രാജ്യസ്നേഹികള്‍ ഉണരുക.!
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(അഖിലേന്ത്യാ അദ്ധ്യക്ഷന്‍, ജംഇയ്യത്ത് ഉലമാ എ ഹിന്ദ്.
ശൈഖുല്‍ ഹദീസ്,ദാറുല്‍ ഉലൂം ദേവ്ബന്ദ്)
http://swahabainfo.blogspot.com/2017/12/blog-post_51.html?spref=tw
സഹോദരങ്ങളെ, ഇന്ത്യാ മഹാരാജ്യം എക്കാലത്തും വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ്. നാനാത്വത്തിലേകത്വം എന്നത് നമ്മുടെ മുന്‍ഗാമികളിലൂടെ നമുക്കു ലഭിച്ച മഹത്തായ സന്ദേശമാണ്. സെക്യുലിറിസം ഈ രാഷ്ട്രത്തിന്‍റെ അടിസ്ഥാനമാണ്. എന്നാല്‍ ഇന്നിവിടെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഹൈന്ദവ വര്‍ഗ്ഗീയത ഈ രാഷ്ട്രത്തിന്‍റെ ആത്മാവിന് അങ്ങേയറ്റം അപകടകരമാണ്. ഈ രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും ഇത് വലിയ ഭീഷണിയാണ്. സംഘ് പരിവാറിന്‍റെ കുടക്കീഴില്‍ അണി നിരന്നിരിക്കുന്ന മുഴുവന്‍ സംഘടനകളുടെയും ഏക ലക്ഷ്യം, രാജ്യത്തെ ഏറ്റവും വലിയ നൂനപക്ഷമായ മുസ്ലിംകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കലും ജീവിതത്തിന്‍റെ സകല മേഘലകളില്‍ നിന്നും പിടിച്ച് വലിച്ച് നാശനഷ്ടങ്ങളുടെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തലുമാണെന്ന് അവരുടെ ഇതപര്യന്തമുള്ള പ്രവര്‍ത്തനങ്ങള്‍ വിളിച്ചറിയിക്കുന്നുണ്ട്.
ഈ ലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ട് അവര്‍ ധാരാളം വര്‍ഗ്ഗീയ കലാപങ്ങള്‍ ആളിക്കത്തിച്ചു. അവയില്‍ ലക്ഷക്കണക്കിന് നിരപരാധികളുടെ ജീവനും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും കത്തിച്ചാമ്പലായി. സ്വാതന്ത്ര്യത്തിനുശേഷം, ഏതെങ്കിലും തരത്തില്‍ വര്‍ഗ്ഗീയ കലാപം നടക്കാത്ത പ്രധാന മുസ്ലിം പ്രദേശങ്ങള്‍ ഒന്നും ഇല്ലെന്ന് തന്നെ പറയാവുന്നതാണ്. മറുഭാഗത്ത്, ആസൂത്രിതമായ ഗൂഡാലോചനയുടെ ഫലമായി അവരെ പുരോഗതിയുടെ സകല മേഖലകളില്‍ നിന്നും പുറന്തള്ളപ്പെട്ടു. സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പോലും വര്‍ഗ്ഗീയതയുടെ വിഷം കുത്തിവെയ്ക്കപ്പെട്ടു. സാമ്പത്തിക-രാഷ്ട്രീയ -ഭരണ മേഘലകളില്‍ നിന്നും അവരെ പ്രാന്തവല്‍ക്കരിക്കപ്പെട്ടു. ഇതര പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയും പ്രേരണകള്‍ കൊടുത്തും വഴികള്‍ തുറന്നും മുന്നോട്ട് നയിക്കപ്പെടുകയും അവരെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും ആക്കപ്പെട്ട ഒരു രാജ്യത്താണ് മുസ്ലിംകളോടുള്ള ഈ ചിറ്റമ്മ നയം എന്നത് വേദനാജനകമാണ്.
