മക്കാ മുകര്‍റമ:
നന്മകളുടെ പ്രഭവകേന്ദ്രം.!
- ഉസ്താദ് ഇ.എം. സുലൈമാന്‍ അല്‍ കൗസരി
https://swahabainfo.blogspot.com/2019/07/blog-post.html?spref=tw
നിശ്ചയം, അനുഗ്രഹവും നേര്‍വഴിയുമായി മനുഷ്യര്‍ക്ക് വേണ്ടി (ഇബാദത്തിനായി) ഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ട പ്രഥമ ഭവനം മക്കയിലുള്ളതാണ്. (ഖുര്‍ആന്‍).
അല്ലാഹു പറയുന്നു: "മനുഷ്യരെയും ജിന്നുകളെയും എനിക്ക് ഇബാദത്ത് ചെയ്യാനല്ലാതെ ഞാന്‍ പടച്ചിട്ടില്ല."
ഇബാദത്ത്, ഉടമസ്ഥനായ അല്ലാഹുവിന്‍റെ മുന്നില്‍ അടിമ പൂര്‍ണ്ണമായി കീഴ്പ്പെടലും ഉടമസ്ഥനോടുള്ള ആദരവിലും വിനയത്തിലും താഴ്ചയിലും സ്നേഹത്തിലും സമ്പൂര്‍ണ്ണത പ്രകടിപ്പിക്കലുമാണ്. അല്ലാഹു കല്‍പ്പിച്ചിട്ടുള്ള ഇബാദത്തുകളിലെല്ലാം തന്നെ ഈ കാര്യങ്ങള്‍ നിഴലിച്ച് നില്‍ക്കുന്നതായി കാണാം. ചിലതില്‍ വിനയവും താഴ്മയും കൂടുതല്‍ പ്രകടമാകുന്നുവെങ്കില്‍ മറ്റ് ചിലതില്‍ സ്നേഹവും അനുരാഗവുമാണ് പ്രകടമാകുന്നത്. ഒരു ഭാഗത്ത് അല്ലാഹുവിന്‍റെ അധികാരത്തിന്‍റെയും ആധിപത്യത്തിന്‍റെയും ഗുണങ്ങള്‍ മനുഷ്യനെ അനുസരണത്തിലേക്ക് നയിക്കുമ്പോള്‍, മറുവശത്ത് അനുകമ്പയുടെയും വിട്ടുവീഴ്ചയുടെയും ഗുണങ്ങള്‍ അവനെ സ്നേഹിക്കാനും അവനിലേക്ക് അടക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്നു. നമസ്കാരത്തിലൂടെ ശരീരവും, സകാത്തിലൂടെ സമ്പത്തും റബ്ബിന്‍റെ പ്രതാപത്തിന് മുമ്പില്‍ അടിയറ വെക്കുന്ന ദാസന്‍, അതിരില്ലാത്ത അനുരാഗത്തിന്‍റെ വിസ്മയജനകമായ പ്രതിപ്രവര്‍ത്തനങ്ങളാണ് നോമ്പും ഹജ്ജും വഴി പ്രകടമാക്കുന്നത്. ഇതെല്ലാം ഒരേ ബിന്ദുവിലാണ് സമ്മേളിക്കുന്നത്. അതിന് അച്ചുതണ്ടാകാന്‍ അല്ലാഹു നിശ്ചയിച്ച ഗേഹമാണ് കഅ്ബ. ഭൂമിയുടെ നാനാ ഭാഗത്ത് നിന്നും അടിമകള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അതാണ് ഇബാദത്തിനായി നിശ്ചയിക്കപ്പെട്ട ആദ്യ ഭവനമെന്ന് അല്ലാഹു വിശേഷിപ്പിച്ചത്.
ആകാശത്ത് ബൈത്തുല്‍ മഅ്മൂര്‍ എന്നൊരു ഭവനമുണ്ട്. മലക്കുകള്‍ അതിനെ വലയം ചെയ്തുകൊണ്ടിരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ദിവസവും എഴുപതിനായിരം മലക്കുകള്‍ അവിടെ ത്വവാഫ് ചെയ്യുന്നു. ഒരിക്കല്‍ ത്വവാഫ് ചെയ്തവര്‍ പിന്നീടൊരിക്കലും മടങ്ങിവരികയില്ല. ഈ ഭവനത്തിന്‍റെ നേരെ താഴെയാണ് കഅ്ബ. മനുഷ്യര്‍ എക്കാലവും അതിനെ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുന്നു. അല്ലാഹു ഭൂമിയെ പടയ്ക്കാന്‍ തുടങ്ങിയത് ഇവിടെ നിന്നാണ്. വെള്ളത്തിനു മുകളില്‍ ഒരു കുമിളപോലെ അവിടം ഉയര്‍ന്നു നിന്നു. അതിന് ചുറ്റുമായിട്ടാണ് ഭൂമിയെ പരത്തിയത്. ഈ ഭവനം ഉള്‍ക്കൊണ്ട പ്രദേശത്തിനാണ് മക്കയെന്ന് പറയപ്പെടുന്നത്. ഇവിടെ നിന്നുമാണ് ഭൂമിയുടെ നിര്‍മ്മാണം ആരംഭിച്ചതെന്ന കാരണത്താല്‍ ഇതിന് 'ഉമ്മുല്‍ഖുറാ' എന്നും പേരുണ്ട്. ഇവിടെ ആദ്യകാലം മുതലുണ്ടായിരുന്ന പരിശുദ്ധ കഅ്ബയെ ലക്ഷ്യമാക്കി മുഴുവന്‍ പ്രവാചകന്മാരും ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള സജ്ജനങ്ങളും വന്നുചേര്‍ന്ന് അവിടെ ത്വവാഫ് ചെയ്തിരുന്നു. കാലപ്പഴക്കത്താല്‍ ആ ഭവനം പലപ്പോഴും പൊളിഞ്ഞുപോവുകയും പുനര്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇബ്റാഹീം നബി (അ) യുടെ കാലത്ത് ഈ ഭവനം നിന്നിരുന്ന സ്ഥാനം പോലും അറിയാന്‍ കഴിയാത്ത നിലയില്‍ മണ്ണിനടിയിലായി പോയിരുന്നു. അല്ലാഹുവിന്‍റെ പല പരീക്ഷണങ്ങളിലും അകപ്പെട്ട്, അതിലെല്ലാം അവന്‍റെ അനുഗ്രഹത്താല്‍ വിജയം വരിച്ച വ്യക്തിത്വമാണ് ഇബ്റാഹീം (അ). അദ്ദേഹം നേരിട്ട പരീക്ഷണങ്ങളുടെ ഒരു ശ്യംഖല തന്നെ കഅ്ബയുമായി ബന്ധപ്പെട്ടതാണ്. ഒരിക്കല്‍ അല്ലാഹുവിന്‍റെ കല്പന വന്നു: ഭാര്യ ഹാജറിനെയും മകന്‍ ഇസ്മാഈലിനെയും വിജനമായ മണല്‍ക്കാട്ടില്‍ കൊണ്ടാക്കിയിട്ട് തിരിഞ്ഞ് നടക്കാന്‍. നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്ത് അവരെ കൊണ്ടാക്കിയിട്ട് അദ്ദേഹം തിരിഞ്ഞ് നടന്നു. ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ നടന്നകന്ന ഭര്‍ത്താവിനോട്, ഇത് അല്ലാഹുവിന്‍റെ കല്പനയാണോ എന്ന് ഭാര്യ ആരാഞ്ഞു. അതെ' എന്ന സൂചന കിട്ടിയ ഹാജര്‍ അല്ലാഹുവില്‍ അഭയം പ്രാപിച്ചു സമാധാനിച്ചു. ആരുമില്ലാത്ത സ്ഥലത്ത് മാറുണങ്ങുന്നതുവരെ കുഞ്ഞിനു പാല്‍കൊടുത്ത് കഴിഞ്ഞ ഹാജര്‍, പാല്‍ വറ്റിയപ്പോള്‍ അസ്വസ്ഥയായി. കുടിവെള്ളം പോലുമില്ലാതെ അലഞ്ഞ മഹതി ജീവജലം തേടി രണ്ടു മലകള്‍ക്കിടയില്‍ ഓടിനടന്നു. മലമുകളില്‍ കയറി ഏതെങ്കിലും യാത്രക്കാരെയെങ്കിലും കാണാന്‍ കൊതിച്ചു. ആരെയും കാണാതെ അവസാനം ഏതോ ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ അരുവിയായി വെള്ളം ചാലിട്ടൊഴുകുന്നു. ഓടിച്ചെന്ന് മണല്‍തിട്ട കൂട്ടി വെള്ളം തടഞ്ഞു നിര്‍ത്തി. വെള്ളം കവിഞ്ഞൊഴുകുന്നതിനേക്കാള്‍ മഹതിയുടെ സന്തോഷം, നിറഞ്ഞൊഴുകുകയായിരുന്നു. മരുഭൂമിയിലെ സുലഭമായ ജലലഭ്യത കണ്ട്, യാത്രക്കാര്‍ അവിടം താവളമാക്കിത്തുടങ്ങി. നാളുകള്‍ക്കകം അവിടം ജനവാസ കേന്ദ്രമായി. ഇതിനിടയില്‍ വളര്‍ന്ന മകനെ അറുക്കാന്‍ (ബലി കഴിച്ച് അല്ലാഹുവിന്‍റെ സാമീപ്യം നേടാന്‍) ഇബ്റാഹീം നബി (അ) ക്ക് കല്‍പ്പന കിട്ടി. മകനെ കാര്യം ധരിപ്പിച്ച്, സസന്തോഷം കൃത്യനിര്‍വ്വഹണത്തിന് സന്നദ്ധരായി മിനായുടെ ഭാഗത്തേക്ക് നടന്നു നീങ്ങിയ പിതാ വിനെയും മകനെയും പിശാച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും, നടക്കാതെ വന്നപ്പോള്‍ മൂന്നിടങ്ങളില്‍ വഴിയില്‍ തടഞ്ഞുനോക്കി. അവിടെയെല്ലാം പിശാചിനെ കല്ലെറിഞ്ഞ് വഴിമാറ്റി മുന്നേറി ലക്ഷ്യം പ്രാവര്‍ത്തികമാക്കിയപ്പോള്‍ അല്ലാഹു മകന് പകരം ആടിനെകൊടുത്ത് അതിനെ ബലികഴിപ്പിച്ച് പരീക്ഷണത്തില്‍ വിജയിച്ച സന്തോഷവാര്‍ത്ത അറിയിച്ചു.
കാര്യങ്ങള്‍ ഇതുകൊണ്ടാന്നും അവസാനിച്ചില്ല; വീണ്ടും ഏതോ കാലത്ത് മണ്ണില്‍ മറഞ്ഞുപോയ അല്ലാഹുവിന്‍റെ പരിശുദ്ധ ഭവനം പുനര്‍നിര്‍മ്മിക്കാനുള്ള കല്‍പ്പന കിട്ടി. അതിനുള്ള സ്ഥലം നിര്‍ണയിച്ച് മണ്ണി നടിയിലായ അടിത്തറ കുഴിച്ചുതെളിച്ചുകൊടുത്തത് ജിബ്രീലായിരുന്നു. നിര്‍മ്മിക്കാനുള്ള കല്ലും ഏതാകണമെന്ന് നിശ്ചയിക്കപ്പെട്ടിരുന്നു. മകന്‍ കല്ല് ചുമന്നുകൊണ്ടുവന്നു കൊടുക്കുകയും, പിതാവ് നിര്‍മ്മാണം നടത്തുകയും ചെയ്തുകൊണ്ടിരുന്നു. കെട്ടിടത്തിന്‍റെ നിര്‍മ്മാണം കയ്യെത്താത്ത ഉയരത്തിലെത്തിയപ്പോള്‍, കല്ലുകള്‍ താഴെ നിന്നെടുത്ത് മുകളിലേക്ക് ഉയര്‍ന്ന് പണിനടത്തുവാന്‍ വേണ്ടി സ്വയം ഉയരുകയും താഴുകയും ചെയ്യുന്ന ഒരു കല്ലില്‍ ഇബ്റാഹീം നബി (അ) ചവിട്ടിനിന്നു. ആധുനിക ലിഫ്റ്റിന്‍റെ സാഹസികത ഒട്ടും അനുഭവപ്പെടാതെ ബാഹ്യമായ ഒരു ഊര്‍ജ്ജത്തിന്‍റെയും സഹായമില്ലാതെ ആ കല്ല് ആവശ്യാനുസരണം ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. പണി പൂര്‍ത്തിയാകുന്നതിനിടയില്‍ -ഒരു മൂലയില്‍- സ്വര്‍ഗ്ഗത്തിലെ പ്രകാശപൂരിതമായ ഒരു രത്നം കൊണ്ടുവന്ന് സ്ഥാപിക്കപ്പെട്ടു. എതിര്‍ ദിശയിലെ മൂലയില്‍ മറ്റൊരു സ്വര്‍ഗ്ഗീയ കല്ലും പതിക്കപ്പെട്ടു. മുന്‍ഭാഗത്ത് വാതിലും വെച്ച് പണിപൂര്‍ത്തിയാക്കി. മാതാവിനും മകനും കൂടി താമസിക്കാനായി അവിടെ തയ്യാറാക്കിയ ചെറിയ പന്തലും ഈ കെട്ടിടത്തിനുള്ളിലായി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം, കയറിനിന്ന് പണിയാന്‍ ഉപയോഗിച്ച കല്ല്, ആ ഭവനത്തിന് മുന്നിലായി ഒരു ഭാഗത്ത് സ്ഥാപിച്ചു. ഇതിനിടയില്‍ ആ കല്ലില്‍ ഇബ്റാഹീം നബി (അ) യുടെ പാദം പതിഞ്ഞിരുന്നു. പണിപൂര്‍ത്തിയാക്കിയശേഷം പിതാവും മകനും കൂടി അല്ലാഹുവിന്‍റെ കല്‍പ്പന അനുസരിച്ച സന്തോഷത്താല്‍ ഇരു കരങ്ങളുമുയര്‍ത്തി ആ ഭവനത്തിനു മുന്നില്‍ നിന്ന് ഉടമസ്ഥനെ സ്തുതിച്ചുകൊണ്ട് ദുആ ഇരന്നു. "ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്നും നീ സ്വീകരിക്കേണമേ.! നീ ഞങ്ങളുടെ അവസ്ഥ ശരിക്കുമറിയുന്നവനും ഞങ്ങളുടെ അപേക്ഷകള്‍ വളരെ നന്നായി കേള്‍ക്കുന്നവനുമാണല്ലോ.?" ശേഷം പലതും ദുആ ചെയ്ത കൂട്ടത്തില്‍ ഭാവിയിലെ ഒരു വമ്പിച്ച വിപ്ലവത്തെക്കുറിച്ച് ഉടമസ്ഥന്‍റെ മുന്നില്‍ വാചാലനായി. "നാഥാ! എന്‍റെ സന്താന പരമ്പരയില്‍ അവരില്‍ നിന്നുതന്നെ നിന്‍റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ച് നിന്‍റെ വേദവും സല്‍ഗുണങ്ങളും പഠിപ്പിച്ച്, അവരെ സംസ്കരിച്ചെടുക്കുന്ന ഒരു ദൂതനെ നീ അയയ്ക്കേണമേ.!" തീക്ഷ്ണമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ പരിശുദ്ധ ഭവനത്തിന്‍റെ നിര്‍മ്മാണ ശേഷം ഉടമസ്ഥന്‍റെ മുന്നില്‍ ഉയര്‍ത്തിയ കരങ്ങള്‍ അല്പവും പാഴായില്ല. ഉടനടി അതിന്‍റെ അടയാളങ്ങള്‍ ദൃശ്യമായിത്തുടങ്ങി. നിങ്ങള്‍ നിര്‍മ്മിച്ച ഭവനത്തിലേക്ക് വന്നുചേരാന്‍, ലോകാവസാനം വരെ വരുന്ന മുഴുവന്‍ മനുഷ്യരെയും വിളിക്കണമെന്ന അല്ലാഹുവിന്‍റെ കല്പന വന്നു. അത്ഭുത പരതന്ത്രനായി ഇബ്റാഹീം (അ) ചോദിച്ചു: "നാഥാ! ജനവാസമില്ലാത്ത ഈ മരുഭൂമിയില്‍ നിന്നുകൊണ്ട് ഞാനാരെ വിളിക്കാന്‍.! എന്‍റെ വിളി ആര് കേള്‍ക്കാന്‍.!" മറുപടി വന്നു: നിന്‍റെ ജോലി വിളിക്കലാണ്. കേള്‍പ്പിക്കുന്ന ജോലി എന്‍റേതാണ്. കല്പന അനുസരിച്ച് അവിടെയുള്ള ഒരു കുന്നിന്‍റെ മുകളില്‍ കയറി നിന്ന് ഇബ്റാഹീം (അ) വിളിക്കുന്നു. അത്ഭുതം.! ലോകാവസാനം വരെ ജനിക്കാനിരിക്കുന്ന മുഴുവന്‍ റൂഹുകളില്‍ നിന്ന് അവിടെയെത്താന്‍ ഭാഗ്യം നല്‍കപ്പെട്ടവര്‍ ആ വിളികേള്‍ക്കുകയും മറുപടി പറയുകയും ചെയ്യുന്നു. മറുപടി പറഞ്ഞവരെല്ലാം കാലാകാലങ്ങളില്‍ അവിടെയെത്തിക്കൊണ്ടിരിക്കുന്നു.
നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇബ്റാഹീം (അ) യുടെ ദുആ പുലര്‍ന്നു. തിരുനബി മുഹമ്മദ് മുസ്തഫാ (സ്വല്ലല്ലാഹു അലൈഹിവസല്ലം) ത്യാഗത്തിന്‍റെ തീച്ചുളയില്‍ വളര്‍ന്ന് അടിമകളെ ഉടമസ്ഥനുമായി ബന്ധപ്പെടുത്തുന്ന ജോലിയില്‍ അശ്രാന്ത പരിശ്രമം തുടരുന്നതിനിടയില്‍, ഈമാനിന്‍റെ വ്യാപനവും ഇസ്ലാമിലേക്കുള്ള ജനസഞ്ചയത്തിന്‍റെ കുത്തൊഴുക്കും കണ്ട് സന്തോഷവാനായി പ്രഖ്യാപിച്ചു. "ഞാന്‍ നിങ്ങളുടെ (അറബികളുടെ) പൂര്‍വ്വപിതാവ് ഇബ്റാഹീം (അ) ന്‍റെ ദുആയാണ്. അതായത് ദുആയുടെ സാഫല്യമാണ്. മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യില്‍ കൂടി ഇബ്റാഹീം (അ) അല്ലാഹുവിന്‍റെ മുന്നില്‍ സമര്‍പ്പിച്ച വിപ്ലവം നടപ്പിലാവുകയായിരുന്നു.
നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രവാചകത്വത്തിന് തുടക്കം കുറിച്ചത്, അല്ലാഹുവിന്‍റെ പരിശുദ്ധ വചനങ്ങളുടെ അവതരണം ആരംഭിച്ചത്, ഉടമസ്ഥനുമായി ബന്ധം വിച്ഛേദിച്ചകന്നുപോയ അടിമകള്‍ അവനിലേക്ക് തിരിച്ചു വന്നത്, ലോകജനത മുഴുവന്‍ വെറുത്ത് മാറ്റിനിര്‍ത്തിയ ഒരു സമൂഹം ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചത്, ഇബ്റാഹീം (അ) ന്‍റെ ത്യാഗ-പരീക്ഷണങ്ങളുടെ ഓര്‍മ്മകള്‍ പുതുക്കി അതിശക്തമായ പരീക്ഷണങ്ങള്‍ക്കും പീഢനങ്ങള്‍ക്കും നബി (സ)യും അനുചരന്മാരും വിധേയരായത്. അതുവഴി ഹൃദയങ്ങള്‍ മറ്റെല്ലാത്തിനെയും പുറത്താക്കി അല്ലാഹുവിന് മാത്രമാക്കി പാകപ്പെടുത്തിയത്, ആ അചഞ്ചല വിശ്വാസത്തിന് മുന്നില്‍ സര്‍വ്വതും ത്യജിക്കാനുള്ള മാനസികാവസ്ഥ നേടിയെടുത്തത്, എല്ലാം തന്നെ ഈ വിശുദ്ധ ഗേഹത്തിന് ചുറ്റുമുള്ള പരിശുദ്ധ മണ്ണിലായിരുന്നു. ക്രമേണ അവിടുത്തെ ഓരോ മണല്‍ത്തരികളും ആ സാഹസിക സംഘ ത്തിന്‍റെ ഹൃദയത്തുടിപ്പുകളും ജീവിതത്തിന്‍റെ ഭാഗവുമായി മാറുകയായിരുന്നു. ഇബ്റാഹീം നബി (അ) യുടെയും കുടുംബത്തിന്‍റെയും പതറാത്ത വിശ്വാസ പ്രകടനങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് "മില്ലത് ഇബ്റാഹീം' എന്ന നാമത്തില്‍ ഇബ്റാഹീം നബി (അ) യുടെ മാര്‍ഗ്ഗത്തെ മുറുകെ പിടിക്കാനും പിന്‍പറ്റാനും നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടും മുഴുവന്‍ ഉമ്മത്തികളോടും അല്ലാഹു നിര്‍ദ്ദേശിച്ചു. ദീനിന്‍റെ അധിക കാര്യങ്ങളിലും ഈ നിര്‍ദ്ദേശം പാലിക്കപ്പെടുന്നതോടൊപ്പം ഇബ്റാഹീം നബി (അ) യുടെ ത്യാഗങ്ങളുടെയും അടിയുറച്ച വിശ്വാസത്തിന്‍റെയും സ്മരണ നിലനിര്‍ത്തലാണ് മക്കയില്‍ ഹജ്ജിന്‍റെ അമലുകളില്‍ കൂടി നടപ്പിലാക്കപ്പെടുന്നത്. ഇബ്റാഹീം നബി (അ) യുമായി ബന്ധപ്പെട്ടതെല്ലാം പുണ്യ സ്മരണകളായി അറിയപ്പെടുന്നു. കഅ്ബ, ഹജറുല്‍ അസ്വദ്, റുക്നുല്‍ യമാനി, മുല്‍തസം, ഹിജ്റു ഇസ്മാഈല്‍ (ഹത്വീം), മഖാമു ഇബ്റാഹീം, സംസം, സ്വഫാ,
മര്‍വാ, മിന, ജംറാത്, ജബലുല്‍ കഅ്ബ, ജബല്‍ അബീ ഖുബൈസ് തുടങ്ങിയവയും ഹജ്ജിന്‍റെ അമലുകളുടെ പ്രധാനകേന്ദ്രങ്ങളായ അറഫ, മുസ്ദലിഫ അടങ്ങിയ പ്രദേശങ്ങളുമെല്ലാം ഈ പരിശുദ്ധമായ ധീര ചരിത്രത്തിന്‍റെ സാക്ഷ്യങ്ങളാണ്. ഇബ്റാഹീം നബി (അ) യുടെ പരീക്ഷണ ഭൂമിയെന്നതിലുപരി അല്ലാഹുവിന്‍റെ ഭവനവുമായുള്ള ബന്ധം ഈ പ്രദേശങ്ങള്‍ക്ക് അളവില്ലാത്ത മഹത്വമുണ്ടാക്കി. അതിനാല്‍ അല്ലാഹു ഖുര്‍ആനില്‍ സൂചിപ്പിച്ച അനുഗ്രഹീത ഭൂമിയായി അതുമാറി. ഇവിടെയെത്തുന്നവരെ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ പൊതിയുന്നു. ലക്ഷ്യങ്ങള്‍ സാധിക്കുന്നു. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടുന്നു. എല്ലാറ്റിലുമുപരി ഉടമസ്ഥനുമായുള്ള ബന്ധം സുദൃഢമാകുന്നു. ഇക്കാരണത്താല്‍ എല്ലാ കാലത്തും എല്ലാ പ്രദേശങ്ങളില്‍ നിന്നും നബിമാരും സ്വാലിഹീങ്ങളും ഇവിടം ലക്ഷ്യമാക്കി വന്നുചേര്‍ന്നുകൊണ്ടിരുന്നു. ഇവിടം അവരുടെയെല്ലാം സംഗമഭൂമിയും ആശാകേന്ദ്രവും ശാന്തിതീരവും അഭയസ്ഥാനവും സ്നേഹനിധിയായ ഉടമസ്ഥനുമായി മനസ്സുതുറന്ന് സംവദിക്കാനും അവന്‍റെ സ്നേഹം ആവോളമാസ്വദിച്ച് നിര്‍വൃതി അടയാനുള്ള സ്ഥലവുമായിമാറി. അതിനാല്‍ തന്നെ ഒരു പ്രവാചകനും ഇവിടം സന്ദര്‍ശിക്കാതിരുന്നിട്ടില്ല. ഒട്ടനവധി പ്രവാചകന്മാരുടെ അന്ത്യവിശ്രമസ്ഥലം കൂടിയാണിത്. ഇതെല്ലാം ഈ പ്രദേശങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന ഘടകങ്ങളാണ്. ഇവയൊക്കെ മുന്‍കാല ചരിത്രമാണെങ്കില്‍ തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രവാചകത്വ ലബ്ധിയോടെ ഈ പ്രദേശങ്ങള്‍ അതിവിപുലവും വിപ്ലവാത്മകവുമായ ഒരു അനശ്വര ചരിത്രത്തിന്‍റെ തേരോട്ടത്തിന് സാക്ഷിയാവുകയായിരുന്നു. അതോടെ ഈ പ്രദേശത്തിന്‍റെ മുക്കുമൂല കളും മലകളും നീര്‍ത്തടങ്ങളും മരങ്ങളും കല്ലുകളുമെന്നല്ല, ഓരോ മണല്‍ത്തരികളും അവിടുത്തെ കാര്‍മേഘങ്ങളും വായുമണ്ഡലങ്ങള്‍പോലും പവിത്രതയുടെ പാരമ്യതയിലേക്ക് കുതിച്ചുയരുകയായിരുന്നു. സത്യവിശ്വാസത്തിലേക്ക് കാലെടുത്തുവെയ്ക്കുന്ന ഓരോ മനുഷ്യന്‍റെയും ഹൃദയങ്ങളില്‍ പറിച്ചുമാറ്റാനാകാത്ത വിധം ഈ സ്ഥലങ്ങളോടുള്ള സ്നേഹം രൂഢമൂലമാകുകയായിരുന്നു.
"ഹിജ്റഃ ചെയ്ത് മദീനയിലെത്തണമെന്ന നിര്‍ബന്ധ നിയമമില്ലായിരുന്നുവെങ്കില്‍ മക്കയല്ലാത്ത മറ്റൊരു നാട് ഞാന്‍ ഇഷ്ടപ്പെടുമായിരുന്നില്ല" എന്ന ആഇശ (റ) യുടെ വചനവും ഇദ്ഖര്‍, ജലീല്‍ (രണ്ടു ചെടികള്‍) തളിര്‍ത്ത് നില്‍ക്കുന്ന മലഞ്ചെരുവില്‍ ജീവിതത്തിലെന്നെങ്കിലും ഇനിയൊരു രാപ്പാര്‍ക്കലുണ്ടാകുമോ? 'മജിന്ന' അരുവിയിലെ വെള്ളം കുടിച്ച് 'ശാമ', 'ത്വഫീല്‍' (രണ്ട് മണല്‍ക്കുന്നുകള്‍) ഒരിക്കല്‍കൂടി കാണുവാനുള്ള ഭാഗ്യമുണ്ടാകുമോ എന്നറിഞ്ഞിരുന്നുവെങ്കില്‍... എന്ന്, ശക്തിയായ ജ്വരത്തിന്‍റെ ചൂടില്‍ വെന്തുപുകയുന്ന ശരീരത്തോടെ അബോധാവസ്ഥയിലും മക്കയെ ഓര്‍ത്ത് പിറുപിറുക്കുന്ന ബിലാല്‍ (റ) ന്‍റെ ആത്മഗതവുമെല്ലാം അവരുടെ ഹൃദയങ്ങളില്‍ മക്കയുടെ പ്രദേശങ്ങള്‍ക്കുണ്ടായിരുന്ന സ്വാധീനമാണ് തെളിയിക്കുന്നത്. നിറകണ്ണുകളോടെ അടക്കാനാവാത്ത വേദനയില്‍ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മക്കയെ സംബോധന ചെയ്ത് പറഞ്ഞ വാക്കുകള്‍ ഇതിന്‍റെ ഗൗരവം ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നതും മനസ്സിനെയും കണ്ണിനെയും ഒരുപോലെ പിടിച്ചുകുലുക്കുന്നതുമാണ്.
മദീനയിലേക്ക് നിര്‍ബന്ധിതനായി ഹിജ്റ ചെയ്യവേ, മക്കയുടെ അതിര്‍ത്തിയിലെ കുന്നില്‍ നിന്ന് മക്കയെ നോക്കി തിരുദൂതര്‍ പറഞ്ഞു: "ഉടമസ്ഥന്‍റെ ഭൂമിയില്‍ എനിക്കേറ്റം പ്രിയങ്കരമായ പ്രദേശമാണ് നീ. നിന്‍റെ ജനത എന്നെ ഇവിടെ നിന്ന് പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും നിന്നെ വിട്ടുപോകുമായിരുന്നില്ല. മറ്റൊരിടം ഞാന്‍ താവളമാക്കുമായിരുന്നില്ല." ഈ വചനം ഏത് മുഅ്മിനിന്‍റെ ഹൃദയത്തെയാണ് പിടിച്ചുകുലുക്കാത്തത്.? പക്ഷെ ഇത്ര കടുത്ത സ്നേഹവും, അവരുടെ ഹൃദയത്തില്‍ പടര്‍ന്നിരുന്ന തൗഹീദിന്‍റെ തീപ്പൊരിയില്‍ കരിഞ്ഞുപോയിരുന്നു. അവരുടെ മനസ്സില്‍ നിറഞ്ഞുകവിഞ്ഞ ഈമാനിന്‍റെ പ്രകാശ രശ്മികളില്‍ മങ്ങി അലിഞ്ഞു പോയിരുന്നു. കാരണം അവരുടെ ഉള്ളകങ്ങളില്‍ രൂഢമൂലമായിരുന്ന അളവറ്റ ഇലാഹീ സ്നേഹം, ബാക്കിയെല്ലാറ്റിനെയും തള്ളിപ്പുറത്താക്കാന്‍ കെല്‍പുള്ളതായിരുന്നു. അതുകൊണ്ട് തന്നെ ഹിജ്റയുടെ മുന്നില്‍ മക്കയോടുള്ള സ്നേഹം ബലികഴിപ്പിക്കാന്‍ അവര്‍ തയ്യാറായി. മക്കാ വിജയത്തോടെ ഈ സ്നേഹം പതിന്മടങ്ങ് ഇരട്ടിയായി അവര്‍ ആഹ്ലാദത്തോടെ മടങ്ങിയെത്തി. അവരുടെ മനസ്സുകളില്‍ ഒളിഞ്ഞിരുന്ന സ്നേഹത്തിന് ജീവന്‍ വീണു തുടങ്ങി. കൂട്ടത്തില്‍ ഈ പ്രദേശങ്ങളിലെ ഓരോ ബിന്ദുവിന്‍റെയും മഹത്വങ്ങളും, അവിടങ്ങളിലെ ഇബാദത്തുകളുടെ ശ്രേഷ്ഠതയും തിരു നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പരിശുദ്ധ നാവില്‍ നിന്ന് കേട്ടു തുടങ്ങിയപ്പോള്‍ അവരുടെ ആത്മബന്ധം തുടിച്ചുതുടങ്ങി.
ഇവകളെ സംബന്ധിച്ച ചില നബി വചനങ്ങള്‍ ഇതാ.
1. കഅബ:- സ്വര്‍ഗ്ഗത്തിന്‍റെ എല്ലാ വാതിലുകളും കഅ്ബയുടെ നേരെ തുറക്കപ്പെട്ടിരിക്കുന്നു. കഅ്ബയുടെ മേല്‍ ദിവസവും 120 അനുഗ്രഹങ്ങള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. അതില്‍ 60 ത്വവാഫ് ചെയ്യുന്നവര്‍ക്കും 40 നമസ്കരിക്കുന്നവര്‍ക്കും 20 കഅ്ബയെ നോക്കിയിരിക്കുന്നവര്‍ക്കുമാണ്.
2. ഹജറുല്‍ അസ് വദ്: ഇത് സ്വര്‍ഗ്ഗത്തിലെ ഒരു രത്നമാണ്. അതിനെ ചുംബിക്കുന്നവര്‍ക്ക് വേണ്ടി അത് സാക്ഷിപറയും. ഇത് ഭൂമിയില്‍ അല്ലാഹുവിന്‍റെ അനുഗ്രഹീത കരമാണ്. അതിനെ ചുംബിക്കുന്നവര്‍ അല്ലാഹുവിനെ 'മുസ്വാഫഹ' ചെയ്യുന്നത് പോലെയാണ്. ഹജറുല്‍ അസ് വദിനെ തൊട്ടു മുത്തുന്നവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.
3. മുല്‍തസം (ഹജറുല്‍ അസ് വദിനും കഅ്ബയുടെ വാതിലിന്നുമിടയിലുള്ള സ്ഥലം) ഇവിടെ നെഞ്ചും മുഖവും ചേര്‍ത്ത് നിന്ന് ദുആ ചെയ്യല്‍ സുന്നത്താണ്. ഇവിടെ ചേര്‍ന്നൊട്ടി ദുആ ചെയ്യുന്നവര്‍ അല്ലാഹുവിന്‍റെ വലയത്തില്‍ ചേര്‍ന്നൊട്ടി അഭയം പ്രാപിച്ചവരെപ്പോലെയാണ്. ഇവര്‍ നിരാശരായി മടക്കപ്പെടുകയില്ല.
4. മഖാമു ഇബ്റാഹീം: ഇത് സ്വര്‍ഗ്ഗത്തില്‍ നിന്നുമുള്ള ഒരു പ്രഭാപൂരിതമായ രത്നമാണ്. ത്വവാഫിന് ശേഷം ഇതിന് പിന്നില്‍ രണ്ട് റക്അത്ത് നമസ്ക്കരിക്കല്‍ സുന്നത്താണ്. ഇവിടെ നമസ്കരിക്കുന്നവരുടെ പാപങ്ങള്‍ പൊറുക്കപ്പെടും. ഹജറുല്‍ അസ് വദ്, മഖാമു ഇബ്റാഹീം അവ രണ്ടും ഉയര്‍ത്തപ്പെടാതെ ഖിയാമത്ത് നാള്‍ ഉണ്ടാവുകയില്ല.
5. സംസം: ഇത് സ്വാലിഹീങ്ങളുടെ പാനീയമാണ്. മുനാഫിഖുകള്‍ക്ക് ഇത് അധികം കുടിക്കാന്‍ കഴിയുകയില്ല. ഭൂമിയിലുള്ളതില്‍ ഏറ്റവും ഉത്തമമായ വെള്ളമാണത്. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മിഅ്റാജിന്‍റെ വാഹനവും ഹൃദയം കഴുകാനുള്ള പാത്രവും സ്വര്‍ഗ്ഗത്തില്‍ നിന്നും കൊണ്ടുവന്നപ്പോള്‍ സംസം ഉപയോഗിച്ചാണ് കഴുകിയത്. സംസം ഏത് ഉദ്ദേശത്തില്‍ കുടിക്കുന്നോ അത് സാധ്യമാകുന്നതാണ്.
6. മസ്ജിദുല്‍ഹറാം: ഇവിടത്തെ ഓരോ നമസ്കാരവും ഒരു ലക്ഷം നമസ്കാരത്തിനു തുല്യമാണ്. ഓരോ നന്മയും ഒരു ലക്ഷം നന്മയുടെ പതിഫലമുള്ളതാണ്. ഒരു ദിവസത്തെ അഞ്ച് വഖ്ത് നമസ്കാരം അവിടെ ജമാഅത്തില്‍ പങ്കെടുത്ത് നമസ്കരിക്കാന്‍ ഭാഗ്യം കിട്ടിയാല്‍ ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം നമസ്കാരത്തിന്‍റെ പ്രതിഫലമാണ് അവനു കരസ്ഥമാകുന്നത്. മസ്ജിദുല്‍ ഹറാമിലിരുന്ന് കഅ്ബയെ നോക്കിക്കൊണ്ടിരുന്നാല്‍ ഉണങ്ങിയ മരത്തില്‍ നിന്നും ഇലപൊഴിയുന്നതുപോലെ അവന്‍റെ പാപങ്ങള്‍ പൊഴിഞ്ഞു പോകുന്നതാണ്.
ഇതിലെല്ലാമുപരി ഈ സ്ഥലങ്ങളും മിസാബുറഹ്മ, ഹത്വീം, റുകുനുശ്ശാമി, റുകുനു ഇറാഖി, സ്വഫാ, മര്‍വാ, മിനാ, അറഫ, മുസ്ദലിഫ, ജംറാത്തുകള്‍ തുടങ്ങിയ മുഴുവന്‍ സ്ഥലങ്ങളും ദുആ സ്വീകരിക്കപ്പെടുന്ന സ്ഥല ങ്ങളാണ്. എല്ലാ സ്വാലിഹീങ്ങളും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വരെയും ഇവിടങ്ങളില്‍ കണ്ണുനീരൊലിപ്പിച്ചു ദുആ ഇരക്കുകയും, ഇവിടെയാണ് കണ്ണുനീരൊലിപ്പിക്കേണ്ടതെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
ഇപ്പറഞ്ഞതെല്ലാം കൂടി ഈ പ്രദേശങ്ങളുടെ മഹത്വങ്ങളെ കുറിച്ചുള്ള ചെറിയ സൂചന പോലുമാവുന്നില്ല. ഒരു സത്യവിശ്വാസിയുടെ മനസ്സിനെ അവിടേക്ക് പിടിച്ച് വലിക്കാന്‍ ഇതുതന്നെ അധികമാണെന്നിരിക്കെ ഈ പ്രദേശങ്ങളുമായി റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെയും സ്വഹാബികളുടെയും ബന്ധവും ഈമാനിന്‍റെ സംസ്ഥാപനത്തിനായി അവിടം സാക്ഷ്യംവഹിച്ച ധീരകൃത്യങ്ങളും അവിടുത്തെ മണല്‍തരികളില്‍ വീണ് കുതിര്‍ന്ന ഈമാനിന്‍റെ ചൂടേറിയ രക്തവും പഴുപ്പും വിയര്‍പ്പുമെല്ലാം ഒത്തുചേര്‍ന്ന് ഒരു പ്രത്യേക ഗന്ധം മുഅ്മിനിന്‍റെ മൂക്കിലേക്ക് തുളച്ചുകയറുകയും നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പൂമേനിയില്‍ നിന്നിറ്റുവീണ പരിശുദ്ധ രക്തത്തുള്ളികളുടെ നിറവും മണവും അവന്‍റെ ഹൃദയത്തെ പുളകമണിയിക്കുകയും, അവിടുത്തെ പാദസ്പര്‍ശനമേറ്റ മണല്‍ത്തരികളുടെ പ്രകാശം, കണ്ണിനെ കവര്‍ന്നെടുക്കുകയും ചെയ്യുന്നതോടൊപ്പം അവിടത്തെ മരങ്ങളിലും നിന്നും കല്ലുകളില്‍ നിന്നും ഉയരുന്ന സലാമിന്‍റെ ശബ്ദവും, മൃഗങ്ങളുടെയും വൃക്ഷങ്ങളുടെയും സത്യസാക്ഷ്യങ്ങളും ഒത്തുകൂടി മുഅ്മിനിന്‍റെ ഹൃദയത്തിലേക്ക് ഓര്‍മ്മകളായി തള്ളിക്കയറുമ്പോള്‍ ഏത് മുഅ്മിനാണ് അവിടെയെത്താന്‍ വെമ്പല്‍ കൊള്ളാത്തത്.? ആര്‍ക്കാണ് സ്വന്തം വീട്ടിലും നാട്ടിലും സമാധാനമായിരിക്കാന്‍ കഴിയുക.?
മേല്‍ വിവരിച്ചതെല്ലാം ആവേശോജ്ജ്വലമായ ചരിത്രസത്യങ്ങളാണ്. ഒരു മുഅ്മിനിന്‍റെ സിരകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ഈമാനിയ്യായ രക്തത്തിന് തൗഹീദിന്‍റെ അനശ്വരമായ ചൂടും മധുരവും പകര്‍ന്ന ത്യാഗ സമ്പൂര്‍ണ്ണമായ ഒരു വിപ്ലവത്തിന്‍റെ ആകര്‍ഷകമായ വിസ്മയക്കാഴ്ചകള്‍.! ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മുസ്ലിംകളെ അവിടേക്ക് വലിച്ചു ചേര്‍ക്കാന്‍ മതിയായ ചങ്ങലയാണത്. ആ ചങ്ങലയില്‍ ബന്ധനസ്ഥനായ മുഅ്മിനിനെ ഉടമസ്ഥനായ അല്ലാഹു അനുഗ്രഹീതമായ അവന്‍റെ ഭവനത്തിലേക്ക് അതിഥിയായി തെരഞ്ഞെടുത്ത് ക്ഷണിക്കുകയും കൈയ്യും മനസ്സും നിറയ്ക്കുന്ന സമ്മാനങ്ങളുമായി കാത്തിരിക്കുകയും, വേണ്ടതും ആവശ്യപ്പെടു ന്നതുമെല്ലാം ലഭ്യമാക്കാമെന്ന സത്യവാഗ്ദാനങ്ങളുമായി സ്വീകരിക്കുകയും ചെയ്യുന്നുവെന്നറിഞ്ഞാല്‍ ആ രാജ ദര്‍ബാറിലെത്താന്‍ കൊതിക്കുന്നവരുടെ മാനസികാവസ്ഥ വിവരണാതീതമായിരിക്കും. ആ യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ അത്ര വിശാലവും സൂക്ഷ്മവും കൃത്യത നിറഞ്ഞതുമായിരിക്കണം.
ഒരു ഭാഗത്ത് ആദരവും ബഹുമാനവും അനുസരണയും വിനയവും താഴ്മയും ഭയവും നിറഞ്ഞതാണെങ്കില്‍ മറുഭാഗത്ത് സ്നേഹവും അനുകമ്പയും ആവേശവും ആഗ്രഹവും തിരതല്ലുന്നതും ആരുടെ മുമ്പിലും വെളിപ്പെടുത്താനിഷ്ടപ്പെടാത്ത നിറഞ്ഞ പ്രേമത്തിന്‍റെ തീക്കനലുകള്‍ ഹൃദയത്തെയും ശരീരത്തെയും ഒരുപോലെ കറ കളഞ്ഞു പരിശുദ്ധമാക്കുന്നതുമായിരിക്കണം. ഇതിനായി ആവശ്യമായ ഇബാദത്തുകള്‍ ചെയ്തും തൗബ ചെയ്തും സൃഷ്ടികളുമായുള്ള ബന്ധങ്ങള്‍ നന്നാക്കിയും കടമകള്‍ നിര്‍വ്വഹിച്ചും ബാധ്യതകളൊഴിവാക്കിയും അവന്‍, സ്വന്തത്തെ പാകപ്പെടുത്തേണ്ടതുണ്ട്. അത് എല്ലാ മുഅ്മിനിന്‍റെയും എപ്പോഴത്തെയും ഉത്തരവാദിത്വമാണ്. എന്നാല്‍ രാജ ദര്‍ബാറില്‍ ഹാജരാകാനും അവിടുത്തെ സ്വീകാര്യനായ അതിഥിയാകാനും വേറെ ചിലതുകൂടി ആവശ്യമാണ്. സ്നേഹിക്കുന്നവന്‍ സ്നേഹിക്കപ്പെടുന്നവന്‍റെ മുന്നില്‍ തന്‍റെ നിഷ്കളങ്കതയും സത്യസന്ധതയും തെളിയിക്കേണ്ടതുണ്ട്. അതിന് സ്നേഹിതനുമായി ചേരാന്‍ തടസ്സമാകുന്ന മുഴുവന്‍ കാര്യങ്ങളും ഒഴിവാക്കിയ ശേഷം സ്നേഹിതനെ മാത്രം ലക്ഷ്യമാക്കി അവന്‍റെ സന്നിധിയിലെത്തിച്ചേരലാണ് മാര്‍ഗ്ഗം. ഈ യാത്രയിലെ ക്ലേശങ്ങള്‍ രസകരമായി അനുഭവപ്പെടണം. കഷ്ടതകള്‍ മധുരതരമായിത്തോന്നണം. ലക്ഷ്യത്തിലെത്തുന്നതിനിടയില്‍ വരുന്ന മുഴുവന്‍ ത്യാഗങ്ങളും സന്തോഷത്തോടെ തരണം ചെയ്ത് അര്‍പ്പണബോധത്തോടെ മുന്നേറണം. അല്ലാഹു അവന്‍റെ ദര്‍ബാറിലേക്ക് വരുന്ന അതിഥികളെ ഇതെല്ലാം പരിശോധിച്ചാണ് സ്വീകരിക്കുക. അതിനാല്‍ ഹജ്ജിന് മുന്നോടിയായി നോമ്പ് ഫര്‍ളാക്കുക വഴി മനുഷ്യന്‍റെ വിചാര-വികാരങ്ങള്‍ക്കും ശാരീരികേച്ഛകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി, വാഗ്ദാനങ്ങളും സന്തോഷ വാര്‍ത്തകളും നല്‍കി മനുഷ്യനെ തന്നിലേക്ക് ആകര്‍ഷിച്ച്, അവന്‍റെ മനസ്സില്‍ അനുരാഗവും സ്നേഹവുമിട്ടുകൊടുക്കുകയാണ് അല്ലാഹു. അങ്ങനെ മനുഷ്യന്‍ ഉടമസ്ഥനില്‍ അനുരക്തനായി ആ ഭവനത്തിലും ദര്‍ബാറിലുമെത്തി അതിഥിയാകാന്‍ കൊതിക്കുന്നു. അതാണ് റമദാന്‍ കഴിഞ്ഞാലുടന്‍ ഹജ്ജിന്‍റെ മാസങ്ങള്‍ തുടങ്ങുന്നത്. അനുരക്തനായ മനുഷ്യന്‍ എത്തിപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ചില നിബന്ധനകള്‍ വെയ്ക്കുന്നു. മനസ്സും ശരീരവും ശുദ്ധമാക്കി മറ്റ് ചിന്തകളൊഴിവാക്കി സകല ബന്ധങ്ങളും തല്‍ക്കാലം മാറ്റിവെച്ച് യാത്ര തുടങ്ങുക. യാത്ര ഒരുപരിധിയിലെത്തുമ്പോള്‍ തടഞ്ഞുനിര്‍ത്തി ഇനിയിങ്ങോട്ട് അടുക്കണമെങ്കില്‍ കുളിച്ചു ശുദ്ധിയായി ബാഹ്യ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പ്രൗഢിയും പ്രതാപവുമൊന്നും പ്രകടമാക്കാതെ യാത്രാ സംഘങ്ങളെല്ലാം ഒരേ വേഷത്തിലാവുക. ആഢംബരങ്ങളൊഴിവാക്കി അത്യാവശ്യ വസ്ത്രം മാത്രമണിഞ്ഞ് സ്നേഹപ്രകടനങ്ങളില്‍ മുഴുകുക. അതിനായി എല്ലാം മറന്നവനെപ്പോലെ സുഗന്ധവും എണ്ണയും മിനുക്കുപണികളുമെല്ലാം ഒഴിവാക്കി ഇതുവരെ അനുവദനീയമായിരുന്ന സല്ലാപ വാക്കുകള്‍ പോലുമൊഴിവാക്കി യഥാര്‍ത്ഥ പ്രേമഭാജനത്തിന്‍റെ നാമവും പ്രകീര്‍ത്തനങ്ങളും മാത്രമുരുവിട്ട് ആ ചിന്തയില്‍ മാത്രം ലയിക്കുന്നവര്‍ക്കേ ഈ അതിരിനപ്പുറത്തേക്ക് പ്രവേശനമുള്ളൂവെന്ന നിയമം നടപ്പിലാക്കി. ഈ അതിരുകള്‍ക്കാണ് 'മീഖാത്' എന്ന് പറയപ്പെടുന്നത്. ഇവിടുന്ന് കടക്കണമെങ്കില്‍ ഇഹ്റാം നിര്‍ബന്ധമാണ്. യാത്ര തുടരുന്നവരെ അടുത്ത അതിര്‍ത്തിയായ ഹറമിന്‍റെ ചുറ്റുവട്ടത്ത് തടഞ്ഞുനിര്‍ത്തി രാജദര്‍ബാറിന്‍റെ മര്യാദകളോര്‍മ്മപ്പെടുത്തുന്നു. പ്രേമ ഭാജനത്തെ തേടി എന്തും സഹിക്കാനും ത്യജിക്കാനും തയ്യാറായി ആ നാമം മാത്രം നാവിലെ മന്ത്രമാക്കി, മുടികള്‍ പാറിപ്പറന്ന് ശരീരവും വസ്ത്രവും മുഷിഞ്ഞ് പ്രേമ ഭാജനത്തിന് മുന്നിലെത്താന്‍ വെമ്പുന്ന ഒരുവനെ ഏത് നിയമത്തിനാണ് പിന്തിരിപ്പിക്കാന്‍ കഴിയുക.? ഒരു നിയന്ത്രണത്തിലും പുറകോട്ട് പോകാതെ എല്ലാം സഹിച്ച് തന്‍റെ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ആ പഥികന്‍, പ്രിയന്‍റെ നാമവും ക്ഷണത്തിനുള്ള മറുപടിയും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് തന്നെ സ്വീകരിക്കണമേയെന്ന അപേക്ഷയോടെ ഹൃദയത്തിലൊതുക്കിയ ആഗ്രഹങ്ങളും അഭിലാഷങ്ങളും കണ്ണുനീരായി ഒലിപ്പിച്ച് അലമുറയിട്ട് ആ രാജഭവനത്തിനു മുന്നില്‍, തന്‍റെ പ്രിയന്‍റെ പടിവാതിലില്‍ കരുണയും അനുഗ്രഹവും യാചിച്ച് അവിടെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമടക്കാനാവാതെ വിതുമ്പുകയും തുള്ളിയോടുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിയുക.
ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നും, വിളക്കിലെ പ്രാണികള്‍പോലെ വന്നണയുന്ന ഖാഫിലകളുടെ ആരവങ്ങള്‍, ആരെയും ആ അപൂര്‍വ്വ സംഗമത്തിന്‍റെ ആഹ്ളാദത്തിരയില്‍ ലയിപ്പിച്ചു കളയും. ഇങ്ങിനെയുള്ള നല്ല അടിമകളെ സ്വീകരിച്ച് അവര്‍ക്ക് വേണ്ടത് നല്‍കി ഹൃദയങ്ങള്‍ ഈമാനില്‍ നിറച്ച്, ലോകജനതയുടെ മുന്നിലേക്ക് മാതൃകയാക്കി അയക്കാനാണ് അല്ലാഹു പരിശുദ്ധ ഭവനം നിര്‍മ്മിച്ചത്. ആ ഭവനമാണ് ഇബാദത്തിനായി നിര്‍മ്മിക്കപ്പെട്ട ഭൂമിയിലെ ആദ്യത്തെ ഭവനം. അതെ കഅ്ബ.! ഇത് സ്ഥിതി ചെയ്യുന്ന ഭൂമിയാണ് അനുഗ്രഹീതമായ മക്ക. അവിടെയാണ് ദ്യഷ്ടാന്തങ്ങളും സര്‍വ്വ അനുഗ്രഹങ്ങളും നേര്‍മാര്‍ഗ്ഗവും. അവിടെയാണ് വ്യക്തമായ ദൃഷ്ടാന്തങ്ങളും.
അല്ലാഹുവേ! നിന്‍റെ ഭവനത്തിലേക്ക് വന്നു ചേരാനാഗ്രഹിക്കുന്ന സര്‍വ്വരെയും നീ അവിടെ എത്തിക്കേണമേ.! അവര്‍ക്കെല്ലാം ഉറച്ച ഈമാനും സമ്പൂര്‍ണ്ണ അനുഗ്രഹങ്ങളും നല്‍കേണമേ.! കൂട്ടത്തില്‍ ഞങ്ങള്‍ സാധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അടിയ്ക്കടി ആ കാഴ്ച കണ്ട് നിര്‍വൃതിയടയാനും നിന്‍റെ അനുഗ്രഹങ്ങള്‍ നേടാനും അവിടേയ്ക്കെത്തിക്കാന്‍ കരുണയുണ്ടാകേണമേ.!
കരുണയുള്ള ദയാലുവായ ഇലാഹീ.! മക്കാ-മദീനയുടെ ആ പരിശുദ്ധമായ മണ്‍തരികളില്‍ ഈ പാപിയെയും നിന്‍റെ അളവറ്റ് കരുണകൊണ്ട് ശുദ്ധിയാക്കി കലര്‍ത്തി ലയിപ്പിക്കേണമേ! ആമീന്‍.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment