Sunday, May 20, 2018

ഖത്വീബുല്‍ ഇസ് ലാം മര്‍ഹൂം മൗലാനാ മുഹമ്മദ് സാലിം ഖാസിമി -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ഖത്വീബുല്‍ ഇസ് ലാം
മര്‍ഹൂം മൗലാനാ മുഹമ്മദ് സാലിം ഖാസിമി 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/05/blog-post_20.html?spref=tw

ഉമ്മുല്‍ മദാരിസ് ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ മഹാനായ സ്ഥാപകന്‍ ഹുജ്ജത്തുല്‍ ഇസ് ലാം അല്ലാമാ മുഹമ്മദ് ഖാസിം നാനൂത്തവി (റഹ്) യുടെ പൗത്രനും, ദാറുല്‍ ഉലൂമിനെയും ദാറുല്‍ ഉലൂം പ്രവര്‍ത്തനങ്ങളെയും അര നൂറ്റാണ്ടിലേറെ കാലം നയിച്ചവരും ഹസ്റത്ത് മൗലാനാ ഖാരി ത്വയ്യിബ് സാഹിബ് (റഹ്) ന്‍റെ മൂത്ത മകനുമായ മൗലാനാ മുഹമ്മദ് സാലിം ഖാസിമി ഈ കഴിഞ്ഞ 1439 റജബുല്‍ മുറജ്ജബ് 27-ന് സുദീര്‍ഘമായ സേവന പരമ്പരകള്‍ക്കൊടുവില്‍ ഈ ലോകത്തോട് വിട പറഞ്ഞു. 
അതിമഹത്തായ ഒരു പരമ്പരയില്‍ ജനിച്ചതിനോടൊപ്പം ഈ പാരമ്പര്യത്തെ ശരിയായ നിലയില്‍ പ്രയോജനപ്പെടുത്തിയെന്നുള്ളതാണ് മൗലാനായുടെ അതിമഹത്തായ സൗഭാഗ്യം. ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ ജനിച്ചു. അതിന്‍റെ പൂമുറ്റത്ത് വളര്‍ന്നു. ശൈഖുല്‍ ഇസ്ലാം അല്ലാമാ മദനിയെ പോലുള്ളവരുടെ ശിഷ്യത്വത്തില്‍ ഉയര്‍ന്നു. ഖാസിമിയായ ഉടന്‍ തന്നെ ദാറുല്‍ ഉലൂമില്‍ അദ്ധ്യാപനം ആരംഭിച്ചു. കൂട്ടത്തില്‍ പിതാവിന്‍റെ വലംകൈയ്യായി ദാറുല്‍ ഉലൂമിന്‍റെ നാനാതരം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ദാറുല്‍ ഉലൂമിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടത്തിയിരുന്നത് മൗലാനാ അടക്കമുള്ള ഒരു കൂട്ടം യുവ തലമുറയാണ്. എന്നാല്‍ മര്യാദയുടെയും ബഹുമാനത്തിന്‍റെയും പേരില്‍ മഹാന്മാരുടെ നാമം തന്നെ മുന്നില്‍ വെക്കുകയും അവരുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും അനുസരിക്കുകയും അവരുടെ തണലിലായി നീങ്ങുകയും ചെയ്തു. അതുകൊണ്ടുതന്നെ ഖാരി സാഹിബ് (റഹ്) ന്‍റെ കാലത്ത് മൗലാനാ ഖാസിമി പൂര്‍ണ്ണമായും പിതാവിന്‍റെ കൂട്ടത്തിലും പിന്നിലുമായി നിലയുറപ്പിച്ചു. പിതാവിന്‍റെ ശക്തിയും പൂര്‍ത്തീകരണവുമായി നിലകൊണ്ടു. ഇന്ത്യയിലും വിദേശത്തും നിരന്തരം യാത്രകള്‍ ചെയ്തിരുന്ന ഖാരി സാഹിബ് (റഹ്) ന്‍റെ മിക്ക യാത്രകളിലും മൗലാനാ ഖാസിമി കൂട്ടത്തില്‍ ഉണ്ടാകുമായിരുന്നു. ഈ സഹയാത്രകള്‍ ത്യാഗനിര്‍ഭരമായിരുന്നു. ഖാരി സാഹിബ് (റഹ്) നടത്തിയ ബര്‍മാ യാത്ര വളരെ ഉജ്ജ്വലമായിരുന്നു. അതിന്‍റെ സൂത്രധാരന്‍ ആദ്യന്തം മൗലാനാ ഖാസിമി ആയിരുന്നു. കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വാര്‍ഷിക സമ്മേളനം നടന്നപ്പോള്‍ സമസ്ത പണ്ഡിതര്‍ ദാറുല്‍ ഉലൂമില്‍ എത്തി. ഖാരി സാഹിബ് (റഹ്) ന് അല്‍പവും സമയമില്ലായിരുന്നു. അവര്‍ മൗലാനാ ഖാസിമിയെ സമീപിച്ചു. ഞാന്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് കാര്യം ഏല്‍ക്കുകയും നീണ്ട യാത്ര നടത്തി പിതാവിനെ കോഴിക്കോട് എത്തിക്കുകയും ചെയ്തു. ഖാരി സാഹിബ് (റ) സമസ്ത സമ്മേളനത്തില്‍ ഉജ്ജ്വല പ്രഭാഷണം നടത്തിയപ്പോള്‍ ശേഷം പ്രിയ മകനും ശ്രദ്ധേയമായ പ്രസംഗം കാഴ്ചവെച്ചു. ഇ. കെ അബൂബക്ര്‍ മുസ്ലിയാര്‍, കെ. കെ അബൂബക്ര്‍ ഹസ്റത്ത് ഖാസിമി എന്നീ മര്‍ഹൂമുകളാണ് ഈ പ്രഭാഷണങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. ഇതിന്‍റെ നൂല്‍ക്കെട്ടായി പ്രവര്‍ത്തിച്ച മര്‍ഹൂം മൗലാനാ നൂഹ് അല്‍ ഖാസിമി (ന:മ) ഈ സംഭവം നിരന്തരം ആവേശത്തോടെ അനുസ്മരിച്ചിരുന്നു. അതെ, ഖാരി സാഹിബ് (റഹ്) ന്‍റെ കേരളയാത്ര ദാറുല്‍ ഉലൂമുമായുള്ള കേരളത്തിന്‍റെ ബന്ധം വളരെ ശക്തിപ്പെടുത്തി.
ദാറുല്‍ ഉലൂമിലെ ഐതിഹാസികമായ ശതവാര്‍ഷിക സമ്മേളനം ഖാരി സാഹിബ് (റഹ്) ന്‍റെ ശിരസ്സിലെ പൊന്‍തൂവലായിരുന്നു. എന്നാല്‍ അതിന്‍റെ അടിത്തറ മൗലാനാ ഖാസിമിയായിരുന്നു. 1970 കളില്‍ ഇന്ത്യയില്‍ ഇസ്ലാമിക ശരീഅത്തിനെതിരില്‍ ചില പ്രശ്നങ്ങള്‍ ആരംഭിച്ചപ്പോള്‍ അതിന്‍റെ ദൂരവ്യാപക ഫലങ്ങള്‍ തിരിച്ചറിഞ്ഞ അമീറെ ശരീഅത്ത് മൗലാനാ മിന്നത്തുല്ലാഹ് റഹ്മാനി (റ) ദാറുല്‍ ഉലൂമില്‍ വന്ന് ഖാരി സാഹിബ് (റ) നോട് വിവരങ്ങള്‍ പറഞ്ഞു. പ്രിയമകന്‍ അടുത്തുണ്ടായിരുന്നു. തുടര്‍ന്ന് ദാറുല്‍ ഉലൂമില്‍ ശരീഅത്ത് വിഷയത്തില്‍ ഒരു കൂടിയാലോചനായോഗം സംഘടിപ്പിക്കപ്പെട്ടു. ഈ വിഷയത്തില്‍ ഇന്ത്യയിലെ മുഴുവന്‍ മുസ്ലിം സംഘടനകളെയും ക്ഷണിച്ചുവരുത്തി ഒരു യോഗം ബോംബൈയില്‍ നടത്തണമെന്ന് തീരുമാനിക്കപ്പെടുകയും അതിന്‍റെ കണ്‍വീനറായി മൗലാനാ സാലിം ഖാസിമിയെ തീരുമാനിക്കപ്പെടുകയും ചെയ്തു. മൗലാനാ ഓടി നടന്ന് വിവിധ സംഘടനാ നേതാക്കളെ അരികില്‍ ചെന്ന് കാര്യം പറഞ്ഞ് മനസ്സിലാക്കി. ബറേലവി പണ്ഡിതരുടെ അരികില്‍ പിതാവിനെ കൂട്ടിക്കൊണ്ട് പോയി. മൗലാനാ പറയുന്നു: ബറേലവി പണ്ഡിതര്‍ക്ക് മുമ്പാകെ ദീനിനുവേണ്ടി ആദരണീയ പിതാവ് വളരെ വിനയം കാണിക്കുകയും പലപ്പോഴും കരഞ്ഞ് സംസാരിക്കുകയും ചെയ്തു.! അങ്ങനെ ബോംബൈയില്‍ എല്ലാ സംഘടനകളും ഒത്തുചേര്‍ന്നുകൊണ്ടുള്ള യോഗം നടന്നു. അതില്‍ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലേ ബോര്‍ഡ് നിലവില്‍ വന്നു. പ്രഥമ പ്രസിണ്ടന്‍റായി ദാറുല്‍ ഉലൂം നായകന്‍ ഖാരി സാഹിബ് (റ) തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ഹൈദരാബാദില്‍ മഹാസമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ഇവക്കെല്ലാം വേണ്ടി പ്രധാന ത്യാഗങ്ങള്‍ നിര്‍വ്വഹിച്ചത് മൗലാനാ ഖാസിമിയാണെന്നത് വ്യക്തമാണ്.
ഖാരി സാഹിബ് (റ) ന്‍റെ വിയോഗാനന്തരം അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി അദ്ധ്യക്ഷനായപ്പോള്‍ ആദ്യം ചെയ്ത കാര്യം മൗലാനാ സാലിം ഖാസിമിയെ ഉപാദ്ധ്യക്ഷനായി നിയമിക്കലാണ്. ചുരുക്കത്തില്‍, പിതാവിന്‍റെ തണലില്‍ പിതാവിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം നല്ലനിലയില്‍ നടത്തിയ മൗലാനാ മുഹമ്മദ് സാലിം ഖാസിമി (റ) അതിമഹത്തായ ഒരു മാതൃക തന്നെയാണ്.! ശതവാര്‍ഷിക സമ്മേളനത്തെ തുടര്‍ന്ന് ദാറുല്‍ ഉലൂമില്‍ ചില ഭിന്നതകള്‍ ഉണ്ടാവുകയും ഖാരി സാഹിബ് (റ) ദാറുല്‍ ഉലൂം വഖ്ഫ് ആരംഭിക്കുകയും ചെയ്തപ്പോള്‍ മൗലാനാ മുഹമ്മദ് സാലിം ഖാസിമി (റ) അതിന്‍റെ പ്രവര്‍ത്തനത്തില്‍ മുഴുകുകയും അതിനെ കേന്ദ്രമാക്കിക്കൊണ്ട് ഇതര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ദാറുല്‍ ഉലൂമിലെ മുഴുവന്‍ ഉലമാ മഹത്തുക്കളോടും വളരെ ആദരവും ബന്ധവും പുലര്‍ത്തുകയും ചെയ്തു എന്നതാണ് ചിന്തനീയവും അനുകരണീയവുമായ മറ്റൊരു മാതൃക. ദാറുല്‍ ഉലൂമില്‍ പഠിക്കാനും സന്ദര്‍ശിക്കാനും വരുന്ന എല്ലാവരും മൗലാനാ മുഹമ്മദ് സാലിം ഖാസിമി (റ) യെയും സന്ദര്‍ശിക്കാന്‍ പോവുകയും അവരെയെല്ലാം വളരെ സ്നേഹത്തില്‍ മൗലാനാ സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ പാപി ദാറുല്‍ ഉലൂമില്‍ പഠിച്ചിരുന്ന നാളുകളില്‍ അസ്ര്‍ നമസ്കാരാനന്തരം വിവിധ മഹാന്മാരെ സന്ദര്‍ശിക്കുമായിരുന്നു. അതില്‍ എനിക്ക് വളരെ കൂടുതല്‍ പ്രയോജനപ്പെട്ട സദസ്സുകളില്‍ ഒന്ന് മൗലാനാ മുഹമ്മദ് സാലിം ഖാസിമി (റ) യുടെ ചോദ്യോത്തര സദസ്സുകളാണ്. ഞങ്ങളുടെ ചോദ്യങ്ങള്‍ വളരെ സ്നേഹത്തില്‍ കേള്‍ക്കുകയും സരസമായ നിലയില്‍ മറുപടി പറയുകയും ചെയ്തിരുന്നു. ഒരിക്കല്‍ ചോദിച്ചു: യഹൂദികള്‍ക്ക് നിന്ദ്യത വിധിക്കപ്പെട്ടുവെന്ന് ഖുര്‍ആനില്‍ ഉണ്ടല്ലോ? പക്ഷേ ഇന്ന് ഏറ്റവും കൂടുതല്‍ നെഗളിക്കുന്നത്
അവരാണല്ലോ? മൗലാനാ പ്രതിവചിച്ചു: അര്‍ഹതയില്ലാത്തതിനോടൊപ്പം അഹങ്കരിക്കുകകൂടി ചെയ്യുന്നതിനേക്കാള്‍ വലിയ നിന്ദ്യത എന്താണുള്ളത്.? കൂടാതെ, അല്ലാഹുവിന്‍റെ ഭാഗത്തുനിന്നും ജനങ്ങളില്‍ നിന്നുമുള്ള കയറുകളില്‍ പിടിച്ച് അവര്‍ ഉയര്‍ന്ന് നില്‍ക്കുന്നതാണെന്ന് ഖുര്‍ആനിലെ അതേ ആയത്തില്‍ തന്നെയുണ്ടല്ലോ.? മറ്റൊരിക്കല്‍ ചോദിച്ചു: നാം പങ്കെടുക്കുന്ന പ്രധാന സദസ്സുകളില്‍ അനാചാരങ്ങള്‍ പ്രവര്‍ത്തിക്കപ്പെട്ടാല്‍ എന്ത് ചെയ്യണം.? ചിലപ്പോള്‍ അത് ചെയ്യുന്നത് നമ്മേക്കാള്‍ മുതിര്‍ന്നവരായിരിക്കും. മൗലാനാ പറഞ്ഞു: ആദരവ് നിലനിര്‍ത്തിക്കൊണ്ട് അനാചാരങ്ങളില്‍ നിന്നും അകന്ന് കഴിയണം. തുടര്‍ന്ന് വളരെ അടുത്തവരോട് പറയുന്നത് പോലെ സ്വന്തം സംഭവങ്ങള്‍ വിവരിച്ചു. ദാറുല്‍ ഉലൂമിലെ അവസാന കാലത്ത് വിനീതന്‍ മൗലാനായെ സമീപിച്ചു. കൂട്ടുകാരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. മുസല്‍സലാത്തിന്‍റെ ഇജാസത്തിന് അപേക്ഷിച്ചപ്പോള്‍ മുഴുവന്‍ കിത്താബുകളുടെയും ഇജാസത്ത് നല്‍കുകയുണ്ടായി.! പടച്ചവന്‍റെ വലിയ അനുഗ്രഹത്താല്‍ മൗലാനായോടൊപ്പം കേരളം മുഴുവന്‍ യാത്ര ചെയ്യാനും സൗഭാഗ്യമുണ്ടായി. ബട്കലില്‍ നിന്നും ഞങ്ങള്‍ കണ്ണൂര്‍, കോഴിക്കോട്, കായംകുളം, ഓച്ചിറ, തിരുവനന്തപുരം എന്നിവടങ്ങളില്‍ യാത്ര ചെയ്തു. വലിയ ക്ഷീണിതനായിരുന്നിട്ടും നമസ്കാരത്തില്‍ വളരെ ശ്രദ്ധയായിരുന്നു. നീണ്ട ദുആകള്‍ ചെയ്തിരുന്നു. പ്രഭാഷണങ്ങള്‍ ഓരോന്നും ഉജ്ജ്വലവും ആവേശകരവുമായിരുന്നു. ഖത്വീബുല്‍ ഇസ്ലാം എന്ന് മൗലാനാ മുഹമ്മദ് സാലിം ഖാസിമി (റ) ക്ക് പേര് നല്‍കപ്പെട്ടത് യാഥാര്‍ത്ഥ്യം തന്നെയാണ്. മൗലാനായുടെ പ്രഭാഷണങ്ങള്‍ അളന്ന് മുറിച്ചുകൊണ്ടുള്ളതായതിനാല്‍. അതുകൊണ്ട് തന്നെ എല്ലാവരും അത് ശ്രദ്ധിച്ചിരുന്നു. 
പേഴ്സണല്‍ ലേ ബോര്‍ഡിന്‍റെ ഒരു യോഗത്തില്‍ ഇസ്ലാഹെ മുആശറ (സാമൂഹ്യ സംസ്കരണം) എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. സമാപനത്തില്‍ മൗലാനായുടെ ഊഴമായപ്പോള്‍ പ്രസ്താവിച്ചു: വൈവാഹിക ബന്ധങ്ങളും ഇതര ബന്ധങ്ങളുമെല്ലാം നന്നാകുന്നതിന്‍റെ അടിസ്ഥാനം വിശ്വാസം ശരിയാകലാണ്. പ്രത്യേകിച്ചും അല്ലാഹുവിലുള്ള വിശ്വാസം. ഇതുണ്ടായാല്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ നന്നാവുകയുള്ളൂ. നന്നാകേണ്ടത് പോലെ നന്നാവുകയുള്ളൂ.! ഇതുകേട്ട ഉടനെ അഹ്ലെ ഹദീസ് പണ്ഡിതനും വിമര്‍ശകനും അടുത്ത് ഇഹലോകവാസം വെടിഞ്ഞ പ്രധാന വ്യക്തിത്വവുമായ മൗലാനാ അബ്ദുല്‍ വഹ്ഹാബ് ഖില്‍ജി മര്‍ഹൂം എഴുന്നേറ്റ് നിന്ന് വികാരഭരിതനായി പറഞ്ഞു: ആരും ശ്രദ്ധിക്കാതിരിക്കുകയും പറയാതിരിക്കുകയും ചെയ്ത ഒരു കാര്യമാണിത്. ഹസ്റത്ത് നാനൂത്തവി (റ) യുടെ രക്തം സിരകളില്‍ ഒഴുകുന്നതിന്‍റെ ഫലം മാത്രമാണിത്.! 
വളരെ സല്‍സ്വഭാവിയും വിനയാന്വിതനുമായിരുന്നു. അവസാന നാളുകളിലും എല്ലാവരോടും സ്നേഹം പ്രകടിപ്പിച്ചിരുന്നു. ഹുജ്ജത്തുല്‍ ഇസ്ലാം ഹസ്റത്ത് നാനൂത്തവി (റ) യുടെ ജീവചരിത്രം എഴുതുന്നു എന്നറിഞ്ഞപ്പോള്‍ വളരെ ദുആ ചെയ്യുകയും അവതാരിക എഴുതിത്തരുകയും ചെയ്തു. അത്യധികം സുന്ദരനും സുമുഖനുമായ മൗലാനാ മുഹമ്മദ് സാലിം ഖാസിമി (റ) സുദീര്‍ഘമായ ജീവിത-സേവനങ്ങള്‍ക്കൊടുവില്‍ ഈ ലോകത്തോട് വിടപറഞ്ഞു. പിതാവിന്‍റെയും പിതാമഹന്‍റെയും നടുവിലായി അന്ത്യവിശ്രമം ആരംഭിച്ച മൗലാനായുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹ വര്‍ഷം ഉണ്ടാകട്ടെ.! മൗലാനായുടെ കുടുംബത്തിന് വിശിഷ്യാ, പിന്‍ഗാമികള്‍ക്ക് കൂടുതല്‍ തൗഫീഖുകളും സഹായങ്ങളും നല്‍കട്ടെ.! പ്രത്യേകിച്ചും ദാറുല്‍ ഉലൂം വഖ്ഫിനെ കാത്തുരക്ഷിക്കുകയും വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യട്ടെ.! ആമീന്‍. 
മഗ്ഫിറത്ത്-മര്‍ഹമത്തിനായി ദുആ ഇരന്നുകൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍*  

🔚🔚🔚🔚🔚🔚🔚🔚
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?* 


ഇന്നാലില്ലാഹ്... 

ദേവ്ബന്ദ്, ദാറുല്‍ ഉലൂ (വഖ്ഫ്) മിലെ വൈസ് ചാന്‍സിലറും, 
അല്ലാമാ മുഹമ്മദ് ഖാസിം നാനൂതവി (റഹ്) യുടെ പേരമകനുമായ 
(ഹകീമുല്‍ ഇസ് ലാം ഖാരി ത്വയ്യിബ് സാഹിബിന്‍റെ പുത്രന്‍) 
ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സാലിം ഖാസിമി 
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 

http://swahabainfo.blogspot.com/2018/04/blog-post_14.html?spref=tw

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...