതിന് വേണ്ടി മാത്രമാണ് നാം മനുഷ്യനെയും ജിന്നിനെയും പടച്ചത്. (സൂറത്ത് ദാരിയാത്ത് 56)
മനുഷ്യനെ ആദരിക്കുക 
അല്ലാഹുവിന് പൊരുത്തമായ ജീവിതത്തിന്‍റെ ഒന്നാം ഭാഗം അല്ലാഹുവിനോടുള്ള കടമകളാണെങ്കില്‍ അതിന്‍റെ രണ്ടാം ഭാഗം അടിമകളോടുള്ള കടമകളാണ്. സൃഷ്ടികളോടുള്ള കടമകള്‍ മാനിക്കുകയും പാലിക്കുകയും ചെയ്യണമെന്ന് അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ ഉപദേശിച്ചിട്ടുണ്ട്. ഒരിടത്ത് ഉദ്ബോധിപ്പിക്കുന്നു: അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുകയും അവനുമായി നിങ്ങള്‍ ഒന്നിനെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യുവീന്‍.! മാതാപിതാക്കള്‍, ബന്ധുക്കള്‍, അനാഥക്കുട്ടികള്‍, അഗതികള്‍, ബന്ധമുള്ള അയല്‍വാസി, ബന്ധമില്ലാത്ത അയല്‍വസി, കൂടെ സഹവസിക്കുന്ന കൂട്ടുകാരന്‍, വഴിയാത്രക്കാരന്‍, നിങ്ങള്‍ ഉടമയാക്കിയവര്‍ ഇവര്‍ക്കെല്ലാം നിങ്ങള്‍ നന്മ ചെയ്യുക. അഹങ്കാരിയും ദുരഭിമാനിയുമായവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.! (സൂറത്തുന്നിസാഅ്-36)
ലോകാനുഗ്രഹി മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അടിസ്ഥാന സന്ദേശം. 
അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശത്തിലൊന്ന് മനുഷ്യ സ്നേഹമാണ്. മാനുഷിക മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കാത്ത ഒരു കാലഘട്ടത്തിലാണ് മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) ആഗതരായത്. റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) തുടക്കം മുതല്‍ക്കേ ഇക്കാര്യം സഗൗരവം ഉണര്‍ത്തുകയുണ്ടായി. ഇസ് ലാമിന്‍റെ ആദ്യ ഘട്ടത്തില്‍ ശത്രുക്കളുടെ പീഢനങ്ങള്‍ സഹിക്കവയ്യാതെ ഒരു സംഘം മുസ് ലിംകള്‍ എത്യോപ്യയിലേക്ക് പലായനം ചെയ്യുകയുണ്ടായി. എത്യോപ്യന്‍ രാജാവ് അസ്ഹമ നജ്ജാശി അവര്‍ക്ക് അഭയം നല്‍കി. ഇതറിഞ്ഞ ശത്രുക്കളുടെ ഒരു സംഘം നജ്ജാശിയുടെ അരികിലെത്തി മുസ് ലിംകളെ കുറിച്ച് അപരാധങ്ങള്‍ പറഞ്ഞു. നിജസ്ഥിതി അറിയാന്‍ രാജാവ്
മുസ് ലിം സംഘത്തെ ദര്‍ബാറില്‍ വിളിച്ചുവരുത്തി. തദവസരം ജഅ്ഫര്‍ ബിന്‍ അബീത്വാലിബ് (റ) അവിടെവെച്ച് ഉജ്ജ്വലമായ ഒരു വിശദീകരണം നടത്തി. അതിലെ ചില വാചകങ്ങള്‍: ഞങ്ങള്‍ അല്ലാഹുവിനെ കുറിച്ചോ അവന്‍റെ ദൂതനെക്കുറിച്ചോ അറിവില്ലാതെ അജ്ഞതാന്ധകാരത്തില്‍ മുഴുകിയിരുന്നു. വിഗ്രഹങ്ങളെ പൂജിച്ചും, ശവം ഭക്ഷിച്ചും, ദുഷിച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും, ബന്ധുക്കളോട് വിരോധം കാണിച്ചും ഞങ്ങളില്‍ നിന്നുള്ള ശക്തന്മാര്‍ അശക്തരെ ഉപദ്രവിച്ചും കഴിഞ്ഞ് കൂടിയിരുന്നു. ഞങ്ങള്‍ ഇതേ അവസ്ഥയില്‍ കഴിഞ്ഞുകൂടിക്കഴിയുമ്പോള്‍ അല്ലാഹു അവന്‍റെ ദൂതനെ ഞങ്ങളിലേക്കയച്ചു. അദ്ദേഹത്തിന്‍റെ കുടുംബ ശ്രേഷ്ഠതയെക്കുറിച്ചും, സത്യസന്ധത, വിശ്വസ്തത, ഭക്തി എന്നിവയെക്കുറിച്ചും ഞങ്ങള്‍ക്കെല്ലാം അറിവുള്ളതാണ്. അദ്ദേഹം ഞങ്ങളോട് ഏകനായ അല്ലാഹുവിനെ വിശ്വസിച്ച് ആരാധിക്കുവാന്‍ കല്പിക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങളോട് സല്‍പ്രവര്‍ത്തികള്‍ ചെയ്യാന്‍ കല്പിക്കുകയും ദുഷ്പ്രവര്‍ത്തികളെ തടയുകയും ചെയ്തു. അദ്ദേഹം ഞങ്ങളോട് സത്യം പറയുവാനും വിശ്വസ്തതയോടെ പെരുമാറാനും ബന്ധുക്കളെ അടുപ്പിക്കാനും അയല്‍വാസികളോട് നല്ല രീതിയില്‍ പെരുമാറാനും കല്പിച്ചു. നമസ്കാരം, നോമ്പ്, ധര്‍മ്മം ആദിയായ പുണ്യകര്‍മ്മങ്ങളും സല്‍സ്വഭാവങ്ങളും ഞങ്ങളെ പഠിപ്പിച്ചു. വ്യഭിചാരം, കളവുപറയല്‍, അനാഥകളുടെ സമ്പത്ത് അപഹരിച്ചെടുക്കല്‍, അന്യന്‍റെ പേരില്‍ അപരാധം ആദിയായ ദുഷ്പ്രവര്‍ത്തികളില്‍ നിന്നും ഞങ്ങളെ തടയുകയും പരിശുദ്ധ ഖുര്‍ആന്‍ ഞങ്ങള്‍ക്ക് പഠിപ്പിക്കുകയും ചെയ്തു. (അല്‍ ബിദായ വന്നിഹായ)
ഇസ്ലാമിനെയും പ്രവാചകനെയും കുറിച്ച് ജഅ്ഫര്‍ (റ) നടത്തിയ ഈ പരിചയപ്പെടുത്തല്‍ അത്യന്തം സാരസമ്പൂര്‍ണ്ണവും മാനവികതയെക്കുറിച്ച് ഇസ്ലാമിന്‍റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതുമാണ്.
ബന്ധുത്വം ചേര്‍ക്കുക 
പൊതുവില്‍ മുഴുവന്‍ മനുഷ്യരോടും മുഴുവന്‍ സൃഷ്ടികളോടും നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് കല്പിക്കുന്ന ഇസ് ലാം, പ്രത്യേകമായി ചില വിഭാഗങ്ങളെ ശ്രദ്ധിക്കണമെന്ന് ഉണര്‍ത്തിയിട്ടുണ്ട്.    അതിലൊന്നാണ് കുടുംബ ബന്ധുക്കള്‍. കഴിയുന്നത്ര അവരെ സഹായിക്കണമെന്നും അവര്‍ മോശമായി പെരുമാറിയാലും അവരോട് ഉപകാരപൂര്‍വ്വം ഇടപെടണമെന്നും ഇസ് ലാം നിര്‍ദ്ദേശിക്കുകയും അതിന് ധാരാളം പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരിക്കുന്നു. ആശംസകള്‍ ഏറ്റ് വാങ്ങിക്കൊണ്ട് സമുന്നത സ്വര്‍ഗ്ഗത്തില്‍ കഴിയുന്നവരുടെ മഹല്‍ഗുണങ്ങള്‍ വിവരിച്ചപ്പോള്‍ ഖുര്‍ആന്‍ പ്രസ്താവിച്ചു: അവര്‍ അല്ലാഹു ചേര്‍ക്കാന്‍ കല്പിച്ചത് ചേര്‍ക്കുകയും, തങ്ങളുടെ നാഥനെ ഭയപ്പെടുകയും, കടുത്ത വിചാരണയെ പേടിക്കുകയും ചെയ്യുന്നവരാണ്. (സൂറത്തുറഅ്ദ്-21)
ഇതിന് നേരെ എതിര്‍സ്വഭാവമുള്ളവരെക്കുറിച്ച് ഖുര്‍ആന്‍ ഉണര്‍ത്തുന്നു: അല്ലാഹുവുമായി കരാര്‍ ഉറപ്പിച്ചതിന് ശേഷം അത് ലംഘിക്കുകയും, അല്ലാഹു ചേര്‍ക്കാന്‍ കല്പിച്ചതിനെ മുറിക്കുകയും ഭൂമിയില്‍ കലാപമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്‍റെ ശാപമുണ്ട്. ചീത്ത ഭവനമാണവര്‍ക്കുള്ളത്. (സൂറത്തുറഅ്ദ്-25)
കുടുംബ ബന്ധങ്ങളെ ചേര്‍ക്കുന്നതിനെ കുറിച്ച് പുണ്യ ഹദീസുകളിലും ധാരാളം പ്രേരിപ്പിക്കപ്പെട്ടിട്ടുണ്ട്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ജീവിത വിഭവങ്ങളില്‍ വിശാലതയും ദീര്‍ഘായുസ്സും ആഗ്രഹിക്കുന്നവര്‍ കുടുംബ ബന്ധങ്ങള്‍ ചേര്‍ത്തുകൊള്ളട്ടെ.! (ബുഖാരി)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഖിയാമത്ത് നാളില്‍ അല്ലാഹുവിന്‍റെ അര്‍ശിനെ പിടിച്ചുകൊണ്ട് കുടുംബ ബന്ധം പറയുന്നതാണ്: എന്നെ ചേര്‍ത്തവനെ അല്ലാഹു, കാരുണ്യത്തിലേക്ക് ചേര്‍ക്കുന്നതാണ്. എന്നെ മുറിച്ചവനെ അല്ലാഹു (കരുണയില്‍ നിന്നും) മുറിക്കുന്നതാണ്. (ബുഖാരി)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: തന്നോട് വിരോധം പുലര്‍ത്തുന്ന ബന്ധുവിന് ദാനം ചെയ്യലാണ് ഏറ്റം മഹത്വമേറിയ ദാനം.! (ത്വബ്റാനി)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ബന്ധം മുറിക്കുന്നവനോട് ബന്ധം ചേര്‍ക്കലും, സഹായിക്കാത്തവരെ സഹായിക്കലും, അക്രമം ചെയ്തവന് മാപ്പ് കൊടുക്കലുമാണ് ഏറ്റം ഉയര്‍ന്ന സ്വഭാവം. (തര്‍ഗീബ്)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നന്മകളില്‍ ഏറ്റം വേഗത്തില്‍ പ്രതിഫലം ലഭിക്കുന്ന നന്മ, കുടുംബ ബന്ധം ചേര്‍ക്കലും മാതാ-പിതാക്കള്‍ക്ക് ഗുണം ചെയ്യലുമാണ്. വളരെ വേഗത്തില്‍ ശിക്ഷ ലഭിക്കുന്ന പാപം, അക്രമവും ബന്ധം മുറിക്കലുമാണ്. (ഇബ്നു മാജ)
ഇതാണ് ബന്ധങ്ങളെക്കുറിച്ചുള്ള ഇസ്ലാമിക അദ്ധ്യാപനങ്ങള്‍. എന്നാല്‍, ഇന്ന് ലോകം മുഴുവന്‍ ബന്ധത്തിന്‍റെ മഹത്വം അവഗണിക്കുന്നു. ബന്ധങ്ങള്‍ മുറിച്ചുകൊണ്ടിരിക്കുന്നു. അതിന്‍റെ ദുഷ്ഫലങ്ങള്‍ ഈ ലോകത്ത് തന്നെ കാണപ്പെടുന്നുണ്ട്.
അനാഥ സംരക്ഷണം : വലിയ പുണ്യം.! 
രണ്ടാമതായി ഇസ് ലാം പ്രത്യേകം പ്രേരിപ്പിച്ച ഒരു കാര്യമാണ് മാതാവിന്‍റെ മമതയും പിതാവിന്‍റെ പ്രിയവും നഷ്ടപ്പെട്ട അനാഥര്‍. ഈ ലോകത്ത് വളരെ പ്രയാസപ്പെടുന്നവരാണ് അനാഥര്‍. അന്യര്‍ മാത്രമല്ല, ബന്ധുക്കള്‍ പോലും ചിറകൊടിഞ്ഞ യതീമുകളുടെ സമ്പത്ത് അപഹരിക്കാറുണ്ട്. അനാഥരെ സേവിക്കുന്നത് മഹല്‍ഗുണമായി ഉണര്‍ത്തിയ ഇസ്ലാം, അവരുടെ സമ്പത്ത് അപഹരിക്കുന്നത് മഹാപാപമാണെന്ന് താക്കീത് നല്‍കുന്നു. അനാഥരുടെ സമ്പത്ത് അക്രമപരമായി തിന്നുന്നവര്‍, അവരുടെ വയറ്റില്‍ തീയാണ് നിറയ്ക്കുന്നത്. (സൂറത്തുന്നിസാഅ്-10)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഞാനും യതീമിനെ സംരക്ഷിക്കുന്നവനും സ്വര്‍ഗ്ഗത്തില്‍ ചൂണ്ടുവിരലും മധ്യവിരലും പോലെ അടുത്തടുത്തായിരിക്കും. (ബുഖാരി)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഒരു യതീമിനെ ഏറ്റെടുത്ത് ആഹാരം, പാനീയം, വസ്ത്രങ്ങളുടെ സജ്ജീകരണം ചെയ്തുകൊടുക്കുന്നവര്‍, -മാപ്പര്‍ഹിക്കാത്ത പാപമൊന്നും ചെയ്തില്ലെങ്കില്‍- തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്. (തിര്‍മിദി)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അനാഥയോട് നല്ല നിലയില്‍ വര്‍ത്തിക്കുന്ന വീടാണ് ഉത്തമ മുസ് ലിം ഭവനം.! അനാഥയോട് മോശമായി പെരുമാറുന്ന വീടാണ് മഹാമോശമായ വീട്.! (തര്‍ഗീബ്)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങളുടെ മനസ്സ് മയപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അനാഥയോട് കരുണ കാട്ടുക. അവന്‍റെ തല തടവുക, സാധുക്കള്‍ക്ക് ആഹാരം നല്‍കുക. (ത്വബ്റാനി)
പട്ടിണിപ്പാവങ്ങളെ സഹായിക്കുക 
സമൂഹത്തില്‍ നിന്നും ഒതുക്കപ്പെടുകയും ഒരു അത്താണിയുമില്ലാതെ വിഷമിക്കുകയും ചെയ്യുന്നവര്‍ക്ക് സേവന-സഹായങ്ങള്‍ ചെയ്യുന്നത് അതിപ്രധാനമായ ഒരു പുണ്യകര്‍മ്മമാണ്. പട്ടിണിപ്പാവങ്ങളോട് കരുണ കാട്ടാന്‍ ഖുര്‍ആന്‍-ഹദീസുകളില്‍ ധാരാളമായി പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ വിഷയത്തില്‍ ഒരു ഹദീസ് മാത്രം ശ്രദ്ധിക്കുക: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: വിധവകളുടെയും പട്ടിണിപ്പാവങ്ങളുടെയും സഹായത്തിന് പരിശ്രമിക്കുന്നവന്‍, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ത്യാഗപരിശ്രമങ്ങള്‍ ചെയ്യുകയും നിരന്തരം രാത്രികളില്‍ നമസ്കരിക്കുകയും പകലുകളില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെ പോലെയാണ്. 
