Saturday, February 9, 2019

കാഞ്ഞാര്‍ : ഞങ്ങളുടെ സുന്ദര ഗ്രാമം.!


കാഞ്ഞാര്‍ : ഞങ്ങളുടെ സുന്ദര ഗ്രാമം.! 
https://swahabainfo.blogspot.com/2019/02/blog-post_9.html?spref=tw
ഒരു കാലത്ത് കാഞ്ഞാര്‍ പുഴയിലെ വെള്ളം വേനല്‍ക്കാലത്ത് വറ്റി, ഉള്ള വെള്ളം ചൂടായിക്കിടക്കുമായിരുന്നു. അതുകൊണ്ട് കാഞ്ഞ-ആറ് ലോപിച്ച് കാഞ്ഞാര്‍ ആയി എന്നാണ് ഐതിഹ്യം. ഈ പ്രദേശത്തിന് കീറ്റില എന്നും പേരുണ്ട്. താഴ്വര ആയത് കൊണ്ട് പ്രദേശത്ത് വാഴയിലകള്‍ കാറ്റടിച്ച് എപ്പോഴും കീറി കാണപ്പെടുമായിരുന്നു. അങ്ങനെ കീറ്റില എന്നും പേരുണ്ടായി എന്നാണ് വാമൊഴി. 
പുരാതന കാലഘട്ടത്തില്‍ നമ്പൂതിരി കുടുംബങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത്. വ്യാപാര പ്രമുഖരായിരുന്നു ഇവര്‍. ഏതാണ്ട് 300 വര്‍ഷം മുമ്പ് ഈ പ്രദേശങ്ങളില്‍ പടര്‍ന്ന് പിടിച്ച പ്ലേഗ് രോഗം പല കുടുംബങ്ങളെയും നാമാവശേഷമാക്കി. ഇന്നും ഈ പ്രദേശങ്ങളിലെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നീക്കുമ്പോള്‍ പല സ്ഥലങ്ങളും നന്നങ്ങാടികള്‍ കാണാറുണ്ട്. 
ഇന്ന് കാഞ്ഞാറില്‍ കാണുന്ന തൊടുപുഴ-മൂലമറ്റം റോഡ് കാഞ്ഞാറില്‍ അവസാനിച്ചിരുന്നു. ഇവിടുന്നങ്ങോട്ട് പല കൈവഴികളായി മണ്‍റോഡുകള്‍ മാത്രമായിരുന്നു ജനങ്ങളുടെ സഞ്ചാരമാര്‍ഗ്ഗം. വര്‍ഷ കാലത്ത് കാഞ്ഞാര്‍ പുഴ രൗദ്രഭാവത്തില്‍ കവിഞ്ഞ് ഒഴുകുമായിരുന്നു. ഇരു കരകളെയും ബന്ധിപ്പിക്കാന്‍ വള്ളങ്ങളായിരുന്നു ആശ്രയം. പിന്നീട് പല പ്രദേശങ്ങളില്‍ നിന്നും കാഞ്ഞാറിലേക്ക് കൂടുതല്‍ ആളുകള്‍ കുടിയേറിപ്പാര്‍ത്തു. പ്രധാനമായും സാമ്പത്തികമായി തകര്‍ന്ന തമിഴ്നാട്ടിലെ തടിവ്യാപാരികള്‍ വായ്പൂരില്‍ എത്തുകയും അവിടെ നിന്നും കാഞ്ഞാറിലേക്ക് എത്തിച്ചേര്‍ന്നു എന്നും പറയപ്പെടുന്നു. കാഞ്ഞാറിലെ ഭൂരിപക്ഷം മുസ്ലിം കുടുംബങ്ങളുടെയും പിതാമഹന്മാര്‍ ഈ രീതിയില്‍ ഇവിടെ എത്തിച്ചേര്‍ന്നവരാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാഞ്ഞാര്‍ മലഞ്ചരക്കിന്‍റെയും സുഗന്ധ ദ്രവ്യങ്ങളുടെയും വില്‍പന കേന്ദ്രമായിരുന്നു. കാഞ്ഞാറിലെ കാളച്ചന്ത പേര് കേട്ടതാണ്. 
കാഞ്ഞാര്‍ റോഡിന്‍റെ ഇരു ഭാഗത്തും നിറയെ കച്ചവട സ്ഥാപനവും ഇന്ന് വിജിലന്‍റ് വോളിബോള്‍ കോര്‍ട്ടും പഞ്ചായത്ത് ഓഫീസുമൊക്കെ സ്ഥിതി ചെയ്യുന്ന സ്ഥലം കാഞ്ഞാര്‍ ചന്തയുടെ ഭാഗമായിരുന്നു. കാഞ്ഞാറില്‍ ശേഖരിക്കുന്ന കച്ചവട വിഭവങ്ങള്‍ കാല്‍നടയായി ആദ്യവും പിന്നീട് കാളവണ്ടിയിലും പ്രധാന വ്യാപാര കേന്ദ്രങ്ങളായ തൊടുപുഴയിലും മുവാറ്റുപുഴയിലും എത്തിച്ച് കച്ചവടം നടത്തുമായിരുന്നു. 