ജംഇയ്യത്ത് ഇക്കാര്യം സ്വാതന്ത്യാനന്തര-ഭരണകൂടങ്ങളെയും, രാഷ്ട്രീയ പാര്‍ട്ടികളെയും ഉണര്‍ത്തിക്കൊണ്ടിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷെ വര്‍ഗ്ഗീയതയുടെ പ്രചുരപ്രചാരണങ്ങള്‍ക്കിടയില്‍ ഇതിനെ അവര്‍ അവഗണിച്ചു. വിശിഷ്യാ, മഹത്തായ ഒരു ചരിത്രത്തിന്‍റെ അടിസ്ഥാനത്തില്‍ മതേതരത്തിന്‍റെ വക്താക്കളായി ഗണിക്കപ്പെടുന്ന കോണ്‍ഗ്രസ്സ് നേതൃത്വവുമായി ജംഇയ്യത്ത് പലപ്രാവശ്യം ബന്ധപ്പെടുകയും വര്‍ഗ്ഗീയതയുടെ ഈ പെരുമ്പാമ്പ് നൂനപക്ഷത്തെ മാത്രമല്ല, കോണ്‍ഗ്രസ്സിനെയും മുഴുവന്‍ രാജ്യത്തെയും വിഴുങ്ങും എന്ന് ഉണര്‍ത്തുകയുമുണ്ടായി. ഇന്ന് ഇക്കാര്യം ഒരു പരിധിവരെ പുലര്‍ന്നിരിക്കുന്നു. നരസിംഹറാവുവിന്‍റെ കാലഘട്ടം കോണ്‍ഗ്രസ്സിനും രാജ്യത്തിനും വലിയ നാണക്കേടുണ്ടാക്കി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. കോണ്‍ഗ്രസ്സ് പാര്‍ട്ടി കുഴിച്ചുമൂടപ്പെട്ടു. വര്‍ഗ്ഗീയ വാദികള്‍ കേന്ദ്രഭരണത്തിലെത്തി. പക്ഷെ, രാഷ്ട്രത്തിന്‍റെ ഭാഗ്യം കൊണ്ട് അവര്‍ക്ക് ഒറ്റയ്ക്ക് ഭരിക്കാനായില്ല. ധാരാളം മറ്റുപാര്‍ട്ടികളുടെ സഹായം തേടേണ്ടിവന്നു. അങ്ങനെ അവരുടെ സമ്പൂര്‍ണ്ണ അജണ്ട നടപ്പാക്കാന്‍ കഴിഞ്ഞില്ല.
ഇന്ത്യയില്‍ സെക്യുലിറസത്തിന്‍റെ വിളക്ക് അണഞ്ഞുപോകുമോയെന്ന് എല്ലാവരും ഭയപ്പെട്ട നാളുകളാണ് അവ. എന്നാല്‍ നഹ്റു കുടുംബത്തിന് ചുറ്റും വീണ്ടും കോണ്‍ഗ്രസ്സിന്‍റെ ഘടകങ്ങള്‍ ഒത്തുചേര്‍ന്നു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്തുള്ള ഹിന്ദു-മുസ്ലിം രാജ്യസ്നേഹികള്‍ സംഘടിച്ച് മതേതരത്വത്തെ സജീവമാക്കാന്‍ കോണ്‍ഗ്രസ്സിനെ അധികാരപീഠത്തിലിരുത്തി. വര്‍ഗ്ഗീയവാദരാഷ്ട്രീയത്തെ പരിപൂര്‍ണ്ണമായി തള്ളിക്കളഞ്ഞു. പക്ഷെ വര്‍ഗ്ഗീയത ബാധിച്ച ചില നേതാക്കള്‍ കോണ്‍ഗ്രസ്സിന്‍റെ എക്കാലത്തേയും ശാപമാണെന്ന് പറയുന്നതില്‍ ദുഃഖമുണ്ട്. അവരില്‍ പെട്ട ശിവരാജ് പാട്ടീലിനെ ആഭ്യന്തരമന്ത്രിയാക്കിയത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ നാശമായി മാറി. അയാളിലൂടെ നരസിംഹറാവുവിനെക്കാളും വലിയ ഉപദ്രവവമാണ് മുസ്ലിംകള്‍ക്കുണ്ടായത്. എവിടെയെങ്കിലും സ്ഫോടനമോ പ്രശ്നങ്ങളോ ഉണ്ടായാല്‍ സംശയത്തിന്‍റെ സൂചി നേരെ മുസ്ലിംകളിലേക്ക് തിരിച്ച് വച്ച് കണ്ണില്‍ കണ്ടവരെയെല്ലാം പിടികൂടി ജയിലിലടയ്ക്കുന്ന പദ്ധതി തുടങ്ങിയത് അയാളാണ്. രാഷ്ട്രീയമേഖലയില്‍ നിന്നും അയാള്‍ പുറത്തായെങ്കിലും അയാളുണ്ടാക്കിയ നാശമായ ഏ. റ്റി. എസ്സിന്‍റെ അക്രമങ്ങള്‍ ഇന്നും തുടരുന്നു. സ്ഫോടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹൈന്ദവവാദികളുടെ പരിശീലനത്തില്‍ പങ്കെടുത്തവരെന്ന് സീഡികളിലൂടെ വ്യക്തമായവരെ പിടികൂടാത്ത പോലീസുകാര്‍, സ്ഫോടനാനന്തരം ലഭിച്ച സിംകാര്‍ഡിലെ മുസ്ലിം പേരുകള്‍ മാത്രം തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നത് എന്ത് നീതിയാണ്?
തീവ്രവാദത്തിന്‍റെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പടച്ചുണ്ടാക്കി മുസ്ലിം യുവാക്കളെ ജയിലിലടയ്ക്കുന്ന പരിപാടി അന്ത്യമില്ലാതെ തുടരുകയാണ്. വര്‍ഗ്ഗീയ കലാപങ്ങളിലൂടെ ലക്ഷങ്ങളെ വധിച്ചവര്‍ ഇന്നതിന് മുതിരുന്നില്ല. കാരണം, ആധുനിക വാര്‍ത്താ മാദ്ധ്യമങ്ങളിലൂടെ അവരുടെ പൈശാചിക മുഖം നിമിഷങ്ങള്‍ക്കുള്ളില്‍ ലോകം കാണും. എന്നാല്‍, നൂനപക്ഷത്തെ തകര്‍ക്കാന്‍ അവര്‍ക്ക് ലഭിച്ച പുതിയ ഒരു വഴിയാണ് തീവ്രവാദത്തെ കുറിച്ച പ്രചാരണങ്ങള്‍ മുസ്ലിംകള്‍ ഈ പരീക്ഷണത്തില്‍ വലിയ അസ്വസ്ഥരാണ്. അടുത്ത് നടന്ന ഉത്തരപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഇതിന്‍റെ സൂചനയാണ്.
