Saturday, April 21, 2018

പലിശ: അത് നിഷിദ്ധമാണ്.! -ശിഫാര്‍ മൗലവി കൗസരി

പലിശ: 
അത് നിഷിദ്ധമാണ്.! 
-ശിഫാര്‍ മൗലവി കൗസരി
http://swahabainfo.blogspot.com/2018/04/blog-post_20.html?spref=tw
പണം അതാണ് ഇന്ന് എല്ലാം. പണം ഇന്ന് മനുഷ്യനെ ഭരിക്കുന്നു. "അതിനോടുള്ള മനുഷ്യന്‍റെ ആര്‍ത്തി അതിശക്തം" എന്നു ഖുര്‍ആന്‍. ഈ ഭൂമിയില്‍ ജീവിക്കാന്‍ പണം ആവശ്യമാണ്. എത്രയാണോ അത്രമാത്രം.! കൂടിയാല്‍ കുറയുന്നതിനേക്കാള്‍ ഏറെ ദോഷം ചെയ്യും. "ദാരിദ്ര്യമല്ല നിങ്ങളില്‍ ഭയപ്പെടുന്നത്, പണത്തിന്‍റെ ആധിക്യമാണ് ഞാന്‍ പേടിക്കുന്നതെന്ന്, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞത് ചരിത്രം സാക്ഷിയാണ്. അന്നും ഇന്നും എന്നും സംഭവങ്ങള്‍ ഈ ഹദീസിനെ ഏറെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
"ജീവിത നിലനില്‍പ്പിന് ആവശ്യമായ ഈ പണം നിങ്ങള്‍ വിവരദോശികള്‍ക്കു കൈമാറരുത്" എന്ന് ഖുര്‍ആന്‍ ഉദ്ബോധിപ്പിക്കുന്നു. പ്രധാനമായും രണ്ട് കാര്യങ്ങള്‍ ഇതില്‍ നിന്നും ഗ്രഹിക്കാം. ഒന്ന്, പണം ഭൂമിയിലെ നിലനില്‍പ്പിന് ആവശ്യമാണ്. രണ്ട്, സമ്പത്ത് കൈകാര്യം ചെയ്യേണ്ടത് അതിനെകുറിച്ച് നന്നായി അറിയുന്നവരായിരിക്കണം.
ജീവിതത്തിന് അത്യാവശ്യമായത് സമ്പാദിക്കുക എന്നത് മനുഷ്യന്‍റെ ആവശ്യമാണ്. അത് അനുവദിക്കപ്പെട്ട മാര്‍ഗത്തിലൂടെ മാത്രമാകണമെന്നത് വിശ്വാസിയുടെ നിര്‍ബദ്ധ ബാധ്യതയുമാണ്. "ഹലാല്‍ വ്യക്തം, ഹറാമും വ്യക്തം. രണ്ടിനുമിടയില്‍ സംശയാസ്പദമായതുണ്ട്. വേലിക്കരികില്‍ മേയാന്‍ വിട്ട മൃഗത്തെപ്പോലെ അത് വേലിക്കപ്പുറം ചാടിപോയേക്കാം" ഈ ഹദീസിന്‍റെ ആശയം എത്ര മനോഹരമാണ്. ഹറാമാണെന്ന് സംശയിക്കുന്നതും, ഹറാമിലേക്ക് എത്താമെന്നാണ് വിവക്ഷിക്കപ്പെടുന്നത്.
പണം സമ്പാദിക്കേണ്ട മാര്‍ഗ്ഗവും ചെലവഴിക്കേണ്ട വഴിയും ഇസ്ലാം കൃത്യവും വ്യക്തവുമായി പഠിപ്പിച്ചു തരുന്നുണ്ട്. ഇടപാടുകളുടെ കൃത്യതയെക്കുറിച്ച്  ശരീഅത്ത് പറഞ്ഞിടത്തോളം മറ്റെവിടെയും വിശദീകരിച്ചതായി കാണാന്‍ കഴിയില്ല.
എന്നാല്‍ സമ്പാദ്യത്തില്‍ ഒരിക്കലും ആര്‍ത്തിയുണ്ടാവാന്‍ പാടില്ല. ആര്‍ത്തിയാണ് മനുഷ്യരെ ശത്രുക്കളാക്കുന്നത്. ഈ പണം മധുരം നിറഞ്ഞതും പച്ചപ്പുള്ളതുമാണ്. ഏതൊരാള്‍ ലാഘവത്തോടെ അത് സമ്പാദിയ്ക്കുന്നുവോ അല്ലാഹു അതില്‍ ഐശ്വര്യം ചൊരിയും. എന്നാല്‍ ആര്‍ത്തിയോടെ ആര് പണം സമ്പാദിക്കുന്നുവോ അല്ലാഹു യാതൊരു ഐശ്വര്യവും അതിനു നല്‍കുന്നതല്ല. ആര്‍ത്തിപിടിച്ച മനുഷ്യനോട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഉപദേശിച്ചതാണിത്. നീണ്ടു നിവര്‍ന്ന് മദീനയുടെ കോട്ടപോലെ കിടക്കുന്ന ഉഹദ് മല വല്ലാത്ത ഒരു കാഴ്ച തന്നെയാണ്. ആ ഉഹദിനെ നോക്കിയിട്ട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ധാരാളം ഉദാഹരണങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു; "ഉഹദിനോളം ഒരാള്‍ക്ക്  സ്വര്‍ണ്ണമുണ്ടെങ്കില്‍ രണ്ടാമതൊന്ന് മനുഷ്യന്‍ വീണ്ടും ആഗ്രഹിക്കുന്നുവെന്ന്". 10,000 രൂപ ശമ്പളമുള്ളവന്‍റെ ഇന്നത്തെ ആഗ്രഹം 15,000 കിട്ടിയെങ്കില്‍ എന്നാണ്. ഒരുലക്ഷം മാസവരുമാനമുള്ളവനും അതിന്‍റെ ഇരട്ടി കിട്ടാന്‍ മോഹിക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്യുന്നു.
"മനുഷ്യന്‍റെ വയര്‍ ഒടുക്കം മണ്ണല്ലാതെ നിറയുകയില്ല." എന്നു കൂടി റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഉണര്‍ത്തി.
ഓടുന്നവനെല്ലാം ഓടുന്നിടത്തോളം ഭൂമി തരാമെന്ന് വിളംബരം ചെയ്ത മഹാ രാജാവിന്‍റെ വാഗ്ദാനം കേട്ട് വലിയൊരു കൂട്ടയോട്ടം തന്നെ നടന്നു. ഓടിയവരെല്ലാം ഓടാവുന്നിടത്തോളം ഓടി കിട്ടാവുന്നിടത്തോളം വാരിക്കൂട്ടി. ഒടുക്കം ആര്‍ത്തിമൂത്ത ഒരുവന്‍ മതിവരാതെ ഓടി തളര്‍ന്ന് ഒരിഞ്ചു ഭൂമി പോലും കിട്ടാതെ വീണു മരിച്ചുവെന്ന് കഥ പറയുന്നു.
മനുഷ്യന്‍റെ വയര്‍ ഒടുക്കം മണ്ണുമാത്രം നിറയും" എന്ന പ്രവചനം ഏറെ അര്‍ത്ഥവത്താകുന്നു. "തൊട്ടതെല്ലാം പൊന്നാവണമെന്ന്" ആര്‍ത്തിയോടെ തപസ്സിരുന്ന് വരം നേടിയെടുത്ത മനുഷ്യര്‍ ആ സന്തോഷം തന്‍റെ പ്രിയ ഭാര്യയോട് ഓടി വന്നു വാരി പുണര്‍ന്ന് പറയാന്‍ ശ്രമിച്ചപ്പോള്‍ ആദ്യമായി തൊട്ട ഭാര്യ തന്നെ പൊന്നായിപോയി. പരവശനായ മനുഷ്യന്‍ വെള്ളം കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ വെള്ളവും പാത്രവും പൊന്നായി ഒടുക്കം ഒരു തരി പൊന്നു പോലും ഉപകാരപ്പെടാതെ ദാഹിച്ച് വിശന്ന് മരിച്ചുവെന്ന കഥയും ഇവിടെ അന്വര്‍ത്ഥമാവുകയാണ്.
'പണത്തിന്‍റെ ആധിക്യമല്ല സമ്പാദ്യം, മനസ്സിന്‍റെ സമ്പന്നതയാണ് ഏറ്റവും വലിയ സമ്പാദ്യം' എന്ന പ്രവാചക വചനം ചേര്‍ത്ത് വായിക്കേണ്ടതുമുണ്ട്. സമാധാനം, ശാന്തി, ഉറക്കം ഇതെല്ലാം പണംകൊണ്ട് നേടാനാവുന്നതല്ലെന്ന് ചുരുക്കം.
ഇത്തരം ആര്‍ത്തിയും ആവേശവുമാണ് ചൂഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നത്. ആഢംബര-ആര്‍ഭാട ജീവിതത്തോടുള്ള   മനുഷ്യന്‍റെ അധിനിവേശമാണ് ചൂഷകന്മാരുടെ ഇരിപ്പിടം. അത്തരത്തിലുള്ള ചൂഷണനീരാളികള്‍ പല വേഷത്തിലും രൂപത്തിലും ഭാവത്തിലും നിറഞ്ഞ ചിരിയോടെ പ്രത്യക്ഷപ്പെടും.
അതിനെ ചിട്ടി, ബ്ലേഡ് മാഫിയ, ബാങ്ക്, പലിശ, പണയം, ചെയിന്‍ ബിസിനസ്, ലോണ്‍, സി.സി മുതലായ പേരുകളില്‍ അറിയപ്പെടുന്നു. ഇന്ന് ഏതും എന്തും തവണ വ്യവസ്ഥയില്‍ വിപണിയില്‍ സുലഭമാണ്. വിവാഹം, രോഗം, ചികിത്സ, കൃഷിവായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങി ഹൗസ്ലോണ്‍, ബിസിനസ് ലോണ്‍, സ്വര്‍ണ്ണപ്പണയം,  സ്ഥലലോണ്‍, വാഹനവായ്പ, ഇതെല്ലാം സ്ഥിരം പൊല്ലാപ്പുകള്‍. വമ്പന്‍സ്രാവുകള്‍ മുതല്‍ അണ്ണാച്ചി ചിട്ടിവരെ ഇന്ന് മനുഷ്യരെ കാര്‍ന്നു തിന്നുന്നു.
രാവിലെ മുതല്‍ വൈകുന്നതുവരെ വീട്ടിലെ റ്റി.വി ചാനലുകളുടെ മുമ്പില്‍ ചടഞ്ഞിരുന്ന് വൈകിട്ട് കുളിച്ച് ഡ്രസ്സുമാറി പാത്തും പതുങ്ങിയും പലിശക്ക് പണം വാങ്ങിച്ചവന്‍റെ കടയില്‍ പോയി പലിശപ്പണം വാങ്ങിച്ചെടുത്ത് അധ്വാനിക്കാതെ തിന്നുന്ന വ്യക്തിഗത പലിശക്കാരും നാടുനീളെ സുലഭം. കൊള്ളപ്പലിശക്കാരുടെ ഭീഷണി കാരണമായി ഒളിച്ചോട്ടവും ആത്മഹത്യയും, കൂട്ടആത്മഹത്യയും പത്രങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലമെത്രയായി. രണ്ട് തരം അടിമത്തമാണ് കണ്ടു വരുന്നത്. ഒന്ന്; ശരീര അടിമത്തം. രണ്ട്; സാമ്പത്തിക അടിമത്തം. രണ്ടാമത്തേതാണ് ഇവിടുത്തെ ചര്‍ച്ച. നിസ്സഹായതയിലും നിര്‍ബദ്ധിതാവസ്ഥയിലും ബ്ലേഡുകാരുടെ മുന്നില്‍ നടുവളച്ച് നിന്ന്, നൂലാമാലകളോ കാര്യപ്പെട്ട ഈടുവെപ്പോ കയറി ഇറങ്ങുന്നതിന്‍റെ പൊല്ലാപ്പോ ഒന്നുമില്ലാതെ വേഗത്തില്‍ പണം കൈപറ്റി പുറത്തിറങ്ങിയാല്‍ ഒരല്‍പ്പം ആശ്വാസമായി. പിന്നെ തുടങ്ങുന്നു, തിരിച്ചടവിന്‍റെ പ്രേതം.  പിന്നെ മുന്നറിയിപ്പ്, ഭീഷണി, ജപ്തി, ദേഹോപദ്രവം, കൊല, ആത്മഹത്യ, ഒളിച്ചോട്ടം.
തിരുവനന്തപുരത്തെ അഞ്ചംഗ കുടുംബത്തിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് തുടങ്ങിയ കുബേര ഓപ്പറേഷനിലൂടെ ഞെട്ടിക്കുന്ന കുറെ വിവരങ്ങളുമായാണ് കേരളം ഓരോ ദിവസവും ഉണര്‍ന്നത്. ഈ ലേഖനം എഴുതുമ്പോള്‍ (24/05/14) 470  പേര്‍ പിടിയിലായി 3.65  കോടി രൂപ പിടിച്ചെടുത്തു. ഔദ്യോഗിക കണക്ക് പ്രകാരം 50% പലിശ ഈടാക്കുന്ന 2241 ഇടപാടു സ്ഥാപനങ്ങളുണ്ടെന്നാണ്.
മനുഷ്യന്‍റെ ആശയും കീശയും ചൂഷണം ചെയ്യുന്ന ഇടപാടുകാര്‍ പ്രാചീനകാലം മുതല്‍ക്ക് തന്നെയുണ്ട്. വാതുവെപ്പ്, ചൂതാട്ടം, ഇതെല്ലാം അന്നും ഇന്നും പലപേരിലും നടക്കുന്നു. "ലോട്ടറി പോലുള്ളവ, "മൈസര്‍" എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ചൂതാട്ടത്തില്‍പ്പെടുന്നവയാണ്. മനുഷ്യന്‍റെ ജീവിതത്തോടുള്ള വിശ്വാസമില്ലായ്മയെ ചൂഷണം ചെയ്ത് തഴച്ച് വളര്‍ന്ന ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുകളും വേറെ.
ഒടുക്കം റോഡും, പാലവും, കുടിവെള്ള പദ്ധതിയും മെട്രോ റെയിലും, കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന പോഷക ആഹാരം പോലും വായ്പ സംവിധാനത്തിലൂടെ സംഘടിപ്പിക്കപ്പെടുന്നതാണെങ്കില്‍.! ഇതെഴുതുമ്പോള്‍ മുന്നിലിരിക്കുന്ന, പത്രത്തില്‍ ഇങ്ങനെ കണ്ടു. "വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 1200 കോടി രൂപ കടമെടുക്കുന്നുവെന്ന്" (24/05/14).
"ഒരു കാലം വരും.അന്ന് ജനങ്ങള്‍ പലിശ ഉപയോഗിക്കുന്നവരായി മാറും" എന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞപ്പോള്‍ എല്ലാവരും പലിശ ഭക്ഷിക്കുമോ എന്നൊരാള്‍ ആരാഞ്ഞു. അവിടുന്നരുളി: "പലിശ തിന്നാത്തവന് അതിന്‍റെ പൊടിയെങ്കിലും എത്തുന്നതാണ്. (അഹ്മദ്). അപ്പറഞ്ഞ കാലമല്ലേ ഇതെന്ന് ഓര്‍ത്തുനോക്കുക.
പലിശരഹിത സാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രമെ ചൂഷണമുക്തമായ സമൂഹത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിക്കാന്‍ കഴിയൂ. ആഗോളതലത്തില്‍ പലിശരഹിത സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ആഴമേറിയ പഠനങ്ങളും ചര്‍ച്ചകളും നടന്നു കഴിഞ്ഞു. ഒടുവില്‍ ഇസ്ലാമിക് ബാങ്കിംഗ് സംവിധാനത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ബാധിച്ചില്ല എന്ന് പറയുമ്പോഴും പണം ഒരു ചിലരില്‍ മാത്രം വട്ടം കറങ്ങിക്കൊണ്ടിരിക്കുകയും വിലക്കയറ്റം സാധാരണക്കാരന് സഹിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്ക് എത്തുകയും ചെയ്തിരിക്കുന്നു. എന്നിട്ടും "ഇസ്ലാമിക് ബാങ്ക്" എന്ന സങ്കല്‍പ്പം അതിന്‍റെ ഫയല്‍ പൊടിപിടിച്ച് മന്ത്രിപുങ്കവന്മാരുടെ അലമാരകളില്‍ കിടക്കുന്നു. ലോകത്തിലെ ഒട്ടേറെ രാജ്യങ്ങളില്‍ പലിശരഹിത ബാങ്ക് പ്രവര്‍ത്തിച്ച് വിജയിച്ചിട്ടും ഇന്ത്യയ്ക്ക് എന്തേ തടസ്സം? ആര്‍ക്കാണ് തടസ്സം എന്ന ചോദ്യത്തിന്‍റെ മറുപടി എല്ലാവര്‍ക്കും അറിയാം.
പത്ത് നിര്‍ദ്ദേശങ്ങള്‍
1. ആവശ്യക്കാരന് കടംകൊടുത്ത് സഹായിക്കുക - ഇസ്ലാം കടംകൊടുക്കുന്നതിനെ ഏറെ പ്രോത്സാഹിപ്പിക്കുന്നു. കടം  കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിന്‍റെ വ്യവസ്ഥകളും മഹത്വങ്ങളും പ്രതിഫലവും ധാരാളമായി ഖുര്‍ആനും ഹദീസും   വിവരിക്കുന്നുണ്ട്.
2. കടം വാങ്ങിച്ചാല്‍ കൃത്യമായി തിരിച്ചു നല്‍കുക - ഇസ്ലാം അത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കടക്കാരനായി മരണപ്പെടുക എന്നത് പരലോകം തീര്‍ത്തും നഷ്ടമാകുന്നതിന് കാരണമാകുന്നതാണ്.
3. ദാനധര്‍മ്മം, സകാത്ത്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വ്യക്തിഗതമായും സാമൂഹ്യമായും പ്രത്യേകിച്ച്, മഹല്ലടിസ്ഥാനത്തില്‍ വ്യാപകമാക്കുക.
4. പലിശരഹിത നിധിയോ ബാങ്കോ മഹല്ലടിസ്ഥാനത്തില്‍ നിര്‍ബന്ധമായ വ്യവസ്ഥകളോടെയും, കര്‍ശന സ്വഭാവത്തോടെയും ഉത്തരവാദിത്വപ്പെട്ടവരുടെ നേതൃത്വത്തില്‍ നടപ്പാക്കുക.
5. ബോധവല്‍ക്കരണ ക്ലാസ്സുകളും, പുസ്തക-ലഘുലേഖ വിതരണങ്ങളും മസ്ജിദ്-മദ്റസകള്‍ തോറും മാസത്തില്‍ ഒന്ന് വീതമെങ്കിലും നടപ്പില്‍ വരുത്തുക.
6. നിവര്‍ത്തികേട് കൊണ്ട് പലിശ വാങ്ങിച്ചവരെ, ഇസ്ലാം നിഷ്കര്‍ഷിക്കുന്ന രീതിയില്‍ അതില്‍ നിന്നും അവരെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക.
7. മഹല്ലുകളുടെ അധികാര പരിധിയില്‍ നിന്നുകൊണ്ട് ബ്ലേഡ്-പലിശ ഇടപാടുകാരെ കര്‍ശനമായും ഒറ്റപ്പെടുത്തുക.
8. വീട്, വാഹനം, ബിസിനസ്, വസ്ത്രം, ഇത്യാദി കാര്യങ്ങളില്‍ വരുമാനത്തിലൊതുങ്ങുന്ന നിലയില്‍ ജീവിക്കാനുള്ള ലാളിത്യസ്വഭാവം മുറുകെ പിടിക്കുക.
9. ആഡംബര, ആര്‍ഭാട വിവാഹം, പോലുള്ള പരിപാടികളില്‍നിന്ന് വിട്ടു നില്‍ക്കുകയും നിരുത്സാഹപ്പെടുത്തുകയും  ചെയ്യുക.
10. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥകളെ സംബന്ധിച്ചുള്ള അറിവും ബോധവല്‍ക്കരണവും മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതൃത്വ രംഗത്തുള്ളവര്‍ക്കെല്ലാം എത്തിച്ചുകൊടുക്കുന്നതിന് കഴിവുള്ള പ്രബോധക സംഘം ഉണ്ടാവുക.
പരിശുദ്ധ ഖുര്‍ആന്‍ 274, 275, 276 ആയത്തുകള്‍ ദാനധര്‍മ്മത്തെ പ്രോത്സാഹിപ്പിച്ചും കച്ചവടത്തെ അനുവദിച്ചും പലിശയെ നിശിതമായി വിമര്‍ശിക്കുകയും നിരുത്സാഹപ്പെടുത്തുകയും നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.
"രാത്രിയും പകലും രഹസ്യമായും പരസ്യമായും പണം ചെലവഴിക്കുന്നവര്‍, അവരുടെ പ്രതിഫലം അവരുടെ റബ്ബിന്‍റെ ഭാഗത്തുനിന്നുമുണ്ട്. അവര്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട" (ബഖറ-274)
പലിശ തിന്നുന്നവന്‍ പിശാച് ബാധിച്ചവനെപ്പോലെ എഴുന്നേല്‍ക്കുന്നതാണ്. കച്ചവടവും പലിശ പോലെ തന്നെയാണെന്ന് അവര്‍ പറഞ്ഞതിന്‍റെ പേരില്‍, എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിശിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. ആയതിനാല്‍ അല്ലാഹുവിന്‍റെ ഉപദേശം വന്നു കിട്ടുകയും  ആരെങ്കിലും പലിശയില്‍നിന്ന് വിരമിക്കുകയും ചെയ്താല്‍, മുമ്പ് വാങ്ങിയത് അവനുള്ളതാണ്. അവന്‍റെ കാര്യം അല്ലാഹുവിന്‍റെ തീരുമാനത്തിലാണ്. വീണ്ടും അതിലേക്ക് മടങ്ങിയാല്‍ അവര്‍ നരകത്തില്‍ കാലാകാലം കഴിയുന്നതായിരിക്കും (ബഖറ: 275).
അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാന-ധര്‍മ്മങ്ങളെ വളര്‍ത്തുകയും ചെയ്യും. നന്ദികെട്ട നിഷേധിയെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല (ബഖറ: 276).
ഈ വചനങ്ങളിലൂടെ മനസ്സിലാകുന്ന സംഗതികള്‍ പലിശയ്ക്ക് പകരം ദാന-ധര്‍മ്മങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പലിശക്കാരന്‍റെ ജീവിതം അസ്വസ്ഥത നിറഞ്ഞതായിരിക്കും. കച്ചവടം ചെയ്യാം, പക്ഷെ കച്ചവടവും പലിശയും കൂട്ടിക്കുഴയ്ക്കരുത്. രണ്ടും രണ്ടാണ്. ഇത് അറിഞ്ഞ സ്ഥിതിക്ക് പശ്ചാത്തപിച്ച് പലിശ ഇടപാട് അവസാനിപ്പിച്ചാല്‍ അല്ലാഹു സ്വീകരിക്കും. വീണ്ടും പലിശയിലേക്ക് പോയാല്‍ അല്ലാഹു നിത്യമായി നരകത്തിലേക്ക് എറിയും. ആലു ഇംറാന്‍ 130 ല്‍ അല്ലാഹു പറയുന്നു. "ഇരട്ടിയും അതിന്‍റെ ഇരട്ടിയുമായി നിങ്ങള്‍ പലിശ തിന്നാതിരിക്കുക."
അല്ലാഹു പറയുന്നു. "ജനങ്ങളുടെ സമ്പത്തിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല."
ഇത്ര വ്യക്തമായി എല്ലാത്തരം പലിശയേയും നിഷിദ്ധമാക്കിയ ഒരേയൊരു വേദഗ്രന്ഥം അത് പരിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്. പലിശയുടെ ശതമാനം കുറയട്ടെ, കൂടട്ടെ, ഏതെല്ലാം വ്യവസ്ഥയിലും നടത്തപ്പെടുന്നതാവട്ടെ, അതിലൊന്നും സത്യവിശ്വാസി അകപ്പെട്ടു പോവരുതെന്ന് ഇവിടെ ഉണര്‍ത്തുന്നു.
ജാബിറുബ്നു അബ്ദുല്ല (റ) വിവരിക്കുന്നു: പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും അത് എഴുതിവെക്കുന്നവനെയും സാക്ഷിയാകുന്നവനെയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശപിച്ചിരിക്കുന്നു. (മുസ്ലിം)
അബ്ദുല്ലാഹിബിന് മസ്ഊദ് (റ) വിവരിക്കുന്നു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:  "പലിശ എന്നത് 72 വിഭാഗമുണ്ട്. അതിലേറ്റവും ലളിതമായത് മാതാവിനെ ലൈംഗികമായി പീഢിപ്പിക്കുന്നതിന് തുല്യമാണ്." (ഹാകിം)
മറ്റൊരു ഹദീസിലൂടെ ഇങ്ങനെ മനസ്സിലാക്കാം; പലിശപ്പണത്തില്‍നിന്ന് ഒരാള്‍ സമ്പാദിച്ച ഒരു ദിര്‍ഹം അല്ലാഹുവിന്‍റെ അടുക്കല്‍ മുപ്പത്തിമൂന്ന് പ്രാവശ്യം വ്യഭിചരിച്ചതിനേക്കാള്‍ വലിയ കുറ്റമാണ്. ഇമാം ത്വബ്റാനി അബ്ദുല്ലാഹിബിനു സലാമില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തതാണിത്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മിഅ്റാജിന്‍റെ രാവില്‍ ഏഴാനാകാശത്ത് നിന്ന് മുകളിലേക്ക് നോക്കുമ്പോള്‍ ഇടിമിന്നലും ഘോരഘോരമായ അട്ടഹാസങ്ങളും മറ്റും കാണുകയും കേള്‍ക്കുകയും ചെയ്തു. അപ്പോള്‍ ഒരു ജനവിഭാഗത്തെ കണ്ടു. വീടുകള്‍ക്ക് തുല്യമായ അവരുടെ വയറുകളില്‍ പാമ്പുകള്‍ കയറി നിറഞ്ഞ് കവിയുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ജിബ്രീല്‍ (അ) നോട് ഇവരാരാണെന്ന് ചോദിച്ചപ്പോള്‍ ഇവര്‍ പലിശ തിന്നവരാണെന്ന് മറുപടി പറയുകയുണ്ടായി. (അഹ്മദ്, ഇബ്നുമാജ).
സമുറത്ത്ബിനു ജുന്‍ദുബ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു രാത്രയില്‍ ദീര്‍ഘമായ ഒരു സ്വപ്നം കണ്ടു, രണ്ടുപേര്‍ വന്ന് തിരുദൂതരെ പുണ്യഭൂമിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു പുഴയ്ക്കരികില്‍ എത്തി. അവിടെ കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നു. പുഴയില്‍ നിന്ന് കരയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആളെ കല്ല്കൊണ്ട് എറിഞ്ഞ് വീണ്ടും തിരിച്ചയയ്ക്കുകയും ചെയ്യുന്നു. ഇതാരാണെന്ന് ആരാഞ്ഞപ്പോള്‍ പലിശ തീറ്റക്കാരാണെന്ന് അറിയിക്കുകയുണ്ടായി. (ബുഖാരി)
ഈ രീതിയില്‍ പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പലിശയേയും പലിശക്കാരേയും അതിന് വേണ്ടി ജോലി ചെയ്യുന്നവരെയും കുറ്റക്കാരായി അവതരിപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും പലിശമുക്തമായ ജീവിതമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്.
ഇത്തരം ബോധവല്‍ക്കരണങ്ങള്‍ മത - സാമൂഹിക - രാഷ്ട്രീയ - സാംസ്കാരിക രംഗത്തുള്ളവര്‍ ജനങ്ങള്‍ക്ക് നല്‍കേണ്ടതായിട്ടുണ്ട്. പക്ഷേ ഇവിടെ പാപം ചെയ്യാത്തവനായി ആരാണുള്ളത്.?
ഇനി എനിക്ക് ടെന്‍ഷനെന്നും, വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിനേ... എന്നും മഹാനടന്മാര്‍ ചോദിക്കുമ്പോള്‍, ചമയങ്ങളുടെ പുഞ്ചിരി തൂകിയ മുഖഭാവത്തിലൂടെ പണയമിടപാടുകളിലേക്ക് പ്രചോദിതരായാല്‍ പിന്നെ കാണുന്ന മുഖം അതായിരിക്കുകയില്ല. എന്ന് ഇവിടെ ഓര്‍മ്മപ്പെടുത്തട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?* 

1 comment:

  1. കച്ചവടം ഹലാലാക്കുകയും ചൂതാട്ടം ഹറാമാക്കുകയും ചെയ്യുന്ന ആയത് എവിടെ നിന്ന് അവതരിച്ചു എന്നൊന്ന് പറയാമോ?

    ReplyDelete

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...