Tuesday, May 22, 2018

പഴികള്‍ നിറുത്തുക, നന്മകള്‍ വല്ലതും ചെയ്യുക.! -ജസ്റ്റിസ് അല്ലാമാ തഖിയ്യ് ഉസ്മാനി. വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


പഴികള്‍ നിറുത്തുക, 
നന്മകള്‍ വല്ലതും ചെയ്യുക.! 
-ജസ്റ്റിസ് അല്ലാമാ തഖിയ്യ് ഉസ്മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/05/blog-post_60.html?spref=tw

കാലഘട്ടം വളരെ മോശമായിക്കഴിഞ്ഞു, ദീനില്ലായ്മയുടെ പ്രളയം അധികരിച്ചുകൊണ്ടിരിക്കുന്നു, ജനങ്ങള്‍ക്ക് ദീനും ഈമാനുമായി യാതൊരു ബന്ധവുമില്ല, ചതിയും വഞ്ചനയും സര്‍വ്വ വ്യാപകമായി, നഗ്നതയും ലജ്ജയില്ലായ്മയും പാരമ്യം പ്രാപിച്ചു... 
രാപകലുകളില്‍ പല പ്രാവശ്യം നാം ഓരോരുത്തരും പറയുകയും കേള്‍ക്കുകയും ചെയ്യുന്ന ചില വാചകങ്ങളാണ് മുകളിലുദ്ധരിച്ചത്. തീര്‍ച്ചയായും ഇതെല്ലാം ശരിയാണ്. ഓരോ വര്‍ഷം കഴിയും തോറും ഇതില്‍ കടുപ്പമല്ലാതെ കുറവൊന്നും കാണപ്പെടുന്നുമില്ല. പക്ഷെ, അവസ്ഥാ വിശേഷങ്ങള്‍ കണ്ട് നമുക്ക് വല്ല പ്രയാസമുണ്ടായിട്ടോ, അതിനെ ഉദ്ധരിക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ടോ അല്ല, നാം ഇത് പറയുന്നത് എന്നതാണ് അതിനേക്കാള്‍ വേദനാജനകമായ വസ്തുത. ഇത്തരം വാചകങ്ങള്‍ വെറും അര്‍ത്ഥമില്ലാത്ത പ്രതികരണങ്ങളായി ഇന്ന് മാറിയിരിക്കുന്നു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാലുടന്‍ കാലത്തെയും കാലക്കാരെയും പഴിച്ചുകൊണ്ട് ഒന്ന് രണ്ട് പ്രസ്താവനകള്‍ നടത്തല്‍ ഇന്ന് ഒരു ഫാഷനായിത്തീര്‍ന്നിരിക്കുന്നു. 
ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്താണ്.? അതിന്‍റെ ചികിത്സ എന്താണ്.? അവസ്ഥ നന്നാക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും.? എന്നിത്യാദി ചോദ്യങ്ങള്‍ അധികമാളുകളുടെയും വിഷയത്തില്‍ നിന്നും തീര്‍ത്തും പുറത്താണ്. ഇതുകൊണ്ട് തന്നെയാണ്, അവസ്ഥകളെക്കുറിച്ച് ഇത്തരം വാചകങ്ങള്‍ തികച്ചും നിരുത്തരവാദപരമായി പറഞ്ഞുകൊണ്ട് നാം നിശബ്ദരാകുക മാത്രമല്ല, നാം തന്നെ വിമര്‍ശിച്ച വിഷയങ്ങളുമായി സ്വയം ബന്ധപ്പെടുകയും ചെയ്യുന്നത്. 
നാം നമ്മോട് തന്നെ ചോദിക്കേണ്ട ചോദ്യമിതാണ്: ഇന്നത്തെ അവസ്ഥയില്‍ വല്ല പ്രയാസവും അത് മാറണമെന്നുള്ള ആഗ്രഹവും നമുക്കുണ്ടോ.? ഇല്ലെങ്കില്‍ പിന്നെ വെറുതെ ഇത്തരം വാചകങ്ങള്‍ പറഞ്ഞ് അന്തരീക്ഷം മലീമസമാക്കുന്നത് എന്തിനാണ്.? ഇനി യഥാര്‍ത്ഥത്തില്‍ ആഗ്രഹമുണ്ടെങ്കില്‍, ഒന്ന് രണ്ട് വാചകങ്ങള്‍ പറഞ്ഞ് ഉത്തരവാദിത്വം ഒഴിവായി എന്ന് ധരിച്ചിരിക്കുന്നത് ശരിയാണോ.? നാമൊന്ന് സങ്കല്‍പ്പിക്കുക: നമ്മുടെ മുന്നില്‍ ഭയാനകമായ നിലയില്‍ അഗ്നി ആളിക്കത്തുന്നു. അതിനെ അണച്ച് നിയന്ത്രിച്ചില്ലെങ്കില്‍ വീടെന്നല്ല, നാടാകെ കത്തി ചാമ്പലാകും എന്ന കാര്യം ഉറപ്പാണ്. ഇവിടെ ഒന്നും ചെയ്യാതെ സ്വസ്ഥമായി മാറിയിരുന്ന് വാചക രൂപേണ ദുഃഖം പ്രകടിപ്പിക്കാന്‍ നാം തയ്യാറാകുമോ.? അല്‍പമെങ്കിലും ബുദ്ധിയും ബോധവും ഉള്ളവരാരും ഇതിന് മുതിരുകയില്ല. ഇത്തരം ഘട്ടത്തില്‍ മരമണ്ടന്‍ പോലും അഗ്നിയുടെ കഥ ജനങ്ങളോട് പറയുന്നതിന് മുന്‍പ് ഫയര്‍ഹൗസിലേക്ക് ഫോണ്‍ ചെയ്യും. അവര്‍ എത്തുന്നത് വരെ തീയില്‍ വെള്ളവും മണ്ണും ഇടും. മറ്റുള്ളവരെയും അതിന് ക്ഷണിക്കും. എന്നിട്ടും തീ നിയന്ത്രണാതീതമായാല്‍ ജനങ്ങളെ മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിക്കും. അതിന് കഴിഞ്ഞില്ലെങ്കില്‍ സ്വന്തം കുടുംബത്തെയും വാരിയെടുത്ത് കൊണ്ട് മാറും. അതിനും സാധിച്ചില്ലെങ്കില്‍ സ്വയം ഓടി രക്ഷപ്പെടും. 
ചുറ്റുവട്ടത്തില്‍ തീ ആളിക്കത്തുമ്പോള്‍ ഒന്ന് രണ്ട് വാചകത്തില്‍ ദുഃഖം പ്രകടിപ്പിച്ച ശേഷം സ്വന്തം ജോലിയില്‍ മുഴുകാനോ, ധാരാളം പേരെ തീ വിഴുങ്ങിയല്ലോ എന്നും പറഞ്ഞ് സ്വയം അതിലേക്ക് ചാടാനോ ആരെങ്കിലും തയ്യാറാകുമോ.? ഇനി നാം ചിന്തിക്കുക: നമുക്ക് ചുറ്റും ദീനില്ലായ്മയുടെ അഗ്നി കത്തിക്കയറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ വീടുകളെയും ഭാര്യാ-മക്കളെയും അത് വിഴുങ്ങാന്‍ തീര്‍ത്തും സാധ്യതയുണ്ട്. പിന്നെന്തുകൊണ്ടാണ് വെറുതെ പ്രതികരിച്ച് നാം നിശബ്ദരാകുക മാത്രമല്ല, എരിതീയില്‍ എണ്ണയൊഴിക്കുക കൂടി ചെയ്യുന്നത്.? സത്യം പറഞ്ഞാല്‍, നമ്മില്‍ യാതൊരു കുറവുമില്ല എന്ന ശൈലിയിലാണ് നമ്മുടെ സംസാരം. പക്ഷെ, സംസാരത്തിന് ശേഷം സ്വന്തം ജീവിതത്തിലേക്ക് കടക്കുമ്പോള്‍, നാം ഇന്നലെ സര്‍വ്വ ആരോഗ്യവും ചെലവഴിച്ച് വിമര്‍ശിച്ച മുഴുവന്‍ കുറ്റങ്ങളും നമ്മിലും കാണപ്പെടുന്നതാണ്.   ഇതിനെക്കുറിച്ച് നമുക്കൊരു മുന്‍കൂര്‍ മറുപടിയുമുണ്ട്: ലോകമെല്ലാം ദീനില്ലായ്മയുടെ തീ കത്തുമ്പോള്‍ ഞാനൊരുത്തന്‍ മാത്രം എങ്ങനെ രക്ഷപ്പെടാനാണ്.? തീ കത്തുന്നത് കണ്ടിട്ട് ഓടി രക്ഷപ്പെടുന്നതിന് പകരം അതിലേക്ക് എടുത്ത് ചാടുന്നവന് തുല്ല്യമല്ലേ നമ്മുടെ അവസ്ഥ.? 
അതുകൊണ്ട് നാം അല്‍പം ശാന്തവും ഗഹനവുമായി ആലോചിച്ച് തീരുമാനമെടുക്കുക: ദീനില്ലായ്മയുടെ അപകടം നിറഞ്ഞ ഈ അഗ്നി അണയ്ക്കാനോ അതില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്താനോ നാം അല്പമെങ്കിലും പരിശ്രമിക്കുന്നുണ്ടോ.? മറ്റുള്ളവരുടെ കാര്യമിരിക്കട്ടെ, സ്വന്തം ഭാര്യാ-മക്കളോടും കുടുംബ-മിത്രങ്ങളോടുമെങ്കിലും തികഞ്ഞ കാരുണ്യത്തോടെ ദീന്‍ അനുസരിച്ച് ജീവിക്കാന്‍ നാം പ്രേരിപ്പിക്കുന്നുണ്ടോ.? ദീനീ നിയമങ്ങളുടെ പ്രാധാന്യം അവരെ ഉണര്‍ത്തുന്നുണ്ടോ.? പാപങ്ങളുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊടുക്കുന്നുണ്ടോ.? മരണത്തിന് ശേഷമുള്ള അവസ്ഥകളിലേക്ക് അവരുടെ ശ്രദ്ധ തിരിക്കുന്നുണ്ടോ.? നന്മകളില്‍ താല്പര്യവും തിന്മകളില്‍ വെറുപ്പും ഉണ്ടാക്കാന്‍ വല്ലതും ചെയ്യുന്നുണ്ടോ.? വീട്ടുകാരുടെ കാര്യവും വിടുക: ദീനില്ലായ്മയുടെ തീയില്‍ നിന്നും സ്വയം രക്ഷപ്പെടാന്‍ വല്ല പരിശ്രമവും ചെയ്യുന്നുണ്ടോ.? ദീനീ വിധി-വിലക്കുകള്‍ പാലിക്കാനും പാപങ്ങള്‍ വര്‍ജ്ജിക്കാനും ശ്രമിക്കുന്നുണ്ടോ.? മുഴുവന്‍ വിധി-വിലക്കുകളും പാലിക്കാന്‍ പ്രയാസം തോന്നുന്നുവെങ്കില്‍, പ്രയാസം അനുഭവപ്പെടാത്ത കല്പനകളെങ്കിലും പാലിക്കുന്നുണ്ടോ.? നൂറ് കണക്കിന് പാപങ്ങളില്‍ ഒരു പാപമെങ്കിലും അല്ലാഹുവിനെ ഭയന്ന് ഉപേക്ഷിച്ചിട്ടുണ്ടോ.? അനവധി ഫര്‍ളുകളില്‍ ഒരു ഫര്‍ളിലെങ്കിലും സൂക്ഷ്മത പുലര്‍ത്താന്‍ ആരംഭിച്ചുവോ.? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഇല്ല എന്നാണ് ഉത്തരമെങ്കില്‍, വാസ്തവത്തില്‍ ദീനില്ലായ്മയുടെ തീ അണയ്ക്കാന്‍ നാം ആഗ്രഹിക്കുന്നുപോലുമില്ലെന്നാണ് അര്‍ത്ഥം. 
കാലത്തെ കുറിച്ച് പഴികളെല്ലാം വെറും ദുര്‍ ന്യായങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍, കാലത്തിനോ ഇതര കാലക്കാര്‍ക്കോ യാതൊരു കുറവുമില്ല. സ്വയം ദീനില്ലായ്മ തെരഞ്ഞെടുത്ത് അതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും മറ്റുള്ളവരുടെ തലയില്‍ വെച്ച് കെട്ടാന്‍ ആഗ്രഹിക്കുന്ന നമ്മുടെ മനസ്ഥിതിയുടെതാണ്  മുഴുവന്‍ കുറ്റവും. അതുകൊണ്ട്, നിലവിലുള്ള അവസ്ഥകള്‍ കണ്ട് നാം അസ്വസ്ഥരാണെന്ന കാര്യം ശരിയാണെങ്കില്‍, ആളിക്കത്തുന്ന അഗ്നിയെ കാണുമ്പോള്‍ മാന്യനായ മനുഷ്യന്‍ കൈകൊള്ളുന്ന സമീപനം സ്വീകരിക്കാന്‍ നാം തയ്യാറാകുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...