റമദാനുല്‍ മുബാറക്ക് സമ്പന്നമാക്കാം.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/05/blog-post.html?spref=tw
റമദാന്‍ മാസം ഒരിക്കല്‍ കൂടി കടന്നുവരികയാണ്. ഇബാദത്തുകളുടെ വസന്തമായ ഈ മാസം മുസ് ലിമിനെ സംബന്ധിച്ചിടത്തോളം ഒരു അസുലഭ മുഹൂര്‍ത്തമാണ്. എന്നാല്‍ ഈ സുന്ദര നിമിഷങ്ങള്‍ ഫലവത്താകണമെങ്കില്‍ അതിനെ അര്‍ഹമായ രീതിയില്‍ സ്വീകരിക്കണം. അതിന് നമ്മുടെ ചുറ്റുവട്ടത്തെ ഇസ് ലാമികമായി ഉദ്ധരിക്കാനുള്ള പരിശ്രമം നടത്തേണ്ടത് അത്യാവശ്യമാണ്. ആകയാല്‍, റമദാനുല്‍ മുബാറക് വരുന്നതിന് മുമ്പായി നാം വീട്ടുകാരെയും നാട്ടുകാരെയും ഉണര്‍ത്തുക.! ധാരാളം സ്ഥലങ്ങളില്‍ റമദാനിന് മുമ്പ് മതപ്രസംഗങ്ങളും മറ്റും നടക്കാറുണ്ട്. പക്ഷെ, അവയില്‍ പലതും സമ്പത്തും സമയവും ആരോഗ്യവും പാഴാക്കലാണെന്ന് പറയാതിരിക്കാന്‍ വയ്യ. മത പ്രഭാഷണങ്ങളുടെ കേരളീയ ശൈലി, നമ്മുടെ മുന്‍ഗാമികള്‍ ആരംഭിച്ചുവെച്ച, നിരവധി നന്മകള്‍ നിറഞ്ഞ ഒരു കര്‍മ്മമാണ്. പുരുഷനും സ്ത്രീയും മുസ് ലിമും അമുസ് ലിമും നമസ്കാരക്കാരനും മദ്യപാനിയും... എല്ലാ വിഭാഗങ്ങളും അതില്‍ പങ്കെടുത്തിരുന്നു. പ്രഭാഷക മഹത്തുക്കള്‍ തികഞ്ഞ ഇഖ്ലാസോടെ കാര്യങ്ങള്‍ പറയുമ്പോള്‍ അവ ഓരോ വിഭാഗത്തിലും നല്ല നല്ല പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇന്നത്തെ സ്ഥിതിയെന്താണ്.? പൊതുവേദികളില്‍ പറയാന്‍ പാടില്ലാത്തതും വളരെ അപകടം പിടിച്ചതുമായ കാര്യങ്ങളാണ് പല പ്രാസംഗികരും പറയുന്നത്. ആ വിഷയങ്ങളോട് ഭ്രാന്തമായ പ്രതിപത്തിയുള്ള കുറച്ചുപേര്‍ പതിനായിരങ്ങള്‍ മുടക്കിയുള്ള സദസ്സില്‍ കാണും. ബാക്കി സമൂഹത്തെ മുഴുവന്‍ കേള്‍പ്പിക്കുന്നത് ഇടിമുഴക്കത്തെക്കാള്‍ ശബ്ദമുള്ള മൈക്കുകളിലൂടെയാണ്. പ്രഭാഷകന്‍റെ വാഗ്വിലാസം എണ്ണപ്പെട്ട സദസ്യരെ ഹരംകൊള്ളിച്ച് ഭ്രാന്ത് കൂടുമ്പോള്‍, മൈക്കിലൂടെ ഉതിര്‍ന്ന് വീഴുന്ന തീപ്പൊരികള്‍ അതിനോടെതിര്‍പ്പുള്ള വിഭാഗങ്ങളെ ചൂടാക്കും. നാളെ നേരം വെളുത്ത ശേഷം, പ്രഭാഷണം നടന്ന മൈതാനം ഇരുവിഭാഗവും പടനിലമാക്കും. ഇതുകാണുന്ന അമുസ് ലിംകള്‍ ഇസ് ലാമിനെ പഠിക്കാന്‍ തയ്യാറാകുന്നതുപോകട്ടെ, ഉള്ള പഠനവും കൂടി നിറുത്തി വേറെ ജോലി നോക്കും. ഇതാരെയും കുറ്റപ്പെടുത്തുന്നതല്ല. സമുദായത്തിലെ മുഴുവന്‍ സംഘടനകളും ശാന്തമായി ചിന്തിക്കേണ്ട ഒരു വിഷയമാണ്.
ദീനീ തഅ് ലീമീ കൗണ്‍സിലിന്‍റെ ഒരു യോഗത്തില്‍ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി (റ) പറഞ്ഞത് എത്ര വാസ്തവമാണ്: വളരെ ഖേദത്തോടെ പറയട്ടെ, സംഘടനാപരമായ യുദ്ധങ്ങളിലാണ് നമ്മുടെ കൂടുതല്‍ ആരോഗ്യവും ചെലവഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ ശേഷികള്‍ ഇസ് ലാമിന്‍റെ ദഅ്വത്തിലായി നാം ചെലവഴിച്ചിരുന്നെങ്കില്‍, ഇന്ത്യയില്‍ ഇസ് ലാം ഇത്രമാത്രം അവഹേളിക്കപ്പെടുകയില്ലായിരുന്നു.
നമ്മുടെ പ്രഭാഷണ സദസ്സുകള്‍ പ്രയോജനപ്രദമായിത്തീരാന്‍ എന്ത് ചെയ്യണം.? ഈ ചോദ്യത്തിനുത്തരം വിവരിച്ചെഴുതാന്‍ പരിമിതി അനുവദിക്കുന്നില്ല. എങ്കിലും ഇത്രമാത്രം കുറിക്കുകയാണ്: ഞാനും എന്‍റെ വീട്ടുകാരും നാട്ടുകാരും മുഴുവന്‍ മനുഷ്യരും നന്നാകണം എന്ന നബവീ ചിന്തയുടെ ഒരു അംശമെങ്കിലും നാം ഉണ്ടാക്കിയെടുത്താല്‍ പരിശ്രമങ്ങള്‍ പ്രയോജനപ്രദമാകുമെന്നതില്‍ യാതൊരു സംശയവുമില്ല. അല്ലാഹു, ഈ ചിന്ത നമുക്കെല്ലാവര്‍ക്കും ഔദാര്യമായി നല്‍കുമാറാകട്ടെ.! ഇന്നത്തെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കുമുള്ള ഒരു സിദ്ധൗഷധമാണിത്.
പരിശുദ്ധ റമദാന്‍ നന്മകളുടെ പൂക്കാലമാണ്. പകലുകളിലെ നോമ്പ്, ഇരവുകളിലെ തറാവീഹ്, ഖുര്‍ആനുമായുള്ള ബന്ധം, ആവശ്യക്കാരെ സഹായിക്കല്‍, അല്ലാഹുവിന്‍റെ അടിമകളെ അവനിലേക്ക് അടുപ്പിക്കല്‍ മുതലായ മഹത്കര്‍മ്മങ്ങള്‍ക്കുള്ള സുവര്‍ണ്ണാവസരമാണിത്. എന്നാല്‍ നന്മകളിലൂടെ തുടങ്ങി, തിന്മകളില്‍ എത്തിച്ചേരുന്ന പലതും ഈ മാസത്തില്‍ നാം കാട്ടിക്കൂട്ടാറുണ്ട്. സ്നേഹ-സൗഹൃദ ബന്ധം ഉറപ്പിക്കാനെന്ന പേരില്‍ സമ്പത്തും സമയവും ആരോഗ്യവും പാഴാക്കുന്ന നോമ്പുതുറ പ്രകടനങ്ങള്‍ അതിലൊന്നാണ്. സമ്പന്നരുടെ വീടുകളില്‍ നടക്കുന്ന പൊങ്ങച്ചങ്ങളിരിക്കട്ടെ, ദീനീ സംഘടകളുടെയും മറ്റും പേരില്‍ നടത്തപ്പെടുന്ന നോമ്പുതുറകളും പരിധി ലംഘിച്ചുതുടങ്ങിയിരിക്കുന്നു. നൂറ് കണക്കിന് സഹോദരങ്ങള്‍ ജയിലുകളിലും ആശുപത്രികളിലും തീ തിന്ന് കഴിയുകയും, അവരുടെ ഭാര്യാ-മക്കളുടെ ജീവിതം താറുമാറാകുകയും ചെയ്യുന്ന ഘട്ടത്തില്‍, ദീനീകര്‍മ്മം എന്ന പേരില്‍ നടത്തപ്പെടുന്ന ഈ ധൂര്‍ത്തുകള്‍ കാരുണ്യമില്ലായ്മയാണ്. ഇത്തരം പരിപാടികള്‍ നാം നടത്താതിരിക്കലും ജനങ്ങളെ നിരുത്സാഹപ്പെടുത്തലുമാണ് ഇതില്ലാതാക്കാനുള്ള പോംവഴി. ബന്ധു-മിത്രങ്ങളെ ക്ഷണിച്ച് ആഹാരം കൊടുത്തുകൊള്ളുക, പക്ഷെ, നമസ്കാരം മുടക്കരുത്, പണം ധൂര്‍ത്തടിക്കരുത്. അല്ലാഹു നല്‍കിയ സമ്പത്ത് അമാനത്താണ്. അതിന് അര്‍ഹരായവര്‍ നമ്മുടെ ചുറ്റുഭാഗത്ത് തന്നെയുണ്ട്. അവര്‍ക്ക് അത് എത്തിച്ച് നല്‍കുക. അല്ലാഹു തൗഫീഖ് നല്‍കട്ടെ.!
പരിശുദ്ധ റമദാനില്‍ വേദനാജനകമായ പല രംഗങ്ങളും അരങ്ങേറാറുണ്ട്. സമ്പന്നരുടെ കടമകളെ കുറിച്ച് നിര്‍ധനരും, അവരുടെ ബാധ്യതകളെ കുറിച്ച് സമ്പന്നരും വാചാലരാകുന്നതും, കുറ്റപ്പെടുത്തല്‍-പരദൂഷണം-പരിഹാസം-പരനിന്ദ മുതലായ വന്‍പാപങ്ങളിലേക്ക് മറിഞ്ഞ് വീഴുന്നതും അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇരു കൂട്ടരുടെയും ഈ ശൈലി വലിയ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നുണ്ട്. നിരപരാധികളായ സമ്പന്നരും സാധുക്കളും ക്രൂശിക്കപ്പെടുന്നു എന്നതാണ് ഇതിന്‍റെ വേദനാജനകമായ ഒരു പരിണിത ഫലം. അല്ലാഹു ഈ അവസ്ഥ മാറ്റുമാറാകട്ടെ.!
മുസ് ലിം ഉമ്മത്തിന്‍റെ ഇമാനിയായ സൗധത്തിന്‍റെ അടിസ്ഥാന ശിലകളാണ് നമസ്കാരവും സകാത്തും. റമദാന്‍ മാസത്തില്‍, മൊത്തത്തില്‍ സമൂഹം ഇവ രണ്ടിലേക്കും തിരിയാറുണ്ട്. പക്ഷെ, നമസ്കാരം കൂടുതല്‍ നന്നാക്കുക, സകാത്ത് ഉത്തമമായ നിലയില്‍ നല്‍കുക എന്ന കാര്യം വളരെ പിന്നിലാണ്. ബഹുമാന്യ ഉലമാ മഹത്തുക്കള്‍ക്ക് ഈ വിഷയത്തില്‍ വലിയ സേവനങ്ങള്‍ ചെയ്യാന്‍ കഴിയും. നമസ്കരിക്കുന്നവരെ കാര്‍മ്മികമായി പഠിപ്പിക്കുക. സകാത്ത് കൊടുക്കാന്‍ ബാധ്യതയുള്ളവരെ കണ്ട്, അവരെ പ്രേരിപ്പിക്കുകയും ഉത്തമമായ വിനിയോഗ സ്ഥാനം ചൂണ്ടിക്കാട്ടുകയും ചെയ്യുക. ഉലമാ മഹത്തുക്കള്‍ ഈ വിഷയത്തില്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍, നമസ്കാരക്കാരും സകാത്ത് നല്‍കുന്നവരുമായ സഹോദരങ്ങള്‍ ഈ ഭാഗത്തേക്ക് ശ്രദ്ധിക്കേണ്ടതാണ്. പണ്ഡിതരെ കുറ്റം പറഞ്ഞ് നാം തെറ്റ് ചെയ്യാന്‍ നമുക്ക് അനുവാദമില്ല.!
ഇവ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും അല്ലാഹു തൗഫീഖ് നല്‍കട്ടെ.!
ആമീന്‍ പറയുന്നവര്‍ക്കും അല്ലാഹു കരുണ ചൊരിയട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment