ശഅ്ബാന്‍ മാസത്തിലെ നോമ്പുകള്‍.!
-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/04/blog-post_26.html?spref=tw
ആഇശ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) (ചില സന്ദര്‍ഭങ്ങളില്‍) തുടര്‍ച്ചയായി നോമ്പനുഷ്ഠിച്ചിരുന്നു. തിരുദൂതര്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇനി ഒരിക്കലും ഇത് അവസാനിപ്പിക്കുകയില്ലെന്ന് ഞങ്ങള്‍ വിചാരിക്കുവോളം അത് നീട്ടിയിരുന്നു. എന്നാല്‍ (മറ്റുചിലപ്പോള്‍ നേര്‍വിപരീതമായി) ദിവസങ്ങളോളം നോമ്പ് ഉപേക്ഷിക്കുമായിരുന്നു. തിരുദൂതര്‍ ഇനി നോമ്പ് അനുഷ്ഠിക്കുകയില്ലെന്ന് ഞങ്ങള്‍ കരുതുവോളം അപ്രകാരം കഴിയുമായിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) റമദാനിലൊഴികെ മറ്റൊരു മാസവും പൂര്‍ണ്ണമായി നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശഅ്ബാന്‍ മാസത്തേക്കാളധികം നഫ്ല്‍ നോമ്പുകള്‍ മറ്റൊരു മാസത്തില്‍ അനുഷ്ഠിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല. (ബുഖാരി, മുസ്ലിം)
ഹദീസിന്‍റെ ആദ്യ ഭാഗത്ത് നിന്നും മനസ്സിലാകുന്നത്, നഫ്ല്‍ നോമ്പുകള്‍ അനുഷ്ഠിക്കുന്നതില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് കൃത്യമായ പതിവുണ്ടായിരുന്നില്ല എന്നാണ്. ചിലപ്പോള്‍ ഇടവേളയില്ലാതെ തുടര്‍ച്ചയായി നോമ്പനുഷ്ഠിച്ചിരുന്നു. മറ്റ് ചിലപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങള്‍ നോമ്പില്ലാതെ കഴിഞ്ഞിരുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ പിന്‍പറ്റുന്നത് ആര്‍ക്കും പ്രയാസകരമാകരുതെന്നും ഓരോരുത്തര്‍ക്കും സ്വന്തം കഴിവിന് അനുയോജ്യമായ ഭാഗത്ത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ മാതൃതകയാക്കാന്‍ അവസരം ലഭിക്കണമെന്നതുമായിരുന്നു ഇതിന്‍റെ ഉദ്ദേശം.
ഹദീസിന്‍റെ രണ്ടാം ഭാഗത്ത് പറയപ്പെട്ടിരിക്കുന്നത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു മാസം പൂര്‍ണ്ണമായി നോമ്പ് അനുഷ്ഠിക്കുന്നത് റമദാനിലെ നിര്‍ബന്ധമായ നോമ്പുകള്‍ മാത്രമായിരുന്നുവെന്നും ശഅ്ബാനില്‍ മറ്റ് മാസങ്ങളേക്കാള്‍ കൂടുതല്‍ നഫ്ല്‍ നോമ്പുകള്‍ അനുഷ്ഠിച്ചിരുന്നുവെന്നുമാണ്. മറ്റൊരു നിവേദനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഏകദേശം ശഅ്ബാന്‍ പൂര്‍ണ്ണമായി നോമ്പ് അനുഷ്ഠിച്ചിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് നോമ്പ് ഉപേക്ഷിച്ചിരുന്നത്.
ശഅ്ബാനില്‍ സുന്നത്ത് നോമ്പുകള്‍ വര്‍ദ്ധിപ്പിച്ചതിന് പല കാരണങ്ങളും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ചിലത് ഹദീസുകളില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉസാമ ബിന്‍ സൈദ് (റ) ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇപ്രകാരം മറുപടി അരുളി: അല്ലാഹുവിന്‍റെ സന്നിധിയില്‍ അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിക്കപ്പെടുന്ന മാസമാണ് ശഅ്ബാന്‍. ഞാന്‍ നോമ്പുകാരനായിരിക്കെ എന്‍റെ പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിക്കപ്പെടാന്‍ ഞാനിഷ്ടപ്പെടുന്നു.
ആഇശ (റ) വിവരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെടുന്നവരുടെ പട്ടിക മലക്കുല്‍ മൗത്തിനെ ഏല്‍പ്പിക്കപ്പെടുന്നത് ശഅ്ബാനിലാണ്. തന്‍റെ വഫാത്തിനെ സംബന്ധിച്ച തീരുമാനം കൈമാറപ്പെടുമ്പോള്‍, താന്‍ നോമ്പുകാരനായിരിക്കണമെന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ആഗ്രഹിച്ചിരുന്നു. അതിനാലാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശഅ്ബാനില്‍ അധികമായി നോമ്പനുഷ്ഠിച്ചിരുന്നത്.
ഇത് കൂടാതെ റമദാനിന്‍റെ സാമീപ്യം, അതിന്‍റെ പ്രകാശ-ഐശ്വര്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുവാനുള്ള അതിയായ ആഗ്രഹം എന്നിവയും ഒരു ഘടകമായിരുന്നു. ഫര്‍ള് നമസ്കാരങ്ങളോട് അതിന് മുമ്പ് നിര്‍വ്വഹിക്കപ്പെടുന്ന സുന്നത്ത് നമസ്കാരങ്ങള്‍ക്കുള്ള ബന്ധം തന്നെയാണ് ശഅ്ബാനിലെ നോമ്പുകള്‍ക്ക് റമദാനിലെ നോമ്പുകളുമായുള്ളത്. ഇപ്രകാരം ഫര്‍ള് നമസ്കാരങ്ങള്‍ക്ക് ശേഷമുള്ള സുന്നത്ത് നമസ്കാരങ്ങള്‍ പോലെയാണ് റമദാനിന് ശേഷമുള്ള ശവ്വാലിലെ ആറ് നോമ്പുകളും.
ശഅ്ബാന്‍ പതിനഞ്ചിന്‍റെ നോമ്പ്.
അലിയ്യ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ശഅ്ബാന്‍ പതിനഞ്ചാം രാവ് എത്തിയാല്‍ അതിന്‍റെ രാത്രി കൂടുതലായി നമസ്കരിക്കുകയും പകല്‍ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുക. കാരണം, അന്ന് സൂര്യന്‍ അസ്തമിക്കുന്നതോടെ അല്ലാഹുവിന്‍റെ പ്രത്യേക ശോഭ ഒന്നാം ആകാശത്തേക്ക് ഇറങ്ങിവന്ന് ചോദിക്കും: പാപങ്ങള്‍ക്ക് മാപ്പ് ചോദിക്കുന്നവരുണ്ടോ.? എങ്കില്‍ ഞാന്‍ അവ മാപ്പാക്കിത്തരാം. ജീവിത വിഭവങ്ങള്‍ ആവശ്യപ്പെടുന്നവരുണ്ടോ.? എങ്കില്‍ ഞാനത് നല്‍കാം. പ്രയാസങ്ങളില്‍ അകപ്പെട്ട ആരെങ്കിലും എന്നില്‍ നിന്നും സൗഖ്യം ചോദിക്കുന്നുണ്ടോ.? ഞാന്‍ അവ നീക്കിത്തരാം. ഇങ്ങനെ സൂര്യാസ്തമയം മുതല്‍ പ്രഭാതം ഉദിക്കുന്നത് വരെ അല്ലാഹു വ്യത്യസ്ത ആവശ്യക്കാരെ വിളിച്ച് ചോദിച്ചുകൊണ്ടിരിക്കുന്നതാണ്. (ഇബ്നുമാജ)
ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഭൂരിഭാഗം ഇസ്ലാമിക പ്രദേശങ്ങളിലും ശഅ്ബാന്‍ പതിനഞ്ചിന് നോമ്പ് അനുഷ്ഠിക്കുന്ന പതിവ് നിലനില്‍ക്കുന്നു. എന്നാല്‍ നിവേദക പരമ്പര നോക്കുമ്പോള്‍ ഈ ഹദീസ് അങ്ങേയറ്റം ളഈഫാണെന്നതില്‍ മുഹദ്ദിസുകള്‍ ഏകാഭിപ്രായക്കാരാണ്. ഈ ഹദീസിന്‍റെ റാവികളില്‍പ്പെട്ട അബൂബക്ര്‍ ബിന്‍ അബ്ദില്ല, ഹദീസുകള്‍ കെട്ടിച്ചമക്കുന്ന ആളാണെന്ന് ഇമാമുകള്‍ പറഞ്ഞിട്ടുണ്ട്.
ശഅ്ബാന്‍ പതിനഞ്ചിലെ നോമ്പിനെക്കുറിച്ച് ഉപരിസൂചിത ഹദീസ് മാത്രമാണ് ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ അന്നത്തെ രാത്രി, ഇബാദത്തുകളിലും ദുആയിലും മുഴുകണമെന്ന് പറയപ്പെടുന്ന ഒന്നിലധികം ഹദീസുകള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്. അവയില്‍ ഒന്ന് പോലും മുഹദ്ദികളുടെ മാനദണ്ഡമനുസരിച്ച് പരിഗണനീയമല്ല. എന്നാല്‍ വ്യത്യസ്ത സ്വഹാബികളില്‍ നിന്നും വ്യത്യസ്ത സനദുകളോടെ വന്ന ഹദീസുകളായതിനാല്‍ അവയ്ക്ക് എന്തെങ്കിലുമൊരു അടിസ്ഥാനം ഇല്ലാതിരിക്കുകയില്ല എന്ന് ഇബ്നുസ്വലാഹിനെ പോലെയുള്ള മഹാന്മാരായ മുഹദ്ദിസുകള്‍ എഴുതിയിരിക്കുന്നു. (കൂടുതല്‍ വിവരണത്തിന്
മആരിഫുല്‍ ഹദീസ് എന്ന ഗ്രന്ഥം പാരായണം ചെയ്യുക.)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment