റമദാനുല്‍ മുബാറക്:
നോമ്പ്-തറാവീഹ്-ഇഅ്തികാഫ്
- ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അശ്റഫ് അലി ത്ഥാനവി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/05/blog-post_19.html?spref=tw
നോമ്പ് അനുഷ്ടിക്കല്‍ -വിശിഷ്യാ റമദാന്‍ മാസത്തിലെ വ്രതാനുഷ്ടാനം- ഇസ് ലാമിലെ നിര്‍ബന്ധ ബാധ്യതയാണ്. അല്ലാഹു അറിയിക്കുന്നു: സത്യവിശ്വാസികളേ, നിങ്ങളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. (സൂറത്തുല്‍ ബഖറ: 183)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ലാഇലാഹ ഇല്ലല്ലാഹ് എന്ന വിശ്വാസം കൂടാതെ, അല്ലാഹു ഇസ്ലാമില്‍ നാല് കാര്യങ്ങള്‍ കൂടി നിര്‍ബന്ധമാക്കിയിട്ടുണ്ട്. അവയിലൊന്ന് ഉപേക്ഷിച്ചാല്‍ അവന് പൂര്‍ണ്ണ വിജയം ലഭിക്കുന്നതല്ല. നമസ്കാരം, സകാത്ത്, റമദാനിലെ നോമ്പ്, ഹജ്ജ് എന്നിവയാണവ. (അഹ് മദ്)
നമസ്കാരം, സകാത്ത്, ഹജ്ജ് ഇവയെല്ലാം അനുഷ്ടിക്കുന്നതോടൊപ്പം നോമ്പ് ഉപേക്ഷിക്കുന്നവന്‍ സമ്പൂര്‍ണ്ണ മുസ് ലിമല്ലെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.
ഒരാള്‍ക്ക് നോമ്പ് ഉണ്ടോ ഇല്ലയോ എന്ന കാര്യം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയാന്‍ കഴിയില്ല എന്നത് നോമ്പിന്‍റെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ട് അല്ലാഹുവിനോട് സ്നേഹവും ഭയവും ഉള്ളവര്‍ക്ക് മാത്രമേ നോമ്പ് അനുഷ്ടിക്കുവാന്‍ സാധിക്കുകയുള്ളൂ. അല്ലാഹുവിനോടുള്ള സ്നേഹ-ഭയങ്ങളില്‍ ഇപ്പോള്‍ അല്‍പം കുറവ് അനുഭവപ്പെട്ടാലും, അവയുടെ അടയാളമായ കാര്യം ചെയ്യുന്നതിലൂടെ അവ ക്രമേണ പൂര്‍ണ്ണമായി ഉണ്ടായിത്തീരുന്നതാണ്. ഇവ രണ്ടും ഉണ്ടായിത്തീര്‍ന്നാല്‍ ഇസ് ലാമില്‍ വലിയ അടിയുറപ്പ് ഉണ്ടാകുന്നതാണ്. ഇക്കാര്യത്തെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇപ്രകാരം വിവരിച്ചു: അല്ലാഹു അരുളുന്നു: മനുഷ്യന്‍റെ നോമ്പൊഴിച്ചുള്ള എല്ലാ കര്‍മ്മങ്ങളും അവനുള്ളത് തന്നെയാണ്. എന്നാല്‍ നോമ്പ് എനിക്ക് മാത്രം ഉള്ളതാണ്. (ബുഖാരി)
മറ്റൊരിക്കല്‍ ഇപ്രകാരം അരുളി: അല്ലാഹു അരുളുകയുണ്ടായി: ഭക്ഷണം, പാനീയം, വികാരം എന്നിവ എനിക്ക് വേണ്ടി ഉപേക്ഷിക്കുന്നവനാണ് നോമ്പുകാരന്‍. (ബുഖാരി)
നോമ്പിലൂടെ ഇലാഹീ സ്നേഹവും ഭയവും ഉണ്ടായിത്തീരുന്നതാണ് എന്ന് ഈ ഹദീസുകള്‍ പഠിപ്പിക്കുന്നു. ഇതുകൊണ്ട് തന്നെ നോമ്പിനെ കുറിച്ച് ശക്തമായ പ്രേരണയും അത് അതുല്യമായ ഇബാദത്താണെന്ന പ്രഖ്യാപനവും ഹദീസില്‍ വന്നിട്ടുണ്ട്.
അബൂ ഉമാമ (റ) വിവരിക്കുന്നു. ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, അല്ലാഹു എനിക്ക് ധാരാളം പ്രയോജനങ്ങള്‍ നല്‍കുന്ന ഒരു സല്‍കര്‍മ്മം എന്നോട് കല്‍പിച്ചാലും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നീ അധികമായി നോമ്പ് അനുഷ്ടിക്കുക. കാരണം, അതിന് തുല്ല്യമായ ഒരു സല്‍കര്‍മ്മവും ഇല്ല. (നസാഈ) ഉപരിസൂചിത പ്രത്യേകതകളില്‍ അതുല്യമായ കര്‍മ്മമെന്നാണ് ഇതിന്‍റെ വിവക്ഷ.
അല്ലാഹുവിനോടുള്ള സ്നേഹവും ഭയവും ഉണ്ടാകണമെന്ന ആഗ്രഹത്തോടെ നോമ്പനുഷ്ടിച്ചാല്, അവന് അവ ലഭിക്കുന്നതും പാപങ്ങളില്‍ നിന്നും അകലാന്‍ കഴിയുന്നതുമാണ്. കാരണം, സ്നേഹ-ഭയങ്ങളുടെ കുറവാണ് പാപത്തിന്‍റെ പ്രേരകം. പാപങ്ങളില്‍ നിന്നും അകന്ന് കഴിഞ്ഞാല്‍ നരകത്തില്‍ നിന്നും സുരക്ഷിതത്വം ലഭിക്കുന്നതാണ്. അത് കൊണ്ടാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയത്: നരകത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു ഉറച്ച കോട്ടയാണ് നോമ്പ്. (ബൈഹഖി)
ആന്തരിക രോഗങ്ങളുടെ പരിണിത ഫലമായ പാപങ്ങളില്‍ നിന്നും അകന്ന് കഴിയാന്‍ നോമ്പുകാരന് കഴിയുന്നത് പോലെ, ബാഹ്യമായ നിരവധി രോഗങ്ങള്‍ക്കും നോമ്പ് സിദ്ധൗഷധമാണ്. കാരണം, ആഹാര-പാനീയങ്ങളുടെ ആധിക്യമാണ് ബഹുഭൂരിഭാഗം രോഗങ്ങളുടെയും ഹേതു. നോമ്പിലൂടെ അതിന് കുറവ് ലഭിക്കുകയും രോഗങ്ങള്‍ വരാതിരിക്കുകയും ചെയ്യുന്നതാണ്.
അബൂ ഹുറയ്റ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഓരോന്നിനെയും ശുദ്ധീകരിക്കുന്ന ഓരോ വസ്തുക്കളുണ്ട്. ശരീരത്തിനെ ശുദ്ധീകരിക്കുന്നത് നോമ്പാകുന്നു. (ഇബ്നുമാജ)
അതായത്, സകാത്തിലൂടെ സമ്പത്തിന്‍റെ അഴുക്ക് ദൂരീകരിക്കുന്നത് പോലെ നോമ്പ് കാരണം ശരീരത്തിന്‍റെ അഴുക്കുകള്‍ നീങ്ങുന്നതാണ്. അബൂഹുറയ്റ (റ) തന്നെ നിവേദനം ചെയ്ത മറ്റൊരു ഹദീസില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ട്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നോമ്പ് അനുഷ്ടിക്കുക. ആരോഗ്യവാനായിരിക്കുന്നതാണ്. (ത്വബ്റാനി)
നോമ്പിലൂടെ ശാരീരിക-മാനസിക പ്രയാസങ്ങള്‍ മാറുന്നത് പോലെ ശാരീരിക-മാനസിക സുഖ-സന്തോഷങ്ങള്‍ സിദ്ധിക്കുന്നതുമാണ്. അബൂ ഹുറയ്റ (റ) നിവേദനം ചെയ്ത സുദീര്‍ഘമായ ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ടാകുന്നതാണ്. ഒന്ന്, നോമ്പ് തുറക്കുമ്പോള്‍ (വിശപ്പും ദാഹവും ശമിച്ചതിന്‍റെ സന്തോഷം). രണ്ട്, (നോമ്പ് അനുഷ്ടിച്ചതില്‍ തൃപ്തിപ്പെട്ടവനായ നിലയില്‍) രക്ഷിതാവിനെ കണ്ട് മുട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം. (ബുഖാരി)
റമദാനിലെ മറ്റൊരു പ്രത്യേക ഇബാദത്താണ് തറാവീഹ് നമസ്കാരം. അതില്‍ പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും കേള്‍ക്കുന്നതും പ്രധാന സുന്നത്താണ്. തറാവീഹിനും നോമ്പിനുമിടയില്‍ ചില സാദൃശ്യങ്ങളുണ്ട്. ഉദാഹരണത്തിന്, ആഹാര-പാനീയങ്ങളെ പോലെതന്നെ മനസ്സിന് പ്രിയംകരമായ ഉറക്കത്തെ അല്‍പ നേരത്തേക്ക് ത്യാഗം ചെയ്യുക. ഇപ്രകാരം നമസ്കാരത്തില്‍ ഉറങ്ങുന്നതും ഉറങ്ങാതിരിക്കുന്നതും ആരും അറിയാതിരിക്കുക. ചുരുക്കത്തില്‍, പരസ്പരം സാദൃശ്യമുള്ള രണ്ട് ഇബാദത്തുകളാണ് റമദാനിലെ പകലിലും രാവിലും അല്ലാഹു ഒരുമിച്ച് കൂട്ടിയത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: റമദാനിലെ നോമ്പിനെ അല്ലാഹു ഫര്‍ളാക്കിയിരിക്കുന്നു. തറാവീഹ് നമസ്കാരത്തെ സുന്നത്താക്കിയിരിക്കുന്നു. വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചുകൊണ്ടും ആരെങ്കിലും അത് രണ്ടും നിര്‍വ്വഹിച്ചാല്‍ ഉമ്മ പ്രസവിച്ചതുപോലെ അവന്‍ പാപത്തില്‍ നിന്നും പരിശുദ്ധനായിത്തീരുന്നതാണ്. (നസാഈ)
ഇബ്നു ഉമര്‍ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നോമ്പും ഖുര്‍ആനും ഖിയാമത്ത് ദിനം ദാസന്മാര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്നതാണ്. നോമ്പ് പറയും: രക്ഷിതാവേ, ആഹാര-വികാരങ്ങളില്‍ നിന്നും ഇവനെ ഞാന്‍ തടഞ്ഞു നിര്‍ത്തി. ഇവന്‍റെ വിഷയത്തില്‍ എന്‍റെ ശുപാര്‍ശ സ്വീകരിക്കേണമേ.! ഖുര്‍ആന്‍ പറയും: നാഥാ, ഉറങ്ങുന്നതില്‍ നിന്നും ഇവനെ ഞാന്‍ തടഞ്ഞുവെച്ചു. ഇവന്‍റെ വിഷയത്തില്‍ എന്‍റെ ശുപാര്‍ശ നീ സ്വീകരിക്കേണമേ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അവ രണ്ടിന്‍റെയും ശുപാര്‍ശ സ്വീകരിക്കപ്പെടുന്നതാണ്. (അഹ് മദ്)
ഇരു ഹദീസുകളിലും ചിന്തിച്ചാല്‍ നോമ്പ്-തറാവീഹുകളുടെ ഇടയിലുള്ള ബന്ധം വ്യക്തമാകുന്നതാണ്.
അടുത്തതായി വിവിധ വിഷയങ്ങളിലുള്ള ഏതാനും ആയത്ത്-ഹദീസുകള്‍ ശ്രദ്ധിക്കുക: വിജയികളെ കുറിച്ച് വിവരിച്ചിട്ടുള്ള സുദീര്‍ഘമായ ഒരു ആയത്തിന്‍റെ ഇടയില്‍ അല്ലാഹു അരുളുന്നു: നോമ്പനുഷ്ടിക്കുന്ന പുരുഷന്മാരും സ്ത്രീകളും. അതിന്‍റെ അവസാനം അറിയിക്കുന്നു: അല്ലാഹു അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കി വെച്ചിരിക്കുന്നു. (അഹ്സാബ് -35)
അബൂഹുറയ്റ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹുവില്‍ സത്യം.! നോമ്പുകാരന്‍റെ വായില്‍ നിന്നും (വിശപ്പ് കാരണം) ഉണ്ടായിത്തീരുന്ന ഗന്ധത്തിന് അല്ലാഹുവിങ്കല്‍ കസ്തൂരിയെക്കാള്‍ സുഗന്ധമുണ്ടായിരിക്കുന്നതാണ്. (ബുഖാരി)
ഇബ്നു ഉമര്‍ (റ) വിവരിക്കുന്നു. (വിവിധ കര്‍മ്മങ്ങളുടെ പ്രതിഫലങ്ങള്‍ വിവരിച്ച കൂട്ടത്തില്‍) റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നോമ്പ് അല്ലാഹുവിന് മാത്രമുള്ളതാണ്. അത് അനുഷ്ടിക്കുന്നവനുള്ള പ്രതിഫലത്തെക്കുറിച്ച് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയില്ല. (ത്വബ്റാനി)
അബൂ സഈദ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: റമദാനിലെ പ്രഥമ രാത്രിയായാല്‍ ആകാശ കവാടങ്ങള്‍ തുറക്കപ്പെടും. റമദാന്‍ അവസാനിക്കുന്നത് വരെ ഒരു കവാടവും അടയ്ക്കപ്പെടുന്നതല്ല. ആ രാവുകളില്‍ ഒരാള്‍ നമസ്കരിച്ചാല്‍, ഓരോ സുജൂദിനും ആയിരത്തി അഞ്ഞൂറ് നന്മകള്‍ എഴുതപ്പെടുന്നതും ഉന്നതമായ ഒരു മാളിക സ്വര്‍ഗ്ഗലോകത്ത് പണിയപ്പെടുന്നതുമാണ്. തുടര്‍ന്ന് ഒരാള്‍ നോമ്പനുഷ്ടിച്ചാല്‍ ഒരു വര്‍ഷത്തെ പാപങ്ങള്‍ മാപ്പാക്കപ്പെടുന്നതും രാവിലെ മുതല്‍ വൈകുന്നേരം വരെ എഴുപതിനായിരം മലക്കുകള്‍ അവന്‍റെ പാപമോചനത്തിനായി ദുആ ഇരക്കുന്നതുമാണ്. (ബൈഹഖി)
സല്‍മാന്‍ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശഅ്ബാന്‍ മാസത്തിലെ അവസാന ഖുത്ബയില്‍ ഇപ്രകാരം അരുളി: ജനങ്ങളേ, വളരെയധികം ഐശ്വര്യസമ്പൂര്‍ണ്ണമായ ഒരു മാസം (റമദാന്‍) നിങ്ങളിലേക്കിതാ വന്നണഞ്ഞിരിക്കുന്നു. അതിലൊരു രാവുണ്ട്. ആ രാവില്‍ (ഇബാദത്ത് അനുഷ്ടിക്കല്‍) ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്. അല്ലാഹു ആ മാസത്തെ നോമ്പ് ഫര്‍ളാക്കിയിരിക്കുന്നു. അതിന്‍റെ രാത്രി നമസ്കാരത്തെ (തറാവീഹ്) സുന്നത്താക്കിയിരിക്കുന്നു. ആ മാസത്തില്‍ ചെയ്യപ്പെടുന്ന ഒരു സുന്നത്തിന് ഫര്‍ളിന്‍റെ പ്രതിഫലം ലഭിക്കും. ഫര്‍ളിന് എഴുപത് ഫര്‍ളുകളുടെ പ്രതിഫലം സിദ്ധിക്കും. ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിക്കുന്നവന് പാപ-നരക-മോചനങ്ങള്‍ ലഭിക്കുന്നതും, നോമ്പുകാരന് തുല്യമായ പ്രതിഫലം നല്‍കപ്പെടുന്നതുമാണ്. ഒരു നോമ്പുകാരന് കാരയ്ക്കയോ വെള്ളമോ പാലോ നല്‍കുന്നവനും ഇതേ കൂലി ലഭിക്കുന്നതാണ്. (ഇബ്നു ഘുസൈമ)
റമദാനിലെ മറ്റൊരു പ്രധാന കര്‍മ്മമാണ് അവസാനത്തെ പത്തിലെ ഇഅ്തികാഫ്. പത്ത് ദിവസം മസ്ജിദില്‍ തന്നെ കഴിഞ്ഞുകൂടുന്നതിന് ഇഅ്തികാഫ് എന്ന് പറയുന്നു. മല-മൂത്ര വിസര്‍ജ്ജനം പോലുള്ള അവശ്യ കാര്യങ്ങള്‍ക്കല്ലാതെ അവിടെ നിന്നും പുറത്തിറങ്ങാന്‍ പാടില്ല. ആഹാരം-പാനീയം-ഉറക്കം പോലെ പ്രിയങ്കരമായ ഒരു കാര്യമാണ് പുറത്ത് ചുറ്റിക്കറങ്ങി നടക്കല്‍. ഇത്തരുണത്തില്‍ നോമ്പും തറാവീഹുമായി ഇഅ്തികാഫിനുള്ള ബന്ധം വ്യക്തമാണ്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: റമദാനില്‍ പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കുന്നവന് രണ്ട് ഹജ്ജ്-ഉംറകളുടേത് പോലുള്ള പ്രതിഫലം ലഭിക്കുന്നതാണ്.
ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഇഅ്തികാഫ് ഇരിക്കുന്നവന്‍ എല്ലാ പാപങ്ങളില്‍ നിന്നും അകന്ന് കഴിയുന്നതാണ്. എല്ലാ നന്മകളും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന കൂലിക്ക് തുല്യമായത് നല്‍കപ്പെടുന്നതുമാണ്. (ഇബ്നുമാജ)
മസ്ജിദില്‍ തന്നെ കഴിയാമെന്നത് ഇഅ്തികാഫിന്‍റെ മറ്റൊരു ഗുണമാണ്. അതാകട്ടെ, വലിയൊരു പുണ്യകര്‍മ്മമാണ്. എന്നാല്‍ മസ്ജിദില്‍ പുരുഷന്മാര്‍ മാത്രമേ ഇഅ്തികാഫ് ഇരിക്കാവൂ. വീട്ടില്‍ നമസ്കരിക്കുന്ന സ്ഥലത്ത് തന്നെയാണ് സ്ത്രീകള്‍ ഇഅ്തികാഫ് ഇരിക്കേണ്ടത്.
ഈദുല്‍ ഫിത്റിലൂടെ റമദാന്‍ അവസാനിക്കും. ആ ദിവസത്തിനും വലിയ ശ്രേഷ്ടതയുണ്ട്. അനസ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: പെരുന്നാള്‍ ദിവസം മലക്കുകളോട് അല്ലാഹു പറയും: എന്‍റെ അടിമകള്‍, ഞാന്‍ നിര്‍ബന്ധമാക്കിയ കാര്യം അനുഷ്ടിച്ച ശേഷം എന്നോട് ദുആ ഇരക്കാന്‍ പെരുന്നാള്‍ നമസ്കാര സ്ഥലത്തേക്ക് പുറപ്പെട്ടിരിക്കുകയാണ്. എന്‍റെ അന്തസ്സില്‍ സത്യം.! ഞാന്‍ അവരുടെ ദുആ സ്വീകരിക്കുന്നതാണ്. ശേഷം മനുഷ്യരോട് പറയും: പോകുക, നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്ത് തന്നിരിക്കുന്നു. തിന്മകള്‍ നന്മകളായി മാറ്റിയിരിക്കുന്നു. അങ്ങിനെ പാപങ്ങള്‍ പൊറുക്കപ്പെട്ട് അനുഗ്രഹീതരായി അവര്‍ മടങ്ങുന്നതാണ്. (ബൈഹഖി)
നോമ്പ്: ചില പ്രധാന നിര്‍ദ്ദേശങ്ങള്‍
1. നോമ്പിനിടയില്‍ നാവിനെ വളരെയധികം സൂക്ഷിക്കുക. മോശമായതൊന്നും പറയാതിരിക്കുക. വഴക്കും ബഹളവും ഉണ്ടാക്കാതിരിക്കുക. ആരെങ്കിലും വഴക്കുണ്ടാക്കാന്‍ വന്നാല്‍ എനിക്ക് നോമ്പാണ്, എന്നെ വെറുതെ വിട്ടേക്കുക.! എന്ന് പറയുക.
2. ചന്ദ്രനെ കണ്ടാല്‍ ഇത് ഇന്ന ദിവസമാണ്, ഇക്കണക്കിന് ഇത് റമദാനിലെ ഇന്ന ദിവസമാണ്.! എന്ന് ചിലര്‍ പറയാറുണ്ട്. അങ്ങിനെ പറയാന്‍ പാടില്ല. ചന്ദ്രന്‍റെ വലിപ്പമല്ല അടിസ്ഥാനം. ജനങ്ങള്‍ അതിനെ ദര്‍ശിക്കലാണ് വിഷയം.
3. ഭര്‍ത്താവ് നാട്ടിലുള്ളപ്പോള്‍ അദ്ദേഹത്തിന്‍റെ അനുമതി കൂടാതെ സ്ത്രീകള്‍ സുന്നത്ത് നോമ്പ് അനുഷ്ടിക്കരുത്.
4. ഇടയ്ക്കിടെ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കുക.
5. നോമ്പിന്‍റെ ദിവസം വല്ലവരും ആഹാരത്തിന് ക്ഷണിച്ചാല്‍ അവരെ സന്തോഷിപ്പിക്കുന്നതിന് അവരുടെ വീട്ടില്‍ പോകുകയും അവര്‍ക്ക് വേണ്ടി ദുആ ഇരക്കുകയും ചെയ്യുക.
6. റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ കൂടുതലായി ഇബാദത്തില്‍ മുഴുകാന്‍ ശ്രദ്ധിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.! ആമീന്‍.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment