Monday, April 30, 2018

മദ്റസകളുടെ സന്ദേശം - മൗലാനാ അബ്ദുല്ലാഹ് മഅ്റൂഫി (തഖസ്സുസ് ഫില്‍ ഹദീസ്, ദാറുല്‍ ഉലൂം ദേവ്ബന്ദ്) വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


മദ്റസകളുടെ സന്ദേശം 
-മൗലാനാ അബ്ദുല്ലാഹ് മഅ്റൂഫി 
(തഖസ്സുസ് ഫില്‍ ഹദീസ്, ദാറുല്‍ ഉലൂം ദേവ്ബന്ദ്)
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/04/blog-post_29.html?spref=tw
രാജ്യത്താകമാനം പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന മദ്റസകള്‍ ഈ രാജ്യത്ത് നിന്നും നിരക്ഷരത ദൂരീകരിക്കുന്നതിലും ഇന്ത്യക്കാരെ
വിശിഷ്യാ മുസ് ലിംകളെ സ്വരാജ്യവുമായി ബന്ധിപ്പിച്ച് നിര്‍ത്തുന്നതിലും പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലും സാമൂഹ്യപരിഷ്കരണങ്ങളിലും മദ്റസകള്‍ നിര്‍വ്വഹിച്ച സേവനങ്ങള്‍ ആര്‍ക്കും അവഗണിക്കാവതല്ല.
ഈ രാജ്യത്തെ പൗരാണിക വിദ്യാഭ്യാസ കേന്ദ്രങ്ങളും ദീനീ മദ്റസകളും സഹോദര സമുദായംഗങ്ങളുടെ പാഠശാലകളും ഇല്ലായിരുന്നുവെങ്കില്‍ ശരീരംകൊണ്ട് ഇന്ത്യക്കാരും ഹൃദയവും തലയും കൊണ്ട് ഇംഗ്ലീഷുകാരും  എന്ന മെക്കാളയുടെ പദ്ധതി ഇവിടെ നൂറ് ശതമാനം വിജയിക്കുമായിരുന്നു. മദ്റസകളും അതിന്‍റെ മഹത്തുക്കളും ഈ നിന്ദ്യമായ ഗൂഢാലോചനയെയും പദ്ധതിയെയും വിജയകരമായി നേരിട്ടു. നാടിനെയും നാട്ടുകാരെയും കോലം മറിക്കുന്നതില്‍ നിന്ന് സംരക്ഷിച്ചു. മദ്റസകളില്‍ നിന്നും ശരിയായി പഠിച്ചിറങ്ങിയ പണ്ഡിതര്‍ സാമുദായിക സൗഹാര്‍ദ്ദവും ഹിന്ദു-മുസ് ലിം ഐക്യവും ഊട്ടിവളര്‍ത്തിയതോടൊപ്പം സ്വാതന്ത്ര്യ സമരത്തില്‍ അതുല്യമായ ത്യാഗങ്ങള്‍ അനുഷ്ഠിച്ചു. ചരിത്രപരമായി സ്ഥിരപ്പെട്ട യാഥാര്‍ത്ഥ്യങ്ങളാണിവ.
പക്ഷെ, അന്ധത ബാധിച്ച സിയോണിസ്റ്റ് ശക്തികളും മുസ് ലിം വിരുദ്ധ കേന്ദ്രങ്ങളും തുടക്കം മുതലെ മസ്ജിദ് - മദ്റസകളുടെ മാതൃകാപരമായ പദ്ധതിയെ മുറിക്കാനും തകര്‍ക്കാനും പരിശ്രമിക്കുകയുണ്ടായി. ഇന്നും അവരുടെ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. കൂട്ടത്തില്‍
ഇന്ത്യയിലെ മുസ് ലിംകളിലും അമുസ് ലിംകളിലും പെട്ട ഒരുകൂട്ടം ആളുകളും വിവരവും ചിന്തയുമില്ലാതെ ഈ ദുഃശ്ശക്തികളുടെ ആയുധമായി മാറിയിരിക്കുന്നു. തല്‍ഫലമായി ഇസ് ലാം എന്നാല്‍ ഭീകരതയാണെന്നും
മുസ് ലിംകള്‍ വിശിഷ്യാ, ഇസ്ലാമിക വേഷവിധാനങ്ങളുള്ളവര്‍ ഭീകരവാദികളാണെന്നും, മസ്ജിദ് - മദ്റസകള്‍ ഭീകരവാദ കേന്ദ്രങ്ങളാണെന്നും സ്ഥാപിക്കാന്‍ ഇരുകൂട്ടരും പെടാപാട് പെട്ടുകൊണ്ടിരിക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ക്കുള്ള പരീക്ഷാ ചോദ്യങ്ങളില്‍ പോലും ദാറുല്‍ ഉലൂം ദേവ്ബന്ദ് പോലുള്ള മഹത്തായ വിജ്ഞാന കേന്ദ്രങ്ങളെയും ഭീകരവാദത്തെയും ബന്ധിപ്പിച്ച് കൊണ്ടുള്ള ചോദ്യങ്ങള്‍ ഉണ്ടാകുന്നത് അത്യന്തം വേദനാജനകം തന്നെ.
ഇത്തരമൊരു അവസ്ഥാന്തരീക്ഷത്തില്‍ ഇന്ത്യയിലെ ഗംഗാ - യമുനാ സംസ്കാരവും പരസ്പരം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുള്ള സഹകരണമുന്നേറ്റമെന്ന മഹത്തായ പൈതൃകവും എങ്ങനെ അവശേഷിക്കുമെന്ന് രാജ്യസ്നേഹികളായ എല്ലാവരും ചിന്തിക്കേണ്ടതുണ്ട്. ഇത് കേവലം മുസ് ലിംകളുടെ മാത്രം പ്രശ്നമല്ല. മുഴുവന്‍ ഇന്ത്യക്കാരുടെയും ഭാവിയെ ബാധിക്കുന്ന ഗുരുതര വിഷയമാണ്. പരിതാപകരമായ ഇന്നത്തെ അവസ്ഥകള്‍ മാറുന്നതിന് മുസ് ലിംകളിലെ സംഘടനകള്‍ മാത്രം ഐക്യപ്പെട്ടാല്‍ പോരാ, പ്രത്യുത, രാജ്യത്തെ സ്നേഹിക്കുകയും സമാധാനം കാംക്ഷിക്കുകയും നീതി ആഗ്രഹിക്കുകയും ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും ഈ വിഷയത്തില്‍ ഒരുമിച്ചിരുന്ന് ആലോചിച്ച് നീങ്ങേണ്ടതാണ്. അല്ലാത്തപക്ഷം ഈ രാജ്യം ഒരിക്കല്‍ കൂടി അടിമത്വത്തിലേക്ക് മുറിഞ്ഞ് വീഴുന്നതും അതിന്‍റെ ദുരന്തഫലങ്ങള്‍ ഓരോ ഇന്ത്യക്കാരനും അനുഭവിക്കേണ്ടി വരുന്നതുമാണെന്ന് മുന്നറിയിപ്പ് നല്‍കട്ടെ!
മുസ് ലിം പൊതുജനങ്ങളെ ഒരിക്കല്‍ കൂടി ഉണര്‍ത്തട്ടെ. രാജ്യത്ത് ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിന് സഹായിക്കല്‍ രാഷ്ട്രനിയമം ആയതിനോടൊപ്പം വിശ്വാസപരവും മതപരവുമായ ഒരു ബാദ്ധ്യത കൂടിയാണ്. സഹോദര സമുദായംഗങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കലും കരാറുകള്‍ പാലിക്കലും എന്നും മുസ് ലിംകളുടെ ചിഹ്നമായിരുന്നു. ഇനിയും നമ്മുടെ ചിഹ്നം അതുതന്നെയായിരിക്കണം. ഏതെങ്കിലും വ്യക്തിയോ സംഘടനയോ നടത്തുന്ന ആവേശ-അതിക്രമങ്ങളെ സത്യവിശ്വാസത്തിന്‍റെ ഉള്‍ക്കാഴ്ചയിലൂടെ തിരിച്ചറിഞ്ഞ് സമാധാന നീക്കങ്ങളിലൂടെ തീര്‍ത്തും പരാജയപ്പെടുത്തുക. ഒരിക്കലും നാം ആവേശ അതിക്രമങ്ങളിലേക്ക് ചായാതെ ധര്‍മ്മവും രാജ്യവും സംരക്ഷിക്കുന്നതിന് അചഞ്ചലതയോടെ നിലയുറപ്പിക്കുക. ഇതിലാണ് യഥാര്‍ത്ഥ വിജയം! അന്തസ്സും അഭിമാനവും ഇതില്‍ തന്നെ.
നാം മുസ് ലിംകള്‍ ഇസ് ലാമിക അദ്ധ്യാപനങ്ങളും സ്വഭാവ രീതികളും ശക്തിയുക്തം മുറുകെ പിടിക്കുന്നതിനനുസരിച്ച് അല്ലാഹുവിന്‍റെ സൃഷ്ടികളുടെ ദൃഷ്ടിയില്‍ അന്തസ്സും അഭിമാനവും ഉള്ളവരാകും. ആകയാല്‍ വിശ്വാസ - കര്‍മ്മ സ്വഭാവങ്ങളിലൂടെ നമ്മുടെ പ്രയോജനവും മഹത്വവും സ്ഥാപിക്കാന്‍ നമുക്ക് ശ്രമിക്കാം. അല്ലാഹു തുണയ്ക്കട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

Saturday, April 28, 2018

അപരിചിതര്‍ക്ക് മംഗളാശംസകള്‍.! -മൗലാനാ മുഹമ്മദ് സജ്ജാദ് നുഅ്മാനി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


അപരിചിതര്‍ക്ക് മംഗളാശംസകള്‍.! 
-മൗലാനാ മുഹമ്മദ് സജ്ജാദ് നുഅ്മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/04/blog-post_28.html?spref=tw
ലോകാനുഗ്രഹി മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഇസ് ലാമിന്‍റെ തുടക്കം അപരിചിതമായിരുന്നു. ആരംഭിച്ചതു പോലെ, ആ അപരിചിതത്വം വീണ്ടും ഉണ്ടാകുന്നതാണ്. അപ്പോള്‍ ആ അപരിചിതത്വത്തെ മുറുകെ പിടിക്കുന്നവര്‍ക്ക് മംഗളാശംസകള്‍.! 
സുപ്രസിദ്ധമായ ഒരു നബിവചനമാണിത്. പ്രസ്തുത ഹദീസിന്‍റെ ആശയമിതാണ്. വിശ്വാസ-വീക്ഷണങ്ങളും, സ്വഭാവ-പ്രകൃതികളും ഉദ്ദേശ-ലക്ഷ്യങ്ങളും മാര്‍ഗവും രീതിയും പരിഗണിക്കുമ്പോള്‍ ഇസ് ലാം അതിന്‍റെ പ്രഥമഘട്ടത്തില്‍ ലോകജനതയ്ക്ക് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അശ്രാന്തമായ ത്യാഗപരിശ്രമങ്ങളും അമാനുഷികമായ ശിക്ഷണ-ശീലനങ്ങളും നിമിത്തം ഈ അന്യതയും അപരിചിതത്വവും നീങ്ങുകയും മാലോകര്‍ അതിന്‍റെ പ്രകൃതി രീതികളുമായി ഇണങ്ങിച്ചേരുകയും ചെയ്തു. എന്നാല്‍, കുറെ നാളുകള്‍ക്ക് ശേഷം വീണ്ടും പഴയത് പോലെ ഇസ് ലാമിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളെ സംബന്ധിച്ചിടത്തോളം അന്യവും അപരിചിതവുമായി മാറും. അക്കാലഘട്ടത്തില്‍, അന്യമായി ഗണിക്കപ്പെടുന്ന ഇസ് ലാമിക സ്വഭാവ-രീതികളെ മുറുകെ പിടിക്കുകയും അതുമായി ഒരു മൂലയിലൊതുങ്ങാതെ ജനമധ്യത്തിലിറങ്ങുകയും യഥാര്‍ത്ഥ ഇസ് ലാമിക സ്വഭാവ-രീതികളെ പരത്താനും പ്രചരിപ്പിക്കാനും പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് സര്‍വ്വവിധ മംഗളാശംസകളും നേരുന്നു.!
ഈ നബവീ തിരുമൊഴിയെ മനസ്സില്‍ വെച്ചുകൊണ്ട് ചിന്തിക്കുക.
ഇസ് ലാമിനെക്കുറിച്ചുള്ള അപരിചിതത്വം ഇന്ന് എത്രമാത്രം സര്‍വ്വവ്യാപകമായിരിക്കുന്നു.? പൊതുജനങ്ങള്‍ എന്തെല്ലാമാണ്
ഇസ് ലാമിനെക്കുറിച്ച് ധരിച്ചുവെച്ചിരിക്കുന്നത്.? ഇസ് ലാമിനെയും
മുസ് ലിംകളെയും കുറിച്ച് എന്തെല്ലാം സങ്കല്പങ്ങളാണ് അവര്‍ വെച്ചു പുലര്‍ത്തുന്നത്.? നാം നമ്മുടെ കണ്ണും കാതും മനസ്സും മസ്തിഷ്കവും തുറക്കുകയും നമ്മുടെ ദേശക്കാരായ പൊതുജനങ്ങളുമായി ദിനേനയുള്ള കൂടിക്കാഴ്ചകളിലും യാത്രയ്ക്കിടയിലും മറ്റും സംസാരിക്കുകയും, പത്ര മാസികകള്‍ വായിക്കുകയും ചെയ്യുന്നവരാണെങ്കില്‍ പ്രതിദിനം നമ്മുടെ മുന്നില്‍ ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യം അനാവരണം ചെയ്യപ്പെടുന്നതാണ്. ഇസ് ലാമിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാനരഹിതം എന്നു മാത്രമല്ല, ചിരിപരത്താന്‍ പോലും പര്യാപ്തമായ ആയിരക്കണക്കിന് സങ്കല്പങ്ങള്‍ പൊതുജനമദ്ധ്യേ വേരൂന്നിയിട്ടുണ്ട്. ദിനംപ്രതി അവര്‍ കണ്ടും കേട്ടും പരിചയമുള്ള ആചാരങ്ങളും അനാചാരങ്ങളും പ്രകടനവും മുദ്രാവാക്യവും പ്രശ്നവും പ്രക്ഷോഭവും കലാപവും മറ്റുമായിരിക്കും ഇസ് ലാമെന്ന് കേട്ടാല്‍ അവരുടെ മനോമുകരങ്ങളിലേക്ക് കടന്നുവരുന്നത്. ചേലാകര്‍മ്മം നടത്തുന്നതിനും ഗോമാംസം ഭക്ഷിക്കുന്നതിനും സഹോദരന് സഹോദരിയെ വിവാഹം ചെയ്ത് കൊടുക്കുന്നതിനും പറയുന്ന പേരാണ് ഇസ് ലാമെന്ന് നിര്‍വ്വചിക്കുന്നവരെ ചിലപ്പോള്‍ അവരില്‍ കാണാന്‍ കഴിയും. കടുത്ത ശത്രുക്കള്‍, രാഷ്ട്രവഞ്ചകര്‍, രാജ്യദ്രോഹികള്‍, വിദേശാക്രമികള്‍, സ്വന്തം അവകാശത്തിനു മാത്രം സദാ സമരം നടത്തുന്നവര്‍, അറബിപ്പണം കൊണ്ട് നമ്മുടെ സാംസ്കാരിക-പൈതൃകങ്ങളെ വിപാടനം ചെയ്യാന്‍ ശ്രമിക്കുന്നവര്‍.... എന്നിങ്ങനെയായിരിക്കും മുസ് ലിംകളെക്കുറിച്ച് അവരുടെ മസ്തിഷ്കങ്ങളില്‍ കുത്തിവെയ്ക്കപ്പെട്ടിരിക്കുന്ന വികാരങ്ങള്‍.
ചുരുക്കത്തില്‍, ഇസ് ലാമെന്നാല്‍ തനിമയാര്‍ന്ന ഒരു അനുഗ്രഹീത സന്ദേശവും വിജയപദ്ധതിയുമായി കാണാനും ആ വഴിയില്‍ ചിന്തിക്കാനും അവസരം നല്‍കുന്ന ഒരു കാര്യവും ആ ജനങ്ങളുടെ മുന്നില്‍ വന്ന് കാണുകയില്ല. സര്‍വ്വോപരി, ഈ വഴിയില്‍ ചിന്തിക്കുകയും, സദ്സ്വഭാവം, മനുഷ്യസ്നേഹം, നിഷ്കളങ്കത, മാനസികവ്യഥ, സംശുദ്ധമായ കര്‍മ്മരീതി, സത്യസന്ധത, നീതിനിഷ്ട, സദ്ഭാവന, സഹാനുഭൂതി... തുടങ്ങിയ സദ്ഗുണങ്ങളുടെ മുദ്ര മനസ്സില്‍ പതിപ്പിച്ച് കഴിയുന്ന മുസ് ലിംകളുമായി ബന്ധപ്പെടാനും സാധിച്ചിരിക്കില്ല.
അമുസ് ലിംകളുടെ കാര്യമിരിക്കട്ടെ, മുസ് ലിംകളിലേക്ക് തന്നെ നാം കണ്ണോടിച്ചാല്‍ നമ്മില്‍ ബഹുഭൂരിപക്ഷവും ഇസ് ലാമിന്‍റെ യഥാര്‍ത്ഥ പ്രകൃതി-രീതികളുമായി ഇണക്കമില്ലാത്തവരാണെന്ന കാര്യം നമുക്ക് മനസ്സിലാകും. അല്ലാഹുവിന്‍റെ ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിന്‍റെയും ഇസ് ലാമിന്‍റെ തേരാളിയായ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുവചനങ്ങളുടെയും വെളിച്ചത്തില്‍ നാം അവരോട് ഇങ്ങനെ പറഞ്ഞ് നോക്കുക; ഇന്നത്തെ അവസ്ഥയില്‍ ക്ഷമയും സഹനതയും മുറുകെ പിടിക്കുകയാണ് വേണ്ടത്. നാം ഭ്രാന്തിനെ ഭ്രാന്ത് കൊണ്ട് നേരിടുന്നതിന് പകരം വിവേകവും വിവരവും കൊണ്ട് നേരിടുകയും നമ്മുടെ മനസ്സുകളില്‍ വികാരാവേശങ്ങളെ നിയന്ത്രിച്ച് നിറുത്താനുള്ള ശേഷി ഉണ്ടാക്കിയെടുക്കുകയും വേണം. നാം നമ്മുടെ സമയവും ജീവനും സമ്പത്തും സുഖാഢംബരങ്ങളിലായി മാത്രം ചിലവഴിക്കുന്നതിന് പകരം ഒരു നവനൂതനയുഗം കെട്ടിപ്പടുക്കുന്നതിനും പൊതു പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചെലവഴിച്ച് ശീലിക്കേണ്ടതുണ്ട്. വിദ്വേഷത്തെ അന്ധമായ വിദ്വേഷം കൊണ്ട് നേരിടുന്നതിന് പകരം, നീതിനിഷ്ഠയും സത്യസന്ധതയും തന്ത്രജ്ഞതയും കൊണ്ട് നേരിടണം. പ്രകോപനപ്രവര്‍ത്തനങ്ങളില്‍ പ്രകോപിതരാകാതെ ബുദ്ധിയും ബോധവും നിലനിറുത്തണം. മസ്ജിദുകളെ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൊണ്ടുമാത്രം അലങ്കരിക്കുന്നതിലും നമസ്കാരം നിലനിറുത്തുന്നതിലും നമസ്കാരം പഠിപ്പിക്കുന്ന ഉന്നത ഗുണവിശേഷണങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കുന്നതിലും ശ്രദ്ധിക്കണം. നാശകരമായ പരിണിതികളിലേക്ക് നയിക്കുവാന്‍ പര്യാപ്തമായ ആഹ്വാനങ്ങളെ തിരസ്കരിക്കണം...
ഇത്തരം കാര്യങ്ങള്‍ നാം അവരോട് പറഞ്ഞാല്‍ എന്തെല്ലാം അനുഭവങ്ങളുണ്ടാകുമെന്നും എന്തെല്ലാം അത്ഭുത പ്രതികരണങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്നും അല്ലാഹുവിനു തന്നെ അറിയാം. പൊതുജനങ്ങള്‍ മാത്രമല്ല, പ്രധാനികള്‍ പോലും ഇസ്ലാമിന്‍റെ പ്രകൃതി രീതികളില്‍ നിന്നും എത്ര അകന്നു കഴിയുകയാണെന്നും അല്ലാഹുവിനെക്കുറിച്ച് ബോധമില്ലാത്ത നേതാക്കളുടെ പ്രകൃതിയുമായി എത്ര അടുത്തവരാണെന്നും നമുക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും.
പക്ഷെ, ഒരുകാര്യം ഓര്‍ക്കുക; ഇത്തരം അവസ്ഥാ-വിശേഷങ്ങള്‍ക്കിടയില്‍ ശരിയായ ഇസ് ലാമിക സ്വഭാവ-രീതികളില്‍ അടിയുറച്ച് നില്‍ക്കുകയും അതിനെ സര്‍വ്വവ്യാപകമാക്കാന്‍ നിഷ്കളങ്കമായ ത്യാഗ-പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നവരെക്കുറിച്ചാണ് ലോകനായകന്‍ തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സത്യസന്ധമായ നാവില്‍ നിന്നും - തുടക്കത്തില്‍ സൂചിപ്പിക്കപ്പെട്ട മഹോന്നതമായ മംഗളാശംസ പുറപ്പെട്ടിട്ടുള്ളത്.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?* 

Friday, April 27, 2018

പ്രവാചക പരിസമാപ്തി : ഒരു ലഘുപരിചയം.! -മുഹമ്മദ് ശരീഫ് കൗസരി


പ്രവാചക പരിസമാപ്തി : 
ഒരു ലഘുപരിചയം.! 
-മുഹമ്മദ് ശരീഫ് കൗസരി
http://swahabainfo.blogspot.com/2018/04/blog-post_27.html?spref=tw
അല്ലാഹുവിന്‍റെ കോടാനുകോടി സൃഷ്ടികളില്‍ ഏറ്റവും ഉല്‍കൃഷ്ടനായ സൃഷ്ടി മനുഷ്യന്‍ തന്നെ.! ലോകത്തുള്ള മുഴുവന്‍ സൃഷ്ടികളും ഒരു നിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍ മനുഷ്യന് വേണ്ടിയുള്ളതാണ്. ഉത്തമ സൃഷ്ടിയായ മനുഷ്യനോ, അല്ലാഹുവിന് വേണ്ടിയും.
മനുഷ്യന്‍ പ്രധാനമായും രണ്ട് ഘടകങ്ങളുടെ സമ്മിശ്രമാണ്. ഒന്ന്, പ്രപഞ്ച വസ്തുക്കളാല്‍ കൂട്ടിയിണക്കപ്പെട്ട ഭൗതിക ശരീരം. രണ്ട്, അല്ലാഹുവിന്‍റെ അത്ഭുത സൃഷ്ടിയായ അഭൗതികമായ ആത്മാവ്. ഇതില്‍ പ്രധാനം ആത്മാവ് തന്നെയാണ്. ശരീരത്തിനും അതിന്‍റെതായ സ്ഥാനമുണ്ട്. പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും ഉപയോഗിച്ചാല്‍ ശരീരത്തിന്‍റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാം. എന്നാല്‍ ആത്മാവിന്‍റെ വളര്‍ച്ചയും ശക്തിയും ഭൗതിക വസ്തുക്കളുമായി ബന്ധപ്പെട്ടതല്ല. അത് അല്ലാഹുവില്‍ നിന്നും വന്നത് കൊണ്ട് തന്നെ അതിന്‍റെ വളര്‍ച്ചയ്ക്കാവശ്യമായ വസ്തുക്കള്‍ അല്ലാഹുവില്‍ നിന്ന് മാത്രം വരേണ്ടതാണ്. അത് എന്തൊക്കെയാണെന്ന് നമ്മെ ഓരോരുത്തരെയും ഓരോ സന്ദര്‍ഭത്തില്‍ പ്രത്യേകം പ്രത്യേകം അറിയിക്കല്‍ പ്രായോഗികമല്ല. അതിനായി കാലാകാലങ്ങളില്‍ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചുകൊണ്ടിരുന്നു. അവര്‍ക്ക് അല്ലാഹു ദിവ്യസന്ദേശങ്ങളും നല്‍കിക്കൊണ്ടിരുന്നു.
ആ പ്രവാചക പരമ്പരയുടെ തുടക്കം ആദം നബി (അലൈഹിസ്സലാം) യില്‍ നിന്നുമാണ്. അതിന്‍റെ പര്യവസാനം മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളിലൂടെയുമാണ്. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ ഒരു റസൂലായി അംഗീകരിച്ചാല്‍ മാത്രം ഒരാള്‍ മുസ്ലിം ആകുകയില്ല. മറിച്ച് റസൂലാണെന്ന് അംഗീകരിക്കുന്നതിനോടൊപ്പം അവസാനത്തെ നബിയാണെന്ന് കൂടി ഉറപ്പിച്ചും തറപ്പിച്ചും വിശ്വസിക്കണം.
ആദം നബി (അ) മുതല്‍ ഈസാ നബി (അ) വരെയുള്ള പ്രവാചകന്മാര്‍ ഓരോ കാലഘട്ടത്തിനും ദേശത്തിനും വേണ്ടിയായിരുന്നു. എന്നാല്‍ മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രവാചകത്വം ഏതെങ്കിലും കാലത്തിനോ ദേശത്തിനോ മാത്രം പ്രത്യേകമായതല്ല. തങ്ങളുടെ ധാരാളം പ്രത്യേകതകളില്‍ പെട്ട ഒരു വലിയ പ്രത്യേകതയാണ് ലോകത്തിലുള്ള എല്ലാ മനുഷ്യര്‍ക്ക് വേണ്ടിയും എന്നെന്നേക്കുമായും നിയോഗിക്കപ്പെട്ടു എന്നുള്ളത്.
ഇനിയും പുതുതായി പ്രവാചകന്മാര്‍ വന്നുകൊണ്ടേയിരിക്കുമെങ്കില്‍ - ഇന്നേ ദിവസം നിങ്ങളുടെ മതത്തെ നിങ്ങള്‍ക്ക് ഞാന്‍ സമ്പൂര്‍ണമാക്കി - എന്ന അല്ലാഹുവിന്‍റെ പ്രഖ്യാപനത്തിന് ഒരു അര്‍ത്ഥവും ഉണ്ടാകുകയില്ല. അതേ പോലെ - നിങ്ങള്‍ ഉത്തമ സമുദായമാണ് (3-110), നിങ്ങളെ നാം മധ്യമ സമുദായമാക്കിയിരിക്കുന്നു (2- 143), തുടങ്ങിയ പ്രസ്താവനകളെല്ലാം അസ്ഥാനത്തായി പോകുന്നതാണ്. മാത്രവുമല്ല, വളരെ കൃത്യമായി അളന്നുതൂക്കി വിശ്വാസ കാര്യങ്ങള്‍ പറയുന്ന ഖുര്‍ആന്‍, ശേഷം വരുന്ന പ്രവാചകനെ സംബന്ധിച്ച് വ്യക്തമായോ പരോക്ഷമായോ സൂചിപ്പിക്കുക പോലും ചെയ്യാത്തത് ഖുര്‍ആനിന്‍റെ ഏറ്റവും വലിയ ന്യൂനതയായി (നഊദു ബില്ലാഹ്) കണക്കാക്കപ്പെടുകയും ചെയ്യും.
താങ്കള്‍ക്കും താങ്കളുടെ മുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രേ അവര്‍. (ബഖറ-3) മുഹമ്മദ് നബി ഒരു പ്രവാചകനാണ്. തങ്ങള്‍ക്ക് മുമ്പ് ദൂതന്മാര്‍ കഴിഞ്ഞുകടന്നിട്ടുണ്ട്. (3-144) എന്നീ ആയത്തുകളിലൂടെയൊക്കെ അല്ലാഹു കഴിഞ്ഞു പോയ നബിമാരെക്കുറിച്ച് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുമ്പോള്‍ ശേഷം ആരെങ്കിലും വരാനുണ്ടായിരുന്നുവെങ്കില്‍ അവരെ കുറിച്ച് എന്ത് കൊണ്ട് പ്രസ്താവിച്ചില്ല.? മുന്‍കാല വേദഗ്രന്ഥങ്ങളിലൊക്കെ ശേഷമുള്ള പ്രവാചകന്മാരെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് മനസ്സിലാക്കുമ്പോള്‍ ഖുര്‍ആനിലും ആ പരാമര്‍ശം ഒഴിവാക്കപ്പെടാന്‍ പറ്റാത്തതാണെന്ന കണ്ടെത്തല്‍ പുതിയ കണ്ടുപിടിത്തമാകുന്നതെങ്ങനെ.?
മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളിലൂടെ പ്രവാചകത്വ പരിസമാപ്തി കുറിക്കപ്പെട്ടു എന്നറിയിക്കുന്ന ധാരാളം ആയത്തുകളും ഹദീസുകളും തെളിവായിട്ടുണ്ട്.
1. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിങ്ങളില്‍ പെട്ട ഒരു പുരുഷന്‍റെയും പിതാവല്ല. മറിച്ച് അല്ലാഹുവിന്‍റെ റസൂലും അന്ത്യപ്രവാചകനുമാകുന്നു. (അല്‍ അഹ്സാബ്-40)
2. അല്ലാഹു നബിമാരില്‍ നിന്നും ഇപ്രകാരം കരാര്‍ വാങ്ങിയ സന്ദര്‍ഭം: ഞാന്‍ നിങ്ങള്‍ക്ക് വേദവും തത്വജ്ഞാനവും നല്‍കുകയും ശേഷം നിങ്ങളോടൊപ്പമുള്ളതിനെ ശരിവയ്ക്കുന്ന ഒരു ദൂതന്‍ നിങ്ങളിലേക്ക് വരികയും ചെയ്താല്‍ നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും വേണം. അല്ലാഹു ചോദിച്ചു: ഈ വിഷയത്തില്‍ എന്‍റെ കരാറിനെ നിങ്ങള്‍ സ്വീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നുണ്ടോ.? അവര്‍ പറഞ്ഞു: ഞങ്ങള്‍ സമ്മതിക്കുന്നു. അല്ലാഹു പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ സാക്ഷിയായിക്കൊള്ളുക. ഞാനും നിങ്ങളോടൊപ്പം സാക്ഷ്യം വഹിക്കുന്നവരില്‍ പെട്ടവനാകുന്നു. (ആലുഇംറാന്‍-81)
3. ഇന്നേ ദിവസം നിങ്ങളുടെ മതത്തെ നിങ്ങള്‍ക്ക് ഞാന്‍ സമ്പൂര്‍ണമാക്കി, നിങ്ങളുടെമേല്‍ എന്‍റെ അനുഗ്രഹത്തെ പൂര്‍ത്തീകരിച്ചു. ഇസ്ലാമിനെ മതമായി നിങ്ങള്‍ക്ക് ഞാന്‍   തൃപ്തിപ്പെട്ടു നല്‍കി. (മാഇദ-3)
മുന്‍പുള്ള നബിമാരെല്ലാം അവരുടെ സമുദായങ്ങള്‍ക്ക് ഇനിയും പ്രവാചകന്മാര്‍ വരുമെന്ന് അറിയിച്ചിരുന്നു. ആ        വിഷയത്തില്‍ ഖുര്‍ആനിന്‍റെ പ്രയോഗം തന്നെ റുസുല്‍ (പ്രവാചകന്മാര്‍) എന്നാണ്. സൂറത്തുല്‍ ഹദീദില്‍ ഇപ്രകാരം കാണാം: ശേഷം അവരുടെ (നൂഹ് നബിക്കും ഇബ്റാഹീം നബിക്കും) പിന്നില്‍ നമ്മുടെ ദൂതന്മാരെ തുടരെ അയച്ചു (ഹദീദ് 27). എന്നാല്‍ ഈസാ നബി (അ) തനിക്ക് ശേഷം വരാനുള്ള ഒരൊറ്റ റസൂലിനെ കുറിച്ചാണ് വാര്‍ത്ത അറിയിച്ചത്. നോക്കുക: ബനൂഇസ്റാഈലെ, ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ ദൂതനാണ്. എനിക്ക് മുമ്പുള്ള തൗറാത്തിനെ ശരിവെയ്ക്കുന്നവനാണ്. എനിക്ക് ശേഷം വരാനുള്ള അഹ്മദ് എന്ന് പേരായ ഒരു ദൂതനെ കുറിച്ച് സന്തോഷവാര്‍ത്ത നല്‍കുന്നവനുമാണ് (സ്വഫ്ഫ്-6) ഈ ഒരു വ്യത്യാസം തന്നെ വ്യക്തമായ തെളിവാണ്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പുണ്യ ഹദീസുകള്‍ കൂടി പരിശോധിക്കാം.
1. എന്‍റെയും മുന്‍കാല പ്രവാചകന്മാരുടെയും ഉപമ ഇപ്രകാരമാണ്. ഒരാള്‍ ഒരു വീട് പണിയുകയും അതിന്‍റെ ഒരു ഭാഗത്ത് ഒരു ഇഷ്ടിക ഒഴിച്ച് ബാക്കിയെല്ലാം വളരെ സുന്ദരവും സമ്പൂര്‍ണ്ണവുമാക്കി. ജനങ്ങള്‍ ചുറ്റിനടന്ന് അതിന്‍റെ ഭംഗി    ആസ്വദിച്ചുകൊണ്ട് പറഞ്ഞു: ഈ ഒരു ഇഷ്ടിക കൂടി വെക്കപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. (ഞാനാണ് ആ ഇഷ്ടിക) ശേഷം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) സംശയത്തിന് അവകാശമില്ലാത്തവിധം പറഞ്ഞു: ഞാനാണ് അന്ത്യ പ്രവാചകന്‍. (ബുഖാരി)
2. ഇസ്റാഈല്‍ ജനതയിലെ നേതൃത്വം പ്രവാചകന്‍മാര്‍ക്ക് തന്നെയായിരുന്നു. ഒരു നബി ദുന്‍യാവില്‍ നിന്നും വിട പറയുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ സ്ഥാനത്ത് പിന്‍ഗാമിയായി മറ്റൊരു നബി ആഗതനാകുമായിരുന്നു. എന്നാല്‍ എനിക്ക് ശേഷം ഒരു നബിയും ഇല്ല, മറിച്ച് ഖലീഫമാര്‍ ധാരാളമുണ്ടാകും.
3. സൗബാന്‍ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി : എന്‍റെ സമുദായത്തില്‍ 30 കള്ളവാദികള്‍ ഉടലെടുക്കുന്നതാണ്. അവരില്‍ എല്ലാവരും നബിയാണെന്ന് വാദിക്കും. എന്നാല്‍ ഞാന്‍ അന്ത്യപ്രവാചകനാണ്. എനിക്ക് ശേഷം ഒരു നബിയും ഇല്ല.
ചുരുക്കത്തില്‍, മുന്‍കാല സമൂഹങ്ങളെ പോലെ പ്രവാചകന്മാരെ കാത്തിരിക്കേണ്ട ആവശ്യം നമുക്കില്ല. ആയതിനാല്‍ പ്രവാചകത്വം വാദിക്കാന്‍ നാം ആരെയും അനുവദിക്കുകയുമില്ല. അത്തരം വാദികള്‍ക്കെതിരില്‍ നാം സകല ശക്തിയുമുപയോഗിച്ച് നിലകൊള്ളുകയും ചെയ്യും. പ്രവാചകത്വ പരിസമാപ്തി വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ.!
(ലേഖകന്‍: തൊടുപുഴ, മുഹമ്മദ് ശരീഫ് മൗലവി കൗസരി കാഷിഫി ബിന്‍ ഫരീദ്. കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യയിലെ പ്രധാന ഉസ്താദ്, തഹഫ്ഫുസെ ഖത്മുന്നുബുവ്വത്ത് കേരള ഘടകം പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരള ഘടകം വൈസ് പ്രസിഡന്‍റ്, തൊടുപുഴ ജാമിഅ ഇബ്നു മസ്ഊദ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനങ്ങള്‍ അനുഷ്ഠിക്കുന്നു.)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...