Friday, May 25, 2018

ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മൂസാ മൗലാനാ (റഹ്) -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മൂസാ മൗലാനാ (റഹ്) 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
http://swahabainfo.blogspot.com/2018/05/blog-post71.html?spref=tw

അല്ലാഹു തആല മനുഷ്യരുടെ മാര്‍ഗ്ഗ ദര്‍ശനത്തിനായി കനിഞ്ഞരുളിയ മഹത്തായ അനുഗ്രഹമാണ് നുബുവ്വത്ത് അഥവാ പ്രവാചകത്വ പരമ്പര. മാനവരാശിയുടെ തുടക്കത്തില്‍ തന്നെ പ്രവാചകത്വ നിയോഗവും ആരംഭിച്ചു. ഈ മഹനീയ പരമ്പരയിലെ അവസാന കണ്ണിയാണ് മുഹമ്മദുര്‍ റസൂലുല്ലാഹ്  തിരുദൂതര്‍ക്ക് ശേഷം ലോകാവസാനം വരെ പുതിയൊരു നബിയും വരികയില്ല. മുഴുവന്‍ മനുഷ്യരുടെയും യഥാര്‍ത്ഥ വിജയം തിരുനബി  കൊണ്ടുവന്ന സന്ദേശങ്ങളില്‍ മാത്രമാണ്. എന്നാല്‍ ഇതെങ്ങിനെ സാധിക്കും.? ഒരു ഭാഗത്ത് റസൂലുല്ലാഹ് ﷺ അല്ലാഹുവിങ്കലേക്ക് യാത്രയായി. മറുഭാഗത്ത് മാനവരാശി പ്രതിദിനം വ്യാപിക്കുകയും ആവശ്യങ്ങള്‍ അധികരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. തത്വദീക്ഷയുള്ള അല്ലാഹു ഇതിന്‍റെ പരിഹാരാര്‍ത്ഥം രണ്ട് സജ്ജീകരണങ്ങള്‍ ചെയ്തു. ഒന്ന്, സര്‍വ്വ കാലങ്ങളിലും സര്‍വ്വ സ്ഥലങ്ങളിലും തികച്ചും അനുയോജ്യമായ സന്ദേശങ്ങളുടെ രണ്ട് വിശുദ്ധ സ്രോതസ്സുകള്‍ കനിഞ്ഞരുളി; പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും. രണ്ട്, ഇവ രണ്ടിന്‍റെയും യഥാര്‍ത്ഥ വക്താക്കളായ റബ്ബാനിയ്യായ ഉലമാഇനെ കാലാകാലം തയ്യാറാക്കി. ഇവര്‍ ഖുര്‍ആനും സുന്നത്തും പരിപൂര്‍ണ്ണ മര്യാദകള്‍ മുറുകെ പിടിച്ച് പഠിക്കും. പഠിച്ച കാര്യങ്ങള്‍ അമലില്‍ പകര്‍ത്തും. അത് ഉദ്ദേശ ശുദ്ധിയോടെ മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കും. തല്‍ഫലമായി അല്ലാഹുവിന്‍റെ റഹ്മത്തില്‍ നിന്നും പ്രത്യേക തരം അറിവുകളും മഹല്‍ ഗുണങ്ങളും അവര്‍ക്ക് നല്‍കപ്പെടും. അവരിലൂടെ ധാരാളം ദീനീ പരിവര്‍ത്തനങ്ങള്‍ സംജാതമാകും. അവര്‍ക്ക് ശേഷം അവരുടെ സുന്ദര സ്മരണകളും പരിശ്രമ ഫലങ്ങളും ലോകത്ത് നിലനില്‍ക്കും.
നുബുവ്വത്തിന്‍റെ മടിത്തട്ടിലും രിസാലത്തിന്‍റെ തുണിത്തുമ്പിലുമായി വളര്‍ന്നുയര്‍ന്ന സ്വഹാബാക്കള്‍ മുഴുവനും ഇതില്‍പ്പെടും. തുടര്‍ന്നുള്ള യുഗങ്ങളിലും ധാരാളം നവോദ്ധാന നായകര്‍ ഉണ്ടായി. ഏതാണ്ട് എല്ലാ കാലഘട്ടങ്ങളിലും സര്‍വ്വ സ്ഥലങ്ങളിലും ഇത്തരം മഹത്തുക്കള്‍ ഉണ്ടായിട്ടുണ്ട്. അനുഗ്രഹീതമായ ഈ ഇസ്വ്ലാഹീ പരമ്പരയില്‍ ഹിജ്രി 13, 14 നൂറ്റാണ്ടുകളില്‍ കേരളം ദര്‍ശിച്ച ഒരു യുഗ പുരുഷനാണ് കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ (റഹ്). കേരളത്തിലെ മലയോര ഗ്രാമമായ കാഞ്ഞാറില്‍ നിന്നും ഉദയം ചെയ്ത ഈ സൂര്യന്‍ കേരളത്തിനകത്തും പുറത്തും പ്രകാശം ചൊരിഞ്ഞ് ആലുവ എടത്തലയിലെ അല്‍ ജാമിഅത്തുല്‍ കൗസരിയ്യയുടെ തണലില്‍ അസ്തമിച്ചപ്പോള്‍ കൈരളിയുടെ ഇസ്ലാമിക ചരിത്രത്തിലെ ഒരു സുവര്‍ണ്ണ യുഗം പൂര്‍ണ്ണമാവുകയായിരുന്നു. ലോകം മുഴുവന്‍ പ്രചരിച്ച
തബ് ലീഗ് പ്രവര്‍ത്തനമായിരുന്നു മൗലാനായുടെ പ്രധാന കര്‍മ്മ മണ്ഡലം. ലാളിത്യം മുഖ മുദ്രയാക്കിയ ഒരു പ്രവര്‍ത്തനമാണിതെങ്കിലും ഇതിന്‍റെ ചിന്താപരമായ അടിത്തറയ്ക്ക് വലിയ ആഴമുണ്ട്.
ദഅ് വത്തുമായി ബന്ധപ്പെട്ടവര്‍ നിരവധി മഹല്‍ ഗുണങ്ങളുടെ കേന്ദ്രമായിരിക്കും. അഥവാ ആയിരിക്കണം. അതുകൊണ്ട് ദഅ് വത്ത് -
ഇസ്വ് ലാഹ് എന്ന വിശുദ്ധവും വിശാലവുമായ വിഷയത്തില്‍ മൗലാനായില്‍ കാണപ്പെട്ടിരുന്ന ഏതാനും മഹത് ഗുണങ്ങള്‍ ഇവിടെ വിവരിക്കാം. അല്ലാഹു ഇത് വെറുമൊരു വാഴ്ത്തലും പുകഴ്ത്തലുമാക്കാതെ ബലഹീനരും പാപികളുമായ നമുക്ക് മനക്കരുത്തും മാര്‍ഗ്ഗദര്‍ശനവും പകരുന്നതാക്കുമാറാകട്ടെ.!
1. ഇല്‍മ് 
റബ്ബാനീ ഉലമാഇന്‍റെ പ്രഥമ നിബന്ധനയായ അറിവാണ് മൗലാനായുടെ ഒന്നാമത്തെ ഗുണം. മഹാന്മാരായ ഗുരുനാഥന്മാരില്‍ നിന്നും പരിപൂര്‍ണ്ണമായ മര്യാദയും ത്യാഗവും മുറുകെ പിടിച്ച് കൊണ്ട് മൗലാനാ ഇല്‍മ് കരസ്ഥമാക്കി. അതിന്‍റെ സ്മരണകള്‍ മധുരത്തോടെ മൗലാനാ അനുസ്മരിക്കുമായിരുന്നു. ഇല്‍മ് തേടുന്ന വഴിയില്‍ ബന്ധപ്പെട്ട നാടുകള്‍, നാട്ടുകാര്‍, മസ്ജിദുകള്‍, മദ്റസകള്‍, സഹപാഠികള്‍ ഇവരെക്കുറിച്ചുള്ള ചിത്രീകരണം മനോഹരമായിരുന്നു. എല്ലാ ഉസ്താദുമാരോടും വിശിഷ്യാ, മൗലാനാ മുസ്ത്വഫാ ആലിം സാഹിബ് (റ) മൗലാനാ അമാനി ഹസ്റത്ത് എന്നിവരോട് അവസാനം വരെ വലിയ ആദരവായിരുന്നു. തന്‍റെ മുഴുവന്‍ മഹത്വങ്ങളുടെയും അടിസ്ഥാനമായി അവരെ കണ്ടിരുന്നു. ആലുവ ജാമിഅ ഹസനിയ്യയില്‍ നടന്ന ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടകന്‍ മൗലാനയായിരുന്നു. ഇന്ത്യയിലെ ഇസ്ലാമിക നവജാഗരണത്തില്‍ പ്രധാന പങ്ക് വഹിച്ച ദേവ്ബന്ദ് ഉലമാഇനെ അവഗണിക്കപ്പെടുകയും ചില വേളകളില്‍ നിന്ദിക്കപ്പെടുകയും ചെയ്ത കേരളത്തില്‍ അവരെ അര്‍ഹമായ നിലയില്‍ പരിചയപ്പെടുത്തിയ വ്യക്തിത്വമാണ് മൂസാ മൗലാനാ എന്ന് സ്വാഗതം പറഞ്ഞ ആള്‍ പറഞ്ഞു. ഇതിനെ തിരുത്തിക്കൊണ്ട് മൗലാനാ ഉദ്ഘാടന പ്രസംഗത്തിന്‍റെ തുടക്കത്തില്‍ തന്നെ പ്രസ്താവിച്ചു: ഇതിന്‍റെ മഹത്വം നമുക്കാര്‍ക്കുമല്ല, ബഹുമാന്യ ഉസ്താദ് മൗലാനാ മുസ്ത്വഫാ ആലിം (റഹ്) സ്വാഹിബിനാണ്.
പഠന കാലത്ത് ആഴത്തില്‍ പഠിച്ചത് കൂടാതെ രോഗ ഘട്ടം വരെ കിതാബ് പാരായണം തുടര്‍ന്നിരുന്നു. പ്രധാനപ്പെട്ട ദീനീ കിതാബുകളും ആനുകാലികങ്ങളും മൗലാനായുടെ വീട്ടിലും യാത്രയിലും ഉറ്റ സുഹൃത്തായിരുന്നു. ദഅ്വത്ത് യാത്രകളിലും മറ്റും ഗ്രന്ഥങ്ങള്‍ കൈവശം കരുതിയിരുന്നു. തിരക്കുകള്‍ക്കിടയില്‍ ലഭിക്കുന്ന ഒഴിവുകളില്‍ അതില്‍ ലയിച്ചിരുന്നു. 1988-ല്‍ മര്‍ഹൂം മൗലാനാ  ഉബൈദുല്ലാഹ് (റഹ്) കേരളത്തിലെത്തി. കരുനാഗപ്പള്ളി കന്നേറ്റിയിലെ സമ്മേളനം കഴിഞ്ഞ് കേരളത്തിന്‍റെ വടക്കേ അറ്റംവരെ വളരെ തിരക്ക് പിടിച്ച ഒരു യാത്ര നടത്തി. അതിലെ ഏറ്റവും തിരക്കുള്ള വ്യക്തിയും മൗലാനയായിരുന്നു. തലശ്ശേരിയില്‍ നിന്നും ഉബൈദുല്ലാഹ് മൗലാനയെ യാത്രയാക്കിയ മൂസാ മൗലാനാ മാരുതി വാനില്‍ ആലുവയ്ക്ക് തിരിച്ചു. പതിവനുസരിച്ച് മുന്‍ സീറ്റില്‍      മൗലാനായായിരുന്നു. കേരളത്തിലെ പഴയ കുണ്ടുകള്‍ നിറഞ്ഞ റോഡിലൂടെ കാര്‍ പാഞ്ഞു. എന്നാല്‍ മൗലാനാ യാത്രയിലെല്ലാം വായനയിലായിരുന്നു. യാത്രയ്ക്കിടയില്‍ ലൈബ്രറികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ വിദേശ ജമാഅത്തില്‍ നിന്നും മടങ്ങി എത്തിയപ്പോള്‍ നടത്തിയ നസ്വീഹത്തില്‍ പറഞ്ഞു: ആ നാടുകളില്‍ നല്ലൊരു കാഴ്ച കാണപ്പെടുകയുണ്ടായി. എല്ലാ മസ്ജിദുകളിലും ചെറിയ ഒരു കുതുബ്ഖാനയുണ്ട്. അത്യാവശ്യ കിതാബുകള്‍ അതില്‍ കാണും. ഹയാതുസ്സ്വഹാബയും അതിലുണ്ടായിരുന്നു.
നിരന്തര വായന കൂടാതെ മൗലാനായുടെ ഓര്‍മ്മ ശക്തിയും അപാരമായിരുന്നു. പ്രഭാഷണങ്ങള്‍ക്കിടയില്‍ ആയത്ത്-ഹദീസുകളുടെ കാര്യം പറയേണ്ടതില്ല. ഇതര കിതാബുകളില്‍ നിന്നും ഉദ്ധരണികള്‍ അതേപടി ഉദ്ധരിച്ചിരുന്നു. ബാലപാഠ ഗ്രന്ഥങ്ങളായ മുതഫര്‍രിദ്, റസാനത്ത് മുതല്‍ ശറഹുകള്‍ വരെ ഇടയ്ക്ക് പരാമര്‍ശിക്കുമായിരുന്നു. മൗലാനായുടെ പ്രഭാഷണങ്ങളിലൂടെ മാത്രം നിരവധി ആവശ്യ ഗ്രന്ഥങ്ങള്‍ പരിചയപ്പെടാനും പാരായണം ചെയ്യാനും പ്രചോദനം ലഭിച്ചിട്ടുണ്ട്.
ഒരിക്കല്‍ കായംകുളം ഹസനിയ്യയില്‍ വെച്ച് നടത്തിയ ബയാനില്‍ ഇന്ത്യാ വിഭജന രംഗങ്ങള്‍ വികാരോജ്ജ്വലമായി അവതരിപ്പിച്ചു. ശൈഘുല്‍ ഹദീസിന്‍റെ ആത്മ കഥയില്‍ ഇതിന്‍റെ വിവരണമുണ്ടെന്ന് ഇടയ്ക്ക് സൂചിപ്പിച്ചു. നോക്കിയപ്പോള്‍ അതിന്‍റെ മലയാളീകരണമാണ് മൗലാനാ നടത്തിയിരിക്കുന്നത്. ഇല്‍മീ പ്രഭാഷണങ്ങള്‍ വളരെ ശ്രദ്ധിച്ചിരുന്നു. സമകാലികരുമായി ഇല്‍മീ ചര്‍ച്ചകള്‍ നടത്തുന്നത് വളരെ ഇഷ്ടമായിരുന്നു.
2. അമല്‍ 
പഠിച്ച കാര്യങ്ങള്‍ കഴിവിന്‍റെ പരമാവധി പ്രാവര്‍ത്തികമാക്കിയെന്നതാണ് രണ്ടാമത്തെ ഗുണം. ഇത് വളരെ വിശാലമായ വിഷയമാണെങ്കിലും ചുരുങ്ങിയ നിലയില്‍ പറയട്ടെ.! അല്ലാഹുവിനോടും അടിമകളോടുമുള്ള കടമകള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അല്ലാഹുവിലുള്ള വിശ്വാസത്തില്‍ അടിയുറപ്പുണ്ടായിരുന്നു. അവന്‍ തന്നെ കണ്ടുകൊണ്ടിരിക്കുന്നു എന്നുള്ള ബോധം ശക്തമായിരുന്നു. എല്ലാ വിഷയങ്ങളും അല്ലാഹുവിലേക്ക് ഭരമേല്‍പ്പിക്കാന്‍ പരിശ്രമിച്ചിരുന്നു. തിരുനബി  യുടെ രിസാലത്തിലും തിരുസുന്നത്തുകളുടെ മഹത്വത്തിലും പൂര്‍ണ്ണ ഉറപ്പായിരുന്നു. നിഷേധത്തോട് കടുത്ത വെറുപ്പുമായിരുന്നു. നമസ്കാരത്തില്‍ അതീവ ശ്രദ്ധയായിരുന്നു. യാത്രാ വേളകളില്‍ പോലും ജമാഅത്ത് മുടക്കിയിരുന്നില്ല. എടത്തലയില്‍ പോകുമ്പോള്‍ മൗലാനായെ കാണാനുള്ള എളുപ്പവഴി നമസ്കാര സമയത്ത് മസ്ജിദില്‍ എത്തലാണ്. രോഗം കഠിനമാകുന്നത് വരെ ജമാഅത്ത് നമസ്കാരം ശ്രദ്ധിച്ചു. വിയോഗത്തിന് ഏതാനും മാസം മുമ്പ് ഒരു രാത്രിയില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച, പാവം ഒരു കൈലിയും ബനിയനും ധരിച്ച് തോര്‍ത്ത് തലയില്‍ പൊതിഞ്ഞ് ഇശായ്ക്ക് ശേഷമുള്ള സുന്നത്തുകള്‍ നമസ്കരിച്ച്, കരഞ്ഞ് ദുആ ഇരക്കുന്നു. അല്ലാഹുവേ, പടച്ചവനേ... ഞങ്ങള്‍ നിന്‍റെ നാട്ടില്‍ വന്നിട്ടും വലിയ അശ്രദ്ധയിലാണ്. ഞങ്ങള്‍ക്ക് പൊറുത്ത് തരേണമേ.!
റമദാനുല്‍ മുബാറക് മൗലാനായ്ക്ക് വസന്തമായിരുന്നു. ഇബാദത്ത്, ദഅ്വത്ത്, തറാവീഹ്, ഇഅ്തികാഫ് എന്നിവകളില്‍ ആവേശം ഇളകി മറിഞ്ഞിരുന്നു. ഹറമൈന്‍ ശരീഫൈന്‍ മൗലാനായുടെ വികാരമായിരുന്നു. ഹജ്ജ്, ഉംറ, സിയാറത്ത്, ഇബാദത്ത്, ദിക്ര്‍, ദുആകള്‍ കൊണ്ട് മൗലാനാ പുണ്യ ഭൂമിയെ കോരിത്തരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവര്‍ എഴുതിയിരിക്കാം എന്നതിനാല്‍ ഈ വിഷയം നീട്ടുന്നില്ല. മറു ഭാഗത്ത് സൃഷ്ടികളോടുള്ള കടമകളും മറന്നില്ല. അവര്‍ക്ക് കഴിയുന്നത്ര സേവനം ചെയ്തിരുന്നു. ദാന-ധര്‍മ്മങ്ങളില്‍ വലിയ താല്പര്യമായിരുന്നു. മറ്റുള്ളവരെയും അതിന് പ്രേരിപ്പിച്ചിരുന്നു. ഇത് കൂടുതലും രഹസ്യമായിരുന്നു. പക്ഷെ, അനുഭവസ്ഥരുടെ സാക്ഷ്യങ്ങള്‍ അതിനെ പരസ്യമാക്കി.
കടമകള്‍ പാലിക്കുന്ന വിഷയത്തില്‍ മൗലാനായുടെ മഹത്വത്തിന്‍റെ മറ്റൊരു അടയാളമാണ് തൗബയും, മാപ്പിരക്കലും. തന്‍റെ ഇബാദത്ത്-ദഅ്വത്തുകളെ മൗലാനാ ഒന്നുമായും കണ്ടിരുന്നില്ല. സദാ സമയവും ഇസ്തിഗ്ഫാര്‍-തൗബകള്‍ ചെയ്തിരുന്നു. മറ്റുള്ളവരോടുള്ള കടമകളില്‍ വന്ന വീഴ്ചകള്‍ക്ക് പരസ്യമായി മാപ്പപേക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ മൗലാനായുടെ ആവര്‍ത്തിച്ചുള്ള ഹജ്ജ് യാത്രകളോരോന്നും യാത്രയയ്ക്കാന്‍ ചെന്നവരെ കരയിപ്പിച്ചിരുന്നു. അല്ലാഹു മൗലാനായുടെ അമലുകള്‍ സ്വീകരിക്കുകയും തെറ്റുകള്‍ മാപ്പാക്കുകയും ചെയ്യുമാറാകട്ടെ.!
3. ഇല്‍മീ പ്രവര്‍ത്തനങ്ങള്‍ 
അമൂല്യമായ ഇല്‍മിന്‍റെ സംരക്ഷണത്തിനും പ്രചരണത്തിനും വേണ്ടി മൗലാനാ നടത്തിയ പരിശ്രമങ്ങളാണ് മൂന്നാമത്തെ ഗുണം. ദഅ്വത്തിന്‍റെ പേരിലുള്ള തിരക്കുകള്‍ കാരണം, തദ്രീസ് മേഖലയിലേക്ക് മൗലാനാ തിരിഞ്ഞില്ലെങ്കിലും കേരളത്തിന്‍റെ ഇല്‍മീ ചലനങ്ങളില്‍ മൗലാനായുടെ പങ്ക് നിസ്സീമമായിരുന്നു. മൗലാനായുടെ പരിശ്രമ ഫലമായി പള്ളിക്കര മുതല്‍ ബാലരാമപുരം വരെ നിരവധി മദ്റസകള്‍ നിലവില്‍ വന്നു. ബലഹീനമായി നടന്നിരുന്ന അനവധി ദര്‍സ്-മദ്റസകള്‍ക്ക് നവജീവന്‍ ലഭിച്ചു. മക്തബ (ബാലപാഠശാല) കളെ വളരെയധികം പ്രോല്‍സാഹിപ്പിച്ചിരുന്നു. വര്‍ഷാരംഭത്തിലും അവസാനത്തിലും എന്ത് ത്യാഗം സഹിച്ചും ബന്ധപ്പെട്ട മദ്റസകളില്‍ മൗലാനാ എത്തിയിരുന്നു. യാത്രകളില്‍ താമസിക്കാന്‍ ഇഷ്ടം മദ്റസകള്‍ ആയിരുന്നു.
ജീവിതാവസാനം വരെ വിലാസമായി തെരഞ്ഞെടുത്തത് കൗസരിയ്യ, എടത്തല എന്നതായിരുന്നു. മുതഅല്ലിംകള്‍ ഓരോരുത്തരെയും ശ്രദ്ധിച്ചിരുന്നു. മുടി, ബനിയന്‍, തലപ്പാവ്, ബാങ്ക്-ഇഖാമത്തുകളിലെ നൂതന മോഡലുകള്‍ തുടങ്ങിയവകളില്‍ പോലും ഗൗരവം പുലര്‍ത്തിയിരുന്നു. മദ്റസകളിലെ പ്രഭാഷണങ്ങളില്‍ മൗലാനായുടെ മനസ്സ് പുഷ്പം പോലെ വിടര്‍ന്നിരുന്നു. സുഫ്ഫത്തുല്‍ മുബാറക് മുതല്‍ ദാറുല്‍ ഉലൂം ദേവ്ബന്ദ്, ബാഖിയാത്തുസ്വാലിഹാത്ത്, ഈരാറ്റുപേട്ട ദാറുസ്സലാം വരെ അത് നമ്മുടെ മനസ്സിനെ എത്തിച്ചിരുന്നു. ഉലമാഅ്-മുതഅല്ലിംകളിലാകമാനം ചിന്തയുടെയും വികാര-വിചാരങ്ങളുടെയും വേലിയേറ്റം സൃഷ്ടിച്ചിരുന്നു. മദ്റസ പരിപാടികളില്‍ പങ്കെടുക്കുന്ന മൗലാനാ, മുഅല്ലിമും മുര്‍ഷിദുമായി കാണപ്പെട്ടിരുന്നു. കൗസരിയ്യയുടെ രണ്ടാം സനദ് ദാന സമ്മേളനത്തോട് അനുബന്ധിച്ച് ഇറക്കിയ സുവനീറില്‍ മൗലാനാ എഴുതിയിട്ടുള്ള ആശംസകളും ചിന്താര്‍ഹമാണ്. ഈ സ്ഥാപനങ്ങളുടെ പുരോഗതിക്കായി പരിശ്രമിക്കല്‍ മൗലാനായെ സ്നേഹിക്കുന്ന മുഴുവന്‍ സഹോദരന്മാരുടെയും ബാധ്യതയാണ്.
ഇപ്രകാരം തിരക്കുകള്‍ കാരണം രചനാപരമായ ശേഖരങ്ങളും കുറവാണ്. പക്ഷെ, ഉള്ളവ അമൂല്യങ്ങളുമാണ്. ഇര്‍ഷാദുല്‍ ഹജ്ജിന് പകരം അത് മാത്രമേയുള്ളൂ. സ്വലാത്തിന്‍റെ മഹത്വങ്ങള്‍ മൗലാനായുടെ പ്രധാന വിവര്‍ത്തന രചനയാണ്. അതിനെ അവഗണിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. അതിനെ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചെങ്കില്‍ എത്ര നന്നായിരുന്നു. (ആരും മുന്നോട്ട് വരുന്നില്ലെങ്കില്‍ സൗകര്യപ്പെട്ടാല്‍ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ എന്ന രചനയുടെ പി. ടി. എഫ്, സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ പുറത്തിറക്കുന്നതാണ്. ഇന്‍ശാഅല്ലാഹ്)
വളരെ കുറച്ച് മാത്രം എഴുതിയ മൗലാനാ പക്ഷെ, ഗ്രന്ഥ രചനയെ കാര്യമായി പ്രോത്സാഹിപ്പിച്ചിരുന്നു. വിവിധ വിഷയങ്ങളും, ഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടി അത് തയ്യാറാക്കാനും വിവര്‍ത്തനം ചെയ്യാനും നിര്‍ദ്ദേശിച്ചിരുന്നു. ഫളാഇലിന്‍റെ കിതാബിന്‍റെ പരിഭാഷകന്‍ മൗലാനാ അബ്ദുല്‍ ഖാദിര്‍ മര്‍ഹൂമിന്‍റെ വഴികാട്ടി  മൗലാനായായിരുന്നു. മര്‍ഹൂം അബ്ദുല്‍ ഖാദിര്‍ മൗലാനാ ഇക്കാര്യം അനുസ്മരിച്ചിട്ടുമുണ്ട്. മആരിഫുല്‍ ഖുര്‍ആനിന്‍റെയും മആരിഫുല്‍ ഹദീസിന്‍റെയും ഹയാത്തുസ്സ്വഹാബയുടെയും വിവര്‍ത്തകരുടെ പ്രധാന പ്രേരകന്‍ മൗലാനാ അവര്‍കളാണ്. കേരളം മുഴുവന്‍ കുറഞ്ഞ പക്ഷം, തന്‍റെ സഹപ്രവര്‍ത്തകരും സ്നേഹിതരും ഇവ പാരായണം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഇവകള്‍ക്ക് മൗലാനാ എഴുതിയ ലളിതവും ഉജ്ജ്വലവുമായ അവതാരികകള്‍ ഇതിന് തെളിവാണ്. ഈ അവതാരികകളില്‍ കൂടി എഴുത്തും വായനയും ദീനീ ദഅ്വത്തിന്‍റെ ഒരു അഭിവാജ്യ ഘടകമാണെന്ന് മൗലാനാ വ്യക്തമാക്കി. മഹാനവര്‍കളുടെ ഇല്‍മീ സേവനങ്ങളെ വിലമതിക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.!
4. ദഅ് വത്ത്-തബ് ലീഗ് 
ദീനീ സേവനങ്ങളുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഉന്നത സ്ഥാനമര്‍ഹിക്കുന്ന ദഅ് വത്തിനെയാണ് മൗലാനാ തന്‍റെ ആജീവനാന്ത കര്‍മ്മ മണ്ഡലമായി തെരഞ്ഞെടുത്തത്.
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍, ദാഈ എന്ന ഉല്‍കൃഷ്ട നാമത്തിന്‍റെ ബാധ്യത മൗലാനാ പരിപൂര്‍ണ്ണമായി നിര്‍വ്വഹിച്ചു. മൗലാനാ കാരണമായി പതിനായിരങ്ങള്‍ സന്മാര്‍ഗ്ഗം പ്രാപിച്ചു. അവരുടെ സമ്പത്തും സമയവും ജീവനും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുന്നവരായി. ആയിരക്കണക്കിന് ആളുകള്‍ ദാഇകളായി മാറി എന്നതാണ് മൗലാനായുടെ വിജയത്തിന്‍റെ പ്രകടമായ അടയാളം. ഇന്‍ശാഅല്ലാഹ്, ലോകാവസാനം വരെ ഈ പരമ്പര തുടര്‍ന്ന് കൊണ്ടിരിക്കും. അവരില്‍ പണ്ഡിതരും അറിവ് കുറഞ്ഞവരും പണക്കാരും പാവപ്പെട്ടവരും എല്ലാ വിഭാഗങ്ങളുമുണ്ട്. ദീനിന്‍റെ മാര്‍ഗ്ഗത്തിലായി മൗലാനായുടെ പാദസ്പര്‍ശനമേല്‍ക്കാത്ത പ്രധാനപ്പെട്ട ഒരു മഹല്ലും കേരളത്തില്‍ കാണുകയില്ല. പതുങ്ങിയ, ആവേശമുള്ള ആ ശബ്ദം ഉയരാത്ത പ്രധാന മിമ്പറുകളും ഉണ്ടാവുകയില്ല. കേരളം മാത്രമല്ല, തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും എല്ലാ അയല്‍ രാജ്യങ്ങളിലും അറബ് നാടുകളിലും പാശ്ചാത്യ രാജ്യങ്ങളിലും കൈലിയും ജുബ്ബയും തലപ്പാവും ധരിച്ച കറുത്ത് കുറുകിയ, പക്ഷെ അകം വെളുത്ത് പ്രകാശിച്ച ആ മനുഷ്യന്‍ കറങ്ങി നടന്നു. ഫഫിര്‍റൂ ഇലല്ലാഹ് (എല്ലാ വിധ പ്രശ്നങ്ങള്‍ക്ക് പരിഹാരവും മുഴുവന്‍ വിജയത്തിന്‍റെ അടിസ്ഥാനവും ഒരേയൊരു കാര്യം മാത്രം, അല്ലാഹുവിലേക്ക് മടങ്ങുക) എന്ന് ഉദ്ബോധിപ്പിച്ചു. ഈ അപരിചിത ശബ്ദം കേട്ട പലരും ആദ്യം പിറുപിറുത്തു. മറ്റുചിലര്‍ പരിഹസിച്ചു. വേറെ ചിലര്‍ വിമര്‍ശിച്ചു. ആരോഗ്യ ദൃഢഗാത്രനും ഉരുളയ്ക്കുപ്പേരി മറുപടി പറയാന്‍ മിടുക്കനും വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയാന്‍ സമര്‍ത്ഥനുമായ ഈ യുവ പണ്ഡിതന്‍ പക്ഷെ, ശാന്തമായി മുന്നോട്ട് നീങ്ങി.
വീട്ടിലെ ദാരിദ്രവും പെണ്‍മക്കളുടെ ദൈന്യതയും പലപ്പോഴും തുണിത്തുമ്പ് പിടിച്ച് പുറകോട്ട് വലിച്ചിട്ടും ഈ മൗലവി സമാധാന പൂര്‍ണ്ണമായ മനസ്സോടെയും സന്തോഷ വദനത്തോടെയും അവയെല്ലാം തൃണവല്‍ഗണിച്ചു. അവസ്ഥകള്‍ പതുക്കെപ്പതുക്കെ മാറി. സാധുക്കളായ ചില സുഹൃത്തുക്കള്‍ ചുറ്റും കൂടി. അവരില്‍ ബഹു ഭൂരിഭാഗവും ഇപ്പോള്‍ ഖബ്റുകളിലാണ്. ദീനീ സ്നേഹത്തിന്‍റെ മധു നുകരുകയും, പകരുകയും ചെയ്ത ആ മഹത്തുക്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.! ആ മഹാന്മാരുടെ ത്യാഗത്തെയും അദ്ധ്വാനത്തെയും ഓര്‍ത്തുകൊണ്ടെങ്കിലും ഈ അനുഗ്രഹീതമായ പ്രവര്‍ത്തനത്തെ വളര്‍ത്താന്‍ പരിശ്രമിക്കുമെന്നും കുറഞ്ഞപക്ഷം ഇതില്‍ ബുദ്ധിമുട്ടൊന്നും ഉണ്ടാക്കുകയില്ലെന്നും നാമെല്ലാവരും തീരുമാനിക്കുക.
പിന്നെ കേരളം എന്താണ് കണ്ടത്.? കാഞ്ഞാറിലെ അരുവി തൊടുപുഴയില്‍ നിന്നും തെക്കോട്ട് ഒഴുകി, തിരുവിതാംകൂറിലെത്തി. അവിടെ നിന്നും വടക്കോട്ട് കാസര്‍കോട്ടേക്ക് ചാലിട്ടു. ഹിജ്രി 13, 14 നൂറ്റാണ്ടുകളില്‍ കേരളം ദര്‍ശിച്ച ഏറ്റവും വലിയ ഇസ്ലാമിക നവജാഗരണത്തിന്‍റെ കേളികൊട്ടുയര്‍ന്നു. ദീനിനെ പുഛിച്ചിരുന്നവര്‍, ജുമുഅ പോലും ഉപേക്ഷിച്ചിരുന്നവര്‍, മദ്യപാനികള്‍, സകാത്ത്-നോമ്പ്-ഹജ്ജുകള്‍ അവഗണിച്ചിരുന്നവര്‍ ചെറിയ ചെറിയ സുന്നത്തുകളെ പോലും ആദരിച്ചു. തഹജ്ജുദ്   നിത്യമാക്കി. ദിക്ര്‍-ദുആകളില്‍ മുഴുകി. ദാന-ധര്‍മ്മങ്ങളില്‍ ലയിച്ചു. റമദാന്‍ സജീവമാക്കി. ഹറമൈനിയിലേക്ക് ഒഴുകി.
ഇത് വളരെ ദീര്‍ഘമായ വിഷയമാണ്. എങ്കിലും ഈ കാഴ്ച കുറഞ്ഞവന്‍റെ കണ്ണിനെ ഹഠാദാകര്‍ഷിച്ച മൗലാനായുടെ അനുകരണീയമായ ചില ദഅ്വത്ത് പ്രത്യേകതകള്‍ ഇവിടെ വിവരിക്കട്ടെ.!
A. ത്യാഗമാണ് അതിലൊന്നാമത്തെത്. ദഅ് വത്തിന്‍റെ വഴിയില്‍ എന്ത് ത്യാഗത്തിനും മൗലാനാ തയ്യാറായിരുന്നു. യാത്രാ ദൈര്‍ഘ്യം, വാഹനത്തിന്‍റെ അപര്യാപ്തത, പലവിധ രോഗങ്ങള്‍, കുടുംബത്തിന്‍റെ ആവശ്യങ്ങള്‍, കാലാവസ്ഥാ വ്യത്യാസങ്ങള്‍ ഇതൊന്നും മൗലാനാക്ക് തടസ്സമായിരുന്നില്ല. ഒരിടത്ത് നിന്നും ഒരാവശ്യം വന്നാലുടന്‍ മൗലാനാ അവിടേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായി. ഒരു യാത്രയില്‍ ഒരു ദിവസത്തില്‍ ഒരു സ്ഥലത്ത് തന്നെ പല പരിപാടികളില്‍ മൗലാനാ പങ്കെടുത്തിരുന്നു. എന്നല്ല, നേതൃത്വം വഹിച്ചിരുന്നു. നീണ്ട നസ്വീഹത്ത്, ദീര്‍ഘമായ കൂടിയാലോചന, ഏത് സമയത്തും മൗലാനാ ഈ രണ്ട് വിഷയങ്ങളിലായിരിക്കും. സമ്മേളനങ്ങള്‍ക്ക് മുമ്പുള്ള ദിവസങ്ങളിലല്ല, മാസങ്ങളില്‍ ഇത് വളരെ കൂടുതലാകും. സമ്മേളനങ്ങളുടെ കാര്യം പറയുകയേ വേണ്ട. സുബ്ഹ് നമസ്കാരത്തിന് ശേഷം നീണ്ട ബയാന്‍, അതുകഴിഞ്ഞ് ഗൗരവമായ മുഷാവറ, പതിനൊന്ന് മണിക്കുള്ള ബയാനും മിക്കവാറും മൗലാനാ തന്നെയായിരിക്കും. ളുഹ്ര്‍ കഴിഞ്ഞുള്ള നിക്കാഹുകളിലും മൗലാനാ നിറഞ്ഞ് നില്‍ക്കും. സമാപന ദിവസമാണെങ്കില്‍ അസ്ര്‍ കഴിഞ്ഞും മഗ്രിബ് കഴിഞ്ഞും മൗലാനാ തന്നെ. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ക്ക്, സ്ത്രീകള്‍ക്ക് തുടങ്ങി മറ്റ് മജ്ലിസുകള്‍ നടക്കും. രാത്രി സമയങ്ങളില്‍ സൗകര്യങ്ങള്‍ ചുറ്റിക്കറങ്ങി നിരീക്ഷിക്കും. അല്‍പ്പം സമയം ഉറങ്ങിയെഴുന്നേറ്റ് തഹജ്ജുദിലും ദിക്റിലും മുഴുകും. ഇടയ്ക്ക് ആരെങ്കിലും സ്വകാര്യം പറയാന്‍ വന്നാല്‍ അതുമായി.! പടച്ചവനേ, ഇതെന്തൊരു ജീവിതമാണ്.!
B. ഇഖ് ലാസ്വ് 
ആത്മാര്‍ത്ഥതയാണ് മറ്റൊന്ന്. പറയേണ്ടതെന്തും വളച്ച് കെട്ടില്ലാതെ പറഞ്ഞിരുന്നു. അവ മനസ്സില്‍ വമ്പിച്ച പ്രതിഫലനം സൃഷ്ടിച്ചിരുന്നു. ഓരോ സമ്മേളനങ്ങളുടെയും സമാപനത്തില്‍ ഇനി മരണം വരെ അഞ്ച് വഖ്ത് നമസ്കാരം ജമാഅത്തായി നമസ്കരിക്കുമെന്ന് എല്ലാവരും നിയ്യത്ത് ചെയ്യുക എന്നും മറ്റുമുള്ള വാചകങ്ങള്‍ ശ്രോതാക്കളുടെ മനസ്സ് പിളര്‍ക്കുകയും നിഷ്കളങ്കമായ തൗബ മനസ്സിലേക്ക് കോരിയിടുകയും ചെയ്തിരുന്നു. നീ എന്നാ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്.? നീ ജമാഅത്തില്‍ പോ.! എന്ന ഒരൊറ്റ വാക്ക് കാരണം നവജീവന്‍ ലഭിച്ച് ജമാഅത്തില്‍ പുറപ്പെട്ടവര്‍ എത്ര കാണും.? സത്യം പറഞ്ഞാല്‍ മൗലാനായിലൂടെ ഉണ്ടായ മുഴുവന്‍ പരിവര്‍ത്തനങ്ങളുടെയും ചാലകശക്തി മൗലാനായുടെ ഇഖ് ലാസ്വ് ആയിരുന്നു.
C. ഏത് സാഹചര്യത്തിലുമുള്ള ഉപദേശമാണ് വേറൊരു പ്രത്യേകത. വലിയ സദസ്സ്, ചെറിയ സദസ്സ്, വീട്, നാട്, വിദേശം, മസ്ജിദ്, മദ്റസ, ഓട്ടോ, കാര്‍, ബസ്, ട്രെയിന്‍, കപ്പല്‍, വിമാനം, വിവാഹം, മരണ വീട്, ഉദ്ഘാടനം, ഹജ്ജ് എന്നിങ്ങനെ മുഴുവന്‍ സന്ദര്‍ഭങ്ങളിലും നന്മ ഉപദേശിക്കുകയും തിന്മ തടുക്കുകയും ചെയ്തിരുന്നു. സ്നേഹം, കോപം ഇതൊന്നും അതിന് തടസ്സമായിരുന്നില്ല.
D. ദഅ് വത്തിന്‍റെ ഖുര്‍ആനിക ശൈലികളെ മൗലാനാ നിരന്തരം മുറുകെ പിടിച്ചിരുന്നു. ഉയര്‍ന്ന തന്ത്രജ്ഞതയുടെ വക്താവായിരുന്നു മൗലാനാ മര്‍ഹൂം. ഓരോരുത്തരോടും പറയേണ്ട കാര്യം തന്നെ പറഞ്ഞിരുന്നു. ഉത്തമ ഉപദേശത്തില്‍ മൗലാനാ അതുല്യനായിരുന്നു. മനസ്സുകളിലെ ആഴങ്ങളിലേക്ക് അവ ഇറങ്ങുകയും വമ്പിച്ച പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം ഏറ്റവും നല്ല സംവാദത്തിന് മൗലാനാ മുന്‍പന്തിയിലായിരുന്നു. സംവാദത്തെ മൗലാനാ ജോലിയാക്കിയില്ല. അതിനോട് വെറുപ്പുമായിരുന്നു. എന്നാല്‍ സ്നേഹിതരുടെ ദുര്‍ന്യായങ്ങളെ അതേ നാണയത്തില്‍ മൗലാനാ സമര്‍ത്ഥമായി നേരിട്ടിരുന്നു.
E. തൗബ 
പശ്ചാത്താപം മൗലാനായുടെ ദഅ് വത്തീ ശ്രമങ്ങള്‍ക്ക് വലിയ സൗന്ദര്യം നല്‍കി. അവസാനം നടത്തുന്ന ദുആയുടെ ആദ്യം മുതല്‍ തൗബയുടെ വചനങ്ങളായിരിക്കും. അതില്‍ മൗലാനായും സദസ്സും ലയിച്ചുചേരും. അത് തന്നെ വലിയൊരു ഉപദേശമായിരുന്നു. മൗലാനായുടെ ദുആയില്‍ പങ്കെടുത്ത് പശ്ചാത്താപ മനസ്കരായി മാറാന്‍ ആഗ്രഹിച്ചുവരുന്നവര്‍ തന്നെ ധാരാളമായിരുന്നു.
5. തസ്കിയത്ത് 
മൗലാനായുടെ അഞ്ചാമത്തെ ഗുണമാണ് ആത്മ വിശുദ്ധി. നബവീ നിയോഗത്തിന്‍റെ പ്രധാന ലക്ഷ്യമായ തസ്കിയത്ത് യഥാവിധി ഉള്‍ക്കൊണ്ടവര്‍ സ്വഹാബത്താണ്. തുടര്‍ന്ന് സൂഫി വര്യന്മാര്‍ എന്ന പേരില്‍ പ്രസിദ്ധരായ മഹാത്മാക്കള്‍ ഇതിന്‍റെ വക്താക്കളും പ്രയോക്താക്കളുമായി. മൗലാനായുടെ അസാതിദ്-മശാഇഖുമാരെല്ലാം ഇതുമായി ബന്ധപ്പെട്ടവരായിരുന്നു. മൗലാനായും ഇതേ മാര്‍ഗ്ഗം സ്വീകരിച്ചു. മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) യുടെ ഖലീഫയായിരുന്ന മിയാന്‍ജി മുഹമ്മദ് ഈസാ സ്വാഹിബ് (റഹ്) നെ മൗലാനാ മര്‍ഹൂം ബൈഅത്ത് ചെയ്തു. ശിക്ഷണത്തിന്‍റെ കടമ പൂര്‍ത്തീകരിച്ചതിനാല്‍ അദ്ദേഹത്തിന്‍റെ ഖലീഫയാകുകയും ചെയ്തു. ദഅ്വത്ത് യാത്രകളുടെ തിരക്കുകള്‍ കാരണം മൗലാനാ മര്‍ഹൂം ഈ മേഖലയില്‍ പരിപൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിലും തസ്വവ്വുഫിന്‍റെ പ്രധാന ഭാഗമായ ദിക്റുകളില്‍ സദാ മുഴുകിയിരുന്നു. അല്ലാഹുവിന്‍റെ ഏകത്വം, അഹങ്കാരത്തിന്‍റെ നിന്ദ്യത എന്നീ വിഷയങ്ങള്‍ പ്രഭാഷണങ്ങളില്‍ സാധാരണ നിറഞ്ഞ് നില്‍ക്കാന്‍ കാരണം ഈ തസ്വവ്വുഫ് ബന്ധമായിരിക്കാനാണ് സാധ്യത. (അവസാനം പരാമര്‍ശിക്കുന്ന പ്രകടമില്ലായ്മ എന്ന ഗുണത്തിന്‍റെ അടിസ്ഥാനവും ഇത് തന്നെയായിരിക്കും.)
6. സഹകരണം 
നൂറ് ശതമാനം തബ് ലീഗ് പ്രവര്‍ത്തകനായ മൗലാനാ മര്‍ഹൂം പക്ഷെ, ദീനിന്‍റെ എല്ലാ ശാഖകളെയും പ്രവര്‍ത്തനങ്ങളെയും വിലമതിച്ചിരുന്നുവെന്ന് മാത്രമല്ല, സഹകരിക്കുകയും ചിലവേള നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു. ഇല്‍മ്, തസ്കിയത്ത് പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ച് കഴിഞ്ഞു. കാഞ്ഞാറിലെ മതപ്രസംഗ പരമ്പരയുടെ പ്രധാന സംഘാടകന്‍ മൗലാനയായിരുന്നുവെന്ന് ആദരണീയ ഗുരുനാഥന്‍ ശൈഖുനാ മുഹമ്മദ് ഈസാ മമ്പഈ ഉസ്താദ് വിവരിക്കുന്നു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ പല പരിപാടികളിലും സമ്മേളനങ്ങളിലും മൗലാനാ പങ്കെടുത്തിട്ടുണ്ട്. ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ്, തഹഫ്ഫുസെ ഖത്മുന്നുബുവ്വത്ത് എന്നിവയുടെ നായകനായിരുന്നു. മസ്ജിദുകളുടെയും മറ്റും തറക്കല്ലിടല്‍, ഉദ്ഘാടന വേദികള്‍ എന്നിവയില്‍ നിറഞ്ഞ് നിന്നിരുന്നു. ഒരിക്കല്‍ ഗള്‍ഫില്‍ ജമാഅത്തിലായിരിക്കവെ, ഉസ്താദിന് അറബിയില്‍ സുദീര്‍ഘമായ ഒരു കത്തെഴുതി. ചന്ദ്രപ്പിറവി ദര്‍ശന വിഷയത്തില്‍ കേരളത്തില്‍ കാണപ്പെടുന്ന വീഴ്ചകള്‍ അതില്‍ വിവരിക്കുകയും ഉലമാ മഹത്തുക്കള്‍ അതില്‍ ഒറ്റക്കെട്ടായി നിന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തു. ഇപ്രകാരം ധാരാളം സംഭവങ്ങളുണ്ട്. അല്ലാഹു തആലാ മൗലാനയെപ്പോലെ നമുക്കും വിശാല ഹൃദയം നല്‍കട്ടെ.!
7. ഫിക്ര്‍ 
ഉമ്മത്തിനെക്കുറിച്ചുള്ള ഫിക്ര്‍ (ചിന്ത) ആണ് മറ്റൊരു ഗുണം. ഉമ്മത്തിന്‍റെ ഈമാനും അമലും സുരക്ഷിതമായിരിക്കണമെന്നതിനെ കുറിച്ച് വളരെയധികം ചിന്തിച്ചിരുന്നു. ഭൗതികതയുടെ അതിപ്രസരത്താല്‍ ഉമ്മത്ത് ആഖിറത്തിനെ മറക്കുകയും ജീവിതം തുലയ്ക്കുകയും ചെയ്യുന്നതിനെ കുറിച്ച് മൗലാനായ്ക്ക് വളരെ വ്യസനമായിരുന്നു. അവസാന സമയങ്ങളില്‍ ഓര്‍മ്മ നശിച്ചതിന്‍റെ കാരണങ്ങളില്‍ ഒന്നായി ഡോക്ടര്‍ പറഞ്ഞത്, സാധാരണ മനുഷ്യന്‍റെ ചിന്തയ്ക്കും അപ്പുറം ചിന്തിക്കുന്നവരായിരുന്നു എന്നാണ്. അതെ, ഉമ്മത്തിന്‍റെ ആഖിറത്തിലെ വിജയത്തെക്കുറിച്ച് അതിയായ ചിന്തയും ആഗ്രഹവും ഉള്ളവരായിരുന്നു. അതിനോടൊപ്പം തന്നെ ഉമ്മത്തിന്‍റെ ജീവനും സ്വത്തും അഭിമാനവും സുരക്ഷിതമായിരിക്കണമെന്നും സുരക്ഷിതമായിരിക്കണമെന്നും മൗലാനാ മര്‍ഹൂം ആഗ്രഹിച്ചിരുന്നു. ഇന്ത്യന്‍ മുസ്ലിംകളെക്കുറിച്ച് മാത്രമല്ല, ലോക മുസ്ലിംകളെ കുറിച്ചും അതേ വികാരമായിരുന്നു.
സമുദായത്തിന്‍റെ ഉന്നമനത്തിന് വേണ്ടി പരിശ്രമിക്കുന്ന വ്യക്തികളെയും സംഘടനകളെയും മൗലാനാ അതിയായി സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് ഈ വിഷയത്തില്‍ വില പിടിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കലും പതിവായിരുന്നു. എന്നാല്‍ മുഴുവന്‍ പ്രശ്നങ്ങളുടെയും പ്രധാന പരിഹാരമായി മൗലാനാ കണ്ടിരുന്നത് ദീനിലേക്കുള്ള മടക്കവും അതിന്‍റെ മാര്‍ഗ്ഗമായ ദഅ്വത്തുമായിരുന്നു.
8. ആദര്‍ശം 
മൗലാനാ മര്‍ഹൂം തന്‍റെ ആദര്‍ശത്തെ സദാ മുറുകെ പിടിച്ചിരുന്നു. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ ആദര്‍ശങ്ങളില്‍ ആഴം നിറഞ്ഞ ബോധവും നിര്‍ബന്ധവും മൗലാനാ മര്‍ഹൂമിനുണ്ടായിരുന്നു. അതിന്‍റെ ഈ യുഗത്തിലെ ഏറ്റവും വലിയ സേവകരായി ദേവ്ബന്ദ് ഉലമാഇനെ കണ്ടിരുന്നു. മൗലാനായുടെ ഈ ഗുണത്തില്‍ പ്രത്യേകമായ രണ്ട് ഗുണങ്ങള്‍ അത്യന്തം പഠനാര്‍ഹമാണ്; തീവ്രതയും അതോടൊപ്പം പരിധിക്കുള്ളില്‍ നില്‍ക്കലും.! തീവ്രത എന്നാല്‍ മൗലാനാ ആദ്യാവസാനം വരെ ഒരു സുന്നിയും സൂഫിയും ആയിരുന്നു. നബിമാര്‍, സ്വഹാബത്ത്, ഔലിയാഇനെ ആദരിച്ചിരുന്നു. അവരെ നിന്ദിക്കുന്നവരോട് ദേഷ്യമായിരുന്നു. അവരുടെ രക്തത്തില്‍ ചവുട്ടി മറുകരയിലേക്ക് കടക്കുന്നതിനെ വിമര്‍ശിച്ചിരുന്നു. ഹനഫി മദ്ഹബ് അനുകരിക്കുകയും അതിലാണ് നന്മയെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. സൂഫി സരണി സ്വീകരിച്ചിരുന്നു. തവസ്സുല്‍ നടത്തിയിരുന്നു. പില്‍ക്കാല പണ്ഡിതരുടെ വിശാല വീക്ഷണത്തെക്കാള്‍ മുന്‍കാല പണ്ഡിതരുടെ ഫത്വകള്‍ക്ക് പലപ്പോഴും മുന്‍ഗണന കൊടുത്തിരുന്നു. ഉദാഹരണത്തിന്, മൈക്കിലൂടെയുള്ള ജമാഅത്ത് നമസ്കാരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. അഭിപ്രായ വ്യത്യാസങ്ങളുടെ കാര്യം അതിന്‍റെ മേഖലയില്‍ മാത്രം മൗലാനാ ഒതുക്കിയിരുന്നു.
പ്രഭാഷണങ്ങളിലെ നിര്‍മ്മാണാത്മക ശൈലി, സ്വകാര്യ സദസ്സുകളിലുള്ള വിമര്‍ശനങ്ങള്‍, തന്ത്രപൂര്‍വ്വമുള്ള നീക്കങ്ങള്‍ ഇതായിരുന്നു മൗലാനായുടെ ആദര്‍ശ വിഷയത്തിലുള്ള ശൈലി. ഉപരി സൂചിത വിഷയങ്ങളെ ഒരിക്കലും സംവാദ വിഷയമാക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, അഭിപ്രായ വ്യത്യാസമുള്ളവരുമായി പോലും പൊതു വിഷയങ്ങളില്‍ യോജിച്ചിരുന്നു.
9. ബന്ധങ്ങള്‍ 
വിവിധങ്ങളായ ബന്ധങ്ങളെ വിലമതിച്ചിരുന്നു എന്നതാണ് ഒമ്പതാമത്തെ ഗുണം. നിരവധി ബന്ധങ്ങളെക്കുറിച്ചുള്ള പരാമര്‍ശം സൂചിപ്പിച്ചുകഴിഞ്ഞു. കൂടാതെ മാനുഷിക-സുഹൃത്-കുടുംബ     ബന്ധങ്ങളെയും മൗലാനാ മര്‍ഹൂം വിലമതിച്ചിരുന്നു. സൗഹൃദ ബന്ധങ്ങളുടെ മേഖലകളെ വിശാലമായി കണ്ടിരുന്നു. അതില്‍ മുസ്ലിംകളും അമുസ്ലിംകളും ഉണ്ടായിരുന്നു. ഈ ബന്ധങ്ങളുടെ മേഖലകളും വ്യത്യസ്തമായിരുന്നു. ഇത്രയേറെ ജനങ്ങളും അവരുടെ പ്രശ്നങ്ങളുമായും ബന്ധപ്പെടുകയും അവര്‍ക്കെല്ലാം പ്രയോജനപ്പെടുകയും ചെയ്ത മറ്റൊരാളും മൗലാനാ മര്‍ഹൂമിന്‍റെ കാലത്ത് കേരളത്തില്‍ ഉണ്ടായിരിക്കുകയില്ല എന്നാണ് അനുമാനം. പലരുടെയും കൈകളില്‍ ഇന്നുമുള്ള മൗലാനായുടെ കത്തുകള്‍ ഇതിന് മരിക്കാത്ത സാക്ഷികളാണ്.
വളരെയേറെ തിരക്കുള്ള മൗലാനാ മര്‍ഹൂം കിട്ടിയ അവസരങ്ങള്‍ മുതലാക്കി കത്തുകള്‍ എഴുതിയിരുന്നു. ജനനം, ബാല്യം, പഠനം, യുവത്വം, ജോലി, ഉദ്യോഗം, വിവാഹം, ബിസിനസ്, രോഗം, ചികിത്സ, മരണം തുടങ്ങി മുഴുവന്‍ വിഷയങ്ങളിലും ജനങ്ങള്‍ മൗലാനയുമായി ബന്ധപ്പെടുകയും മൗലാനാ മര്‍ഹൂം അവരുമായി സഹകരിക്കുകയും ചെയ്തിരുന്നു. മൗലാനയുമായി ബന്ധപ്പെട്ട ഓരോരുത്തര്‍ക്കും ഓരോരോ അനുഭവങ്ങളുള്ള മനോഹരമായ ഒരു വിഷയമാണിത്.
ഇപ്രകാരം നാടിനോടും നാട്ടുകാരോടും വലിയ സ്നേഹമായിരുന്നു. കാഞ്ഞാറിനോട് അവസാനം വരെ അതിയായ ഇഷ്ടമായിരുന്നു. അടുപ്പമുള്ളവരെ അവിടേക്ക് ക്ഷണിക്കുകയും മഹാന്മാരെ അവിടെ കൊണ്ട് പോകുകയും ചെയ്തിരുന്നു. കാഞ്ഞാറില്‍ വെച്ചുള്ള പ്രഭാഷണങ്ങളില്‍ ഗൃഹാതുരത്വത്തിന്‍റെ കുളിര്‍തെന്നല്‍ അനുഭവപ്പെട്ടിരുന്നു. കുടുംബത്തോടുള്ള സ്നേഹവും ഇതുപോലെ തന്നെ.! അടുത്തതും അകന്നതുമായ ബന്ധുക്കളോടും ബന്ധം പുലര്‍ത്തിയിരുന്നു. വിശിഷ്യാ, ചെറുമക്കളോടുള്ള വാത്സല്യം അപാരമായിരുന്നു.
എന്നാല്‍ ഈ സ്നേഹ ബന്ധങ്ങളെല്ലാം പടച്ചവന്‍റെ തൃപ്തിക്ക് വേണ്ടി മാത്രമായിരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. അതുകൊണ്ടുതന്നെ സ്നേഹമുള്ളവരോടും ചില വേള കഠിനമായി കോപിച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്ത് മര്‍ഹൂം സുബൈര്‍ ഹാജിയുടെ ഒരു ഹോട്ടല്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ഹോട്ടല്‍ എന്ന പദത്തിലെ ടി യുടെ വികൃതിയെ ഉണര്‍ത്തുകയുണ്ടായി. ഒരു കത്തില്‍ താങ്കളുടെ വീട്ടില്‍ ഒരു അന്യ പുരുഷന്‍ കയറിയിറങ്ങുന്നത് ഒട്ടും ശരിയായി തോന്നുന്നില്ല എന്ന് എഴുതുകയുണ്ടായി. ചുരുക്കത്തില്‍, അല്ലാഹുവിന് വേണ്ടി മാത്രമുള്ള സ്നേഹവും കോപവും എന്ന ഈമാനിക ഗുണത്തിനുള്ള മാതൃകയായിരുന്നു മര്‍ഹൂം കാഞ്ഞാര്‍ മൂസാ മൗലാനാ.
10. ലാളിത്യം-പ്രകടന രാഹിത്യം 
ബഹുമാന്യ സ്വഹാബിവര്യന്‍ ഇബ്നു മസ്ഊദ് رضي الله عنه എടുത്ത് പറഞ്ഞ സ്വഹാബത്തിന്‍റെ ഒരു വിശേഷണം ഇതാണ്. ബാഹ്യ പ്രകടനങ്ങള്‍ ഏറ്റവും കുറഞ്ഞവര്‍. വാസ്തവത്തില്‍ ആ വാക്കിന്‍റെ ശരിയായ ആശയം മനസ്സിലാക്കിയത് മൗലാനാ മര്‍ഹൂമിന്‍റെ ശൈലികള്‍ ശ്രദ്ധിച്ചപ്പോഴാണ്. ഈ വാക്കിന്‍റെ ചെറിയൊരു പുലര്‍ച്ച മൗലാനായില്‍ കാണുവാന്‍ കഴിഞ്ഞു.
കാഞ്ഞാറിലെ പുഴവക്കിലും കൗസരിയ്യയിലെ ഹൗളിന്‍ കരയിലും വീടിന്‍റെ തിണ്ണയിലും വലിയ മസ്ജിദിന്‍റെ മിമ്പറിലും കേരളത്തിലെ ഗ്രാമീണര്‍ക്കിടയിലും അറേബ്യന്‍ ശൈഘുമാര്‍ക്ക് മധ്യത്തിലും ഇരവിന്‍റെ ഇരുളിലും പകലിന്‍റെ വെളിച്ചത്തിലും എല്ലാം മൗലാനാ ഒരേ ശൈലിക്കാരനായിരുന്നു. കൈലി, കൈയ്യുള്ള ബനിയന്‍, നീളന്‍ ജുബ്ബ, സാധാരണ തൊപ്പി, നീണ്ട തലപ്പാവ്. ഈ വേഷം നാട്ടിലോ വിദേശത്തോ ഉപേക്ഷിച്ചിട്ടില്ല. നടത്തത്തിലും ഇരുത്തത്തിലും ആംഗ്യങ്ങളില്‍ പോലും മാറ്റമൊന്നും ഉണ്ടായിട്ടില്ല. പ്രസംഗവും എഴുത്തുപോലും ഒരേ തരമായിരുന്നു. നമ്മുടെ കാഴ്ചപ്പാടില്‍ മൗലാനാ മര്‍ഹൂം ആലിമും ദാഇയും ഹാജിയും അല്ലാമയും എല്ലാമായിരുന്നെങ്കിലും മൗലാനാ മര്‍ഹൂമിന് ആ ഭാവങ്ങളൊന്നുമില്ലായിരുന്നു. മൗലാനാ ഒരിയ്ക്കലും മുഹമ്മദ് മൂസാ എന്നല്ലാത്ത മറ്റൊരു പേരില്‍ തന്നെ പരിചയപ്പെടുത്തിയിരുന്നില്ല.
ഞാനൊന്നുമല്ല എന്ന ചിന്ത ആ മഹാന്‍റെ അകവും പുറവുമായിരുന്നു. അതുകൊണ്ടാണ് അവസാനം ഓര്‍മ്മ കുറഞ്ഞ നാളുകളില്‍ പോലും തൗബയുടെ വചനങ്ങള്‍ ധാരാളമായി പറഞ്ഞിരുന്നത്. മൗലാനാ മര്‍ഹൂം പങ്കെടുത്ത അവസാന മജ്ലിസായ കൗസരിയ്യ സനദ് ദാന സമ്മേളനത്തില്‍ മൗലാനാ മര്‍ഹൂം ഇരുന്ന രീതി കാഴ്ചക്കാരുടെ കണ്ണുകള്‍ നനച്ചു. ശരിക്കും ഓര്‍മ്മയില്ലാതെ കുനിഞ്ഞിരിക്കുന്നു. എന്തെല്ലാമോ ചൊല്ലുന്നു. ഇടയ്ക്ക് പഴയ നോട്ടം ഇടത്തോട്ടും വലത്തോട്ടും നോക്കുന്നു.
നിരവധി മഹത്ഗുണങ്ങളുടെ സംഗമമായിരുന്ന മൗലാനാ മര്‍ഹൂമിന്‍റെ ഗുണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുക പ്രയാസമാണ്. ഇവിടെ കുറിച്ച പത്ത് ഗുണങ്ങള്‍ അതില്‍ ചിലത് മാത്രമാണ്. അവസാനമായി പറയട്ടെ; മൗലാനയുടെ മഹത്ഗുണങ്ങളുടെ മഹനീയമായ   പ്രകാശമായിരുന്നു മൗലാനയുടെ രോഗവും വിയോഗവും. ഓര്‍മ്മക്കുറവ് കൊണ്ട് മൗലാനയെ അല്ലാഹു പരീക്ഷിച്ചതിനോടൊപ്പം അനുഗ്രഹിക്കുകയുമായിരുന്നു. ജീവിതത്തില്‍ ഒരിക്കലും തന്‍റെ മഹത്വം വിളമ്പിയിട്ടില്ലാത്ത ആ മഹാപുരുഷന്‍റെ മഹത്വങ്ങള്‍ അല്ലാഹു തന്നെ വെളിവാക്കി. മനസ്സിന്‍റെ അകത്ത് ഓമനിച്ചിരുന്ന ഉയര്‍ന്ന ഗുണങ്ങളെ അല്ലാഹു പരസ്യമാക്കി.
ദിക്റും ദുആയും തൗബയും ഇസ്തിഗ്ഫാറും മനസ്സിലാകെ   അല്ലാഹുവും മക്കയും മദീനയും നിറഞ്ഞ് തുളുമ്പി. ഒരിക്കല്‍ പോയപ്പോള്‍ പ്രതികരണം ഇപ്രകാരമായിരുന്നു. കേരളത്തിലെ സഹോദരങ്ങള്‍ക്ക് സുഖം തന്നെയല്ലേ.? നിങ്ങള്‍ ഇവിടെ എപ്പോഴെത്തി.? ഈ പരിശുദ്ധ നാടിനോടുള്ള മര്യാദകള്‍ പാലിച്ച് തഖ്വയോടെ ജീവിച്ച് ഈമാനോടെ മരിക്കാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ.! മറ്റൊരിക്കല്‍ ഹാജരായപ്പോള്‍ പാവം കാഞ്ഞാറുകാരന്‍ കൈലിയുടുത്ത് തോര്‍ത്ത് തലയിലിട്ട് ഇശായ്ക്കു ശേഷമുള്ള സുന്നത്തുകള്‍ നമസ്കരിച്ച് ശബ്ദത്തില്‍ കരഞ്ഞ് ദുആയിലാണ്. ഒരു വാചകം ഇപ്രകാരമായിരുന്നു: അല്ലാഹുവേ, ഞങ്ങള്‍ വലിയ പാപികളാണ്. നിന്‍റെ ഹബീബിന്‍റെ നാട്ടില്‍ എത്തിയിട്ടും ഞങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. അല്ലാഹുവേ, നീ പൊറുത്ത് തരേണമേ.! ജീവിതം മുഴുവന്‍ അല്ലാഹുവിനെയും റസൂലിനെയും ആഖിറത്തിനെയും കുറിച്ച് പറഞ്ഞു. ആയിരങ്ങളുടെ ലക്ഷ്യവും മാര്‍ഗ്ഗവും നേരെയാക്കിയ ആ മഹാന്‍ ഉയര്‍ന്ന കൂട്ടുകാരിലേക്ക് അടുക്കുകയായിരുന്നു. അവസാനം 1423 റമദാനുല്‍ മുബാറക് സമാഗതമായി. കഴിഞ്ഞ അമ്പത് വര്‍ഷങ്ങളില്‍ പൊതുവിലും റമദാനില്‍ പ്രത്യേകിച്ചും ഇബാദത്ത്-ദഅ്വത്തുകളിലായി ഓടിത്തളര്‍ന്ന മഹാന്‍ ഇത്തവണ അധികം ചലനമില്ലാതെ കിടപ്പിലായിരുന്നു. പക്ഷെ, ആ മനസ്സ് റൗദത്തുല്‍ മുബാറക് വഴി ഇലാഹീ സമക്ഷത്തില്‍ സുജൂദിലായിരുന്നു.
(1423 റമദാനുല്‍ മുബാറക്  ഒമ്പത്  -2002 നവംബര്‍ 14) 
പാതിരാത്രി മൗലാനയുടെ ഒരു സേവകനായ മാമ അബ്ദുല്‍ കരീം സാഹിബ് വിളിച്ചുണര്‍ത്തി പറഞ്ഞു: മൗലാനാ വഫാത്തായി. എപ്പോഴാണ്.? ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ്. ദുആയോടുകൂടി കൂട്ടുകാരെ വിളിച്ചു. പക്ഷെ, സംഭവം നാടാകെ അല്ല, ലോകമാകെ നിമിഷങ്ങള്‍ക്കകം അറിഞ്ഞുകഴിഞ്ഞിരുന്നു. ഞങ്ങള്‍ കൗസരിയ്യ മന്‍സിലില്‍ എത്തി. മൗലാനാ സുഖനിദ്രയിലാണ്. പക്ഷെ, ദിവസങ്ങള്‍ക്ക് മുമ്പ് കണ്ട മൗലാനായുടെ ശരീരാകൃതിയുമായി യാതൊരു ബന്ധവുമില്ല. ആ തിരുനെറ്റിയില്‍ അറിയാതെ ചുംബിച്ചുപോയി. സുന്ദരമായ ജീവിതം.!.. മനോഹരമായ മരണം.! സമാധാനമടഞ്ഞ ആത്മാവേ, നീ നിന്‍റെ നാഥനിലേക്ക് മടങ്ങുക. എന്‍റെ ദാസന്മാരോടൊപ്പം നീ പ്രവേശിക്കുക. എന്‍റെ സ്വര്‍ഗ്ഗത്തില്‍ നീ പ്രവേശിക്കുക. 
തദവസരം മൗലാനയുടെ മരുമകന്‍ ഉസ്താദ് ഇസ്ഹാഖ് ഖാസിമി ചെയ്ത ദുആ മനസ്സുകളെ പിടപ്പിക്കുകയും കുടുംബത്തെ ശരീഅത്തിന്‍റെ കയറില്‍ മുറുക്കുകയും ചെയ്തു. അതിലെ രണ്ട് വാചകം: അല്ലാഹുവേ, ജീവിതത്തില്‍ റാഹത്ത് എന്തെന്നറിഞ്ഞിട്ടില്ലാത്ത മൗലാനായ്ക്ക് നീ പരിപൂര്‍ണ്ണ റാഹത്ത് നല്‍കേണമേ.! ഈ ഘട്ടത്തില്‍ ശരീഅത്തിനെ മുറുകെ പിടിക്കാന്‍ ഞങ്ങള്‍ക്ക് നീ തൗഫീഖ് നല്‍കേണമേ.! 
മൗലാനാ പോയി, നമ്മെ നന്നാക്കി. മൗലാനാ പോയി, നാമും പോകും. പക്ഷെ, മൗലാനാ പോയത് പോലെ നമുക്കും പോകേണ്ടേ.? അല്ലാഹുവേ, ഈ വരികള്‍ അതിന് വഴിയാക്കേണമേ.! ഹാ മൗലാനായുടെ ഈമാനിക നോട്ടം, ഈമാനിക ശബ്ദം, ചിരിപ്പിക്കല്‍, കരയിപ്പിക്കല്‍.! ഞങ്ങളുടെ അല്ലാഹുവേ, പടച്ചവനേ.. എന്നുള്ള വിളി, ഇതെല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം.! ആ സുന്ദര സ്മരണകളെ നന്മയിലേക്കുള്ള ഒരു ചാലകമാക്കി അല്ലാഹു എന്നെന്നും ലോകത്ത് നിലനിര്‍ത്തട്ടെ.! മൗലാനായുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കട്ടെ.! നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ.! ആമീന്‍...
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...