Friday, February 1, 2019

അറിവിന്‍റെ ഗുരുസാഗരം: ഹാഫിസ് അബ്ദുല്‍ കരീം റഷാദി ഖാസിമി (റഹിമഹുല്ലാഹ്...) - മുഹമ്മദ് സുബൈര്‍ കൗസരി ചെറുവാടി


അറിവിന്‍റെ ഗുരുസാഗരം: 
ഹാഫിസ് അബ്ദുല്‍ കരീം റഷാദി ഖാസിമി (റഹിമഹുല്ലാഹ്...) 
- മുഹമ്മദ് സുബൈര്‍ കൗസരി ചെറുവാടി 
https://swahabainfo.blogspot.com/2019/02/blog-post.html?spref=tw 

ഞങ്ങളുടെ പ്രിയ ഗുരുനാഥൻ അൽ ഹാഫിസ് അബ്‌ദുൽ കരീം മൗലാന 2019 ജനുവരി 16 ബുധനാഴ്ചതിരുസന്നിധിയിലേക്ക് യാത്രയായി. മുസ്‌ലിം ഉമ്മത്തിന്റെ നഷ്ടമാണ് മൗലാനയുടെ വിയോഗം. അക്ഷരാർത്ഥത്തിൽ നികത്താനാവാത്ത വിടവ്. ഏറ്റവും അനുയോജ്യനായ പകരക്കാരനെ തരണേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ മാത്രമേ നമുക്ക് കഴിയൂ. 
സന്മാർഗചാരികൾക്ക് ഒരു പാഠപുസ്തകമായിരുന്നു ഉസ്താദിന്റെ ജീവിതം. ഞങ്ങൾ വിദ്യാർത്ഥികൾ കൗതുകപൂർവം നിരീക്ഷിച്ചുകൊണ്ടേയിരുന്ന ഒരു മഹാവ്യക്തിത്വം. ക്ലാസ് മുറിയിലെ ഗൗരവക്കാരനായ ഉസ്താദ്, ക്ലാസിനു പുറത്ത് ഞങ്ങളുടെ പ്രിയ സുഹൃത്തായിരുന്നു. വിദ്യാർത്ഥികളുടെ കൂടിച്ചേരലുകളിലൊക്കെ കൂട്ടത്തിലൊരാളെപ്പോലെ കടന്നെത്തി ആ മഹാമനീഷി. ഒടുക്കം അദ്ദേഹത്തിന്റെ രോഗകാലത്ത്, ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്നു കരുതി ഞങ്ങളുടെ ഒത്തുചേരലുകൾ ഉസ്താദിനെ അറിയിക്കാതിരുന്നു. എങ്ങനെയെങ്കിലും അറിഞ്ഞാൽ, രോഗം അവഗണിച്ചെത്തുന്ന ഉസ്താദിന്റെ വരവ് ഞങ്ങളെ അത്ഭുതപ്പെടുത്തി; അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ഒട്ടൊരാശങ്കയും. എന്നെ വിസ്മയിപ്പിച്ച ഒരനുഭവം ഇവിടെ പങ്കുവെക്കട്ടെ. ജേഷ്ഠന്റെ മകളുടെ കല്യാണം അടുത്തപ്പോൾ പ്രാർത്ഥിക്കണമെന്ന് മാത്രം ഉസ്താദിനോട് ആവശ്യപ്പെട്ടു. കടുത്ത രോഗാവസ്ഥയിലും വടക്കുനടന്ന കല്യാണത്തിന് തെക്കുനിന്ന് അപ്രതീക്ഷിതമായി യാത്ര ചെയ്തെത്തിയ ഉസ്താദ് നിക്കാഹിന് കാർമികത്വം വരെ വഹിച്ച് ഞങ്ങളെ ശരിക്കും അമ്പരപ്പിച്ചു.
പതിനൊന്നു വർഷമായി കരളിൽ ക്യാൻസർ ബാധയുമായി കഴിയുകയായിരുന്നു ഉസ്താദ്. ഇന്ന് ആ വിവരം പങ്കുവെച്ചപ്പോൾ കരളിൽ ക്യാൻസർ ബാധിച്ച ഒരാൾ ഇത്രയും വർഷം ജീവിച്ചിരിന്നുവോ എന്ന് ആശ്ചര്യപ്പെട്ടു, എന്റെ സുഹൃത്ത് ഡോ. അബ്ദുറസാഖ് പൊയിൽ! അവസാന ഘട്ടം എന്ന് ഡോക്ടർമാർ വിധിയെഴുതിയതിനു ശേഷവും ഒരു വർഷം കൂടി ജീവിച്ചു ഉസ്താദ്. പത്തുദിവസം മുൻപ്, ‘ഇനി വീട്ടിലേക്കു കൊണ്ടുപോയ്‌ക്കോളൂ’ എന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് തമിഴ്‌നാട്ടിലെ പ്രസിദ്ധമായ വെല്ലൂരെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ ഉസ്താദിനെ അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി വെന്റിലേറ്റർ അഴിച്ചുമാറ്റി കാറിൽ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. എങ്കിൽ, കാറിനു പിന്നിൽ സർവസന്നാഹങ്ങളുമായി ഒരു ആംബുലൻസ് കൂടി ഉണ്ടാകണമെന്നായി ഡോക്ടർമാർ. ആ നിർദ്ദേശവും ഉസ്താദ് സ്നേഹപൂർവ്വം നിരസിച്ചു. ആലുവയിലേക്കുള്ള ഏഴു മണിക്കൂറിലധികം നീണ്ടുനിന്ന ആ യാത്രയിലുടനീളം കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ കടുത്ത ആശങ്കയിലായിരുന്നു. എന്നാൽ, വിശ്വാസത്തിന്റെ തീക്ഷ്‌ണത പ്രകാശ നിർഭരമാക്കിയ ആ മുഖം പ്രശോഭിതമായി നിലകൊണ്ടു.  

ഭാഗ്യവാനായ ഒരു ജ്ഞാനഗുരു 

സാമാന്യമായ ഒരു ധൈര്യം ആജീവനാന്തം ഉസ്താദിൽ നിലനിന്നുകണ്ടു. അല്ലാഹുവല്ലാത്ത ഒന്നിനോടുമുള്ള ഭയമില്ലായ്മയായിരുന്നു അതിന് പ്രേരകമായത് എന്ന് ഉസ്താദിനെ അടുത്തറിയുന്ന ഞങ്ങൾക്ക് അറിയാം. സൃഷ്ടികൾക്കു മുന്നിൽ തലകുനിച്ച അനുഭവം ഉസ്താദിന്റെ ജീവിതത്തിലില്ല. സ്വാധീനഫലമായി നിലപാടുകളിൽ വെള്ളം ചേർത്ത ചരിത്രവുമില്ല. ഈമാനിക ചൈതന്യത്താൽ തല ഉയർത്തി മാത്രം ജീവിച്ച ഉസ്താദ്, ഞങ്ങൾ ശിഷ്യരെയൊക്കെയും അങ്ങനെ ജീവിക്കാൻ പ്രചോദിപ്പിച്ചു. ആത്മാഭിമാനമുള്ള പണ്ഡിത ഗണം ശിഷ്യന്മാരായുണ്ട് എന്ന സ്വകാര്യ സന്തോഷത്തോടെയാവണം ആ വിശുദ്ധ ജീവിതത്തിന് തിരശ്ശീല വീണത്. 
മുതിർന്ന വിദ്യാർത്ഥികൾക്ക് പ്രമുഖ ഹദീസ് ഗ്രന്ഥമായ ബുഖാരിയുടെ ക്ലാസ് എടുക്കുന്ന അതേ ഗൗരവത്തോടെ തന്നെ ആദ്യവർഷ വിദ്യാർത്ഥികൾക്ക് പ്രാഥമിക പാഠങ്ങളുമെടുക്കുന്ന ഉസ്താദിന്റെ അർപ്പണബോധം അന്യാദൃശമായിരുന്നു. കുട്ടികളുടെ സമയം തന്റെ മേലുള്ള അമാനത്ത് ആയി കണ്ടു മഹാജ്ഞാനിയായ ആ ഗുരു. നിരവധി ചുമതലകൾ വഹിച്ചിരുന്നെങ്കിലും പാഠഭാഗങ്ങൾ തീർക്കുന്നതിൽ അതൊന്നും ഉസ്താദിന് തടസ്സമായില്ല. പാഠഭാഗങ്ങൾക്കപ്പുറം തന്റെ വിദ്യാർത്ഥികളുടെ തർബിയത്തും തസ്‌ക്കിയത്തും സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്തു. സ്‌നേഹപൂർവമായ തിരുത്തലുകൾ കൊണ്ട് വിദ്യാർത്ഥികളിൽ ജീവിത വിശുദ്ധിയുടെ കരുതലായി ആ മഹാനുഭാവൻ. കൗസരികൾ, കശ്ശാഫികൾ, നജ് മികൾ, ഹസനികൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ പണ്ഡിതന്മാരുടെ വലിയ ശൃംഖല ഉസ്താദിന്റെ ശിഷ്യരും അവരുടെ ശിഷ്യരുമായി കേരളത്തിലുടനീളവും വിദേശത്തുമായി  ഇസ്‌ലാമിന് സേവനം ചെയ്യുന്നുണ്ട്. സബീലുർ റഷാദിൽ നിന്ന് ദാറുൽ ഉലൂം ദയൂബന്ദിലേക്കു നീളുന്ന പണ്ഡിത ശൃംഖലയുടെ ഭാഗ്യവാനായ ജ്ഞാനഗുരുവാണ് പ്രിയപ്പെട്ട അബ്‌ദുൽ കരീം ഉസ്താദ്.   

നേർരേഖ പോലെ മൗലാന

ഒരു നേർരേഖ പോലെയായിരുന്നു മൗലാന. വിശുദ്ധിയുടെ ആൾരൂപം. നിസ്വാർത്ഥനും നിഷ്കളങ്കനും എന്ന് ഒറ്റവാക്കിൽ അദ്ദേഹത്തെ വർണ്ണിക്കാം. കുതന്ത്രമോ കുടിലതന്ത്രമോ ഒട്ടുമേ വശമില്ലാത്ത വ്യക്തിത്വം. 'മറ്റുള്ളവരുടെ ചതിയിൽപെട്ടുപോകാവുന്ന ഒരു മാന്യനായിരിക്കും സത്യവിശ്വാസി' എന്ന നിർവചനത്തിന് യോഗ്യൻ; ഭൗതികമായ മാനദണ്ഡങ്ങൾ പ്രകാരം അതൊരു അയോഗ്യതയാണെങ്കിൽ പോലും! അങ്ങേയറ്റം നിഷ്കളങ്കനായിരുന്നു എന്നതുകൊണ്ട് തന്നെ സാമ്പത്തികകാര്യങ്ങളിലും മറ്റും ചിലരെങ്കിലും ഉസ്താദിനെ ചതിയിൽ വീഴിക്കാൻ ശ്രമിച്ചിട്ടുണ്ട് എങ്കിലും, അല്ലാഹുവിന്റെ അപാരമായ സംരക്ഷണ വലയം ആത്മജ്ഞാനിയായ ആ മഹാവ്യക്തിത്വത്തെ വലയം ചെയ്തുനിന്ന അനുഭവങ്ങൾ, ഉസ്താദിനെ അടുത്തറിയുന്ന വിദ്യാർത്ഥികളിൽ ഒരാൾ എന്ന നിലക്ക് എനിക്കറിയാം. 

ഉന്നതനായ ഗുണകാംക്ഷി

സാമൂഹിക ഐക്യത്തിനുവേണ്ടി നിലകൊണ്ട ഉസ്താദ്, മുസ്‌ലിം സമൂഹത്തിന്റെ ഉന്നതിക്കും ശാക്തീകരണത്തിനും വേണ്ടി പരിശ്രമിക്കുന്ന എല്ലാ വിഭാഗങ്ങളെയും ആകാംക്ഷയോടെ വീക്ഷിക്കുകയും, പിന്തുണക്കുകയും, ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു എന്ന്‌ അദ്ദേഹവുമായി ഇടപഴകിയവർക്ക് ബോധ്യമായിട്ടുണ്ട്. ഉമ്മത്തിന്റെ ഉന്നമനത്തിനായി അഹോരാത്രം സമയം ചെലവഴിക്കാനും അനാരോഗ്യം അവഗണിച്ചു യാത്രകൾ ചെയ്യാനും ഉസ്താദ് ശ്രദ്ധിച്ചു. ദുനിയാവിൽ അല്ലാഹുവിന്റ ദീനിന്റെ മാർഗത്തിൽ വിശ്രമരഹിതമായ ജീവിതം നയിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദ്, ഇന്ന് മാലാഖമാരുടെ അതിഥിയായി അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. സ്വർഗ്ഗത്തിന്റെ സുഖലോലുപതയിൽ ഇനി ഉസ്താദ് വിശ്രമിക്കട്ടെ. നമുക്ക് പ്രാർത്ഥിക്കാം. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...