Saturday, April 28, 2018

അപരിചിതര്‍ക്ക് മംഗളാശംസകള്‍.! -മൗലാനാ മുഹമ്മദ് സജ്ജാദ് നുഅ്മാനി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


അപരിചിതര്‍ക്ക് മംഗളാശംസകള്‍.! 
-മൗലാനാ മുഹമ്മദ് സജ്ജാദ് നുഅ്മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/04/blog-post_28.html?spref=tw
ലോകാനുഗ്രഹി മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഇസ് ലാമിന്‍റെ തുടക്കം അപരിചിതമായിരുന്നു. ആരംഭിച്ചതു പോലെ, ആ അപരിചിതത്വം വീണ്ടും ഉണ്ടാകുന്നതാണ്. അപ്പോള്‍ ആ അപരിചിതത്വത്തെ മുറുകെ പിടിക്കുന്നവര്‍ക്ക് മംഗളാശംസകള്‍.! 
സുപ്രസിദ്ധമായ ഒരു നബിവചനമാണിത്. പ്രസ്തുത ഹദീസിന്‍റെ ആശയമിതാണ്. വിശ്വാസ-വീക്ഷണങ്ങളും, സ്വഭാവ-പ്രകൃതികളും ഉദ്ദേശ-ലക്ഷ്യങ്ങളും മാര്‍ഗവും രീതിയും പരിഗണിക്കുമ്പോള്‍ ഇസ് ലാം അതിന്‍റെ പ്രഥമഘട്ടത്തില്‍ ലോകജനതയ്ക്ക് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അശ്രാന്തമായ ത്യാഗപരിശ്രമങ്ങളും അമാനുഷികമായ ശിക്ഷണ-ശീലനങ്ങളും നിമിത്തം ഈ അന്യതയും അപരിചിതത്വവും നീങ്ങുകയും മാലോകര്‍ അതിന്‍റെ പ്രകൃതി രീതികളുമായി ഇണങ്ങിച്ചേരുകയും ചെയ്തു. എന്നാല്‍, കുറെ നാളുകള്‍ക്ക് ശേഷം വീണ്ടും പഴയത് പോലെ ഇസ് ലാമിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളെ സംബന്ധിച്ചിടത്തോളം അന്യവും അപരിചിതവുമായി മാറും. അക്കാലഘട്ടത്തില്‍, അന്യമായി ഗണിക്കപ്പെടുന്ന ഇസ് ലാമിക സ്വഭാവ-രീതികളെ മുറുകെ പിടിക്കുകയും അതുമായി ഒരു മൂലയിലൊതുങ്ങാതെ ജനമധ്യത്തിലിറങ്ങുകയും യഥാര്‍ത്ഥ ഇസ് ലാമിക സ്വഭാവ-രീതികളെ പരത്താനും പ്രചരിപ്പിക്കാനും പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് സര്‍വ്വവിധ മംഗളാശംസകളും നേരുന്നു.!
ഈ നബവീ തിരുമൊഴിയെ മനസ്സില്‍ വെച്ചുകൊണ്ട് ചിന്തിക്കുക.
ഇസ് ലാമിനെക്കുറിച്ചുള്ള അപരിചിതത്വം ഇന്ന് എത്രമാത്രം സര്‍വ്വവ്യാപകമായിരിക്കുന്നു.? പൊതുജനങ്ങള്‍ എന്തെല്ലാമാണ്
ഇസ് ലാമിനെക്കുറിച്ച് ധരിച്ചുവെച്ചിരിക്കുന്നത്.? ഇസ് ലാമിനെയും
മുസ് ലിംകളെയും കുറിച്ച് എന്തെല്ലാം സങ്കല്പങ്ങളാണ് അവര്‍ വെച്ചു പുലര്‍ത്തുന്നത്.? നാം നമ്മുടെ കണ്ണും കാതും മനസ്സും മസ്തിഷ്കവും തുറക്കുകയും നമ്മുടെ ദേശക്കാരായ പൊതുജനങ്ങളുമായി ദിനേനയുള്ള കൂടിക്കാഴ്ചകളിലും യാത്രയ്ക്കിടയിലും മറ്റും സംസാരിക്കുകയും, പത്ര മാസികകള്‍ വായിക്കുകയും ചെയ്യുന്നവരാണെങ്കില്‍ പ്രതിദിനം നമ്മുടെ മുന്നില്‍ ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യം അനാവരണം ചെയ്യപ്പെടുന്നതാണ്. ഇസ് ലാമിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാനരഹിതം എന്നു മാത്രമല്ല, ചിരിപരത്താന്‍ പോലും പര്യാപ്തമായ ആയിരക്കണക്കിന് സങ്കല്പങ്ങള്‍ പൊതുജനമദ്ധ്യേ വേരൂന്നിയിട്ടുണ്ട്. ദിനംപ്രതി അവര്‍ കണ്ടും കേട്ടും പരിചയമുള്ള ആചാരങ്ങളും അനാചാരങ്ങളും പ്രകടനവും മുദ്രാവാക്യവും പ്രശ്നവും പ്രക്ഷോഭവും കലാപവും മറ്റുമായിരിക്കും ഇസ് ലാമെന്ന് കേട്ടാല്‍ അവരുടെ മനോമുകരങ്ങളിലേക്ക് കടന്നുവരുന്നത്. ചേലാകര്‍മ്മം നടത്തുന്നതിനും ഗോമാംസം ഭക്ഷിക്കുന്നതിനും സഹോദരന് സഹോദരിയെ വിവാഹം ചെയ്ത് കൊടുക്കുന്നതിനും പറയുന്ന പേരാണ് ഇസ് ലാമെന്ന് നിര്‍വ്വചിക്കുന്നവരെ ചിലപ്പോള്‍ അവരില്‍ കാണാന്‍ കഴിയും. കടുത്ത ശത്രുക്കള്‍, രാഷ്ട്രവഞ്ചകര്‍, രാജ്യദ്രോഹികള്‍, വിദേശാക്രമികള്‍, സ്വന്തം അവകാശത്തിനു മാത്രം സദാ സമരം നടത്തുന്നവര്‍, അറബിപ്പണം കൊണ്ട് നമ്മുടെ സാംസ്കാരിക-പൈതൃകങ്ങളെ വിപാടനം ചെയ്യാന്‍ ശ്രമിക്കുന്നവര്‍.... എന്നിങ്ങനെയായിരിക്കും മുസ് ലിംകളെക്കുറിച്ച് അവരുടെ മസ്തിഷ്കങ്ങളില്‍ കുത്തിവെയ്ക്കപ്പെട്ടിരിക്കുന്ന വികാരങ്ങള്‍.
ചുരുക്കത്തില്‍, ഇസ് ലാമെന്നാല്‍ തനിമയാര്‍ന്ന ഒരു അനുഗ്രഹീത സന്ദേശവും വിജയപദ്ധതിയുമായി കാണാനും ആ വഴിയില്‍ ചിന്തിക്കാനും അവസരം നല്‍കുന്ന ഒരു കാര്യവും ആ ജനങ്ങളുടെ മുന്നില്‍ വന്ന് കാണുകയില്ല. സര്‍വ്വോപരി, ഈ വഴിയില്‍ ചിന്തിക്കുകയും, സദ്സ്വഭാവം, മനുഷ്യസ്നേഹം, നിഷ്കളങ്കത, മാനസികവ്യഥ, സംശുദ്ധമായ കര്‍മ്മരീതി, സത്യസന്ധത, നീതിനിഷ്ട, സദ്ഭാവന, സഹാനുഭൂതി... തുടങ്ങിയ സദ്ഗുണങ്ങളുടെ മുദ്ര മനസ്സില്‍ പതിപ്പിച്ച് കഴിയുന്ന മുസ് ലിംകളുമായി ബന്ധപ്പെടാനും സാധിച്ചിരിക്കില്ല.
അമുസ് ലിംകളുടെ കാര്യമിരിക്കട്ടെ, മുസ് ലിംകളിലേക്ക് തന്നെ നാം കണ്ണോടിച്ചാല്‍ നമ്മില്‍ ബഹുഭൂരിപക്ഷവും ഇസ് ലാമിന്‍റെ യഥാര്‍ത്ഥ പ്രകൃതി-രീതികളുമായി ഇണക്കമില്ലാത്തവരാണെന്ന കാര്യം നമുക്ക് മനസ്സിലാകും. അല്ലാഹുവിന്‍റെ ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിന്‍റെയും ഇസ് ലാമിന്‍റെ തേരാളിയായ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുവചനങ്ങളുടെയും വെളിച്ചത്തില്‍ നാം അവരോട് ഇങ്ങനെ പറഞ്ഞ് നോക്കുക; ഇന്നത്തെ അവസ്ഥയില്‍ ക്ഷമയും സഹനതയും മുറുകെ പിടിക്കുകയാണ് വേണ്ടത്. നാം ഭ്രാന്തിനെ ഭ്രാന്ത് കൊണ്ട് നേരിടുന്നതിന് പകരം വിവേകവും വിവരവും കൊണ്ട് നേരിടുകയും നമ്മുടെ മനസ്സുകളില്‍ വികാരാവേശങ്ങളെ നിയന്ത്രിച്ച് നിറുത്താനുള്ള ശേഷി ഉണ്ടാക്കിയെടുക്കുകയും വേണം. നാം നമ്മുടെ സമയവും ജീവനും സമ്പത്തും സുഖാഢംബരങ്ങളിലായി മാത്രം ചിലവഴിക്കുന്നതിന് പകരം ഒരു നവനൂതനയുഗം കെട്ടിപ്പടുക്കുന്നതിനും പൊതു പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചെലവഴിച്ച് ശീലിക്കേണ്ടതുണ്ട്. വിദ്വേഷത്തെ അന്ധമായ വിദ്വേഷം കൊണ്ട് നേരിടുന്നതിന് പകരം, നീതിനിഷ്ഠയും സത്യസന്ധതയും തന്ത്രജ്ഞതയും കൊണ്ട് നേരിടണം. പ്രകോപനപ്രവര്‍ത്തനങ്ങളില്‍ പ്രകോപിതരാകാതെ ബുദ്ധിയും ബോധവും നിലനിറുത്തണം. മസ്ജിദുകളെ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൊണ്ടുമാത്രം അലങ്കരിക്കുന്നതിലും നമസ്കാരം നിലനിറുത്തുന്നതിലും നമസ്കാരം പഠിപ്പിക്കുന്ന ഉന്നത ഗുണവിശേഷണങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കുന്നതിലും ശ്രദ്ധിക്കണം. നാശകരമായ പരിണിതികളിലേക്ക് നയിക്കുവാന്‍ പര്യാപ്തമായ ആഹ്വാനങ്ങളെ തിരസ്കരിക്കണം...
ഇത്തരം കാര്യങ്ങള്‍ നാം അവരോട് പറഞ്ഞാല്‍ എന്തെല്ലാം അനുഭവങ്ങളുണ്ടാകുമെന്നും എന്തെല്ലാം അത്ഭുത പ്രതികരണങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്നും അല്ലാഹുവിനു തന്നെ അറിയാം. പൊതുജനങ്ങള്‍ മാത്രമല്ല, പ്രധാനികള്‍ പോലും ഇസ്ലാമിന്‍റെ പ്രകൃതി രീതികളില്‍ നിന്നും എത്ര അകന്നു കഴിയുകയാണെന്നും അല്ലാഹുവിനെക്കുറിച്ച് ബോധമില്ലാത്ത നേതാക്കളുടെ പ്രകൃതിയുമായി എത്ര അടുത്തവരാണെന്നും നമുക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും.
പക്ഷെ, ഒരുകാര്യം ഓര്‍ക്കുക; ഇത്തരം അവസ്ഥാ-വിശേഷങ്ങള്‍ക്കിടയില്‍ ശരിയായ ഇസ് ലാമിക സ്വഭാവ-രീതികളില്‍ അടിയുറച്ച് നില്‍ക്കുകയും അതിനെ സര്‍വ്വവ്യാപകമാക്കാന്‍ നിഷ്കളങ്കമായ ത്യാഗ-പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നവരെക്കുറിച്ചാണ് ലോകനായകന്‍ തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സത്യസന്ധമായ നാവില്‍ നിന്നും - തുടക്കത്തില്‍ സൂചിപ്പിക്കപ്പെട്ട മഹോന്നതമായ മംഗളാശംസ പുറപ്പെട്ടിട്ടുള്ളത്.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?* 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...