മുവാറ്റുപുഴ വാലി ഇറിഗേഷന് വേണ്ടിയുള്ള സ്ഥലമെടുപ്പ് ഫലഭൂയിഷ്ഠമായ കാഞ്ഞാറിന്‍റെ മണ്ണ് മാത്രല്ല, അധ്വാനശേഷി മാത്രം കൈമുതലുള്ള കാഞ്ഞാറിലെ ഭൂരിഭാഗം താമസക്കാരെയും നിത്യകണ്ണീരിലാഴ്ത്തി. ലഭിച്ച തുച്ഛമായ തുക കൊണ്ട് പുതിയ സ്ഥലത്തേക്കുള്ള പറിച്ചുനടല്‍ കാഞ്ഞാറിന്‍റെ പ്രൗഢി നഷ്ടപ്പെടാന്‍ കാരണമായി. കാഞ്ഞാറിന്‍റെ പഴയ റോഡിന്‍റെ പ്രൗഢിയും കാഞ്ഞാര്‍ വിജിലന്‍റ് കോര്‍ട്ടും ചന്തയുമെല്ലാം ഇടുക്കി അണക്കെട്ടിലെ വെള്ളം വിഴുങ്ങി. 
കുടയത്തൂര്‍, അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമാണ് കാഞ്ഞാര്‍. പക്ഷെ, വികസനത്തിന്‍റെ കാര്യത്തില്‍ ഈ മൂന്ന് പഞ്ചായത്തുകളുടെയും ശ്രദ്ധ കാഞ്ഞാറില്‍ കേന്ദ്രീകരിക്കുന്നില്ല. അതുകൊണ്ട് വികസനം മുരടിച്ച പട്ടണമായി കാഞ്ഞാര്‍ മാറിയിട്ടുണ്ട്. 
ചെറുകിട-ഇടത്തരം കര്‍ഷകരും ചെറിയ തൊഴില്‍ ചെയ്തും കാലിവളര്‍ത്തലും കച്ചവടവുമായി കഴിയുന്ന ശുദ്ധഗതിക്കാരാണ് ഈ നാടിന്‍റെ സമ്പത്ത്. ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ ഒരു വേര്‍തിരിവില്ല. രാഷ്ട്രീയ അതിപ്രസരത്തിന്‍റെയോ മത ചിന്താഗതികളുടെയോ പേരില്‍ ഒരു സംഘര്‍ഷം നടന്നതായി കേട്ടുകേഴ്വി പോലുമില്ല. 
ഭൂമി ശാസ്ത്രപരമായ സാഹചര്യങ്ങളും ഗതകാല ചരിത്രവും പരിശോധിച്ചാല്‍ കാഞ്ഞാറിനുമുണ്ട് അഭിമാനിക്കാവുന്ന ഒരു പശ്ചാത്തലം. വടക്കും തെക്കുമായി ഉയര്‍ന്ന് നില്‍ക്കുന്ന രണ്ട് മലനിരകള്‍. തെക്ക് ഭാഗത്തെ മലനിരയായ ഇലവീഴാപൂഞ്ചിറ, ഇന്ന് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. രണ്ട് മലനിരകള്‍ക്കും ഇടയില്‍ കൂടി ഒരു പുഴ ഒഴുകിയിരുന്നു. അറക്കുളം പഞ്ചായത്തിലെ ഒരുപ്പൂണി എന്ന സ്ഥലത്ത് നിന്നും ആരംഭിച്ച് ആദ്യം തൊടുപുഴ നദിയായും പിന്നീട് മുവാറ്റുപുഴ നദിയായും ശേഷം പിറവം, കുമരകം ഭാഗങ്ങളിലൂടെ കടന്ന് അത് വേമ്പനാട്ട് കായലില്‍ അവസാനിക്കുന്നു. 
മലങ്കരയില്‍ ഡാം പൂര്‍ത്തിയായതോടെ കാഞ്ഞാറില്‍ ഉണ്ടായിരുന്ന പുഴ അപ്രത്യക്ഷമായി. തല്‍സ്ഥാനത്ത് വിശാലമായ ഒരു തടാകമുണ്ടായി. എല്ലാ ജലാശയങ്ങളും വേനല്‍ കടുക്കുമ്പോള്‍ വറ്റിവരളും. എന്നാല്‍, മലങ്കര ജലാശയം വേനലില്‍ നിറഞ്ഞുതുളുമ്പി നില്‍ക്കും. കാരണം മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് വൈദ്യുതി ഉല്‍പാദനത്തിന് ശേഷെ പുറത്ത് വരുന്നതാണ് ഇവിടുത്തെ ജലസമ്പത്ത്. 
കാഞ്ഞാറിന്‍റെ പ്രതാപത്തിന് ഇന്നും ഒരു കോട്ടവും തട്ടാതെ നിലനില്‍ക്കുന്നതാണ് ഇവിടുത്തെ വിജിലന്‍റ് വോളിബോള്‍ ക്ലബ്ബും ഗ്രൗണ്ടും. ഇടുക്കി ജില്ലയിലെ വോളിബോളിന്‍റെ ഈറ്റില്ലമെന്ന് കാഞ്ഞാറിനെ വിശേഷിപ്പിക്കാം. ഇപ്പോള്‍ ശയ്യാവലംബനായ കെ.ജി. സാര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കെ.ജി. ഗോപാലകൃഷ്ണന്‍ സാറിന്‍റെ ശിക്ഷണത്തില്‍ നിരവധി യുവാക്കള്‍ വോളിബോള്‍ രംഗത്ത് വളര്‍ന്ന് വന്നു. അവരില്‍ പലരും രാജ്യത്തിന്‍റെ പലഭാഗത്തുമായി വിന്യസിക്കപ്പെട്ടിരിക്കുന്നു. ചിലര്‍ വിദേശത്തുമുണ്ട്. 
സാംസ്കാരികവും കായികവുമായ വിനോദത്തിനുപരിയായി ഇവിടത്തുകാര്‍ക്ക് അല്‍പം വിനോദം പകരാന്‍ ഒരു സിനിമ കൊട്ടക ഉണ്ടായിരുന്നു. ടെലിവിഷന്‍റെ കടന്നുകയറ്റത്തില്‍ അതും ഇല്ലാതായി. ഒരു പ്രദേശത്തിന്‍റെ സാംസ്കാരിക പാരമ്പര്യത്തെ സൂചിപ്പിക്കുന്നത് അവിടുത്തെ ഗ്രന്ഥശാലകളും വിദ്യാലയങ്ങളുമാണ്. കാഞ്ഞാറില്‍ ഒരു വിദ്യാഭ്യസ സ്ഥാപനം ഇല്ല. ഈ വിടവ് നികത്താന്‍ 70 വര്‍ഷം പിന്നിട്ട കാഞ്ഞാര്‍ പബ്ലിക് ലൈബ്രറി നിലകൊള്ളുന്നു. 
വിനോദ സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങളില്‍ പ്രധാനം അവരുടെ വാഹനങ്ങള്‍ സൗകര്യപ്രദമായി പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമാണ്. കൂടാതെ തങ്ങള്‍ക്കാവശ്യമുള്ള ഭക്ഷണം യഥേഷ്ടം ലഭിക്കാനുള്ള സാഹചര്യവും. 
ദൈനംദിന ജീവിതത്തിലെ തിരക്കില്‍ നിന്ന് വല്ലപ്പോഴുമൊക്കെ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ഒറ്റക്കോ കുറെ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ സമൂഹത്തില്‍ അധികവും. ഈ സാഹചര്യം നമുക്ക് അനുകൂലമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ചിന്തിക്കേണ്ടത്. വാഗമണ്ണിലേക്കോ തേക്കടിയിലേക്കോ പോകുന്ന വിനോദ സഞ്ചാരികള്‍ക്കുള്ള ഒരു ഇടത്താവളമായി കാഞ്ഞാര്‍ മാറണം. അതോടൊപ്പം മഹാ സമ്മേളനങ്ങള്‍ നടത്താനുള്ള ഒരു വേദിയായും മാറണം കാഞ്ഞാറും പരിസരങ്ങളും. 
ജലവിഭവ വകുപ്പ് സന്മനസ്സ് കാണിച്ചാല്‍ ബ്ലോക്ക് തലത്തിലോ ജില്ലാ തലത്തിലോ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങള്‍ക്കുള്ള ഒരു സ്ഥലം കാഞ്ഞാറില്‍ ഉണ്ടാക്കിയെടുക്കാം. വനംവകുപ്പ് സഹകരിച്ചാല്‍ പരിസ്ഥിതി സംരക്ഷണ പഠനത്തിനൊരു വേദിയും ക്രമീകരിക്കാം. എല്ലാത്തിനുമുപരി സിനിമാ നിര്‍മ്മാതാക്കളുടെ ഇഷ്ട സ്ഥലവുമാണിവിടം. എല്ലാത്തിനും വേണ്ടത് രാഷ്ട്രീയ-സാമൂഹിക ഇച്ഛാശക്തിയാണ്. 
രണ്ടാമത്തെ പ്രധാന സാധ്യത കാഞ്ഞാര്‍ ടൗണിന് കിഴക്ക് വശത്ത് വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിന് വടക്ക് വശത്ത് ഭാഗികമായി വെള്ളം കയറുന്ന മൂന്നേക്കറോളം സ്ഥലമാണ്. ഇവിടെ പൂര്‍ണ്ണമായി വൃത്തിയാക്കി വിവിധ പ്രായക്കാര്‍ക്ക് കുളിക്കാനുള്ള സ്നാനഘട്ടം ഉണ്ടാക്കണം. 
കാഞ്ഞാറിനും സമീപത്തുമായി പൊതു സ്റ്റേഡിയം ഇല്ല. എന്നാല്‍ പഞ്ചായത്ത് ഓഫീസിന്‍റെ പടിഞ്ഞാറുഭാഗത്തായി ജലവിഭവ വകുപ്പിന്‍റെ ഭാഗികമായി വെള്ളം കയറുന്ന കുറേ സ്ഥലമുണ്ട്. ഈ സ്ഥലത്തിന്‍റെ വടക്ക് ഭാഗത്ത് നിന്നും കുറെ മണ്ണ് കോരിയെടുത്ത് ആവശ്യമായ സ്ഥലത്ത് മണ്ണ് നിക്ഷേപിച്ച് ഉയര്‍ത്തിയെടുത്താല്‍ പ്രദേശത്തിന് അനുയോജ്യമായ ഒരു സ്റ്റേഡിയം ഉണ്ടാക്കാവുന്നതാണ്. മണ്ണ് കോരിയെടുക്കുന്ന സ്ഥലം നീന്തല്‍ പരിശീലനത്തിനുള്ള പ്രകൃതിദത്ത സ്വിമ്മിംങ് പൂളായും പ്രയോജനപ്പെടുത്താവുന്നതാണ്. ഇത്തരത്തിലൊരു പദ്ധതി നടപ്പായാല്‍ കാഞ്ഞാറിന്‍റെ മുഖച്ഛായ തന്നെ മാറ്റപ്പെടും. 
പൗരാണിക കാഞ്ഞാറിനെ പുനര്‍ജീവിപ്പിക്കുന്നതിനായി, പഞ്ചായത്ത് ഓഫീസിന്‍റെ വടക്ക് ഭാഗത്ത് ലക്ഷംവീടിനോടടുത്തുള്ള ഉദ്ദേശം ഒരു ഏക്കര്‍ സ്ഥലം അനുയോജ്യമായ വിധത്തില്‍ 100 വര്‍ഷത്തിന് മുമ്പുള്ള ഒരു കേരളീയ ഗ്രാമം ക്രമീകരിക്കണം. പഴയ കാല ഓലമേഞ്ഞ കെട്ടിടങ്ങളും, തൊട്ടിയും കയറുമുപയോഗിച്ച് വെള്ളം കോരുന്ന കിണറും, വെള്ളം കോരി കൃഷി നനയ്ക്കാനുപയോഗിച്ചിരുന്ന തുലാമും തേക്കുകൊട്ടയുമെല്ലാം സാരമായ സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ ഇവിടെ ക്രമീകരിക്കാവുന്നതാണ്. ഇത്തരം ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ പറ്റുന്ന ഒരു സ്ഥലമായി കാഞ്ഞാറിനെ മാറ്റിയെടുക്കാം. അതിലൂടെ തലമുറകളുടെ വിടവ് ഒരു പരിധിവരെ നികത്താനാവും. 
തയ്യാറാക്കിയത്: 
പി.പി. ഖാസിം മൗലവി കാഞ്ഞാര്‍ 
ശശി ബി. മറ്റം കാഞ്ഞാര്‍ 
കാഞ്ഞാറില്‍ ജനിച്ച് വളര്‍ന്ന് ലോകം മുഴുവന്‍ അറിയപ്പെട്ട അനേകായിരങ്ങളുടെ സന്മാര്‍ഗ്ഗത്തിന് കാരണക്കാരന്‍ കാഞ്ഞാര്‍ മൂസാ മൗലാനാ (റഹ്) യെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
http://swahabainfo.blogspot.com/2018/05/blog-post71.html?spref=tw
ആശംസകളോടെ, 
ഇബ്നു സൈദ് മുഹമ്മദ് 
ലബ്ബവീട്ടില്‍, കാഞ്ഞാര്‍. ഇടുക്കി. 685590  
+91 9961955826 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...