പ്രവാചക ചരിതങ്ങളുടെ സഹചാരി:
-അല്ലാമാ സയ്യിദ് അബുല്‍ ഹസന് അലി നദ് വി
https://swahabainfo.blogspot.com/2019/12/blog-post_97.html?spref=tw
ഖസസുന്നബിയ്യീന്‍' എന്ന രചനയുടെ മിക്ക ഭാഗങ്ങളും യാത്രാ വേളകളിലാണ് എഴുതപ്പെട്ടത്. നിസാമുദ്ദീനിലേക്കുള്ള ട്രെയിന്‍ യാത്ര, നിസാമുദ്ദീനിലെ ബംഗ്ലാവാലി മസ്ജിദ്, ജമാഅത്തുമായി തമ്പടിക്കുന്ന വിവിധ മസ്ജിദുകള്‍, ബസ് സ്റ്റോപ്പുകള്‍ മുതലായ ഇടങ്ങളില്‍ നിന്നുമാണ് ഈ രചന പിറവികൊണ്ടത്.
-മൗലാനാ അബുല്‍ ഹസന് അലി നദ് വി
മൗലാനാ അവര്‍കളുടെ അമൂല്യ രചനങ്ങളില്‍ ഒന്നാണ് ഖസസുന്നബിയ്യീന്‍. മാനവ ചരിത്രത്തിന്റെ ദിശാ സന്ധികളില്‍ ലോകത്ത് സത്യത്തിന്റെ സൂര്യന്മാരായി സേവനമനുഷ്ടിച്ച മഹത്തുക്കളുടെ മഹച്ചരിതത്തിന്റെ മുഖ്യഭാഗങ്ങള്‍ അതി വിദഗ്ധമായി ഇതില്‍ അനാവരണം ചെയ്തിരിക്കുന്നു. മൗലാനാ അവര്‍കള്‍ രചനാ ശൈലിയിലൂടെ സഞ്ചരിച്ച വഴി, വിദ്യാര്‍ത്ഥി വൃന്ദത്തിന്റെ മനഃശാത്രത്തോടു ശരിക്കും ബന്ധപ്പെട്ടിരിക്കുന്നു. ഖസസുന്നബിയ്യീന്‍ ഒന്നാം ഭാഗം ഇബ്റാഹീം നബി (അ) യുടെ ജീവിതം ഇതിവൃത്തമായുള്ളതാണ്. വിജ്ഞാന കുതുകികളും കഥാപ്രേമികളുമായ പഠിതാക്കളുടെ അരികിലിരുന്ന് ഒരു കഥ പറച്ചിലിന്റെ കാവ്യഭാവത്തോടെ 'പണ്ടൊരിക്കല്‍' എന്ന് തുടങ്ങി സംഭവത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് പിച്ച വെക്കുന്ന മൗലാനാ അവര്‍കളുടെ സരസത എത്രയോ സുന്ദരമാണ്.! തൗഹീദിന്റെ നായകന് ഇബ്റാഹീം ഖലീലുല്ലാഹി (അ) യുടെ കഥയുടെ രത്ന ചുരുക്കം. 'വളരെ നാളുകള്‍ക്ക് മുമ്പ് ആസര്‍ എന്നു പേരുള്ള ഒരു വിഗ്രഹക്കച്ചവടക്കാരന്‍ ഒരു ഗ്രാമത്തില്‍ വസിച്ചിരുന്നു. യഥേഷ്ടം വിഗ്രഹങ്ങള്‍ ആ ഗ്രാമത്തിലും അയാളുടെ വീട്ടിലും ഉണ്ടായിരുന്നു. ആസറും കൂട്ടരും അവയുടെ ആരാധകരായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഇബ്റാഹീം എന്ന മകന് സന്മാര്ഗിയും, കാര്യബോധമുള്ളവനുമായിരുന്നു. ഒരു ഈച്ചയെപ്പോലും ആട്ടി അകറ്റാന്‍ കഴിയാത്ത വിഗ്രഹങ്ങളെ ആരാധിക്കു ന്ന ജനതയില്‍ അദ്ദേഹത്തിന് അമര്‍ഷം തോന്നി. പിതാവിനോട് പലപ്പോഴും ഇതേപ്പറ്റി സംവാദത്തില്‍ ഏര്‍പ്പെട്ടെങ്കിലും ഫലം കാണാതെ നിരാശനായ ഇബ്റാഹീം നബി (അ) വിഗ്രഹങ്ങളെ തകര്‍ക്കാന്‍ തീരുമാനിച്ചുറച്ചു. അങ്ങനെയിരിക്കെ അവിടെ ഉല്‍സവ ദിവസം ആഗതമായി. രോഗിയായി നടിച്ച ഇബ്റാഹീം നബി (അ) വീട്ടില്‍ തനിച്ചായി. കയ്യില്‍ കരുതിയിരുന്ന മഴുവിനാല്‍ വിഗ്രഹങ്ങളെ തച്ചുടച്ച് അതില്‍ വലിയ വിഗ്രഹത്തിന്റെ കഴുത്തില്‍ മഴുചാര്ത്തി. ഇതറിഞ്ഞ് ജനങ്ങള്‍ ഇളകിവശായി ആ 'ദുഷ്കൃത്യ' ത്തിന് പിന്നില്‍ ഇബ്റാഹീം നബി (അ) യുടെ കരങ്ങളെ അവര്‍ കണ്ടെത്തി. ജനങ്ങള്‍ ഇബ്റാഹീം നബി (അ) ക്ക് ശിക്ഷ തീരുമാനിച്ചു. വലിയൊരു തീകുണ്ഠം നിര്‍മ്മിച്ച് അതിലേക്ക് ഇബ്റാഹീം നബി (അ) നെ എടുത്തെറിയപ്പെട്ടു. അല്ലാഹുവിന്റെ കൃപയാല്‍ ഒരു രോമകൂപം പോലും കരിയാതെ ഇബ്റാഹീം നബി (അ) രക്ഷപ്രാപിച്ചു. ഇതെല്ലാം കണ്ടിട്ടും സത്യം തിരിച്ചറിയാതെ ദിശാബോധം നഷ്ടപ്പെട്ട ജനതയെ ആകാശഭാഗത്തുള്ള സൂര്യ-ചന്ദ്ര-നക്ഷത്രാദികളെ കാണിച്ച് അദ്ദേഹം ചിന്താകുലരാക്കി. അവകള്‍ സൃഷ്ടികള്‍ മാത്രമാണെന്നും, സ്രഷ്ടാവ് അല്ലാഹു ആണെന്നും അവരെ ബോധ്യപ്പെടുത്താന്‍ ആ പ്രവാചകന് ശ്രമിച്ചു.
അക്കാലത്ത് ആ നാട്ടിലെ ക്രൂരനായ രാജാവ് (നംറൂദ്) സ്വയം പ്രഖ്യാപിത ദൈവമായി വാണരുളു കയായിരുന്നു. അയാള്‍ക്ക് ഇബ്റാഹീം നബി (അ) യുടെ രംഗപ്രവേശം തീരെ രസിച്ചില്ല. രാജഭടന്മാരാല്‍ ഇബ്റാഹീം നബി (അ) യെ അയാളുടെ മുന്നില്‍ ഹാജരാക്കപ്പെട്ടു. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമായ നാഥനെ വണങ്ങാന്‍ പ്രവാചകന് രാജാവിനെ തെര്യപ്പെടുത്തി. പക്ഷേ രാജാവുണ്ടോ കുലുങ്ങുന്നു.! അയാളുടെ വിഢിത്തത്തില്‍ മനം നൊന്ത് ഇബ്റാഹീം നബി സ്വന്തം പിതാവിനെ പിന്നെയും സമീപിച്ചുകൊണ്ട് പറഞ്ഞു. 'നിങ്ങളുടെ മൂര്‍ത്തികള്‍ ഉപകാരമോ ഉപദ്രമോ ചെയ്യാത്ത കല്ലുകള്‍ മാത്രമാണ്' സഹികെട്ട ആ ത്യാഗിവര്യന് നാടു വിടാന്‍ തീരുമാനിച്ചുറച്ചു. സ്വപത്നി ഹാജറുമൊത്ത് ഏകാന്ത ഭൂമിയായ മക്കയില്‍ എത്തിച്ചേര്‍ന്നു. മനുഷ്യവാസമില്ലാത്ത ആ പ്രദേശം അവര്‍ക്കൊരു പരീക്ഷണ ശാലയായിരുന്നു. കൈക്കുഞ്ഞായ ഇസ്മാഈലിനെ മാതാവിന്റെ മടിത്തട്ടില്‍ ബാക്കിയാക്കിയിട്ട് വിജന പ്രദേശത്ത് നിന്ന് ആ ത്യാഗിവര്യന് പുറപ്പെട്ടു. ഹാജര്‍ ആരാഞ്ഞു. 'നിങ്ങള്‍ എവിടേക്കാണ്.?' ഇബ്റാഹീം നബി 'കല്പന ലഭിച്ച സ്ഥലത്തേക്ക്'. സമചിത്തത വീണ്ടെടുത്ത ആ പ്രിയപത്നി 'എങ്കില്‍ അല്ലാഹു ഞങ്ങളെ കാത്തുകൊള്ളും'. ഭര്‍ത്താവിനെ കണ്ണുനീരോടെ യാത്രയാക്കി.!
ഇസ്മാഈലിന് കഠിനമായ ദാഹം അനുഭവപ്പെട്ടു. ജലമന്വേഷിച്ച് മാതാവ് ഹാജര്‍ ബീവി അവിടെയെല്ലാം ഉഴറി നടന്നു. സ്വഫാ എന്ന കുന്നില്‍ നിന്ന് മര്‍വയിലേക്കും, മര്‍വയില്‍ നിന്ന് സ്വഫയിലേക്കും അവര്‍ ഓടിത്തളര്‍ന്നു. അപ്പോഴുണ്ട് അത്ഭുതമെന്നോണം ഒരു നീരുറവ ഹാജറിന്റെ ദൃഷ്ടിയില്‍പ്പെട്ടു. അല്ലാഹു ഒഴുക്കിയ സംസമിന്റെ ഉറവ. അതെ അത് ലോകം മുഴുവനും ഇന്നും പാനം ചെയ്യുന്നു. വളരെ കാലം കഴിഞ്ഞാണ് കുടുംബ സന്ദര്‍ശനത്തിന് ഇബ്റാഹീം നബി (അ) മക്കയില്‍ വന്നത്. മകനായ ഇസ്മാഈലിനോട് അദ്ദേഹത്തിന് അമിത വാല്‍സല്യമായിരുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു സ്വപ്നം ദര്‍ശിക്കാനിടയായി. വളരെ ആശ്ചര്യജനകമായ സ്വപ്നം.! (സ്വപുത്രന് ഇസ്മാഈലിനെ താന്‍ അറുക്കുന്നു. പ്രവാചകനായ ഇബ്റാഹീം നബി (അ) ക്ക് അതൊരു സത്യസന്ധമായ വെളിപാടായിരുന്നു. താന്‍ അല്ലാഹുവിന്റെ സ്നേഹിതനല്ലെ.? പിന്നെയെന്തിന് അവന്റെ ആജ്ഞ അനുസരിക്കാന്‍ അമാന്തിക്കണം. ഇബ്റാഹീം നബി (അ) ചിന്തിച്ചു. തന്റെ പുത്രനോട് അക്കാര്യം തുറന്നു പറഞ്ഞു. സൗമ്യശീലനായ ആ മകന് പിതാവിനെ സാന്ത്വനിപ്പിച്ചു. 'അല്ലയോ പിതാവേ, താങ്കള്‍ കല്പന നിറവേറ്റുക. അല്ലാഹുവിന്റെ നിശ്ചയത്താല്‍ ക്ഷമാവലംബിയായി എന്നെ കാണാന്‍ കഴിയും. ദൗത്യ നിര്‍വ്വഹണത്തിന് അവര്‍ ഒരുങ്ങി. മകന്റെ കണ്ഠത്തില് കത്തി വെയ്ക്കപ്പെട്ടു. പരീക്ഷണം പൂര്‍ത്തിയായ നിമിഷം ജിബ്രീല്‍ (അ) ഒരു ആടുമായെത്തി കല്പിച്ചു 'ഇതിനെയറുക്കൂ, ഇബ്റാഹീം.! ഇസ്മാഈലിനെ അറുക്കേണ്ട.' ഇന്ന് ബലിപ്പെരുന്നാളില്‍ സത്യവിശ്വാസികള്‍ ഈ ബലി നല്കിപ്പോരുന്നു.
ഇബ്റാഹീം നബി (അ) കഅ്ബ പണിയാന്‍ ഒരുങ്ങുകയാണ്. സഹായത്തിന് മകനും. പര്‍വ്വതങ്ങളില്‍ നിന്ന് പാറക്കല്ലുകള്‍ ചുമന്നും, പ്രയത്നം സ്വീകരിക്കാന്‍ പ്രാര്‍ത്ഥിച്ചും അവര്‍ കൃത്യം പൂര്‍ത്തിയാക്കി. ആ വിശുദ്ധ ഗേഹം നമ്മുടെ ലക്ഷ്യബിന്ദു (ഖിബ്ല) വാണ്. ഇബ്റാഹീം നബിയുടെ ഇണകളില്‍ രണ്ടാമത്തവരുടെ പേര് സാറ. അവരില്‍ ഇസ്ഹാഖ് ജനിക്കുകയായി. ആ മകന് പണിതതാണ് ബൈതുല്‍ മുഖദ്ദസ്. ഇസ്ഹാഖ് എന്നവരുടെ പുത്രന് യഅ്ഖൂബ്. അദ്ദേഹത്തിന് പന്ത്രണ്ട് മക്കള്‍. അതില്‍ യൂസുഫ് പ്രസിദ്ധനാണ്, അദ്ദേഹത്തിന്റെ അത്ഭുത ചരിത്രമാണ് ഇനി പറയാന്‍ പോകുന്നത്. തുടര്‍ന്ന് മറ്റൊരു ശൈലിയിലാണ് മൗലാനാ സംസാരിക്കുന്നത്.
'യുസുഫ് ചെറിയ കുട്ടിയായിരുന്നു, അദ്ദേഹത്തിന് പതിനൊന്ന് സഹോദരങ്ങള്‍ ഉണ്ടായിരുന്നു, അദ്ദേഹം
സുന്ദരനും ബുദ്ധിമാനുമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് യഅ്ഖൂബ് നബി, അദ്ദേഹത്തെ വളരെ പ്രിയപ്പെട്ടിരുന്നു. ഒരിക്കല്‍ യൂസുഫ് (അ) അത്യത്ഭുതകരമായ ഒരു സ്വപ്നം ദര്‍ശിച്ചു. സൂര്യനും, ചന്ദ്രനും, പതിനൊന്ന് നക്ഷത്രങ്ങളും തന്റെ മുന്നില്‍ സാഷ്ടാംഗം നമിക്കുന്നു. യുസുഫ് പിതാവിനോട് സ്വപ്ന ദര്‍ശനം അറിയിച്ചു. എന്നാല്‍ ഈ ദര്‍ശനം മറ്റ് സഹോദരങ്ങള്‍ അറിയരുതെന്ന് പിതാവ് ഉപദേശിച്ചു. യൂസുഫിനോടുള്ള പിതാവിന്റെ സ്നേഹം സഹോദരങ്ങളെ അസൂയാലുക്കളാക്കി. അവര്‍ ഗൂഢാലോചനയിലൂടെ യൂസുഫിനെ വകവരുത്താന്‍ തീരുമാനിച്ചു. എന്നാല്‍ അവരിലെ മൂത്ത സഹോദരന് തടഞ്ഞു കൊണ്ടു പറഞ്ഞു: 'യൂസുഫിനെ കൊല്ലണ്ട. എതെങ്കിലും പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചാല്‍ ആരെങ്കിലും എടുത്ത് കൊണ്ട് പോയി അവന്റെ ശല്യം തീര്‍ത്തു കൊള്ളും'. തങ്ങളുടെ ലക്ഷ്യനിര്‍വ്വഹണത്തിന് പിതാവിന്റെയടുക്കല്‍ തന്ത്രം പ്രയോഗിച്ച് യൂസുഫിനെ കൈക്കലാക്കി. കാനന മധ്യത്തില്‍ ഇരുള്‍മുറ്റിയ കിണറ്റിനുള്ളില്‍ തള്ളിയിട്ടു. കിണറ്റില്‍ ഒറ്റപ്പെട്ട ഒരു കുഞ്ഞു വ്രണിത ഹൃദയത്തിന്റെ ചിന്തകള്‍ മൗലാനാവര്കളുടെ തൂലിക വിളിച്ചു പറയുന്നത് കാണുക: 'സഹോദരങ്ങള്‍ സുഖമായി ഉറങ്ങുകയായിരിക്കും, അവര്‍ എന്നെ മറന്നിരിക്കും, ഞാനവരെ മറക്കുകയോ.?' പിതാവിനെ ഓര്‍ത്ത് രാത്രി കഴിച്ചു കൂട്ടിയ യൂസുഫ് അത്ഭുതകരമായി കൊട്ടാരത്തിലെത്തുന്നതോടെ വിഷയത്തിന്റെ വഴിത്തിരിവില്‍ വായനക്കാരന് വലിയ സന്തോഷത്തിലാറാടുന്നു. കൊട്ടാരത്തിലെത്തിയ യൂസുഫ് (അ) ന്റെ വിശ്വസ്തത കഥാബിന്ദുവാണ്. സ്ത്രീസഹജമായ വഞ്ചനയുടെ ഇരയായി ജയിലില്‍ പോയ യുസുഫ് (അ) ദൃഢനിശ്ചയത്തിന്റെ നല്ലൊരു മാതൃക വരച്ചുകാട്ടുന്നു. ഒപ്പം കാലാവസ്ഥാന്തരങ്ങളില് പ്രബോധന പ്രക്രിയ പൂര്‍വോപരി മെച്ചപ്പെടു ത്താനും, ജയില്‍ വാസികള്‍ പോലും വിശ്വാസികളാകാനും പാകത്തില്‍ ത്യാഗമനുഷ്ടിക്കുന്ന ഒരു സത്യദൂതനെ നമുക്ക് കാണാന്‍ കഴിയുന്നു. അല്ലാഹുവിലേക്ക് മടങ്ങാതെ സേവകനെ ആശ്രയിച്ച പ്രവാചകന്, പൈശാചിക മറവി ബാധിച്ച സേവകന്റെ സഹായം ലഭ്യമാവാത്തത് വലിയൊരു ഗുണപാഠമാണ്. രാജാവിന്റെ സ്വപ്ന ദര്‍ശനത്തെ ത്തുടര്‍ന്ന്, ഭീകരമായ ക്ഷാമമുണ്ടാവുമെന്ന മുന്നറിയിപ്പിന് പരിഹാര ക്രിയകള്‍ നിര്‍ദ്ദേശിക്കപ്പെട്ടതിനാല്‍, നിരപരാധിത്വം തെളിയിക്കപ്പെട്ട് ജയില്‍ മുക്തനായതും അധികാരത്തില്‍ അവരോധിക്കപ്പെട്ടതും, ഒരു കാലത്ത് ശ്രതുക്കളായിരുന്നവര് ആഹാരത്തിനു വകതേടി അടുത്തെത്തുന്ന രംഗവും മൗലാനാ വര്‍ണ്ണിക്കുന്നു. സ്വന്തം സഹോദരന് ബിന്‍യാമീനെ തന്റെയടുക്കല്‍ സ്ഥിരമായി വസിപ്പിയ്ക്കാനും തന്ത്രം മെനയുന്ന യുസുഫ് (അ) തന്മയത്വത്തോടെ അവതരിപ്പിക്കുന്നതില്‍ മൗലാനാ വിജയം കാണുന്നു. രണ്ടു മക്കള്‍ക്കു പുറമെ മൂത്ത പുത്രന്റെ വിയോഗം ഒരു വാത്സല്യ നിധിയായ പിതാവില്‍ പ്രതിഫലിക്കുന്ന രംഗം മൗലാനായുടെ വാക്കുകളില്‍ ഇങ്ങനെ വായിക്കാം:
മൂന്നാമന്റെ വിഷയത്തിലും താന്‍ ദുഃഖത്തിലാഴ്ത്തപ്പെടുകയോ.?' അവിടെ യഅ്ഖൂബ് ശാന്തനാകുകയാണ് ചെയ്തത്. മനുഷ്യഹൃത്തിന്റെ ഉടമസ്ഥനായ യഅ്ഖൂബ് (അ), യൂസുഫ് (അ) നെ പലപ്രാവശ്യം ഓര്‍ക്കുകയും ദുഃഖം അണപൊട്ടിയൊഴുകയും ചെയ്തതിന്റെ പര്യവസാനത്തില്‍ താന്‍ ജീവിച്ചിരിക്കുന്നതിന്റെ അടയാളമായി അയയ്ക്കപ്പെട്ട തുണിക്കഷ്ണത്തിനാല് പിതാവ് സന്തുഷ്ടനാകുന്നതോടെ വിഷയം, സന്തോഷപര്യവസാനിയായി മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നത് അനുവാചകര്‍ അനുഭവിച്ചറിയുന്നു.
മാതാപിതാക്കളെയും സഹോദരങ്ങളെയും രാജോചിതമായി സ്വീകരിച്ച് തന്റെ മുന്നില്‍ വിനയ വണക്കം നടത്തുമ്പോഴേക്കും അറിയാതെ തന്നെ ആസ്വാദകന് കഥാനായകനായ യൂസുഫ് (അ) നെ കൊണ്ട് പറയിപ്പിക്കുമാറ് (ഇതെന്റെ സ്വപ്ന വ്യാഖ്യാനം.! അതിനെ അല്ലാഹു അക്ഷരാര്‍ത്ഥത്തില്‍ അനുഭവ വേദ്യമാക്കി) രംഗം ഉഷറായിത്തീരുന്നു. അധികാരത്തില്‍ നിന്നും, സ്വപ്ന വ്യാഖ്യാനത്തില്‍ നിന്നും ആവോളം തനിക്ക് കനിഞ്ഞരുളിയ അല്ലാഹുവിനെ സ്മരിച്ച് അന്ത്യം അനുഗ്രഹീതരുടെ കൂട്ടത്തിലാക്കണമെന്ന് പ്രാര്‍ത്ഥിക്കുന്ന കഥാ പുരുഷനോടൊപ്പം വായനക്കാരന് 'ആമീന്‍' ചൊല്ലാതിരിക്കുകയില്ല.
ക്ഷമ, വിനയം, പരിശുദ്ധി, പാതിവൃത്യം, വിശ്വസ്തത, സമസ്നേഹം, ഇലാഹീപ്രേമം തുടങ്ങിയ സല്‍ഗുണങ്ങള്‍ സമ്മാനിക്കുന്ന ഈ ചരിത്രം അഹ്സനുല്ഖസ്വസ്സ് തന്നെയുമാണ്.
ഖസസുന്നബിയ്യീന്‍ രണ്ടാം ഭാഗത്തില്‍ നൂഹ് നബി (അ), സ്വാലിഹ് നബി (അ), ഹൂദ് നബി (അ) എന്നീ നബിമാരെ നമുക്ക് കാണാം. ചരിത്രകാരന്റെ വീക്ഷണ കോണിലൂടെയാണ് മൗലാനാ ആദ് ചരിത്രത്തിലേക്ക് മൗലാനാ സഞ്ചരിക്കുന്നത്. അതിപ്രകാരമാണ് ആരംഭിക്കുന്നത്: ആദം നബി (അ) ന്റെ സന്താനങ്ങളില്‍ അല്ലാഹു അനുഗ്രഹമേകുകയും സ്ത്രീ-പുരുഷ ഭേദമന്യേ ഭൂമിയില്‍ വ്യാപരിക്കുകയും ചെയ്ത കാലം. ആദി പിതാവ് മടങ്ങുകയും സന്താനങ്ങളെ കാണുകയും ചെയ്താല്‍ അദ്ദേഹം മനസ്സിലാക്കാത്തവിധം ജനങ്ങള്‍ അധികരിച്ചിരുന്നു. ആ മനുഷ്യ മക്കള്‍ വിവിധ ദേശങ്ങളും വാസസ്ഥലങ്ങളും പടുത്തുയര്‍ത്തി. അല്ലാഹുവിന്റെ ആരാധനയില്‍ അവര്‍ നിരതരായിരുന്നു. ജനങ്ങള്‍ ഒന്ന്, പിതാവ് ഒന്ന്, രക്ഷിതാവ് ഒന്ന്. ഈ പശ്ചാത്തല വിവരണത്തിന് ശേഷം വിഷയത്തിലേക്ക് എത്തിച്ചേരല്‍ എളുപ്പമായിത്തീരുന്നു. അവിടെ മുതല്‍ ശരിക്കും നൂഹ് നബി (അ) യുടെ ചരിത്രം ആരംഭിക്കുകയായി. മഹാന്മാരെ പ്രദര്‍ശിപ്പിച്ച് പാട്ടിലാക്കുക എന്നത് പൈശാചിക ചിന്തയില്‍ ഉരുത്തിരിഞ്ഞ തന്ത്രമായിരുന്നു. അതില്‍ പിശാച് വിജയിക്കുകയും, മണ്മറഞ്ഞ മഹാത്മാക്കളുടെ പ്രതിരൂപങ്ങളെ രൂപകല്പന ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും അതിലൂടെ ജനങ്ങള്‍ വഴികേടിലാ കുകയും ചെയ്തു. രൂപങ്ങള്‍, വിഗ്രഹങ്ങളും സ്ഥിരപ്രതിഷ്ഠകളും ആകാന്‍ തുടങ്ങിയതോടെ, ആരാധനയും അര്‍പ്പണവും അവര്‍ക്ക് മാത്രമായി. ഇത്തരുണത്തിലാണ് അല്ലാഹു നൂഹ് നബി (അ) യെ അവരിലേക്ക് നിയോഗിച്ചത്. നൂഹ് നബി (അ) യുടെ പ്രബോധന വേളയില്‍ സമൂഹം കണ്ടുപിടിച്ച ന്യായീകരണങ്ങള്‍ ചരിത്രത്തിലെ തമാശയായി മൗലാനാ എടുത്തുകാണിക്കുന്നു. നന്മയില് ഞങ്ങള്‍ മുന്നേറുമെന്നും മറ്റുള്ളവര്‍ കടന്നു വരില്ലായെന്നുമുള്ള അവിശ്വാസികളുടെ കടുംപിടിത്തം വങ്കത്തരം തന്നെയാണ്. റബ്ബിന്റെ കോപത്തിന് പാത്രീഭൂത രായ ജനതയ്ക്ക് മഴയും ഭക്ഷ്യവസ്തുക്കളും അന്യം നിന്നുപോയിരുന്നു. പ്രവാചകന് അവരെ അനുസ്മരിപ്പിച്ചു: 'നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നപക്ഷം, ഭക്ഷണ വിശാലതയും ശിക്ഷാസുരക്ഷയും ലഭ്യമാകും!"
തൊള്ളായിരത്തി അമ്പത് വര്‍ഷക്കാലം തന്റെ പ്രയത്നം നീണ്ടുനിന്നു. സമൂഹത്തിന്റെ ശത്രുതയും മറ്റും അദ്ദേഹത്തെ അസ്വസ്ഥനാക്കി. വലിയൊരു നൗക പണിയാന്‍ അല്ലാഹു അനുമതി നല്‍കിയതിനെത്തുടര്‍ന്ന് നൂഹ് നബി (അ) കപ്പലിന്റെ പണി ആരംഭിച്ചു. ജനങ്ങള്‍ അദ്ദേഹത്തെ കണക്കറ്റ് കളിയാക്കാന്‍ തുടങ്ങി. ആ രംഗം മൗലാനായുടെ വരികളില്‍ വായിക്കുക. 'ഏയ് നൂഹ്, ഇതെന്താണ്.! എന്ന് മുതലാണ് നീ ആശാരിയായത്.? ഈ പണിക്കാര്‍ക്കൊപ്പം നീ ഇരിയ്ക്കരുതെന്ന് ഞങ്ങള്‍ വിലക്കിയിട്ടും നീ വകവെച്ചില്ല. ഈ കപ്പല്‍ എവിടെ സഞ്ചരിക്കാന്‍.? നിന്റെ കാര്യം വല്ലാത്തൊരത്ഭുതമാണ്. അത് മണ്ണിലോടുമോ.? അതല്ല പര്‍വ്വതങ്ങളില്‍ കയറുമോ.! കഷ്ടം.! സമുദ്രം വളരെ ദൂരത്തല്ലോ.?! ജിന്നുകളോ കാളകളോ ഇവയെ വലിക്കുമായിരിക്കും' ഇങ്ങനെ പോകുന്നു അപഹാസ്യ ശരങ്ങള്‍. എന്നാല്‍ അല്ലാഹുവിന്റെ തീരുമാനം വരികയും ആകാശ-ഭൂമി ഒന്നടങ്കം പ്രവാഹ ബിന്ദുക്കളാകുകയും മഹാപ്രളയത്തില്‍ ജനത നശിപ്പിക്കപ്പെടുകയും ചെയ്യുന്നതോടെ ആ ചരിത്രം അന്ത്യത്തിലേക്കടുക്കുകയായി.
രണ്ടാം ചരിത്രത്തില്‍ ആദ് ഗോത്രവും അവരുടെ പ്രവാചകന് ഹുദ് നബി (അ) യുമാണ് പ്രമേയം.! അനുഗ്രഹപൂരിതവും പ്രശാന്തസുന്ദരവുമായ ജീവിത സൗകര്യങ്ങളാല്‍ അലംകൃതമായ സമൂഹം.! ആരോഗ്യവാന്മാരും അതി സുഖലോലുപരുമായിരുന്ന 'ആദി'യന്‍ സമൂഹം അല്ലാഹുവിനെ അതിവേഗം മറന്നു. അക്രമികളായ ജനതയുടെ ചേഷ്ടകള്‍-അവര്‍ക്കുമേല്‍ ആര്‍ക്കും ആധിപത്യം അംഗീകരിക്കാത്ത, ശിഷാ-വിചാരണ ഭയമില്ലാത്ത, വന്യമൃഗ സമാനരും മര്ദ്ദനമാനവരും, മദമിളകിയ ആനപോലെ സര്‍വ്വസംഹാരികളുമായ ഒരു പറ്റം ജനത- എന്നു തുടങ്ങുന്ന മൗലാനയുടെ വിവരണത്തില്‍ നിന്നും വ്യക്തമാണ്. വ്യര്‍ത്ഥമായി അര്‍ത്ഥം വിനിയോഗിച്ച് മണ്ണില്‍ ഉയര്‍ത്തിയ കൊട്ടാരങ്ങള്‍ക്ക് ആതിന്റെ അതിപ്രൗഢിയുടെ വിളക്കു മരങ്ങളായിരുന്നു. ഈ സാഹചര്യത്തില്‍ അല്ലാഹു ഹൂദ് (അ) നെ പ്രവാചകനായി പറഞ്ഞയക്കുന്നതും അവരുടെ പൊള്ളത്തരങ്ങള്‍ വ്യക്തമാക്കി കൊടുക്കു ന്നതും, അവര്‍ ഹൂദ് (അ) നെ തള്ളിക്കളയുന്നതും ചരിത്രഭാഗങ്ങളാണ്. അണമുറിയാത്ത പ്രവാഹം പോലെ ഉപദേശങ്ങള്‍ ലഭിച്ചിട്ടും പ്രവാചകനെ ധിക്കരിച്ച സമൂഹത്തിന് മഴയില്ലാത്ത കഷ്ടകാലം വന്ന് കൂടി. പ്രതീക്ഷയോടെ മാനത്തേക്ക് മളമേഘത്തെ കാത്തിരിക്കുന്നവര്‍ക്ക് ഒരു ദിനം കറുത്തിരുണ്ട മേഘം ദൃശ്യമായി. എന്നാല്‍ അത് കൊടുങ്കാറ്റാണെന്ന് പ്രവാചകന് അവരെ ധരിപ്പിച്ചു. അവര്‍ അപ്പോഴും സമാധാനത്തിലായിരുന്നു. അല്ലാഹുവിന്റെ തീരുമാനം അവരെ കടപുഴക്കി എറിഞ്ഞു. ഏഴു രാത്രിയും എട്ട് പകലുകളും നീണ്ട കൊടുങ്കാറ്റിന്റെ സംഹാരതാണ്ഡവത്തില്‍ ആ സമൂഹവും നാടും നാമാവശേഷമായി. അല്ലാഹു എത്ര സത്യമാണ് അറിയിച്ചത്: അറിയൂ, ആദ് അവരുടെ രക്ഷിതാവിനെ നിഷേധിച്ചു. അറിയണണം, ഹൂദിന്റെ ജനതയായ ആദാണ് അനുഗ്രഹത്തില്‍ നിന്നും അതി ദൂരമായത്.
മൂന്നാം ചരിത്രം സമൂദിന്റെയാണ്. അവരുടെ പ്രവാചകന് സ്വാലിഹ് നബിയും ഫലഭൂയിഷ്ടമായ ഭൂപ്രദേശവും എന്തും നിര്‍മ്മിക്കാനുള്ള കരവിരുതും സമൂദിയന് ഗോത്രത്തിന്റെ പ്രത്യേകതയായിരുന്നു. അവര്‍ വിഗ്രഹാരാധനയില്‍ വലയം പ്രാപിച്ചിരുന്നു. മൗലാനായുടെ സ്വതസിദ്ധ ശൈലിയില്‍, അല്ലാഹു അവരെ കല്ലുകളുടെ കാരണവന്മാരാക്കി. അവരോ അതി വിഢിത്തത്തിനാല് ശിലാപ്രേമികളും, കല്ലിന് അടിമകളുമായി. അവര്‍ക്കിടയില്‍ സ്വതവേ മതിപ്പുളവാക്കിയിരുന്ന സ്വാലിഹ് എന്നവരെ ദൈവദൂതനായി അവരോധിക്കപ്പെട്ടത് അവരുടെ പ്രതീക്ഷകളെ തകിടം മറിച്ചു. ജനത ഇളകിവശായി. പ്രവാചകത്വത്തിന് പ്രമാണം ആവശ്യപ്പെട്ടു. അവരുടെ ഇംഗിതമനുസരിച്ച് പാറയില്‍ നിന്നും പ്രവാചകന് ഗര്‍ഭിണിയായ ഒട്ടകത്തെ പുറപ്പെടുവിച്ചു. അത് പ്രസവിച്ചു. ജനത പരിഭ്രമിച്ചു. അവര്‍ അത് മറച്ചുവെച്ചു. കുറച്ച് പേര് വിശ്വസിച്ചു. മറ്റ് മൃഗങ്ങളെക്കാള്‍ ആകാര സൗഷ്ഠവമുണ്ടായിരുന്ന ഒട്ടകത്തെ ജനങ്ങള്‍ വെറുക്കുന്നു എന്ന് മനസ്സിലാക്കി പ്രത്യക ദിവസം, തവണ നിശ്ചയിച്ച് ജലപാനത്തിന് അവസരമൊരുക്കപ്പെട്ടു. ജനത തൃപ്തരായില്ല. അവര്‍ ഒട്ടകത്തെ വകവരുത്തി. ദൈവദൂതന് അറിയിച്ചു: മൂന്ന് ദിവസം നിങ്ങള്‍ ഭവനങ്ങളില്‍ സുഖിക്കുവീന്. അത് വ്യാജമല്ലാത്ത് അറിയിപ്പ് (വാഗ്ദാനം) തന്നെ. പ്രവാചകനും വിശ്വാസികളും രക്ഷപ്പെട്ടു. മൂന്നാം ദിവസം ശക്തമായ പ്രകമ്പനത്തോടെ ഭൂകമ്പം (അട്ടഹാസം) അവരെ ഗ്രസിച്ചു. അവരും കാലയവനികക്കുള്ളിലേക്ക്...
ഈജിപ്ഷ്യന്‍ ജനതയുടെ ചരിത്ര സ്പന്ദനങ്ങള്‍ക്ക് കാതോര്‍ത്ത മൂസാ നബി (അ) യുടെയും ഫിര്ഔന് പ്രഭൃതികളുടെയും സംഭവം അനാവരണം ചെയ്യുന്ന ഖസ്വസ്സ് മൂന്നിന്റെ അവലോകനം. മഹാ പണ്ഡിതനും ഈജിപ്റ്റിലെ കലാശാല ജാമിഉല്‍ അസ്ഹറിലെ ഉസ്താദുമായ അശൈഖ് അഹ്മദ് ശിര്‍ബാസ്വി അവര്‍കള്‍ പ്രസ്തുത ചരിത്രത്തിലെ ആമുഖത്തില്‍ പറഞ്ഞ വരികള്‍ ഉദ്ധരിക്കാം. 'രചയിതാവിന്റെ പ്രതിഭാധനയ്ക്ക് തെളിവായി ദാ ഇവിടെ മൂസാ നബി (അ) യുടെയും, ഫിര്‍ഔനിന്റെയും ചരിത്രം ദര്‍ശിക്കുക.. ഹൃദയഹാരിയും പ്രഘോഷണ നിബിഡവുമായ മുഹൂര്‍ത്തങ്ങളും സംഭവ സംഗമങ്ങളും അവയെ ധന്യമാക്കിയിരിക്കുന്നു. ആകെയും പ്രയോജനപ്രദവും, പരമസത്യവും. രചയിതാവിന്റെ വശ്യമായ ശൈലിയിലൂടെ, ഫിര്‍ഔനീ ഏകാധിപത്യത്തിന് മധ്യേ ഉരുത്തിരിഞ്ഞ വിനാശ ഗര്‍ത്തത്തില്‍ നിന്നും മൂസായെപ്പോലെയുള്ള ഒരു കുഞ്ഞിന്റെ ജനനം സുസാധ്യമാക്കിയ അല്ലാഹുവിന്റെ അതിജീവന തന്ത്രം അനാവരണം ചെയ്യാന്‍ ഈ ചരിത്രവേദത്തിന് സാധിക്കുന്നുണ്ട്. അല്ലാഹുവിന്റെ അതിരില്ലാത്ത അത്ഭുത ശക്തികളുടെ ആത്യന്തിക നിലകള്‍ വായനക്കാരനില്‍ പുതിയൊരു വര്‍ത്തമാന വാതായനം മലര്‍ക്കെ തുറക്കുകയാണിത്. തിരമാലയിലേക്ക് കുഞ്ഞിനെ ഇടാന്‍ പറയുന്നതും ഭയക്കാത്ത ഹൃദയത്തിന്റെ ഉടമസ്ഥയാക്കി മാതാവിനെ മാറ്റുന്നതുമായ രംഗങ്ങള്‍.! കുഞ്ഞ് പ്രവാചകനാവുമെന്ന് സുവാര്‍ത്ത.! ഇതൊക്കെയും അതിന് തെളിവാണ്. അല്ലാഹുവിന് സൃഷ്ടികളോടുള്ള ബദ്ധശ്രദ്ധയും നിയന്ത്രണ നിലപാടും ചരിത്രതാളുകളിലെ വരികള്‍ നമ്മോട് ബോധനം ചെയ്യുന്നില്ലേ.!
മൂസാ നബിയുടെയും സഹോദരന് ഹാറൂന്‍ നബിയുടെയും ഫിര്ഔനിലേക്കുള്ള ദൗത്യം, ഫറോവയുടെ രാജാധിപത്യം, അക്രമ-അടിച്ചമര്‍ത്തല്‍ കൃത്യം, മൂസാനബിയ്ക്ക് റബ്ബില്‍ നിന്നും ലഭിച്ച സഹായഹസ്തം, ഒരു പോക്കിരിയായ ഫറോവയെ അലറിവിളിക്കുന്ന അലമാലകള്ക്കുള്ളിലാക്കി അന്ത്യം വരുത്തിയ അല്ലാഹുവിന്റെ തന്ത്രം തുടങ്ങിയവ അഹങ്കാരികള്‍ക്ക് അനുഭവപാഠമാക്കാനുള്ള ലേഖകന്റെ ശ്രമം എന്തുകൊണ്ടും പ്രശംസനീ യമാണ് (അഹ്മദ് ശിര്ബാസ്വീ: ബസ്വത് 3/71).
മര്‍ദ്ദന അന്തരീക്ഷത്തില്‍ നിന്നും രക്ഷപ്പെടുത്തിയ വിമോചക വിപ്ലവകാരി മൂസാ നബിയെ തള്ളി പറഞ്ഞതും പശുവിനെ ആരാധിക്കാന്‍ ആര്‍ജവം കാണിച്ചതും ഇസ്റാഈലികള്‍ക്ക് തീരാകളങ്കം വരുത്തിയതും ചരിത്രം വിളിച്ചു പറയുന്നു. തൗറാത്തിന്റെ ബോധനത്തിലൂടെ ജീവിതത്തിന്റെ അലകും പിടിയും കൈക്കലാക്കിയ ജനത വഴി തെറ്റി വഴിമുട്ടുന്നത് കാണുമ്പോള്‍ ചരിത്രപ്രേമികള്‍ ഇസ്റാഈലികളെ ഭല്സിക്കാതിരിക്കില്ല. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും വിശ്രുതമായി കാണുന്ന മൂസാ-ഖിള്ര്‍ സംഗമ സംഭവത്തെ ഉദ്ധരിച്ച് വിഷയത്തിന്റെ പരിസമാപ്തിയിലേക്ക് പദമൂന്നുന്ന മൗലാനാ, മൂസാനബി (അ) ന് ശേഷം ഇസ്റാഈലിന്റെ ദയനീയ ചിത്രം വരയ്ക്കുന്നതോടെ ഈ ഭാഗത്തിന്റെ പൂര്‍ത്തീകരണം നാം മനസ്സിലാക്കുന്നു.
സയ്യിദുനാ ശുഐബ്, സയ്യിദുനാ ദാവൂദ്, സയ്യിദുനാ സുലൈമാന്‍, സയ്യിദുനാ അയ്യുബ്, സയ്യിദുനാ യൂനുസ്, സയ്യിദുനാ സകരിയ്യ, സയ്യിദുനാ ഈസാ (അലൈഹിമുസ്സലാം) എന്നീ പ്രവാചക പ്രവീണരുടെ ചരിത്രങ്ങളാണ് നാലാം ഭാഗത്തിലെ പ്രതിപാദ്യം. ഈ ചരിത്രങ്ങളുടെ പ്രാരംഭത്തില്‍ കഴിഞ്ഞ വിഷയങ്ങളിലേക്ക് ഒരു തിരനോട്ടം മൗലാനാ അവര്‍കള്‍ നടത്തുന്നത് ശ്രദ്ധേയമാണ്. 'നിസ്സംശയം ഇവ ആഞ്ഞടിക്കുന്ന ആവേശം തുള്ളിയ്ക്കുന്ന നഖചരിതങ്ങളാണ്. സത്യം അസത്യത്തെ അതിജയിച്ച, അറിവ് അജ്ഞതയെ തോല്‍പ്പിച്ച, ചെറുസംഘം വന്‍സംഘത്തെ ചെറുത്ത, തത്വവും അവബോധവും ചാലിച്ച കഥകള്‍. ആല്ലാഹു പറഞ്ഞു. 'ചിന്തകര്‍ക്ക് അവരുടെ ചരിതങ്ങളില്‍ ഗുണപാഠമുണ്ട്. നിശ്ചയം ഇവ കെട്ടിച്ചമച്ച ഐതിഹ്യങ്ങളോ മറ്റൊന്നുമോ അല്ല. എന്നാല്‍ അവന്റെ മുന്നിലെ സത്യസാക്ഷീകരണവും എല്ലാറ്റിനും വിശദീകരണവും, വിശ്വാസികള്‍ക്ക് അനുഗ്രഹവും സന്മാര്ഗ്ഗവുമത്രെ.!"
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന് പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
ഇപ്പോള്‍ എല്ലാ പുസ്തകങ്ങള്‍ക്കും 20% വിലക്കിഴിവ്.
വിളിക്കൂ...