മആരിഫുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആനിലെ 30-)മത്തെ ജുസുഅ് (അമ്മയതസാഅലൂന്‍)
സൂറത്തുന്നബഅ് 1-40
ഇബ്നു അബ്ബാസ് (റ) പ്രസ്താവിക്കുന്നു: പരിശുദ്ധ ഖുര്‍ആന്‍ അവതരണം ആരംഭിച്ചപ്പോള്‍ നിഷേധികള്‍ അവരുടെ സദസ്സുകളിലിരുന്ന് അനാവശ്യ ചര്‍ച്ചകള്‍ നടത്തുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തിരുന്നു. ഖുര്‍ആന്‍ അതീവ ഗൗരവത്തില്‍ അനുസ്മരിച്ചിരിക്കുന്ന ലോകാവസാനത്തെ അവര്‍ അസംഭവ്യമായി കാണുകയും അതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്തുകയും ചിലര്‍ ശരി വെയ്ക്കുകയും ചിലര്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ഈ സൂറത്തിന്‍റെ ആരംഭത്തില്‍ അവരുടെ ഈ അവസ്ഥകള്‍ അനുസ്മരിച്ചു കൊണ്ട് ഖിയാമത്തിന്‍റെ സംഭവ്യത അനുസ്മരിക്കുകയാണ്. ചില മുഫസ്സിറുകള്‍ പറയുന്നു: അവരുടെ ഈ ചോദ്യോത്തരങ്ങള്‍ സത്യാന്വേഷണത്തിന് വേണ്ടിയുള്ളതായിരുന്നില്ല. പരിഹസിക്കാന്‍ വേണ്ടി മാത്രമായിരുന്നു. അവരെ കുറിച്ച് ചോദ്യോത്തര ശൈലിയില്‍ ഈ സൂറത്തിന്‍റെ ആരംഭത്തില്‍ അല്ലാഹു പറയുന്നു: മക്കാ നിഷേധികള്‍ അതി ഭയങ്കര വൃത്താന്തമായ ലോകാവസാനത്തെ കുറിച്ചും പുനര്‍ജ്ജീവിതത്തെ സംബന്ധിച്ചും ചോദ്യോത്തരങ്ങളും ചര്‍വ്വിത ചര്‍വ്വണങ്ങളും നടത്തുകയും അതില്‍ പരസ്പരം ഭിന്നിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ചോദ്യോത്തരങ്ങളും തര്‍ക്കങ്ങളും കൊണ്ട് മാത്രം ആ സംഭവത്തെ ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നതല്ല. അത് മുന്നില്‍ വരുമ്പോള്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാകുന്നതാണ്. കൂടാതെ ഇത് അനാവശ്യ ചോദ്യങ്ങളും ചര്‍ച്ചകളും നടത്തി നിഷേധിക്കാന്‍ സാധിക്കുന്ന ഒരു കാര്യമല്ല. മറിച്ച് പരിപൂര്‍ണ്ണമായി ഉറപ്പുള്ള ഒരു വിഷയമാണ്. അതിന്‍റെ യാഥാര്‍ത്ഥ്യം അടുത്ത് തന്നെ അവര്‍ക്ക് വ്യക്തമാകുന്നതാണ്. അതായത് മരണത്തിന് ശേഷം പരലോക കാര്യങ്ങള്‍ വെളിവാകുന്നതും അവിടുത്തെ ഭയാനക ദൃശ്യങ്ങള്‍ നേരില്‍ കാണുന്നതുമാണ്. അപ്പോള്‍ യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിയും.
തുടര്‍ന്നുള്ള ആയത്തുകളില്‍ അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ കഴിവും തന്ത്രജ്ഞതയും സൃഷ്ടിവൈഭവവും വിവരിക്കുന്ന ചില രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. അവയില്‍ നിന്നും ഒരു കാര്യം വ്യക്തമാകും: ഇത്ര സമ്പൂര്‍ണ്ണ കഴിവുള്ള അല്ലാഹു ഈ ലോകത്തെ മുഴുവന്‍ ഒരു പ്രാവശ്യം നശിപ്പിച്ച് രണ്ടാമത് മറ്റൊരു ലോകം കൊണ്ടുവരും എന്നതില്‍ യാതൊരു സംശയവുമില്ല. ഭൂമി, പര്‍വ്വതങ്ങള്‍, സ്ത്രീ-പുരുഷന്മാര്‍, വിശ്രമത്തിനും ജോലിയ്ക്കും അനുയോജ്യമായ അവസ്ഥകള്‍ ഇവകള്‍ ഉണ്ടാക്കിയ അല്ലാഹുവിന് രണ്ടാമതും ഇത് പോലുള്ളത് ഉണ്ടാക്കാന്‍ പരിപൂര്‍ണ്ണ കഴിവുണ്ട്.
ഉറക്കം വലിയൊരനുഗ്രഹം.
ഉറക്കത്തെ കുറിച്ച് അല്ലാഹു വിശ്രമം എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. അതെ, മനുഷ്യന്‍റെ എല്ലാ വിധ ചിന്താ ദുഃഖങ്ങളെയും മുറിച്ച് മാറ്റി, മനസ്സിനും മസ്തിഷ്കത്തിനും വിശ്രമം നല്‍കുന്ന വിഷയത്തില്‍ ഉറക്കത്തിന് പകരം മറ്റൊന്നുമില്ല. ഉറക്കം അല്ലാഹുവിന്‍റെ സമുന്നതമായൊരനുഗ്രഹമാണ്. മനുഷ്യ വിശ്രമത്തിന്‍റെ അടിസ്ഥാനം ഉറക്കമാണ്. സമ്പന്നന്‍, ദരിദ്രന്‍, പണ്ഡിതന്‍, പാമരന്‍, ഭരണാധികാരി, ഭരണീയന്‍ എന്നിങ്ങനെ മുഴുവന്‍ മനുഷ്യര്‍ക്കും ഒരു പോലെ അല്ലാഹു ഈ അനുഗ്രഹം പൊതുവായി നല്‍കിയിരിക്കുന്നു. മാത്രമല്ല, സാധുക്കള്‍ക്കും അധ്വാനിക്കുന്നവര്‍ക്കും ഈ അനുഗ്രഹം ലഭിക്കുന്നത് പോലെ വലിയ സമ്പന്നന്മാര്‍ക്കും അധികാരികള്‍ക്കും ഇത് കിട്ടാറില്ല എന്നതാണ് ലോകത്തിന്‍റെ അവസ്ഥകള്‍ അറിയിക്കുന്നത്. സമ്പന്നരുടെ പക്കല്‍ വിശ്രമത്തിനുള്ള കെട്ടിടങ്ങളും സാധന-സാമഗ്രികളും സമശീത-ഉഷ്ണ ഉപകരണങ്ങളും മയമുള്ള മെത്തകളും തലയിണകളും എല്ലാം ഉണ്ടാകാറുണ്ട്. സാധുക്കള്‍ക്ക് ഇതില്‍ പലതും ലഭിക്കാറില്ല. പക്ഷെ, പലപ്പോഴും ഇവരാണ് നന്നായിട്ട് ഉറങ്ങാറുള്ളത്. അതെ, ഉറക്കം വസ്തുക്കളുമായി ബന്ധപ്പെട്ടതല്ല. പടച്ചവന്‍റെ ഭാഗത്ത് നിന്നും നേരിട്ട് ലഭിക്കുന്ന ഒരു അനുഗ്രഹമാണ്. ഒരു ഭാഗത്ത് സാധുക്കള്‍ ഒന്നുമില്ലാതെ സുഖമായി കിടന്ന് ഉറങ്ങുമ്പോള്‍ മറുഭാഗത്ത് സമ്പന്നര്‍ എല്ലാം ഉണ്ടായിട്ടും ഉറക്ക ഗുളികകള്‍ കഴിച്ചിട്ടും ഉറങ്ങാത്ത അവസ്ഥ ലോകത്ത് കാണപ്പെടുന്നു.
കൂടാതെ ഉറക്കത്തിന്‍റെ അനുഗ്രഹം മനുഷ്യരെ പോലെ ഇതര ജീവികള്‍ക്കും അല്ലാഹു സൗജന്യമായി നല്‍കിയിരിക്കുന്നു. യാതൊരു അധ്വാനവും ആവശ്യമില്ലാത്ത ഈ അനുഗ്രഹം അല്ലാഹു പലപ്പോഴും നിര്‍ബന്ധിച്ചും ദാസന്മാര്‍ക്ക് നല്‍കാറുണ്ട്. ചിലര്‍ ജോലി കൂടുമ്പോള്‍ രാത്രി മുഴുവനും ഉറക്കമൊഴിയാമെന്ന് വിചാരിച്ച് ജോലി ആരംഭിക്കും. എന്നാല്‍ കാരുണ്യവാനായ പടച്ചവന്‍ അവന്‍റെ മേല്‍ ഉറക്കത്തെ അടിച്ചേല്‍പ്പിച്ച് അവന്‍റെ ക്ഷീണം ദൂരീകരിക്കുകയും ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അടുത്ത ആയത്തില്‍ സമുന്നത അനുഗ്രഹമായ ഉറക്കത്തിന്‍റെ പൂര്‍ത്തീകരണമെന്നോണം അല്ലാഹു പറയുന്നു: രാത്രിയെ നാം വസ്ത്രം പോലെ മറയ്ക്കുന്നതാക്കി. അതെ, അധികം പ്രകാശമില്ലാത്തതും ശാന്തവുമായ സ്ഥലത്ത് മാത്രമേ മനുഷ്യര്‍ക്ക് സാധാരണ ഉറക്കം വരാറുള്ളൂ. അല്ലാഹു മുഴുവന്‍ ലോകത്തും ഉറക്കത്തിന് അനുകൂലമായ അവസ്ഥയുണ്ടാക്കി. രാത്രിയുടെ ഇരുട്ടും എല്ലാവരും ഒരു പോലെ നടത്തുന്ന ഉറക്കവും പടച്ചവന്‍റെ അനുഗ്രഹങ്ങളാണ്. രാത്രി ഇരുളില്ലാതാകുകയോ, ജനങ്ങള്‍ വ്യത്യസ്ത സമയങ്ങളില്‍ ഉറങ്ങുന്നവരായിരിക്കുകയോ ചെയ്തിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് വിശ്രമിക്കാന്‍ വലിയ ബുദ്ധിമുട്ടാകുമായിരുന്നു.
തുടര്‍ന്ന് അല്ലാഹു പറയുന്നു: മനുഷ്യന്‍റെ വിശ്രമത്തിനും സമാധാനത്തിനും ആവശ്യമായ അന്ന-പാനീയങ്ങള്‍ ലഭിക്കലും നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം, ഉറക്കം മരണമായി മാറും. സര്‍വ്വ സമയവും രാത്രി മാത്രമായിരിക്കുകയും മനുഷ്യന്‍ സദാ ഉറങ്ങിക്കൊണ്ടിരിക്കുകയും ചെയ്താല്‍ ആഹാര-പാനീയങ്ങള്‍ എങ്ങിനെ ലഭിക്കാനാണ്.? മനുഷ്യന് അധ്വാനിക്കാനും നടക്കാനും ഓടാനും വെളിച്ചം ആവശ്യമാണ്. അത് കൊണ്ട് നിങ്ങള്‍ ജീവിത ആവശ്യങ്ങള്‍ കരസ്ഥമാക്കുന്നതിന് നാം നിങ്ങള്‍ക്ക് പകലിനെ നല്‍കി. കൂട്ടത്തില്‍ സമുന്നതമായ ആകാശങ്ങളെ സജ്ജീകരിക്കുകയും ആകാശ ഭാഗത്ത് കത്തിജ്ജ്വലിക്കുന്ന വിളക്കായ സൂര്യനെ പ്രകാശിപ്പിക്കുകയും ചെയ്തു. കൂട്ടത്തില്‍ മനുഷ്യ ജീവിതത്തിന്‍റെ അടിസ്ഥാനമായ ജലത്തെ ഇറക്കുകയും വിവിധ സസ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്തു. പടച്ചവന്‍റെ സമുന്നതമായ അനുഗ്രഹങ്ങളടങ്ങിയ ഈ ദൃഷ്ടാന്തങ്ങളെ വിവരിച്ച ശേഷം സൂറത്തിന്‍റെ അടിസ്ഥാന വിഷയമായ ഖിയാമത്തിലേക്ക് മടങ്ങുന്നു.
അല്ലാഹു പറയുന്നു: തീരുമാനത്തിന് ഒരു ദിവസം നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. അത് ഖിയാമത്തിന്‍റെ ദിനമാണ്. അന്ന് സൂര്‍ കാഹളം ഊതപ്പെടുന്നതും ഈ ലോകം അവസാനിക്കുന്നതുമാണ്. സൂര്‍ കാഹളത്തില്‍ രണ്ട് പ്രാവശ്യം ഊതലുണ്ടാകുന്നതാണ്. ഒന്നാമത്തെ ഊതലില്‍ ലോകം മുഴുവന്‍ തകര്‍ന്ന് തരിപ്പണമാകും. രണ്ടാമത്തെതിന് ശേഷം ലോകത്ത് വന്ന മുന്‍ഗാമികളും പിന്‍ഗാമികളുമായ സര്‍വ്വ മനുഷ്യരും സംഘം സംഘമായി പടച്ചവന്‍റെ സന്നിധിയില്‍ ഹാജരാകും. അബൂ ദര്‍റ് (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: ഖിയാമത്ത് ദിനം മനുഷ്യന്‍ മൂന്ന് വിഭാഗമായിരിക്കും. ഒന്ന്, വയര്‍ നിറച്ചും വസ്ത്രം ധരിച്ചും വാഹനത്തില്‍ യാത്ര ചെയ്തും വരുന്നവര്‍. രണ്ട്, കാല്‍ നടയായി നടന്ന് വരുന്നവര്‍. മൂന്ന്, മുഖം കുത്തി വലിച്ചിഴയ്ക്കപ്പെട്ട് കൊണ്ട് വരപ്പെടുന്നവര്‍. (നസാഈ, ഹാകിം). ഈ മൂന്ന് വിഭാഗങ്ങളാണ് സംഘങ്ങള്‍ കൊണ്ടുള്ള വിവക്ഷയെന്ന് ഒരു കൂട്ടം മുഫസ്സിറുകള്‍ പറയുന്നു. മറ്റ് മുഫസ്സിറുകളുടെ അഭിപ്രായം, ഏറ്റവും കൂടുതല്‍ ചെയ്ത കര്‍മ്മങ്ങളുടെ വിവിധ സംഘങ്ങളായി വരുമെന്നാണ്.
ഇന്ന് ഉറപ്പിന്‍റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പര്‍വ്വതങ്ങള്‍ അന്ന് അവയുടെ സ്ഥാനത്ത് നിന്നും മാറുന്നതും തവിട് പൊടിയാകുന്നതും ധൂളികളായി പറക്കുന്നതും അതിന്‍റെ സ്ഥലങ്ങള്‍ മരുപ്പച്ചകളെ പോലെ തോന്നിപ്പിക്കപ്പെടുന്നതുമാണ്. വനാന്തരങ്ങളിലും മണല്‍കാടുകളിലും യാത്ര ചെയ്യുമ്പോള്‍ വളരെ ദൂരത്ത് ജലാശയം പോലെ കാണപ്പെടുന്നതാണ്. അടുത്ത് ചെല്ലുമ്പോള്‍ അവിടെ ഒന്നും ഉണ്ടായിരിക്കുന്നതല്ല. ഇതിന് സറാബ് (മരുപ്പച്ച) എന്ന് പറയപ്പെടുന്നു. (റാഗിബ്)
അടുത്തതായി അല്ലാഹു പറയുന്നു: നരകം കാത്തിരിപ്പിന്‍റെ സ്ഥലമാണ്. നരകം കൊണ്ടുള്ള ഉദ്ദേശം നരകത്തിന് മുകളില്‍ സ്ഥാപിക്കപ്പെടുന്ന സ്വിറാത്ത് പാലമാണ്. സ്വര്‍ഗ്ഗ-നരകങ്ങളുടെ മലക്കുകള്‍ അതാതിന്‍റെ ആളുകളെ പ്രതീക്ഷിച്ച് അവിടെ നില്‍ക്കുന്നതാണ്. നരകവാസികള്‍ നരകത്തിലേക്ക് തള്ളപ്പെടും. സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കപ്പെടും. (മള്ഹരി). ഹസന്‍ ബസ്വരി (റഹ്) പറയുന്നു: ഈ പാലത്തിന്‍റെ മേല്‍ മലക്കുകളുടെ വലിയൊരു കേന്ദ്രമുണ്ടായിരിക്കും. സ്വര്‍ഗ്ഗ പ്രവേശനത്തിന് അനുമതി നല്‍കപ്പെട്ടവരെ അവര്‍ കടത്തി വിടുകയും അനുമതി നല്‍കപ്പെടാത്തവരെ തടഞ്ഞ് നിര്‍ത്തി നരകത്തിലേക്ക് അയയ്ക്കുന്നതുമാണ്. (ഖുര്‍ത്വുബി). സ്വിറാത്ത് പാലം നല്ലവരെയും മോശപ്പെട്ടവരെയും മലക്കുകള്‍ കാത്ത് നില്‍ക്കുന്ന സ്ഥലമാണ്. എല്ലാവര്‍ക്കും അത് മുറിച്ച് കടക്കേണ്ടി വരുമെങ്കിലും ധിക്കാരവും അക്രമവും കാട്ടുകയും സത്യനിഷേധം തിരഞ്ഞെടുക്കുകയും ചെയ്തവരുടെ വാസസ്ഥലം നരകമാണ്. മുസ്ലിം നാമം ധരിച്ചെങ്കിലും വിശ്വാസം പിഴച്ചുപോയ ശിയാക്കളെ പോലുള്ളവരും നരകത്തിലേക്ക് പോകേണ്ടി വരുന്നതാണ്. (മള്ഹരി). നരകവാസികള്‍ നരകത്തില്‍ കാലാകാലം കഴിയുന്നതാണ്. കാലാകാലം എന്നതിന് അഹ്ഖാബ് എന്ന വചനമാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഇത് ഹുഖുബ എന്നതിന്‍റെ ബഹുവചനമാണ്. ഹുഖുബ എന്നതിനെ കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്. അലിയ്യ് (റ) പറയുന്നു: ഇത് കൊണ്ടുള്ള ഉദ്ദേശം പരലോകത്തിലെ എണ്‍പത് വര്‍ഷമാണ്. അതായത് ഒരു ദിവസം ആയിരം വര്‍ഷം എന്ന കണക്കനുസരിച്ച് രണ്ട് കോടി എണ്‍പത്തെട്ട് ലക്ഷം വര്‍ഷമാണ് ഒരു ഹുഖുബ. അബൂഹുറയ്റ (റ) പോലുള്ളവര്‍ ഇതേ നിലയിലുള്ള എഴുപത് വര്‍ഷമെന്ന് പറഞ്ഞിരിക്കുന്നു. (ഇബ്നു കസീര്‍). ഇബ്നു ഉമര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: പാപങ്ങള്‍ കാരണമായി നരകത്തില്‍ കടക്കുന്ന മുസ്ലിംകള്‍ ഏതാനും ഹുഖുബകള്‍ നരകത്തില്‍ കിടക്കേണ്ടി വരുന്നതാണ്. (മള്ഹരി).
നരക ശിക്ഷ ശാശ്വതമല്ലേ.?
ഹുഖുബയുടെ അളവ് എത്ര നീണ്ടതാണെങ്കിലും അതിന് ഒരു അറ്റമുണ്ടെന്നും അത് പൂര്‍ത്തിയായാല്‍ നരക വാസികള്‍ നരകത്തില്‍ നിന്നും പുറത്താക്കപ്പെടുമെന്നും കഴിഞ്ഞ വചനങ്ങളില്‍ നിന്നും മനസ്സിലാകുന്നു. എന്നാല്‍ നിഷേധികള്‍ നരകത്തില്‍ കാലാകാലം കഴിയുന്നതാണ് എന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമായി വന്നിരിക്കുന്നു. ഈ വിഷയത്തില്‍ ഉമ്മത്തിന്‍റെ ഇജ്മാഅ് (ഏകകണ്ഠമായ അഭിപ്രായം) സംഭവിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെതിരില്‍ ഹുഖുബയെ കുറിച്ച് മേല്‍ പറയപ്പെട്ട അഭിപ്രായം സ്വീകരിക്കപ്പെടുന്നതല്ല. ഹസന്‍ ബസ്വരി (റഹ്) പ്രസ്താവിക്കുന്നു: ഈ ആയത്തിലെ അഹ്ഖാബ് കൊണ്ടുള്ള വിവക്ഷ, ഓരോ ഹുഖുബ കഴിയുമ്പോള്‍ അടുത്ത ഹുഖുബ ആരംഭിക്കുമെന്നാണ്. ഇപ്രകാരം കാലാകാലം ശിക്ഷ തുടരുന്നതാണ്. ഖതാദ (റഹ്) പറയുന്നു: ഇത് കൊണ്ടുള്ള ഉദ്ദേശം കാലാകാലമെന്നാണ്. (ഇബ്നു കസീര്‍).
ഇവിടെ മറ്റൊരു അഭിപ്രായത്തിന് സാധ്യതയുള്ളതായി ഇബ്നു കസീര്‍ പറയുന്നു. അതായത് ഈ ആയത്തിലെ വഴി പിഴച്ചവര്‍ (ത്വാഗീന്‍) എന്നത് കൊണ്ടുള്ള ഉദ്ദേശം നിഷേധികളല്ല. തെറ്റായ വിശ്വാസങ്ങള്‍ കാരണം കടുത്ത കുറ്റക്കാരാണെങ്കിലും ഇസ്ലാമില്‍ നിന്നും പുറത്ത് പോയിട്ടില്ലാത്ത വഴിപിഴച്ച വിഭാഗങ്ങളാണ്. ഇവര്‍ കുറെ കാലഘട്ടം നരകത്തില്‍ കിടന്നതിന് ശേഷം പുറത്താക്കപ്പെടുന്നതാണ്. ഖുര്‍ത്വുബി, മള്ഹരി ഇരുവരും ഈ അഭിപ്രായത്തെ തെരഞ്ഞെടുത്തിരിക്കുന്നു. എന്നാല്‍ അബൂ ഹയ്യാന്‍ ഉന്‍ദുലുസി (റഹ്) പറയുന്നു: ഇവര്‍ പരലോകത്തെ വിശ്വസിച്ചിരുന്നില്ല എന്നും നമ്മുടെ വചനങ്ങള്‍ കളവാക്കിയിരുന്നു എന്നുമുള്ള അടുത്ത ആയത്തുകള്‍ ഈ വീക്ഷണത്തിന് എതിരാണ്. (ബഹ്റുല്‍ മുഹീത്വ്) മറ്റൊരു കൂട്ടം മുഫസ്സിറുകള്‍ മൂന്നാമത്തെ ഒരു അഭിപ്രായം പറഞ്ഞിരിക്കുന്നു. അതായത്, അഹ്ഖാബന്‍ (പല ഹുഖുബകള്‍) എന്ന ഈ വചനം അടുത്ത ആയത്തുകളുമായി ബന്ധപ്പെട്ടതാണ്. അതായത്, നരക വാസികള്‍ ധാരാളം ഹുഖുബകള്‍ കടുത്ത ചൂടുള്ള വെള്ളവും ചീഞ്ചലവും മാത്രം കുടിച്ച് കഴിയുന്നതാണ്. പല ഹുഖുബകള്‍ക്ക് ശേഷം ഈ ശിക്ഷയ്ക്ക് പകരം വേറെ ശിക്ഷ നല്‍കപ്പെടുന്നതാണ്. നരകത്തെ കുറിച്ചുള്ള വിവരണത്തിന്‍റെ അവസാനത്തില്‍ അല്ലാഹു പറയുന്നു: ഈ നരക ശിക്ഷ അവരുടെ തെറ്റായ വിശ്വാസങ്ങള്‍ക്കും മോശമായ കര്‍മ്മങ്ങള്‍ക്കും അനുയോജ്യമായത് തന്നെയാണ്. നീതിയ്ക്കും ന്യായത്തിനും അല്‍പ്പം പോലും എതിരല്ല. നിങ്ങള്‍ ഇഹലോകത്ത് നിഷേധത്തില്‍ പരിധി ലംഘിച്ചിരുന്നു. മരണം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ കൂടുതല്‍ മുന്നേറുമായിരുന്നു. ഇത് പോലെ ഇന്ന് അതിനുള്ള തിരിച്ചടെയെന്നോണം ശിക്ഷയും നിങ്ങള്‍ക്ക് അധികരിച്ചുകൊണ്ടിരിക്കുന്നതാണ്.
നിഷേധികളുടെയും തെമ്മാടികളുടെയും ശിക്ഷയെ കുറിച്ച് വിവരിച്ചതിന് ശേഷം ഭയഭക്തരായ സത്യവിശ്വാസികള്‍ക്കുള്ള സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. അതിന്‍റെ അവസാനത്തില്‍ പറയുന്നു: ..............
അതായത് മേല്‍ പറയപ്പെട്ട സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ സ്വര്‍ഗ്ഗ വാസികളുടെ കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലവും രക്ഷിതാവിന്‍റെ ഭാഗത്ത് നിന്നുള്ള വിശാലമായ ദാനവുമാണ്. ഇവിടെ കര്‍മ്മ ഫലമെന്നും ദാനമെന്നും പറഞ്ഞിരിക്കുന്നതില്‍ ബാഹ്യമായി വൈരുദ്ധ്യമുണ്ട്. കാരണം പ്രതിഫലം കര്‍മ്മങ്ങള്‍ക്ക് പകരമായിട്ടുള്ളതും, ദാനം കര്‍മ്മങ്ങളൊന്നുമില്ലാതെ ഔദാര്യമായി ലഭിക്കുന്നതുമാണ്. എന്നാല്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ ഈ വചനത്തില്‍ ഇത് രണ്ടും ഒരുമിച്ച് കൂട്ടിയതില്‍ യാതൊരു വൈരുദ്ധ്യവുമില്ല. മറിച്ച്, ഒരു പ്രധാനപ്പെട്ട കാര്യം സൂചിപ്പിക്കുകയാണ്: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതും സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ കരസ്ഥമാക്കുന്നതും ബാഹ്യാവസ്ഥ പരിഗണിച്ച് അവരുടെ സല്‍കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലമാണെങ്കിലും യഥാര്‍ത്ഥത്തില്‍ അത് പടച്ചവന്‍റെ മഹാദാനം തന്നെയാണ്. കാരണം, മനുഷ്യന്‍ ഈ ലോകത്ത് ചെയ്ത കര്‍മ്മങ്ങള്‍ക്ക് ഒരിക്കലും ഇഹലോകത്ത് നല്‍കപ്പെട്ട അനുഗ്രഹങ്ങള്‍ക്ക് പോലും പരലോക അനുഗ്രഹങ്ങള്‍ ലഭിക്കല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും മാത്രമാണ്. റസൂലുല്ലാഹി (സ്വ) അരുളി: ആരും അവരുടെ കര്‍മ്മങ്ങള്‍ കാരണം സ്വര്‍ഗ്ഗത്തില്‍ കടക്കുന്നതല്ല. സ്വര്‍ഗ്ഗ പ്രവേശനം അല്ലാഹുവിന്‍റെ അനുഗ്രഹം മാത്രമാണ്. (ബുഖാരി).
.... എന്നതിന് രണ്ട് ആശയം പറയപ്പെട്ടിരിക്കുന്നു. ഒന്നാമത്തെ ആശയം, അല്ലാഹുവിന്‍റെ ദാനം സര്‍വ്വ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും നിര്‍വ്വഹിച്ച് തരുന്നതായിരിക്കും. അറബിയില്‍ ഇപ്രകാരം ഒരു പ്രയോഗമുണ്ട്. ഹസ്ബി (എനിക്ക് മതി) എന്ന് അദ്ദേഹം പറയുന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തിന് സമ്പത്ത് നല്‍കി. രണ്ടാമത്തെ ആശയം, കണക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രതിഫലം നല്‍കും എന്നാണ്. മുജാഹിദ് (റഹ്) പറയുന്നു: സ്വര്‍ഗ്ഗവാസികളുടെ കര്‍മ്മങ്ങളുടെയും നന്മകളുടെയും ഉദ്ദേശങ്ങളുടെയും അളവിനനുസരിച്ച് അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്. സ്വഹാബികള്‍ കൊടുത്ത ചെറിയ ദാനത്തോട് നിങ്ങള്‍ കൊടുക്കുന്ന വലിയ ദാനം തുല്യമാകുകയില്ല എന്ന് ഹദീസില്‍ വന്നിട്ടുള്ളത് ഈ ആശയത്തിലാണ്.
....ഈ ആയത്ത് മുമ്പുള്ള വാചകത്തിന്‍റെ ബാക്കിയാകാനും പുതിയ വിഷയമാകാനും സാധ്യതയുണ്ട്. ബാക്കിയാണെന്നതനുസരിച്ച് ഇതിന്‍റെ ആശയം ഇപ്രകാരമാണ്: അല്ലാഹു സ്വര്‍ഗ്ഗ വാസികള്‍ക്ക് നല്‍കുന്ന വ്യത്യസ്ത പ്രതിഫളങ്ങളുടെ വിഷയത്തില്‍ അല്ലാഹുവിനോട് ആരും സംസാരിക്കാന്‍ ധൈര്യപ്പെടുന്നതല്ല. പുതിയ വിഷയമാണ് എന്നതനുസരിച്ച് ഈ ആയത്ത് മുതല്‍ മഹ്ഷറിന്‍റെ ഗൗരവം അല്ലാഹു വിവരിക്കുകയാണ്. അന്ന് പടച്ചവന്‍റെ അനുമതിയില്ലാതെ പടച്ചവനോട് ആര്‍ക്കും സംസാരിക്കാന്‍ കഴിയുന്നതല്ല. ചിലര്‍ക്ക് അനുമതി നല്‍കപ്പെടും. ചിലര്‍ക്ക് നല്‍കപ്പെടുന്നതല്ല.
.......... ഈ ആയത്തിലെ റൂഹ് എന്നത് കൊണ്ടുള്ള ഉദ്ദേശം ജിബ്രീല്‍ (അ) ആണ്. ഇതര മലക്കുകള്‍ക്കിടിയില്‍ ജിബ്രീല്‍ (അ) നെ പ്രത്യേകം സ്മരിക്കപ്പെട്ടത് കൂടുതല്‍ മഹത്വം കാരണമായിട്ടാണ്. മറ്റ് ചിലര്‍ പറയുന്നു: റൂഹ് എന്നാല്‍ അല്ലാഹുവിന്‍റെ മലക്കുകളല്ലാത്ത മറ്റൊരു സൈന്യമാണ്.
... ഇത് കൊണ്ടുള്ള ഉദ്ദേശം മഹ്ഷര്‍ വന്‍സഭയാണ്. അന്ന് എല്ലാവരും അവരുടെ കര്‍മ്മങ്ങള്‍ നേരിട്ട് കാണുന്നതാണ്. ഒന്നുകില്‍ കര്‍മ്മ പുസ്തകം കൈയ്യില്‍ ലഭിക്കുമ്പോള്‍ കാണും. അല്ലെങ്കില്‍ കര്‍മ്മങ്ങള്‍ക്ക് പ്രത്യേകം രൂപം നല്‍കപ്പെട്ട നിലയില്‍ കാണും. ഈ ദിവസം കൊണ്ടുള്ള ഉദ്ദേശം മരണ ദിനമാണെന്നും കര്‍മ്മങ്ങളെ കാണുന്നത് ഖബ്റില്‍ വെച്ചാണെന്നും മറ്റൊരു അഭിപ്രായവുമുണ്ട്. (മള്ഹരി).
.... ഇബ്നു ഉമര്‍ (റ) പറയുന്നു: ഖിയാമത്ത് ദിനം ഭൂമിയെ നേരെയാക്കപ്പെടുന്നതും മനുഷ്യര്‍, ജിന്നുകള്‍, മൃഗങ്ങള്‍ എല്ലാറ്റിനെയും ഒരുമിച്ച് കൂട്ടപ്പെടുന്നതുമാണ്. അവിടെ വെച്ച് പ്രതിക്രിയ നടത്തപ്പെടും. കൊമ്പുള്ള ആട് കൊമ്പില്ലാത്ത ആടിനെ കുത്തിയതിന് പ്രതികാരം നല്‍കപ്പെടും. അത് കഴിയുമ്പോള്‍ അവകളോട് മണ്ണാകുക എന്ന് പറയപ്പെടുന്നതും എല്ലാവരും മണ്ണാകുന്നതുമാണ്. ആ സമയത്ത് ഞങ്ങളും മൃഗങ്ങളായിരുന്നെങ്കില്‍ മണ്ണാകാമായിരുന്നല്ലോ എന്ന് നിഷേധികള്‍ ആഗ്രഹത്തോടെ പറയുന്നതാണ്. (ഖുര്‍തുബി). അല്ലാഹു ഈ അവസ്ഥയില്‍ നിന്നും നമ്മെ കാത്ത് രക്ഷിക്കട്ടെ.!
(ഹിജ്രി 1391 ഷഅ്ബാന്‍ 02 വെള്ളിയാഴ്ച രാവ്)
......
സൂറത്തുന്നാസിആത്ത് 1-46
..... ഈ സൂറത്തിന്‍റെ ആരംഭത്തില്‍ മലക്കുകളുടെ ഏതാനും ഗുണങ്ങളും അവസ്ഥകളും വിവരിച്ചുകൊണ്ട് സത്യം ചെയ്തിരിക്കുന്നു. സത്യം ചെയ്യപ്പെട്ട കാര്യം പറഞ്ഞിട്ടില്ല. എന്നാല്‍ അത് കൊണ്ടുള്ള ഉദ്ദേശം ലോകാവസാനത്തിന്‍റെയും പ്രതിഫല ദിനത്തിന്‍റെയും സംഭവ്യമാണ്. മലക്കുകള്‍ ഇന്ന് ഇഹലോകത്തിന്‍റെ വിവിധ സേവനങ്ങളില്‍ വ്യാപൃതരാണെങ്കിലും ഖിയാമത്ത് നാളിലെ സകല കാര്യങ്ങളും നിര്‍വ്വഹിക്കുന്നത് മലക്കുകളായിരിക്കും എന്നതാണ് സത്യത്തിന്‍റെയും സത്യം ചെയ്യപ്പെടുന്ന കാര്യത്തിന്‍റെയും ഇടയിലുള്ള ബന്ധം.
ഇവിടെ മലക്കുകളുടെ നാല് വിശേഷണങ്ങള്‍ വിവരിക്കപ്പെട്ടിരിക്കുന്നു. അവയെല്ലാം മനുഷ്യന്‍റെ മരണവുമായി ബന്ധപ്പെട്ടതാണ്. മരണം ഓരോരുത്തരെ സംബന്ധിച്ചിടത്തോളം അവന്‍റെ ഇഹലോകത്തിന്‍റെ അവസാനമാണ്. ഇതില്‍ ഒന്നാമത്തെ വിഭാഗം മലക്കുകള്‍ നിഷേധികളുടെ ആത്മാവ് കടുപ്പത്തില്‍ പിടിക്കുന്നവരാണ്. ഇത് കൊണ്ടുള്ള ഉദ്ദേശം ആത്മീയമായ കടുപ്പമാണ്. കാണുന്നവര്‍ക്ക് ആ കടുപ്പം അനുഭവപ്പെടണമെന്നില്ല. ചിലപ്പോള്‍ നിഷേധി നിശബ്ദമായി മരിക്കുന്നതായി കാണപ്പെടാറുണ്ട്. ഈ കാണപ്പെടുന്നത് ബാഹ്യമായ കാഴ്ചയാണ്. അവന്‍റെ ആത്മാവില്‍ ഉണ്ടാകുന്ന കടുപ്പം നമുക്ക് കാണാന്‍ കഴിയുന്നതല്ല. അതിനെ കുറിച്ച് അല്ലാഹു അറിയിച്ചത് കൊണ്ട് നാം അറിയുന്നു. രണ്ടാമത്തെ വിഭാഗം, സത്യവിശ്വാസികളുടെ ആത്മാവ് വളരെ മയമായി പിടിക്കുന്നവരാണ്. ഈ മയം കൊണ്ടുള്ള ഉദ്ദേശവും ആത്മീയമായ മയമാണ്. ശാരീരികമല്ല. ഏതെങ്കിലും നല്ല വ്യക്തി മരണ നേരം പ്രയാസപ്പെടുന്നത് കണ്ട് അത് മലക്കുകളുടെ പ്രയാസപ്പെടുത്തലാണെന്ന് പറയപ്പെടാന്‍ പാടില്ല. മൂന്നാമത്തെ വിഭാഗം, മനുഷ്യന്‍റെ ആത്മാവും പിടിച്ച് ആകാശത്തിലേക്ക് അതിവേഗതയില്‍ പോകുന്ന മലക്കുകളാണ്. നാലാമത്തെ വിഭാഗം, നല്ലവരുടെയും മോശപ്പെട്ടവരുടെയും ആത്മാവുകളെ അവയുടെ സ്ഥാനങ്ങളില്‍ ധൃതിയില്‍ എത്തിക്കുന്നവരാണ്. സത്യവിശ്വാസിയുടെ ആത്മാവ് സ്വര്‍ഗ്ഗത്തിന്‍റെയും നിഷേധിയുടെ ആത്മാവ് നരകത്തിന്‍റെയും അന്തരീക്ഷങ്ങളില്‍ എത്തിക്കുന്നതാണ്. അഞ്ചാമത്തെ വിഭാഗം, പടച്ചവന്‍റെ കല്പനകള്‍ നടപ്പിലാക്കുന്നവരാണ്. അതായത്, നല്ലവരുടെ ആത്മാവുകള്‍ക്ക് ആശ്വാസവും മോശപ്പെട്ടവരുടെ ആത്മാവുകള്‍ക്ക് പ്രയാസങ്ങളും നല്‍കുന്നതാണ്. മരണത്തിന്‍റെ സമയം മലക്കുകള്‍ വരുന്നതും ആത്മാവുകള്‍ പിടിക്കുന്നതും അതുമായി ആകാശ ലോകത്തേക്ക് പോകുന്നതും നല്ലതും ചീത്തയുമായ സ്ഥാനങ്ങളിലേക്ക് പെട്ടെന്ന് എത്തിക്കുന്നതും അവിടെ പ്രതിഫലത്തിന്‍റെയും ശിക്ഷയുടെയും സജ്ജീകരണങ്ങള്‍ ചെയ്യുന്നതും ഈ ആയത്തുകളിലൂടെ സ്ഥിരപ്പെട്ടിരിക്കുകയാണ്. ഇത് മരണത്തിന് ശേഷമുള്ള ഖബ്റിന്‍റെയും ബര്‍സഖിന്‍റെയും അവസ്ഥകളാണെന്ന കാര്യം വ്യക്തമാണ്. മഹ്ശറിന്‍റെയും സ്വര്‍ഗ്ഗ-നരകങ്ങളുടെയും അവസ്ഥകള്‍ ഇതിന് ശേഷമാണ്. അത് കൊണ്ട് ഈ ആയത്തുകള്‍ ഖബ്റിന്‍റെ രക്ഷാ-ശിക്ഷകള്‍ക്ക് തെളിവ് കൂടിയാണ്. ഈ വിഷയം ഇതര ആയത്തുകളില്‍ സൂചിപ്പിക്കപ്പെടുകയും സ്വഹീഹായ ഹദീസുകളില്‍ വിശദമായി വിവരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
അഗാധ പണ്ഡിതനായിരുന്ന ഖാളി സനാഉല്ലാഹ് പാനീപത്തി (റഹ്) കുറിക്കുന്നു: മനുഷ്യ മനസ്സ് എന്നത് മനുഷ്യ ശരീരത്തിനുള്ളിലുള്ള നിര്‍മ്മലമായ ഒരു ഭാഗമാണ്. ശാസ്ത്രജ്ഞന്മാര്‍ അതിനെ ആത്മാവ് എന്ന് വിളിക്കുമെങ്കിലും ആത്മാവും മനസ്സും രണ്ട് കാര്യങ്ങളാണ്. ആത്മാവ് പടച്ചവന്‍റെ മാത്രം നിയന്ത്രണത്തിലുള്ള ഒരു രഹസ്യമാണ്. അതിന് മനസ്സുമായി ഒരു പ്രത്യേക ബന്ധമുണ്ട്. എന്നല്ല, മനസ്സിന്‍റെ ജീവന്‍ ഈ ആത്മാവുമായി ബന്ധപ്പെട്ടതാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മനുഷ്യ ശരീരത്തിന്‍റെ ജീവിതം മനസ്സുമായും മനസ്സിന്‍റെ ജീവന്‍ ആത്മാവുമായും ബന്ധപ്പെട്ടിരിക്കുന്നു. മനസ്സിന്‍റെ ഉദാഹരണം സൂര്യന് നേരെ തിരിച്ച് വെച്ചിരിക്കുന്ന ഒരു കണ്ണാടി പോലെയാണ്. അതിലേക്ക് സൂര്യകിരണങ്ങള്‍ പതിക്കുകയും അത് സൂര്യനെ പോലെ പ്രകാശം പരത്തുകയും ചെയ്യുന്നു. ഇപ്രകാരം മനുഷ്യ മനസ്സിലെ വഹ്യിന്‍റെ വിജ്ഞാനത്തിലേക്ക് തിരിച്ച് വെച്ചാല്‍ അതും പ്രകാശിക്കുന്നതാണ്. അല്ലാത്തപക്ഷം, ശരീരത്തിന്‍റെ മോശമായ പ്രതിഫനങ്ങള്‍ കൊണ്ട് അത് മലീമസമായി പോകുന്നതാണ്. മനസ്സ് ഇപ്രകാരം പ്രകാശപൂരിതമായാല്‍ മലക്കുകള്‍ അതിനെ ആകാശലോകത്തേക്ക് കൊണ്ടുപോകുന്നതും ആകാശ കവാടങ്ങള്‍ അതിന് വേണ്ടി തുറക്കപ്പെടുന്നതുമാണ്. പ്രകാശപൂരിതമല്ലെങ്കില്‍ അതിനെ താഴേക്ക് എറിയപ്പെടുന്നതാണ്. ഖബ്റിന്‍റെ രക്ഷാ-ശിക്ഷകളും ഈ മനസ്സുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. (തഫ്സീര്‍ മള്ഹരി)
അടുത്ത ആയത്തുകളില്‍ സൂര്‍ കാഹളത്തിലെ ആദ്യത്തെ ഊത്തിലൂടെ ലോകം നശിക്കുന്നതും രണ്ടാമത്തെ ഊത്തിലൂടെ പരലോകം നിലവില്‍ വരുന്നതും ഈ വിഷയത്തിലുള്ള നിഷേധികളുടെ സംശയത്തിന് മറുപടിയും വിവരിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: രണ്ടാമത്തെ ഊത്ത് കഴിഞ്ഞാല്‍ ജനങ്ങളെല്ലാവരും ഭൂമിയുടെ മുകളില്‍ എഴുന്നേറ്റ് നില്‍ക്കുന്നതാണ്. അന്ന് ഭൂമിയുടെ ഉപരിതലം പര്‍വ്വതങ്ങളും കെട്ടിടങ്ങളൊന്നുമില്ലാതെ സമതലമായിരിക്കും.
നിഷേധികള്‍ പരലോകത്തെ നിഷേധിച്ചുകൊണ്ട് റസൂലുല്ലാഹി (സ്വ) യെ ഉപദ്രവിച്ചിരുന്നു. ഇതിന്‍റെ പ്രതികരണമെന്നോണം മൂസാ നബി (അ) യുടെ സംഭവം വിവരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: നിഷേധികളുടെ ഉപദ്രവം ഉണ്ടായത് താങ്കള്‍ക്ക് മാത്രമല്ല. ഗതകാല നബിമാരും വളരെയധികം ദ്രോഹിക്കപ്പെട്ടിരുന്നു. അവര്‍ സഹനതയോടെ ഉറച്ചു നിന്നു. ഇപ്രകാരം താങ്കളും പാദം പതറാതെ മുന്നോട്ട് നീങ്ങുക. ഉദാഹരണത്തിന് മൂസാ നബിയിലേക്ക് നോക്കൂ, അധികാരിയും ശക്തനുമായിരുന്ന ഫിര്‍ഔന്‍, വലിയ അക്രമങ്ങള്‍ കാട്ടി. അവസാനം കണ്ണുള്ളവര്‍ക്കെല്ലാം ഗുണപാഠവും ഭയഭക്തിയും നല്‍കുന്ന നിലയില്‍ പടച്ചവനെ അവനെ ഈ ലോകത്ത് തന്നെ ശിക്ഷിച്ചു. അവനെയും കൂട്ടരെയും മുക്കിക്കൊന്നു. നാളെ പരലോകത്തിലും അവര്‍ക്ക് വലിയ ശിക്ഷയുണ്ടായിരിക്കുന്നതാണ്.
ശേഷം പരലോകത്തെ കുറിച്ച് ആശ്ചര്യപ്പെടുകയും മരണാനന്തരം എങ്ങനെ ജീവിപ്പിക്കപ്പെടുമെന്ന് ചോദിക്കുകയും ചെയ്യുന്നവര്‍ക്ക് മറുപടിയെന്നോണം പറയുന്നു: ആകാശ-ഭൂമികളിലേക്കും അവയിലടങ്ങിയ വലിയ സൃഷ്ടികളിലേക്കും നോക്കുക. മുന്‍മാതൃകയൊന്നുമില്ലാതെ ഇവകളെ പടച്ചവന് രണ്ടാമതും ഇവകളെ പടയ്ക്കാന്‍ യാതൊരു പ്രയാസവുമില്ല.
അവസാനമായി ഖിയാമത്ത് നാളിന്‍റെ കാഠിന്യതയും സ്വര്‍ഗ്ഗ വാസികളുടെയും നരക വാസികളുടെയും അവസ്ഥകളും അടയാളങ്ങളും വിവരിച്ചിരിക്കുന്നു. നരകവാസികളുടെ അടയാളങ്ങള്‍ ഇവയാണ്: ഒന്ന്, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധി-വിലക്കുകളെ അനുസരിക്കുന്നതിന് പകരം ധിക്കരിക്കുക. രണ്ട്, ഭൗതിക ജീവിതത്തിന് പരലോകത്തെക്കാള്‍ മുന്‍ഗണന കൊടുക്കുക. അതായത്, ഒരു കാര്യം ചെയ്താല്‍ ഈ ലോകത്ത് സുഖവും പരലോകത്ത് ശിക്ഷയും കിട്ടുമെങ്കില്‍ ഭൗതിക സുഖത്തിന് മുന്‍ഗണന കൊടുക്കുകയും പരലോകത്തെ അവഗണിക്കുകയും ചെയ്യുക. ഈ രണ്ട് നാശങ്ങളില്‍ കുടുങ്ങിയവരുടെ അന്ത്യം നരകമായിരിക്കും.! സ്വര്‍ഗ്ഗവാസികളുടെ അടയാളം ഇവയാണ്: ഒന്ന്, ഒരു ദിവസം പടച്ചവന്‍റെ മുന്നില്‍ പോയി കര്‍മ്മങ്ങളുടെ വിചാരണ നേരിടേണ്ടി വരുമെന്ന് ഓരോ സന്ദര്‍ഭത്തിലും ഭയന്ന് കഴിയുക. രണ്ട്, മനസ്സിനെ നിയന്ത്രിക്കുകയും അനുവദനീയമല്ലാത്ത ആഗ്രഹങ്ങളില്‍ നിന്നും തടഞ്ഞ് നിര്‍ത്തുകയും ചെയ്യുക. ഈ രണ്ട് ഗുണങ്ങള്‍ ഈ ലോകത്ത് വെച്ച് ഉണ്ടാക്കിയെടുക്കുന്നവരുടെ അന്ത്യം സ്വര്‍ഗ്ഗമായിരിക്കും.
മനസ്സിനെ നിയന്ത്രിക്കുക.
സ്വര്‍ഗ്ഗത്തിലെത്തുന്നതിന് ഇവിടെ രണ്ട് നിബന്ധനകള്‍ പറഞ്ഞെങ്കിലും യഥാര്‍ത്ഥത്തില്‍ രണ്ടും ഒന്ന് തന്നെയാണ്. കാരണം, പടച്ചവനെ കുറിച്ചുള്ള ഭയം തന്നെയാണ് മനോഛയെ നിയന്ത്രിക്കുന്ന മഹാ ശക്തി. അല്ലാമാ പാനീപത്തി (റഹ്) വിവരിക്കുന്നു: മനസ്സിനെ നിയന്ത്രിക്കുന്നതിന് മൂന്ന് സ്ഥാനങ്ങളുണ്ട്. ഒന്ന്, ഖുര്‍ആന്‍-ഹദീസ് വചനങ്ങള്‍ക്കും മുന്‍ഗാമികള്‍ ഏകോപിച്ച കാര്യങ്ങള്‍ക്കും എതിരായ മുഴുവന്‍ ദുഷിച്ച വിശ്വാസങ്ങളില്‍ നിന്നും അകന്ന് മാറുക. ഇതിലൂടെ ഒരു വ്യക്തി മുസ്ലിമായിത്തീരുന്നതാണ്. രണ്ട്, പാപങ്ങള്‍ വല്ലതിനെ കുറിച്ചും ചിന്തയുണ്ടാകുമ്പോള്‍ അല്ലാഹുവിന് മുന്നില്‍ വിചാരണ നേരിടേണ്ടി വരുമെന്ന് ചിന്തിച്ച് പാപങ്ങള്‍ വര്‍ജ്ജിക്കുക. ഈ സ്ഥാനത്തുള്ളവര്‍ സംശയാസ്പദമായ കാര്യങ്ങളില്‍ നിന്നും അകന്ന് കഴിയും. അതായത്, അനുവദനീയമായ ഒരു കാര്യത്തില്‍ ബന്ധപ്പെടുന്നതിലൂടെ അനുവദനീയമല്ലാത്ത കാര്യത്തില്‍ അകപ്പെടുമെന്ന് ആശങ്കയുണ്ടായാല്‍ അനുവദനീയമായ കാര്യത്തെ ഉപേക്ഷിക്കുന്നതാണ്. നുഅ്മാന്‍ ബിന്‍ ബഷീര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: സംശയാസ്പദമായ കാര്യങ്ങളെ ഉപേക്ഷിക്കുന്നവന്‍ അവന്‍റെ അഭിമാനത്തെയും ദീനിനെയും സംരക്ഷിക്കുന്നതാണ്. സംശയാസ്പദമായത് ചെയ്യുന്നവന്‍ നിഷിദ്ധ കാര്യങ്ങളിലും അകപ്പെടുന്നതാണ്.! ഇവിടുത്തെ സംശയാസ്പദമായ കാര്യത്തെ കൊണ്ടുള്ള ഉദ്ദേശം, അനുവദനീയമാണോ നിഷിദ്ധമാണോ എന്ന് സംശയമുള്ള കാര്യമാണ്. ഉദാഹരണത്തിന് ഒരു വ്യക്തി രോഗിയാണ്. വുളൂഅ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിവുണ്ടെങ്കിലും വുളൂഅ് ചെയ്താല്‍ അപകടം വല്ലതും ഉണ്ടാകുമോയെന്ന് അദ്ദേഹത്തിന് സംശയമുണ്ട്. ഇവിടെ തയമ്മും ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തില്‍ അദ്ദേഹം സംശയിക്കുകയാണ്. ഇപ്രകാരം ഒരാള്‍ക്ക് നിന്ന് നമസ്കരിക്കാന്‍ കഴിവുണ്ട്. എന്നാല്‍ പ്രയാസം കൂടുതലായതിനാല്‍ ഇരുന്ന് നമസ്കരിക്കണമോ എന്ന് സംശയമുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ സംശയാസ്പദമായ കാര്യങ്ങളെ ഉപേക്ഷിക്കുകയും ഉറപ്പുള്ളതിനെ തെരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് ഈ രണ്ടാം സ്ഥാനം. എന്നാല്‍ ഇവിടെ മനസ്സിന്‍റെ ഒരു കുതന്ത്രത്തെ ശ്രദ്ധിക്കേണ്ടതാണ്. വ്യക്തമായി പാപങ്ങളിലേക്കുള്ള ആഗ്രഹങ്ങളില്‍ നിന്നും മനസ്സിനെ പിടിച്ചുമാറ്റുക എളുപ്പമാണ്. എന്നാല്‍ ആരാധനകളിലും സല്‍കര്‍മ്മങ്ങളിലും ചിലപ്പോള്‍ മനോഛ കടന്ന് കൂടുന്നതാണ്. ഉദാഹരണത്തിന്, നന്മകള്‍ മറ്റുള്ളവരെ കാണിക്കണമെന്ന് ആഗ്രഹിക്കുകയും ആത്മ പ്രശംസയും പൊങ്ങച്ചവും കടന്നുകൂടുകയും ചെയ്യുന്നതാണ്. പ്രഥമവും പ്രധാനവുമായി ദൂരീകരിക്കേണ്ട മനോഛയാണിത്. ഇത് ദൂരീകരിക്കാനുള്ള ശരിയായ വഴി സമ്പൂര്‍ണ്ണത കൈവരിച്ച ഒരു ശൈഖുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യലാണ്. ഇമാം യഅ്ഖൂബ് കര്‍ഖി പറയുന്നു: ഞാന്‍ തുടക്കത്തില്‍ ഇരുമ്പ് പണിക്കാരനായിരുന്നു. അപ്പോള്‍ എന്‍റെ മനസ്സില്‍ ഇരുള്‍ പരക്കുന്നതായി അനുഭവപ്പെട്ടു. ഈ ഇരുള്‍ മാറ്റുന്നതിനായി നോമ്പ് പിടിക്കാമെന്ന് ഞാന്‍ ആഗ്രഹിച്ചു. നോമ്പിന്‍റെ അവസ്ഥയില്‍ യാദൃശ്ചികമായി തസ്വവ്വിഫിന്‍റെ സമുന്നത നായകന്‍ ഖാജാ ബഹാഉദ്ദീന്‍ നഖ്ശബന്ദിയുടെ സദസ്സില്‍ ഹാജരായി. തദവസരം ശൈഖ് അതിഥികളോടൊപ്പം ഇരുന്ന് ആഹാരം കഴിക്കുകയായിരുന്നു. എന്നോടും കൂട്ടത്തിലിരുന്ന് കഴിക്കാന്‍ കല്പിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു. വഴികെടുത്തുന്ന സ്വന്തം ഇഛയുടെ അടിമത്വം മഹാ മോശമാണ്.! മനോഛയോടു കൂടിയുള്ള നോമ്പിനേക്കാള്‍ ഉത്തമം ആഹാരം കഴിക്കലാണ്.!! ഇത് കേട്ടപ്പോള്‍ എന്‍റെ മനസ്സില്‍ ആത്മപ്രശംസയും പെരുമയും ഉണ്ടെന്ന് ശൈഖ് മനസ്സിലാക്കിയെന്നും അത് ശരിയാണെന്നും അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഐച്ഛികമായ ദിക്ര്‍-ദുആകള്‍ തെരഞ്ഞെടുക്കുന്നതിന് സമ്പൂര്‍ണ്ണരായ ഏതെങ്കിലും ശൈഖിന്‍റെ നിര്‍ദ്ദേശവും അനുമതിയും ആവശ്യമാണെന്ന് എനിക്ക് മനസ്സിലായി. കാരണം അവര്‍ മനസ്സിന്‍റെ ചതിക്കുഴികള്‍ നന്നായിട്ട് തിരിച്ചറിയുന്നവരാണ്. ഞാന്‍ ശൈഖിനോട് ചോദിച്ചു: ഇത്തരം വഴികാട്ടികളെ കിട്ടാത്തവര്‍ എന്ത് ചെയ്യണം.? ശൈഖ് പറഞ്ഞു: അവര്‍ ഇസ്തിഗ്ഫാര്‍ അധികരിപ്പിക്കണം. വിശിഷ്യാ, ഓരോ നമസ്കാരത്തിനും ശേഷം ഇരുപത് പ്രാവശ്യം നിഷ്ഠയോടെ ഇസ്തിഗ്ഫാര്‍ ചൊല്ലണം. അപ്പോള്‍ ഒരു ദിവസം നൂറ് ഇസ്തിഗ്ഫാര്‍ ചൊല്ലിയവരാകും. ഞാന്‍ ദിവസവും നൂറ് ഇസ്തിഗ്ഫാര്‍ വീതം ചൊല്ലുമെന്ന് റസൂലുല്ലാഹി (സ്വ) അരുളിയിരിക്കുന്നു. മനസ്സിനെ നിയന്ത്രിക്കുന്നതിന്‍റെ മൂന്നാമത്തെ സ്ഥാനം ദിക്റുകളും ത്യാഗങ്ങളും അധികരിപ്പിച്ച് തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന മനോച്ഛയുടെ യാതൊരു അംശവും മനസ്സില്‍ അവശേഷിക്കാത്ത നിലയില്‍ മനസ്സിനെ പരിശുദ്ധമാക്കലാണ്. സമുന്നതമായ ഈ സ്ഥാനത്തിന് വിലായത്ത് എന്നും സൂഫികളുടെ സാങ്കേതിക ഭാഷയില്‍ ഫാനീ ഫില്ലാഹ്, ബാഖീ ബില്ലാഹ് എന്നും പറയപ്പെടുന്നു. ഇതിനെ കുറിച്ചാണ് പിശാചിനോട് അല്ലാഹു പറഞ്ഞത്, എന്‍റെ വിശിഷ്ട ദാസന്മാരുടെ മേല്‍ നിന്‍റെ ഒരു ശക്തിയും ഫലിക്കുന്നതല്ല. (ഹിജ്ര്‍ 44) ഇതിനെ കുറിച്ചാണ് റസൂലുല്ലാഹി (സ്വ) അരുളിയത്: നിങ്ങള്‍ ഓരോരുത്തരുടെയും മനോച്ഛ ഞാന്‍ കൊണ്ടുവന്ന കാര്യത്തെ പിന്‍പറ്റുന്നതാകുന്നത് വരെയും നിങ്ങളാരും സമ്പൂര്‍ണ്ണ വിശ്വാസിയാകുന്നതല്ല. (ശര്‍ഹുസ്സുന്ന). അല്ലാഹുവേ നിന്‍റെ ഔദാര്യവും കൃപയും കൊണ്ട് ഞങ്ങള്‍ക്ക് ഈ ഗുണങ്ങള്‍ നല്‍കേണമേ.! (തഫ്സീര്‍ മള്ഹരി).
അവസാനത്തെ ആയത്തുകളില്‍ നിഷേധികളുടെ ദുര്‍വാശി നിറഞ്ഞ ഒരു ചോദ്യത്തോട് പ്രതികരിക്കുകയാണ്. ഖിയാമത്തിന്‍റെ നിര്‍ണ്ണിത ദിവസവും സമയവും പറഞ്ഞുതരാന്‍ അവര്‍ റസൂലുല്ലാഹി (സ്വ) യോട് വാശി പിടിച്ചിരുന്നു. അല്ലാഹു പറയുന്നു: അതിനെ കുറിച്ചുള്ള അറിവ് പടച്ചവന്‍റെ പ്രത്യേക തന്ത്രജ്ഞത കാരണം അവനില്‍ മാത്രം പരിമിതമായിരിക്കുന്നു. ഒരു മലക്കിനും പ്രവാചകനും അത് അറിയിച്ച് കൊടുത്തിട്ടില്ല. ആകയാല്‍ ഇത് പാഴായ ഒരു ചോദ്യമാണ്. (ഹിജ്രി 1391 ശഅ്ബാന്‍ 06)
സൂറത്തു അബസ് 1-42
ഈ സൂറത്തിന്‍റെ അവതരണ പശ്ചാത്തലമായ സംഭവം ആശയ സംഗ്രഹത്തില്‍ വന്നുകഴിഞ്ഞു. അല്ലാമാ ബഗവി (റഹ്) അതില്‍ കൂടുതലായി ഇക്കാര്യം വിവരിക്കുന്നു. ഇബ്നു ഉമ്മിമക്തൂം (റ) അന്ധനായിരുന്നതിനാല്‍ റസൂലുല്ലാഹി (സ്വ) ആരുമായി സംസാരിക്കുകയാണ് എന്ന് തിരിച്ചറിയാതെ സദസ്സില്‍ വന്നയുടനെ എനിക്ക് പഠിപ്പിച്ച് തരിക എന്ന് ശബ്ദത്തില്‍ പറയുകയും അത് പല പ്രാവശ്യം ആവര്‍ത്തിക്കുകയും ചെയ്തു. (മള്ഹരി). മറ്റൊരു നിവേദനം ഇപ്രകാരമാണ്: അദ്ദേഹം റസൂലുല്ലാഹി (സ്വ) യോട് ഖുര്‍ആനിലെ ഒരു ആയത്ത് ഓതുകയും അത് ഉടന്‍ തന്നെ തിരുത്തിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റസൂലുല്ലാഹി (സ്വ) ഈ സമയത്ത് മക്കയിലെ നേതാക്കളായ ഉത്ബ, അബൂ ജഹ്ല്‍, അബ്ബാസ് എന്നിവരോട് ദീനീ കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു. (ഇബ്നു കസീര്‍). റസൂലുല്ലാഹി (സ്വ) അദ്ദേഹം പറഞ്ഞത് കേള്‍ക്കാതിരിക്കുകയും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതിന്‍റെ പ്രധാന കാരണം, അദ്ദേഹം സത്യസന്ധനായ മുസ്ലിമും സദാ കൂട്ടത്തിലുള്ള ആളുമായിരുന്നു. അദ്ദേഹത്തിന്‍റെ ആവശ്യം പിന്തിക്കുന്നത് കൊണ്ട് മതപരമായ യാതൊരു കുഴപ്പവും ഉണ്ടാവുകയില്ലായിരുന്നു. എന്നാല്‍ ഖുറൈശി നേതാക്കള്‍ റസൂലുല്ലാഹി (സ്വ) യുടെ സദസ്സില്‍ സാധാരണ വരാത്തവരും അല്ലാഹുവിന്‍റെ വചനം എപ്പോഴും കേള്‍ക്കാത്തവരുമായിരുന്നു. അങ്ങനെയുള്ളവര്‍ അപ്പോള്‍ അവിടെയിരുന്ന് ഖുര്‍ആന്‍ കേള്‍ക്കുകയായിരുന്നു. റസൂലുല്ലാഹി (സ്വ) അദ്ദേഹത്തില്‍ നിന്നും മുഖം തിരിച്ചതും അതൃപ്തി പ്രകടിപ്പിച്ചതും ഇക്കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഇതിനെപ്പോലും ഈ സൂറത്ത് തിരുത്തിക്കൊണ്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് പ്രബോധകന്മാര്‍ക്ക് വലിയ പാഠമാണ്.
റസൂലുല്ലാഹി (സ്വ) യുടെ ഈ പ്രവര്‍ത്തനം ഗവേഷണത്തിന്‍റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. തുടര്‍ന്നുള്ള സന്ദര്‍ഭങ്ങളില്‍ അദ്ദേഹം സദസ്സിന്‍റെ മര്യാദകള്‍ പാലിക്കുന്നതിനും സദസ്സിലുള്ളവര്‍ മര്യാദയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യരുതെന്നും ഉണര്‍ത്താന്‍ റസൂലുല്ലാഹി (സ്വ) ഉദ്ദേശിച്ചു. മറ്റൊരു കാര്യം പ്രബോധനത്തില്‍ മുന്‍ഗണന കൊടുക്കേണ്ട കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുകയാണ് വേണ്ടതെന്ന് റസൂലുല്ലാഹി (സ്വ) മനസ്സിലാക്കിയിരുന്നു. ഇബ്നു ഉമ്മി മക്തൂം (റ) ന്‍റെ ആവശ്യം ശാഖാപരവും മക്കാ നേതാക്കളുടെ വിഷയം കുഫ്ര്‍-ശിര്‍ക്കില്‍ നിന്നും ഈമാനിലേക്കും തൗഹീദിലേക്കും വരലുമായിരുന്നു. എന്നാല്‍ അല്ലാഹു ഉണര്‍ത്തി: പരിശുദ്ധ ഖുര്‍ആന്‍ വചനം ചോദിച്ചുവന്ന വ്യക്തിക്ക് മറുപടി കൊടുത്താല്‍ പ്രയോജനമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ നിഷേധത്തില്‍ ഉറച്ച് നില്‍ക്കുന്നവരോട് സംസാരിച്ചാല്‍ സദ്ഫലം ഉണ്ടാകുമെന്നത് ഊഹം മാത്രമാണ്. ഊഹത്തിന് ഉറപ്പിനെക്കാള്‍ മുന്‍ഗണന കൊടുക്കാന്‍ പാടില്ല. കൂടാതെ ഇബ്നു ഉമ്മി മക്തൂം (റ) നെ കുറിച്ച് അഅ്മാ (അന്ധന്‍) എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്‍റെ മര്യാദകേട് മനഃപ്പൂര്‍വ്വമല്ലായിരുന്നുവെന്നും അറിവില്ലായ്മയുടെ പേരിലായിരുന്നുവെന്നും ഉണര്‍ത്തുകയും ചെയ്തു. അറിവില്ലായ്മയുടെ പേരില്‍ സദസ്സിന്‍റെ ഏതെങ്കിലും മര്യാദ പാലിയ്ക്കാത്ത വ്യക്തിയെ ആക്ഷേപിക്കാന്‍ പാടില്ലെന്ന് ഇതിലൂടെ മനസ്സിലായി.
എന്നാല്‍ റസൂലുല്ലാഹി (സ്വ) യെ കുറിച്ച് ഖുര്‍ആന്‍ ഇവിടെ ഉപയോഗിച്ച ശൈലി ആദരവിന്‍റെതാണ്. കാരണം, ഇവിടെ പറയേണ്ടിയിരുന്നത്, താങ്കള്‍ മുഖം ചുളിക്കുകയും മുഖം തിരിക്കുകയും ചെയ്തു എന്ന് സംബോധനയുടെ ശൈലിയിലാണ്. പക്ഷെ, അതിന് പകരം ഖുര്‍ആന്‍ ഉപയോഗിച്ചത് തങ്ങള്‍ മുഖം ചുളിക്കുകയും തിരിക്കുകയും ചെയ്തു എന്ന അദൃശ്യത്തിന്‍റെ ശൈലിയാണ്. ഇതില്‍ ആദരവിനോടൊപ്പം ഇത് താങ്കള്‍ക്ക് യോജിച്ചതല്ല, മറ്റാരോ ചെയ്യേണ്ടതായിരുന്നു എന്നും സൂചനയുണ്ട്. അടുത്ത ആയത്തില്‍ താങ്കള്‍ക്ക് എന്തറിയാം എന്ന് പറഞ്ഞുകൊണ്ട് റസൂലുല്ലാഹി (സ്വ) യുടെ ന്യായം വിവരിക്കുകയും ചെയ്തിരിക്കുന്നു. അതെ, ഈ സ്വഹാബിക്ക് മറുപടി നല്‍കല്‍ കൊണ്ട് ഫലം ഉറപ്പാണെന്നും നിഷേധികളോടുള്ള സംസാരത്തിന്‍റെ സദ്ഫലം ഊഹം മാത്രമാണെന്നും ഉള്ള കാര്യത്തിലേക്ക് താങ്കളുടെ ചിന്ത പോയില്ല. ചുരുക്കത്തില്‍, ആദ്യ വചനത്തില്‍ റസൂലുല്ലാഹി (സ്വ) യോട് നേരിട്ട് പറയാതെയുള്ള വചനം ഉപയോഗിച്ചത് തുടര്‍ന്നുള്ള വചനത്തില്‍ സംബോധനയുടെ വചനം ഉപയോഗിച്ച് കൊണ്ട് ന്യായീകരണം പറഞ്ഞത് റസൂലുല്ലാഹി (സ്വ) യെ ആദരിക്കാനും മനസ്സിനെ ഇളക്കാനും വേണ്ടിയാണ്.
............. 3, 4.. അതായത് താങ്കളോട് ചോദ്യം ചോദിച്ച സ്വഹാബിക്ക് കാര്യം പഠിപ്പിച്ച് കൊടുത്തിരുന്നെങ്കില്‍ ഒന്നുകില്‍ അദ്ദേഹം സംസ്കരണത്തിന്‍റെ സമ്പൂര്‍ണ്ണത പ്രാപിക്കുമായിരുന്നു. അല്ലെങ്കില്‍ കുറഞ്ഞപക്ഷം, അല്ലാഹുവിന്‍റെ സ്മരണയുടെ പ്രാരംഭ പ്രയോജനങ്ങളെങ്കിലുമുണ്ടായി മനസ്സ് പടച്ചവനോടുള്ള സ്നേഹവും ഭയവും വര്‍ദ്ധിക്കുമായിരുന്നു. ഉപദേശങ്ങളിലൂടെ സത്യവിശ്വാസികള്‍ക്കുണ്ടാകുന്ന രണ്ട് സ്ഥാനങ്ങളാണ് ഇവിടെ പറയപ്പെട്ടിരിക്കുന്നത്. ഒന്നാം സ്ഥാനം, സമുന്നതരായ ഭയ ഭക്തരുടെതാണ്. ഉപദേശങ്ങള്‍ കേട്ട് ബാഹ്യവും ആന്തരികവുമായ എല്ലാ വിധ മാലിന്യങ്ങളെയും അവര്‍ ദൂരീകരിക്കുന്നതാണ്. രണ്ടാം സ്ഥാനം, ദീന്‍ അനുസരിച്ച് ജീവിക്കുന്നതിലൂടെ തുടക്കമാണ്. അവര്‍ ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ മനസ്സില്‍ പടച്ചവന്‍റെ ഓര്‍മ്മയുണ്ടാകുകയും സ്നേഹവും ഭയവും ഹാജരാകുകയും ചെയ്യുന്നതാണ്. ചുരുക്കത്തില്‍ നന്മയുടെ പ്രബോധന-അദ്ധ്യാപനങ്ങള്‍ ഏതവസ്ഥയിലും പ്രയോജനമുള്ളതാണ്. ചിലപ്പോള്‍ അത് സമ്പൂര്‍ണ്ണ പ്രയോജനമുണ്ടാക്കി ജനങ്ങളെ സമ്പൂര്‍ണ്ണതയിലേക്ക് ഉയര്‍ത്തും. അല്ലെങ്കില്‍ പ്രാരംഭ ഗുണങ്ങളുണ്ടാക്കി പടച്ചവന്‍റെ സ്മരണയും സ്നേഹവും ഭയവും മനസ്സില്‍ ഇട്ട് കൊടുക്കും. ഈ രണ്ടാലൊരു അവസ്ഥ നിര്‍ബന്ധമായി ഉണ്ടാകുമെന്ന് അറിയിക്കാനാണ് ഔ (അല്ലെങ്കില്‍) എന്ന പ്രയോഗം ഇവിടെ നടത്തിയിരിക്കുന്നത്. (മള്ഹരി)
പ്രബോധന-അദ്ധ്യാപനങ്ങളുടെ സുപ്രധാനമായ ഖുര്‍ആനിക നിയമം.
ഇവിടെ റസൂലുല്ലാഹി (സ്വ) യുടെ മുന്നില്‍ രണ്ട് ജോലികള്‍ ഒരേ സമയം വരികയുണ്ടായി. ഒന്ന്, മുസ്ലിംകളുടെ മനസ്സുകള്‍ ഇണക്കുകയും വിജ്ഞാനം പകര്‍ന്ന് കൊടുക്കുകയും ചെയ്യുക. രണ്ട്, നിഷേധികളുടെ സന്മാര്‍ഗ്ഗത്തിന് പരിശ്രമിക്കുക. പരിശുദ്ധ ഖുര്‍ആനിലെ ഈ ആയത്തുകള്‍ ഉണര്‍ത്തുന്നു: ആദ്യത്തെ ജോലി രണ്ടാമത്തെതിനെക്കാള്‍ മുന്തിക്കേണ്ടതാണ്. രണ്ടാമത്തെതിന്‍റെ പേരില്‍ ആദ്യത്തെതിനെ പിന്തിക്കുന്നതും അതില്‍ വീഴ്ച വരുത്തുന്നതും ശരിയല്ല. അതെ, മുസ്ലിംകള്‍ക്ക് വിജ്ഞാനം പകര്‍ന്ന് കൊടുക്കുന്നതും സംസ്കരിക്കുന്നതും അമുസ്ലിംകളെ ഇസ്ലാമില്‍ പ്രവേശിപ്പിക്കാനുള്ള ചിന്താ പരിശ്രമങ്ങളെക്കാള്‍ മുന്‍ഗണന അര്‍ഹിക്കുന്നതാണ്. ചില പണ്ഡിത സഹോദരങ്ങള്‍ മുസ്ലിംകളുടെ മനസ്സുകളില്‍ സംശയങ്ങളും പരാതികളും ഉണ്ടാകുന്ന നിലയില്‍ അമുസ്ലിംകളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാനും അവരെ ഇസ്ലാമിലേക്ക് ഇണക്കാനും വേണ്ടി ഇന്ന് പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ അവര്‍ ഈ ശൈലി മാറ്റണമെന്നും മുസ്ലിംകളുടെ അവസ്ഥ നന്നാക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും ഈ വചനങ്ങള്‍ ഉപദേശിക്കുന്നു. അക്ബര്‍ ഇലാഹാബാദി പറയുന്നു: ഹറമുമായി ബന്ധപ്പെട്ട് കഴിയുന്നവരെ ആത്മാര്‍ത്ഥതയില്ലാത്തവരാണെന്ന് പറയുന്ന സ്വഭാവത്തില്‍ നിന്നും നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുക.!
അടുത്ത ആയത്തുകളില്‍ പരിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നുള്ള ഉണര്‍ത്തലും ഉപദേശവുമാണെന്നും ആദരണീയ സ്ഥാനത്തുള്ളതാണെന്നും വിവരിക്കുന്നു. ........ 13, 14, 15, 16, ഈ ആയത്തിലെ സുഹുഫ് കൊണ്ടുള്ള ഉദ്ദേശം ലൗഹുല്‍ മഹ്ഫൂള് ആണ്. അത് ഒന്നേയുള്ളൂവെങ്കിലും സുഹുഫ് എന്ന് ബഹുവചനം ഉപയോഗിച്ചത് അതില്‍ മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളും ഉള്ളത് കൊണ്ടാണ്. ഇത് അല്ലാഹുവിങ്കല്‍ സമുന്നത സ്ഥാനമുള്ളതും പരിശുദ്ധവുമാണ്. ജനാബത്ത്, ഹൈള്, നിഫാസ് ഇവയുള്ളവരും വുളൂഅ് ഇല്ലാത്തവരും ഇതിനെ തൊടാന്‍ പാടില്ല. സഫറ (ദൂതന്മാര്‍) എന്നത് കൊണ്ടുള്ള ഉദ്ദേശം, എഴുത്തുകാരായ മലക്കുകളോ നബിമാരോ അവരുടെ എഴുത്തുകാരായ ശിഷ്യരോ ആയിരിക്കാമെന്ന് ഇബ്നു അബ്ബാസ് (റ) പ്രസ്താവിക്കുന്നു. ഇതിന് ദൂതന്മാര്‍ എന്നും ആശയം പറയപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച് മുകളില്‍ പറയപ്പെട്ട മഹത്തുക്കളോടൊപ്പം സമുദായത്തിലെ പണ്ഡിതരും പെടുന്നതാണ്. കാരണം, പണ്ഡിതന്മാര്‍ റസൂലുല്ലാഹി (സ്വ) യുടെയും സമുദായത്തിന്‍റെയും ഇടയിലുള്ള ദൂതന്മാരാണ്. ആഇശ (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: പരിശുദ്ധ ഖുര്‍ആന്‍ നല്ല നിലയില്‍ പാരായണം ചെയ്യുന്നവര്‍ പുണ്യവാളന്മാരും ആദരണീയരുമായ ദൂതന്മാരോടൊപ്പമായിരിക്കും. പ്രയാസപ്പെട്ട് ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് രണ്ട് പ്രതിഫലം ലഭിക്കുന്നതും അവരുടെ പാരായണം ശരിയായി രേഖപ്പെടുത്തപ്പെടുന്നതുമാണ്. (ബുഖാരി). ഖുര്‍ആന്‍ നന്നാക്കാന്‍ പരിശ്രമിക്കുന്നെങ്കിലും തെറ്റ് വരുന്നവര്‍ക്ക് പാരായണത്തിന്‍റെയും പരിശ്രമത്തിന്‍റെയും രണ്ട് കൂലിയും നല്ല നിലയില്‍ ഓതുന്നവര്‍ക്ക് എണ്ണമറ്റ പ്രതിഫലവും ലഭിക്കുന്നതാണ്. (മള്ഹരി).
പരിശുദ്ധ ഖുര്‍ആന്‍ സമുന്നതമാണെന്ന് പറഞ്ഞതിന് ശേഷം ഇത് നിഷേധിക്കുന്നവരുടെ മേല്‍ ശാപമുണ്ടാകുമെന്നും അവര്‍ പടച്ചവന്‍റെ അനുഗ്രഹങ്ങളോട് വളരെയധികം നന്ദികേട് കാട്ടുന്നവരാണെന്നും അറിയിക്കുന്നു. തുടര്‍ന്ന് മനുഷ്യന്‍റെ തുടക്കം മുതല്‍ അവസാനം വരെയുള്ള ഇലാഹീ അനുഗ്രഹങ്ങള്‍ വിവരിച്ചിരിക്കുന്നു. ഖുര്‍ആന്‍ അല്ലാഹുവിന്‍റെ വലിയ അനുഗ്രഹമാണെങ്കിലും അത് ആത്മീയ അനുഗ്രഹവും അറിവും ബുദ്ധിയുമുള്ളവര്‍ക്ക് മാത്രം മനസ്സിലാകുന്നതുമാണ്. എന്നാല്‍ മനുഷ്യന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള അവസ്ഥകള്‍ ഭൗതിക കാര്യങ്ങളും ചെറിയ ബോധമുള്ളവര്‍ക്ക് പോലും മനസ്സിലാകുന്നതുമാണ്. ആദ്യം ചോദ്യ രൂപത്തില്‍ പറയുന്നു: മനുഷ്യാ, നീ ഒന്ന് ചിന്തിക്കുക. എന്ത് വസ്തുവില്‍ നിന്നുമാണ് നീ പടയ്ക്കപ്പെട്ടത്.? ഇതിന്‍റെ മറുപടി വ്യക്തമാണ്. അത് കൊണ്ട് അല്ലാഹു തന്നെ പറയുന്നു: വെറും ഒരു ഇന്ദ്രിയത്തില്‍ നിന്നുമാണ് മനുഷ്യന്‍ പടയ്ക്കപ്പെട്ടത്. വെറും പടയ്ക്കുക മാത്രമല്ല, പ്രത്യേക ശൈലിയിലും തന്ത്രജ്ഞതയിലുമാണ് മനുഷ്യന്‍റെ ഉയരവും ശരീരവും രൂപവും അവയവങ്ങളും സന്ധികളും കണ്ണും കാതും മൂക്കും മറ്റും പടച്ചത്. ഇവയില്‍ ചെറിയൊരു മാറ്റം വന്നാല്‍ മനുഷ്യ രൂപം വികൃതമാകുന്നതും ജീവിതം ദുഷ്കരമാകുന്നതുമാണ്. ചില മഹാന്മാര്‍ ഈ ആയത്തിലെ ഫഖദ്ദറഹു എന്ന വചനത്തിന് അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുകയും നാല് വിധികള്‍ രേഖപ്പെടുത്തുകയും ചെയ്തു എന്ന് ആശയം പറഞ്ഞിരിക്കുന്നു. ഇബ്നു മസ്ഊദ് (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: ഒരു മനുഷ്യന്‍ ഗര്‍ഭാശയത്തില്‍ ആയിരിക്കുമ്പോള്‍ നാല് കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതാണ്. ഒന്ന്, എന്തെല്ലാം പ്രവര്‍ത്തിക്കും. രണ്ട്, ആയുസ്സ് എത്രയായിരിക്കും. മൂന്ന്, എത്ര അന്നം ലഭിക്കും. നാല്, സൗഭാഗ്യവാനോ ഭാഗ്യഹീനനോ.? (ബുഖാരി).
..... 10.
അല്ലാഹു അവന്‍റെ സമ്പൂര്‍ണ്ണ തന്ത്രജ്ഞത കൊണ്ട് മാതാവിന്‍റെ ഗര്‍ഭാശയത്തിലെ മൂന്ന് മറകള്‍ക്കുള്ളിലുള്ള സുരക്ഷിത സ്ഥാനത്ത് വെച്ചാണ് മനുഷ്യന്‍റെ സൃഷ്ടിപ്പ് നടത്തിയത്. ശേഷം സമ്പൂര്‍ണ്ണ മനുഷ്യനാക്കപ്പെടുകയും ഇടുങ്ങിയ വഴിയെ എളുപ്പമാക്കി പുറത്തേക്ക് കൊണ്ടുവരികയും ചെയ്തു. മാതാവിനോ കുഞ്ഞിനോ യാതൊരു കുഴപ്പവുമില്ലാത്ത നിലയിലാണ് ഈ വരവ് നടക്കുന്നത്. സുന്ദര സ്രഷ്ടാവായ അല്ലാഹു ഐശ്വര്യസമ്പൂര്‍ണ്ണന്‍ തന്നെ.!
............... 11. ഇവിടെ മനുഷ്യന്‍റെ തുടക്കത്തെ കുറിച്ച് പറഞ്ഞതിന് ശേഷം ഒടുക്കത്തെ കുറിച്ച് വിവരിക്കുകയാണ്. പടച്ചവന്‍റെ അനുഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ഇവിടെ മരണവും ഖബ്റടക്കവും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. അതെ, സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം മരണം ഒരു നാശമല്ല, അനുഗ്രഹമാണ്. റസൂലുല്ലാഹി (സ്വ) അരുളി: മരണം സത്യവിശ്വാസിക്കുള്ള ഉപഹാരമാണ്. (മുസ്തദ്റക്). ഇപ്രകാരം ഖബ്റടക്കുന്നത് അനുഗ്രഹമാണ്. മൃഗങ്ങളെ പോലെ മരിച്ചാല്‍ അവഗണിക്കപ്പെടാതെ മനുഷ്യനെ കുളിപ്പിക്കുകയും നല്ല വസ്ത്രങ്ങള്‍ അണിയിച്ച് ആദരവോടെ ഖബ്റടക്കുകയും ചെയ്യുന്നു. മയ്യിത്തുകളെ ഖബ്റടക്കല്‍ നിര്‍ബന്ധമാണെന്ന് ഈ ആയത്തില്‍ നിന്നും മനസ്സിലാകുന്നു.
............ 13. മനുഷ്യന്‍റെ തുടക്കത്തിലും ഒടുക്കത്തിലുമുള്ള അല്ലാഹുവിന്‍റെ അപാരമായ കഴിവുകളും അനുഗ്രഹങ്ങളും വിവരിച്ച ശേഷം നിഷേധിയായ മനുഷ്യനെ ഉണര്‍ത്തുന്നു: പടച്ചവന്‍റെ ഈ ദൃഷ്ടാന്തങ്ങളിലും അനുഗ്രഹങ്ങളിലും ചിന്തിച്ച് സത്യവിശ്വാസം സ്വീകരിക്കലും പടച്ചവന്‍റെ വിധിവിലക്കുകളെ അനുസരിക്കലും മനുഷ്യന്‍റെ കടമയായിരുന്നു. പക്ഷെ, പല മനുഷ്യരും അത് ചെയ്യുന്നില്ല. തുടര്‍ന്ന് മനുഷ്യന്‍റെ തുടക്കത്തിന്‍റെയും ഒടുക്കത്തിന്‍റെയും ഇടയിലുള്ള ഘട്ടത്തില്‍ പടച്ചവന്‍ ചെയ്യുന്ന അപാരമായ അന്നത്തിന്‍റെ സജ്ജീകരണത്തിലേക്ക് മനുഷ്യന്‍റെ ശ്രദ്ധ തിരിക്കുകയാണ്: ആകാശത്ത് നിന്നും സമൃദ്ധമായ മഴ പെയ്യുന്നു, ഭൂമിയ്ക്കുള്ളില്‍ കിടക്കുന്ന ധാന്യത്തിന് ജീവന്‍ വെയ്ക്കുന്നു, വളരെ ബലഹീനമായ നേര്‍ത്ത മുള ഭൂമിയെ കീറി മുറിച്ച് പുറത്തേക്ക് വരുന്നു, പലതരം ധാന്യങ്ങളും പഴങ്ങളും ഉണ്ടായിത്തീരുന്നു. ഈ അനുഗ്രഹങ്ങളെയെല്ലാം ആവര്‍ത്തിച്ച് പറഞ്ഞതിന് ശേഷം സൂറത്തിന്‍റെ അവസാനത്തില്‍ ഖിയാമത്തിന്‍റെ ഭയാനകത ചിത്രീകരിക്കുന്നു.
33.... ഇതിലെ സ്വാഖ എന്നതിന്‍റെ ആശയം, ചെവി പൊട്ടിക്കുന്ന ശബ്ദമെന്നാണ്. ഇതുകൊണ്ടുള്ള ഉദ്ദേശം സൂര്‍ കാഹളം ഊതപ്പെടുമ്പോഴുള്ള ഒച്ചപ്പാടാണ്.
34. .......... ഓരോ മനുഷ്യരും സ്വന്തം സഹോദരങ്ങള്‍, മാതാ-പിതാക്കള്‍, ഭാര്യാ-മക്കള്‍ മുതലായവരില്‍ നിന്നും മുഖം മറച്ച് ഓടിക്കളയുന്നതാണ്. ഇഹലോകത്ത് സഹോദരങ്ങളെ എല്ലാവരും സഹായിക്കും. അതിനേക്കാള്‍ കൂടുതലായി മാതാ-പിതാക്കളെ സേവിക്കും. അതിനേക്കാളും വലിയ ബന്ധമാണ് ഇണകളോടും മക്കളോടും. എന്നാല്‍ അവിടെ ഇവരെല്ലാവരില്‍ നിന്നും നിഷേധി മാറിപ്പോകുന്നതാണ്. അടുത്ത ആയത്തുകളില്‍ സത്യവിശ്വാസികളുടെയും നിഷേധികളുടെയും മഹ്ശറിലെ അവസ്ഥകള്‍ ചിത്രീകരിച്ചുകൊണ്ട് സൂറത്ത് അവസാനിക്കുന്നു. (1391 ശഅ്ബാന്‍ 07)
സൂറത്തുതക്വീര്‍
1-29.
.......... 1. ഹസന്‍ ബസ്വരി (റഹ്) പറയുന്നു: ഖിയാമത്ത് നാളില്‍ സൂര്യന് പ്രകാശം ഇല്ലാതാകുന്നതാണ്. റബീഅ് (റഹ്) പറയുന്നു: സൂര്യന്‍ സമുദ്രത്തിലേക്ക് എറിയപ്പെടുന്നതും അതിന്‍റെ ചൂട് കാരണം സമുദ്രം തീയായി മാറുന്നതുമാണ്. ആദ്യം പ്രകാശമില്ലാതാക്കി. ശേഷം സമുദ്രത്തില്‍ എറിയപ്പെടും. എന്ന് പറഞ്ഞാല്‍ രണ്ട് അഭിപ്രായങ്ങള്‍ക്കിടയില്‍ വൈരുദ്ധ്യമില്ല. അബൂ ഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: ഖിയാമത്ത് നാളില്‍ സൂര്യനെയും ചന്ദ്രനെയും പുഴയില്‍ എറിയപ്പെടുന്നതാണ്. (ബുഖാരി). നരകത്തില്‍ എറിയപ്പെടുന്നതാണെന്ന് മറ്റൊരു നിവേദനത്തില്‍ വന്നിരിക്കുന്നു. (ബസ്സാര്‍). ഇബ്നു അബീ ഹാകിം മുതലായവര്‍ പറയുന്നു: ഖിയാമത്ത് ദിനം അല്ലാഹു സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളെ മുഴുവന്‍ സമുദ്രത്തിലിടുന്നതാണ്. തുടര്‍ന്ന് ഒരു കൊടുങ്കാറ്റ് അടിക്കുന്നതും സമുദ്രം മുഴുവനും തീയായി മാറുന്നതുമാണ്. (തഫ്സീര്‍ ഇബ്നു അബീ ഹാതിം). സമുദ്രം മുഴുവന്‍ അപ്പോള്‍ നരകമാക്കപ്പെടും എന്ന് പറഞ്ഞാല്‍ ഈ അഭിപ്രായങ്ങള്‍ക്കിടയില്‍ യോജിപ്പ് ഉണ്ടാകുന്നതാണ്. (മള്ഹരി)
.... 2. അതായത് ആകാശത്തുള്ള നക്ഷത്രങ്ങളെല്ലാം അടര്‍ന്ന് ഭൂമിയില്‍ വീഴുന്നതാണ്. ഇക്കാര്യം കഴിഞ്ഞ നിവേദനത്തില്‍ പറയപ്പെട്ട് കഴിഞ്ഞു.
4...... ഖുര്‍ആനിന്‍റെ പ്രഥമ സംബോധിതര്‍ അറബികളാണ്. അറബികള്‍ ഗര്‍ഭിണിയായ ഒട്ടകത്തിന് വലിയ വില നല്‍കിയിരുന്നു. അതിലൂടെ കുഞ്ഞും പാലും ലഭിക്കുന്നതാണ്. അതിനെ വളരെയധികം സംരക്ഷിക്കുകയും എപ്പോഴും കൂട്ടത്തില്‍ നടക്കുകയും ചെയ്തിരുന്നു.
6. ................ ഇബ്നു അബ്ബാസ് (റ) പറയുന്നു. അന്ന് സമുദ്രം തീക്കുണ്ഠമാകുന്നതാണ്. ചില മുഫസ്സിറുകള്‍ പറയുന്നു: സമുദ്രങ്ങളെ കൂട്ടിച്ചേര്‍ക്കപ്പെടുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഇവകള്‍ക്കിടയില്‍ വൈരുദ്ധ്യമില്ല. ആദ്യം സമുദ്രങ്ങളും അരുവികളും കൂട്ടിക്കലര്‍ത്തപ്പെടുന്നതും ശേഷം നക്ഷത്രങ്ങള്‍ എറിയപ്പെടുന്നതും തുടര്‍ന്ന് തീ ആളിക്കത്തി നരകത്തിന്‍റെ ഭാഗമാക്കപ്പെടുന്നതുമാണ്. (മള്ഹരി)
7. ................... മശ്ഹറിലേക്ക് വരുന്നവരെ കൂട്ടിച്ചേര്‍ക്കപ്പെടുന്നതും സംഘങ്ങളാക്കപ്പെടുന്നതുമാണ്. ഇത് വിശ്വാസ-കര്‍മ്മങ്ങള്‍ക്കനുസരിച്ചായിരിക്കും. ആദ്യം സത്യവിശ്വാസികളെയും നിഷേധികളെയും രണ്ട് വിഭാഗമാക്കപ്പെടും. ശേഷം അവരുടെ അവസ്ഥകള്‍ക്കനുസരിച്ച് പ്രത്യേകം സംഘങ്ങളാക്കപ്പെടും. നുഅ്മാന്‍ ബിന്‍ ബഷീര്‍ (റ) നിവേദനം. ഉമര്‍ (റ) പറയുന്നു: ഒരു പോലുള്ള കര്‍മ്മങ്ങള്‍ ചെയ്തവരെ ഒരു സ്ഥലത്ത് ആക്കപ്പെടും. (ബൈഹഖി). ഉദാഹരണത്തിന്, വിജ്ഞാന സേവനം ചെയ്തവരെ ഒരു ഭാഗത്ത്, ആരാധനകള്‍ അധികരിപ്പിച്ചവരെ മറ്റൊരു ഭാഗത്തും, ജിഹാദ് നടത്തിയവരെയും ദാനം ചെയ്തവരെയും വേറേവേറേ ഭാഗത്ത്. ഇപ്രകാരം. കള്ളന്മാരും കൊള്ളക്കാരം ഒരു ഭാഗത്ത്. വ്യഭിചാരികള്‍ വോറൊരു ഭാഗത്ത്. റസൂലുല്ലാഹി (സ്വ) അരുളി: മഹ്ശറില്‍ ഓരോരുത്തരും അവന്‍റെ (വിശ്വാസ-കര്‍മ്മങ്ങളുടെ) സമുദായത്തിലായിരിക്കും. തുടര്‍ന്ന് റസൂലുല്ലാഹി (സ്വ) സൂറത്തുല്‍ വാഖിഅയിലെ നിങ്ങള്‍ മൂന്ന് വിഭാഗമായിരിക്കും എന്ന ആയത്തോതി. ഒന്ന്, മുന്നേറിയ മുന്‍ഗാമികള്‍. രണ്ട്, വലതുപക്ഷം. ഈ രണ്ട് വിഭാഗങ്ങള്‍ സ്വര്‍ഗ്ഗത്തിലായിരിക്കും. നിഷേധികള്‍ അടങ്ങിയ ഇടതുപക്ഷം.
.........................8. ജാഹിലിയ കാലഘട്ടില്‍ പെണ്‍കുട്ടികളെ ശകുനവും നാണക്കേടുമായി കണ്ട് ജീവനോടെ കുഴിച്ചുമൂടിയിരുന്നു. ഇസ്ലാം ഈ ദുരാചാരം ഇല്ലാതാക്കി. എന്നാല്‍ ഇപ്രകരം കൊല്ലപ്പെട്ട പെണ്‍കുട്ടികളോട് എന്ത് പാപത്തിന്‍റെ പേരിലാണ് കൊല്ലപ്പെട്ടത് എന്ന് ചോദിക്കപ്പെടുന്നതാണ്. ഇങ്ങനെ ചോദിക്കുന്നതിന്‍റെ ഉദ്ദേശം തെറ്റൊന്നും ചെയ്യാത്ത എന്നോട് ക്രൂരത കാട്ടിയ കൊലയാളികളോട് പ്രതികാരം ചെയ്യണേയെന്ന് ആ കുട്ടി പറയുന്നതിനാണ് ഇപ്രകാരം ആ കുട്ടിയോട് ചോദിക്കപ്പെടുന്നത്. എന്ത് പാപത്തിന്‍റെ പേരിലാണ് ആ കുട്ടിയെ കൊന്നതെന്ന് കൊലയാളികളോട് ചോദിക്കപ്പെടുന്നതാണെന്നും ഇതിന് ആശയം പറയപ്പെട്ടിരിക്കുന്നു. ഖിയാമത്ത് നാളില്‍ ഓരോരുത്തരോടും അവരവരുടെ കര്‍മ്മങ്ങളെ കുറിച്ച് ചോദിക്കപ്പെടും എന്നിരിക്കേ ഈ കുട്ടിയുടെ കാര്യം മാത്രം പ്രത്യേകം പറയപ്പെടാനുള്ള കാരണം ഇതാണ്. ആ കുട്ടിയെ കൊന്നത് മാതാ-പിതാക്കളാണ്. മാതാ-പിതാക്കള്‍ക്കെതിരില്‍ കുട്ടികള്‍ വാദം ഉന്നയിക്കുന്നതല്ല. പ്രത്യേകിച്ചും ഈ കൊലയെ കുറിച്ച് സാക്ഷ്യം പറയാന്‍ പറ്റുന്ന നിലയില്‍ കുട്ടിയ്ക്ക് അറിവുമില്ല. എന്നാല്‍ പടച്ചവന്‍റെ നീതിയുടെ കോടതിയായ മഹ്ശറില്‍ സാക്ഷിയും തെളിവുമൊന്നുമില്ലാത്ത അക്രമങ്ങള്‍ പോലും ഹാജരാക്കപ്പെടുമെന്ന് ഈ ആയത്ത് സര്‍വ്വരെയും ഉണര്‍ത്തുന്നു.
നാല് മാസത്തിന് ശേഷം ഗര്‍ഭം നശിപ്പിക്കുന്നത് കൊലയാണ്.
മസ്അല 1. കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടുന്നതും ഏതെങ്കിലും നിലയില്‍ കൊല്ലുന്നതും വന്‍പാപവും വലിയ അക്രമവുമാണ്. നാല് മാസം പ്രായമായ ഗര്‍ഭത്തെ അലസിപ്പിക്കുന്നതിനും ഇതേ നിയമം തന്നെയാണ്. കാരണം നാലാം മാസം കുഞ്ഞിന് ജീവന്‍ നല്‍കപ്പെടുന്നതും, ജീവനുള്ള മനുഷ്യന്‍റെ നിയമത്തിലാകുന്നതുമാണ്. ഇപ്രകാരം ആരെങ്കിലും ഒരു ഗര്‍ഭിണിയുടെ വയറ്റില്‍ അടിക്കുകയും കുഞ്ഞ് മരിച്ച് പോകുകയും ചെയ്താല്‍ അതിന്‍റെ പരിഹാരമെന്നോണം ആ സ്ത്രീയ്ക്ക് ഒരു അടിമയെയോ അതിന്‍റെ വിലയേയോ നല്‍കല്‍ നിര്‍ബന്ധമാണ്. ഇനി അടി കൊണ്ടശേഷം കുട്ടി പുറത്തേക്ക് വന്നപ്പോള്‍ ജീവനുണ്ടായിരിക്കുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്താലും ഇതേ പരിഹാരം നിര്‍ബന്ധമാണ്. നാല് മാസത്തിന് മുമ്പ് നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ ഗര്‍ഭം അലസിപ്പിക്കുന്നതും നിഷിദ്ധമാണ്. എന്നാല്‍ ഇത് ആദ്യ രൂപത്തെക്കാള്‍ അല്പം കടുപ്പം കുറഞ്ഞതാണ്. (മള്ഹരി)
മസ്അല: 02. ഇന്ന് ലോകത്ത് സന്താന നിയന്ത്രണമെന്ന പേരില്‍ ഗര്‍ഭം ഉറയ്ക്കാതിരിക്കാന്‍ പല വഴികളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. റസൂലുല്ലാഹി (സ്വ) ഇതിനെ കുറിച്ച്, കുഞ്ഞുങ്ങളെ രഹസ്യമായി കുഴിച്ച് മൂടലാണെന്ന് അരുളിയിരിക്കുന്നു. (മുസ്ലിം). ഇന്ദ്രിയം ഗര്‍ഭാശയത്തില്‍ കടക്കാതിരിക്കാന്‍ തന്ത്രങ്ങള്‍ കാട്ടുന്നത് അത്യാവശ്യ സമയങ്ങളില്‍ അനുവദനീയമാണ്. എന്നാല്‍ ശാശ്വതമായി ഗര്‍ഭം നിര്‍ത്താന്‍ പാടില്ല. (മള്ഹരി)
... 11. ഇത് ഒന്നാം ഊത്തിന്‍റെ സന്ദര്‍ഭത്തില്‍ ഉണ്ടാകുന്നതാണ്. ആകാശത്തിന്‍റെ അലങ്കാരമായ സൂര്യനും ചന്ദ്രനും പ്രകാശമില്ലാതായി സമുദ്രത്തില്‍ ഇടപ്പെടുന്നതും ആകാശത്തിന്‍റെ ഇന്നുള്ള അവസ്ഥ മാറുന്നതുമാണ്. ചില മുഫസ്സിറുകള്‍ ഇന്ന് മേല്‍ക്കൂര പോലെ കാണപ്പെടുന്ന ആകാശത്തെ ചുരുട്ടപ്പെടുന്നതാണ് എന്നും ആശയം പറഞ്ഞിരിക്കുന്നു.
......... 12. കൊണ്ടുവന്ന സാധനങ്ങള്‍ കൊണ്ടുള്ള ഉദ്ദേശം ഇഹലോകത്ത് പ്രവര്‍ത്തിച്ച കര്‍മ്മങ്ങളാണ്. നന്മ-തിന്മകള്‍ എഴുതപ്പെട്ട ഏടുകള്‍ കൈകളിലേക്ക് നല്‍കപ്പെടുന്നതാണ്. അല്ലെങ്കില്‍ കര്‍മ്മങ്ങള്‍ പ്രത്യേക രൂപത്തില്‍ മുന്നില്‍ വരുന്നതാണ്.
ഖിയാമത്തിന്‍റെ അവസ്ഥകളും ഭയാനക ദൃശ്യങ്ങളും കര്‍മ്മങ്ങളുടെ വിചാരണയും വിവരിച്ച ശേഷം ഏതാനും നക്ഷത്രങ്ങളെ കൊണ്ട് സത്യം ചെയ്ത് അല്ലാഹു പറയുന്നു: ഈ ഖുര്‍ആന്‍ സത്യമാണ്. അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും വളരെ സുരക്ഷിതമായ നിലയിലാണ് ഇത് ഇറക്കപ്പെട്ടത്. ഇത് വന്ന് ഇറങ്ങിയ വ്യക്തിത്വം വളരെ ഉന്നതനാണ്. കൊണ്ടുവന്ന മലക്കുകളെ കുറിച്ച് നേരത്തെ അറിവുള്ള വ്യക്തിയുമാണ്. അത് കൊണ്ട് ഖുര്‍ആനില്‍ സംശയിക്കാന്‍ യാതൊരു വഴിയുമില്ല.! ഇവിടെ സത്യം ചെയ്യാന്‍ ഉപയോഗിച്ചിട്ടുള്ള നക്ഷത്രങ്ങള്‍ അഞ്ചെണ്ണമാണ്. ഗോള ശാസ്ത്രജ്ഞന്മാര്‍ ഇവയ്ക്ക് അത്ഭുത നക്ഷത്രങ്ങള്‍ എന്ന് പേര് പറഞ്ഞിരിക്കുന്നു. കാരണം, ചിലപ്പോള്‍ ഇവ കിഴക്ക് നിന്നും പടിഞ്ഞാറേക്ക് ഉദിക്കുമ്പോള്‍ മറ്റ് ചിലപ്പോള്‍ പടിഞ്ഞാറ് നിന്നും കിഴക്കോട്ടേക്ക് പിന്മാറുന്നു. ഇതിന്‍റെ കാരണത്തെ കുറിച്ച് പല അഭിപ്രായവുമുണ്ട്. അതില്‍ ശരിയേതാണെന്ന് പറയാന്‍ നിര്‍വ്വാഹമില്ല. പരിശുദ്ധ ഖുര്‍ആന്‍ ഇത്തരം അനാവശ്യ ചര്‍ച്ചകളിലേക്ക് നമ്മെ പ്രേരിപ്പിക്കുന്നില്ല. ഖുര്‍ആന്‍ ഇതിലൂടെ പറയാനാഗ്രഹിക്കുന്ന കാര്യം ഇത്ര മാത്രമാണ്: ഇവകളിലേക്ക് നോക്കി അല്ലാഹ് റബ്ബുല്‍ ഇസ്സത്തിന്‍റെ സമ്പൂര്‍ണ്ണ കഴിവും മഹത്തരമായ തന്ത്രജ്ഞതയും മനസ്സിലാക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുക.
........ 19, 20. സത്യം ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു. പരിശുദ്ധ ഖുര്‍ആന്‍ കൊണ്ടുവന്നത് മാന്യനായ ഒരു ദൂതനാണ്. അദ്ദേഹം വലിയ ശക്തനും അല്ലാഹുവിന്‍റെ അര്‍ശിന്‍റെ സമീപസ്ഥനുമാണ്. അവിടെയുള്ള മലക്കുകള്‍ അദ്ദേഹത്തെ അനുസരിക്കുന്നു. അദ്ദേഹം അല്ലാഹുവിന്‍റെ അരികില്‍ വിശ്വസ്ഥനുമാണ്. സന്ദേശം കൊണ്ടുവരുന്നതില്‍ യാതൊരു വിധ വഞ്ചനയ്ക്കും സാധ്യതയില്ല. ഇതുകൊണ്ടുള്ള ഉദ്ദേശം ജിബ്രീല്‍ (അ) ആണ്. റസൂല്‍ (ദൂതന്‍) എന്ന വചനം നബിമാരെ പോലെ മലക്കുകള്‍ക്കും ഉപയോഗിക്കാറുണ്ട്. ജിബ്രീല്‍ (അ) നെ കുറിച്ച് ഇവിടെ പറയപ്പെട്ടിരിക്കുന്ന വിശേഷണങ്ങള്‍ ഖുര്‍ആനിലെ മറ്റ് ഭാഗങ്ങളിലും ഹദീസുകളിലും പറയപ്പെട്ടിട്ടുണ്ട്. ചില മുഫസ്സിറുകള്‍ പറയുന്നു: ഈ ആയത്തിലെ റസൂല്‍ കൊണ്ടുള്ള ഉദ്ദേശം, മുഹമ്മദ് മുസ്ത്വഫാ (സ്വ) യാണ്. ഇവിടെ പറയപ്പെട്ട വിശേഷണങ്ങള്‍ അവര്‍ റസൂലുല്ലാഹി (സ്വ) യില്‍ സമര്‍ത്ഥിക്കാന്‍ പരിശ്രമിക്കുകയും ചെയ്തിരിക്കുന്നു.
അവസാന ആയത്തുകള്‍ റസൂലുല്ലാഹി (സ്വ) യുടെ മേല്‍ നിഷേധികള്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയാണ്. റസൂലുല്ലാഹി (സ്വ) ഭ്രാന്തനാണെന്ന് അവര്‍ പറഞ്ഞതിനെ കുറിച്ച് അല്ലാഹു പ്രതികരിക്കുന്നു: ഇത്ര ഉന്നതനായ നിങ്ങളുടെ കൂട്ടുകാരന്‍ ഒരിക്കലും ഭ്രാന്തനല്ല. റസൂലുല്ലാഹി (സ്വ) ജിബ്രീല്‍ (അ) നെ തുറന്ന ചക്രവാളത്തില്‍ കണ്ടിട്ടുണ്ട്. അതായത്, ജിബ്രീല്‍ (അ) യെ കുറിച്ച് റസൂലുല്ലാഹി (സ്വ) ക്ക് നന്നായിട്ടറിയാം. അത് കൊണ്ട് വഹ്യിന്‍റെ വിഷയത്തില്‍ യാതൊരു വിധ സംശയത്തിനും സാധ്യതയില്ല. 1391 ശഅ്ബാന്‍ 08.
സൂറത്തുല്‍ ഇന്‍ഫിത്വാര്‍
... 5. ഖിയാമത്ത് നാളില്‍ ആകാശം പിളരുകയും നക്ഷത്രങ്ങള്‍ അടരുകയും കടലുകളും നദികളും കൂടിച്ചേരുകയും ഖബ്റുകളില്‍ നിന്നും ജനങ്ങള്‍ എഴുന്നേല്‍ക്കുകയും ചെയ്യുമ്പോള്‍ മുന്‍-പിന്‍ കാര്യങ്ങള്‍ ഓരോരുത്തരും തിരിച്ചറിയുന്നതാണ്. മുന്‍-പിന്‍ കാര്യങ്ങള്‍ കൊണ്ടുള്ള ഉദ്ദേശം, ചെയ്ത കര്‍മ്മങ്ങളും നഷ്ടപ്പെടുത്തിയ കര്‍മ്മങ്ങളുമാണ്. അതായത്, എന്തെല്ലാം നന്മകളും തിന്മകളും ചെയ്തെന്നും ഏതെല്ലാം നന്മകളും തിന്മകളും ഉപേക്ഷിച്ചുവെന്നും അന്ന് അറിയുന്നതാണ്. മനുഷ്യന്‍ സ്വയം ചെയ്ത നന്മകളും തിന്മകളും സ്വയം ചെയ്തില്ലെങ്കിലും മാതൃക കാട്ടിക്കൊടുക്കുകയും കാരണക്കാരനാവുകയും ചെയ്ത നന്മകളും തിന്മകളും ആകാനും സാധ്യതയുണ്ട്. അതായത്, അവന്‍ കാരണമായി നടന്ന നന്മകളുടെ പ്രതിഫലവും തിന്മകളുടെ കുറ്റവും അവനും എഴുതപ്പെടുന്നതാണ്. റസൂലുല്ലാഹി (സ്വ) അരുളി: ആരെങ്കിലും നന്മകള്‍ക്ക് നല്ല മാതൃക കാട്ടിക്കൊടുത്താല്‍ അത് പാലിക്കപ്പെടുന്ന സമയങ്ങളിലെല്ലാം അതിന്‍റെ പ്രതിഫലം അവന് ലഭിക്കുന്നതാണ്. തിന്മയുടെ മാതൃക കാട്ടിക്കൊടുത്താല്‍ അത് പാലിക്കപ്പെടുന്ന സമയങ്ങളിലെല്ലാം അതിന്‍റെ തിന്മ അവന് ലഭിക്കുന്നതാണ്. (മുസ്ലിം)
.....6. ഖിയാമത്തിന്‍റെ ഭയാനകതകള്‍ വിവരിച്ച ശേഷം ഇവിടെ മനുഷ്യസൃഷ്ടിപ്പിന്‍റെ ആദ്യ ഘട്ടങ്ങള്‍ വിവരിക്കുകയാണ്. ഇതില്‍ ചെറിയ നിലയില്‍ ചിന്തിച്ചാല്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കാനും വിധി വിലക്കുകള്‍ പരിപൂര്‍ണ്ണമായി പാലിക്കാനും പ്രേരിതനാകുന്നതാണ്. പക്ഷെ, മനുഷ്യന്‍ വലിയ മറവിയിലും അശ്രദ്ധയിലും കഴിയുന്നു. അവനെ ഉണര്‍ത്താനും വിരട്ടാനും വേണ്ടി അല്ലാഹു ചോദിക്കുന്നു: നിന്‍റെ തുടക്കത്തിന്‍റെയും ഒടുക്കത്തിന്‍റെയും അവസ്ഥകള്‍ നിന്‍റെ മുന്നിലുണ്ടായിരുന്നിട്ടും നിന്നെ മറപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തുകൊണ്ട് പടച്ചവനോട് ധിക്കാരം കാണിക്കാന്‍ നിന്നെ പ്രേരിപ്പിക്കുന്ന കാര്യമെന്താണ്.?
തുടര്‍ന്ന് മനുഷ്യന്‍റെ തുടക്കത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ അനുസ്മരിക്കുകയും അല്ലാഹു നിന്നെ പടച്ചു, വെറും പടയ്ക്കല്‍ മാത്രമല്ല നിന്‍റെ അവയവങ്ങളെല്ലാം പ്രത്യേക യോജിപ്പോടെ നേരെയാക്കുകയും യോജിച്ച സ്ഥലത്ത് വെയ്ക്കുകയും വീതിയും നീളവും സന്തുലിതമാക്കുകയും ചെയ്തു. ഇതില്‍ ചെറിയ മാറ്റം സംഭവിച്ചാല്‍ മനുഷ്യന്‍റെ അവയവം പ്രയോജന രഹിതമായി പോകുന്നതാണ്. ലോകത്തെ ഇതര ജീവികളില്‍ കാണപ്പെടാത്ത അവയവങ്ങളുടെയും പ്രകൃതികളുടെയും ഒരു സന്തുലിതത്വമാണ് അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയത്. മനുഷ്യ സൃഷ്ടിപ്പില്‍ രക്തം, കഫം, പിത്തം,........ ചൂട് തണുപ്പ് എന്നിങ്ങനെ വിഭിന്നമായ പല ഘടകങ്ങളുമുണ്ടെങ്കിലും തന്ത്രജ്ഞനായ അല്ലാഹു ഇതിനെയെല്ലാം കൂട്ടിയിണക്കി. കൂടാതെ പടച്ചവന്‍റെ സമ്പൂര്‍ണ്ണമായ കഴിവും ഉജ്ജ്വല തന്ത്രജ്ഞതയും കാരണം കോടിക്കണക്കിന് മനുഷ്യരുടെ രൂപങ്ങള്‍ വ്യത്യസ്ഥമാക്കി. മനുഷ്യന്‍റെ പ്രത്യേകമായ അവസ്ഥകള്‍ വെച്ച് നോക്കുമ്പോള്‍ എല്ലാവരുടെയും രൂപം ഒന്നാകേണ്ടതാണ്. പക്ഷെ, അല്ലാഹു അത് വ്യത്യസ്തമാക്കി. ആരും ആരുമായും കൂടിക്കുഴയാത്ത നിലയില്‍ എല്ലാവരെയും രൂപത്തില്‍ വേര്‍തിരിച്ചു.
മനുഷ്യ സൃഷ്ടിപ്പിന്‍റെ തുടക്കത്തിലുള്ള ഈ അത്ഭുതങ്ങള്‍ വിവരിച്ചുകൊണ്ട് അല്ലാഹു ചോദിക്കുന്നു: അശ്രദ്ധനായ മനുഷ്യാ, നിന്‍റെ സൃഷ്ടിപ്പില്‍ ഇത്ര വലിയ മഹത്വങ്ങള്‍ കനിഞ്ഞരുളിയ അല്ലാഹുവിന്‍റെ വിഷയത്തില്‍ നീയെന്ത് കൊണ്ടാണ് വഞ്ചിതനായിരിക്കഴിയുന്നത്.? നീ അല്ലാഹുവിനെ മറന്ന് കളയുകയും അവന്‍റെ വിധി-വിലക്കുകള്‍ ധിക്കരിക്കുകയും ചെയ്യുന്നല്ലോ.? നിന്‍റെ ശരീരത്തിന്‍റെ ഓരോ സന്ധികളും അല്ലാഹുവിനെ ഓര്‍മ്മിപ്പിക്കുന്നു. അല്ലാഹുവിനെ അനുസരിക്കാന്‍ നിന്നെ പ്രേരിപ്പിക്കുന്നു. എന്നിട്ടും ഈ മറവിയും അശ്രദ്ധയും അഹങ്കാരവും വഞ്ചനയും എങ്ങിനെ സംഭവിക്കുന്നു.? ഈ ആയത്തില്‍ പടച്ചവനെ കുറിച്ച് കരീം (ഔദാര്യവാന്‍) എന്ന് പറഞ്ഞിരിക്കുന്നത് ഒരു കാര്യം വിളിച്ചറിയിക്കുന്നു: പടച്ചവന്‍റെ അലിവും ഔദാര്യവും കാരണം, പാപങ്ങളുടെ പേരില്‍ ഉടനെ ശിക്ഷിക്കാറില്ല. മറിച്ച് പാപത്തോടൊപ്പം ഉപജീവനവും സൗഖ്യവും ഭൗതിക സൗകര്യങ്ങളും നല്‍കുന്നതില്‍ ഒരു കുറവും വരുത്തുന്നില്ല. ഈ കൃപയും ഔദാര്യവും മനുഷ്യനെ വഞ്ചനയില്‍ കുടുക്കുകയും അഹങ്കാരത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ബുദ്ധി കൊണ്ട് ചെറുതായി ചിന്തിച്ചിരുന്നെങ്കില്‍ ഇതില്‍ വഞ്ചിതനാകുകയും അഹങ്കരിക്കുകയും ചെയ്യുന്നതിന് പകരം പടച്ചവന്‍റെ ഔദാര്യത്തിന് മുന്നില്‍ കൂടുതല്‍ നന്ദിയുള്ളവനായി നന്മകളില്‍ മുഴുകുകയായിരുന്നു വേണ്ടിയിരുന്നത്. ഹസന്‍ ബസ്വരി (റഹ്) പറയുന്നു: ധാരാളം ആളുകളുടെ പാപങ്ങളും ന്യൂനതകളും പടച്ചവന്‍ മറച്ച് വെയ്ക്കുന്നു. അവരെ നാണം കെടുത്തുന്നില്ല. എന്നാല്‍ അവനാകട്ടെ അത് കാരണം കൂടുതല്‍ വഞ്ചനയിലും അഹങ്കാരത്തിലും കുടുങ്ങിക്കഴിയുകയാണ്.
.....13, 14. ഈ ആയത്തുകളുടെ ബന്ധം ഖിയാമത്ത് നാളില്‍ മനുഷ്യന്‍ നന്മ-തിന്മകളെല്ലാം മനസ്സിലാക്കും എന്ന ആയത്തുമായിട്ടാണ്. അതെ. അതിനെ തുടര്‍ന്ന് വിചാരണ നടക്കുന്നതും നന്മയുള്ളവരെ സ്വര്‍ഗ്ഗത്തിലേക്കും തിന്മ കൂടിയവരെ നരകത്തിലേക്കും അയയ്ക്കപ്പെടും. സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലെ സുഖ-സന്തോഷങ്ങളില്‍ സന്തുഷ്ടരായിരിക്കും. നരക വാസികള്‍ നരകാഗ്നിയില്‍ എരിഞ്ഞുകഴിയും. നരക വാസികള്‍ പ്രതിഫല ദിനത്തില്‍ നരകത്തില്‍ കടക്കുന്നതും അവിടെ അവര്‍ കാലാകാലം ശിക്ഷയില്‍ കഴിയുന്നതുമാണ്.
അവസാനമായി അല്ലാഹു ഉണര്‍ത്തുന്നു: അന്നേ ദിവസം ആര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ആര്‍ക്കെങ്കിലും വല്ല ഉപകാരവും ചെയ്യാനോ വല്ല പ്രയാസങ്ങളും ദൂരീകരിക്കാനോ സാധിക്കുന്നതല്ല. ഇത് കൊണ്ടുള്ള ഉദ്ദേശം ശഫാഅത്ത് (ശുപാര്‍ശ) ഉണ്ടാകുകയില്ല എന്നല്ല. കാരണം, ശഫാഅത്ത് ആരുടെയും സ്വന്തം ഇഷ്ടമല്ല. അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് അനുമതി കൊടുക്കുന്നതാണ്. ആകയാല്‍ എല്ലാ തീരുമാനങ്ങളുടെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമായിരിക്കും. അല്ലാഹുവിന്‍റെ ഔദാര്യം കൊണ്ട് ആര്‍ക്കെങ്കിലും ശുപാര്‍ശയ്ക്ക് അനുമതി നല്‍കുകയും അവരുടെ ശുപാര്‍ശ സ്വീകരിക്കുകയും ചെയ്യുന്നതാണ്. (1391 ശഅ്ബാന്‍ 08)
സൂറത്ത് തത്വ്ഫീഫ്.
1, 3............... ഇബ്നു മസ്ഊദ് (റ) ന്‍റെ അഭിപ്രായത്തില്‍ ഈ സൂറത്ത് മക്കിയ്യ് ആണ്. ഇതനുസരിച്ചാണ് പൊതു മുസ്ഹഫുകളില്‍ മക്കിയ്യ് എന്ന് എഴുതപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇബ്നു അബ്ബാസ് (റ), ഖതാദ (റ), മുഖാതില്‍ (റ) തുടങ്ങിയവരുടെ അഭിപ്രായം -എട്ട് ആയത്തുകള്‍ ഒഴിച്ച്- ഈ സൂറത്ത് മദനിയ്യ് ആണ് എന്നതാണ്. ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വ) മദീനാ ത്വയ്യിബയില്‍ എത്തിയപ്പോള്‍ മദീനാ നിവാസികള്‍ അളവ് തൂക്കങ്ങളില്‍ കുറവ് വരുത്തിയിരുന്നു. അവര്‍ വല്ലതും വാങ്ങിക്കുമ്പോള്‍ അളവ് പൂര്‍ത്തീകരിക്കുകയും വില്‍ക്കുമ്പോള്‍ കുറവ് വരുത്തുകയും ചെയ്തിരുന്നു. തദവസരം ഈ സൂറത്ത് അവതരിച്ചു. റസൂലുല്ലാഹി (സ്വ) മദീനയില്‍ വന്നതിന് ശേഷം ആദ്യമായി അവതരിച്ച സൂറത്ത് ഇതാണ്. ഈ സൂറത്ത് അവതരിച്ചപ്പോള്‍ അവര്‍ ജീവിതം തിരുത്തി. (ഹാകിം). ഇന്ന് വരെ മദീനാ നിവാസികള്‍ അളവ് തൂക്കങ്ങളുടെ വിഷയത്തില്‍ വലിയ സൂക്ഷ്മതയുള്ളവരാണ്. (മള്ഹരി).
അവകാശങ്ങളില്‍ കുറവ് വരുത്തുന്നത് നിഷിദ്ധമാണ്.
അളവ്-തൂക്കങ്ങളില്‍ കുറവ് വരുത്തുന്നത് നിഷിദ്ധമാണെന്ന് ഇതിലെ പ്രഥമ ആയത്തുകളിലൂടെ സ്ഥിരപ്പെടുന്നു. ഇക്കാര്യം ഖുര്‍ആനിലെ വിവിധ ഭാഗങ്ങളിലും നിരവധി ഹദീസുകളിലും വന്നിട്ടുണ്ട്. എന്നാല്‍ ഈ നിയമം അളവ് തൂക്കങ്ങള്‍ക്ക് മാത്രമല്ല, അവകാശങ്ങളില്‍ കുറവ് വരുത്തുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും ബാധകമാണ്. അളവ്, തൂക്കം, എണ്ണം തുടങ്ങി ഏത് നിലയിലുള്ള അവകാശങ്ങളിലും കടമകളിലും കര്‍ത്തവ്യങ്ങളിലും കുറവ് വരുത്തുന്നത് നിഷിദ്ധമാണ്. ഉമര്‍ (റ) ഒരു വ്യക്തി റുകൂഅ്-സുജൂദുകള്‍ പൂര്‍ത്തിയാക്കാതെ ധൃതിയില്‍ നമസ്കരിക്കുന്നത് കണ്ടപ്പോള്‍ അരുളി: ലഖദ് ത്വഫ്ഫഖ്ത നീ അല്ലാഹുവിന്‍റെ കടമയില്‍ കുറവ് വരുത്തി. (മുവത്വ). ഈ വചനം ഉദ്ധരിച്ചുകൊണ്ട് ഇമാം മാലിക് (റ) പ്രസ്താവിക്കുന്നു: സര്‍വ്വ കാര്യങ്ങളിലും കടമകളെ പൂര്‍ത്തീകരിക്കലും കുറവ് വരുത്തലുമുണ്ട്. നമസ്കാരം, വുളൂഅ്, ശുദ്ധി തുടങ്ങി അല്ലാഹുവിനോടുള്ള കടമകളിലും ആരാധനകളിലും വീഴ്ച വരുത്തുന്നവനെ പോലെ സൃഷ്ടികളോടുള്ള കടമകളില്‍ വീഴ്ച വരുത്തുന്നവനും വലിയ പാപിയാണ്. തൊഴിലാളിയും ജോലിക്കാരനും ഏറ്റ ജോലികളില്‍ കുറവ് വരുത്തുന്നതും അലസത കാട്ടുന്നതും ഇതില്‍ പെടുന്നതാണ്. ഈ വിഷയത്തില്‍ പൊതു ജനങ്ങള്‍ മാത്രമല്ല, പണ്ഡിതരും അശ്രദ്ധ കാട്ടാറുണ്ട്. ജോലിയുടെ ബാധ്യതയില്‍ കുറവ് വരുത്തുന്നതിനെ അവര്‍ ഒരു പാപമായി പോലും കാണുന്നില്ല. അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ.!
ഇബ്നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: അഞ്ച് പാപങ്ങള്‍ക്ക് അഞ്ച് ശിക്ഷകള്‍ ഉണ്ടാകുന്നതാണ്. ഒന്ന്, കരാര്‍ ലംഘിക്കുന്നവന്‍റെ മേല്‍ ശത്രുവിനെ അധികാരിയാക്കും. രണ്ട്, അല്ലാഹുവിന്‍റെ നിയമങ്ങള്‍ വിട്ട് മറ്റ് നിയമങ്ങള്‍ അനുസരിച്ച് വിധിക്കുന്നവരില്‍ ദാരിദ്യം വ്യാപകമാക്കും. മൂന്ന്, ലജ്ജയില്ലായ്മയും വ്യഭിചാരവും പരക്കുന്നവരില്‍ പ്ലേഗ് പോലുള്ള പകര്‍ച്ച വ്യാധികള്‍ ഉണ്ടാക്കും. നാല്, അളവ്-തൂക്കങ്ങളില്‍ കുറവ് വരുത്തുന്നവരില്‍ ക്ഷാമമുണ്ടാക്കും. അഞ്ച്, സകാത്ത് കൊടുക്കാത്തവര്‍ക്ക് മഴ കുറയ്ക്കും. (ഖുര്‍തുബി). ഇബ്നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: പൊതു സ്വത്ത് മോഷ്ടിക്കുന്നവരുടെ മനസ്സുകളില്‍ ശത്രുവിനോടുള്ള ഭയം ഇട്ട് കൊടുക്കും. പലിശ വ്യാപകമായവരില്‍ മരണം വര്‍ദ്ധിക്കും. അളവ്-തൂക്കങ്ങളില്‍ കുറവ് വരുത്തുന്നവര്‍ക്ക് അന്നം കുറയ്ക്കും. സത്യത്തിനെതിരില്‍ വിധിക്കുന്നവരില്‍ കൊല വ്യാപകമാകും. കരാറുകള്‍ ലംഘിക്കുന്നവരുടെ മേല്‍ ശത്രുക്കളെ അധികാരിയാക്കും. (ത്വബ്റാനി)
ദാരിദ്യത്തിന്‍റെയും ക്ഷാമത്തിന്‍റെയും വിവിധ രൂപങ്ങള്‍.
മേല്‍ പറയപ്പെട്ട ഹദീസില്‍ ചില പാപങ്ങള്‍ കാരണം ആഹാരം കുറയുന്നതാണെന്നും ക്ഷാമമുണ്ടാകുന്നതാണെന്നും വന്നിരിക്കുന്നു. ആഹാരം കുറയുന്നതിന്‍റെ ഒരു രൂപം, ആഹാരം തന്നെ ലഭിക്കാതിരിക്കലാകാം. മറ്റൊരു രൂപം ആഹാരമുണ്ടെങ്കിലും കഴിക്കാന്‍ കഴിയാതെ വരുന്നതുമാകാം. വിവിധ രോഗങ്ങളുടെ പേരില്‍ ഇന്ന് ഇത് വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം ക്ഷാമത്തിന്‍റെ ഒരു രൂപം അവശ്യ സാധനങ്ങള്‍ ഇല്ലാതാകലാണ്. മറ്റൊരു രൂപം സാധനങ്ങള്‍ ധാരാളമുണ്ടെങ്കിലും വാങ്ങിക്കാന്‍ പറ്റാത്ത നിലയില്‍ വില കൂടലാകലാണ്. ഇതും ഇന്ന് ധാരാളമായി കാണപ്പെട്ട് കൊണ്ടിരിക്കുന്നു. ഇപ്രകാരം ദാരിദ്യം ഉണ്ടാകും എന്നതിന്‍റെ ഉദ്ദേശം, പൈസയും അവശ്യ വസ്തുക്കളും കുറയുമെന്ന് മാത്രമല്ല, ദാരിദ്ര്യത്തിന്‍റെ യഥാര്‍ത്ഥ ആശയം ആവശ്യക്കാരനാകുക എന്നതാണ്. ഇത് വെച്ചുകൊണ്ട് ഇന്നത്തെ അവസ്ഥ ചിന്തിച്ചാല്‍ ഇതില്‍ എല്ലാവരും അകപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും. താമസത്തിനും യാത്രയ്ക്കും ഓരോ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനും വല്ലാത്ത നിയമങ്ങളും കുരുക്കുകളും വന്നുകൊണ്ടിരിക്കുന്നു. പൈസയുണ്ടായിരുന്നിട്ടും സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും യാത്ര ചെയ്യാനും മനുഷ്യര്‍ക്ക് സ്വാതന്ത്ര്യമില്ല. ഓരോ കാര്യങ്ങള്‍ക്കും ഓഫീസുകള്‍ കയറിയിറങ്ങുകയും ഓഫീസര്‍മാര്‍ മുതല്‍ പ്യൂണ്‍ വരെയുള്ളവരെ കാണുകയും ചെയ്യേണ്ടതായി വരുന്നു. ഇതെല്ലാം ദാരിദ്ര്യത്തിന്‍റെ രൂപങ്ങളാണ്. ഇത് വെച്ച് നോക്കുമ്പോല്‍ ഹദീസില്‍ പറയപ്പെട്ട കാര്യങ്ങളില്‍ യാതൊരു സംശയവും ഉണ്ടാകുന്നതല്ല.
7..... സിജ്ജീന്‍ എന്നതിന്‍റെ അര്‍ത്ഥം ഇടുങ്ങിയ സ്ഥലത്തുള്ള തടവറയെന്നാണ്. നിഷേധികളുടെ ആത്മാവുകളും കര്‍മ്മ പുസ്തകങ്ങളും സൂക്ഷിക്കപ്പെടുന്ന സ്ഥലമാണിതെന്ന് ഹദീസുകളിലൂടെ വ്യക്തമാകുന്നു. എല്ലാ നിഷേധികളുടെയും പാപികളുടെയും കര്‍മ്മ പുസ്തകങ്ങളിലുള്ള കാര്യങ്ങള്‍ സൂക്ഷിച്ച് വെയ്ക്കുന്ന വലിയൊരു ഏടിന്‍റെ സ്ഥലമാകാനും സാധ്യതയുണ്ട്. ഈ സ്ഥലം ഏഴാനാകാശത്തിന്‍റെ അടിത്തട്ടിലാണെന്ന് ബറാഅ് ബിന്‍ ആസിബ് (റ) നിവേദനം ചെയ്ത സുദീര്‍ഘമായ ഒരു ഹദീസില്‍ വന്നിരിക്കുന്നു. (അഹ്മദ്).
സ്വര്‍ഗ്ഗ-നരകങ്ങളുടെ സ്ഥാനം
മുആദ് ബിന്‍ ജബല്‍ (റ) പ്രസ്താവിക്കുന്നു. സ്വര്‍ഗ്ഗം ആകാശത്തിലും നരകം ഭൂമിയിലുമാണ്. (ബൈഹഖി). റസൂലുല്ലാഹി (സ്വ) യോട് ചോദിക്കപ്പെട്ടു: ഖിയാമത്ത് നാളില്‍ നരകത്തെ കൊണ്ടുവരപ്പെടും എന്ന് ഖുര്‍ആനില്‍ പറയപ്പെട്ടതിന്‍റെ ഉദ്ദേശമെന്താണ്.? റസൂലുല്ലാഹി (സ്വ) അരുളി: നരകത്തെ ഏഴാം ഭൂമിയില്‍ നിന്നും കൊണ്ട് വരപ്പെടുന്നതാണ്. (ത്വബ്രി). നരകം ഏഴാം ഭൂമിയിലാണെന്ന് ഇതിലൂടെ വ്യക്തമായി. അവിടെ നിന്നും പൊട്ടിത്തെറിക്കുന്നതും സമുദ്രങ്ങളും അരുവികളും അതില്‍ കൂടിച്ചേരുന്നതും ഖിയാമത്ത് നാളില്‍ ജനങ്ങള്‍ക്ക് മുമ്പാകെ കൊണ്ടുവരപ്പെടുന്നതുമാണ്. സിജ്ജീന്‍ എന്നത് നരകത്തിന്‍റെ ഒരു ഭാഗമാണ് എന്ന അഭിപ്രായം ഈ നിവേദനത്തോട് യോജിക്കുന്നുമുണ്ട്. (മള്ഹരി)
9. ............ ഇമാം ബഗവി (റ), ഇബ്നു കസീര്‍ (റ) ഇരുവരും പ്രസ്താവിക്കുന്നു. ഈ ആയത്ത് സിജ്ജീന്‍ എന്നതിന്‍റെ വിശദീകരണമല്ല. മറിച്ച് അതിന് തൊട്ട് മുമ്പുള്ള ആയത്തുമായിട്ടാണ് അതിന്‍റെ ബന്ധം. അപ്പോള്‍ ഇതിന്‍റെ ആശയം ഇപ്രകാരമാണ്: നിഷേധികളുടെയും തെമ്മാടികളുടെയും കര്‍മ്മപുസ്തകങ്ങള്‍ മുദ്ര വെച്ച് സൂക്ഷിക്കപ്പെടുന്നതാണ്. അതില്‍ യാതൊരു വിധ ഭേദഗതിയും സാധിക്കുന്നതല്ല. തുടര്‍ന്ന് അവയെ സിജ്ജീനില്‍ സൂക്ഷിക്കപ്പെടുന്നതാണ്.
14. ............... അവരുടെ പാപങ്ങള്‍ കാരണം അവരുടെ മനസ്സുകളില്‍ കറ പതിയുന്നതാണ്. തുരുമ്പ്, ഇരുമ്പിനെ നശിപ്പിച്ച് മണ്ണാക്കുന്നത് പോലെ പാപങ്ങളുടെ ആധിക്യം അവരുടെ മനസ്സിന്‍റെ യോഗ്യത നശിപ്പിക്കുന്നതും നന്മ-തിന്മകള്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നതുമാണ്. അബൂ ഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: സത്യവിശ്വാസി പാപം വല്ലതും ചെയ്യുമ്പോള്‍ അവന്‍റെ മനസ്സില്‍ ഒരു കറുത്ത പുള്ളി വീഴുന്നതാണ്. പശ്ചാത്തപിച്ചാല്‍ അത് മാഞ്ഞ് പോകുന്നതും മനസ്സ് പഴയത് പോലെ പ്രകാശിക്കുന്നതുമാണ്. പശ്ചാത്തപിക്കാതെ പാപങ്ങള്‍ അധികരിപ്പിച്ച് കൊണ്ടിരുന്നാല്‍ മനസ്സ് മുഴുവന്‍ കറുപ്പ് പടരുന്നതാണ്. ഇതിനെ കുറിച്ചാണ് ഈ ആയത്തില്‍ പറയപ്പെട്ടിരിക്കുന്നത്. (ബഗവി). ഈ ആയത്തിന്‍റെ ആരംഭത്തിലുള്ള കല്ലാ എന്ന പ്രയോഗം ഉണര്‍ത്താനും മുന്നറിയിപ്പ് നല്‍കാനുമുള്ളതാണ്. നിഷേധികള്‍ ഖുര്‍ആനിനെ കുറിച്ച് പഴങ്കഥകള്‍ എന്ന് പറയുന്നതിനെ കഴിഞ്ഞ ആയത്തില്‍ അനുസ്മരിച്ചിരുന്നു. ഈ ആയത്തില്‍ അല്ലാഹു പറയുന്നു: എല്ലാവരും അറിയുക: വിവരം കെട്ടവര്‍ പാപത്തിന്‍റെ ചെളിക്കുണ്ടില്‍ മുങ്ങിക്കിടന്ന് മനസ്സിന്‍റെ പ്രകാശവും യോഗ്യതയും നഷ്ടപ്പെടുത്തിയിരിക്കുന്നു. ഈ പ്രകാശത്തിലൂടെയാണ് സത്യവും അസത്യവും തിരിച്ചറിയാന്‍ സാധിക്കുന്നത്. എല്ലാ മനുഷ്യരുടെയും പ്രകൃതിയില്‍ തന്നെ അല്ലാഹു ഈ യോഗ്യത വെച്ചിട്ടുണ്ട്. ചുരുക്കത്തില്‍ നിഷേധികളുടെ നിഷേധം എന്തെങ്കിലും തെളിവിന്‍റെയോ ഗ്രാഹ്യത്തിന്‍റെയോ അടിസ്ഥാനത്തിലല്ല. അവരുടെ മനസ്സിന് അന്ധത ബാധിച്ചതിനാല്‍ അവര്‍ക്ക് ശരിയും തെറ്റും കാണാന്‍ പോലും സാധിക്കുന്നില്ല.
15..... ഇത് അവരുടെ നിഷേധത്തിനും ഇരുളുകള്‍ക്കുമുള്ള ശിക്ഷയാണ്. അവര്‍ ദുന്‍യാവില്‍ സത്യത്തെ തിരിച്ചറിഞ്ഞില്ല. ആകയാല്‍ ഇപ്പോള്‍ പടച്ചവനെ കാണാനുള്ള യോഗ്യത നഷ്ടപ്പെട്ട് പോയിരിക്കുന്നു. ഇമാം മാലിക് (റഹ്), ഇമാം ശാഫിഈ (റഹ്) ഇരുവരും പ്രസ്താവിക്കുന്നു: അല്ലാഹുവിന്‍റെ ഇഷ്ട ദാസന്മാരും സത്യവിശ്വാസികളും അല്ലാഹുവിനെ ദര്‍ശിക്കുന്നതാണെന്ന് ഈ ആയത്തിലൂടെ മനസ്സിലാകുന്നു. അല്ലാത്ത പക്ഷം, നിഷേധികള്‍ക്കുള്ള ശിക്ഷയായി അവര്‍ പടച്ചവനില്‍ നിന്നും മറയ്ക്കപ്പെടും എന്ന് പറഞ്ഞതിന് ഒരു ആശയവും ഉണ്ടാകുന്നതല്ല. (ബഗവി).
ചില മഹാന്മാര്‍ പറയുന്നു: മനുഷ്യ പ്രകൃതിയില്‍ തന്നെ പടച്ചവനോടുള്ള സ്നേഹം അടങ്ങിയിട്ടുണ്ടെന്ന് ഈ ആയത്തിലൂടെ മനസ്സിലാകുന്നു. ലോകത്തുള്ള അമുസ്ലിംകളും ബഹുദൈവാരാധകരും പടച്ചവന്‍റെ അസ്ഥിത്വത്തിലും ഗുണങ്ങളിലും എന്തെല്ലാം അന്ധവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തിയാലും അവരുടെയെല്ലാം മനസ്സില്‍ പടച്ചവനോടുള്ള സ്നേഹവും ബഹുമാനവും അല്പമെങ്കിലുമുണ്ടായിരിക്കും. പടച്ചവന്‍റെ പൊരുത്തത്തിന് വേണ്ടിയാണ് അവര്‍ ആരാധനകള്‍ ചെയ്യുന്നതെങ്കിലും മാര്‍ഗ്ഗം തെറ്റായതിനാല്‍ അവര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നില്ല. അവര്‍ക്ക് പടച്ചവനോട് സ്നേഹമുണ്ട് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടെ ശിക്ഷയെന്നോണം അവരെ പടച്ചവനില്‍ നിന്നും മറപ്പിക്കപ്പെടുന്നതാണ് എന്ന് പറഞ്ഞിരിക്കുന്നത്.
18.... ഇല്ലിയ്യീന്‍ എന്നത് കൊണ്ടുള്ള ഉദ്ദേശം സമുന്നത സ്ഥാനമാണ്. ഒരു അഭിപ്രായത്തില്‍ ഒരു സ്ഥലത്തിന്‍റെ പേരാണ്. ബറാഅ് ബിന്‍ ആസിബ് (റ) പറയുന്നു: ഇത് ഏഴാം ആകാശത്തില്‍ അര്‍ശിന് താഴ്ഭാഗത്തുള്ള ഒരു സ്ഥലമാണ്. ഇവിടെ സത്യവിശ്വാസികളുടെ ആത്മാവുകളും കര്‍മ്മ പുസ്തകങ്ങളും സൂക്ഷിക്കപ്പെടുന്നതാണ്. ഇരുപതാമത്തെ വചനം നേരത്തെ പറഞ്ഞത് പോലെ ഇല്ലിയ്യീനിന്‍റെ വിശദീകരണമല്ല. പുണ്യവാളന്മാരുടെ കര്‍മ്മപുസ്തകങ്ങളുടെ വിവരണമാണ്.
20........ ചില മുഫസ്സിറുകള്‍ പറയുന്നു: ഈ ആയത്തിന്‍റെ ഉദ്ദേശം പുണ്യവാളന്മാരുടെ കര്‍മ്മ പുസ്തകങ്ങള്‍ സമീപസ്ഥരായ മലക്കുകളുടെ മേല്‍നോട്ടത്തില്‍ സൂക്ഷിക്കപ്പെടുന്നതാണ്. (ഖുര്‍തുബി). മറ്റ് ചില മുഫസ്സിറുകള്‍ പറയുന്നു: സമീപസ്ഥരായ മഹത്തുക്കളുടെ ആത്മാവുകള്‍ ഇല്ലിയ്യീനില്‍ ഹാജരാകുന്നതാണ് എന്നാണ് ഇതിന്‍റെ ആശയം. ഇബ്നു മസ്ഊദ് (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: രക്തസാക്ഷികളുടെ ആത്മാവുകള്‍ പച്ചപറവകളുടെ ഉള്ളിലാക്കപ്പെടുന്നതും അവര്‍ സ്വര്‍ഗ്ഗത്തിന്‍റെ അരുവികളിലും ആരാമങ്ങളിലും ഉല്ലസിക്കുന്നതുമാണ്. അര്‍ശിന്‍റെ താഴ്ഭാഗത്ത് തൂക്കിയിടപ്പെട്ട വിളക്ക് മാടങ്ങളില്‍ അവര്‍ വന്ന് വിശ്രമിക്കുന്നതാണ്. (മുസ്ലിം). യാസീന്‍ സൂറത്തില്‍ ഹബീബുന്നജ്ജാറിന്‍റെ സംഭവത്തെ കുറിച്ച് ഇപ്രകാരം വന്നിരിക്കുന്നു: അദ്ദേഹത്തോട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ പറയപ്പെട്ടു. (യാസീന്‍ 26). ചില ഹദീസുകളില്‍ സത്യവിശ്വാസികളുടെ ആത്മാവുകള്‍ സ്വര്‍ഗ്ഗത്തിലായിരിക്കുമെന്ന് വന്നിട്ടുണ്ട്. (കന്‍സുല്‍ ഉമ്മാല്‍ 42689). ഇവകളുടെയെല്ലാം ചുരുക്കം, ഈ ആത്മാവുകളുടെ സൂക്ഷിപ്പ് സ്ഥാനം ഏഴാം ആകാശത്ത് അര്‍ശിന്‍റെ താഴ്ഭാഗത്തായിരിക്കും എന്നാണ്. അത് തന്നെയാണ് സ്വര്‍ഗ്ഗത്തിന്‍റെയും സ്ഥലം. ഈ ആത്മാവുകള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ അനുവാദം നല്‍കപ്പെടുന്നതാണ്. കഅ്ബ് ബിന്‍ മാലിക് (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: സത്യവിശ്വാസിയുടെ ആത്മാവ് ഒരു പറവയുടെ രൂപത്തില്‍ സ്വര്‍ഗ്ഗത്തിലെ വൃക്ഷങ്ങളില്‍ കഴിയുന്നതും ഖിയാമത്ത് നാള്‍ ആകുമ്പോള്‍ അവരുടെ ശരീരത്തിലേക്ക് മടങ്ങുന്നതുമാണ്. (നസാഈ).
മരണാനന്തരം മനുഷ്യ ആത്മാവുകള്‍ എവിടെയായിരിക്കും.?
കഴിഞ്ഞ നിവേദനങ്ങളുടെ വെളിച്ചത്തില്‍ മോശപ്പെട്ടവരുടെ ആത്മാവുകള്‍ ഏഴാം ഭൂമിയിലുള്ള സിജ്ജീനിലും നല്ലവരുടെ ആത്മാവുകള്‍ ഏഴാം ആകാശത്തുള്ള ഇല്ലീയ്യീനിലും ആയിരിക്കുന്നതാണെന്ന് വിവരിക്കപ്പെട്ട് കഴിഞ്ഞു. എന്നാല്‍ ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു: ഇരു കൂട്ടരുടെയും ആത്മാവുകള്‍ അവരോടൊപ്പം തന്നെയായിരിക്കുന്നതാണ്. ബറാഅ് (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: സത്യവിശ്വാസിയുടെ ആത്മാവിനെ മലക്കുകള്‍ ആകാശത്തേക്ക് കൊണ്ടുപോകുമ്പോള്‍ അല്ലാഹു പറയും: എന്‍റെ ഈ ദാസന്‍റെ കര്‍മ്മ പുസ്തകം ഇല്ലീയ്യീനില്‍ രേഖപ്പെടുത്തുകയും ആത്മാവിനെ ഖബ്റിലേക്ക് തന്നെ മടക്കുകയും ചെയ്യുക. ഞാന്‍ അവനെ മണ്ണില്‍ നിന്നാണ് പടച്ചത്. മണ്ണിലേക്ക് തന്നെ മടക്കി. മണ്ണില്‍ നിന്നും എഴുന്നേല്‍പ്പിക്കപ്പെടുന്നതാണ്. ഇതനുസരിച്ച് ആത്മാവിനെ ഖബ്റിലേക്ക് മടക്കുന്നതാണ്. നിഷേധിയുടെ ആത്മാവ് ആകാശത്തേക്ക് ഉയര്‍ത്തപ്പെടുമെങ്കിലും പ്രവേശനം നിഷേധിക്കപ്പെടുന്നതും അവനിലേക്ക് തന്നെ മടക്കാന്‍ കല്പിക്കപ്പെടുന്നതുമാണ്.! ഇബ്നു അബ്ദുല്‍ ബര്‍റ് (റ) ഈ അഭിപ്രായത്തിന് മുന്‍ഗണന നല്‍കിയിരിക്കുന്നു. ഈ രണ്ട് അഭിപ്രായങ്ങളെ സംയോജിപ്പിച്ച് കൊണ്ട് ഖാളി സനാഉല്ലാഹ് (റ) വിവരിക്കുന്നു: ആത്മാവുകളുടെ യഥാര്‍ത്ഥ സ്ഥാനം ഇല്ലിയ്യീനും സിജ്ജീനും തന്നെയാണ്. പക്ഷെ, ഈ ആത്മാവുകള്‍ക്ക് ഖബ്റുകളുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരിക്കും. ഈ ബന്ധത്തിന്‍റെ യാഥാര്‍ത്ഥ്യം അല്ലാഹുവിന് മാത്രമേ അറിയൂ. സൂര്യന്‍ ആകാശത്താണെങ്കിലും അതിന്‍റെ കിരണങ്ങള്‍ ഭൂമിയില്‍ പതിഞ്ഞ് വെളിച്ചവും ചൂടും നല്‍കുന്നത് പോലെ ഇവകള്‍ക്കിടയില്‍ ആശയപരമായ ഒരു ബന്ധമുണ്ടായിരിക്കുന്നതാണ്. ഖാളി (റഹ്) യുടെ ഒരു വചനം സൂറത്തുന്നാസിആത്തില്‍ ഉദ്ധരിക്കുകയുണ്ടായി. അതിന്‍റെ ചുരുക്കം ഇവിടെയും ഉണരുക: ആത്മാവ് രണ്ട് വിഭാഗമുണ്ട്. ഒന്ന്, നിര്‍മ്മലമായ ശരീരമുള്ളത്. ഇത് മനുഷ്യന്‍റെ ഉള്ളില്‍ പ്രവേശിക്കുന്നതാണ്. അതിനെ കാണാന്‍ കഴിയുകയുമില്ല. ഇതിന് ശ്വാസം എന്ന് പറയപ്പെടുന്നു. മറ്റൊന്ന് സാക്ഷാല്‍ ആത്മാവാണ്. ഇതിലൂടെയാണ് ആദ്യത്തെ ആത്മാവിന് ജീവന്‍ ലഭിക്കുന്നത്. ഇതിന് ആത്മാവിന്‍റെ ആത്മാവ് എന്ന് പറയപ്പെടുന്നു. മനുഷ്യശരീരത്തിന് ഈ രണ്ട് ആത്മാവുകളുമായും ബന്ധമുണ്ട്. ആദ്യത്തെ ആത്മാവ് ശരീരത്തില്‍ നിന്നും പുറപ്പെടുമ്പോള്‍ മരണം സംഭവിക്കുന്നു. രണ്ടാമത്തെ ആത്മാവിനും ഒന്നാമത്തെ ആത്മാവുമായി അടുത്ത ബന്ധമുണ്ടെങ്കിലും ഈ ബന്ധത്തിന്‍റെ യാഥാര്‍ത്ഥ്യം അല്ലാഹുവിന് മാത്രമേ അറിയൂ. മരണാനന്തം ഒന്നാമത്തെ ആത്മാവിനെ ആകാശത്തേക്ക് കൊണ്ടുപോകുകയും ശേഷം ഖബ്റിലേക്ക് മടക്കപ്പെടുകയും ചെയ്യുന്നതാണ്. ഖബ്റിലെ രക്ഷയും ശിക്ഷയും ഈ ആത്മാവിനാണ് ഉണ്ടാകുന്നത്. ഈ രണ്ടാമത്തെ ആത്മാവ് ഇല്ലീയ്യീനിലോ സിജ്ജീനിലോ സൂക്ഷിക്കപ്പെടുന്നതാണ്. ഇതിലൂടെ വ്യത്യസ്ത നിവേദനങ്ങള്‍ സംയോജിപ്പിക്കപ്പെടാന്‍ കഴിയും. (മള്ഹരി).
26............... ഇവിടെ സ്വര്‍ഗ്ഗത്തിന്‍റെ അനുഗ്രഹങ്ങള്‍ വിവരിക്കുന്നതിനിടയില്‍ അശ്രദ്ധരായ ജനങ്ങളെ തട്ടിയുണര്‍ത്തിക്കൊണ്ട് അല്ലാഹു പറയുന്നു: ഇന്ന് നിങ്ങള്‍ക്ക് താല്പര്യമുള്ള ചില വസ്തുക്കളെ കരസ്ഥമാക്കാന്‍ വേണ്ടി നിങ്ങള്‍ പരസ്പരം മല്‍സരിക്കുകയാണ്. എന്നാല്‍ ഇവകളെല്ലാം ന്യൂനതയുള്ളതും നശിച്ച് പോകുന്നതുമാണ്. അവയെ ജീവിത ലക്ഷ്യമായി കണ്ട് മല്‍സരിക്കാന്‍ പാടുള്ളതല്ല. മറിച്ച് അവയില്‍ നിന്നും കിട്ടുന്നത് കൊണ്ട് സംതൃപ്തരാകുകയും മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുക. ഏതാനും ദിവസത്തെ സുഖരസങ്ങള്‍ നഷ്ടപ്പെടുന്നത് സങ്കടപ്പെടാനുള്ള ഒരു കാര്യമല്ല. കൂടാതെ പരിഹരിക്കപ്പെടാന്‍ പറ്റാത്ത നഷ്ടവുമല്ല. എന്നാല്‍ പരസ്പരം മല്‍സരിക്കുകയും മുന്നേറുകയും ചെയ്യേണ്ടത് സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളുടെ വിഷയത്തിലാണ്. അവ സമ്പൂര്‍ണ്ണവും ശാശ്വതവുമാണ്. അക്ബര്‍ ഇലാഹാബാദി പറയുന്നു: ഭൗതിക ജീവിതം വെറും ഒരു കെട്ടുകഥ മാത്രമാണ്. പോയത് പോയി. കിട്ടിയത് കിട്ടി.! എന്നാല്‍ പാരത്രിക ജീവിതം ഉറപ്പുള്ളതാണ്. അത് സമ്പാദിക്കാനുള്ള കുറഞ്ഞ സമയമാണ് ഭൗതിക ജീവിതം എന്നോര്‍ക്കുക.!!
29. ................ ഈ ആയത്തുകളില്‍ നിഷേധികള്‍ സാധുക്കളായ സത്യവിശ്വാസികളുടെ വിഷയത്തില്‍ പുലര്‍ത്തുന്ന സമീപനം ചിത്രീകരിക്കുകയാണ്. സത്യവിശ്വാസികളെ നിഷേധികള്‍ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നു. അവര്‍ മുന്നില്‍ വരുമ്പോള്‍ നിഷേധികള്‍ കണ്ണുകള്‍ കൊണ്ട് പരസ്പരം പരിഹസിക്കുന്നു. അവര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ നിഷേധികളെ നിന്ദിച്ചത് നന്നായിപ്പോയി എന്ന് പറഞ്ഞ് വീണ്ടും കളിയാക്കുന്നു. ഈ സാധുക്കളെ മുഹമ്മദ് വഴികെടുത്തി എന്നും മറ്റുമുള്ള അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇക്കാലഘട്ടത്തിലെ അവസ്ഥകളിലേക്ക് നോക്കുമ്പോള്‍ ഇതിന്‍റെ ആശയം കൂടുതല്‍ വ്യക്തമാകുന്നതാണ്. നിഷേധികളുടെ കാര്യമിരിക്കട്ടെ, ഭൗതിക വിജ്ഞാനങ്ങള്‍ കാരണം പരലോകത്തെ വിസ്മരിക്കുകയും ഈമാന്‍ പേരില്‍ മാത്രം ചുരുങ്ങുകയും ചെയ്തവര്‍, പണ്ഡിതരോടും സല്‍കര്‍മ്മികളോടും ഇതേ സമീപനം തന്നെയാണ് സ്വീകരിക്കുന്നത്. അല്ലാഹു എല്ലാ മുസ്ലിംകളെയും വേദനാജനകമായ ഈ നാശത്തില്‍ നിന്നും കാത്ത് രക്ഷിക്കട്ടെ.! അവസാനത്തെ വചനങ്ങളില്‍ സത്യവിശ്വാസികള്‍ക്ക് വലിയ ആശ്വാസത്തിന് വക നല്‍കുന്നു. അതെ, കളിയാക്കി ചിരിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ, നിങ്ങള്‍ അതിനെ പരിഗണിക്കേണ്ടതില്ല. കവി പറയുന്നു: കളിയാക്കുന്നവരെ നാം ഭയക്കുന്ന കാലമെല്ലാം കളിയാക്കുന്നവര്‍ നമ്മെ കളിയാക്കിക്കൊണ്ടിരിക്കുന്നതാണ്. (1391 ശഅ്ബാന്‍ 12.)
സൂറത്തുല്‍ ഇന്‍ഷിഖാഖ് 1-15
ഈ സൂറത്തില്‍ ഖിയാമത്ത് നാളിന്‍റെ അവസ്ഥകള്‍, വിചാരണ, നന്മ-തിന്മകളുടെ പ്രതിഫലം എന്നിവയെ ഉണര്‍ത്തുകയും മനുഷ്യന്‍റെയും ഇതര വസ്തുക്കളുടെയും അവസ്ഥകളില്‍ ചിന്തിച്ചുകൊണ്ട് അല്ലാഹുവിലും ഖുര്‍ആനിലും വിശ്വസിക്കാന്‍ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. ആദ്യം ആകാശം പൊട്ടിപ്പിളരുമെന്നും ശേഷം ഭൂമിയുടെ വയറ്റിലുള്ള വസ്തുക്കള്‍ പുറത്താക്കപ്പെടുമെന്നും അറിയിക്കുന്നു. ഈ വസ്തുക്കള്‍ ഒന്നുകില്‍ ഭൂമിക്കുള്ളിലുള്ള ഖജനാവുകളും നിധികളുമാണ്. അല്ലെങ്കില്‍ മനുഷ്യരുടെ മൃതദേഹങ്ങളാണ്. ചുരുക്കത്തില്‍ മഹ്ശറിന്‍റെ പുതിയൊരു ഭൂമി നിലവില്‍ വരും. അത് ഗുഹകള്‍, മലകള്‍, കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍ ഒന്നുമില്ലാത്ത ഒരു സമതല പ്രദേശമായിരിക്കും. മുന്‍ഗാമികളെയും പിന്‍ഗാമികളെയും ഉള്‍ക്കൊള്ളുന്ന നിലയില്‍ അത് വിശാലമാക്കപ്പെടുന്നതാണ്. ഈ അവസ്ഥകള്‍ ഇതര സൂറത്തുകളിലും വിവരിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകമായി പറയപ്പെട്ടിരിക്കുന്ന ഒരു കാര്യം ...... എന്നതാണ്. അതായത്, ആകാശ-ഭൂമികള്‍ അവയോടുള്ള കല്പന കേള്‍ക്കുന്നതും അനുസരിക്കുന്നതുമാണ്. അപ്രകാരം അനുസരിക്കല്‍ അവയുടെ കടമയുമാണ്.
കല്പനകള്‍ രണ്ട് വിഭാഗങ്ങള്‍.
അല്ലാഹുവിന്‍റെ കല്പനകള്‍ രണ്ട് വിഭാഗമാണ്. ഒന്ന്, തശ്രീഇയ്യ് (നിയമപരം). അതായത് അല്ലാഹു ഒരു നിയമം ഇറക്കുന്നതാണ്. അതിന് എതിര് പ്രവര്‍ത്തിച്ചാല്‍ ശിക്ഷ നല്‍കപ്പെടും. എന്നാല്‍ നിര്‍ബന്ധിച്ച് അനുസരിപ്പിക്കുന്നതല്ല. മറിച്ച്, ഇഷ്ടം നല്‍കപ്പെടുന്നതും ഇഷ്ടമനുസരിച്ച് അനുസരിക്കുകയോ ധിക്കരിക്കുകയോ ചെയ്യുന്നതുമാണ്. മനുഷ്യരെ പോലെ ബുദ്ധിയുള്ള സൃഷ്ടികളോടാണ് ഇത്തരം കല്പനകള്‍ നടത്തപ്പെടുന്നത്. ഇതിലൂടെ സൃഷ്ടികള്‍ വിശ്വാസി, നിഷേധി എന്നിങ്ങനെ രണ്ട് വിഭാഗമായി മാറുന്നതാണ്. രണ്ടാമത്തെ കല്പന, തക്വീനിയ്യ് (വിധിക്ക് അനുസൃതം) ആണ്. അതായത്, അല്ലാഹു ഒരു കാര്യം വിധിക്കുന്നതാണ്. അതിനെ അല്‍പം പോലും എതിര് പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും കഴിയുന്നതല്ല. മനുഷ്യര്‍, ഭൂതം തുടങ്ങി സര്‍വ്വ സൃഷ്ടികളോടും അല്ലാഹു ഇപ്രകാരമുള്ള കല്പനകള്‍ നടത്തിയിട്ടുണ്ട്. വിശ്വാസിയും നിഷേധിയുമായ സര്‍വ്വരും ഇത് പാലിക്കാന്‍ നിര്‍ബന്ധിതരാണ്. ഈ ആയത്തുകളില്‍ ആകാശ-ഭൂമികളോട് പറയപ്പെടുമെന്ന് പറഞ്ഞ കല്പന ഈ രണ്ട് വിഭാഗത്തിലും പെട്ടതാകാന്‍ സാധ്യതയുണ്ട്. അതായത്, ആകാശ-ഭൂമികള്‍ക്ക് അല്ലാഹു ബുദ്ധിയും ഗ്രാഹ്യവും നല്‍കുന്നതും ഈ കല്പന പുറപ്പെടുവിക്കുന്നതും അവ സ്വന്തം ഇഷ്ടപ്രകാരം നല്ല മനസ്സോടെ കല്പന അനുസരിക്കുന്നതുമാണ്. അല്ലെങ്കില്‍ ഈ കല്പന അനുസരിക്കാന്‍ നിര്‍ബന്ധിതരാകുന്നതാണ്.
... ജാബിര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: ഖിയാമത്ത് നാളില്‍ തോലിനെ പോലെ ഭൂമിയെ വലിച്ച് നീട്ടപ്പെടുന്നതാണ്. എന്നിട്ടും ഓരോ മനുഷ്യനും കാല്‍ കുത്തി നില്‍ക്കാന്‍ മാത്രമേ സ്ഥലം ലഭിക്കുകയുള്ളൂ. (ഹാകിം).
പടച്ചവനിലേക്ക് മടങ്ങുക.
തുടര്‍ന്ന് അല്ലാഹു മനുഷ്യരോട് പറയുന്നു: ............. ഈ ആയത്തില്‍ അല്ലാഹു മനുഷ്യരെ സംബോധന ചെയ്ത് ചിന്തയുടെ ഒരു മഹത്തായ മാര്‍ഗ്ഗത്തിലേക്ക് മാടി വിളിക്കുകയാണ്. ഇതിലൂടെ അല്പമെങ്കിലും ബുദ്ധിയും ബോധവുമുള്ളവര്‍ക്ക് ശരിയായതും ഇരുലോക വിജയത്തിനും സൗഖ്യത്തിനും കാരണവുമായ കര്‍മ്മ സരണിയിലേക്ക് തിരിയാന്‍ സാധിക്കുന്നതാണ്. ഈ ആയത്തില്‍ അല്ലാഹു ഉണര്‍ത്തുന്ന ഒന്നാമത്തെ കാര്യം: മനുഷ്യന്‍ നല്ലവനോ മോശപ്പെട്ടവനോ, വിശ്വാസിയോ നിഷേധിയോ ആരുമാകട്ടെ എന്തെങ്കിലും ലക്ഷ്യമിടുകയും വല്ലതും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനായിരിക്കും. ഉദാഹരണത്തിന്, നല്ലവനാണെങ്കില്‍ സമ്പാദ്യത്തിന് വേണ്ടി പ്രകൃതിപരവും അനുവദനീയവുമായ മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുത്ത് പരിശ്രമിക്കുന്നതാണ്. മോശപ്പെട്ടവര്‍, തിന്മയുടെ വഴിയില്‍ അധ്വാനിക്കുന്നു. കള്ളനെയും കൊള്ളക്കാരനെയും വഞ്ചകനെയും നോക്കൂ.. ബുദ്ധിപരവും ശാരീരികവുമായ വലിയ അധ്വാനങ്ങള്‍ നടത്തിയാണ് അവര്‍ ലക്ഷ്യം കരസ്ഥമാക്കുന്നത്. രണ്ടാമത്തെ കാര്യം, ബുദ്ധിയുള്ളവന്‍ ചിന്തിച്ച് നോക്കിയാല്‍ അവന്‍റെ എല്ലാ ചലന-നിശ്ചലനങ്ങള്‍ക്കും പല ഘട്ടങ്ങളുള്ളതായി കാണാന്‍ കഴിയും. അവന്‍ അത് മുറിച്ച് കടക്കും. അവസാനം മരണത്തിന്‍റെ ഘട്ടത്തിലെത്തി അല്ലാഹുവിന്‍റെ മുന്നില്‍ ഹാജരാകുന്നു. ഈ അവസാനം ആരും നിഷേധിക്കാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. മരണത്തോടെ മനുഷ്യന്‍റെ ഭൗതിക യാത്രയ്ക്ക് അന്ത്യമാകും. മൂന്നാമത്തെ കാര്യം, മരണത്തിന് ശേഷം മനുഷ്യന്‍ രക്ഷിതാവിന്‍റെ മുന്നില്‍ ഹാജരാകുന്നതും സര്‍വ്വ കര്‍മ്മങ്ങള്‍ക്കും വിചാരണ നേരിടേണ്ടി വരുന്നതുമാണ്. ഇക്കാര്യം ബുദ്ധിയും നീതിയും സമ്മതിക്കുന്നുമുണ്ട്. കാരണം, ഈ ലോകത്ത് ധാരാളം നന്മകളും തിന്മകളും നടക്കുന്നെങ്കിലും അവയ്ക്കൊന്നും പൂര്‍ണ്ണമായ പ്രതിഫലം ഇവിടെ ലഭിക്കുന്നില്ല. ഒരു ഭാഗത്ത് നല്ല വ്യക്തി കഠിനാധ്വാനം നടത്തി കുറഞ്ഞ അന്നം സമ്പാദിക്കുന്നു. മറുഭാഗത്ത് കൊള്ളക്കാരന്‍ കുതന്ത്രത്തിലൂടെ കുറഞ്ഞ സമയം കൊണ്ട് സമ്പന്നനാകുന്നു. ഇവര്‍ വിചാരണ ചെയ്യപ്പെടേണ്ടതും പ്രതിഫല-ശിക്ഷകള്‍ നല്‍കപ്പെടേണ്ടതും ബുദ്ധിയുടെയും നീതിയുടെയും ആവശ്യമാണ്. അത് കൊണ്ടാണ് അവസാനമായി പറയുന്നത് വലിയ ത്യാഗങ്ങള്‍ ചെയ്ത് അവസാനം പരലോകത്ത് വെച്ച് മനുഷ്യന്‍ പടച്ചവനെ കണ്ടുമുട്ടുന്നതും വിചാരണ നേരിടുന്നതും നന്മ-തിന്മകളുടെ പ്രതിഫലങ്ങളും ശിക്ഷകളും അനുഭവിക്കുന്നതുമാണ്.
അടുത്ത ആയത്തുകളില്‍ നല്ലവരുടെയും ചീത്തവരുടെയും വ്യത്യസ്ഥമായ അന്ത്യത്തെ ചിത്രീകരിക്കുന്നു. നല്ലവര്‍ക്ക് വലത് കൈയ്യിലും ചീത്തവര്‍ക്ക് ഇടത് കൈയ്യിലും കര്‍മ്മ പുസ്തകം നല്‍കപ്പെടും. നല്ലവര്‍ക്ക് സ്വര്‍ഗ്ഗത്തിന്‍റെ സന്തോഷവാര്‍ത്തയും ചീത്തവര്‍ക്ക് നരകത്തിന്‍റെ ശിക്ഷയും അറിയിക്കപ്പെടും. അതെ, നല്ലവരും ചീത്തവരും ഇഹലോകത്ത് ഒരേ നാളുകളാണ് കഴിച്ചുകൂട്ടുന്നതെങ്കിലും ഇരുവരുടെയും ലക്ഷ്യങ്ങള്‍ക്കും മാര്‍ഗ്ഗങ്ങള്‍ക്കുമിടയില്‍ ആകാശ-ഭൂമികളുടെ വ്യത്യാസമുണ്ടായിരുന്നു. അത് കൊണ്ടുതന്നെ ഒരു കൂട്ടര്‍ അറ്റമില്ലാത്ത സുഖങ്ങളുടെ കേന്ദ്രത്തിലും മറുവിഭാഗം നിരന്തര നാശത്തിലും എത്തിച്ചേരുന്നു. അല്ലയോ മനുഷ്യരേ, ഇഹലോകത്തെ ന്യായമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനോടൊപ്പം പരലോകത്തെ ശാശ്വത വിജയം കരസ്ഥമാക്കാനും വേണ്ടി നിങ്ങളുടെ ജീവിതത്തിന്‍റെ ലക്ഷ്യവും മാര്‍ഗ്ഗവും നന്നാക്കാത്തത് എന്തുകൊണ്ടാണ് .?
........ ഈ ആയത്തുകളില്‍ സത്യവിശ്വാസികളുടെ അവസ്ഥകളാണ് വിവരിക്കപ്പെടുന്നത്. ആഇശ (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: ഖിയാമത്ത് നാളില്‍ വിചാരണ ചെയ്യപ്പെടുന്നവന്‍ ശിക്ഷിക്കപ്പെടുന്നതാണ്. ഞാന്‍ ചോദിച്ചു: അല്ലാഹു ഖുര്‍ആനില്‍ ചിലര്‍ക്ക് എളുപ്പത്തില്‍ വിചാരണ ചെയ്യപ്പെടുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ.? റസൂലുല്ലാഹി (സ്വ) അരുളി: അത് കൊണ്ടുള്ള ഉദ്ദേശം, യഥാര്‍ത്ഥ വിചാരണയല്ല. പടച്ചവന്‍റെ മുന്നില്‍ ചെറുതായി സമര്‍പ്പിക്കപ്പെടലാണ്. ആര്‍ക്കെങ്കിലും പൂര്‍ണ്ണമായി വിചാരണ നടത്തപ്പെട്ടാല്‍ അവന്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതല്ല. (ബുഖാരി). അതെ, സത്യവിശ്വാസികളുടെ കര്‍മ്മ പുസ്തകങ്ങളും പടച്ചവന് മുന്നില്‍ സമര്‍പ്പിക്കപ്പെടുന്നതാണ്. പക്ഷെ, അവരുടെ സത്യവിശ്വാസം കാരണമായി അവയെ കുറിച്ച് ചോദ്യങ്ങള്‍ നടത്തപ്പെടുന്നതല്ല. ഇതിന് എളുപ്പ വിചാരണ എന്ന് പറയപ്പെടുന്നു. കുടുംബത്തിലേക്ക് സസന്തോഷം മടങ്ങും എന്നതിന് സ്വര്‍ഗ്ഗത്തിലെ സേവകരിലേക്കും ഇഹലോകത്തെ കുടുംബത്തിലേക്കും എന്ന് രണ്ട് ആശയങ്ങളുണ്ടാകാവുന്നതാണ്. ഇവിടെയും കോടതിയില്‍ അനുകൂല വിധിയുണ്ടായാല്‍ സന്തോഷത്തോടെ കുടുംബത്തിലേക്ക് മടങ്ങാറുണ്ടല്ലോ.?
എന്നാല്‍ മുതുകിന്‍റെ പിന്നിലൂടെ ഇടത് കൈയ്യില്‍ കര്‍മ്മപുസ്തകം നല്‍കപ്പെടുന്നവര്‍, നിലവിളിക്കുന്നതും മരിച്ച് മണ്ണായിപ്പോയിരുന്നെങ്കില്‍ കൊള്ളാമായിരുന്നുവെന്ന് മോഹിക്കുന്നതുമാണ്. എന്നാല്‍ ഈ നിലവിളി കൊണ്ട് ഒരു ഗുണവുമുണ്ടാകുന്നതല്ല. അവര്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്. കാരണം അവര്‍ ഇഹലോകത്ത് കൂട്ടുകുടുംബങ്ങളുടെ അന്യായമായ കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയും പരലോകത്തെ മറന്ന് സുഖിച്ച് കഴിയുകയും ചെയ്തിരുന്നു. സത്യവിശ്വാസികള്‍ അപ്രകാരമല്ല. അവര്‍ ന്യായമായ നിലയില്‍ ഇഹലോക കാര്യങ്ങളുമായി ബന്ധപ്പെടുന്നതും പരലോകത്തെ ഉണര്‍ന്ന് ജീവിക്കുന്നതുമാണ്. തദ്ഫലമായി ഇരുകൂട്ടര്‍ക്കും അനുയോജ്യമായ അന്ത്യം ലഭിച്ചു. പരലോകത്തെ മറന്ന് സുഖിച്ച് കഴിഞ്ഞവര്‍ക്ക് ഇന്ന് മുതല്‍ നരക ശിക്ഷയാണ്. പരലോകത്തെ ഭയന്ന് സൂക്ഷിച്ച് കഴിഞ്ഞവര്‍ക്ക് ഇവിടെ സന്തോഷമാണ്.
..........ഈ ആയത്തുകളില്‍ അല്ലാഹു നാല് കാര്യങ്ങളെ കൊണ്ട് സത്യം ചെയ്യുകയും കഴിഞ്ഞ ആയത്തില്‍ ഉണര്‍ത്തപ്പെട്ട മനുഷ്യ ജീവിതത്തിന്‍റെ ഘട്ടങ്ങളെയും അന്ത്യത്തെയും വീണ്ടും ഉദ്ബോധിപ്പിക്കുകയും ചെയ്യുകയാണ്. ഈ നാല് കാര്യങ്ങള്‍ പല ഘട്ടങ്ങളുള്ള മനുഷ്യന്‍റെ അവസ്ഥകള്‍ക്ക് വലിയ സാക്ഷ്യങ്ങളാണ്. ഒന്ന്, സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറന്‍ ചക്രവാളത്തിലുണ്ടാകുന്ന ചുവപ്പാണ്. ഇത് വലിയ മാറ്റത്തിന്‍റെ സമയമായ രാത്രിയുടെ തുടക്കമാണ്. പകലിന്‍റെ പ്രകാശം പോകുന്നുവെന്നും രാത്രിയുടെ ഇരുളിന്‍റെ തിരമാലകള്‍ ഇളകി വരുന്നുണ്ടെന്നും ഇത് അറിയിക്കുന്നു. രണ്ട്, രാത്രിയാണ്. രാത്രിയില്‍ ഇരുട്ട് പരക്കുകയും മാറ്റം പരിപൂര്‍ണ്ണമാകുകയും ചെയ്യുന്നു. മൂന്ന്, രാത്രിയുടെ ഇരുളില്‍ മറയുന്ന വസ്തുക്കളാണ്. ഇതില്‍ ജീവികളും വൃക്ഷങ്ങളും വസ്തുക്കളും പര്‍വ്വതങ്ങളും അരുവികളും എല്ലാം ഉള്‍പ്പെടുന്നു. പകല്‍ വെളിച്ചത്തില്‍ ഇതെല്ലാം പരന്ന് കിടക്കുന്നതായി അനുഭവപ്പെട്ടിരുന്നു. പക്ഷെ രാത്രിയില്‍ എല്ലാം അവരവരുടെ വാസസ്ഥലങ്ങളില്‍ ചുരുണ്ട് കൂടിയിരിക്കുന്നു. മനുഷ്യന്‍ വീട്ടിലും മൃഗങ്ങള്‍ കൂട്ടിലും സാധനങ്ങള്‍ കടയ്ക്കുള്ളിലും ഒതുക്കപ്പെട്ടു. നാല്, ചന്ദ്രനാണ്. നേര്‍ത്ത നിലയില്‍ പ്രയാണമാരംഭിക്കുന്ന നിലാവ് പതിനാലാം രാവില്‍ പൂര്‍ണ്ണ ചന്ദ്രനായി മാറുന്നു. തുടര്‍ച്ചയായ മാറ്റങ്ങളെ വിളിച്ചറിയിക്കുന്ന ഈ നാല് വസ്തുക്കളെ ശപഥത്തിന് വേണ്ടി ഉപയോഗിച്ചുകൊണ്ട് അല്ലാഹു അറിയിക്കുന്നു: മനുഷ്യരേ, നിങ്ങളും നിരന്തരം ഒരു ഘട്ടത്തില്‍ നിന്നും മറ്റൊരു ഘട്ടത്തിലേക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. സൃഷ്ടിപ്പിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ നിങ്ങള്‍ ഒറ്റ അവസ്ഥയിലല്ല. ക്രമാനുക്രമമായ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു.
മനുഷ്യന്‍റെ യാത്രയും അന്ത്യവും.
ഇന്ദ്രിയം രക്തപിണ്ഡവും അത് മാംസപിണ്ഡവുമായി. അതില്‍ നിന്നും എല്ലുണ്ടാവുകയും എല്ലിനെ മാംസം പൊതിയുകയും അവയവങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തു. ശേഷം ആത്മാവ് സന്നിവേശിപ്പിക്കപ്പെട്ട് ജീവനുള്ള മനുഷ്യനായി. അവന്‍റെ ആഹാരം മാതൃഗര്‍ഭത്തിലെ അഴുക്ക് രക്തമായിരുന്നു. ഒമ്പത് മാസത്തിന് ശേഷം അല്ലാഹു പുറത്തേക്കുള്ള വഴി എളുപ്പമാക്കി. അഴുക്ക് ആഹാരത്തിന് പകരം മാതൃനെഞ്ചില്‍ നിന്നുള്ള വിശുദ്ധപാല് കനിഞ്ഞരുളി. കുഞ്ഞ് കണ്ണ് തുറന്നു. ലോകത്തിന്‍റെ വിശാല അന്തരീക്ഷം കാണുകയും അനുഭവിക്കുകയും ചെയ്തുകൊണ്ട് വളരാന്‍ തുടങ്ങി. രണ്ട് വര്‍ഷത്തിനുള്ളില്‍ നടക്കാനും സംസാരിക്കാനും രുചികരമായ ആഹാരങ്ങള്‍ കഴിക്കാനും തുടങ്ങി. അവന്‍റെ പ്രധാന ജോലി കളിയും ചിരിയും ബഹളവും ഉറക്കവുമായിരുന്നു. അല്‍പം ബോധം വന്നപ്പോള്‍ വിദ്യാഭ്യാസത്തിന്‍റെ കെട്ടില്‍ കുടുക്കി. യുവാവായപ്പോള്‍ പഴയതെല്ലാം മറന്ന് ആഗ്രഹ-ആവേശങ്ങളുടെ പുതിയൊരു ലോകത്തായി. കല്ല്യാണം കഴിഞ്ഞ് മക്കളുണ്ടായി ജീവിത ഭാരം തലയില്‍ വെച്ച് യാത്ര നടത്തി. ഏതാനും നാളുകള്‍ക്ക് ശേഷം ഇത് അവസാനിക്കാന്‍ തുടങ്ങി. ശക്തി കുറയുകയും ബലഹീനതകള്‍ കൂടുകയും ചെയ്തു. രോഗങ്ങള്‍ വരാന്‍ തുടങ്ങി. വാര്‍ദ്ധക്യത്തിലേക്ക് കടന്നു. അന്തിമ സ്ഥാനമായ ഖബ്റിടം ഒരുങ്ങാന്‍ തുടങ്ങി. അതെ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതും എല്ലാവരും നിത്യം കണ്ട് കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളാണ് ഇവയെല്ലാം. പക്ഷെ, യാഥാര്‍ത്ഥ്യ ബോധമില്ലാത്ത മനുഷ്യന്‍ മരണം എല്ലാത്തിന്‍റെയും അവസാനമാണെന്ന് വിചാരിക്കുന്നു. എന്നാല്‍, സര്‍വ്വജ്ഞനും സര്‍വ്വ ലോക പരിപാലകനുമായ അല്ലാഹു നബിമാരിലൂടെ മനുഷ്യ യാത്രയുടെ അടുത്ത ഘട്ടങ്ങളെയും കുറിച്ച് ഉണര്‍ത്തി. അവര്‍ പറഞ്ഞു: ഖബ്ര്‍ അന്തിമ സ്ഥാനമല്ല. വെറും ഒരു പ്രതീക്ഷാകേന്ദ്രം (വെയ്റ്റിംഗ് റൂം) മാത്രമാണ്. ശേഷം വലിയ ഒരു ലോകം വരാനുണ്ട്. അവിടെ വലിയ പരീക്ഷയ്ക്ക് ശേഷം മനുഷ്യന്‍ അന്ത്യസ്ഥാനമായ സ്വര്‍ഗ്ഗ നരകങ്ങളില്‍ എത്തിച്ചേരുന്നതാണ്. അവിടെ വെച്ച് മനുഷ്യന്‍റെ യാത്ര അവസാനിക്കുന്നതാണ്. ഇതേ കാര്യം ഖുര്‍ആനിന്‍റെ ഇതര ആയത്തുകളിലും ഉണര്‍ത്തപ്പെട്ടിരിക്കുന്നു. ................ അലഖ് 8. ................. നജ്മ് 42 ............... ഇന്‍ഷിഖാഖ് 06
ചുരുക്കത്തില്‍ മനുഷ്യന്‍ ഒരു നീണ്ട യാത്രയിലാണ്. നടത്തം, ഓട്ടം, കിടത്തം, ഉറക്കം, നിറുത്തം, ഇരുത്തം എന്നിങ്ങനെ സര്‍വ്വ അവസ്ഥകളിലും മനുഷ്യന്‍ യാത്രയിലാണ്. പടച്ചവനിലേക്ക് എത്തുമ്പോള്‍ മാത്രമേ യാത്ര അവസാനിക്കുകയുള്ളൂ. അവിടെ വിചാരണ നടക്കുന്നതും അന്ത്യസ്ഥാനം പ്രഖ്യാപിക്കപ്പെടുന്നതുമാണ്. സ്വര്‍ഗ്ഗമാണെങ്കില്‍ സന്തോഷമേ സന്തോഷവും നിലയ്ക്കാത്ത സുഖസുഷുപ്തികളുമാണ്. അല്ലാഹു കാക്കട്ടെ, നരകമാണെങ്കില്‍ ഒടുക്കത്തെ ശിക്ഷയും അറ്റമില്ലാത്ത ശിക്ഷകളുമാണ്. ആകയാല്‍ ബുദ്ധിമാന്‍ തന്നെക്കുറിച്ച് യാത്രക്കാരനാണെന്ന് മനസ്സിലാക്കുകയും ലക്ഷ്യ സ്ഥാനത്തേക്കുള്ള ഒരുക്കം പ്രധാന ലക്ഷ്യമാക്കി മാറ്റുകയും ചെയ്യുക. റസൂലുല്ലാഹി (സ്വ) അരുളി: ഏതാനും ദിവസത്തെ യാത്രക്കാരനെ പോലെയോ, വഴി പോക്കന്‍റെ വിശ്രമസ്ഥലം പോലെയോ ഇഹലോകത്ത് കഴിയുക. (ബുഖാരി). ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം വിസ്മരിച്ച് കഴിയുന്ന അശ്രദ്ധരായ മനുഷ്യരെയും ഈ ആയത്ത് ഉണര്‍ത്തുന്നു. അശ്രദ്ധരായവരേ, നിങ്ങല്‍ക്ക് ഇനിയും അവസരമുണ്ട്. നിങ്ങളുടെ അന്ത്യത്തെ കുറിച്ച് ചിന്തിക്കുക. പരലോകത്തിന് വേണ്ടി ഒരുങ്ങുക.
ഈ ഉണര്‍ത്തലുകളെല്ലാം ഉണ്ടായിട്ടും അശ്രദ്ധയില്‍ നിന്നും പിന്മാറാത്തവരെ കുറിച്ച് അവസാനം പറയുന്നു: .................. അശ്രദ്ധരായ ആളുകള്‍ക്ക് എന്ത് പറ്റി.? ഇതെല്ലാം കേട്ടിട്ടും അറിഞ്ഞിട്ടും അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ലല്ലോ.? വ്യക്തമായ സന്ദേശങ്ങള്‍ ഖുര്‍ആനിലൂടെ പാരായണം ചെയ്യപ്പെട്ടിട്ടും അവര്‍ അല്ലാഹുവിലേക്ക് തിരിയുകയും പടച്ചവനെ അനുസരിക്കുകയും ചെയ്യുന്നില്ലല്ലോ.? ഈ ആയത്തിലെ സുജൂദ് കൊണ്ടുള്ള ഉദ്ദേശം സാങ്കേതികമായ സുജൂദ് അല്ല. സുജൂദിന്‍റെ ഭാഷാര്‍ത്ഥമായ അനുസരണയാണ്. സാങ്കേതികമായ സുജൂദാണെന്ന ആശയം പറഞ്ഞാല്‍ ഖുര്‍ആന്‍ ഓതുമ്പോഴെല്ലാം സുജൂദ് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് പറയേണ്ടി വരും. മുന്‍ഗാമികളായ ആരും അപ്രകാരം പറഞ്ഞിട്ടില്ല. എന്നാല്‍ ഈ ആയത്ത് ഓതുമ്പോള്‍ തിലാവത്തിന്‍റെ സുജൂദ് ചെയ്യേണ്ടതാണ്. ഇതിന് റസൂലുല്ലാഹി (സ്വ) യുടെയും സ്വഹാബത്തിന്‍റെയും പ്രവര്‍ത്തനം തെളിവാണ്. അബൂ റാഫിഅ് (റ) വിവരിക്കുന്നു. ഞാന്‍ ഒരിക്കല്‍ അബൂ ഹുറയ്റ (റ) യുടെ പിന്നില്‍ ഇഷാഅ് നമസ്കരിച്ചു. അദ്ദേഹം ഇന്‍ഷിഖാഖ് സൂറത്ത് ഓതുകയും ഈ ആയത്തിന് ശേഷം സുജൂദ് നിര്‍വ്വഹിക്കുകയും ചെയ്തു. നമസ്കാരാനന്തരം ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: റസൂലുല്ലാഹി (സ്വ) യുടെ പിന്നില്‍ നമസ്കരിച്ചപ്പോള്‍ ഈ ആയത്തില്‍ സുജൂദ് ചെയ്യുകയുണ്ടായി. മഹ്ശറില്‍ വെച്ച് റസൂലുല്ലാഹി (സ്വ) യെ കണ്ടുമുട്ടുന്നത് വരെ ഞാന്‍ ഇവിടെ സുജൂദ് ചെയ്യുന്നതാണ്. (ബുഖാരി). ഇബ്നു അറബി (റഹ്) ഉദ്ധരിക്കുന്നു: ഈ ആയത്ത് ഓതുന്നവരും കേള്‍ക്കുന്നവരും സുജൂദ് ചെയ്യല്‍ നിര്‍ബന്ധമാണ്. (ഖുര്‍തുബി). ഹനഫി മദ്ഹബിന്‍റെ അഭിപ്രായവും നിര്‍ബന്ധമാണ് എന്നത് തന്നെയാണ്. എന്നാല്‍ ശാഫിഈ മദ്ഹബില്‍ നിര്‍ബന്ധമില്ല. അത്തരം ആളുകള്‍ക്ക് ഇമാമത്ത് നില്‍ക്കുമ്പോഴുള്ള അവസ്ഥയെ കുറിച്ച് ഇബ്നു അറബി (റഹ്) പറയുന്നു: ഇത്തരം ആയത്തുകളില്‍ സുജൂദ് ചെയ്യാത്ത മദ്ഹബുമായി ബന്ധപ്പെട്ടവരുടെ ഇടയിലാണ് ഞാന്‍ താമസിച്ചിരുന്നത്. അവര്‍ക്ക് ഇമാമത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ ഈ സൂറത്ത് ഓതുകയില്ലായിരുന്നു. കാരണം ഇത് ഓതിയ ശേഷം സുജൂദ് ചെയ്തില്ലെങ്കില്‍ ഞാന്‍ കുറ്റക്കാരനാകും. സുജൂദ് ചെയ്താല്‍ പിന്നിലുള്ളവര്‍ക്ക് പ്രയാസമാകും. അനാവശ്യമായി ഞാനെന്തിന് പ്രശ്നമുണ്ടാക്കണം. (ഖുര്‍തുബി). (ഹിജ്രി 1391 ശഅ്ബാന്‍ 16)
സൂറത്തുല്‍ ബുറൂജ് 1-22
.... ബുറൂജ് എന്നാല്‍ ബുറുജ് എന്നതിന്‍റെ ബഹുവചനമാണ്. വലിയ കോട്ടയെന്നാണ് ഇതിന്‍റെ വാക്കര്‍ത്ഥം. ഈ അര്‍ത്ഥത്തില്‍ സൂറത്തുന്നിസാഇല്‍ ഇത് ഉപയോഗിക്കപ്പെട്ടിട്ടുമുണ്ട്. (നിസാഅ് 78). എന്നാല്‍ ഇവിടെ അത് കൊണ്ടുള്ള ഉദ്ദേശം വലിയ നക്ഷത്രങ്ങളാണെന്ന് ഇബ്നു അബ്ബാസ് (റ), മുജാഹിദ് (റ), ളഹ്ഹാക്ക് (റ), ഖതാദ (റ), സുദ്ദി (റ) മുതലായ ഭൂരിഭാഗം മുഫസ്സിറുകളും പറഞ്ഞിരിക്കുന്നു. മറ്റ് ചിലര്‍ പറയുന്നു: ഇത് കൊണ്ടുള്ള ഉദ്ദേശം ആകാശത്ത് കാവല്‍ നില്‍ക്കുന്ന മലക്കുകള്‍ക്കുള്ള വലിയ കെട്ടിടങ്ങളാണ്. മുന്‍ഗാമികളായ ചിലര്‍ പറയുന്നു: ഇത് കൊണ്ടുള്ള ഉദ്ദേശം ശാസ്ത്രജ്ഞന്മാര്‍ പറയുന്ന ആകാശത്തിന്‍റെ പന്ത്രണ്ട് ഭാഗങ്ങളാണ്.
...... വാഗ്ദത്ത ദിവസം കൊണ്ടുള്ള ഉദ്ദേശം ഖിയാമത്ത് ദിനവും, ഷാഹിദ് കൊണ്ടുള്ള ഉദ്ദേശം ജുമുഅ ദിവസവും, മഷ്ഹൂദ് കൊണ്ടുള്ള ഉദ്ദേശം അറഫ ദിനവുമാണ്. അല്ലാഹു ഈ നാല് കാര്യങ്ങളെ കൊണ്ട് സത്യം ചെയ്ത് അറിയിക്കുന്നു: ഈ നാല് കാര്യങ്ങള്‍ അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ കഴിവിനും ലോകാവസാനത്തിനും പ്രതിഫല ദിനത്തിനും തെളുവുകളാണ്. കൂടാതെ വെള്ളിയാഴ്ചയും അറഫയും സത്യവിശ്വാസികള്‍ക്ക് പരലോകം സമ്പാദിക്കാനുള്ള സുവര്‍ണ്ണ ദിവസങ്ങളാണ്. അടുത്ത ആയത്തുകളില്‍ പറയുന്നു: കാര്യം ഇങ്ങനെയായിരുന്നിട്ടും സത്യവിശ്വാസത്തിന്‍റെ പേരില്‍ സാധുക്കളെ ദ്രോഹിക്കുകയും തീയിലിട്ട് കരിക്കുകയും ചെയ്തവരുടെ മേല്‍ പടച്ചവന്‍റെ ശാപ-കോപങ്ങള്‍ ഉണ്ടാകുന്നതാണ്.
ഇത് കൊണ്ട് ഉദ്ദേശിക്കുന്ന സംഭവം ആശയസംഗ്രഹത്തില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത സംഭവത്തിലെ രാജാവ് യമനിലെ ഭരണാധികാരിയായിരുന്നുവത്രെ. ഇബ്നു അബ്ബാസ് (റ) പറയുന്നു: അദ്ദേഹത്തിന്‍റെ പേര് യൂസുഫ് ദൂനവാസ് എന്നായിരുന്നു. റസൂലുല്ലാഹി (സ്വ) യുടെ ജനനത്തിന് എഴുപത് വര്‍ഷം മുമ്പായിരുന്നു ഈ സംഭവം. ജോല്‍സ്യന്‍റെ അരികില്‍ പോയി പഠിക്കാന്‍ രാജാവ് കല്‍പ്പിച്ച കുട്ടിയുടെ പേര് അബ്ദുല്ലാഹ് എന്നാണ്. പുരോഹിതന്‍ ക്രൈസ്തവനായിരുന്നു. അന്നത്തെ സത്യമതം ഈസാ നബി (അ) യുടെ ആയിരുന്നതിനാല്‍ ഈ ജോല്‍സ്യന്‍ സത്യസന്ധനായ വിശ്വാസിയായിരുന്നു. അബ്ദുല്ലാഹ് എന്ന കുട്ടി ജോല്‍സ്യം പഠിക്കാന്‍ പോകുന്ന വഴിയില്‍ പുരോഹിതന്‍റെ അരികില്‍ വരികയും സംസാരങ്ങള്‍ കേള്‍ക്കുകയും അവസാനം സത്യം സ്വീകരിക്കുകയും ചെയ്തു. അല്ലാഹു ആ കുട്ടിയുടെ വിശ്വാസത്തിന് അടിയുറപ്പ് നല്‍കി. ജനങ്ങളുടെ ഉപദ്രവങ്ങളും താമസിക്കുന്നതിന്‍റെ പേരില്‍ ജോല്‍സ്യന്‍റെ പീഠനങ്ങളും വീട്ടുകാരുടെ അക്രമങ്ങളും സഹിച്ചു. പക്ഷെ, സത്യവാഹകനായ പാതിരിയുമായിട്ടുള്ള ബന്ധവും ഉപേക്ഷിച്ചില്ല. തദ്ഫലമായി അല്ലാഹു അദ്ദേഹത്തെ ആദരിച്ചുകൊണ്ട് വലിയ അത്ഭുതങ്ങള്‍ പ്രകടമാക്കി. അത് കണ്ട് പൊതുജനങ്ങളെല്ലാം സത്യം സ്വീകരിച്ചു. അക്രമിയായ രാജാവ് സത്യവിശ്വാസികളെയെല്ലാം ശിക്ഷിക്കാന്‍ വലിയ കിടങ്ങുകള്‍ കുഴിച്ച് തീ ആളിക്കത്തിച്ചു. ഒന്നുകില്‍ സത്യവിശ്വാസം ഉപേക്ഷിക്കുക, അല്ലെങ്കില്‍ കിടങ്ങിലേക്ക് വീഴുക എന്ന് അവരോട് പറഞ്ഞു. എന്നാല്‍ ആരും പിന്മാറിയില്ല. തുടര്‍ന്ന് ഓരോരുത്തരെയും കിടങ്ങിലേക്കെറിഞ്ഞു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഒരാള്‍ക്ക് പോലും ചാഞ്ചല്യമുണ്ടായില്ല. പാല് കുടിക്കുന്ന കുഞ്ഞിനെയും കൊണ്ട് ചാടാന്‍ ഒരു സ്ത്രീ അല്പം മടിച്ചപ്പോള്‍ ആ കുഞ്ഞ് വിളിച്ച് പറഞ്ഞു: പ്രിയ മാതാവേ, സത്യത്തില്‍ ഉറച്ച് നില്‍ക്കുക. താങ്കള്‍ സത്യത്തിലാണ്. പ്രസ്തുത അക്രമി പന്തീരായിരം സത്യവിശ്വാസികളെ കൊന്നതായി പറയപ്പെടുന്നു. ചിലര്‍ കൂടുതല്‍ എണ്ണവും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ നാമത്തില്‍ മാത്രമേ എന്നെ വധിക്കാന്‍ പറ്റുകയുള്ളൂ എന്ന് പറഞ്ഞ സംഭവത്തിലെ കുട്ടി ചരിത്രത്തില്‍ ഇന്നും ഉയര്‍ന്ന് നില്‍ക്കുന്നു. നിഷേധിയും അക്രമിയുമായ ഭരണാധികാരി നിന്ദിക്കപ്പെടുന്നു. മുഹമ്മദ് ബിന്‍ ഇസ്ഹാഖ് വിവരിക്കുന്നു: ഉമറുല്‍ ഫാറൂഖ് (റ) ന്‍റെ കാലത്ത് യാദൃശ്ചികമായി ഒരു സ്ഥലത്ത് കുഴിയെടുത്തപ്പോള്‍ അത് ആ കുട്ടിയെ അടക്കപ്പെട്ട സ്ഥലമായിരുന്നു. ആ കുട്ടിയുടെ മൃതദേഹത്തിന് യാതൊരു കുഴപ്പവും സംഭിവിച്ചിരുന്നില്ലത്രേ.! അസ്ത്രം പതിച്ച ഭാഗത്ത് കൈവെച്ച നിലയിലായിരുന്നു. ആരോ അവിടെ നിന്നും കൈ മാറ്റിയപ്പോള്‍ രക്തം പ്രവഹിച്ചു. ഉടനെ അത് തിരിച്ച് വെച്ചപ്പോള്‍ രക്തം നിലച്ചു. കൈയ്യില്‍ ഒരു മോതിരമുണ്ടായിരുന്നു. അതില്‍ അല്ലാഹു റബ്ബീ എന്ന് എഴുതപ്പെട്ടിരുന്നു. (ഇബ്നു കസീര്‍).
ഇബ്നു അബീ ഹാതിം വിവരിക്കുന്നു. ഇത്തരം കുഴികള്‍ കുഴിച്ച് സത്യവിശ്വാസികളെ വധിച്ച സംഭവം വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ നടന്നിട്ടുണ്ട്. അതില്‍ പ്രസിദ്ധമായത് മൂന്നെണ്ണമാണ്. ഒന്ന്, ഈ സംഭവമാണ്. മറ്റ് രണ്ടെണ്ണം സിറിയയിലും പേര്‍ഷ്യയിലുമാണ് നടന്നത്. (ഇബ്നു കസീര്‍).
............... സത്യവിശ്വാസത്തിന്‍റെ പേരില്‍ സാധുക്കളെ ദ്രോഹിക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് രണ്ട് ശിക്ഷ ഉണ്ടാകുന്നതാണെന്ന് ഈ ആയത്ത് പറയുന്നു. ഒന്ന്, പരലോകത്തിലെ നരക ശിക്ഷ. രണ്ട്, കരിക്കുന്ന ശിക്ഷ. ഇത് ഒന്നാമത്തെതിനെ ബലപ്പെടുത്താനുള്ളതായിരിക്കാം. അതായത്, അവര്‍ നരകത്തില്‍ പോയി കാലാകാലം നരകാഗ്നിയില്‍ കരിഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഇത് കൊണ്ടുള്ള ഉദ്ദേശം ഇഹലോകത്തുള്ള ശിക്ഷയുമായിരിക്കാം. ഒരു നിവേദനത്തില്‍ വന്നിരിക്കുന്നു: സത്യവിശ്വാസികള്‍ തീയിലേക്ക് പതിക്കുന്നതിന് മുമ്പ് തന്നെ അവരുടെ ആത്മാവുകള്‍ അല്ലാഹു പിടിക്കുകയുണ്ടായി. ശവശരീരം മാത്രമാണ് അതില്‍ വീണത്. തുടര്‍ന്ന് തീ ആളിക്കത്തുകയും കുഴിമാടത്തില്‍ നിന്നും പുറപ്പെട്ട് പട്ടണത്തില്‍ മുഴുവന്‍ പടര്‍ന്ന് പിടിക്കുകയും സാധുക്കളെ കൊല്ലുന്ന കാഴ്ച കണ്ട് രസിച്ച ആളുകളെ കരിക്കുകയും ചെയ്തു. യൂസുഫ് രാജാവ് രക്ഷപ്പെടാന്‍ ഓടുകയും ഇതിനിടയില്‍ ഒരു നദിയില്‍ വീണ് മുങ്ങി മരിക്കുകയും ചെയ്തു. (മസ്ഹരി).
അക്രമികള്‍ക്കുള്ള ശിക്ഷയെ കുറിച്ച് പറഞ്ഞപ്പോള്‍ ശേഷം അവര്‍ പശ്ചാത്തപിച്ചില്ലെങ്കില്‍ എന്ന് പ്രസ്താവിച്ചത് പ്രത്യേകം ശ്രദ്ധേയമാണ്. അതെ, എത്ര വലിയ അക്രമമായിരുന്നാലും അതില്‍ ദുഃഖിക്കാതിരിക്കുകയും പശ്ചാത്തപിക്കാതിരിക്കുകയും ചെയ്താല്‍ മാത്രമേ ശിക്ഷയുള്ളൂ. ഇതില്‍ അവരെ പശ്ചാത്താപത്തിലേക്ക് പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. ഹസന്‍ ബസ്വരി (റ) പറയുന്നു: അല്ലാഹുവിന്‍റെ ഔദാര്യത്തിലേക്ക് നോക്കുക, അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാരെ കത്തിച്ച് കൊല്ലുകയും അതിന് പിന്തുണ കൊടുക്കുകയും ചെയ്തവരെ പോലും പശ്ചാത്താപത്തിലേക്കും പാപമോചനത്തിലേക്കും മാടിവിളിക്കുന്നു. (ഇബ്നു കസീര്‍). 1391 ശഅ്ബാന്‍ 16.
സൂറതുത്വാരിഖ് 1-17.
ഈ സൂറത്തില്‍ അല്ലാഹു ആകാശത്തെയും നക്ഷത്രത്തെയും കൊണ്ട് സത്യം ചെയ്ത് പറയുന്നു: ഓരോ മനുഷ്യരുടെ മേലും ഓരോ സൂക്ഷിപ്പുകാരുണ്ട്. അവര്‍ മനുഷ്യന്‍റെ സര്‍വ്വ വാചക-കര്‍മ്മങ്ങളും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത് കൊണ്ട് മനുഷ്യന്‍ അന്ത്യത്തെ കുറിച്ച് ചിന്തിക്കേണ്ടതാണ്. കാരണം, മനുഷ്യന്‍റെ സൂക്ഷിക്കപ്പെടുന്ന കര്‍മ്മങ്ങളെല്ലാം ഖിയാമത്ത് നാളില്‍ വിചാരണ ചെയ്യപ്പെടുന്നതാണ്.
ശേഷം ഒരു സംശയത്തിന് മറുപടി പറയുന്നു. നിഷേധികള്‍ വാദിക്കുന്നു: മരിച്ച് മണ്ണും പൊടിയുമായാല്‍ അംശങ്ങള്‍ ഒരുമിച്ച് കൂടുകയും ജീവനുണ്ടാകുകയും ചെയ്യുമെന്ന് പറയുന്നത് വ്യാജമാണ്. ഇത് ജനങ്ങളുടെ ദൃഷ്ടിയില്‍ അസംഭവ്യവും അസാദ്ധ്യവുമാണ്. അല്ലാഹു പറയുന്നു: മനുഷ്യന്‍ സൃഷ്ടിപ്പിന്‍റെ തുടക്കത്തെ കുറിച്ച് ചിന്തിച്ച് നോക്കുക. വിവിധ അംശങ്ങള്‍ ചേര്‍ന്നാണ് മനുഷ്യന്‍റെ തുടക്കമുണ്ടായത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പടച്ചവന്‍ അംശങ്ങള്‍ ഒരുമിച്ച് കൂട്ടി ജീവനും കാഴ്ചയും കേഴ്വുയുമുള്ള ഒരു മനുഷ്യനെ സൃഷ്ടിച്ചെങ്കില്‍ അതിനെ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ പടച്ചവന് പരിപൂര്‍ണ്ണ കഴിവുണ്ട്. ശേഷം വീണ്ടും ലോകാവസാനത്തിന്‍റെ ചില അവസ്ഥകള്‍ വിവരിച്ചിരിക്കുന്നു. തുടര്‍ന്ന് ആകാശ-ഭൂമികളെ കൊണ്ട് മറ്റൊരു സത്യം ചെയ്ത് പറയുന്നു: പരലോകത്തെ കുറിച്ച് ഉണര്‍ത്തപ്പെടുന്നതിനെ കളിയും തമാശയുമായി കാണരുത്. പരലോകം ഒരു യാഥാര്‍ത്ഥ്യമാണ്. അത് വന്നണയുക തന്നെ ചെയ്യും. സൂറത്തിന്‍റെ അവസാനത്തില്‍ നിഷേധികളുടെ ഒരു സംശയത്തിന് മറുപടി നല്‍കുന്നു. നിഷേധത്തിന്‍റെ പേരില്‍ പടച്ചവന്‍ ഇഹലോകത്ത് ശിക്ഷിക്കാത്തത് എന്ത് കൊണ്ടാണ്.? അല്ലാഹു പറയുന്നു: ഇത് അവര്‍ക്കുള്ള ഒരു ഇളവാണ്.
ആദ്യത്തെ സത്യത്തില്‍ ആകാശത്തോടൊപ്പം ത്വാരിഖിനെ കൊണ്ട് സത്യം ചെയ്തിരിക്കുന്നു. ത്വാരിഖിന്‍റെ അര്‍ത്ഥം രാത്രിയില്‍ വരുന്നതെന്നാണ്. നക്ഷത്രങ്ങള്‍ പകലില്‍ മറഞ്ഞിരിക്കുന്നത് കൊണ്ടാണ് അതിന് ഈ പേര് വന്നത്. തുടര്‍ന്നുള്ള ആയത്തുകളില്‍ അതുകൊണ്ടുള്ള ഉദ്ദേശം നക്ഷത്രമാണെന്ന് വിവരിക്കുകയും ചെയ്തിരിക്കുന്നു. ചിലര്‍ അത് കൊണ്ടുള്ള ഉദ്ദേശം സുറയ്യ, സുഹല്‍ നക്ഷത്രമാണെന്ന് പറഞ്ഞിരിക്കുന്നു.
............. 4. ഇതിന്‍റെ ഉദ്ദേശം മനുഷ്യ കര്‍മ്മങ്ങള്‍ എഴുതി സൂക്ഷിക്കുന്ന മലക്കുകളാണ്. നാശ-നഷ്ടങ്ങളില്‍ നിന്നും സൂക്ഷിക്കുന്ന മലക്കുകള്‍ എന്നും ആശയമുണ്ട്. ഒന്നാമത്തെ ആശയമനുസരിച്ച് ഇതുകൊണ്ടുള്ള ഉദ്ദേശം എഴുത്തുകാരായ മലക്കുകളാണ്. രണ്ടാമത്തെ ആശയമനുസരിച്ച് ഇതുകൊണ്ടുള്ള ഉദ്ദേശം അല്ലാഹു മനുഷ്യരുടെ സംരക്ഷണത്തിന് വേണ്ടി നിശ്ചയിച്ചിട്ടുള്ള മലക്കുകളാണ്. അല്ലാഹു വിധിച്ച് കഴിഞ്ഞ നാശ-നഷ്ടങ്ങളല്ലാത്ത എല്ലാ അപകടങ്ങളില്‍ നിന്നും ഈ മലക്കുകള്‍ മനുഷ്യരെ സംരക്ഷിക്കുന്നു. ....... (റഅദ് 11) റസൂലുല്ലാഹി (സ്വ) അരുളി: ഓരോ സത്യവിശ്വാസിക്കും അല്ലാഹു നൂറ്റി അറുപത് മലക്കുകളെ സംരക്ഷണത്തിന് വേണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. അവ മനുഷ്യന്‍റെ ഓരോ അവയവങ്ങളെയും സംരക്ഷിക്കുന്നു. അവയില്‍ ഏഴ് മലക്കുകള്‍ കണ്ണിനെ സംരക്ഷിക്കാനുള്ളതാണ്. (ഖുര്‍തുബി).
........... 6. 7. ഈ ആയത്തുകള്‍ക്ക് പൊതു മുഫസ്സിറുകള്‍ പുരുഷന്‍റെ മുതുകില്‍ നിന്നും സ്ത്രീകളുടെ നെഞ്ചില്‍ നിന്നും പുറപ്പെടുന്ന ഇന്ദ്രിയം എന്നാണ് ആശയം പറഞ്ഞിരിക്കുന്നത്. എന്നാല്‍ സമര്‍ത്ഥരായ വൈദ്യന്മാര്‍ പറയുന്നു: ഇന്ദ്രിയം മനുഷ്യന്‍റെ ഓരോ അവയവത്തില്‍ നിന്നും പുറപ്പെടുന്നതും അതിലൂടെ അവയവങ്ങള്‍ ഉണ്ടായിത്തീരുന്നതുമാണ്. പക്ഷെ, ഏറ്റവും കൂടുതല്‍ അംശം തലച്ചോറില്‍ നിന്നായിരിക്കും. അത് കൊണ്ട് തന്നെ ഇന്ദ്രിയം അധികമായി പുറപ്പെടുന്നവരുടെ മസ്തിഷ്കത്തില്‍ ബലഹീനത സംഭവിക്കാറുണ്ട്. വൈദ്യന്മാരുടെ ഈ നിഗമനം ശരിയാണെങ്കില്‍ മുഫസ്സിറുകളുടെ അഭിപ്രായത്തിനുള്ള വ്യാഖ്യാനം ഇങ്ങനെയാണ്: ഇന്ദ്രിയം മുഴുവന്‍ അവയവങ്ങളില്‍ നിന്നും വിശിഷ്യാ തലച്ചോറില്‍ നിന്നും പുറപ്പെടുന്നതാണെങ്കിലും അത് സഞ്ചരിച്ച് വരുന്നത് നട്ടെല്ലിലൂടെയാണ്. നട്ടെല്ലിന് നെഞ്ചുമായും മുതുകുമായും ബന്ധമുണ്ട്. (ബൈളാവി). യഥാര്‍ത്ഥത്തില്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ വചനങ്ങളില്‍ ചിന്തിച്ചാല്‍ മനസ്സിലാകുന്ന കാര്യം ഇന്ദ്രിയം മുതുകിന്‍റെയും നെഞ്ചിന്‍റെയും ഇടയിലൂടെ പുറപ്പെടുന്നു എന്ന് മാത്രമാണ്. ഇതില്‍ സ്ത്രീയെന്നോ പുരുഷനെന്നോ പ്രത്യേകത പറയപ്പെട്ടിട്ടില്ല. എല്ലാ അവയവങ്ങളില്‍ നിന്നും ഇന്ദ്രിയം പുറപ്പെട്ട് പ്രധാനപ്പെട്ട ഈ അവയവങ്ങള്‍ക്കിടയിലൂടെ വരുന്നതാണ് എന്ന് പറഞ്ഞാല്‍ രണ്ട് അഭിപ്രായങ്ങളും സമന്വയിപ്പിക്കാന്‍ സാധിക്കുന്നതാണ്.
.......... 8. അതായത് സര്‍വ്വ ലോക സ്രഷ്ടാവ് ആദ്യം മനുഷ്യനെ ഇന്ദ്രിയത്തില്‍ നിന്നും സൃഷ്ടിച്ചത് പോലെ മരണാനന്തരം ജീവിപ്പിക്കാന്‍ തീര്‍ത്തും കഴിവുള്ളവനാണ്.
..9. മനുഷ്യന്‍റെ വിശ്വാസ-വീക്ഷണങ്ങളും ഉദ്ദേശ-ലക്ഷ്യങ്ങളും ഈ ലോകത്ത് മറഞ്ഞിരിക്കുന്നതാണ്. ആര്‍ക്കും അത് ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നതല്ല. ഇപ്രകാരം ഈ ലോകത്ത് രഹസ്യമായി ചെയ്യുന്ന കര്‍മ്മങ്ങളും ആരും അറിയുകയില്ല. എന്നാല്‍ മഹ്ശര്‍ വന്‍സഭയില്‍ അതെല്ലാം വെളിവാക്കപ്പെടുന്നതാണ്. ഇബ്നു ഉമര്‍ (റ) പറയുന്നു: അല്ലാഹു ഖിയാമത്ത് ദിനം മനുഷ്യന്‍റെ സര്‍വ്വ രഹസ്യങ്ങളും പരസ്യമാക്കുന്നതാണ്. നല്ലതും ചീത്തയുമായ മുഴുവന്‍ വിശ്വസ-കര്‍മ്മങ്ങളുടെയും അടയാളം മനുഷ്യന്‍റെ മുഖത്ത് പ്രകടമാക്കുന്നതാണ്. (ഖുര്‍തുബി).
............ 11. ഇത് കൊണ്ടുള്ള ഉദ്ദേശം തുടരെ തുടരെ പെയ്യുന്ന മഴയാണ്. ഒരു പ്രാവശ്യം പെയ്തതിന് ശേഷം കുറേ നാളുകള്‍ക്ക് ശേഷം വീണ്ടും പെയ്യുന്നു.
..... 13. പരിശുദ്ധ ഖുര്‍ആന്‍ സത്യാസത്യങ്ങളെ വിവേചിക്കുകയും സംശയത്തിന് സാധ്യതയില്ലാത്ത നിലയില്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. അലിയ്യ് (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: പരിശുദ്ധ ഖുര്‍ആനില്‍ നിങ്ങള്‍ക്ക് മുമ്പുള്ളവരെ കുറിച്ചുള്ള വൃത്താന്തമുണ്ട്. നിങ്ങള്‍ക്ക് ശേഷമുള്ള കാര്യങ്ങളുടെ വിവരണമുണ്ട്. ഖുര്‍ആന്‍ സുവ്യക്തമാണ്. കളിയും തമാശയുമല്ല. (ഖുര്‍തുബി). (1391 ശവ്വാല്‍ 17)
അല്‍ അഅ്ലാ.
1....................... അതായത് രക്ഷിതാവിന്‍റെ നാമത്തെ ആദരിക്കുക. ഇലാഹീ നാമം പറയുമ്പോള്‍ വിനയവും ഭക്തിയും മര്യാദയും മുറുകെ പിടിക്കുക. പടച്ചവന് യോജിക്കാത്ത സകല കാര്യങ്ങളില്‍ നിന്നും ഇതിനെ പരിശുദ്ധമാക്കി വെയ്ക്കുക. അല്ലാഹു അവന് വേണ്ടി വിവരിച്ചിട്ടുള്ളതോ റസൂലുല്ലാഹി (സ്വ) പഠിപ്പിച്ചിട്ടുള്ളതോ ആയ നാമങ്ങള്‍ കൊണ്ട് മാത്രം അല്ലാഹുവിനെ വിളിക്കുക എന്നും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചില മഹാന്മാര്‍ ഈ ആയത്തിനെ രക്ഷിതാവിന്‍റെ നാമം പരിശുദ്ധപ്പെടുത്തുക എന്നതിന് രക്ഷിതാവിനെ പരിശുദ്ധിപ്പെടുത്തുക എന്നും ആശയം പറഞ്ഞിട്ടുണ്ട്. അറബി നിയമമനുസരിച്ച് ഇതും ശരിയാണ്. പരിശുദ്ധ ഖുര്‍ആനിലും ഈ ആശയത്തില്‍ അല്ലാഹുവിന്‍റെ നാമം എന്നതിനെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റസൂലുല്ലാഹി (സ്വ) ഇതിനെ സുജൂദിലാക്കുക എന്ന് അരുളിയത്. (ഖുര്‍തുബി). ഈ ആയത്തുമായി ബന്ധപ്പെട്ട ഏതാനും മസ്അലകള്‍ ശ്രദ്ധിക്കുക:
1. ഈ സൂറത്തിലെ ആദ്യത്തെ ആയത്ത് നമസ്കാരമല്ലാത്ത അവസ്ഥയില്‍ ആരെങ്കിലും പാരായണം ചെയ്യുന്നത് കേട്ടാല്‍ സുബ്ഹാന റബ്ബിയല്‍ അഅ്ലാ എന്ന് പറയുന്നത് പ്രിയങ്കരമാണ്. ഇബ്നു അബ്ബാസ് (റ), ഇബ്നു ഉമര്‍ (റ), ഇബ്നു സുബൈര്‍ (റ) തുടങ്ങിയ സ്വഹാബികള്‍ ഇപ്രകാരം ചെയ്യുമായിരുന്നു. (ഖുര്‍തുബി).
2. ഉഖ്ബത്ത് ബിന്‍ ആമിര്‍ (റ) വിവരിക്കുന്നു. ഈ സൂറത്ത് അവതരിച്ചപ്പോള്‍ റസൂലുല്ലാഹി (സ്വ) അരുളി: നിങ്ങളുടെ സുജൂദില്‍ ഈ ആയത്തിന് അനുസൃതമായത് (സുബ്ഹാന റബ്ബിയല്‍ അഅ്ലാ) എന്ന് പറയുക. (അബൂ ദാവൂദ്).
3. അല്ലാഹു പഠിപ്പിച്ച നാമങ്ങളല്ലാത്തത് കൊണ്ട് അല്ലാഹുവിനെ സ്മരിക്കാന്‍ പാടില്ലാത്തത് പോലെ അല്ലാഹുവിനുള്ള നാമങ്ങള്‍ ഏതെങ്കിലും സൃഷ്ടികള്‍ക്ക് ഉപയോഗിക്കുന്നതും അല്ലാഹുവിന്‍റെ വിശുദ്ധിക്ക് എതിരാണ്. അതുകൊണ്ട് അത് അനുവദനീയമല്ല. (ഖുര്‍തുബി). ഉദാഹരണത്തിന് റഹ്മാന്‍, റസ്സാഖ്, ഗഫ്ഫാര്‍, ഖുദ്ദൂസ് മുതലായ നാമങ്ങള്‍ അല്ലാഹുവല്ലാത്തവര്‍ക്ക് ഉപയോഗിക്കരുത്. ഇന്ന് ഈ വിഷയത്തില്‍ വലിയ അശ്രദ്ധ കാണപ്പെടുന്നുണ്ട്. ജനങ്ങള്‍ക്ക് നാമങ്ങളുടെ ചുരുക്കം ഉപയോഗിക്കാനാണ് താല്‍പര്യം. അബ്ദുര്‍റഹ്മാന്‍, അബ്ദുര്‍റസ്സാഖ്, അബ്ദുല്‍ ഗഫ്ഫാര്‍ മുതലായ പേരുകള്‍ ഒരു മടിയും കൂടാതെ റഹ്മാന്‍, റസ്സാഖ്, ഗഫ്ഫാര്‍ എന്ന് പറയുന്നു. ഇത് പറയുന്നവരും കേള്‍ക്കുന്നവരും പാപിയാകുന്നതും യാതൊരു രസവുമില്ലാത്ത പാപം ചെയ്തവരാകുന്നതുമാണ്.
പ്രപഞ്ച സൃഷ്ടിപ്പിലെ സൂക്ഷ്മമായ തത്വങ്ങള്‍:
2,3,............... ഈ ആയത്തുകളില്‍ സമുന്നതനായ രക്ഷിതാവിന്‍റെ പ്രപഞ്ച സൃഷ്ടിപ്പില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങളുമായി ബന്ധപ്പെട്ട ഗുണങ്ങള്‍ വിവരിക്കുകയാണ്. ഒന്നാമത്തെ ഗുണം, അല്ലാഹു പടച്ചു എന്നതാണ്. അതായത് മുമ്പ് യാതൊന്നുമില്ലാതിരുന്ന ഇല്ലായ്മയില്‍ നിന്നും സൃഷ്ടികളെ പടച്ചു. സൃഷ്ടികള്‍ക്കാര്‍ക്കും ഈ കഴിവില്ല. രണ്ടാമത്തെ ഗുണം, നേരെയാക്കി എന്നതാണ്. അതായത് ഓരോ വസ്തുവിനെയും അതിന്‍റെ ആവശ്യമായ വണ്ണത്തിലും രൂപത്തിലും അവയവങ്ങളിലും സൃഷ്ടിച്ചു. എല്ലാ സൃഷ്ടികള്‍ക്കും ആവശ്യമായതെല്ലാം നല്‍കുകയും അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. കൈകാലുകളിലും വിരലുകളിലും സന്ധികളിലും ചിന്തിച്ചാല്‍ ഇത് മനസ്സിലാകുന്നതാണ്. മൂന്നാമത്തെ ഗുണം നിശ്ചയിച്ചു എന്നതാണ്. അതായത്, ഓരോ വസ്തുക്കളെയും പടയ്ക്കുകയും നേരെയാക്കുകയും മാത്രമല്ല ഓരോന്നിനെയും പ്രത്യേക കാര്യങ്ങള്‍ക്ക് വേണ്ടി പടയ്ക്കുകയും അതിന് വേണ്ട മാധ്യമങ്ങള്‍ നല്‍കുകയും അതേ ജോലിയില്‍ അവയെ ബന്ധിപ്പിക്കുകയും ചെയ്തു. പടച്ചവന്‍റെ എല്ലാ സൃഷ്ടികളിലും ഇത് കാണാന്‍ കഴിയുന്നതാണ്. ആകാശം, നക്ഷത്രം, ഇടി, മഴ തുടങ്ങി മനുഷ്യന്‍, ജീവികള്‍, ചെടികള്‍, വസ്തുക്കള്‍ എല്ലാത്തിലും ഇത് കാണാന്‍ സാധിക്കുന്നതാണ്. വിശിഷ്യാ, മനുഷ്യരും ഇതര ജീവികളും അവയുടെ കര്‍മ്മ മണ്ഡലത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. നാലാമത്തെ കാര്യം മാര്‍ഗ്ഗം കാണിച്ചുകൊടുത്തു എന്നതാണ്. അതായത്, ഓരോന്നും അതിന്‍റെ ദൗത്യം നിര്‍വ്വഹിക്കേണ്ടതെങ്ങനെയെന്ന് മനസ്സിലാക്കിക്കൊടുത്തു. മനുഷ്യനുള്ള അത്രയുമില്ലെങ്കിലും ആകാശ-ഭൂമികളിലെ സര്‍വ്വ സൃഷ്ടികള്‍ക്കും അല്ലാഹു പ്രത്യേകതരം ബുദ്ധിയും ബോധവും നല്‍കുകയും അവയ്ക്ക് മാര്‍ഗ്ഗ ദര്‍ശനം കൊടുക്കുകയും ചെയ്തിരിക്കുന്നു. ഈ മാര്‍ഗ്ഗ ദര്‍ശനം കാരണമായിട്ടാണ് ആകാശ-ഭൂമികളും നക്ഷത്രങ്ങളും ഗോളങ്ങളും അരുവികളും പര്‍വ്വതങ്ങളും എല്ലാം അതാതിന്‍റെ സേവനങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് ഇക്കാരണത്താലാണ്. മനുഷ്യനും ജീവികളും ഈ വിഷയത്തില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്നു. പടച്ചവന്‍ ഓരോന്നിന്‍റെയും ജീവിത ആവശ്യങ്ങളും താമസ സൗകര്യങ്ങളും വികാര പൂര്‍ത്തീകരണങ്ങളും നടത്താനുള്ള വഴികള്‍ യാതൊരു മാധ്യമവുമില്ലാതെ പഠിപ്പിച്ചിരിക്കുന്നു. അതെ, ഇവയൊന്നും ഏതെങ്കിലും പാഠശാലകളില്‍ നിന്നോ ഗുരുനാഥന്മാര്‍ വഴിയോ പഠിക്കുന്നതല്ല. ഇതെല്ലാം പടച്ചവന്‍റെ പൊതുവായ മാര്‍ഗ്ഗ ദര്‍ശനത്തിന്‍റെ ഫലമാണ്. ............ ത്വാഹ 50
ശാസ്ത്ര വിജ്ഞാനങ്ങളും പടച്ചവന്‍റെ ദാനമാണ്.
അല്ലാഹു മനുഷ്യര്‍ക്ക് ഇതര സൃഷ്ടികളെക്കാള്‍ കൂടുതല്‍ ബുദ്ധിയും ബോധവും അല്ലാഹു നല്‍കിയിരിക്കുന്നു. അല്ലാഹു മനുഷ്യനെ സര്‍വ്വ സൃഷ്ടികളുടെയും നായകനാക്കി. ഭൂമി, പര്‍വ്വതം, അരുവി തുടങ്ങി സര്‍വ്വ വസ്തുക്കളും മനുഷ്യന്‍റെ സേവനത്തിനുള്ളതാണ്. എന്നാല്‍ ഇതിനെ പരിപൂര്‍ണ്ണമായി പ്രയോജനപ്പെടുത്താനും വ്യത്യസ്ത വസ്തുക്കളെ കൂട്ടിയിണക്കി പുത്തന്‍ വസ്തുക്കളെയുണ്ടാക്കാനും വലിയ അറിവും സാമര്‍ത്ഥ്യവും ആവശ്യമാണ്. പടച്ചവന്‍ മനുഷ്യന്‍റെയുള്ളില്‍ പ്രകൃതിപരമായി വെച്ചിരിക്കുന്ന ബുദ്ധിയും ബോധവുമുപയോഗിച്ച് മനുഷ്യന്‍ പര്‍വ്വതങ്ങളെ കീറി മുറിക്കുകയും സമുദ്രങ്ങളിലേക്ക് ആണ്ടിറങ്ങുകയും ചെയ്ത് ധാരാളം നിധികള്‍ കരസ്ഥമാക്കുകയും ചെയ്യുന്നു. മരം, ഇരുമ്പ്, പിത്തള മുതലായവ കൂട്ടിയിണക്കി ആവശ്യങ്ങള്‍ക്കുള്ള നൂതന വസ്തുക്കള്‍ ഉണ്ടാക്കുന്നു. ഈ അറിവും കഴിവും ലഭിക്കുന്നതിന് ശാസ്ത്രജ്ഞന്മാരുടെ ഗവേഷണങ്ങളും കോളേജുകളിലെ പഠനങ്ങളും വേണമെന്ന് നിര്‍ബന്ധമില്ല. ലോകത്തിന്‍റെ തുടക്കം മുതല്‍ എഴുത്തും വായനയും അറിയാത്ത സാധാരണക്കാര്‍ പോലും ഈ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. ഇത് പ്രകൃതിപരമായ ഒരു ശാസ്ത്രമാണ്. പടച്ചവന്‍ എല്ലാവര്‍ക്കും പ്രകൃതിപരമായിത്തന്നെ ഇതിന്‍റെ ശേഷി കൊടുത്തിരിക്കുന്നു. പിന്നീട് വൈജ്ഞാനിക ഗവേഷണങ്ങളിലൂടെ ഇതില്‍ മനുഷ്യന്‍ ധാരാളം മുന്നേറി. ഇതും പടച്ചവന്‍റെ ദാനം തന്നെയാണ്. ശാസ്ത്രം ഒന്നിനെയും ഉണ്ടാക്കുന്നില്ല, പ്രപഞ്ചത്തിലുള്ള വസ്തുക്കളെ പ്രയോജനപ്പെടുത്താന്‍ പഠിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇവ പ്രയോജനപ്പെടുത്താനുള്ള അടിസ്ഥാനപരമായ അറിവുകള്‍ പടച്ചവന്‍ പ്രകൃതി പരമായി തന്നെ മനുഷ്യനില്‍ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ ശാസ്ത്ര ഗവേഷണങ്ങളിലൂടെ മുന്നേറാനും ഉയരാനും വിശാലമായ മേഖലയും ഒരുക്കിത്തന്നിരിക്കുന്നു. കൂട്ടത്തില്‍ മനുഷ്യപ്രകൃതിയില്‍ അതിനെ മനസ്സിലാക്കാനുള്ള ശേഷിയും നിക്ഷേപിച്ചിരിക്കുന്നു. ഇവയുടെ ഫലങ്ങളാണ് ഈ ശാസ്ത്ര യുഗത്തില്‍ നവനൂതന നിര്‍മ്മിതികളായി ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. വരും കാലത്ത് ഇനി എന്തെല്ലാം കാണുമെന്ന് അറിയില്ല. ഇവിടെ നാം ചിന്തിക്കുക: അല്ലാഹു മനുഷ്യന് ഈ കാര്യങ്ങളുടെയെല്ലാം വഴി കാണിക്കുകയും മുന്നേറാനുള്ള യോഗ്യത നല്‍കുകയും ചെയ്തു എന്ന ഖുര്‍ആനിക വചനത്തിന്‍റെ പുലര്‍ച്ചയാണ് ഇതെല്ലാം. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ, ശാസ്ത്രവുമായി ബന്ധപ്പെട്ടവര്‍ ഈ യാഥാര്‍ത്ഥ്യത്തെ അറിയുന്നില്ലെന്ന് മാത്രമല്ല പലരും ഇതില്‍ അന്ധന്മാരും ആണ്.
4,5.... ഈ ആയത്തുകളില്‍ ചെടികളുമായി ബന്ധപ്പെട്ട അല്ലാഹുവിന്‍റെ കഴിവും തന്ത്രജ്ഞതയും വിവരിക്കുകയാണ്. അതായത് ഭൂമിയില്‍ നിന്നും ഹരിത വര്‍ണ്ണത്തിലുള്ള പുല്ലുകള്‍ പുറപ്പെടുവിച്ചു. പിന്നീട് അതിനെ ഉണക്കി കറുപ്പിച്ച് കളഞ്ഞു. ഇതും അല്ലാഹുവിന്‍റെ അപാരമായ കഴിവിനെ വിളിച്ചറിയിക്കുന്നതോടൊപ്പം മനുഷ്യന്‍റെ തുടക്കത്തിലേക്കും ഒടുക്കത്തിലേക്കും സൂചന കൂടിയാണ്. ഉറച്ച ശരീരവും സൗന്ദര്യവും ശാരീരിക ശേഷികളും അല്ലാഹു കനിഞ്ഞരുളി. പിന്നീട് അതെല്ലാം തിരിച്ചെടുക്കുന്നതാണ്.
6, 7.... അല്ലാഹുവിന്‍റെ കഴിവിന്‍റെയും തന്ത്രജ്ഞതയുടെയും ഏതാനും ഉദാഹരണങ്ങള്‍ പറഞ്ഞ ശേഷം റസൂലുല്ലാഹി (സ്വ) ക്ക് പ്രവാചകത്വവുമായി ബന്ധപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്. നിര്‍ദ്ദേശങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനങ്ങള്‍ എളുപ്പമാകുന്നതാണെന്ന സന്തോഷവാര്‍ത്ത നല്‍കുന്നു. തുടക്കത്തില്‍ ഖുര്‍ആന്‍ അവതരിക്കുകയും ജിബ്രീല്‍ (അ) ഖുര്‍ആന്‍ വചനം കേള്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ജിബ്രീല്‍ (അ) പോയതിന് ശേഷം ആയത്തുകള്‍ മറന്നുപോകുമോയെന്ന് റസൂലുല്ലാഹി (സ്വ) ഭയന്നിരുന്നു. അത് കാരണം ജിബ്രീല്‍ (അ) നോടൊപ്പം റസൂലുല്ലാഹി (സ്വ) യും ഖുര്‍ആന്‍ ഓതുമായിരുന്നു. ഇതിനെ കുറിച്ച് അല്ലാഹു പറയുന്നു: പരിശുദ്ധ ഖുര്‍ആന്‍ താങ്കള്‍ ഓര്‍മ്മ വെയ്ക്കുന്നത് അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. താങ്കള്‍ ജിബ്രീല്‍ (അ) പോയതിന് ശേഷം താങ്കളെ കൊണ്ട് ഖുര്‍ആന്‍ നല്ല നിലയില്‍ ഓതിക്കലും മനനം ചെയ്യിക്കലും നമ്മുടെ ജോലിയാണ്. ആകയാല്‍ താങ്കള്‍ ചിന്തിക്കേണ്ടതില്ല. താങ്കള്‍ ഖുര്‍ആനില്‍ നിന്നും ഒന്നും മറക്കുന്നതല്ല. എന്നാല്‍ അല്ലാഹു ചില ആയത്തുകള്‍ നസ്ഖ് ചെയ്യുന്നതാണ്. (ദുര്‍ബലപ്പെടുത്തുന്നതാണ്). ചിലപ്പോള്‍ പഴയ നിയമത്തിന് എതിരായ നിയമം കൊണ്ടുവരുകയോ അല്ലാഹു ഏതെങ്കിലും ആയത്ത് തന്നെ മറപ്പിച്ച് കളയുകയോ ചെയ്യുന്നതും ഇതില്‍ പെടുന്നതല്ല. ഇതാണ് ഇല്ലാ മാ ഷാഅല്ലാഹ് എന്നതിന്‍റെ ഉദ്ദേശം. ചില പണ്ഡിതര്‍ ഇതിന്‍റെ ഉദ്ദേശം ഇപ്രകാരം പറയുന്നു: അല്ലാഹു തആലാ എന്തെങ്കിലും നന്മയുടെ അടിസ്ഥാനത്തില്‍ താല്ക്കാലികമായി ഖുര്‍ആന്‍ ആയത്ത് വല്ലതും മറപ്പിക്കുന്നതും പിന്നീട് അത് ഓര്‍മ്മിപ്പിക്കുന്നതുമാണ്. ഉദാഹരണത്തിന് റസൂലുല്ലാഹി (സ്വ) ഒരിക്കല്‍ നമസ്കരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ആയത്ത് മറന്നുപോയി. അത് ദുര്‍ബലപ്പെട്ട് കാണുമെന്ന് വിചാരിച്ച് ഉബയ്യ് (റ) ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ്വ) അരുളി: ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ല, ഞാന്‍ മറന്നതാണ്. (ഖുര്‍തുബി). ചുരുക്കത്തില്‍ താല്ക്കാലികമായ നിലയില്‍ ഏതെങ്കിലും ആയത്ത് മറക്കലും പിന്നീട് അത് ശരിയായി ഓര്‍ക്കലും ഈ വാഗ്ദാനത്തിന് എതിരല്ല.
8. ....... ഇവിടെ ഇസ്ലാമിക ശരീഅത്താകുന്ന ലളിത സരണി, നാം താങ്കള്‍ക്ക് എളുപ്പമാക്കുന്നതാണ് എന്ന് പറയുന്നതിന് പകരം അതിന് താങ്കളെ എളുപ്പമാക്കുന്നതാണ് എന്ന് പ്രയോഗിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഇതിന്‍റെ ആശയം ഇതാണ്. അല്ലാഹു താങ്കളെ പ്രകൃതിപരമായിത്തന്നെ സജ്ജീകരിക്കുന്നതും ശരീഅത്ത് താങ്കളുടെ പ്രകൃതിയായിത്തീരുന്നതും താങ്കള്‍ അതിന്‍റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെടുന്നതുമാണ്.
9. ..... പ്രവാചക കര്‍മ്മങ്ങള്‍ എളുപ്പമാക്കി എന്ന് പറഞ്ഞതിന് ശേഷം ആ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ കല്പിക്കുകയാണ്. ഉപദേശ-ഉദ്ബോധനങ്ങളാണ് പ്രവാചക ജോലി. ഉപദേശം പ്രയോജനപ്പെടുമെങ്കില്‍ എന്ന് പറഞ്ഞിരിക്കുന്നത് നിബന്ധനയായിട്ടല്ല, ബലപ്പെടുത്താന്‍ വേണ്ടിയാണ്. നീ മനുഷ്യനാണെങ്കില്‍ ഈ ജോലി ചെയ്യണം, നീ ഇന്നയാളുടെ മകനാണെങ്കില്‍ ഇങ്ങനെയായിരിക്കണം എന്ന് പറയുന്നതും നിബന്ധനയ്ക്ക് വേണ്ടിയല്ലല്ലോ.? നീ മനുഷ്യനായതിനാല്‍ അല്ലെങ്കില്‍ നല്ലൊരു വ്യക്തിയുടെ മകനായതിനാല്‍ ഈ ജോലി നീ ചെയ്യണം എന്നതാണ് ഇതിന്‍റെ ഉദ്ദേശം. ഇപ്രകാരം ഈ ആയത്തിന്‍റെ ആശയമിതാണ്: ഉപദേശ-ഉദ്ബോധനങ്ങള്‍ പ്രയോജനപ്പെടും എന്ന കാര്യം ഉറപ്പാണ്. ആകയാല്‍ പ്രയോജന പ്രദമായ ഈ കാര്യത്തെ ഒരു അവസരത്തിലും താങ്കള്‍ ഉപേക്ഷിക്കരുത്.
14, 15 ................ ഈ ആയത്തിലെ പരിശുദ്ധി കൊണ്ടുള്ള ഉദ്ദേശം വിശ്വാസത്തിന്‍റെയും സ്വഭാവത്തിന്‍റെയും പരിശുദ്ധിയാണ്. സകാത്ത്, സമ്പത്ത് പരുശുദ്ധമാക്കുന്നതിനാല്‍ അതും ഇതില്‍ പെടുന്നതാണ്. നമസ്കാരം എന്നതില്‍ എല്ലാം പെടുമെങ്കിലും ചിലര്‍ ഇതുകൊണ്ടുള്ള ഉദ്ദേശം പെരുന്നാള്‍ നമസ്കാരമാണെന്ന് പറയുന്നു. പെരുന്നാള്‍ നമസ്കാരവും ഇതില്‍ പെടുന്നതാണ്.
16, 17. .... ഇബ്നു മസ്ഊദ് (റ) പറയുന്നു: പൊതുവില്‍ ജനങ്ങള്‍ ഇഹലോകത്തിന് പരലോകത്തേക്കാള്‍ മുന്‍ഗണന കൊടുക്കാന്‍ കാരണം, ഇഹലോകം രൊക്കവും മുന്നിലുള്ളതും പരലോകം മറഞ്ഞതും പിന്നീട് വരുന്നതും ആയതിനാലാണ്. യഥാര്‍ത്ഥത്തില്‍ വിവരമില്ലാത്തവരാണ് മറഞ്ഞതിനേക്കാള്‍ മുമ്പിലുള്ളതിന് മുന്‍ഗണന കൊടുക്കുന്നത്. കാരണം, മറഞ്ഞിരിക്കുന്നത് അതി ഭയങ്കര പ്രശ്നമാണ്. ഇതില്‍ നിന്നും മനുഷ്യനെ രക്ഷപ്പെടുത്തുന്നതിനാണ് അല്ലാഹു ഗ്രന്ഥങ്ങളും പ്രവാചകന്മാരും വഴിയായി പരലോകത്തിന്‍റെ അവസ്ഥകള്‍ വ്യക്തമാക്കി തന്നിരിക്കുന്നത്. അല്ലാഹു അറിയിക്കുന്നു: നിങ്ങള്‍ രൊക്കമായി കണ്ട് മുന്‍ഗണന കൊടുക്കുന്ന വസ്തുക്കള്‍ വില കുറഞ്ഞതും പെട്ടെന്ന് അവസാനിക്കുന്നതുമാണ്. അതിലേക്ക് മനസ്സിനെ തിരിക്കുകയും ശേഷി ചിലവഴിക്കുകയും ചെയ്യുന്നത് ബുദ്ധിമാന്‍റെ സ്വഭാവമല്ല. നിങ്ങള്‍ എന്തിനെയാണ് തെരഞ്ഞെടുക്കുന്നതെന്നും എന്തിനെയാണ് ഉപേക്ഷിക്കുന്നതെന്നും നിങ്ങള്‍ ചിന്തിക്കുക. ഒന്നാമതായി, ഇഹലോകത്തെ സുഖ സൗകര്യങ്ങള്‍ എത്ര വലുതാണെങ്കിലും അവയിലും കഷ്ടപ്പാടുകളും ദുഃഖങ്ങളും കലര്‍ന്നിരിക്കും. രണ്ടാമതായി, ഭൗതിക സുഖ സൗകര്യങ്ങള്‍ക്ക് യാതൊരു സ്ഥിരതയുമില്ല. ഇന്നത്തെ രാജാവ് നാളത്തെ ദരിദ്രനും ഇന്നത്തെ യുവാവ് നാളത്തെ വൃദ്ധനുമാകുന്നത് നാം ദിവസവും കണ്ടുകൊണ്ടിരിക്കുന്നു. പരലോകം ഈ രണ്ട് ന്യൂനതകളില്‍ നിന്നും പരിശുദ്ധമാണ്. അവിടുത്തെ എല്ലാ സുഖ സൗകര്യങ്ങളും നന്മ മാത്രമാണ്. ഇഹലോകത്തെ സുഖ സൗകര്യങ്ങളുമായി അവയ്ക്ക് യാതൊരു ബന്ധവുമില്ല. ഇതിനേക്കാളും വലിയ കാര്യം അത് കാലാകാലം നിലനില്‍ക്കുന്നതാണ്. നമ്മോട് ആരെങ്കിലും ഇപ്രകാരം പറഞ്ഞുവെന്ന് സങ്കല്‍പ്പിക്കുക: നിങ്ങളുടെ മുമ്പില്‍ രണ്ട് വീടുകളുണ്ട്. ഒന്ന്, വളരെ സുന്ദരവും സൗകര്യ പൂര്‍ണ്ണവുമാണ്. രണ്ട്, വില കുറഞ്ഞ ചെറിയ വീടാണ്. സൗകര്യങ്ങളും സാധനങ്ങളും അവിടെ തുലോം കുറവാണ്. ഇതിലേത് വേണമെങ്കിലും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. പക്ഷെ, ബംഗ്ലാവ് രണ്ട് മാസത്തേക്ക് മാത്രമുള്ളതാണ്. ശേഷം ഒഴിഞ്ഞ് തരണം. ചെറിയ വീട് നിങ്ങളുടെ ശാശ്വത ഉടമസ്ഥതയിലുള്ളതാണ്.! ഇത്തരുണത്തില്‍ ബുദ്ധിയുള്ളവനാണെങ്കില്‍ നാം ഏതിനാണ് മുന്‍ഗണന കൊടുക്കുക.? ഇതനുസരിച്ച് ആഖിറത്തിലെ അനുഗ്രഹങ്ങള്‍ ദുന്‍യാവിനെക്കാള്‍ കുറഞ്ഞതായിരുന്നാല്‍ തന്നെ അത് ശാശ്വതമായതിനാല്‍ അതിന് നാം മുന്‍ഗണന കൊടുക്കുന്നതാണ്. അപ്പോള്‍ പരലോകത്തെ അനുഗ്രഹങ്ങള്‍ ഇഹലോകത്തെക്കാള്‍ ശ്രേഷ്ഠവും ശാശ്വതവുമാണെങ്കില്‍ അതിനെ ഉപേക്ഷിച്ച് ഭൗതിക അനുഗ്രഹങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നവര്‍ ആരാണ്.?
അവസാനമായി പറയുന്നു: ഈ സൂറത്തിലെ എല്ലാ വിഷയങ്ങളും അല്ലെങ്കില്‍ പരലോകത്തെയും ഇഹലോകത്തെയും കുറിച്ച് അവസാനം പറഞ്ഞ കാര്യം ഗതകാല ഏടുകളിലും ഉണ്ടായിരുന്നു. വിശിഷ്യാ, ഇബ്റാഹീം (അ), മൂസാ (അ) ഇവരുടെ ഏടുകളില്‍ ഇതുണ്ടായിരുന്നു. മൂസാ നബിയുടെ ഏട് കൊണ്ടുള്ള ഉദ്ദേശം ഒന്നുകില്‍ തൗറാത്തിന് മുമ്പ് അവതരിച്ച ഏടുകളാണ്. അല്ലെങ്കില്‍ തൗറാത്ത് തന്നെയാണ്.
ഇബ്റാഹീമീ, മൂസവീ ഏടുകളിലെ ചില സന്ദേശങ്ങള്‍:
അബൂ ദര്‍റ് (റ) നിവേദനം. ........ ഖുര്‍ആനിന്‍റെ മഹത്വങ്ങള്‍ എന്ന കിതാബില്‍ നിന്നും ഉദ്ധരിക്കുക.
(1391 ശഅ്ബാന്‍ 18)
2, 3. .... ഈ ആയത്തുകളില്‍ ഖിയാമത്ത് നാളില്‍ നിഷേധികളുടെ അവസ്ഥ വിവരിക്കുകയാണ്. ഒന്നാമത്തെ അവസ്ഥ, ഈ ലോകത്ത് പടച്ചവന് മുമ്പാകെ വിനയം തെരഞ്ഞെടുക്കാത്തവര്‍ നാളെ പരലോകത്തില്‍ അതിന്‍റെ ശിക്ഷയെന്നോണം അവിടെ അവരുടെ മുഖങ്ങളില്‍ നിന്ദ്യതയുടെ അടയാളങ്ങള്‍ പ്രകടമാകുന്നതാണ്. രണ്ടാമത്തെയും മൂന്നാമത്തെയും അവസ്ഥകള്‍ അവര്‍ ജോലി ചെയ്ത് ക്ഷീണിച്ചിരിക്കും. ഇത് ഇഹലോകത്തെ അവസ്ഥയാണ് എന്ന് വ്യക്തമാണ്. കാരണം പരലോകത്ത് യാതൊരു ജോലിയും അധ്വാനവുമില്ല. അത് കൊണ്ട് തന്നെ ഇമാം ഖുര്‍തുബി മുതലായ മുഫസ്സിറുകള്‍ പറയുന്നു: ഒന്നാമത്തെ അവസ്ഥ പരലോകത്തിലുള്ളതാണ്. രണ്ട്, മൂന്ന് അവസ്ഥകള്‍ അവരുടെ ഇഹലോകത്തെ കുറിച്ചുള്ളതാണ്. കാരണം, ധാരാളം നിഷേധികളും ബഹുദൈവാരാധകരും അസത്യത്തിന്‍റെ മാര്‍ഗ്ഗങ്ങളിലും ബഹുദൈവാരാധനകളിലും കഠിനമായ ത്യാഗങ്ങള്‍ ചെയ്യുന്നവരാണ്. ഹൈന്ദവരിലെ യോഗികളും നസ്രാണികളിലെ പുരോഹിതരുമായ പലരും ആരാധനകളില്‍ കഠിനമായ ത്യാഗങ്ങളും പരിശ്രമങ്ങളും നടത്തുന്നവരാണ്. പക്ഷെ, അവരുടെ ആരാധനകള്‍ ബഹുദൈവാരാധനയുമായി ബന്ധപ്പെട്ടതും അസത്യ മാര്‍ഗ്ഗത്തിലുമായതിനാല്‍ അല്ലാഹുവിങ്കല്‍ അതിന് യാതൊരു പ്രതിഫലവും ലഭിക്കുന്നതല്ല. വലിയ ത്യാഗത്തിന്‍റെ മുഖങ്ങളുമായി വരുന്ന അവര്‍ നാളെ അങ്ങേയറ്റം നിന്ദ്യരായിരിക്കുന്നതാണ്. ഹസന്‍ ബസ്വരി (റഹ്) വിവരിക്കുന്നു. ഉമറുല്‍ ഫാറൂഖ് (റ) ശാമില്‍ വന്നപ്പോള്‍ ഒരു ക്രൈസ്തവ പുരോഹിതന്‍ അടുത്തെത്തി. വൃദ്ധനായ അദ്ദേഹത്തിന്‍റെ മുഖത്ത് ആരാധനാ ത്യാഗങ്ങളുടെ അടയാളങ്ങളുണ്ടായിരുന്നു. ശരീരം മെലിഞ്ഞതും വസ്ത്രം താഴ്ന്നതുമായിരുന്നു. ഫാറൂഖ് (റ) അദ്ദേഹത്തെ കണ്ടപ്പോള്‍ കരഞ്ഞുപോയി. എന്തിനാണ് കരയുന്നതെന്ന് ജനങ്ങള്‍ ചോദിച്ചപ്പോള്‍ പ്രസ്താവിച്ചു: എനിക്ക് ഈ വൃദ്ധന്‍റെ മേല്‍ കരുണ തോന്നി. ഇദ്ദേഹം ഇത്ര ത്യാഗം ചെയ്തിട്ടും ലക്ഷ്യമായ പടച്ചവന്‍റെ പൊരുത്തം നേടുന്നില്ലല്ലോ.? തുടര്‍ന്ന് ഈ ആയത്ത് പാരായണം ചെയ്തു. (ഖുര്‍തുബി).
4. നരക വാസികള്‍ക്ക് കുടിക്കാന്‍ കടുത്ത ചൂടുള്ള വെള്ളം കൊടുക്കപ്പെടും. ഇഹലോകത്തെ ചൂട് വെള്ളം പോലെ അതിന്‍റെ ചൂട് കുറയുകയോ അവസാനിക്കുകയോ ഇല്ല. നിരന്തരം നിലനില്‍ക്കുന്നതാണ്.
6. ഇത് കൊണ്ടുള്ള ഉദ്ദേശം ഒരു പ്രത്യേക തരം മുള്ളുകളുള്ള പുല്ലുകളാണ്. അതിന്‍റെ ദുര്‍ഗന്ധവും വിഷമുള്ള മുള്ളുകളും കാരണം ഒരു മൃഗവും അതിനടുത്തേക്ക് പോകുന്നതല്ല. (ഖുര്‍തുബി). നരകാഗ്നിയില്‍ പുല്ല് എങ്ങനെയാണ് മുളയ്ക്കുക എന്ന് ഇവിടെയൊരു സംശയമുണ്ടായേക്കാം. ഇഹലോകത്ത് വെള്ളവും വായുവും കൊണ്ട് പുല്ലിനെ മുളപ്പിക്കുന്ന അല്ലാഹുവിന് നരകത്തില്‍ തീ കൊണ്ട് പുല്ലിനെ മുളപ്പിക്കാന്‍ കഴിവുണ്ട്. ഇവിടെ മറ്റൊരു സംശയം കൂടിയുണ്ടാകാം. പരിശുദ്ധ ഖുര്‍ആനിന്‍റെ ഇതര ഭാഗങ്ങളില്‍ നരവാസികള്‍ക്ക് സഖൂം, ഗിസ്ലീന്‍ മുതലായ ആഹാരങ്ങളുണ്ടെന്ന് പറഞ്ഞിരിക്കേ, ഇവിടെ ളരീഅ് മാത്രമായിരിക്കും അവരുടെ ആഹാരമെന്ന് ചുരുക്കി പറഞ്ഞത് എന്തിനാണ്.? ഭക്ഷിക്കാന്‍ സാധിക്കുന്നതും രുചികരവും ആരോഗ്യദായകവുമായ ആഹാരത്തിന് പകരം ഉദാഹരണമെന്നോണമാണ് ഇതിനെ ഇവിടെ പറഞ്ഞിരിക്കുന്നത്. അതായത്, ആയത്തിന്‍റെ ആശയം ഇപ്രകാരമാണ്: നരകവാസികള്‍ക്ക് ഭക്ഷിക്കാന്‍ പറ്റുന്ന ഒരു ആഹാരവും ലഭിക്കുന്നതല്ല. മറിച്ച്, ളരീഅ് പോലുള്ള പ്രയാസകരവും ഉപദ്രവകരവുമായ ആഹാരം മാത്രം നല്‍കപ്പെടുന്നതാണ്. അത് കൊണ്ട് ഇവിടുത്തെ ഉദ്ദേശം ളരീഅ് മാത്രമെന്ന് പറയലല്ല, സഖൂമും ഗിസ്ലീനും ളരീഇല്‍ തന്നെ പെട്ടതാണ്. ഇമാം ഖുര്‍തുബി പറയുന്നു: നരകത്തില്‍ പല സ്ഥാനങ്ങളുമുണ്ട്.ചിലര്‍ക്ക് ളരീഉം മറ്റ് ചിലര്‍ക്ക് സഖൂമും വേറെ ചിലര്‍ക്ക് ഗിസ്ലീനും നല്‍കപ്പെടുന്നതാണ്.
7. കഴിഞ്ഞ ആയത്തില്‍ നരകവാസികളുടെ ആഹാരം ളരീഅ് ആണെന്ന് പറയപ്പെട്ടപ്പോള്‍ നില നിഷേധികള്‍ പറഞ്ഞു: നമ്മുടെ ഒട്ടകം ഇത് കഴിച്ച് നന്നായി തടിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി ഈ ആയത്തില്‍ അല്ലാഹു പറയുന്നു: അവിടുത്തെ ളരീഅ് ഇവിടുത്തേത് പോലെയല്ല. ആ ളരീഅ് കൊണ്ട് വയര്‍ നിറയ്ക്കുകയോ വിശപ്പ് മാറുകയോ ചെയ്യുന്നതല്ല.
11. നിഷേധം, അസത്യം, അസഭ്യം, അപരാധം, അപവാദം, ആരോപണം ഇങ്ങനെ മനുഷ്യര്‍ക്ക് ഉപദ്രവകരമായ എല്ലാ സംസാരങ്ങളും ഇതില്‍ പെടുന്നതാണ്. ഖുര്‍ആനിന്‍റെ ഇതര സ്ഥലങ്ങളിലും ഇക്കാര്യം വിവരിക്കപ്പെട്ടിട്ടുണ്ട്. (.. ............ വാഖിഅ: 25). പരസ്പരമുള്ള ആരോപണങ്ങളും വേണ്ടാത്ത സംശയങ്ങളും ഉപദ്രവകരമാണെന്നും പാപമാണെന്നും ഈ ആയത്ത് അറിയിക്കുന്നു. അത് കൊണ്ടാണ് സ്വര്‍ഗ്ഗവാസികളെ കുറിച്ച് പറഞ്ഞപ്പോള്‍ ഇത്തരം സംസാരങ്ങളൊന്നും അവിടെ കേള്‍ക്കുന്നതല്ല എന്ന് പ്രത്യേകം എടുത്ത് പറഞ്ഞത്.
ചില ജീവിത മര്യാദകള്‍:
ഇത് സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള വര്‍ണ്ണനയാണെങ്കിലും ജീവിത മര്യാദകളുമായി ബന്ധപ്പെട്ട മഹത്തായ ഒരു അദ്ധ്യായത്തിലേക്ക് സൂചിപ്പിക്കുകയും ചെയ്യുന്നു. അതായത്, വെള്ളം കുടിക്കുന്ന പാത്രങ്ങള്‍ വെള്ളത്തിനടുത്ത് തന്നെ നിശ്ചയിക്കപ്പെട്ട സ്ഥാനത്ത് വെയ്ക്കേണ്ടതാണ്. അവിടെ നിന്നും എടുത്ത് കൊണ്ട് പോകുകയോ മാറ്റി വെയ്ക്കുകയോ ചെയ്യരുത്. പിന്നീട് വെള്ളം കുടിക്കാന്‍ വരുന്നവര്‍ക്ക് ഇത് ഉപദ്രവമുണ്ടാക്കുകയും അവര്‍ അത് അന്വേഷിച്ച് നടക്കുകയും ചെയ്യുന്നതാണ്. കൂടാതെ വീട്ടിലും മറ്റും എല്ലാവരും മൊത്തത്തില്‍ ഉപയോഗിക്കുന്ന ബക്കറ്റ്, മഗ്ഗ്, ഗ്ലാസ്സ്, തോര്‍ത്ത് മുതലായവയും ഉപയോഗിച്ച ശേഷം നിര്‍ണ്ണിത സ്ഥാനത്ത് തന്നെ വെയ്ക്കേണ്ടതാണ്.
17. ഖിയാമത്തിന്‍റെ അവസ്ഥകളും സ്വര്‍ഗ്ഗ-നരക വാസികളുടെ രക്ഷാ-ശിക്ഷകളും വിവരിച്ച ശേഷം വിവരമില്ലാതെ നിഷേധത്തില്‍ കുടുങ്ങിക്കിടക്കുകയും പരലോകത്തെ നിഷേധിക്കുകയും ചെയ്യുന്നവരെ ഉണര്‍ത്തുകയാണ്: നിഷേധികള്‍ മരിച്ച് മണ്ണായ ശേഷം രണ്ടാമത് ജീവിക്കുന്നതിനെ വളരെ വിദൂരമായും അസംഭവ്യമായും കാണുന്നു. എന്നാല്‍ അവര്‍ ആകാശ-ഭൂമികളില്‍ അല്ലാഹുവിന്‍റെ അപാരമായ ശക്തി വൈഭവം വിളിച്ചറിയിക്കുന്ന ദൃഷ്ടാന്തങ്ങളെ നോക്കേണ്ടതാണ്. വിശിഷ്യാ, അറബികള്‍ സാധാരണ ഉപയോഗിക്കുന്ന ഒട്ടകത്തിലേക്ക് നോക്കുക: മണലാരുണ്യത്തില്‍ അതില്‍ കയറി നീണ്ടദൂരം യാത്ര ചെയ്യുന്നു. മേലെ ആകാശവും താഴെ ഭൂമിയുമായ നിലയില്‍ മലഞ്ചെരുവുകളിലൂടെയാണ് അവര്‍ യാത്ര ചെയ്യുന്നത്. ആകയാല്‍ ഒട്ടകത്തോടൊപ്പം ആകാശം, ഭൂമി, മലകള്‍ ഇവയിലേക്കും നോക്കിയാല്‍ അല്ലാഹുവിന്‍റെ അപാരമായ കഴിവ് കണ്ടെത്താന്‍ സാധിക്കുന്നതാണ്. വിശിഷ്യാ, ഒട്ടകത്തില്‍ അല്ലാഹുവിന്‍റെ കഴിവും തന്ത്രജ്ഞതയും അറിയിക്കുന്ന നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. വലിയ ശരീരമുള്ള മൃഗമായിരുന്നിട്ടും ഗ്രാമീണനായ അറബി അതിനെ സുഖമായി വളര്‍ത്തുന്നു. ഇനി ആഹാരമൊന്നും കിട്ടിയില്ലെങ്കില്‍ തന്നെ അത് ഇലകള്‍ കഴിച്ച് ജീവിക്കുന്നതാണ്. മണല്‍കാടുകളില്‍ ജലം വളരെ കുറവാണ്. എല്ലായിടത്തും കിട്ടുകയില്ല. പടച്ചവന്‍ അതിന്‍റെ ഉള്ളില്‍ ഒരു സംഭരണി വെച്ചിട്ടുണ്ട്. അതില്‍ അത് വെള്ളം സൂക്ഷിക്കുകയും ആവശ്യത്തിന് അല്പാല്പം അത് കുടിക്കുകയും ചെയ്യുന്നതാണ്. വലിയ പൊക്കമാണെങ്കിലും അതിന് മുകളിലേക്ക് കയറാന്‍ കോണിയുടെ ആവശ്യമില്ല. അതിന്‍റെ കാലിന്‍റെ മൂന്ന് മടക്കുകളില്‍ ചവിട്ടിക്കൊണ്ട് സുഖമായി കയറാനും ഇറങ്ങാനും സാധിക്കുന്നതാണ്. ഈ മൃഗം വലിയ ത്യാഗിയും ധാരാളം സാധനങ്ങള്‍ ചുമക്കുന്നതുമാണ്. പകലില്‍ കടുത്ത ചൂടായതിനാല്‍ അറബികള്‍ രാത്രിയാണ് യാത്ര ചെയ്യുന്നത്. രാത്രി മുഴുവന്‍ ഉറക്കമൊഴിക്കാന്‍ ഒട്ടകത്തിന് യാതൊരു പ്രയാസവുമില്ല. ഇത് വളരെ സാധു മൃഗം കൂടിയാണ്. കൊച്ച് പെണ്‍കുട്ടിക്ക് പോലും അതിന്‍റെ കയറില്‍ പിടിച്ച് ആഗ്രഹിക്കുന്ന സ്ഥലത്തോട്ട് കൊണ്ടുപോകാന്‍ സാധിക്കും. ചുരുക്കത്തില്‍ ഈ നാല് ദൃഷ്ടാന്തങ്ങള്‍ വളരെ പ്രധാനപ്പെട്ട ദൃഷ്ടാന്തങ്ങളാണ്. സൂറത്തിന്‍റെ അവസാനത്തില്‍ റസൂലുല്ലാഹി (സ്വ) യെ ആശ്വസിപ്പിച്ച് കൊണ്ട് പറയുന്നു: എല്ലാവരെയും നിര്‍ബന്ധിച്ച് സത്യവിശ്വാസിയാക്കാനുള്ള ഉത്തരവാദിത്വം താങ്കളെ ഏല്‍പ്പിച്ചിട്ടില്ല. താങ്കളുടെ ജോലി പ്രബോധനവും ഉപദേശവുമാണ്. താങ്കള്‍ ഇത് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുക. അവരെ വിചാരണ ചെയ്യലും രക്ഷാ-ശിക്ഷകള്‍ നല്‍കലും നമ്മുടെ ജോലിയാണ്.
(1391 ശഅ്ബാന്‍ 19)
അല്‍ അസ്ര്‍
ഈ സൂറത്തിന്‍റെ പ്രത്യേക മഹത്വങ്ങള്‍.!
ഉബയ്ദുല്ലാഹ് (റഹ്) പറയുന്നു. റസൂലുല്ലാഹി (സ്വ) യുടെ സ്വഹാബികളില്‍ രണ്ട് പേര്‍ പരസ്പരം കണ്ട് മുട്ടുമ്പോള്‍ വിട്ട് പിരിയുന്നതിന് മുമ്പായി ഈ സൂറത്ത് പാരായണം ചെയ്യുമായിരുന്നു. (ത്വബ്റാനി). ഇമാം ശാഫിഈ (റഹ്) പറയുന്നു: ജനങ്ങള്‍ ഈ സൂറത്തില്‍ മാത്രം ചിന്തിക്കുകയാണെങ്കില്‍ ഇത് തന്നെ അവര്‍ക്ക് മതിയാകുന്നതാണ്. (ഇബ്നു കസീര്‍). ഈ സൂറത്ത് പരിശുദ്ധ ഖുര്‍ആനിലെ വളരെ ചെറിയ സൂറത്താണെങ്കിലും ഈ സൂറത്ത് പഠിക്കുകയും പകര്‍ത്തുകയും ചെയ്താല്‍ ഇരു ലോകവും നന്നായിത്തീരുന്നതാണ്.
ഈ സൂറത്തില്‍ അല്ലാഹു കാലഘട്ടത്തെ കൊണ്ട് സത്യം ചെയ്ത് പറയുന്നു: മുഴുവന്‍ മാനവരാശിയും വലിയ നഷ്ടത്തിലാണ്. എന്നാല്‍ നാല് കാര്യങ്ങള്‍ മുറുകെ പിടിക്കുന്നവര്‍ ഈ നഷ്ടത്തില്‍ നിന്നും രക്ഷപ്പെടുന്നതാണ്. സത്യവിശ്വാസം, സല്‍കര്‍മ്മം, സത്യത്തിന്‍റെ ഉപദേശം, സഹനതയ്ക്കുള്ള പ്രേരണ. ഇഹത്തിലെയും പരത്തിലെയും നാശ-നഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെടുക മാത്രമല്ല, ഇരുലോകത്തും സമുന്നത വിജയം കരസ്ഥമാക്കാനുള്ള ഈ നാല് ഗുണങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണം സ്വന്തം വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതും മറ്റ് രണ്ടെണ്ണം മറ്റുള്ളവരുമായി ബന്ധപ്പെട്ടതുമാണ്. ഈ വിഷയത്തിന് കാലഘട്ടവുമായി എന്ത് ബന്ധമാണുള്ളത് എന്നതിനെ കുറിച്ച് പൊതുവില്‍ മുഫസ്സിറുകള്‍ പറയുന്നു: മനുഷ്യന്‍റെ സര്‍വ്വ അവസ്ഥകളും വളര്‍ച്ചകളും ചലന-നിശ്ചലനങ്ങളും സ്വഭാവ-കര്‍മ്മങ്ങളും എല്ലാം കാലഘട്ടത്തില്‍ തന്നെയാണ് നടക്കുന്നത്. കൂടാതെ ഈ സൂറത്തില്‍ ഉണര്‍ത്തപ്പെട്ട മഹദ്ഗുണങ്ങളും രാപകലുകളില്‍ നടക്കേണ്ടതാണ്. അത് കൊണ്ടാണ് കാലഘട്ടത്തെ കൊണ്ട് സത്യം ചെയ്തിരിക്കുന്നത്.
കാലഘട്ടവും മനുഷ്യരുടെ നഷ്ടവും തമ്മിലുള്ള ബന്ധം.!
മനുഷ്യന്‍റെ ആയുഷ്കാലം അതിന് വര്‍ഷങ്ങളും മാസങ്ങളും ദിനരാത്രങ്ങളും മാത്രമല്ല, മണിക്കൂറുകളും നിമിഷങ്ങളും മനുഷ്യന്‍റെ മൂലധനമാണ്. ഇതുപയോഗിച്ചാണ് ഇരുലോകത്തെയും സമുന്നതമായ ഗുണഫലങ്ങള്‍ കരസ്ഥമാക്കുന്നത്. ഇവ തിന്മയുടെ വഴിയില്‍ ചിലവഴിച്ചാല്‍ വലിയ നാശ-നഷ്ടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. കവി പറയുന്നു: നിന്‍റെ ജീവിതമെന്നത് എണ്ണപ്പെട്ട ഏതാനും നിമിഷങ്ങളാണ്. ഓരോ ശ്വാസവും വിടുമ്പോള്‍ നിന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം കുറഞ്ഞുകൊണ്ടിരിക്കുന്നു.! അതെ, അല്ലാഹു ഓരോ മനുഷ്യനും അമൂല്യമായ നിമിഷങ്ങള്‍ നല്‍കിക്കൊണ്ട് ഉണര്‍ത്തുന്നു: ബുദ്ധിയും ബോധവും ഉപയോഗിച്ചുകൊണ്ട് ഈ അമൂല്യനിധിയെ പ്രയോജന പ്രദമായ കാര്യങ്ങളില്‍ ചെലവഴിച്ചാല്‍ ഇതിന്‍റെ പ്രയോജനത്തിന് ഒരു അറ്റവും കാണില്ല. തിന്മകളില്‍ ചെലവഴിച്ചാല്‍ ഇവ പ്രയോജനപ്പെടുന്നത് പോകട്ടെ, പാഴാവുകയും കടുത്ത ശിക്ഷയ്ക്ക് കാരണമാകുകയും ചെയ്യുന്നതാണ്. ഇനി നന്മയും തിന്മയുമല്ലാത്ത കാര്യത്തിനാണ് ചെലവഴിക്കുന്നതെങ്കില്‍ കുറഞ്ഞ പക്ഷം ഇത് പാഴായിപ്പോകുന്നതാണ്. റസൂലുല്ലാഹി (സ്വ) അരുളി: എല്ലാവരും രാവിലെ ഉണര്‍ന്ന് അവന്‍റെ ജീവിത നിമിഷങ്ങളെ വില്‍ക്കുകയാണ്. ഒരു കൂട്ടം ആളുകള്‍ കച്ചവടത്തില്‍ വിജയിച്ച് സ്വന്തം ശരീരത്തെ നരകത്തില്‍ നിന്നും മോചിപ്പിക്കുന്നു. മറ്റൊരു കൂട്ടം നാശത്തില്‍ കൊണ്ടിടുന്നു. (മുസ്ലിം). പരിശുദ്ധ ഖുര്‍ആനും സത്യവിശ്വാസത്തെയും സദ്പ്രവര്‍ത്തനങ്ങളെയും കച്ചവടം എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. (സ്വഫ്ഫ് 10). എന്നാല്‍ ഈ കച്ചവട ചരക്കിന് വലിയൊരു പ്രത്യേകതയുണ്ട്, സാധാരണ ചരക്കുകളെ പോലെ ഇന്ന് വിറ്റില്ലെങ്കില്‍ നാളെ വില്‍ക്കാന്‍ കഴിയുന്ന സാധനമല്ല. മറിച്ച് ഓരോ നിമിഷങ്ങള്‍ കഴിയും തോറും ഈ സമ്പത്ത് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ആകയാല്‍ ഈ കച്ചവടത്തില്‍ വളരെ സൂക്ഷ്മതയും പരിശ്രമവും ആവശ്യമാണ്. ഒരു മഹാന്‍ പറയുന്നു: ഞാന്‍ ഐസ് വില്‍ക്കുന്ന ആളുടെ കടയില്‍ പോയപ്പോള്‍ എനിക്ക് സൂറത്തുല്‍ അസ്റിന്‍റെ വിവരണം ഓര്‍മ്മ വന്നു. അദ്ദേഹം അല്പമെങ്കിലും അശ്രദ്ധ കാണിച്ചാല്‍ സമ്പത്ത് മുഴുവന്‍ പാഴായിപ്പോകുന്നതാണ്. ചുരുക്കത്തില്‍ കാലഘട്ടത്തെ കൊണ്ട് സത്യം ചെയ്ത അല്ലാഹു മനുഷ്യനെ ഉണര്‍ത്തുന്നു: നാശ-നഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള നാല് കാര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ചെറിയ ഒരു അശ്രദ്ധ പോലും കാട്ടരുത്. ആയുസ്സിന്‍റെ ഓരോ നിമിഷങ്ങളെയും വിലമതിക്കുകയും ഈ നാല് കാര്യങ്ങളിലായി ചെലവഴിക്കുകയും ചെയ്യുക. കാലഘട്ടത്തെ കൊണ്ട് സത്യം ചെയ്തതില്‍ മറ്റൊരു തത്വം കൂടിയുണ്ട്: അതായത് കാലഘട്ടം വലിയൊരു സാക്ഷിയാണ്. കഴിഞ്ഞ കാലഘട്ടത്തിലേക്ക് നോക്കിയാല്‍ വിവിധ സമുദായങ്ങളുടെ ഉത്ഥാന-പതനങ്ങളും കാണാന്‍ കഴിയും. കൂട്ടത്തില്‍ ഈ നാല് കാര്യങ്ങളും ഉള്ളവര്‍ മാത്രമാണ് വിജയിച്ചതെന്നും അല്ലാത്തവര്‍ പരാജയപ്പെട്ടു എന്നും കാലഘട്ടം സാക്ഷ്യം വഹിക്കുന്നതാണ്.
രക്ഷാമാര്‍ഗ്ഗങ്ങളായ നാല് കാര്യങ്ങളില്‍ സത്യവിശ്വാസവും സല്‍കര്‍മ്മവും ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ വന്നിട്ടുള്ളതിനാല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ അവസാനത്തെ രണ്ട് കാര്യങ്ങളായ സത്യം കൊണ്ടും സഹനത കൊണ്ടുമുള്ള ഉപദേശം പഠനാര്‍ഹമായ വിഷയമാണ്. ഉപദേശം എന്നതിന് തവാസൗ എന്ന വാക്കാണ് ഇവടെ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്‍റെ ആശയം അതീവ ഗൗരവത്തില്‍ ഉപദേശിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്യുക എന്നതാണ്. അത് കൊണ്ടാണ് മരണ നേരത്ത് നല്‍കുന്ന ഉപദേശങ്ങള്‍ക്ക് വസ്വിയ്യത്ത് എന്ന് പറയപ്പെടുന്നത്. സത്യം കൊണ്ടുള്ള ഉപദേശം എന്നാല്‍ ശരിയായ വിശ്വാസങ്ങളും സല്‍കര്‍മ്മങ്ങളും കൊണ്ടുള്ള ഉപദേശവും, സഹനത കൊണ്ടുള്ള ഉപദേശം എന്നാല്‍ തിന്മയില്‍ നിന്നും അകന്ന് നില്‍ക്കാനുള്ള ഉപദേശവുമാണ്. ഇത്തരുണത്തില്‍ ആദ്യത്തെത് കൊണ്ട് നന്മ ഉപദേശിക്കലും രണ്ടാമത്തെത് കൊണ്ട് തിന്മ തടയലുമാണ് ഉദ്ദേശം. ചുരുക്കത്തില്‍, സത്യവിശ്വാസവും സല്‍കര്‍മ്മവും സ്വയം ഉള്‍ക്കൊള്ളുന്നതിനോടൊപ്പം അതുണ്ടാക്കിയെടുക്കാനും അതിനെതിരായ കാര്യങ്ങളെ വര്‍ജ്ജിക്കാനും മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യേണ്ടതാണ്. സത്യം കൊണ്ടുള്ള ഉദ്ദേശം ശരിയായ വിശ്വാസവും, സഹനത കൊണ്ടുള്ള വിവക്ഷ സല്‍കര്‍മ്മങ്ങളിലുള്ള അടിയുറപ്പും ദുഷ്കര്‍മ്മങ്ങളില്‍ നിന്നുള്ള അകല്‍ച്ചയുമാണ് എന്നും പറയപ്പെട്ടിരിക്കുന്നു. ഹാഫിസ് ഇബ്നു തൈമിയ്യ പറയുന്നു: മനുഷ്യനെ സത്യവിശ്വാസ-സല്‍കര്‍മ്മങ്ങളില്‍ നിന്ന് തടയുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒന്ന്, ശുബുഹാത്ത്. (സംശയങ്ങള്‍). അതായത് നന്മകളില്‍ ദുര്‍വ്യാഖ്യാനങ്ങളും അനാവശ്യ സംശയങ്ങളും ഉടലെടുക്കുകയും ആദ്യം വിശ്വാസത്തിലും തുടര്‍ന്ന് സല്‍കര്‍മ്മങ്ങളിലും കുഴപ്പങ്ങള്‍ ഉടലെടുക്കുന്നതുമാണ്. രണ്ട്, ശഹവാത്ത്. (മനോച്ഛകള്‍). മനുഷ്യ മനസ്സിന്‍റെ ഇച്ഛകള്‍ പലപ്പോഴും നന്മകളില്‍ നിന്നും തടയുകയും തിന്മകളില്‍ കുടുക്കുകയും ചെയ്യുന്നതാണ്. തിന്മയെ തെറ്റായി കാണുമെങ്കിലും മനോച്ഛയ്ക്ക് അടിമപ്പെട്ട് അത് ചെയ്യുന്നതാണ്. ഇവിടെ സത്യം കൊണ്ടുള്ള ഉദ്ദേശം, സംശയങ്ങള്‍ ദൂരീകരിക്കലും സഹനത കൊണ്ടുള്ള ഉദ്ദേശം മനോച്ഛയെ വര്‍ജ്ജിക്കലുമാണ്.
രക്ഷയ്ക്ക് പ്രബോധനം അത്യാവശ്യമാണ്.!
ഈ സൂറത്ത് മുസ്ലിംകളെ വലിയൊരു കാര്യം ഉണര്‍ത്തുന്നു: പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അനുസരിച്ച് ജീവിക്കാന്‍ ശ്രദ്ധിക്കുന്നതിനോടൊപ്പം മറ്റുള്ളവരെ നന്മയിലേക്ക് കൊണ്ട് വരാനും കഴിവിന്‍റെ പരമാവധി പരിശ്രമിക്കേണ്ടതാണ്. സ്വന്തം കാര്യം മാത്രം നന്നാക്കിയാല്‍ രക്ഷപ്പെടാന്‍ സാധിക്കുന്നതല്ല. പ്രത്യേകിച്ചും കുടുംബത്തെയും ബന്ധുമിത്രങ്ങളെയും തിന്മയില്‍ നിന്നും മാറ്റി നന്മയിലേക്ക് കൊണ്ട് വരാന്‍ പരിശ്രമിക്കാതിരിക്കുന്നത് സ്വന്തം വിജയത്തെ അപകടപ്പെടുത്തലാണ്. ഇക്കാരണത്താല്‍ തന്നെ പരിശുദ്ധ ഖുര്‍ആനും ഹദീസും നന്മ ഉപദേശിക്കലും തിന്മ തടയലും മുസ്ലിംകളടെ ബാധ്യതയാക്കിയിരിക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പൊതു മുസ്ലിംകള്‍ മാത്രമല്ല, ധാരാളം വിശിഷ്ട വ്യക്തികളും വലിയ അശ്രദ്ധയിലാണ്. സന്താനങ്ങളും കുടുംബവും ചെയ്യുന്നതെന്താണെന്ന് അവര്‍ അല്പം പോലും ചിന്തിക്കാതെ സ്വന്തം കാര്യം നോക്കി സംതൃപ്തരായി കഴിയുകയാണ്. അല്ലാഹു ഈ സൂറത്തില്‍ ഉണര്‍ത്തിയ കാര്യങ്ങള്‍ പാലിച്ച് ജീവിക്കാന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ.!
സൂറത്തുല്‍ ഹുമസ
ഈ സൂറത്തില്‍ മൂന്ന് കടുത്ത പാപങ്ങളെ കുറിച്ച് കഠിന ശിക്ഷ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഒന്നാമത്തെ പാപം ഹംസ് ആണ്. ഭൂരിഭാഗം പേരും ഇത് കൊണ്ടുള്ള ഉദ്ദേശം മറ്റുള്ളവരുടെ അസാന്നിദ്ധ്യത്തില്‍ അവരുടെ ന്യൂനതകള്‍ പറയുന്ന (ഗീബത്ത്) പരദൂഷണം ആണെന്ന് പറയുന്നു. രണ്ടാമത്തെ പാപം ലംസ് ആണ്. ഇത് കൊണ്ടുള്ള ഉദ്ദേശം ഒരാളെ പരസ്യമായി ആക്ഷേപിക്കലാണ്. ഇത് രണ്ടും കടുത്ത പാപങ്ങളാണ്. പ്രത്യേകിച്ചും പരിശുദ്ധ ഖുര്‍ആനിലും ഹദീസിലും പരദൂഷണത്തെ വളരെ ഗൗരവത്തില്‍ ഉണര്‍ത്തിയിരിക്കുന്നു. കാരണം, നേരിട്ട് ആക്ഷേപിക്കുമ്പോള്‍ തടയാന്‍ സാധ്യതയുണ്ടെങ്കിലും പരദൂഷണം പറയുമ്പോള്‍ തടസ്സങ്ങളൊന്നും ഉണ്ടാകുന്നതല്ല. കൂടാതെ പരദൂഷണം പറയുംതോറും എരിവും പുളിയും കൂട്ടിക്കൊണ്ടിരിക്കുന്നതാണ്. കൂടാതെ പരദൂഷണം പറയപ്പെടുന്നവന്‍ ഇതിനെ കുറിച്ച് അറിയാതിരിക്കുന്ന കാരണത്താല്‍ അതിന്‍റെ ന്യായീകരണമൊന്നും പറയാന്‍ കഴിയാതെ നിന്ദിക്കപ്പെട്ട് കൊണ്ടേയിരിക്കുന്നതാണ്. എന്നാല്‍ നേരിട്ട് കുറ്റപ്പെടുത്തുന്നതും കഠിന പാപം തന്നെയാണ്. കാരണം ഇതില്‍ പരസ്യമായി നിന്ദിക്കലും നിസ്സാരപ്പെടുത്തലുമുണ്ട്. ഇതുകൊണ്ടുള്ള ഉപദ്രവവും കഠിനമാണ്. റസൂലുല്ലാഹി (സ്വ) അരുളി: നിരപരാധികളില്‍ ന്യൂനതയെ തേടുകയും സ്നേഹിതര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുകയും ഏഷണിയുമായി നടക്കുകയും ചെയ്യുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു. (അഹ്മദ്).
ഈ സൂറത്തില്‍ കഠിന ശിക്ഷ കൊണ്ട് മുന്നറിയിപ്പ് നല്‍കപ്പെട്ടിരിക്കുന്ന മൂന്നാമത്തെ പാപം പണത്തോടുള്ള സ്നേഹവും ആര്‍ത്തിയുമാണ്. അത് കാരണം നിരന്തരം അതിനെ എണ്ണിക്കൊണ്ടിരിക്കുന്നു. ഇവിടെ ഒരു കാര്യം ഓര്‍ക്കുക: ആവശ്യത്തിനുള്ള സമ്പത്ത് സമ്പാദിക്കുന്നതും സൂക്ഷിച്ച് വെയ്ക്കുന്നതും പാപമല്ല. ഇവിടുത്തെ ഉദ്ദേശം ബാധ്യതകള്‍ നിര്‍വ്വഹിക്കാതെ, അല്ലെങ്കില്‍ പെരുമ കാട്ടാന്‍ വേണി, അല്ലെങ്കില്‍ ദീനീ കടമകള്‍ അവഗണിച്ച് കൊണ്ട് പണം കൂട്ടി വെയ്ക്കലാണ്. അല്ലാഹു പറയുന്നു: ഇവര്‍ക്ക് നരകശിക്ഷ നല്‍കപ്പെടുമ്പോള്‍ നരകാഗ്നി ഹൃദയം വരെയും എത്തിച്ചേരുന്നതാണ്. ഏത് തീയും അതില്‍ പതിയുന്ന അംശങ്ങളെ കരിച്ച് കളയുന്നതാണ്. ഇത്തരുണത്തില്‍ മനുഷ്യന്‍ അതിലേക്ക് എറിയപ്പെടുമ്പോല്‍ അതിന്‍റെ എല്ലാ അവയവങ്ങളോടുമൊപ്പം ഹൃദയവും കത്തുന്നതാണ്. ഇഹലോകത്ത് മനുഷ്യന് പൊള്ളലേറ്റാല്‍ ഹൃദയത്തിലെത്തുന്നതിന് മുമ്പ് മരണം സംഭവിക്കുന്നതാണ്. എന്നാല്‍ നരകത്തില്‍ മരണം വരുന്നതല്ല. അപ്പോള്‍ ഹൃദയത്തില്‍ തീയെത്തുന്നത് ജീവനുള്ള അവസ്ഥയിലായിരിക്കും. മനസ്സിന്‍റെ വേദന ജീവനുള്ളപ്പോള്‍ തന്നെ അവന്‍ അനുഭവിക്കുന്നതാണ്.
സൂറത്തുല്‍ കാഫിറൂന്‍:
സൂറത്തിന്‍റെ മഹത്വം.!
ആഇശ സ്വിദ്ദീഖ (റ) നിവേദനം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: കാഫിറൂന്‍, ഇഖ്ലാസ് സൂറത്തുകള്‍ സുബ്ഹിയുടെ സുന്നത്ത് നമസ്കാരത്തിന് ഓതുന്നത് ഉത്തമമാണ്. (മള്ഹരി). സുബ്ഹ്, മഗ്രിബ് നമസ്കാരങ്ങളുടെ സുന്നത്ത് നമസ്കാരങ്ങളില്‍ ഈ രണ്ട് സൂറത്തുകള്‍ ധാരാളം സ്വഹാബികള്‍ പാരായണം ചെയ്യുമായിരുന്നു. (ഇബ്നു കസീര്‍). ഉറങ്ങുന്നതിന് മുമ്പ് ഞങ്ങള്‍ എന്താണ് ഓതേണ്ടതെന്ന് ചില സ്വഹാബികള്‍ ചോദിച്ചപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: കാഫിറൂന്‍ സൂറത്ത് ഓതുക. അതില്‍ ശിര്‍ക്കില്‍ നിന്നും ഒഴിവാകുന്നതായി അറിയിക്കലുണ്ട്. (തിര്‍മിദി). ജുബൈര്‍ ബിന്‍ മുത്ഇം (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു: നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ വളരെ നല്ല അവസ്ഥയില്‍ കഴിയാനും ആഗ്രഹങ്ങള്‍ നേടിയെടുക്കാനും ആഗ്രഹിക്കുന്നുണ്ടോ.? ഞാന്‍ പറഞ്ഞു: തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ട്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: കാഫിറൂന്‍, നസ്ര്‍, ഇഖ്ലാസ്, ഫലഖ്, നാസ് എന്നീ സൂറത്തുകള്‍ ബിസ്മില്ലാഹ് ചേര്‍ത്ത് ഓതുക. ജുബൈര്‍ (റ) പറയുന്നു: ഞാന്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഈ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ എന്‍റെ അവസ്ഥ വളരെ സുന്ദരമായി. (മള്ഹരി). അലിയ്യ് (റ) വിവരിക്കുന്നു. ഒരിക്കല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ തേള്‍ കടിച്ചു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വെള്ളവും ഉപ്പും എടുത്ത് കാഫിറൂന്‍, ഫലഖ്, നാസ് സൂറത്തുകള്‍ ഓതി അവിടെ പുരട്ടുകയുണ്ടായി.
അവതരണ പശ്ചാത്തലം:
ഇബ്നു അബ്ബാസ് (റ) പറയുന്നു. ഏതാനും ഖുറൈശീ നേതാക്കള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അരികില്‍ വന്ന് പറഞ്ഞു: ഒരു വര്‍ഷം ഞങ്ങളുടെ വിഗ്രഹങ്ങളെയും ഒരു വര്‍ഷം നിങ്ങളുടെ ആരാധ്യനെയും ആരാധിക്കാമെന്ന് നമുക്ക് സന്ധി ചെയ്യാം. അപ്പോള്‍ ഈ സൂറത്ത് അവതരിച്ചു. (ഖുര്‍ത്വുബി). മറ്റൊരു നിവേദനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു. ഖുറൈശീ നേതാക്കള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് പറഞ്ഞു: താങ്കള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഏറ്റവും വലിയ സമ്പന്നന്‍ ആകത്തക്ക നിലയില്‍ ഞങ്ങള്‍ സമ്പത്ത് നല്‍കാം. അല്ലെങ്കില്‍ ഇഷ്ടമുള്ള പെണ്ണിനെ വിവാഹം കഴിപ്പിക്കാം. താങ്കള്‍ ഞങ്ങളുടെ ആരാധ്യ വസ്തുക്കളെ വിമര്‍ശിക്കരുതെന്ന് മാത്രം. അല്ലെങ്കില്‍ ഒരു വര്‍ഷം ഞങ്ങളുടെ ദൈവങ്ങളെയും ഒരു വര്‍ഷം നിങ്ങളുടെ ആരാധ്യനെയും ആരാധിക്കാം. (മള്ഹരി). മറ്റൊരു നിവേദനം ഇപ്രകാരമാണ്. അവര്‍ പറഞ്ഞു: താങ്കള്‍ നമ്മുടെ വിഗ്രഹങ്ങളില്‍ ചിലതിന്‍റെ മേല്‍ തടകിയാല്‍ മതി. ഞങ്ങള്‍ താങ്കളെ അംഗീകരിക്കാം.! അപ്പോള്‍ ഈ സൂറത്ത് അവതരിച്ചു. ഒരു സൂറത്തിന് പല അവതരണ പശ്ചാത്തലങ്ങളുണ്ടാകുന്നത് കുഴപ്പമില്ലായെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. .................... ആയത്ത് 02. ഈ സൂറത്തില്‍ ചില വാചകങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അതിന്‍റെ ഒരു വ്യാഖ്യാനം ഒന്നാമത്തെ വചനം നിലവിലുള്ള അവസ്ഥയെ കുറിച്ചും രണ്ടാമത്തെ വചനം ഭാവിയെ സംബന്ധിച്ചുമാണ്. (ബുഖാരി). അതായത് ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ വിഗ്രഹങ്ങളെയും നിങ്ങള്‍ എന്‍റെ ആരാധ്യനെയും ആരാധിക്കുന്നില്ല. ഭാവികാലത്തും അങ്ങനെ തന്നെയായിരിക്കും. മറ്റൊരു അഭിപ്രായമനുസരിച്ച് ആവര്‍ത്തനങ്ങളുടെ ആശയം ഇപ്രകാരമാണ്: ഞാന്‍ നിങ്ങളുടെ ആരാധ്യ വസ്തുക്കളെയും നിങ്ങള്‍ എന്‍റെ ആരാധ്യനെയും ആരാധിക്കുന്നില്ല. ഞാന്‍ നിങ്ങളുടെ ആരാധനാ രീതിയും നിങ്ങള്‍ എന്‍റെ ആരാധനാ രീതിയും സ്വീകരിക്കുന്നതുമല്ല. (ഇബ്നു കസീര്‍). ഇതനുസരിച്ച് ഈ ആയത്തുകള്‍ ഇസ്ലാമിന്‍റെ കലിമ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്നതിന്‍റെ വിവരണമാണ്. അതായത് ആരാധനയ്ക്കര്‍ഹന്‍ അല്ലാഹു മാത്രമാണ്. ആരാധനയുടെ മാര്‍ഗ്ഗം മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മാര്‍ഗ്ഗം മാത്രമാണ്. മറ്റ് ചില മുഫസ്സിറുകള്‍ പറയുന്നു: ഈ ആവര്‍ത്തനം വിഷയത്തെ ബലപ്പെടുത്തുന്നതിന് വേണ്ടിയാണ്.
നിഷേധികളുമായി സന്ധി പാടില്ല. ഈ സൂറത്തില്‍ നിഷേധികളുമായി ആരാധനാ വിഷയങ്ങളില്‍ സന്ധി പാടില്ല എന്ന് അറിയിക്കുന്നു. എന്നാല്‍ പോരാട്ടം പോലെയുള്ള കാര്യങ്ങളില്‍ സന്ധി ആകാമെന്ന് ഖുര്‍ആന്‍ തന്നെ അറിയിക്കുന്നുണ്ട്. (അന്‍ഫാല്‍ 61). റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മദീനാ മുനവ്വറയില്‍ വന്നപ്പോള്‍ ധാരാളം വിഷയങ്ങളില്‍ യഹൂദികളുമായി സന്ധിയായ കാര്യം പ്രസിദ്ധമാണ്.
.............. 06 ഓരോരുത്തരും ചെയ്യുന്നതിന്‍റെ പ്രതിഫലം അവരവര്‍ക്ക് ലഭിക്കുന്നതാണ് എന്നാണ് ഈ ആയത്തിന്‍റെ ആശയം. ചുരുക്കത്തില്‍ ഇസ്ലാമിക മൂല്യങ്ങളില്‍ ഉറച്ച് നിന്നുകൊണ്ടുള്ള ഏത് സന്ധിയും അനുവദനീയമാണ്. എന്നാല്‍ ഇസ്ലാമിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ വീഴ്ച വരുത്തിക്കൊണ്ടുള്ള ഒരു സന്ധിയും അനുവദനീയമല്ല. പരസ്പരം വിട്ടുവീഴ്ചയും നല്ല പെരുമാറ്റവും സന്ധിയും യോജിപ്പും ഇസ്ലാം പ്രേരിപ്പിക്കുന്നത് പോലെ മറ്റൊരു മതവും പ്രേരിപ്പിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പടച്ചവന്‍റെ ദീനിനെ അവഗണിച്ചുകൊണ്ടുള്ള ഒരു സന്ധിയും യോജിപ്പും ഇസ്ലാം അനുവദിക്കുന്നില്ല.
സൂറത്തുന്നസ്ര്‍
ഈ സൂറത്ത് മദീനാ മുനവ്വറയിലാണ് അവതരിച്ചത് എന്നതില്‍ എല്ലാവരും ഏകോപിച്ചിരിക്കുന്നു. ഈ സൂറത്തിന് തൗദീഅ് (യാത്ര നല്‍കുന്നത്) എന്നും പേരുണ്ട്. ഇതില്‍ റസൂലുല്ലാഹി (സ്വ) യുടെ വിയോഗത്തിലേക്ക് സൂചനയുള്ളത് കൊണ്ടാണ് ഈ പേര് നല്‍കപ്പെട്ടത്.
ഇബ്നു അബ്ബാസ് (റ) പറയുന്നു: നസ്ര്‍ ഖുര്‍ആനിലെ അവസാന സൂറത്താണ്. (ഖുര്‍ത്വുബി). അതായത് ഇതിന് ശേഷം സമ്പൂര്‍ണ്ണമായ നിലയില്‍ ഒരു സൂറത്തും ഇറങ്ങിയിട്ടില്ല. അതുകൊണ്ട് ഇതിന് ശേഷം ചില ആയത്തുകള്‍ ഇറങ്ങിയത് ഇതിന് എതിരാകുന്നതല്ല. സൂറത്തുല്‍ ഫാതിഹ ആദ്യമായി ഇറങ്ങിയ സൂറത്താണ് എന്നതിന്‍റെ ആശയവും സമ്പൂര്‍ണ്ണമായി അവതരിച്ച സൂറത്ത് എന്നാണ്. കാരണം അതിന് മുമ്പ് ഇഖ്റഅ്, മുദ്ദസ്സിര്‍ മുതലായ സൂറത്തുകളിലെ ചില ആയത്തുകള്‍ ഇറങ്ങിയിരുന്നു. ഇബ്നു ഉമര്‍ (റ) പറയുന്നു: ഈ സൂറത്ത് ഹജ്ജത്തുല്‍ വിദാഇലാണ് അവതരിച്ചത്. ഇതിന് ശേഷം ഇന്നേ ദിവസം ദീന്‍ പൂര്‍ത്തീകരിക്കപ്പെട്ടു എന്ന മാഇദയിലെ മൂന്നാമത്തെ ആയത്തും അവതരിച്ചു. ഇവ രണ്ടിന്‍റെയും അവതരണത്തിന് ശേഷം റസൂലുല്ലാഹി (സ്വ) എണ്‍പത് ദിവസം മാത്രമേ ജീവിച്ചിരുന്നുള്ളൂ. മാഇദ അവസാനത്തെ ആയത്തായ ആയത്തുല്‍ കലാല ഇതിന് ശേഷമാണ് അവതരിച്ചത്. അതിന് ശേഷം റസൂലുല്ലാഹി (സ്വ) അമ്പത് ദിവസം ജീവിച്ചിരുന്നു. ശേഷം സൂറത്ത് തൗബ അവസാനത്തെ രണ്ട് ആയത്തുകള്‍ അവതരിച്ചു. തുടര്‍ന്ന് റസൂലുല്ലാഹി (സ്വ) മുപ്പത് ദിവസം ജീവിച്ചിരുന്നു. വിയോഗത്തിന് ഇരുപത്തി ഒന്ന് അല്ലെങ്കില്‍ ഏഴ് ദിവസം മുമ്പ് നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് മടക്കപ്പെടുന്ന ദിവസം സൂക്ഷിക്കുക എന്ന ആയത്ത് (ബഖറ 281) അവസാനമായി അവതരിച്ചു.
ഈ സൂറത്തിലെ ഫത്ഹ് (വിജയം) കൊണ്ടുള്ള ഉദ്ദേശം മക്കാ വിജയമാണ് എന്നതില്‍ എല്ലാവരും ഏകോപിച്ചിരിക്കുന്നു. എന്നാല്‍ ഈ സൂറത്ത് എപ്പോഴാണ് അവതരിച്ചത് എന്നതില്‍ ഭിന്നതയുണ്ട്. ഹജ്ജത്തുല്‍ വദാഇലാണ് എന്ന അഭിപ്രായം പറഞ്ഞുകഴിഞ്ഞു.
ഖതാദ (റ) പറയുന്നു: ഇത് ഖൈബറിന്‍റെ അവസരത്തിലാണ് അവതരിച്ചത്. ഖൈബറില്‍ അവതരിച്ചു എന്നും ഹജ്ജത്തുല്‍ വദാഇല്‍ റസൂലുല്ലാഹി (സ്വ) ഇത് പാരായണം ചെയ്തു എന്നും പറഞ്ഞ് ഈ രണ്ട് നിവേദനങ്ങളെയും സംയോജിപ്പിച്ചിരിക്കുന്നു. (ബയാനുല്‍ ഖുര്‍ആന്‍).
റസൂലുല്ലാഹി (സ്വ) യുടെ നിയോഗലക്ഷ്യം പൂര്‍ത്തിയായതായി ഈ സൂറത്ത് സൂചിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ധാരാളം സ്വഹാബികള്‍ ഇത് പ്രവാചക വിയോഗത്തിന്‍റെ സൂചനയാണെന്ന് മനസ്സിലാക്കി. മുഖാതില്‍ പറയുന്നു: ഈ സൂറത്ത് അവതരിച്ചപ്പോള്‍ റസൂലുല്ലാഹി (സ്വ) സ്വഹാബത്തിന് മുമ്പാകെ ഇത് പാരായണം ചെയ്തു. എല്ലാവരും ഇത് കേട്ടപ്പോള്‍ സന്തോഷിച്ചു. കാരണം ഇതില്‍ വിജയത്തെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടിരിക്കുന്നു. പക്ഷെ, അബ്ബാസ് (റ) കരയാന്‍ തുടങ്ങി. റസൂലുല്ലാഹി (സ്വ) കാരണം തിരക്കിയപ്പോള്‍ ഇതില്‍ അങ്ങയുടെ വിയോഗത്തെ കുറിച്ച് സൂചനയുണ്ടെന്ന് പറയുകയും റസൂലുല്ലാഹി (സ്വ) അത് ശരിവെയ്ക്കുകയും ചെയ്തു. ഉമര്‍ (റ) ഉം ഇപ്രകാരം പറഞ്ഞതായി ഒരു നിവേദനത്തില്‍ വന്നിരിക്കുന്നു. (തിര്‍മുദി).
............... ആയത്ത് 3
മക്കാ വിജയത്തിന് മുമ്പ് തന്നെ ബഹുഭൂരിഭാഗം അറബികള്‍ക്കും റസൂലുല്ലാഹി (സ്വ) യുടെ പ്രവാചകത്വത്തെ കുറിച്ച് വിശ്വാസം വന്നിരുന്നു. പക്ഷെ മക്കക്കാരുടെ എതിര്‍പ്പിനെ ഭയന്ന് അവര്‍ പരസ്യമായി ഇസ്ലാമില്‍ പ്രവേശിച്ചില്ല. എന്നാല്‍ മക്കാ വിജയത്തോടെ ഈ തടസ്സം മാറിയപ്പോള്‍ ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്ലാമിലേക്ക് ഒഴുകി. യമനില്‍ നിന്നും എഴുന്നൂറ് പേര്‍ വഴിനീളെ ബാങ്ക് കൊടുക്കുകയും ഖുര്‍ആന്‍ ഓതുകയും ചെയ്തുകൊണ്ട് വന്നു. മറ്റ് നാടുകളില്‍ നിന്നും ഇത് പോലെ ജനങ്ങള്‍ എത്തി.
മരണം അടുക്കുമ്പോള്‍ തസ്ബീഹ്-ഇസ്തിഗ്ഫാറുകള്‍ അധികരിപ്പിക്കുക:
ആഇശ (റ) പറയുന്നു: ഈ സൂറത്ത് അവതരിച്ച ശേഷം റസൂലുല്ലാഹി (സ്വ) എല്ലാ നമസ്കാരങ്ങളുടെയും സുജൂദില്‍ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുകയും സ്തുതിക്കുകയും പാപമോചനം തേടുകയും ചെയ്തിരുന്നു. (ബുഖാരി). ഉമ്മു സമല (റ) പറയുന്നു: ഈ സൂറത്ത് അവതരിച്ചതിന് ശേഷം റസൂലുല്ലാഹി (സ്വ) നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും സദാസമയവും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുകയും സ്തുതിക്കുകയും പാപമോചനം തേടുകയും ചെയ്തിരുന്നു. (ഖുര്‍ത്വുബി). അബൂ ഹുറയ്റ (റ) പറയുന്നു: ഈ സൂറത്ത് അവതരിച്ച ശേഷം തൃപ്പാദങ്ങളില്‍ നീര് കെട്ടത്തക്ക വിധം ഇബാദത്ത് അധികരിപ്പിച്ചു. (ഖുര്‍തുബി).
സൂറത്ത് ലഹബ്
അബൂ ലഹബിന്‍റെ യഥാര്‍ത്ഥ നാം അബ്ദുല്‍ ഉസ്സ എന്നായിരുന്നു. ഇദ്ദേഹം അബ്ദുല്‍ മുത്വലിബിന്‍റെ മക്കളില്‍ പെട്ടയാളാണ്. ചുവന്ന നിറം കാരണം അബൂലഹബ് എന്ന പേരില്‍ പ്രസിദ്ധനായി. പരിശുദ്ധ ഖുര്‍ആന്‍ ഇവിടെ അയാളെ അനുസ്മരിച്ചപ്പോള്‍ യഥാര്‍ത്ഥ നാമം പറയാതിരുന്നത് അത് ശിര്‍ക്കുമായി ബന്ധപ്പെട്ടതിനാലും ലഹബ് എന്നത് നരകത്തിന്‍റെ തീജ്വാലയോട് യോജിച്ചതിനാലുമാണ്. ഇയാള്‍ റസൂലുല്ലാഹി (സ്വ) യോട് കഠിന ശത്രുത പുലര്‍ത്തുകയും ധാരാളമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ്വ) സത്യവിശ്വാസത്തിന്‍റെ പ്രബോധനം നടത്തുമ്പോള്‍ ഇയാള്‍ പിന്നാലെ കൂടി കളവാക്കിക്കൊണ്ടിരിക്കുമായിരുന്നു. (ഇബ്നു കസീര്‍).
അടുത്ത ബന്ധുക്കളോട് മുന്നറിയിപ്പ് നല്‍കുക എന്ന ആയത്ത് അവതരിച്ചപ്പോള്‍ റസൂലുല്ലാഹി (സ്വ) സ്വഫാ മലയുടെ മുകളില്‍ കയറുകയും ഖുറൈശ് ഗോത്രത്തെ വിളിക്കുകയും ചെയ്തു. എല്ലാവരും ഒരുമിച്ച് കൂടിയപ്പോള്‍ റസൂലുല്ലാഹി (സ്വ) ചോദിച്ചു: നിങ്ങളെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഒരു ശത്രു സൈന്യം നിങ്ങളിലേക്ക് വരുന്നു എന്ന് ഞാന്‍ നിങ്ങളെ അറിയിച്ചാല്‍ നിങ്ങള്‍ അംഗീകരിക്കുമോ.? അംഗീകരിക്കുമെന്ന് അവരെല്ലാവരും ഏക സ്വരത്തില്‍ പറഞ്ഞു. അപ്പോല്‍ റസൂലുല്ലാഹി (സ്വ) അരുളി: ബഹുദൈവാരാധനയും നിഷേധവും കാരണമായി നിങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുന്ന കഠിന ശിക്ഷയെ കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ഇത് കേട്ടപ്പോള്‍ അബൂലഹബ് പറഞ്ഞു: നിനക്ക് നാശം. ഇതിന് വേണ്ടിയാണോ ഞങ്ങളെ ഒരുമിച്ച് കൂട്ടിയത്.? ഇതിനെ തുടര്‍ന്ന് ഈ സൂറത്ത് അവതരിച്ചു. (ബുഖാരി).
........................ ആയത്ത് 01.
മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൈയ്യിന് വലിയ പങ്കുള്ളതിനാലാണ് ഇവിടെ കൈയ്യിനെ പ്രത്യേകം പരാമര്‍ശിച്ചത്. ഇത് കൊണ്ടുള്ള ഉദ്ദേശം ശരീരം തന്നെയാണ്. ഖുര്‍ആനില്‍ മറ്റ് സ്ഥലങ്ങളിലും ഇപ്രകാരം വന്നിട്ടുണ്ട്. ഉദാഹരണത്തിന് നരകവാസികളോട് ഇപ്രകാരം പറയപ്പെടുന്നതാണ്: ഇത് നിങ്ങളുടെ രണ്ട് കൈകള്‍ മുന്തിച്ചതിന്‍റെ പേരിലാണ്. (ഹജ്ജ് 10). ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു. അബൂലഹബ് ഒരിക്കല്‍ ജനങ്ങളോട് പറഞ്ഞു: മരണാനന്തരം വലിയ വലിയ കാര്യങ്ങള്‍ നടക്കുമെന്ന് മുഹമ്മദ് പറയുന്നു. ശേഷം സ്വന്തം കൈകളിലേക്ക് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു: ഈ രണ്ട് കൈകളില്‍ അവകളില്‍ ഒന്നും വന്നിട്ടില്ല. ശേഷം കൈകളോട് പറഞ്ഞു: നിങ്ങള്‍ക്ക് നാശം, മുഹമ്മദ് പറഞ്ഞതില്‍ ഒന്നും ഞാന്‍ നിങ്ങളില്‍ കാണുന്നില്ല. (ബൈഹഖി). തബ്ബത്ത് എന്നത് അബൂലഹബ് നശിക്കട്ടെ എന്ന പ്രാര്‍ത്ഥനയും രണ്ടാമത്തെ തബ്ബ എന്നത് അവന്‍ നശിച്ചു എന്ന അറിയിപ്പുമാണ്. അതായത് എതിരായ പ്രാര്‍ത്ഥന ഫലിച്ചു എന്നര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഈ വചനം മുസ്ലിംകളെ ആശ്വസിപ്പിക്കാന്‍ വേണ്ടി ഇറങ്ങിയതാണ്. റസൂലുല്ലാഹി (സ്വ) യെ നോക്കി നിനക്ക് നാശമുണ്ടാകട്ടെ എന്ന് അബൂലഹബ് പറഞ്ഞപ്പോള്‍ ഇതിന് തിരിച്ചടി നല്‍കപ്പെടണമെന്ന് മുസ്ലിംകള്‍ ആഗ്രഹിച്ചിരുന്നു. അല്ലാഹു അവരുടെ മനസ്സിന്‍റെ ആഗ്രഹം നടത്തുകയും അവന്‍റെ മേലുള്ള ശാപം ഫലിച്ച് അവന്‍ നശിച്ചു എന്ന് അറിയിക്കുകയും ചെയ്തു. പരിശുദ്ധ ഖുര്‍ആന്‍ വളരെ മുമ്പ് തന്നെ അറിയിച്ച ഈ നാശം ബദ്ര്‍ യുദ്ധത്തിന് ഏഴ് ദിവസം കഴിഞ്ഞപ്പോള്‍ പ്രകടമായി. അദസ എന്ന് അറബികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു പകര്‍ച്ചവ്യാധി അയാളെ പിടികൂടി. ഇത് മറ്റുള്ളവര്‍ക്ക് പകരും എന്ന ഭയം കാരണം വീട്ടുകാര്‍ അയാളെ ഒറ്റയ്ക്ക് ഒരു സ്ഥലത്താക്കി. ആരുമില്ലാത്ത ഈ അവസ്ഥയില്‍ അയാള്‍ മരിക്കുകയും മൃതദേശം മൂന്ന് ദിവസം അവിടെത്തന്നെ കിടക്കുകയും ചെയ്തു. അതില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നപ്പോള്‍ ഏതാനും ജോലിക്കാരെ വിളിച്ചു. അവര്‍ ഒരു കുഴിയുണ്ടാക്കി ഒരു കമ്പ് കൊണ്ട് അയാളുടെ മൃതദേഹം കുഴിയിലേക്ക് കുത്തിയിടുകയും അതിന്‍റെ മുകളില്‍ കല്ലും മണ്ണും നിറയ്ക്കുകയും ചെയ്തു. (റൂഹുല്‍ മആനി).
........................ ആയത്ത് 02
അവന്‍ സമ്പാദിച്ചത് എന്നത് കൊണ്ടുള്ള വിവക്ഷ, കച്ചവടങ്ങളിലൂടെയും മറ്റും അവന്‍ കരസ്ഥമാക്കിയ സാമ്പത്തിക ശേഷികളും അവന്‍റെ സന്താനങ്ങളുമാണ്. സന്താനങ്ങളും മനുഷ്യന്‍റെ സമ്പാദ്യം തന്നെയാണ്. ആഇശ (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: ഒരു മനുഷ്യന്‍ കഴിക്കുന്ന ഏറ്റവും നല്ല ആഹാരം അവന്‍റെ സമ്പാദ്യത്തില്‍ നിന്നുള്ളതാണ്. മനുഷ്യന്‍റെ മക്കളും അവന്‍റെ സമ്പാദ്യത്തില്‍ പെട്ടതാണ്. അതായത് സ്വന്തം സമ്പത്ത് ഉപയോഗിക്കുന്നത് പോലെ മക്കളുടെ സമ്പത്തും ഉപയോഗിക്കാവുന്നതാണ്. (ഖുര്‍ത്വുബി). അബൂലഹബിന് അല്ലാഹു ധാരാളം സമ്പത്തും സന്താനങ്ങളും നല്‍കിയിരുന്നു. എന്നാല്‍ നന്ദികേട് കാരണം അയാള്‍ അതില്‍ അഹങ്കരിക്കുകയും ഗമ കാട്ടുകയും ചെയ്തിരുന്നു. ഇബ്നു അബ്ബാസ് (റ) പറയുന്നു: റസൂലുല്ലാഹി (സ്വ) ജനങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ അബൂലഹബ് പറഞ്ഞു: എന്‍റെ സഹോദരപുത്രന്‍ പറയുന്ന ശിക്ഷ സത്യമാണെങ്കില്‍ എന്‍റെ പണം കൊടുത്ത് ഞാന്‍ അതില്‍ നിന്നും രക്ഷപ്പെടുന്നതാണ്. എന്‍റെ പക്കല്‍ ധാരാളം സമ്പത്തും സന്താനങ്ങളുമുണ്ട്. അപ്പോഴാണ് ഈ ആയത്ത് ഇറങ്ങിയത്................ ആയത്ത് 02.
ശേഷം അല്ലാഹു അവന്‍റെ പരലോകത്തിലെ അവസ്ഥ വിവരിക്കുന്നു.
............................ ആയത്ത് 03.
അതായത് ഖിയാമത്ത് നാളില്‍ അല്ലെങ്കില്‍ മരണാനന്തരം ഖബ്റില്‍ തന്നെ അവന്‍ ജ്വലിക്കുന്ന തീയില്‍ പ്രവേശിക്കുന്നതാണ്. ലഹബ് എന്നത് അവന്‍റെ പേരിലേക്കുള്ള സൂചന കൂടിയാണ്.
................... ആയത്ത് 04.
അബൂ ലഹബ് റസൂലുല്ലാഹി (സ്വ) യോട് കടുത്ത ശത്രുത പുലര്‍ത്തിയപ്പോള്‍ അയാളുടെ ഭാര്യയും റസൂലുല്ലാഹി (സ്വ) യെ ഉപദ്രവിക്കുന്നതില്‍ സഹായിച്ചിരുന്നു. ഇവര്‍ അബൂസുഫ്യാന്‍റെ സഹോദരിയായിരുന്നു. ഉമ്മു ജമീല്‍ എന്നായിരുന്നു അവര്‍ വിളിക്കപ്പെട്ടിരുന്നത്. അല്ലാഹു പറയുന്നു: ഈ ഭാഗ്യം കെട്ട സ്ത്രീയും ഭര്‍ത്താവിനോടൊപ്പം നരകത്തില്‍ പ്രവേശിക്കുന്നതാണ്. കൂട്ടത്തില്‍ അവരുടെ അവസ്ഥ പറയുന്നു: അവര്‍ വിറക് ചുമക്കുന്നവരാണ്. അറബികള്‍ ഏഷണി പറയുന്നവര്‍ക്ക് വിറക് ചുമക്കുന്നവര്‍ എന്ന് പറയാറുണ്ട്. ഏഷണി പറയുന്നവര്‍ വിറക് കൂട്ടുന്നത് പോലെ പ്രശ്നങ്ങള്‍ കൂട്ടി തീ വെയ്ക്കുന്നതാണ്. ഇവര്‍ റസൂലുല്ലാഹി (സ്വ) യെയും സ്വഹാബത്തിനെയും ഉപദ്രവിക്കാന്‍ ഏഷണി പറഞ്ഞ് നടന്നിരുന്നു. അത് കൊണ്ട് വിറക് ചുമട്ടുകാരി എന്നത് കൊണ്ടുള്ള ഉദ്ദേശം ഏഷണിക്കാരി എന്നാണെന്ന് ഇബ്നു അബ്ബാസ് (റ), മുജാഹിദ് (റ), ഇക്രിമ (റ) മുതലായവര്‍ പറഞ്ഞിരിക്കുന്നു. ഇബ്നു സൈദ്, ളഹ്ഹാക്ക് മുതലായവര്‍ പറയുന്നു: ഇവിടുത്തെ വിറക് ചുമട്ടുകാരി എന്നത് കൊണ്ടുള്ള ഉദ്ദേശം വിറക് ചുമട്ടുകാരി എന്ന് തന്നെയാണ്. അവര്‍ കാട്ടില്‍ നിന്നും മുള്ളുകളുള്ള വിറകുകള്‍ കൊണ്ട് വന്ന് റസൂലുല്ലാഹി (സ്വ) യെ ഉപദ്രവിക്കാന്‍ വഴിയില്‍ ഇട്ടിരുന്നു. ഈ നിന്ദ്യമായ പ്രവര്‍ത്തനത്തെ കുറിച്ചാണ് ഈ ആയത്തില്‍ പറഞ്ഞിരിക്കുന്നത്. (ഇബ്നു കസീര്‍). മറ്റ് ചില മുഫസ്സിറുകള്‍ പറയുന്നു: ഇത് നരകത്തിന്‍റെ അവസ്ഥയാണ്. ഇഹലോകത്ത് ഭര്‍ത്താവിന്‍റെ നിഷേധവും അക്രമവും അവര്‍ ആളിക്കത്തിച്ചത് പോലെ പരലോകത്ത് ശിക്ഷ ആളിക്കത്തിക്കുന്നതിന് നരകവൃക്ഷങ്ങളായ സഖൂമിന്‍റെയും മറ്റും തടികള്‍ കൊണ്ടുവന്നിട്ട് ഭര്‍ത്താവിന്‍റെ മേല്‍ നരകാഗ്നി ആളിക്കത്തിക്കുന്നതാണ്. (ഇബ്നു കസീര്‍).
എഷണി കടുത്ത പാപമാണ്:
സ്വഹീഹായ ഹദീസില്‍ വന്നിരിക്കുന്നു. റസൂലുല്ലാഹി (സ്വ) അരുളി: ഏഷണി പറയുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല. (ഖുര്‍ത്വുബി). ഫുളൈല് ബിന്‍ ഇയാള് (റഹ്) പറയുന്നു: മൂന്ന് കാര്യങ്ങള്‍ മനുഷ്യന്‍റെ എല്ലാ സത്കര്‍മ്മങ്ങളെയും നശിപ്പിക്കും. നോമ്പും വുളൂഉം എല്ലാം തകര്‍ക്കും. 1. പരദൂഷണം. 2. ഏഷണി. 3. കളവ്. അത്വാഅ് (റഹ്) പറയുന്നു: രക്തം ചിന്തിയവനും ഏഷണിയുമായി നടക്കുന്നവനും പലിശക്കച്ചവടക്കാരനും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല എന്ന ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇമാം ശഅബിയോട് ഞാന്‍ ചോദിച്ചു: ഈ ഹദീസില്‍ കൊലയാളിയോടും പലിശക്കാരനോടും ഏഷണിക്കാരനെ തുല്യമാക്കിയല്ലോ. ഇമാം ശഅബി പറഞ്ഞു: അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഏഷണി കാരണം അന്യായമായ കൊലയും ധന അപഹരണവും നടക്കുന്നതാണ്. (ഖുര്‍ത്വുബി).
............. ആയത്ത് 05.
ഇതിലെ കയര്‍ കൊണ്ടുള്ള വിവക്ഷ ഈന്തപ്പന, തെങ്ങ് മുതലായവയുടെ നാരില്‍ നിന്നുണ്ടാക്കുന്ന കയറാണ്. നരകത്തില്‍ അവരുടെ കഴുത്തില്‍ ഭാരമേറിയ വളയമുണ്ടാകുമെന്നാണ് ഇതിന്‍റെ വിവക്ഷയെന്ന് ഇബ്നു അബ്ബാസ് (റ) പറയുന്നു. (മള്ഹരി). ശഅബി, മുഖാതില്‍ എന്നിവര്‍ പറയുന്നു: ഇത് ഇഹലോകത്തിന്‍റെ അവസ്ഥയാണ്. അവര്‍ക്ക് വലിയ സമ്പത്തുണ്ടായിരുന്നുവെങ്കിലും പിശുക്കും തരം താഴ്ന്ന പ്രകൃതിയും കാരണം കാട്ടില്‍ നിന്നും മരക്കഷണങ്ങള്‍ ചുമന്നു കൊണ്ടു വരുമായിരുന്നു. അതിന് വേണ്ടി സദാസമയവും കയര്‍ അവരുടെ കഴുത്തില്‍ ചുറ്റിയിടുകയും ചെയ്തിരുന്നു. ഇത് തന്നെ അവരുടെ നാശത്തിന് കാരണമായി. ഒരു ദിവസം വിറകും ചുമന്ന് വന്നപ്പോള്‍ ക്ഷീണം കാരണം ഒരിടത്ത് ഇരുന്നു. തുടര്‍ന്ന് അവിടെ മറിഞ്ഞ് വീഴുകയും കയര്‍ കഴുത്തില്‍ കുരുങ്ങി ശ്വാസം മുട്ടി മരിക്കുകയും ചെയ്തു. (മള്ഹരി).
സൂറത്ത് ഇഖ്ലാസ്
മക്കാ നിഷേധികള്‍ റസൂലുല്ലാഹി (സ്വ) യോട് അല്ലാഹുവിന്‍റെ പരമ്പര എന്താണെന്ന് ചോദിച്ചു. അപ്പോഴാണ് ഈ സൂറത്ത് അവതരിച്ചത്. (അദ്ദുര്‍റുല്‍ മന്‍സൂര്‍). ഇതേ ചോദ്യം മദീനാ യഹൂദികളും ഉന്നയിച്ചതായി ചില നിവേദനങ്ങളില്‍ വന്നിട്ടുണ്ട്. അതുകൊണ്ട് ഈ സൂറത്ത് മക്കിയ്യാണോ മദനിയ്യാണോ എന്നതില്‍ ഭിന്നതയുണ്ടായിരിക്കുന്നു. ഇബ്നു മസ്ഊദ് (റ), ഹസന്‍ ബസ്വരി (റ) തുടങ്ങിയവര്‍ മക്കിയ്യ എന്നും ഖതാദ (റ), ളഹ്ഹാക്ക് (റ) മുതലായവര്‍ മദനിയ്യ എന്നും പറയുന്നു. ഇബ്നു അബ്ബാസ് (റ) ല്‍ നിന്നും രണ്ട് നിവേദനങ്ങളും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. (ഖുര്‍ത്വുബി). ഒരു രിവായത്തില്‍ വന്നിരിക്കുന്നു. ബഹുദൈവാരാധകരുടെ ചോദ്യത്തില്‍ ഇതുമുണ്ടായിരുന്നു. അല്ലാഹു സ്വര്‍ണ്ണമോ വെള്ളിയോ മറ്റ് വല്ലതോ കൊണ്ട് ഉണ്ടാക്കപ്പെട്ടതാണോ.? ഇതിന് മറുപടിയായിട്ടാണ് ഈ സൂറത്ത് അവതരിച്ചത്.
ഈ സൂറത്തിന്‍റെ മഹത്വങ്ങള്‍ ധാരാളമാണ്. അനസ് (റ) നിവേദനം. ഒരു വ്യക്തി റസൂലുല്ലാഹി (സ്വ) യോട് പറഞ്ഞു: എനിക്ക് ഈ സൂറത്തിനോട് വലിയ സ്നേഹമാണ്. റസൂലുല്ലാഹി (സ്വ) അരുളി: ഈ സ്നേഹം നിങ്ങളെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. (അഹ്മദ്). അബൂ ഹുറയ്റ (റ) വിവരിക്കുന്നു. എല്ലാവരും ഒരുമിച്ച് കൂടുക, നിങ്ങള്‍ക്ക് ഖുര്‍ആനിന്‍റെ മൂന്നിലൊരു ഭാഗം ഓതിക്കേള്‍പ്പിക്കാമെന്ന് റസൂലുല്ലാഹി (സ്വ) ഒരിക്കല്‍ അരുളി. സാധിക്കുന്നവരെല്ലാവരും ഒത്തുകൂടി. അപ്പോള്‍ റസൂലുല്ലാഹി (സ്വ) അവരുടെ അരികിലേക്ക് വന്ന് ഈ സൂറത്ത് ഓതിക്കേള്‍പ്പിച്ചു. തുടര്‍ന്ന് അരുളി: ഈ സൂറത്ത് പരിശുദ്ധ ഖുര്‍ആനിന്‍റെ മൂന്നിലൊന്നിന് തുല്യമാണ്. (മുസ്ലിം). സുദീര്‍ഘമായ ഒരു നിവേദനത്തില്‍ വന്നിരിക്കുന്നു. റസൂലുല്ലാഹി (സ്വ) അരുളി: ആരെങ്കിലും രാവിലെയും വൈകുന്നേരവും ഈ സൂറത്ത് മൂന്ന് പ്രാവശ്യം വീതം ഓതിയാല്‍ സര്‍വ്വവിധ നാശങ്ങളില്‍ നിന്നും സുരക്ഷിതനാകുന്നതാണ്. (തിര്‍മിദി). ഒരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്. എല്ലാ വിഷ ജന്തുക്കളില്‍ നിന്നും സുരക്ഷിതത്വം ലഭിക്കുന്നതാണ്. (ഇബ്നു കസീര്‍). ഉഖ്ബത്തുബ്നു ആമിര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ്വ) ചോദിച്ചു: തൗറാത്തിലും ഇഞ്ചീലിലും സബൂറിലും ഖുര്‍ആനിലും അവതരിച്ചിട്ടുള്ളതാണ് ഈ മൂന്ന് സൂറത്തുകള്‍. (ഇഖ്ലാസ്, ഫലഖ്, നാസ്). രാത്രിയില്‍ ഇത് മൂന്നും ഓതുന്നത് വരെ ഉറങ്ങരുത്. ഉഖ്ബ (റ) പറയുന്നു: അന്നുമുതല്‍ ഒരിക്കലും ഞാന്‍ ഇത് ഉപേക്ഷിച്ചിട്ടില്ല. (ഇബ്നു കസീര്‍).
................... 01. ഈ ആയത്തിലെ പറയുക എന്നത് കൊണ്ടുള്ള സംബോധന റസൂലുല്ലാഹി (സ്വ) യോടാണ്. ജനങ്ങള്‍ക്ക് ഇക്കാര്യം പറഞ്ഞുകൊടുക്കുക എന്ന് അല്ലാഹു റസൂലുല്ലാഹി (സ്വ) യോട് ഉണര്‍ത്തുന്നു. അല്ലാഹു എന്നത് ആരാധനയ്ക്ക് അര്‍ഹനും സര്‍വ്വ വിധ സമ്പൂര്‍ണ്ണതകളും ഉള്ളവനും എല്ലാ ന്യൂനതകളില്‍ നിന്നും പരിശുദ്ധനുമായ പടച്ചവന്‍റെ നാമമാണ്. അഹദ് (ഏകന്‍) എന്നതിന്‍റെ ആശയം അല്ലാഹു ഘടനയില്‍ നിന്നും അംശങ്ങളില്‍ നിന്നും ഏതെങ്കിലും വസ്തുക്കളോടുള്ള സാദൃശ്യതയില്‍ നിന്നും പരിശുദ്ധനാണ് എന്നാണ്. അല്ലാഹു ഒന്നോ പലതോ ആയ വസ്തുക്കളില്‍ നിന്നും ഉണ്ടായതല്ല. അല്ലാഹു ഒന്നിനോടും ആരോടും സദൃശ്യനുമല്ല. ഈ ചെറു വാചകത്തില്‍ അല്ലാഹു എന്തുകൊണ്ടാണ് ഉണ്ടാക്കപ്പെട്ടത് എന്ന ചോദ്യത്തിനുള്ള മറുപടിയോട് കൂടി അല്ലാഹുവിന്‍റെ അസ്ഥിത്വവും വിശേഷണങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും അടങ്ങിയിരിക്കുന്നു. ആരംഭത്തിലെ ഖുല്‍ എന്ന പ്രയോഗം റസൂലുല്ലാഹി (സ്വ) യുടെ നുബുവ്വത്തിലേക്കും രിസാലത്തിലേക്കും സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍, ബ്രഹത്തായ പല വാള്യങ്ങളില്‍ വിശദീകരിക്കാന്‍ കഴിയുന്ന തൗഹീദിന്‍റെയും രിസാലത്തിന്‍റെയും സമുന്നത വിഷയങ്ങളാണ് ഈ ആയത്തില്‍ അടങ്ങിയിരിക്കുന്നത്.
.....................02. സ്വമദ് എന്നതിന് പല ആശയങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഈ പദത്തെ കുറിച്ച് പല വിവരണങ്ങളും മുഫസ്സിറുകള്‍ പറഞ്ഞിരിക്കുന്ന. ഇമാം ത്വബ്റാനി കിതാബുസ്സുന്നയില്‍ ഈ വാചകങ്ങളെല്ലാം സമാഹരച്ച ശേഷം പറയുന്നു. ഈ അഭിപ്രായങ്ങളെല്ലാം ശരിയാണ്. ഈ ഗുണങ്ങളെല്ലാം നമ്മുടെ രക്ഷാതാവായ അല്ലാഹുവില്‍ സമ്മേളിച്ചിരിക്കുന്നു. എന്നാല്‍ ഇതിന്‍റെ അടിസ്ഥാനപരമായ ആശയം ഇതാണ്: അല്ലാഹുവിലേക്ക് ജനങ്ങള്‍ സര്‍വ്വ വിധ ആവശ്യങ്ങളിലും മടങ്ങുന്നു. അല്ലാഹുവിനേക്കാള്‍ മഹത്വവും മഹോന്നതിയും ആര്‍ക്കുമില്ല. എല്ലാവരും അല്ലാഹുവിലേക്ക് ആവശ്യാക്കാരാണ്. അല്ലാഹു ആരിലേക്കും അല്പം പോലും ആവശ്യക്കാരനല്ല. (ഇബ്നു കസീര്‍).
........................03 അല്ലാഹുവിന്‍റെ പരമ്പരയെ കുറിച്ച് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ്. അതായത് അല്ലാഹുവിനെ ഒരു സൃഷ്ടിയോടും തുലനം ചെയ്യാന്‍ പാടില്ല. കാരണം സൃഷ്ടികളെല്ലാം ജനനത്തിലൂടെ സന്താനങ്ങളായിട്ടാണ് ജനിക്കുന്നത്. അല്ലാഹു ആരുടെയും സന്താനമല്ല. അല്ലാഹുവിന് ഒരു സന്തതിയുമില്ല. അല്ലാഹുവിന് തുല്യനായി ആരും തന്നെയില്ല. അല്ലാഹുവിനെ പോലെയോ സദൃശ്യനായോ ആരും തന്നെയില്ല.
ഈ സൂറത്ത് സമ്പൂര്‍ണ്ണ തൗഹീദിനെ പഠിപ്പിക്കുകയും സര്‍വ്വ വിധ ശിര്‍ക്കുകളെ നിരാകരിക്കുകയും ചെയ്യുന്നു. പടച്ചവനോട് പങ്കാളികളാക്കുന്ന തൗഹീദ് നിഷേധികള്‍ പല വിഭാഗങ്ങളാണ്. ഈ സൂറത്ത് അവരുടെയെല്ലാം മുഴുവന്‍ വീക്ഷണങ്ങളും നിരാകരിക്കുകയും സമ്പൂര്‍ണ്ണ തൗഹീദ് ഉണര്‍ത്തുകയും ചെയ്യുന്നു. അവരില്‍ ചിലര്‍ പടച്ചവന്‍ ഉണ്ട്, എന്നതിനെ തന്നെ നിഷേധിച്ചിരുന്നു. ചിലര്‍ പടച്ചവന്‍ ഉണ്ടാകാം, പക്ഷെ നിര്‍ബന്ധമില്ല എന്ന് വിശ്വസിച്ചിരുന്നു. മറ്റ് ചിലര്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞിരുന്നെങ്കിലും അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ ഗുണങ്ങളെ നിഷേധിച്ചിരുന്നു. വേറെ ചിലര്‍ അതും അംഗീകരിച്ചിരുന്നെങ്കിലും ആരാധനയില്‍ അല്ലാഹു അല്ലാത്തവരെ അല്ലാഹുവിനോട് പങ്ക് ചേര്‍ത്തിരുന്നു. അല്ലാഹു ഏകനാണ് എന്ന വചനം ഈ മുഴുവന്‍ തെറ്റായ വീക്ഷണങ്ങളെയും ഖണ്ഡിക്കുന്നു. ജനങ്ങളില്‍ ചിലര്‍ ആരാധനയില്‍ പടച്ചവനോട് ആരെയും പങ്ക് ചേര്‍ത്തിരുന്നില്ല. പക്ഷെ, ആവശ്യനിര്‍വ്വഹണവും ദുഃഖ ദൂരീകരണവും നടത്തുന്നത് മറ്റുള്ളവരാണെന്ന് വിശ്വസിച്ചിരുന്നു. അസ്വമദ് എന്നത് ഇതിനെ തിരുത്തുന്നു. ചിലര്‍ അല്ലാഹുവിന് മക്കളുണ്ടെന്ന് വാദിച്ചിരുന്നു. അല്ലാഹു ആരൈയും പ്രസവിച്ചിട്ടില്ല എന്നത് കൊണ്ട് അവരും ഖണ്ഡിക്കപ്പെട്ടു.
സൂറത്തുല്‍ ഫലഖ്
ഈ സൂറത്തും ശേഷമുള്ള സൂറത്തുന്നാസും ഒരുമിച്ച് ഒരേ സമയത്താണ് അവതരിച്ചത്. ഹാഫിസ് ഇബ്നുല്‍ ഖയ്യിം രണ്ട് സൂറത്തുകളുടെയും മാത്രം വ്യാഖ്യാനം പ്രത്യേകം എഴുതിയിരിക്കുന്നു. അദ്ദേഹം പറയുന്നു: ഈ രണ്ട് സൂറത്തുകളുടെയും പ്രയോജനങ്ങളും ഐശ്വര്യങ്ങളും ഇതിലൂടെ നിര്‍വ്വഹിക്കപ്പെടുന്ന ആവശ്യങ്ങളും വെച്ച് നോക്കുമ്പോള്‍ ഈ സൂറത്തുകള്‍ പഠിക്കുകയും പാരായണം നടത്തുകയും ചെയ്യേണ്ടതാണെന്ന് വ്യക്തമാകുന്നതാണ്. മാരണം, കണ്ണേറ്, ദുര്‍ബോധനം മുതലായ ശാരീരികവും ആത്മീയവുമായ എല്ലാ നാശ-നഷ്ടങ്ങളും ദൂരീകരിക്കാന്‍ അതിശക്തമായ മാധ്യമമാണിത്. സത്യം പറഞ്ഞാല്‍ ശ്വസനം, ആഹാര-പാനീയ-വസ്ത്രങ്ങള്‍ എന്നിവയെക്കാള്‍ ഇത് മനുഷ്യന് വളരെ ആവശ്യമാണ്. (ബദായിഉല്‍ ഫവാഇദ്).
ഈ സൂറത്തുകളുടെ അവതരണ പശ്ചാത്തലം ഇമാം അഹ്മദ് വിവരിക്കുന്നു. റസൂലുല്ലാഹി (സ്വ) യുടെ മേല്‍ ഒരു യഹൂദി മാരണം ചെയ്തു. ഇത് കാരണം റസൂലുല്ലാഹി (സ്വ) രോഗിയായി. അവസാനം ജിബ്രീല്‍ (അ) വന്ന് അറിയിച്ചു. താങ്കളുടെ മേല്‍ ഒരു യഹൂദി മാരണം ചെയ്തിരിക്കുന്നു. മാരണം ചെയ്യപ്പെട്ട വസ്തു ഇന്ന കിണറ്റിലുണ്ട്.! റസൂലുല്ലാഹി (സ്വ) അവിടേക്ക് ആളെ അയച്ചു. അദ്ദേഹം മാരണത്തിന്‍റെ വസ്തുക്കളെ കിണറ്റില്‍ പുറത്തെടുത്തു. അതില്‍ ചില കെട്ടുകളുണ്ടായിരുന്നു. റസൂലുല്ലാഹി (സ്വ) ആ കെട്ടുകള്‍ അഴിച്ചു. തദവസരം തീര്‍ത്തും ആരോഗ്യവാനായി റസൂലുല്ലാഹി (സ്വ) എഴുന്നേറ്റ് നിന്നു. ജിബ്രീല്‍ (അ) ഇത് ചെയ്ത യഹൂദിയുടെ പേര് പറഞ്ഞുകൊടുക്കുകയും റസൂലുല്ലാഹി (സ്വ) അയാളെ മനസ്സിലാക്കുകയും ചെയ്തെങ്കിലും റസൂലുല്ലാഹി (സ്വ) പ്രതികാരമൊന്നും ചെയ്തില്ല. പ്രതികാരം ചെയ്യുന്നത് നബി (സ്വ) യുടെ പതിവുമായിരുന്നില്ല. ആകയാല്‍ ഒരിക്കലും അദ്ദേഹത്തെ ഒന്നും പറഞ്ഞില്ല. അദ്ദേഹം മുനാഫിഖ് ആയിരുന്നതിനാല്‍ റസൂലുല്ലാഹി (സ്വ) യുടെ സദസ്സില്‍ വരാറുണ്ടായിരുന്നു. പക്ഷെ റസൂലുല്ലാഹി (സ്വ) പരാതിയുടെ അടയാളങ്ങള്‍ പോലും പ്രകടിപ്പിച്ചില്ല. (അഹ്മദ്). ആഇശ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വ) യുടെ മേല്‍ ഒരു യഹൂദി മാരണം ചെയ്തതിനാല്‍ റസൂലുല്ലാഹി (സ്വ) യില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ചെയ്യാത്ത ചില കാര്യങ്ങളെ കുറിച്ച് ചെയ്തുവെന്ന് തോന്നിച്ചിരുന്നു. ഒരിക്കല്‍ റസൂലുല്ലാഹി (സ്വ) ആഇശ (റ) യോട് പറഞ്ഞു: എന്‍റെ രോഗം എന്താണെന്ന് അല്ലാഹു എനിക്ക് വിവരിച്ച് തന്നിരിക്കുന്നു. സ്വപ്നത്തില്‍ രണ്ടുപേര്‍ വന്നു. ഒരാള്‍ തലയുടെ ഭാഗത്തും മറ്റെയാള്‍ കാലിന്‍റെ അരികിലും ഇരുന്നു. തലയുടെ ഭാഗത്തുള്ളയാള്‍ ചോദിച്ചു: തങ്ങളുടെ വിശേഷമെന്താണ്.? മറ്റെയാള്‍ പറഞ്ഞു: മാരണം ചെയ്യപ്പെട്ടിരിക്കുന്നു. ചോദിച്ചു: ആരാണ് മാരണം ചെയ്തത്.? അപരന്‍ പറഞ്ഞു: യഹൂദികളുമായി സഖ്യത്തിലായിരുന്ന കപടനായ ലബീദ് ബിന്‍ അഅ്സം. ചോദിച്ചു: എന്ത് വസ്തുവിലാണ് മാരണം ചെയ്തത്. അപരന്‍ പറഞ്ഞു: ഒരു ചീപ്പിലും അതിന്‍റെ പല്ലുകളിലും. ചോദിച്ചു: അത് എവിടെയാണ്.? അപരന്‍ പറഞ്ഞു: ഈത്തപ്പഴമുണ്ടാകുന്ന പൊതിയിലാണ്. ദര്‍വാന്‍ കിണറ്റില്‍ ഒരു കല്ലിനടിയില്‍ അത് അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. റസൂലുല്ലാഹി (സ്വ) ആ കിണറ്റിലേക്ക് വന്നു. അത് പുറത്തെടുത്തു. തുടര്‍ന്ന് അരുളി: സ്വപ്നത്തില്‍ ഈ കിണറ് തന്നെയാണ് കാണിക്കപ്പെട്ടത്. ആഇശ (റ) ചോദിച്ചു: അങ്ങ് ഇത് പരസ്യപ്പെടുത്തിക്കൂടായിരുന്നോ.? റസൂലുല്ലാഹി (സ്വ) അരുളി: അല്ലാഹു എനിക്ക് രോഗശമനം നല്‍കി. (ഇപ്പോള്‍ ഇത് പരസ്യപ്പെടുത്തിയാല്‍ ജനങ്ങള്‍ അയാളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതാണ്.). ആരെങ്കിലും ഞാന്‍ കാരണം ഉപദ്രവിക്കപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. (ബുഖാരി). ഇതിന്‍റെ ബുദ്ധിമുട്ട് ആറ് മാസം വരെ റസൂലുല്ലാഹി (സ്വ) അനുഭവിക്കുകയുണ്ടായി. (അഹ്മദ്). ചില സ്വഹാബികള്‍ ഈ വിവരം അറിഞ്ഞപ്പോള്‍ ലബീദിനെ വധിക്കാന്‍ അനുവാദം ചോദിച്ചു. തദവസരം ആഇശ സിദ്ദീഖ (റ) ക്ക് കൊടുത്ത അതേ മറുപടി തന്നെ റസൂലുല്ലാഹി (സ്വ) ആവര്‍ത്തിച്ചു. ഇമാം സഅ്ലബി വിവരിക്കുന്നു. റസൂലുല്ലാഹി (സ്വ) ക്ക് ഒരു കുട്ടി സേവനങ്ങള്‍ ചെയ്തിരുന്നു. ലബീദ് ആ കുട്ടിയെ വശീകരിച്ച് റസൂലുല്ലാഹി (സ്വ) യുടെ ഒരു ചീപ്പ് കരസ്ഥമാക്കി. അതില്‍ 11 കെട്ടുകള്‍ ഇടുകയും ഓരോ കെട്ടിനും സൂചി തറയ്ക്കുകയും ചെയ്തു. ഈത്തപ്പഴത്തിന്‍റെ തോലില്‍ വെച്ച് ഒരു കിണറ്റിന്‍റെ കല്ലിന്‍റെ അടിയില്‍ അത് ഒളിപ്പിച്ചു. ഇതിന്‍റെ പരിഹാരമെന്നോണം ഈ രണ്ട് സൂറത്തുകള്‍ അവതരിച്ചു. ഇതില്‍ പതിനൊന്ന് ആയത്തുകള്‍ ഉണ്ട്. റസൂലുല്ലാഹി (സ്വ) ഓരോ ആയത്തുകള്‍ ഓതി ഓരോ കുരുക്കുകള്‍ അഴിച്ചുകൊണ്ടിരുന്നു. എല്ലാം അഴിച്ചപ്പോള്‍ റസൂലുല്ലാഹി (സ്വ) യില്‍ നിന്നും എന്തോ ഭാരം ഒഴിവായത് പോലെ അനുഭവപ്പെട്ടു. (ഇബ്നു കസീര്‍).
ഇവിടെ ഒരു കാര്യം മനസ്സിലാക്കുക: മാരണ ഫലമായി വല്ല ബുദ്ധിമുട്ടും ഉണ്ടാകുന്നത് റസൂലുല്ലാഹി (സ്വ) യുടെ നുബുവ്വത്തിന് എതിരല്ല. മാരണത്തിന്‍റെ യാഥാര്‍ത്ഥ്യം അറിയാത്തവര്‍ റസൂലുല്ലാഹി (സ്വ) യുടെ മേല്‍ മാരണത്തിന്‍റെ ബുദ്ധിമുട്ട് എങ്ങനെയുണ്ടായി എന്ന് ചോദിച്ച് അത്ഭുതപ്പെടാറുണ്ട്. മാരണത്തിന്‍റെ യാഥാര്‍ത്ഥ്യവും നിയമങ്ങളും സൂറത്തുല്‍ ബഖറ 102-)ം ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ വിശദീകരിച്ചുകഴിഞ്ഞു. വിവരണം അറിയേണ്ടവര്‍ അവിടെ നോക്കുക. ഇവിടെ മനസ്സിലാക്കിയിരിക്കേണ്ട അതിന്‍റെ ചുരുക്കം ഇപ്രകാരമാണ്: തീ കാരണം പൊള്ളുക, ചൂടുണ്ടാകുക, തണുപ്പുണ്ടാകുക, ചില കാരണങ്ങള്‍ കൊണ്ട് പനിയുണ്ടാകുക, വേദനയും മറ്റ് രോഗങ്ങളും സംഭവിക്കുക എന്നിവ പോലെ മാരണം കൊണ്ടും ബുദ്ധിമുട്ട് ഉണ്ടാകുക എന്നത് പ്രകൃതിപരമായ ഒരു കാര്യമാണ്. ഇതില്‍ നിന്നും നബിമാരും ഒഴിവല്ല. ആകയാല്‍ ഇതര ബുദ്ധുമുട്ടുകള്‍ പോലെയുള്ള ഒരു ബുദ്ധിമുട്ടാണ് മാരണം കൊണ്ടുണ്ടാകുന്നത്. അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.
ഫലഖ്, നാസ് സൂറത്തുകള്‍ക്ക് മുഅവ്വദതൈന്‍ എന്ന് പറയപ്പെടുന്നു. ഇത് രണ്ടും ഭൗതികവും മതപരവുമായ സര്‍വ്വ വിധ നാശ-നഷ്ടങ്ങളില്‍ നിന്നുമുള്ള സുരക്ഷിതത്തിന്‍റെ കാവല്‍ കോട്ടയാണ്. ഇതിന്‍റെ ധാരാളം മഹത്വങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്.
ഇഹത്തിലും പരത്തിലുമുണ്ടാകുന്ന എല്ലാവിധ ഉപകാര-ഉപദ്രവങ്ങളും അല്ലാഹുവിന്‍റെ തീരുമാനപ്രകാരമാണ് എന്നത് എല്ലാ മുഅ്മിനിന്‍റെയും വിശ്വാസമാണ്. അല്ലാഹുവിന്‍റെ തീരുമാനമില്ലാതെ ആരും ആര്‍ക്കും ഒരുതരിയുടെ പോലും ഉപകാരമോ ഉപദ്രവമോ ഉണ്ടാകുന്നതല്ല. ആകയാല്‍ ഇരുലോകങ്ങളിലെയും മുഴുവന്‍ നാശ-നഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക മാര്‍ഗ്ഗം മനുഷ്യന്‍ അല്ലാഹുവിന്‍റെ അഭയത്തില്‍ കടന്നുകൂടലും സ്വന്തം കര്‍മ്മങ്ങള്‍ കൊണ്ട് പടച്ചവന്‍റെ അഭയത്തിന് അര്‍ഹനാകലുമാണ്. ഈ രണ്ട് സൂറത്തുകളും ആദ്യത്തെ സൂറത്തായ ഫലഖില്‍ ഭൗതിക അപകടങ്ങളില്‍ നിന്നും അല്ലാഹുവിനോട് അഭയം തേടാനും അടുത്ത സൂറത്തായ നാസില്‍ പരലോക നാശ-നഷ്ടങ്ങളില്‍ നിന്നും അല്ലാഹുവില്‍ അഭയം പ്രാപിക്കാനും പഠിപ്പിച്ചിരിക്കുന്നു.
ഉഖ്ബത്തുബ്നു ആമിര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ്വ) അരുളി: എല്ലാവിധ നന്മകളെയും കുറിച്ച് അല്ലാഹു കഴിഞ്ഞ രാത്രിയില്‍ ഏതാനും ആയത്തുകള്‍ എന്‍റെ മേല്‍ അവതരിപ്പിച്ചിരിക്കുന്നു. അഭയത്തിന്‍റെ വിഷയത്തില്‍ അതുപോലെ മറ്റൊന്നുമില്ല. അത് ഫലഖ്, നാസ് സൂറത്തുകളാണ്. (മുസ്ലിം). തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍, ഖുര്‍ആന്‍ ഇവയൊന്നിലും ഇതുപോലെ മറ്റൊരു സൂറത്തുമില്ല. (അഹ്മദ്). ഉഖ്ബത് (റ) വിവരിക്കുന്നു. ഒരു യാത്രയില്‍ റസൂലുല്ലാഹി (സ്വ) എന്നെക്കൊണ്ട് ഈ രണ്ട് സൂറത്തുകള്‍ ഓതിപ്പിച്ചു. ശേഷം മഗ്രിബ് നമസ്കാരത്തിലും ഇത് തന്നെ പാരായണം ചെയ്തു. തുടര്‍ന്ന് അരുളി: ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഇത് ഓതുക. (നസാഈ). എല്ലാ നമസ്കാരങ്ങള്‍ക്കും ശേഷം ഇത് ഓതാന്‍ നിര്‍ദ്ദേശിച്ചതായി ഒരു രിവായത്തില്‍ വന്നിരിക്കുന്നു. (അബൂ ദാവൂദ്). ആഇശ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വ) ക്ക് വല്ല രോഗങ്ങളുമുണ്ടാകുമ്പോള്‍ ഈ രണ്ട് സൂറത്തുകള്‍ ഓതി കൈയ്യില്‍ ഊതി ശരീരത്ത് തടകുമായിരുന്നു. വിയോഗ നേരം റസൂലുല്ലാഹി (സ്വ) ക്ക് പ്രയാസമുണ്ടായപ്പോള്‍ ഞാന്‍ ഇത് ഓതി തൃക്കരങ്ങളില്‍ ഊതി തിരുശരീരം തടകുമായിരുന്നു. (മുവത്വ). അബ്ദുല്ലാഹിബ്നു ഹബീബ് (റ) വിവരിക്കുന്നു. ഒരു രാത്രി കനത്ത മഴയും ഇരുട്ടും ഉണ്ടായപ്പോള്‍ ഞാന്‍ റസൂലുല്ലാഹി (സ്വ) യെ തേടി പുറപ്പെട്ടു. അല്‍പം കഴിഞ്ഞ് കണ്ടുമുട്ടി. അപ്പോള്‍ ഞാന്‍ ചോദിച്ചു: എന്താണ് ഓതേണ്ടത്. റസൂലുല്ലാഹി (സ്വ) അരുളി: ഖുല്‍ഹുവല്ലായും മുഅവ്വദതൈനിയും മൂന്ന് പ്രാവശ്യം ഓതുക. ഇത് രാവിലെയും വൈകുന്നേരവും മൂന്ന് പ്രാവശ്യം ഓതിയാല്‍ നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും അഭയമുണ്ടാകുന്നതാണ്. (തിര്‍മുദി) ചുരുക്കത്തില്‍ എല്ലാ അവകടങ്ങളില്‍ നിന്നും സംരക്ഷണത്തിന് റസൂലുല്ലാഹി (സ്വ) യും സ്വഹാബത്തും ഈ സൂറത്തുകള്‍ ഓതുന്നത് പതിവാക്കിയിരുന്നു. അടുത്തതായി ഇതിന്‍റെ വചനങ്ങളുടെ വിവരണം ശ്രദ്ധിക്കുക:
........... ആയത്ത് 01 ഇതുകൊണ്ടുള്ള ഉദ്ദേശം രാത്രിയ്ക്ക് ശേഷം പ്രഭാതം വെളിവാകലാണ്. പ്രഭാതം കൊണ്ടുവരുന്നത് അല്ലാഹുവാണെന്ന് മറ്റൊരു ആയത്തില്‍ പറഞ്ഞിട്ടുമുണ്ട്. (അന്‍ആം 96). അല്ലാഹുവിന്‍റെ വിവിധ വിശേഷണങ്ങള്‍ക്കിടയില്‍ ഇതിനെ തെരഞ്ഞെടുക്കാനുള്ള കാരണം രാത്രിയുടെ ഇരുട്ടില്‍ ഉണ്ടാകുന്ന കുഴപ്പങ്ങളെ പ്രഭാത വെളിച്ചം ദൂരീകരിക്കുന്നത് കൊണ്ടായിരിക്കാം. ഈ പ്രഭാതം കൊണ്ടുവരുന്ന അല്ലാഹുവിനോട് അഭയം തേടുന്നതിലൂടെ അല്ലാഹു എല്ലാ പ്രയാസ-പ്രശ്നങ്ങളും ദൂരീകരിക്കുന്നതാണെന്ന് ഇത് സൂചിപ്പിക്കുന്നു. (മള്ഹരി).
........................ 02. അല്ലാമാ ഇബ്നുല്‍ ഖയ്യിം കുറിക്കുന്നു: ഈ ആയത്തിലെ ശര്‍റ് (നാശം) എന്നത് രണ്ട് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒന്ന്, മനുഷ്യന് നേരിട്ടുണ്ടാകുന്ന പ്രയാസ-പ്രശ്നങ്ങളുടെ ദുഃഖ-വേദനകള്‍. രണ്ട്, ആ ദുഃഖ-വേദനകള്‍ക്ക് കാരണമാകുന്ന നിഷേധം, ബഹുദൈവാരാധന, പാപങ്ങള്‍ പോലുള്ള കാരണങ്ങള്‍. ഇത് രണ്ടും ഇവിടുത്തെ നാശം എന്നതില്‍ ഉള്‍പ്പെട്ടതാണ്. ഖുര്‍ആനിലും ഹദീസിലും അഭയം ചോദിച്ചിട്ടുള്ള സകല കാര്യങ്ങളും ഈ രണ്ടാലൊരു വിഭാഗത്തില്‍ പെട്ടതാണ്. നമസ്കാരത്തിന്‍റെ അവസാനത്തില്‍ നാല് കാര്യങ്ങളില്‍ നിന്നും അഭയം തേടുന്നത് സുന്നത്താണെന്ന് വന്നിരിക്കുന്നു. ഒന്ന്, ഖബ്ര്‍ ശിക്ഷ. രണ്ട്, നരക ശിക്ഷ. മൂന്ന്-നാല്, ജീവിത-മരണ സന്ദര്‍ഭങ്ങളിലെ പ്രശ്നങ്ങള്‍. ഇതില്‍ ആദ്യത്തെ രണ്ട് കാര്യങ്ങള്‍ നേരെയുള്ള നാശങ്ങളും രണ്ടാമത്തെ രണ്ട് കാര്യങ്ങള്‍ നാശത്തിന്‍റെ കാരണങ്ങളുമാണ്.
................... 03. കഴിഞ്ഞ വചനത്തില്‍ തന്നെ എല്ലാവിധ നാശങ്ങളില്‍ നിന്നും അഭയം തേടുന്നത് വന്നിട്ടുണ്ടെങ്കിലും മൂന്ന് അപകടങ്ങളില്‍ നിന്നും പ്രത്യേകം അഭയം തേടുകയാണ്. ഇത് മൂന്നും അധികം നാശങ്ങളുടെയും കാരണമാണ്. ഒന്നാമത്തെ കാര്യം രാത്രി പരക്കുമ്പോഴുണ്ടാകുന്ന നാശങ്ങളാണ്. രാത്രിയെ പ്രത്യേകം പറഞ്ഞത്, രാത്രിയില്‍ ജിന്നുകളും പിശാചുക്കളും ഉപദ്രവ ജിവികളും ഇഴ ജന്തുക്കളും കള്ളന്മാരും കൊള്ളക്കാരും പരക്കുകയും ശത്രുക്കള്‍ അക്രമം അഴിച്ചുവിടുകയും ചെയ്യാറുണ്ട്. മാരണത്തിന്‍റെ കുഴപ്പങ്ങളും കൂടുതലും രാത്രിയിലാണ് നടക്കുന്നത്. (ഇബ്നുല്‍ ഖയ്യിം).
.......................04. മാരണം ചെയ്യുന്നവര്‍ കെട്ടുകളുണ്ടാക്കി അതില്‍ മാരണ വചനങ്ങള്‍ ഓതി ഊതാറുണ്ട്. ഇതില്‍ നിന്നും അഭയം തേടലാണ് രണ്ടാമത്തെ കാര്യം. മാരണക്കാരില്‍ പുരുഷന്മാരും സ്ത്രീകളും ഉണ്ടെങ്കിലും ഇവിടെ നഫ്ഫാസാത്ത് എന്ന് സ്ത്രീലിംഗം ഉപയോഗിച്ചത് ഒന്നുകില്‍, മാരണം ചെയ്യുന്നവരുടെ ആത്മാവുകള്‍ എന്ന ഉദ്ദേശത്തിലാണ്. ആത്മാവുകള്‍ എന്നത് സ്ത്രീലിംഗമാണ്. അല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കൂടുതലും സ്ത്രീകളായത് കൊണ്ടായിരിക്കാം. മറ്റൊരു അഭിപ്രായം ഈ ആയത്ത് സൂറത്തിന്‍റെ അവതരണ പശ്ചാത്തലവുമായി ബന്ധപ്പെട്ടതാണ്. റസൂലുല്ലാഹി (സ്വ) യുടെ മേല്‍ മാരണം ചെയ്തത് വലീദിന്‍റെ നിര്‍ദ്ദേശ പ്രകാരം പെണ്‍മക്കളായിരുന്നു. മാരണക്കാരുടെ ശല്യം പ്രത്യേകം എടുത്ത് പറഞ്ഞത്, മാരണത്തെ കുറിച്ച് മനുഷ്യന്‍ സാധാരണ ചിന്തിക്കാത്തത് കൊണ്ടാണ്. അതിന് ശരിയായ പരിഹാരം ചെയ്യാതെ പലരും ഇതൊരു രോഗമാണെന്ന് മനസ്സിലാക്കി മറ്റ് ചികിത്സകള്‍ നടത്തുകയും പ്രയാസ-പ്രശ്നങ്ങള്‍ കൂടുകയും ചെയ്യാറുണ്ട്.
............... 05. അസൂയാലുക്കളുടെ ഉപദ്രവമാണ് മൂന്നാമത്തെ കാര്യം. പല ഉപദ്രവങ്ങളുടെയും അടിസ്ഥാനം അസൂയയാണ്. അസൂയ കാരണമായിട്ടാണ് റസൂലുല്ലാഹി (സ്വ) യുടെ മേല്‍ മാരണം ചെയ്തത്. മുസ്ലിംകളുടെ പുരോഗതി കണ്ട് മുനാഫിഖുകളുടെ അസൂയ പുകയുമായിരുന്നു. ബാഹ്യമായി പോരാടാന്‍ കഴിവില്ലാത്തത് കൊണ്ട് മാരണത്തിലൂടെ അവര്‍ ശത്രുത ശമിപ്പിക്കാന്‍ നോക്കി. റസൂലുല്ലാഹി (സ്വ) യോട് ധാരാളം ആളുകള്‍ ശത്രുത പുലര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അവരില്‍ നിന്നും അഭയം തേടാന്‍ ഉണര്‍ത്തിയിരിക്കുന്നത്. അസൂയാലു ഒരിക്കലും അടങ്ങിയിരിക്കുകയില്ല. നിരന്തരം ഉപദ്രവിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കും. അസൂയാലുവിന്‍റെ ഉപദ്രവം വളരെ കഠിനവുമാണ്. മറ്റൊരാള്‍ക്ക് ലഭിച്ച അനുഗ്രഹം തനിക്ക് ലഭിച്ചാലും ഇല്ലെങ്കിലും അയാളില്‍ നിന്നും മാറിപ്പോകണം എന്ന് ആഗ്രഹിക്കുന്നതാണ് അസൂയ. ഇത് വന്‍പാപവും നിഷിദ്ധവുമാണ്. പ്രപഞ്ചത്തിന്‍റെ തുടക്കത്തില്‍ ആകാശ ലോകത്ത് നടന്ന ആദ്യത്തെ പാപമാണിത്. ഇബ്ലീസ് ആദം നബി (അ) യോട് അസൂയ പുലര്‍ത്തി. ഭൂമി ലോകത്തും നടന്ന ആദ്യത്തെ പാപം അസൂയയാണ്. അസൂയയുടെ പേരിലാണ് ഖാബീല്‍ സ്വന്തം സഹോദരനായ ഹാബീലിനെ വധിച്ചത്. (ഖുര്‍തുബി). എന്നാല്‍ ഒരാളുടെ നന്മ കണ്ട് അതുപോലെ എനിക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് അനുവദനീയം മാത്രമല്ല, നല്ലതുമാണ്.
ഈ സൂറത്തില്‍ മൂന്ന് കാര്യങ്ങളില്‍ നിന്നും പ്രത്യേകം അഭയം ചോദിച്ചിരിക്കുന്നു. എന്നാല്‍ ഒന്നാമത്തേതിലും മൂന്നാമത്തേതിയും രാത്രി ഇരുള്‍ മുറ്റിയാല്‍ എന്നും അസൂയാലു അസൂയ കാണിക്കുമ്പോള്‍ എന്നും നിബന്ധന പറഞ്ഞിരിക്കുന്നു. മാരണക്കാരനെ കുറിച്ച് പറഞ്ഞപ്പോള്‍ നിബന്ധന പറഞ്ഞിട്ടില്ല. കാരണം മാരണത്തിന്‍റെ ഉപദ്രവം പൊതുവായതാണ്. രാത്രിയിലുള്ള ഉപദ്രവം രാത്രി ഇരുള്‍ മുറ്റുമ്പോള്‍ മാത്രമാണ്. അസൂയാലുവിന്‍റെ ശല്യം അസൂയയുടെ അടിസ്ഥാനത്തില്‍ വല്ല അക്രമങ്ങളും കാട്ടുമ്പോള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. അക്രമങ്ങളൊന്നും കാട്ടാതെ അസൂയ മാത്രം പുലര്‍ത്തിക്കൊണ്ടിരുന്നാല്‍ അതിന്‍റെ നാശം അസൂയാലുവിന് മാത്രമാണ്. അതുകൊണ്ടാണ് അസൂയ കാട്ടുമ്പോള്‍ എന്ന് പ്രത്യേകം എടുത്ത് പറഞ്ഞത്.
സൂറത്തുന്നാസ്
സൂറത്തുല്‍ ഫലഖില്‍ ഭൗതിക നാശ-നഷ്ടങ്ങളില്‍ നിന്നും അഭയം തേടാന്‍ പഠിപ്പിച്ചു. ഇവിടെ പാരത്രിക അപകടങ്ങളില്‍ നിന്നും അഭയം തേടാന്‍ ഉദ്ബോധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ സൂറത്തിലെ ശര്‍റ് എന്ന പദം നാശങ്ങളെയും നാശങ്ങള്‍ക്ക് കാരണമാകുന്ന കാര്യങ്ങളെയും ഉള്‍ക്കൊണ്ടിരിക്കുന്നെങ്കിലും ഈ സൂറത്തില്‍ പറയപ്പെട്ടിരിക്കുന്ന ശര്‍റ് കൊണ്ടുള്ള വിവക്ഷ എല്ലാ പാപങ്ങളുടെയും കാരണമായ പൈശാചിക ദുര്‍ബോധനങ്ങളാണ്. പരലോകത്തിലെ നാശ-നഷ്ടങ്ങള്‍ ഏറ്റവും കഠിനമായതിനാല്‍ അതിനെ കുറിച്ച് ഉണര്‍ത്തിക്കൊണ്ട് ഖുര്‍ആന്‍ സമാപിച്ചിരിക്കുന്നു.
.................. ആയത്ത് 01. റബ്ബ് എന്നാല്‍ പരിപാലിക്കുന്നവനും എല്ലാ അവസ്ഥകളെയും നന്നാക്കുന്നവനും എന്നാണ് ആശയം. ഇവിടെ ഇതിനെ അന്നാസ് ജനങ്ങള്‍ എന്നതുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ സൂറത്തില്‍ ഫലഖ് എന്നതുമായിട്ടാണ് ബന്ധപ്പെടുത്തിയത്. കാരണം, കഴിഞ്ഞ സൂറത്തിന്‍റെ ലക്ഷ്യം ബാഹ്യവും ശാരീരികവുമായ അപകടങ്ങളില്‍ നിന്നും അഭയം തേടലാണ്. അത് മനുഷ്യര്‍ക്ക് മാത്രമല്ല ഉണ്ടാകുന്നത്. ഇതര ജീവികള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ സൂറത്തില്‍ അഭയം തേടുന്ന പൈശാചിക ദുര്‍ബോധനങ്ങള്‍ മനുഷ്യരുമായി മാത്രം ബന്ധപ്പെട്ടതാണ്. ജിന്നുകളും മനുഷ്യരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ട് ഇവിടെ റബ്ബിനെ അന്നാസിലേക്ക് ചേര്‍ത്ത് പറഞ്ഞിരിക്കുന്നു. (മള്ഹരി).
.......................... ആയത്ത് 02-03. ഇതില്‍ പടച്ചവന്‍റെ രണ്ട് വിശേഷണങ്ങള്‍ പറയപ്പെട്ടിട്ടുണ്ട്. അല്ലാഹു ജനങ്ങളുടെ രാജാധിരാജനും ആരാധനയ്ക്ക് അര്‍ഹനുമാണ്. കാരണം റബ്ബ് എന്നതിനെ ഏതെങ്കിലും കാര്യങ്ങളുമായി ബന്ധിപ്പിച്ച് പറഞ്ഞാല്‍ അല്ലാഹു അല്ലാത്തവര്‍ക്കും പറയാവുന്നതാണ്. റബ്ബുദ്ദാര്‍, റബ്ബുല്‍ മാല്‍ (വീടിന്‍റെ ഉടമ, സമ്പത്തിന്‍റെ ഉടമ) എന്ന് പറയാറുണ്ട്. അതുകൊണ്ടാണ് ഈ രണ്ട് വിശേഷണങ്ങള്‍ എടുത്ത് പറഞ്ഞത്. അല്ലാഹു ജനങ്ങളുടെ പരിപാലകന്‍ ആയതിനോട് കൂടി രാജാവുമാണ്. എല്ലാ രാജാക്കന്മാരും ആരാധനയ്ക്ക് അര്‍ഹരല്ല. ആകയാല്‍ അല്ലാഹു ജനങ്ങളുടെ ആരാധനയ്ക്ക് അര്‍ഹന്‍ കൂടിയാണ്. കൂടാതെ ഇതിലെ ഓരോ വിശേഷണങ്ങളും അല്ലാഹുവിന്‍റെ സംരക്ഷണം വിളിച്ചറിയിക്കുന്നു. എല്ലാ ഉടമയും രാജാവും ആരാധനയ്ക്ക് അര്‍ഹനും യഥാക്രമം അടിമകളെയും പ്രജകളെയും ആരാധിക്കുന്നവരെയും സംരക്ഷിക്കുന്നതാണ്. ഈ മൂന്ന് ഗുണങ്ങള്‍ അല്ലാഹുവില്‍ മാത്രമേയുള്ളൂ. അല്ലാഹു അല്ലാത്തവരില്‍ ഈ മൂന്ന് ഗുണങ്ങള്‍ ഒരുമിച്ച് കൂടുന്നതല്ല. ആകയാല്‍ ഇങ്ങനെയുള്ള അല്ലാഹുവിനോട് അഭയം തേടുന്നതാണ് യഥാര്‍ത്ഥ അഭയം. അതുപോലെ ഈ മൂന്ന് ഗുണങ്ങള്‍ എടുത്ത് പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാന്‍ കൂടുതല്‍ സാധ്യതയുമുണ്ട്. ആദ്യത്തെ വചനത്തില്‍ അന്നാസ് എന്ന് വന്നത് കൊണ്ട് രണ്ടിലും മൂന്നിലും അന്നാസ് ആവര്‍ത്തിച്ച് വീണ്ടും പറഞ്ഞത് പ്രശംസയുടെ സ്ഥാനത്ത് ആവര്‍ത്തനം ഉത്തമമായത് കൊണ്ടാണ്. ചില മഹാന്മാര്‍ പറയുന്നു: ഈ സൂറത്തില്‍ നാസ് എന്ന് അഞ്ച് പ്രാവശ്യം വന്നിരിക്കുന്നു. ഒന്നാമത്തേത് കൊണ്ടുള്ള ഉദ്ദേശം കുട്ടികളാണ്. കാരണം പരിപാലകനം ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് കുട്ടികള്‍ക്കാണ്. രണ്ടാമത്തേത് കൊണ്ടുള്ള ഉദ്ദേശം യാവാക്കളാണ്. കാരണം ഉടമസ്ഥന്‍ എന്നതിന് നിയന്ത്രണം എന്നും ആവശ്യമുണ്ട്. നിയന്ത്രണം ഏറ്റവും കൂടുതല്‍ ആവശ്യം യുവാക്കള്‍ക്കാണ്. മൂന്നാമത്തെത് കൊണ്ടുള്ള ഉദ്ദേശം വൃദ്ധരാണ്. വൃദ്ധര്‍ ഭൗതിക കാര്യങ്ങളില്‍ നിന്നും അകന്ന് ആരാധനാ കാര്യങ്ങളില്‍ മുഴുകുന്നവരാണ്. നാലാമത്തേത് കൊണ്ടുള്ള ഉദ്ദേശം അല്ലാഹുവിന്‍റെ സുകൃതവാന്മാരായ അടിമകളാണ്. കാരണം പിശാച് അവരിലാണ് ദുര്‍ബോധനങ്ങള്‍ നടത്തുന്നത്. അഞ്ചാമത്തേത് കൊണ്ടുള്ള ഉദ്ദേശം നാശകാരികളായ ജനങ്ങളാണ്. അതുകൊണ്ടാണ് അവരില്‍ നിന്നും അഭയം തേടിയത്.
............... ആയത്ത് 04-05. അല്ലാഹുവിന്‍റെ മൂന്ന് വിശേഷണങ്ങള്‍ അനുസ്മരിച്ചശേഷം അഭയം തേടുന്ന കാര്യം പറയുകയാണ്. അത് അടിമുടി ദുര്‍ബോധനം നടത്തുന്ന പിശാചിന്‍റെ ദുര്‍ബോധനങ്ങളാണ്. ദുര്‍ബോധനം കൊണ്ടുള്ള ഉദ്ദേശം പിശാചിനെ അനുസരിക്കാന്‍ വേണ്ടി അവ്യക്തമായ നിലയില്‍ ക്ഷണിക്കലാണ്. (ഖുര്‍ത്വുബി). ഈ ആയത്തിലെ ഖന്നാസ് എന്നതിന്‍റെ അര്‍ത്ഥം, പിന്നോട്ട് മാറുന്നവന്‍ എന്നാണ്. അതെ, പിശാച് മനുഷ്യന്‍ അശ്രദ്ധനാകുമ്പോള്‍ ദുര്‍ബോധനങ്ങള്‍ നടത്തുകയും പടച്ചവന്‍റെ നാമം പറയുമ്പോള്‍ പിന്തിരിഞ്ഞോടുകയും ചെയ്യുന്നതാണ്. പിശാചിന്‍റെ നിരന്തരമായ പ്രവര്‍ത്തനം ഇതാണ്. റസൂലുല്ലാഹി (സ്വ) അരുളി: എല്ലാ മനുഷ്യരുടെയും മനസ്സില്‍ രണ്ട് കൂടുകളുണ്ട്. ഒന്നില്‍ മലക്കും മറ്റൊന്നില്‍ പിശാചും ഇരിക്കുന്നതാണ്. മലക്ക് നല്ല കാര്യത്തിലേക്കും പിശാച് മോശം കാര്യങ്ങള്‍ക്കും പ്രേരണ നല്‍കുന്നു. എന്നാല്‍ മനുഷ്യന്‍ അല്ലാഹുവിനെ ധ്യാനിക്കുമ്പോള്‍ പിശാച് പിന്മാറുന്നതാണ്. അല്ലാഹുവിനെ ധ്യാനിക്കാതിരിക്കുമ്പോഴെല്ലാം പിശാച് മനസ്സില്‍ ദുര്‍ബോധനങ്ങള്‍ ഇട്ടുകൊണ്ടിരിക്കുന്നതാണ്. (അബൂയഅ്ലാ).
.................. ആയത്ത് 06. ദുര്‍ബോധനങ്ങള്‍ നടത്തുന്നവര്‍ മനുഷ്യരിലും ജിന്നുകളിലുമുണ്ട്. ആകയാല്‍ ഇരു വിഭാഗത്തിന്‍റെയും ദുര്‍ബോധനങ്ങളില്‍ നിന്നും അല്ലാഹുവിനോട് അഭയം തേടേണ്ടതാണ്. മനുഷ്യ പിശാചുക്കള്‍ ബാഹ്യമായി സംസാരിക്കുന്നവരാണെങ്കിലും അവരുടെ സംസാരത്തിന്‍റെ ദുഷ്ഫലങ്ങളും തെറ്റിദ്ധാരണകളും മനസ്സില്‍ പ്രവേശിക്കുന്നതാണ്. ശൈഖ് ഇസ്സുദ്ദീന്‍ പ്രസ്താവിക്കുന്നു: ഈ ആയത്തിലെ മനുഷ്യരിലെ പിശാചുക്കള്‍ കൊണ്ടുള്ള ഉദ്ദേശം സ്വന്തം മനസ്സിന്‍റെ ഉദ്ബോധനങ്ങളാണ്. കാരണം പിശാച് മനുഷ്യ മനസ്സില്‍ തിന്മകളിലേക്കുള്ള പ്രേരണ ഇടുന്നത് പോലെ മനുഷ്യ മനസ്സുകളും തിന്മകളിലേക്ക് പ്രേരിപ്പിക്കാറുണ്ട്. അതുകൊണ്ടാണ് റസൂലുല്ലാഹി (സ്വ) ഇപ്രകാരം ദുആ ചെയ്യാന്‍ പഠിപ്പിച്ചത്; അല്ലാഹുവേ, എന്‍റെ മനസ്സിന്‍റെയും പിശാചിന്‍റെയും ഉപദ്രവങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. (മുസ്വന്നഫ്)
പൈശാചിക ദുര്‍ബോധനങ്ങളില്‍ നിന്നും അഭയം തേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇബ്നു കസീര്‍ (റഹ്) പ്രസ്താവിക്കുന്നു. അല്ലാഹുവിന്‍റെ മൂന്ന് വിശേഷണങ്ങള്‍ പറഞ്ഞുകൊണ്ട് പിശാചിന്‍റെ ദുര്‍ബോധനങ്ങളില്‍ നിന്നും അഭയം തേടണമെന്ന് അല്ലാഹു ഈ സൂറത്തില്‍ പഠിപ്പിച്ചിരിക്കുന്നു. കാരണം എല്ലാ മനുഷ്യരുടെയും കൂട്ടത്തില്‍ ഒരു പൈശാചിക കൂട്ടുകാരന്‍ (ഖരീന്‍) കൂടിയിട്ടുണ്ട്. അവന്‍ ഓരോ ചുവടിലും മനുഷ്യനെ നശിപ്പിക്കാന്‍ പരിശ്രമിക്കുന്നതാണ്. ആദ്യം പാപങ്ങള്‍ക്ക് പ്രേരിപ്പിക്കും. പലതരം പ്രേരണകളിലൂലെ പാപങ്ങളില്‍ വീഴ്ത്താന്‍ പരിശ്രമിക്കും. അതില്‍ വിജയിച്ചില്ലെങ്കില്‍ മനുഷ്യന്‍ ചെയ്തുകൊണ്ടിരിക്കുന്ന നന്മകള്‍ക്കിടയില്‍ മറ്റുള്ളവരെ കാണിക്കാനുള്ള ചിന്തയും അഹന്തയും ഇടുന്നതാണ്. പണ്ഡിതന്മാര്‍ക്ക് സത്യവിശ്വാസങ്ങളെ കുറിച്ച് സംശയങ്ങള്‍ ഇട്ടുകൊടുക്കുന്നതാണ്. അല്ലാഹു രക്ഷിച്ചവര്‍ക്ക് മാത്രമേ ഇവന്‍റെ ഉപദ്രവത്തില്‍ നിന്നും രക്ഷ കിട്ടുകയുള്ളൂ. റസൂലുല്ലാഹി (സ്വ) അരുളി: എല്ലാവരോടൊപ്പവും ഒരു പിശാചുണ്ട്. സ്വഹാബത്ത് ചോദിച്ചു: അങ്ങയോടൊപ്പവും ഉണ്ടോ.? റസൂലുല്ലാഹി (സ്വ) അരുളി: ഉണ്ട്. പക്ഷെ, അവനെതിരില്‍ അല്ലാഹു എന്നെ സഹായിച്ചു. അവന്‍ എന്നെ നല്ല കാര്യങ്ങള്‍ക്ക് മാത്രമേ പ്രേരിപ്പിക്കുകയുള്ളൂ. (മുസ്ലിം). അനസ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വ) മസ്ജിദില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുമ്പോള്‍ ഒരു രാത്രി ഉമ്മുല്‍ മുഅ്മിനീന്‍ സ്വഫിയ്യ (റ) കാണാന്‍ വന്നു. അവര്‍ മടങ്ങിയപ്പോള്‍ റസൂലുല്ലാഹി (സ്വ) അല്പം അവരോടൊപ്പം നടന്നു. ഇതിനിടയില്‍ രണ്ട് അന്‍സ്വാരി സ്വഹാബികള്‍ അതുവഴി കടന്നുപോയി. ഉടനെ റസൂലുല്ലാഹി (സ്വ) അവരെ വിളിച്ചിട്ട് പറഞ്ഞു: എന്‍റെ കൂട്ടത്തില്‍ ഉള്ളത് സ്വഫിയ്യയാണ്. അവര്‍ രണ്ട് പേരും പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, സുബ്ഹാനല്ലാഹ്.! (ഞങ്ങളുടെ മനസ്സില്‍ അങ്ങയെ കുറിച്ച് മോശം ചിന്ത വല്ലതും വരാനോ.?) റസൂലുല്ലാഹി (സ്വ) അരുളി: പിശാച് മനുഷ്യന്‍റെ ഞരമ്പുകളിലൂടെ സഞ്ചരിക്കുന്നുണ്ട്. അവന്‍ നിങ്ങളുടെ മനസ്സില്‍ എന്നെ കുറിച്ച് തെറ്റിദ്ധാരണ വല്ലതും ഇട്ടുതരുമെന്ന് എനിക്ക് തോന്നലുണ്ടായി. അതുകൊണ്ടാണ് ഇപ്രകാരം പറഞ്ഞത്. (ബുഖാരി).
ഇവിടെ ഒരു കാര്യം മനസ്സിലാക്കുക: മോശമായ കാര്യങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്നതിനോടൊപ്പം തെറ്റിദ്ധാരണകള്‍ക്ക് ഇട വരുത്താതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇനി ജനങ്ങളുടെ മനസ്സുകളില്‍ സംശയമോ തെറ്റിദ്ധാരണയോ ഉണ്ടായാല്‍ അത് ദൂരീകരിക്കാനും പരിശ്രമിക്കേണ്ടതാണ്. അതുപോലെ ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇവിടുത്തെ ദുര്‍ബോധനം കൊണ്ടുള്ള ഉദ്ദേശം മനുഷ്യന്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന ദുര്‍ബോധനമാണ്. അവിചാരിതമായി വല്ല ദുര്‍ബോധനങ്ങളും മനസ്സില്‍ കടക്കുകയും ഉടനെ അത് ദൂരീകരിക്കുകയും ചെയ്താല്‍ അതിന്‍റെ പേരില്‍ പാപങ്ങളൊന്നും ഉണ്ടാകുന്നതല്ല.
ഈ രണ്ട് സൂറത്തുകളിലും അല്ലാഹുവിനോട് അഭയം തേടുന്നതില്‍ വന്നിരിക്കുന്ന മറ്റൊരു വ്യത്യാസം ശ്രദ്ധേയമാണ്. സൂറത്തുല്‍ ഫലഖില്‍ അല്ലാഹുവിന്‍റെ ഒരു വിശേഷണം പറഞ്ഞുകൊണ്ട് പലകാര്യങ്ങളില്‍ നിന്നും അഭയം തേടിയിരിക്കുന്നു. സൂറത്തുന്നാസില്‍ അല്ലാഹുവിന്‍റെ പല വിശേഷണങ്ങള്‍ പറഞ്ഞുകൊണ്ട് ഒരൊറ്റ കാര്യത്തില്‍ നിന്നും അഭയം തേടിയിരിക്കുന്നു. പിശാചിന്‍റെ ഉപദ്രവം ഏറ്റവും വലുതാണെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഒന്നാമതായി, മറ്റ് അപകടങ്ങളുടെ കുഴപ്പം മനുഷ്യരുടെ ശരീരത്തിലും ഭൗതിക കാര്യങ്ങളിലുമാണ്. പിശാചിന്‍റെ കുഴപ്പം മനുഷ്യന്‍റെ ഇഹത്തിലും പരത്തിലും രണ്ടിലുമാണ്. അതുകൊണ്ട് അവന്‍റെ നാശം വളരെ കഠിനമാണ്. രണ്ടാമതായി ഭൗതിക നാശത്തെ ഭൗതികമായി തന്നെ ഏതെങ്കിലും നിലയില്‍ നേരിടാന്‍ സാധിക്കും. എന്നാല്‍ പിശാചിനെതിരില്‍ ഭൗതികമായ ഒരു പദ്ധതിയും ഫലിക്കുന്നതല്ല. പിശാചിനെ കാണാന്‍ പോലും കഴിയില്ല എന്നിരിക്കേ ഭൗതികമായി എങ്ങനെ നേരിടാനാണ്.? പിശാചിനെ തകര്‍ക്കാനുള്ള ഒരേയൊരു വഴി അല്ലാഹുവിന്‍റെ ദിക്ര്‍ മാത്രമാണ്.
ശത്രുക്കളായ മനുഷ്യരും പിശാചും മനുഷ്യന്‍റെ രണ്ട് ശത്രുക്കളാണ്. രണ്ട് ശത്രുക്കളെയും നേരിടാന്‍ രണ്ട് തരം വഴികളാണുള്ളത്. ശത്രുക്കളായ മനുഷ്യരെ ആദ്യം സത്സ്വഭാവം, സഹനത, മാപ്പ് ഇവയിലൂടെ മിത്രമാക്കാന്‍ പരിശ്രമിക്കുക. ഇത് ഫലിക്കാതെ വരുമ്പോള്‍ ജിഹാദും പോരാട്ടവും നടത്തുക. പൈശാചിക ശത്രുവിനെ നേരിടാന്‍ അല്ലാഹുവിനോട് അഭയം തേടുക മാത്രമാണ് വഴി. (ഇബ്നു കസീര്‍). ഇബ്നു കസീര്‍ തുടര്‍ന്ന് പറയുന്നു: അല്ലാഹു കല്പിക്കുന്നു: ............... അഅ്റാഫ് 199. ഇത് മനുഷ്യരിലെ ശത്രുക്കളെ നേരിടാനുള്ള വഴിയാണ്. തുടര്‍ന്ന് കല്പിക്കുന്നു: ............... അഅ്റാഫ് 200. ഇത് പൈശാചിക ശത്രുക്കളെ നേരിടാനുള്ള മാര്‍ഗ്ഗമാണ്. ഇതുപോലെ സൂറത്ത് മുഅ്മിനൂനില്‍ പറയുന്നു: ..................... (96-98). ഹാമീം സജദയില്‍ പറയുന്നു: ........................(34-36). ഈ ആയത്തുകളിലെല്ലാം മനുഷ്യ ശത്രുക്കളെ നേരിടാനുള്ള വഴി സത്സ്വഭാവവും മാപ്പ് നല്‍കലുമാണെന്ന് ആവര്‍ത്തിച്ച് പറയുന്നു. കാരണം, സത്സ്വഭാവ-ഉപകാരങ്ങളിലൂടെ സാധാരണ മനുഷ്യര്‍ കീഴടങ്ങുന്നതാണ്. എന്നാല്‍ മനുഷ്യത്വത്തിന്‍റെ ഗുണം തീര്‍ത്തും നഷ്ടപ്പെട്ടവര്‍ക്കുള്ള ചികിത്സ പോരാട്ടമാണെന്ന് ഇതര ആയത്തുകളില്‍ വിവരിക്കപ്പെട്ടിരിക്കുന്നു. കാരണം അവര്‍ ആയുധവുമായി തകര്‍ക്കാന്‍ വരികയാണ്. അതിനെ ആ രീതിയില്‍ തന്നെയേ നേരിടാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ശപിക്കപ്പെട്ട പിശാച് പ്രകൃതിപരമായി തന്നെ കടുത്ത ശത്രുവാണ്. മാപ്പും ഉപകാരവും കൊണ്ട് അവനില്‍ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുന്നതല്ല. ബാഹ്യമായ പോരാട്ടവും അവനില്‍ ഫലിക്കുന്നതല്ല. അവന്‍റെ ശല്യത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം അല്ലാഹുവില്‍ അഭയം തേടലും അല്ലാഹുവിന്‍റെ ദിക്റില്‍ മുഴുകലുമാണ്. പരിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം ആവര്‍ത്തിച്ച് പറയുകയും ഇതിലായി ഖുര്‍ആന്‍ അവസാനിപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.
മനുഷ്യ ശത്രുക്കളുടെയും പിശാചിന്‍റെയും ശത്രുതകളുടെ അന്ത്യങ്ങള്‍ക്കിടയില്‍ വലിയ ഒരു അന്തരമുണ്ട്. മനുഷ്യ ശത്രുക്കളെ സത്സ്വഭാവത്തിലൂടെ, അല്ലെങ്കില്‍ പോരാട്ടത്തിലൂടെ നേരിട്ടാല്‍ വിജയം ഉറപ്പാണ്. നാം ജയിച്ചാല്‍ വിജയം വ്യക്തമാണ്. ഇനി ബാഹ്യമായി ശത്രു ജയിച്ചാല്‍ പരലോകത്തില്‍ ഉത്തമ പ്രതിഫലം ലഭിക്കുന്നതാണ്. എന്നാല്‍ പിശാചിന്‍റെ കാര്യം ഇപ്രകാരമല്ല. അവനെ തൃപ്തിപ്പെടുത്തുന്നത് വലിയ പാപമാണ്. അവനോടുള്ള പോരാട്ടത്തില്‍ പരാജയപ്പെടുന്നതും വലിയ അപകടമാണ്. അതുകൊണ്ട് അല്ലാഹുവിനോട് അഭയം തേടുക മാത്രമാണ് പിശാചിനെ തടയാനുള്ള ഏക ചികിത്സ. പടച്ചവന്‍റെ അഭയത്തില്‍ നിന്നും പിശാചിന്‍റെ സര്‍വ്വ കുതന്ത്രങ്ങളും ബലഹീനമാണ്.
മേല്‍ പറയപ്പെട്ട കാര്യങ്ങളില്‍ നിന്നും പിശാചിന്‍റെ ശക്തി വളരെ വലുതാണെന്നും അവനെ നേരിടാന്‍ വലിയ പ്രയാസമാണെന്നും തെറ്റിദ്ധരിക്കരുത്. അല്ലാഹു പറയുന്നു: പിശാചിന്‍റെ കുതന്ത്രം വളരെ ബലഹീനമാണ്. (സൂറത്തുന്നിസാഅ്). സൂറത്തുന്നഹ്ലില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അല്ലാഹുവിനോട് അഭയം തേടണം എന്ന് കല്പിച്ച ശേഷം പറയുന്നു: സത്യവിശ്വാസം സ്വീകരിക്കുകയും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നവരില്‍ പിശാചിന് ഒരു സ്വാധീനവും ഉണ്ടാകുന്നതല്ല. (നഹ്ല്‍ 98-100. ഇതിന്‍റെ വ്യാഖ്യാനം ശ്രദ്ധിക്കുക).
പരിശുദ്ധ ഖുര്‍ആനിന്‍റെ പ്രാരംഭത്തിന്‍റെയും സമാപനത്തിന്‍റെയും ഇടയിലുള്ള സുന്ദരമായ ബന്ധം ശ്രദ്ധിക്കുക: ഖുര്‍ആന്‍ ശരീഫ് തുടങ്ങിയത് സൂറത്തുല്‍ ഫാതിഹ കൊണ്ടാണ്. അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തുകൊണ്ട് നേര്‍വഴിയെ അപേക്ഷിക്കലാണ് സൂറത്തുല്‍ ഫാതിഹയുടെ സംഗ്രഹം. സന്മാര്‍ഗ്ഗമെന്നാല്‍ ഇഹത്തിലും പരത്തിലും വിജയിക്കുന്ന മാര്‍ഗ്ഗമാണ്. പ്രസ്തുത മാര്‍ഗ്ഗം വിശദമായി വിവരിച്ചതിന് ശേഷം അത് കരസ്ഥമാക്കുന്നതിനിടയിലും കരസ്ഥമാക്കിയതിന് ശേഷവും അതി ഭയങ്കര കുതന്ത്രങ്ങള്‍ പണിയുന്ന പിശാചിന്‍റെ മുഴുവന്‍ കുതന്ത്രങ്ങളെയും തകര്‍ക്കാന്‍ സാധിക്കുന്ന അഭയം അല്ലാഹുവിനോട് തേടാന്‍ ഉണര്‍ത്തിക്കൊണ്ട് ഖുര്‍ആന്‍ സമാപിച്ചിരിക്കുന്നു.
സ്വഹാബാ ഫൗണ്ടേഷന്‍
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...