Wednesday, April 18, 2018

ഖാദിയാനീ ഫിത് നയുടെ നേതാവ്, മിര്‍സയുടെ കളവുകള്‍.! - ബാദുഷാഹ് ഹസനി ഖാസിമി





ഖാദിയാനീ ഫിത് നയുടെ നേതാവ്,
മിര്‍സയുടെ കളവുകള്‍.! 
- ബാദുഷാഹ് ഹസനി ഖാസിമി 
http://swahabainfo.blogspot.com/2018/04/blog-post27.html?spref=tw

സര്‍വ്വ സമൂഹത്തിന്‍റെയും സന്മാര്‍ഗ്ഗ സമുദ്ധാരണത്തിനായി സര്‍വ്വേശ്വരനായ സ്രഷ്ടാവ് സജ്ജീകരിച്ച  സുന്ദരവും സംശുദ്ധവുമായ ശൃംഖലയാണ് പ്രവാചകത്വശൃംഖല. ലോകജനതയില്‍ ഏറ്റവും ഉള്‍കൃഷ്ടരായ വിഭാഗം.!  സ്വഭാവത്തില്‍, മഹത്വത്തില്‍ അവര്‍ക്കു തുല്യമായി ഒരാളും ഭൂമിയുടെ മടിത്തട്ടില്‍ പിറന്നുവീണിട്ടില്ല. അവരുടെ രഹസ്യവും പരസ്യവും സുന്ദരം.! ബാല്യം മുതല്‍ വിയോഗം വരെയും അനുകരണയോഗ്യം.! ജീവിതത്തിന്‍റെ നിഖില മേഖലയും സത്യം നിറഞ്ഞത്.! ലോകത്ത് കുറ്റമറ്റ തുല്യതയില്ലാത്ത വ്യക്തിത്വം കാഴ്ചവെക്കാന്‍ സാധിച്ചവര്‍.!
നിയോഗത്തിനു മുമ്പും പിമ്പും ആര്‍ക്കും വിമര്‍ശനത്തിന്‍റെ വിരലുയര്‍ത്താന്‍ പഴുതില്ലാത്ത നിലയില്‍ പാപക്കറകളില്‍ നിന്നും അശ്ലീലതകളില്‍ നിന്നും, അധര്‍മ്മത്തിന്‍റെ അഴുക്കുചാലുകളില്‍ നിന്നും തീര്‍ത്തും  മുക്തമായ ജീവിതത്തിന്‍റെ വക്താക്കള്‍!. ഇതാണ് നുബുവ്വത്ത് രിസാലത്ത് എന്ന പരിശുദ്ധമായ സ്ഥാനം.
അതെ, അല്ലാഹുവിനറിയാം ഈ വിശുദ്ധസ്ഥാനം ഏത് വിശുദ്ധവ്യക്തികളില്‍ നിക്ഷേപിക്കണമെന്ന്. ഇവിടെയാണ് അഷ്റഫുല്‍ ഹല്‍ഖിന് 1300 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബില്‍ ജനിച്ച മുസൈലിമയായ മിര്‍സയുടെ ജീവിതം പ്രസക്തമാകുന്നത്.
നബി, റസൂല്‍, മസീഹ്, മഹ്ദി തുടങ്ങി 200 ല്‍ പരം വാദങ്ങളുമായി കടന്നുവന്ന ഈ വ്യക്തിയെ ഖുര്‍ആനും ഹദീസിനും മുമ്പായി നീതിയുടെ തുലാസില്‍ തൂക്കപ്പെടുകയാണ്. തന്‍റെ ഇത്ര വര്‍ഷത്തെ ജീവിത യാത്രയില്‍ വ്യത്യസ്ത വാദങ്ങളുടെ തേരിലേറി അനര്‍ഹമായ 'പുണ്യപദവി' നേടാനുള്ള നെട്ടോട്ടത്തിനിടയില്‍ പ്രവാചകന്‍ പോയിട്ട് ഒരു നല്ല മനുഷ്യന്‍റെ മാതൃകയെങ്കിലും കാഴ്ച വെയ്ക്കാന്‍ മിര്‍സക്ക് സാധിച്ചിട്ടുണ്ടോ എന്ന് ആദ്യം തീരുമാനിക്കപ്പെടട്ടെ, പിന്നെയല്ലേ നുബുവ്വത്തും മസീഹിയത്തും.!