അയല്‍വാസികളെ ഗൗനിക്കുക 
പ്രകൃതി മതമായ ഇസ് ലാം, സഹജീവികളെയും അയല്‍വാസികളെയും ഗൗനിക്കാനും അവരുടെ സുഖ-ദുഃഖങ്ങളില്‍ നിയമത്തിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് ആത്മാര്‍ത്ഥമായി പങ്കെടുക്കാനും പ്രത്യേകം പ്രേരിപ്പിക്കുന്നു. സ്വന്തം കാര്യം മാത്രം നോക്കുന്ന ഇന്നത്തെ പുരോഗമന സംസ്കാരം ഇസ് ലാം അംഗീകരിക്കുന്നില്ല. വര്‍ഷങ്ങളായി അടുത്തടുത്ത് കഴിയുന്ന അയല്‍വാസികളെ കുറിച്ച് പോലും യാതൊരു അറിവും ബോധവുമില്ലാത്ത ഇന്നത്തെ ആഢംബര കോളനികളെ ഇസ് ലാം എതിര്‍ക്കുന്നു. സ്വന്തം താല്‍പര്യത്തിന്, അകലെ താമസിക്കുന്നവരുമായി ബന്ധം സ്ഥാപിക്കുകയും അയല്‍വാസികളെ അവഗണിക്കുകയും ചെയ്യുന്ന പാശ്ചാത്യ സംസ്കാരത്തെ ഇസ് ലാം നിരാകരിക്കുന്നു. ബന്ധുവും മുസ് ലിമുമായ അയല്‍വാസി, ബന്ധുവല്ലാത്ത മുസ് ലിമായ അയല്‍വാസി, ബന്ധുവല്ലാത്ത അമുസ് ലിമായ അയല്‍വാസി ഈ മൂന്ന് വിഭാഗങ്ങളോടും നല്ല നിലയില്‍ വര്‍ത്തിക്കണമെന്നും കുടുംബവും മതവും നോക്കരുതെന്നും ഇസ്ലാം പഠിപ്പിക്കുന്നു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍, അയല്‍വാസികളോട് നല്ല നിലയില്‍ വര്‍ത്തിച്ചുകൊള്ളട്ടെ.! (മുസ് ലിം)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അയല്‍വാസി നല്ലവനാണ് എന്ന് പറയുന്ന അയല്‍വാസിയാണ്, അല്ലാഹുവിങ്കല്‍ ഏറ്റവും നല്ല അയല്‍വാസി. (തിര്‍മിദി)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അയല്‍വാസിയോട് നല്ലനിലയില്‍ പെരുമാറണമെന്ന് ജിബ്രീല്‍ (അ) എന്നോട് പലപ്രാവശ്യം ഗൗരവത്തോടെ ഉപദേശിക്കുകയുണ്ടായി. അവസാനം, അവര്‍ക്ക് അനന്തരാവകാശത്തിനും പങ്കുണ്ടായിരിക്കുമോ എന്ന് ഞാന്‍ വിചാരിച്ചുപോയി. (ബുഖാരി)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അയല്‍വാസികളോടുള്ള കടമകള്‍ ഇവയാണ്: അവര്‍ നിങ്ങളോട് കടം ചോദിച്ചാല്‍ നിങ്ങള്‍ കടം കൊടുക്കുക. സഹായം അഭ്യര്‍ത്ഥിച്ചാല്‍ സഹായിക്കുക. ആവശ്യമുള്ളത് കൊടുക്കുക. രോഗിയായാല്‍ സന്ദര്‍ശിക്കുക. അവര്‍ക്ക് വല്ല സന്തോഷവുമുണ്ടായാല്‍ ആശംസിക്കുക. മരണപ്പെട്ടാല്‍ സംസ്കാരത്തില്‍ പങ്കെടുക്കുക. അവരുടെ അനുവാദം ഇല്ലാതെ അവര്‍ക്ക് വായു സഞ്ചാരം തടയുന്ന തരത്തിലുള്ള ഉയര്‍ന്ന കെട്ടിടം കെട്ടരുത്. അവര്‍ക്ക് കൊടുക്കുന്നില്ലെങ്കില്‍, ആഹാരത്തിന്‍റെ മണം കൊണ്ട് അവരെ ബുദ്ധിമുട്ടിക്കരുത്. (തര്‍ഗീബ്)
ദുഃഖിതരോടും യാത്രികരോടും അനുകമ്പ കാട്ടുക 
ഇപ്രകാരം വിവിധ ദുഃഖ-ദുരിതങ്ങളില്‍ കഴിയുന്നവരോട് അനുകമ്പ കാട്ടാനും ഇസ് ലാം ഉദ്ബോധിപ്പിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പഠിപ്പിക്കുക മാത്രമല്ല, സ്വയം പ്രവര്‍ത്തിച്ച് കാണിച്ചുതന്ന ഒരു മഹല്‍ കര്‍മ്മമാണിത്. നുബുവ്വത്തിന് മുമ്പ് തന്നെ ഈ ഗുണം തിരുദൂതരില്‍ പ്രകടമായിരുന്നു. പ്രവാചകത്വ ഭാരം കൊണ്ട് പ്രാരംഭത്തില്‍ പ്രയാസപ്പെട്ട പ്രവാച കനെ പ്രിയ പത്നി ഖദീജ (റ) സമാശ്വസിപ്പിച്ചത് ഇപ്രകാരമാണ്: ഇല്ല, താങ്കള്‍ സന്തോഷിച്ച് കൊള്ളുക.! അല്ലാഹുവില്‍ സത്യം.! അല്ലാഹു താങ്കളെ ഒരിക്കലും നിന്ദിക്കുന്നതല്ല. കാരണം, താങ്കള്‍ ദുരിതബാധിതരുടെ ഭാരം ചുമക്കുന്നു. ഇല്ലാത്തവര്‍ക്ക് സമ്പാദിച്ചുകൊടുക്കുന്നു. അതിഥികളെ സല്‍ക്കരിക്കുന്നു.        കാല വിപത്തുകളില്‍ അകപ്പെട്ടവരെ സഹായിക്കുന്നു. (മുസ് ലിം)
ഇതുപോലെ, താല്‍ക്കാലിക പ്രയാസം അനുഭവിക്കുന്ന യാത്രികരെ സഹായിക്കാനും ഇസ് ലാം പ്രേരിപ്പിക്കുന്നു. സകാത്ത് നല്‍കപ്പെടേണ്ട എട്ട് വിഭാഗത്തില്‍ ഒരു വിഭാഗം, യാത്രക്കാരാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. (സൂറത്തു തൗബ-60)
മുതിര്‍ന്നവരോട് ആദരവ്, താഴ്ന്നവരോട് കരുണ. 
ഇസ് ലാമിന്‍റെ മാനവികതയുടെ മഹത്തായ ഒരു അദ്ധ്യാപനമാണ് മുതിര്‍ന്നവരോട് ആദരവ് പുലര്‍ത്തലും, താഴ്ന്നവരോട് കരുണ കാട്ടലും. ഇതില്‍ വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസങ്ങളൊന്നുമില്ല. പ്രായം കൂടിയവരെല്ലാം ആദരണീയരാണ്. പ്രായം കുറഞ്ഞവരെല്ലാം കരുണ കാട്ടപ്പെടേണ്ടവരാണ്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ചെറിയവരോട് കരുണ കാട്ടാത്തവരും വലിയവരെ ആദരിക്കാത്തവരും നന്മ ഉപദേശിക്കാത്തവരും തിന്മ തടയാത്തവരും നമ്മില്‍പ്പെട്ടവരല്ല. (തിര്‍മിദി)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: വാര്‍ദ്ധക്യത്തിന്‍റെ പേരില്‍ ഒരു വൃദ്ധനെ ഒരു യുവാവ് ആദരിച്ചാല്‍, ഈ യുവാവിന്‍റെ വാര്‍ദ്ധക്യ സമയത്ത് അവനെ ആദരിക്കുന്നവരെ അല്ലാഹു നിശ്ചയിച്ച് കൊടുക്കുന്നതാണ്. (മിശ്കാത്ത്)
ഇപ്രകാരം ചെറിയവരോട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വലിയ സ്നേഹം കാട്ടിയിരുന്നു. കുഞ്ഞുങ്ങളെ മടിയിലിരുത്തുകയും കരുണയോടെ അവരുടെ തലയില്‍ തടകുകയും ചെയ്തിരുന്നു.
ഇസ് ലാമിന്‍റെ മാനുഷികമായ അദ്ധ്യാപനങ്ങളില്‍ ചിലത് മാത്രമാണിത്. അടിമകള്‍, തൊഴിലാളികള്‍, സ്ത്രീകള്‍ എന്നിങ്ങനെ വേറെയും വിഭാഗങ്ങളോടുള്ള കടമകളുണ്ട്. അതുപോലെ തന്നെ ഇസ് ലാം, മാനവ സമത്വത്തെ പ്രഖ്യാപിക്കുന്നു. എല്ലാത്തരം അക്രമങ്ങളെയും നിരോധിക്കുന്നു. നീതി, മാന്യത മുറുകെ പിടിക്കാന്‍ കല്പിക്കുന്നു.
ഇതാണ് ഇസ്ലാം. ഇങ്ങനെയുള്ളവരാണ് മുസ് ലിംകള്‍. ഇക്കാര്യങ്ങള്‍ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും അല്ലാഹു നമുക്കേവര്‍ക്കും ഉതവി നല്‍കട്ടെ.! അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ്. അവന് ഒന്നിനും ഒരു പ്രയാസവുമില്ല.! 

🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

1 comment:

  1. എന്തിനും നായത്താണു പ്രധാനെമെങ്കിൽ ആ നല്ല നിയ്യത്താണു ഈ വിവരണത്തിൽ കാണുന്നതു. ഓർമ്മശക്തിയും , ധൈര്യവും അല്ലാഹ് ഇനിയും വർദ്ധിപ്പിച്ച് തരട്ടെയെന്നു പ്രാർത്ഥിക്കുന്നു..

    ReplyDelete

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...