Monday, October 12, 2020

മോറിസ് കോയിന്‍ പോലുള്ള ബിസിനസില്‍ ചേരുന്നതിനെ കുറിച്ച് ശറഇയ്യായ വിധി എന്താണ്.?


 മോറിസ് കോയിന്‍ പോലുള്ള ബിസിനസില്‍ ചേരുന്നതിനെ കുറിച്ച് ശറഇയ്യായ വിധി എന്താണ്.? 

ചോദ്യോത്തരം: അല്‍ഉസ്താദ് ഇ.എം സുലൈമാന്‍ കൗസരി,ചിലവ്. 

ചോദ്യം: ജനങ്ങളില്‍ നിന്നും ബിസിനസ് പങ്കാളിത്തം എന്ന പേരില്‍, 200 അല്ലെങ്കില്‍ 300 ദിവസം കാലാവധി നിശ്ചയിച്ച്, 100 ശതമാനം Capital Security യോടു കൂടി, 5000/ അഥവാ 10000/ ന്‍റെ ഗുണിതങ്ങളായി പണം സ്വീകരിക്കുകയും ദിവസേന ഞഛക ROI (Return Of Investment) എന്ന പേരില്‍ മുതലും ലാഭവും ചേര്‍ത്ത് നിക്ഷേപത്തിന്‍റെ ഒരു ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ മടക്കി നല്കുകയും ചെയ്യുന്ന നിരവധി ക്രൗഡ് ഫണ്ടിംഗ്/ ട്രേഡിംഗ് കമ്പനികള്‍ പ്രവൃത്തിച്ച് വരുന്നു. 100 ശതമാനം Capital Security ഉള്ളത് കൊണ്ട് നഷ്ടം വരില്ലെന്ന് ഉറപ്പുള്ളതിനാലും, എളുപ്പമായ ഒരു സമ്പാദ്യ മാര്‍ഗ്ഗം എന്ന നിലക്കും ആലിമീങ്ങളും സാധാരണക്കാരും ഉള്‍പ്പടെ നിരവധി പേര്‍ ഇതില്‍ നിക്ഷേപം നടത്തുകയും, നിക്ഷേപകരെ കൊണ്ടുവരുന്നവര്‍ക്ക് കമ്പനി നല്കുന്ന വിവിധ കമ്മീഷനുകള്‍ നേടുന്നതിനായി മറ്റുള്ളവരെ കൊണ്ട് നിക്ഷേപം നടത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനെ കുറിച്ച് ഷെയര്‍ ബിസിനസ് എന്നും നിബന്ധന വെക്കാത്ത ലാഭം പ്രതീക്ഷിച്ചുള്ള കടം കൊടുപ്പ് എന്നും, അനുവദനീയമെന്നും നിഷിദ്ധമെന്നും പല അഭിപ്രായങ്ങള്‍ പറഞ്ഞ് കേള്‍ക്കുകയും ചെയ്യുന്നു. ആയതിനാല്‍, 

1. ഇതിന്‍റെ ശറഇയ്യായ വിധി എന്ത്.? 

2. നിഷിദ്ധമാണെങ്കില്‍ തുക നിക്ഷേപിച്ചവര്‍ എന്ത് ചെയ്യണം.? 

എന്നീ കാര്യങ്ങളില്‍ ശരിയായ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. 


പരിശുദ്ധമായ ശരീഅത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും കൃത്യവും വ്യക്തവുമായ നിയമങ്ങളും നിബന്ധനകളും പറയപ്പെട്ടിട്ടുണ്ട്. അവ പൂര്‍ണ്ണമായും പാലിക്കേണ്ടത് ഓരോ മുസ്ലിമിന്‍റെയും ബാധ്യതയാണ്. കച്ചവടത്തിനും ഇപ്രകാരം നിബന്ധനകളും നിര്‍ദേശങ്ങളും പറയപ്പെട്ടിട്ടുണ്ട്. കേവലം പണം സ്വീകരിക്കലും ലാഭം നല്കലും കൊണ്ട് മാത്രം ഒരു കച്ചവടവും അനുവദനീയമാവുകയില്ല. മറിച്ച്, നിക്ഷേപിക്കുന്ന മൂലധനം, നിക്ഷേപത്തിന്‍റെ ശൈലി, കച്ചവട വസ്തുക്കള്‍, കച്ചവടത്തിന്‍റെ ശൈലി, ലാഭ-നഷ്ടങ്ങളുടെ പങ്ക് വെപ്പ് തുടങ്ങിയവയിലെല്ലാം ശരീഅതിന്‍റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുമ്പോഴാണ് കച്ചവടത്തില്‍ നിക്ഷേപിക്കലും ലാഭം കരസ്ഥമാക്കലും അനുവദനീയമാകുന്നത്. 

ചോദ്യത്തില്‍ സൂചിപ്പിച്ചിട്ടുള്ള പോലെ ഷെയര്‍ ബിസിനസ് എന്ന് പരിഗണിക്കുന്നപക്ഷം താഴെ പറയുന്ന പ്രശ്നങ്ങള്‍ കാരണം അത് നിഷിദ്ധമാകുന്നതാണ്.

1. നിക്ഷേപത്തിന്‍റെ ശതമാനമല്ല, ലാഭത്തിന്‍റെ ശതമാനമാണ് പറയപ്പെടേണ്ടത്. കാരണം എത്ര ചുരുങ്ങിയതായിരുന്നാലും ശരി, ക്ലിപ്തമായ ഒരു ലാഭസംഖ്യ പങ്കുകാരില്‍ ഒരാള്‍ക്ക് നിബന്ധനയാക്കുന്നത് മൂലം ഇടപാട് അസാധുവാകുന്നതും വരുമാനം ഹറാമാകുന്നതുമാണ്.. ഇവിടെ (a) പ്രത്യക്ഷത്തില്‍ ശതമാനം പറയുന്നു എന്ന് തോന്നുമെങ്കിലും മൂലധനം ക്ലിപ്തമായ സംഖ്യയാണ് എന്നതിനാല്‍ അതിന്‍റെ നിശ്ചിത ശതമാനവും കൃത്യമായി കണക്കാക്കാവുന്ന സംഖ്യയാണ്. (b) ഒന്നു മുതല്‍ മൂന്ന് വരെ എന്ന പ്രയോഗം പ്രഥമ ദൃഷ്ട്യാ ഏറ്റക്കുറവ് സൂചിപ്പിക്കുന്നുണ്ടെങ്കിലും മൂലധനത്തിന്‍റെ ഒരു ശതമാനം ഉറപ്പായും ലഭിക്കുമെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. അതാകട്ടെ ക്ലിപ്തമായി കണക്കാക്കാവുന്ന സംഖ്യയാണ്. 

2. കച്ചവടത്തില്‍ ലാഭവും നഷ്ടവും സംഭവിക്കാം, അവ രണ്ടിലും പരസ്പരം പങ്കാകുമ്പോഴാണ് പങ്ക് കച്ചവടം അനുവദനീയമാകുന്നത്. അല്ലാതെ ലാഭത്തില്‍ മാത്രമേ പങ്കാകൂ, നഷ്ടത്തില്‍ പങ്ക് വഹിക്കില്ല എന്ന് നിബന്ധനയാക്കല്‍ കൊണ്ട് ഇടപാട് അസാധുവാകുന്നതും വരുമാനം ഹറാമാകുന്നതുമാണ്. 

3. ഇടപാട് അവസാനിക്കുന്ന അവസാന ദിവസം വരെയും നമ്മുടെ മൂലധനം പൂര്‍ണ്ണമായും ശേഷിക്കുമ്പോഴാണ് അതിന്മേലുള്ള പൂര്‍ണ്ണ ലാഭം നമുക്ക് അനുവദനീയമാകുന്നത്. ഇവിടെ ചോദ്യത്തില്‍ സൂചിപ്പിച്ചത് പോലെ ഒന്നാം ദിവസം മുതല്‍ തന്നെ തിരികെ ലഭിക്കുന്ന തുകയില്‍ മൂലധനവും കൂടി ഉള്‍പെട്ടിട്ടുള്ളതിനാല്‍ സ്വാഭാവികമായും മൂലധനം ദിവസേന കുറഞ്ഞ് കൊണ്ടിരിക്കുന്നു എന്നത് വ്യക്തമാണ്. എന്നാല്‍ ആനുപാതികമായി ലാഭത്തില്‍ കുറവ് സംഭവിക്കുന്നുമില്ല, അപ്പോള്‍ ഒന്നുകില്‍ കമ്പനിക്ക് അല്ലെങ്കില്‍ മറ്റൊരു നിക്ഷേപകന് ലഭിക്കേണ്ട തുകയാണ് അന്യായമായി നമ്മിലേക്ക് വന്ന് ചേരുന്നത്. 

4. നാം ആരംഭത്തില്‍ സൂചിപ്പിച്ചത് പോലെ പൂര്‍ണ്ണമായും ഹലാലായ വസ്തുക്കള്‍ ഉപയോഗിച്ചും ഹലാലായ രീതിയിലും മാത്രം കമ്പനി പ്രവൃത്തിക്കുകയും പലിശാധിഷ്ഠിത ഇടപാടുകളില്‍ നിന്നും മുക്തമാവുകയും ചെയ്യുമ്പോഴാണ് അവയില്‍ നിക്ഷേപിക്കലും ലാഭമെടുക്കലും നമുക്ക് അനുവദനീയമാകുന്നത്. (ആധുനിക സാമ്പത്തിക വ്യവസ്ഥിതിയിലെ ഒഴിച്ച് കൂടാനാവാത്ത ചില അനിവാര്യതകളെ പരിഗണിച്ച്, പ്രാദേശിക വ്യത്യാസമനുസരിച്ച് ആവശ്യാനുസരണം കമ്പനിയുടെ ആകെ ആസ്തിയുടെ പരമാവധി 30 ശതമാനം വരെയുള്ള ഇളവുകള്‍ പലിശാധിഷ്ഠിത ഇടപാടുകളില്‍ ആധുനിക കര്‍മ്മശാസ്ത്ര പണ്ഡിത സഭകള്‍ നല്കിയിട്ടുണ്ട്) എന്നാല്‍ ഇത്തരം കമ്പനികള്‍ അധികവും കൊട്ടിഘോഷിക്കാറുള്ള ഫൊറെക്സ്, കമ്മോഡിറ്റി ട്രേഡിംഗ് മുതലായവ അധിക പക്ഷവും ഹറാമായ രൂപത്തിലാണ് നടക്കാറുള്ളത് എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

രണ്ടാമതായി ചോദ്യത്തില്‍ സൂചിപ്പിച്ചിട്ടുള്ളത് പ്രകാരം ഇതിനെ കടമിടപാടായി പരിഗണിച്ചാല്‍ വ്യവസ്ഥാപിതമായി പലിശ വരും എന്ന കാരണത്താല്‍ ഇത് നിഷിദ്ധമാകുന്നതാണ്. കാരണം ചോദ്യത്തില്‍ പറയപ്പെട്ടിട്ടുള്ള ഏറ്റവും ചുരുങ്ങിയ കണക്കുകളായ 200 ദിവസം, ഒരു ശതമാനം എന്നിവ പരിഗണിച്ചാല്‍ പോലും കൊടുത്തതിന്‍റെ ഇരട്ടി തുക മടക്കി ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ കടത്തിന് പകരം കൂടുതല്‍ തുക നിബന്ധനയോടെ കൈപറ്റുന്നത് ശരീഅതിന്‍റെ വീക്ഷണത്തില്‍ പലിശയാണ്, അതികഠിനമായ ഏഴ് വന്‍പാപങ്ങളില്‍ ഒന്നാണ് പലിശ.

ശാഫിഈ മദ്ഹബിന്‍റെ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള 'നിബന്ധന വെക്കാത്ത ലാഭം പ്രതീക്ഷിച്ചുള്ള കടം കൊടുപ്പ്' എന്ന ഗണത്തിലോ, 'ഇടപാടില്‍ നിബന്ധനയാക്കാതെ നേരത്തെ ധാരണയിലെത്തല്‍' എന്ന ഗണത്തിലോ ഇതിനെ ഉള്‍പ്പെടുത്താന്‍ സാധ്യമല്ല. (ഈ രണ്ട് കാര്യങ്ങളും അനുവദിച്ച ഇമാമുകള്‍ തന്നെ ഇവ കറാഹത്താണ് എന്ന് കൂടി വ്യക്തമാക്കിയിട്ടുണ്ട്, ഹനഫീ മദ്ഹബിന്‍റെയും ശാഫിഈ മദ്ഹബിലെ ഒരു വിഭാഗം പണ്ഡിതരുടെയും വീക്ഷണം ഇവ ഹറാമാണ് എന്നതാണ്.) കാരണം, ചോദ്യത്തില്‍ സൂചിപ്പിച്ചിട്ടുള്ളത് പോലെ, 'ഇടപാടുകാര്‍ക്ക് 200 അല്ലെങ്കില്‍ 300 ദിവസം വരെ മൂലധനത്തിന്‍റെ 1 മുതല്‍ 3 ശതമാനം വരെ മടക്കി നല്കുന്നതാണ്' എന്ന കാര്യം കമ്പനി അവരുടെ ഭാഗത്ത് നിന്നുമുള്ള ഇടപാട് വ്യവസ്ഥയായി പരസ്യപ്പെടുത്തുകയും, ആ വ്യവസ്ഥയിന്മേല്‍ പണം സ്വീകരിക്കുകയും, നാം അതംഗീകരിച്ച് നിക്ഷേപം നടത്തുകയും ചെയ്യുന്നതിലൂടെ അധികതുക നിബന്ധനയാക്കുക എന്ന കാര്യം ഉണ്ടായിത്തീരുന്നതും പലിശ സ്ഥിരപ്പെടുന്നതുമാണ്. 

മൂന്നാമതായി, ചോദ്യത്തില്‍ സൂചിപ്പിച്ചിട്ടുള്ളത് ഇത്തരം കമ്പനികള്‍ നല്കുന്ന കമ്മീഷന്‍ സ്വീകരിക്കാമോ? എന്നതാണ്. കമ്മീഷന്‍ ലഭ്യമാകുന്ന വഴികള്‍ക്കും, ശൈലികള്‍ക്കും അനുസരിച്ചാണ് അവയോരോന്നും അനുവദനീയവും നിഷിദ്ധവുമാകുന്നത്. നടേ സൂചിപ്പിച്ച തരത്തിലുള്ള കമ്പനികളുടെ ഇടപാടുകളും സമ്പാദ്യങ്ങളും ശരീഅത്തിന്‍റെ നിയമങ്ങള്‍ക്ക് നിരക്കാത്തതും നിഷിദ്ധമായതും ആകയാല്‍ ഇത്തരം കമ്പനികളുമായി ഇടപാടുകള്‍ നടത്തലും കമ്മീഷന്‍ സ്വീകരിക്കലും അനുവദനീയമല്ല. 

ഇനി ആരെങ്കിലും തെറ്റിദ്ധാരണ മൂലമോ, അറിവില്ലായ്മ മൂലമോ ഇത്തരം ഇടപാടുകളില്‍ പെട്ട് പോയിട്ടുണ്ടെങ്കില്‍ അവര്‍ ആദ്യമായി അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങേണ്ടതും, താന്‍ മുഖാന്തരം ഇതില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ക്ക് കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിക്കൊടുത്ത് അവരെയും ഒഴിവാക്കാന്‍ പരിശ്രമിക്കേണ്ടതും മേലില്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്ക്കേണ്ടതുമാണ്. കമ്പനിയില്‍ നിന്നും മടക്കി ലഭിക്കുന്ന തുകയില്‍ നിന്നും താന്‍ നിക്ഷേപിച്ചിരുന്ന അത്രയും തുക തനിക്ക് എടുക്കാവുന്നതും ബാക്കിയുള്ളത് പ്രതിഫലം ആഗ്രഹിക്കാതെ പാവങ്ങള്‍ക്ക് കൊടുത്ത് ഒഴിവാക്കേണ്ടതുമാണ്. (NB: ഇത്തരം പലിശ കമ്പനികള്‍ക്ക് കൂടുതല്‍ വളര്‍ന്ന് പന്തലിക്കാന്‍ അവസരമൊരുക്കും എന്നതിനാല്‍ യാതൊരു കാരണവശാലും നമുക്ക് ലഭിക്കേണ്ട പണം അവിടെ ഉപേക്ഷിക്കരുത്.) 

സാമ്പത്തിക രംഗത്തെ ഇത്തരം ജീര്‍ണ്ണതകളില്‍ നിന്നും അമിതമായ ധന മോഹത്തില്‍ നിന്നുംപൂര്‍ണ്ണമായും വിട്ട് നില്ക്കലും, പൂര്‍ണ്ണമായ സാമ്പത്തിക വിശുദ്ധിയും ഹലാലായ ഉപജീവനവും ഉറപ്പ് വരുത്തുന്നതില്‍ ശ്രദ്ധാലുക്കളായിരിക്കലും ഓരോ സത്യ വിശ്വാസിയുടെയും ബാധ്യതയാണ്, ഹറാമായ ഉപജീവനം അല്ലാഹുവുമായുള്ള അടുപ്പവും ദുആക്കളുടെ സ്വീകാര്യതയും നഷ്ടപ്പെടുത്തുമെന്നും, സ്വര്‍ഗ്ഗം തടയപ്പെടാനും നരക പ്രവേശനത്തിനും കാരണമാകുമെന്നും നബി(സ) നമ്മെ അറിയിച്ചിട്ടുണ്ട്. അപ്രകാരം തന്നെ ഹറാമോ ഹലാലോ എന്നുറപ്പില്ലാത്ത സംശയാസ്പദമായ കാര്യങ്ങളും ഉപേക്ഷിക്കലാണ് ഉത്തമം.

നബി (സ) അരുളി: 'അല്ലാഹു പരിശുദ്ധനാണ്, അവന്‍ പരിശുദ്ധമായത് മാത്രമേ സ്വീകരിക്കുകയുള്ളൂ'  'ജനങ്ങള്‍ക്ക് ഒരു കാലം വരാനിരിക്കുന്നു, ഒരു വ്യക്തി താന്‍ സ്വീകരിക്കുന്നത് ഹലാലോ ഹറാമോ എന്നത് പരിഗണിക്കുകയേ ഇല്ല'  'ഹലാലുകള്‍ സുവ്യക്തമാണ്, ഹറാമുകളും വ്യക്തമാണ്, അവക്കിടയില്‍ സംശയാസ്പദമായ ധാരാളം കാര്യങ്ങളുണ്ട്. ആരെങ്കിലും സംശയാസ്പദ കാര്യങ്ങളെ സൂക്ഷിക്കുന്നുവെങ്കില്‍ അവന്‍ തന്‍റെ ദീനിനെയും അഭിമാനത്തെയും സുരക്ഷിതമാക്കിയിരിക്കുന്നു. ആരെങ്കിലും സംശയാസ്പദ കാര്യങ്ങളില്‍ ഉള്‍പ്പെടുന്നുവെങ്കില്‍ അവന്‍ നിഷിദ്ധങ്ങളിലും ഉള്‍പ്പെടാന്‍ അടുത്തിരിക്കുന്നു.'

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...