Tuesday, October 8, 2019

ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! -ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ


ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2019/10/blog-post_26.html?spref=tw
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലൂടെ സമുദായത്തിന് ലഭിച്ച അമൂല്യമായ രണ്ട് മഹല്‍കര്‍മ്മങ്ങളാണ് ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും. (ഖബ്റുകള്‍ സന്ദര്‍ശിക്കലും, മരണപ്പെട്ട് പോയവര്‍ക്ക് നന്മകള്‍  ചെയ്ത് പ്രതിഫലം എത്തിച്ചുകൊടുക്കലും). ഇതിലൂടെ മരണപ്പെട്ടുപോയ മര്‍ഹൂമുകള്‍ക്ക് വലിയ സമാധാനവും സന്തോഷവും ഉണ്ടാകുന്നതും ഇത് ചെയ്യുന്നവരില്‍ വലിയ ഗുണങ്ങള്‍ സിദ്ധിക്കുന്നതുമാണ്. ഖബ്ര്‍ സിയാറത്തിലൂടെ ഭൗതിക വിരക്തിയുണ്ടാവുകയും മനസ്സ് മയപ്പെടുകയും ചെയ്യുന്നതാണ്. ബന്ധുമിത്രങ്ങളുടെ ഈ ഗുണങ്ങള്‍ കാരണം മരിച്ചുപോയ മര്‍ഹൂമുകള്‍ക്ക് വലിയ സന്തുഷ്ടിയും സംതൃപ്തിയും ലഭിക്കുന്നതുമാണ്. സര്‍വ്വ നാശങ്ങളുടെയും വേര് മനസ്സിന്‍റെ കാഠിന്യമാണ്. മനസ്സിന്‍റെ കാഠിന്യത്തിലൂടെ ഭൗതികസ്നേഹം മനസ്സില്‍ പ്രവേശിക്കുന്നതാണ്. മനസ്സിന്‍റെ കാഠിന്യത മാറി മനസ്സില്‍ മയം ഉണ്ടായിത്തീര്‍ന്നാല്‍ വിശ്വാസ-കര്‍മ്മങ്ങളിലെ സര്‍വ്വ കുഴപ്പങ്ങളും നന്നായിത്തീരുന്നതാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മനുഷ്യ ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്. അത് ശരിയായാല്‍ ശരീരം മുഴുവന്‍ നന്നാകുന്നതാണ്. അത് ചീത്തയായാല്‍ ശരീരം മുഴുവന്‍ ചീത്തയാകുന്നതാണ്. അറിയുക, അത് ഹൃദയമാണ്. (ബുഖാരി). 
ഖബ്റുകള്‍ സിയാറത്ത് ചെയ്യുകയും മരിച്ചവര്‍ക്ക് പ്രതിഫലം എത്തിച്ചുകൊടുക്കുകയും ചെയ്യുന്നവര്‍ക്ക് സ്വന്തം മരണത്തെക്കുറിച്ച് ഓര്‍മ്മ വരുന്നതും പരലോകത്തെക്കുറിച്ച് ഉണരുന്നതും ഭൗതിക താല്‍പ്പര്യം കുറയുന്നതുമാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങള്‍ ഖബ്റുകള്‍ സിയാറത്ത് ചെയ്യുക. അത് ഭൗതിക വിരക്തിയുണ്ടാക്കുന്നതും പരലോകത്തെ ഉണര്‍ത്തുന്നതുമാണ്. (മുസ്ലിം). തീര്‍ച്ചയായും അതില്‍ വലിയ ഗുണപാഠങ്ങളുണ്ട്. (അഹ്മദ്). തീര്‍ച്ചയായും അത് മരണത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. (മുസ്ലിം, യഥാക്രമം ഇബ്നുമസ്ഊദ് (റ), അബൂസഈദ് ഖുദ്രി (റ), അബൂഹുറയ്റ (റ) എന്നിവരില്‍ നിന്നും നിവേദനം.). 
ഖബ്റുകള്‍ നിരന്തരം സിയാറത്ത് ചെയ്യുന്നതിലൂടെ മനസ്സുകളില്‍ മയവും വിശാലതയും ഉണ്ടാകുന്നതും ഇത് ശരീരത്തിലും പ്രകടമാകുന്നതുമാണ്. സിയാറത്ത് നിരന്തരമാക്കിയാല്‍ മയത്തിന്‍റെ ഗുണം കൂടുതല്‍ ശക്തിപ്പെടുന്നതും സമ്പൂര്‍ണ്ണമാകുന്നതുമാണ്. സമ്പൂര്‍ണ്ണ മയത്തിലൂടെ സത്യവിശ്വാസി പടച്ചവന് മുന്നില്‍ വിനയാന്വിതനും ആവശ്യക്കാരനുമായി മാറുന്നതാണ്. ഈ വിനയാന്വിത അവസ്ഥയ്ക്കാണ് അടിമത്വം എന്ന് പറയപ്പെടുന്നത്. ഈ അടിമത്വം നിരന്തരം നിലനിര്‍ത്തലും വളര്‍ത്തലുമാണ് മനുഷ്യസൃഷ്ടിപ്പിന്‍റെ ലക്ഷ്യം.(ദാരിയ്യാത്ത് 59). ഇത്തരുണത്തില്‍ ഖബ്ര്‍ സിയാറത്തിനും ഈസാല്‍ സവാബിനും പ്രേരണ കൊടുക്കുന്നത് മനുഷ്യന്‍റെ മഹല്‍ഗുണമായ അടിമത്വം ഉണ്ടാക്കിയെടുക്കാനും നിലനിര്‍ത്താനും ശക്തിപ്പെടുത്താനുമുള്ള ഉദ്ബോധനം കൂടിയാണ്. 
ഖബ്ര്‍ സിയാറത്ത്-ഈസ്വാല്‍ സവാബുകളിലൂടെ ഇത് ചെയ്യുന്നവര്‍ക്ക് വലിയ പ്രയോജനം ഉണ്ടാകുന്നതിനോടൊപ്പം മര്‍ഹൂമുകള്‍ക്കും വലിയ ആശ്വാസവും സന്തോഷവും സഹായവും ലഭിക്കുന്നതാണ്. അതുകൊണ്ട് തന്നെ മര്‍ഹൂമുകള്‍ ബന്ധുമിത്രങ്ങളുടെ പ്രാര്‍ത്ഥനകളെ ആഗ്രഹിച്ച് കഴിയുന്നതാണെന്ന് ഉണര്‍ത്തിക്കൊണ്ട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മരിച്ചവരുടെ അവസ്ഥ, സഹായിയെ പ്രതീക്ഷിച്ച് വെള്ളത്തില്‍ മുങ്ങുന്നവനെപ്പോലെയാണ്. പിതാവ്, സഹോദരന്‍, സുഹൃത്ത് ഇവരില്‍ നിന്നും എത്തിച്ചേരുന്ന പ്രാര്‍ത്ഥനകളെ മയ്യിത്ത് പ്രതീക്ഷിച്ച് കഴിയുന്നതാണ്. അത് വല്ലതും എത്തിച്ചേര്‍ന്നാല്‍ അത് അവര്‍ക്ക്, മുഴുവന്‍ ലോകത്തേക്കാളും പ്രിയങ്കരമായിരിക്കും. (ബൈഹഖി). 
ഖബ്ര്‍ സിയാറത്തിനും ഈസ്വാല്‍ സവാബിനും ഇപ്രകാരം വലിയ പ്രേരണകള്‍ ഉള്ളതിനോടൊപ്പം ഒരു ശക്തമായ നിര്‍ദ്ദേശം കൂടിയുണ്ട്. അതായത് ഇതിന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യും സ്വഹാബത്തും സുന്നത്താക്കിയ മാര്‍ഗ്ഗങ്ങളും ഫുഖഹാഅ് മഹത്തുക്കള്‍ വിവരിച്ച മര്യാദകളും കഴിവിന്‍റെ പരമാവധി പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്. കാരണം സുന്നത്തുകളും മര്യാദകളും പാലിച്ചാല്‍ മാത്രമേ ഓരോ കരമ്മങ്ങളുടെയും യഥാര്‍ത്ഥ ഫലങ്ങള്‍ ലഭിക്കുകയുള്ളൂ. ആകയാല്‍ സുന്നത്ത്-മര്യാദകള്‍ക്ക് എതിരായ കാര്യങ്ങള്‍ എല്ലാം ഉപേക്ഷിക്കുക. സുന്നത്തും മര്യാദകളും അടങ്ങിയ മാര്‍ഗ്ഗം സ്വീകരിക്കുകയും പതിവാക്കുകയും ചെയ്യുക. ഇതാണ് സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്‍റെ കല്‍പ്പന. പ്രവാചകന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്ന കാര്യങ്ങളെ മുറുകെ പിടിക്കുക. നിരോധിച്ച കാര്യങ്ങളെ വര്‍ജ്ജിക്കുക. (ഹഷ്ര്‍ 7). 
ഖബ്ര്‍ സിയാറത്ത്-ഈസാല്‍ സവാബുകളുടെ വിഷയത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ മൂന്ന് അവസ്ഥകള്‍ ഇന്ന് കാണപ്പെടുന്നുണ്ട്. ഒരു കൂട്ടം ആളുകള്‍ ഒന്നും ചെയ്യുന്നില്ല. ഇവര്‍ക്ക് ഇതില്‍ അറിവും വിശ്വാസവും ഇല്ല. മറ്റൊരു കൂട്ടം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളും അനാചാരങ്ങളും ചെയ്തുകൂട്ടിക്കൊണ്ടിരിക്കുന്നു. വേറൊരു കൂട്ടര്‍ക്ക് ഇതിനെക്കുറിച്ച് അറിവും വിശ്വാസവും ഉണ്ടെങ്കിലും ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നു. ഈ മൂന്ന് കൂട്ടം ജനങ്ങളെയും നേരായ മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കാന്‍ ഈ ഫഖീര്‍ ആഗ്രഹിക്കുന്നു. അല്ലാഹു കാര്യങ്ങള്‍ ശരിയാംവിധം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ഉതവി നല്‍കട്ടെ.! 
ഖബ്ര്‍ സിയാറത്തും പ്രവാചക ചര്യയും 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഖബ്ര്‍ സിയാറത്തുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങളാണ് ചെയ്തിരുന്നത്. ഒന്ന്, ഖബ്ര്‍ സിയാറത്തിനെ പ്രേരിപ്പിച്ചിരുന്നു. ഇതിന്‍റെ വിവരണം വന്നുകഴിഞ്ഞു. രണ്ട്, രാവും പകലും ഇടക്കിടെ ഖബ്റുകള്‍ സിയാറത്ത് ചെയ്യുമായിരുന്നു. വിശിഷ്യാ പുലര്‍ക്കാലത്ത് ബഖീഅ് സന്ദര്‍ശിച്ച് സലാം പറയുമായിരുന്നു എന്ന് ആഇശ (റ) പ്രസ്താവിക്കുന്നു. (മുസ്ലിം). ഈ സമയവും ഇതുപോലുള്ള ഏകാന്തതയുടെ സന്ദര്‍ഭങ്ങളുമാണ് സിയാറത്തിന് ഏറ്റവും യോജിച്ചതെന്ന് ഈ ഹദീസ് അറിയിക്കുന്നു. ഇതില്‍ ഏകാഗ്രതയും പ്രകടന രാഹിത്യവും ഉണ്ടാകുന്നതുമാണ്. മൂന്ന്, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) സ്വഹാബത്തിന്‍റെ ഇടയില്‍ വെച്ച് സിയാറത്ത് ചെയ്യുമായിരുന്നു. അബൂഹുറയ്റ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മാതാവിന്‍റെ ഖബ്ര്‍ സിയാറത്ത് ചെയ്യുകയും കരയുകയും ചെയ്തു. (മുസ്ലിം). മുഹമ്മദുബ്നു നുഅ്മാന്‍ (റ) നിവേദനം. മാതാപിതാക്കളുടെ ഖബ്ര്‍ വെള്ളിയാഴ്ച ദിവസം സിയാറത്ത് ചെയ്യുന്നവന് പൊറുത്ത് കൊടുക്കപ്പെടുന്നതും അനുസരണയുള്ളവനായി എഴുതപ്പെടുന്നതുമാണ്.(ബൈഹഖി). ഉസ്മാന്‍ (റ) ഖബ്ര്‍ സിയാറത്ത് ചെയ്യുമ്പോള്‍ താടി നനയത്തക്ക നിലയില്‍ കരയുമായിരുന്നു. (തിര്‍മിദി). ചുരുക്കത്തില്‍, ഖബ്ര്‍ സിയാറത്ത് സുന്നത്തും സ്വഹാബികളുടെയും മഹാത്മാക്കളുടെയും പതിവുമാണ്. മുസ്ലിം സമുദായം അന്നുമുതല്‍ ഇന്നുവരെ ഖബ്ര്‍ സിയാറത്ത് നടത്തുന്നവരാണ്. ഇതിന് നാല് മഹത്തായ ഗുണങ്ങളുണ്ട്. ഒന്ന്, മരണ സ്മരണ. രണ്ട്, ഭൗതിക താല്‍പ്പര്യം കുറക്കല്‍, മൂന്ന്, പരലോകത്തെ ഉണര്‍ത്തല്‍. നാല്, ഗുണപാഠങ്ങള്‍ പഠിപ്പിക്കല്‍.  
എന്നാല്‍ ഖബ്ര്‍ സിയാറത്തിന് ഏതാനും മര്യാദകളുണ്ട്. ഒന്ന്, കഴിയുന്നവരെല്ലാം നിന്ന് സിയാറത്ത് ചെയ്യേണ്ടതാണ്. (നവവി, മുസ്ലിം). രണ്ട്, കഴിവിന്‍റെ പരമാവധി ദീര്‍ഘനേരം നില്‍ക്കുക. ഇന്ന് ആളുകള്‍ ധൃതിപിടിച്ച് സിയാറത്ത് ചെയ്ത് ഓടുന്ന പതിവുണ്ട്. ഇത് നല്ലതല്ല. വിനീതന്‍റെ ശൈഖ് മൗലാനാ ശൈഖുല്‍ ഹദീസ് മുഹമ്മദ് സകരിയ്യാ (റഹ്) മണിക്കൂറുകളോളം സിയാറത്തിലായി കഴിച്ചുകൂട്ടുന്നത് വിനീതന്‍ നേരില്‍ കണ്ടിട്ടുണ്ട്. മൂന്ന്, ദുആ ഇരക്കുക. ഇത് കൈ ഉയര്‍ത്തിക്കൊണ്ടോ താഴ്ത്തിക്കൊണ്ടോ ആകാവുന്നതാണ്. പക്ഷേ ഹൃദയ സാന്നിധ്യം മുറുകെപിടിച്ചുകൊണ്ട് ദുആ ഇരക്കുക. നാല്, ദീര്‍ഘനേരം ദുആ ഇരക്കുക. (നവവി). അഞ്ച്, ഖിബ്ലയെ അഭിമുഖീകരിച്ചുകൊണ്ട് ദുആ ഇരക്കുക. (ബിനായ). സിയാറത്തിന്‍റെ അവസാനത്തില്‍ സലാം പറയുകയും നസ്അലുല്ലാഹ ലനാ വലക്കും അല്‍ ആഫിയ (പടച്ചവന്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കും സൗഖ്യം നല്‍കട്ടെ) എന്നും പറയുക.
ഈ മര്യാദകള്‍ പാലിക്കുന്നതിനോടൊപ്പം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വര്‍ജ്ജിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

അല്‍ ഹാജ് അബ്ദുല്‍ അസീസ് സാഹിബ് മര്‍ഹൂം, ഹരിപ്പാട്.

ഇലാ റഹ് മത്തില്ലാഹ്  പടച്ചവന്‍ നല്‍കിയ അനുഗ്രഹത്തിന് ചെറിയ നിലയിലെങ്കിലും നന്ദി കാണിക്കേണ്ടേ.?  അല്‍ ഹാജ് അബ്ദുല്‍ അസീസ് സാഹിബ് മര്‍ഹൂം,...