ഇലാ റഹ് മത്തില്ലാഹ്
പടച്ചവന്‍ നല്‍കിയ അനുഗ്രഹത്തിന് ചെറിയ നിലയിലെങ്കിലും നന്ദി കാണിക്കേണ്ടേ.?
അല്‍ ഹാജ് അബ്ദുല്‍ അസീസ് സാഹിബ് മര്‍ഹൂം, ഹരിപ്പാട്.
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(ദാറുല്‍ ഉലൂം, ഓച്ചിറ)
വിനീതന്‍റെ മാതാവിന്‍റെ ജേഷ്ഠ സഹോദരിയാണ് ഹലീമ ബീവി മര്‍ഹൂമ. കായംകുളത്ത് ഐക്യജംഗ്ഷനില്‍ കൊപ്രാപ്പുരയില്‍ താമസിക്കുന്ന മഹതിയയെയാണ് പ്രിയപ്പെട്ട മാതാവ് കായംകുളത്ത് ഓതാന്‍ ആക്കിയപ്പോള്‍ വിനീതനെ ഏല്‍പ്പിച്ചത്. ഏതാനും മിക്ക വെള്ളിയാഴ്ചകളിലും അവിടേക്ക് നടന്ന് പോകുമായിരുന്നു. സഹോദരിയോടുള്ള സ്നേഹം കൂടാതെ വിജ്ഞാനം പഠിക്കുന്ന മുതഅല്ലിംകളോടുള്ള വല്ലാത്ത സ്നേഹം കാരണം പലതരം ആഹാരം തയ്യാറാക്കി വെയ്ക്കുകയും നിര്‍ബന്ധിച്ച് കഴിപ്പിക്കുകയും ചെയ്യുമായിരുന്നു. നടക്കാന്‍ കഴിവുള്ള കാലം മുഴുവന്‍ വീട്ടിലെ സര്‍വ്വ ജോലികളും ചെയ്യുന്നതിനോടൊപ്പം നിരന്തരം ദിക്ര്‍-ദുആകളില്‍ കഴിഞ്ഞിരുന്ന മൂത്തുമ്മ മര്‍ഹൂമ, അവസാനം വര്‍ഷങ്ങളോളം കിടപ്പിലാകുകയും രാപകല്‍ വ്യത്യാസമില്ലാതെ ഖുര്‍ആന്‍ പാരായണം, ദിക്ര്‍-ദുആകളില്‍ മാത്രം കഴിയുകയും ആ അവസ്ഥയില്‍ തന്നെ രക്ഷിതാവിലേക്ക് യാത്രയാകുകയും ചെയ്തു.
മൂത്തുമ്മയുടെ മക്കളെല്ലാവരും വളരെ നല്ലവരായിരുന്നു. അവരില്‍ ഒരാളൊഴിച്ച് മറ്റെല്ലാവരും പടച്ചവനിലേക്ക് യാത്രയായി. അല്ലാഹു അവരെല്ലാവരെയും അനുഗ്രഹിക്കട്ടെ.! രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ ആലപ്പുഴ പുന്നപ്രയിലും മറ്റൊരാള്‍ ഹരിപ്പാട് ഡാണാപ്പടിയിലും താമസിക്കുന്നു. പുന്നപ്രയില്‍ താമസിക്കുന്ന മകളുടെ സമര്‍ത്ഥനായ മകന്‍ രിയാസ് സാഹിബ് ഏതാനും മാസം മുമ്പ് റഹ്മാന്‍റെ റഹ്മത്തിലേക്ക് യാത്രയായി. അല്ലാഹു എല്ലാവര്‍ക്കും മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ നല്‍കട്ടെ.! ഇന്ന് യാത്രാ സൗകര്യങ്ങള്‍ കൂടുതലുണ്ടായിട്ടും നമുക്കിടയില്‍ ബന്ധങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ പണ്ട് യാത്രാ സൗകര്യങ്ങള്‍ വളരെ കുറവായിരുന്നിട്ടും മര്‍ഹൂമത്തായ ഉമ്മ രോഗിണിയായിരുന്നിട്ടും ഇവരെ വീടുകളിലെല്ലാം എന്നെയും കൊണ്ട് യാത്ര ചെയ്യുമായിരുന്നു. ഇക്കൂട്ടത്തില്‍ ഞങ്ങള്‍ വളരെ താല്‍പ്പര്യത്തോടെ വന്നിരുന്ന ഒരു വീടാണ് മൂത്തുമ്മയുടെ മരുമകന്‍ അബ്ദുല്‍ അസീസ് സാഹിബിന്‍റെ ഡാണാപ്പടിയിലുള്ള ഭവനം. ഒരിക്കല്‍ നാല് ഭാഗത്തും വെള്ളം കെട്ടിക്കിടന്നപ്പോള്‍ ഇവിടെയെല്ലാം കഷ്ടപ്പെട്ട് പോകുന്നതിന് കൂലി കൂടുതലുണ്ടെന്ന് പറഞ്ഞ് സാധനങ്ങളും കൈയ്യില്‍ പിടിച്ച്, ഉമ്മ മുന്നില്‍ നടന്നത് ഓര്‍മ്മയുണ്ട്. ഉമ്മയുമായി അബ്ദുല്‍ അസീസ് സാഹിബ് ധാരാളം നേരം സംസാരിച്ചിരിക്കുമായിരുന്നു.
വിനീതന്‍റെ പഠനത്തിന് ശേഷം അബ്ദുല്‍ അസീസ് സാഹിബ് ഹജ്ജിന് പുറപ്പെട്ടപ്പോള്‍ കായംകുളത്ത് നടന്ന ഹജ്ജിന്‍റെ ക്ലാസ്സുകളുമായി ബന്ധപ്പെട്ട് വളരെ കൂടുതല്‍ അടുത്തു. തുടര്‍ന്ന് നിരന്തരം ബന്ധപ്പെടുകയും പരസ്പരം ഓരോ കാര്യങ്ങള്‍ പറയുകയും ചെയ്തിരുന്നു. പരിശുദ്ധ ഹറമുകളില്‍ വെച്ച് ചെയ്ത നിയ്യത്തായിരിക്കാം, ഒരിക്കല്‍ ഫോണില്‍ ബന്ധപ്പെട്ട് ഇപ്രകാരം പറഞ്ഞു: കുറച്ച് സ്ഥലത്ത് ചെറിയ ഏതാനും വീടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. യത്തീമായ മക്കള്‍ക്ക് അത് കൊടുക്കണമെന്ന് ആഗ്രഹിക്കുന്നു. ശുക്കൂറും കൂട്ടുകാരും സഹായിക്കണം.! ഞങ്ങള്‍ ഇതറിഞ്ഞ് ഹരിപ്പാടേക്ക് പോയി. അദ്ദേഹത്തിന്‍റെ വീടിനോട് ചേര്‍ന്ന സ്ഥലമായിരുന്നെങ്കിലും മറ്റൊരു വഴിയിലൂടെ കൊണ്ട് പോയതിനാല്‍ ഇത് അദ്ദേഹത്തിന്‍റെ സ്ഥലമാണെന്നോ വീടുകള്‍ നിര്‍മ്മിച്ചത് അദ്ദേഹമാണെന്നോ മനസ്സിലായില്ല. വീടുകള്‍ കണ്ട് ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ടായി. ഇടയ്ക്ക് അളിയന്‍റെ വീട് ഇതിനടുത്തെവിടേയോ ആണെന്ന് പറഞ്ഞപ്പോള്‍ അതാണെന്ന് കാണിച്ച് തന്നു. അപ്പോഴാണ് ഈ സ്ഥലവും അദ്ദേഹത്തിന്‍റെതാണെന്നും വീടുകളുടെ നിര്‍മ്മാണം പ്രധാനമായും നടത്തിയത് വലിയ പണക്കാരനൊന്നുമല്ലാത്ത അദ്ദേഹമാണെന്നും അറിയുന്നത്. റമദാനിലെ ഏതോ ഒരു ദിവസമാണ്, ഞങ്ങള്‍ ദീര്‍ഘനേരം അവിടെ നില്‍ക്കുകയും ദുആ ഇരക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഈ പ്രവര്‍ത്തനം സ്വീകരിക്കപ്പെടുന്നതിനും ഞങ്ങള്‍ക്കും ഇത്തരം സേവനങ്ങള്‍ക്ക് സൗഭാഗ്യം ഉണ്ടാകുന്നതിനും അല്ലാഹുവിനോട് താണ് കേണ് അപേക്ഷിച്ചു.
ഞങ്ങള്‍ വളരെ പരിശ്രമിച്ചെങ്കിലും ആരംഭത്തില്‍ യത്തീമുകളെ ആരെയും കിട്ടിയില്ല. ഈ സമയത്ത് വളരെ സാധുക്കളായ ആളുകളെയും പരിഗണിക്കാന്‍ വിനീതന്‍ പറഞ്ഞപ്പോള്‍ അല്ലാഹുവിന്‍റെ ഈ ദാസന്‍ പറഞ്ഞ മറുപടി ഞങ്ങളുടെ കണ്ണുകള്‍ നിറച്ചുകളഞ്ഞു: എന്‍റെ പിതാവ് ചെറുപ്പത്തില്‍ മരിച്ചു. ഞാന്‍ ഒരു അനാഥനായിട്ടാണ് വളര്‍ന്നത്. പടച്ചവന്‍ എന്‍റെ കാര്യങ്ങള്‍ നടത്തിത്തരാന്‍ വളരെ നല്ല ആളുകളെ തയ്യാറാക്കി തന്നു. ഈ വലിയ അനുഗ്രഹത്തിന് ചെറിയ ഒരു നന്ദി ഈ നിലയില്‍ നിര്‍വ്വഹിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.! സുബ്ഹാനല്ലാഹ്, നമുക്കും ഇത്തരം ചിന്തയുണ്ടായാല്‍ നാം എത്രയോ സേവന-സഹായങ്ങള്‍ക്ക് സന്നദ്ധമാകുമായിരുന്നു.! അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അദ്ദേഹം ആഗ്രഹിച്ചത് പോലെ അനാഥരായ സഹോദരങ്ങളെ തന്നെ ലഭിച്ചു.
ഏതാനും നാളുകള്‍ക്ക് ശേഷം അതിന്‍റെ ഉദ്ഘാടനം നടന്നു. തദവസരം എന്നെ മാറ്റി നിര്‍ത്തി ഒരു വല്ലാത്ത വാചകം പറഞ്ഞു: മോനേ, ഇവിടെ താമസിക്കുന്നവരെ എന്‍റെ മക്കളായിട്ടാണ് ഞാന്‍ കാണുന്നത്. അവര്‍ക്ക് ആവശ്യമാകുന്ന മുഴുവന്‍ ചെലവുകളും കൊടുക്കണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ഇത് സഫലമാകുന്നതിന് നീ അല്ലാഹുവിനോട് നിരന്തരം ദുആ ചെയ്യണം.! തുടര്‍ന്ന് കാണുമ്പോഴെല്ലാം ഈ അപേക്ഷ ആവര്‍ത്തിക്കുകയും വലിയ മനക്കരുത്തും ആവേശവും പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. അല്ലാഹു സാധുവായ ഈ അടിമയുടെ സമുന്നതമായ ആഗ്രഹം പരിപൂര്‍ണ്ണമായി സ്വീകരിക്കുകയും അദൃശ്യ ലോകത്ത് നിന്നും കവാടങ്ങള്‍ തുറന്ന് തരികയും ചെയ്യട്ടെ.!
നമ്മുടെ പാപങ്ങള്‍ കാരണമായിട്ടായിരിക്കാം, മഹാമാരിയെന്ന് പരിചയപ്പെടുത്തപ്പെടുന്ന കൊറോണ കോവിഡ് 19 വലിയൊരു പരീക്ഷണമായി മാറിയിരിക്കുകയാണ്. ആരാധനാലയങ്ങളും പാഠ ശാലകളും ശൂന്യമായി. പലവിധ കുഴപ്പങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിലേറ്റവും വലിയ ദുഃഖവും ദുരന്തവും ആദരണീയരായ പ്രായമുള്ളവര്‍ക്ക് രോഗം ബാധിക്കലാണ്. അവര്‍ക്ക് മരണം സംഭവിച്ചാല്‍ പിന്നെ ദുഃഖത്തെ കുറിച്ച് പറയാനേയില്ല. അല്ലാഹുവിന്‍റെ തീരുമാനം ആദരണീയ അളിയന്‍ ഈ രോഗത്തില്‍ അകപ്പെട്ട് അല്ലാഹുവിലേക്ക് യാത്രയായി. കാരുണ്യവാനായ പടച്ചവന്‍ ആദരവായ റസൂലുല്ലാഹി (സ്വ) യുടെ സുവാര്‍ത്തയനുസരിച്ച് രക്തസാക്ഷിത്വത്തിന്‍റെ സമുന്നത പ്രതിഫലം നല്‍കുകയും ബന്ധുമിത്രങ്ങള്‍ക്കെല്ലാം ശാന്തിയും സമാധാനവും കൊടുക്കുകയും ചെയ്യട്ടെ.!
വേറെയും ധാരാളം മഹത്തുക്കള്‍ റഹ്മാന്‍റെ റഹ്മത്തിലേക്ക് യാത്രയായി. മദ്റസയിലെ മുന്‍ ഉസ്താദ് ശാക്കിര്‍ മൗലവി അല്‍ ഖാസിമിയുടെ പിതാവ്, ഇസ് ലാഹുല്‍ മുസ്ലിമീന്‍ സംഘത്തിലെ പ്രധാന വ്യക്തിത്വം ഖാജാ സാഹിബിന്‍റെ മാതാവ്, പാച്ചല്ലൂര്‍ ഫൈസല്‍ സാഹിബിന്‍റെ മാമ ബഷീര്‍ സാഹിബ്, മണക്കാട് ഹാഫിസ് ഫൈസല്‍ സാഹിബിന്‍റെ പിതാവ്, മയ്യത്തുംകര ബഷീര്‍ സാഹിബ്.... എല്ലാവര്‍ക്കും കാരുണ്യവാനായ റബ്ബ് റഹ്മാത്ത്-ബറകാത്തുകള്‍ കനിഞ്ഞരുളട്ടെ.! അല്ലാഹു എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് സമാധാനം കനിയട്ടെ.! രോഗികളായ എല്ലാവര്‍ക്കും സൗഖ്യം നല്‍കട്ടെ.! രോഗത്തെ ഭയക്കുന്നവര്‍ക്ക് സുരക്ഷിതത്വം നല്‍കട്ടെ.! ആരോഗ്യപ്രവര്‍ത്തകരെ അനുഗ്രഹിക്കട്ടെ.! ലളിതമായ ചികിത്സകള്‍ വ്യാപകമാക്കട്ടെ.! പ്രത്യേകിച്ചും ആരാധനാലയങ്ങളും പാഠശാലകളും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം സംജാതമാക്കട്ടെ.! ഈ പരീക്ഷണത്തെയും മുഴുവന്‍ പരീക്ഷണങ്ങളെയും ദൂരീകരിക്കട്ടെ.!
അവസാനമായി, മര്‍ഹൂമുകളുടെ ബന്ധുക്കളെയും എല്ലാ സഹോദരങ്ങളെയും ഒരു കാര്യം ഉണര്‍ത്തുകയാണ്: ഇത്തരം മഹത്തുക്കളുടെ സംസ്കരണ പരിപാടികളില്‍ നമുക്ക് പരിപൂര്‍ണ്ണമായി പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മയ്യിത്ത് അടക്കിയ ശേഷം ഖബ്റിനടുത്ത് വന്ന് നമസ്കരിക്കാവുന്നതാണ്. കൂടാതെ എല്ലാ ദിവസവും നമ്മില്‍ നിന്നും മരണപ്പെട്ട് പോയവര്‍ക്ക് പ്രത്യേകിച്ചും പൊതുവായും ഒറ്റയ്ക്കും ജമാഅത്തായും ഗാഇബായ മയ്യിത്ത് നമസ്കാരങ്ങളും നടത്തുക. ബന്ധുക്കള്‍ക്ക് തഅ്സിയത്ത് (അനുശോചനം) രേഖപ്പെടുത്തുക. അവരുടെ വസ്വിയ്യത്തുകളും ആഗ്രഹങ്ങളും മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും പരിശ്രമിക്കുക. ഖബ്ര്‍സ്ഥാനുകള്‍ സിയാറത്ത് ചെയ്യുകയും നന്മകള്‍ ചെയ്ത് പ്രതിഫലം എത്തിച്ച് കൊടുക്കുകയും ചെയ്യുക. ഇതുമായി ബന്ധപ്പെട്ട ചില രചനകളുടെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു: അവ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും അല്ലാഹു ഉതവി നല്‍കട്ടെ.!
-അബ്ദുശ്ശകൂര്‍ ഖാസിമി
(1442 സഫര്‍ 27 വെള്ളിയാഴ്ച രാവ്,
2020 ഒക്ടോബര്‍ 15)
വസിയ്യത്തുകള്‍
ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി
വിനീതന്‍റെ പ്രത്യേക സമയങ്ങളിലുള്ള പ്രത്യേക വസിയ്യത്തുകള്‍ എന്‍റെ മേശയിലുണ്ട്. അതില്‍ അവസാനത്തെ തീയതി നോക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടതാണ്. സ്വത്തും വീടും വീട്ടുപകരണങ്ങളുമായി ബന്ധപ്പെട്ട വസിയ്യത്തുകള്‍ എന്‍റെ സഹോദരി പുത്രന്‍ മൗലവി ശബീര്‍ അലി സാഹിബിനെ ഏല്‍പ്പിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള വസിയ്യത്തുകള്‍ താഴെ കുറിക്കുന്നു:
എന്‍റെ ചില ദുസ്വഭാവങ്ങള്‍ കാരണം അല്ലാഹുവിന്‍റെ ചില ദാസന്മാര്‍ക്ക് ബുദ്ധുമുട്ടുണ്ടായിരിക്കും. എന്‍റെ നാവോ അവയവമോ കൊണ്ട് ചിലര്‍ക്കെങ്കിലും നേരിട്ടോ അല്ലാതെയോ പ്രയാസങ്ങള്‍ ഉണ്ടായിക്കാണും. ചിലരോടുള്ള കടമകളില്‍ അവര്‍ അറിഞ്ഞോ അറിയാതെയോ വീഴ്ച്ച വന്നിരിക്കും. ഇവര്‍ എല്ലാവരോടും അങ്ങേയറ്റത്തെ വിനയത്തോടെ ഞാന്‍ അപേക്ഷിക്കുന്നു: അല്ലാഹുവിനെ ഓര്‍ത്ത് മനസ്സുകൊണ്ട് എനിക്ക് മാപ്പ് തരണം. വീഴ്ച്ചകളില്‍ വിട്ടുവീഴ്ച്ച ചെയ്യണം. അല്ലാഹു ഇരുലോകത്തും സൗഖ്യവും സമാധാനവും നല്‍കട്ടെ എന്ന് ഞാനും നിങ്ങള്‍ക്കുവേണ്ടി ദുആ ചെയ്യുന്നു. മാപ്പ് ചോദിക്കുന്നവര്‍ക്ക് മാപ്പ് കൊടുക്കുന്നതിനെക്കുറിച്ച് വലിയ മഹത്വങ്ങള്‍ വന്നിട്ടുണ്ട്. ഇനി ആര്‍ക്കെങ്കിലും മാപ്പാക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ നിയമപ്രകാരം അവര്‍ എന്നില്‍ നിന്നും പകരം വാങ്ങണമെന്ന് അപേക്ഷിക്കുന്നു. അല്ലാഹുവിനെ ഓര്‍ത്ത് ഖിയാമത്ത് നാളില്‍ പിടികൂടരുത്. അത് സഹിക്കാന്‍ ഒരു ശേഷിയുമില്ല. എന്നോടുള്ള കടമകളില്‍ മറ്റുള്ളവരില്‍ നിന്നും വന്നിട്ടുള്ളതും വരാനുള്ളതുമായ സര്‍വ്വ വീഴ്ച്ചകളും അല്ലാഹുവിന്‍റെ പൊരുത്തത്തെ കരുതിയും എന്‍റെ തെറ്റുകുറ്റങ്ങള്‍ മാപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിച്ചുകൊണ്ടും പൂര്‍ണ്ണ മനസ്സോടെ ഞാന്‍ മാപ്പ് ചെയ്യുന്നു.
വിനീതനുമായി ബന്ധപ്പെട്ട് നടക്കുന്ന ദീനീ മദ്റസയ്ക്ക് ചില പ്രത്യേകതകളുണ്ട്. അതിന്‍റെ വിവരണം എന്‍റെ സ്നേഹിതന്‍ അബ്ദുല്ലാഹ് മൗലവിയുടെ പക്കലുണ്ട്. എന്‍റെ മരണത്തിന് ശേഷവും ഇത് ആ നിലയില്‍ തന്നെ നടക്കണമെന്ന് ഹൃദയംഗമായി എനിക്ക് ആഗ്രഹമുണ്ട്. ഈ മദ്റസയെ സേവിക്കാന്‍ അല്ലാഹു തൗഫീഖ് നല്‍കുന്നവര്‍ പ്രസ്തുത കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആത്മ സംസ്കരണമാണ്. ഇതിലൂടെ വലിയ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
മതപരവും ഭൗതികവുമായ അപകടങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് ചില കാര്യങ്ങള്‍ പ്രത്യേകം സൂക്ഷിക്കണമെന്ന് ഉപദേശിക്കുന്നു: വികാരത്തിനും കോപത്തിനും അനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കരുത്. ധൃതി വളരെ മോശമാണ്. കൂടിയാലോചന ഇല്ലാതെ ഒന്നും ചെയ്യരുത്. പരദൂഷണം കര്‍ശനമായി ഉപേക്ഷിക്കുക. അനുവദനീയമായ വിഷയങ്ങളാണെങ്കിലും സംസാരം അധികരിപ്പിക്കുന്നതും വളരെ അത്യാവശ്യമില്ലാതെ ജനങ്ങളുമായി ബന്ധപ്പെടുന്നതും വിശിഷ്യാ സുഹൃത് ബന്ധം സ്ഥാപിക്കുന്നതും പ്രത്യേകിച്ചും രഹസ്യങ്ങള്‍ പറയുന്നതും അങ്ങേയറ്റം അപകടകരമാണ്. പരിപൂര്‍ണ്ണ ആഗ്രമില്ലാതെ ഒരിക്കലും ആഹാരം കഴിക്കരുത്. ശക്തമായ താല്‍പ്പര്യമില്ലാതെ സംസര്‍ഗ്ഗം നടത്തരുത്. കഠിന ആവശ്യമില്ലാതെ കടം വാങ്ങരുത്. ധൂര്‍ത്തിന്‍റെ പരിസരത്തേക്ക് പോലും പോകരുത്. അനാവശ്യ സാധനങ്ങള്‍ ഒരുമിച്ച് കൂട്ടരുത്. കടുത്ത സ്വഭാവവും സംസാരവും പതിവാക്കരുത്. മയവും നിയന്ത്രണവും സഹനതയും അടയാളമാക്കുക. കര്‍മ്മം, വാചകം, ആഹാരം, വസ്ത്രം എന്നിവയിലെ പ്രകടനങ്ങള്‍ ഒഴിവാക്കുക. സ്ഥാനമുള്ളവര്‍ ഇതര നേതാക്കളോട് ദുസ്വഭാവമായി വര്‍ത്തിക്കരുത്. നേതാക്കളുമായി കഴിവിന്‍റെ പരമാവധി അകന്ന് കഴിയുക. വിശിഷ്യാ ഭൗതിക കാര്യങ്ങള്‍ക്ക് ബന്ധപ്പെടരുത്. സാമ്പത്തിക ഇടപാടുകളിലുള്ള സൂക്ഷ്മതയ്ക്ക് വലിയ സ്ഥാനം നല്‍കുക. വാക്കുകളും സംഭവങ്ങളും ഉദ്ധരിക്കുമ്പോള്‍ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തേണ്ടതാണ്. ദീനീ ബോധമുള്ള ആളുകള്‍ പോലും ഇതില്‍ വലിയ വീഴ്ച്ചകള്‍ വരുത്തുന്നുണ്ട്. ആവശ്യമില്ലാതെ മരുന്ന് ഉപയോഗിക്കരുത്. ആവശ്യമുള്ളപ്പോള്‍ തന്നെ വിശ്വസ്ഥനായ വൈദ്യന്‍റെ അനുവാദമില്ലാതെ ഒരു മരുന്നും ഉപയോഗിക്കരുത്. സര്‍വ്വവിധ പാപങ്ങളില്‍ നിന്നും അനാവശ്യ കാര്യങ്ങളില്‍ നിന്നും അകന്ന് കഴിയുക. സത്യം സ്വീകരിക്കുക. സ്വന്തം അഭിപ്രായത്തില്‍ വാശി പിടിക്കരുത്. ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കരുത്. ആരുടെയും ഭൗതിക കാര്യങ്ങളില്‍ തലയിടരുത്.
അദ്ധ്യാപന സേവനങ്ങളില്‍ അഹങ്കരിക്കരുതെന്ന് വിജ്ഞാനവുമായി ബന്ധപ്പെട്ടവര്‍ ഉപദേശിക്കുന്നു. മഹാന്മാരുടെ സഹവാസം കൊണ്ട് മാത്രമേ സേവനങ്ങള്‍ ഫലപ്രദമാവുകയുള്ളൂ. ആകയാല്‍ നല്ലവരുമായി ബന്ധം സ്ഥാപിക്കുക. ചെറുതും വലുതുമായ എന്‍റെ എല്ലാ പാപങ്ങളും പൊറുക്കപ്പെടുന്നതിന് ദുആ ഇരക്കണമെന്ന് സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു. എന്നിലുള്ള ദുശിച്ച പതിവുകളും സ്വഭാവങ്ങളും മാറിക്കിട്ടുന്നതിന് ദുആ ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
രചനകള്‍ പാരായണം ചെയ്തോ പണ്ഡിതരുമായി സഹവസിച്ചോ ദീനീ വിജ്ഞാനം സ്വയം പഠിക്കുന്നതും മക്കളെ പഠിപ്പിക്കുന്നതും വ്യക്തിപരമായ ബാധ്യതയാണെന്ന് മുസ്ലിം സമുദായത്തെ പൊതുവിലും സുഹൃത്തുക്കളെ പ്രത്യേകിച്ചും വളരെ ഗൗരവത്തില്‍ ഉണര്‍ത്തുന്നു. ഇന്ന് വളരെയധികം വര്‍ദ്ധിച്ചിരിക്കുന്ന മതപരമായ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഇത് മാത്രമാണ് മാര്‍ഗ്ഗം. ഇതില്‍ ഒരിക്കലും അശ്രദ്ധയും വീഴ്ച്ചയും കാട്ടരുത്.
യാസീന്‍ സൂറത്തോ മൂന്ന് പ്രാവശ്യം ഇഖ്ലാസ് സൂറത്തോ ഓതി എനിയ്ക്ക് പ്രതിഫലം എത്തിച്ച് തരണമെന്ന് എല്ലാ ശിഷ്യഗണങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സുന്നത്തിന് വിരുദ്ധമായ അനാചാരങ്ങളൊന്നും ചെയ്യരുത്. അതിനുവേണ്ടി സംഘടിക്കുകയോ സംഘടിപ്പിക്കുകയോ ചെയ്യരുത്. ആഗ്രഹവും അവസരവും ഉള്ളതുപോലെ ദുആയും ദാനധര്‍മ്മങ്ങളും പാരായണങ്ങളും നടത്തി പ്രതിഫലം എത്തിച്ച് തരിക. ഞാന്‍ ഉപയോഗിച്ച സാധനങ്ങളെ പരസ്യമായ നിലയില്‍ ബര്‍ക്കത്തിനുവേണ്ടി ഉപയോഗിക്കരുത്.
കഴിവിന്‍റെ പരമാവധി ഭൗതിക കാര്യങ്ങളില്‍ നിന്നും മനസ്സിനെ അകറ്റി നിര്‍ത്തുക. പരലോക സ്മരണ നിരന്തരം നിലനിര്‍ത്തുക. ഈ സമയത്ത് വിളി വന്നാല്‍ യാത്ര തിരിക്കാന്‍ തയ്യാറാണ് എന്ന അവസ്ഥയില്‍ കഴിയുക. അല്‍പ്പം സമയം കൂടി കിട്ടിയിരുന്നെങ്കില്‍ ദാനം ചെയ്യാമായിരുന്നല്ലോ എന്ന് പറയുന്ന അവസ്ഥ ഉണ്ടാകരുത്. രാത്രിയിലെ പാപങ്ങളില്‍ പകലിന് മുമ്പും പകലിലെ പാപങ്ങളില്‍ നിന്നും രാത്രിയ്ക്ക് മുമ്പും പശ്ചാത്തപിക്കുക. കഴിവിന്‍റെ പരമാവധി സൃഷ്ടികളുടെ കടമകളില്‍ നിന്നും ഒഴിവാകുക.
പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇത് എഴുതുമ്പോള്‍ എന്‍റെ ബാധ്യതയില്‍ ആരുടെയും കടമില്ല. ഇന്‍ ഷാ അല്ലാഹ് ഭാവിയിലും ഇങ്ങനെ തന്നെ ആയിരിക്കുമെന്ന് പടച്ചവന്‍റെ ഔദാര്യം കൊണ്ട് ഞാന്‍ പ്രതീക്ഷിക്കുന്നു. യാദൃശ്ചികമായി വല്ലതും ഉണ്ടായിപ്പോയാല്‍ നാവിലൂടെയോ എഴുത്തിലൂടെയോ അത് പ്രകടമാക്കുന്നതാണ്. എന്‍റെ സഹധര്‍മ്മണിയ്ക്കുള്ള മഹ്ര്‍ പൂര്‍ണ്ണമായി കൊടുത്ത് കഴിഞ്ഞു. അവര്‍ താമസിക്കുന്ന വീടും മറ്റ് കുറച്ച് സമ്പത്തും അവര്‍ക്ക് മാത്രമുള്ളതാണ്. മറ്റുചില വസ്തുക്കള്‍ ഞങ്ങള്‍ രണ്ട് പേരുടെയും സംയുക്ത ഉടമാവകാശത്തില്‍ ഉള്ളതാണ്.
എനിക്ക് കടം തരാന്‍ ഉള്ളവരുടെ പേര്-വിവരങ്ങള്‍ എന്‍റെ പെട്ടിയുടെ ഒരു മൂലയിലുണ്ട്. അവിടെ ഒന്നും എഴുതാതെ വെച്ചിരിക്കുന്ന ചില കടലാസുകള്‍ ഉണ്ട്. അത് ശ്രദ്ധിക്കേണ്ടതില്ല. എന്നാല്‍ വീട്ടിലെ ആഹാരം എന്ന് എഴുതി വെച്ചിരിക്കുന്ന കണക്ക് ആഹാരത്തിന് ഞാന്‍ വീട്ടില്‍ ഏല്‍പ്പിക്കാറുള്ള തുകയാണ്. അതില്‍ വല്ലതും മിച്ചമുണ്ടെങ്കില്‍ പൊതുമുതലില്‍ നിന്നും കൊടുത്തുവീട്ടേണ്ടതാണ്.
അമാനത്ത് സൂക്ഷിക്കുന്ന സഞ്ചിയിലും കവറിലും പേര് എഴുതിയ ചില കത്തുകളുണ്ട്. മരണാനന്തരം അത് അയക്കുക. അതിന് വരുന്ന ചിലവ് പൊതുസ്വത്തില്‍ നിന്നും എടുക്കേണ്ടതാണ്....
എന്‍റെ ഗ്രന്ഥാലയത്തില്‍ ധാരാളം ഗ്രന്ഥങ്ങളുണ്ട്. എന്നാല്‍ അതില്‍ ചിലത് തെറ്റായ ആദര്‍ശക്കാരുടേതാണ്. എന്‍റെ പുസ്തക ശേഖരത്തില്‍ ഇരിക്കുന്നു എന്ന് വിചാരിച്ച് അതെല്ലാം സത്യമാണെന്ന് വിചാരിക്കരുത് ശരീഅത്തിനെതരിലുള്ള എല്ലാ കാര്യങ്ങളും തെറ്റാണെന്ന് മനസ്സിലാക്കുക. ഞാന്‍ വരുന്നതിന് മുമ്പുള്ളതും ശേഷമുള്ളതും വേറെ വേറെ വെച്ചിട്ടുണ്ട്. ആര്‍ക്കും പ്രയോജനമില്ലാത്ത അവസ്ഥ വരുകയാണെങ്കില്‍ എന്‍റെ ഗ്രന്ഥങ്ങള്‍ ദേവ്ബന്ദിലെ മദ്റസയിലേക്ക് മാറ്റേണ്ടതാണ്.
എന്‍റെ രചനകളില്‍ വന്ന വീഴ്ച്ചകളില്‍ നിന്നും എനിക്ക് മനസ്സിലായിട്ടുള്ളത് തിരുത്തിയിട്ടുണ്ട്. തിരുത്തപ്പെടാത്ത തെറ്റുകളുടെ വിഷയത്തില്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഒന്ന്, പരസ്പര വിരുദ്ധമായ രണ്ട് കാര്യങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ രണ്ടാമത് പറഞ്ഞ കാര്യം ശരിയായി ഗണിക്കേണ്ടതാണ്. രണ്ട്, രണ്ടാമത്തെ ഏതാണെന്ന് മനസ്സിലാകാതിരിക്കുകയോ അതിനും സംശയം ഉണ്ടാവുകയും ചെയ്താല്‍ അവഗാഹമുള്ള പണ്ഡിതരുമായി ബന്ധപ്പെടേണ്ടതും അവരുടെ വാക്കിന് എന്‍റെ വാക്കിനേക്കാള്‍ പ്രാമുഖ്യം കല്‍പ്പിക്കപ്പെടേണ്ടതുമാണ്. എന്‍റെ ഫത്വകളുടെ വിഷയത്തിലും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കേണ്ടത്. കശ്ഫ് ഇല്‍ഹാമുകളുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ശരീഅത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തേണ്ടതും അതിനോട് യോജിക്കുന്നെങ്കില്‍ സ്വീകരിക്കേണ്ടതും യോജിക്കുന്നില്ലെങ്കില്‍ സ്വീകരിക്കാതിരിക്കേണ്ടതുമാണ്. എന്‍റെ ചില പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ തിരുത്തേണ്ട ഭാഗങ്ങള്‍ തിരുത്തണമെന്ന് മൗലവി സഫര്‍ അഹ്മദ് ഉസ്മാനിയോട് വസിയ്യത്ത് ചെയ്യുന്നു....
ജീവചരിത്രങ്ങള്‍ എഴുതപ്പെടുമ്പോള്‍ ഇല്ലാത്ത കാര്യങ്ങളും അമിത പ്രശംസകളും വരാന്‍ സാധ്യതയുള്ളത് കൊണ്ട് എന്‍റെ ജീവചരിത്രം രചിക്കപ്പെടുന്നതിനോട് താല്‍പ്പര്യമില്ല. ആര്‍ക്കെങ്കിലും വളരെയധികം ആഗ്രഹമുണ്ടെങ്കില്‍ ദീനീ ബോധവും അറവും ഉള്ളവരുടെ അനുവാദം വാങ്ങിക്കുകയും തികഞ്ഞ സൂക്ഷ്മത മുറുകെപ്പിടിക്കുകയും ചെയ്യണമെന്ന് ഉണര്‍ത്തുന്നു.
എന്‍റെ മരണാനന്തരം എന്‍റെ പേരില്‍ വല്ല കത്തുകളും വന്നാല്‍ അത് തിരിച്ചയക്കേണ്ടതാണ്. എന്‍റെ പേരില്‍ വരുന്ന മണിയോടറുകള്‍ മദ്റസയ്ക്കുള്ളതാണെന്ന് വ്യക്തമായാല്‍ സ്വീകരിക്കാവുന്നതും അല്ലെങ്കില്‍ തിരിച്ചയക്കേണ്ടതുമാണ്. കത്തും മണിയോടറും തിരിച്ചയക്കുമ്പോള്‍ വല്ല ചിലവും വരുമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ചിട്ടുള്ള പൈസയില്‍ നിന്നും ചിലവഴിക്കേണ്ടതാണ്.
വിവിധ സമയങ്ങളില്‍ പലര്‍ക്കും ബൈഅത്ത് ചെയ്യാനും ആത്മസംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഞാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അവരില്‍ ചിലരെക്കുറിച്ച് ഇപ്പോഴുള്ള അവസ്ഥ എങ്ങനെയാണെന്ന് എനിക്ക് അറിയാന്‍ സാധിക്കുന്നില്ല. നല്ല അവസ്ഥയാണെന്ന് അറിയുന്ന സഹോദരങ്ങളുടെ ഭാവികാര്യങ്ങള്‍ എന്താകുമെന്നും എനിക്കറിയില്ല. ആകയാല്‍ ഞാന്‍ ആര്‍ക്കെങ്കിലും ഇജാസത്ത് കൊടുത്തിട്ടുട്ടെങ്കില്‍ അതിനെ മാത്രം അവലംബിക്കാതെ തഅ്ലീമുദ്ദീന്‍ (ദീനീ പാഠങ്ങള്‍) എന്ന രചനയില്‍ ശൈഖുമാരുടെ നിബന്ധനകളെക്കുറിച്ച് വിവരിച്ചിട്ടുള്ള ഭാഗം ശ്രദ്ധിക്കേണ്ടതും അതിന് അനുസരിച്ചുള്ള ആളുകളെ മാത്രം ബൈഅത്ത് ചെയ്യേണ്ടതുമാണ്.
പണ്ഡിതന്മാരെക്കുറിച്ച് മത വ്യാപാരികള്‍ എന്ന് ചിലര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇത്തരുണത്തില്‍ പണ്ഡിത സഹോദരങ്ങള്‍ അനുവദനീയമായ എന്തെങ്കിലും വരുമാന മാര്‍ഗ്ഗങ്ങള്‍ പഠിച്ച് വെക്കണമെന്ന് പണ്ഡിതരോട് വസിയ്യത്ത് ചെയ്യുന്നു. ഇമാമത്തും ദറസും മഹത്തരമായ സേവനങ്ങളാണ്. കൂടാതെ, കൃഷി, വൈദ്യം, ബാഗ് നിര്‍മ്മാണം, തോല്‍ ശുചീകരണം, വാച്ച് നിര്‍മ്മാണം, എഴുത്ത്, പ്രിന്‍റിംഗ്, ബുക്ക് കച്ചവടം, സോപ്പ് നിര്‍മ്മാണം, ഇരുമ്പ് പണികള്‍, പുസ്തകം ബൈന്‍റിംഗ്, ബട്ടന്‍സ് നിര്‍മ്മാണം, സ്കൂളുകളില്‍ അറബി ഭാഷ പഠിപ്പിക്കല്‍ എന്നിവ നല്ലതാണ്. ഈ വിഷയത്തില്‍ പണ്ഡിതരെ സഹായിക്കാന്‍ ചില സഹോദരങ്ങള്‍ സന്നദ്ധരായിട്ടുണ്ട്. അവരുടെ പേര് വിവരങ്ങള്‍ താഴെ കൊടുക്കുന്നു. ആഗ്രഹമുള്ളവര്‍ അവരുമായി ബന്ധപ്പെടുക.
വസിയ്യത്തുകള്‍ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി ആദരവായ റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും ആവശ്യമായ കാര്യങ്ങള്‍ വസിയ്യത്ത് ചെയ്തതിന് ശേഷം മരണപ്പെട്ടാല്‍ അവന്‍ നേര്‍മാര്‍ഗ്ഗത്തിലും സുന്നത്തിലും തഖ്വയിലുമാണ് മരണപ്പെട്ടിരിക്കുന്നത്. അല്ലാഹു അവന്‍റെ പാപങ്ങള്‍ പൊറുത്ത് കൊടുക്കുന്നതാണ്! ഇന്ന് 1392 ശഅ്ബാന്‍ 20 (1973 ജനുവരി 17)ാം തീയതിയാണ്. ചാന്ദ്രിക വര്‍ഷം അനുസരിച്ച് വിനീതന്‍ 79-ാം വര്‍ഷത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. അല്ലാഹു പാപങ്ങള്‍ തിരുത്താനും നഷ്ടങ്ങള്‍ നികത്താനും വലിയ അവസരമാണ് എനിക്ക് നല്‍കിയത്. 936 മാസങ്ങള്‍, 27500-ല്‍ പരം രാപകലുകള്‍, ഇവയ്ക്കിടയില്‍ അല്ലാഹുവിന്‍റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ എന്നിവ ലഭിച്ചിട്ടും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്താനോ പരലോകത്തിനുവേണ്ടി വല്ല തയ്യാറെടുപ്പുകള്‍ നടത്താനോ സാധിച്ചിട്ടില്ല. പാപങ്ങളുടെ കൂമ്പാരം മുന്നില്‍ കാണപ്പെടുകയും ചെയ്യുന്നു. ഇത്തരുണത്തില്‍ അമ്പരപ്പിന്‍റെയും ദു:ഖത്തിന്‍റെയും സമുദ്രത്തില്‍ മുങ്ങിക്കിടന്നുകൊണ്ട് വിളിച്ചുപറയട്ടെ: അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം അവനിലേക്ക് തന്നെ അഭയം തേടലാണ്! അല്ലാഹു വലിയ കരുണയുള്ളവനാണ്. പശ്ചാത്തപിക്കുന്നവരുടെ തിന്മകള്‍ നന്മകളാക്കി മാറ്റിമറിക്കുന്നവനാണ്!! രക്ഷിതാവേ, നിന്‍റെ മഹത്വത്തിനനുസരിച്ച് എന്നോട് പെരുമാറേണമേ. എന്‍റെ അര്‍ഹതയ്ക്കനുസരിച്ച് എന്നോട് പെരുമാറരുതേ!!! 1. എന്‍റെ മക്കള്‍, കുടുംബം, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സഹോദരങ്ങളോടും ഞാന്‍ വസിയ്യത്ത് ചെയ്യുന്നു: ജീവിതത്തിലെ ഓരോ നിമിഷത്തെയും അസുലഭവും അമൂല്യവുമായ അവസരമായി കാണുക. ഇഹലോകം മുഴുവനും കൊടുത്താലും കഴിഞ്ഞുപോയ നിമിഷങ്ങള്‍ ലഭിക്കുന്നതല്ല. ഇവ ഉപയോഗിച്ച് അല്ലാഹുവിന്‍റെ പൊരുത്തവും സ്വര്‍ഗ്ഗത്തിന്‍റെ നിരന്തര അനുഗ്രഹങ്ങളും നേടിയെടുക്കാന്‍ പരിശ്രമിക്കുക. പടച്ചവന്‍റെ അനുഗ്രഹങ്ങള്‍ നന്ദികേടിന്‍റെ വഴിയില്‍ ചിലവഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പടച്ചവന്‍റെ ഇഷ്ടത്തേക്കാള്‍ മനസ്സിന്‍റെ താല്‍പ്പര്യത്തിനും ഭൗതിക സുഖത്തിനും മുന്‍ഗണന കൊടുക്കരുത്. ജീവിതത്തിലെ ഓരോ നിമിഷത്തെയും വില മതിക്കുക. കഴിഞ്ഞുപോയ വിഴ്ച്ചകളില്‍ ദു:ഖിക്കുകയും പശ്ചാത്തപിക്കുകയും ഭാവികാല ജീവിതം നന്നാക്കാന്‍ ഉറച്ച തീരുമാനം എടുക്കുകയും ചെയ്യുക. അനാവശ്യമായ സംസാരങ്ങളും പ്രവര്‍ത്തികളും സദസ്സുകളും പരിപൂര്‍ണ്ണമായി വര്‍ജ്ജിക്കുക. ജീവിത നിമിഷങ്ങളെ അളന്ന് മുറിച്ച് ശരിയായ കാര്യങ്ങളില്‍ ചിലവഴിക്കാന്‍ ശ്രദ്ധിക്കുക. ഓരോ കാര്യങ്ങളും ചെയ്യുന്നതിന് മുമ്പ് പടച്ചവന് ഇഷ്ടമാണോ എന്ന് ആലോചിക്കുക. ഇഷ്ടമല്ലാത്തതാണെങ്കില്‍ എന്ത് ത്യാഗം സഹിച്ചും ഉന്നത മന:ക്കരുത്തോടെ അതില്‍ നിന്നും അകന്ന് മാറുക. 2. ദീനീ വിജ്ഞാനം കരസ്ഥമാക്കുന്നത് ജീവിതത്തിലെ പ്രധാന ലക്ഷ്യമായി കാണുക. എന്‍റെ മക്കളില്‍ ഇല്‍മ് പഠിച്ചവര്‍ ഒരിക്കലും അതുമായി ബന്ധപ്പെട്ട ജോലി ഉപേക്ഷിക്കരുത്. എപ്പോഴും വിദ്യാര്‍ത്ഥിയാണെന്ന് ഓര്‍ത്ത് വിജ്ഞാനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുക. ഇല്‍മ് പഠിച്ച് പൂര്‍ത്തിയാക്കത്തവര്‍ ഇല്‍മിന്‍റെ പരിശ്രമവുമായി ബന്ധപ്പെടേണ്ടതില്ല എന്ന് വിചാരിച്ച് മാറി നില്‍ക്കരുത്. അവരും കഴിയുന്നത്ര ഇല്‍മുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക. പ്രത്യേകിച്ചും എന്‍റെ വഴികാട്ടിയായ ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റഹ്)യുടെയും ഇതര മഹാന്മാരുടെയും രചനകള്‍ വായിക്കുന്നതും വീട്ടുകാരെ വായിച്ച് കേള്‍പ്പിക്കുന്നതും പതിവാക്കുക. ഇതിലൂടെ മറ്റുള്ളവരിലും പരിവര്‍ത്തനം ഉണ്ടാകുന്നതും ദീനിയായ അന്തരീക്ഷം സംജാതമാകുന്നതുമാണ്. ഇപ്രകാരം ചെയ്തില്ലെങ്കില്‍ അന്തരീക്ഷം മോശമാവുകയും സ്വന്തം ദീന്‍ അനുസരിച്ചുള്ള ജീവിതം പ്രയാസമാവുകയും ചെയ്യുന്നതാണ്. സമ്പൂര്‍ണ്ണ പണ്ഡിതനല്ലെങ്കിലും അറിവുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കാന്‍ പരിശ്രമിക്കേണ്ടതാണ്. 3. വൈജ്ഞാനിക വിഷയങ്ങളില്‍ അല്ലാഹുവിന്‍റെ ഇഷ്ട ദാസന്മാരായ പണ്ഡിതരുമായിട്ടുള്ള ബന്ധവും സഹവാസവും വലിയ സൗഭാഗ്യമായി കാണുക. ദേവ്ബന്ദ് ഉലമാഅ് ഈ വിഭാഗത്തില്‍ പെട്ടവരാണ്. ഇവരുടെ വിജ്ഞാനം ഗ്രന്ഥത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. സര്‍വ്വ വിഷയങ്ങളിലും പടച്ചവനോടുള്ള ഭയവും പരലോക ചിന്തയും പ്രകടമാകുന്നതാണ്. ശരീഅത്തില്‍ നിഷ്ടയുള്ള ഏതെങ്കിലും മഹാന്മാരുടെ പരമ്പരയില്‍ പെട്ട വിശിഷ്യാ ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവിയുടെ പിന്‍ഗാമികളില്‍ പെട്ട ഏതെങ്കിലും മഹാന്മാരുമായും ബൈഅത്ത് ചെയ്ത് ജീവിക്കുന്നത് വളരെ നല്ലതാണ്. 4. കുട്ടികള്‍ പരിശുദ്ധ ഖുര്‍ആന്‍ പരിപൂര്‍ണ്ണമായി നോക്കി ഓതുകയും ദീനിന്‍റെ അടിസ്ഥാന വിഷയങ്ങള്‍ പഠിക്കുകയും ചെയ്യുന്നതുവരെ മറ്റൊരു ജോലിയുമായി അവരെ ബന്ധിപ്പിക്കരുത്. കുട്ടികളുടെ ശിക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക. അവരുടെ കര്‍മ്മങ്ങളും സ്വഭാവങ്ങളും ഇസ്ലാമികമാക്കുക. കളവ്, വഞ്ചന, മോശമായ പെരുമാറ്റം ഇവകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ പരിശ്രമിക്കുക. ഫര്‍ളുകളും സുന്നത്തുകളും അനുഷ്ടിക്കുന്നതില്‍ ശ്രദ്ധയുള്ളവര്‍ ആക്കുക. 5. നമസ്ക്കാരം, നോമ്പ്, ഹലാല്‍, ഹറാമുകള്‍, ദീനീജീവിതം ഇവയില്‍ നിന്നും അശ്രദ്ധരായി കഴിയുന്ന ആളുകളുടെ സഹവാസം വര്‍ജ്ജിക്കുക. മക്കളെയും ഇത്തരം ആളുകളുടെ സഹവാസത്തില്‍ നിന്നും മാറ്റി നിര്‍ത്തുക. അവര്‍ ബന്ധുക്കളോ പഴയ സുഹൃത്തുക്കളോ ആണെങ്കില്‍ കടമകള്‍ നിര്‍വ്വഹിക്കാന്‍ മാത്രം അവരുമായി ബന്ധപ്പെടുക. ദീനീ വിഷയങ്ങളില്‍ സഹായികളായ ആളുകളുമായി മാത്രം സുഹൃത് ബന്ധം സ്ഥാപിക്കുക. ഇത്തരം ആളുകളുടെ സ്വഭാവങ്ങള്‍ പകര്‍ത്താന്‍ പരിശ്രമിക്കുക. ഇസ്ലാമിലെ പ്രധാന ബാധ്യതയാണ് നന്മ ഉപദേശിക്കലും തിന്മ തടയലും. എല്ലാ മുസ്ലിംകളുടെ മേലും കഴിവനുസരിച്ച് ഇത് കടമയാണ്. നമ്മുടെ ചുറ്റുവട്ടം നന്മ നിറഞ്ഞതാക്കുക എന്നതാണ് ഇതില്‍ അടങ്ങിയിരിക്കുന്ന തത്വം. 6. മാന്യതയും ദീനീ ബോധവുമുള്ള കുടുംബങ്ങളില്‍ പോലും സ്ത്രീകളുടെ മറയില്ലായ്മയും നഗ്നത വെളിവാക്കുന്ന വസ്ത്രങ്ങളും പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഈ കാലഘട്ടത്തിലെ വലിയൊരു പ്രശ്നമാണ്. പര്‍ദ്ദയുള്ളവര്‍ പോലും മുന്‍ഗാമികളുടെ ഗൗരവം പുലര്‍ത്തുന്നില്ല. അന്യസ്ത്രീ-പുരുഷന്മാര്‍ സ്വതന്ത്രമായി ഇടപഴകുന്ന അവസ്ഥ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇത് ഒരിക്കലും അനുവദനീയമല്ല. കുടുംബത്തില്‍ മുഴുവനും അപകടകരമായ അവസ്ഥ ഇത് മൂലം ഉണ്ടാകുന്നതാണ്. 7. ഇസ്ലാമിക വേഷവിധാനങ്ങളും ആരാധനാ അനുഷ്ടാനങ്ങളും പുലര്‍ത്താത്ത സ്ത്രീകളില്‍ നിന്നും നമ്മുടെ സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം സ്ത്രീകളുമായിട്ടുള്ള അടുപ്പം കൊല്ലുന്ന വിഷയമാണ്. നാം ബന്ധപ്പെടുന്നവര്‍ ഒന്നുങ്കില്‍ ദീനിയായ നിലയില്‍ ജീവിക്കണം അല്ലെങ്കില്‍ നാം അവരില്‍ നിന്നും അകന്ന് മാറണം എന്നത് ഒരു ജീവിത ശൈലിയാക്കി മാറ്റുക. 8. ദീനിന് വിരുദ്ധമായ കാര്യങ്ങള്‍ അടങ്ങിയ രചനകള്‍ വായിക്കുന്നത് ഉപേക്ഷിക്കുക. നോവല്‍, കഥകള്‍ മുതലായവ വീട്ടില്‍ പ്രവേശിപ്പിക്കരുത്. ദീനി രചനകളിലും ഇല്‍മും തഖ്വയും ഉള്ള പണ്ഡിതന്മാര്‍ തയ്യാറാക്കിയത് മാത്രമേ വായിക്കാന്‍ പാടുള്ളൂ. ഉറപ്പില്ലാത്ത ആളുകളുടെ രചനകളും ഉറപ്പില്ലാത്തതായിരിക്കും. എന്നാല്‍ കുഴപ്പങ്ങള്‍ കണ്ടുപിടിച്ച് ജനങ്ങളെ ഉണര്‍ത്തുന്നതിന് പണ്ഡിതന്മാര്‍ക്ക് ഇവരുടെ രനചകള്‍ വായിക്കാവുന്നതാണ്. 9. എന്‍റെ ജീവിത കാലത്തും മരണാനന്തരവും എന്നെ ഓര്‍മ്മ വരുമ്പോഴെല്ലാം എനിക്ക് മഗ്ഫിറത്തിന് ദുആ ചെയ്യണമെന്ന് എല്ലാ മഹാന്മാരോടും ശിഷ്യരോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും വിനയത്തോടെ അപേക്ഷിക്കുന്നു. 10. ദിവസവും സൂറത്ത് യാസീന്‍ കുറഞ്ഞ പക്ഷം, ഖുല്‍ഹുവല്ലാഹു മൂന്ന് പ്രാവശ്യം ഓതി സവാബ് എത്തിച്ച് തരണമെന്ന് അടുത്ത ബന്ധുമിത്രങ്ങളോട് അപേക്ഷിക്കുന്നു. ഇത് കാരണം അവര്‍ക്കും വലിയ പ്രതിഫലം ലഭിക്കുന്നതാണ്. ഇത് കൂടാതെ, കഴിയുന്നത്ര സാമ്പത്തികമായ ദാനങ്ങളും ആഹാര-വസ്ത്രങ്ങളും രഹസ്യമായ നിലയില്‍ പടച്ചവന്‍റെ പൊരുത്തത്തെ കരുതി നിര്‍വ്വഹിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. പേരും പെരുമയും ഔപചാരിക ആചാരങ്ങളും ഉപേക്ഷിക്കുക. അതുകൊണ്ട് മയ്യിത്തിനോ നന്മ ചെയ്തവര്‍ക്കോ ഒരു ഗുണവും ലഭിക്കുന്നതല്ല. 11. ഓരോ കാര്യങ്ങളിലും സുന്നത്തിനെ മുറുകെ പിടിക്കണമെന്നും ബിദ്അത്തുകളും ജാഹിലി ആചാരങ്ങളും പരിപൂര്‍ണ്ണമായി വര്‍ജ്ജിക്കണമെന്നും ഭൗതിക ചിന്തയേക്കാള്‍ പരലോക ചിന്തയ്ക്ക് മുന്‍ഗണന കൊടുക്കണമെന്നും മുഴുവന്‍ ബന്ധുമിത്രങ്ങളെയും ഉപദേശിക്കുന്നു. സുന്നത്തിനെ അനുകരിക്കുന്ന പണ്ഡിതരെയും മഹത്തുക്കളെയും വലിയ അനുഗ്രഹമായി കാണുകയും അവരോടുള്ള സഹവാസത്തെയും സേവനത്തെയും വലിയ ഭാഗ്യമായി വിശ്വസിക്കുകയും ചെയ്യുക. അവരില്‍ മാനസികമായി അടുപ്പവും യോജിപ്പും ഉള്ളവരുമായി ബന്ധം സ്ഥാപിക്കുക. യോജിപ്പ് ഇല്ലാത്തവരെക്കുറിച്ച് തെറ്റിദ്ധാരണയും മോശമായ സംസാരവും ഒഴിവാക്കുക. വിശിഷ്യാ ഇതര നന്മകളും ദീനി സേവനങ്ങളുമായി ബന്ധപ്പെട്ടവരെക്കുറിച്ച് പരദൂഷണം പറയുന്നത് കൊല്ലുന്ന വിഷമാണ്. 12. ഇന്ന് നമ്മുടെ സമൂഹം മുഴുവനും വളരെ വേഗതയില്‍ ദീനില്‍ നിന്നും സുന്നത്തില്‍ നിന്നും തെറ്റിക്കൊണ്ടിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ഒരിക്കലും ഇതുപോലുള്ള അവസ്ഥ ഉണ്ടായിട്ടില്ല. സമൂഹത്തിലുണ്ടായ ഈ മാറ്റം കാരണം ആരെങ്കിലും നന്മകളില്‍ ഉറച്ച് നില്‍ക്കാന്‍ ആഗ്രഹിച്ചാല്‍ പോലും നടക്കാത്ത സാഹചര്യം സംജാതമായിരിക്കുന്നു. പരസ്പരമുള്ള ബന്ധങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുകയും നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ചെയ്യുക മാത്രമാണ് ഇതിനുള്ള ഏക പരിഹാരം. പ്രത്യേകിച്ചും സ്വന്തം കുടുംബത്തിന്‍റെയും അയല്‍വാസികളുടെയും നന്മയ്ക്കുവേണ്ടി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യാന്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതാണ്. പാശ്ചത്ത്യ ലോകത്ത് നിന്നും പ്രവഹിച്ചുകൊണ്ടിരിക്കുന്ന നിരീശ്വരവാദവും ലജ്ജയില്ലായ്മയും ജലപ്രളയം പോലെ ഇസ്ലാമിക ലോകത്ത് പരന്ന് കഴിഞ്ഞു. ചുറ്റുവട്ടത്തെ നന്നാക്കാന്‍ പരിശ്രമിക്കുക മാത്രമാണ് ഈ സാഹചര്യത്തില്‍ സ്വന്തം ഈമാനില്‍ ഉറച്ച് നില്‍ക്കാനുള്ള ഏകവഴി. നഗ്നതാ പ്രദര്‍ശനവും ലജ്ജയില്ലായ്മയും യുവസമൂഹത്തില്‍ വളരെയധികം പ്രചരിച്ചതിനാല്‍ നല്ല മക്കള്‍ക്ക് യോജിച്ച വധൂവരന്മാരെപ്പോലും ലഭിക്കാത്ത സാഹചര്യം സംജാതമായിരിക്കുന്നു. ദീനുമായി ബന്ധമുള്ളവര്‍ പോലും ഭൗതിക കാര്യങ്ങളിലേക്ക് നോക്കാനും ദീനിന്‍റെയും സ്വഭാവത്തിന്‍റെയും മൂല്യങ്ങളെ അവഗണിക്കാനും നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുന്നു. അത്തരുണത്തില്‍ എന്‍റെ അവസാനത്തെ പ്രധാനപ്പെട്ട വസിയ്യത്ത് ഓരോ സഹോദരങ്ങളും പരിസരത്തെ നന്നാക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കണം എന്നുള്ളതാണ്. ധാരാളം വീടുകളില്‍ മാതാപിതാക്കള്‍ ദീനുള്ളവരാണെങ്കിലും മക്കള്‍ക്ക് ദീനില്ല. ചില വീടുകളില്‍ ഭാര്യഭര്‍ത്താക്കന്മാരും ഒരാളുടെ ദീനി അവസ്ഥയോട് മറ്റുള്ളവര്‍ക്ക് യോജിപ്പില്ല. ഈ പരീക്ഷണം വ്യാപകമായിക്കൊണ്ടിരിക്കുന്നു. പരസ്പരം ഭിന്നതയും വെറുപ്പും ശത്രുതയും ഉണ്ടാകുന്നു എന്നതാണ് ഈ പരീക്ഷണത്തിന്‍റെ ആദ്യത്തെ നാശം. ഈ വെറുപ്പിന്‍റെ അംശങ്ങള്‍ പരമ്പരകളിലും പ്രവേശിക്കുന്നതാണ്. ദീന്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ജീവിതം വലിയൊരു ഭാരമായി മാറുന്നു എന്നതാണ് രണ്ടാമത്തെ നാശം. ഇവര്‍ക്ക് ഓരോ ചുവടുകളിലും പ്രശ്നങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നു. മുഴുവന്‍ പ്രശ്നങ്ങളെയും മറി കടന്നാലും മറ്റുള്ളവരില്‍ യാതൊരു മാറ്റവും ഉണ്ടാകാതെ ശത്രുത അതേപടി തുടരുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ ബന്ധുമിത്രങ്ങളോട് കൂടുതല്‍ കടുപ്പം കാണിക്കുന്നതും ശരിയല്ല. കടുപ്പത്തിലൂടെ കാര്യങ്ങള്‍ കുഴയുന്നതാണ്. ഇവിടെ ചില കാര്യങ്ങള്‍ കുറിക്കുന്നു. അത് പാലിക്കാന്‍ ഓരോരുത്തരും ഉറച്ച തീരുമാനം എടുക്കുക. കുടുംബ മിത്രങ്ങളോട് വളരെ സ്നേഹത്തിലും തന്ത്രജ്ഞതയിലും ഉപദേശങ്ങള്‍ തുടരുകയും ചെയ്യുക. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അവസ്ഥ വളരെ മോശമാകുന്നതില്‍ നിന്നും ഒരു പരിധിവരെ പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നതാണ്. * ജമാഅത്ത് നമസ്ക്കാരത്തില്‍ കൃത്യനിഷ്ട പുലര്‍ത്തുകയും മക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇതിന് ഉണര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യുക. സ്ത്രീകള്‍ ആദ്യസമയത്ത് തന്നെ നമസ്ക്കരിക്കുന്നത് പതിവാക്കുക. ബാങ്ക് കൊടുത്താലുടന്‍ സര്‍വ്വ ജോലികളും നിര്‍ത്തിവെച്ച് നമസ്ക്കാരത്തിലേക്ക് തിരിയുക. സമയക്രമങ്ങള്‍ നമസ്ക്കാരത്തിന് അനുസൃതമാക്കുക. * സുബ്ഹി നമസ്ക്കാരത്തിന് ശേഷം മുതിര്‍ന്നവരും കുട്ടികളും സ്ത്രീകളും പുരുഷന്മാരുമായ എല്ലാവരും അല്‍പ്പമെങ്കിലും ഖുര്‍ആന്‍ ഓതുന്നത് പതിവാക്കുക. അതിന് മുമ്പ് ഒരു കാര്യവുമായി ബന്ധപ്പെടരുത്. * നഗ്നതാ പ്രദര്‍ശനത്തെ ഒരു നിലയ്ക്കും സഹിക്കാതിരിക്കുക. വിവാഹ പരിപാടികളില്‍ ഇത് വളരെയധികം ഗൗനിക്കുക. * ഫാഷന്‍ ഭ്രമത്തെയും പാശ്ചാത്ത്യ ജീവിത ശൈലിയെയും ഒരു ശാപവും വിഷവുമായി കാണുകയും സമൂഹത്തെ മുഴുവന്‍ ലളിത ജീവിതത്തിന് പ്രേരിപ്പിക്കുകയും കാര്യങ്ങളെല്ലാം ലളിതമാക്കി ശീലിക്കുകയും ചെയ്യുക. * പലിശ, മദ്യപാനം, നൃത്തം, ഗാനമേള മുതലായ പരസ്യ പാപങ്ങളില്‍ നിന്നും സ്വയം അകലുകയും മക്കളെ അകറ്റി നിര്‍ത്തുകയും ചെയ്യുക. ഓരോ കുടുംബക്കാരും കൂടിയിരുന്ന് ഈ വിഷയത്തില്‍ പരസ്പരം നല്ല തീരുമാനങ്ങള്‍ എടുക്കുകയും ഇത് പാലിക്കാത്തവരെ മയമായ നിലയില്‍ തിരുത്താന്‍ പരിശ്രമിക്കുകയും ചെയ്യുക. നിസ്സഹകരണവും ബന്ധം മുറിക്കലും പാടില്ല. ഇതിലൂടെ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതാണ്. മറിച്ച് നിരന്തരം പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുക. അവസാനമായി ഒരു കാര്യം കൂടി കുറിക്കുന്നു: അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ സാമ്പത്തിക കാര്യങ്ങളില്‍ വലിയ സൂക്ഷ്മത പുലര്‍ത്താന്‍ എപ്പോഴും വിനീതന്‍ പരിശ്രമിക്കാറുണ്ട്. ബാധ്യതയുള്ളവര്‍ക്ക് കൊടുത്ത് വീടുകയോ അതിനുള്ള ഏര്‍പ്പാട് നടത്തുകയോ ചെയ്തിട്ടുണ്ട്. എന്നിട്ടും ആര്‍ക്കെങ്കിലും സാമ്പത്തിക ബാധ്യത നല്‍കാനുണ്ടായിരിക്കുകയും ഞാന്‍ മറന്ന് പോവുകയും ചെയ്തിട്ടുണ്ടെങ്കില്‍ ദയവ് ചെയ്ത് എന്നെ അറിയിക്കേണ്ടതാണ്. അതിന് പരിഹാരം നിര്‍വ്വഹിക്കുന്നതാണ്. സാമ്പത്തികമല്ലാത്ത ധാരാളം ബാധ്യതകളില്‍ എന്നില്‍ നിന്നും വീഴ്ച്ച സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ട്. നേരിട്ടോ അല്ലാതെയോ ആരുടെയെങ്കിലും മനസ്സ് വേദനിപ്പിച്ചിരിക്കാം. ഇത്തരം മുഴുവന്‍ ആളുകളോടും അങ്ങേയറ്റം വിനയത്തോടെ ഒരു കാര്യം അപേക്ഷിക്കുന്നു: നിങ്ങള്‍ എന്നോട് ന്യായമായ പ്രതികാരം ചെയ്യുകയോ പടച്ചവനുവേണ്ടി മാപ്പ് ചെയ്യുകയോ ചെയ്യുക. നിങ്ങള്‍ പരലോക വിചാരണയില്‍ നിന്നും എന്നെ ഒഴിവാക്കിയതിന് രണ്ട് രൂപത്തിലും ഞാന്‍ നന്ദിരേഖപ്പെടുത്തുന്നതാണ്. വിനീതന് വൈജ്ഞാനിക രാഷ്ട്രീയ വീക്ഷണ വിഷയങ്ങളില്‍ ചിലരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദരണീയ ഗുരുനാഥന്‍ ഹകീമുല്‍ ഉമ്മത്തിനെപ്പോലെ ഈ അഭിപ്രായ വ്യത്യാസങ്ങള്‍ അതിന്‍റെ പരിധിയില്‍ മാത്രം ഒതുക്കാനും വ്യക്തികളിലേക്ക് ഒരിക്കലും കടക്കാതിരിക്കാനും വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാലും അവിചാരിതമായിട്ടാണെങ്കിലും വാക്കിലോ എഴുത്തിലോ പരിധിവിട്ട് പോകാനും അത് കാരണം ആരുടെയെങ്കിലും മനസ്സ് വേദനിച്ചിരിക്കാനും സാധ്യതയുണ്ട്. അവരോടും മേല്‍പ്പറഞ്ഞ അപേക്ഷ ആവര്‍ത്തിക്കുകയാണ്. മാപ്പ് ചോദിക്കുന്നതിന്‍റെയും മാപ്പ് ചോദിക്കുന്നവര്‍ക്ക് മാപ്പ് കൊടുക്കുന്നതിന്‍റെയും മഹത്വവും കുറ്റം ചെയ്തിട്ടും മാപ്പ് ചോദിക്കാത്തതിന്‍റെയും മാപ്പ് ചോദിക്കുന്നവര്‍ക്ക് മാപ്പ് കൊടുക്കാത്തതിന്‍റെയും ഗൗരവവും റസൂലുല്ലാഹി (സ) ധാരാളമായി വിവരിച്ചിട്ടുണ്ട്. ആകയാല്‍ എല്ലാവരും മാപ്പാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇപ്രകാരം മാപ്പ് നല്‍കിയതിന് ശേഷം വളരെയധികം സ്നേഹത്തിലും സൗഹൃദത്തിലും കഴിയണമെന്ന് നിര്‍ബന്ധമില്ല എന്ന കാര്യം കൂടി കൂട്ടത്തില്‍ ഉണര്‍ത്തുന്നു. ആകയാല്‍ മാപ്പ് ചോദിക്കുന്നത് കൊണ്ടുള്ള ഉദ്ദേശം എന്നോടുള്ള സ്നേഹ ബന്ധം വര്‍ദ്ധിപ്പിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യണം എന്നതല്ല. ഉത്തരവാദിത്വത്തില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നതുമാത്രമാണ്. മറ്റുള്ളവരോട് മാപ്പ് ചോദിക്കുന്നതുപോലെ പുണ്യഹദീസുകള്‍ക്ക് അനുസൃതമായി പടച്ചവന്‍റെ പൊരുത്തം പ്രതീക്ഷിച്ചുകൊണ്ട് സാമ്പത്തികമല്ലാത്ത മുഴുവന്‍ ബാധ്യതകളും എല്ലാവര്‍ക്കും വിനീതന്‍ മാപ്പാക്കിയിരിക്കുന്നു. സാമ്പത്തിക ബാധ്യതകള്‍ തന്ന് വീടാന്‍ കഴിവില്ലാത്തവര്‍ വിനീതനുമായി ബന്ധപ്പെടേണ്ടതാണ്. ഇന്‍ ഷാ അല്ലാഹ് എന്തെങ്കിലും എളുപ്പ വഴി ആലോചിച്ച് തീരുമാനിക്കാന്‍ സാധിക്കും. എല്ലാവരുടെയും ദുആക്കള്‍ ഒരിക്കല്‍ കൂടി പ്രതീക്ഷിക്കുന്നു. അല്ലാഹു എല്ലാവര്‍ക്കും ഉന്നത പ്രതിഫലം നല്‍കട്ടെ. വിനീതന്‍ മുഹമ്മദ് ശഫീഅ് അഫല്ലാഹു അന്‍ഹു 1392 ജമാദുല്‍ അവ്വല്‍ 14
വസ്വിയ്യത്ത്
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി.
ഈ വരികള്‍ കുറിക്കുന്നവനും തീര്‍ച്ചയായും ഒരു ദിവസം മരിക്കുന്നതാണ്. അത് ഏത് ദിവസം, ഏത് സമയത്താണ് എന്നത് അല്ലാഹുവിന് മാത്രമേ അറിയൂ. ആ സമയം വന്നുകഴിഞ്ഞാല്‍ ഒന്നും പറയാനോ എഴുതാനോ സാധിക്കുന്നതല്ല. എന്നെക്കുറിച്ച് മറ്റുള്ളവര്‍ എഴുതുകയോ പറയുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. പക്ഷെ, അത് വിനീതന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ആയിരിക്കുമോ എന്ന് യാതൊരു ഉറപ്പുമില്ല. ആകയാല്‍ ഇവിടെ എന്നെക്കുറിച്ച് ചില കാര്യങ്ങള്‍ കുറിക്കുകയാണ്. ഓരോ മനുഷ്യനും അവനവനെ കുറിച്ച് നല്ല അറിവുള്ളവനാണ്. ഇപ്പോള്‍ (1977) ചാന്ദ്രിക വര്‍ഷക്കണക്കനുസരിച്ച് എനിക്ക് 74-ഉം സൂര്യ വര്‍ഷക്കണക്കനുസരിച്ച് 72-ഉം വയസ്സായി. ബാഹ്യമായി നോക്കുമ്പോള്‍ ഇനി കൂടുതല്‍ നാളുകള്‍ താമസിക്കാന്‍ സാധ്യതയില്ല. അവശേഷിക്കുന്ന സമയം തൗബയിലും ഇനാബത്തിലും നഷ്ടപ്പെട്ടത് പരിഹരിക്കുന്നതിലുമായി കഴിച്ച് കൂട്ടാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ.!
പുണ്യഹദീസില്‍ വസ്വിയ്യത്ത് ചെയ്യുന്നതിനെ കുറിച്ച് ഗൗരവത്തില്‍ ഉണര്‍ത്തപ്പെട്ടിട്ടുണ്ട്. എന്‍റെ വീടും സമ്പത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിനീതന്‍ എഴുതി തുടങ്ങിയിട്ടുണ്ട്. അത് പൂര്‍ത്തിയാക്കി കുടുംബത്തെ ഏല്‍പ്പിക്കുന്നതാണ്. എന്നാല്‍ അവരോടം എല്ലാ ബന്ധുമിത്രങ്ങളോടും മുഴുവന്‍ സഹോദരങ്ങളോടും അങ്ങേയറ്റം ആത്മാര്‍ത്ഥമായ നിലയില്‍ ചില കാര്യങ്ങള്‍ വസ്വിയ്യത്ത് എന്നോണം ഇവിടെ കുറിക്കുകയാണ്.
അല്ലാഹു കല്പിക്കുന്നു: നിങ്ങളെയും നിങ്ങളുടെ കുടുംബത്തേയും നരകാഗ്നിയില്‍ നിന്നും കാത്ത് രക്ഷിക്കുക. (തഹ്രീം). താങ്കളുടെ അടുത്ത ബന്ധുക്കള്‍ക്ക് സ്നേഹപൂര്‍വ്വം മുന്നറിയിപ്പ് നല്‍കുക. (ശുഅറാഅ്). ഈ ആയത്തനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് ഏറ്റവും ആദ്യമായി എന്നോടും തുടര്‍ന്ന് സന്താനങ്ങളോടും അടുത്ത ബന്ധുക്കളോടും മിത്രങ്ങളോടും ശേഷം ഈ വരികള്‍ എത്തുന്ന എല്ലാ സഹോദരങ്ങളോടും ഏതാനും കാര്യങ്ങള്‍ വസ്വിയ്യത്ത് ചെയ്യുകയാണ്: പരിശുദ്ധ ഖുര്‍ആനും റസൂലുല്ലാഹി (സ്വ) യുടെ അദ്ധ്യാപനങ്ങളും അനുസരിച്ച് കലര്‍പ്പറ്റ തൗഹീദില്‍ അടിയുറച്ച് നില്‍ക്കുക. അല്ലാഹു എല്ലാം കാണുന്നുണ്ട്, രഹസ്യ-പരസ്യങ്ങള്‍ സര്‍വ്വവും അറിയുന്നുണ്ട്, മരണാനന്തരം അല്ലാഹുവിന്‍റെ അരികില്‍ പോയി മുഴുവന്‍ ജീവിതത്തിന്‍റെയും കണക്ക് പറയേണ്ടി വരും എന്നീ വിശ്വാസങ്ങളോടെ ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ പരിശ്രമിക്കുക.
ശരീഅത്ത് നിയമമാക്കിയ നിര്‍ബന്ധ ബാധ്യതകള്‍ പരിപൂര്‍ണ്ണ ശ്രദ്ധയോടെ നിര്‍വ്വഹിക്കുക. പ്രത്യേകിച്ചും നമസ്കാരം ജമാഅത്തായും ആദ്യ സമയത്തും നമസ്കരിക്കാന്‍ വളരെ ഗൗനിക്കുക. നമസ്കാരം ഇല്ലെങ്കില്‍ ഇസ്ലാം തന്നെ ഇല്ലാത്തത് പോലെയാണെന്ന് ഓര്‍ക്കുക. ഇപ്രകാരം അല്ലാഹുവും റസൂലും നിഷിദ്ധമാക്കിയ കാര്യങ്ങള്‍ വര്‍ജ്ജിക്കുക. വിശിഷ്യാ, വന്‍പാപങ്ങളും മ്ലേഛതകളും ഉണ്ടാകാതെ സൂക്ഷിക്കുക.
ഇനി പൈശാചിക പ്രേരണയോ മനസ്സിന്‍റെ സമ്മര്‍ദ്ദമോ കാരണം പാപം വല്ലതും ഉണ്ടായാല്‍ ഉടനടി സത്യസന്ധമായ മനസ്സോടെ പാപമോചനം തേടുകയും പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക. അല്ലാഹു തീര്‍ച്ചയായും പൊറുത്ത് തരുന്നതാണ്. അല്ലാഹു അറിയിക്കുന്നു: ആരെങ്കിലും തിന്മ വല്ലതും പ്രവര്‍ത്തിക്കുകയോ സ്വന്തം ശരീരത്തോട് അക്രമം കാട്ടുകയോ ചെയ്ത ശേഷം അല്ലാഹുവിനോട് പാപമോചനം തേടിയാല്‍ അല്ലാഹു പൊറുത്ത് കൊടുക്കുകയും കരുണ കാട്ടുകയും ചെയ്യുന്നതാണ്.
അല്ലാഹു കാക്കട്ടെ, പശ്ചാത്താപത്തിന് ശേഷവും പാപമുണ്ടായാല്‍, ഭാഗ്യക്കേട് കാരണം പലപ്രാവശ്യമുണ്ടായാല്‍ അപ്പോഴും അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിന്നും നിരാശപ്പെടരുത്. ആയിരം പ്രാവശ്യം പാപം ചെയ്ത ശേഷവും സത്യസന്ധമായ മനസ്സോടെ പശ്ചാത്തപിക്കുകയും മാപ്പിരക്കുകയും ചെയ്താല്‍ റഹീമും കരീമുമായ പടച്ചവന്‍ പൊറുത്ത് തരുന്നതാണ്.
