Thursday, July 18, 2019

🔖 വിശ്വാസം 🔖 ആരാധന 🔖 സംസ്കരണം ✒ -മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


🔖 വിശ്വാസം
🔖 ആരാധന
🔖 സംസ്കരണം
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(ഗ്രന്ഥ പരിചയം)
https://swahabainfo.blogspot.com/2019/07/blog-post_17.html?spref=tw
(അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമായ അല്‍ അഖ്വീദത്തു, വല്‍ ഇബാദത്തു, വസ്സുലൂക് (ദസ്തൂറേ ഹയാത്ത്) എന്ന ഗ്രന്ഥത്തിന്‍റ ഉപസംഹാരത്തില്‍ മഹാനവര്‍കള്‍ കുറിച്ച സുപ്രധാന വസിയ്യത്തുകള്‍.!)
സ്വന്തം സംസ്കരണവും വിജയ-പുരോഗതികളും നിഷ്കളങ്കമായി ആഗ്രഹിക്കുകയും ആത്മാവിന്‍റെ ചതിക്കുഴികളില്‍ കുടുങ്ങിക്കിടക്കാതിരിക്കുകയും ഈമാന്‍-ഇഹ്സാനുകളുടെ സമുന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ കൊതിക്കുകയും, അല്ലാഹുവിന്‍റെ മഹത്തായ സാമീപ്യവും തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സമ്പൂര്‍ണ അനുധാവനവും കരസ്ഥമാക്കാന്‍ തയ്യാറാവുകയും ചെയ്യുന്നവര്‍ക്ക്, ദീനുല്‍ ഇസ്ലാമിന്‍റെ വിവേചന പ്രത്യേകതകള്‍, ശരിയായ ഇസ്ലാമിക വിശ്വാസങ്ങള്‍, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇബാദത്തുകള്‍ നിര്‍വ്വഹിച്ച രീതികള്‍, വിവിധ പതിവുകള്‍ നിര്‍വ്വഹിക്കുമ്പോഴുള്ള നബവീ ദിക്ര്‍-ദുആകള്‍, അല്ലാഹുവിന്‍റെ പാതയിലുള്ള പോരാട്ടം, ഇലാഹീ വാക്യം ഉയര്‍ത്താനുള്ള ത്യാഗ പരിശ്രമങ്ങള്‍, സ്വഭാവ ശുദ്ധീകരണം, നബവീ തിരുഗുണങ്ങള്‍, മാതൃകാ പുരുഷനെ തയ്യാറാക്കാന്‍ പര്യാപ്തമായ ആയത്ത്-ഹദീസുകള്‍ എന്നീ വിഷയങ്ങള്‍ വിവരിക്കപ്പെട്ട ഈ രചന, അല്ലാഹുവിന്‍റെ തൗഫീഖുണ്ടായാല്‍ വളരെ ഉപകരിക്കുന്നതാണ്. അല്ലാഹു അരുളുന്നു: 'നമ്മുടെ വഴിയില്‍ (നമുക്കുവേണ്ടി) ത്യാഗ-പരിശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് തീര്‍ച്ചയായും നമ്മുടെ വഴികള്‍ നാം കാണിച്ചുകൊടുക്കുന്നതാണ്. അല്ലാഹു ഗുണവാന്മാരോടൊപ്പമത്രെ! 
ഇവിടെ അനുവാചകര്‍ക്ക് ന്യായമായ ഒരു സംശയമുദിക്കാന്‍ സാധ്യതയുണ്ട്. ഈ പറയപ്പെട്ട വിഷയങ്ങളൊന്നും പുതിയ കാര്യങ്ങളല്ല. ഓരോ മുസ്ലിമിന്‍റെയും ജീവിത ഭാഗമായ പരിശുദ്ധ ഖുര്‍ആനിന്‍റെയും പ്രചുരപ്രചാരം നേടിയ ഹദീസ് ഗ്രന്ഥങ്ങളുടെയും താളുകളില്‍ ചിതറി കിടക്കുന്ന കാര്യങ്ങളാണ്. മുന്‍ഗാമികളും പിന്‍ഗാമികളുമായ ആധികാരിക പണ്ഡിതരായ പലരും ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അതില്‍ പല രചനകളും ഗ്രന്ഥകാരന്‍ തന്നെ തുടക്കത്തില്‍ അനുസ്മരിച്ചിട്ടുമുണ്ട്. അവ ആധുനിക അഭിരുചിക്ക് ഇണങ്ങിയ നിലയില്‍ സംഗ്രഹിക്കുകയല്ലാതെ നവനൂതന അറിവുകളൊന്നും ഇതില്‍ അടക്കം ചെയ്തിട്ടില്ല. അതുകൊണ്ട് ഈ വിഷയങ്ങള്‍ പ്രയോഗവല്‍ക്കരിക്കാനും ഇതിന്‍റെ ലക്ഷ്യത്തിലെത്തിച്ചേരുന്നതിനുമുള്ള വഴിയെന്ത്.? പ്രത്യേകമായ പതിവുകള്‍ക്കനുസൃതമായി നീങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തില്‍ ഈമാനിക ഗുണങ്ങളും ഇസ്ലാമിക സ്വഭാവങ്ങളും ഉണ്ടാക്കിയെടുക്കാന്‍ എന്തു ചെയ്യണം.? പ്രയോജനം അനുഭവമാക്കുകയും മനസ്സിന് സമാധാനം പകരും വിധം മാറ്റം പ്രകടമാക്കുകയും ചെയ്യാന്‍ എവിടെ നിന്ന് തുടങ്ങണം.? എന്തിനെ മുന്തിക്കണം.? മഹത്തായ ഒരു ചോദ്യവും ആഗ്രഹവുമാണിത്. ഇതിന് മറുപടിയെന്നോണം ഏതാനും അനുഭവങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കുകയാണ്. മനക്കരുത്ത്, ദൃഢനിശ്ചയം, യാഥാര്‍ത്ഥ്യബോധം, ഉദ്ദേശ്യശുദ്ധി എന്നീ മഹദ് ഗുണങ്ങള്‍ അല്ലാഹു കനിഞ്ഞരുളിയ അനുവാചകര്‍ക്ക് ഇവ നല്ല ഫലം ചെയ്യുമെന്നാണ് പ്രതീക്ഷ. 
ആദ്യമായി പറയട്ടെ, ഈ ഗ്രന്ഥത്തെ നമ്മുടെ ജീവിത പദ്ധതിയും വിശ്വാസ കര്‍മ്മങ്ങളുടെ വഴികാട്ടിയുമായി സ്വീകരിക്കാന്‍ തയ്യാറാവുക. മറ്റാര്‍ക്കും പങ്കില്ലാത്ത വിശിഷ്ടമായ അറിവുകള്‍ നല്‍കപ്പെട്ട ഒരു മഹാ ഗവേഷകന്‍റെയോ പണ്ഡിത വര്യന്‍റെയോ ഗ്രന്ഥമാണ് ഇതെന്ന നിലയിലല്ല. ഇത് തീര്‍ത്തും വാസ്തവ വിരുദ്ധമാണ്. ഗ്രന്ഥകാരന് തന്‍റെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് നല്ല ബോധമുണ്ട്. മുഴുവന്‍ മുസ്ലിംകളും വിശിഷ്യാ, അഹ്ലുസ്സുന്നത്തി വല്‍ജമാഅത്ത് ഏകോപിപ്പിച്ചിട്ടുള്ള അത്യാവശ്യവും അടിസ്ഥാനപരവുമായ വിഷയങ്ങള്‍ ഈ രചനയില്‍ സമ്മേളിച്ചിട്ടുണ്ട് എന്നതിനാലാണ് അങ്ങനെ പറഞ്ഞത്. അതുകൊണ്ട്, വായനയുടെ രസത്തിനോ ഗ്രന്ഥകാരനെ അളക്കാനോ ഈ ഗ്രന്ഥം വായിക്കാതെ ഇതിലുള്ള കാര്യങ്ങള്‍ പഠിച്ചു പകര്‍ത്തുക. 
ഇനി ചോദ്യത്തിന്‍റെ ഉത്തരത്തിലേക്ക് കടക്കട്ടെ. നമ്മുടെ കര്‍മ്മ സരണിയാക്കാന്‍ പര്യാപ്തമായ ഏതാനും കാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു. ബഹുമാന്യ അനുവാചകരോടൊപ്പം ഗ്രന്ഥകാരനെയും ഉള്‍പ്പെടുത്തുകയാണ്. കാരണം, ഇക്കാര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഗ്രന്ഥാകരനും വലിയ ആവശ്യക്കാരനാണ്. 
1. അല്ലാഹുവും റസൂലും ദീനീ പ്രബോധനം ആരംഭിക്കാന്‍ തെരഞ്ഞെടുത്ത വിഷയം കൊണ്ടു തന്നെ, നമുക്കും ആരംഭിക്കാം. അതായത് ഏറ്റവും ആദ്യമായി നാം നമ്മുടെ വിശ്വാസം ശരിയാക്കുക. വിശ്വാസത്തില്‍ ഒരു തരത്തിലുമുള്ള നാശവും ബലഹീനതയും ഉണ്ടാക്കാന്‍ അനുവദിക്കാത്ത, പരിശുദ്ധ ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍, നമ്മുടെ വിശ്വാസങ്ങള്‍ നാം വിലയിരുത്തുക. കാരണം, ഖുര്‍ആന്‍ പരിശുദ്ധമായ ഒരു കണ്ണാടിയാണ്. അതില്‍ ശ്രദ്ധിച്ച് നോക്കിയാല്‍ ഓരോരുത്തര്‍ക്കും അവനവന്‍റെ രൂപം വ്യക്തമായി കാണാന്‍ കഴിയുന്നതാണ്. അല്ലാഹുവിന്‍റെ ഔദാര്യം കൊണ്ടു മാത്രം, ഖുര്‍ആനിക ബോധനങ്ങളുടെയും നബവീ അദ്ധ്യാപനങ്ങളുടെയും വെളിച്ചത്തില്‍ തീവ്രതയില്‍ നിന്നും ജീര്‍ണ്ണതയില്‍ നിന്നും സുരക്ഷിതരായ അഹ്ലുസ്സുന്ന ഉലമാഇന്‍റെ പഠനങ്ങളുടെ രത്നച്ചുരുക്കം ഈ ഗ്രന്ഥത്തില്‍ വന്നിട്ടുണ്ട്.
2. ഇസ്ലാമിന്‍റെ നാല് ഇബാദത്തുകള്‍ ബാഹ്യമായും ആന്തരികമായും പൂര്‍ത്തീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഈ വിഷയത്തില്‍ കഴിയുന്നത്ര റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മാതൃക സ്വീകരിക്കാന്‍ പരിശ്രമിക്കുക. അതിന്, പരിപൂര്‍ണ്ണ ശ്രദ്ധ-ഗൗരവങ്ങളോടുകൂടി തിരു സുന്നത്തുകള്‍ മനസ്സിലാക്കുക. കാരണം, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) എല്ലാ കാര്യങ്ങളിലും സമുന്നതവും സര്‍വ്വ സമ്പൂര്‍ണ്ണവുമായ മാതൃകയാണ്. ഇബാദത്തുകളുടെ കാര്യം മാത്രമല്ല, അവിടുത്തെ മുഴുവന്‍ ജീവിത ഭാഗങ്ങളെയും കുറിച്ച് അല്ലാഹു അറിയിക്കുന്നു: 'റസൂലുല്ലാഹിയുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്. അതായത്, അല്ലാഹുവിന്‍റെ തിരുദര്‍ശനവും പരലോക ജീവിതവും ആഗ്രഹിക്കുകയും അല്ലാഹുവിനെ അധികമായി സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക്.' 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അനുകരിക്കുന്നതിനനുസരിച്ച് നമ്മുടെ ഇബാദത്തുകള്‍ സമ്പൂര്‍ണ്ണവും സ്വീകാര്യവും തൃപ്തികരവും ആയിത്തീരുന്നതാണ്. ഇബാദത്തുകള്‍, ഇതര ദീനീ ബാധ്യതകള്‍, ദഅ്വത്ത്, ജിഹാദ് എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ചെറുതും വലുതുമായ സുന്നത്തുകളും പതിവുകളും ഹദീസ് ഗ്രന്ഥങ്ങളില്‍ സമ്പൂര്‍ണമായി ശേഖരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അതുല്യമായ ഒരു പ്രത്യേകതയാണിത്. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഇബാദത്തുകളുടെ രൂപ-രീതികള്‍ അനുസരിച്ചതിന് ശേഷം മറ്റൊരു കാര്യത്തില്‍ കൂടി നാം ശ്രദ്ധിക്കണം. പ്രസ്തുത ഇബാദത്തുകളില്‍ വിശിഷ്യാ, നമസ്കാരത്തില്‍ അതിന്‍റെ യാഥാര്‍ത്ഥ്യവും ആത്മാവും ശക്തിയും ഉണ്ടായിത്തീരണം. എന്നാല്‍, സ്വഭാവ-കര്‍മങ്ങളിലും വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തിലും അതിന്‍റെ പരിണിത ഫലങ്ങള്‍ പ്രകടമാകും. ഇലാഹീ സാമീപ്യത്തിലും യഖീന്‍-മഅ്രിഫത്ത്-മുഹബ്ബത്തുകളിലും വര്‍ദ്ധനവുണ്ടായിത്തീരും. 
3. അല്ലാഹുവിനോടുള്ള കടമയായ വിശ്വാസം, ഇബാദത്ത് എന്നിവ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ടത് സൃഷ്ടികളോടുള്ള കടമകളാണ്. ഇബാദത്തുകളിലെ വീഴ്ച്ചകള്‍ അല്ലാഹു മാപ്പാക്കിയേക്കാം. എന്നാല്‍ അടിമകളോടുള്ള കടമകളില്‍ വീഴ്ച വരുത്തിയാല്‍ അത് മാപ്പാക്കാനുള്ള അധികാരം അടിമയ്ക്ക് മാത്രമാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'ഏതെങ്കിലും സഹോദരനോടുള്ള കടമകളില്‍ വല്ല വീഴ്ചയും വരുത്തിയവന്‍, ദീനാറും ദിര്‍ഹമും ഒന്നും ഉണ്ടാകാത്ത ദിവസത്തിന് മുമ്പ് തന്നെ അത് മാപ്പ് ചെയ്യിപ്പിച്ചുകൊള്ളട്ടെ.! അന്ന്, വാദിയുടെ അവകാശത്തിന് അനുസൃതമായി പ്രതിയുടെ നന്മകള്‍ എടുത്തു കൊടുക്കുന്നതാണ്. നന്മകള്‍ ഒന്നുമില്ലെങ്കില്‍ വാദിയുടെ തിന്മകള്‍ പ്രതിയുടെ ചുമലില്‍ ചുമത്തുന്നതാണ്.' 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'ശഹീദിന്‍റെ പാപങ്ങളെല്ലാം മാപ്പാക്കപ്പെടും, കടം ഒഴികെ.' ഒരിക്കല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു: 'ദരിദ്രന്‍ ആരാണ്.? സ്വഹാബത്ത് പറഞ്ഞു: 'പണവും പണ്ടവും ഇല്ലാത്തവനാണ് ദരിദ്രന്‍.' റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'എന്‍റെ സമുദായത്തിലെ ദരിദ്രന്‍ ഒരാളാണ്. അവന്‍ ഖിയാമത്ത് നാളില്‍ നമസ്കാരം, നോമ്പ് മുതലായ നന്മകളുമായി വരും. എന്നാല്‍ അവന്‍ ആരെയെങ്കിലും ചീത്ത വിളിക്കുകയും മറ്റൊരാളെക്കുറിച്ച് അപവാദം പറയുകയും വേറൊരാളുടെ സമ്പത്ത് അപഹരിക്കുകയും മറ്റു ചിലരുടെ രക്തം ചിന്തുകയും വേറെ ചിലരെ മര്‍ദ്ദിക്കുകയും ചെയ്തു കാണും. ഖിയാമത്ത് നാളില്‍ ഇവര്‍ക്കെല്ലാം അവന്‍റെ നന്മകള്‍ എടുത്തു നല്‍കപ്പെടും. അവസാനം നന്മകള്‍ തീരും. പക്ഷേ, പരാതി ബാക്കിയാകും. അപ്പോള്‍ അവരുടെ തിന്മകള്‍ ഇവന്‍റെ മേല്‍ ചുമത്തപ്പെടും, പിന്നീട് നരകത്തിലേക്ക് എറിയപ്പെടും.' 
ഖുര്‍ആന്‍ ആയത്തുകള്‍ ശരിവെയ്ക്കുന്ന സ്വഹീഹായ ഈ ഹദീസുകളുടെ വെളിച്ചത്തില്‍ നിഷ്പക്ഷവും നിഷ്കളങ്കവുമായ നിലയില്‍ നമ്മുടെ കഴിഞ്ഞതും നിലവിലുള്ളതുമായ അവസ്ഥകള്‍ നിരൂപണം ചെയ്യുക. കടം, ക്രയവിക്രയങ്ങള്‍. പങ്കായ സ്വത്തുക്കള്‍, അനന്തര സമ്പത്ത്, അഭിമാനക്ഷതം, അപവാദം, പരദൂഷണം എന്നീ വിഷയങ്ങളില്‍ വല്ല ബാധ്യതയും നമ്മുടെ മേല്‍ അവശേഷിക്കുന്നുണ്ടോ എന്ന് ചിന്തിക്കുക. ഉണ്ടെങ്കില്‍, ഈ ലോകത്ത് വെച്ചുതന്നെ അത് ശരിയാക്കുക. ഒന്നുകില്‍ അവകാശം കൊടുത്തു വീട്ടുക. അല്ലെങ്കില്‍ പരിപൂര്‍ണ്ണ മനസ്സോടെ മാപ്പാക്കിക്കുക. പരസ്പര ബാധ്യതകളുടെ വിഷയത്തില്‍ നമ്മില്‍ നിന്നും വലിയ പാളിച്ചകള്‍ സംഭവിക്കാറുണ്ട്. അതില്‍ പലതും നാം ഗൗനിക്കാതെ ഇന്നും നമ്മുടെ മേല്‍ അവശേഷിക്കുന്നുമുണ്ട്. ഈ പ്രശ്നം അതീവ ഗൗരവമുള്ളതാണെന്നും മുന്‍ഗണന കൊടുത്ത് പരിഹരിക്കേണ്ടതാണെന്നും ഉപരിസൂചിത ഹദീസുകള്‍ ഉണര്‍ത്തുന്നു. ഈ അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പഠിക്കലും പാലിക്കലും അത്യാവശ്യമാണ്. 
4. ഇവക്ക് ശേഷം, സ്വഭാവം സംസ്കരിക്കാനും ആത്മാവ് ശുദ്ധീകരിക്കാനും മനസ്സില്‍ നിന്നും മാലിന്യങ്ങള്‍ ദൂരീകരിച്ച് നന്‍മകള്‍ കൊണ്ട് അലങ്കരിക്കാനും പരിശ്രമിക്കുക. കാരണം, നബവീ അദ്ധ്യാപനങ്ങള്‍ പ്രയോജനപ്പെടുത്തുകയും 'ഇലാഹീ നിറം കൊണ്ട് നിറം കൊള്ളുകയും ചെയ്യുന്ന വഴിയില്‍, വലിയ ഒരു മറയാണ് ദുഃസ്വഭാവങ്ങള്‍. ഇതിലൂടെ മനുഷ്യന്‍ മനോഛയുടെ ഇരയും പിശാചിന്‍റെ കളിപ്പാട്ടവുമായി മാറുന്നതാണ്. ദീനീ വിഷയത്തില്‍ അപകടത്തിലും നാശത്തിലും അകപ്പെടുത്തുന്ന പ്രധാന നിമിത്തമാണിത്. അല്ലാഹു ചോദിക്കുന്നു: 'സ്വന്തം മനോഛയെ ആരാധ്യവസ്തുവാക്കിയ വ്യക്തിയെ താങ്കള്‍ കണ്ടിട്ടുണ്ടോ.? 
ഈ വിഷയത്തില്‍ ഖുര്‍ആനും സുന്നത്തും ഒരു അളവുകോലായി നാം സ്വീകരിക്കുക. ആത്മ സ്വഭാവ ശുദ്ധീകരണത്തില്‍ അവയുടെ വചനങ്ങളെ വിധികര്‍ത്താവായി സ്വീകരിക്കുക. മനുഷ്യന്‍ എത്ര വലിയ ദൂരദര്‍ശിയും സൂക്ഷ്മ ദൃക്കുമായിരുന്നാലും ശരി, കണ്ണാടിയില്‍ മാത്രമേ സ്വന്തം മുഖം കാണാന്‍ കഴിയൂ. അഹന്ത, അസൂയ, അത്യാഗ്രഹം, ദുര്‍മോഹം, പിശുക്ക്, ഉള്‍പോര്, ശത്രുത. ഭൗതിക സ്നേഹം, പണപ്രേമം. സഹോദരന്‍മാരെ നിന്ദിക്കല്‍ മുതലായ തന്‍റെ മാനസിക രോഗങ്ങളെ തിരിച്ചറിയുകയും അതിനെ ആത്മ ശത്രുവിനെ പോലെ നേരിടുകയും ചെയ്യുന്നവന്‍ വലിയ ഭാഗ്യവാനാണ്. റബ്ബാനിയ്യായ ആലിമുകളെ കണ്ടെത്തിയവനും മഹാഭാഗ്യശാലിയാണ്. കാരണം, നമ്മുടെ രഹസ്യരോഗങ്ങള്‍ അവര്‍ ഉണര്‍ത്തുകയും അതില്‍ നിന്നുള്ള രക്ഷാമാര്‍ഗം ചൂണ്ടിക്കാണിക്കുകയും അതിനുള്ള ലളിതമായ കര്‍മഫലം വരച്ചു കാണിക്കുകയും ചെയ്യും. മറുഭാഗത്ത്, അവരുടെ ആത്മീയപ്രകാശം രോഗിയുടെ അകത്തളങ്ങളില്‍ പ്രവേശിക്കും. അവരുടെ മഹനീയ ഗുണങ്ങള്‍ ശിഷ്യരില്‍ പ്രതിധ്വനിക്കും. അവരുടെ സൂക്ഷ്മ ജീവിതത്തില്‍ നിന്നും നിരവധി ഗുണപാഠങ്ങള്‍ ലഭിക്കുന്നതുമാണ്. ഇക്കാരണത്താല്‍, ആത്മശുദ്ധീകരണത്തിനുള്ള ഏറ്റവും എളുപ്പ ചികിത്സയായി മഹാന്മാരുമായുള്ള സഹവാസത്തെ മുന്‍കാലഘട്ടത്തില്‍ ഗണിക്കപ്പെട്ടിരുന്നു. വലിയ വലിയ പണ്ഡിതപടുക്കള്‍ റബ്ബാനികളായ ആത്മീയ ചികിത്സകരെ അന്വേഷിച്ചിരുന്നു. ചിലപ്പോള്‍, ഇത്തരം മഹാത്മാക്കള്‍ അറിവില്‍ ശിഷ്യരേക്കാള്‍ താഴ്ന്നവരായിരിക്കും. കാരണം, അവരുടെ സഹവാസ-സദസ്സുകളിലൂടെ ലഭിക്കുന്ന കാര്യങ്ങള്‍ ആത്മീയ ശിക്ഷണത്തിന് വലിയ സഹായവും മനസ്സിന്‍റെയും പിശാചിന്‍റെയും കേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാധ്യമവുമായിരുന്നു. ഇമാം അഹ്മദുബ്നു ഹമ്പല്‍ (റ) ന്‍റെ മകന്‍ ഒരിക്കല്‍ പിതാവിനോട് പരാതി പറഞ്ഞു: 'താങ്കളെക്കാള്‍ അറിവില്‍ കുറഞ്ഞവരും താങ്കളുടെ ശിഷ്യന്മാരാകാന്‍ യോഗ്യരുമായ ചിലരുടെ ഉപദേശ-സദസ്സുകളില്‍ താങ്കള്‍ പങ്കെടുക്കുന്നതു കണ്ട് എനിക്ക് ലജ്ജ തോന്നുന്നു. ചിലപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഇത് തെറ്റിദ്ധാരണ സൃഷ്ടിക്കും.' മഹാനായ ഇമാം പ്രതിവചിച്ചു: 'മകനേ, മനസ്സിന് പ്രയോജനമുള്ള സദസ്സില്‍ മാത്രമേ മനുഷ്യന്‍ ഇരിക്കാറുള്ളൂ.' 
ഇത്തരം മഹാത്മാക്കള്‍ എല്ലാ കാലഘട്ടത്തിലും ഉണ്ടാകാറുണ്ടെങ്കിലും എന്തെങ്കിലും കാരണത്താല്‍ ഒരാള്‍ക്ക് ഈ മഹാത്മാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, അദ്ദേഹം സ്വന്തം മനസ്സിന്‍റെ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഒരു ഉള്‍ക്കാഴ്ചയുള്ള നിരൂപകനും നിഷ്പക്ഷനായ ചികിത്സകനുമായി മാറി മനസ്സിനെ വിലയിരുത്തി സ്വന്തം ന്യൂനതകളും രോഗങ്ങളും തിരിച്ചറിയാന്‍ പരിശ്രമിക്കും. അല്ലാഹു അരുളുന്നു: 'തന്നെയുമല്ല മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും. അവന്‍ ഒഴിവുകള്‍ സമര്‍പ്പിച്ചാലും ശരി. 
ഇന്‍ശാഅല്ലാഹ്, നാളുകളായി അതില്‍ വെള്ളം കെട്ടിക്കിടന്നത് കാരണം ജീവിത മണ്ഡലങ്ങളില്‍ മുഴുവന്‍ ദുര്‍ഗന്ധം പരത്തിക്കൊണ്ടിരുന്ന സ്വന്തം മനസ്സിലെ ആഴം നിറഞ്ഞ കുണ്ടുകളെ അദ്ദേഹത്തിന് വ്യക്തമാകും. തുടര്‍ന്ന് ഖുര്‍ആന്‍-സുന്നത്തുകളുടെ വചനങ്ങളുടെയും റബാനീ ഉലമാഇന്‍റെ അനുഭവ-നിര്‍ദേശങ്ങളുടെയും വെളിച്ചത്തില്‍ അത് ചികിത്സിക്കുക. പണ്ഡിത മഹത്തുക്കള്‍ ഈ വിഷയത്തില്‍ ധാരാളം രചനകള്‍ നടത്തിയിരുന്നു. ആയിരമായിരം മുസ്ലിംകള്‍ അത് പ്രയോജനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഉദാഹരണത്തിന്, ഇമാം ഗസ്സാലി (റ) യുടെ 'ഇഹ്യാ ഉലൂമുദ്ദീന്‍' (നാശകരമായ ദുര്‍ഗുണങ്ങളെക്കുറിച്ചുള്ള വിവരണഭാഗം), അല്ലാമാ ഇബ്നുല്‍ ജൗസിയുടെ 'തല്‍ബീസ് ഇബ്ലീസ്' (വിശിഷ്യാ അതിന്‍റെ 6,8,12 അധ്യായങ്ങള്‍), അല്ലാമാ ഇബ്നുല്‍ ഖയ്യിമിന്‍റെ 'ഇഗാസതുല്ലഹ്ഫാന്‍' (വിശിഷ്യാ മഖാഇദുശ്ശൈത്വാന്‍ ബാബിലെ പതിമൂന്നാം പാഠം) 'മദാരിജുസ്സാലികീന്‍,' അല്ലാമാ ഇബ്നു റജബിന്‍റെ 'ജാമിഉല്‍ ഉലൂമി വല്‍ഹികം, സയ്യിദ് അഹ്മദ് ശഹീദിന്‍റെ 'സിറാത്തുല്‍ മുസ്തഖീം,' മൗലാനാ അശ്റഫ് അലി ത്ഥാനവിയുടെ 'തര്‍ബിയതുസ്സാലിക' എന്നീ രചനകളെക്കുറിച്ച് പ്രത്യേകം അഭിപ്രായപ്പെടുന്നു. 
ദിക്ര്‍-ദുആകളുടെ ആധിക്യം, അപകടകരമായ ആത്മീയ രോഗങ്ങളുടെ നാശം നിറഞ്ഞ പരിണിതികളെക്കുറിച്ചുള്ള ഭയം, സ്വന്തം ആത്മാവിനെ കുറിച്ച് സമാധാനമില്ലായ്മ, മതിമറപ്പിക്കുന്ന കാര്യങ്ങള്‍, മതിമറന്നവര്‍, ആത്മീയ രോഗത്തില്‍ കുടുങ്ങിയവര്‍, തിന്മകളെക്കുറിച്ചുള്ള ന്യായീകരണത്തിലും പൈശാചിക തന്ത്രങ്ങളിലും മുഴുകിയവര്‍ മുതലായവരുടെ സഹവാസത്തില്‍ നിന്നും സൂക്ഷ്മത എന്നീ കാര്യങ്ങള്‍ ഈ വിഷയത്തില്‍ വളരെ പ്രയോജനകരമാണ്. അല്ലാഹു അരുളുന്നു: 'പരമകാരുണികന്‍റെ സ്മരണയില്‍ നിന്നും അശ്രദ്ധരായവരുടെ മേല്‍ ഒരു പിശാചിനെ നാം നിശ്ചയിക്കും. അവന്‍ അവന്‍റെ സുഹൃത്തായി മാറുന്നതാണ്.' 
വിശ്വാസ ശുദ്ധീകരണം, ഇബാദത്തുകളില്‍ കൃത്യത, ആത്മ സംസ്കരണം എന്നിവക്ക് ശേഷം നമ്മുടെ ജീവിതം മുഴുവനും രാവും പകലും, പ്രഭാതവും പ്രദോഷവും, സ്വഭാവവും ഇടപാടുകളും, പതിവുകളും ശൈലികളും കഴിയുന്നത് പ്രവാചക മാതൃകയിലാക്കുക. അതിന്, പ്രവാചക മഹച്ചരിതം പാരായണം ചെയ്യുന്നത് പതിവാക്കുക. അതിലെ ഗുണങ്ങള്‍ കഴിവിന്‍റെ പരമാവധി അനുകരിക്കാന്‍ പരിശ്രമിക്കുക. എന്നാല്‍ അല്ലാഹുവിന്‍റെ ഈ വാഗ്ദാനത്തിന്‍റെ ചെറിയ ഒരംശമെങ്കിലും നമുക്കും ലഭിക്കുന്നതാണ്; 'നബിയേ പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. എന്നാല്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യുന്നതാണ്. 
5. നമസ്കാരം, നോമ്പ്, സകാത്ത് എന്നീ മൂന്ന് നിര്‍ബന്ധ ബാധ്യതകളുടെ ആവശ്യമായ നിയമരീതികളും, വാജിബ്-സുന്നത്തുകളും, ശരിയും തെറ്റും, അനുവദനീയവും നിഷിദ്ധവും അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമാണ്. വിശിഷ്യാ നമ്മുടെ ജീവിത മാര്‍ഗമെന്നോണം തിരഞ്ഞെടുത്തിരിക്കുന്ന ക്രയ-വിക്രയങ്ങളെക്കുറിച്ച് മനസ്സിലാക്കല്‍, അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും പരലോക ചിന്തയുമുള്ള ഒരു മുസ്ലിമിന് അത്യന്താപേക്ഷിതമാണ്. ഇതിനുവേണ്ടി പരിഗണനീയരും അഗാധ ജ്ഞാനികളുമായ പണ്ഡിതര്‍ ചിന്തിച്ചിട്ടുള്ളതും അതാത് കാലത്തെ ആധികാരിക പണ്ഡിതര്‍ പ്രാമാണികമായി കാണുന്നതുമായ ഒരു ഫിഖ്ഹ് ഗ്രന്ഥം സദാ പാരായണം ചെയ്യേണ്ടതാണ്. 
6. വുദു, മസ്ജിദ് പ്രവേശനം, ഉറക്കം, വിസര്‍ജ്ജന സ്ഥലത്തേക്ക് പോകല്‍-വരല്‍, ഉറക്കം, ഉണര്‍വ്, പ്രഭാതം, പ്രദോഷം, യാത്ര, മടക്കം മുതലായ ഘട്ടങ്ങളില്‍ ചൊല്ലേണ്ടതായി സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുള്ള ദുആകള്‍ നമ്മില്‍ പലരും ചൊല്ലാറുണ്ട്, എന്നാല്‍, ഇവയെക്കുറിച്ച് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വിവരിച്ചിട്ടുള്ള മഹത്വങ്ങളും പ്രതിഫലങ്ങളും അല്ലാഹുവിങ്കലുള്ള വിലയും നിലയും പരലോകത്തെ പ്രയോജനങ്ങളും നമ്മില്‍ പലരും ഗൗനിക്കാറില്ല. അശ്രദ്ധമായിട്ടോ പതിവെന്നോണമോ പുത്തന്‍ ശൈലിയില്‍ പറഞ്ഞാല്‍, ടേപ്പ് റിക്കാര്‍ഡര്‍ മോഡലിലോ ആണ് ഇവ പറയാറുള്ളത്. എന്നാല്‍, പ്രതിഫലത്തെക്കുറിച്ചുള്ള ഉറപ്പും ആഗ്രഹവും ഉണ്ടായിരിക്കല്‍, നിര്‍ബന്ധവും പ്രസിദ്ധവുമായ ചില ഇബാദത്തുകളില്‍ പോലും നിബന്ധനയാക്കപ്പെട്ടിട്ടുണ്ട്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'അല്ലാഹുവിന്‍റെ വാഗ്ദാനങ്ങളില്‍ ഉറപ്പിച്ചും പ്രതിഫലം ആഗ്രഹിച്ചും കൊണ്ട് ഒരാള്‍ റമദാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്‍റെ മുന്‍ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. അല്ലാഹുവിന്‍റെ വാഗ്ദാനങ്ങളില്‍ ഉറപ്പിച്ചും പ്രതിഫലം കാംക്ഷിച്ചും കൊണ്ട് ലൈലത്തുല്‍ ഖദ്റില്‍ ഒരാള്‍ ഇബാദത്തുകള്‍ അനുഷ്ഠിച്ചാല്‍ അവന്‍റെ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. 
ഇബാദത്തു (ആരാധന) കളുടെയും ആദത്തു (പതിവു) കളുടെയും ഇടയില്‍ വേര്‍തിരിക്കുന്ന ഈ പ്രധാന നിബന്ധനയെ പലരും ഗൗനിക്കാറില്ല. തല്‍ഫലമായി നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് മുതലായ പ്രധാന ഇബാദത്തുകള്‍ അടക്കം പല ഇബാദത്തുകളും, ആത്മാവ് നഷ്ടപ്പെട്ട 'ഈമാനും ഇഹ്തിസാബും (വിശ്വാസവും പ്രതിഫലേഛയും) ഇല്ലാത്ത വെറും രൂപവും ചടങ്ങും പതിവുമായി മാറിയിരിക്കുന്നു. 
ബഹുമാന്യരായ സ്വഹാബത്ത്, മഹാത്മാക്കള്‍, റബ്ബാനീ ഉലമാക്കള്‍ ഇവരുടെയും പൊതുജനങ്ങളുടെയും ഇടയിലുള്ള വലിയ വ്യത്യാസവും ഇതുതന്നെ. ഓരോ കര്‍മത്തിന്‍റെയും മഹത്വങ്ങള്‍ അവര്‍ ഗൗനിച്ചിരുന്നു. അതിന്‍റെ പ്രതിഫലത്തെക്കുറിച്ചുള്ള ഈമാനും യഖീനും അവരുടെ മനസ്സിലും മസ്തിഷ്കത്തിലും പരന്നിരുന്നു. അല്ലാഹുവിങ്കല്‍ അതിനുള്ള വിലയെയും നിലയെയും കുറിച്ചുള്ള ആഴമേറിയ ബോധത്തോടെയും ഹൃദയാടിവാരത്തില്‍ നിന്നുള്ള ആവേശത്തോടെയും അവര്‍ അത് ചെയ്തിരുന്നു. ഉദാഹരണത്തിന്, രാവും പകലും പല പ്രാവശ്യം ചെയ്യുകയും നമ്മില്‍ പലര്‍ക്കും ഒരു ചടങ്ങും യാന്ത്രിക കര്‍മവുമായി മാറുകയും ചെയ്ത ഒന്നാണ് വുദൂഅ്. എന്നാല്‍ ഓരോ പ്രാവശ്യം വുദൂ ചെയ്യുമ്പോഴും അവരുടെ മനസ്സില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഈ വചനങ്ങള്‍ മുഴങ്ങിയിരുന്നു. 'സത്യവിശ്വാസിയായ ഒരടിമ വുദൂ ചെയ്യുമ്പോള്‍, മുഖം കഴുകുന്ന സന്ദര്‍ഭത്തില്‍, കണ്ണുകൊണ്ട് നോക്കിയ പാപങ്ങള്‍ അവനില്‍ നിന്നും പൊഴിഞ്ഞ് വീഴുന്നതാണ്. കൈ കഴുകുമ്പോള്‍, കൈ കൊണ്ട് പിടിച്ച പാപങ്ങളെല്ലാം അവനില്‍ നിന്നും പൊഴിഞ്ഞ് പോകുന്നതാണ്. അവസാനം പാപങ്ങളില്‍ നിന്നും പരിശുദ്ധനായ നിലയില്‍ അവന്‍ വുദൂവില്‍ നിന്നും വിരമിക്കുന്നതാണ്.' 
നേരില്‍ കാണുന്ന കാര്യങ്ങളെപ്പോലെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അറിയിച്ച കാര്യങ്ങള്‍ അവര്‍ വിശ്വസിച്ചുറപ്പിച്ചിരുന്നു. ഓരോ കര്‍മ്മത്തിനും വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലം കാംക്ഷിച്ചുകൊണ്ട് അവര്‍ അനുഷ്ഠിച്ചിരുന്നു. സഹോദരന്മാരെ കാണുമ്പോഴുള്ള മുഖ പ്രസന്നത, പുഞ്ചിരി, ക്രയവിക്രയങ്ങള്‍ തുടങ്ങി ജീവിതത്തിന്‍റെ സകല മേഖലകളിലും അവര്‍ അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും ആഗ്രഹിച്ചിരുന്നു. തല്‍ഫലമായി അവരുടെ ആദത്തു (പതിവു) കള്‍ ഇബാദത്തു (ആരാധന) കളായി മാറിയിരുന്നു. നാമും നമ്മുടെ എല്ലാ കര്‍മ്മങ്ങളിലും ഈമാന്‍-ഇഹ്തിസാബുകളുടെ മഹദ്ഗുണം ഉണ്ടാക്കിയെടുത്താല്‍ അവയില്‍ അതിമഹത്തായ പ്രകാശ-ഐശ്വര്യങ്ങള്‍ അനുഭവപ്പെടുന്നതാണ്. പ്രധാന ഇബാദത്തുകളില്‍ മാത്രമല്ല, അനുവദനീയ സമ്പാദ്യം, ജോലി, കച്ചവടം, കൃഷി, ഇതര തൊഴിലുകള്‍ മുതലായ എല്ലാ കാര്യങ്ങളിലും ഉദ്ദേശ്യശുദ്ധി മുറുകെ പിടിക്കണം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'കര്‍മ്മങ്ങളുടെ അടിസ്ഥാനം നിയ്യത്തുകള്‍ (ഉദ്ദേശ്യങ്ങള്‍)ക്ക് മേലാകുന്നു. ഓരോരുത്തര്‍ക്കും അവനവന്‍ ഉദ്ദേശിച്ചത് ലഭിക്കും.' ഈ ഹദീസ് കൊണ്ടാണ് ഇമാം ബുഖാരി (റ) സമുന്നത ഹദീസ് ഗ്രന്ഥമായ 'സ്വഹീഹുല്‍ ബുഖാരി' ആരംഭിച്ചത്. ഈ ഹദീസ് ഇസ്ലാമിന്‍റെ അടിസ്ഥാന തത്വങ്ങളിലൊന്നത്രേ. ഇമാം ശാഫിഈ (റ) പറയുന്നു: 'വിജ്ഞാനത്തിന്‍റെ ഒരു ഭാഗമായ ഈ ഹദീസില്‍ നിന്നും എഴുപതോളം ഫിഖ്ഹീ വിഷയങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.' സകല കര്‍മ്മങ്ങളുടെയും സ്വീകാര്യതയുടെയും മഹിമയുടെയും അടിസ്ഥാനം അതിന്‍റെ പിന്നിലുള്ള പ്രേരകമായ ഉദ്ദേശ്യ-ലക്ഷ്യങ്ങളാണെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. ചെറിയ ഒരു വാചകത്തിലൂടെ ഇത്ര വലിയ ഒരു കാര്യം ഉണര്‍ത്തിയത് മുഹമ്മദീ നിയോഗത്തിന്‍റെ അവിസ്മരണീയവും വിലപിടിച്ചതുമായ സംഭാവന തന്നെയാണ്.
ചുരുക്കത്തില്‍, ഈമാന്‍-ഇഹ്തിസാബുകളോടെ ചെയ്യപ്പെടുന്ന സകല പ്രവര്‍ത്തനങ്ങളും പുണ്യമാണ്. അല്ലാഹുവിന്‍റെ പാതയിലുള്ള പരിശ്രമ-പോരാട്ടങ്ങള്‍, അധികാരം, മേല്‍നോട്ടം, ഭൗതിക അനുഗ്രഹങ്ങള്‍ ആസ്വദിക്കല്‍, അനുവദനീയമായ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കല്‍, ഹലാലായ ജീവിതമാര്‍ഗ്ഗം അന്വേഷിക്കല്‍, ന്യായമായ ഉല്ലാസം നടത്തല്‍, വൈവാഹിക ജീവിതസുഖം അനുഭവിക്കല്‍ ഇവയ്ക്കെല്ലാം ഇത് ബാധകമാണ്. ഇതിന് വിരുദ്ധമായി പടച്ചവന്‍റെ പൊരുത്തം കാംക്ഷിക്കാത്തതും അവനെയും ആഖിറത്തെയും മറന്നുകൊണ്ടുള്ളതുമായ സകല ഇബാദത്തുകളും ദീനീ സേവനങ്ങളും, അത് സംസ്കാരമോ ഹിജ്റ-ജിഹാദുകളോ ദിക്ര്‍-തബ്ലീഗുകളോ ആയിരുന്നാലും ശരി കേവലം ഭൗതിക കാര്യമായി ഗണിക്കപ്പെടുന്നതാണ്. ഈ നിലയില്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന ആബിദ്, ആലിം, മുജാഹിദ്, ദാഈ, മുബല്ലിഗ് മുതലായവര്‍ക്ക് പ്രതിഫലം ലഭിക്കുകയില്ലെന്ന് മാത്രമല്ല, അവരുടെ കര്‍മ്മങ്ങള്‍ അവര്‍ക്ക് നാശത്തിനും അല്ലാഹുവില്‍ നിന്നുള്ള അകല്‍ച്ചക്കും കാരണമാകുമോ എന്നും ഭയക്കേണ്ടതാണ്. 
ദീനിനും ദുന്‍യാവിനും ഇടയിലുണ്ടായിരുന്ന വിശാലമായ വിടവിനെ നികത്തിയത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ എണ്ണമറ്റ ഉപകാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇവ രണ്ടിനെയും രണ്ടു മേഖലകളിലായി വിഭജിക്കപ്പെട്ടിരുന്നു. രണ്ടും വേര്‍പിരിഞ്ഞു എന്നു മാത്രമല്ല രണ്ടിനുമിടയില്‍ ഭയങ്കരമായ ഒരു മറ കിടന്നിരുന്നു. രണ്ടും (വിരുദ്ധചേരികളില്‍ മാറി തിരിഞ്ഞു നിന്നു പോരാടിയിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഏകത്വത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രബോധകനാണ്. തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) രണ്ടു വിഭാഗങ്ങളില്‍ നിന്നും മാനവരാശിയെ പുറത്തേക്കിറക്കി, ഈമാന്‍-ഇഹ്തിസാബുകളുടെ ഐക്യ മുന്നണിയില്‍ അണിനിരത്തി. ആശയ സമ്പൂര്‍ണ്ണമായ ഈ ദുആ ജനങ്ങളെ പഠിപ്പിച്ചു: 'രക്ഷിതാവേ, ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നന്മ കനിഞ്ഞരുളേണമേ.! ഞങ്ങളെ നരകശിക്ഷയില്‍ നിന്നും കാത്തു രക്ഷിക്കേണമേ!' അവിടുന്ന് പ്രഖ്യാപിച്ചു: 'എന്‍റെ നമസ്കാരവും ഇതര ആരാധനകളും എന്‍റെ ജീവിതവും മരണവും എല്ലാം സര്‍വലോക പരിപാലകനായ അല്ലാഹുവിന് വേണ്ടിയാകുന്നു.' 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പഠിപ്പിച്ചു: 'ഒരു സത്യവിശ്വാസിയുടെ ജീവിതം പരസ്പര വിരുദ്ധമായ കാര്യങ്ങളുടെ സമാഹാരമല്ല. മറിച്ച്, എല്ലാ കാര്യങ്ങളിലും ഒരു ഏകത്വമുണ്ട്. അഥവാ, അവയില്‍ ഇബാദത്ത്-ഇഹ്തിസാബുകളുടെ ആത്മാവ് പരന്നിരിക്കും. അവയുടെ വഴികാട്ടി അല്ലാഹുവിലുള്ള അനുസരണയുമായിരിക്കും. ജീവിതത്തിന്‍റെ സകല മേഖലകളിലും ഈ ഗുണം കാണപ്പെടുന്നതാണ്. ചുരുക്കത്തില്‍, അല്ലാഹുവിങ്കല്‍ നിന്നു പ്രീതിയും പ്രതിഫലവും കരസ്ഥമാക്കാനുള്ള ആഗ്രഹത്തോടെ, നബിമാര്‍ കാണിച്ചുതന്ന മാതൃകയില്‍ ചെയ്യുന്ന മുഴുവന്‍ കര്‍മ്മങ്ങളും നന്മകളാണ്. ഏകത്വത്തിന്‍റെ ദൂതനായ തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഭൂമുഖത്തെ മുഴുവനും ഒരു ആരാധനാലയമാക്കി. പരസ്പര വിരുദ്ധമായ മനുഷ്യരെ ഒരേ ലക്ഷ്യത്തിലും മാര്‍ഗത്തിലും കൂട്ടിയിണക്കി. ഇസ്ലാമില്‍, ഭൗതികവസ്ത്രം ധരിച്ച സര്‍വ്വസംഗ പരിത്യാഗിയെയും രാജകൊട്ടാരത്തിലെ ഭൗതിക വിരക്തനെയും, വാളും തസ്ബീഹും പിടിച്ചവരെയും ഇരവുകളില്‍ ഇബാദത്തുകളിലും പകലുകളില്‍ പോരാട്ടങ്ങളിലും കഴിയുന്ന വ്യക്തിയെയും കാണാന്‍ കഴിയും. ഒന്നിനുമിടയില്‍ യാതൊരു വൈരുദ്ധ്യവുമില്ല. 
1. പരിശുദ്ധ ഖുര്‍ആന്‍ നിത്യമായി പാരായണം ചെയ്യാന്‍ ഒരു അളവ് നിശ്ചയിക്കുക. കഴിവിന്‍റെ പരമാവധി അതില്‍ നിഷ്ഠ പുലര്‍ത്തുക. കടുത്ത രോഗമോ അടിയന്തര സാഹചര്യമോ ഇല്ലാതെ ഒരിക്കലും അത് മുടക്കരുത്. ഒരു ഭാഗത്തുകൂടിയും അസത്യം കലരാത്ത വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ ശരീഫിന്‍റെ പാരായണത്തില്‍ ചെലവാകുന്ന സമയത്തെ, ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സൗഭാഗ്യവും ഐശ്വര്യവും നിറഞ്ഞ സമയമായി കാണുക. ഖുര്‍ആന്‍ പാരായണ സമയത്ത് നാം അല്ലാഹുവിലേക്ക് വളരെ അടുത്തുവെന്ന് മനസ്സിലാക്കുക. 'ഏതെങ്കിലും മലയുടെ മേല്‍ ഖുര്‍ആന്‍ അവതരിച്ചിരുന്നുവെങ്കില്‍, അത് ഇലാഹീഭയം കാരണം അമര്‍ന്ന് പൊട്ടിപ്പോകുമായിരുന്നു.' എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. ജീവനില്ലാത്ത മലയുടെ കാര്യമിതാണെങ്കില്‍, നാം സൃഷ്ടികളില്‍ ശ്രേഷ്ഠരായ മനുഷ്യരും ഖുര്‍ആനിന്‍റെ  സംബോധകരുമാണ്. മലയേക്കാളും നാം താഴാന്‍ പാടില്ല. മറിച്ച്, ഖുര്‍ആന്‍ പ്രശംസിച്ച സത്യവിശ്വാസികളില്‍ പെടാന്‍ നാം പരിശ്രമിക്കണം. അല്ലാഹു അറിയിക്കുന്നു: 'അവരുടെ മേല്‍ അല്ലാഹുവിന്‍റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അവരുടെ ഈമാന്‍ വര്‍ധിക്കുന്നതാണ്.' മറ്റൊരിടത്ത് അരുളുന്നു: 'അല്ലാഹു, ഉദാത്തവൃത്താന്തം അവതരിപ്പിച്ചിരിക്കുന്നു. അതായത്, ഒരു ഗ്രന്ഥം-അതിന്‍റെ വചനങ്ങള്‍ പരസ്പരം സാദൃശ്യമുള്ളതാണ്. അത് ആവര്‍ത്തിക്കപ്പെടുന്നതുമാണ്. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ തൊലികള്‍ അത് കാരണം പിടയ്ക്കുന്നു. ശേഷം അവരുടെ ശരീരവും മനസ്സും മയമായി അല്ലാഹുവിന്‍റെ സ്മരണയിലേക്ക് തിരിയുന്നു. 
മുന്‍ഗാമികളായ മഹാത്മാക്കള്‍ ഖുര്‍ആനിനെ പ്രയോജനപ്പെടുത്തുകയും അവരുടെ ജീവിതത്തില്‍ അതിന്‍റെ പ്രതിഫലനങ്ങള്‍ പ്രകടമാക്കുകയും ചെയ്തതിന്‍റെ കാരണം, അവര്‍ ഖുര്‍ആനിന്‍റെ അര്‍ത്ഥവും ആശയവും ഗ്രഹിക്കുകയും ചിന്തിക്കുകയും ചെയ്തു എന്നതുമാത്രമല്ല. പ്രത്യുത, അല്ലാഹുവിന്‍റെ മഹത്വവും ഗൗരവവും, അവന്‍റെ ഭാഷണത്തിന്‍റെ ഉന്നതിയും അമാനുഷികതയും, സൗന്ദര്യവും, രസാനുഭൂതിയും അവര്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടതിന്‍റെ ഫലമായിരുന്നു. 
ഈ ഗുണം ഉണ്ടാകുന്നതിന് രണ്ട് കാര്യങ്ങള്‍ പ്രയോജനകരമാണ്. 
1. ഖുര്‍ആനിന്‍റെ മഹത്വങ്ങള്‍. അത് പാരായണം ചെയ്യുന്നതിന്‍റെ മഹത്വങ്ങള്‍, അതിലൂടെ ലഭിക്കുന്ന ഇലാഹീ സാമീപ്യം, പ്രതിഫലം, പരലോകാനുഗ്രഹങ്ങള്‍ എന്നിവ മനസ്സിലാക്കുകയും മനസ്സില്‍ ഉണരുകയും ഉറപ്പിക്കുകയും ചെയ്യുക. 
2, സ്വഹാബത്ത്, താബിഉകള്‍, ഫുഖഹാഅ്, മുഹദ്ദിസീന്‍, റബ്ബാനീ ഉലമാഅ്, ഔലിയാഅ് എന്നീ മഹാത്മാക്കളുടെ ഖുര്‍ആന്‍ പാരായണത്തിന്‍റെയും ഖുര്‍ആന്‍ ചിന്തയുടെയും ഖുര്‍ആനോട് പുലര്‍ത്തിയ ആദരവിന്‍റെയും സംഭവങ്ങള്‍ പാരായണം ചെയ്യുക. കഴിവിന്‍റെ പരമാവധി പരിശുദ്ധ ഖുര്‍ആനുമായി നേരെ ബന്ധപ്പെടാനും നാം പരിശ്രമിക്കണം. അതായത് നമ്മുടെയും അല്ലാഹുവിന്‍റെ കലാമിന്‍റെയും ഇടയില്‍ ഏതെങ്കിലും മാനുഷിക വ്യാഖ്യാനങ്ങള്‍ മറയിടാന്‍ പാടില്ല. കാരണം, മനുഷ്യരുടെ വ്യാഖ്യാനങ്ങള്‍ -വിശിഷ്യാ പില്‍ക്കാലക്കാരായ പണ്ഡിതരുടെ വിവരങ്ങള്‍- മാത്രം നാം അവലംബിച്ചാല്‍, അതും ഖുര്‍ആനും ഒന്നുപോലെ ആയിത്തീരും. അതിനെ മാറ്റിവെച്ചുകൊണ്ട് സംശുദ്ധ മനസ്സോടെ ഖുര്‍ആനില്‍ നിന്ന് ഒന്നും മനസ്സിലാക്കാന്‍ കഴിയാതെ വരും. അതിന്‍റെ പ്രതിബിംബവും തണലും പ്രത്യേക അഭിരുചികളും പുത്തന്‍ അവസ്ഥകളും, ഖുര്‍ആനിന്‍റെ യാഥാര്‍ത്ഥ സൗന്ദര്യത്തിലും ഔന്നിത്യത്തിലും അമാനുഷികതയ്ക്കും വിശുദ്ധിക്കും മറയിടും. തദ്ഫലമായി, ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വ്യക്തി -താനറിയാതെ തന്നെ- ഖുര്‍ആനിന്‍റെ സൗന്ദര്യത്തിലും ഗാംഭീര്യത്തിലും ആകൃഷ്ടനാകുന്നതിന് പകരം പ്രത്യേക വ്യാഖ്യാനത്തിലോ വ്യാഖ്യാതാവിലോ ആകൃഷ്ടനായിത്തീ രുന്നതാണ്.
ഖുര്‍ആനിന്‍റെ ചില ഒറ്റപ്പെട്ടതും പ്രയാസകരവുമായ ഭാഗങ്ങളെ വിവരിക്കുന്ന ഹദീസുകളും സ്വഹാബാ-ഇമാമുകളുടെ വാചകങ്ങളും നല്‍കുന്ന വിവരണങ്ങളും ഈ പൊതു നിയമത്തില്‍ നിന്നും ഒഴിവാണ്. ഇപ്രകാരം, ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും അനറബികള്‍ക്കും പ്രയോജനപ്പെടുന്ന ഖുര്‍ആന്‍ പരിഭാഷകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഈ നിയമം ബാധകമല്ല. ഖുര്‍ആന്‍ പാരായണ-പഠനങ്ങള്‍ നടത്തുമ്പോള്‍, അതിന്‍റെ രസാനുഭൂതി ഉണ്ടാക്കിയെടുക്കാന്‍ വിനയം, വണക്കം, ബഹുമാനം, ആദരവ്, അല്ലാഹുവിന്‍റെ വിശേഷണങ്ങളെക്കുറിച്ചുള്ള ബോധം എന്നിവ നിലനിറുത്താന്‍ പരിശ്രമിക്കേണ്ടതാണ്.
8. തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുമായി മാനസിക ബന്ധം ഉറപ്പിക്കാനും തങ്ങളോടുള്ള സ്നേഹം വര്‍ദ്ധിപ്പിക്കാനും തങ്ങളെ പരിപൂര്‍ണ്ണമായി പിന്‍പറ്റണമെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനും, പുണ്യ ഹദീസിന്‍റെയും നബവീ തിരുഗുണങ്ങളുടെയും മഹത്ചരിതത്തിന്‍റെയും വിഷയത്തില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ നിത്യമായി പാരായണം ചെയ്യേണ്ടതാണ്. സ്നേഹ ഭാജനത്തിന്‍റെ സ്മരണ സദാ അയവിറക്കലാണ് സ്നേഹത്തിന്‍റെ നിയമം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടുള്ള ഇഷ്ഖി (സ്നേഹാനുരാഗം) ല്‍ നിന്നും നല്ലൊരു ഓഹരി ലഭിച്ച പ്രവാചക പ്രേമികളുടെ അവസ്ഥകളും വാക്കുകളും കവിതകളും വായിക്കുന്നതും ഈ വിഷയത്തില്‍ ഗുണകരമാണ്.
നബവീ സ്നേഹം പ്രധാനം ചെയ്യുന്ന പ്രധാനപ്പെട്ട ഒരു മാധ്യമമാണ് സ്വലാത്തിന്‍റെ വര്‍ദ്ധന. സ്വലാത്തിനെ കുറിച്ച് ധാരാളം പ്രേരണകള്‍ വന്നിട്ടുണ്ട്. അല്ലാഹു അരുളുന്നു: 'തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് സത്യവിശ്വാസികളേ, നിങ്ങളും നബിയുടെ മേല്‍ സ്വലാത്ത്-സ്വലാമുകള്‍ ചൊല്ലുക.' നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'എന്‍റെ മേല്‍ ഒരു പ്രാവശ്യം ഒരാള്‍ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്‍റെ മേല്‍ അതിനുപകരം പത്ത് പ്രാവശ്യം കരുണ ചൊരിയുന്നതാണ്.' മറ്റൊരു ഹദീസില്‍ വന്നിരിക്കുന്നു: 'ഖിയാമത്ത് നാളില്‍ എന്നിലേക്ക് ഏറ്റവും അടുത്ത വ്യക്തി എന്‍റെ മേല്‍ ഏറ്റവും കൂടുതല്‍ സ്വലാത്ത് ചൊല്ലിയവനാണ്.' ഉബയ്യ് (റ) ചോദിച്ചു: 'ദിക്ര്‍ ചൊല്ലാന്‍ ഞാന്‍ നീക്കി വെച്ചിരിക്കുന്ന സമയം മുഴുവന്‍ അങ്ങയുടെ മേല്‍ സ്വലാത്ത് മാത്രം ചൊല്ലിക്കൊണ്ടിരിക്കട്ടെ.? 'റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'അതെ, അപ്പോള്‍ നിന്‍റെ പ്രയാസങ്ങള്‍ ദൂരീകരിക്കപ്പെടും, പാപങ്ങള്‍ പൊറുക്കപ്പെടും.' 
9. കുറച്ച് പ്രത്യേകമായ ദിക്റുകള്‍ തിരഞ്ഞെടുത്ത് അത് സദാസമയവും ചൊല്ലി നാക്ക് നനച്ചുകൊണ്ടിരിക്കുക. ഒരു സമയം നിഷ്ഠയായി കുറച്ച് ദിക്റുകള്‍ പതിവാക്കുക. ഇപ്രകാരം വിവിധ സമയങ്ങളെക്കുറിച്ച് പറഞ്ഞിട്ടുള്ള ദിക്റുകള്‍ പാഠമാക്കി പകര്‍ത്തുക. 
10. മുന്‍ഗാമികളില്‍ ധാരാളം മഹാത്മാക്കള്‍ കടന്നു കഴിഞ്ഞിട്ടുണ്ട്. വിശ്വാസം, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ പിന്‍പറ്റല്‍, കിതാബിലും സുന്നത്തിലുമുള്ള ഗ്രാഹ്യം, മനോഛയുടെയും പിശാചിന്‍റെയും കുതന്ത്രങ്ങളില്‍ ജാഗ്രത, പരലോകത്തെക്കുറിച്ചും അവിടെ ഉപകരിക്കുന്ന കാര്യങ്ങളെക്കുറിച്ചുമുള്ള ചിന്ത എന്നീ വിഷയങ്ങളില്‍ സമ്പൂര്‍ണ്ണത പ്രാപിച്ച ആ മഹാപുരുഷന്മാരുടെ ജീവചരിത്രങ്ങള്‍ പാരായണം ചെയ്തുകൊണ്ടിരിക്കുക. ഇത് വളരെ പ്രയോജനപ്രദമായ ഒരു കാര്യമാണ്. വലിയ ഹദീസ് പണ്ഡിതനും നിരൂപകനുമായ അല്ലാമാ ഇബ്നു ജൗസി എഴുതുന്നു: 'ഹദീസും ഫിഖ്ഹുമായി മാത്രമായി ബന്ധപ്പെടല്‍ മനസ്സിനെ നന്നാക്കാന്‍ മതിയാകുന്നതല്ല എന്ന് ഞാന്‍ മനസ്സിലാക്കി. അവയോടൊപ്പം മുന്‍ഗാമികളുടെ പ്രതിഫലനാത്മകമായ സംഭവങ്ങള്‍ വായിക്കലും അത്യാവശ്യമാണ്. ഹലാല്‍-ഹറാമുകളെക്കുറിച്ചുള്ള കേവലം അറിവ് മനസ്സില്‍ മയമുണ്ടാക്കുന്നതല്ല. മഹാത്മാക്കളുടെ ചരിത്രങ്ങളിലൂടെ മനസ്സ് മയപ്പെടുന്നതാണ്. കാരണം, നിയമങ്ങളുടെ ലക്ഷ്യം അവര്‍ കരഗതമാക്കിയിരുന്നു. ബാഹ്യരൂപത്തില്‍ മാത്രമല്ല, അവര്‍ നിയമങ്ങള്‍ അനുസരിച്ചത്. അവയുടെ ആന്തരിക സത്തയും അവര്‍ക്ക് ലഭ്യമായി. കാര്‍മ്മികമായ അനുഭവത്തിനും അന്വേഷണത്തിനും ശേഷമാണ് ഞാനിക്കാര്യം നിങ്ങളോട് പറയുന്നത്. ഹദീസ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ മുഴുവന്‍ ഉയര്‍ന്ന സനദുകളിലേക്കും അധികരിച്ച രിവായത്തുകളിലേക്കുമാണ്. തര്‍ക്ക വിഷയങ്ങളിലും എതിരാളിയെ മലര്‍ത്തിയടിക്കുന്നതിലും ഫിഖ്ഹ് പണ്ഡിതന്മാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവയിലൂടെ മനസ്സിന് മയം വരുന്നതെങ്ങനെയാണ്.? മുന്‍ഗാമികളില്‍പെട്ട ചില മഹാന്മാര്‍, മറ്റു ചില മഹാന്മാരുടെ ജീവിതാവസ്ഥകള്‍ കാണാന്‍ മാത്രം അവരുടെ അടുക്കല്‍ പോയിരുന്നു. കാരണം, ഇല്‍മിന്‍റെ യഥാര്‍ത്ഥ ഫലമാണ് ജീവിതാവസ്ഥകള്‍. ഇക്കാര്യം നന്നായി മനസ്സിലാക്കുക. ഹദീസ്-ഫിഖ്ഹുകളുടെ പഠനത്തോടൊപ്പം മനസ്സ് മയമുണ്ടാക്കാന്‍ വേണ്ടി മുന്‍ഗാമികളായ മഹാത്മാക്കളുടെ ജീവചരിത്രവും പാരായണം ചെയ്യുക.' തുടര്‍ന്ന് എഴുതുന്നു: 'ഹസന്‍ ബസരി, സുഫ്യാനുസ്സൗരി, ഇബ്റാഹീമുബ്നു അദ്ഹം, ബിശ്റുല്‍ ഹാഫി, അഹ്മദുബ്നു ഹന്‍ബല്‍, മഅ്റൂഫ് കര്‍ഖി മുതലായ ഉലമാ-സാഹിദുകളുടെ സംഭവങ്ങളും സ്വഭാവങ്ങളും വിവരിച്ചുകൊണ്ട് ഓരോ കിതാബുകള്‍ രചിച്ചിട്ടുണ്ട്.' 
ഏറ്റവും കുറഞ്ഞപക്ഷം, ആ മഹാത്മാക്കളെക്കുറിച്ച് യാതൊരുവിധ മലിന ചിന്തകളും മനസ്സില്‍ നിലനിറുത്താതിരിക്കട്ടെ.! സത്യത്തിന്‍റെ വക്താക്കളും സംശുദ്ധ മാനസരുമാണവര്‍. അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിച്ചവരും ദീനിന്‍റെ സത്ത കരസ്ഥമാക്കിയവരുമാണവര്‍. അവരിലൂടെ നിരവധി രാജ്യങ്ങളും സമൂഹങ്ങളും ഇസ്ലാമില്‍ പ്രവേശിച്ചു. അവരുടെ നന്മകള്‍ അംഗീകരിക്കുകയും അവര്‍ക്കുവേണ്ടി ദുആ ഇരക്കുകയും അവരെ വാഴ്ത്തുകയും അവരില്‍ നിന്നും സംഭവിച്ച തെറ്റുകുറ്റങ്ങളെ അവഗണിക്കുകയും അവയ്ക്ക് നല്ല ന്യായീകരണങ്ങള്‍ കണ്ടെത്തുകയും ചെയ്യണം. തെറ്റുകുറ്റങ്ങളില്‍ നിന്നും ഒരു മഹാനും മനുഷ്യനും ഒഴിവല്ല. അല്ലാഹു നല്ല പിന്‍ഗാമികളെക്കുറിച്ച് പറഞ്ഞ ഗുണം നമ്മില്‍ ഉണ്ടാക്കിയെടുക്കണം. 'അവര്‍ക്കു ശേഷം വന്നവര്‍ ഇപ്രകാരം ദുആ ഇരക്കുന്നവരാണ്: 'നാഥാ, ഞങ്ങള്‍ക്കും, ഞങ്ങള്‍ക്ക് മുമ്പ് സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരന്മാര്‍ക്കും നീ പൊറുത്തു തരേണമേ.! സത്യവിശ്വാസികളോട് പകയും അസൂയയും ഞങ്ങളുടെ മനസ്സുകളില്‍ ഉണ്ടാക്കരുതേ.! ഞങ്ങളുടെ രക്ഷിതാവേ, നീ വലിയ അലിവും കാരുണ്യവും ഉള്ളവനാണ്.' 
ഈമാനിലും, ഇഹ്സാനിലും മുന്നേറിയ മുന്‍ഗാമികളെക്കുറിച്ച് വളരെ സൂക്ഷ്മത പുലര്‍ത്തണമെന്നും ഈ ആയത്ത് പഠിപ്പിക്കുന്നു. മാത്രമല്ല, സര്‍വ്വ മുസ്ലിംകളെക്കുറിച്ചും എന്തെങ്കിലും തീരുമാനം പറയുമ്പോള്‍ തികഞ്ഞ സൂക്ഷ്മത കൈക്കൊള്ളണമെന്നാണ് ഖുര്‍ആനിക അധ്യാപനം. ആരുടെ വിഷയത്തിലും തിരക്കുപിടിച്ച തീരുമാനം പാടില്ല. കാര്യം പകല്‍വെളിച്ചം പോലെ പ്രകടമാകുകയും പരിഗണനീയ മാര്‍ഗങ്ങളിലൂടെ ഉറപ്പുണ്ടാക്കുകയും ചെയ്യുന്നതുവരെ ഖണ്ഡിതമായി ഒരു കാര്യം പറയാന്‍ പാടില്ല. അല്ലാഹു അരുളുന്നു: 'ഒരു പാപി നിങ്ങള്‍ക്ക് ഒരു വൃത്താന്തം എത്തിച്ചു തന്നാല്‍ നിങ്ങള്‍ അതിനെ നന്നായി അന്വേഷിക്കുക. അല്ലാത്തപക്ഷം വിവരമില്ലാതെ നിങ്ങള്‍ ഒരു സമൂഹത്തെ ഉപദ്രവിക്കുന്നതും തദ്ഫലമായി നിങ്ങളുടെ പ്രവൃത്തിയുടെ മേല്‍ ദുഃഖിക്കേണ്ടിവരികയും ചെയുന്നതാണ്. 
11. നാം ജീവിതത്തില്‍ ശ്രദ്ധിച്ച് പാലിക്കുന്ന കാര്യങ്ങളില്‍ ദഅ്വത്ത്-തബ്ലീഗുകള്‍ക്ക് ബഹുമാന്യ നബിമാരുടെ പ്രഥമമായ നിയോഗലക്ഷ്യവും വിശുദ്ധ ഗ്രന്ഥങ്ങളുടെ അവതരണ ഉദ്ദേശ്യവും ഇതാണ്. മുസ്ലിം ഉമ്മത്തിന്‍റെ പ്രധാന ദൗത്യവും ഇതുതന്നെ.! അല്ലാഹു അരുളുന്നു: നിങ്ങള്‍ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമാണ്. നിങ്ങള്‍ നന്മ ഉപദേശിക്കുന്നു. തിന്മയില്‍ നിന്നും തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.' 
മറ്റൊരിടത്ത് അറിയിക്കുന്നു: 'ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു സംഘം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടതാണ്. 
എന്നാല്‍, ഇസ്ലാഹ്-ദഅ്വത്ത്-തബ്ലീഗുകള്‍ക്ക് എന്തെങ്കിലും പ്രത്യേക രൂപമോ നിര്‍ണ്ണിത മൈതാനമോ ഭേദഗതിയും മാറ്റവും പാടില്ലാത്ത, കെട്ടിപ്പൂട്ടിയ പദ്ധതിയോ ഇല്ല. എങ്കിലും, നബവീ ശൈലിയോട് സാദൃശ്യമാകുന്നതിനനുസരിച്ച് പ്രവര്‍ത്തനം ഉന്നതമാകുന്നതാണ്. 
നൂഹ് (അ) വിവരിക്കുന്നു: 'ഞാന്‍ എന്‍റെ സമൂഹത്തെ രാവും പകലും സത്യത്തിലേക്ക് ക്ഷണിച്ചു. ശേഷം, ഞാന്‍ അവരോട് കാര്യങ്ങള്‍ രഹസ്യമായും പരസ്യമായും പറഞ്ഞു.' റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അല്ലാഹു ഉപദേശിക്കുന്നു: 'യുക്തി ജ്ഞാനം, സദുപദേശം എന്നിവയിലൂടെ ജനങ്ങളെ രക്ഷിതാവിന്‍റെ പാതയിലേക്ക് ക്ഷണിക്കുക. 
ഇപ്രകാരം, സാമൂഹ്യമായും രാഷ്ട്രീയമായും മുസ്ലിംകള്‍ നേരിടുന്ന അവസ്ഥകളെക്കുറിച്ച് ചിന്തിക്കലും നമ്മുടെ ഒരു ദീനീ ബാധ്യതയാണ്. അവരുടെ സന്തോഷ-ദുഃഖങ്ങളിലും, കയ്ക്കുന്നതും മധുരിക്കുന്നതുമായ സംഭവങ്ങളിലും നാമും പങ്കാളികളാകണം. നാമെവിടെയായിരുന്നാലും, മുഴുവന്‍ ഇസ്ലാമിക കുടുംബത്തോടൊപ്പം പ്രതീക്ഷകളിലും അഭിലാഷങ്ങളിലും ബോധങ്ങളിലും വികാരങ്ങളിലും സഹകരിക്കണം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'പരസ്പരമുള്ള കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അനുകമ്പയുടെയും വിഷയത്തില്‍ മുസ്ലിംകളുടെ ഉപമ, ഒരു ശരീരം പോലെയാണ്. ഒരു അവയവത്തിന് വല്ല പ്രയാസവും നേരിട്ടാല്‍, മുഴുവന്‍ അവയവങ്ങളും ഉറക്കമില്ലായ്മയിലും പനിയിലും അതിനോട് സഹകരിക്കുന്നു.' 
മുസ്ലിംകള്‍ അനുഭവിക്കുന്ന സങ്കീര്‍ണവും കൈപ്പേറിയതുമായ പ്രശ്നങ്ങള്‍ നമ്മെ അസ്വസ്ഥമാക്കണം. ദീനിന്‍റെ പേരില്‍ അവര്‍ സഹിച്ച പീഢനങ്ങളും നാശ-നഷ്ടങ്ങളും നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കണം. നമ്മുടെ ദീനീരോഷവും ഇസ്ലാമിക അഭിമാനവും സദാ ഉണര്‍ന്നിരിക്കണം. ഇസ്ലാമിക സാഹോദര്യത്തിന്‍റെ കടമ കഴിയുന്നത്ര നാം നിര്‍വ്വഹിക്കണം.
ഇപ്രകാരം, അല്ലാഹുവിന്‍റെ വാക്യം ഉയര്‍ത്താനും ദീനീ ലക്ഷ്യങ്ങള്‍ നടപ്പിലാക്കാനും ശരീഅത്ത് പ്രയോഗവല്‍ക്കരിക്കാനും ഇവയിലുള്ള തടസ്സങ്ങള്‍ ദൂരീകരിക്കാനും കഴിവിന്‍റെ പരമാവധി നാം പരിശ്രമിക്കണം. അങ്ങനെ, നമ്മുടെ ഗാംഭീര്യവും പ്രയോജനവും ഉപകാരവും ഉപദ്രവവും പ്രകടമായിത്തന്നെ ലോകം മനസ്സിലാക്കുന്ന നിലയില്‍ നാം ഒരു ശക്തിയായി ഉരുത്തിരിയണം. അവസാനം, അല്ലാഹുവിന്‍റെ ഭൂമിയില്‍ നമ്മുടെ പാദങ്ങള്‍ ഉറയ്ക്കണം. കുഴപ്പങ്ങളുടെയും നാശങ്ങളുടെയും അടിവേരുകള്‍ പിഴുതെറിയപ്പെടണം. ഏകനായ അല്ലാഹുവിനെ അനുസരിക്കുന്ന അവസ്ഥ സംജാതമാകണം. അതെ, 'കുഫ്റിന്‍റെ നാശങ്ങള്‍ അവശേഷിക്കാതിരിക്കുകയും അല്ലാഹുവിന്‍റെ ദീന്‍ മാത്രം നിലനില്‍ക്കുകയും ചെയ്യുന്നതുവരെ.' 
മനസ്സില്‍ മയവും വേദനയും ഉണ്ടാക്കുകയും ഇസ്ലാം കല്‍പ്പിക്കുന്ന ഭക്തിയുടെയും വിരക്തിയുടെയും ജീവിതം നടപ്പിലാക്കുകയും പരലോകത്ത് പ്രയോജനപ്പെടുന്ന കാര്യങ്ങളുമായി മാത്രം ബന്ധപ്പെടുകയും നീണ്ട നീണ്ട പ്രതീക്ഷ-മോഹങ്ങള്‍ സൂക്ഷിക്കുകയും, ചെയ്യാന്‍ അത്യധികം പ്രയോജനകരമായ ഒരു കാര്യമാണ് അവസാനമായി കുറിക്കാനുള്ളത്. അഥവാ ജീവിതത്തിന്‍റെ ചുരുക്കത്തെയും ദുന്‍യാവിന്‍റെ നശ്വരതയെയും മരണത്തിന്‍റെ സംഭവ്യതയെയും കുറിച്ചുള്ള ചിന്ത സദാ നിലനിറുത്തുക. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'എല്ലാ രസങ്ങളെയും മുറിച്ചുകളയുന്ന കാര്യത്തെ, അതായത് മരണത്തെക്കുറിച്ച് അധികമായി സ്മരിക്കുക.' മരണസ്മരണയ്ക്കായി ദിവസവും കുറച്ച് സമയം ചെലവഴിക്കേണ്ടതാണ്. കൂട്ടത്തില്‍, നല്ല അന്ത്യത്തെക്കുറിച്ചുള്ള കഠിനമായ ചിന്ത സദാ പുലര്‍ത്തുക. കാരണം, കാര്യങ്ങളുടെ പരിഗണന നല്ല അന്ത്യത്തിലാണ്. ദീനിലുളള ദൃഢചിത്തതയിലും അല്ലാഹുവിങ്കലുള്ള സ്വീകാര്യതയിലും അത്ഭുതകരമായ ജീവിതത്തിലും പ്രസിദ്ധരായ, ഔലിയാ-ആരിഫുകളെല്ലാം നല്ല അന്ത്യത്തെയും ഈമാനിലുള്ള മരണത്തെയും കുറിച്ച് വളരെയധികം ചിന്തിച്ചിരുന്നു. അവരുടെ ചിന്തയുടെ കേന്ദ്രബിന്ദുവും കര്‍മ്മങ്ങളുടെ പ്രധാന പ്രേരകവും ഇതുതന്നെയായിരുന്നു. തങ്ങളുടെ സല്‍പ്രവര്‍ത്തനങ്ങളിലോ ജനങ്ങളുടെ സദ്ഭാവനകളിലോ അവര്‍ ഒരിക്കലും അഹങ്കരിച്ചില്ല. സ്വന്തം ത്യാഗ-പരിശ്രമങ്ങളെ അവര്‍ അവലംബിച്ചതുമില്ല. ഈ ഹദീസിനെ അവര്‍ സദാ അനുസ്മരിച്ചിരുന്നു:
അബൂഹുറയ്റ (റ) നിവേദനം ചെയ്യുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'നിങ്ങളിലാരെയും അവന്‍റെ പ്രവര്‍ത്തനം രക്ഷപ്പെടുത്തുന്നതല്ല.' സ്വഹാബത്ത് ചോദിച്ചു: 'അല്ലാഹുവിന്‍റെ ദൂതരെ, അങ്ങയെയും രക്ഷപ്പെടുത്തുകയില്ലേ.'? അപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'അതെ, എന്നെയും എന്‍റെ കര്‍മ്മം രക്ഷപ്പെടുത്തുന്നതല്ല. അല്ലാഹു, അവന്‍റെ കരുണ കൊണ്ട് എന്നെ പൊതിഞ്ഞാലൊഴികെ. 
അതുകൊണ്ട്, ശരിയായ നിലയില്‍ പ്രയാണം ചെയ്യുക. അടുത്തടുത്ത് നില്‍ക്കുക. പ്രഭാതത്തിലും പ്രദോഷത്തിലും അല്‍പ്പം രാത്രിയിലും സഞ്ചരിക്കുക. മധ്യമസഞ്ചാരം മാത്രം തെരഞ്ഞെടുക്കുക. എന്നാല്‍, നിങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതാണ്.' 
നല്ല പരിസമാപ്തിയെക്കുറിച്ചുള്ള ചിന്തയും ശ്രദ്ധയും ഉണര്‍ത്തുന്ന ഈ ഹദീസ്, ഈ രചനയുടെ സുന്ദര സമാപനത്തിന് തീര്‍ത്തും ഉപയുക്തമാണ്. അല്ലാഹുവാണ് ശരിയിലേക്കും നന്മയിലേക്കും നയിക്കുന്നവന്‍. എല്ലാവരുടെയും എല്ലാത്തിന്‍റെയും മടക്കവും അവനിലേക്കുതന്നെ.' 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
*Group -2*
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
https://www.facebook.com/swahaba islamic foundation
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്.
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

Tuesday, July 16, 2019

മക്കാ മുകര്‍റമ: നന്മകളുടെ പ്രഭവകേന്ദ്രം.! - ഉസ്താദ് ഇ.എം. സുലൈമാന്‍ അല്‍ കൗസരി


മക്കാ മുകര്‍റമ: 
നന്മകളുടെ പ്രഭവകേന്ദ്രം.! 
- ഉസ്താദ് ഇ.എം. സുലൈമാന്‍ അല്‍ കൗസരി 
https://swahabainfo.blogspot.com/2019/07/blog-post.html?spref=tw 

നിശ്ചയം, അനുഗ്രഹവും നേര്‍വഴിയുമായി മനുഷ്യര്‍ക്ക് വേണ്ടി (ഇബാദത്തിനായി) ഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ട പ്രഥമ ഭവനം മക്കയിലുള്ളതാണ്. (ഖുര്‍ആന്‍). 
അല്ലാഹു പറയുന്നു: "മനുഷ്യരെയും ജിന്നുകളെയും എനിക്ക് ഇബാദത്ത് ചെയ്യാനല്ലാതെ ഞാന്‍ പടച്ചിട്ടില്ല."
ഇബാദത്ത്, ഉടമസ്ഥനായ അല്ലാഹുവിന്‍റെ മുന്നില്‍ അടിമ പൂര്‍ണ്ണമായി കീഴ്പ്പെടലും ഉടമസ്ഥനോടുള്ള ആദരവിലും വിനയത്തിലും താഴ്ചയിലും സ്നേഹത്തിലും സമ്പൂര്‍ണ്ണത പ്രകടിപ്പിക്കലുമാണ്. അല്ലാഹു കല്‍പ്പിച്ചിട്ടുള്ള ഇബാദത്തുകളിലെല്ലാം തന്നെ ഈ കാര്യങ്ങള്‍ നിഴലിച്ച് നില്‍ക്കുന്നതായി കാണാം. ചിലതില്‍ വിനയവും താഴ്മയും കൂടുതല്‍ പ്രകടമാകുന്നുവെങ്കില്‍ മറ്റ് ചിലതില്‍ സ്നേഹവും അനുരാഗവുമാണ് പ്രകടമാകുന്നത്. ഒരു ഭാഗത്ത് അല്ലാഹുവിന്‍റെ അധികാരത്തിന്‍റെയും ആധിപത്യത്തിന്‍റെയും ഗുണങ്ങള്‍ മനുഷ്യനെ അനുസരണത്തിലേക്ക് നയിക്കുമ്പോള്‍, മറുവശത്ത് അനുകമ്പയുടെയും വിട്ടുവീഴ്ചയുടെയും ഗുണങ്ങള്‍ അവനെ സ്നേഹിക്കാനും അവനിലേക്ക് അടക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്നു. നമസ്കാരത്തിലൂടെ ശരീരവും, സകാത്തിലൂടെ സമ്പത്തും റബ്ബിന്‍റെ പ്രതാപത്തിന് മുമ്പില്‍ അടിയറ വെക്കുന്ന ദാസന്‍, അതിരില്ലാത്ത അനുരാഗത്തിന്‍റെ വിസ്മയജനകമായ പ്രതിപ്രവര്‍ത്തനങ്ങളാണ് നോമ്പും ഹജ്ജും വഴി പ്രകടമാക്കുന്നത്. ഇതെല്ലാം ഒരേ ബിന്ദുവിലാണ് സമ്മേളിക്കുന്നത്. അതിന് അച്ചുതണ്ടാകാന്‍ അല്ലാഹു നിശ്ചയിച്ച ഗേഹമാണ് കഅ്ബ. ഭൂമിയുടെ നാനാ ഭാഗത്ത് നിന്നും അടിമകള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അതാണ് ഇബാദത്തിനായി നിശ്ചയിക്കപ്പെട്ട ആദ്യ ഭവനമെന്ന് അല്ലാഹു വിശേഷിപ്പിച്ചത്. 
ആകാശത്ത് ബൈത്തുല്‍ മഅ്മൂര്‍ എന്നൊരു ഭവനമുണ്ട്. മലക്കുകള്‍ അതിനെ വലയം ചെയ്തുകൊണ്ടിരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ദിവസവും എഴുപതിനായിരം മലക്കുകള്‍ അവിടെ ത്വവാഫ് ചെയ്യുന്നു. ഒരിക്കല്‍ ത്വവാഫ് ചെയ്തവര്‍ പിന്നീടൊരിക്കലും മടങ്ങിവരികയില്ല. ഈ ഭവനത്തിന്‍റെ നേരെ താഴെയാണ് കഅ്ബ. മനുഷ്യര്‍ എക്കാലവും അതിനെ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുന്നു. അല്ലാഹു ഭൂമിയെ പടയ്ക്കാന്‍ തുടങ്ങിയത് ഇവിടെ നിന്നാണ്. വെള്ളത്തിനു മുകളില്‍ ഒരു കുമിളപോലെ അവിടം ഉയര്‍ന്നു നിന്നു. അതിന് ചുറ്റുമായിട്ടാണ് ഭൂമിയെ പരത്തിയത്. ഈ ഭവനം ഉള്‍ക്കൊണ്ട പ്രദേശത്തിനാണ് മക്കയെന്ന് പറയപ്പെടുന്നത്. ഇവിടെ നിന്നുമാണ് ഭൂമിയുടെ നിര്‍മ്മാണം ആരംഭിച്ചതെന്ന കാരണത്താല്‍ ഇതിന് 'ഉമ്മുല്‍ഖുറാ' എന്നും പേരുണ്ട്. ഇവിടെ ആദ്യകാലം മുതലുണ്ടായിരുന്ന പരിശുദ്ധ കഅ്ബയെ ലക്ഷ്യമാക്കി മുഴുവന്‍ പ്രവാചകന്മാരും ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള സജ്ജനങ്ങളും വന്നുചേര്‍ന്ന് അവിടെ ത്വവാഫ് ചെയ്തിരുന്നു. കാലപ്പഴക്കത്താല്‍ ആ ഭവനം പലപ്പോഴും പൊളിഞ്ഞുപോവുകയും പുനര്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇബ്റാഹീം നബി (അ) യുടെ കാലത്ത് ഈ ഭവനം നിന്നിരുന്ന സ്ഥാനം പോലും അറിയാന്‍ കഴിയാത്ത നിലയില്‍ മണ്ണിനടിയിലായി പോയിരുന്നു. അല്ലാഹുവിന്‍റെ പല പരീക്ഷണങ്ങളിലും അകപ്പെട്ട്, അതിലെല്ലാം അവന്‍റെ അനുഗ്രഹത്താല്‍ വിജയം വരിച്ച വ്യക്തിത്വമാണ് ഇബ്റാഹീം (അ). അദ്ദേഹം നേരിട്ട പരീക്ഷണങ്ങളുടെ ഒരു ശ്യംഖല തന്നെ കഅ്ബയുമായി ബന്ധപ്പെട്ടതാണ്. ഒരിക്കല്‍ അല്ലാഹുവിന്‍റെ കല്പന വന്നു: ഭാര്യ ഹാജറിനെയും മകന്‍ ഇസ്മാഈലിനെയും വിജനമായ മണല്‍ക്കാട്ടില്‍ കൊണ്ടാക്കിയിട്ട് തിരിഞ്ഞ് നടക്കാന്‍. നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്ത് അവരെ കൊണ്ടാക്കിയിട്ട് അദ്ദേഹം തിരിഞ്ഞ് നടന്നു. ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ നടന്നകന്ന ഭര്‍ത്താവിനോട്, ഇത് അല്ലാഹുവിന്‍റെ കല്പനയാണോ എന്ന് ഭാര്യ ആരാഞ്ഞു. അതെ' എന്ന സൂചന കിട്ടിയ ഹാജര്‍ അല്ലാഹുവില്‍ അഭയം പ്രാപിച്ചു സമാധാനിച്ചു. ആരുമില്ലാത്ത സ്ഥലത്ത് മാറുണങ്ങുന്നതുവരെ കുഞ്ഞിനു പാല്‍കൊടുത്ത് കഴിഞ്ഞ ഹാജര്‍, പാല്‍ വറ്റിയപ്പോള്‍ അസ്വസ്ഥയായി. കുടിവെള്ളം പോലുമില്ലാതെ അലഞ്ഞ മഹതി ജീവജലം തേടി രണ്ടു മലകള്‍ക്കിടയില്‍ ഓടിനടന്നു. മലമുകളില്‍ കയറി ഏതെങ്കിലും യാത്രക്കാരെയെങ്കിലും കാണാന്‍ കൊതിച്ചു. ആരെയും കാണാതെ അവസാനം ഏതോ ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ അരുവിയായി വെള്ളം ചാലിട്ടൊഴുകുന്നു. ഓടിച്ചെന്ന് മണല്‍തിട്ട കൂട്ടി വെള്ളം തടഞ്ഞു നിര്‍ത്തി. വെള്ളം കവിഞ്ഞൊഴുകുന്നതിനേക്കാള്‍ മഹതിയുടെ സന്തോഷം, നിറഞ്ഞൊഴുകുകയായിരുന്നു. മരുഭൂമിയിലെ സുലഭമായ ജലലഭ്യത കണ്ട്, യാത്രക്കാര്‍ അവിടം താവളമാക്കിത്തുടങ്ങി. നാളുകള്‍ക്കകം അവിടം ജനവാസ കേന്ദ്രമായി. ഇതിനിടയില്‍ വളര്‍ന്ന മകനെ അറുക്കാന്‍ (ബലി കഴിച്ച് അല്ലാഹുവിന്‍റെ സാമീപ്യം നേടാന്‍) ഇബ്റാഹീം നബി (അ) ക്ക് കല്‍പ്പന കിട്ടി. മകനെ കാര്യം ധരിപ്പിച്ച്, സസന്തോഷം കൃത്യനിര്‍വ്വഹണത്തിന് സന്നദ്ധരായി മിനായുടെ ഭാഗത്തേക്ക് നടന്നു നീങ്ങിയ പിതാ വിനെയും മകനെയും പിശാച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും, നടക്കാതെ വന്നപ്പോള്‍ മൂന്നിടങ്ങളില്‍ വഴിയില്‍ തടഞ്ഞുനോക്കി. അവിടെയെല്ലാം പിശാചിനെ കല്ലെറിഞ്ഞ് വഴിമാറ്റി മുന്നേറി ലക്ഷ്യം പ്രാവര്‍ത്തികമാക്കിയപ്പോള്‍ അല്ലാഹു മകന് പകരം ആടിനെകൊടുത്ത് അതിനെ ബലികഴിപ്പിച്ച് പരീക്ഷണത്തില്‍ വിജയിച്ച സന്തോഷവാര്‍ത്ത അറിയിച്ചു. 
കാര്യങ്ങള്‍ ഇതുകൊണ്ടാന്നും അവസാനിച്ചില്ല; വീണ്ടും ഏതോ കാലത്ത് മണ്ണില്‍ മറഞ്ഞുപോയ അല്ലാഹുവിന്‍റെ പരിശുദ്ധ ഭവനം പുനര്‍നിര്‍മ്മിക്കാനുള്ള കല്‍പ്പന കിട്ടി. അതിനുള്ള സ്ഥലം നിര്‍ണയിച്ച് മണ്ണി നടിയിലായ അടിത്തറ കുഴിച്ചുതെളിച്ചുകൊടുത്തത് ജിബ്രീലായിരുന്നു. നിര്‍മ്മിക്കാനുള്ള കല്ലും ഏതാകണമെന്ന് നിശ്ചയിക്കപ്പെട്ടിരുന്നു. മകന്‍ കല്ല് ചുമന്നുകൊണ്ടുവന്നു കൊടുക്കുകയും, പിതാവ് നിര്‍മ്മാണം നടത്തുകയും ചെയ്തുകൊണ്ടിരുന്നു. കെട്ടിടത്തിന്‍റെ നിര്‍മ്മാണം കയ്യെത്താത്ത ഉയരത്തിലെത്തിയപ്പോള്‍, കല്ലുകള്‍ താഴെ നിന്നെടുത്ത് മുകളിലേക്ക് ഉയര്‍ന്ന് പണിനടത്തുവാന്‍ വേണ്ടി സ്വയം ഉയരുകയും താഴുകയും ചെയ്യുന്ന ഒരു കല്ലില്‍ ഇബ്റാഹീം നബി (അ) ചവിട്ടിനിന്നു. ആധുനിക ലിഫ്റ്റിന്‍റെ സാഹസികത ഒട്ടും അനുഭവപ്പെടാതെ ബാഹ്യമായ ഒരു ഊര്‍ജ്ജത്തിന്‍റെയും സഹായമില്ലാതെ ആ കല്ല് ആവശ്യാനുസരണം ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. പണി പൂര്‍ത്തിയാകുന്നതിനിടയില്‍ -ഒരു മൂലയില്‍- സ്വര്‍ഗ്ഗത്തിലെ പ്രകാശപൂരിതമായ ഒരു രത്നം കൊണ്ടുവന്ന് സ്ഥാപിക്കപ്പെട്ടു. എതിര്‍ ദിശയിലെ മൂലയില്‍ മറ്റൊരു സ്വര്‍ഗ്ഗീയ കല്ലും പതിക്കപ്പെട്ടു. മുന്‍ഭാഗത്ത് വാതിലും വെച്ച് പണിപൂര്‍ത്തിയാക്കി. മാതാവിനും മകനും കൂടി താമസിക്കാനായി അവിടെ തയ്യാറാക്കിയ ചെറിയ പന്തലും ഈ കെട്ടിടത്തിനുള്ളിലായി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം, കയറിനിന്ന് പണിയാന്‍ ഉപയോഗിച്ച കല്ല്, ആ ഭവനത്തിന് മുന്നിലായി ഒരു ഭാഗത്ത് സ്ഥാപിച്ചു. ഇതിനിടയില്‍ ആ കല്ലില്‍ ഇബ്റാഹീം നബി (അ) യുടെ പാദം പതിഞ്ഞിരുന്നു. പണിപൂര്‍ത്തിയാക്കിയശേഷം പിതാവും മകനും കൂടി അല്ലാഹുവിന്‍റെ കല്‍പ്പന അനുസരിച്ച സന്തോഷത്താല്‍ ഇരു കരങ്ങളുമുയര്‍ത്തി ആ ഭവനത്തിനു മുന്നില്‍ നിന്ന് ഉടമസ്ഥനെ സ്തുതിച്ചുകൊണ്ട് ദുആ ഇരന്നു. "ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്നും നീ സ്വീകരിക്കേണമേ.! നീ ഞങ്ങളുടെ അവസ്ഥ ശരിക്കുമറിയുന്നവനും ഞങ്ങളുടെ അപേക്ഷകള്‍ വളരെ നന്നായി കേള്‍ക്കുന്നവനുമാണല്ലോ.?" ശേഷം പലതും ദുആ ചെയ്ത കൂട്ടത്തില്‍ ഭാവിയിലെ ഒരു വമ്പിച്ച വിപ്ലവത്തെക്കുറിച്ച് ഉടമസ്ഥന്‍റെ മുന്നില്‍ വാചാലനായി. "നാഥാ! എന്‍റെ സന്താന പരമ്പരയില്‍ അവരില്‍ നിന്നുതന്നെ നിന്‍റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ച് നിന്‍റെ വേദവും സല്‍ഗുണങ്ങളും പഠിപ്പിച്ച്, അവരെ സംസ്കരിച്ചെടുക്കുന്ന ഒരു ദൂതനെ നീ അയയ്ക്കേണമേ.!" തീക്ഷ്ണമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ പരിശുദ്ധ ഭവനത്തിന്‍റെ നിര്‍മ്മാണ ശേഷം ഉടമസ്ഥന്‍റെ മുന്നില്‍ ഉയര്‍ത്തിയ കരങ്ങള്‍ അല്പവും പാഴായില്ല. ഉടനടി അതിന്‍റെ അടയാളങ്ങള്‍ ദൃശ്യമായിത്തുടങ്ങി. നിങ്ങള്‍ നിര്‍മ്മിച്ച ഭവനത്തിലേക്ക് വന്നുചേരാന്‍, ലോകാവസാനം വരെ വരുന്ന മുഴുവന്‍ മനുഷ്യരെയും വിളിക്കണമെന്ന അല്ലാഹുവിന്‍റെ കല്പന വന്നു. അത്ഭുത പരതന്ത്രനായി ഇബ്റാഹീം (അ) ചോദിച്ചു: "നാഥാ! ജനവാസമില്ലാത്ത ഈ മരുഭൂമിയില്‍ നിന്നുകൊണ്ട് ഞാനാരെ വിളിക്കാന്‍.! എന്‍റെ വിളി ആര് കേള്‍ക്കാന്‍.!" മറുപടി വന്നു: നിന്‍റെ ജോലി വിളിക്കലാണ്. കേള്‍പ്പിക്കുന്ന ജോലി എന്‍റേതാണ്. കല്പന അനുസരിച്ച് അവിടെയുള്ള ഒരു കുന്നിന്‍റെ മുകളില്‍ കയറി നിന്ന് ഇബ്റാഹീം (അ) വിളിക്കുന്നു. അത്ഭുതം.! ലോകാവസാനം വരെ ജനിക്കാനിരിക്കുന്ന മുഴുവന്‍ റൂഹുകളില്‍ നിന്ന് അവിടെയെത്താന്‍ ഭാഗ്യം നല്‍കപ്പെട്ടവര്‍ ആ വിളികേള്‍ക്കുകയും മറുപടി പറയുകയും ചെയ്യുന്നു. മറുപടി പറഞ്ഞവരെല്ലാം കാലാകാലങ്ങളില്‍ അവിടെയെത്തിക്കൊണ്ടിരിക്കുന്നു. 
നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇബ്റാഹീം (അ) യുടെ ദുആ പുലര്‍ന്നു. തിരുനബി മുഹമ്മദ് മുസ്തഫാ (സ്വല്ലല്ലാഹു അലൈഹിവസല്ലം) ത്യാഗത്തിന്‍റെ തീച്ചുളയില്‍ വളര്‍ന്ന് അടിമകളെ ഉടമസ്ഥനുമായി ബന്ധപ്പെടുത്തുന്ന ജോലിയില്‍ അശ്രാന്ത പരിശ്രമം തുടരുന്നതിനിടയില്‍, ഈമാനിന്‍റെ വ്യാപനവും ഇസ്ലാമിലേക്കുള്ള ജനസഞ്ചയത്തിന്‍റെ കുത്തൊഴുക്കും കണ്ട് സന്തോഷവാനായി പ്രഖ്യാപിച്ചു. "ഞാന്‍ നിങ്ങളുടെ (അറബികളുടെ) പൂര്‍വ്വപിതാവ് ഇബ്റാഹീം (അ) ന്‍റെ ദുആയാണ്. അതായത് ദുആയുടെ സാഫല്യമാണ്. മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യില്‍ കൂടി ഇബ്റാഹീം (അ) അല്ലാഹുവിന്‍റെ മുന്നില്‍ സമര്‍പ്പിച്ച വിപ്ലവം നടപ്പിലാവുകയായിരുന്നു. 
നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രവാചകത്വത്തിന് തുടക്കം കുറിച്ചത്, അല്ലാഹുവിന്‍റെ പരിശുദ്ധ വചനങ്ങളുടെ അവതരണം ആരംഭിച്ചത്, ഉടമസ്ഥനുമായി ബന്ധം വിച്ഛേദിച്ചകന്നുപോയ അടിമകള്‍ അവനിലേക്ക് തിരിച്ചു വന്നത്, ലോകജനത മുഴുവന്‍ വെറുത്ത് മാറ്റിനിര്‍ത്തിയ ഒരു സമൂഹം ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചത്, ഇബ്റാഹീം (അ) ന്‍റെ ത്യാഗ-പരീക്ഷണങ്ങളുടെ ഓര്‍മ്മകള്‍ പുതുക്കി അതിശക്തമായ പരീക്ഷണങ്ങള്‍ക്കും പീഢനങ്ങള്‍ക്കും നബി (സ)യും അനുചരന്മാരും വിധേയരായത്. അതുവഴി ഹൃദയങ്ങള്‍ മറ്റെല്ലാത്തിനെയും പുറത്താക്കി അല്ലാഹുവിന് മാത്രമാക്കി പാകപ്പെടുത്തിയത്, ആ അചഞ്ചല വിശ്വാസത്തിന് മുന്നില്‍ സര്‍വ്വതും ത്യജിക്കാനുള്ള മാനസികാവസ്ഥ നേടിയെടുത്തത്, എല്ലാം തന്നെ ഈ വിശുദ്ധ ഗേഹത്തിന് ചുറ്റുമുള്ള പരിശുദ്ധ മണ്ണിലായിരുന്നു. ക്രമേണ അവിടുത്തെ ഓരോ മണല്‍ത്തരികളും ആ സാഹസിക സംഘ ത്തിന്‍റെ ഹൃദയത്തുടിപ്പുകളും ജീവിതത്തിന്‍റെ ഭാഗവുമായി മാറുകയായിരുന്നു. ഇബ്റാഹീം നബി (അ) യുടെയും കുടുംബത്തിന്‍റെയും പതറാത്ത വിശ്വാസ പ്രകടനങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് "മില്ലത് ഇബ്റാഹീം' എന്ന നാമത്തില്‍ ഇബ്റാഹീം നബി (അ) യുടെ മാര്‍ഗ്ഗത്തെ മുറുകെ പിടിക്കാനും പിന്‍പറ്റാനും നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടും മുഴുവന്‍ ഉമ്മത്തികളോടും അല്ലാഹു നിര്‍ദ്ദേശിച്ചു. ദീനിന്‍റെ അധിക കാര്യങ്ങളിലും ഈ നിര്‍ദ്ദേശം പാലിക്കപ്പെടുന്നതോടൊപ്പം ഇബ്റാഹീം നബി (അ) യുടെ ത്യാഗങ്ങളുടെയും അടിയുറച്ച വിശ്വാസത്തിന്‍റെയും സ്മരണ നിലനിര്‍ത്തലാണ് മക്കയില്‍ ഹജ്ജിന്‍റെ അമലുകളില്‍ കൂടി നടപ്പിലാക്കപ്പെടുന്നത്. ഇബ്റാഹീം നബി (അ) യുമായി ബന്ധപ്പെട്ടതെല്ലാം പുണ്യ സ്മരണകളായി അറിയപ്പെടുന്നു. കഅ്ബ, ഹജറുല്‍ അസ്വദ്, റുക്നുല്‍ യമാനി, മുല്‍തസം, ഹിജ്റു ഇസ്മാഈല്‍ (ഹത്വീം), മഖാമു ഇബ്റാഹീം, സംസം, സ്വഫാ,
മര്‍വാ, മിന, ജംറാത്, ജബലുല്‍ കഅ്ബ, ജബല്‍ അബീ ഖുബൈസ് തുടങ്ങിയവയും ഹജ്ജിന്‍റെ അമലുകളുടെ പ്രധാനകേന്ദ്രങ്ങളായ അറഫ, മുസ്ദലിഫ അടങ്ങിയ പ്രദേശങ്ങളുമെല്ലാം ഈ പരിശുദ്ധമായ ധീര ചരിത്രത്തിന്‍റെ സാക്ഷ്യങ്ങളാണ്. ഇബ്റാഹീം നബി (അ) യുടെ പരീക്ഷണ ഭൂമിയെന്നതിലുപരി അല്ലാഹുവിന്‍റെ ഭവനവുമായുള്ള ബന്ധം ഈ പ്രദേശങ്ങള്‍ക്ക് അളവില്ലാത്ത മഹത്വമുണ്ടാക്കി. അതിനാല്‍ അല്ലാഹു ഖുര്‍ആനില്‍ സൂചിപ്പിച്ച അനുഗ്രഹീത ഭൂമിയായി അതുമാറി. ഇവിടെയെത്തുന്നവരെ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ പൊതിയുന്നു. ലക്ഷ്യങ്ങള്‍ സാധിക്കുന്നു. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടുന്നു. എല്ലാറ്റിലുമുപരി ഉടമസ്ഥനുമായുള്ള ബന്ധം സുദൃഢമാകുന്നു. ഇക്കാരണത്താല്‍ എല്ലാ കാലത്തും എല്ലാ പ്രദേശങ്ങളില്‍ നിന്നും നബിമാരും സ്വാലിഹീങ്ങളും ഇവിടം ലക്ഷ്യമാക്കി വന്നുചേര്‍ന്നുകൊണ്ടിരുന്നു. ഇവിടം അവരുടെയെല്ലാം സംഗമഭൂമിയും ആശാകേന്ദ്രവും ശാന്തിതീരവും അഭയസ്ഥാനവും സ്നേഹനിധിയായ ഉടമസ്ഥനുമായി മനസ്സുതുറന്ന് സംവദിക്കാനും അവന്‍റെ സ്നേഹം ആവോളമാസ്വദിച്ച് നിര്‍വൃതി അടയാനുള്ള സ്ഥലവുമായിമാറി. അതിനാല്‍ തന്നെ ഒരു പ്രവാചകനും ഇവിടം സന്ദര്‍ശിക്കാതിരുന്നിട്ടില്ല. ഒട്ടനവധി പ്രവാചകന്മാരുടെ അന്ത്യവിശ്രമസ്ഥലം കൂടിയാണിത്. ഇതെല്ലാം ഈ പ്രദേശങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന ഘടകങ്ങളാണ്. ഇവയൊക്കെ മുന്‍കാല ചരിത്രമാണെങ്കില്‍ തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രവാചകത്വ ലബ്ധിയോടെ ഈ പ്രദേശങ്ങള്‍ അതിവിപുലവും വിപ്ലവാത്മകവുമായ ഒരു അനശ്വര ചരിത്രത്തിന്‍റെ തേരോട്ടത്തിന് സാക്ഷിയാവുകയായിരുന്നു. അതോടെ ഈ പ്രദേശത്തിന്‍റെ മുക്കുമൂല കളും മലകളും നീര്‍ത്തടങ്ങളും മരങ്ങളും കല്ലുകളുമെന്നല്ല, ഓരോ മണല്‍ത്തരികളും അവിടുത്തെ കാര്‍മേഘങ്ങളും വായുമണ്ഡലങ്ങള്‍പോലും പവിത്രതയുടെ പാരമ്യതയിലേക്ക് കുതിച്ചുയരുകയായിരുന്നു. സത്യവിശ്വാസത്തിലേക്ക് കാലെടുത്തുവെയ്ക്കുന്ന ഓരോ മനുഷ്യന്‍റെയും ഹൃദയങ്ങളില്‍ പറിച്ചുമാറ്റാനാകാത്ത വിധം ഈ സ്ഥലങ്ങളോടുള്ള സ്നേഹം രൂഢമൂലമാകുകയായിരുന്നു. 
"ഹിജ്റഃ ചെയ്ത് മദീനയിലെത്തണമെന്ന നിര്‍ബന്ധ നിയമമില്ലായിരുന്നുവെങ്കില്‍ മക്കയല്ലാത്ത മറ്റൊരു നാട് ഞാന്‍ ഇഷ്ടപ്പെടുമായിരുന്നില്ല" എന്ന ആഇശ (റ) യുടെ വചനവും ഇദ്ഖര്‍, ജലീല്‍ (രണ്ടു ചെടികള്‍) തളിര്‍ത്ത് നില്‍ക്കുന്ന മലഞ്ചെരുവില്‍ ജീവിതത്തിലെന്നെങ്കിലും ഇനിയൊരു രാപ്പാര്‍ക്കലുണ്ടാകുമോ? 'മജിന്ന' അരുവിയിലെ വെള്ളം കുടിച്ച് 'ശാമ', 'ത്വഫീല്‍' (രണ്ട് മണല്‍ക്കുന്നുകള്‍) ഒരിക്കല്‍കൂടി കാണുവാനുള്ള ഭാഗ്യമുണ്ടാകുമോ എന്നറിഞ്ഞിരുന്നുവെങ്കില്‍... എന്ന്, ശക്തിയായ ജ്വരത്തിന്‍റെ ചൂടില്‍ വെന്തുപുകയുന്ന ശരീരത്തോടെ അബോധാവസ്ഥയിലും മക്കയെ ഓര്‍ത്ത് പിറുപിറുക്കുന്ന ബിലാല്‍ (റ) ന്‍റെ ആത്മഗതവുമെല്ലാം അവരുടെ ഹൃദയങ്ങളില്‍ മക്കയുടെ പ്രദേശങ്ങള്‍ക്കുണ്ടായിരുന്ന സ്വാധീനമാണ് തെളിയിക്കുന്നത്. നിറകണ്ണുകളോടെ അടക്കാനാവാത്ത വേദനയില്‍ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മക്കയെ സംബോധന ചെയ്ത് പറഞ്ഞ വാക്കുകള്‍ ഇതിന്‍റെ ഗൗരവം ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നതും മനസ്സിനെയും കണ്ണിനെയും ഒരുപോലെ പിടിച്ചുകുലുക്കുന്നതുമാണ്. 
മദീനയിലേക്ക് നിര്‍ബന്ധിതനായി ഹിജ്റ ചെയ്യവേ, മക്കയുടെ അതിര്‍ത്തിയിലെ കുന്നില്‍ നിന്ന് മക്കയെ നോക്കി തിരുദൂതര്‍ പറഞ്ഞു: "ഉടമസ്ഥന്‍റെ ഭൂമിയില്‍ എനിക്കേറ്റം പ്രിയങ്കരമായ പ്രദേശമാണ് നീ. നിന്‍റെ ജനത എന്നെ ഇവിടെ നിന്ന് പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും നിന്നെ വിട്ടുപോകുമായിരുന്നില്ല. മറ്റൊരിടം ഞാന്‍ താവളമാക്കുമായിരുന്നില്ല." ഈ വചനം ഏത് മുഅ്മിനിന്‍റെ ഹൃദയത്തെയാണ് പിടിച്ചുകുലുക്കാത്തത്.? പക്ഷെ ഇത്ര കടുത്ത സ്നേഹവും, അവരുടെ ഹൃദയത്തില്‍ പടര്‍ന്നിരുന്ന തൗഹീദിന്‍റെ തീപ്പൊരിയില്‍ കരിഞ്ഞുപോയിരുന്നു. അവരുടെ മനസ്സില്‍ നിറഞ്ഞുകവിഞ്ഞ ഈമാനിന്‍റെ പ്രകാശ രശ്മികളില്‍ മങ്ങി അലിഞ്ഞു പോയിരുന്നു. കാരണം അവരുടെ ഉള്ളകങ്ങളില്‍ രൂഢമൂലമായിരുന്ന അളവറ്റ ഇലാഹീ സ്നേഹം, ബാക്കിയെല്ലാറ്റിനെയും തള്ളിപ്പുറത്താക്കാന്‍ കെല്‍പുള്ളതായിരുന്നു. അതുകൊണ്ട് തന്നെ ഹിജ്റയുടെ മുന്നില്‍ മക്കയോടുള്ള സ്നേഹം ബലികഴിപ്പിക്കാന്‍ അവര്‍ തയ്യാറായി. മക്കാ വിജയത്തോടെ ഈ സ്നേഹം പതിന്മടങ്ങ് ഇരട്ടിയായി അവര്‍ ആഹ്ലാദത്തോടെ മടങ്ങിയെത്തി. അവരുടെ മനസ്സുകളില്‍ ഒളിഞ്ഞിരുന്ന സ്നേഹത്തിന് ജീവന്‍ വീണു തുടങ്ങി. കൂട്ടത്തില്‍ ഈ പ്രദേശങ്ങളിലെ ഓരോ ബിന്ദുവിന്‍റെയും മഹത്വങ്ങളും, അവിടങ്ങളിലെ ഇബാദത്തുകളുടെ ശ്രേഷ്ഠതയും തിരു നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പരിശുദ്ധ നാവില്‍ നിന്ന് കേട്ടു തുടങ്ങിയപ്പോള്‍ അവരുടെ ആത്മബന്ധം തുടിച്ചുതുടങ്ങി. 
ഇവകളെ സംബന്ധിച്ച ചില നബി വചനങ്ങള്‍ ഇതാ. 
1. കഅബ:- സ്വര്‍ഗ്ഗത്തിന്‍റെ എല്ലാ വാതിലുകളും കഅ്ബയുടെ നേരെ തുറക്കപ്പെട്ടിരിക്കുന്നു. കഅ്ബയുടെ മേല്‍ ദിവസവും 120 അനുഗ്രഹങ്ങള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. അതില്‍ 60 ത്വവാഫ് ചെയ്യുന്നവര്‍ക്കും 40 നമസ്കരിക്കുന്നവര്‍ക്കും 20 കഅ്ബയെ നോക്കിയിരിക്കുന്നവര്‍ക്കുമാണ്. 
2. ഹജറുല്‍ അസ് വദ്: ഇത് സ്വര്‍ഗ്ഗത്തിലെ ഒരു രത്നമാണ്. അതിനെ ചുംബിക്കുന്നവര്‍ക്ക് വേണ്ടി അത് സാക്ഷിപറയും. ഇത് ഭൂമിയില്‍ അല്ലാഹുവിന്‍റെ അനുഗ്രഹീത കരമാണ്. അതിനെ ചുംബിക്കുന്നവര്‍ അല്ലാഹുവിനെ 'മുസ്വാഫഹ' ചെയ്യുന്നത് പോലെയാണ്. ഹജറുല്‍ അസ് വദിനെ തൊട്ടു മുത്തുന്നവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. 
3. മുല്‍തസം (ഹജറുല്‍ അസ് വദിനും കഅ്ബയുടെ വാതിലിന്നുമിടയിലുള്ള സ്ഥലം) ഇവിടെ നെഞ്ചും മുഖവും ചേര്‍ത്ത് നിന്ന് ദുആ ചെയ്യല്‍ സുന്നത്താണ്. ഇവിടെ ചേര്‍ന്നൊട്ടി ദുആ ചെയ്യുന്നവര്‍ അല്ലാഹുവിന്‍റെ വലയത്തില്‍ ചേര്‍ന്നൊട്ടി അഭയം പ്രാപിച്ചവരെപ്പോലെയാണ്. ഇവര്‍ നിരാശരായി മടക്കപ്പെടുകയില്ല. 
4. മഖാമു ഇബ്റാഹീം: ഇത് സ്വര്‍ഗ്ഗത്തില്‍ നിന്നുമുള്ള ഒരു പ്രഭാപൂരിതമായ രത്നമാണ്. ത്വവാഫിന് ശേഷം ഇതിന് പിന്നില്‍ രണ്ട് റക്അത്ത് നമസ്ക്കരിക്കല്‍ സുന്നത്താണ്. ഇവിടെ നമസ്കരിക്കുന്നവരുടെ പാപങ്ങള്‍ പൊറുക്കപ്പെടും. ഹജറുല്‍ അസ് വദ്, മഖാമു ഇബ്റാഹീം അവ രണ്ടും ഉയര്‍ത്തപ്പെടാതെ ഖിയാമത്ത് നാള്‍ ഉണ്ടാവുകയില്ല.
5. സംസം: ഇത് സ്വാലിഹീങ്ങളുടെ പാനീയമാണ്. മുനാഫിഖുകള്‍ക്ക് ഇത് അധികം കുടിക്കാന്‍ കഴിയുകയില്ല. ഭൂമിയിലുള്ളതില്‍ ഏറ്റവും ഉത്തമമായ വെള്ളമാണത്. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മിഅ്റാജിന്‍റെ വാഹനവും ഹൃദയം കഴുകാനുള്ള പാത്രവും സ്വര്‍ഗ്ഗത്തില്‍ നിന്നും കൊണ്ടുവന്നപ്പോള്‍ സംസം ഉപയോഗിച്ചാണ് കഴുകിയത്. സംസം ഏത് ഉദ്ദേശത്തില്‍ കുടിക്കുന്നോ അത് സാധ്യമാകുന്നതാണ്. 
6. മസ്ജിദുല്‍ഹറാം: ഇവിടത്തെ ഓരോ നമസ്കാരവും ഒരു ലക്ഷം നമസ്കാരത്തിനു തുല്യമാണ്. ഓരോ നന്മയും ഒരു ലക്ഷം നന്മയുടെ പതിഫലമുള്ളതാണ്. ഒരു ദിവസത്തെ അഞ്ച് വഖ്ത് നമസ്കാരം അവിടെ ജമാഅത്തില്‍ പങ്കെടുത്ത് നമസ്കരിക്കാന്‍ ഭാഗ്യം കിട്ടിയാല്‍ ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം നമസ്കാരത്തിന്‍റെ പ്രതിഫലമാണ് അവനു കരസ്ഥമാകുന്നത്. മസ്ജിദുല്‍ ഹറാമിലിരുന്ന് കഅ്ബയെ നോക്കിക്കൊണ്ടിരുന്നാല്‍ ഉണങ്ങിയ മരത്തില്‍ നിന്നും ഇലപൊഴിയുന്നതുപോലെ അവന്‍റെ പാപങ്ങള്‍ പൊഴിഞ്ഞു പോകുന്നതാണ്. 
ഇതിലെല്ലാമുപരി ഈ സ്ഥലങ്ങളും മിസാബുറഹ്മ, ഹത്വീം, റുകുനുശ്ശാമി, റുകുനു ഇറാഖി, സ്വഫാ, മര്‍വാ, മിനാ, അറഫ, മുസ്ദലിഫ, ജംറാത്തുകള്‍ തുടങ്ങിയ മുഴുവന്‍ സ്ഥലങ്ങളും ദുആ സ്വീകരിക്കപ്പെടുന്ന സ്ഥല ങ്ങളാണ്. എല്ലാ സ്വാലിഹീങ്ങളും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വരെയും ഇവിടങ്ങളില്‍ കണ്ണുനീരൊലിപ്പിച്ചു ദുആ ഇരക്കുകയും, ഇവിടെയാണ് കണ്ണുനീരൊലിപ്പിക്കേണ്ടതെന്ന് പറയുകയും ചെയ്തിട്ടുണ്ട്. 
ഇപ്പറഞ്ഞതെല്ലാം കൂടി ഈ പ്രദേശങ്ങളുടെ മഹത്വങ്ങളെ കുറിച്ചുള്ള ചെറിയ സൂചന പോലുമാവുന്നില്ല. ഒരു സത്യവിശ്വാസിയുടെ മനസ്സിനെ അവിടേക്ക് പിടിച്ച് വലിക്കാന്‍ ഇതുതന്നെ അധികമാണെന്നിരിക്കെ ഈ പ്രദേശങ്ങളുമായി റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെയും സ്വഹാബികളുടെയും ബന്ധവും ഈമാനിന്‍റെ സംസ്ഥാപനത്തിനായി അവിടം സാക്ഷ്യംവഹിച്ച ധീരകൃത്യങ്ങളും അവിടുത്തെ മണല്‍തരികളില്‍ വീണ് കുതിര്‍ന്ന ഈമാനിന്‍റെ ചൂടേറിയ രക്തവും പഴുപ്പും വിയര്‍പ്പുമെല്ലാം ഒത്തുചേര്‍ന്ന് ഒരു പ്രത്യേക ഗന്ധം മുഅ്മിനിന്‍റെ മൂക്കിലേക്ക് തുളച്ചുകയറുകയും നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പൂമേനിയില്‍ നിന്നിറ്റുവീണ പരിശുദ്ധ രക്തത്തുള്ളികളുടെ നിറവും മണവും അവന്‍റെ ഹൃദയത്തെ പുളകമണിയിക്കുകയും, അവിടുത്തെ പാദസ്പര്‍ശനമേറ്റ മണല്‍ത്തരികളുടെ പ്രകാശം, കണ്ണിനെ കവര്‍ന്നെടുക്കുകയും ചെയ്യുന്നതോടൊപ്പം അവിടത്തെ മരങ്ങളിലും നിന്നും കല്ലുകളില്‍ നിന്നും ഉയരുന്ന സലാമിന്‍റെ ശബ്ദവും, മൃഗങ്ങളുടെയും വൃക്ഷങ്ങളുടെയും സത്യസാക്ഷ്യങ്ങളും ഒത്തുകൂടി മുഅ്മിനിന്‍റെ ഹൃദയത്തിലേക്ക് ഓര്‍മ്മകളായി തള്ളിക്കയറുമ്പോള്‍ ഏത് മുഅ്മിനാണ് അവിടെയെത്താന്‍ വെമ്പല്‍ കൊള്ളാത്തത്.? ആര്‍ക്കാണ് സ്വന്തം വീട്ടിലും നാട്ടിലും സമാധാനമായിരിക്കാന്‍ കഴിയുക.? 
മേല്‍ വിവരിച്ചതെല്ലാം ആവേശോജ്ജ്വലമായ ചരിത്രസത്യങ്ങളാണ്. ഒരു മുഅ്മിനിന്‍റെ സിരകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ഈമാനിയ്യായ രക്തത്തിന് തൗഹീദിന്‍റെ അനശ്വരമായ ചൂടും മധുരവും പകര്‍ന്ന ത്യാഗ സമ്പൂര്‍ണ്ണമായ ഒരു വിപ്ലവത്തിന്‍റെ ആകര്‍ഷകമായ വിസ്മയക്കാഴ്ചകള്‍.! ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മുസ്ലിംകളെ അവിടേക്ക് വലിച്ചു ചേര്‍ക്കാന്‍ മതിയായ ചങ്ങലയാണത്. ആ ചങ്ങലയില്‍ ബന്ധനസ്ഥനായ മുഅ്മിനിനെ ഉടമസ്ഥനായ അല്ലാഹു അനുഗ്രഹീതമായ അവന്‍റെ ഭവനത്തിലേക്ക് അതിഥിയായി തെരഞ്ഞെടുത്ത് ക്ഷണിക്കുകയും കൈയ്യും മനസ്സും നിറയ്ക്കുന്ന സമ്മാനങ്ങളുമായി കാത്തിരിക്കുകയും, വേണ്ടതും ആവശ്യപ്പെടു ന്നതുമെല്ലാം ലഭ്യമാക്കാമെന്ന സത്യവാഗ്ദാനങ്ങളുമായി സ്വീകരിക്കുകയും ചെയ്യുന്നുവെന്നറിഞ്ഞാല്‍ ആ രാജ ദര്‍ബാറിലെത്താന്‍ കൊതിക്കുന്നവരുടെ മാനസികാവസ്ഥ വിവരണാതീതമായിരിക്കും. ആ യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ അത്ര വിശാലവും സൂക്ഷ്മവും കൃത്യത നിറഞ്ഞതുമായിരിക്കണം. 
ഒരു ഭാഗത്ത് ആദരവും ബഹുമാനവും അനുസരണയും വിനയവും താഴ്മയും ഭയവും നിറഞ്ഞതാണെങ്കില്‍ മറുഭാഗത്ത് സ്നേഹവും അനുകമ്പയും ആവേശവും ആഗ്രഹവും തിരതല്ലുന്നതും ആരുടെ മുമ്പിലും വെളിപ്പെടുത്താനിഷ്ടപ്പെടാത്ത നിറഞ്ഞ പ്രേമത്തിന്‍റെ തീക്കനലുകള്‍ ഹൃദയത്തെയും ശരീരത്തെയും ഒരുപോലെ കറ കളഞ്ഞു പരിശുദ്ധമാക്കുന്നതുമായിരിക്കണം. ഇതിനായി ആവശ്യമായ ഇബാദത്തുകള്‍ ചെയ്തും തൗബ ചെയ്തും സൃഷ്ടികളുമായുള്ള ബന്ധങ്ങള്‍ നന്നാക്കിയും കടമകള്‍ നിര്‍വ്വഹിച്ചും ബാധ്യതകളൊഴിവാക്കിയും അവന്‍, സ്വന്തത്തെ പാകപ്പെടുത്തേണ്ടതുണ്ട്. അത് എല്ലാ മുഅ്മിനിന്‍റെയും എപ്പോഴത്തെയും ഉത്തരവാദിത്വമാണ്. എന്നാല്‍ രാജ ദര്‍ബാറില്‍ ഹാജരാകാനും അവിടുത്തെ സ്വീകാര്യനായ അതിഥിയാകാനും വേറെ ചിലതുകൂടി ആവശ്യമാണ്. സ്നേഹിക്കുന്നവന്‍ സ്നേഹിക്കപ്പെടുന്നവന്‍റെ മുന്നില്‍ തന്‍റെ നിഷ്കളങ്കതയും സത്യസന്ധതയും തെളിയിക്കേണ്ടതുണ്ട്. അതിന് സ്നേഹിതനുമായി ചേരാന്‍ തടസ്സമാകുന്ന മുഴുവന്‍ കാര്യങ്ങളും ഒഴിവാക്കിയ ശേഷം സ്നേഹിതനെ മാത്രം ലക്ഷ്യമാക്കി അവന്‍റെ സന്നിധിയിലെത്തിച്ചേരലാണ് മാര്‍ഗ്ഗം. ഈ യാത്രയിലെ ക്ലേശങ്ങള്‍ രസകരമായി അനുഭവപ്പെടണം. കഷ്ടതകള്‍ മധുരതരമായിത്തോന്നണം. ലക്ഷ്യത്തിലെത്തുന്നതിനിടയില്‍ വരുന്ന മുഴുവന്‍ ത്യാഗങ്ങളും സന്തോഷത്തോടെ തരണം ചെയ്ത് അര്‍പ്പണബോധത്തോടെ മുന്നേറണം. അല്ലാഹു അവന്‍റെ ദര്‍ബാറിലേക്ക് വരുന്ന അതിഥികളെ ഇതെല്ലാം പരിശോധിച്ചാണ് സ്വീകരിക്കുക. അതിനാല്‍ ഹജ്ജിന് മുന്നോടിയായി നോമ്പ് ഫര്‍ളാക്കുക വഴി മനുഷ്യന്‍റെ വിചാര-വികാരങ്ങള്‍ക്കും ശാരീരികേച്ഛകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി, വാഗ്ദാനങ്ങളും സന്തോഷ വാര്‍ത്തകളും നല്‍കി മനുഷ്യനെ തന്നിലേക്ക് ആകര്‍ഷിച്ച്, അവന്‍റെ മനസ്സില്‍ അനുരാഗവും സ്നേഹവുമിട്ടുകൊടുക്കുകയാണ് അല്ലാഹു. അങ്ങനെ മനുഷ്യന്‍ ഉടമസ്ഥനില്‍ അനുരക്തനായി ആ ഭവനത്തിലും ദര്‍ബാറിലുമെത്തി അതിഥിയാകാന്‍ കൊതിക്കുന്നു. അതാണ് റമദാന്‍ കഴിഞ്ഞാലുടന്‍ ഹജ്ജിന്‍റെ മാസങ്ങള്‍ തുടങ്ങുന്നത്. അനുരക്തനായ മനുഷ്യന്‍ എത്തിപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ചില നിബന്ധനകള്‍ വെയ്ക്കുന്നു. മനസ്സും ശരീരവും ശുദ്ധമാക്കി മറ്റ് ചിന്തകളൊഴിവാക്കി സകല ബന്ധങ്ങളും തല്‍ക്കാലം മാറ്റിവെച്ച് യാത്ര തുടങ്ങുക. യാത്ര ഒരുപരിധിയിലെത്തുമ്പോള്‍ തടഞ്ഞുനിര്‍ത്തി ഇനിയിങ്ങോട്ട് അടുക്കണമെങ്കില്‍ കുളിച്ചു ശുദ്ധിയായി ബാഹ്യ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പ്രൗഢിയും പ്രതാപവുമൊന്നും പ്രകടമാക്കാതെ യാത്രാ സംഘങ്ങളെല്ലാം ഒരേ വേഷത്തിലാവുക. ആഢംബരങ്ങളൊഴിവാക്കി അത്യാവശ്യ വസ്ത്രം മാത്രമണിഞ്ഞ് സ്നേഹപ്രകടനങ്ങളില്‍ മുഴുകുക. അതിനായി എല്ലാം മറന്നവനെപ്പോലെ സുഗന്ധവും എണ്ണയും മിനുക്കുപണികളുമെല്ലാം ഒഴിവാക്കി ഇതുവരെ അനുവദനീയമായിരുന്ന സല്ലാപ വാക്കുകള്‍ പോലുമൊഴിവാക്കി യഥാര്‍ത്ഥ പ്രേമഭാജനത്തിന്‍റെ നാമവും പ്രകീര്‍ത്തനങ്ങളും മാത്രമുരുവിട്ട് ആ ചിന്തയില്‍ മാത്രം ലയിക്കുന്നവര്‍ക്കേ ഈ അതിരിനപ്പുറത്തേക്ക് പ്രവേശനമുള്ളൂവെന്ന നിയമം നടപ്പിലാക്കി. ഈ അതിരുകള്‍ക്കാണ് 'മീഖാത്' എന്ന് പറയപ്പെടുന്നത്. ഇവിടുന്ന് കടക്കണമെങ്കില്‍ ഇഹ്റാം നിര്‍ബന്ധമാണ്. യാത്ര തുടരുന്നവരെ അടുത്ത അതിര്‍ത്തിയായ ഹറമിന്‍റെ ചുറ്റുവട്ടത്ത് തടഞ്ഞുനിര്‍ത്തി രാജദര്‍ബാറിന്‍റെ മര്യാദകളോര്‍മ്മപ്പെടുത്തുന്നു. പ്രേമ ഭാജനത്തെ തേടി എന്തും സഹിക്കാനും ത്യജിക്കാനും തയ്യാറായി ആ നാമം മാത്രം നാവിലെ മന്ത്രമാക്കി, മുടികള്‍ പാറിപ്പറന്ന് ശരീരവും വസ്ത്രവും മുഷിഞ്ഞ് പ്രേമ ഭാജനത്തിന് മുന്നിലെത്താന്‍ വെമ്പുന്ന ഒരുവനെ ഏത് നിയമത്തിനാണ് പിന്തിരിപ്പിക്കാന്‍ കഴിയുക.? ഒരു നിയന്ത്രണത്തിലും പുറകോട്ട് പോകാതെ എല്ലാം സഹിച്ച് തന്‍റെ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ആ പഥികന്‍, പ്രിയന്‍റെ നാമവും ക്ഷണത്തിനുള്ള മറുപടിയും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് തന്നെ സ്വീകരിക്കണമേയെന്ന അപേക്ഷയോടെ ഹൃദയത്തിലൊതുക്കിയ ആഗ്രഹങ്ങളും അഭിലാഷങ്ങളും കണ്ണുനീരായി ഒലിപ്പിച്ച് അലമുറയിട്ട് ആ രാജഭവനത്തിനു മുന്നില്‍, തന്‍റെ പ്രിയന്‍റെ പടിവാതിലില്‍ കരുണയും അനുഗ്രഹവും യാചിച്ച് അവിടെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമടക്കാനാവാതെ വിതുമ്പുകയും തുള്ളിയോടുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിയുക. 
ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നും, വിളക്കിലെ പ്രാണികള്‍പോലെ വന്നണയുന്ന ഖാഫിലകളുടെ ആരവങ്ങള്‍, ആരെയും ആ അപൂര്‍വ്വ സംഗമത്തിന്‍റെ ആഹ്ളാദത്തിരയില്‍ ലയിപ്പിച്ചു കളയും. ഇങ്ങിനെയുള്ള നല്ല അടിമകളെ സ്വീകരിച്ച് അവര്‍ക്ക് വേണ്ടത് നല്‍കി ഹൃദയങ്ങള്‍ ഈമാനില്‍ നിറച്ച്, ലോകജനതയുടെ മുന്നിലേക്ക് മാതൃകയാക്കി അയക്കാനാണ് അല്ലാഹു പരിശുദ്ധ ഭവനം നിര്‍മ്മിച്ചത്. ആ ഭവനമാണ് ഇബാദത്തിനായി നിര്‍മ്മിക്കപ്പെട്ട ഭൂമിയിലെ ആദ്യത്തെ ഭവനം. അതെ കഅ്ബ.! ഇത് സ്ഥിതി ചെയ്യുന്ന ഭൂമിയാണ് അനുഗ്രഹീതമായ മക്ക. അവിടെയാണ് ദ്യഷ്ടാന്തങ്ങളും സര്‍വ്വ അനുഗ്രഹങ്ങളും നേര്‍മാര്‍ഗ്ഗവും. അവിടെയാണ് വ്യക്തമായ ദൃഷ്ടാന്തങ്ങളും. 
അല്ലാഹുവേ! നിന്‍റെ ഭവനത്തിലേക്ക് വന്നു ചേരാനാഗ്രഹിക്കുന്ന സര്‍വ്വരെയും നീ അവിടെ എത്തിക്കേണമേ.! അവര്‍ക്കെല്ലാം ഉറച്ച ഈമാനും സമ്പൂര്‍ണ്ണ അനുഗ്രഹങ്ങളും നല്‍കേണമേ.! കൂട്ടത്തില്‍ ഞങ്ങള്‍ സാധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അടിയ്ക്കടി ആ കാഴ്ച കണ്ട് നിര്‍വൃതിയടയാനും നിന്‍റെ അനുഗ്രഹങ്ങള്‍ നേടാനും അവിടേയ്ക്കെത്തിക്കാന്‍ കരുണയുണ്ടാകേണമേ.! 
കരുണയുള്ള ദയാലുവായ ഇലാഹീ.! മക്കാ-മദീനയുടെ ആ പരിശുദ്ധമായ മണ്‍തരികളില്‍ ഈ പാപിയെയും നിന്‍റെ അളവറ്റ് കരുണകൊണ്ട് ശുദ്ധിയാക്കി കലര്‍ത്തി ലയിപ്പിക്കേണമേ! ആമീന്‍. 

🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

Monday, July 1, 2019

ഇന്നാലില്ലാഹ്‌...* 🌱 *തൊടുപുഴ* *ഫരീദ് ഹാജി (98)

📣 *ഇന്നാലില്ലാഹ്‌...*
🌱 *തൊടുപുഴ*
*ഫരീദ് ഹാജി (98) പടച്ചവന്‍റെ*
*റഹ് മത്തിലേക്ക് യാത്രയായി.*
(2019 ജൂലൈ 01 തിങ്കളാഴ്ച) 
📌ഖബ്റടക്കം:
*ജൂലൈ 02 ചൊവ്വാഴ്ച രാവിലെ 10-30 ന്*
*തൊടുപുഴ, കാരിക്കോട്, ഉണ്ടപ്ലാവ്‌ മുഹ്‌യുദ്ദീൻ ജുമുഅഃ മസ്ജിദ് ഖബർസ്ഥാനിൽ.*
🔹 *അൽ ഉസ്താദ് മുഹമ്മദ് ശരീഫ് കൗസരി, അബ്ദുൽ ഗഫൂർ നജ്‌മി എന്നിവരുടെ പ്രിയപ്പെട്ട പിതാവാണ്.*
⛔ *മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.*
🌿 *അല്ലാഹുവേ, മര്‍ഹൂമിന് നീ  പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!*
ത അ്‌ സിയത് അറിയിക്കൂ.
മുഹമ്മദ് ശരീഫ് കൗസരി
9947282948
അബ്ദുൽ ഗഫൂർ നജ്‌മി 
🔹🔹🔹⭕🔹🔹🔹
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍*

അല്‍ ഹാജ് അബ്ദുല്‍ അസീസ് സാഹിബ് മര്‍ഹൂം, ഹരിപ്പാട്.

ഇലാ റഹ് മത്തില്ലാഹ്  പടച്ചവന്‍ നല്‍കിയ അനുഗ്രഹത്തിന് ചെറിയ നിലയിലെങ്കിലും നന്ദി കാണിക്കേണ്ടേ.?  അല്‍ ഹാജ് അബ്ദുല്‍ അസീസ് സാഹിബ് മര്‍ഹൂം,...