ആദ്യം തീവ്രവാദ ആരോപണം ഇസ്ലാമിക സ്ഥാപനങ്ങള്‍ക്ക് നേരെയായിരുന്നു. ഇതിനുവേണ്ടി നിന്ദ്യമായ എല്ലാ ആയുധങ്ങളുമുപയോഗിച്ചു. എന്നാല്‍ അതെല്ലാം പരാജയപ്പെട്ടപ്പോള്‍, ഗൂഢാലോചന വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കളെ കുറിച്ചായി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പണ്ടെ തഴയപ്പെട്ട മുസ്ലിംകളെ പ്രൈവറ്റ് മേഖലകളിലും തൊട്ടുകൂടാത്തവരായി മാറ്റാനുള്ള ആഴമേറിയ ഒരു ഗൂഢാലോചനയാണ് ഇത്. ജംഇയ്യത്ത് ഇതിന്‍റെ ഗൗരവം ഉണര്‍ത്തി രംഗത്ത് ഇറങ്ങുകയും മര്‍ദ്ദിതരുടെ നിയമസഹായത്തിന് ആവുന്ന ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇതിന്‍റെ നല്ല ഫലങ്ങളും ഉളവായി. ബോംബ് സ്ഫോടനങ്ങളുടെയും മറ്റും കുറ്റം ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ട അമ്പതോളം യുവാക്കളെ ജംഇയ്യത്തിന്‍റെ പോരാട്ടം കാരണം മോചിപ്പിക്കപ്പെട്ടു. മോചിപ്പിക്കപ്പെട്ടവരില്‍ ചില ഹിന്ദു സഹോദരങ്ങളും ഉണ്ടെന്ന കാര്യം പ്രത്യേകം സ്മരണീയമാണ്. വിവിധ കീഴ്ക്കോടതികള്‍ മുതല്‍ സുപ്രീം കോടതിവരെ 39 കേസുകള്‍ ഇപ്പോള്‍ ജംഇയ്യത്ത് വാദിച്ചുകൊണ്ടിരിക്കുന്നുണ്ട്.
വര്‍ഗ്ഗീയവാദത്തിനെതിരിലുള്ള ജംഇയ്യത്തിന്‍റെയും ഇതര പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനഫലമായി കോണ്‍ഗ്രസ്സിലേയും മറ്റ് പാര്‍ട്ടികളിലെയും വര്‍ഗ്ഗീയത തീണ്ടാത്ത നേതാക്കള്‍ ഉണരുകയുണ്ടായി എന്ന കാര്യവും നിലവിലുള്ള കൂരിരുട്ടിനിടയില്‍ പ്രകാശം പകരുന്നതാണ്. ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയുടെ ന്യൂനപക്ഷപദവി, അന്‍വര്‍, പോലീസ് നരനായാട്ടിന്‍റെ ഉത്തരവാദികളെ പിടികൂടല്‍, ബോംബ് സ്ഫോടനം നടത്തിയ ഹിന്ദു തീവ്രവാദികളെ പിടികൂടാനുള്ള പരിശ്രമം എന്നിവ ഇതില്‍ പ്രത്യേകം സ്മരണീയമാണ്. ഈ സമീപനം 30-40 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ കോണ്‍ഗ്രസ്സ് നേതൃത്വം സ്വീകരിച്ചിരുന്നെങ്കില്‍ രാജ്യത്തിനും പാര്‍ട്ടിക്കും ഈ ഗതി ഒരിക്കലും വരികയില്ലായിരുന്നു!
ചുരുക്കത്തില്‍ ഇങ്ങനെ ഭാഗികമായ ചില കാര്യങ്ങളൊഴിച്ചാല്‍ രാജ്യത്തിന്‍റെ നിലവിലുള്ള സ്ഥിതി അത്യന്തം അപകടകരമാണ്. ഒരുഭാഗത്ത് കോണ്‍ഗ്രസ്സിലെ വര്‍ഗ്ഗീയ വാദികളുടെ കളി മഹത്തായ ആ പ്രസ്ഥാനത്തെ ബലഹീനമാക്കിക്കൊണ്ടിരുന്നു. മതേതരത്വത്തോട് പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനവും കോണ്‍ഗ്രസ്സിന് ബദലായി ഇന്ത്യന്‍ ചക്രവാളത്തില്‍ വളര്‍ന്ന് വരുന്നുമില്ല. മറുഭാഗത്ത് വര്‍ഗ്ഗീയവാദികളാകട്ടെ ഭരണത്തിലേറാന്‍ എല്ലാ അടവുകളും പയറ്റിക്കൊണ്ടിരിക്കുകയുമാണ്. ഇവരുടെ ലക്ഷ്യം പൂവണിഞ്ഞാല്‍ രാഷ്ട്രം മുഴുവന്‍ വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ നിറഞ്ഞുകവിയുമെന്നതില്‍ സംശയമില്ല. ബാഹ്യമായ മുന്നേറ്റങ്ങളല്ല രാഷ്ട്രപുരോഗതിയുടെ അടയാളം രാജ്യനിവാസികളുടെ സ്നേഹവും സാഹോദര്യവുമാണ് യഥാര്‍ത്ഥ പുരോഗതിയുടെ ചിഹ്നം. വര്‍ഗ്ഗീയവാദികള്‍ അധികാരത്തിലെത്തിയാല്‍ ഇതുണ്ടാകില്ലെന്ന് മാത്രമല്ല, രാഷ്ട്രം ചിന്നിച്ചിതറുമോ എന്നുപോലും ഭയക്കേണ്ടിയിരിക്കുന്നു.
