ഖാജാ ഖുതുബുദ്ദീന്‍ ബഖ്തിയാര്‍ കഅ്കി (റഹ്)
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2017/12/blog-post_10.html?spref=tw
ഏതാണ്ട് അര നൂറ്റാണ്ട് കാലം നീണ്ടുനിന്ന ഇസ്ലാമിക പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ശിക്ഷണങ്ങള്‍ക്കും ശേഷം 90-ാം വയസ്സില്‍ ഹി: 627-ല്‍ മഹാനായ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റഹ്) ഇഹലോക വാസം വെടിഞ്ഞു. ഇതിനിടയില്‍ അദ്ദേഹം നട്ടുപിടിപ്പിക്കുകയും വെള്ളവും വളവും നല്‍കുകയും ചെയ്ത ഇന്ത്യയിലെ ഇസ് ലാമിക വടവൃക്ഷം വേരുകള്‍ ഉറച്ച് വളര്‍ന്നു കഴിഞ്ഞിരുന്നു. ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ഡല്‍ഹിയില്‍, അദ്ദേഹത്തിന്‍റെ ഉത്തരാധികാരിയായ ഖാജാ ഖുതുബുദ്ദീന്‍ ബഖ്തിയാര്‍ കഅ്കി പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. മറുഭാഗത്ത്, ഇദ്ദേഹത്തിന്‍റെ വിശിഷ്ട ശിഷ്യനായ സുല്‍ത്താന്‍ ശംസുദ്ദീന്‍ ഇല്‍തമിശ് ഇസ് ലാമിക ഭരണം നല്ലനിലയില്‍ നടത്തിക്കൊണ്ടിരുന്നു.
ഖാജാ ഖുതുബുദ്ദീന്‍ ബഖ്തിയാര്‍ റഷ്യന്‍ പ്രദേശത്തുള്ള ഔശ് എന്ന നാട്ടിലാണ് ജനിച്ചത്. ചെറുപ്പത്തിലെ തന്നെ അനാഥനായി. മാതാവിന്‍റെ ശിക്ഷണത്തില്‍ വളര്‍ന്നു. അഞ്ചാം വയസ്സില്‍ ബാലപാഠം ആരംഭിച്ചു. തുടര്‍ന്ന്, ബാഗ്ദാദിലേക്കു യാത്ര തിരിച്ചു. ഇവിടെ വെച്ച്, ജീവിതത്തിലെ വഴികാട്ടിയായ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റഹ്) യെ കണ്ടുമുട്ടി ശിഷ്യത്വം സ്വീകരിച്ച് ത്യാഗങ്ങളില്‍ മുഴുകി. അവസാനം, ഒരു ദിവസം ഫഖീഹ് അബുല്ലൈസ് സമര്‍ഖന്ദിയുടെ ഐതിഹാസികവും ഐശ്വര്യ പൂര്‍ണ്ണവുമായ മസ്ജിദില്‍ പണ്ഡിത മഹത്തുക്കളുടെ സമക്ഷത്തില്‍ വെച്ച് ഖിലാഫത്ത് നല്‍കപ്പെട്ടു. തുടര്‍ന്ന്, ഇന്ത്യയിലേക്കു വന്നു. ശൈഖിന്‍റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ ഡല്‍ഹി, പ്രവിശാലമായ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ തലസ്ഥാന നഗരിയായിരുന്നു. കരുത്തരും ഉദാരശീലരുമായ ഇവിടത്തെ ഭരണാധികാരികള്‍ ഒരുഭാഗത്ത്, ജനങ്ങളെ ഡല്‍ഹിയിലേക്കു സ്വാഗതം ചെയ്തു സ്വീകരിച്ചു. മറുഭാഗത്ത്, താര്‍ത്താരീ അക്രമങ്ങള്‍ കാരണം പണ്ഡിതരും മഹത്തുക്കളും നാടുവിട്ട് ഡല്‍ഹിയിലേക്കു വന്നു കൊണ്ടിരുന്നു. അങ്ങനെ, മുസ്ലിം ലോകത്തിന്‍റെ അമൂല്യ നിധികള്‍ ഡല്‍ഹിയില്‍ സംഗമിച്ചു.
അന്നത്തെ ഭരണാധികാരി സുല്‍ത്താന്‍ ശംസുദ്ദീന്‍, ഹസ്റത്ത് ഖാജായെ സ്വീകരിച്ച് ആദരിച്ചു. പക്ഷെ, ഖാജാ രാജസാമീപ്യവും സമ്മാനങ്ങളും ഇഷ്ടപ്പെട്ടില്ല. സുല്‍ത്താന്‍ നല്‍കിയ ഭൂമി സ്വീകരിക്കാതെ ഒരു മസ്ജിദിനരികില്‍ ദാരിദ്ര്യപൂര്‍ണ്ണമായ ജീവിതം നയിച്ചു. സുല്‍ത്താന്‍ ഇടയ്ക്കിടെ മഹാനവര്‍കളെ ആദരപൂര്‍വ്വം സന്ദര്‍ശിച്ചു കൊണ്ടിരുന്നു. ജനങ്ങളും കൂട്ടം കൂട്ടമായി ഒഴുകി. ഇതുകണ്ട അന്നത്തെ മറ്റൊരു മഹാനായ ശൈഖ് നജ്മുദ്ദീന് പ്രയാസമുണ്ടാകുകയും അദ്ദേഹം ശൈഖ് ചിശ്തിയോടു പരാതിപ്പെടുകയും ചെയ്തു. ശൈഖ് ചിശ്തി ഉടനെ ശിഷ്യനോടു പറഞ്ഞു: "സഹോദരാ ബഖ്തിയാര്‍, നിങ്ങള്‍ വളരെ വേഗത്തില്‍ പ്രശസ്തനായിരിക്കുന്നു. നിങ്ങളെ കുറിച്ച് ചില മഹാന്‍മാര്‍ക്കു ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ആകയാല്‍, എന്നോടൊപ്പം അജ്മീരില്‍ വന്നു താമസിക്കുക. നിങ്ങള്‍ക്കു വേണ്ട സേവനങ്ങള്‍ ഞാന്‍ ചെയ്തു തരാം".
ഉന്നതനായ ഒരു ശൈഖ് പറയേണ്ട കാര്യം തന്നെയാണ് ഇത്. അവര്‍ മഹത്തുക്കളുടെ ചെറിയ അതൃപ്തി പോലും ശ്രദ്ധിക്കും. കൂടാതെ, മുസ്ലിം കേന്ദ്രത്തില്‍ യാതൊരു വിധ അസ്വസ്ഥതയും അവര്‍ ഇഷ്ടപ്പെടുകയുമില്ല. കൂട്ടത്തില്‍, ഇതില്‍ വളരെ സുന്ദരമായ ഒരു സൂചനയുണ്ട്. അതെ, താങ്കളുടെ മഹത്വം മറ്റുള്ളവര്‍ക്കു മനസ്സിലായെങ്കിലും ഇല്ലെങ്കിലും എനിക്കു മനസ്സിലായിട്ടുണ്ട്. നമ്മുടെ അരികില്‍ ഗുരുവും ശിഷ്യനുമൊന്നുമില്ല. പ്രത്യുത താങ്കളുടെ സേവകനാകാന്‍ പോലും ഞാന്‍ സന്നദ്ധനാണ്.!
ഖാജാ ബഖ്തിയാര്‍ (റഹ്) ഒരു വിനീത ശിഷ്യനെ പോലെ തന്നെ പ്രതികരിച്ചു: "ഞാന്‍ അങ്ങയുടെ മുന്നില്‍ നില്‍ക്കാന്‍ പോലും അര്‍ഹതയില്ലാത്തവനാണ്!"
അങ്ങനെ, ശൈഖിനോടൊപ്പം അജ്മീരിലേക്കു പോകാന്‍ ഖാജ തയ്യാറായി പുറപ്പെട്ടു. എന്നാല്‍, ഈ വാര്‍ത്ത കാട്ടുതീ പോലെ ഡല്‍ഹിയില്‍ പരക്കുകയും രാജാവും ജനങ്ങളും അദ്ദേഹത്തിന്‍റെ പിന്നാലെ നടക്കുകയും ഡല്‍ഹിയില്‍ തന്നെ താമസിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതു കണ്ടപ്പോള്‍ ശിഷ്യന്‍റെ സ്വീകാര്യത അല്ലാഹുവിന്‍റെ ഭാഗത്തു നിന്നുമുള്ളതാണെന്ന് ശൈഖിനു മനസ്സിലായി. ഒരു വ്യക്തിയെ സന്തോഷിപ്പിക്കുന്നതിനും ഒരു വ്യക്തിയുടെ നന്മകള്‍ ശ്രദ്ധിക്കുന്നതിനും വേണ്ടി ആയിരക്കണക്കിനു ജനങ്ങളുടെ ന്യായമായ ആഗ്രഹങ്ങള്‍ അവഗണിക്കുന്നതും, മനസ്സുകള്‍ക്കു മുറിവേല്‍പ്പിക്കുന്നതും ശരിയല്ലെന്നു വ്യക്തമായി. ശൈഖ് അജ്മീറിലേക്കു ശിഷ്യനെ കൊണ്ടു പോകാനുള്ള തീരുമാനം പിന്‍വലിച്ചു കൊണ്ട് പ്രസ്താവിച്ചു: "ബാബാ ബഖ്തിയാര്‍, നിങ്ങള്‍ ഇവിടെത്തന്നെ നില്‍ക്കുക. ഇവിടെ നിന്നും നിങ്ങള്‍ പോയാല്‍ അല്ലാഹുവിന്‍റെ ഇത്രയധികം ദാസന്‍മാരുടെ അവസ്ഥ താറുമാറാകും. ഇത് അനുവദനീയമായി ഞാന്‍ കാണുന്നില്ല. ഡല്‍ഹിയെ താങ്കളെ നാം ഏല്‍പ്പിക്കുന്നു".
സുല്‍ത്താന്‍ ശംസുദ്ദീന്‍ ശൈഖിനു നന്ദി പറഞ്ഞു. ഖാജാ ഡല്‍ഹിയിലേക്കും ശൈഖ് ചിശ്തി, അജ്മീറിലേക്കും മടങ്ങി.
ഖാജാ ഖുതുബുദ്ദീന്‍ (റഹ്) ഡല്‍ഹിയിലെ ദാരിദ്ര്യത്തിന്‍റെ കീറിയ പായയിലിരുന്ന് ഇര്‍ഷാദ്-തര്‍ബിയത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഭരണകൂടത്തില്‍ നിന്നും ഒരു സഹായവും സ്വീകരിച്ചില്ല. ദര്‍ബാറില്‍ നിന്നുമുള്ള അകല്‍ച്ചയും ദാരിദ്ര്യത്തിലുള്ള സഹനതയും ജീവിത ശൈലിയായി സ്വീകരിച്ചു. പൊതുജനങ്ങളും വിശിഷ്ട വ്യക്തികളും അദ്ദേഹത്തിനു ചുറ്റും തടിച്ചുകൂടി. രാജാവ് തന്നെ ആഴ്ചയില്‍ രണ്ടുപ്രാവശ്യം സദസ്സില്‍ വരികയും ആദരവോടെ പങ്കെടുക്കുകയും ചെയ്തിരുന്നു. അന്നത്തെ ഡല്‍ഹി ഇന്ത്യയുടെ മാത്രമല്ല, മുസ്ലിം ലോകത്തെ പുതുശക്തിയും ഇസ്ലാമിക നവോത്ഥാനത്തിന്‍റെ പ്രധാന കേന്ദ്രവുമായി മാറിയിരുന്നു. മുസ്ലിം ലോകത്തെ വിശിഷ്ട പണ്ഡിത മഹത്തുക്കളും ആത്മീയ നായകരും ധിഷണാ ശാലികളും ഇവിടെ സംഗമിച്ചിരുന്നു. ഇത്തരുണത്തില്‍, ജനങ്ങളുടെ ആത്മ സംസ്കരണവും പുതുശക്തി നിറഞ്ഞ ഭരണകൂടത്തിന്‍റെ മാര്‍ഗ്ഗദര്‍ശനവും മഹാനവര്‍കളുടെ ദാരിദ്ര്യ-സമ്പന്നതയുടെ നയത്തില്‍ അല്‍പം പോലും പ്രതിഫലനം സൃഷ്ടിക്കാതിരിക്കുക വളരെ ദുഷ്കരമായിരുന്നു. ഇതിനു പര്‍വ്വതത്തിന്‍റെ ദൃഢചിത്തതയും കാറ്റിന്‍റെ വേഗതയും നിര്‍മ്മലതയും ആവശ്യമായിരുന്നു. ഖാജാ ബഖ്തിയാര്‍ (റഹ്) വളരെ വിജയകരമായും ഉജ്ജ്വല ശൈലിയിലും ഈ സങ്കീര്‍ണ്ണ ജോലി നിര്‍വ്വഹിച്ചു. ഖാജാ (റഹ്) ക്ക് സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നീണ്ട കാലഘട്ടം ലഭിച്ചതുമില്ല. ശൈഖിനു ശേഷം അഞ്ചു വര്‍ഷം മാത്രമേ ഖാജാ ജീവിച്ചിരുന്നുള്ളൂ. പക്ഷെ, ഇന്ത്യയില്‍ ശൈഖ് മുഈനുദ്ദീന്‍ (റഹ്) നടത്തിവെച്ച മഹത്തായ സേവനങ്ങള്‍ ഖാജയിലൂടെ നീണ്ട നൂറ്റാണ്ടുകള്‍ക്കു സുരക്ഷയായി.
ഖാജാ ബഖ്തിയാര്‍ (റഹ്) ക്ക് നാല്‍പ്പതു വയസ്സായതേയുള്ളൂ, അദ്ദേഹം ജനങ്ങളുടെ ശിക്ഷണ-സംസ്കരണങ്ങള്‍ക്കുവേണ്ടി സ്വയം നിയന്ത്രിച്ചു നിര്‍ത്തിയിരുന്ന ഇലാഹീ സ്നേഹാനുരാഗത്തിന്‍റെ തീജ്വാലകള്‍ ആളിക്കത്താന്‍ തുടങ്ങി. അവസ്ഥക്ക് മാറ്റം വരികയും ഇലാഹീ അനുരാഗവുമായി ബന്ധപ്പെട്ട കവിതകള്‍ ആലപിക്കാന്‍ പറയുകയും, ആലപിച്ചാലുടന്‍ ബോധരഹിതനായി വീഴാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍, നമസ്കാരത്തിനു സമയമാകുമ്പോള്‍ ബോധം വരികയും നമസ്കരിക്കുകയും നമസ്കാരാനന്തരം കവിതകള്‍ ആലപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ആലപിച്ചാലുടന്‍ ബോധരഹിതനാകുകയും ചെയ്യുമായിരുന്നു. ഏതാനും ദിവസം ഇപ്രകാരം കഴിഞ്ഞു.
ഹിജ്രി 623-ല്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്കു യാത്രയായി. വിയോഗത്തിനു മുമ്പുള്ള പെരുന്നാളിനു ഈദ്ഗാഹില്‍ നിന്നും മടങ്ങുമ്പോള്‍ ഖബ്റുകള്‍ ഒന്നും കാണപ്പെടാത്ത വിജനമായ ഒരു സ്ഥലത്ത് ദീര്‍ഘനേരം നില്‍ക്കുകയുണ്ടായി. പെരുന്നാളാണ്, ജനങ്ങള്‍ കാത്തു നില്‍ക്കുന്നുവെന്ന് സേവകന്‍ ഉണര്‍ത്തിയപ്പോള്‍ ഇപ്രകാരം പ്രതികരിച്ചു: എനിക്ക് ഇവിടെ നിന്നും മനസ്സുകളുടെ സുഗന്ധം അനുഭവപ്പെടുന്നു. ശേഷം പ്രസ്തുത സ്ഥലത്തിന്‍റെ ഉടമയുമായി ബന്ധപ്പെട്ട് ആ സ്ഥലം പണം കൊടുത്തു വാങ്ങുകയും അവിടെ ഖബ്റടക്കണമെന്നു നിര്‍ദ്ദേശിക്കുകയും അവിടെത്തന്നെ ഖബ്റടക്കപ്പെടുകയും ചെയ്തു.
പത്തിലേറെ പ്രധാന ശിഷ്യരുണ്ടായിരുന്നെങ്കിലും അതില്‍ ഏറ്റവും കൂടുതല്‍ ഉയരുകയും ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് ആത്മ സംസ്കരണത്തിന്‍റെ രാജപാത ഒരുക്കുകയും ചെയ്ത മഹാനാണ് ഖാജാ ഫരീദുദ്ദീന്‍ ഗഞ്ച്ശകര്‍ (റഹ്). അതെ, ശൈഖ് മുഈനുദ്ദീന്‍ (റഹ്) ഇന്ത്യയിലെ ചിശ്തി ത്വരീഖത്തിന്‍റെ സ്ഥാപകനാണെങ്കില്‍ ഖാജാ ഫരീദുദ്ദീന്‍ (റഹ്) അതിന്‍റെ പ്രധാന പരിഷ്കര്‍ത്താവും പ്രധാന പ്രചാരകനുമാണ്.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment