Tuesday, October 22, 2019

മാനവികതയുടെ സന്ദേശത്തില്‍ പരസ്പരം സഹകരിക്കുക.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


മാനവികതയുടെ സന്ദേശത്തില്‍ പരസ്പരം സഹകരിക്കുക.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ചെയര്‍മാന്‍, പയാമെ ഇന്‍സാനിയ്യത്ത്, ദാറുല്‍ ഉലൂം ഓച്ചിറ, കൊല്ലം) 
https://swahabainfo.blogspot.com/2019/10/blog-post_21.html?spref=tw 
വ്യത്യസ്ത മതങ്ങളും ആശയ ആദര്‍ശങ്ങളും പണ്ടുമുതല്‍ക്കേ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. വിശിഷ്യാ പൗരാണിക രാഷ്ട്രമായ ഇന്ത്യാ മഹാരാജ്യത്തിന്‍റെ പ്രത്യേകതയും സൗന്ദര്യവും ഈ വൈവിധ്യമാണ്. ഇവിടെ ഒരു സ്ഥലത്ത് തന്നെ ക്ഷേത്രവും മസ്ജിദും ചര്‍ച്ചും ഇതര മതകേന്ദ്രങ്ങളും നിലനില്‍ക്കുന്നു. ഒരു നാട്ടില്‍ വിവിധ മതസ്ഥര്‍ ഒരുമിച്ച് കഴിയുന്നു. എല്ലാവരും ഒരേ ശ്വാസം ശ്വസിക്കുകയും അന്തരീക്ഷം അനുഭവിക്കുകയും ആഹാരം കഴിക്കുകയും ജലപാനം നടത്തുകയും ചെയ്യുന്നു. സര്‍വ്വരും ഒരേ പള്ളിക്കൂടത്തില്‍ പഠിക്കുകയും കമ്പോളത്തില്‍ ജോലി ചെയ്യുകയും ആശുപത്രിയില്‍ ചികിത്സിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഹൈന്ദവരെ ക്രൈസ്തവന്‍ പഠിപ്പിക്കുന്നു. ക്രൈസ്തവന്‍ മുസ്ലിമില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നു. ഹൈന്ദവര്‍ ഇരുകൂട്ടരെയും ചികിത്സിക്കുന്നു. ചുരുക്കത്തില്‍ പരസ്പരമുള്ള വിശ്വാസവും സഹകരണവുമാണ് നമ്മുടെ നാടിന്‍റെയും മുഴുവന്‍ ലോകത്തിന്‍റെയും ചാലക ശക്തി. ഇത് ഉണ്ടെങ്കില്‍ നാടും വീടും സ്വര്‍ഗ്ഗമാണ്. ഇത് ഇല്ലെങ്കില്‍ എല്ലാം നരകവുമാണ്. 
മുന്‍ഗാമികളായ മഹത്തുക്കള്‍ നമുക്ക് പകര്‍ന്നുതന്ന അമൂല്യമായ ഒരു പാരമ്പര്യം, പരസ്പര വിശ്വാസവും സഹകരണവുമാണ്. നമുക്കിടയില്‍  മതങ്ങളുടെയും മറ്റും എന്തെല്ലാം ഭിന്നതകള്‍ ഉണ്ടെങ്കിലും ഒരിക്കലും പൊട്ടാത്ത ചില ബന്ധങ്ങളുണ്ടെന്ന് അവര്‍ ഉണര്‍ത്തി. അതെ, നാം മുഴുവന്‍ മനുഷ്യരും ഒരൊറ്റ ഈശ്വരന്‍റെ അടിമകളാണ്. നാം എല്ലാവരും ഒരു പിതാവിന്‍റെയും മാതാവിന്‍റെയും മക്കളാണ്. നമ്മുടെ യഥാര്‍ത്ഥ നായകരും നേതാക്കളും മുഴുവന്‍ മനുഷ്യരെയും സഹോദരങ്ങളായി കാണുകയും കാണാന്‍ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തവരാണ്. ഈ വീക്ഷണത്തിന്‍റെ വെളിച്ചത്തില്‍ കഴിഞ്ഞ കാലത്ത് മനുഷ്യര്‍ പരസ്പരം അടുക്കുകയും വിശ്വസിക്കുകയും സഹകരിക്കുകയും ചെയ്തു. മാത്രമല്ല, ഭിന്നതകള്‍ സംഭവിക്കുകയും പ്രശ്നങ്ങള്‍ രൂക്ഷമാവുകയും   ചെയ്യുമ്പോള്‍ ജനങ്ങള്‍ ഈ ബന്ധങ്ങളിലേക്ക് മടങ്ങി ഭിന്നതകള്‍ തണുപ്പിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. 
