സമാധാന പ്രചരണം: മാധ്യമ ധര്‍മ്മം.!
- മൗലാനാ സയ്യിദ് മുഹമ്മദ് വാദിഹ് റഷീദ് ഹസനി നദ് വി
വിവ: ഷറഫുദ്ദീന്‍ നദ് വി ഈരാറ്റുപേട്ട
https://swahabainfo.blogspot.com/2019/02/blog-post_1.html?spref=tw
വൈജ്ഞാനിക രീതിശാസ്ത്രവും, പാഠ്യപദ്ധതികളുടെ രൂപീകരണവും വൈജ്ഞാനിക അന്തരീക്ഷവും പഠിതാക്കളുടെ ശിക്ഷണവും പുതുതലമുറയുടെ ചിന്താഗതി രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ വൈജ്ഞാനിക മാധ്യമങ്ങളുടെയും ഗ്രന്ഥങ്ങളുടെയും സ്വാധീനം പഠിതാക്കളിലും അവരുമായി ബന്ധമുള്ളവരിലും പരിമിതമാണ്.
വിജ്ഞാനത്തിന്‍റെ സ്വാധീനം പരിമിതമാണ്. കാരണം അത് ബുദ്ധിയുമായാണ് സംവദിക്കുന്നത്. എന്നാല്‍ സാഹിത്യം ഹൃദയത്തില്‍ സ്വാധീനം ചെലുത്തുകയും വികാരങ്ങളെ ഉദ്ദീപിക്കുകയും ചെയ്യുന്നു. അതിനാല്‍ അതിന്‍റെ സ്വാധീനവും ആഴമേറിയതാണ്. സാഹിത്യം പ്രത്യേകിച്ചും കഥകളും സംഭവങ്ങളും സമൂഹത്തിന്‍റെ ശിക്ഷണത്തിനുളള ക്രിയാത്മകമായ മാധ്യമമാണ്. ധാരാളം എഴുത്തുകാരും കലാകാരന്മാരും അത് പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മുസ്ലിംകളായ എഴുത്തുകാരും ഈ വിഷയത്തില്‍ കലാപരമായും ചിന്താപരമായും സാംസ്കാരികമായും പാശ്ചാത്യ എഴുത്തുകാരുടെ സ്വാധീന വലയത്തില്‍പ്പെട്ടു പോയിരിക്കുന്നു. ജീവിതത്തിലെ വിവിധ പ്രശ്നങ്ങളെ തെരഞ്ഞെടുക്കുന്നതിലും അവയെ കൈകാര്യം ചെയ്യുന്ന രീതികളിലും വരെ ഇത് പ്രകടമാണ്. ആധുനിക കഥാവികാസത്തിന്‍റെ ചരിത്രം അതാണ് നമുക്ക് മനസ്സിലാക്കിത്തരുന്നത്. കഥ പോലെ തന്നെ മനസ്സുകളെ സ്വാധീനിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു മാധ്യമമാണ് കവിത. എന്നാല്‍ ആധുനിക കവിതകളും പാശ്ചാത്യ കവിതകളുടെയും ചിന്താഗതികളുടെയും പ്രത്യേകിച്ചും സോഷ്യലിസ്റ്റ് ചിന്താഗതികളുടെയും സ്വാധീനവലയത്തില്‍ അകപ്പെട്ടിരിക്കുന്നു. തത്ഫലമായി കഥ-കവിത രചയിതാക്കള്‍ പലപ്പോഴും ഇസ്ലാമിക അന്തരീക്ഷത്തില്‍ അനിസ്ലാമിക സങ്കല്പങ്ങള്‍ പ്രചരിപ്പിക്കുകയും ചിലതെങ്കിലും ധാര്‍മ്മിക മൂല്യങ്ങളെയും ഇസ്ലാമിക അദ്ധ്യാപനങ്ങളെയും കടന്നാക്രമിക്കുകയും ചെയ്തു വരുന്നു. ഈ സാഹിത്യകാരന്മാരും, കലാകാരന്മാരും പാശ്ചാത്യ ജീവിത കലാസാഹിത്യ ശൈലിയില്‍ നിന്നും പല ചിന്തകളും സങ്കല്പങ്ങളും രൂപീകരിക്കുകയും അതാണ് അനുകരണീയ യോഗ്യമെന്ന് വിശ്വസിക്കുകയും ചെയ്തു. ചിലര്‍ അല്പം കൂടി കടന്ന് പൗരസ്ത്യ സമൂഹത്തെ വികലമായി ചിത്രീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തു.
വിജ്ഞാനം ചിന്തയെ രൂപീകരിക്കുന്നുവെങ്കില്‍ സാഹിത്യവും കലയും അവബോധത്തിലും പൊതു അഭിരുചിയിലും സ്വാധീനം ചെലുത്തുകയും മനുഷ്യനെയും അവന്‍റെ പ്രവര്‍ത്തനശൈലികളെയും ഒരു പ്രത്യേക ശൈലിയില്‍ ചിട്ടപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം പ്രേരണ, ആശങ്ക, സംശയം, ദൃഢബോധം എന്നിവയെ ഇളക്കിവിടുകയും അവന്‍റെ അവബോധത്തെ ഒന്നുകില്‍ വികസിപ്പിക്കുകയോ അല്ലെങ്കില്‍ മലീമസമാക്കുകയോ ചെയ്യുന്നു. ബൗദ്ധിക മൂല്യത്തെക്കാള്‍ ഒട്ടും കുറയാത്ത മൂല്യമാണ് കവിതയ്ക്കുമുള്ളത്.
ജീവിതസങ്കല്‍പ്പം രൂപീകരിക്കുന്നതിലും അഭിരുചി ഉണ്ടാക്കിയെടുക്കുന്നതിലും നന്മ-തിന്മകളെ വേര്‍തിരിക്കുന്നതിലും ഗുണവും ദോഷവും നിര്‍ണ്ണയിക്കുന്നതിലും സാഹിത്യത്തെക്കാള്‍ സങ്കീര്‍ണ്ണമായ ഒരു ദൗത്യമാണ് ആധുനിക കാലഘട്ടത്തില്‍ വാര്‍ത്താ മാധ്യമങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ സ്വാധീനം വിപുലമാണ്. പ്രത്യേകിച്ച് സാറ്റലൈറ്റ് നിയന്ത്രിത തത്സമയ സംപ്രേക്ഷണ സംവിധാനങ്ങളുടെ ആഗമനശേഷം. കാരണം, ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളോ ബൗദ്ധിക നിലവാരങ്ങളോ പ്രായഭേദങ്ങളോ അതിനെ ബന്ധിക്കുകയില്ല.
ഈ മാധ്യമങ്ങളുടെ സ്വാധീനം തിരിച്ചറിഞ്ഞ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ അതിന്‍റെ നിയന്ത്രണത്തിലേക്ക് തിരിഞ്ഞു. അങ്ങനെ മാധ്യമങ്ങളുടെ മുഴുവന്‍ വിഭാഗങ്ങളും ഭരണകൂടത്തിന്‍റെയും ആനുകൂലിക വ്യവസ്ഥകളുടെയും നിയന്ത്രണത്തില്‍ വന്നു. അതിന്‍റെ ഫലമായി ഈ രാജ്യങ്ങള്‍ സ്വതന്ത്രതാവാദത്തിന് പ്രേരകമാകുന്ന വാര്‍ത്തകള്‍ നല്‍കാനോ വിനോദ ആര്‍ഭാട വിഷയങ്ങള്‍ അധികരിപ്പിക്കുന്നതിനോ നഗ്നചിത്രങ്ങളും ഇക്കിളിപ്പെടുത്തുന്നവയും പ്രചരിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങളും ഭീകരസംഭവങ്ങളും ചിത്രീകരിക്കുന്നതിനും നിര്‍ബന്ധം ചെലുത്തി. എന്നാല്‍ സോഷ്യലിസ്റ്റേതര രാജ്യങ്ങളിലും മാധ്യമങ്ങള്‍ പ്രത്യേക ചിന്താഗതികളില്‍ ബന്ധിതമല്ല. എന്നാല്‍ സ്ഥാപിത താല്പര്യങ്ങള്‍ക്കും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും വേണ്ടി അവയെ ചൂഷണം ചെയ്യുന്നു. അവരുടെ മുഖ്യലക്ഷ്യം സാമ്പത്തിക നേട്ടവും അതിവേഗ പ്രചരണവുമാണ്. അതിനാല്‍ ഹൃദയങ്ങളെ സ്വാധീനിക്കുന്നതും മനസ്സുകളെ ആകര്‍ഷിക്കുന്നതുമായ വിഷയങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. അങ്ങനെ വാര്‍ത്താ മാധ്യമങ്ങള്‍ ചിന്താ ശൈഥില്യത്തിനും അശ്ലീല വ്യാപനത്തിനും സഹായകമായി തീര്‍ന്നു. പലപ്പോഴും സയണിസ്റ്റ് ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്ന വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വാര്‍ത്തകളാണ് സ്ഥലം പിടിക്കുന്നത്.
ഈ മാധ്യമങ്ങള്‍, ലേഖനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ നല്ലതും ചീത്തയും വേര്‍തിരിക്കാറില്ല. കാണാനോ, കേള്‍ക്കാനോ ഉചിതമാണോ എന്നതോ പ്രോഗ്രാമുകളുടെ പിന്നില്‍ ആരാണെന്നതോ അവര്‍ക്ക് പ്രശ്നമല്ല. പടിഞ്ഞാറന്‍ സംസ്കാരത്തെ ഉന്നത ജീവിതത്തിന്‍റെ മാതൃകയാക്കി അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. അതിന്‍റെ പ്രശോഭിത ചിത്രങ്ങള്‍ സമൂഹത്തിന്‍റെ മുമ്പില്‍ സമര്‍പ്പിക്കുന്നു. അവിടെ നടക്കുന്ന അനിഷ്ട സംഭവങ്ങളും മോശമായ സംഗതികളും സമൂഹത്തില്‍ നിന്ന് മറച്ചുവെയ്ക്കുന്നു. അത്തരം വാര്‍ത്തകള്‍ക്ക് അവര്‍ തീരെ പ്രാധാന്യം നല്‍കാറില്ല. ദുരന്തങ്ങള്‍, സംഘട്ടനങ്ങള്‍, ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നയിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍, തുടങ്ങിയ എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ അതിനെ വളരെ ചെറിയ വാര്‍ത്തയായിട്ടാണ് അവതരിപ്പിക്കുക. അത് നടക്കുന്നത് ഒരു ഇസ്ലാമിക സമൂഹത്തിലാണെങ്കില്‍ അതിനെ പര്‍വതീകരിച്ചുകാണിക്കുകയും ചെയ്യുന്നു. അതിന്‍റെ അവസാന ഉദാഹരണമാണ് പാശ്ചാത്യ മാധ്യമങ്ങള്‍ മലാലാ സംഭവത്തെ പര്‍വ്വതീകരിച്ചു കാണിച്ചപ്പോള്‍ അമേരിക്കയില്‍ നടന്ന സാന്‍ഡി കൊടുങ്കാറ്റും അതിന്‍ മൂലം ഉണ്ടായ നാശനഷ്ടങ്ങളും പത്രമൂലകളില്‍ ഒതുങ്ങിയത്. സുഡാനിലെ സംഭവങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാധ്യമങ്ങള്‍ ബര്‍മ്മയിലെ സംഭവവികാസങ്ങളെ അവഗണിക്കുന്നു. ഓങ്സാന്‍ സൂചിയെ മനുഷ്യാവകാശ പ്രവര്‍ത്തകയായി ചിത്രീകരിക്കുമ്പോള്‍ അവര്‍ പോലും അവിടെ നടക്കുന്ന മുസ്ലിം പീഢനത്തെ അപലപിച്ചുകാണുന്നില്ല. ടെലിവിഷന്‍, പത്രത്തെക്കാള്‍ സ്വാധീനവും പ്രചാരവുമുള്ള മാധ്യമമാണ്. എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് മാത്രമേ പത്രങ്ങള്‍ ഫലം ചെയ്യൂ. എന്നാല്‍ ടെലിവിഷന്‍ സകല മനുഷ്യരെയും സ്വാധീനിക്കുന്നുണ്ട്.
(റാബിത്വതുല്‍ അദബില്‍ ഇസ്ലാമി കേരളാഘടകം തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയിലെ പ്രധാന ഉസ്താദ്, മൗലാനാ സയ്യിദ് മുഹമ്മദ് വാദിഹ് റഷീദ് നദ് വി (ലഖ്നൗ) നല്‍കിയ സന്ദേശം)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment