Sunday, February 10, 2019

കാലം കാത്ത് വെച്ചിരുന്ന പരിത്യാഗി: ശൈഖുല്‍ ഹദീസ് മൗലാനാ അബ്ദുല്‍ കരീം റഷാദി അല്‍ ഖാസിമി (റഹിമഹുല്ലാഹ്...) -ഷറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ


കാലം കാത്ത് വെച്ചിരുന്ന പരിത്യാഗി: 
ശൈഖുല്‍ ഹദീസ് മൗലാനാ 
അബ്ദുല്‍ കരീം റഷാദി അല്‍ ഖാസിമി (റഹിമഹുല്ലാഹ്...) 
-ഷറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ 
https://swahabainfo.blogspot.com/2019/02/blog-post_63.html?spref=tw
തെക്കന്‍ കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിത പ്രമുഖനും ആയിരക്കണക്കിന് പണ്ഡിത ശ്രേഷ്ഠരുടെ ഗുരുവര്യനും സാത്വികനുമായ പണ്ഡിത കുടുംബത്തിലെ കാരണവരാണ് നമുക്ക് നഷ്ടപെട്ട ബഹുവന്ദ്യ ശൈഖുല്‍ ഹദീസ് മൗലാനാ അബ്ദുള്‍ കരീം അല്‍ റഷാദി അല്‍ ഖാസിമി . അദ്ധ്യാപന രംഗത്തെ അദ്ദേഹത്തിന്‍റെ കാര്‍ക്കശ്യവും വേറിട്ട ശൈലിയും വിദ്യാര്‍ത്ഥികളിലെ കതിരും പതിരും തിരിക്കുന്നതും അച്ചടക്കം , അനുസരണ , വിനയം എന്നിവ വിദ്യാര്‍ത്ഥികളില്‍ പ്രാരംഭം മുതല്‍ക്കേ ഊട്ടിയുറപ്പിക്കുന്നതുമായിരുന്നു .
ഏതെങ്കിലും ഒരു വിഷയത്തില്‍ മാത്രം പ്രാവീണ്യം നേടിയയാള്‍ എന്നദ്ദേഹത്തെ സംബന്ധിച്ച് പറയാന്‍ പരിചിതരായ ഒരാള്‍ക്കും കഴിയില്ല മറിച്ച് എല്ലാ വിഷയത്തിലും അഗാഥ പാണ്ഡ്യത്യം നേടിയ വ്യക്തിയും താന്‍ പഠിപ്പിക്കുന്ന അദ്ധ്യായം തന്‍റെ ജീവിതത്തില്‍ പ്രാബല്യത്തിലുണ്ടോ എന്ന വിചിന്തനം മുന്‍കൂട്ടി നടത്തുകയും അതിനു ശേഷം മാത്രം വിദ്യാര്‍ത്ഥികളിലേക്ക് അത് പകരുകയും ചെയ്യുക എന്നത് മഹാനവര്‍കളുടെ പ്രത്യേകതയായിരുന്നു .
ദീനീ വിഷയങ്ങളില്‍ കര്‍ക്കശ തീരുമാനക്കാരനും അത് വെട്ടിത്തുറന്ന് പറയുന്നതില്‍ സ്ഥലകാല വ്യക്തി പരിഗണന ഒട്ടും നല്‍കാത്ത പ്രകൃതക്കാരനുമായിരുന്നു മൗലാന . ആലീമീങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്‍റെ വേറിട്ട രീതീശാസ്ത്രം പഠിക്കേണ്ടതു തന്നെയാണ് , അവര്‍ക്ക് സേവനം ചെയ്യുന്നതില്‍ തന്‍റെ വിലയും നിലയും ഒരിക്കലും അദ്ദേഹത്തിന് തടസ്സമായിരുന്നില്ല മറിച്ച് തന്‍റെ കര്‍ത്തവ്യ നിര്‍വ്വഹണമാണെന്ന് തിരിച്ചറിയുകയും അതില്‍ വീഴ്ച വരരുത് എന്ന നിര്‍ബന്ധവും മര്‍ഹും മൗലാനക്ക് ഉണ്ടായിരുന്നു .
അദ്ധ്യാപന സമയത്ത് പുലിയാണെന്ന് തോന്നിപ്പോകുന്ന മൗലാന മറ്റു സമയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സര്‍വ്വസ്വവുമായിരുന്നു . ശിഷ്യഗണങ്ങള്‍ക്ക് എന്നെന്നും ഓര്‍ത്തു വെക്കാനും പ്രാവര്‍ത്തികമാക്കാനുമുതകുന്ന ജിവിത ചിട്ട തന്നെയാണ് അനാര്യോ ഗ്യാവസ്ഥയിലും കടുത്ത പ്രതികൂല സാഹചര്യത്തിലും മഹാനവർകൾ അനുവർത്തിച്ചു പോന്നിരുന്നത് .
സൃഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസവും കാര്യങ്ങള്‍ അവനില്‍ പരമേല്‍പ്പിക്കുന്നതിലുള്ള ആത്മാനുഭൂതിയും തികച്ചും അദ്ഭുതപ്പെടുത്തുന്നത് തന്നെയായിരുന്നു . മഹാനവര്‍കള്‍ ഒരിക്കല്‍ ഈ വിനീതന്‍റെ വീട് സന്ദര്‍ശിച്ചപ്പോള്‍ പത്തനംതിട്ട കശ്ശാഫുല്‍ ഉലൂം എന്ന സ്ഥാപനത്തെക്കുറിച്ചും അതിനൊരു സ്ഥായിയായ വരുമാനം ആയിട്ടില്ലല്ലോ എന്നതിനെ സംബന്ധിച്ചും ചോദിച്ചപ്പോള്‍ തന്ന മറുപടി അദ്ഭുതപ്പെടുത്തുന്നതായിരുന്നു . ഒരു ദീനീസ്ഥാപനത്തിന്‍റെ സ്ഥാപകര്‍ക്ക് ലഭിക്കുന്ന അതേ പ്രതിഫലം അതോട് ബന്ധപ്പെട്ട് അവസാനനാള്‍ വരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുഴുവനും ലഭിക്കണമെങ്കില്‍ മുഴുവന്‍ ആളുകളുടേയും ശ്രമം അതില്‍ ഉണ്ടാവേണ്ടത് ഉണ്ടന്നും അതാത് കാലക്കാര്‍ ശുദ്ധമായ മനസ്സോടും പ്രതിഫല പ്രതീക്ഷയോടും പ്രയത്നിക്കണമെങ്കില്‍ ദീനീസ്ഥാപനങ്ങള്‍ക്ക് സ്ഥായിയും ബൃഹത്തുമായ വരുമാനം ഇല്ലാതിരിക്കലാണ് അഭികാമ്യം എന്നും നല്ല ലക്ഷ്യത്തില്‍ പടുത്തുയര്‍ത്തപ്പെടുന്ന സംവിധാനം നിലനിര്‍ത്തുന്നതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം സര്‍വ്വ ശക്തന്‍ തന്നെ ഏറ്റെടുക്കുമെന്നും നാം അവനില്‍ പൂര്‍ണ്ണ പ്രതീക്ഷയര്‍പ്പിച്ച് നിന്ന് കൊടുത്താല്‍ മാത്രം മതിയെന്നുമായിരുന്നു മൗലാനായുടെ മറുപടി .
യാത്രയിലും അല്ലാതെയും ഒക്കെ അദ്ദേഹവുമായി സഹകരിക്കുന്നവര്‍ക്ക് അവരുടെ മുഴുവന്‍ സമയവും വിലപ്പെട്ടതാക്കാനും എന്നെന്നും ഓര്‍ത്തുവെച്ച് ജീവിത ചിട്ടയാക്കാൻ ഉതകുന്ന അറിവുകള്‍ പകര്‍ന്ന് കൊടുക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്‍റെ വേറിട്ട ശൈലിയായിരുന്നു . തന്‍റെയടുത്ത് പഠിക്കുന്ന കാലയളവില്‍ വിദ്യാര്‍ത്ഥികളോട് കര്‍ക്കശ നിലപാട് സ്വീകരിക്കുമെങ്കിലും പഠന പൂര്‍ത്തീകരണത്തിന് ശേഷം അവരെ ആലീമീങ്ങളായി കാണാനും അവരോട് ആദരവോടും വിനയത്തോടും ഇടപെടാനും പേര് ചൊല്ലി വിളിക്കുന്നത് പോലും പണ്ഡിത മഹത്വത്തിനോടു യോജിക്കാത്തതാണ് എന്ന നിലപാടുകാരനുമായിരുന്നു മൗലാനാ .
ശൈഖുല്‍ ഹദീസ് എന്ന നിലയില്‍ പണ്ഡിത സമൂഹത്തിന് ഇടയില്‍ അറിയപ്പെട്ടിരുന്ന മഹാന്‍ ജീവിതമുടനീളം അങ്ങേയറ്റം സൂക്ഷ്മത പുല‍ര്‍ത്തുകയും ശിഷ്യഗണങ്ങൾക്ക് സ്നേഹത്തിന്‍റെ നിറകുടമാണെങ്കിലും അത് പ്രകടിപ്പിക്കുക എന്നത് അദ്ധ്യായന കാലഘട്ടത്തിന് ശേഷമേ ആകാവൂ എന്ന നിലപാടും അദ്ദേഹത്തിന്‍റെ മാത്രം പ്രത്യേകയായിരുന്നു . 
വിദ്യാര്‍ത്ഥികള്‍ അത് തിരിച്ചറിയുകയും അതിന്‍റെ ആന്തരീക അര്‍ത്ഥം മനസ്സിലാക്കുകയും ചെയ്യുന്നത് പഠന കാലയളവിന് ശേഷം മാത്രമായിരുന്നു . ദീര്‍ഘമായ സംസാരം ഇല്ലാതെ ചുരുങ്ങിയ വാക്കുകളില്‍ വലിയ ആശയങ്ങള്‍ വിളമ്പരം ചെയ്യുകയും, പറയുന്നത് തന്‍റെ ജീവിതത്തില്‍ പ്രാബല്യത്തില്‍ ഉണ്ടോ എന്ന പരിശോധന മൗലാനയുടെ പ്രത്യേകതകളിൽ ഒന്നായിരുന്നു . എത്ര ആവര്‍ത്തി ദര്‍സ്സ് എടുത്തിട്ടുള്ള പാഠങ്ങള്‍ ആയിരുന്നാലും ക്ലാസ്സിന് മുമ്പായി ഒന്നുകൂടി തയ്യാറാവുക , ശിഷ്യന്‍മാരുടെ മുന്നില്‍പോലും ഉറപ്പില്ലാത്ത വിഷയത്തെ സംബന്ധിച്ച് ഉറപ്പില്ലാ എന്ന് തുറന്ന് പറയുന്നതില്‍ അഭിമാനിക്കുക എന്നതു മഹാനവർകളുടെ മതകാപരമായ വ്യക്തിത്വമായിരുന്നു .
തിരിക്കിട്ട ജീവിതത്തിനിടയിലും എന്നെന്നും ശേഷിക്കുന്ന ദീനീ പ്രബോധനത്തിന് മുൻതൂക്കം നൽകി പല ഗ്രന്ഥങ്ങൾ രചിക്കുകയും ബലാഗ് മാസികയുടെ രക്ഷാധികാരി സ്ഥാനം വഹിക്കുകയുമായിരുന്നു . ലളിതവും സരസവുമായ എന്നാല്‍ ഗൗരവതരത്തിലുളള മഹാനവര്‍കളുടെ പ്രസംഗ ശൈലി ശ്രോതാക്കളെ പിടിച്ചിരുത്തുന്നതും ആഴത്തില്‍ ചിന്തിപ്പിക്കുന്നതുമായിരുന്നു . ഉറുദു ഭാഷയില്‍ മഹാനവര്‍ക്കുള്ള കഴിവ് എടുത്ത് പറയേണ്ടത് തന്നെയാണ് .
ഈ വിനീതന്‍ ബോംബെയില്‍ ഖത്തീബായിരിക്കെ ദീനീപ്രബോധനാര്‍ത്ഥം കലീന മസ്ജിദില്‍ മൗലാന മലയാളത്തിലാണ് പ്രസംഗം ആരംഭിച്ചത്‌ എന്നാൽ മറുഭാഷക്കാര്‍ സദസ്സ് വിട്ടു പോകുന്നു എന്ന് തോന്നിയപ്പോള്‍ പ്രസംഗം ഉറുദുവിലേക്ക് ആക്കിയതും സദസ്യരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഉറുദു ഭാഷയിലെ കഴിവും ആകർഷണിയമായ അവതരണവും കാരണത്താൽ സദസ്സ് വിട്ടുപോയവരും പുറത്തുണ്ടായവരും പ്രസംഗ ഹാളിലേക്ക് മടങ്ങിവന്ന് തിങ്ങിനിറഞ്ഞ സംഭവം എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്നതാണ്.
