ബദ്ര്‍
-അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/05/blog-post_31.html?spref=tw
പ്രതിരോധത്തിനും മുന്നേറ്റത്തിനും പോരാട്ടം അനുവദിക്കപ്പെട്ടപ്പോള്‍ സ്വാഭാവികമായും മുസ് ലിംകള്‍ പ്രധാന ശത്രുക്കളായ ഖുറൈശിനെ ലക്ഷ്യമിട്ടു. അവരാണ് മുസ് ലിംകളെ പലായനത്തിന് നിര്‍ബന്ധിച്ചവര്‍. മുസ് ലിംകളുടെ മക്കയിലെ സ്വത്തുവകകള്‍ അവര്‍ കൈയ്യടക്കിയെന്നത് കൂടാതെ, മദീനയില്‍ നിന്നും വന്നതിന് ശേഷം മുസ് ലിംകളെയും ഇസ് ലാമിനെയും തകര്‍ക്കാന്‍ അവര്‍ പല പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു.
ഇത്തരുണത്തില്‍ റസൂലുല്ലാഹി ﷺ നിഷേധികളുടെ നീക്കങ്ങള്‍ മനസ്സിലാക്കാനും മദീനയുടെ അരികിലൂടെ കച്ചവടാവശ്യാര്‍ത്ഥം യാത്ര ചെയ്യുന്ന ഖുറൈശ് സംഘങ്ങളെ ഭയപ്പെടുത്താനും സംഘങ്ങളെ അയച്ച് തുടങ്ങി. ഹംസ (റ) യുടെ നേതൃത്വത്തില്‍ അയയ്ക്കപ്പെട്ട മുപ്പത് യുവാക്കള്‍ അടങ്ങുന്ന സംഘമാണ് ഇതില്‍ പ്രധാനം. സിറിയയില്‍ കച്ചവടത്തിന് പോയ ഖുറൈശി സംഘത്തെ ലക്ഷ്യമിട്ട് കടല്‍ മാര്‍ഗ്ഗം യാത്ര തിരിച്ചു. ശത്രുക്കളുമായി മുഖാമുഖം കണ്ട് മുട്ടിയെങ്കിലും ജുഹൈന ഗോത്രത്തിലെ ഒരു വ്യക്തി മധ്യസ്ഥനായി പരിശ്രമിച്ചതിനാല്‍ സംഘട്ടനം നടന്നില്ല. ഹിജ്റ കഴിഞ്ഞ് ആറാം മാസമാണ് ഈ സംഭവം. റാബിഅ്, ബസാര്‍, സദ്ദാന്‍, ബുവാത് മുതലായ സ്ഥലങ്ങളിലേക്ക് സംഘങ്ങള്‍ യാത്ര ആവുകയും ചിലതില്‍ റസൂലുല്ലാഹി ﷺ യും പങ്കെടുക്കുകയും ചെയ്തെങ്കിലും യുദ്ധം നടന്നില്ല.
ഹിജ്റ കഴിഞ്ഞ് പതിനാറാം മാസം ഖുറൈശികളുടെ ഒരു യാത്രാ സംഘം അവരുടെ സേനാ നായകന്‍ അബൂ സുഫ് യാന്‍റെ നേതൃത്വത്തില്‍ സിറിയയിലേക്ക് പോകുന്നതായി വിവരം ലഭിച്ചു. അവര്‍ മടങ്ങി വരുമ്പോള്‍ നേരിടാമെന്ന വിചാരത്തില്‍ റസൂലുല്ലാഹി ﷺ ഒരു സംഘത്തോടൊപ്പം യാത്ര തിരിച്ചു. വിവരം അറിഞ്ഞ അബൂ സുഫ് യാന്‍ മക്കയിലേക്ക് ആളെ അയച്ച് സഹായം അപേക്ഷിച്ചു. മുസ് ലിംകള്‍ ബദ്റിനോട് അടുത്തെത്തിയെങ്കിലും യാത്രാ സംഘം മുന്നോട്ട് പോയിക്കഴിഞ്ഞിരുന്നു. റസൂലുല്ലാഹി ﷺ മടങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ ഖുറൈശികളുടെ ഒരു വലിയ സൈന്യം യുദ്ധ സന്നാഹത്തോടെ മക്കയില്‍ നിന്നും സിറിയയിലേക്ക് പുറപ്പെട്ടു എന്ന വിവരം ലഭിച്ചു. റസൂലുല്ലാഹി ﷺ സ്വഹാബികളോട് കൂടി ആലോചിച്ചു. അവര്‍ മുന്നൂറ്റി പതിമൂന്ന് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. യുദ്ധത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതുമില്ല. ശത്രുക്കള്‍ യുദ്ധത്തിന് വരുമ്പോള്‍ നാം മടങ്ങുന്നത് വിരണ്ടോട്ടമായി ചിത്രീകരിക്കപ്പെടുമെന്നും, നടക്കുന്നത് നോക്കിക്കാണാമെന്നും തീരുമാനമായി. അന്നത്തെ ബദ്റില്‍ വെച്ച് ശക്തമായൊരു പോരാട്ടം നടന്നു.
ഖുറൈശികള്‍ ആയിരത്തോളം ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ സര്‍വ്വായുധ സജ്ജരായിരുന്നു. മുസ് ലിംകള്‍ അവരുടെ മൂന്നിലൊന്ന് മാത്രം.! ആയുധ സജ്ജീകരണങ്ങളും വളരെ കുറവ്. പക്ഷേ അത്ഭുതകരമായ നിലയില്‍ മുസ് ലിംകള്‍ വിജയിച്ചു. ശത്രുക്കള്‍ പാരാജയപ്പെട്ടു. ഈ സംഭവം
മുസ് ലിംകളുടെ അന്തസ്സും ആത്മ വീര്യവും വര്‍ദ്ധിപ്പിച്ചു. പരിസരങ്ങളില്‍ മുസ് ലിം ശക്തി അറിയപ്പെട്ടു.
മദീനയുടെ ദക്ഷിണ ഭാഗത്ത് നൂറ്റി അമ്പത് കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഉള്‍പ്രദേശമാണ് ബദ്ര്‍. അവിടെ ബദ്ര്‍ എന്ന ഒരു കിണര്‍ ഉണ്ടായിരുന്നു. ഈ പേരില്‍ ആ നാട് അറിയപ്പെട്ടു. മുസ് ലിംകള്‍ ബദ്റിലെ ഒത്ത് ചേര്‍ന്ന സ്ഥലത്ത് തമ്പടിച്ചു. റസൂലുല്ലാഹി ﷺ ക്ക് ഒരു കൂടാരം നിര്‍മ്മിക്കപ്പെട്ടു. റസൂലുല്ലാഹി ﷺ അതിനുള്ളില്‍ ദിക്ര്‍-ദുആകളില്‍ മുഴുകി. കണ്ണുനീര്‍ ഒലിപ്പിച്ച് കൊണ്ട് റസൂലുല്ലാഹി ﷺ അല്ലാഹുവിനോട് ഇരന്നു. രക്ഷിതാവേ, ഈ ചെറു സംഘം ഇല്ലാതായാല്‍ നിന്നെ ആരാധിക്കുന്നവരാരും അവശേഷിക്കുകയില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു.
അടുത്ത ദിവസം (റമദാന്‍ പതിനേഴ് ) യുദ്ധം ആരംഭിച്ചു. ആദ്യം
അസ് വറ് മുസ് ലിംകളുടെ ജലാശയം ആക്രമിച്ചു. തുടര്‍ന്നു, വലീദ്, ശൈബ, ഉത്ബ, എന്നീ ഖുറൈശി പ്രമുഖര്‍ ആക്രോശിച്ചു കൊണ്ടു ചാടിയിറങ്ങി. ഹംസ (റ), അലിയ്യ് (റ), ഉബൈദ (റ) എന്നീ സ്വഹാബികള്‍ അവരെ നേരിട്ട് വകവരുത്തി. ഉബൈദ (റ) ക്ക് മുറിവേറ്റു. മടക്കയാത്രയില്‍ സ്വഫ്റാഅ് എന്ന സ്ഥലത്ത് വെച്ച് ശഹാദത്ത് വരിച്ചു.
ശേഷം പൊതു യുദ്ധം ആരംഭിച്ചു. യുദ്ധം ചൂടുപിടിച്ചു. റസൂലുല്ലാഹി ﷺ ദുആയില്‍ വികാരഭരിതനായി മുഴുകി. അല്‍പം കഴിഞ്ഞ് പുറത്തേക്കിറങ്ങി. ഒരു പിടി മണ്ണെടുത്ത് ശത്രുക്കളിലേക്ക് എറിഞ്ഞു. മറുഭാഗത്ത് അല്ലാഹു ആകാശത്തില്‍ നിന്നും സഹായത്തിന്‍റെ മലക്കുകളെ ഇറക്കി. നിമിഷങ്ങള്‍ക്കകം യുദ്ധത്തിന്‍റെ നിറം മാറി. മുസ് ലിംകള്‍ വിജയത്തിന്‍റെ വെന്നിക്കൊടി പാറിച്ചു. നിഷേധികള്‍ പരാജയപ്പെട്ടു തല താഴ്ത്തി. എഴുപത് കടുത്ത നിഷേധികള്‍ കൊല്ലപ്പെട്ടു, എഴുപത് പേരെ തടവില്‍ പിടിക്കപ്പെട്ടു.
റസൂലുല്ലാഹി ﷺ യോട് കടുത്ത ശത്രുത പുലര്‍ത്തിയ അബൂജഹ്ല്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അന്‍സ്വാരികളായ രണ്ട് കുട്ടികളുടെ വെട്ടുകളേറ്റാണ് അഹങ്കാരിയും ധീരനുമായ ഈ ശത്രു മരിച്ചത്. കുതിരയില്‍ നിന്നും മറിഞ്ഞ് വീണ അയാളുടെ കഴുത്തില്‍ ചവിട്ടിയപ്പോള്‍ നേതാവിന്‍റെ കഴുത്തിലാണ് നിങ്ങള്‍ ചവിട്ടുന്നതെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞു. ഈ അഹങ്കാരത്തോടെ അയാള്‍ മരിച്ചു. ഇതറിഞ്ഞ റസൂലുല്ലാഹി ﷺ തക്ബീര്‍ മുഴക്കി. അല്ലാഹുവിനെ സ്തുതിച്ച് കൊണ്ട് അരുളി: അബൂ ജഹ്ല്‍ ഈ സമുദായത്തിലെ ഫിര്‍ഔന്‍ ആണ്.
ആറ് മുഹാജിറുകളും എട്ട് അന്‍സ്വാറുകളും മാത്രമാണ് മുസ് ലിംകളില്‍ നിന്നും ശഹാദത്ത് വരിച്ചത്. മുസ് ലിംകള്‍ സസന്തോഷം മദീനയിലേക്ക് മടങ്ങി. അല്ലാഹു അവരുടെ എല്ലാ പാപങ്ങളും പൊറുത്തു കൊടുത്തു. സ്വര്‍ഗ്ഗീയ സ്ഥാനങ്ങള്‍ സമുന്നതമാക്കി.
തടവുകാരെ കുറിച്ച് റസൂലുല്ലാഹി ﷺ കൂടിയാലോചിച്ചു. പരിഹാരം വാങ്ങി വിട്ടയയ്ക്കാമെന്ന് തീരുമാനമായി.
ഇത്തരുണത്തില്‍ മുസ് ലിംകള്‍ തടവുകാരോട് വളരെ ഔദാര്യ പൂര്‍ണ്ണമായ സമീപനമാണ് സ്വീകരിച്ചത്. സ്വന്തം കുടുംബത്തിന് ആഹാരം കൊടുക്കാതെ തടവുകാര്‍ക്ക് ആഹാരം കൊടുത്തു. പരിഹാരം നല്‍കിയവരുടെ സമ്പത്ത്, പൊതു ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചു. എന്നാല്‍ കഠിന ശത്രുക്കളും ഭാവികാലത്ത് നാശത്തിന് സാധ്യതയുള്ളതുമായ ഉഖ്ബ, നദ്റുബ്നുല്‍ ഹാരിസ് എന്നീ രണ്ട് പേര്‍ വധിക്കപ്പെട്ടു. പകരം തരാന്‍ ഒന്നുമില്ലാത്തവരോട് മുസ് ലിം കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കാന്‍ നിര്‍ദേശിക്കപ്പെട്ടു. തടവുകാരില്‍ റസൂലുല്ലാഹി ﷺ യുടെ പിതൃവ്യനായ അബ്ബാസ് ,പിതൃവ്യ പുത്രന്‍ അഖീല്‍, മരുമകന്‍ അബുല്‍ ആസ് എന്നിവരും ഉണ്ടായിരുന്നു. മരുമകന്‍ അബുല്‍ ആസിന്‍റെ പക്കല്‍, പകരം കൊടുക്കാന്‍ ഒന്നുമില്ലായിരുന്നു. സഹധര്‍മ്മിണിയായ പ്രവാചക പുത്രി സൈനബ് (റ), ഭര്‍ത്താവിന് വേണ്ടി ഒരു വള പകരം നല്‍കി. ഉമ്മ ഖദീജത്തുല്‍ കുബ്റാ (റ) ധരിക്കുകയും മകള്‍ക്ക് നല്‍കുകയും ചെയ്ത വളയായിരുന്നു ഇത്. ഈ വളകള്‍ കണ്ട റസൂലുല്ലാഹി ﷺ ക്ക് സ്നേഹത്തിന്‍റെയും സഹാനുഭൂതിയുടെയും ഉത്തമ മാതൃകയായ പത്നി ഖദീജ (റ) യെ ഓര്‍മ്മ വരികയും വികാരഭരിതനാവുകയും ചെയ്തു. തങ്ങളുടെ നയനങ്ങള്‍ നിറഞ്ഞൊഴുകി. ഇത് കണ്ട സ്വഹാബികള്‍ അത് തിരിച്ച് നല്‍കി. തുടര്‍ന്ന് സൈനബ് (റ) യെ റസൂലുല്ലാഹി ﷺ യിലേക്ക് അബുല്‍ ആസ് എത്തിച്ച് കൊടുത്തു. ഏതാനും നാളുകള്‍ക്കകം അദ്ദേഹം വന്ന് ഇസ്ലാം സ്വീകരിച്ചു. ഇരുവരും ഭാര്യ ഭര്‍ത്താക്കന്‍മാരായി കഴിയുകയും ചെയ്തു.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...