Monday, May 14, 2018

റമദാനുല്‍ മുബാറക് ആസ്വദിക്കാം.! -ഹാഫിസ് മുസ്സമ്മില്‍ കൗസരി ഖാസിമി


റമദാനുല്‍ മുബാറക് 
ആസ്വദിക്കാം.! 
-ഹാഫിസ് മുസ്സമ്മില്‍ കൗസരി ഖാസിമി
http://swahabainfo.blogspot.com/2018/05/blog-post_96.html?spref=tw

അല്ലാഹുവിന്‍റെ കാരുണ്യം സത്യവിശ്വാസികള്‍ക്ക് ഏറ്റവും അധികം ലഭ്യമാകുന്ന റമദാനുല്‍ മുബാറക് സമാഗതമായിരിക്കുന്നു. ഇത് ഖുര്‍ആനിന്‍റെ മാസമാണ്.! ഖുര്‍ആന്‍ മാത്രമല്ല ,സകല ഇലാഹിയായ ഗ്രന്ഥങ്ങളുടെയും മാസം.! തൗറാത്ത് റമദാനിന്‍റെ ആദ്യ വാരത്തിലും സബൂര്‍ രണ്ടാം വാരത്തിലും ഇന്‍ജീല്‍ മൂന്നാം വാരത്തിലും ഫുര്‍ഖാന്‍ അവസാന ഭാഗത്തിന്‍റെ ഖദ്റിന്‍റെ രാത്രിയിലുമാണ് അല്ലാഹു അവതരിപ്പിച്ചത്.! ഈ നാല് ഗ്രന്ഥങ്ങള്‍ക്ക് മുമ്പ് ഇറക്കപ്പെട്ട ഏടുകളും റമദാനില്‍ തന്നെയാണവതരിപ്പിച്ചതെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആകാശ ഭൂമികളെ സൃഷ്ടിച്ച നാളു മുതല്‍ മാസം പന്ത്രണ്ട് ആണെന്ന ഖുര്‍ആനിക പ്രഖ്യാപനം റമദാന്‍ പ്രപഞ്ചോല്‍പ്പത്തി മുതല്‍ അല്ലാഹു തെരഞ്ഞെടുത്തു എന്ന് ബോധ്യപ്പെടുത്തുന്നു.
അല്ലാഹു തന്‍റെ ദാസന്മാരായ മനുഷ്യര്‍ക്ക് നല്‍കിയ ഏറ്റവും വലിയ കാരുണ്യമാണ് അവന്‍റെ ഗ്രന്ഥങ്ങള്‍. അതില്‍ എല്ലാ ഗ്രന്ഥങ്ങളുടെയും ആകെ തുകയാണ് ഖുര്‍ആന്‍.!
ഖുര്‍ആന്‍ കാരുണ്യവാനായ അല്ലാഹുവിന്‍റെ കരുണയുടെ ഒരു ഭാഗമാണ്. അത് കാരുണ്യത്തിന്‍റെ തിരുദൂതര്‍ക്ക് അവതരിപ്പിച്ചുകൊണ്ട് ലോകത്തോട് അല്ലാഹു കരുണ കാണിച്ചത് വിശുദ്ധ റമദാനിലാണ്. അല്ലാഹുവിന്‍റെ അതിരുകളില്ലാത്ത കാരുണ്യം ഒഴുകിയെത്തുന്ന ഈ പുണ്യ മാസം വിശ്വാസികള്‍ക്ക് ആനന്ദത്തിന്‍റെയും ആത്മ നിര്‍വൃതിയുടെയും മാസമാണ്. ഈ വ്രത മാസത്തില്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ ആഴം അറിയിക്കുന്ന അനവധി കാര്യങ്ങള്‍ പ്രവാചകന്‍ എണ്ണിയെണ്ണി പറയുന്നുണ്ട്.
അല്ലാഹുവിന്‍റെ കരുണയുടെ പ്രപഞ്ചമായ സ്വര്‍ഗ്ഗത്തിലേക്കുളള എല്ലാ പാതകളും തുറക്കപ്പെടുന്ന മാസം.! ഇലാഹിന്‍റെ കോപം തിളച്ചുമറിയുന്ന നരകലോകത്തിന്‍റെ കവാടങ്ങള്‍ അടച്ചു പൂട്ടപ്പെടുന്ന മാസം.! ഇലാഹീ കരുണ ആദമിന്‍റെ മകന് ലഭിക്കാതിരിക്കാന്‍ പ്രവര്‍ത്തിക്കുന്ന നീചന്മാരായ പൈശാചിക ശക്തികളെ അടിച്ചമര്‍ത്തപ്പെടുന്ന മാസം.! അല്ലാഹുവിന്‍റെ കാരുണ്യവും പാപമോചനവും ദാസന്മാര്‍ക്ക് ലഭിക്കാന്‍ മലാഇകത്തുകള്‍ പ്രാര്‍ത്ഥനാനിരതരാകുന്ന പുണ്യമാസം.! എല്ലാറ്റിലുമുപരി ഉടമസ്ഥനായ നാഥന്‍ ആകാശലോകത്തേക്ക് ഇറങ്ങി വന്നുകൊണ്ട് പ്രപഞ്ചത്തിനാകമാനം കാരുണ്യം വര്‍ഷിക്കുകയും പശ്ചാത്തപിക്കുന്നവരുടെ തൗബ സ്വീകരിച്ച് ശുദ്ധീകരിക്കുകയും ചെയ്യുന്ന മാസം.! ഇങ്ങനെ സൃഷ്ടി പ്രപഞ്ചമഖിലവും ഇലാഹീ കാരുണ്യം കൊണ്ടുപൊതിയുന്ന പുണ്യ ദിനരാത്രങ്ങള്‍ക്കാണ് റമദാനുല്‍ മുബാറക് സാക്ഷിയാകുന്നത്.
റമദാനുല്‍ മുബാറക് ഒരു മഹാ സംഭവമാണ്.! മനുഷ്യ ചിന്തകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും വഴങ്ങാത്ത അനുഗ്രങ്ങളുടെ പുണ്യമാസം.! അതുകൊണ്ടു തന്നെ റമദാനുല്‍ മുബാറക് ആസ്വാദനത്തിന്‍റെ മാസമാണ്. തിന്നും കുടിച്ചും രമിച്ചും ആസ്വദിക്കുന്ന മൃഗീയതയുടെയും ഒരു പടികൂടി കടന്നു പൈശാചികതയുടെയും അര്‍ത്ഥശൂന്യമായ ആസ്വാദനമല്ല. മറിച്ച്, മനുഷ്യന് അനുഭവവേദ്യമായതും എന്നാല്‍ അറിയാന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ ആത്മാവിന്‍റെയും മനസിന്‍റെയും ആസ്വാദനത്തിന്‍റെ മാസം.! ഇലാഹില്‍ നിന്നും ലഭിച്ച ആത്മാവ് പരിശുദ്ധിയുടെ തിളക്കം കൊണ്ട് പ്രകാശിച്ച് ആകാശ ഭൂമികളുടെ പ്രകാശമായ സ്രഷ്ടാവിനോട് അടുത്ത് ആ പ്രകാശത്തില്‍ ലയിക്കാന്‍ കൊതിച്ചു പ്രശോഭിക്കുന്ന അവസരം.! വ്രതം യഥാര്‍ത്ഥത്തില്‍ അത്തരം അനുഭൂതിയിലേക്കാണ് മനുഷ്യനെ ആനയിക്കുന്നത്. അതുകൊണ്ടുതന്നെയാണ് വ്രതത്തിന്‍റെ വ്യത്യസ്ത പദവികളെക്കുറിച്ച് ഇമാം ഗസ്സാലിയെ പോലെയുളളവര്‍ നിരീക്ഷിച്ചത്.
ഇമാം ഗസ്സാലി (റ) എഴുതി :
വ്രതം മൂന്ന് തരത്തിലുണ്ട്.
ഒന്ന്; സാധാരണക്കാരുടെ വ്രതം. ഉദരത്തെയും ഗുഹ്യസ്ഥാനത്തെയും, നോമ്പിന് കോട്ടം വരുത്തുന്ന കാര്യങ്ങളില്‍ നിന്നും സൂക്ഷിക്കുക. അതായത്, അന്ന-പാനീയങ്ങളും ലൈംഗിക സുഖങ്ങളും വെടിഞ്ഞ് കൊണ്ട് കര്‍മ്മശാസ്ത്ര നിയമങ്ങള്‍ പാലിച്ച് വ്രതമെടുക്കുക.
രണ്ട്; അല്ലാഹുവിന്‍റെ സാമീപ്യം സിദ്ധിച്ചവരുടെ വ്രതം. ഉദരത്തെയും ഗുഹ്യസ്ഥാനത്തെയും സൂക്ഷിക്കുന്നതിനൊപ്പം കണ്ണ്, കാത്, നാവ്, കയ്യ്, കാല്‍ തുടങ്ങി മറ്റ് ബാഹ്യ അവയവങ്ങളെയും തിന്മകളില്‍ നിന്നും പൂര്‍ണ്ണമായി സൂക്ഷിക്കുക.
മൂന്ന്; അല്ലാഹുവിന്‍റെ ഏറ്റവും സാമീപ്യം സിദ്ധിച്ച പ്രത്യേകക്കാരുടെ വ്രതം. അല്ലാഹു ഒഴിച്ചുളള സകല വസ്തുക്കളില്‍ നിന്നും ഇഹലോക സംബന്ധമായ സകല ചിന്തകളില്‍ നിന്നും ഹൃദയത്തെ സൂക്ഷിച്ച് അല്ലാഹുവില്‍ കേന്ദ്രീകരിക്കുക. അല്ലാഹുവും പരലോകവും ഒഴിച്ചുളള എന്തെങ്കിലും വിഷയമോ ഇഹലോക സംബന്ധമായ എന്തെങ്കിലും കാര്യങ്ങളോ ആലോചിക്കുന്നതു മുഖേന ഇവരുടെ വ്രതം മുറിഞ്ഞ് പോകുന്നു. ഇത് പ്രവാചകന്മാരുടെയും, സിദ്ദീഖീങ്ങളുടെയും ഇലാഹീ സാമീപ്യം സിദ്ധിച്ച ഉല്‍കൃഷ്ടരുടെയും സ്ഥാനമാണ്. അത് അക്ഷരങ്ങളിലൂടെ വിവരിക്കേണ്ടതല്ല.  നീ, അല്ലാഹ് എന്ന് പറഞ്ഞ് കൊണ്ട് സര്‍വ്വതും ഒഴിവാക്കുക.! എന്ന ഖുര്‍ആനിക വചനത്തിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ട് സകല ചിന്തയില്‍ നിന്നും ഹൃദയത്തെ മോചിപ്പിച്ച് അല്ലാഹുവില്‍ മാത്രം കേന്ദ്രീകരിക്കലാണ് അതിന്‍റെ ലക്ഷ്യം. (ഇഹ് യ : അസ്റാറുസൗം)
സാധാരണക്കാര്‍ക്ക് അസാധ്യമായി തോന്നാവുന്ന ഈ വ്രതം ഉല്‍കൃഷ്ടര്‍ക്ക് സാധ്യമായത് തന്നെയാണ്. ഇങ്ങനെ ഒരു ദാസന് അല്ലാഹുവുമായുളള ബന്ധം അങ്ങേയറ്റം സുദൃഢമാക്കാനുതകുന്ന അനുഗ്രഹീത മാസമാണിത്. പാപങ്ങള്‍ വെടിഞ്ഞും ഇബാദത്തുകള്‍ വര്‍ദ്ധിപ്പിച്ചും ആരാധനകളുടെ ലക്ഷ്യപ്രാപ്തി കരഗതമാക്കിയും ആത്മാവിനെ ശുദ്ധീകരിച്ച് ആത്മ നിര്‍വൃതി നേടാനുളള സുവര്‍ണാവസരം.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹു പറയുന്നു. നോമ്പ് എനിക്കുളളതാണ്. ഞാന്‍ തന്നെയാണതിന്‍റെ പ്രതിഫലം നല്‍കുന്നതും.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...