ഒരു വിനോദ യാത്രാ വിവരണം.!
-മൗലാനാ മുഹമ്മദ് ഇല്‍യാസ് ബഡ്കല്‍
https://swahabainfo.blogspot.com/2019/02/blog-post_27.html?spref=tw 1987 ല്‍ നടന്ന ഒരു സംഭവമാണ്. ബട്കലിലെ 'ജാമിഅഃ ഇസ്ലാമിയ്യ'യില്‍ അന്ന് ഞാന്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. പട്ടണത്തിലെ വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്നതിന് ആദ്യമായി ഒരു ബസ്സ് അന്ന് വാങ്ങുകയുണ്ടായി. ഞങ്ങളുടെ പ്രിയങ്കരനായ മര്‍ഹും മുനീരി സാഹിബ് ആയിരുന്നു അന്നത്തെ സ്ഥാപന മേധാവി. വിദ്യാര്‍ത്ഥികളെ അങ്ങേയറ്റം സ്നേഹിച്ച അദ്ദേഹവുമായി ഞങ്ങള്‍ വളരെ അടുത്ത് ഇടപഴകിയിരുന്നു. പ്രസ്തുത വണ്ടി ഒരു ദിവസത്തേക്ക് വിനോദസഞ്ചാരത്തിന് വിട്ടുതരണമെന്ന് ഞങ്ങള്‍ ഒരിക്കല്‍ അദ്ദേഹത്തോട് അപേക്ഷിച്ചു. പട്ടണത്തിന് വെളിയിലേക്ക് പോകാന്‍ പെര്‍മിറ്റ് ഇല്ലാത്തതിനാല്‍ സാധ്യമല്ലെന്ന് അദ്ദേഹം കടുപ്പത്തില്‍ പറഞ്ഞെങ്കിലും ഞങ്ങളുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധം കാരണം ഒരു ദിവസത്തേക്ക് ഞങ്ങള്‍ക്ക് വണ്ടി വിട്ടുതന്നു.
ബട്കലില്‍ നിന്നും ഏകദേശം 100 കി.മീ. ദൂരത്തുള്ള ലോക പ്രസിദ്ധ വെള്ളച്ചാട്ടമായ ജോഗ് പാലസിലേക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 1000 അടി ഉയരത്തിലുള്ള പര്‍വ്വതങ്ങള്‍ക്ക് മുകളില്‍ നിന്നും ഒഴുകി വീണിരുന്ന വെള്ളച്ചാട്ടത്തിന്‍റെ മനോഹരമായ ദൃശ്യം വീക്ഷിക്കാന്‍ വിദേശികളും സ്വദേശികളും നിത്യവും അവിടെ വന്നിരുന്നു. അതിനടിയില്‍ സ്ഥാപിക്കപ്പെട്ട വൈദ്യുതിനിലയത്തില്‍ നിന്നുമാണ് കര്‍ണാടകയിലും മറ്റും വൈദ്യുതി വിതരണം ചെയ്യപ്പെടുന്നത്. വൈദ്യുതി നിലയം സന്ദര്‍ശിക്കുന്നതിന് വിനോദസഞ്ചാരികളെ ട്രെയിന്‍ പോലെയുള്ള ഒരു വാഹനത്തില്‍ താഴ്ഭാഗത്തേക്ക് കൊണ്ടു പോകാറുണ്ട്. പലപ്പോഴും അതിന്‍റെ ചങ്ങലപൊട്ടി നിരവധി മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാലും വിനോദസഞ്ചാരികളുടെ വരവില്‍ ഒരു കുറവുമുണ്ടായിട്ടില്ല. കൂടാതെ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന അവിടുത്തെ ഡാമിലെ വെള്ളം കൃഷിയിടങ്ങളിലേക്ക് ഒഴുകിപ്പോകുന്ന രംഗം കാണേണ്ടതു തന്നെയാണ്. ഞങ്ങളില്‍ പലരും അതിന് മുമ്പ് അവിടം സന്ദര്‍ശിച്ചിരുന്നെങ്കിലും ഇത്തവണ മദ്റസയിലെ വിദ്യാര്‍ത്ഥികളോടൊപ്പമുള്ള വിനോദയാത്രയുടെ രസമൊന്ന് വേറെ തന്നെയായിരുന്നു.
പരിപാടി അനുസരിച്ച് സുബ്ഹ് ബാങ്ക് കൊടുത്ത ഉടനെ നമസ്കരിച്ച് ഞങ്ങള്‍ യാത്രയായി. പകല്‍ മുഴുവനും അവിടുത്തെ പ്രകൃതി ദൃശ്യങ്ങള്‍ ആവോളം നുകര്‍ന്നു. സൂര്യാസ്തമനത്തിന് മുമ്പ് തന്നെ ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. കയറ്റിറക്കങ്ങള്‍ക്കിടയിലുള്ള പര്‍വ്വത ദൃശ്യങ്ങളും വനകാഴ്ചകളും അതിമനോഹരമായിരുന്നു. മഗ്രിബ് ബാങ്കിന് സമയമായപ്പോള്‍ വഴിയില്‍ ഒരിടത്ത് വാഹനം നിര്‍ത്തി. ബാങ്ക് കൊടുത്ത് ശാഫിഈ മദ്ഹബ് അനുസരിച്ച് മഗ്രിബും ഇശാഉം ജംഅ് ആക്കി നമസ്കരിച്ചു. നമസ്കാരാനന്തരം വീണ്ടും വാഹനം പുറപ്പെട്ടു. ഞങ്ങളുടെ പ്രാദേശിക ഭാഷയായ നവാഇതിലുള്ള ഹംദ് സ്വലാത്തുകളും ദീനീ കാര്യങ്ങളും അടങ്ങിയ ഗീതങ്ങള്‍ ഞങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. പകല്‍ മുഴുവനും നീണ്ട യാത്രയുടെ ക്ഷീണം കാരണം കുറേ കഴിഞ്ഞ് ഗീതങ്ങള്‍ നിലച്ചു. അല്‍പാല്‍പമായി എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു. ഡ്രൈവര്‍ മഹ്മൂദും ഞങ്ങളെ പോലെ തളര്‍ന്നിരുന്നു. പാട്ടുകളുടെ പരമ്പര നടന്നപ്പോഴെല്ലാം അദ്ദേഹത്തിനും ഉറക്കം അനുഭവപ്പെട്ടിരുന്നില്ല. വളഞ്ഞ്പുളഞ്ഞ വഴിയിലൂടെ വണ്ടി മുമ്പോട്ട് നീങ്ങുകയായിരുന്നു. ഇടയ്ക്ക് അവിചാരിതമായി ചെറിയൊരു മയക്കം അദ്ദേഹത്തിനുണ്ടായി. തത്ഫലമായി വലത്തോട്ടുള്ള ഒരു വളവ് വന്നപ്പോള്‍ ആ ഭാഗത്തേക്ക് വളയ്ക്കുന്നതിന് പകരം അദ്ദേഹം സ്റ്റിയറിംഗ് ഇടത്തോട്ട് വളച്ചുപോയി. അപകടം നിറഞ്ഞ ഒരു മലയുടെ മുകളില്‍ വച്ചായിരുന്നു ഈ സംഭവം. പിന്നെന്താണ് നടന്നത്! മരങ്ങളുമായി തട്ടിമുട്ടി ഞങ്ങളുടെ വാഹനം കൂരിരുട്ടില്‍ താഴേയ്ക്ക് പതിച്ചു.
എല്ലാവരും വെപ്രാളത്തോടെ കണ്ണുതുറന്നെഴുന്നേറ്റു. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മറിഞ്ഞുവീണു. അവസാനം ഒരു വൃക്ഷത്തില്‍മുട്ടി വണ്ടി നിന്നു. എല്ലാവരും അല്ലാഹ്, അല്ലാഹ് എന്നും ലാഇലാഹ ഇല്ലല്ലാഹ് എന്നും വിളിച്ചുകൊണ്ടിരുന്നു. വനാന്തരത്തിലെ കൂരിരുട്ടില്‍ ആര്‍ക്ക് എന്തുചെയ്യണമെന്ന് ഒന്നും മനസ്സിലായില്ല. അവസാനം ഒരു സഹപാഠി ധൈര്യം അവലംബിച്ച് വണ്ടിയുടെ വാതില്‍ തള്ളിത്തുറന്നു. ഞങ്ങള്‍ എല്ലാവരും സൂക്ഷിച്ച് പുറത്തിറങ്ങി. അല്‍ഹംദുലില്ലാഹ്... എല്ലാവരും സുരക്ഷിതരായിരുന്നു. സുരക്ഷിതരാണെന്ന് ഉറപ്പ് വന്നശേഷം ഞങ്ങള്‍ റോഡിലേക്ക് നടക്കാന്‍ തീരുമാനിച്ചു. ചെരിപ്പുകളെല്ലാം ബസ്സില്‍ തന്നെ വീണിരുന്നു. നഗ്നപാദരായി മുള്ളും കല്ലും നിറഞ്ഞ ആ പ്രദേശത്തിലൂടെ നടന്ന് എങ്ങനെയോ റോഡില്‍ എത്തിച്ചേര്‍ന്നു. റോഡിലെത്തിയ പാടെ ഒരു ഭാഗത്തേക്ക് മാറിനിന്ന് ഞങ്ങളെല്ലാവരും കൂട്ടമായി ദുആ ഇരന്നു. ഇസ്തിഗ്ഫാര്‍ ചൊല്ലുകയും അല്ലാഹുവിന്‍റെ ഔദാര്യത്തിന് നന്ദിരേഖപ്പെടുത്തുകയും ചെയ്തു. അടുത്ത വിഷയം മുന്നോട്ടുള്ള കാര്യമായിരുന്നു. ആരുമില്ലാത്ത ഈ വഴിയില്‍ എന്തുചെയ്യാനാണ്. നീണ്ട നേരത്തെ പ്രതീക്ഷയ്ക്ക് ശേഷം ജോഗ് പാലസിലേക്ക് പോകുന്ന ഒരു ട്രക്ക് അവിടേക്ക് വന്നെത്തി. ഇവിടെ കഴിയുന്നതിനേക്കാളും നല്ലത് ജനവാസമുള്ള അടുത്തെവിടെയെങ്കിലും കഴിയുകയാണ് നല്ലതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ട്രക്കുകാരനോട് ഞങ്ങള്‍ എല്ലാവിവരവും പറഞ്ഞു. അദ്ദേഹം ഞങ്ങളെ തൊട്ടടുത്തുള്ള കാര്‍ഗില്‍ എന്ന ഗ്രാമത്തിലെത്തിച്ചു. ഞങ്ങളുടെ മദ്റസയുടെ അടുത്ത് താമസിക്കുന്ന ഒരു സഹോദരന്‍റെ മകള്‍ ആ നാട്ടിലുണ്ടായിരുന്നു. ഞങ്ങള്‍ ആ വീട് അന്വേഷിച്ചു. ഒരുവിധത്തില്‍ അത് കണ്ടുപിടിക്കാന്‍ കഴിഞ്ഞു. ആ വീട്ടുകാര്‍ ഞങ്ങളെല്ലാവരെയും സ്വീകരിച്ചു.
പ്രഭാതമായപ്പോള്‍ ഞങ്ങള്‍ മുനീരി സാഹിബിന് ഫോണ്‍ ചെയ്തു. കരഞ്ഞുകൊണ്ട് വിവരം ധരിപ്പിച്ചു. മുനീരി സാഹിബില്‍ നിന്നും വിവരം നാട്ടിലാകെ കാട്ടുതീ പോലെ പടര്‍ന്നു. ധാരാളം ചെറുപ്പക്കാരും ബന്ധുക്കളും സ്കൂട്ടറുകളിലും കാറുകളിലുമായി പുറപ്പെട്ടു. ഇവിടെ ഞങ്ങളും സുബ്ഹി നമസ്കാരം കഴിഞ്ഞപാടെ ഒരു ട്രക്കില്‍ അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചു. രാത്രി എല്ലാവരുടെയും പരിസരബോധം നഷ്ടപ്പെട്ടിരുന്നതിനാല്‍ അപകടം നടന്ന സ്ഥലം ശ്രദ്ധിച്ച് മനസ്സിലാക്കിയിരുന്നില്ല. പക്ഷെ, ഞങ്ങളുടെ ഒരു സഹോദരന്‍ ആ സ്ഥലത്ത് തന്‍റെ വസ്ത്രം കെട്ടിയിട്ടിരുന്നു. അത് വലിയ സഹായകമായി. ഞങ്ങള്‍ ആ അടയാളത്തിന്‍റെ അടുത്ത് ഇറങ്ങി. അല്പം കഴിഞ്ഞപ്പോള്‍ മുനീരി സാഹിബും മറ്റുള്ളവരും അടങ്ങുന്ന കാറും മറ്റ് വാഹനങ്ങളും വന്നെത്തി. അദ്ദേഹത്തെ കണ്ട മാത്രയില്‍ ഞങ്ങള്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞു. അല്ലാഹുവിന്‍റെ വലിയ അനുഗ്രഹം കൊണ്ട് ഞങ്ങളുടെ സ്ഥാപനത്തെ ഒരു നാണക്കേടില്‍ നിന്ന് രക്ഷിച്ചതിന് അദ്ദേഹം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് നന്ദി രേഖപ്പെടുത്തിക്കൊണ്ടിരുന്നു. സംഭവം മറ്റൊരു നിലയ്ക്കായിരുന്നുവെങ്കില്‍ നാട്ടിലാകെ പ്രശ്നമാകുമായിരുന്നു. പിന്നീട് ബസ് എവിടെയാണെന്ന് എല്ലാവരും ചോദിച്ചു. ഞങ്ങള്‍ പറഞ്ഞു: വളരെ അടിയിലെവിടെയോ കുടുങ്ങിക്കിടപ്പുണ്ട്. ഞങ്ങള്‍ക്കൊന്നും കാണാന്‍ കഴിയുന്നില്ല. കുറച്ച് ആളുകള്‍ അടിയിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും വഴി മുഴുവന്‍ മുള്ള് നിറഞ്ഞതായിരുന്നതിനാല്‍ തിരിച്ചുവന്നു. ഇത്ര കടുത്ത വഴിയിലൂടെ നിങ്ങള്‍ രാത്രിയില്‍ നഗ്നപാദരായി എങ്ങനെ വന്നുവെന്ന് അവര്‍ ചോദിച്ചു. അല്ലാഹു അവന്‍റെ ഖുദ്റത്തുകൊണ്ട് ഞങ്ങളെ എത്തിച്ചു എന്നല്ലാതെ മറ്റൊരു മറുപടിയും ഞങ്ങള്‍ക്കില്ലായിരുന്നു.
അവസാനം വളരെ കഷ്ടപ്പെട്ട് ഏതാനും ചെറുപ്പക്കാര്‍ താഴേക്കിറങ്ങി. അവര്‍ ഞങ്ങള്‍ക്ക് നല്‍കിയ ബസിന്‍റെ ചിത്രം അത്ഭുതകരം മാത്രമല്ല, അല്ലാഹുവിന്‍റെ കഴിവിന്‍റെ ഒരു ദൃഷ്ടാന്തം കൂടിയായിരുന്നു. അവര്‍ പറഞ്ഞു: ബസ് ഏതാണ്ട് 80 അടി താഴ്ഭാഗത്ത് എല്ലാ വൃക്ഷങ്ങളെയും മറിച്ചിട്ട് വലിയൊരു വൃക്ഷത്തില്‍ മുഖം കുത്തിക്കിടക്കുകയാണ്. ആ വൃക്ഷത്തിന് തൊട്ടുതാഴെ ഒരു നദിയുണ്ട്. ആ വൃക്ഷം ഇല്ലായിരുന്നുവെങ്കില്‍ ബസ് നദിയില്‍ വീഴുമായിരുന്നു. പിന്നെ ഞങ്ങള്‍ രക്ഷപ്പെടുന്നതു പോകട്ടെ, ഞങ്ങളുടെ മൃതദേഹം ലഭിക്കുക പോലും പ്രയാസകരമായിരുന്നു. വാഹനം തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ തകര്‍ന്ന് പോയിരുന്നു.
ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു കാര്യത്തില്‍ പൂര്‍ണ്ണ ഉറപ്പുണ്ടായിരുന്നു; വഴിയില്‍ നമസ്കാരം മുടക്കാതെ മഗ്രിബും ഇശാഉം നമസ്കരിച്ചതിന്‍റെ ഫലമായിട്ടാണ് അല്ലാഹു ഞങ്ങളെ ഈ നിലയ്ക്ക് രക്ഷിച്ചത്. ഞങ്ങളുടെ പാപങ്ങളും തെറ്റുകുറ്റങ്ങളും വച്ചു നോക്കുമ്പോള്‍ ഞങ്ങള്‍ ഇതിന് അര്‍ഹരല്ലായിരുന്നു. ശിഷ്ടകാലം തികഞ്ഞ സൂക്ഷ്മതയോടെ ജീവിക്കണമെന്നുള്ള ശക്തമായ ഒരു മുന്നറിയിപ്പും ഈ സംഭവം ഞങ്ങള്‍ക്ക് നല്‍കി.
رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِين
രക്ഷിതാവേ, ഞങ്ങളോട് ഞങ്ങള്‍ വലിയ അതിക്രമം ചെയ്തുപോയി. നീ ഞങ്ങള്‍ക്ക് പൊറുത്തു തരികയും കരുണകാട്ടുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ നഷ്ടവാളികളില്‍ പെട്ടുപോകുമായിരുന്നു.
(സയ്യിദ് ഹസനി അക്കാദമി പ്രസിദ്ധീകരിച്ച ദുആകളുടെ അമാനുഷിക ഫലങ്ങള്‍ എന്ന രചനയില്‍ നിന്നും..)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*