ദൗര്‍ഭാഗ്യവശാല്‍ സ്വാര്‍ത്ഥതയും ദുരാഗ്രഹങ്ങളും വര്‍ദ്ധിച്ച ഇന്നത്തെ ലോകത്ത്, ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു വീക്ഷണമാണ് പഠിപ്പിക്കപ്പെടുകയും പരിശീലിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നത്. അതെ, ആധുനിക മനുഷ്യന്‍ സ്വന്തം സഹോദരങ്ങളോട് പറയുന്നു: പടച്ചവന്‍റെയും മാതാപിതാക്കളുടെയും മറ്റും എന്തെല്ലാം ബന്ധങ്ങള്‍ നമുക്കിടയില്‍ ഉണ്ടായിരുന്നാലും നമ്മുടെ ഇടയില്‍ കുറേ ഭിന്നതകള്‍ ഉള്ളതിനാല്‍ നാം പരസ്പരം അവിശ്വസിക്കുകയും കൂടുതല്‍ അകലുകയും ചെയ്യേണ്ടതാണ്.! പറഞ്ഞോ പറയാതെയോ പ്രചരിപ്പിക്കപ്പെടുന്ന ഈ വീക്ഷണം, ആധുനിക ലോകത്തെ മഹാനാശത്തിന്‍റെയും നഷ്ടത്തിന്‍റെയും വക്കില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഓരോ മതങ്ങളുമായി ബന്ധപ്പെട്ട എല്ലാവരും വിശിഷ്യാ, അവയുടെ നേതൃത്വം വഹിക്കുന്നവര്‍ അടിയന്തിരമായി തിരുത്തേണ്ട ഒരു കാര്യമാണിത്. അതെ, മുന്‍ഗാമികളായ മഹത്തുക്കള്‍ പിന്‍ഗാമികളായ നമുക്ക് മാനവികതയുടെ മഹത്തായ മൂല്യം കൈമാറിയെങ്കില്‍ നാം അടുത്ത തലമുറയ്ക്ക് മനുഷ്യത്വമില്ലായ്മയുടെ നിന്ദ്യമായ വീക്ഷണമാണ് ഇതിലൂടെ പകര്‍ന്ന് കൊടുത്തുകൊണ്ടിരിക്കുന്നത്. ഇത് നമ്മെയും നമ്മുടെ നാടിനെയും അടുത്ത തലമുറയെയും നശിപ്പിക്കുന്നതാണ്. ഇന്നത്തെ അവസ്ഥ തന്നെ എത്ര ദയനീയമാണെന്ന് നാമെല്ലാവരും ചിന്തിക്കേണ്ടതാണ്. മദ്യപാനം, ചൂതാട്ടം, കൊല, അക്രമം മുതലായ മുഴുവന്‍ മതങ്ങളും നിഷിദ്ധമാക്കിയ മഹാപാപങ്ങളില്‍ മത സാഹോദര്യം കൊടികുത്തി വാഴുന്നു. എന്നാല്‍ എല്ലാ മതങ്ങളും ഏകോപിച്ച് പ്രേരിപ്പിച്ച മുതിര്‍ന്നവരോടുള്ള ആദരവിലും താഴ്ന്നവരോടുള്ള കാരുണ്യത്തിലും ഒരു സാഹോദര്യവും കാണാന്‍ കഴിയില്ല. മദ്യപാനം നടത്തി വഴക്കുണ്ടാക്കുന്നവരുടെയും ക്രൂരമായ കൊലകളും അക്രമങ്ങളും കാട്ടിക്കൂട്ടുന്നരുടെയും  പേരുകള്‍ ശ്രദ്ധിക്കുക: മുസ്ലിമും ഹൈന്ദവനും ക്രൈസ്തവനും തോളുരുമി നില്‍ക്കുന്നതായി കാണാന്‍ കഴിയും. ഇത് അവരുടെ മാത്രം കുറ്റമല്ല എന്ന് കൂടി നാം മനസ്സിലാക്കുക. പടച്ചവന്‍ പിതൃത്വത്തിന്‍റെയും  പാണ്ഡിത്യത്തിന്‍റെയും നേതൃത്വത്തിന്‍റെയും സ്ഥാനങ്ങള്‍ നല്‍കിയിട്ടും ഈ വിഷയത്തില്‍ നിഷ്ക്രിയരായ മുഴുവന്‍ ആളുകളും ഈ മഹാപാപങ്ങളില്‍ പങ്കാളികളാണ്.  
ഈ വിഷയത്തില്‍ അടിസ്ഥാനപരമായ ഒരു കാര്യം നാം ഗഹനമായി പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അതായത് മുഴുവന്‍ മതങ്ങള്‍ക്കും രണ്ട് ഭാഗം സന്ദേശങ്ങളാണുള്ളത്. 1. മതപരമായ സന്ദേശങ്ങള്‍. ഉദാഹരണത്തിന് മുസ്ലിംകള്‍ ഏകദൈവത്തിലും അന്ത്യപ്രവാചകനിലും വിശ്വസിക്കണമെന്നും നമസ്കാരം അനുഷ്ഠിക്കണമെന്നും ഇസ്ലാം കല്‍പ്പിക്കുന്നു. ഇതുപോലെ ക്രൈസ്തവര്‍ക്കും ഹൈന്ദവര്‍ക്കും അവരുടെ മതങ്ങള്‍ ആരാധനാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇതും ഇതുപോലുള്ളതുമായ കാര്യങ്ങള്‍ സ്വകാര്യവും സമുദായത്തിനിടയില്‍ പരിമിതവുമാണ്. എന്താണെങ്കിലും ഓരോ മതങ്ങള്‍ക്കുമിടയില്‍ ഈ വിഷയത്തില്‍ ഭിന്നതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇസ്ലാം ഇതിനെക്കുറിച്ച് പറയുന്ന വ്യക്തമായ വാക്യം ഇപ്രകാരമാണ്: നിങ്ങള്‍ നിങ്ങളുടെ മതം അനുസരിച്ച് ജീവിച്ച് കൊള്ളുക. ഞങ്ങള്‍ ഞങ്ങളുടെ മതം അനുസരിച്ചും  ജീവിക്കുന്നതാണ്! 2. മാനവിക സന്ദേശങ്ങള്‍. മുഴുവന്‍ മതങ്ങളും ഈ വിഷയത്തില്‍ ഏകോപിക്കുകയും ഒന്നിനൊന്ന് മെച്ചമായ നിലയില്‍ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തിരിക്കുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഇത് ഏതെങ്കിലും മതത്തിന്‍റെയോ മത   നേതാക്കളുടെയോ മാത്രം സ്വത്തല്ല. മുഴുവന്‍ മതങ്ങളുടെയും മതനേതാക്കളുടെയും മഹനീയമായ സന്ദേശം കൂടിയാണ്. ഈ അടിസ്ഥാനത്തില്‍ പരിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും ചിലത്  മാത്രം ഇവിടെ ഉദ്ധരിക്കുന്നു. നാം ശ്രദ്ധിക്കുക: 
നന്മ എന്നാല്‍ നിങ്ങളുടെ മുഖം കിഴക്കോ പടിഞ്ഞാറോ തിരിക്കുന്നതു മാത്രമല്ല. മറിച്ച് ഏറ്റവും വലിയ നന്മ (ഒരു വ്യക്തിയുടെ ഗുണങ്ങളാണ്.) അദ്ദേഹം അല്ലാഹുവില്‍ വിശ്വസിച്ചു. അന്ത്യദിനത്തിലും മലക്കുകളിലും എല്ലാ വേദഗ്രന്ഥത്തിലും മുഴുവന്‍ നബിമാരിലും വിശ്വസിച്ചു. സമ്പത്തിനോട് സ്നേഹമുണ്ടായിരുന്നിട്ടും ബന്ധുക്കള്‍ക്കും അനാഥര്‍ക്കും സാധുക്കള്‍ക്കും യാത്രികര്‍ക്കും യാചകര്‍ക്കും അടിമ മോചനത്തിനും സമ്പത്ത് കൊടുക്കുന്നു. നമസ്കാരം മുറപ്രകാരം നിര്‍വ്വഹിക്കുകയും സകാത്ത് കൊടുത്തുവീടുകയും ചെയ്യുന്നു. ഇത്തരം ആളുകള്‍ ഏതെങ്കിലും കരാര്‍ ചെയ്താല്‍ പാലിക്കുന്നവരുമാകുന്നു. ഞെരുക്കത്തിലും രോഗത്തിലും പോരാട്ടത്തിലും സഹനത മുറുകെപ്പിടിക്കുന്നവരുമാകുന്നു. ഇവരാണ് സത്യസന്ധന്മാര്‍, ഇവരാണ് ഭയഭക്തിയുള്ളവര്‍. (അല്‍ ബഖറ 177)
നിങ്ങളുടെ രക്ഷിതാവിന്‍റെ പാപമോചനത്തിലേക്കും ആകാശഭൂമികളേക്കാള്‍ വിശാലമായ സ്വര്‍ഗ്ഗത്തിലേക്കും നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അത് ഭയഭക്തര്‍ക്ക് ഒരുക്കപ്പെട്ടിരിക്കുന്നു. അവന്‍ വിശാലതയിലും   ഞെരുക്കത്തിലും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുന്നു. കോപം കടിച്ചിറക്കുന്നു. ജനങ്ങള്‍ക്ക് മാപ്പ് കൊടുക്കുന്നു. പ്രവര്‍ത്തനങ്ങള്‍ നന്നാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. അവര്‍ വ്യക്തമായ പാപങ്ങള്‍ പ്രവര്‍ത്തിക്കുകയോ സ്വന്തം ആത്മാവിനോട് അതിക്രമം കാട്ടുകയോ ചെയ്താല്‍ അല്ലാഹുവിനെ ഓര്‍ത്തുകൊണ്ട് അവര്‍ പാപമോചനം തേടുന്നതാണ്. അല്ലാഹുവല്ലാതെ പാപം പൊറുക്കുന്നവന്‍ ആരാണ്? അവര്‍ അറിഞ്ഞുകൊണ്ട് മനഃപൂര്‍വ്വം പാപത്തില്‍ ഉറച്ചുനില്‍ക്കുന്നതല്ല. അവരുടെ പ്രതിഫലം അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗവുമാണ്. സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലം വളരെ നല്ലതുതന്നെ. (ആലുഇംറാന്‍ 133- 136) 
ജനങ്ങളെ, നിങ്ങളുടെ പരിപാലകനെ ഭയക്കുക. അല്ലാഹു നിങ്ങളെ ഒരു ശരീരത്തില്‍ നിന്നും സൃഷ്ടിച്ചു. അതില്‍ നിന്നും അതിന്‍റെ ഇണകളെയും പടച്ചു. അവര്‍ ഇരുവരില്‍ നിന്നും ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിച്ചു. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. അവനെ മുന്‍നിര്‍ത്തിയാണ് നിങ്ങള്‍ പരസ്പരം സഹായം തേടുന്നത്. കുടുംബ ബന്ധത്തെയും കാത്തുസൂക്ഷിക്കുക. അല്ലാഹു നിങ്ങളുടെ മേല്‍ സൂക്ഷ്മ നിരീക്ഷകനാണ്. അനാഥര്‍ക്ക് അവരുടെ സമ്പത്ത് കൊടുക്കുക. മോശമായ സമ്പത്തിനെ നല്ല സമ്പത്തായി മാറ്റി മറിക്കരുത്. അവരുടെ സമ്പത്തിനെ നിങ്ങളുടെ സമ്പത്തുമായി കലര്‍ത്തി കഴിക്കുകയും അരുത്. തീര്‍ച്ചയായും ഇങ്ങനെ ചെയ്യുന്നത് മഹാപാപമാകുന്നു. (നിസാഅ്  1-2)
അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുക. അവനോട് ഒന്നിനെയും പങ്കുചേര്‍ക്കരുത്. മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥര്‍, സാധുക്കള്‍, അടുത്തുള്ള അയല്‍വാസി, അകന്ന അയല്‍വാസി, സഹകാരി, യാത്രികന്‍, നിങ്ങളുടെ കീഴിലുള്ളവര്‍ എന്നിവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. സ്വയം വലിയവനായി കരുതുകയും വീമ്പ് പറയുകയും ചെയ്യുന്നവനെ അല്ലാഹുവിന് ഇഷ്ടമല്ല. (നിസാഅ് 36)
അവരുടെ അധികം ആലോചനകളിലും യാതൊരു നന്മയുമില്ല. എന്നാല്‍ ആരെങ്കിലും ദാനധര്‍മ്മങ്ങള്‍ക്കോ സല്‍കാര്യങ്ങള്‍ക്കോ ജനങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതിനോ കല്പിക്കുന്നുവെങ്കില്‍ (അവന്‍റെ ആലോചന നന്മ നിറഞ്ഞതാണ്.) ആരെങ്കിലും അല്ലാഹുവിന്‍റെ പൊരുത്തത്തെ കരുതി അത് പ്രവര്‍ത്തിച്ചാല്‍ നാം അവന് വമ്പിച്ച പ്രതിഫലം നല്‍കുന്നതാണ്. (നിസാഅ് 114) 
സത്യവിശ്വാസികളേ, അല്ലാഹുവിന് വേണ്ടി നീതിയോടെ സാക്ഷ്യം വഹിച്ചവരായ നിലയില്‍ നിങ്ങള്‍ നിലയുറപ്പിക്കുക. ഒരു കൂട്ടരോടുള്ള വിരോധം അവരോട് അനീതിപുലര്‍ത്താന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ.! നിങ്ങള്‍ നീതിപുലര്‍ത്തുക. അതാണ് ഭയഭക്തിയിലേക്ക് ഏറ്റവും അടുത്തത്. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുക. തീര്‍ച്ചയായിട്ടും അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം അറിയുന്നവനാണ്. (മാഇദ 8) 
അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്നും താങ്കളുടെ രക്ഷിതാവ് (തീരുമാനമായി) കല്പിച്ചിരിക്കുന്നു. അവരില്‍ ഒരാളോ ഇരുവരുമോ നിനക്കരികില്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചാല്‍ അവരോട് 'ഛെ' എന്ന് പറയരുത്. അവരെ ആട്ടി വിരട്ടരുത്. അവരോട് മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടെ വിനയത്തിന്‍റെ ചിറകുകള്‍ അവര്‍ക്ക് വിരിച്ചു കൊടുക്കുക. രക്ഷിതാവേ, അവര്‍ ഇരുവരും ചെറുപ്പത്തില്‍ എന്നെ പോറ്റിയതു പോലെ അവര്‍ ഇരുവരോടും നീ കരുണ ചൊരിയേണമേ എന്ന് പറയുകയും ചെയ്യുക. നിങ്ങളുടെ മനസ്സുകളുടെ അവസ്ഥകള്‍ നിങ്ങളുടെ നാഥന്‍ നന്നായി അറിയുന്നു. നിങ്ങള്‍ നല്ലവരായാല്‍ തീര്‍ച്ചയായും പശ്ചാത്തപിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ബന്ധുക്കള്‍, സാധുക്കള്‍, യാത്രികര്‍ ഇവര്‍ക്കുള്ള അവകാശങ്ങളും നല്‍കുക. സമ്പത്ത് ധൂര്‍ത്തടിച്ച് പാഴാക്കരുത്. ധൂര്‍ത്തന്മാര്‍ പിശാചിന്‍റെ സഹോദരങ്ങളാണ്. പിശാച് രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാണ്. താങ്കളുടെ രക്ഷിതാവില്‍ നിന്നും പ്രതീക്ഷിക്കുന്ന കാരുണ്യത്തില്‍ ആഗ്രഹിച്ചുകൊണ്ട് അവരില്‍ നിന്നും തിരിഞ്ഞു കളയേണ്ടി വരുന്നപക്ഷം അവരോട് മയമായ വാക്കുകള്‍ പറയുക. താങ്കളുടെ കൈകള്‍ (പിശുക്ക് കാരണം) പിരടിയിലേക്ക് ചേര്‍ത്ത് ബന്ധിക്കപ്പെട്ടതാക്കരുത്. (ധൂര്‍ത്തനായി) അതിനെ പരിപൂര്‍ണമായി തുറന്നിടുകയും ചെയ്യരുത്. അപ്പോള്‍ താങ്കള്‍ ആക്ഷേപാര്‍ഹനും കഷ്ടപ്പെട്ടവനുമായി ഇരുന്നുപോകുന്നതാണ്. തീര്‍ച്ചയായും താങ്കളുടെ രക്ഷിതാവ്, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും ഞെരുക്കമാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അല്ലാഹു അടിമകളെക്കുറിച്ച് സൂക്ഷ്മജ്ഞാനമുള്ളവനും നന്നായി കാണുന്നവനുമാണ്. ദാരിദ്ര്യം ഭയന്ന് മക്കളെ നിങ്ങള്‍ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും നാമാണ് ഉപജീവനം നല്‍കുന്നത്. അവരെ വധിക്കുന്നത് വലിയ പാപമാണ്. വ്യഭിചാരത്തിലേക്ക് അടുക്കരുത്. അത് ഒരു നീചവൃത്തിയാണ്. ദുഷിച്ച മാര്‍ഗവുമാണ്. അല്ലാഹു ആദരണീയമാക്കിയ ഒരു ശരീരത്തെയും അന്യായമായി വധിക്കരുത്. ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാല്‍ അവന്‍റെ അനന്തരാവകാശിക്ക് നാം (പ്രതിക്രിയയ്ക്കും നഷ്ടപരിഹാരത്തിനും) അധികാരം നല്‍കിയിരിക്കുന്നു. എന്നാല്‍, അവന്‍ വധത്തില്‍ പരിധി വിടരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നതാണ്. വളരെ നല്ല നിലയിലല്ലാതെ അനാഥരുടെ സമ്പത്തിനെ നിങ്ങള്‍ സമീപിക്കരുത്. അതും അനാഥന്‍ പ്രാപ്തി എത്തുന്നതുവരെ മാത്രമാകുന്നു. നിങ്ങള്‍ കരാര്‍ പൂര്‍ത്തീകരിക്കുക, തീര്‍ച്ചയായും കരാറിനെക്കുറിച്ച് ചോദിക്കപ്പെടുന്നതാണ്. നിങ്ങള്‍ അളന്നു കൊടുക്കുമ്പോള്‍ അളവിനെ പൂര്‍ത്തീകരിക്കുക. ശരിയായ ത്രാസില്‍ തൂക്കുക. അത് ഉത്തമ മാര്‍ഗവും അതിന്‍റെ അന്ത്യം സുന്ദരവുമാണ്. താങ്കള്‍ക്കറിവില്ലാത്ത കാര്യത്തിന്‍റെ പിന്നാലെ താങ്കള്‍ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം ഇവയെക്കുറിച്ചെല്ലാം ചോദിക്കപ്പെടുന്നതാണ്. താങ്കള്‍ ഭൂമിയില്‍ അഹങ്കരിച്ചു നടക്കരുത്. താങ്കള്‍ക്ക് ഭൂമിയെ പിളര്‍ക്കാനാവില്ല. പര്‍വ്വതത്തിന്‍റെ ഉയരം പ്രാപിക്കാനുമാവില്ല. (ഇസ്റാഅ് 23-37). 
എല്ലാവരോടും കരുണയുള്ളവന്‍റെ ഇഷ്ട ദാസന്മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നതാണ്. വിവരം കെട്ടവര്‍ അവരോട് സംസാരിച്ചാല്‍ അവര്‍ സലാം എന്ന് പറയുന്നതാണ്. 
അവരുടെ രക്ഷിതാവിനുവേണ്ടി സുജൂദിലും നിറുത്തത്തിലും അവര്‍ രാത്രി കഴിച്ചുകൂട്ടുന്നവരാണ്. അവര്‍ (നരകത്തെ ഭയന്നുകൊണ്ട് ഇപ്രകാരം പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, നരക ശിക്ഷയെ ഞങ്ങളില്‍ നിന്ന് ദൂരീകരിക്കേണമേ.! നരക ശിക്ഷ മഹാനാശമാണ്. അത് മോശം താമസസ്ഥലവും താവളവുമാണ്. അവര്‍ ചിലവഴിക്കുമ്പോള്‍ ധൂര്‍ത്തടിക്കുകയും പിശുക്ക് കാട്ടുകയുമില്ല. അവയുടെ മദ്ധ്യത്തില്‍ നിലയുറപ്പിക്കുന്നതാണ്. അവര്‍ അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കുന്നില്ല. അല്ലാഹു ആദരിച്ച ശരീരത്തെ അന്യായമായി വധിക്കുന്നതല്ല. വ്യഭിചരിക്കുകയുമില്ല. ആരെങ്കിലും ഇത് പ്രവര്‍ത്തിച്ചാല്‍ അവന്‍ ശിക്ഷയിലകപ്പെടുന്നതാണ്. ഖിയാമത്ത് ദിനം അവന് ശിക്ഷ ഇരട്ടിയായി അധികരിപ്പിക്കപ്പെടുന്നതാണ്. അവന്‍ അതില്‍ നിന്ദ്യനായി കാലാകാലം കഴിയുന്നതാണ്. 
എന്നാല്‍ ആരെങ്കിലും പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവരുടെ തിന്മകള്‍ അല്ലാഹു നന്മകളാക്കി മാറ്റിമറിക്കുന്നതാണ്.അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്. പശ്ചാത്തപിക്കുകയും സല്‍പ്രവര്‍ത്തനങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവന്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹുവിലേക്ക് മടങ്ങുന്നവനാണ്. അവര്‍ കള്ളസാക്ഷ്യം ചെയ്യുന്നവരല്ല. പാഴ്കാര്യങ്ങള്‍ക്കരികിലൂടെ കടന്നുപോയാല്‍ മാന്യന്മാരായി കടന്നുപോകുന്നതാണ്. രക്ഷിതാവിന്‍റെ വചനങ്ങള്‍ കൊണ്ട് അവരെ ഉപദേശിക്കപ്പെട്ടാല്‍ അവര്‍ അന്ധരും ബധിരരുമായി അതിന്മേല്‍ വീഴുന്നതല്ല. അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നതാണ്: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ ഇണകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് കണ്‍കുളിര്‍മ്മ നല്‍കേണമേ.! ഞങ്ങളെ ഭയഭക്തന്മാര്‍ക്ക് നായകരാക്കേണമേ.! ഇവര്‍  ക്ഷമിച്ചുകഴിഞ്ഞ കാരണത്താല്‍  ഇവര്‍ക്ക് സ്വര്‍ഗത്തിന്‍റെ ഉയര്‍ന്ന മന്ദിരം നല്‍കപ്പെടുന്നതാണ്. അവിടെ അഭിവാദ്യവും സലാമും പറയപ്പെട്ടുകൊണ്ട് അവരെ സ്വീകരിക്കപ്പെടുന്നതാണ്. അവിടെ അവര്‍ ശാശ്വതരായിരിക്കും. അത് സുന്ദരമായ താമസസ്ഥലവും താവളവുമാണ്. (ഫുര്‍ഖാന്‍ 63-76)