ഇവിടെ വളരെ വ്യക്തമായി ചില കാര്യങ്ങള്‍ ഞങ്ങള്‍ മുഴുവന്‍ ഭാരതീയരെയും അറിയിക്കുകയാണ്; ഈ രക്തച്ചൊരിച്ചിലും പോലീസ് ഭരണകൂടങ്ങളുടെ ഭീകരതകളും കൊണ്ട് മുസ്ലിംകളെ ഇന്ത്യാ രാജ്യത്തുനിന്നും ഇല്ലാതാക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഇന്നും ജീവനുള്ള ഒരു സമുദായമാണ്. നാളെയും ജീവനോടെ നിലനില്‍ക്കുകതന്നെ ചെയ്യും. ഇത്തരം അവസ്ഥകള്‍ ഞങ്ങള്‍ക്ക് പുതിയതല്ല. 1400 വര്‍ഷങ്ങളായി ഇത്തരം പ്രളയങ്ങളെ ഞങ്ങള്‍ അതിജയിച്ചുവന്നവരാണ്. ധാരാളം അക്രമികള്‍ ലോകത്ത് നിന്നും ഇല്ലാതായി ഞങ്ങള്‍ ഇന്നും ജീവിച്ചിരിക്കുന്നു. ലോകാവസാനം വരെ ജീവിച്ചിരിക്കും. ഈ ലോകത്ത് ഞങ്ങള്‍ ഇല്ലാതാകുന്ന അന്ന് ലോകം തന്നെ ഇല്ലാതാകുന്നതാണ്.
ഹിന്ദുക്കളല്ലാത്തവരെല്ലാം വിദേശികളും ഭാരതീയ സംസ്കാരത്തോട് എതിര്‍പ്പുള്ളവരും രാഷ്ട്രപുരോഗതിക്ക് തടസ്സവുമാണെന്ന ഗോള്‍ വാദ്കറിന്‍റെ അടിസ്ഥാനരഹിതവും അസത്യവുമായ വാചകത്തെ വേദവാക്യമായി കാണുന്നവരോട് പറയട്ടെ; നിങ്ങളുടെ ഈ വാദം തീര്‍ത്തും തെറ്റാണ്. ഞങ്ങള്‍ 1400 വര്‍ഷമായി ഇവിടെ താമസിക്കുന്നു. ഒരു ഭാഗത്ത് ഞങ്ങള്‍ ഈ രാജ്യത്തിന്‍റെ നന്മയ്ക്കും പുരോഗതിക്കും ധാരാളം സംഭാവനകള്‍ ചെയ്തപ്പോള്‍ മറുഭാഗത്ത്, ഈ രാജ്യത്തിന്‍റെ എന്നല്ല, ലോകത്തിന്‍റെ തന്നെ മഹത്തായ സംസ്കൃതിയായ ധാര്‍മ്മിക വ്യവസ്ഥിതിയ്ക്ക് വെള്ളവും വളവും വെളിച്ചവും നല്‍കിയവരാണ്. ഞങ്ങളാരും പുറത്ത് നിന്ന് വന്നവരല്ല. ഇവിടെത്തന്നെ ജനിച്ച് വളര്‍ന്നവരാണ്. ഞങ്ങളുടെ പൂര്‍വ്വികന്മാരിലേക്ക്, ആയുധങ്ങളൊന്നുമില്ലാതെ, എന്നാല്‍ സത്യവിശ്വാസവും സല്‍ക്കര്‍മ്മങ്ങളും വഹിച്ചുകൊണ്ട് ചില മഹത്തുക്കള്‍ കടന്നുവന്നു. അവരുടെ സ്വഭാവബന്ധങ്ങളും ഭയഭക്തിയും വിശ്വസ്തയും കണ്ട ഞങ്ങളുടെ പിതാക്കള്‍ ഇസ്ലാമിനെ പഠിച്ചു, സ്വീകരിച്ചു. ഞങ്ങളവരുടെ പിന്‍ഗാമികളാണ്. ആകയാല്‍ സ്നേഹത്തിന്‍റെ മാത്രം സംഗീതം മുഴക്കിയും സുഖ-ദുഃഖങ്ങളില്‍ പരസ്പരം സഹകരിക്കുകയും ചെയ്ത ചരിത്രമുള്ള ഈ രാജ്യത്തില്‍ പരസ്പര വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് നിങ്ങള്‍ പിന്‍മാറുക. സ്നേഹവും സാഹോദര്യവും നീതിയും ന്യായവും പ്രചരിപ്പിക്കുക.
അവസാനമായി മുസ്ലിം സഹോദരങ്ങളോട് പറയട്ടെ; നമ്മുടെ രാജ്യമായ ഇന്ത്യ എന്നും വ്യത്യസ്ത മത-സംസ്കാരങ്ങളുടെ കേന്ദ്രമായിരുന്നു. വര്‍ഗ്ഗീയവാദം കാരണമായി നമുക്ക് ധാരാളം ജീവനും സമ്പത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ഈ രാജ്യത്തിന്‍റെ പ്രകൃതി ഐക്യവും സഹകരണവുമാണ്. നമുക്കിടയില്‍ ശത്രുതയുടെയും വെറുപ്പിന്‍റെയും ഭിത്തി അധികം നാളുകള്‍ നിലനില്‍ക്കുന്നതല്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ആകയാല്‍ സഹോദര സമുദായങ്ങളുമായി ശാന്തിയിലും സഹകരണത്തിലും ജീവിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. നാം സമാധാനത്തെ സ്നേഹിക്കുന്ന ഒരു മതത്തിന്‍റെ വക്താക്കളാണ് എല്ലാവരുടെയും സുസ്ഥിതിയിലാണ് നമ്മുടെയും നന്മയെന്ന് നാം വിശ്വസിക്കുന്നു. ഇതര മതസ്ഥരുമായി സഹായ-സഹകരണങ്ങള്‍ നടത്താന്‍ നമ്മുടെ മതം നമ്മെ ഉപദേശിക്കുന്നു. "മതസംബന്ധമായി നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും സ്വന്തം ഭവനങ്ങളില്‍ നിന്നും നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്തവര്‍ക്ക് നിങ്ങള്‍ നന്മ ചെയ്യുന്നതും അവരോട് നിങ്ങള്‍ നീതി പാലിക്കുന്നതും അല്ലാഹു നിങ്ങളോട് വിലക്കുന്നില്ല. നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകതന്നെ ചെയ്യുന്നു". (മുംതഹിനഃ) ഇതോടൊപ്പം നമ്മുടെ പ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) പുലര്‍ത്തിയ സല്‍സ്വഭാവം, സത്യസന്ധത, സഹായസഹകരണങ്ങള്‍, നീതി, സമത്വം മുതലായ സന്ദേശങ്ങള്‍ നമ്മുടെ സുവര്‍ണ്ണ പാഠങ്ങളാണ്. ആകയാല്‍ നമ്മുടെ ധര്‍മ്മവും സ്വഭാവവും സഹോദര-സമുദായ അംഗങ്ങള്‍ക്ക് താല്‍പര്യം ജനിക്കുന്നതാകണം. നമ്മുടെ മുന്‍ഗാമികളെ പോലെ രാജ്യസ്നേഹത്തിന്‍റെ സമുന്നത ആവേശം മനസ്സില്‍ നിറഞ്ഞവരായി ഈ രാജ്യത്തെ സ്നേഹിക്കാന്‍ നാം മുന്നിട്ട് ഇറങ്ങുക.
ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ നിന്നും നമ്മെ പിന്നോട്ട് തെള്ളുന്നതിന് ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടന്നതില്‍ സംശയമില്ല. പക്ഷെ, നാം നിരാശപ്പെടരുത്. എല്ലാ കാലത്തും ഏതെങ്കിലും രൂപത്തില്‍ ഈ സമുദായത്തിന് ഉണ്ടായിട്ടുള്ള ഒരു പരീക്ഷണം മാത്രമാണിത്. നിരാശാജനകമായ സാഹചര്യത്തിനിടയിലും പുരോഗതിയുടെ ദിശയിലേക്ക് മുന്നേറുകയും ലക്ഷ്യബോധത്തിനും കര്‍മ്മവിശുദ്ധിക്ക് കുറവ് വരുത്താതിരിക്കുകയും ചെയ്യുകയെന്നത് ജീവസുറ്റ ഒരു സമൂഹത്തിന്‍റെ ലക്ഷണമാണ്. മുന്‍ഗാമികളുടെ മഹനീയ മാതൃകയും ഇതുതന്നെ.
നമ്മുടെ മുന്നില്‍ സുദീര്‍ഘമായ ഒരു സുന്ദര ചരിത്രമുണ്ട്. പടച്ചവന്‍റെ അനുഗ്രഹത്താല്‍ നമ്മില്‍ യോഗ്യതകള്‍ക്ക് ഒരു കുറവുമില്ല. സത്യവിശ്വാസത്തിന്‍റെ അമൂല്യ നിധി മുറുകെ പിട്ടിച്ച് സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും അതിന്‍റെ അന്തരീക്ഷം ഉണ്ടാക്കാന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതിന്‍റെ കുറവ് പരിഹരിക്കുക എന്നതാണ് ഇന്നത്തെ വലിയ ഒരാവശ്യം. സമൂഹത്തില്‍, പുതുപുത്തന്‍ അനാചാരങ്ങളും കുഴപ്പങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനെ തുടച്ച് നീക്കി, ഇസ്ലാമിക സന്ദേശങ്ങളെ സുവര്‍ണ്ണമായി പ്രതിനിധീകരിക്കുന്ന ഒരു ഉത്തമ സമൂഹത്തിന്‍റെ സൃഷ്ടിക്കായി നാം പരിശ്രമിക്കേണ്ടതാണ്. പടിഞ്ഞാറുനിന്നും ഉയരുന്ന മതപരിത്യാഗത്തിന്‍റെ പ്രളയങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ നാം ശ്രദ്ധിക്കുക. പടിഞ്ഞാറിന്‍റെ, മരീചിക മാത്രമായ സംസ്കാരത്തിനെതിരില്‍ നന്മകള്‍ നിറഞ്ഞ ഇസ്ലാമിക സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കലാണ് അതിനുള്ള വഴി. അതിന് യുവത്വത്തിന്‍റെ ദൃഢനിശ്ചയവും ഉന്നത മനഃക്കരുത്തും ആവശ്യമാണ്. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ സമുദായത്തില്‍ അതിന് യാതൊരു കുറവുമില്ല.
"രക്ഷിതാവെ, ഞങ്ങള്‍ക്ക് സന്മാര്‍ഗ്ഗം നല്‍കിയ ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതെ, നിന്‍റെ ഭാഗത്ത് നിന്നും ഔദാര്യം കനിഞ്ഞരുളേണമേ, നീ വലിയ ഔദാര്യവാനാണ്!"
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment