ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയത്ത് ഫോറം
കേരള ഘടകം
ഓഫീസ്: ദാറുല്‍ ഉലൂം ഓച്ചിറ, കൊല്ലം, കേരള.
മാനവിക സമ്മേളനം
മുഖ്യാതിഥി:
മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്വി
2019 ഡിസംബര്‍ 18 ബുധന്‍
ദാറുല്‍ ഉലൂം
ഓച്ചിറ, കൊല്ലം, കേരള.
ഏവര്‍ക്കും സ്വാഗതം.!
https://swahabainfo.blogspot.com/2019/12/blog-post_13.html?spref=tw
നമ്മുടെ ജീവിതത്തില്‍ രണ്ട് അവസ്ഥകളാണ് ഉള്ളത്. ഒന്നുകില്‍ ജീവിതം നമുക്കും എല്ലാ മനുഷ്യര്‍ക്കും മുഴുവന്‍ സൃഷ്ടികള്‍ക്കും അനുഗ്രഹവും ഉപകാരവും കാരുണ്യവും. അല്ലെങ്കില്‍ എല്ലാവര്‍ക്കും നാശവും നഷ്ടവും ഉപദ്രവകരവും. നമ്മുടെ ജീവിതം അനുഗ്രഹമായിത്തീരാനുള്ള പ്രഥമവും പ്രധാനവുമായ മാര്‍ഗ്ഗം നാം യഥാര്‍ത്ഥ മനുഷ്യരായിത്തീരലാണ്. അതായത് നാമെല്ലാവരെയും പടച്ച് പരിപാലിക്കുകയും ഇവിടം വരെ എത്തിക്കുകയും നാളെ നമ്മളോട് ചെയ്ത ഓരോ അനുഗ്രഹങ്ങള്‍ക്കും വിചാരണ നടത്തുകയും ചെയ്യുന്ന സര്‍വ്വ ലോക സ്രഷ്ടാവിനെ അറിയുകയും സ്നേഹിക്കുകയും ഭയക്കുകയും ആരാധിക്കുകയും ചെയ്യുക. നമ്മുടെ സഹജീവികളായ മുഴുവന്‍ മനുഷ്യരെയും സൃഷ്ടികളെയും നമ്മെപോലെ വേദനയും സുഖ-ദു:ഖങ്ങള്‍ ഉള്ളവരാണെന്ന് മനസ്സിലാക്കി എല്ലാവരോടും സ്നേഹവും സേവനവും സഹായവും കാഴ്ച വെയ്ക്കുക. ഏറ്റവും വലിയ മാനവികതയുടെ വക്താക്കളായ പ്രവാചക വര്യന്മാര്‍ മനുഷ്യരെ, അടിസ്ഥാനപരമായി പഠിപ്പിച്ചത് ഈ രണ്ട് പാഠങ്ങളാണ്. പക്ഷെ, ഭൗതികതയുടെയും പൈശാചികതയുടെയും തള്ളിക്കയത്തിനിടയില്‍ പലപ്പോഴും മനുഷ്യന്‍ ഈ യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിക്കും. വിശിഷ്യാ ഇവകളെ ഉണര്‍ത്താനും പ്രേരിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെങ്കില്‍ മനുഷ്യന്‍ പിശാചിന്‍റെ ആയുധമായി മാറും. ആധുനിക ലോകത്ത് പ്രധാനമായും ഇതാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഈ വിശയത്തില്‍ ആത്മാര്‍ത്ഥമായി ഉണരാനും മറ്റുള്ളവരെ ഉണര്‍ത്താനുമുള്ള ഒരു മഹത്തായ പരിശ്രമമാണ് പയാമെ ഇന്‍സാനിയ്യത്ത്. https://swahabainfo.blogspot.com/2019/12/blog-post_13.html?spref=tw
ഇതിന്‍റെ അടിസ്ഥാന സന്ദേശവും ഈ രണ്ട് കാര്യങ്ങള്‍ തന്നെയാണ്. ഇന്ത്യയില്‍ സംഭവിച്ച ഒരു മഹാ ദുരന്തത്തിന് ശേഷം ഇതിന്‍റെ സ്ഥാപകന്‍ അല്ലാമാ നദ്വി ജനങ്ങളെ ഒരുമിച്ചുകൂട്ടി, തന്‍റെ മനസ്സ് തുറന്നുവെച്ച് നടത്തിയ ഒരു പ്രഭാഷണമാണ് ഈ രചനയുടെ ഇതിവൃത്തം. മാനവികതയുടെ മഹത്തായ പുഷ്പങ്ങള്‍ പൂത്തുലഞ്ഞ് വസന്തം വിരിഞ്ഞിരുന്ന കേരളക്കരയില്‍ വര്‍ഗ്ഗീയതയുടെയും പരസ്പര വിദ്വേഷത്തിന്‍റെയും വിഷവിത്തുകള്‍ വിതയ്ക്കാനും കൊയ്യാനുമുള്ള ആസൂത്രിത പരിശ്രമങ്ങള്‍ നടക്കുന്ന ഈ സാഹചര്യത്തില്‍ ഈ പ്രഭാഷണത്തിന് വലിയ പ്രസക്തിയുണ്ട്. ഈ നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്ന അല്ലെങ്കില്‍ യഥാവിധി സ്നേഹിക്കുകയും സേവിക്കുകയും ചെയ്യണമെന്ന് നിഷ്കളങ്കമായി ആഗ്രഹിക്കുന്ന ഓരോ സുമനസ്സുകള്‍ക്ക് മുന്നിലും ആയിരം വട്ടം പാരായണം ചെയ്യാനും പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും ഞങ്ങള്‍ ഈ മഹത്തായ ഉപഹാരം സവിനയം സാദരം സമര്‍പ്പിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!
-സയ്യിദ് മുഹമ്മദ് ബിലാല്‍ ഹസനി നദ്വി
(ജന: സെക്രട്ടറി, മെസ്സേജ് ഓഫ് ഹ്യൂമാനിറ്റി, ഇന്ത്യ.)
അക്രമം അപകടം
അക്രമം നാടിനെയും നാട്ടുകാരെയും നശിപ്പിക്കും. ഒരു നാട്ടില്‍ അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കപ്പെടുകയും സ്നേഹകാരുണ്യങ്ങളിലേക്കുള്ള പ്രബോധനം ഇല്ലാതാകുകയും ചെയ്താല്‍ വളരെ ദുരന്തപൂര്‍ണ്ണമായ അവസ്ഥ സംജാതമാകുന്നതാണ്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന സന്താനങ്ങളെയും ചെറുമക്കളെയും കാണുമ്പോള്‍ സന്തോഷിക്കുന്നതിന് പകരം ദു:ഖിക്കുകയും ഭയക്കുകയും ചെയ്യുന്ന ദുരന്തങ്ങള്‍ സംജാതമാകുന്നതാണ്. എന്‍റെ ഈ സന്താനങ്ങളുടെ അവസ്ഥ എന്താകും? ഭ്രാന്തന്‍മാര്‍ക്ക് ഭ്രാന്തിളകുന്നത് എപ്പോഴാണ്.? ഈ കുഞ്ഞുങ്ങളെ മാതാപിതാക്കളുടെ മുന്നിലിട്ട് അറുകൊല നടത്തപ്പെടുന്നത് കാണേണ്ടി വരുമല്ലൊ.! എന്നീ ഭയങ്ങള്‍ എപ്പോഴും ജനങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. അതെ, സ്വന്തം കരളിന്‍റെ കഷണങ്ങളെയും കണ്ണിന്‍റെ കുളിര്‍മ്മകളെയും മനസ്സിന്‍റെ സന്തോഷങ്ങളെയും കളിച്ച് ചിരിച്ച് സന്തോഷിക്കുന്ന രംഗങ്ങള്‍ കാണുന്നതിന് പകരം ഏതെങ്കിലും ഭ്രാന്തന്മാര്‍ അവരെ കീറിമുറിക്കുകയും അറുകൊല നടത്തുകയും നിന്ദിക്കുകയും നിസ്സാരപ്പെടുത്തുകയും ചെയ്യുന്ന രംഗങ്ങള്‍ എത്രയോ ഹൃദയ ഭേദകമാണ്. ഒരു നാട്ടില്‍ അക്രമങ്ങള്‍ പ്രേരിപ്പിക്കപ്പെട്ടാല്‍ അക്രമികളുടെ അക്രമവാസന വളരുന്നതും ഭ്രാന്തന്മാരുടെ ഭ്രാന്ത് ഇളകുന്നതും വലിയ നാശനഷ്ടങ്ങള്‍ സംജാതമാകുന്നതുമാണ്. തുടര്‍ന്ന് ആ നാട്ടില്‍ സ്ത്രീകളുടെ അഭിമാനമോ പിഞ്ചുപൈതങ്ങളുടെ രക്തമോ ആദരിക്കപ്പെടുന്നതല്ല. അക്രമം ഒരു മാരകരോഗമാണ്. മനുഷ്യപ്രകൃതിക്ക് തീര്‍ത്തും വിരുദ്ധമായ പ്രവണതയാണ്. സര്‍വ്വലോക സ്രഷ്ടാവായ പടച്ചവന്‍റെ ആഗ്രഹത്തിന് നേര്‍വിപരീതമാണ്. പ്രവാചകന്മാരുടെയും പരിഷ്കര്‍ത്താക്കളുടെയും അദ്ധ്യാപനങ്ങള്‍ അക്രമത്തെ ശക്തമായി വിലക്കുന്നു. എന്നാല്‍ കാര്യം ഇതെല്ലാമാണെങ്കിലും ചരിത്രത്തില്‍ ധാരാളം അക്രമങ്ങള്‍ അരങ്ങേറിയതായി വേദനയോട് കൂടി എഴുതുകയും പറയുകയും വായിക്കുകയും കേള്‍ക്കുകയും ചെയ്യേണ്ടി വരാറുണ്ട്. ചരിത്രത്തില്‍ അക്രമ സംഭവങ്ങള്‍ കാണുന്നവര്‍ അക്രമികളെ എല്ലാ സമയത്തും ശപിക്കാറുണ്ട്. ഇവര്‍ ആരായിരുന്നു.? ഏത് നാട്ടുകാരായിരുന്നു.? ഏത് കാലവുമായി ബന്ധപ്പെട്ടവരായിരുന്നു.? അക്രമഭ്രാന്ത് ഇവര്‍ക്ക് എങ്ങനെ ഉണ്ടായി.? മനുഷ്യത്വത്തിന്‍റെ അംശം പോലും ഇവരില്‍ ഇല്ലായിരുന്നോ.? അവര്‍ക്ക് സാധുക്കളുടെയും മര്‍ദ്ദിതരുടെയും ദു:ഖവേദനകള്‍ കാണാനും കേള്‍ക്കാനും കണ്ണും കാതും ഇല്ലായിരുന്നോ.? നിരപരാധികളുടെ രക്തം ഒഴുകുന്ന സമയത്ത് ഇവര്‍ രക്തമൊഴുക്കി അവരെ സംരക്ഷിക്കുന്നതിന് പകരം, അവരെ കൂടുതല്‍ പീഢനങ്ങളിലേക്ക് തള്ളിയിട്ടത് എന്ത് കൊണ്ടാണ്.? മനുഷ്യന്‍റെ രക്തം ഒഴുകുന്നത് കണ്ടിട്ടും അതിനെ പ്രതിരോധിക്കാന്‍ ഒരു തുള്ളി രക്തമെന്നല്ല, ഒരിറ്റ് കണ്ണുനീര്‍ പോലും വീഴ്ത്താത്ത ഇവര്‍ എന്ത് മനുഷ്യരാണ്.? എന്നീ ചോദ്യങ്ങള്‍ അക്രമികളുടെ ചരിത്രങ്ങള്‍ക്ക് മുന്നില്‍ മനുഷ്യത്വമുള്ളവര്‍ ചോദിച്ച് പോകാറുണ്ട്. അതെ, അക്രമങ്ങള്‍ ചരിത്രത്തിലും നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് മനസ്സിലാക്കുക. ഈ ലോകത്തിന്‍റെ ഏറ്റവും വലിയ സൗന്ദര്യവും വസന്തവും മാനവികതയാണ്. മാനവികത ഇല്ലായെങ്കില്‍ ഈ ലോകത്തിന് യാതൊരു വിലയുമില്ല. സന്തുഷ്ടരായ മനുഷ്യരിലൂടെയാണ് ഈ ലോകം പ്രകാശിക്കുന്നത്. ഒരു നാടിന്‍റെയും വീടിന്‍റെയും വിജയം അവിടെയുള്ള ജനങ്ങളുടെ സന്തോഷവും സമാധാനവുമാണ്. ശ്മശാനങ്ങളിലേക്കും സ്മാരകങ്ങളിലേക്കും നാം പോയി നോക്കുക. അവിടെ അത്ഭുതകരമായ പലരുടെയും സ്മരണകള്‍ കാണാനും കേള്‍ക്കാനും കഴിയുമെങ്കിലും അവിടെ നാം ആരുടെയും മനസ്സ് സന്തോഷിക്കുകയോ അവിടെ താമസിക്കാന്‍ നാം ആരും ആഗ്രഹിക്കുകയോ ഇല്ല. അവിടെ നിന്നും എത്രയും പെട്ടെന്ന് മടങ്ങാന്‍ മനസ്സ് കൊതിക്കുന്നതാണ്. എന്നാല്‍ മനുഷ്യര്‍ തിങ്ങി നിറഞ്ഞ ഒരു പ്രദേശത്തേക്ക് പോകുക. മനസ്സുകള്‍ക്ക് യാതൊരു മടുപ്പും ഉണ്ടാകുന്നതല്ല. ആകയാല്‍ മനുഷ്യനും മനുഷ്യത്വവുമാണ് ഈ ലോകത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മനസ്സിലാക്കുക. മനുഷ്യന്‍റെ മഹനീയ ഗുണം മറ്റ് മനുഷ്യരെ സ്നേഹിക്കലാണ്. മറ്റുള്ളവരോട് സ്നേഹം ഇല്ലാത്ത മനുഷ്യന്‍, മറ്റുള്ളവരുടെ ദു:ഖങ്ങള്‍ അനുഭവിക്കാത്ത വ്യക്തി, മനുഷ്യരോട് കൂറും കൃപയും പുലര്‍ത്താത്തവന്‍ തീര്‍ച്ചയായിട്ടും മനുഷ്യനല്ല. ചെന്നായയാണ്. ചെന്നായയെ ആരെങ്കിലും പ്രശംസിക്കുമോ.? ചെന്നായയെ എവിടെയെങ്കിലും കണ്ടാല്‍ നമുക്ക് വലിയ വെറുപ്പും അറപ്പും ഉളവാകുന്നു. എന്നാല്‍ ചെന്നായയെ കടത്തിവെട്ടുന്ന മനുഷ്യനെ കാണുമ്പോള്‍ നമ്മുടെ മനസ്സ് എന്തുകൊണ്ടാണ് ദു:ഖിക്കാത്തത്.? മനുഷ്യനെ പടച്ചവന്‍ ചെന്നായയായി ജീവിക്കാനാണോ മനുഷ്യനെ പടച്ചത്.? ഒരിക്കലുമല്ല. പടച്ചവന്‍ മനുഷ്യനെ പടച്ചത്, മലക്കുകളേക്കാള്‍ ഉയര്‍ന്നവരാകാനാണ്. പടച്ചവന്‍റെ സ്നേഹഭാജനം ആകാനാണ്. പടച്ചവനെ അറിഞ്ഞ് ആരാധിക്കാനും സൃഷ്ടികളെ മനസ്സിലാക്കി ജീവിക്കാനും അതിലൂടെ ഉത്തമസൃഷ്ടിയായി മാറാനുമാണ് പടച്ചവന്‍ മനുഷ്യനെ സൃഷ്ടിച്ചത്. ഏതെങ്കിലും കവി ചെന്നായയെ പ്രശംസിച്ചുകൊണ്ട് പാടിയിട്ടുള്ളതായി എനിക്കറിയില്ല. ഏതെങ്കിലും ബുദ്ധിമാന്‍ ചെന്നായയെ തന്‍റെ മാതൃകയായി സ്വീകരിച്ചതും കണ്ടിട്ടില്ല. എന്നും എവിടെയും ചെന്നായയെയും അത് പോലുള്ള ജന്തുക്കളെയും വെറുക്കുന്ന മനുഷ്യന്‍, എന്ത് കൊണ്ടാണ് ചെന്നായയുടെ ദുര്‍ഗുണങ്ങളെ വെറുക്കുകയും അകറ്റുകയും ചെയ്യാത്തത്.? സ്വന്തം സഹോദരനായ ഒരു മനുഷ്യനെ പ്രഹരിക്കാന്‍ ഒരു വ്യക്തിയുടെ കൈ എങ്ങനെ ഉയരുമെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അത്തരം ആളുകളുടെ കൈകള്‍ സമര്‍ത്ഥരായ വൈദ്യന്മാരെ കാണിക്കണം. സാധിക്കുമെങ്കില്‍ ആ കൈ മുറിച്ച് അതിന്‍റെ ഉള്ളില്‍ കൂടി ഒഴുകുന്ന രക്തം മനുഷ്യന്‍റേതാണോ വേറെ വല്ല ജന്തുക്കളുടേതാണോ എന്ന് നിരീക്ഷിക്കേണ്ടതാണ്. പടച്ചവന്‍ മനുഷ്യന് കൈ നല്‍കിയത് അക്രമിക്കാനല്ല. അക്രമത്തെ തടയാനാണ്. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, നമ്മുടെ നാട് തുടങ്ങി, ലോകത്ത് എവിടെയായാലും മനുഷ്യരെ അക്രമിക്കാന്‍ ആരുടെയെങ്ങിലും കൈ ഉയരുന്നതായി കണ്ടാല്‍ അവരെ തടയാന്‍ വേണ്ടി കൈ ഉയര്‍ത്തല്‍ നമ്മുടെ ബാദ്ധ്യതയാണ്. വീട്ടിലോ കമ്പോളത്തിലോ വഴിയിലോ അക്രമങ്ങള്‍ നടക്കുന്നത് കണ്ടാല്‍ അത് അമര്‍ത്തുകയെന്നത് മനുഷ്യത്വമുള്ളവരുടെ ബാദ്ധ്യതയാണ്. ഒരു കവി പറയുന്നു: അക്രമിക്കാതിരിക്കാനും അക്രമങ്ങള്‍ക്ക് തടയിടാനും കഴിവിന്‍റെ പരമാവധി മനസാ-വാചാ-കര്‍മ്മണാ സേവന-സഹായങ്ങള്‍ ചെയ്യുവാനുമാണ് പടച്ചവന്‍ മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. ആരാധനാകാര്യങ്ങള്‍ക്ക് മാലാഖമാര്‍ തന്നെ ധാരാളമാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍ റസുലുല്ലാഹി (സ) അരുളി: "മറ്റുള്ളവരോട് കരുണ കാണിക്കുന്നവരുടെ മേല്‍ കാരുണ്യവാനായ പടച്ചവന്‍ കരുണ ചെയ്യുന്നതാണ്. നിങ്ങള്‍ ഭൂമുഖത്തുള്ളവരോട് കരുണ കാട്ടുക. പടച്ചവന്‍ നിങ്ങളോടും കരുണ കാട്ടുന്നതാണ്." പ്രവാചക വചനങ്ങളില്‍ സുപ്രധാനമായ ഒരു വചനമാണിത്. ഹദീസ് പഠനത്തിന്‍റെ പ്രാരംഭത്തില്‍ പണ്ഡിതന്മാര്‍ ഈ വചനം പാരായണം ചെയ്യാറുണ്ട്. അതിലൂടെ ഇതിന്‍റെ ആശയം എത്ര പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ഇന്ന് സമൂഹം ഇങ്ങനെയുള്ള സന്ദേശങ്ങള്‍ വിസ്മരിക്കുക മാത്രമല്ല, പരസ്പരം അക്രമത്തിനും ശത്രുതയ്ക്കും പ്രേരിപ്പിച്ച് കൊണ്ടിരിക്കുകയുമാണ്. അതിന്‍റെ വലിയ നാശങ്ങളും നഷ്ടങ്ങളും ലോകത്ത് പ്രകടമാകുകയും ചെയ്യുന്നു. എന്നാല്‍ അക്രമങ്ങള്‍ ഇല്ലാതാകാനും സ്നേഹ-സാഹോദര്യങ്ങള്‍ പ്രചരിപ്പിക്കാനും ഒരു കൂട്ടം ആളുകള്‍ മുമ്പോട്ട് വന്നാല്‍ ഈ അവസ്ഥകള്‍ മാറിമറയുന്നതാണ് എന്നതിലും സംശയമില്ല. ആകയാല്‍ നിലവിലുള്ള അവസ്ഥകള്‍ കണ്ടിട്ട് നാം നിരാശപ്പെടരുത്. വിശിഷ്യാ, മതനേതാക്കളും, രാഷ്ട്രീയനായകരും കാരുണ്യത്തിന്‍റെ വക്താക്കളും പ്രചാരകരുമായി മാറണം. പരസ്പരം ഹസ്തദാനം ചെയ്ത് സ്നേഹത്തോടെ കഴിയുക. ഈ രാജ്യത്തെ നാം ആദരിക്കുക. ഈ രാജ്യത്തിന്‍റെ മഹത്തായ പാരമ്പര്യത്തിന് കളങ്കം വരുത്തരുത്. മനുഷ്യനായി ജീവിക്കുക. പരസ്പരം സ്നേഹിക്കുക. അതെ, മനുഷ്യനെ മനുഷ്യനായി കാണുകയും എന്നെക്കൊണ്ട് അദ്ദേഹത്തിനും അദ്ദേഹത്തെക്കൊണ്ട് എനിക്കും യാതൊരു പ്രയാസങ്ങളും ഉണ്ടാകുകയില്ലെയെന്ന് ആശ്വസിക്കുകയും ചെയ്യുന്നതിനാണ് സംസ്കാരം എന്ന് പറയുന്നത്. യഥാര്‍ത്ഥ രാജ്യസ്നേഹവും ആത്മാര്‍ത്ഥമായ രാഷ്ട്രീയവും ഇത് തന്നെയാണ്. ആകയാല്‍ ഇന്ന് ഈ മഹത്തായ രാജ്യത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത് ഇവിടെ പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുന്ന അക്രമവാസനയും വര്‍ഗ്ഗീയതയും മറ്റുള്ളവരെ ഉന്മൂലനാശം വരുത്താനുള്ള ദുരാഗ്രഹവും ദൂരീകരിക്കുക എന്നുള്ളതാണ്. ഇതിന് ആത്മാര്‍ത്ഥതയുള്ളവരും ചികിത്സിക്കാന്‍ കഴിവുളളവരും മനസ്സ് വേദന നിറഞ്ഞവരുമായ ചില ആളുകളെ ഈ മഹത്തായ രാജ്യം ഉറ്റ് നോക്കുകയാണ്. അവര്‍ അവരുടെ വീടുകളില്‍ നിന്നും കൂടുകളില്‍ നിന്നും വെളിയിലേക്ക് ഇറങ്ങി വരണമെന്നും അവരുടെ ആഹാര-പാനീയ സൗകര്യങ്ങളെല്ലാം മറന്ന്കൊണ്ട് ഈ രാജ്യം മുഴുവനും കറങ്ങി നടക്കണമെന്നും വ്യക്തികളെയും കൂട്ടങ്ങളെയും കണ്ട്മുട്ടി, ഈ നാടിന്‍റെയും നാട്ടുകാരുടെയും നീതിയുടെയും ന്യായത്തിന്‍റെയും സര്‍വ്വോപരി സ്രഷ്ടാവിനോടുള്ള ഭയത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും പേരില്‍ അവര്‍ പരസ്പരം ഇപ്രകാരം ഉപദേശിക്കുക. നമുക്ക് അക്രമങ്ങളെല്ലാം നിര്‍ത്താം. ശാന്തരായി കഴിയാം . ഇവിടെ നിര്‍മ്മാണാത്മകമായ ധാരാളം ജോലികള്‍ ചെയ്യാനുണ്ട്. ഈ രാജ്യത്തെ ഇനിയും കെട്ടിപ്പടുത്താനുണ്ട്. ഈ രാജ്യത്തിന്‍റെ പേര് നാമാണ് ഉയര്‍ത്തേണ്ടത്. ഈ രാജ്യത്തിന് അന്തസ്സും നല്ല പേരും നല്‍കേണ്ടത് നാമാണ്. സഹോദരങ്ങളെ, ഈ നാട് വളരെയധികം നാണംകെട്ട് കഴിഞ്ഞു എന്ന് നാമോരോരുത്തരും തിരിച്ചറിയുക. ചരിത്രത്തില്‍ ഒരിക്കലും ഈ രാജ്യത്തിന് ഇതുപോലുള്ള നാണക്കേടും പേരുദോഷവും ഉണ്ടായതായി എനിക്കറിയില്ല. നമ്മുടെ രാജ്യത്തിന് മഹത്തായ ഒരു പാരമ്പര്യമാണുള്ളത്. ഇവിടുത്തെ പൂര്‍വ്വ ചരിത്രവും ഇവിടുത്തെ മഹത്തായ സംസ്കൃതിയും നമുക്കെല്ലാവര്‍ക്കും പ്രിയങ്കരമാണ്. വിശിഷ്യാ, മുസ്ലിംകള്‍ ഈ രാജ്യത്ത് നിലനില്‍ക്കുന്നത്, ഈ രാജ്യത്തോടുള്ള സ്നേഹത്തിന്‍റെ പേരില്‍ മാത്രമാണ്. ഈ നാട് വിടാന്‍ വിഭജനത്തിന്‍റെ സമയത്ത് പലരും ഞങ്ങളെ പ്രേരിപ്പിച്ചിരുന്നു. പക്ഷേ പരസ്പര സ്നേഹത്തിന്‍റെയും സഹകരണ-സാഹോദര്യങ്ങളുടെയും മഹത്തായ ഒരു പാരമ്പര്യം മുമ്പില്‍ കണ്ട് കൊണ്ട് ഇവിടെത്തന്നെ നില്‍ക്കാനും ഇവിടെത്തന്നെ ജീവിക്കാനും തീരുമാനിക്കുകയുണ്ടായി. എന്നാല്‍ ഇന്ന് പ്രസ്തുത മഹത്തായ പാരമ്പര്യത്തെ തകര്‍ത്ത് തരിപ്പണമാക്കുന്ന പ്രവണതകള്‍ അരങ്ങേറുന്നത് അത്യന്തം ദു:ഖകരമാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്കിടയിലും നാം വലിയ പ്രതീക്ഷയിലും പ്രത്യാശയിലും പ്രാര്‍ത്ഥനയിലുമാണ്. ആകയാല്‍ മാനവ സ്നേഹികള്‍ മുന്നോട്ട് വരുക. മനക്കരുത്തോടെ പരസ്പര സഹകരണങ്ങളിലൂടെ മാനവികതയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക. കൂട്ടത്തില്‍ ഭരണകൂടങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും നിയമപാലകരോടും മാധ്യമ സഹോദരങ്ങളോടും ആത്മാര്‍ത്ഥമായി ഉണര്‍ത്തുന്നു: നിങ്ങളുടെ ദൗത്യം നിര്‍വ്വഹിക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ പ്രവര്‍ത്തനവുമായി രാജ്യത്തിന്‍റെ ഭാവിക്ക് വലിയ ബന്ധമുണ്ട്. ഈ രാജ്യമാകുന്ന വലിയ പാത്രം മൂന്ന് കല്ലുകളുള്ള ഒരടുപ്പിലാണ് നിലകൊള്ളുന്നതെന്ന് മനസ്സിലാക്കുക. പ്രസ്തുത മൂന്ന് കല്ലുകള്‍ നല്ലനിലയില്‍ നിലകൊള്ളുകയാണെങ്കില്‍ ഈ രാജ്യവും നന്‍മകളില്‍ മുന്നേറുന്നതാണ്. ഒന്ന്: വിദ്യാഭ്യാസം. രണ്ട്: പോലീസ്. മൂന്ന്: മാധ്യമം. ഈ മൂന്ന് കാര്യങ്ങള്‍ നന്നായാല്‍ പിന്നെ നാം വലിയ അക്രമങ്ങളൊന്നും ഭയക്കേണ്ടതില്ല. എന്നാല്‍ ഈ മൂന്നോ, ഇവയില്‍ ഏതെങ്കിലുമൊന്നോ ഇളകിയാല്‍ ഈ രാജ്യം തന്നെ ഇളകുമെന്നും നാം തിരിച്ചറിയുക. മനുഷ്യര്‍ വിദ്യാഭ്യാസമുള്ളവരാണ്. മനുഷ്യര്‍ വിദ്യാഭ്യാസത്തെ ആഗ്രഹിക്കുന്നവരാണ്. വിദ്യാഭ്യാസ പദ്ധതികളിലൂടെ മാനവികതയുടെ മൂല്യങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കപ്പെട്ട് കഴിഞ്ഞാല്‍ ഒരു മഹത്തായ തലമുറ ഇവിടെ വളര്‍ന്ന് വരുന്നതാണ്. എഴുത്തും വായനയും പഠിച്ച മനുഷ്യര്‍ അധികമായി വാര്‍ത്താ മാധ്യമങ്ങളുമായി ബന്ധപ്പെടും. ഇത്തരുണത്തില്‍, വാര്‍ത്താ മാധ്യമങ്ങളിലൂടെയും നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടാല്‍ മനുഷ്യര്‍ നല്ല കാര്യങ്ങള്‍ക്ക് തല്പരരായിത്തീരും. ആകയാല്‍ മാധ്യമ ബന്ധുക്കള്‍ സാഹോദര്യ-സഹകരണങ്ങളുടെയും സ്നേഹ-കാരുണ്യങ്ങളുടെയും സന്ദേശങ്ങള്‍ അധികമായി പ്രചരിപ്പിക്കുക. എന്നാലും, എന്തെങ്കിലും കുഴപ്പങ്ങള്‍ സ്വാഭാവികമായി തലപൊക്കാന്‍ സാധ്യതയുണ്ട്. ഇതിനെ അടിച്ചമര്‍ത്തി നല്ല വഴികളിലൂടെ നയിക്കാന്‍ ബാദ്ധ്യസ്ഥരായ ആളുകളാണ് നിയമപാലകരായ പോലീസുകാര്‍. ഞാന്‍ പല രാഷ്ട്രങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. അവിടെയുള്ള പോലീസുകാരെ ഏറ്റവും വലിയ സഹായകരും സേവകന്‍മാരുമായിട്ടാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ഒരിക്കല്‍ ലണ്ടനില്‍ വെച്ച് എനിക്ക് ഒരു വിലാസം കണ്ടുപിടിക്കേണ്ടി വന്നു. ഒരു പോലീസ് കോണ്‍സ്റ്റബിളിനോട് വിലാസം കാണിച്ച് കൊടുത്തപ്പോള്‍ എനിക്ക് ലജ്ജയുണ്ടാക്കുന്ന നിലയില്‍ അദ്ദേഹം എന്‍റെ കൂട്ടത്തില്‍ വരുകയും ആളെ കണ്ടെത്തി കാണിച്ച് തരുകയും ചെയ്തു. ആകയാല്‍ പോലീസുകാര്‍ പരസ്പരം സ്നേഹത്തിന്‍റെ വിഷയത്തില്‍ അവരുടെ ദൗത്യം നിര്‍വ്വഹിക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയില്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ നടന്ന സന്ദര്‍ഭത്തില്‍ ജനങ്ങളെ പേടിപ്പിക്കാന്‍ വിദേശികളായ ബ്രീട്ടിഷുകാര്‍ പോലീസുകാരോട് കുറച്ച് കടുപ്പം കാണിക്കാന്‍ പഠിപ്പിക്കുകയുണ്ടായി. എന്നാല്‍ ആ പാഠം താത്കാലികമായ ഒരാവശ്യത്തിന് വേണ്ടിയുള്ളതാണെന്ന കാര്യം പോലീസുകാര്‍ മറന്ന് പോയത് പോലെയുണ്ട്. ഇന്ന് പോലീസായിക്കഴിഞ്ഞാല്‍ ജനങ്ങളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും വേണം എന്ന ഒരവസ്ഥയും താനേ തനിയെ വന്ന് ചേരുന്നു. ലോകത്ത് എവിടെയും ബ്രിട്ടണില്‍ പോലും കാണാത്ത ഒരു പ്രവണതയാണിത്. പോലിസെന്നു പറഞ്ഞാല്‍ നിലവിളിക്കുന്ന കുഞ്ഞുങ്ങളെയും കണ്ണീര്‍വാര്‍ക്കുന്ന പെണ്ണുങ്ങളെയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ടവരാണ്. ഇതിനുള്ള മാനസിക അവസ്ഥകളും, സാമൂഹിക താല്പര്യങ്ങളും അടിസ്ഥാനപരമായി പകര്‍ന്ന് നല്‍കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമാണ്. അതിനെ നാട്ടിലും നാട്ടുകാരിലും വ്യാപകമായി പ്രചരിപ്പിക്കേണ്ടത് പത്രമാധ്യമങ്ങളിലൂടെയാണ്. ചുരുക്കത്തില്‍ വിദ്യാഭ്യാസം, വാര്‍ത്താമാധ്യമം, നിയമപാലകര്‍ ഈ മൂന്ന് കാര്യങ്ങള്‍ ശരിയാവുകയാണെങ്കില്‍ നമ്മുടെ രാജ്യത്തിന്‍റെ അവസ്ഥയും നന്നാകുന്നതാണ്. ഇതിന്‍റെ കൂട്ടത്തില്‍ മുഴുവന്‍ ജനങ്ങളും അക്രമത്തെ എതിര്‍ക്കുകയും സ്നേഹ-കാരുണ്യങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക. ഇതിലൂടെ നാമും നമ്മുടെ നാടും ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കുന്നതാണ്.
രോഗത്തെയല്ല, ചികിത്സകന്‍ ഇല്ലാതിരിക്കുന്നതിനെയാണ് ഭയക്കേണ്ടത്. നാം മനുഷ്യരാണ്. മനുഷ്യ ജീവിതത്തില്‍ കയറ്റങ്ങളും ഇറക്കങ്ങളും സ്വാഭാവികമാണ്. ആരോഗ്യം ഉണ്ടാകുന്നത് പോലെ രോഗങ്ങളും സ്വാഭാവികമാണ്. ആകയാല്‍ രോഗത്തെ ഭയക്കുന്നതിനെക്കാളും കൂടുതല്‍ ഭയക്കേണ്ടത് രോഗത്തിന് ചികിത്സിക്കാന്‍ ആളുകള്‍ ഇല്ലാതിരിക്കുന്നതിനെയാണ്. ഇപ്രകാരം മനുഷ്യരില്‍ നിന്ന് പാപങ്ങളും അക്രമങ്ങളും ദുരാഗ്രഹങ്ങളും ഉണ്ടാകല്‍ സ്വാഭാവികമാണ്. എന്നാല്‍ അതിനെ തിരുത്തുവാനും അവസ്ഥ നന്നാക്കുവാനും ഒരു സംഘം രംഗത്ത് ഇറങ്ങാതിരിക്കല്‍ അത്യന്തം ഭയക്കേണ്ട കാര്യമാണ്. ഒരു രാജ്യം വളരെയധികം വികസനം പ്രാപിക്കുകയും, ഭൂമിയില്‍ നിന്നും ഖജനാവുകള്‍ പ്രവഹിക്കുകയും, ആകാശത്ത് നിന്ന് സ്വര്‍ണ്ണം വര്‍ഷിക്കുകയും, നദികളിലൂടെ വെള്ളി ഒഴുക്കുകയും, ആരും തൊഴില്‍ എടുക്കാതെ തന്നെ എല്ലാവര്‍ക്കും സമൃദ്ധമായ ആഹാര പദാര്‍ത്ഥങ്ങളും ജീവിത-വാഹന സൗകര്യങ്ങളും ലഭിക്കുകയും ചെയ്താലും ആ നാട്ടില്‍ ജനങ്ങളുടെ ബന്ധങ്ങള്‍ ഇല്ലാതാകുകയും സ്നേഹ-സൗഹൃദ-സഹോദര്യങ്ങള്‍ നഷ്ടപ്പെടുകയും പരസ്പര സംശയത്തിന്‍റെയും വിദ്വേഷത്തിന്‍റെയും അവസ്ഥകള്‍ വ്യാപകമാകുകയും ചെയ്താല്‍ ആ നാട് വളരെ അപകടകരമായ അവസ്ഥയിലാണ് എന്ന് മനസ്സിലാക്കുക. ഇത്തരുണത്തില്‍, പരസ്പരം വിശ്വാസത്തിന്‍റെയും സ്നേഹ-സഹകരണങ്ങളുടെയും അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കല്‍, ആ രാജ്യത്തെ സ്നേഹിക്കുകയും മാനവികതയെ പ്രേമിക്കുകയും ചെയ്യുന്ന ഓരോര്‍ത്തരുടെയും പ്രധാനപ്പെട്ട കര്‍ത്തവ്യമാണ്. ഇന്ന് നമ്മുടെ നാട്ടില്‍ ഇത്തരം അവസ്ഥ ഉണ്ടാകുന്നുണ്ടോ എന്ന് നാം കാര്യമായി ചിന്തിക്കേണ്ടതാണ്. വിഷ ജന്തുക്കളെയും വന്യ മൃഗങ്ങളെയും കാണുന്നത് പോലെയല്ലേ, ഇന്ന് നാം പരസ്പരം കണ്ട് കൊണ്ടിരിക്കുന്നത്. ഇവിടെ മനുഷ്യന്‍ മനുഷ്യന്‍റെ ശത്രുവായി ജീവിക്കുന്നു. ഇത് വളരെയധികം അപകടകരമായ ഒരു പ്രവണതയാണ്. എന്നാല്‍ ഇതിനെക്കാളും ഭയപ്പെടേണ്ട കാര്യം, ഇത്രത്തോളം ദുരന്തപൂര്‍ണ്ണമായ അവസ്ഥകള്‍ കണ്ടിട്ടും ഇതിന് മാറ്റം വരുത്താന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന ആളുകള്‍ ഇല്ലാതിരിക്കുക എന്നതാണ്. ഇവിടെ ചിലര്‍ക്ക് സംശയമുണ്ടാകാറുണ്ട്. സാധാരണക്കാരായ ഞങ്ങള്‍ ഇവിടെ രംഗത്തിറങ്ങിയിട്ട് എന്താണ് ഫലം.? വലിയ ആളുകളും പണ്ഡിതരും നേതാക്കളും ഭരണ സാരഥികളും ചെയ്യേണ്ടതല്ലേ.? തീര്‍ച്ചയായും ഈ പ്രവര്‍ത്തനത്തിന് നാം തന്നെയാണ് അര്‍ഹര്‍. അവരെ പ്രതീക്ഷിച്ച് ഒന്നും ചെയ്യാതിരിക്കാന്‍ രാജ്യസ്നേഹികളായ ആളുകള്‍ക്ക് സാധ്യമല്ല. ഇത്തരം ഘട്ടങ്ങളില്‍ വലിയവരെ കൊണ്ട് നടക്കാത്ത കാര്യങ്ങള്‍ അപ്രസക്തരും ബാഹ്യമായി ശേഷിയില്ലാത്തവരുമായ ആളുകളെ കൊണ്ടും ലോകത്ത് നടന്നിട്ടുണ്ട്. ഉദാഹരണത്തിന്, താര്‍ത്താരികളുടെ അവസ്ഥ തന്നെയെടുക്കുക. അക്രമ പരമ്പരകളുമായി മുമ്പോട്ട് നീങ്ങിയ താര്‍ത്താരികളെ ഏതാനും നാളുകള്‍ക്ക് ശേഷം യാഥാര്‍ത്ഥ മനുഷ്യരാക്കുകയും നിയമത്തെ ആദരിക്കുകയും സംസ്കാരത്തെ സംസ്കരിക്കുകയും ചെയ്യുന്നവരാക്കുകയും ചെയ്തത് ആരാണ്.? പടച്ചവനോടുള്ള ഭയവും പടപ്പുകളോടുള്ള സ്നേഹവും നെഞ്ചിലേറ്റിയ മഹത്തുക്കളിലൂടെയാണ് താര്‍ത്താരികളില്‍ മാറ്റമുണ്ടായത്. ഇപ്രകാരം നാം ഒരോരുത്തരും മറ്റുള്ളവരിലേക്ക് നോക്കിയിരിക്കാതെ മാനവികതയുടെ പ്രകാശം പരത്തുന്നതിന് രംഗത്തിറങ്ങുക. പതുക്കെ മറ്റുള്ളവരും ഈ വാഹക സംഘത്തില്‍ വന്നിറങ്ങുന്നതും അവസാനം നല്ലൊരു ഭാവി നമുക്ക് ലഭിക്കുന്നതുമാണ്. ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിലേക്ക് നോക്കുക. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടുക്കല്‍ എളുപ്പമായ കാര്യമായിരുന്നില്ല. ലോകം മുഴുവന്‍ അവര്‍ പടര്‍ന്ന് പന്തലിച്ചിരുന്നു. ഇത്തരുണത്തില്‍ ഇന്ത്യ സ്വതന്ത്രമാവുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും സാധിച്ചിരുന്നില്ല. പക്ഷെ ഈ രാജ്യത്ത് സ്വാതന്ത്ര്യത്തിന്‍റെ കിരണം ഉദിച്ചുയര്‍ന്നത് നിഷ്കളങ്കമായി ആഗ്രഹിച്ച ചില മഹത്തുകളിലൂടെയാണ്. അവര്‍ ഇതിന് വേണ്ടി രംഗത്തിറങ്ങി. അവരില്‍ ഭൂരിഭാഗം പേരും സാധുക്കളും വലിയ ശേഷി ഇല്ലാത്തവരുമായിരുന്നു. പക്ഷെ അവര്‍ പരിശ്രമങ്ങളുടെ പാതയില്‍ ഉറച്ച് നിന്നു. കുറെ നാളുകള്‍ക്ക് ശേഷം സമര്‍ത്ഥരായ മഹത്തുക്കള്‍ ഇതിന്‍റെ നേതൃത്വം ഏറ്റെടുത്തു. മഹാത്മാഗാന്ധി, ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദ് ഹസന്‍, മൗലാനാ മുഹമ്മദ് അലി, നെഹ്റു കുടുംബം, മൗലാനാ ഹുസൈന്‍ അഹ്മദ് മദനി തുടങ്ങിയ വ്യക്തിത്വങ്ങളുടെ വിയര്‍പ്പിറ്റുവീണ് സ്വതന്ത്ര്യസമരം മുന്നോട്ട് നീങ്ങി. അവരുടെ പിന്നില്‍ വ്യത്യസ്ത മതക്കാരും സംസ്കാരങ്ങളുമായി ബന്ധമുള്ളവരും പരസ്പരം സാഹോദര്യത്തോടെ അണിനിരന്നു. ഗാന്ധിജിയും, മൗലാനാ ആസാദും പോലെയുള്ള ആള്‍ക്കാരും, ജവഹര്‍ലാല്‍ നെഹ്റുവും മൗലാനാ ഹുസൈന്‍ അഹ്മദ് മദനിയും പോലെയുള്ളവര്‍ ഒരുമിച്ച് ഒരേ വേദിയില്‍ അണിനിരന്നു. ഹിന്ദു-മുസ്ലിം-ക്രൈസ്തവ മറ്റ് വിഭാഗങ്ങളെല്ലാം അവരുടെ പിന്നില്‍ അണിനിരന്ന് പരിശ്രമിച്ചത് ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രത്തിലെ ഒരു സുവര്‍ണ്ണ അദ്ധ്യായമാണ്. യഥാര്‍ത്ഥ രാജ്യ സ്നേഹികളിലൂടെ ഇന്ത്യ സ്വതന്ത്രമായി. ഈ രാജ്യത്തിന്‍റെ ചക്രവാളത്തില്‍ സ്വാതന്ത്ര്യത്തിന്‍റെ സൂര്യന്‍ ഉദിച്ചുയര്‍ന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെ ഭാവികാര്യങ്ങളും ഭരണരീതികളും തീരുമാനിക്കാന്‍ കുറേ നേതാക്കള്‍ കൂടിയിരുന്നു. രാജ്യത്തിന്‍റെ സുദീര്‍ഘമായ ചരിത്ര പാരമ്പര്യങ്ങളുടെ വെളിച്ചത്തില്‍ വളരെ മഹത്തരമായ ഒരു കാഴ്ചപാട് അവര്‍ രാജ്യത്തിന് മുമ്പാകെ സമര്‍പ്പിച്ചു. മതേതരത്വം, ജനാതിപത്യം, അഹിംസ എന്നീ മൂന്ന് കാര്യങ്ങളെ മുറുകെ പിടിച്ച് മുമ്പോട്ട് നീങ്ങാന്‍ അവര്‍ ആഹ്വാനം ചെയ്തു. ഈ മൂന്ന് കാര്യങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം ഈ രാജ്യം യഥാര്‍ത്ഥ ഔന്നിത്യം പ്രാപിക്കുന്നതാണെന്നും വലിയ സമാധാനത്തിലും സന്തോഷത്തിലും ഐശ്വര്യത്തിലും മുന്നേറുന്നതാണെന്നും അവര്‍ ഉണര്‍ത്തി. തീര്‍ച്ചയായും, വളരെയധികം യാഥാര്‍ത്ഥ്യബോധവും ചരിത്രപാഠവും ധര്‍മ്മബോധങ്ങളും ഉള്‍ക്കൊണ്ട വളരെ മഹത്തരമായ ഒരു വീക്ഷണമാണിത്. ഇന്നും, അതേ കാര്യം എല്ലാവര്‍ക്കും മുമ്പാകെ ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മുഴുവന്‍ പണ്ഡിതന്മാരും, എഴുത്തുകാരും, ചരിത്രകാരന്മാരും രാഷ്ട്രീയ സാമൂഹ്യ നേതാക്കളും സര്‍വ്വോപരി, രാജ്യസ്നേഹികളായ മുഴുവന്‍ സഹോദരങ്ങളും മനസ്സിന്‍റെ പലകയില്‍ എഴുതി സൂക്ഷിക്കുക. ഈ രാജ്യത്ത് എന്തെല്ലാം വികസന-പുരോഗതികള്‍ ഉണ്ടായാലും മതേതരത്വം, ജനാപധിപത്യം, അഹിംസ എന്നീ മൂന്ന് മൂല്യങ്ങള്‍ ഇല്ലായെങ്കില്‍ ഈ രാജ്യത്ത് യാതൊരു നന്മയുമില്ല. ഈ രാജ്യം വ്യത്യസ്ത മത വിഭാഗങ്ങളുടെ പ്രിയപ്പെട്ട നാടായി കഴിയണമെന്നാണ് പടച്ചവന്‍റെ തീരുമാനം. അല്ലാത്ത പക്ഷം വിവിധ മതസ്ഥര്‍ മാറി മാറി ഭരിച്ച ഈ രാജ്യത്ത് ഒരു മതം മാത്രമേ കാണപ്പെടുകയുള്ളൂ. എന്നാല്‍ ഇന്നും വിവിധ മതങ്ങള്‍ വളരെ ശക്തിയോടെ ഈ രാജ്യത്ത് നിലയുറപ്പിച്ചിരിക്കുന്നത് ഈ രാജ്യം സര്‍വ്വ മത വിഭാഗങ്ങളുടെയും ഒരു കേന്ദ്ര രാജ്യമായിരിക്കണമെന്ന പടച്ചവന്‍റെ തീരുമാനം വിളിച്ചറിയിക്കുന്നു. നാമോരോരുത്തരും യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്, കര്‍മ്മരംഗത്തിറങ്ങാന്‍ ആത്മാര്‍ഥമായി അഭ്യര്‍ത്ഥിക്കുന്നു. മറ്റൊരു കാര്യം കൂടി ഉണര്‍ത്തുകയാണ്. ചരിത്രത്തെ തിരിച്ച് വഴിനടത്തുന്നത് ചരിത്രത്തോടുള്ള വലിയ തെറ്റാണ്. പഴയ കാര്യങ്ങള്‍ തിരഞ്ഞെടുത്ത് അതില്‍ അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും കൂട്ടികലര്‍ത്തി പ്രതികാരം ചെയ്യാന്‍ ചിലര്‍ ജനങ്ങളെ പ്രേരിപ്പിച്ച് കൊണ്ടിരിക്കുന്നു. ഈ വിഷയത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നത് മുസ്ലിം സമുദായമാണെന്ന് ദുഃഖത്തോടെ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. പഴയ കാര്യങ്ങള്‍ കണ്ടെത്തി മുസ്ലിംകളെ ഇവിടെ നിരന്തരം മാനസികമായും സാമൂഹികമായും തകര്‍ക്കാന്‍ കൊണ്ട് പിടിച്ച് ശ്രമിച്ച് കൊണ്ടിരിക്കുന്നു. അത് ഞങ്ങളുടെ പൂര്‍വ്വികരുടെ സ്ഥലമാണ്, ഇത് ഞങ്ങളുടെ വിശുദ്ധ സ്ഥാനമാണ്, ഞങ്ങള്‍ക്ക് ഇത് തിരികെ തരണം, ഞങ്ങളുടെ പൂര്‍വ്വപിതാക്കന്മാര്‍ അവിടെ അങ്ങനെയാണ് കഴിഞ്ഞത് എന്നെല്ലാമുള്ള വാദങ്ങള്‍ പലരും ഉയര്‍ത്തി കൊണ്ടിരിക്കുന്നു. ഇത്തരം ആളുകളോട് പറയട്ടെ.! അഗ്നിയ്ക്ക് തിന്നാന്‍ ഒന്നും കിട്ടാതെ വരുമ്പോള്‍ സ്വയം തന്നെ അത് അതിനെ തിന്നുന്നതാണെന്ന ആപ്തവാക്യം നിങ്ങള്‍ ഓര്‍ക്കുക. മുസ്ലിംകളോട് സ്ഥലവും സ്ഥാനങ്ങളും വിട്ട് തരണമെന്ന് ആവശ്യപ്പെടുന്ന ആളുകളോട് ഇവിടെയുള്ള താഴ്ന്ന ജാതിക്കാരും ജൈന-ബുദ്ധമതസ്ഥരും ഞങ്ങളുടെയും പഴയസ്ഥാനങ്ങള്‍ നിങ്ങള്‍ വിട്ട് തരണം എന്നാവശ്യപ്പെടുകയും ഒരോരുത്തരും ഈ ആവശ്യങ്ങളില്‍ ആവേശം കാട്ടുകയും ചെയ്താല്‍ നമ്മുടെ രാജ്യത്തിന്‍റെ അവസ്ഥ എന്തായിരിക്കും.? ഏഴാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ ശങ്കരാചാര്യ പരിശ്രമങ്ങള്‍ നടത്തി ഇവിടെയുള്ള ബുദ്ധമതസ്ഥരുടെ ഏതാണ്ടെല്ലാ ആരാധനാലയങ്ങളും ഹൈന്ദവ ദേവാലയങ്ങളായി മാറ്റപ്പെട്ടു. ജൈന മതസ്ഥരുടെയും ആയിരക്കണക്കിന് കേന്ദ്രങ്ങള്‍ ഹൈന്ദവ ആരാധനാലയങ്ങളായി മാറ്റപ്പെട്ടു. ഇതില്‍ പല സ്ഥലങ്ങളും ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. പലതിന്‍റെയും രേഖകളും ചരിത്രങ്ങളും വായിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരുണത്തില്‍ അവരും ഈ ആവശ്യവുമായി രംഗത്തിറങ്ങിയാല്‍ പിന്നീട് ഇവിടെ സമാധാനം എന്നത് ഒരു കിട്ടാക്കനിയായി മാറുകയില്ലേ.? ഇന്ത്യയില്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്ത എല്ലാവര്‍ക്കും അവരുടെ അധികാരത്തിന്‍റെ ആദ്യനാളുകളില്‍ തന്നെ ഞാന്‍ കത്തുകളയച്ചിട്ടുണ്ട്. ആ കത്തുകള്‍ പ്രസിദ്ധീകൃതവുമാണ്. അവരെല്ലാവരോടും ആവര്‍ത്തിച്ചുണര്‍ത്തിയ ഒരു കാര്യവുമിതാണ്. ചരിത്രത്തെ തിരികെ നടത്താന്‍ നിങ്ങള്‍ കൂട്ടുനില്‍ക്കരുത്. ചരിത്രത്തെ തിരികെ നടത്തുന്നത് ചരിത്രത്തോട് തന്നെ ചെയ്യുന്ന വലിയ പാതകമാണ്. ചരിത്രത്തെ മുമ്പോട്ട് നീക്കുവാനും പുതിയ മനോഹര ചരിത്രങ്ങള്‍ നിര്‍മ്മിക്കുവാനും നിങ്ങള്‍ പരിശ്രമിക്കുക. അവസരം വളരെ കുറവാണ്. ജീവിതം ഏതാനും ദിവസങ്ങള്‍ക്ക് മാത്രമുള്ളതാണ്. മാധ്യമങ്ങളും വളരെ തുച്ഛമാണ്. നമ്മളില്‍ 100 വയസ്സ് തികഞ്ഞവര്‍ വളരെ പരിമിതമായിരിക്കും. പിന്നെന്തിനാണ് നമ്മള്‍ സമയം പാഴാക്കുന്നത്.? ചരിത്രത്തെ എന്തിനാണ് നാശനഷ്ടങ്ങള്‍ക്ക് വിനിയോഗിക്കുന്നത്.? അവകള്‍ ശരിയായ സ്ഥാനങ്ങളില്‍ ഉപയോഗിച്ച് ചരിത്രത്തെ മുന്നോട്ട് നീക്കുവാനും രാജ്യത്തെ ഐശ്വര്യത്തിലേക്ക് നയിക്കുവാനും നാം പരിശ്രമിക്കുക. പഴയ കാര്യങ്ങള്‍ പറഞ്ഞ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരെയും സന്തോഷിപ്പിക്കുന്നവരല്ല. അവരുടെ ആളുകള്‍ക്ക് പോലും സന്തോഷം നിലനില്‍ക്കുന്നതല്ല. ഇതിലൂടെ ജീവിതത്തിന്‍റെ വസന്തങ്ങളും ഇന്ത്യയുടെ നാമങ്ങള്‍ തന്നെയും മോശമാക്കും. ഈ രാജ്യത്ത് ഉത്തമ വ്യക്തിത്വങ്ങളും പരിഷ്കര്‍ത്താക്കളും സാമൂഹിക സേവകരും ഉണ്ടായിട്ടില്ല, ഉണ്ടാകുന്നതുമല്ല എന്ന വിചാരം ലോകം മുഴുവന്‍ വ്യാപകമാകും. അതെ, ഇന്ത്യയെന്ന് കേട്ടാല്‍ ജനങ്ങളെ കൊല്ലുകയും, കുഞ്ഞുങ്ങളെ തീയിലിട്ട് ചുടുകയും, മനുഷ്യന്‍റെ സമ്പാദ്യങ്ങള്‍ വിറക് പോലെ കത്തിക്കുകയും, യാത്ര ചെയ്യുന്ന സാധുക്കളെ അഗ്നിയ്ക്ക് ഇരയാക്കുകയും ചെയ്യുന്ന നാടാണെന്ന ചിത്രം, ലോകം മുഴുവന്‍ വ്യാപകമാകും. ഇത്തരമൊരു ചിത്രം ഈ രാജ്യത്തിന് തല്ലതാണോ മോശമാണോ എന്ന് ചിന്തിക്കുക. നമ്മള്‍ ചന്ദ്രനിലും നക്ഷത്രങ്ങളിലും എത്തിയാലും സാഹോദര്യമുള്ള മനുഷ്യനായില്ലെങ്കില്‍ ഒരു പുരോഗതിയും പ്രാപിച്ചിട്ടില്ല എന്ന് നാം മനസ്സിലാക്കുക. ഇന്ത്യയുടെ പ്രഗത്ഭ ചിന്തകനായ ശ്രീ. രാധാകൃഷ്ണനോട് ലണ്ടനില്‍ വെച്ച് ഒരു ഇന്ത്യക്കാരന്‍ ഇന്ത്യയുടെ മഹത്വങ്ങള്‍ പാടി പുകഴ്ത്തി. കേട്ടതിന് ശേഷം അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കുക. നാം വെള്ളത്തില്‍ മത്സ്യങ്ങളെ പോലെ നീന്തുവാനും അന്തരീക്ഷത്തില്‍ പറവകളെ പോലെ പറക്കുവാനും കഴിവുള്ളവരായെങ്കിലും ഭൂമിയില്‍ മനുഷ്യരെ പോലെ ജീവിക്കാന്‍ പഠിക്കുകയും പരിശ്രമിക്കുകയും ചെയ്തില്ലായെങ്കില്‍ നമ്മുടെ പുരോഗതികള്‍ കൊണ്ട് യാതൊരു ഗുണവുമില്ല. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. ദാകിര്‍ ഹുസൈന്‍ ജാമിഅ: മില്ലിയ്യയുടെ 50-ാം വാര്‍ഷികത്തില്‍ പ്രൗഢമായ ഒരു പ്രഭാഷണം നടത്തി. അത് നേരിട്ട് കേള്‍ക്കാന്‍ എനിക്ക് കഴിഞ്ഞു. അദ്ദേഹം പറഞ്ഞു. ഈ രാജ്യത്ത് ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളും, പടച്ചവന്‍ നമ്മില്‍ നിന്ന് നിരാശപ്പെട്ടിട്ടില്ല, ഇപ്പോഴും വലിയ പ്രതീക്ഷയിലാണ് എന്ന് വിളിച്ചറിയിക്കുന്നു. കാരണം പടച്ചവന്‍ നിരാശപ്പെട്ടിരുന്നുവെങ്കില്‍ സന്താനങ്ങളെ അയയ്ക്കുന്ന പ്രക്രിയ നിര്‍ത്തിക്കളയുമായിരുന്നു. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ലോകത്തിന് മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ വിളിച്ചറിയിക്കുന്നത് നമുക്ക് പരസ്പരം ഒരുമിച്ച് സഹകരണത്തോടെ ജീവിക്കുക സാധ്യമല്ല എന്നാണ്. ഈ അവസ്ഥ ഈ രാജ്യത്തിനും ഈ രാജ്യത്തെ സ്നേഹിക്കുന്ന ആളുകള്‍ക്കെല്ലാം അത്യന്തം വേദന പകരുന്ന കാര്യം തന്നെയാണ്.
No comments:
Post a Comment