ഖാദിയാനി ഫിത്ന
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2017/12/blog-post_32.html?spref=tw
മുസ് ലിം ചരിത്രത്തില്‍ ഉയര്‍ന്നു വന്ന ഫിത്നകളില്‍ പ്രഥമസ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് ഖാദിയാനിസം. ഇസ് ലാമിക ലോകത്തിന്‍റെ മാര്‍ഗം, വിശ്വാസം, ചിന്ത തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട ചരിത്രങ്ങള്‍ പഠിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന ഒരാളെന്ന നിലയില്‍ വിനീതന്‍റെ പരിമിതമായ പഠനത്തിന്‍റെ വെളിച്ചത്തില്‍ പറയട്ടെ, ഇസ് ലാമിന്‍റെ തുടക്കം മുതല്‍ ഇന്നുവരെ ഇസ് ലാമിക ചരിത്രത്തില്‍ ഖാദിയാനിസത്തെക്കാള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ച ഫിത്ന വേറെ ഉണ്ടായിട്ടില്ല. ഒരു പ്രത്യേക മതവും സമാന്തര സമൂഹവും പടുത്തുയര്‍ത്താനുള്ള പുറപ്പാടാണ് ഖാദിയാനിസത്തിലടങ്ങിയിരിക്കുന്ന അപകടകരമായ മുഖം.
ഖാദിയാനീ വിഷയത്തില്‍ തൂലിക ചലിപ്പിച്ച നമ്മുടെ പല മഹത്തുക്കള്‍ക്കും (അല്ലാഹു അവരുടെ ദറജകള്‍ ഉയര്‍ത്തുമാറാകട്ടെ.!) ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്താന്‍ കഴിഞ്ഞിട്ടില്ല. കാരണം, ഖാദിയാനീ പ്രസിദ്ധീകരണങ്ങള്‍ ഇന്നത്തെ അത്ര അന്ന് ലഭ്യമായിരുന്നില്ല. ഇക്കാരണത്താല്‍ നമ്മുടെ കൃതജ്ഞതകള്‍ക്കും ആദരവുകള്‍ക്കും തികച്ചും അര്‍ഹരായ പല ഇസ് ലാമിക സംവാദകരും കാവല്‍ഭടന്മാരും അനവധി
ഇസ് ലാമിക സംഘടനകളില്‍ ഒന്നായാണ് ഖാദിയാനിസത്തെയും കണ്ടത്. ഈ വീക്ഷണ കോണിലൂടെയാണ് അവര്‍ അതിനെ നേരിട്ടതും. പക്ഷേ, പ്രശ്നം ഇതിനെക്കാള്‍ എത്രയോ ഗുരുതരമായിരുന്നു.
ഒരു സമാന്തര സമുദായത്തിന്‍റെയും ഒരു പ്രത്യേക മതത്തിന്‍റെയും പ്രചാരകരാണ് ഖാദിയാനികള്‍. സമ്പൂര്‍ണമായ ഒരു ദീനീ വ്യവസ്ഥിതി അവര്‍ പടച്ചുണ്ടാക്കിക്കഴിഞ്ഞു. ഇസ് ലാമിക സ്തംഭങ്ങള്‍ക്ക് സമാന്തരമായി സ്തംഭങ്ങള്‍, വിശുദ്ധ സ്ഥാനങ്ങള്‍ക്ക് പകരമായി സ്ഥാനങ്ങള്‍, കേന്ദ്രങ്ങള്‍ക്കും ഖിബ്ലകള്‍ക്കും സനേഹാദരവുകളര്‍ഹിക്കുന്ന മറ്റ് സ്ഥലങ്ങള്‍ക്കും ചിന്താവിചാരങ്ങള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും എന്നല്ല, സകല വസ്തുക്കള്‍ക്കും അവര്‍ സമാന്തരകാര്യങ്ങള്‍ തയ്യാറാക്കി കഴിഞ്ഞു. ഏതുവരെയെന്നാല്‍,
ഇസ് ലാമിലെ ഹിജ്രീ-ചാന്ദ്രിക മാസങ്ങള്‍ക്കു പകരമായി നൂതന നാമങ്ങള്‍ വരെ അവര്‍ വെച്ചു കഴിഞ്ഞു. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ സമയമില്ല. നിരവധി കിതാബുകളില്‍ ഇതിന്‍റെ വിവരണം ലഭിക്കും.
ഒരു പ്രത്യേക മതം, ഒരു സമാന്തര സമുദായം.
ചുരുക്കത്തില്‍, ഖാദിയാനിസമെന്നത് ഒരു നൂതന മതവും സമാന്തര സമുദായവുമാണ്. എന്നല്ല, ബഹുമാന്യ നബിമാരെക്കാളും ശ്രേഷ്ഠതയാണ് അവര്‍ മിര്‍സക്കു നല്‍കുന്നത്. മഹാനായ അല്ലാമാ ഇഖ്ബാല്‍ ഈ യാഥാര്‍ഥ്യം ശരിക്കും ഗ്രഹിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്റു ഖാദിയാനിസത്തെ കുറിച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സമര്‍ത്ഥമായാണ് അദ്ദേഹം പ്രതികരിച്ചത്. നെഹ്റുവിന്‍റെ ചോദ്യം ഇതായിരുന്നു. "ഖാദിയാനിസത്തിനെതിരില്‍
മുസ് ലിംകളില്‍ ഇത്ര വലിയ വീറും വാശിയും രോഷവും കാണപ്പെടുന്നത് എന്തുകൊണ്ടാണ്.?
അതും ഒരു മുസ് ലിം വിഭാഗമല്ലേ.? കമാല്‍ അതാ തുര്‍ക്കും ഇസ് ലാമില്‍ പരിഷ്കരണം നടത്തിയിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിനെതിരില്‍ കുഫ്റ് വിമര്‍ശനങ്ങളുടെ ഇത്തരം പ്രക്ഷോഭം നടത്തപ്പെട്ടില്ലല്ലോ.?"
അല്ലാമാ ഇഖ്ബാല്‍ അതിനു മറുപടി നല്‍കിയത് ഇപ്രകാരമായിരുന്നു.
"ഒരു മതം എന്ന നിലയില്‍ ഇസ് ലാമിന്‍റെ നിലനില്‍പ് ഖത്മുന്നുബുവ്വത്ത് വിശ്വാസത്തിലാണ്.
ഇസ് ലാമിന്‍റെ നിലനില്‍പിന് അതിന്‍റെ ശരീഅത്ത് സുരക്ഷിതമായിരുന്നാല്‍ മതി. പക്ഷേ, ഈ ഉമ്മത്തിന്‍റെ മനസ്സും ശരീരവും ആത്മാവും ഖത്മുന്നുബുവ്വത്ത് വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുകയാണ്."
മറ്റൊരിടത്ത് അദ്ദേഹം പറയുന്നു "ഖത്മുന്നുബുവ്വത്ത് ഈ ഉമ്മത്തിന്‍റെ വിവേചനരേഖയും അവരെ സംബന്ധിച്ചടത്തോളം അതിമഹത്തായ ഒരു നിഅ്മത്തുമാണ്. നുബുവ്വത്തിന് പരിസമാപ്തി കുറിച്ച പ്രഖ്യാപനത്തിലൂടെ അല്ലാഹു മനുഷ്യര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്ന കാര്യമിതാണ്; ഇനി നിങ്ങള്‍ കൂടെക്കുടെ വഹ്യും പ്രതീക്ഷിച്ച് ആകാശഭാഗത്തേക്ക് നോക്കേണ്ടതില്ല. ഇനി നിങ്ങളുടെ നോട്ടം ഭൂമിയിലേക്കു തിരിക്കുക. നിങ്ങളെ ഖലീഫയാക്കപ്പെട്ട,
ഈ ഭൂമുഖത്തെ സജീവമാക്കാനും മനുഷ്യരെ നന്മയിലേക്കു നയിക്കാനും അവരുടെ പരലോക രക്ഷക്കും ഇഹലോക വിജയത്തിനും നിദാനമായ കാര്യങ്ങളിലേക്ക് അവരെ അടുപ്പിക്കാനും വേണ്ടി നിങ്ങളുടെ കഴിവും ശേഷിയും വിനിയോഗിക്കുക. പുതിയ ഒരു നബിയോ, വഹ്യോ വരുന്നുണ്ടോ എന്ന് പ്രതീക്ഷിച്ച് നിങ്ങളുടെ നയനങ്ങളെ ആയാസപ്പെടുത്തേണ്ടതുമില്ല." അദ്ദേഹമെഴുതി; 'അല്ലാഹുവിന്‍റെ അതിമഹത്തായ ഒരു നിഅ്മത്താണ് ഖത്മുന്നുബുവ്വത്ത്. അതിലൂടെ അവന്‍ ഈ ഉമ്മത്തിനെ ആശയക്കുഴപ്പങ്ങളില്‍ നിന്നും രക്ഷിച്ചിരിക്കുന്നു.'
അല്ലാമാ ഇഖ്ബാലിന്‍റെ ഈ കടന്നുവരല്‍ അല്ലാഹു അദ്ദേഹത്തിന് കനിഞ്ഞ മഹല്‍ തൗഫീഖും അല്ലാഹുവിന് ആകാശത്തും ഭൂമിയിലും പടയാളികളുണ്ട് എന്ന ഖുര്‍ആന്‍ സുക്തത്തിന്‍റെ വിശദീകരണം കൂടിയായാണ് വിനീതന്‍ കാണുന്നത്. അഥവാ, അല്ലാമാ ഇഖ്ബാലിന് ഈ വിഷയത്തില്‍ ചെറിയ സംശയമോ, ബുദ്ധിമുട്ടോ
ഉണ്ടാകുമായിരുന്നെങ്കില്‍ വിദ്യാസമ്പന്ന നായ പുത്തന്‍ തലമുറയെ ഈ ഫിത്നയില്‍ നിന്നു കരകയറ്റല്‍ വളരെ ക്ലേശകരമാകുമായിരുന്നു. എന്നാല്‍, മഹാന്മാരുടെ, ദുആ കാരണമായി അല്ലാഹു അല്ലാമയെ അനുഗ്രഹിച്ചു, അദ്ദേഹത്തിന്‍റെ മനസ്സും മസ്തിഷ്കവും ഈ വിഷയത്തില്‍ തികച്ചും സംശുദ്ധമായിരുന്നു. അങ്ങനെ അദ്ദേഹം വൈജ്ഞാനികവും ചിന്താപരവു മായ ശൈലിയില്‍ ഈ സേവനം നിര്‍വ്വഹിച്ചു.
അല്ലാമാ ഇഖ്ബാല്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം ഇതാണ്. "ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെയും പാശ്ചാത്യ ശക്തികളുടെയും ഗൂഢാലോചനയുടെ ഒരു ജാരസന്തതിയാണ് ഖാദിയാനിസം." ഇതൊരു ചരിത്ര സത്യമാണ്. സാക്ഷാല്‍ മിര്‍സയുടെ തന്നെ കൃതിയായ തര്‍യാഖുല്‍ ഖുലൂബില്‍ എഴുതുന്നു.
"എന്‍റെ ജിവിതത്തിലെ അധികഭാഗവും ഈ ഇംഗ്ലിഷ് ഭരണകൂടത്തെ പിന്തുണക്കുന്നതിലാണ് ചെലവായത്. ഇംഗ്ലീഷുകാരെ അനുസരിക്കുന്നതിന്‍റെ ആവശ്യകതയും ജിഹാദിന്‍റെ നിഷിദ്ധതയും വിവരിച്ചുകൊണ്ട് നിരവധി ഗ്രന്ഥങ്ങള്‍ ഞാന്‍ രചിച്ചിട്ടുണ്ട്. അവ ഒരുമിച്ചുകൂട്ടിയാല്‍ അന്‍പത് അലമാരകള്‍ നിറഞ്ഞു കവിയും. മുഴുവന്‍ അറബി രാഷ്ട്രങ്ങളിലും ഈജിപ്ത്, സിറിയ, കാബൂള്‍, റോം തുടങ്ങിയ സ്ഥലങ്ങളിലും ഞാന്‍ ആ ഗ്രന്ഥങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. മുസ് ലിംകള്‍ ഈ ഭരണകൂടത്തോട് സത്യസന്ധമായി സ്നേഹം പുലര്‍ത്തുന്നവരായി മാറാനും വിഢ്ഢികളുടെ മനസ്സിനെ ചീത്തയാക്കുവാന്‍ ഉപയുക്തമായ റിപ്പോര്‍ട്ടുകളും ജിഹാദിന്‍റെ വീരൃം ഇളക്കി വിടുന്ന മസ്അലകളും ജനമനസ്സുകളില്‍ നിന്നും മായ്ക്കുവാനും വേണ്ടി ആയിരുന്നു എന്‍റെ എക്കാലത്തെയും പരിശ്രമം."
പഞ്ചാബിലെ ലഫ്. ഗവര്‍ണ്ണര്‍ക്ക് ക്രിസ്തുവര്‍ഷം 1898 ഫെബ്രുവരി 24-ന് അദ്ദേഹം മറ്റൊരു അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്വകുടുംബത്തേയും തന്‍റെ വ്യക്തിത്വത്തേയും ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ വാഗ്ദത്ത പാലകനും ജീവാര്‍പ്പണം നടത്താന്‍ സന്നദ്ധനും ഇംഗ്ലീഷ് സര്‍ക്കാരിന്‍റെ വെച്ചുപിടിപ്പിക്കപ്പെട്ട ചെടിയുമായാണ് അതില്‍ തന്നെയും തന്‍റെ കുടുംബത്തേയും വിശേഷിപ്പിച്ചിരിക്കുന്നത്. ഖാദിയാനി പ്രസ്ഥാനത്തിനും ബ്രിട്ടീഷ് രാഷ്ട്രീയത്തിനും ഇടയില്‍ കാണപ്പെടുന്ന ഈ ബന്ധത്തെ അല്ലാമ ഇഖ്ബാല്‍ ഉജ്ജ്വല ശൈലിയില്‍ തുറന്നു കാട്ടി.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഉന്നത പഠനം നടത്തിയ ഒരു വ്യക്തിത്വമാണ് ഈ സേവനങ്ങള്‍ക്ക് മുന്നോട്ട് വന്നതെന്ന കാര്യം നാം ഓര്‍ക്കുക. നിരവധി മഹാരഥന്മാര്‍ ജനിച്ചു വളര്‍ന്ന നാടാണ് പഞ്ചാബ് (ഓരോ മഹാഗ്രന്ഥങ്ങള്‍ തന്നെ രചിക്കേണ്ടി വരുന്ന ആ മഹാന്മാരെ പറ്റി വിവരിക്കാന്‍ ഇപ്പോള്‍ അവസരം ഇല്ല. നിങ്ങള്‍ അവര്‍ക്കായി പ്രത്യേകം ദുആ ഇരക്കുക) ഈ മഹാന്മാരില്‍ രണ്ടു പേരാണ് അല്ലാമാ ഇഖ്ബാലും മൗലാനാ സഫര്‍ അലിഖാനും (സമീന്ദാര്‍ പത്രത്തിന്‍റെ പത്രാധിപര്‍). ഈ രണ്ടു മഹാന്മാരും സമയാസമയങ്ങളില്‍ മൈതാനത്ത് ഇറങ്ങിയില്ലായിരുന്നെങ്കില്‍ പുത്തന്‍ തലമുറയെ പിടിച്ചു നിര്‍ത്തുക ദുഷ്കരമാകുമായിരുന്നു. ഉലമാക്കളുടെ ഭാഷ്യം അറിയാത്തവരും നമ്മുടെ സമര്‍ത്ഥനശൈലി പരിചയമില്ലാത്തവരുമായ അവരെ അല്ലാമാ ഇഖ്ബാലിന്‍റെ അഗാധത നിറഞ്ഞതും പ്രതിഫലനാത്മകവും മാസ്മരികവുമായ കാവ്യവും സഫര്‍ അലിഖാന്‍ സാഹിബിന്‍റെ തീപ്പൊരി ലേഖനങ്ങളും
മുസ് ലിംകളെ, ഖാദിയാനിസത്തിന്‍റെ അന്ധകാരത്തില്‍ പോയി മറിഞ്ഞുവീഴുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി.








തഹഫ്ഫുസ് ഖത്മുന്നുബുവ്വത്ത് വിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ക്ക് ഈമെയില്‍, വാട്സ്ആപ്പ് മുഖേന ബന്ധപ്പെടാവുന്നതാണ്.
മുഹമ്മദ് ശരീഫ് കൗസരി (+91 9947282948)
(നാള്വിം, മജ്ലിസ് തഹഫ്ഫുസ് ഖത്മുന്നുബുവ്വത്ത് കേരള)
മുഹമ്മദ് ബാദുഷ ഹസനി (+91 8281812053)
(ഖാദിം, മജ്ലിസ് ഖത്മുന്നുബുവ്വത്ത്)








ആശംസകളോടെ...



മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

No comments:
Post a Comment