തൊടുപുഴ ഇടവെട്ടിയില്‍ കിഴക്കേ മഠത്തില്‍ (ബൈത്തുല്‍ ഹംദ്) പരേതനായ മുഹമ്മദ് ഇബ്രാഹിം സാഹിബിന്‍റെ മകനായി ജനിച്ച മൗലാന കാരിക്കോട് മുനവ്വിറുല്‍ ഇസ്ലാം, ഈരാറ്റുപേട്ട നൂറുല്‍ ഇസ്ലാം എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുകയും ബംഗളൂര്‍ സബീലുല്‍ റഷാദ്, ദയൂബന്ദ് ദാറുല്‍ ഉലൂം എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തുകയും ചെയ്തു . ഉപരിപഠന ശേഷം മീററ്റ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും ആറ് മാസം കൊണ്ട് ഖുര്‍ആന്‍ മനപ്പാഠമാക്കി എന്നത് സമകാലീനരെ അദ്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു.
ആലുവ ഇടത്തല ജാമിഅത്തുല്‍ കൗസരിയായില്‍ നാല്‍പ്പത് വര്‍ഷം പ്രിന്‍സിപ്പലായിരുന്ന മൗലന ഓള്‍ ഇന്ത്യാ മുസ്ലിം പെഴ്സണല്‍ ലോ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍, ദാറുല്‍ ഖളാഅ് ദക്ഷിണ മേഖല കണ്‍വീനര്‍ , അല്‍ കൗസര്‍ ഉമലാ കൗണ്‍സില്‍ രക്ഷാധികാരി , ബംഗളൂര്‍ സബീലുർറഷാദ് ശൂറാ കൗണ്‍സില്‍ അംഗം എന്നി നിലകളില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു . ആലുവ ഇടത്തല തബ്ലീഗുല്‍ ഇസ്ലാം മര്‍ക്കസ് അടക്കം നിരവധി ദീനീ സ്ഥാപനങ്ങളുടേയും മസ്ജിദുകളുടേയും മുത്തവല്ലിയായിരുന്നു . തബ്ലീഗ് ജമാഅത്തിന്‍റെ കേരളത്തിലെ പ്രധാന കണ്ണിയും മുന്‍ തബ് ലീഗീ അമീര്‍ മര്‍ഹും കാഞ്ഞാര്‍ മൂസാ മൗലാനയുടെ മരുമകനുമാണ്. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി, പാളയം മുന്‍ഇമാം ഹാഫിസ് അബ്ദുള്‍ ഗഫാര്‍ മൗലവി എന്നിവരുള്‍പ്പെടെ പ്രഗല്‍ഭരായ നൂറുകണക്കിന് ശിഷ്യസമ്പത്തിന്‍റെ ഉടമയുമായിരുന്നു മൗലാന റഷാദി.
ദീര്‍ഘ കാലമായി കരള്‍ സംബന്ധമായ അസുഖത്തോടു ബന്ധപ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന മൗലനായെ വെല്ലൂര്‍ സി.എം.സി. ഹോസ്പിറ്റലില്‍ നിന്നും നാട്ടില്‍ എത്തിച്ചത് വേര്‍പാടിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. ആലുവ നജാത്ത് ഹോസ്പിറ്റലില്‍ ചികിത്സ നടത്തിവരവെയാണ് മരണം സംഭവിച്ചത്. താന്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്ന പത്തനംതിട്ട കശാഫുല്‍ ഉലൂം അറബി കോളേജ് വളപ്പിൽ മഹാനവർകളുടെ മൃതദേഹം ഖബറടക്കി. 
അറിവിന്‍റെ ഗുരുസാഗരം: 
ഹാഫിസ് അബ്ദുല്‍ കരീം റഷാദി ഖാസിമി (റഹിമഹുല്ലാഹ്...) 
- മുഹമ്മദ് സുബൈര്‍ കൗസരി ചെറുവാടി 
https://swahabainfo.blogspot.com/2019/02/blog-post.html?spref=tw 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...