സത്യം മനസ്സിലാക്കാനായി വഴിതെറ്റിപ്പോകാതിരിക്കാന്‍ മിര്‍സയുടെ ജീവിതം ഒരു തുറന്ന പുസ്തകമായി അല്ലാഹു നമ്മുടെ മുന്നില്‍ ബാക്കിയാക്കി. പ്രവാചകന്‍മാരുടെ ഉന്നതമായ ഗുണങ്ങളില്‍ പ്രധാനമാണ് സിദ്ഖ്           (സത്യം) പറയല്‍. എതിര്‍ ഭാഗത്ത് കദിബ് (കള്ളം പറയലും). കളവ് പറയല്‍ ഒരു പ്രവാചകനെന്നല്ല ഒരു സാധാരണ സത്യ വിശ്വാസിക്കുപോലും യോജിച്ചതല്ല എന്ന് ശരീഅത്ത് പഠിപ്പിക്കുന്നു. കളവിനെക്കുറിച്ച് അല്ലാഹു പറയുന്നു.   "കള്ളം പറയുന്ന കക്ഷിയുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ടായിരിക്കാന്‍ നമുക്ക് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കാം." (ആലുഇംറാന്‍: 61) "അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമക്കുന്നത്." (നഹ്ല്‍:105) റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി; കപട വിശ്വാസികളുടെ അടയാളം മൂന്നാകുന്നു. സംസാരിച്ചാല്‍ കളവ് പറയുക, വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, വിശ്വസിച്ചാല്‍ വഞ്ചിക്കുക. (ബുഖാരി)
ഇനി കളവിന്‍റെ വിഷയത്തില്‍ മിര്‍സാ എന്തു പറയുന്നുവെന്ന് നോക്കാം.
"കളവ് പറയല്‍ മൂര്‍തദ്ദ് ആകുന്നതിലും താഴെയല്ല." (റൂഹാനി 407)
"കളവ് പറയുന്നതും കാഷ്ടം ഭുജിക്കുന്നതും തുല്ല്യമാണ്" (ഹഖീഖത്തുല്‍വഹിയ്-206)
"ഒരു കാര്യത്തില്‍ ഒരാള്‍ കള്ളനാണെന്ന് സ്ഥിരപ്പെട്ടാല്‍ പിന്നെ അവന്‍റെ മറ്റു വാക്കുകളിലും പരിഗണന നഷ്ടപ്പെടും."(ഹഖീഖത്തുല്‍വഹിയ്)
"കളവാകുന്ന ശവത്തെ ഒരു നിലക്കും ഉപേക്ഷിക്കാതിരിക്കല്‍ മനുഷ്യന്‍റെയല്ല നായ്ക്കളുടെ സ്വഭാവമാണ്."(റൂഹാനീ  11-43, ഖുദാകാഫയ്സലി-43)
കളവിന്‍റെ വിഷയത്തില്‍ ഇത്രയധികം വാചാലനായ മിര്‍സാ സ്വയം തന്നെ കളവിന്‍റെ ആള്‍രൂപമായി മാറുകയാണ്. കളവിന്‍റെ ആധിക്യം മിര്‍സായെ പ്രവാചകന്‍റെയല്ല ഒരു നല്ല മനുഷ്യന്‍റെ സ്ഥാനത്തു നിന്നുപോലും വിദൂരമാക്കിയെന്നതാണ് വസ്തുത. വായനക്കാര്‍ക്ക് തീരുമാനമെടുക്കുന്നതിനായി മിര്‍സയുടെ ജീവിതത്തിലെ എണ്ണമറ്റ കളവുകളില്‍ നിന്ന് ചിലത് ഇവിടെ ചേര്‍ക്കുന്നു.
മിര്‍സായുടെ കളവുകള്‍
1. മിര്‍സാ എഴുതുന്നു. "വാഗ്ദത്ത മസീഹിന്‍റെ കാലത്തുള്ള പണ്ഡിതന്‍മാര്‍ ഭൂമിയിലുള്ളതില്‍ വച്ച് ഏറ്റവും  മോശപ്പെട്ടവരായിരിക്കും എന്ന് നബി (സ) പറഞ്ഞത് ഈ കാലത്ത് തന്നെ പുലര്‍ന്നു. കഷ്ടം.!" (റൂഹാനീ ഖസായിന്‍ 19, ഇഅ്ജാസേ അഹ്മദി 13). ഇതിലൂടെ നബി (സ) യുടെ മേല്‍ കള്ളം കെട്ടിച്ചമയ്ക്കുകയും കൂടാതെ തന്‍റെ കാലത്തുള്ള മുഴുവന്‍ പണ്ഡിതന്‍മാരെയും നിന്ദിക്കുകയും ചെയ്തിരിക്കുന്നു.
2. 1902 ല്‍ മിര്‍സാ എഴുതി. "ഖുര്‍ആന്‍ എന്നെ സാക്ഷ്യപ്പെടുത്തി, നബി (സ) യും സാക്ഷ്യപ്പെടുത്തി. മുന്‍കഴിഞ്ഞ നബിമാരും എന്‍റെ വരവിന്‍റെ ഈ കാലം ക്ലിപ്തപ്പെടുത്തി. ഖുര്‍ആന്‍ ഈ കാലത്ത് ഞാന്‍ വരുമെന്ന് കൃത്യപ്പെടുത്തി. ആകാശവും ഭൂമിയും സാക്ഷ്യം വഹിച്ചു. എന്‍റെ സത്യ സാക്ഷ്യം നിര്‍വ്വഹിക്കാത്ത ഒരു നബിയും   കടന്നുപോയിട്ടില്ല." (തുഹ്ഫത്തുന്നുബുവ്വ:4) ഖുര്‍ആനിന്‍റെയും നബി (സ) യുടെയും എല്ലാ നബിമാരുടെയും മേല്‍ കള്ളം കെട്ടിച്ചമച്ചിരിക്കുകയാണ്.
ഏത് സൂറത്തിലാണ് മിര്‍സയുടെ ചര്‍ച്ചയുള്ളത്? ഏത് ഹദീസിലാണ് മിര്‍സയെ പരാമര്‍ശിച്ചത്? ഏതൊക്കെ പ്രവാചകന്‍മാരാണ് മിര്‍സയുടെ ഈ കാലത്തുള്ള ആഗമനത്തെ പ്രവചിച്ചത്?  പിന്നെ ആകാശഭൂമികളുടെ സാക്ഷ്യം! ഇനി താന്‍ കള്ളവാദിയെന്ന വിഷയത്തിലാണ് സാക്ഷ്യമെങ്കില്‍ തീര്‍ത്തും മിര്‍സ പറഞ്ഞത് ശരിയാണ്. എല്ലാവരും തന്നെ നുബ്ബുവ്വത്തിന്‍റെ കള്ളവാദികളെക്കുറിച്ച് ഉണര്‍ത്തിയിട്ടുണ്ട്.
3. എന്‍റെ കാലത്തു തന്നെയാണ് രാജ്യത്ത് ഖുര്‍ആന്‍, ഹദീസ് മുന്‍ വേദങ്ങള്‍ പറഞ്ഞ പ്രകാരം പ്ലേഗ് ബാധയുണ്ടായത് (ഹഖീഖത്തുല്‍ വഹ്യ് 41) ഇതും ഖുര്‍ആന്‍ ഹദീസിനുമേല്‍ ചാര്‍ത്തുന്ന വ്യക്തമായ അപരാധമാണ്. ഇങ്ങനെ ഒരിടത്തും വന്നിട്ടില്ല. പ്ലേഗ് മഹ്ദിയുടെയോ മസീഹിന്‍റേയോ വരവിനു തെളിവായി പറയപ്പെട്ടിട്ടില്ല. അതുമല്ല പ്ലേഗ് ബാധ ഒരു പുതിയ സംഭവമൊന്നുമല്ല. മുമ്പും വന്നിട്ടുണ്ട്. ഉമര്‍ (റ) ന്‍റെ കാലത്ത് ശാമില്‍ ഉണ്ടായ പ്ലേഗ് രോഗം ചരിത്ര പ്രസിദ്ധമാണ്. മൂന്നു ദിവസത്തിനുള്ളില്‍ 70000 ത്തില്‍ പരം ജനങ്ങള്‍ മരിച്ചു വീണു. (ഖാഷിയത്തുല്‍ബുഖാരി: 450)
4. മിര്‍സാ പറയുന്നു. "നബി (സ) പറഞ്ഞു : ഇന്ത്യയില്‍ കറുത്ത നിറമുള്ള ഒരു നബിയുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പേര് (കാഹിന്‍) കൃഷ്ണന്‍ എന്നായിരുന്നു. (റൂഹാനി 23) ഇങ്ങനെയുള്ള വാക്കുകള്‍ ഹദീസിന്‍റെ ഒരു കിതാബിലും കാണാന്‍ സാധിക്കില്ല.
5. മിര്‍സാ എഴുതുന്നു. അവര്‍ (ജനങ്ങള്‍) എന്നെ പലതരം ചീത്ത വാക്കുകള്‍ വിളിച്ചു. പക്ഷേ, ഞാന്‍ അവര്‍ക്കെതിരില്‍ ഒരു ചീത്ത വാക്കും വിളിച്ചിട്ടില്ല. (റൂഹാനി-19, മവാഹിബ്-18)
ഇത്രയും വലിയ കള്ളം മറ്റാരും പറഞ്ഞിട്ടുണ്ടാകില്ല. കാരണം, മിര്‍സയെ ആരും ചീത്ത വിളിച്ചിട്ടില്ല. കൂടിപ്പോയാല്‍ ദജ്ജാല്‍, കദ്ദാബ് എന്നൊക്കെ എഴുതിക്കാണും. അത് ഒരിക്കലും ചീത്തയല്ല. കാരണം നബി (സ) ക്കു ശേഷം നുബുവ്വത്ത് വാദിച്ചവരെയൊക്കെ നബി (സ) തന്നെ കള്ളന്‍ എന്ന് വിളിച്ചിട്ടുണ്ട്. പക്ഷേ, മിര്‍സയുടെ ചീത്തകള്‍ എണ്ണമറ്റതാണ്. അവയൊക്കെ ഒരുമിച്ച് കൂട്ടി പലരും വലിയ കിതാബുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അത് എഴുതുന്നവരെപ്പോലും പോലും ലജ്ജിപ്പിക്കുന്നവ.! അയാളുടെ ചില പ്രയോഗം നോക്കൂ,  'ജാരസന്താനങ്ങള്‍' ദുര്‍റിയത്തുല്‍ബഗായാ (റൂഹാനി -5 -548)
ശത്രുക്കള്‍ കാട്ടിലെ പന്നികള്‍. അവരുടെ ഭാര്യമാര്‍ നായ്ക്കളെക്കാലും മുന്‍കടന്നവര്‍. (നജ്മുല്‍ഹുദാ 14)
6. 1857 -ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തെ കുറ്റപ്പെടുത്തിക്കൊണ്ട് മിര്‍സാ എഴുതി :- "1857 -ല്‍ എന്‍റെ  സംസാരം ആകാശത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്ന് അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം. മുസ്ലിംകള്‍ അതനുസരിച്ച് പ്രവര്‍ത്തിക്കല്‍ ഉപേക്ഷിക്കുമെന്ന് തന്നെയാണ്. അങ്ങനെ തന്നെ അവര്‍  പ്രവര്‍ത്തിക്കുകയും ചെയ്തു." (റൂഹാനി-570)
അല്ലാഹുവിനെക്കുറിച്ച് എത്ര വലിയ കള്ളമാണ് ഈ പറഞ്ഞത്. ഖാദിയാനികളോട് വെല്ലുവിളിക്കുന്നു. അല്ലാഹുവിന്‍റെ ഖുര്‍ആനില്‍ ഇത് നിങ്ങള്‍ക്ക് കാണിച്ചു തരാന്‍ പറ്റുമോ? ഇല്ലെങ്കില്‍ "വ്യാജന്‍മാരുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ട്" എന്ന വചനം ഓര്‍ക്കുക.
7. മിര്‍സ തന്‍റെ ലക്ഷ്യം പൂര്‍ത്തിയാക്കാനായി മറ്റുള്ളവരുടെ വാക്കുകളില്‍ പോലും കള്ളം പടച്ചുണ്ടാക്കി അതിനൊരുദാഹരണമാണ് മുജദ്ദിദുല്‍ അല്‍ഫസാനിയുടെ ഒരു വാചകം: "അവരില്‍ നിന്നും ഇത്തരത്തില്‍ സംഭാഷണത്തിന് സൗഭാഗ്യം ലഭിക്കുന്നവര്‍ക്കാണ് മുഹദ്ദിസ് എന്നു പറയപ്പെടുന്നത്." ഈ കാര്യം മിര്‍സാ രണ്ട് സ്ഥലങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. (ഹാഷിയത്തു റൂഹാനി 3-28, ഇസാലത്തുല്‍  ഔഹാം: 915)
ഇത് ആദ്യകാലത്ത് പറഞ്ഞതാണ്. എന്നാല്‍, പിന്നീട് നബിയെന്ന് വാദിച്ചപ്പോള്‍  അതിന് തെളിവായും ഈ വാക്ക് ഉദ്ധരിച്ചു. അതില്‍ മുഹദ്ദിസ് എന്നതിനു പകരം  നബി എന്ന് കടത്തിക്കൂട്ടുകയും ചെയ്തു. മിര്‍സാ എഴുതി; "മുജദ്ദിദ് അല്‍ഫസാനി മക്തൂബാത്തില്‍ എഴുതുന്നു. 'ആര്‍ക്ക് ഇത്തരത്തിലുള്ള സംഭാഷണത്തിന് സൗഭാഗ്യം ലഭിക്കുന്നോ അധികമായി അദൃശ്യവിവരങ്ങള്‍ ലഭിക്കുന്നുവോ അവരെ നബി എന്ന് പറയപ്പെടും". (ഹഖീഖത്തുല്‍  വസിയ്യ 390) ഈ വാചകത്തില്‍ അവസാന പകുതി മിര്‍സാ തന്‍റെ ഭാഗത്ത് നിന്നും  കടത്തിക്കൂട്ടി മുജദ്ദിദ് (റ) യുടെ മേല്‍ അപരാധം കെട്ടി പറയുകയായിരുന്നു.
8. മിര്‍സാ എഴുതുന്നു. "ബുഖാരി, മുസ്ലിം, ഇഞ്ചീല്‍, ദാനിയാല്‍ മറ്റ് നബിമാരുടെ ഗ്രന്ഥങ്ങളിലും എവിടെയൊക്കെ എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ടൊ അവിടെയെല്ലാം എന്നെക്കുറിച്ച് നബി  എന്ന വാക്കാണ്  പറഞ്ഞത്." (ഹാഷിയത്തുറൂഹാനി 181) ഇപ്പറയപ്പെട്ട ഒരിടത്തും മിര്‍സയുടെ പേര് പറയപ്പെട്ടിട്ടേയില്ല എന്നതാണ് സത്യം. എന്നാല്‍,  ബ്രിട്ടീഷുകാരുടെ രേഖകളില്‍ മിര്‍സയുടെയും കുടുംബത്തിന്‍റെയും പേര് തീര്‍ച്ചയായും ഉണ്ടാകും. കാരണം, ഇന്ത്യയില്‍ അവര്‍ നട്ടുവളര്‍ത്തിയ മുള്‍ച്ചെടിയാണ് അയാള്‍.
9. മിര്‍സ പറയുന്നു. "നിങ്ങളെ സാക്ഷിയാക്കി ഞാന്‍ പറയുന്നു. ഞാന്‍ ഖുര്‍ആന്‍ മുറുകെ പിടിക്കുന്നു. പരിശുദ്ധ ഹദീസിനെ പിന്‍പറ്റുന്നു. അക്കാലത്ത് (ഉത്തമ നൂറ്റാണ്ടില്‍) സ്വഹാബത്ത് ഏല്‍പ്പിച്ച മുഴുവന്‍ കാര്യങ്ങളേയും അംഗീകരിക്കുന്നു. അതില്‍ ഒട്ടും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല. ഈ വിശ്വാസത്തില്‍ തന്നെ ജീവിക്കുകയും മരിക്കുകയും ചെയ്യും. ആരെങ്കിലും മുഹമ്മദീ പാതയില്‍ കൂട്ടലോ  കുറക്കലോ നടത്തുകയോ ഏതെങ്കിലും ഏകോപിത അഭിപ്രായത്തിന് എതിരാവുകയോ ചെയ്താല്‍ അവന്‍റെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടേയും മുഴുവന്‍ മനുഷ്യരുടേയും ശാപം ഉണ്ടാകും (മക്തൂബാത് 144) ഇത് എത്ര വലിയ സാക്ഷ്യമാണ്. എന്നതിനു ഇനിയൊരു നബിയുമില്ല എന്നതും ഈസാ നബി (അ) യുടെ തിരിച്ച് വരവ് തങ്ങളുടെ സ്വശരീരത്തോടെയുളള ആകാശരോഹണം. അന്ത്യദിനം വരെ ജിഹാദ് നിലനില്‍ക്കല്‍ തുടങ്ങിയവ എല്ലാ സ്വഹാബത്തിന്‍റെയും ഏകകണ്ഠമായ അഭിപ്രായങ്ങള്‍ ആയിരുന്നില്ലേ?  എന്തിനാ പിന്നെ അതിനെയൊക്കെ നിഷേധിച്ചത്? എന്തായാലും അതില്‍ ഒരു കാര്യം ശരിയാണ്.  ആരെങ്കിലും മുഹമ്മദീപാതയില്‍ എന്തെങ്കിലും കൂട്ടലോ കുറക്കലോ വരുത്തുകയോ ഏതെങ്കിലും കാര്യത്തില്‍ ഏകോപിതമായ അഭിപ്രായത്തിന് എതിരാവുകയോ ചെയ്താല്‍ അവന്‍റെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടാകും.  ഇത് ചെയ്ത് കൊണ്ട് മിര്‍സാ സ്വയം തന്നെ ശാപാര്‍ഹനായി.
10. മിര്‍സാ എഴുതുന്നു. "മുഴുവന്‍ മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു, ആര്യ ജനങ്ങളോട് ഞാന്‍ പറയുന്നു. ലോകത്ത് ആരും തന്‍റെ ശത്രുവല്ല. ഞാന്‍ മനുഷ്യവംശത്തെ ഒരു മാതാവ് സന്താനങ്ങളോടെന്ന പോലെ സ്നേഹിക്കുന്നു. എന്നല്ല അതിലുമുപരിയായി എനിക്ക് ശത്രുത സത്യത്തിന്‍റെ രക്തം ചീന്തുന്ന തെറ്റായ വിശ്വാസങ്ങളോട് മാത്രമാണ്. മനുഷ്യരോടുളള സഹതാപം എന്‍റെ നിര്‍ബന്ധ ബാദ്ധ്യതയാണ്. കളവ്, ശിര്‍ക്ക്, അക്രമം, ദുഷ്പ്രവര്‍ത്തി, അനീതി, ചീത്ത സ്വഭാവം എന്നിവയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കല്‍ എന്‍റെ നിയമമാണ്.  (റൂഹാനി 17-344). ഈ ഒരു ഉദ്ധരണിയില്‍ മിര്‍സാ ധാരാളം കളളം പറഞ്ഞു.  മിര്‍സക്ക് മാനവികതയോട് സ്നേഹമുണ്ടായിരുന്നെങ്കില്‍ ജനങ്ങള്‍ക്കു പ്ലേഗ് ബാധിക്കാന്‍ പ്രാര്‍ത്ഥിക്കില്ലായിരുന്നു.  മിര്‍സ തന്നെ പറഞ്ഞു; "ഞാന്‍ രാജ്യത്ത് പ്ലേഗ് പരക്കുവാന്‍ പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടു.  അങ്ങനെ പ്ലേഗ് നാട്ടില്‍ പടര്‍ന്നു." (ഹഖീഖത്തുല്‍ വഹിയ്-244, റൂഹാനി 22-235). എപ്പോഴെങ്കിലും കരുണയുളള മാതാവ് തന്‍റെ മക്കള്‍ക്കെതിരില്‍ ഇത്രയധികം നാശനഷ്ടങ്ങള്‍ വരുന്ന പ്രാര്‍ത്ഥന ചെയ്യുമോ? ഒപ്പം "താന്‍ സര്‍വ്വലോകത്തിനും കാരുണ്യമായി അയക്കപ്പെട്ടതെന്ന് വാദവും." എന്നാല്‍, യഥാര്‍ത്ഥ റഹ്മത്തുന്‍ലില്‍ ആലമീന്‍ എപ്പോഴെങ്കിലും ലോകത്തിന്‍റെ നാശത്തിനായി ദുആ ചെയ്തിട്ടുണ്ടോ.? പിന്നീട് മിര്‍സ പറഞ്ഞത് കളവ്, ശിര്‍ക്ക്, അക്രമം, ദുഷ്പ്രവര്‍ത്തി, അനീതി, ചീത്ത സ്വഭാവം ഇവയെല്ലാം ഒഴിവാക്കലാണ് എന്‍റെ ഉസൂല് എന്നാണ്. എന്നാല്‍, അവ ഓരോന്നും കളവാണ്.
1) കളവ് : ഇത് നൂറ് കണക്കിന് ഉണ്ട്. അതില്‍ പലതും നിങ്ങള്‍ ഇപ്പോള്‍ തന്നെ കണ്ടു. ഇനി മുന്നോട്ടും.
2) ശിര്‍ക്ക് : നബി(സ)ക്ക് ശേഷം നുബുവ്വത്ത് വാദിക്കുന്നത് മിര്‍സയുടെ അടുക്കല്‍ വലിയ കുഫ്ര്‍ ആയിരുന്നു.  ദീനിനു പുറത്തായവനായിരുന്നു. (ആസ്മാനീ ഫയ്സലാ 4)
3) അക്രമം : ശിര്‍ക്ക് തന്നെയാണ് ഏറ്റവും വലിയ അക്രമം എന്ന് ഖുര്‍ആന്‍. എന്നാല്‍, മിര്‍സ എത്ര വലിയ കുഫ്റിലും ശിര്‍ക്കിലുമാണ്. കൂടാതെ ബ്രിട്ടീഷുക്കാരെപ്പോലെയുളള അക്രമികളായ സമൂഹത്തിന്‍റെ ആധിപത്യം ഇന്ത്യക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തിയത് തന്നെ രാജ്യത്തോടും സമൂഹത്തോടും ചെയ്ത കൊടും ചതിയാണെന്ന് ഏത് ഇന്ത്യന്‍ പൗരനും അറിയാം.
4) ദുഷ്പ്രവര്‍ത്തനം : നബി (സ) യെ പൂര്‍ണ്ണമായി പിന്‍പറ്റുന്നയാളെന്ന് വാദിച്ചിട്ട് അനുവദനീയമല്ലാത്ത കന്യകളും അല്ലാത്തതുമായ സ്ത്രീകളെ കൊണ്ട് രാത്രി മുഴുവനും പലവിധ സേവനങ്ങള്‍ ചെയ്യിപ്പിച്ചതും, സ്വയേഷ്ടപ്രകാരം നഷ്ടപ്പെട്ട നോമ്പിനെ വീട്ടാതിരിക്കുന്നതും മുഹമ്മദീബീഗത്തിന്‍റെ വിഷയത്തില്‍ അവരുടെ മാമയായ മിര്‍സാ ഇമാമുദ്ദീനുമായി കൈക്കൂലി ഇടപാട് നടത്തിയതും പലിശപ്പണം ദീനീകാര്യങ്ങളില്‍ ചിലവഴിച്ചതും എല്ലാം മോശമായ പ്രവര്‍ത്തനങ്ങളല്ലെങ്കില്‍ പിന്നെ എന്താണ് ?
5) അനീതി: തന്‍റെ 55-ാം വയസ്സില്‍ ആദ്യ ഭാര്യ ഹുര്‍മദ് ബീവി ഉണ്ടായിരിക്കെ 18 വയസ്സുളള നുസ്റത്ത് ജഹാനെ വിവാഹം ചെയ്യുകയും ആദ്യഭാര്യയുമായി അകന്നു കഴിയുകയും പിന്നെ വിവാഹ മോചനം ചെയ്യുകയും ചെയ്തു.  എന്നിട്ട് മഹ്ര്‍ കൊടുത്ത് വീട്ടിയില്ല. തന്‍റെ മകന്‍ സുല്‍ത്താന്‍ അഹമ്മദിനെ അനന്തര അവകാശത്തില്‍ നിന്നും മാറ്റി. ആദ്യ ഭാര്യയ്ക്കോ മകനോ അവകാശം കൊടുക്കാതിരിക്കാനായി സമ്പത്തു മുഴുവനും രണ്ടാം ഭാര്യയുടെ പേരിലാക്കി വച്ചു. ഇതെല്ലാം എത്ര വലിയ അനീതിയാണ്.
ചീത്ത സ്വഭാവം : തന്നെ നബിയായി അംഗീകരിക്കാത്തവരെ ഹറാമി എന്നു വിളിക്കുക. മൗലവി സഅദുല്ലാ ലുധിയാനവിയെ മൂന്ന് പദ്യത്തിലായി 11 ഓളം ചീത്ത പറഞ്ഞത്. ഇതെല്ലാം ചീത്ത സ്വഭാവത്തിന്‍റെ വ്യക്തമായ തെളിവുകളാണ്.
11. മിര്‍സാ എഴുതുന്നു: എനിക്ക് അല്ലാഹുവിന്‍റെ ഭാഗത്തുനിന്നും മരിപ്പിക്കാനും ജീവിപ്പിക്കാനുമുളള കഴിവ് നല്‍കപ്പെട്ടിരിക്കുന്നു. (ഖുതുബാതെ ഇല്‍ഹാമിയ-23)
ഇതും പച്ചകളളമാണ് കാരണം ഈ വിശേഷണങ്ങള്‍ അല്ലാഹുവിനു മാത്രം പ്രത്യേകമായതാണ്. സൃഷ്ടികളില്‍ ആര്‍ക്കും ഇതു നല്‍കിയിട്ടില്ല.  ഇനി മിര്‍സക്ക് ഈ കഴിവുകള്‍ നല്‍കപ്പെട്ടുവെന്ന വാദമുണ്ടെങ്കില്‍ അതിനര്‍ത്ഥം മിര്‍സ നബിയല്ല. മറിച്ച് ദൈവമാണെന്നാണ.് അതിനാല്‍ ഖാദിയാനി സഹോദരങ്ങള്‍ മിര്‍സയെ ഇനി ദൈവമായി ആരാധിക്കേണ്ടി വരും.
12. നബി (സ) യുടെ വീട്ടില്‍ 11 ആണ്‍കുട്ടികള്‍ ജനിച്ചുവെന്നും അവരെല്ലാം മരണപ്പെട്ടു പോയെന്നും ചരിത്രകാരന്മാര്‍ക്കറിയാം. (റൂഹാനി 23-299) മിര്‍സയുടെയും അനുയായികളോടും വെല്ലു വിളിക്കുന്നു.  ഏത് കിത്താബിലാണ് ഈ കാര്യം പറഞ്ഞിട്ടുളളത്. നബി (സ) യുടെ എല്ലാ സന്താനങ്ങളും കൂടി 11 വരില്ല. പിന്നെയല്ലേ ആണ്‍കുട്ടികള്‍ മാത്രം.  ഇത് കളവാണ്. വിവരമില്ലായ്മയാണ്.  ഒരു നബി ഇപ്രകാരം വിവരമില്ലാത്തവനാകില്ല. ലോകരില്‍  ഏറ്റവും അറിവുളളയാളായിരിക്കും.
മിര്‍സാ തന്‍റെ ചരിത്ര അവഗാഹം തെളിയിച്ച് കൊണ്ട് വീണ്ടും എഴുതുന്നു.  "ചരിത്രം പരിശോധിച്ചു നോക്കൂ.  ജനിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞയുടന്‍ പിതാവ് മരണപ്പെട്ടു, കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാതാവും മരണപ്പെട്ടു. ഏക അനാഥന്‍ നബി (സ) മാത്രമാണ്. അങ്ങനെ ആ കുട്ടി ദൈവിക സംരക്ഷണത്തില്‍ വളര്‍ന്നു." (പൈഗാമേ സ്വാലിഹ് 38) ഈ വാക്കിലൂടെയും മിര്‍സാ കളളനും വിഡ്ഢിയുമാകുന്നു. കാരണം നബി (സ) യുടെ പിതാവ് തങ്ങളുടെ ജനനത്തിന് മുമ്പും മാതാവ് 6 വര്‍ഷം കഴിഞ്ഞിട്ടുമാണ് മരണപ്പെട്ടത് എന്ന് അറിയാത്ത അരാണുളളത്. ഖാദിയാനികളേ, നബി (സ )യെയും വിട്ട് നിങ്ങള്‍ ഏത് വിവരമില്ലാത്തവരെയാണ് നബിയായി സ്വീകരിക്കുന്നത്? ഇതാണോ നിങ്ങളുടെ വാഗ്ദത്ത മസീഹും  മുഹമ്മദീ അവതാരവും.?
ഇതാണ് മിര്‍സയുടെ കളവുകള്‍. ചിലപ്പോള്‍ പരസ്പര വൈരുദ്ധ്യമായ കളവുകള്‍ പറയും, ചിലപ്പോള്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിഷയത്തില്‍ കളവു പറയും, ചിലപ്പോള്‍ സ്വന്തം  പേരിലും. നല്ല രീതിയില്‍ അയാളുടെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ നൂറ് കണക്കിന് കളവുകള്‍ കാണാന്‍ കഴിയും. കളവ് ഒരു സാധാരണ മനുഷ്യനു പോലും യോജിക്കാത്തതായിരിക്കേ, എങ്ങനെ പ്രവാചക വാദിക്ക് അനുവദനീയമാകും. മിര്‍സ തന്‍റെ  പ്രവാചക വാദത്തില്‍ താന്‍ കള്ളനായതിനാല്‍ അതിന്‍റെ തെളിവിനായി പണിത ഭിത്തിയിലെ ഓരോ ഇഷ്ടികകളും മോശമായ കളവുകള്‍ ആയി എന്നതാണ് വാസ്തവം.
അവസാനമായി ഖാദിയാനീ സഹോദരങ്ങള്‍ക്കായി മിര്‍സ ഇത്രയും കള്ളങ്ങള്‍ക്കിടയില്‍ പറഞ്ഞ ഒരു സത്യം ഉണര്‍ത്തുകയാണ്. അല്ലാഹു അതിലൂടെ ഏവര്‍ക്കും സത്യം ബോധ്യമാക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
"എപ്പോഴെങ്കിലും ഒരാള്‍ ഒരു കാര്യത്തില്‍ കള്ളനാണെന്ന് സ്ഥിരപ്പെട്ടാല്‍ പിന്നെ മറ്റു കാര്യങ്ങളിലും അവനെ പരിഗണിക്കപ്പെടാത്തവനായിത്തീരുന്നതാണ്." (റൂഹാനി 23-231)
അല്ലാഹു സത്യത്തെ തിരിച്ചറിഞ്ഞ് അതില്‍ ഉറച്ചു നില്‍ക്കാന്‍ ഭാഗ്യം നല്‍കട്ടെ! ആമീന്‍.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...