പരിശുദ്ധ ഖുര്‍ആനിലെ ഏതാനും വചനങ്ങള്‍ മാത്രമാണ് ഇവിടെ     ഉദ്ധരിച്ചത്. ഇതുപോലെ ധാരാളം വചനങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലും    ഖുര്‍ആന്‍ വ്യാഖ്യാനമായ പ്രവാചക വചനങ്ങളിലും കാണാന്‍ കഴിയും. എല്ലാ മത ഗ്രന്ഥങ്ങളിലും മത നേതാക്കളുടെ വചനങ്ങളിലും ഇപ്രകാരം മാനവികതയുടെ സന്ദേശം ഉണ്ട് എന്ന് തന്നെയാണ് വിനീതന്‍റെ വിശ്വാസം. അതുകൊണ്ട് തന്നെയാണ് പാപങ്ങളും അക്രമങ്ങളും വളരെ വര്‍ദ്ധിക്കുകയും പ്രചരിക്കുകയും ചെയ്തിട്ടും വിവിധ മതസ്ഥരായ വ്യക്തികളില്‍ ഇന്നും മഹനീയമായ മാനവ ഗുണങ്ങള്‍ നിലനില്‍ക്കുന്നത്. ഇവ കൂടുതല്‍ ശക്തമായും വ്യവസ്ഥാപിതമായും പ്രചരിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യേണ്ട ഒരു സാഹചര്യം ഇന്ന് സംജാതമായിരിക്കുകയാണ്. അതെ, നമ്മുടെ നാട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ക്രൂരത നിറഞ്ഞ അക്രമങ്ങളെല്ലാം അക്രമകാരികളുടെ മാത്രം കുറ്റമല്ല, അവയ്ക്ക് മുന്നില്‍ മൗനം    ദീക്ഷിക്കുന്നവരുടെയും കൂടി കുറ്റമാണ് എന്ന് നാം മനസ്സിലാക്കേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ അക്രമങ്ങള്‍ക്കെതിരില്‍ നാം ഐക്യപ്പെട്ട് പരിശ്രമിച്ചിരുന്നെങ്കില്‍ പരസ്യമായ അക്രമങ്ങള്‍ ഒന്നുങ്കില്‍ ഇല്ലാതാകുന്നതാണ്. കുറഞ്ഞ പക്ഷം കുറയുകയെങ്കിലും ചെയ്യുന്നതാണ്. പരിശ്രമിക്കാത്തതുകൊണ്ട് കുറയുകയും ഇല്ലാതാവുകയും ചെയ്യുന്നതുപോകട്ടെ, കൂടുകയും ഭീതിദമായ അവസ്ഥകള്‍ വളരുകയും ചെയ്തുകൊണ്ടിരിക്കുന്നു. 
രാജ്യത്ത് വളര്‍ന്ന് കൊണ്ടിരിക്കുന്ന ഇത്തരം അവസ്ഥകളെ തിരുത്താനുള്ള ഒരു എളിയ പരിശ്രമമാണ് സ്വാതന്ത്ര്യ സമര സേനാനിയും വിശ്വപണ്ഡിതനുമായ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി   ആരംഭിച്ച പയാമെ ഇന്‍സാനിയ്യത്ത് (message of humanity മാനവികതയുടെ സന്ദേശം) എന്ന പ്രവര്‍ത്തനം. ഇതിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. 1. രചനകള്‍, പ്രഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, കൂടിക്കാഴ്ച്ചകള്‍ ഇവകളിലൂടെ ജനങ്ങള്‍ക്ക് ഇതിന്‍റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക. 2. ജാതി-മത വ്യത്യാസമില്ലാതെ ദു:ഖിതരെ ആശ്വസിപ്പിക്കുകയും സേവിക്കുകയും ചെയ്യുക. പടച്ചവന്‍റെ അനുഗ്രഹത്താല്‍ അല്ലാമയുടെ പിന്‍ഗാമികളാല്‍ സ്ഥാപിക്കപ്പെട്ട ഓച്ചിറ ദാറുല്‍ ഉലൂം എന്ന സ്ഥാപനത്തില്‍ ഇതിന്‍റെ എളിയ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായ നിലയിലും പരസ്പര സഹകരണത്തോടെയും നടത്താന്‍ പടച്ചവന്‍ ഉതവി നല്‍കട്ടെ.! എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.  
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...