ജീവിതത്തിന്‍റെ വലിയൊരു സമയം അശ്രദ്ധയിലും പാപങ്ങളിലും കഴിഞ്ഞതിന് ശേഷവും പശ്ചാത്തപിക്കാനും നന്നാകാനും സാധിച്ചാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് മനസ്സിലാക്കുക. അല്ലാഹുവിന്‍റെ ഔലിയാഇല്‍ ആയിരക്കണക്കിന് മഹത്തുക്കളുടെ ജീവിതത്തിന്‍റെ വലിയൊരു ഘട്ടം അശ്രദ്ധയില്‍ മാത്രമല്ല, പാപങ്ങളില്‍ കഴിഞ്ഞവരാണ്. പിന്നീട് അവരുടെ ഉള്ളില്‍ ഈമാനികമായ ഉണര്‍വ്വുണ്ടാകുകയും പിശാചിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് പടച്ചവന് പൊരുത്തമായ പാതയില്‍ അവര്‍ പ്രവേശിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ വിലായത്തിന്‍റെ സ്ഥാനം വരെ എത്തിച്ചു. ഇത്തരം സഹോദരങ്ങള്‍ ആദ്യമായി ചെയ്യേണ്ടത് ജമാഅത്ത് നമസ്കാരത്തില്‍ നിഷ്ഠ കാണിക്കലാണ്. കൂട്ടത്തില്‍ അല്ലാഹുവിനോടുള്ള ഭയഭക്തിയും പരലോക ചിന്ത പുലര്‍ത്തുകയും ചെയ്യുന്ന ദാസന്മാരുടെ അരികില്‍ അധികമായി കഴിയുകയും ചെയ്യുക. മനുഷ്യ ജീവിതത്തില്‍ നന്മ-തിന്മകളുടെ പ്രതിഫലനം ഏറ്റവും കൂടുതലായി ഉളവാക്കുന്നത് സഹവാസമാണ്. നല്ലവരുമായി സഹവസിക്കുന്നതിലൂടെ നീ നല്ലവനായിത്തീരും, മോശപ്പെട്ടവരുമായി സഹവസിക്കുന്നതിലൂടെ നീ മോശപ്പെട്ടവനായിപ്പോകും.!
പടച്ചവനോട് ബന്ധമില്ലാതെയും പരലോകത്തെ കുറിച്ച് ചിന്തിക്കാതെയും ഭൗതിക കാര്യങ്ങളില്‍ ലഹരി പിടിച്ച് കഴിയുകയും ചെയ്യുന്നവര്‍ അല്ലാഹുവില്‍ സത്യം, അങ്ങേയറ്റം നിന്ദ്യമായ ആത്മഹത്യ ചെയ്യുകയാണ്. അവര്‍ എന്‍റെ ഏറ്റവും അടുത്ത ബന്ധുക്കളാണെങ്കിലും എനിക്ക് അവരുമായി ഒരു ബന്ധവുമില്ല. പശ്ചാത്തപിക്കുകയും ജീവിതം നന്നാക്കുകയും ചെയ്യാനുള്ള സൗഭാഗ്യം മാത്രമല്ല, ഈമാനിന്‍റെ അമൂല്യനിധി തന്നെ നഷ്ടപ്പെടുമോയെന്ന് അവര്‍ ഭയന്ന് കൊള്ളട്ടെ.! അല്ലാഹുവിന് ആരെയും ആവശ്യമില്ല. അല്ലാഹു മുഴുവന്‍ മാലോകരില്‍ നിന്നും ധന്യനാണ്. നമ്മുടെ നന്മകളും അനുസരണങ്ങളും നമ്മുടെ മാത്രം ആവശ്യമാണ്.
അബൂത്വാലിബ്, റസൂലുല്ലാഹി (സ്വ) യുടെ കരുണ നിറഞ്ഞ ഉപകാരിയായ പിതൃവ്യനായിരുന്നു. എന്നാല്‍ അദ്ദേഹം ഈമാനിനെ ഇഷ്ടപ്പെടാതിരുന്നപ്പോള്‍ റസൂലുല്ലാഹി (സ്വ) ആഗ്രഹിച്ചിട്ടും അല്ലാഹു അദ്ദേഹത്തിന് ഇമാനിനെ ഇഷ്ടപ്പെട്ടില്ല. അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു: തീര്‍ച്ചയായും താങ്കള്‍ ഇഷ്ടപ്പെടുന്നവരെ താങ്കള്‍ സന്മാര്‍ഗ്ഗത്തിലാക്കുന്നതല്ല. അല്ലാഹു ഉദ്ദേശിക്കുന്നവരെ സന്മാര്‍ഗ്ഗത്തിലാക്കുന്നതാണ്. (ഖസ്വസ്).
ഹുഖൂഖുല്ലാഹ് (അല്ലാഹുവിനോടുള്ള കടമകള്‍) എന്നതിനെ കുറിച്ചാണ് ഇതുവരെ കുറിച്ചത്. ഹുഖൂഖുല്‍ ഇബാദ് (അടിമകളോടുള്ള കടമകള്‍) ഇതിനേക്കാളും ഗൗരവം നിറഞ്ഞതാണ്. ഇതില്‍ വീഴ്ച വരുകയോ ആരുടെയെങ്കിലും അവകാശം ഹനിക്കുകയോ അക്രമം കാട്ടുകയോ ചെയ്താല്‍ നീതിമാനായ അല്ലാഹു അതിനെ കുറിച്ച് എടുക്കുന്ന തീരുമാനം ഇപ്രകാരമാണ്: ഇഹലോകത്ത് തന്നെ അക്രമത്തിന് പകരം നല്‍കുകയോ മാപ്പാക്കിക്കുകയോ ചെയ്തെങ്കില്‍ വിഷയം കഴിഞ്ഞു. ഇത് രണ്ടും ഉണ്ടായിട്ടില്ലെങ്കില്‍ പരലോകത്തില്‍ കഠിനമായ ശിക്ഷ സഹിക്കേണ്ടി വരുന്നതാണ്. റസൂലുല്ലാഹി (സ്വ) അരുളി: ആരെങ്കിലും വല്ല അക്രമങ്ങളും കാട്ടിയിട്ടുണ്ടെങ്കില്‍ ദീനാറോ ദിര്‍ഹമോ ഒന്നുമില്ലാത്ത മഹാദിവസം വരുന്നതിന് മുമ്പ് ഈ ലോകത്ത് വെച്ച് തന്നെ അതിനെ പരിഹരിച്ചുകൊള്ളട്ടെ.! അങ്ങനെ പരിഹരിച്ചില്ലെങ്കില്‍ അക്രമിയുടെ നന്മകള്‍ അക്രമത്തിനനുസരിച്ച് അക്രമിക്കപ്പെട്ടവര്‍ക്ക് നല്‍കുന്നതാണ്. അക്രമിയുടെ പക്കല്‍ നന്മയൊന്നും ഇല്ലെങ്കില്‍ അക്രമിക്കപ്പെട്ടവരുടെ തിന്മകള്‍ അക്രമിയുടെ മുതുകില്‍ ചുമത്തപ്പെടുന്നതും അതിന്‍റെ പേരില്‍ നരകത്തിലേക്ക് യാത്രയാകുന്നതുമാണ്. (ബുഖാരി). ചുരുക്കത്തില്‍ സൃഷ്ടികളോടുള്ള കടമകളുടെ കാര്യം വളരെ ചിന്തനീയമാണ്. പക്ഷെ, ഇന്ന് സാമൂഹ്യ അവസ്ഥ മോശമായതിനാല്‍ ഇബാദത്ത് കാര്യങ്ങളില്‍ ശ്രദ്ധയുള്ള മതഭക്തരില്‍ നിന്ന് പോലും സൃഷ്ടികളോടുള്ള കടമകളുടെ വിഷയത്തില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ആകയാല്‍ ആദ്യം എന്നോടും തുടര്‍ന്ന് മക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ മുതലായവരോടും എല്ലാ സഹോദരങ്ങളോടും ഈ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉപദേശിക്കുന്നു. ആരുടെയെങ്കിലും സാമ്പത്തികമായതോ സാമ്പത്തികമല്ലാത്തതോ ആയ വല്ല ബാധ്യതകളും നമ്മുടെ മേല്‍ അവശേഷിക്കുന്നെങ്കില്‍ അത് നിര്‍വ്വഹിക്കാനോ മാപ്പ് ചെയ്യിക്കാനോ പരിശ്രമിക്കാതിരിക്കുന്നത് നമ്മുടെ മേല്‍ നാം തന്നെ ചെയ്യുന്ന വലിയ അക്രമവും കടുത്ത ശത്രുതയുമാണ്.
പാപിയായ വിനീതന്‍റെ ജീവിതത്തില്‍ പലരുമായും ബന്ധപ്പെട്ടിട്ടുണ്ട്. അവരില്‍ പലരുടെയും വിഷയത്തില്‍ എന്‍റെ ഭാഗത്ത് നിന്നും വലിയ വീഴ്ചകള്‍ ഉണ്ടായിട്ടുള്ളതായി തുറന്ന് സമ്മതിക്കുന്നു. അവരെല്ലാവരും അല്ലാഹുവിനെ ഓര്‍ത്ത് എനിക്ക് പൊറുത്ത് തരണമെന്ന് അപേക്ഷിക്കുന്നു. ഇത് എന്നോട് ചെയ്യുന്ന വലിയ ഉപകാരമായിരിക്കും. മാപ്പ് ചെയ്യുന്നവര്‍ക്ക് വമ്പിച്ച പ്രതിഫലവും ലഭിക്കുന്നതാണ്. എന്നോടുള്ള കടമകളില്‍ ആരെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ പ്രതിഫലത്തെ കരുതി അത് പൂര്‍ണ്ണമായും മാപ്പാക്കിയതായി അറിയിക്കുന്നു.
എന്‍റെ അറിവില്‍ പെട്ടിടത്തോളം എന്‍റെ മേല്‍ കടബാധ്യതയൊന്നുമില്ല. എല്ലാം കൊടുത്ത് തീര്‍ക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇനി ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കില്‍ അവര്‍ എന്നോട് ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു. രേഖാമൂലം സ്ഥിരപ്പെടുകയോ എനിക്ക് വ്യക്തമാകുകയോ ചെയ്താല്‍ തീര്‍ച്ചയായും അത് തന്ന് വീടുന്നതാണ്. എനിക്ക് ആരെങ്കിലും വല്ലതും ബാധ്യതയും തന്ന് തീര്‍ക്കാനുണ്ടാവുകയും അതിന് അവര്‍ക്ക് വല്ല പ്രയാസവും സംഭവിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ കത്തിലൂടെയോ നേരിട്ടോ ബന്ധപ്പെടുക. ഇന്‍ശാഅല്ലാഹ്, എളുപ്പമായ വല്ല മാര്‍ഗ്ഗവും കണ്ടെത്താന്‍ സാധിക്കുന്നതാണ്.
ഏതാണ്ട് 45 വര്‍ഷങ്ങളായി അല്‍ ഫുര്‍ഖാന്‍ മാസിക നടന്നുകൊണ്ടിരിക്കുന്നു. തുടക്കം മുതലേ ദീനീ രചനകളുടെ കച്ചവടവും നടത്തുന്നുണ്ട്. വര്‍ഷങ്ങളായി ഇവയുടെ ഇടപാടുകളില്‍ വിനീതന്‍ ബന്ധപ്പെടാറില്ല. മുഴുവന്‍ കാര്യങ്ങളും മറ്റുള്ളവരെ ഏല്‍പ്പിച്ചിരിക്കുകയാണ്. എങ്കിലും തുടക്കക്കാരനെന്ന നിലയില്‍ എനിക്കും ഒരു ഉത്തരവാദിത്വമുണ്ട്. അതുകൊണ്ട് തന്നെ മാസികയുടെയും ഗ്രന്ഥങ്ങളുടെയും വിഷയത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് ബന്ധപ്പെട്ടവരെ എപ്പോഴും ഉണര്‍ത്താറുണ്ട്. അവര്‍ അത് പാലിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നിട്ടും വിനീതനുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും വല്ല ബാധ്യതയുമുണ്ടെങ്കില്‍ അവര്‍ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. അത് എന്നോടുള്ള വലിയ ഔദാര്യമായിരിക്കും. ഇനി ആര്‍ക്കെങ്കിലും മാന്യത കാരണം അറിയിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അല്ലാഹുവിന് വേണ്ടി എനിക്ക് മാപ്പ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
ബന്ധുമിത്രങ്ങളോടും ഈ വരികള്‍ വായിക്കുന്ന എല്ലാ സഹോദരങ്ങളോടും എന്നെ വലിയൊരു ആവശ്യക്കാരനാണെന്ന് മനസ്സിലാക്കി എനിക്ക് മഗ്ഫിറത്തും മര്‍ഹമത്തും ലഭിക്കാന്‍ ദുആ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. റസൂലുല്ലാഹി (സ്വ) അരുളി: ആരെങ്കിലും സഹോദരന് വേണ്ടി ദുആ ചെയ്യുമ്പോള്‍ മലക്കുകള്‍ ആമീന്‍ പറയുന്നതും താങ്കള്‍ക്കും ഇതുപോലുള്ളത് ലഭിക്കട്ടെ എന്ന് ദുആ ഇരക്കുന്നതുമാണ്.!
വസ്സലാമു അലൈകും വറഹ്മത്തുല്ലാഹി വബറകാതുഹു..
-മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി അഫല്ലാഹു അന്‍ഹു
1397 ജമാദുല്‍ അവ്വല്‍ 22 (1977 മെയ് 12)
പാവപ്പെട്ടവന്‍റെ വസ്വിയ്യത്ത്
-ഇഫ്തിഘാര്‍ ഫരീദി സാഹിബ്
ഇസ്ലാമിലെ പ്രധാനപ്പെട്ട ഒരു കല്പനയാണ് വസ്വിയ്യത്ത്. ഇത് എല്ലാവര്‍ക്കും ബാധകമായതാണെങ്കിലും പലരും ഇത് വലിയ പണ്ഡിതരുടെ മാത്രം കാര്യമാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇവിടെ അല്ലാഹുവിന്‍റെ സാധാരണക്കാരനായ ഒരു ദാസന്‍റെ അത്ഭുതകരമായ വസ്വിയ്യത്ത് കൊടുക്കുകയാണ്. ഇഫ്തിഖാര്‍ ഫരീദി സാഹിബ് ഉത്തര്‍പ്രദേശിലെ മുറാദാബാദ് സ്വദേശിയാണ്. ഒരു കാല്‍ നഷ്ടപ്പെട്ട അദ്ദേഹം തബ്ലീഗിന്‍റെ പരിശ്രമവുമായി ബന്ധപ്പെട്ട് കേരളം സഹിതം ധാരാളം സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. മഹാന്മാരുമായി നിരന്തരം ബന്ധപ്പെട്ടതിനാല്‍ അവരെ പോലെ ആകുകയും ചെയ്തു. ഈ വസ്വിയ്യത്തിന്‍റെ ഓരോ വാചകങ്ങളില്‍ നിന്നും അത് വ്യക്തമാകുന്നതാണ്. -ഹസനി
ഒന്ന്, ഏകനും പങ്കുകാരാരുമില്ലാത്തവനുമായ അല്ലാഹുവല്ലാതെ ആരാധനയ്ക്കര്‍ഹന്‍ ആരുമില്ലെന്നും ആദരവായ മുഹമ്മദ് (സ്വ) അല്ലാഹുവിന്‍റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹു രക്ഷിതാവാണെന്നും ഇസ്ലാം മാര്‍ഗ്ഗമാണെന്നും മുഹമ്മദ് (സ്വ) നബിയാണെന്നും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.
രണ്ട്, തൗഹീദിനെ മുറുകെ പിടിക്കണമെന്ന് എല്ലാവരോടും വസ്വിയ്യത്ത് ചെയ്യുന്നു. തൗഹീദില്‍ മുന്‍ഗാമികളായ മഹത്തുക്കള്‍ എല്ലാവരും ഏകോപിച്ചിരിക്കുന്നു.
മൂന്ന്, പരമ്പരാഗതമായി ഉറപ്പുള്ള മഹാന്മാരിലൂടെ റസൂലുല്ലാഹി (സ്വ) യില്‍ നിന്നും ലഭിച്ച ശരീഅത്തിന്‍റെ വിധിവിലക്കുകളെല്ലാം പാലിക്കാന്‍ സന്നദ്ധരാകുക.
നാല്, അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നവരോടൊപ്പം ചേര്‍ന്ന് ഇബാദത്ത് ചെയ്യുക. ദിക്ര്‍ ചൊല്ലുന്നവരോടൊപ്പം ചേര്‍ന്ന് ദിക്ര്‍ ചൊല്ലുക.
അഞ്ച്, എല്ലാ മുസ്ലിംകളോടും മൊത്തത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഉള്ളവരോട് പ്രത്യേകിച്ചും ശൈഖ് അഹ്മദ് സര്‍ഹിന്ദി, ശാഹ് വലിയുല്ലാഹ് ദഹ്ലവി, സയ്യിദ് അഹ്മദ് ശഹീദ്, ഉലമായെ ദേവ്ബന്ദ്, മൗലാനാ മുഹമ്മദ് ഇല്‍യാസ്, മൗലാനാ മുഹമ്മദ് യൂസുഫ് ഇവരെ പഠിക്കാനും പകര്‍ത്താനും ഉപദേശിക്കുന്നു.
ആറ്, മദ്റസകളില്‍ പോയി ഇല്‍മ് പഠിക്കുക. ഖാന്‍ഖാഹുകളില്‍ പോയി ആത്മസംസ്കരണം നേടുക. തബ്ലീഗ് പ്രവര്‍ത്തനത്തില്‍ പുറപ്പെട്ട് കലിമ, നമസ്കാരം, ഇല്‍മ്-ദിക്ര്‍, ഇക്റാം, ഇഖ്ലാസ്, ദഅ്വത്ത് എന്നീ ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും സഹോദരങ്ങളെ വിനയത്തോടെ ഇതിന് പ്രേരിപ്പിക്കുകയും ചെയ്യുക.
ഏഴ്, അമുസ്ലിം സഹോദരങ്ങള്‍ക്ക് ഇസ്ലാമിന്‍റെ സന്ദേശങ്ങള്‍ എത്തിച്ച് കൊടുക്കുന്നത് ജീവിത ലക്ഷ്യമാക്കുക. ഇത് മുഴുവന്‍ നബിമാരുടെയും പ്രധാന ലക്ഷ്യമാണ്. കഴിവനുസരിച്ച് ഇത് ചെയ്യാന്‍ ഓരോ മുസ്ലിമും ബാധ്യസ്ഥരാണ്. കുറഞ്ഞപക്ഷം, നാം ബന്ധപ്പെടുകയും സഹകരിക്കുകയും ചെയ്യുന്ന അമുസ്ലിം സഹോദരങ്ങള്‍ക്കെങ്കിലും ഇസ്ലാമിക സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുക. മറ്റുള്ളവര്‍ നന്നാകണമെന്ന ലക്ഷ്യമില്ലാതെ ജനങ്ങളുമായി ബന്ധപ്പെടുന്ന നാശകരമായ ഒരു അവസ്ഥ ഇസ്ലാമിക ലോകത്ത് വ്യാപകമായിരിക്കുന്നു. ഇത് കാരണമായി മുസ്ലിംകളുടെ മനസ്സ് വളരെ കഠിനമാകുകയും പരസ്പരം വഴക്കുണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കൂടാതെ നിഷേധികളുടെ അക്രമങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഉമ്മത്തിന്‍റെ രക്ഷാ-വിജയങ്ങളുടെ മാര്‍ഗ്ഗം ദഅ്വത്ത് തന്നെയാണ്.
എട്ട്, സമുദായത്തിനുള്ളില്‍ പെട്ട വഴിപിഴച്ച വിഭാഗങ്ങളില്‍ യാതൊരു നന്മയുമില്ല. അവയില്‍ നിന്നും അകന്ന് കഴിയുകയും മറ്റുള്ളവരെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുക.
ഒന്‍പത്, അവസാന കാലത്ത് ഈസാ നബി (അ) യെ കണ്ടുമുട്ടുന്നവര്‍ എന്‍റെ സലാം എത്തിച്ചുകൊടുക്കണമെന്ന് റസൂലുല്ലാഹി (സ്വ) ഉപദേശിച്ചിരിക്കുന്നു. പ്രസ്തുത കാലത്തുള്ളവര്‍ സലാം എത്തിച്ചുകൊടുക്കാന്‍ മുന്നിട്ടിറങ്ങേണ്ടതാണ്.
പത്ത്, എന്‍റെ സഹോദരീ-സഹോദരന്മാരോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും വിശിഷ്യാ, മക്കളോടും ഉപരിസൂചിത വസ്വിയ്യത്തുകള്‍ പാലിക്കുകയും മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഇതുകൂടാതെ പരിശുദ്ധ ഖുര്‍ആനും ദീനീ വിജ്ഞാനങ്ങളും അറബി ഭാഷയും പഠിക്കാനും പരമ്പരകളെ പഠിപ്പിക്കാനും അല്ലാഹുവുമായി അടുത്തവരുടെ സഹവാസം സ്വീകരിക്കാനും വസ്വിയ്യത്ത് ചെയ്യുന്നു.
എന്നില്‍ നിന്നും വല്ല ബുദ്ധിമുട്ടുകളും ഉണ്ടായവരോട് ഞാന്‍ മാപ്പിരക്കുന്നു. മാപ്പ് നല്‍കുന്നത് അല്ലാഹുവിന് ഇഷ്ടമാണ്. ഞാനും എല്ലാവര്‍ക്കും മാപ്പ് നല്‍കുന്നു. എന്നില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന വാചകങ്ങളില്‍ അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത്, ദേവ്ബന്ദീ ഉലമാഅ് എന്നിവര്‍ ശരിവെച്ച കാര്യങ്ങള്‍ മാത്രമേ ശരിയായിട്ടുള്ളൂ. ഞാന്‍ ഒരു പാവപ്പെട്ടവനാണ്. അധികം സമ്പത്തൊന്നും പക്കലില്ല. ഉള്ള സമ്പത്തിന്‍റെ മൂന്നിലൊരു ഭാഗം മുഴുവന്‍ മനുഷ്യരുടെയും നന്മയ്ക്കും ഇസ്ലാമിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനും ചിലവഴിക്കേണ്ടതാണ്. ഇതിന്‍റെ വിശദ വിവരങ്ങള്‍ പ്രത്യേകം എഴുതി അനന്തരാവകാശികളെ ഏല്‍പ്പിക്കുന്നുണ്ട്.
എന്‍റെ മരണം സംഭവിക്കുന്ന സ്ഥലത്ത് തന്നെയുള്ള പൊതു ഖബ്ര്‍സ്ഥാനില്‍ എന്നെ അടക്കേണ്ടതാണ്. അല്ലാഹുവുമായി അടുപ്പമുള്ള ആരുടെയെങ്കിലും അരികിലാണെങ്കില്‍ വളരെ നന്നായിരിക്കും. നാട്ടിലാണെങ്കില്‍ മാതാ-പിതാക്കളുടെ അരികില്‍ ഖബ്ര്‍ അടക്കുക. അല്ലാഹുവേ, നിന്‍റെ മാര്‍ഗ്ഗത്തില്‍ ശഹാദത്ത് വരിക്കാനും നിന്‍റെ റസൂലുലിന്‍റെ നാട്ടില്‍ മരിക്കാനും ഉതവി നല്‍കണേ എന്നതാണ് എപ്പോഴുമുള്ള ദുആ.! ഖബ്ര്‍ അടക്കുന്ന സമയത്ത് അരികിലുള്ള ബന്ധു-മിത്രങ്ങള്‍ ഹദീസില്‍ നിര്‍ദ്ദേശിക്കപ്പെട്ടത് പോലെ മുന്‍കര്‍-നകീറിന്‍റെ ചോദ്യം നടക്കുന്ന അത്രയും സമയം, അതായത് ഒരു ഒട്ടകത്തെ അറുക്കുന്ന സമയം അവിടെ തന്നെ കഴിച്ചുകൂട്ടുകയും ഖുര്‍ആന്‍ ശരീഫില്‍ നിന്നും സാധിക്കുന്ന ഭാഗങ്ങള്‍ ചെറിയ ശബ്ദത്തില്‍ ഓതുകയും ചെയ്യുക. എല്ലാവരും ഈ പാപിക്ക് വേണ്ടി ഇപ്രകാരം ദുആ ചെയ്യുക: അല്ലാഹുവേ, നിന്‍റെ കാരുണ്യത്തിലേക്ക് ആവശ്യക്കാരനും ബലഹീനനുമായ അടിമ നിന്‍റെ അരികില്‍ ഹാജരായിരിക്കുന്നു. നീ ഔദാര്യവും കൃപയും കാട്ടണേ.!
അവസാനമായി പറയട്ടെ, അമുസ്ലിംകള്‍ക്ക് ഇസ്ലാമിക സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിന് അല്പമെങ്കിലും സമ്പത്ത് ചെലവഴിക്കുക. അവരുടെ മനസ്സ് ഇളക്കാനും ഉത്തമ രചനകള്‍ തയ്യാറാക്കാനും പ്രബോധനം നടത്തുന്നവരെ സഹായിക്കാനും അത് ചെലവഴിക്കുകയും അതിന്‍റെ പ്രതിഫലം എനിക്ക് എത്തിച്ച് തരികയും ചെയ്യുക.
സമുദായത്തിന്‍റെ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാനും ആവശ്യങ്ങള്‍ നേടിയെടുക്കാനും ദുആ ഇരക്കുക. ദുആ സ്വീകരിക്കാന്‍ സ്വദഖകള്‍ ചെയ്യുക. അല്ലാഹുവേ, ഇന്ത്യയിലെ ദീനീ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യണേ. എല്ലാവരിലേക്കും ഇസ്ലാമിന്‍റെ സന്ദേശം എത്തിക്കുകയും എല്ലാവര്‍ക്കും സന്മാര്‍ഗ്ഗം നല്‍കുകയും ചെയ്യണേ. ആദരവായ റസൂലുല്ലാഹി (സ്വ) യുടെ തിരുമനസ്സിനെ സമാധാനിപ്പിക്കുന്ന പരിശ്രമങ്ങല്‍ നടത്താന്‍ ഉതവി നല്‍കണേ. അല്ലാഹുവേ, പരിശുദ്ധ ഹറമുകളെ കാത്ത് രക്ഷിക്കണേ. മുസ്ലിം മനസ്സുകളില്‍ നിന്നും അനിസ്ലാമികതകളെ ദൂരീകരിക്കണേ. ബൈത്തുല്‍ മുഖദ്ദസിന്‍റെ മോചനത്തിന് സ്വലാഹുദ്ദീന്‍ അയ്യൂബിയെ പോലുള്ളവരെ നല്‍കണേ. ഞങ്ങളുടെ ദുഷ്കര്‍മ്മങ്ങള്‍ കാരണം ഞങ്ങളുടെ മേലുണ്ടായിരിക്കുന്ന ശിക്ഷകളെ ദൂരീകരിക്കണേ.